സിമിയുടെ ബ്ലോഗ്

1/17/2008

ടാക്സി യാത്ര

കഴിവതും ഞാന്‍ ടാക്സി ഉപയോഗിക്കാറില്ല. ഒരു ദിവസം ഞങ്ങള്‍ ടാക്സിയില്‍ വന്ന് ഓഫീസിനു മുന്‍പില്‍ ഇറങ്ങിയപ്പോള്‍ മുന്‍പിലെ സീറ്റിലിരുന്ന സഹപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ ടാക്സിയ്ക്കകത്തായിപ്പോയി. പുറത്തിറങ്ങിയ ഉടനെ ഫോണ്‍ ടാക്സിയ്ക്ക് അകത്ത് നഷ്ടപ്പെട്ടകാര്യം മനസ്സിലായി. പക്ഷേ അപ്പൊഴേയ്ക്കും ടാക്സി ധൃതിപിടിച്ച് വിട്ടുപോവുകയും ചെയ്തു. ഞങ്ങള്‍ ഉടനെ തന്നെ എന്റെ ഫോണില്‍ നിന്നും നഷ്ടപ്പെട്ട ഫോണിലേയ്ക്കു വിളിച്ചു. ഫോണ്‍ റിങ്ങ് ചെയ്യുന്നു. ടാക്സിക്കാരന്‍ ഫോണ്‍ എടുക്കുന്നില്ല. ഒരു മിനിട്ട് കഴിഞ്ഞപ്പൊഴേയ്ക്കും ആ മൊബൈല്‍ ഓഫ് ആയി!. ഫോണ്‍ പോയ ബഹളത്തിനിടെ ഞങ്ങള്‍ ടാക്സിയുടെ നമ്പര്‍ ശ്രദ്ധിയ്ക്കാനും വിട്ടുപോയി. ഈ സംഭവം നടന്നിട്ട് ഇപ്പോള്‍ ഒന്നരവര്‍ഷത്തോളമാവുന്നു. എന്റെ കാറിനു എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ കൂട്ടുകാരാരെങ്കിലും എന്നെ ഓഫീസില്‍ക്കൊണ്ടാക്കും, തിരിച്ച് വീട്ടിലും കൊണ്ടാക്കും. അല്ലെങ്കില്‍ ബസ്സുപിടിച്ചുപൊവും. നിവൃത്തിയുണ്ടെങ്കില്‍ ഞാന്‍ ടാക്സി ഉപയോഗിക്കില്ല.

എന്റെ കാര്‍ പത്തുവര്‍ഷം പഴയ കാറാണ്. 97 മോഡല്‍. നിനച്ചിരിക്കാതെ ഇവിടെ മഴപെയ്തപ്പോള്‍ കാറും വെള്ളത്തിലായി. കൂട്ടുകാരന്‍ വന്ന് എന്നെ ഓഫീസിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി. ഓഫീസില്‍ ചെന്നപ്പൊഴാണറിയുന്നത്, മുപ്പതുകിലോമീറ്റര്‍ അകലെയുള്ള കസ്റ്റമറിന്റെ അടുത്തെത്തണമെന്ന്. ഒരു ബിസിനസ് മീറ്റിങ്ങ്. എങ്ങനെ പോവാന്‍. ടാക്സിയില്‍ പോയാല്‍ ബില്‍ കമ്പനിയില്‍ കൊടുത്താല്‍ മതി, കമ്പനി ടാക്സിക്കൂലിതരും. ദൂരെയുള്ള കസ്റ്റമേഴ്സിനെ കാണുന്നതിനു ദിനബത്തയും തരും. ഇവിടെ സാമാന്യം പേരുള്ള കമ്പനിയാണ്. എന്തായാലും ഓഫീസിന്റെ മുന്‍പില്‍ നിന്നും ടാക്സിപിടിച്ചു. പോവേണ്ട സ്ഥലത്തിന്റെ പേരുപറഞ്ഞു.

ടാക്സി ഡ്രൈവറുടെ മുഖത്തിനു എന്തോ പന്തികേടുണ്ട്. ഒരുതരം തുറിച്ച നോട്ടം. ടാക്സി മഴവെള്ളത്തിലൂടെ പതിയെ നീങ്ങിത്തുടങ്ങി. ഒരു മണിക്കൂറിനകം കസ്റ്റമറിന്റെ അടുത്ത് എത്തേണ്ടതാണ്. ഇക്കണക്കിന് എപ്പൊ എത്തുമോ ആവോ.

‘സാറിവിടെയാണോ ജോലിചെയ്യുന്നത്?’ ഞാന്‍ ‘ആം‘ എന്ന് അമര്‍ത്തിമൂളി. ഇനിയിപ്പൊ അയാള്‍ സംസാരിച്ചുതുടങ്ങും. ടാക്സി ഡ്രൈവര്‍മാരെല്ലാം അങ്ങനെയാണ്. ഒരുപാടു സംസാരിക്കും.

വണ്ടി ഇടത്തോട്ടു വളഞ്ഞ് ഓഫീസിനടുത്തുള്ള ഇടവഴിയിലേയ്ക്കു കയറിയപ്പൊഴേയ്ക്കും എന്റെ ഊഹം തെറ്റിയില്ല. ‘എത്രനാളായി ഈ രാജ്യത്തു വന്നിട്ട്‘ എന്നും ‘ഫാമിലി ഇവിടെയുണ്ടോ‘ എന്നും ഒക്കെ അയാള്‍ ചോദിച്ചു കഴിഞ്ഞിരുന്നു. ഇവര്‍ക്കെന്തിനാ ഇതൊക്കെ അറിയേണ്ടത്? മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടിച്ചുകേറുന്നത് ഇവരുടെ ശീലമായിരിക്കും. ടാക്സി ഇഴഞ്ഞുനീങ്ങുമ്പൊഴേയ്ക്കും ഇടതുവശത്തായി ജയില്‍ വളപ്പിന്റെ വലിയ മതിലുകള്‍ ഉയര്‍ന്നുവന്നു. സ്നോസെം പൂശിയ മതിലുകള്‍. മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. ഞാന്‍ വിഷയം മാറ്റി. ‘ഇപ്പൊ ജയിലിന്റെ വളപ്പിലെല്ലാം വെള്ളം കേറിക്കാണും‘.

‘ജയില്‍ വളപ്പ് റോഡിനെക്കാളും ഉയരത്തിലാവും. അവിടെ അത്ര പെട്ടെന്നു വെള്ളം കയറില്ല’.

ദൈവമേ, ഇയാള്‍ക്ക് ജയിലിന്റെ രൂപരേഖ വരെ അറിയാമെന്നു തോന്നുന്നു. ഇയാള്‍ തീര്‍ച്ചയായും ജയിലില്‍ കിടന്നുകാണണം. ഞാനാണെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും ഒരു ജയിലിന്റെയും അകത്തുകയറിയിട്ടില്ല. ഇവിടെ ചെറിയ കുറ്റത്തിനൊക്കെ പിഴയടിച്ചു വിടാറേയുള്ളൂ. എന്തെങ്കിലും മാരകമായ കുറ്റം ചെയ്തതിനാവും ഇയാള്‍ ജയിലില്‍ക്കിടന്നത്. ആരെയെങ്കിലും കൊന്നതാവുമോ? വഴക്കിലും ദേഷ്യത്തിലുമൊക്കെ ഈ നാട്ടില്‍ മലയാളികള്‍ പരസ്പരം കുത്തിക്കൊല്ലാറുണ്ട്. അയാളുടെ ചിരി അത്ര ശരിയല്ല. എന്തോ മറയ്ക്കാനുള്ളതുപോലെ ഒരു ചിരി. പക്ഷേ ആരെയെങ്കിലും കൊന്നെങ്കില്‍ ഇയാള്‍ പത്തുവര്‍ഷം ജയിലില്‍ കിടക്കും. അതുകഴിഞ്ഞ് ഈ രാജ്യത്തുനിന്നും തിരിച്ചു കയറ്റി അയയ്ക്കും. പാസ്പോര്‍ട്ടില്‍ ബാന്‍ അടിക്കും. പിന്നെ ഇവിടെ വരാന്‍ പറ്റില്ല. കൊലപാതകമാവില്ല. എന്തെങ്കിലും കത്തിക്കുത്ത്? പിടിച്ചുപറി? അല്ലെങ്കില്‍ ടാക്സിയില്‍ തന്നെ എന്തെങ്കിലും മോഷണം? യാത്രക്കാരനുമായി സംസാരിച്ച് യാത്രക്കാരന്റെ വിശ്വാസം കയ്യിലെടുത്ത് അശ്രദ്ധനായിരിക്കുമ്പോള്‍ എന്തെങ്കിലും മോഷ്ടിച്ചുകാണണം. കുറച്ചുനാള്‍ ജയിലിലിട്ട് പിന്നെ പുറത്തിറക്കിവിട്ടുകാണണം. ഞാന്‍ വണ്ടിയുടെ ഗിയര്‍ബോക്സിനുമേലിരിക്കുന്ന അയാളുടെ കൈപ്പത്തിയിലേയ്ക്കു നോക്കി. കറുത്തുമെലിഞ്ഞ കൈപ്പത്തി. കൈപ്പത്തിയുടെ മീതേ ചുരുണ്ട രോമങ്ങള്‍. ആ കൈപ്പത്തി എന്റെ പോക്കറ്റിനുനേരെ ഇഴഞ്ഞുവരുമോ ആവോ. അറിയാതെ ഞാന്‍ എന്റെ പേഴ്സും മൊബൈലും തപ്പിപ്പോയി. പാന്റിന്റെ പോക്കറ്റില്‍ തന്നെയുണ്ട്. അയാളുടെ കൈനീട്ടിയാല്‍ എന്റെ പാന്റിന്റെ പോക്കറ്റില്‍ തൊടാവുന്ന ദൂരം. ഇനിയിപ്പൊ പേഴ്സും മൊബൈലും എടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റിലേയ്ക്ക് ആക്കിയാല്‍ അയാള്‍ തെറ്റിദ്ധരിക്കും. എന്തായാലും ശ്രദ്ധിച്ചിരിക്കണം.

മഴയത്ത് ഇഴഞ്ഞിഴഞ്ഞ് വണ്ടി പകുതിദൂരം എത്തി. വഴിയില്‍ ഒരു ചായക്കടയ്ക്കുമുന്‍പില്‍ അയാള്‍ ടാക്സി നിറുത്തി. മലയാളികളുടെ ചായക്കട. പരിചയക്കാരാവണം. ഇപ്പൊ വരാം എന്നുപറഞ്ഞ് അകത്തേയ്ക്കു പോയി. ഒരു ചായയും കൊണ്ട് എന്റെയടുത്തുവന്നു. ‘സാറിനു വേണോ?’. ഞാന്‍ വേണ്ട എന്നുപറഞ്ഞു. അയാള്‍ വീണ്ടും ടാക്സിയില്‍ കയറി. ഒരു പൊതി തോടുള്ള കപ്പലണ്ടി തുറന്നു. വീണ്ടും ‘സാറിനു വേണോ?’. ഞാന്‍ ഒന്നും മിണ്ടാതെ പൊതി വാങ്ങി ഒരു പിടി കപ്പലണ്ടിയെടുത്തു. ഞാനും അയാളും തിന്നുതുടങ്ങി. വഴിവക്കില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നു. ഞാന്‍ കാറിന്റെ ജനാലയുടെ ചില്ലതാഴ്ത്തി കപ്പലണ്ടിത്തൊലി പുറത്തുകളഞ്ഞു. കപ്പലണ്ടിത്തോടുകള്‍ ചെളിവെള്ളത്തില്‍ പൊങ്ങിക്കിടന്നു. അയാള്‍ ഒന്നു നോക്കുകപോലും ചെയ്യാതെ കപ്പലണ്ടിത്തൊലി ഒരു കഷണം പത്രക്കടലാസിലിടുന്നു. ഒടുവില്‍ വണ്ടിയുടെ ഡാഷ് ബോര്‍ഡില്‍ ഒരു അറ തുറന്ന് അയാള്‍ കപ്പലണ്ടിത്തൊലിയുടെ പൊതി അതിനുള്ളില്‍ വെച്ചു. ആരെക്കാണിക്കാനാണാവോ.

ടാക്സി ഡ്രൈവര്‍മാര്‍ കള്ളന്മാരാണെങ്കിലും അവര്‍ക്കു പിടിച്ചുപറിക്കാന്‍ പറ്റില്ല. ഒന്നാമതേ ഇവിടെ എല്ലാ ടാക്സിയ്ക്കും നമ്പരുണ്ട്. പോലീസില്‍ വിളിച്ചുപറഞ്ഞാല്‍ മതി, പിന്നെ അവര്‍ നോക്കിക്കൊള്ളും. പിന്നെ ഈ സമയത്ത് വഴിയിലൊക്കെ നിറയെ വണ്ടികളും ഉണ്ട്. പാതിരാത്രിയായിരുന്നെങ്കില്‍ പറയാന്‍ പറ്റില്ല. എന്തായാലും കസ്റ്റമറിന്റെ ഓഫീസിനു മുന്‍പിലെത്തി.

മഴയത്തുകൂടി ഇഴഞ്ഞിഴഞ്ഞു വന്നതുകൊണ്ടാവണം, ടാക്സിയിലെ മീറ്ററില്‍ 75 ദിര്‍ഹം ആയി. ഞാന്‍ അയാളോട് ബില്‍ തരാന്‍ പറഞ്ഞു. ബില്ലില്‍ നൂറുദിര്‍ഹം എന്ന് എഴുതാന്‍ പറഞ്ഞപ്പോള്‍ അയാളുടെ മുഖത്തൊരു ഭാവമാറ്റം. ഇത്രയും നേരം ടാക്സിയിലിരുന്ന് മുഷിഞ്ഞതിനു ഞാന്‍ കമ്പനിയില്‍ നിന്നും നൂറല്ല, നൂറ്റിയിരുപതു ദിര്‍ഹം വാങ്ങിക്കേണ്ടതാണ്. ബില്‍ തരാന്‍ നേരത്താണ് ഇവന്മാരുടെ ജാ‍ഡ കാണേണ്ടത്. എന്തായാലും അയാള്‍ ഒന്നും മറുത്തുപറയാതെ നൂറു ദിര്‍ഹം എന്നെഴുതിത്തന്നു. ഞാന്‍ എഴുപത്തിയഞ്ചു ദിര്‍ഹം എണ്ണിക്കൊടുത്ത് പുറത്തിറങ്ങി. പോക്കറ്റില്‍ ഒരു ഭാരക്കുറവ്! തപ്പിനോക്കി. ഇല്ല, ഒന്നും പോയിട്ടില്ല. പേഴ്സും മൊബൈലും പോക്കറ്റില്‍ തന്നെയുണ്ട്. ശ്രദ്ധിച്ചിരുന്നത് എന്റെ ഭാഗ്യം. ഒരവസരം കിട്ടിയെങ്കില്‍ അയാള്‍ മോഷ്ടിച്ചേനെ. നമ്മള്‍ സൂക്ഷിക്കണം. ഇനി തിരിച്ചുപോവുമ്പൊഴും ടാക്സിയെടുത്തുപോവണം എന്നതുമാത്രമേയുള്ളൂ എന്റെ വിഷമം.

23 comments:

ദിലീപ് വിശ്വനാഥ് said...

കൊള്ളാം സിമി. നല്ല കഥ.

ബാജി ഓടംവേലി said...

സാറെ ,
ഈ സംശയ രോഗത്തിന് ഇംഗ്ലീഷില്‍ എന്താ പറയുക.....
ടാക്‌സിക്കാരോടായിക്കോ.....
പക്ഷേ...
ഈ അസുഖം മാറിയിട്ടേ കല്ല്യാണത്തെ പറ്റി ആലോചിക്കാവൂ...
അല്ലേല്‍ വലിയ കുഴപ്പമാ...
സസ്‌നേഹം...

പപ്പൂസ് said...

ഹ ഹ! സംശയിച്ചയാളെ ഒരു വഴിക്കാക്കി ല്ലേ?

"ടാക്സി ഡ്രൈവര്‍മാര്‍ കള്ളന്മാരാണെങ്കിലും" -ജെനറലൈസേഷന്‍ വേണോ? ;)

പാവം ടാക്സിക്കാരന്‍! ഇയാളെങ്ങാനും വല്ല കത്തീം കാട്ടി ടാക്സി തന്നെ അടിച്ചോണ്ടു പോയാലോ എന്നോര്‍ത്തായിരിക്കും നൂറിന്റെ ബില്ലെഴുതിത്തന്നത്! അയാളു സംശയിച്ചെത്ര വെള്ളം കുടിച്ചു കാണും...

സഹൃദയന്‍ said...

:-[

അപര്‍ണ്ണ said...

അതത്ര ഇഷ്ടായില്ല. :(
ഓരോരുത്തരും അവരവരുടെ ജോലി ചെയ്ത്‌ ജീവിക്കുന്നു എന്നല്ലാതെ എന്തിനു വെറുതെ അവരെ സംശയിക്കുന്നു? പിന്നെ എല്ലാവരിലും നല്ലതും ചീത്തയും ഉണ്ടാവുമല്ലോ. :)

വിന്‍സ് said...

താന്‍ ഒരു പേടി തോണ്ടന്‍ ആണെന്നും, സംശയ രോഗി ആണെന്നും, തന്നില്‍ താഴെ ഉള്ളവരെ പുഛം ആണെന്നും, ആ ടാക്സി ഡ്രൈവറുടെ സാമാന്യ മര്യാദയും വിവരവും യാത്രക്കാരനു ഇല്ല എന്നും മനസ്സിലായി.

സാര്‍ക്കാസ്റ്റിക്ക് ആയിട്ടുള്ള ഒരു പോസ്റ്റ് ആണു സിമി ഉദ്ദ്യേശിച്ചതെങ്കില്‍ അതു ശെരിക്കും ഏറ്റോ എന്നു ഒരു ഡൌബ്ട്ട് ഇല്ലാതില്ല. ഒരു സംശയ രോഗിയുടെ യാത്ര എന്നോ മറ്റോ എഴുതിയിരുന്നെങ്കില്‍ ഏറ്റേനെ എന്നു തോന്നുന്നു.

കപ്പലണ്ടിതൊലി കടലാസില്‍ പോതിഞ്ഞു വച്ചത് വണ്ടി നിര്‍ത്തുമ്പോള്‍ ഏതേലും ഗാര്‍ബേജ് ബിന്നില്‍ കളയാനായിരിക്കും...അല്ല ഇടക്ക് ഞാനും മുട്ടായി കടലാസും മറ്റും ചുരുട്ടി പോക്കറ്റില്‍ ഇടാറുണ്ട് വഴിയില്‍ ചുമ്മാ എറിയാന്‍ ഉള്ള ബുദ്ധിമുട്ടു കൊണ്ടു :)

അടുത്ത പ്രാവശ്യം ഹെലികോപ്റ്ററില്‍ പോവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Anonymous said...

testing the readership for the first time; this will do you immense good :)

മാണിക്യം said...

എല്ലാ ജോലിക്കും അതിന്റെതായ മേന്മയുണ്ട് എന്നു ഓര്‍മ്മിക്കുക, കഴിഞ്ഞദിവസം ഞാന്‍ വന്ന ടാക്സി ഓടിച്ചിരുന്നത് ഒരു മെഡിക്കല്‍ കോളജ് സ്റ്റുഡന്റ്, സ്വന്തമായി ജോലി ചെയ്ത് ഫീസിനുള്ള പണം അവന്‍ നേടുകയാണു. ഞാന്‍ ആ കുട്ടിയെ ബഹുമാനത്തൊടെയാണു കണ്ടത്.. ഒന്നിടവിട്ടാ സെമിസ്റ്ററില്‍ ആയിരുന്നു അവന്‍ പഠിക്കുന്നത്. തൊഴിലിന്റെ മാന്യത ശരിക്കും ഉള്‍ക്കൊള്ളുന്നു ഈ സമൂഹം .ജോലിയുടെ തസ്തിക നോക്കി ആരെയും വിലയിരുത്തരുത്. മനുഷ്യന്‍ സമൂഹജീവിയാണ്‍ ഒരൊരുത്തര്‍ക്കും മറ്റെയാളിന്റെ സഹായാമില്ലാതെ ജിവിക്കാനാവില്ലാ.....

ദിവാസ്വപ്നം said...

:-) സിമ്യേ

ഉത്തരങ്ങള്‍ രസമായി. ഇത്രയും വായനക്കാരുള്ള സിമിയ്ക്ക് ഇതാണ് സംഭവിക്കുന്നതെങ്കില്‍..

:-)

Pongummoodan said...

എനിക്കിഷ്ടായീ.... :)

ശ്രീ said...

പാവം! അയാള്‍ അങ്ങനൊന്നും ചിന്തിച്ചിട്ടു കൂടി ഉണ്ടാവില്ല. എന്നാലും സംശയം, അല്ലേ?

നിരക്ഷരൻ said...

എല്ലാ ടാക്സിക്കാ‍രും ഇതുപോലെ സംസാരപ്രിയരാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ചിലവന്മാര്‍ അണ്ണാക്കില്‍ കമ്പിട്ട് കുത്തിയാലും ഒന്നും പറയാറില്ല.
സിമിയെക്കണ്ടാല്‍ ഒരു സംസാരപ്രിയനാണെന്ന് ടാക്സിക്കാര്‍ക്കെല്ലാം തോന്നുന്നുണ്ടാകണം.
:)

ഗുപ്തന്‍ said...

ഒരു സംശയം ക്ഷമിക്കണേ. ഇവിടെ വരുന്നവര്‍ കഥ വായിക്കാന്‍ വരുന്നോ അതോ റ്റാക്സി ഡ്രൈവര്‍മാരെകുറിച്ചു പത്രറിപ്പോര്‍ട്ട് വായിക്കാന്‍ വരുന്നോ?


ഹൊസേ :)

Sanal Kumar Sasidharan said...

അപ്പോ കള്ളനാരാ മോന്‍!

മുസാഫിര്‍ said...

ഇതു സ്വയം പരിഹസിച്ചെഴുതിയതാണെന്ന് അധികം ആര്‍ക്കും മനസ്സിലായില്ലെന്നു തോന്നുന്നു.

Unknown said...

ഡ്രൈവറെക്കുറിച്ചെഴുതിയത് വായിക്കുമ്പോള്‍ കാണിച്ച ശ്രദ്ധയുടെ പകുതി സിമി ബില്ലെഴുതിക്കുന്ന ഭാഗം വായിക്കുമ്പോള്‍ കാണിച്ചിരുന്നെങ്കില്‍!

Unknown said...

ഈ വേസ്റ്റൊന്നും ഇങ്ങനെ പൊതിഞ്ഞു കെട്ടിവക്കാതെ, റോഡിലേക്കിടേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയൊക്കെ അയാളെ പറഞ്ഞുമനസ്സിലാക്കേണ്ടേ സിമീ?:-)
അങ്ങനെ ഒരുപാടു തെറ്റുകള്‍ കാണുന്നു കേട്ടോ..:D

Inji Pennu said...

പണ്ടിവിടെ ഒരാള്‍ ഇതുപോലെയൊന്ന് പരീക്ഷച്ചതിനു കിട്ടിയ അടി ചില്ലറയല്ല. സിമീടെ ഭാഗ്യം ബ്ലോഗ് അധികം ടാക്സി ഡ്രൈവര്‍മാര്‍ വായിക്കാത്തത്.
:)

മന്‍സുര്‍ said...

സിമി....

നല്ല കഥ....
ടാക്‌സിയില്‍ കയറില്ല എന്ന വാശി തീര്‍ന്നില്ലേ...ശരിയാണ്‌...
ഇവിടെ ജിദ്ദയിലും മോശമല്ല....ഇത്തരം സംഭവങ്ങള്‍ സ്ഥിരമാണ്‌..എന്തായാലും...ചൂട്‌ വെള്ളത്തില്‍ വീണ..മ്യാവൂ... ഗ്രീന്‍ വാട്ടര്‍ കണ്ടാലും ബ്രേക്ക്‌ ചവിട്ടുമെന്ന്‌ മനസ്സിലായി.............
ബാജിഭായ്‌ പറഞ്ഞ കാര്യം മറക്കണ്ടാ...കേട്ടോ.. :)

നന്‍മകള്‍ നേരുന്നു

സജീവ് കടവനാട് said...

ഇഞ്ചി ചൂണ്ടികാട്ടിയതില്‍ വാക്കുകളുടെ കളിയുണ്ടായിരുന്നു. എന്നാല്‍ ഇവിടെ അതല്ലല്ലോ സംഭവിച്ചത്. ഒന്ന് നേരാം വണ്ണം വായിക്കാന്‍ പോലും മെനക്കെടാതെ കമന്റ് ഒപ്ഷന്‍ തുറക്കുകയും സ്നേഹം പ്രകടിപ്പിക്കുകെയും ഒന്നിനുപിറകേ ഒന്നായി തുടരുകയും ചെയ്തതല്ലേ?

ഡാലി said...

wow! എന്താ കഥ! എന്താ കമന്റ്സ്! തൃശ്ശൂര്‍രൊക്കെ ഇപ്പോ കൂ‍ര്‍ക്കയ്ക്കെന്താ വെല? കലക്കീറാ സിമ്യേ

ഉഗാണ്ട രണ്ടാമന്‍ said...

സിമീടെ ഭാഗ്യം ബ്ലോഗ് അധികം ടാക്സി ഡ്രൈവര്‍മാര്‍ വായിക്കാത്തത്...

ചീര I Cheera said...

ഇപ്പോഴാണ് സിമീടെ കഥകളൊക്കെ വായിച്ചു തീര്‍ക്കുന്നത്.
ഈ കഥയുടെ അവസാനം ശരിയ്ക്കുമങ്ങ് ഇഷ്ടപ്പെട്ടു. 100 ദിര്‍ഹത്തിന്റെ ബില്‍ വാങ്ങിയത്. അതിനെ പറ്റി കുറേ കേട്ടിട്ടുണ്ട്.
ആദ്യത്തെ പാരയില്‍ തന്നെ എല്ലാമുണ്ട്!

Google