സിമിയുടെ ബ്ലോഗ്

8/16/2008

7-ബി തെരുവിലെ ഒരു സംഭവം

പരസ്പരം നോക്കിനില്‍ക്കുന്ന രണ്ട് കെട്ടിടങ്ങള്‍ മാത്രമുള്ള 7-ബി തെരുവിലെ നീലനിറമുള്ള ഫ്ലാറ്റിന്റെ ഒന്നാമത്തെ നിലയിലാണ് അരുണയും പ്രകാശും താമസിക്കുന്നത്. ഫ്ലാറ്റ് പഴയതും പൊടിപിടിച്ചതുമാണ്. അരുണയുടെ വിവാഹം ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ. അതാണ് അവള്‍ രാവിലെ മുതല്‍ വൈകിട്ടുവരെ പ്രകാശിനെയും കാത്ത് ഒറ്റയ്ക്കിരിക്കുന്നത്. രാവിലെ അഞ്ചു മുതല്‍ എട്ടുമണി വരെയും വൈകിട്ട് അഞ്ചുമണിക്കു ശേഷവുമാണ് 7-ബി. തെരുവില്‍ ആളനക്കമുള്ളത്. ഈ നശിച്ച നഗരത്തില്‍ കുടുംബത്തിലെ രണ്ടുപേരും ജോലി ചെയ്തെങ്കിലേ പിടിച്ചുനില്‍ക്കാന്‍ പറ്റൂ. കുട്ടികളെ അതിരാവിലെ തന്നെ സ്കൂള്‍ ബസ്സുകള്‍ വന്ന് കോരിയെടുത്തുകൊണ്ടു പോവും. ഈ രണ്ട് കെട്ടിടങ്ങളില്‍ ഒന്‍പത് മണിക്കുശേഷം അവളല്ലാതെ മറ്റാരെങ്കിലും ഉണ്ടെന്ന് അവള്‍ക്ക് തോന്നിയിട്ടില്ല. നന്നേ വീതിയുള്ള ഒരു മന്തന്‍ പെരുമ്പാമ്പിനെപ്പോലെ തെരുവ് ചത്തുകിടക്കും. രാവിലെയും വൈകിട്ടും മാത്രം ജീവന്‍‌വെയ്ച്ച് അത് പുളയും. ഇടയ്ക്ക് വക്കുകളില്‍ ദുര്‍ഗന്ധമുള്ള ദ്രാവകം വമിപ്പിയ്ക്കും. ഈ ചുരുങ്ങിയ കാലം കൊണ്ടുതന്നെ അരുണയ്ക്ക് അതിനെ അറച്ചുകഴിഞ്ഞു. തെരുവ് അരുണ വരുന്നതിനു മുന്‍പേ ചത്തതാണ് - ചത്ത തെരുവുകളെ ആര്‍ക്കാണ് ഇഷ്ടം?

ഇങ്ങനെയൊക്കെയാണെങ്കിലും അരുണ രാവിലെമുതല്‍ക്ക് ഒരു കസാ‍രയും വലിച്ചിട്ട് ഒന്നാം നിലയിലെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ ഇരിപ്പാവും. മറ്റെന്ത് ചെയ്യാനാണ് എന്ന് അവള്‍ വിചാരിക്കും. തെരുവിലൂടെ ഒന്‍പതരയ്ക്ക് ഒരു പാല്‍ക്കാരന്‍ വരും. പത്തേ കാലിന് രണ്ട് ഫ്ലാറ്റിന്റെയും വാച്ച്മാന്മാര്‍ എങ്ങോ പോവും. പത്ത് ഇരുപത്തിനാലിന് മഞ്ഞ നിറം പൂശിയ ഒരു കാര്‍ ഏകദേശം നാല്‍പ്പതുകിലോമീറ്റര്‍ വേഗതയില്‍ പോവും. പിന്നെ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികളും ഒരു പെണ്‍കുട്ടിയും പതിനൊന്നരയ്ക്ക്. അതുകഴിഞ്ഞാല്‍ അരുണ കണക്കുവെയ്ക്കാറില്ല. 7-ബി തെരുവ് ഈ കണക്ക് കൃത്യമായി പാലിച്ചുപോന്നു. ഇതുകൊണ്ടുതന്നെ സ്വന്തം ഭാവിയെ കാണുന്ന പ്രതീതിയായിരുന്നു അവള്‍ക്ക്. ഇന്ന് പത്ത് ഇരുപത്തിനാലിന് താന്‍ ഈ ബാല്‍ക്കണിയില്‍ വനിതാ മാസികയും നിവര്‍ത്തി കാലിന്മേല്‍ കാല്‍ പിണച്ച് ഇരിക്കും എന്നും, അപ്പോള്‍ ഏകദേശം നാല്‍പ്പതുകിലോമീറ്റര്‍ വേഗതയില്‍ ഒരു മഞ്ഞക്കാര്‍ പോവും എന്നും, പിന്നീട് ആരൊക്കെ പോവും എന്നും അവള്‍ക്ക് നേരത്തേതന്നെ കൃത്യമായി അറിയാം. ഇന്ന് പ്രകാശ് ഊണിന് വരുമെന്ന് പറഞ്ഞിട്ടുണ്ട് - അയാള്‍ ഇന്ന് ഹാഫ് ഡേ ലീവെടുത്തു. സമയം പതിനൊന്നേ മുക്കാലായി. പ്രകാശ് എപ്പോള്‍ വേണമെങ്കിലും വരാം.

പന്ത്രണ്ടേ കാലായപ്പോള്‍ തെരുവിന്റെ പടിഞ്ഞാറേ അറ്റത്തുനിന്ന് ഒരു പെണ്‍കുട്ടി നടന്നുവരുന്നു. പെണ്‍കുട്ടിയുടെ പിന്നില്‍ നിന്നും പൊടിക്കാറ്റ് അടിച്ച് എല്ലാം മറയ്ക്കുന്നുണ്ട്. അവളുടെ കയ്യില്‍ കുറച്ച് പുസ്തകങ്ങളും ഒരു വാനിറ്റി ബാഗുമുണ്ട് - കോളേജ് വിദ്യാര്‍ത്ഥിനിയാണെന്ന് തോന്നുന്നു. അവളുടെ മുഖം നേരെ കാണാന്‍ വയ്യ, ചുരിദാറാണ് വേഷം. അവള്‍ നടക്കുന്നത് പെട്ടെന്നാണ്. ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുമുണ്ട്. ളവുതിരിഞ്ഞ് തെരുവിലേയ്ക്ക് നാല് പുരുഷന്മാര്‍ പൊടികടന്ന് അവളുടെ പിറകേ വരുന്നു. അവരും നടക്കുന്നത് വളരെ പെട്ടെന്നാണ്. അല്ല, അവര്‍ ഓടുകയാണ്. എന്തോ പ്രശ്നമുണ്ട്. പെട്ടെന്ന് അവള്‍ അയ്യോ എന്നുവിളിച്ച് ഓടിത്തുടങ്ങുന്നു. അവര്‍ അവളെ ഓടിക്കുന്നു. പെണ്‍കുട്ടിയുടെ കയ്യിലെ പുസ്തകങ്ങള്‍ തെറിച്ചുവീണു. അതിനു മീതെ ചവിട്ടിക്കൊണ്ട് പുരുഷന്മാര്‍ വേഗത്തിലോടുകയാണ്. നിലത്ത് ശക്തിയില്‍ വീഴുന്ന കാലടികളുടെ ശബ്ദം. പെണ്‍കുട്ടി ഫ്ലാറ്റിന് ഏകദേശം താഴെയെത്തി. പുരുഷന്മാരുടെ കൂട്ടത്തില്‍ ഒരുവന്‍ മറ്റുള്ളവരെക്കാള്‍ വേഗത്തിലോടി അവളെ പിടിയ്ക്കുന്നു. അവരെ കാണാന്‍ വയ്യ. ഇപ്പോള്‍ അവള്‍ ഫ്ലാറ്റ് കടന്ന്‍ ഓടുന്നു. അവള്‍ അയാളുടെ പിടിത്തം തട്ടിത്തെറിപ്പിച്ച് വീണ്ടുമെഴുന്നേറ്റ് ഓടിയതാണ്. അയാള്‍ മറവില്‍ നിന്നും വന്ന് ഒരു കുതിപ്പിന് അവളെ തള്ളി താഴെയിട്ടു. പെണ്‍കുട്ടി അലറിക്കരയുകയാണ്. ഇത്രയും മെലിഞ്ഞ അവള്‍ക്ക് അത്ര ഉച്ചത്തില്‍ അലറിവിളിക്കാന്‍ പറ്റുന്നതെങ്ങനെ?. തെരുവ്. മണ്ണുപുതഞ്ഞ തെരുവ്. അഴുക്കു തെരുവ്. പൊടിക്കാറ്റ് അടിച്ചുകയറുന്നു. അതില്‍ അവള്‍ പിടയ്ക്കുന്നു. അയാള്‍ അവളുടെ മുഖത്തിട്ട് ആഞ്ഞാഞ്ഞ് അടിക്കുന്നു. അവളുടെ മേല്‍ നുരയ്ക്കുന്നു.

അയാള്‍ക്ക് ചുരുണ്ട മുടിയാണ്. ഇളം മഞ്ഞനിറമുള്ള വീതിയുള്ള മുതുക്. ബലമുള്ള കൈകള്‍. ഒച്ചത്തിലുള്ള മുരളലുകള്‍. അതിനിടയില്‍ നിന്ന് കൊല്ലാ‍ന്‍ നേരം ഒരു പക്ഷി ഒച്ചവെയ്ക്കുന്നതുപോലെ ഇടയ്ക്കിടയ്ക്ക് അവളുടെ അര്‍ത്ഥമില്ലാത്ത ചില ഒച്ചകള്‍, പിടച്ചിലുകള്‍. വെള്ളത്തിനടിയില്‍ ഏറെനേരം മുക്കിപ്പിടിച്ച ഒരാള്‍ ശ്വാസമെടുക്കാന്‍ പൊന്തിവന്ന് ഏങ്ങുന്നതുപോലെ അലറിക്കൊണ്ട് അവളുടെ അടികൊണ്ടു കരുവാളിച്ച മുഖം പൊന്തിവന്ന് വലിയ ശബ്ദത്തോടെ ശ്വാസം അകത്തേയ്ക്കു വലിക്കുന്നു. ഒരു ഹിംസ്രജന്തു ആടിനെ കടിച്ചുകീറുന്നതുപോലെയുള്ള പരാക്രമം. മറ്റ് മൂന്നുപേര്‍ ചുറ്റും കൂടിനില്‍ക്കുന്നു. അതിലൊരാള്‍ കത്തിയൂരിപ്പിടിച്ചിരിക്കുന്നു. ഒടുവില്‍ എല്ലാം അടങ്ങി. അവര്‍ ചിരിക്കുകയാണ്. അയാളുടെ ചോരവരകള്‍ വീണ മ‍ഞ്ഞമുതുക് ശ്വാസോച്ഛ്വാസം പോലെ ക്രമമായി ഇളകുന്നു. ചത്ത തെരുവില്‍ക്കിടക്കുന്ന മഞ്ഞ നഗ്നത. ഇപ്പോള്‍ പ്രതിരോധമില്ല, പിടിവലികളില്ല. തെരുവ് വീണ്ടും ഉറങ്ങി. ചത്തു.

പ്രകാശ് വഴിയുടെ അറ്റത്തുനിന്നും വരുന്നു. അരുണ പ്രകാശിനെ കണ്ടു. അതുവരെ അവള്‍ പ്രതിമപോലെ മരവിച്ചു നിന്നുപോയിരുന്നു. പെണ്‍കുട്ടിയ്ക്കു ചുറ്റും കൂടിനിന്ന മൂന്ന് പുരുഷന്മാര്‍ പ്രകാശിനെ കണ്ടു. അവരും നിലത്തുകിടന്നയാളും തിരക്കുകൂട്ടി തെരുവിന്റെ പടിഞ്ഞാറേ അറ്റത്തേയ്ക്കു നടന്നു. പ്രകാശ് ഫ്ലാറ്റിന് അടുത്തെത്തുന്നതിനു മുന്‍പുതന്നെ ആരെയോ ഫോണെടുത്ത് വിളിയ്ക്കുന്നു. പെണ്‍കുട്ടി പൊടിപിടിച്ച തെരുവില്‍ നിന്നും എഴുന്നേറ്റ് വശത്തേയ്ക്ക് മാറിയിരുന്നു എന്നു തോന്നുന്നു - അവളെ ഇപ്പോള്‍ കാണാന്‍ പറ്റുന്നില്ല. അരുണ ബാല്‍ക്കണിയില്‍ നിന്ന് ഫ്ലാറ്റിനകത്തേയ്ക്കു കയറി. കര്‍ട്ടന്‍ വലിച്ചിട്ടു. പ്രകാശ് തന്റെ കട്ടിയുള്ള ശബ്ദത്തില്‍ ‘പരിഭ്രമിക്കണ്ട, ഇപ്പോള്‍ പോലീസ് വരും, അവര്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോവും, പരിഭ്രമിക്കണ്ട’ എന്ന് പറയുന്നത് കേള്‍ക്കാം. നിശബ്ദത. പോലീസ് ജീപ്പ് വരുന്ന ശബ്ദം. പെണ്‍കുട്ടി വിതുമ്പിക്കരയുന്ന ശബ്ദം. പ്രകാശ് പോലീസുകാരോട് എന്തൊക്കെയോ സംസാരിക്കുന്ന ശബ്ദം. ജീപ്പ് പോവുന്ന ശബ്ദം. നിശബ്ദത. ഇടവഴിയില്‍ കാലൊച്ചകള്‍. അവ ഉയര്‍ന്നുവരുന്നു. കാളിങ്ങ് ബെല്ലിന്റെ ഒച്ച. ഭാഗ്യം, പ്രകാശ് വന്നു.

പ്രകാശ് വിയര്‍ക്കുന്നുണ്ടായിരുന്നു. പ്രകാശ് തന്നെ കണ്ടോ എന്ന്‍ അരുണയ്ക്ക് ഉറപ്പില്ലായിരുന്നു. അവള്‍ ഒന്നും ചോദിച്ചില്ല. അരുണ തെരുവിലെ ബലാത്സംഗം കണ്ടോ എന്ന് പ്രകാശും ചോദിച്ചില്ല. എന്തൊരു നശിച്ച ദിവസം. കാത്തിരുന്ന് അരദിവസം അവധിയെടുത്തതാണ്. അയാള്‍ ഒന്നും മിണ്ടാതെ അടുക്കളയില്‍ കയറി ഒരു ചായയുണ്ടാക്കാന്‍ തുടങ്ങി. അരുണ അതേറ്റെടുത്ത് പ്രകാശിന് ചായ കൊണ്ടുക്കൊടുത്തു. അയാളുടെ മാറില്‍ ചാഞ്ഞിരുന്ന് അവള്‍ ടി.വി. ഓണ്‍ ചെയ്തു. ചാനലില്‍ ഒരു മലയാള ഹാസ്യചിത്രം. ജഗതിയുടെ തമാശകള്‍. മുന്‍പ് കണ്ട ചിത്രമാണ്. അല്പനേരം കഴിഞ്ഞപ്പോള്‍ അവര്‍ ഇരുവരും ചിരിക്കാന്‍ തുടങ്ങി. ജഗതി വേലിചാടാന്‍ നോക്കി ചാണകക്കുഴിയില്‍ വീണ് എണീറ്റുവരുന്നു. രണ്ടുപേരും ചിരിച്ചുചിരിച്ച് മണ്ണുകപ്പി. ‘പ്രകാശ്, നമുക്കു കഴിക്കാം?’. പ്രകാശ് അവളുടെ മുടിയിലും ചെവിയുടെ പിന്നിലും തലോടി. വിരല്‍ കഴുത്തിലൂടെ മെല്ലെ ഓടിച്ച് കവിളില്‍ തലോടി. കഴുത്തിലൂടെ താഴേയ്ക്ക് അവളുടെ വസ്ത്രത്തിനുള്ളില്‍ കടത്തി, മുലഞെട്ടുകള്‍ ഞെരടിത്തുടങ്ങി. ‘പ്ലീസ് പ്രകാശ്, എനിക്കു വയ്യ’. ‘പ്ലീസ്, അടങ്ങിയിരിക്ക്’. ‘വേണ്ട, വേണ്ട’. പ്രകാശ് അവളുടെ എതിര്‍പ്പ് വകവെയ്ക്കാതെ അവളെ സോഫയില്‍ കിടത്തി. അവളുടെ എതിര്‍പ്പുകള്‍ ഒരു ചുംബനം കൊണ്ടമര്‍ത്തി. സാധാരണയായി ഭോഗത്തിനുമുന്‍പ് പ്രകാശ് സമയമെടുത്ത് അവളെ ഉത്തേജിപ്പിക്കുന്നതാണ്. ഇരുവരും തയ്യാറായിക്കഴിഞ്ഞിട്ടേ പ്രകാശ് അവളില്‍ പ്രവേശിക്കാറുള്ളൂ. ഇപ്പോള്‍ - പ്രകാശ് പെട്ടെന്നുതന്നെ അവളുടെ വസ്ത്രങ്ങള്‍ വലിച്ചൂരി. തന്റെ വസ്ത്രങ്ങള്‍ അത്യാവശ്യത്തിനു മാത്രം ഊരിക്കൊണ്ട് ധൃതിയില്‍ അവളില്‍ പ്രവേശിച്ചു. ഇതുവരെ ഭോഗത്തിലേര്‍പ്പെടുമ്പോളില്ലാത്ത ശക്തിയില്‍, ഉദ്ധതയില്‍, പ്രകാശ് അവളെ ഭോഗിച്ചു. ഇത്രയും ഊര്‍ജ്ജം തന്റെയുള്ളിലുണ്ടെന്ന് പ്രകാശ് ഇതുവരെ തിരിച്ചറിഞ്ഞിരുന്നില്ല. അവന് ചിറകുകള്‍ വീശി പറക്കുന്നതുപോലെ തോന്നി. കട്ടിലില്‍ എന്റെ പെണ്ണ്. എന്റെ പെണ്ണ്‍. ഒരു വേശ്യയെപ്പോലെ, വെപ്പാട്ടിയെപ്പോലെ, നായ്ക്കുട്ടിയെപ്പോലെ. അവള്‍ എന്റേതാണ്. എന്റെ നിയന്ത്രണത്തിലാണ്. ഏറെനേരം നീണ്ടുനിന്ന ഭോഗത്തിനിടയില്‍ എപ്പൊഴോ പ്രകാശ് ഇറുക്കിയടച്ചിരുന്ന തന്റെ കണ്ണുകള്‍ തുറന്നപ്പോള്‍ അരുണ കണ്ണുകള്‍ തുറിച്ച് അയാളുടെ മുഖത്തേയ്ക്കു തന്നെ നോക്കിക്കൊണ്ടു കിടക്കുകയാണ്. പേടിച്ചരണ്ട അവളുടെ മിഴികളില്‍ നിന്ന് കണ്ണുനീര്‍ കവിളിലൂടെ ഒലിച്ചിറങ്ങുന്നു‍. മുഖം വിളറിവെളുത്തിരിക്കുന്നു. പ്രകാശ് അവളുടെ മേല്‍നിന്ന് എഴുന്നേറ്റു.

‘എന്തുപറ്റി പെണ്ണേ, നീ സെക്സ് ആസ്വദിച്ചില്ലേ?’
ഒരു മരപ്പാവ പോലെ ചലനമറ്റ് അരുണ സോഫയില്‍ കിടന്നു.
‘ഞാന്‍ വിചാരിച്ചു ഏറ്റവും നല്ല ഒന്നായിരുന്നു ഇന്നെന്ന്.. എന്തേ? നിനക്കെന്തുപറ്റി?’
എന്തോ പറയാനാഞ്ഞ അരുണയുടെ വായ തുറന്ന് താടിയെല്ല് താഴേയ്ക്കു വന്നു. അവളുടെ കണ്ണുകള്‍ അകത്തേയ്ക്കു കുഴിഞ്ഞിരുന്നു. അല്പനേരത്തെ നിശ്ചലതയ്ക്കു ശേഷം ചുണ്ടുകള്‍ വിറച്ച് അവള്‍ പതുക്കെപ്പതുക്കെ കരഞ്ഞുതുടങ്ങി. വിതുമ്പല്‍ കൂടിക്കൂടിവന്നു. അവള്‍ പ്രകാശിന്റെ കൈയില്‍ വരിഞ്ഞുപിടിച്ച് പൊട്ടിക്കരഞ്ഞു.
‘എന്തെങ്കിലും പറയൂ. പറ. എന്താണ് നിന്റെ മനസ്സിലെന്ന് പറ.’
അവള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അവളുടെ കൈപ്പത്തികള്‍ തണുത്തിരുന്നു. വിതുമ്പിക്കരയുന്നതിനിടയില്‍ അരുണയുടെ ചുണ്ടില്‍ നിന്നും വാക്കുകള്‍ ചിതറി.
‘പേടി.. പേടി.. എന്റെ തൊലി ഉരിഞ്ഞുപോവുന്നതുപോലെ. എന്നെ വസ്ത്രങ്ങളുരിച്ച്, തൊലിയുരിച്ച്, ഇറച്ചിക്കടയില്‍ തൂക്കിയിട്ടിരിക്കുന്നതുപോലെ. നിങ്ങള്‍ എന്റെ ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ എനിക്ക് ഒരു കൈവിരല്‍ പോലും അനക്കാനാവാത്തതുപോലെ. എനിക്ക് എന്റെമേല്‍ ഒരു നിയന്ത്രണവുമില്ലാത്തതുപോലെ. എനിക്കൊന്നു ശ്വാസം വിടാന്‍ പോലും ശക്തിയില്ലാത്തതുപോലെ. തെരുവില്‍ വസ്ത്രമുരിഞ്ഞ് എന്നെ ഒരു കമ്പിയില്‍ കുത്തി നാട്ടിയിരിക്കുന്നതുപോലെ. എനിക്കു പേടിയാവുന്നു പ്രകാശ്. എനിക്കു പേടിയാവുന്നു. എന്നെ വിടല്ലേ.’
പ്രകാശ് തലയ്ക്കുകയ്യും കൊടുത്ത് അല്പനേരം സോഫയിലിരുന്നു. ‘സാരമില്ല, സാരമില്ല’. അയാള്‍ അവളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

9 comments:

പാമരന്‍ said...

ah, thats better!

simy nazareth said...

പാമരാ, നന്ദി :)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കാമയുടെ കഥയില്‍ കണ്ട കഥനത്തിലെ
കവിതയെ കാണാനേ കഴിഞ്ഞില്ലിവിടെ.

Nachiketh said...

നന്നായിരിയ്കുന്നു സിമീ........ഏറെയില്ല

Praveen payyanur said...

സിമി
നന്നായിട്ടുണ്ട്. ഞാന്‍ കരുതി കാക്കനാടന്‍ മരിച്ചുന്ന്.
അവസാന ഭാഗത്ത് ചെറിയൊരു മാറ്റം - അത് ഇങ്ങനെ ആയാലോ
" പ്രകാശ് കുറച്ചുനേരം ആലോചിച്ചിരുന്നു പിന്നീട് ഉദ്ദരിച്ച ലിംഗവുമായി ഓഫീസിലേക്ക് മടങ്ങി. "

(ആണവക്കരാറിന്റെ ചര്‍ച്ച എന്തായി എന്നറിയാന്‍ ഒന്നു കയറിയതായിരുന്നു)

simy nazareth said...

പ്രവീണ്‍, അവസാനം അങ്ങനെ ആയാല്‍ പുരുഷ കഥാപാത്രത്തെ വേണ്ടാതെ villify ചെയ്യുകയാവില്ലേ?

ഒരു ബലാത്സംഗ രംഗം പുരുഷന്മാരിലും സ്ത്രീകളിലും രണ്ട് തരത്തിലുള്ള impact ആണ് ഉണ്ടാക്കുക - അതില്‍ ഉപഭോഗവസ്തുവാക്കപ്പെടുന്ന സ്ത്രീയ്ക്ക് shock, worthlessness, total powerlessness, ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ മേല്‍ പൂര്‍ണ്ണമായും തന്റെ ആധിപത്യം അടിച്ചേല്‍പ്പിക്കുക, തുടങ്ങിയ വികാരങ്ങളാണ് വരുത്തുന്നതെങ്കില്‍ - പുരുഷന്മാര്‍ക്ക് അത് ഒരു ഉദ്ധാരണ കാരണമാവും. പല പുരുഷന്മാരും ‘റേപ്പ് സ്ത്രീകള്‍ ആസ്വദിക്കുന്നു‘ എന്നുപോലും വിചാരിക്കാറുണ്ട്. ഇതൊക്കെ കഥയില്‍ കൊണ്ടുവരണം എന്നു വിചാരിച്ചു - ഇത് explicit അല്ലാതെ എങ്ങനെ എഴുതണം എന്ന് അറിയില്ല.

റോഷ്|RosH said...

ബലാല്‍ സംഗത്തോടുള്ള സ്ത്രീയുടെയും പുരുഷന്റെയും പ്രതികരണത്തെ അങ്ങനെ ജനറലൈസ് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സാധാരണ പല സിനിമകളിലും ബലാല്‍ സംഗസീനുകള്‍ കാണുമ്പോള്‍ പലപ്പോളും അത് എന്നെയും ഉത്തെജിപ്പിക്കാരുണ്ട് . പക്ഷെ കീര്‍ത്തി ചക്ര എന്ന സിനിമയില്‍ ഒരു ബലാല്‍ സംഗ സീനുണ്ട്. അത് കണ്ടപ്പോള്‍ സിനിമക്കകത്ത് കയറി അവനെയങ്ങു കഴുത്തു ഞെരിച്ചു കൊല്ലാന്‍ തോന്നി. അത് പോലെ ഈ അടുത്ത കാലത്തു പൂവരനിയിലെ രാജിയുടെയും , കാസര്‍ഗോട്ടെ സഫിയയുടെയും കഥ മാതൃഭുമിയില്‍ വായിച്ച്ചപ്പോലും. ബലാല്‍ സന്ഗത്തെ എങ്ങനെ കാണുന്നു എന്നത് സ്ത്രീ പുരുഷന്‍ എന്ന വേര്‍തിരിവിനപ്പുറം ഒരു വ്യക്തി ലൈംഗികതയെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നാണ് തോന്നുന്നത്. ലൈംഗികത രതി എന്നതൊക്കെ ഒരു തരം ആധിപത്യമാനെന്നും , അത് അടിചേല്പ്പികപെടെന്ദതൊ, വിലക്ക പെടെണ്ടാതോ ആണെന്നൊക്കെ ചിന്തിക്കുമ്പോള്‍ സിമി പറയുന്ന പോലെ സംഭവിക്കാം.

ഹരിത് said...

വളരെ നന്നായിട്ടുണ്ട്.

NITHYAN said...

For sex, men need a space and women need a reason. ആയൊരു റീസന്‍ ന്നു വിളിക്കപ്പെടുന്ന ഉള്‍പ്രേരകമില്ലാത്ത എല്ലാ ലൈഗിംകബന്ധവും പെണ്ണിനെ സംബന്ധിച്ചിടത്തോളം ബലാല്‌സംഗം തന്നെയാണ്‌.

Google