നല്ല പ്രഭാതമാണ്. പുലര്‍കാലത്ത് പശുവിനെ കറന്ന്‍ തുടങ്ങുന്ന പ്രഭാതങ്ങള്‍ രഘുവിന് ഇഷ്ടമാണ്. വെണ്ണ തടവി ആദ്യം തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്തും പിന്നീട് അഞ്ചുവിരലുകള്‍ കൊണ്ടും അകിടുഞെരിക്കുമ്പോള്‍ ഇളം ചൂടുള്ള നറുംപാല് ചീറ്റിവന്ന് തൊട്ടിയില്‍ വീണ് പതയും. പാലു കറക്കുമ്പോള്‍ അനങ്ങാതെ നിന്നുതരുന്ന പുള്ളിപ്പശു നേരംതെറ്റിയുണരുന്ന കുരുട്ടീച്ചകള്‍ ശരീരത്തില്‍ മുച്ചുമ്പോള്‍ ദേഹമൊട്ടാകെ പടപടാവിറപ്പിച്ച് വാലുചുഴറ്റിവീശും. തൊഴുത്ത് വീട്ടിനു മുന്‍പിലാണ്. മച്ചില്‍ തൂക്കിയിട്ടിരിക്കുന്ന തത്തക്കൂടില്‍ മൈഥിലി ഉറക്കമാണ്. എന്നാലും അവള്‍ എല്ലാം അറിയുന്നുണ്ട്. ഇരുട്ടില്‍ അറിയാത്ത ആരെങ്കിലും പതുങ്ങിവന്നാല്‍ അവള്‍ ‘കള്ളന്‍ കള്ളന്‍‘ എന്ന് വിളിച്ചുകൂവും. പുള്ളിപ്പശുവിന്റെ ഇടവിട്ടുള്ള ഉച്ഛ്വാസങ്ങള്‍ക്കും പാല് ചീറ്റിവീഴുന്ന ശബ്ദത്തിനുമിടയ്ക്ക് രഘു പിന്നില്‍ പതിഞ്ഞു പതിഞ്ഞുവന്ന കാല്‍പ്പാദങ്ങളെ ശ്രവിച്ചു. ഒരു കൈ പിന്നോട്ടു നീട്ടി അവളുടെ നാണിച്ച കയ്യില്‍പ്പിടിച്ച് പെണ്ണിനെ മുന്നോട്ടുവലിച്ചു. ഇരുട്ടില്‍ ശബ്ദമില്ലാതെ ചിരിച്ചുകൊണ്ട് അവള്‍ ഇടത്തേക്കൈ രഘുവിന്റെ ചുമലില്‍ വെച്ച് അവനോട് ഒട്ടിനിന്നു. തണുപ്പത്തും അവളുടെ കൈപ്പത്തിയ്ക്ക് ഇളംചൂടാണ്. രഘുവിന്റെ വീടിനോടു ചേര്‍ന്നായിരുന്നു സ്വര്‍ണ്ണനദി മെലിഞ്ഞൊഴുകിയിരുന്നത്. അകലെ മലകളിലെ പാറമടകളിലായിരുന്നു രഘുവിന് ജോലി. തെളിഞ്ഞ് തടസ്സങ്ങളില്ലാതെ നീങ്ങിയ നദിയെപ്പോലെ അവരുടെ ജീവിതവും പതിയെ ഒഴുകി. സ്നേഹമുള്ള ഭാര്യ. സന്തോഷമുള്ള ജീവിതം. ഇനി ഒരു കുഞ്ഞുവേണം. അവനെ മിടുക്കനായി വളര്‍ത്തണം. ഭാര്യ അകത്തുപോയി ആവിപാറുന്ന കട്ടന്‍ചായയുമായി വന്നു. അപ്പോള്‍ക്കറന്ന പാല് അല്പം ചായയിലൊഴിച്ച് രഘു ഊതിക്കുടിച്ചു. ചായയ്ക്ക് നല്ല മധുരം.
ഇരുട്ടിലൂടെ ആരോ ഓടിവരുന്ന ശബ്ദം കേട്ട് രഘുവിന്റെ കഴുത്തില്‍ പിണച്ചിരുന്ന കൈകള്‍ മാറ്റി അവള്‍ പിന്നിലേയ്ക്കുമാറി. രഘു എഴുന്നേറ്റുനിന്നു. രാജനാണ്. ‘രഘൂ, രഘൂ, കള്ളനെപ്പിടിച്ചെടാ. ഓടിവാ’. ‘എവിടെ? എവിടെ?’. ‘കള്ളനെ മുരിക്കില്‍ കെട്ടിയിട്ടിട്ടുണ്ട്. നീ വേഗം വാ’.
ചരല്‍ വഴിയിലൂടെ രഘുവും രാജനും ഓടിക്കിതച്ച് വളവുതിരിഞ്ഞ് മുക്കിലെത്തിയപ്പോള്‍ അവിടെ വലിയൊരാള്‍ക്കൂട്ടം. ഗ്രാമത്തില്‍ കളളന്മാരുടെ ശല്യം തുടങ്ങിയിട്ട് കുറച്ചുനാളായി. ആദ്യമാദ്യം ചെറിയ മോഷണങ്ങളായിരുന്നു. വീടുകള്‍ക്ക് പുറത്തുകിടന്ന ചെരുപ്പുകള്‍, കൂടുകളില്‍ പൂട്ടിയിട്ട കോഴി, താറാവ്, എന്നിവയായിരുന്നു തുടക്കത്തില്‍ മോഷണം പോയത്. ങ്ങനെ തുടങ്ങിയ ശല്യം ആദ്യമാദ്യം മോഷണത്തിനിരയായ വീട്ടുകാരുടെ മാത്രം പ്രശ്നമായിരുന്നു. പീടികക്കട നടത്തുന്ന ഗംഗാധരന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതോടെ ഗ്രാമവാസികള്‍ ഉറക്കമിളിച്ച് കാവലിരുന്നു തുടങ്ങി. കുറുവടികളുമായി സംഘം ചേര്‍ന്ന് അവര്‍ റോന്തുചുറ്റി. ഇടയ്ക്ക് ഗ്രാമത്തില്‍ എന്തിനോ വന്ന പോലീസുകാരോട് ചിലര്‍ പരാതിപറഞ്ഞു. മോഷണങ്ങള്‍ ഇടവിട്ട് തുടര്‍ന്നുകൊണ്ടിരുന്നു. ഇന്നലെ രാജനും കുറച്ചുപേരുമാണ് കാവല്‍ കിടന്നത്. ‘എങ്ങനെ, എവിടെവെച്ചു പിടിച്ചു?’. ഒച്ചയില്‍ രഘു ചോദിച്ചത് രാജന്‍ കേട്ടതായി തോന്നിയില്ല. ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി അവര്‍ മുന്‍പോട്ടുനടന്നു. നടുവില്‍, ഒരു മുരിക്കില്‍ കൈകള്‍ പിന്നോട്ടുപിണച്ചു കെട്ടിയിട്ട മെലിഞ്ഞുകറുത്ത ഒരാള്‍. ഷര്‍ട്ടില്ല. ഒരു ചുവന്ന നിക്കര്‍ മാത്രം ധരിച്ചിരിക്കുന്നു. പോളിയോ വന്നതുപോലെ ശുഷ്കിച്ച കാലുകള്‍. സമൃദ്ധമായ തലമുടി. തല താഴേയ്ക്കു കൂമ്പിനില്‍ക്കുന്നു. നെഞ്ചില്‍ വാരിയെല്ലുകള്‍ തള്ളിനില്‍ക്കുന്നു. ജനക്കൂട്ടം കുശുകുശുക്കുന്നു. മുഖത്ത് അടിവീണ പാടുകളില്‍ നിന്നും ചോര പൊടിയുന്നുണ്ട്. ‘പറ. എവിടെനിന്നു പിടിച്ചു?’. നാരായണിയുടെ വീട്ടില്‍ നിന്ന്. ഇന്നലെരാത്രി ഗോവിന്ദന്‍ അവളുടെ വീട്ടിലേയ്ക്ക് കയറാന്‍ നേരം പെരയ്ക്കു പിന്നില്‍ ഒരാളനക്കം. നാരായണിയെക്കാണാന്‍ വന്ന മറ്റാരെങ്കിലുമാവും എന്നുകരുതി ഗോവിന്ദന്‍ മുരടനക്കിയപ്പോള്‍ അതാ ഓടുന്നു. കള്ളന്‍ കള്ളന്‍ എന്നുവിളിച്ച് ഗോവിന്ദന്‍ പിന്നാലെ ഓടിയതാണ്. ഗോവിന്ദനെത്ര ഓടാനാണ്. ഇവന്റെ കാലുകള്‍ കണ്ടോ? ഇവന്‍ പറന്നു രക്ഷപെട്ടേനെ. പക്ഷേ എവിടെയോ തട്ടിവീണു. ഗോവിന്ദന്‍ ഇവന്റെ മീതേ മറിഞ്ഞുവീണ് പൂണ്ടടക്കം പിടിച്ചു. അപ്പൊഴേയ്ക്കും നമ്മള്‍ ഓടിക്കൂടി. ‘എന്നിട്ട് ഗോവിന്ദന്‍ എവിടെ?’. അയാളുടെ കൈ ഇവന്‍ കടിച്ചുമുറിച്ചു. മരുന്നുവെച്ചു കെട്ടാന്‍ പോയി. ഇവനെ നാട്ടുകാര്‍ നന്നായിട്ട് പെരുമാറിയിട്ടുണ്ട്. കൊച്ചു കുട്ടികള്‍ പോലും ചാടി മുഖത്തടിക്കുകയായിരുന്നു. ഇടിച്ചപ്പോള്‍ അവന്റെ പല്ലുകൊണ്ട് എന്റെ കൈ മുറിഞ്ഞു. ദേണ്ടെ, നാരായണി.
ആള്‍ക്കൂട്ടത്തിനു നടുവില്‍ മങ്ങിനരച്ച സാരിത്തലപ്പുകൊണ്ട് മുഖം മറച്ച് നാരായണി നില്‍ക്കുന്നു. വെളുത്തുമെലിഞ്ഞ അവളുടെ കഴുത്തില്‍ വിലകുറഞ്ഞ കാശിമാല പറ്റിക്കിടന്നു. മുഖം പാതി മറച്ചിട്ടുപോലും അവളുടെ സൌന്ദര്യം കാണാമായിരുന്നു. രഘു അവളെ നോക്കിയപ്പോള്‍ അവള്‍ മുരിക്കില്‍ കെട്ടിയിട്ടയാളെ നോക്കി വിളറുന്നതുപോലെ തോന്നി. രാജന്‍ രഘുവ്ന്റെ കൈപിടിച്ചുവലിച്ചു. ‘പോലീസിനെ വിളിക്കണ്ടെ?‘. ‘വേണ്ട’. ജനക്കൂട്ടമായിരുന്നു മറുപടി പറഞ്ഞത്. ആള്‍ക്കൂട്ടത്തിനു ശബ്ദം വെച്ചതുപോലെ. കൂടിനിന്നവര്‍ ഒരുമിച്ച് സംസാരിച്ചു. ‘ഓ, പിന്നേ, പോലീസ്’. ‘ഇവന്‍ ജാമ്യത്തിലിറങ്ങി വീണ്ടും കക്കും’. ഒരു വലിയ മൃഗം ഉറക്കമുണരുന്നതുപോലെ ആള്‍ക്കൂട്ടം അനങ്ങി. എന്നിട്ട് അത് പല രൂപത്തില്‍ മുരണ്ടു. ‘പോലീസോ, നമുക്ക് ഇവനെ ഒരു പാഠം പഠിപ്പിക്കണം.‘. മുഖമില്ലാത്ത ജനക്കൂട്ടത്തിന്റെ ശബ്ദം ആക്രോശമായി. ‘ഇനി ഈ ഗ്രാമത്തില്‍ ആരും കക്കരുത്.’ ‘ഇവനെ പാഠം പഠിപ്പിക്കണം.’. ‘കൊല്ലണം, കല്ലെറിയണം‘. നാരായണി മുഖം മൂടിയിരുന്ന സാരിത്തലപ്പ് താഴ്ത്തി ആള്‍ക്കൂട്ടത്തിന് ഇടയില്‍ ഒരാളെ തറച്ചുനോക്കിക്കൊണ്ട് ഉറക്കെച്ചോദിച്ചു. ‘ച്ഛീ, രാം പ്രസാദ്, നിങ്ങളാണോ ഇവനെ കൊല്ലണമെന്നു പറയുന്നത്? നാണമില്ലേ നിങ്ങള്‍ക്ക്?’. ജനക്കൂട്ടം നിശബ്ദമായി. ഒരു കുറിയ മനുഷ്യന്‍ മാത്രം തലതാഴ്ത്തി തിരിഞ്ഞുനടന്നു. നിശബ്ദതമുറിഞ്ഞ് വീണ്ടും ശബ്ദംവെയ്ച്ച് മുറുമുറുത്തുകൊണ്ട് ജനക്കൂട്ടം കൊല്ലണം, കൊല്ലണം എന്ന് മുരണ്ടു. ഇടയ്ക്ക് നാരായണി ‘അഹമ്മദ്, നിറുത്തൂ’, ‘ബാലു, കൊല്ലരുത്’ എന്നിങ്ങനെ പേരെടുത്ത് വിളിക്കുന്നുണ്ടായിരുന്നു. ആരും വിളികേട്ടില്ല. അവളുടെ ശബ്ദം ആള്‍ക്കൂട്ടത്തെ അലോരസപ്പെടുത്തിത്തുടങ്ങിയപ്പോള്‍ ആള്‍ക്കൂട്ടം മുഖം തിരിച്ച് ഇവളും ഈ കള്ളന്റെ കൂടെയാണ്, ഇവളെയും കൊല്ലണം എന്നുമുരണ്ടു. കുത്തുന്ന കണ്ണുകളും നീണ്ടുവരുന്ന കൈകളും കണ്ട് ജനക്കൂട്ടത്തിനിടയിലൂടെ നൂഴ്ന്നിറങ്ങി നാരായണി ഓടി. ഉരുളന്‍ കല്ലുകള്‍ വായുവിലൂടെവളഞ്ഞ് നീട്ടിമൂളിക്കൊണ്ട് നാരായണിയെ പിന്തുടര്‍ന്നു. മുതുകത്തും തോളിലും കല്ലുകള്‍ വീണിട്ടും അവള്‍ തിരിഞ്ഞുനോക്കാതെ ഓടി. വളവുകടന്ന് അമ്പലമതിലും കടന്ന് നാരായണി മറഞ്ഞു.
ജനക്കൂട്ടം ഉത്സവപ്പറമ്പുപോലെ ഇളകി. ആരൊക്കെയോ പോയി കള്ളന്റെ മുഖത്തും നെഞ്ചിലും ഇടിച്ചു. ചിലരൊക്കെ അവന്റെ മുഖത്തടിച്ച് പൊട്ടിച്ചിരിച്ചു. ചെവിമുഴക്കുന്ന ഇരമ്പലില്‍ രഘുവിന് എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. അവന്റെ രോമങ്ങള്‍ എഴുന്നുനിന്നു. എവിടെനിന്നൊക്കെയോ ഉരുളന്‍ കല്ലുകള്‍ പല കൈകള്‍ മാറി രഘുവിന്റെയും രാജന്റെയും കൈകളിലുമെത്തി. ‘ഇനി ഇവന്‍ കക്കരുത്’. ജനങ്ങള്‍ തിരയായി കള്ളന്റെ മുന്‍പില്‍ നിന്നും വകഞ്ഞുമാറി. ജനക്കൂട്ടം പെട്ടെന്ന് ഇരുവശങ്ങളിലേയ്ക്കും മാറിയപ്പോള്‍ തലയും കുമ്പിട്ട് ഞാത്തിയിട്ടതുപോലെ നില്‍ക്കുന്ന കള്ളന്റെ ശരീരവും ശിരസ്സും കാണായി. ‘കൊല്ലണം, കൊല്ലണം’. എവിടെനിന്നോ മൂളിക്കൊണ്ട് ഒരു കല്ല് അവന്റെ നെഞ്ചില്‍ച്ചെന്നുവീണു. അതുവരെ അനക്കമില്ലാതെ ചത്തതുപോലെ തൂങ്ങിനിന്ന അവന്‍ ‘ഏ’ എന്ന് ഒരു ശബ്ദം പുറപ്പെടുവിച്ച് ശരീരം ഒരു വശത്തേയ്ക്ക് പുളച്ചു. കല്ലുകള്‍ രഘുവിന്റെ തലയ്ക്കു മുകളിലൂടെ പറന്ന് ചിലത് അവന്റെ ദേഹത്തും കൂടുതലും ഉന്നം തെറ്റി മരത്തിന്റെ ചുറ്റിലും വീണുകൊണ്ടിരുന്നു. രഘു അവന്റെ തലയിലേയ്ക്ക് ഉന്നം നോക്കി ഇടത്തേക്കയ്യിലെ ചൂണ്ടുവിരല്‍ മുന്നിലേയ്ക്കു നീട്ടി വലത്തേക്കയ്യിലെടുത്ത കല്ല് ഊക്കോടെ വലിച്ചെറിഞ്ഞു. തലയില്‍ കൊള്ളുന്നതിനു പകരം ഇടനെഞ്ചിലാണ് കല്ലുവീണത്. വീണ്ടും എറിയണമെന്നുണ്ടായിരുന്നെങ്കിലും കല്ല് കിട്ടിയില്ല. തിരിഞ്ഞുനോക്കിയപ്പോള്‍ രാജന്‍ ഓങ്ങി എറിയുകയായിരുന്നു. ഏതോ കല്ലുവീണ് കള്ളന്റെ തലയില്‍ നിന്ന് കുടം ചരിച്ചതുപോലെ ചോര ഒഴുകിത്തുടങ്ങി. മഴപോലെ കല്ലുകള്‍ പെയ്തു. കള്ളന് അനക്കമില്ല എന്നുകണ്ടിട്ടും പിന്നെയും കല്ലുകള്‍ വന്ന് വീണുകൊണ്ടിരുന്നു. വാ, ഇനി നിക്കണ്ടാ, പോവാം. രാജന്‍ രഘുവിന്റെ മുന്നേ നടന്നു. ജനങ്ങള്‍ ഒറ്റയ്ക്കും കൂട്ടമായും പതിയെ പിരിഞ്ഞുപോയി. കള്ളന്റെ അനാഥപ്രേതം മാത്രം മുരിക്കില്‍ കെട്ടിയിട്ട കയറില്‍ത്തൂങ്ങി മുന്നോട്ട് ചാഞ്ഞു തൂങ്ങിക്കിടന്നു.
ഉച്ചതിരിഞ്ഞ് പാറമടയില്‍ കൂടം പിടിക്കുമ്പോള്‍ രഘുവിന് കൈ ചോരയില്‍ കുതിര്‍ന്ന് ചുറ്റികപ്പിടിയില്‍ ഒട്ടുന്നതുപോലെ തോന്നി. അവന്‍ പണിനിറുത്തി മണ്ണുവാരി കൈകള്‍ക്കിടയിലിട്ടുരച്ചു. കുടിക്കാനുള്ള വെള്ളമെടുത്തുചരിച്ച് കൈകഴുകി. എന്നിട്ടും ഒട്ടുന്ന തോന്നല്‍ മാറിയില്ല. ഇടയ്ക്ക് ഒരു ജീപ്പില്‍ രണ്ട് പോലീസ് വന്നിറങ്ങി. പണിക്കാരെ ഓരോരുത്തരെയായി വിളിച്ച് ആരൊക്കെയാണ് കല്ലെറിയാനുണ്ടായിരുന്നത് എന്ന് ഭീഷണസ്വരത്തില്‍ തിരക്കി. ആരും കല്ലെറിഞ്ഞിട്ടില്ലായിരുന്നു. പോലീസ് ആരുടെയൊക്കെയോ പള്ളയില്‍ കൈചുരുട്ടിയിടിച്ചു. ആരുടെയൊക്കെയോ ചെകിടത്ത് അടിച്ചു. ഇനിയും വരും എന്നുപറഞ്ഞ് തിരികെപ്പോയി.
വൈകിട്ട് ചായ്പ്പിലിരുന്ന് കള്ളുകുടിച്ചുകൊണ്ടിരുന്നപ്പോള്‍ രഘുവും രാജനും ഒന്നും മിണ്ടിയില്ല. വിശപ്പില്ലായിരുന്നു. കാശുകൊടുത്ത് ഇറങ്ങാന്‍ നേരം രാജന്‍ വിളിച്ചു.
രഘൂ.
ഉം?
വേണ്ടായിരുന്നു അല്ലേടാ.
ഉം.
രാജന്റെ നെറ്റിവിയര്‍ത്തു. മുഖം വിളറി.
അന്നേരം എന്തോ, എറിയാന്‍ തോന്നി.
ഉം.
ഷാപ്പിനു മുന്‍പിലെ ലൈറ്റിനു ചുറ്റും ഈയാമ്പാറ്റകള്‍ നിരയില്ലാതെ പറന്നു. ചിറകുകുഴഞ്ഞ് അവ നിലത്തുവീണു. ചിറകുനഷ്ടപ്പെട്ട പുഴുക്കള്‍ രാജന്റെ പാദങ്ങളില്‍ വലിഞ്ഞുകയറി. മുന്നില്‍ നിറഞ്ഞ ഈയാമ്പാറ്റകള്‍ക്കു കുറുകേ അവന് രഘുവിന്റെ മുഖം വ്യക്തമായില്ല.
രഘൂ.
ഉം?
എനിക്കൊറ്റയ്ക്കു പോവാന്‍ വയ്യ. നിയ്യ് എന്റെ വീട്ടില്‍ വാ
ഇല്ല, എന്റെ ഭാര്യ കാത്തിരിക്കും. എനിക്കു പോണം
എന്നെ ഒറ്റയ്ക്കു വിടരുത്. എനിക്കു വയ്യ. നീ വാ
ഞാന്‍ പോണു.
രാജന്‍ എങ്ങോട്ടും പോവാതെ അവിടെത്തന്നെ ചുറ്റിനിന്നു.
ടാറ് പൊളിഞ്ഞുകിടക്കുന്ന നിരത്തിലൂടെ ഓരംപറ്റി രഘു നടന്നുതുടങ്ങി. അറ്റമില്ലാതെ വഴി നീണ്ട് കിടക്കുകയാണ്. ദൂരെദൂരെ തെരുവിളക്കുകള്‍ കത്തുന്നു. ഇരുള് വെളിച്ചത്തിലേയ്ക്കു വഴുതി വീഴുന്നു. ഇരുവശത്തും നരച്ച മതിലുകള്‍. മതിലില്‍ ഒട്ടിച്ച പിഞ്ഞിയ സിനിമാപ്പോസ്റ്ററില്‍ നിന്ന് അധികം തുണിയുടുക്കാത്ത സിനിമാനടി കണ്ണുതുറിച്ചുനോക്കുന്നു. നായകന്‍ തോക്കുചൂണ്ടുന്നു. വേഗത്തില്‍ നടക്കണം. കാലിനടിയില്‍ പാഴ്ക്കടലാസും പുല്ലും ഞെരിയുന്നു. കട്ടിയുള്ള ഇരുട്ട്. ഇടതുവശത്തെ പച്ചിലക്കൂട്ടം ചലിക്കുന്നു. അവിടെ ആരാണ് പതിയിരിക്കുന്നത്? പാഴ്ച്ചെടികള്‍ക്കിടയില്‍ എന്തോ ഒന്ന് പുളഞ്ഞ് പായുന്നു. ഒരു തവള കരയുന്നു. നടക്കും തോറും ശബ്ദം കൂടിവരുന്നു. മരണക്കരച്ചില്‍. അകലെനിന്നും ഒരു വെളിച്ചം മിന്നിമറയുന്നു. ഒറ്റച്ചീവീട് അലറിവിളിച്ച് ചെവിതുളയ്ക്കുന്നു. ചീഞ്ഞ മുട്ടയുടെ നാറ്റം. തവളയെ പാമ്പ് വിഴുങ്ങിയതാണ്. കാലിനടിയില്‍ പുല്ല് ഞെരിയുന്ന ശബ്ദം കൂടിവരുന്നു. എത്ര ശബ്ദങ്ങള്‍. ഇരുളിന് എന്തൊരൊച്ച! അകലെനിന്നും - ഒരു റ്റോര്‍ച്ച് വീശിക്കൊണ്ട് ആരോ നടന്നുവരികയാണ്. വഴിക്കു കുറുകേ വണ്ടികയറി നടുചതഞ്ഞ ഒരു പട്ടി ചത്തുകിടക്കുന്നു. കണ്ണുകള്‍ തുറിച്ച്, വായ തുറന്നുകിടക്കുന്നു. പുറത്തേയ്ക്കു തള്ളിനില്‍ക്കുന്ന കോമ്പല്ലുകള്‍. അതിനിടയില്‍ക്കൂടെ നിലത്തെ മണ്ണില്‍ത്തട്ടുന്ന കറുത്ത നാവ്. നക്ഷത്രങ്ങളുടെ വെളിച്ചം വീണ് അതിന്റെ പച്ചക്കണ്ണുകള്‍ തിളങ്ങി. പട്ടി രഘുവിനെ നോക്കി ബീഭത്സമായി ചിരിച്ചു. അതിന്റെ തലയ്ക്കുചുറ്റും കൂടിനിന്ന ഈച്ചകള്‍ മുരണ്ടു. എതിരേ വരുന്നയാള്‍ അയാളുടെ രൂപം കാണാവുന്നത്ര അടുത്തെത്തി. ടോര്‍ച്ചിന്റെ മിന്നായത്തില്‍ അയാളുടെ മുഖം തിളങ്ങി. ചോരയൊലിക്കുന്ന മുഖം.
രഘു ചായ്പ്പിനുമുന്നിലേയ്ക്ക് കുതിച്ചോടിവന്നപ്പോള്‍ ഒരു കുപ്പിയും വീശിക്കൊണ്ട് രാജന്‍ അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. പരസ്പരം തോളില്‍ കയ്യിട്ട് അവര്‍ രാജന്റെ വീട് ലക്ഷ്യമാക്കി നടന്നു.
8/31/2008
കള്ളന്
എഴുതിയത് simy nazareth സമയം Sunday, August 31, 2008
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
9 comments:
കഥ നന്നായിട്ടുണ്ട്... എങ്കിലും കല്ലെറിയെണ്ടായിരുന്നു...
ഒരു കൃത്രിമത്വം തോന്നി. എന്തോ ഒരു ടീസ്പൂണ്‍ കുറവ്. നിങ്ങളു തന്നെ സെറ്റ് ചെയ്ത സ്റ്റാന്‍ഡാര്‍ഡ് ഇതിലുമുയരത്തിലാണ്.
നന്നായിരിക്കുന്നു ... ഒരു കുഞ്ഞു അഭിപ്രായം പറഞ്ഞോട്ടെ ആ " രാം പ്രസാദ് " എന്ന പേരു മാറ്റികൂടെ ... അവിടെ വരുമ്പോള്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ ഗ്രാമത്തില്‍ വന്ന പോലെ
പാമരാ, നന്ദി. അടുത്ത കഥ നന്നാക്കാന്‍ ശ്രമിക്കാം.
നവരുചിയാ, കള്ളന്മാരെയൊക്കെ തച്ചുകൊല്ലുന്നത് വടക്കേ ഇന്ത്യയിലല്ലേ ഉള്ളൂ.
സിമി ഇടയ്ക്കുവച്ച് കഥ വഴിതിരിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് തോന്നി.
പിടീക്കപ്പെട്ട ആളിന്റെ റോളില്‍ ഉള്ള അനിശ്ചിതത്വം കൂറേക്കൂൂടി ചൂഷണം ചെയ്തിരുന്നെങ്കില്‍ വൈകുന്നേരം ഒരു ‘ദര്‍ശനം’ ഇല്ലാതെ തന്നെ ഭയം കൂടുതല്‍ അനുഭവപ്പെടുമായിരുന്നില്ലേ...
എല്ലാവരുടെയും ഉള്ളിലെ കള്ളന്‍/ഇര എന്ന ഒരു ആശയം...
സിമി ..നന്നായിരിയ്കുന്നു എന്നാലും എന്തോ , എന്താണെന്നു പറയാനാവുന്നില്ല ...ഒരു അപൂര്‍ണത
തിരക്കിട്ട് വായിച്ചതിലെ എന്റെ തെറ്റാവാം
"എന്തോ ഒരു ടീസ്പൂണ്‍ കുറവ്."
എനിക്കും അങ്ങിനെ തോന്നിയോ?
ഇല്ല തോന്നിയതാകും.
ഏറെ സുന്ദരമായ ഭാഷ, രാത്രിയില്‍ നാട്ടുവഴിയിലൂടെയുള്ള നടത്തം വിവരിച്ചത് ഏറ്റവും മനോഹരം.
അതിനപ്പുറം...മറ്റെല്ലാവരും എഴുതിയതുപോലെ..എന്തോഒരു...
നവരുചിയന്‍ പറഞ്ഞ പോലെ എനിക്കും തോന്നി ബീഹാറിലോ മറ്റോ എത്തിയോ എന്നു
Post a Comment