കാമ കടല്‍ കണ്ടിട്ടില്ല. ജനനം മുതല്‍ അവള്‍ കണ്ടിട്ടുള്ളത് റ്റാങ്കന്യിക തടാകമാണ്. തടാകം കടല്‍ പോലെ വലുതാണെന്നാണ് കാമയുടെ മുത്തശ്ശി പറഞ്ഞിട്ടുള്ളത്. കാമയുടെ മുത്തശ്ശിയും കടല്‍ കണ്ടിട്ടില്ല. റ്റാങ്കന്യിക തടാകത്തിന് അറ്റമില്ല. ഉണങ്ങിയ പാറമലകള്‍ കടന്നുവരുന്ന ആഫ്രിക്കന്‍ കുറുമ്പന്‍കാറ്റ് വീശുമ്പോള്‍ തടാകത്തിലും തിരകളുരുളും. എന്നിട്ട് കരയിലേയ്ക്ക് അടിച്ചുകയറി പതച്ചു പിന്‍വാങ്ങും. എന്നും റ്റാങ്കന്യികയില്‍ ചുവപ്പുനിറം വാരിക്കലക്കിക്കൊണ്ട് സൂര്യന്‍ അസ്തമിക്കും.
പണ്ട് കാമയുടെ കുടില്‍ നില്‍ക്കുന്നിടവും ചതുപ്പുകളും വെള്ളത്തില്‍ മുങ്ങിക്കിടന്നു എന്നാണ് മുത്തശ്ശി പറഞ്ഞത്. റ്റാങ്കന്യകയ്ക്ക് പണ്ട് നീലനിറമായിരുന്നുത്രേ. ഇന്നത്തെപ്പോലെ ചാരനിറമല്ല. അമരിപ്പൂവിന്റെ നിറം. മുത്തശ്ശന്‍ റ്റാങ്കന്യികയുടെ തീരത്ത് കുടില്‍ കുത്തിയതാണ്. ഇന്ന് കുടില്‍ റ്റാങ്കന്യികയില്‍ നിന്നും അകന്നുപോയി. റ്റാങ്കന്യിക ചുരുങ്ങുകയാണെന്നാണ് മുത്തശ്ശി പറഞ്ഞത്. കാമയുടെ കുട്ടിക്കാലത്ത് മുത്തശ്ശിയ്ക്ക് നല്ല വണ്ണമുണ്ടായിരുന്നു. ഞാന്നുകിടക്കുന്ന കാതില്‍ വലിയ കടുക്കനുമിട്ട്, തടിക്കട്ടകള്‍ കോര്‍ത്ത മാലയുമിട്ട്, മാറുമറയ്ക്കാതെ, കറപിടിച്ച പല്ലും കാണിച്ച് ചിരിച്ച്, കാമയെ മടിയിലിരുത്തി മുത്തശ്ശി കഥകള്‍ പറഞ്ഞുകൊടുക്കും. റ്റാങ്കന്യികയിലെ യുദ്ധങ്ങളുടെ കഥ. കറുപ്പും ചാരവും നിറമുള്ള ബോട്ടുകളില്‍ പൊടിപിടിച്ച വെള്ള മനുഷ്യര്‍ റ്റാങ്കന്യികയില്‍ രാത്രി പരസ്പരം തീതുപ്പിയ കഥ. തടാകത്തില്‍ മറിഞ്ഞ കൂറ്റന്‍ കപ്പലിന്റെ കഥ. ഇരുളില്‍ മനുഷ്യനെ പിടിച്ചുതിന്നുന്ന ജലജീവികളുടെ കഥ. മുത്തശ്ശിയ്ക്ക് ധാരാളം കഥകളറിയാമായിരുന്നു. മുത്തശ്ശി ചുരുങ്ങിപ്പോയി. മരിക്കുന്നതിനു മുന്‍പ് മുത്തശ്ശി എല്ലും തോലുമായിരുന്നു. റ്റാങ്കന്യികയും ചുരുങ്ങിച്ചുരുങ്ങി ഒരുദിവസം വറ്റിപ്പോവും. പക്ഷേ ഇപ്പോഴും എത്ര നോക്കിയാലും റ്റാങ്കന്യകയുടെ അറ്റം കാണാന്‍ പറ്റില്ല.
രാത്രി കാമ കുടിലിനു മുന്‍പില്‍ തീയിടും. കണ്ണുകാണാതെ വെള്ളം തിരഞ്ഞുവരുന്ന കാട്ടാനകള്‍ കുടില്‍ ചവിട്ടിപ്പൊളിക്കാതിരിക്കണമല്ലോ. വരയന്‍ സീബ്രകളും കാട്ടുകാളകളും കൂട്ടത്തോടെ വെള്ളം കുടിക്കാനെത്തും. അവയുടെ മുക്കുറ കേള്‍ക്കുമ്പോള്‍ രാത്രിയില്‍ ഉറക്കമില്ലാതെ കിടന്ന് കാമയുടെ മൂത്ത മകന്‍ പറയും: “അമ്മേ, ഞാനൊരു കാളയെ കൊന്നാലോ? നമുക്ക് ഒരു മാസം തിന്നാല്ലോ“. അപ്പോള്‍ വാതിലില്‍ ചാരിയ പാളിയുടെ വിടവിലൂടെ ആഫ്രിക്കന്‍ നക്ഷത്രങ്ങള്‍ വീണ് അവന്റെ കണ്ണുകള്‍ തിളങ്ങും. കാമ അവന്റെ നെറ്റിയില്‍ തലോടും. അവന്‍ സ്വപ്നവും കണ്ട് ഉറങ്ങും.
കാമയുടെ ഇളയ മക്കള്‍ ഇരട്ടക്കുട്ടികളായിരുന്നു. അവര്‍ മത്സരിച്ച് കരയുന്ന ദിവസമാണ് കാമയുടെ ഭര്‍ത്താവ് ഒറ്റയാള്‍ തുഴയുന്ന ചെറിയ വഞ്ചിയുമെടുത്ത് റ്റാങ്കന്യികയിലേയ്ക്ക് ഇറങ്ങിപ്പോയത് - കുഞ്ഞുങ്ങള്‍ക്ക് വിശക്കുന്നു എന്നും പറഞ്ഞ്. കാമ ഒരു കുഞ്ഞായിരുന്നപ്പോള്‍ റ്റാങ്കന്യികയില്‍ നിറയെ മീനായിരുന്നു. മലകളില്‍ നിന്ന് വെള്ളച്ചാട്ടത്തിലൂടെ നൂണിറങ്ങിവരുന്ന രുചിയുള്ള മത്സ്യങ്ങള്‍. ഉറവകളിലെ ലവണങ്ങള്‍ തിന്നുന്നതുകൊണ്ടാണത്രേ അവയ്ക്ക് ഇത്ര രുചി. മുത്തശ്ശി തുറിച്ച കണ്ണും തുറന്ന വായയുമുള്ള കിളിമീന്റെ തലക്കറി വെയ്ക്കുന്നത് ഓര്‍ക്കുമ്പോള്‍ കാമയുടെ വായില്‍ ഇപ്പൊഴും ഉമിനീര്‍ നിറയും. പഴുക്കാത്ത കാട്ടുമാങ്ങ മുറിച്ചിട്ട്, ഉപ്പും മുളകും കലര്‍ത്തി, അല്പം ചവര്‍പ്പും പുളിയും ഇളംചൂടുമുള്ള മീന്‍കറി. ഇപ്പൊ മാങ്ങയില്ല. മീനില്ല. കാട് ഉണങ്ങിപ്പോയി.
കാമയുടെ ഭര്‍ത്താവ് തിരിച്ചുവന്നില്ല. കാമ കുടിലില്‍നിന്നിറങ്ങുമ്പോള്‍ മക്കള്‍ ഉറങ്ങുകയായിരുന്നു. റ്റാങ്കന്യികയില്‍ നിന്നും അധികം മീന്‍ കിട്ടില്ല. അതാവും മുത്തശ്ശി ചുരുങ്ങിച്ചുരുങ്ങി മരിച്ചുപോയത്. ഇരട്ടക്കുട്ടികളില്‍ ഒരാളും മരിച്ചുപോയി. കാമ നന്നേ മെലിഞ്ഞു. വാതിലില്‍ പിടിച്ച് മക്കളെ നോക്കിയപ്പോള്‍ മച്ചില്‍ ഒരു പല്ലി. പറന്നുനടക്കുന്ന ഒരു മണിയനീച്ചയെ കണ്ണിമയ്ക്കാതെ നോക്കി പല്ലി അനങ്ങാതെ ഒട്ടിയിരിക്കുന്നു. റ്റാങ്കന്യികയില്‍ ഒരു മുതലയുണ്ട്. ഗുസ്താഫ് എന്ന ആള്‍പിടിയന്‍ മുതല.
ഗുസ്താഫ് തടാകത്തിലൂടെ നീന്തുമ്പോള്‍ ഓളം പോലും വെട്ടില്ല. വെള്ളത്തിനുമുകളില്‍ സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണാന്‍ പറ്റുന്ന നാസാദ്വാരങ്ങള്‍ പതുക്കെ ഒഴുകിവരും. ഒരു ഉണങ്ങിയ പൊങ്ങുതടിപോലെ ശല്‍ക്കങ്ങള്‍ നിറഞ്ഞ മുതുകിന്റെ ഒരു വര മെല്ലെ അനങ്ങും. കുടിലിന്റെ മച്ച് മേഞ്ഞിരുന്ന മരക്കൊമ്പുകളില്‍ പല്ലി അതിവേഗത്തില്‍ ഒന്നനങ്ങി. മണിയനീച്ച അത് അറിയുന്നതിനു മുന്‍പേ ഈച്ചയുടെ അടുത്തെത്തി പല്ലി വീണ്ടും നിശ്ചലമായി. ഗുസ്താഫ് പിടിച്ചുതിന്നവര്‍ എത്രയെന്ന് ആര്‍ക്കുമറിയില്ല. ഗുസ്താഫിന്റെ പ്രായവും ആര്‍ക്കും അറിയില്ല. മുത്തശ്ശിയുടെ കാലത്തിനും മുന്‍പേ ഗുസ്താഫ് ഉണ്ട്. ഇരുളില്‍ നീന്തി മെല്ലെ അടുത്തെത്തി, വാലുചുഴറ്റിയടിച്ച് ഭീകരമായ ശബ്ദത്തോടെ വള്ളം മറിച്ചിട്ട്, തെറിച്ചുവീഴുന്ന മനുഷ്യനെ വലിയ വാ തുറന്ന് ആയിരം കഠാരപോലെ നിരന്ന കൂര്‍ത്ത പല്ലുകള്‍ കൊണ്ടുകോര്‍ത്ത് റ്റാങ്കന്യകയെ രക്തം കൊണ്ടു ചുവപ്പിച്ച് - പല്ലി നൊടിയിടയില്‍ നാവുനീട്ടി ഒരുനിമിഷം അടുത്തുവന്ന ഈച്ചയെ ഒരു നിമിഷാര്‍ദ്ധംകൊണ്ടു കടിച്ചുപിടിച്ചതും പിന്നെ താടിയെല്ലിന്റെ രണ്ട് അനക്കങ്ങള്‍ കൊണ്ട് വായിലേയ്ക്കിറക്കിയതും ഈച്ചയുടെ പറക്കയറ്റ ചിറകുകള്‍ പുറത്തേയ്ക്കു തുപ്പിയതും കാമ വികാരങ്ങളില്ലാതെ നോക്കിനിന്നു. കാമയുടെ ഭര്‍ത്താവിനെ ഗുസ്താഫ് കൊന്നു എന്ന് അവള്‍ക്ക് അപ്പോഴും വിശ്വാസം വന്നില്ല. തടാകത്തിനക്കരെ, നിറയെ ഭക്ഷണമുള്ള എവിടെയോ, അയാള്‍ സുഖമായി ജീവിക്കുന്നുണ്ടാവണം. വള്ളം തകര്‍ന്നുപോയിട്ടുണ്ടാവണം. മക്കളെയും കാമയെയും കാണാന്‍ തിടുക്കമായിട്ടുണ്ടാവണം.
തടാകത്തിനു ചാരെ, ചാഞ്ഞുനിന്ന ഒരു ഒതളമരക്കൊമ്പില്‍ കെട്ടിയിരുന്ന വള്ളം അഴിച്ച് കാമ വള്ളത്തിലേയ്ക്കു കയറി. അവള്‍ വെറുതേ കയ്യിട്ട് വെള്ളത്തില്‍ തൊട്ടുനോക്കി. തണുപ്പ്. പണ്ട് കല്യാണം കഴിഞ്ഞ് കാമയും ഭര്‍ത്താവും രാത്രി കിടന്നുറങ്ങിയത് തടാകക്കരയിലായിരുന്നു. അന്ന് തീക്കുണ്ഠത്തിന്റെ വെളിച്ചം അണഞ്ഞ് ആളുകള്‍ പിരിഞ്ഞശേഷവും അവള്‍ വെറുതേ ചിരിച്ചുകൊണ്ടിരുന്നു. ഭര്‍ത്താവ് അല്പം നടന്ന്‍ കൈക്കുമ്പിളില്‍ റ്റാങ്കന്യികയിലെ വെള്ളമെടുത്ത് കാമയുടെ മുഖത്തും പൊക്കിളിലുമൊഴിച്ചു. അന്ന് വയര്‍ വിറപ്പിച്ച അതേ തണുപ്പ്, ഇന്നും റ്റാങ്കന്യികയിലെ വെള്ളത്തിന്. തണുപ്പത്തും തടാകത്തിന്റെ അരികില്‍, പൊക്കമുള്ള ഒരു കറുത്ത പാറയില്‍ നിന്ന് തുണിയുടുക്കാത്ത കറുത്ത കുട്ടികള്‍ ഒന്നൊന്നായി താഴെ വെള്ളത്തിലേയ്ക്കു ചാടുന്നു. വായുവില്‍ കൈകള്‍ കൂപ്പി മെലിഞ്ഞ കാലുകള്‍ വളച്ച് ഉറക്കെ വിളിച്ചുകൊണ്ട് ബ്ലും എന്ന ശബ്ദത്തോടെ വീണ് വെള്ളം പൊക്കത്തില്‍ തെറിപ്പിച്ച് തടാകത്തിന്റെ അടിയിലേയ്ക്കു പോവുന്നു. റ്റാങ്കന്യികയില്‍ ചാരനിറത്തില്‍ കുമിളകളുയരുന്നു. പിന്നെ ഇനി പൊങ്ങിവരില്ല എന്നു തോന്നുന്ന നിമിഷത്തില്‍, എല്ലുന്തിയ കുട്ടികള്‍ പൊന്തിവന്ന് തടാകത്തില്‍ നീന്തിത്തിമിര്‍ക്കുന്നു. ഗുസ്താഫ് എവിടെയാണ്? ഭര്‍ത്താവ് പോയതില്‍പ്പിന്നെ കാമ മക്കളെ വെള്ളത്തില്‍ കളിക്കാന്‍ വിടാറില്ല.
വള്ളം തുഴഞ്ഞ് അവള്‍ തടാകത്തിന്റെ അകത്തെത്തി. അകലെ അവളുടെ കുടിലും തീരവും കുട്ടികളുമെല്ലാം ചുരുങ്ങിച്ചുരുങ്ങിവന്നു. ഓര്‍മ്മകള്‍ മാത്രം ചുരുങ്ങിയില്ല. കാമ വല നിവര്‍ത്ത്, അതിലെ കണ്ണികള്‍ ശരിയാക്കി തടാകത്തിലേയ്ക്ക് വീശിയിട്ടു.
റ്റാങ്കന്യികയ്ക്ക് എന്തോ പ്രശ്നമുണ്ട്. എത്ര വലയിട്ടാലും മീന്‍ കിട്ടില്ല. കാമ ഉച്ചവരെ വലവലിച്ചിട്ടും വലയില്‍ ഒരു ചെറുമീന്‍ പോലും കുരുങ്ങിയില്ല. നദിയില്‍ അപ്പോഴും മോട്ടോര്‍ പിടിപ്പിച്ച വലിയവള്ളങ്ങള്‍ മുരണ്ടുനടന്നു. കീല്‍ പുരട്ടിയ വലിയ വള്ളത്തില്‍ നിന്നും വിരിച്ച വല തടാകത്തിന്റെ നടുക്കുവരെ നീളും എന്നു തോന്നി. വലയില്‍ കെട്ടിയിട്ട തടിക്കട്ടകള്‍ നീണ്ട ഒരു വരപോലെ വെള്ളത്തില്‍ പൊങ്ങിക്കിടന്നു. വള്ളത്തില്‍ നാലുപേരായിരുന്നു. രണ്ട് ചെറുപ്പക്കാര്‍. അന്‍പതിനടുത്ത് പ്രായമുള്ള വള്ളം മുതലാളി. പിന്നെ കാമയുടെ മൂത്തമകന്റെ ഒരു കൂട്ടുകാരന്‍ - പന്ത്രണ്ടു വയസ്സു വരും അവന്. അവന്‍ കാമയെ കണ്ടപ്പോള്‍ വള്ളത്തിലിരുന്ന് ചിരിച്ചുകൊണ്ട് കൈവീശി. വള്ളക്കാര്‍ വല വലിച്ച് തിരികെ വള്ളത്തില്‍ കയറ്റുന്നത് അവള്‍ വെറുതേ നോക്കിയിരുന്നു. അത്രയും നീളമുള്ള വലയിലും മീന്‍ പിടയ്ക്കുന്നില്ല. വെള്ളം കൊണ്ടുള്ള ഒരു മരുഭൂമിയാണ് റ്റാങ്കന്യിക എന്നു തോന്നി.
ഉച്ചയ്ക്ക് സൂര്യന്‍ തടാകത്തിനു കത്തിനിന്നപ്പോള്‍ കാമയുടെ കൂട്ടുകാരി വള്ളവും തുഴഞ്ഞ് അടുത്തെത്തി.
എന്തായി, മീന്‍ വല്ലോം കിട്ടിയോ?
ഇല്ല. നിനക്കോ?
ഇല്ല. നശിച്ച തടാകം. ഇതില്‍ മീനില്ല. വെറുതേ വലയിട്ടിട്ട് കാര്യമില്ല. ഈ പണി നിറുത്തണം.
പിന്നെ എന്തു ചെയ്യാനാണ്?
എന്തു ചെയ്യാനാണ്? എന്റെ ഭര്‍ത്താവ് തോട്ടത്തില്‍ നിന്നും തിരിച്ചുവന്നു. അങ്ങോട്ട് ചെല്ലാന്‍ പറയുന്നു.
നീയും പോകുവാണോ?
പോകാതെ എന്തു ചെയ്യാനാണ്? വെറുതേ വലയിട്ടിട്ട് എന്തുകാര്യം. എന്തെങ്കിലും തിന്നണ്ടേ?
ഒരു മഴ പെയ്തെങ്കില്‍.. മഴ പെയ്തെങ്കില്‍ നദികളിലെ മീനെല്ലാം ഒലിച്ച് തടാകത്തില്‍ വന്നേനെ.
എത്ര മഴ പെയ്തിരിക്കുന്നു. നീയും വരുന്നോ? ഞാനെന്റെ ഭര്‍ത്താവിനോടു പറയാം.
തോട്ടം എവിടെയാണ്?
അറിയില്ല. വളരെ ദൂരെയാണെന്നു മാത്രം അറിയാം. നീയും വാ.
ഇല്ല. ഞാനില്ല.
വാ പെണ്ണേ. ഇവിടെ മീനില്ല. വെറുതേ വലയിട്ടിട്ട് എന്തുചെയ്യാനാണ്?
എന്തു ചെയ്യാനാണ്. മീന്‍ വരും. എനിക്കാകെ രണ്ടു മീന്‍ മതിയല്ലോ.
രണ്ടു മീന്‍ കൊണ്ട് എന്തുചെയ്യാനാണ്? നിങ്ങള്‍ മൂന്നുപേരില്ലേ?
മീന്‍ വരും.
ഞാന്‍ പോണു. എനിക്ക് എന്തെങ്കിലും കിട്ടിയാല്‍ ഞാന്‍ തിരക്കി വരാം.
കാമ ഒറ്റയ്ക്ക് വീണ്ടും വീണ്ടും വലയെറിഞ്ഞു. ഏകാന്തമായ ഒരു പരിശ്രമമായിരുന്നു അത്. ദൂരെ ചക്രവാളസീമയില്‍ ഒരു വലിയ വള്ളം പൊട്ടുപോലെ നീങ്ങുന്നുണ്ടായിരുന്നു. പണ്ട് യുദ്ധത്തില്‍ തകര്‍ന്ന പടക്കപ്പല്‍ അവിടെയെങ്ങോ മുങ്ങിക്കിടക്കുന്നുണ്ടാവണം. ഇരുമ്പ് തുരുമ്പിച്ച് അമ്ലരസമുള്ള ആ വെള്ളത്തില്‍ മത്സ്യങ്ങള്‍ കൂടുതലായിരിക്കണം. ആ കപ്പലിന്റെ അറകളിലെവിടെയോ ആയിരിക്കണം ഗുസ്താഫിന്റെ കൂട്. ഇരകളുടെ അവശിഷ്ടങ്ങള്‍ വലിച്ച് ഗുസ്താഫ് കൊരുത്തുണ്ടാക്കിയ ഒരു അസ്ഥിക്കൂട്. കാമ അങ്ങോട്ട് പോകാറില്ല.
വൈകുന്നേരം എപ്പൊഴോ വല കടിച്ചുമുറിച്ചുകൊണ്ട് വലക്കണ്ണികളില്‍ ഒരു ഞണ്ട് തൂങ്ങിക്കിടന്നു. നക്ഷത്രചിത്രമുള്ള അതിന്റെ തോട് കാമ ഒരു തടിക്കഷണം കൊണ്ട് തല്ലിപ്പൊട്ടിച്ചു. പിന്നെയും പിടച്ചുകൊണ്ടിരുന്ന ഞണ്ടിനെ ശ്രദ്ധയോടെ അവള്‍ ഒരു തകരത്തൊട്ടിയിലേയ്ക്കു മാറ്റി. ഒരു ഞണ്ട് ഒന്നുമാവില്ല.
നേരം ഇരുണ്ടുതുടങ്ങി. കാമയ്ക്ക് അപ്പോഴും മീനൊന്നും കിട്ടിയിരുന്നില്ല. രാവിലെ കുഞ്ഞുങ്ങള്‍ കാട്ടില്‍ക്കയറി എന്തെങ്കിലും തിന്നുകാണണം. ഉച്ചയ്ക്ക് അവര്‍ എന്തെങ്കിലും തിന്നുകാണുമോ? അവള്‍ക്കും ഉച്ചയ്ക്ക് എപ്പൊഴോ വിശന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ - സന്ധ്യാനേരത്ത് - വിശപ്പുമാറി കുടലില്‍ ഒരുതരം പൊരിച്ചിലാണ് തോന്നിയത്. മക്കള്‍ക്ക് വിശക്കുമോ? അവള്‍ ആലോചിക്കാതിരിക്കാന്‍ ശ്രമിച്ചു. ആലോചിച്ചിട്ട് കാര്യമില്ല. പക്ഷേ വീട്ടില്‍ പോവണം.
അപ്പൊഴേയ്ക്കും മടക്കയാത്രയില്‍ വലിയ വള്ളം കാമയുടെ വള്ളത്തിന് അല്പം അകലെക്കൂടെ കരയിലേയ്ക്കു പോവുകയായിരുന്നു. കാമ വള്ളം തുഴഞ്ഞ് വലിയ വള്ളത്തിനടുത്തെത്തി. വള്ളത്തിന്റെ മൂപ്പന്‍ കുഴിഞ്ഞ കണ്ണുകള്‍ കൊണ്ട് കാമയുടെ മുഖത്തും ശരീരത്തിലും നോക്കി. കറപിടിച്ച നാലഞ്ചു പല്ലുകള്‍ പുറത്തുകാണിച്ചുകൊണ്ട് വൃത്തികെട്ട ഒരു ചിരി ചിരിച്ച് അയാള്‍ ചോദിച്ചു:
“മീന്‍ വേണോ?”
കാമ ഒന്നും മിണ്ടിയില്ല.
“മീന്‍ വേണങ്കി മതി. അല്ലെങ്കില്‍ തിരിച്ചുപോടീ. നിനക്കു മീന്‍ വേണോടീ?”
കാമ വേണം എന്നു തലയാട്ടി. അവളുടെ നോട്ടം അയാളുടെ കണ്ണില്‍ തറഞ്ഞുനിന്നു.
“ഉം, വള്ളം അടുപ്പിക്ക്”
കാമ വള്ളം തുഴഞ്ഞ് വലിയ വള്ളത്തിന്റെ അരികില്‍ ഞാന്നുകിടന്ന വടം തന്റെ വള്ളത്തിന്റെ മുനമ്പില്‍ കെട്ടി. തുഴ താഴ്ത്തി വള്ളത്തിനു അകത്തുവെയ്ച്ചു. ചെറുപ്പക്കാരിലൊരാള്‍ കാമയ്ക്ക് പിടിച്ചുകയറാന്‍ തന്റെ കൈ നീട്ടിക്കൊടുത്തു. അവള്‍ വീഴാതെ ശ്രദ്ധിച്ച് വലിയ വള്ളത്തില്‍ വലിഞ്ഞുകയറി.
ചെറുപ്പക്കാരില്‍ രണ്ടാമന്‍ കാമയെ നോക്കി ചിരിച്ചുകൊണ്ട് നീട്ടി ഒരു ചൂളമടിച്ചു. കാമ ഒന്നും മിണ്ടിയില്ല. അവന്‍ ഒരു തകരം കൊണ്ട് അടച്ചിരുന്ന ചളുങ്ങിയ തൊട്ടി തുറന്നു. അതിനകത്ത് നിറയെ മീനുകള്‍ അല്പം മാത്രം വെള്ളത്തില്‍ ചെളികലക്കിക്കൊണ്ട് പിടയ്ക്കുന്നു. മൂപ്പന്‍ വീണ്ടും ചോദിച്ചു, “മൂന്നു മീന്‍ മതിയോടീ”? അവള്‍ അപ്പോഴും ഒന്നും മിണ്ടിയില്ല.
കാമയുടെ മകന്റെ കൂട്ടുകാരന്‍ - പന്ത്രണ്ടുവയസ്സുകാരന്‍ പയ്യന്‍ - എന്താണ് നടക്കുന്നതെന്നറിയാതെ നാലുപേരെയും അമ്പരന്ന് നോക്കി. പകലന്തിയോളം കഷ്ടപ്പെട്ടു പിടിച്ച മീന്‍ കാമയ്ക്ക് കൊടുക്കുന്നതെന്തിനാണെന്ന് അവന് ഒട്ടും മനസിലായില്ല. അവന്‍ ഈ വള്ളത്തില്‍ വന്നിട്ട് അധികം നാളായില്ല. മൂപ്പന്‍ നോട്ടംകൊണ്ട് അവളുടെ ശരീരത്തിലുഴിഞ്ഞു.
നേരം ഇരുട്ടിയപ്പോള്‍ കാമ എഴുന്നേറ്റു. മൂപ്പന്‍ കലത്തില്‍ കയ്യിട്ട് മൂന്ന് മുഴുത്ത മത്സ്യങ്ങളെപ്പിടിച്ചു. പിടയ്ക്കുന്ന മത്സ്യങ്ങളെ നിലത്തിട്ട് ഒരു തടിക്കഷണം കൊണ്ട് അവയുടെ തലയ്ക്കു തല്ലിക്കൊന്നു. തല്ലു കൊള്ളുന്നതനുസരിച്ച് മത്സ്യങ്ങളുടെ പിടച്ചില്‍ കുറഞ്ഞുകുറഞ്ഞുവന്ന് ഒടുവില്‍ അവ നിശ്ചലമായി. എന്നിട്ട് മൂപ്പന്‍ പയ്യനെ നോക്കി ചിരിച്ചുകൊണ്ട് ‘നിന്റെ പേരിലും ഇരിക്കട്ടെ ഒരെണ്ണം’ എന്നുപറഞ്ഞ് കാമയ്ക്ക് നാലാമതൊരു ചെറിയ മത്സ്യം കൂടി നല്‍കി. പയ്യന്‍ നിലത്തുനോക്കി തലയും കുമ്പിട്ടിരുന്നു. ‘അവന്‍ വളര്‍ന്നോളും’ - മൂപ്പന്‍ കൂട്ടുകാരെ നോക്കി വീണ്ടും ചിരിച്ചു. കാമയെ വള്ളത്തില്‍ വലിച്ചുകയറ്റിയ യുവാവു തന്നെ അവളെ കൈപിടിച്ച് അവളുടെ വള്ളത്തിലേയ്ക്കിറക്കി.
വള്ളം കുടിലിനോട് അടുത്തപ്പോള്‍ ഇരുട്ടായിരുന്നു. മറ്റ് വള്ളങ്ങളൊന്നും അടുത്തില്ല എന്നുറപ്പായപ്പോള്‍ അവള്‍ തടാകത്തിലെ വെള്ളമെടുത്ത് സ്വയം കഴുകിത്തുടങ്ങി. അല്പം ഉപ്പുരസമുള്ള വെള്ളം വീണപ്പോള്‍ അവളുടെ അകമാകെ നീറുന്നുണ്ടായിരുന്നു. വള്ളത്തില്‍ നിലത്തുകിടക്കുന്ന ചത്ത മത്സ്യങ്ങളെ നോക്കിയപ്പോള്‍ അവള്‍ക്ക് ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു.
അവള്‍ കുടിലിലേയ്ക്ക് കയറുമ്പോള്‍ മൂത്ത മകന്‍ കാമയെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവന്റെ തലയില്‍ തലോടിക്കൊണ്ട് അവള്‍ തീകൂട്ടി മീന്‍ ചുട്ടുതുടങ്ങി. പൊള്ളിയ മീന്റെ മണമടിച്ചപ്പോള്‍ ഉറങ്ങിക്കിടന്ന ഇളയ കുഞ്ഞും എണീറ്റു. റ്റാങ്കന്യികയിലെ മത്സ്യങ്ങള്‍ക്ക് അന്നും വളരെ രുചിയായിരുന്നു. ദൂരെ മലകളുടെ മുകളില്‍ നിന്ന് വെള്ളച്ചാട്ടങ്ങളും കടന്ന്‍ വന്നവയാവണം അവ. വയറുനിറയെ മീന്‍ പിച്ചിത്തിന്ന് കൈ നക്കിക്കൊണ്ട് ഇളയ കുട്ടി ചോദിച്ചു.
“അമ്മേ, നാളെയും മീന്‍ കൊണ്ടുവര്വോ?”
കാമ അവളെ നോക്കി വാത്സല്യത്തോടെ ചിരിച്ചു.
8/15/2008
കാമയുടെ കഥ
എഴുതിയത് simy nazareth സമയം Friday, August 15, 2008
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
5 comments:
നമിച്ചു മാഷെ. എന്താ കഥനം!
ഓ.ടി.എന്താണീ ആഫ്രിക്കന്‍ ബാക്‌ഗ്രൌണ്ട്?
പാമരാ, ഈ വാര്‍ത്ത കണ്ടപ്പൊ വെറുതേ എഴുതാന്‍ തോന്നിയെന്നേ ഉള്ളൂ. ഇതാണ് ലേക് റ്റാങ്കന്യിക
ഉഗ്രന്‍!! നരേഷനും പ്രമേയവും. ഒരു നേരത്തെ വിശപ്പിനു വേണ്ടി.... എന്നാട്ടിലും.. എല്ലാ കാലത്തും... അമ്മയുടെ ആ മനസ്...
ഇതെന്തെരൊക്കെയാടാ എഴുതി വച്ചേക്കുന്നത്...
"രാത്രി കാമ കുടിലിനു മുന്‍പില്‍ തീയിടും. കണ്ണുകാണാതെ വെള്ളം തിരഞ്ഞുവരുന്ന കാട്ടാനകള്‍ കുടില്‍ ചവിട്ടിപ്പൊളിക്കാതിരിക്കണമല്ലോ. വരയന്‍ സീബ്രകളും കാട്ടുകാളകളും കൂട്ടത്തോടെ വെള്ളം കുടിക്കാനെത്തും. അവയുടെ മുക്കുറ കേള്‍ക്കുമ്പോള്‍ രാത്രിയില്‍ ഉറക്കമില്ലാതെ കിടന്ന് കാമയുടെ മൂത്ത മകന്‍ പറയും"
ടാ, ഈ പറയുന്ന ആനയും, സീബ്രയും, കാട്ട്പോത്തുകളുമൊന്നും രാത്രിഞ്ചരന്മാര് അല്ല... എല്ലാം പകല് അലഞ്ഞു തിരിഞ്ഞുനടക്കുന്ന ജീവികളാണു.. ഓ ഭാവന അല്ലേ ;)
മലകളില്‍ നിന്ന് വെള്ളച്ചാട്ടത്തിലൂടെ നൂണിറങ്ങിവരുന്ന രുചിയുള്ള മത്സ്യങ്ങള്‍. ഉറവകളിലെ ലവണങ്ങള്‍ തിന്നുന്നതുകൊണ്ടാണത്രേ അവയ്ക്ക് ഇത്ര രുചി. മുത്തശ്ശി തുറിച്ച കണ്ണും തുറന്ന വായയുമുള്ള കിളിമീന്റെ തലക്കറി വെയ്ക്കുന്നത് ഓര്‍ക്കുമ്പോള്‍ കാമയുടെ വായില്‍ ഇപ്പൊഴും ഉമിനീര്‍ നിറയും
കിളിമീന് കടല്‌മീനാണല്ലോ സിമീ.. അതെങ്ങനെയാ റ്റാങ്കന്യിക തടാകത്തിലെത്തിയതു.. (നീയെന്തരു കൊല്ലംകാരനാണടേ... )
)-
Post a Comment