സിമിയുടെ ബ്ലോഗ്

8/12/2010

ഭീകരത എന്ന പേരിൽ ഒരശ്ലീലഫലിതം

രംഗം ഒന്ന്.

നാടകത്തിന്റെ പശ്ചാത്തലം ഒരു പൊലീസ് സ്റ്റേഷനാണ്. പുറത്ത് നീലനിറമടിച്ച ജീപ്പ്, (തെരുവുനാടകമായി അവതരിപ്പിക്കുകയാണെങ്കിൽ ജീപ്പ് വേണമെന്നില്ല; വെള്ളത്തുണിയിൽ ജീപ്പിന്റെ ചിത്രം വരച്ചുവെച്ചാൽ മതി), വൃത്തിയുള്ള ചെറിയ പൂന്തൊട്ടത്തിൽ കുറച്ച് നീലപ്പൂക്കൾ. സ്റ്റേഷനുമുന്നിൽ സന്ദർശകർക്കിരിക്കാനുള്ള ഒഴിഞ്ഞ ബെഞ്ച്, വാതിലോടു ചേർന്ന് തോക്കും പിടിച്ച് പാറാവുനിന്നുനിന്ന് കാലുകഴയ്ക്കുന്ന കോൺസ്റ്റബിൾ. അകത്തേയ്ക്കുള്ള വാതിൽ കടക്കുമ്പോൾ മുറി. ആ മുറിയുടെ ചുമരിൽ ഗാന്ധിയുടെ പല്ലില്ലാപ്പുഞ്ചിരിപ്പടം, നെഞ്ചിൽ റോസാപ്പൂ കുത്തിയ നെഹ്രുവിന്റെ ചിത്രം, വി.എസ്. അച്യുതാനന്ദന്റെ ചിത്രം എന്നിവ തൂങ്ങുന്നു. പണ്ടെന്നോ പൂശിയ സ്നോസെം പൊളിഞ്ഞുതുടങ്ങിയിട്ടുണ്ട്. നീളൻ പെൻഡുലമുള്ള പഴയ ക്ലോക്ക് - അതിന്റെ കൈകൾ പതിനൊന്നു മണി കാണിക്കുന്നു. തൂങ്ങിക്കിടക്കുന്ന വൈദ്യുതവയറിന്റെ അറ്റത്ത് അറുപതുവാട്ട് ബൾബ് മുനിഞ്ഞുകത്തുന്നു. ഏറ്റവും പ്രധാനം, മച്ചിന്റെ ഒത്ത നടുവിൽ നിന്ന്, രണ്ട് ചങ്ങല തൂങ്ങിക്കിടക്കുന്നുണ്ട്, അതിന്റെ കീഴെ രണ്ടു വളയങ്ങളിൽ ഒരു മനുഷ്യനെ ഞാത്തിയിട്ടിട്ടുണ്ട് എന്നതാണ് (തെരുവുനാടകമാക്കുകയാണെങ്കിൽ ഏതെങ്കിലും മരച്ചുവട്ടിൽ വേണം നാടകം അവതരിപ്പിക്കാൻ, രണ്ട് കയറോ ചങ്ങലയോ ഞാത്തിയിടാനും ബൾബിനുപകരം ഒരു പെട്രോമാക്സ് ഞാത്തിയിടാനും, ഗാന്ധിയുടെയും നെഹ്രുവിന്റെയും ചിത്രങ്ങൾ ഞാത്താനുമൊക്കെ മരച്ചില്ലകൾ ഉപകാരപ്പെടും) - ഏഴോ എട്ടോ വയസ്സ് പ്രായമുള്ള ഒരു കുട്ടിയാണ് ഞാന്നുനിൽക്കുന്നത്. നാടകം തുടങ്ങുന്നത് ഇവന്റെ കരച്ചിലോടെയാണ്. ഈണത്തിൽ, പതിഞ്ഞ ശബ്ദത്തിൽ, നീളത്തിലാവണം കരച്ചിൽ. നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന ഈ കുഞ്ഞിനു ചുറ്റും പോലീസുകാരന്റെ മേശ, രണ്ട് കസാരകൾ, കസാ‍രകളിൽ രണ്ട് പോലീസുകാർ, അവരുടെ മുഖത്ത് ഗൌരവം, കയ്യിൽ വടി, അരയിൽ തോക്ക്, നിലത്ത് മൂത്രം, തുടങ്ങിയവ കാണാം. പയ്യന് ഷർട്ടില്ല. അവന്റെ കാലുകൾ നിലത്ത് തൊടുന്നുണ്ട്, കൈകൾ മുകളിലേക്ക് ഞാത്തിയിരിക്കുന്നു. മുറിക്ക് അരണ്ട വെളിച്ചമാണ്. പയ്യന്റെ കരച്ചിൽ നേർത്തുനേർത്തുവരുന്നു.

ഒരു പോലീസുകാരൻ ലാത്തി തടവിക്കൊണ്ട് എഴുന്നേറ്റുനിൽക്കുന്നു.നിറയെ മുഖക്കുരു പൊട്ടിയ പാടുകളുള്ള ഇയാൾക്ക് മീശയില്ല, ചുളിവുകൾ വീണ വലിയ നെറ്റിയുണ്ട്, പൂച്ചയുടേതുപോലെ അകത്തേക്കു കുഴിഞ്ഞ കണ്ണുകളുണ്ട്.

(തെരുവുനാടകമാണെങ്കിൽ പോലീസ് വേഷങ്ങൾ വേണമെന്നില്ല, പോലീസുകാരുടെ തൊപ്പിയും രൂപഭാവങ്ങളും വരച്ചുചേർത്ത രണ്ട് മുഖം‌മൂടികൾ മതിയാവും.)

ഒന്നാം പോലീസുകാരൻ, ഉറക്കെ: “നീ എവിടെയാഡാ ബോംബുവെക്കാൻ പോയത്?“

വരാന്തയിൽ കാവൽ നിന്ന പോലീസുകാരൻ (അയാൾ തന്നെയാണ് അവതാരകനും): “ഈ ചോദ്യത്തിൽ നിന്നും നമുക്ക് വളരെക്കാര്യങ്ങൾ മനസിലാക്കാം. പയ്യനെ (തീവ്രവാദിയെ) അറസ്റ്റ് ചെയ്തത് തീവ്രവാദക്കുറ്റത്തിനാണ്. ഒരുപാടുപേരെ കൊല്ലാൻ പദ്ധതിയിട്ട രാജ്യദ്രോഹിയാണ് ഈ തീവ്രവാദി. ഒന്നും അറിഞ്ഞുകൂടാ എന്ന് അഭിനയിക്കുന്നതാണ്, തീർച്ചയായും തീവ്രവാദിയാണ്. നിങ്ങൾ ഇതുവരെ മനസിലാക്കിയില്ലെങ്കിൽ അവൻ മുസ്ലീം ആണ് എന്നും മനസിലാക്കണം. അവനു വിദേശത്തു പരിശീലനം ലഭിച്ചിട്ടുണ്ട്, ഇംഗ്ലീഷ് തുടങ്ങിയ വിദേശഭാഷകൾ അറിയാം, അവനെ കണ്ടാൽ ഏഴോ എട്ടോ പ്രായം തോന്നിക്കുമെങ്കിലും യഥാർത്ഥ പ്രായം ഇരുപത്തേഴിനും മുപ്പത്തഞ്ചിനും ഇടയ്ക്കാണ്‌, ഒരുപക്ഷേ കൂടുതലും ആവാം. ഇങ്ങനെ വളരെക്കാര്യങ്ങൾ ഒരു ചോദ്യത്തിൽ നിന്നും തന്നെ നമുക്ക് മനസിലാക്കാം“.

(ഈ സംഭാഷണത്തോടൊപ്പം ചെണ്ട താളത്തിൽ മുഴക്കണം).

അവതാരകൻ പറഞ്ഞുനിർത്തുമ്പോൾ പോലീസുകാരൻ ലാത്തികൊണ്ട് പയ്യന്റെ കാലിൽ ഒന്നടിച്ചു, (അടിയുടെ ശബ്ദം കൂട്ടാൻ ചെണ്ട ആഞ്ഞടിക്കുക). അവൻ പെട്ടെന്നു ഞെട്ടി, കരച്ചിലിന്റെ ശബ്ദം കൂടി, പുറത്തേക്കു നോക്കി മറ്റെന്തോ ആലോചിച്ചുകൊണ്ടിരുന്ന രണ്ടാം പോലീസുകാരനും ഞെട്ടി. എന്നിട്ട് അയാൾ എഴുന്നേറ്റ് അവന്റെ ചുമലിൽ പതുക്കെ തലോടി. “മോൻ പറ, എല്ലാം പറഞ്ഞാൽ അങ്കിൾ മോനെ വീട്ടിൽക്കൊണ്ടാക്കാം”.

“അങ്കിൾ...”

അയാൾ വീണ്ടും തടവുന്നു. (അല്പം മൌനം), മൌനത്തിനൊടുവിൽ അവൻ പതുക്കെപ്പറഞ്ഞു - “ഞാൻ ബോംബ് എടുത്തില്ല”
ഒന്നാമൻ: കള്ളം - നീ ബസ്സിൽ ബോംബുവെക്കാൻ പോവുന്നു എന്നു പറഞ്ഞത് കേട്ട സാക്ഷികളുണ്ട്.
കുട്ടി: ഞാൻ ബോംബെന്നല്ല പറഞ്ഞെ.
ഒന്നാമൻ: അല്ലേ?
കുട്ടി: ബസ്സിലിരുന്ന് എന്റെ ബം നൊന്തു എന്നാ പറഞ്ഞെ.
ഒന്നാം പോലീസുകാരൻ പയ്യന്റെ മുഖത്ത് അടിക്കുന്നു, (അടികൊള്ളുന്നതിനോടൊപ്പം ഉച്ചത്തിൽ ചെണ്ട മുഴങ്ങുന്നു).
ഒന്നാമൻ: ഇന്നലെ നീ എവിടെയായിരുന്നു?
കുട്ടി: സ്കൂളിൽ...
ഒന്നാമൻ: കള്ളം. നീ ഇന്നലെ ബോംബ് എടുക്കാൻ പോയിരുന്നു.
കുട്ടി: ഇല്ല, ടീച്ചർ കണ്ടല്ലോ.. എന്റെ ഹോം വർക്ക് നോക്കിയല്ലോ.. ഞാൻ ഫ്രണ്ട്സുമായി കളിച്ചല്ലോ, വിശാഖ് എന്റെ അടുത്താ ക്ലാസിൽ ഇരിക്കുന്നെ.
ഒന്നാമൻ: ഇല്ല, നീ ഇന്നലെ സ്കൂളിൽ പോയിട്ടില്ല.
രണ്ടാമൻ: അറ്റൻഡൻസ് രെജിസ്റ്റർ നോക്കിയോ?
ഒന്നാമൻ: അതിന്റെ കാര്യമില്ല. മറ്റ് തെളിവുകൾ കൊണ്ടു കാര്യമില്ല. ഇവൻ സ്കൂളിൽ പോയിട്ടില്ല; സ്കൂളിൽ പോവാതെ ബോംബ് നിർമ്മാണമാണ് ഇവന്റെ പണി.
രണ്ടാമൻ: അതെങ്ങനെ ശരിയാവും? സ്കൂളിൽ പോയതിന് ഇവന്റെ ടീച്ചർമാരും കൂടെപ്പഠിക്കുന്ന കുട്ടികളും സ്കൂൾ ബസ്സിന്റെ ഡ്രൈവറും സാക്ഷികളല്ലേ?
ഒന്നാമൻ: അതിൽ കാര്യമില്ല. ഒരു തെളിവിലും കാര്യമില്ല. ഇവൻ ബോംബ് വിദഗ്ധനാണ്, കട്ടായം.
രണ്ടാമൻ: ഇവന്റെ വീട്ടുകാർ സാക്ഷിയല്ലേ?
ഒന്നാമൻ: കൊള്ളാം, തീവ്രവാദിക്കും സാക്ഷിയോ. ഇവൻ ബസ്സിലിരുന്ന് ബോംബ് എന്നു പറഞ്ഞതിന് സാക്ഷിമൊഴിയുണ്ട്, അത്രയും മതി അകത്താക്കാൻ.
രണ്ടാമൻ: ഇനി എന്തു ചെയ്യണം? കോടതിയിൽ ഹാജരാക്കണോ?
ഒന്നാമൻ: അതിനെന്താ, വഴിയേ ഹാജരാക്കാം. ജാമ്യവും കോമ്യവുമൊന്നുമില്ല. ഭീകരവാദക്കുറ്റമാണ്. ബസ്സിൽ ഇവന്റെ അടുത്തിരുന്ന കുട്ടി തെളിവു പറഞ്ഞോളും.
രണ്ടാമൻ: ആ പെൺകുട്ടി ബം എന്നാണു കേട്ടത് - അവൾ മാറ്റിപ്പറഞ്ഞിട്ടുണ്ട്
ഒന്നാമൻ: സാരമില്ല, അവൾ ബം എന്നു തന്നെ പറഞ്ഞാൽ മതി, കോടതി ബോംബ് എന്നു കേട്ടുകൊള്ളും.
രണ്ടാമൻ: ഇവനെ അറസ്റ്റ് ചെയ്യാൻ പറ്റുമോ? ബാലനാണ്. ജുവനൈൽ കോടതിയിൽ കാണിക്കണ്ടേ?
ഒന്നാമൻ: ഇവൻ കുട്ടിയൊന്നുമല്ല. കണ്ടാൽ തോന്നുന്നതാണ് കുട്ടിയാണെന്ന്. ഇവന്റെ പ്രായം ഡി.എൻ.എ ടെസ്റ്റ് ചെയ്യണം.
രണ്ടാമൻ: ജനന സർട്ടിഫിക്കറ്റ് നോക്കിയാൽ‌പ്പോരേ?
ഒന്നാമൻ: പോരാ, ഒക്കെക്കളവാണ്. കൊടും ഭീകരനാണ്.
രണ്ടാമൻ: ഡി.എൻ.എ. ടെസ്റ്റൊക്കെ നമ്മളിനി എവിടെച്ചെയ്യാനാണ്?
ഒന്നാമൻ: എന്താ ഇത്ര ധൃതി? അതിനൊക്കെ ഇനിയും എത്രയോ സമയമുണ്ട്. തൽക്കാലം ഇവനെ അതീവസുരക്ഷാജയിലിലേക്കു മാറ്റണം. എന്തായാലും ജാമ്യം കിട്ടില്ല, രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് ഡി.ൻ.ഏ റ്റെസ്റ്റു ചെയ്യാം. പത്തുപതിനഞ്ചു വർഷം കിടക്കട്ടഡോ അകത്ത്. രാജ്യത്തിന് അത്രയും അപകടമൊഴിഞ്ഞില്ലേ.
(കുട്ടി ഉറക്കെക്കരയുന്നു, നീണ്ടുനിൽക്കുന്ന ഒരു കരച്ചിൽ)
ഒന്നാമൻ: നാശം. ഞാനൊന്നു പുറത്തുപോയിട്ടു വരാം. അവൾക്കു ബിരിയാണി പാഴ്സൽ മേടിക്കണം.

(ഇപ്പോൾ സ്റ്റേഷനിൽ കുട്ടിയും ഒന്നാം പോലീസുകാരനും മാത്രം).
കുട്ടി: അങ്കിൾ, എന്റെ കൈ വേദനിക്കുന്നു.
രണ്ടാമൻ: സാരമില്ല, കുറച്ചുനേരം കഴിയട്ടെ, മറ്റേ അങ്കിൾ വന്ന് അഴിച്ചുവിടും. മോൻ ഉറങ്ങിക്കോ
കുട്ടി: അങ്കിൾ, കെട്ടഴിക്കാതെ ഞാൻ എങ്ങനെ ഉറങ്ങും?
രണ്ടാമൻ: കെട്ടഴിച്ചുകൂടാ. നിന്ന് ഉറങ്ങിയാൽ മതി. അങ്കിൾ പുറത്ത് തലോടിത്തരട്ടെ?
കുട്ടി: വേണ്ട,
രണ്ടാമൻ: ഒരു കഥ പറഞ്ഞുതരട്ടെ?
കുട്ടി: ഉം ഉം..

(ഇനിമുതൽ ഒരു ഉപകഥയാണ്. ആട്ടിങ്കുട്ടിയുടെയും ചെന്നായയുടെയും കഥ. ഈ കഥ അവതരിപ്പിക്കാൻ രണ്ടു മാർഗ്ഗങ്ങളുണ്ട്. ഒന്ന്‌: പോലീസുകാരൻ കഥ കുട്ടിക്കു പറഞ്ഞുകൊടുക്കുക. രണ്ട്: ഉപകഥ അഭിനയിക്കുക. ഇതിന് രണ്ട് നടന്മാരാണു വേണ്ടത്. തെരുവുനാടകമാക്കുകയാണെങ്കിൽ ഇതേ പോലീസുകാരനും മുറ്റത്ത് നിൽക്കുന്ന പാറാവുകാരനും ഒരു ചെന്നായയുടെയും ആടിന്റെയും മുഖം‌മൂടികൾ അണിഞ്ഞാൽ മതിയാവും. അഭിനയിക്കുന്നതാണ് കൂടുതൽ ഇഫക്ടീവ് എങ്കിലും ഇത് അവതരിപ്പിക്കുന്നവരുടെ സ്വാതന്ത്ര്യത്തിനു വിടുന്നു).

രണ്ടാമൻ: ഒരിടത്തൊരിടത്ത് ഒരു ആട്ടിങ്കുട്ടിയുണ്ടായിരുന്നു
ഉം, ഉം.
ആ ആട്ടിങ്കുട്ടി ഒരു ദിവസം കുളത്തിൽ വെള്ളം കുടിക്കാൻ പോയി.
ഉം..
അപ്പോൾ അതിലേ വിശന്നുവലഞ്ഞ ഒരു ചെന്നായ വന്നു. ആട്ടിങ്കുട്ടിയെക്കണ്ട് ചെന്നായ ചോദിച്ചു, ആരാഡാ എന്റെ കുളത്തിലെ വെള്ളം കലക്കിയത്?
കുട്ടി: അയ്യോ
ആട്ടിങ്കുട്ടി പറഞ്ഞു, ഞാനല്ല, ഞാൻ ഇത്ര ദൂരെനിന്ന് ഇത്തിരി വെള്ളം കുടിച്ചതേയുള്ളൂ.
കള്ളം പറയുന്നോ? കഴിഞ്ഞ വർഷം, ആഗസ്റ്റ് 20-ആം തിയ്യതി, 12 മണിക്ക്, നീ എന്നെപ്പറ്റി പൊളി പറഞ്ഞില്ലേ?
ആട്ടിങ്കുട്ടി പറഞ്ഞു, അയ്യോ ഇല്ല, അപ്പോ ഞാൻ ജനിച്ചിട്ടുപോലുമില്ല.
ചെന്നായ പറഞ്ഞു: ആ‍ഹാ, എന്നാ നിന്റെ ചേട്ടനായിരിക്കും
ആട്ടിങ്കുട്ടി പറഞ്ഞു: അയ്യോ അല്ല, എനിക്കു ചേട്ടനില്ല.
അപ്പോൾ ചെന്നായ പറഞ്ഞു: എന്നാ നിന്റെ വാപ്പയായിരിക്കും
ആട്ടിങ്കുട്ടി പറഞ്ഞു: എനിക്കു വാപ്പയില്ല, ഉമ്മയില്ല, ആരുമില്ല.
അപ്പോൾ ചെന്നായ പറഞ്ഞു: എന്നാ നിനക്കറിയാവുന്ന ആരെങ്കിലുമായിരിക്കും. അല്ലെങ്കിൽ അവർക്കറിയാവുന്ന ആരെങ്കിലുമായിരിക്കും. ആരായാലും മതി, ആരായാലും മതി
പയ്യൻ: അയ്യോ
അങ്ങനെ ചെന്നായ ആട്ടിങ്കുട്ടിയെ പിടിച്ചുതിന്നു. ആട്ടിറച്ചിയുടെ രുചി മോന് അറിയാമോ?
ഉം ഉം..
മോൻ തന്നെ പറ. ആടുകൾ കുളം കലക്കിയിട്ടില്ലെന്ന് എങ്ങനെ പറയാൻ പറ്റും?
ഉം ഉം..

കതകുതുറന്ന് ഒന്നാം പോലീസ് കടന്നുവരുന്നു. ഇരുവരെയും നോക്കി ചിരിക്കുന്നു. കഥ തെറ്റിപ്പോയല്ലോ. ഞാൻ പറഞ്ഞുതരാം കഥ.
രണ്ടാമൻ: എങ്ങനെ?
ഒന്നാമൻ: ഒരിടത്തൊരിടത്ത് ഒരു ആട്ടിങ്കുട്ടിയുണ്ടായിരുന്നു
(വീണ്ടും: ഈ ഉപകഥയും രണ്ട് നടന്മാരോ, പോലീസുകാർ തന്നെ ചെന്നായയുടെയും ആട്ടിങ്കുട്ടിയുടെയും മുഖംമൂടിവെച്ച് അഭിനയിക്കുന്നതോ ആവും മിഴിവേകുന്നത്).
കുട്ടി: ഉം..
അപ്പോൾ അതിലേ വിശന്നുവലഞ്ഞ ഒരു ചെന്നായ വന്നു. ആട്ടിങ്കുട്ടിയെക്കണ്ട് ചെന്നായ ചോദിച്ചു, ആരാഡാ എന്റെ കുളത്തിലെ വെള്ളം കലക്കിയത്?
കുട്ടി: അയ്യോ
ആട്ടിങ്കുട്ടി പറഞ്ഞു, ഞാനല്ല. (ഇത് പറയുമ്പോൾ ആട്ടിങ്കുട്ടിയുടെ സ്വരം കടുത്തിട്ടാണ്).
കള്ളം പറയുന്നോ? കഴിഞ്ഞ വർഷം, ആഗസ്റ്റ് 20-ആം തിയ്യതി, 12 മണിക്ക്, നീ എന്നെപ്പറ്റി പൊളി പറഞ്ഞില്ലേ?
ആട്ടിങ്കുട്ടി: ഇല്ല, ഞാനപ്പോൾ ജനിച്ചിട്ടില്ല.
ചെന്നായ: ആ‍ഹാ, എന്നാ നിന്റെ ചേട്ടനായിരിക്കും
ആട്ടിങ്കുട്ടി: എന്റെ ചേട്ടൻ മരിച്ചുപോയി.
ചെന്നായ: എന്നാ നിന്റെ വാപ്പയായിരിക്കും
ആട്ടിങ്കുട്ടി: എന്റെ വാപ്പ മരിച്ചുപോയി, ഉമ്മ മരിച്ചുപോയി. ഇത്രയും പറഞ്ഞ് കൈകൾ അരയിൽ എടുത്തുകുത്തിക്കൊണ്ട് ആട്ടിങ്കുട്ടി ചെന്നായയുടെ കണ്ണുകളിലേക്ക് തുറിച്ചുനോക്കി.
അപ്പോൾ ചെന്നായ പറഞ്ഞു: എന്നാ നിനക്കറിയാവുന്ന ആരെങ്കിലുമായിരിക്കും. ഓർത്തുനോക്കൂ. നിന്റെ വാപ്പയും ഉമ്മയും ചേട്ടനും എങ്ങനെയാണ് മരിച്ചത്?
“അവരെ ഒരു ചെന്നായ കടിച്ചുകൊന്നു“ എന്നു പറഞ്ഞതും ആട്ടിങ്കുട്ടി പൊട്ടിത്തെറിച്ചു. ചെന്നായയും കുളവും ആട്ടിങ്കുട്ടിയും വലിയശബ്ദത്തോടെ ചിതറിപ്പോയി.

കുറിപ്പ്: നാടകത്തിൽ, എത്ര ചിലവേറിയ അവതരണമാണെങ്കിലും, പൊട്ടിത്തെറി കാണിക്കുന്നതിനു പരിമിതികളുണ്ട്. പുകയും മറ്റും കാണിക്കാം. ഒരു പടക്കവും പൊട്ടിക്കാം. തെരുവുനാടകത്തിൽ, ആട്ടിങ്കുട്ടിയായി അഭിനയിക്കുന്നയാൾ ചെന്നായയായി അഭിനയിക്കുന്നയാളുടെ മേൽ ചാടിവീഴണം, രണ്ടുപേരും നിലത്തുവീണ് മരിച്ചതുപോലെ കിടക്കണം, പടക്കവും പൊട്ടിക്കണം. എന്നാൽ ഇതിൽ പ്രധാന പ്രശ്നം, നാടകത്തിനുവേണ്ടി പടക്കം കരുതുമ്പോൾ, നമ്മുടെ പോലീസ്, അത് ഒരു ബോംബ് ആണെന്നു വരുത്തിത്തീർക്കാനും നാടകം അവതരിപ്പിക്കുന്ന നിങ്ങളെ ഒരു തീവ്രവാദിയാക്കി ചിത്രീകരിക്കാനും സാദ്ധ്യതയുണ്ട് എന്നതാണ്. നാടകം അഭിനയിക്കാൻ ഇറങ്ങുന്നവർ ജയിലിലാവുന്നത് കഥാകൃത്തായ എനിക്കും വിഷമമാണ് - പടക്കം പൊട്ടിക്കുന്നതിനു പകരം രംഗത്തുള്ളവർ എല്ലാവരും ഒരേ സമയം ‘ട്ടൊ’ എന്നു പറഞ്ഞാൽ മതിയാവും.

ഒന്നാമൻ: മോന് കഥ മനസിലായോ?
(കുട്ടി പകച്ചുനോക്കുന്നു, ചുമരിലെ ക്ലോക്കിൽ മണിയടിക്കുന്നു).

രണ്ടാമൻ: പാവം, അവനെ എത്ര നേരമാണ് കെട്ടിയിട്ടിരിക്കുന്നത്, അഴിച്ചുവിടൂ
ഒന്നാമൻ: ഈ ഭീകരനെയോ? ഹ. മണ്ടത്തരം പറയാതെ.
രണ്ടാമൻ: ഞാൻ അഴിച്ചുവിടാൻ പോവുകയാണ്, എനിക്കും ഒരു മോനുണ്ട്
ഒന്നാമൻ: രാജ്യസുരക്ഷയ്ക്കെതിരായാണു നിങ്ങൾ പ്രവർത്തിക്കുന്നത്, അഴിക്കരുത്.
രണ്ടാമൻ: ഇല്ല, അഴിക്കും.
(കെട്ടഴിക്കാൻ പോവുന്ന രണ്ടാമനും ഒന്നാമനുമായി പിടിവലി നടക്കുന്നു, (പിടിവലി നടക്കുന്നത് ഒരു നൃത്തത്തിന്റെ ശൈലിയിലാണെങ്കിൽ നല്ലതായിരിക്കും, കഥകളിയിലെ ഭീമ-കീചകയുദ്ധം പോലെ), അലറുന്നു (കഥകളിയിലെ വായ്ത്താരിമോഡൽ), ചെണ്ട മുഴങ്ങുന്നു. ഇതിനിടെ ഒന്നാമന്റെ കൈ പയ്യന്റെ മുഖത്തു തട്ടുന്നു, അവൻ ഊക്കോടെ കയ്യിൽ കടിക്കുന്നു)

പോലീസുകാരൻ കൈ കുടയുന്നു. ഹൌ.. ഞാൻ പറഞ്ഞില്ലേ, ഇവൻ ഭീകരനാണെന്ന് - വധശ്രമം. നിങ്ങളാണ് ഇതിനുത്തരവാദി.
രണ്ടാമൻ തല കുനിക്കുന്നു.
ഒന്നാമൻ: ഇനി എന്താണു വേണ്ടതെന്നറിയാമോ?
രണ്ടാമൻ:(തലയുയർത്താതെതന്നെ) അറിയാം.
ഒന്നാമൻ: അറിയാമെങ്കിൽ പറയൂ, ഭീകരനെ തുറന്നുവിടാൻ പോയ മിടുക്കനല്ലേ. നിങ്ങളുടെ വായിൽ നിന്നും തന്നെ കേൾക്കട്ടെ
രണ്ടാമൻ: പോലീസിനെ ആക്രമിച്ചു മുറിവേൽ‌പ്പിച്ച ഭീകരൻ പോലീസുകാരുടെ വെടിയേറ്റു മരിച്ചു; എൻ‌കൌണ്ടർ കില്ലിങ്ങ്.
ഒന്നാമൻ: മിടുക്കൻ. ഭീകരനെ വെടിവെപ്പിൽ ആരു കൊല്ലും? നീയോ ഞാനോ?
(ഇപ്പോൾ കുട്ടിയുടെ കരച്ചിൽ ഉച്ചത്തിലാവുന്നു. എനിക്കു വീട്ടിൽ പോണം എന്ന് അവൻ നീട്ടിവിളിക്കുന്നു).
രണ്ടാമൻ: ഞാൻ, ഞാൻ.
ഒന്നാമൻ: മെഡലുകൾ വേണം അല്ലേ. വീരശൃംഘല.
രണ്ടാമൻ വെളുത്ത ഒരു ചിരി ചിരിക്കുന്നു.
ഒന്നാമൻ: ഒരു പ്രൊമോഷനും കൂടെ ആയാലോ? വാർത്താചാനലുകൾക്കൊക്കെ അഭിമുഖം കൊടുക്കണ്ടേ? നീ ഏതെങ്കിലും ബ്യൂട്ടിപാർലറിൽ കേറി സുന്ദരനാവണം. അതൊക്കെപ്പോട്ടെ. ഇവൻ ഭീകരനാണെന്നതിന് തെളിവുകളെവിടെ?
രണ്ടാമൻ: തെളിവുകൾ വരും.
ഒന്നാമൻ: നമ്മൾ വരുത്തും, പിന്നല്ലാതെ. (ഒരു വെടലച്ചിരി ചിരിക്കുന്നു)
രണ്ടാമൻ, ആശങ്കയോടെ: പത്രങ്ങൾ പരാതി പറയില്ലേ, ഭീകരൻ ജുവനൈൽ ആണെന്ന്.
ഒന്നാമൻ (ചിരിച്ചുകൊണ്ട്): പത്രങ്ങളോ, കൊടുംഭീകരനെ ന്യായീകരിക്കാനോ? കൊള്ളാം.

(നാടകത്തിൽ ഇവിടെ ബ്രേക്ക് എടുക്കാം. തിരശ്ശീലയിടാം. തെരുവുനാടകക്കാർക്ക് വെള്ളമോ മറ്റോ കുടിക്കാനും ഈ ബ്രേക്ക് ഉപയോഗപ്പെടും).

രംഗം രണ്ട്: ഇതേ പോലീസ് സ്റ്റേഷന്റെ അകം. ചുമരിൽ ഗാന്ധി, നെഹ്രു, അച്യുതാനന്ദൻ തുടങ്ങിയവരുടെ ചിത്രം. കുട്ടിയുടെ കെട്ടഴിച്ചിരിക്കുന്നു. അവന്റെ തലയിൽക്കൂടി ഒരു ചാക്കിട്ടു മൂടിയിട്ടുണ്ട്. ചാക്ക് വളരെ വലുതാണ്, അവന് ഒട്ടും പാകമാവുന്നില്ല. അവൻ തലകുടയുമ്പോൾ അത് ഊരിപ്പോവുന്നു. കണ്ടാൽത്തന്നെ വിലകുറഞ്ഞ കളിത്തോക്കാണെന്നു തോന്നിക്കുന്ന ഒരു തോക്ക് അവന്റെ കയ്യിൽ പിടിപ്പിച്ചിട്ടുണ്ട്.

ഒന്നാമൻ: പുറത്തേക്കിറങ്ങി ഓടെടാ.
കുട്ടി: എനിക്കു ചാവണ്ടാ
ഒന്നാമൻ: മോൻ വീടുവരെ ഓടുന്നോ? അച്ചനേം അമ്മയേം കാണണ്ടേ?
കുട്ടി: വേണ്ടാ, എന്നെക്കൊല്ലല്ലേ.
രണ്ടാമൻ: മോനേ, അങ്കിൾ വൺ, ടൂ, ത്രീ എന്നു പറയുമ്പൊ മോൻ ഓടണം. ഓടിപ്പോയി ഒളിച്ചിരിക്കണം. നമുക്കു സാറ്റ് കളിക്കണ്ടേ?
കുട്ടി: വേണ്ടാ, എനിക്കു വീട്ടിൽ പോയാ മതി.
ഒന്നാമൻ: ഒന്ന്, രണ്ട്, ഓടിക്കോ.ഛി, ഓടെടാ. (അയാൾ തോക്കുചൂണ്ടുന്നു).

(ചെണ്ട പതുക്കെ കൊട്ടിത്തുടങ്ങുന്നു. കുട്ടി വേദിക്കു ചുറ്റും ഓടുന്നു, ഓരോ ഇടത്തായി ഒളിച്ചിരിക്കാൻ നോക്കുന്നു, കൈകൊണ്ടു മുഖം മറയ്ക്കുന്നു, കുന്തിച്ചിരിക്കുന്നു. പോലീസുകാരൻ, നീളമുള്ള തോക്കിനു മുകളിൽ പിടിപ്പിച്ചിരിക്കുന്ന ലെൻസിലൂടെ നോക്കിക്കൊണ്ട്, കണ്ടേ, കണ്ടേ എന്നു വിളിക്കുന്നു, കുട്ടി വീണ്ടും ഓടുന്നു, കുന്തിച്ചിരിക്കുന്നു, ചെണ്ടയുടെ പെരുക്കൽ കൂടിവരുന്നു, പോലീസുകാരൻ അടുത്തെത്തി തോക്കുചൂണ്ടുന്നു, കുട്ടി ചൂളുന്നു, കൈകൾ കൊണ്ട് തല മൂടുന്നു. തോക്കിൻ കുഴൽ അവന്റെ നെറ്റിയിൽ തട്ടുന്നു, ചെണ്ട ഉച്ചത്തിലാവുന്നു)

രണ്ടാമൻ തോക്കിന്റെ കുഴൽ പിടിച്ചുമാറ്റിക്കൊണ്ട്: നിൽക്കു, ഇവന്റെ വിവരങ്ങൾ കുറിച്ചെടുക്കണം. നാളെ പത്രത്തിൽ കൊടുക്കാനുള്ളതാണ്. മോനേ, മോനെത്ര വയസ്സായി?
കുട്ടി: എന്നെ കൊല്ലല്ലേ
രണ്ടാമൻ: ഛി, എത്ര വയസ്സായെഡാ?
കുട്ടി: എട്ട്
രണ്ടാമൻ: മിടുക്കൻ, ഇരുപത്തെട്ടെന്നെഴുതിക്കോ. മോന്റെ പേരെന്താ?
കുട്ടി: എനിക്കു ചാവണ്ടാ
ഒന്നാമൻ: ഛി, റാസ്കൽ, നിന്റെ പേരെന്താന്ന്‌
കുട്ടി: ബാൽ താക്കറെ
ഒന്നാമനും രണ്ടാമനും ഒന്നിച്ച്, ആശ്ചര്യത്തോടെ: എന്ത്?
കുട്ടി: ബാലാസാഹിബ് താക്കറെ.
പോലീസുകാർ ഇരുവരും അവന്റെ കാൽക്കൽ വീഴുന്നു. സാർ, വീട്ടിലേക്ക് ഞങ്ങൾ കൊണ്ടാക്കാം. ഞങ്ങളെ വെറുതേ വിടണം, ഞങ്ങളോടു ക്ഷമിക്കണം.
കുട്ടി, അമ്പരപ്പോടെ: എനിക്കു വീട്ടീപ്പോണം..
പോലീസുകാർ: കേസൊന്നുമില്ല, സാർ, ടാക്സി വിളിക്കട്ടേ? ദൈവത്തെയോർത്ത് സാറിതാരോടും പറയരുത്. എടോ കുട്ടൻപിള്ളേ, സാറിനു ചായയോ ജ്യൂസോ എന്താന്നുവെച്ചാൽ വാങ്ങിച്ചോണ്ടുവാ. സാറിനെ ഞങ്ങൾ വീട്ടിൽക്കൊണ്ടാക്കാം.
കുട്ടി: എന്റെ ഡാഡിയും മമ്മിയും വരും.. അവരു വന്ന് എന്നെ കൊണ്ടുപൊയ്ക്കോളും. ഡാഡി നിങ്ങൾക്ക് നല്ല അടി തരും.
പോലീസുകാർ വീണ്ടും കാൽക്കൽ വീഴുന്നു, “ഞങ്ങളെ ഡാഡിയെക്കൊണ്ടു തല്ലിക്കല്ലേ”. പോലീസുകാർ കരയുന്നു, മാപ്പുപറയുന്നു. രണ്ടുപേരും ചേർന്ന് അവനെ തോളിലിരുത്തി ഹൊയ് ഹൊയ് എന്നുവിളിച്ച് രംഗത്തുനിന്നും മറയുന്നു.

--ശുഭം--

Google