ചന്ദ്രനും നക്ഷത്രങ്ങളും ഒഴിഞ്ഞ രാത്രിയില്‍ മറിയം ഏഴുദിവസം പേറ്റുനോവ് അനുഭവിച്ച് കണ്ണൂര്‍ എന്ന സ്ഥലത്ത് കാലിത്തൊഴുത്തില്‍ നൊന്തുപെറ്റു. ഇരട്ടക്കുട്ടികളായിരിക്കും എന്ന് വൈദ്യന്മാര്‍ പ്രവചിച്ചിരുന്നെങ്കിലും പ്രസവത്തില്‍ ഒരു കുഞ്ഞേ മനുഷ്യനായി പിറന്നുള്ളൂ. അവന് വായ, മൂക്ക്, കണ്ണ്, ചെവി എന്നിവ ഇല്ലായിരുന്നു. ജനനസമയത്ത് ചാപിള്ള എന്നുതോന്നിച്ച എന്തിനെയോ അവന്‍ തന്റെ കുഞ്ഞിക്കൈകള്‍ കൊണ്ട് ഇറുക്കിപ്പിടിച്ചിരുന്നു. ചോരയും ചലവും വയറ്റാട്ടികള്‍ തുടച്ചുമാറ്റിയപ്പോഴും അവന്‍ തന്റെ മുഷ്ടികള്‍ വിടര്‍ത്തിയില്ല. അവന്‍ ഇറുക്കിപ്പിടിച്ചിരുന്നത് ഒരു നാടന്‍ ബോംബായിരുന്നു. ജനിച്ചുവീണയുടനെ അവന്‍ പേറ്റുകട്ടിലില്‍ എഴുന്നേറ്റുനിന്ന് തന്റെ രണ്ടുകൈകളിലും ഇറുക്കിപ്പിടിച്ച് ഈ ബോംബ് തലയ്ക്കുമീതേ ഉയര്‍ത്തി. പുരുഷാരം ആരവങ്ങള്‍ മുഴക്കി അവന്റെ കാല്‍ക്കല്‍ വീണു. ജനതതികള്‍ അവനെ വിദൂരസംവേദന ഉപാധികളില്‍ കണ്ടും ശ്രവിച്ചും അവനു ജയാരവം മുഴക്കി. പച്ചയും ചുവപ്പും ശിരോവസ്ത്രങ്ങളണിഞ്ഞ ഗോത്രങ്ങള്‍ അവനു സ്തുതിപാടിക്കൊണ്ട് തപ്പും തുകിലുമേന്തി ഘോഷയാത്ര നടത്തി. വായില്ലാത്ത അവന്റെ മുഖത്തുനിന്നും ഹൂംകാര ശബ്ദം മുഴങ്ങിയപ്പോള്‍ നാടൊട്ടുക്ക് വിറച്ചു. സകല ജനാവലിയെയും സാക്ഷിനിറുത്തി അവന്‍ ബോംബ് വീണ്ടും തലയ്ക്കുമീതെ ഉയര്‍ത്തി. അപ്പോള്‍ സൂര്യന്‍ ഇരുണ്ടു. ആകാശത്തില്‍ അന്ധകാരം നിറഞ്ഞു. ജനലക്ഷങ്ങള്‍ കാണ്‍കേ ബോംബ് അവന്റെ കയ്യില്‍ നിന്നും കത്തിയുയര്‍ന്ന് വായുവില്‍ നിന്നു. ബോംബിന്റെ ഒരു പാളി കത്തിത്തെറിച്ച് മുഖമില്ലാത്ത പൈതല്‍ ആയിരം തുണ്ടുകളായി ചിതറിപ്പോയി. അത്ഭുതമെന്നോണം വായുവില്‍ കത്തിയുയര്‍ന്ന ബോംബിനു തേജസ്സ് കൂടിയതേയുള്ളൂ. ഈ പ്രഭാവലയത്തിനു മുന്‍പില്‍ ജനക്കൂട്ടം ഭക്തിപുരസ്സരം സാഷ്ടാംഗം വീണു. ജനങ്ങള്‍ ഒരു അരണയുടെ രൂപം പൂണ്ട് മുഖമില്ലാത്തവനെ മറന്നു. പൈതലിന്റെ അമ്മ മാത്രം അവനെ ഓര്‍ത്ത് കരഞ്ഞുകൊണ്ടിരുന്നു.
3/10/2008
വെളിപാടിന്റെ പുസ്തകം, 23-ആം അധ്യായം.
എഴുതിയത് simy nazareth സമയം Monday, March 10, 2008
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
7 comments:
വെളിപാടു് മാത്രമല്ല, ഏതു് വിശുദ്ധഗ്രന്ഥവും അവസാനിക്കുന്നതു് എഴുതപ്പെടാത്ത കുറെയേറെ അദ്ധ്യായങ്ങളുടെ ആരംഭത്തിലാണു്. അവിടെ രക്തം കരയുന്ന അമ്മമാര്‍ വായിക്കപ്പെടുകയില്ല.
simi,
നന്നായി പറഞ്ഞിരിക്കുന്നു.
അഭിനന്ദനങ്ങള്‍.
കണ്ണൂരിന്റെ കണ്ണീരിന്റെ പുസ്‌തവും എഴുതിക്കൊണ്ടേയിരിക്കുന്നു.
എന്നാണവിടെയൊരു മനുഷ്യന്‍ പിറക്കുക.
സമകാലിക സംഭവത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു അവതരണം!
ജനങ്ങള്‍ ഒരു അരണയുടെ രൂപം പൂണ്ട് മുഖമില്ലാത്തവനെ മറന്നു. പൈതലിന്റെ അമ്മ മാത്രം അവനെ ഓര്‍ത്ത് കരഞ്ഞുകൊണ്ടിരുന്നു.
-----------------
Very nice simi! Have been thinking where are u?
കാലിത്തൊഴുത്തില്‍ ജനിക്കുന്നവരുടെയൊക്കെ ക്ലൈമാക്സില്‍ ദുരന്തം വരുന്നതെന്തേയാവോ?
യേശുവും ലന്തന്‍ബത്തേരിയിലെ ആനിയും ഇപ്പോളിതാ മുഖമില്ലാത്തൊരു കുഞ്ഞും.
ചോരയും 'ചലവും' വേണ്ട സിമി. പഴുക്കുമ്പോഴല്ലെ ചലം വെയ്ക്ക്യാ? അല്ലല്ല.. ശരിയാ.. ഇരട്ടക്കുട്ടികള്‍ ഒന്ന് ഇല്ലായിരുന്നുവല്ലെ? പിന്നെ വായ,മൂക്ക്..അപ്പോ കൊഴപ്പല്ല. ഞാന്‍ വായിച്ചേന്റെ കൊഴപ്പാണ്.
അപ്പോ ഒരു എഴുത്തുകാരന്‍ എപ്പോഴും സമകാലീന സംഭവങ്ങളോട് പ്രതികരിക്കണം അല്ലേ?
എത്ര വ്യത്യസ്ടമായിട്ടാണ് കണ്ണൂരിന്റെ അവസ്ട സിമി അവതരിപ്പിച്ചിരിക്കുന്നത്....
അഭിനന്ദനങ്ങള്‍.
എന്നാണാവോ ഇവിടെത്തെ ജനങ്ങള്ക്ക് ബുദ്ധി വരിക?
Post a Comment