സിമിയുടെ ബ്ലോഗ്

10/20/2007

പരമേശ്വരന്റെ ജീവിതവും മരണവും

ഭാഗം 1
-------

പരമേശ്വരന്‍ തീവണ്ടിയില്‍ നിന്ന് ദില്ലി ഓള്‍ഡ് റെയില്‍‌വേ സ്റ്റേഷനില്‍ ഇറങ്ങി, പഹാര്‍ഗഞ്ചിലെ ദിവസം 240 രൂപാ വാടകയുള്ള ഹോട്ടലിലേക്ക് നടന്നുതുടങ്ങി. സൈക്കിള്‍ റിക്ഷാക്കാരും ഓട്ടോറിക്ഷാക്കാരും സാര്‍ സാര്‍ എന്നുവിളിച്ച് പരമേശ്വരനെ തടഞ്ഞുനിറുത്താന്‍ നോക്കി. വെറുതേ എന്തിനു 25 രൂപാ കളയുന്നു, നടന്നുപോകാവുന്ന ദൂരമേയുള്ളൂ എന്ന് വിചാരിച്ച് പരമേശ്വരന്‍ ഊടുവഴികളിലൂടെ നടന്നു. വഴിവക്കില്‍ ആളുകള്‍ ചൂടപ്പായ ഇട്ട് ചൂടില്‍ നിന്നു രക്ഷപെടാന്‍ കിടന്നിരുന്നു. കുറെ റ്റൂറിസ്റ്റുകള്‍ തെണ്ടിത്തിരിഞ്ഞ് വഴിവക്കിലെ കടകളില്‍ കയറി നടക്കുന്നുണ്ടായിരുന്നു. വെറുതേ നടക്കവേ പഴയ ഓരോരോ കാര്യങ്ങള്‍ പരമേശ്വരന്‍ ചിന്തിച്ചുതുടങ്ങി. പഴയ പ്രതാപവും നല്ല നാളുകളും ഓര്‍ക്കുന്നത് ചിത്രകാരനായ പരമേശ്വരന്റെ ഒരു ദു:ശ്ശീലം ആയിരുന്നു. പണ്ടുകാലത്ത് അഹങ്കാരിയായി, പ്രതാപിയായി ചിത്രം വരച്ചിരുന്നത് പരമേശ്വരന്‍ ഓര്‍ത്തു.

നല്ല ജീവനുള്ള ചിത്രങ്ങളായിരുന്നു പരമേശ്വരന്റേത്. പരമേശ്വരന്റെ തുടക്കത്തില്‍ ഒന്നും ഇല്ലായിരുന്നു, പേരും പെരുമയും ചിത്രങ്ങളും ഒന്നും തന്നെ. ജീവിതം നല്ല വെള്ള കാന്‍‌വാസുപോലെ ആയിരുന്നു. ആദ്യമൊക്കെ പ്രകൃതി ദൃശ്യങ്ങളെ വരക്കാനായിരുന്നു പരമേശ്വരനു ഇഷ്ടം. കുറെ നാള്‍ നക്ഷത്രങ്ങളെയും ചന്ദ്രനെയും സൂര്യനെയും കാറ്റിനെയും കടലിനെയും ഒക്കെ വരച്ച് ബോറടിച്ചപ്പോള്‍ പരമേശ്വരന്‍ മൃഗങ്ങളെയും പക്ഷികളെയും വരച്ചുതുടങ്ങി. വരച്ചുവരച്ച് മൃഗങ്ങളെയും ബോറടിച്ചു. മൃഗങ്ങള്‍ക്ക് വലിയ ഭാവങ്ങള്‍ ഒന്നും ഇല്ലാന്ന് പരമേശ്വരനു തോന്നി. ഉദാഹരണത്തിനു പരമേശ്വരന്‍ വരയ്ക്കുന്ന പട്ടിവന്ന് എപ്പോഴും കാലില്‍ നക്കും. ഇടക്ക് കടിക്കും. അല്ലാതെ വേറെ ഒന്നും ചെയ്യില്ല. പൂച്ച ആണെങ്കില്‍ പരമേശ്വരനെ മൈന്‍ഡ് ചെയ്യാറേ ഇല്ല. മത്സ്യങ്ങള്‍ ഒക്കെ ചിത്രത്തില്‍ നിന്ന് ഇറങ്ങി എങ്ങോ നീന്തിപ്പോയി.

ബോറടി മൂത്തപ്പോള്‍ പരമേശ്വരന്‍ ഒരു കണ്ണാടി എടുത്ത് മുന്‍പില്‍ വെച്ച് തന്നെ നോക്കി വരച്ചുതുടങ്ങി. നീണ്ട താടിയും ആകെ വൃത്തികേടായ മുഖവും ആയി ഒരുത്തനെ വരച്ചുവെച്ചു. പരമേശ്വരന്റെ ഛായയില്‍ വരച്ചതല്ലേ, അങ്ങനെയേ വരൂ. അവന് ആദം എന്ന പേരുമിട്ടു. ചിത്രകാരന്‍ എത്ര ശ്രമിച്ചിട്ടും ആദത്തിന്റെ മുഖം തെളിയുന്നില്ല. ആകെ ഏകാന്തനും ശോകമൂകനുമായി ആദം ഓരോ ദിക്കിലും പോയി ഇരിപ്പായി. ആദ്യമൊക്കെ പരമേശ്വരന്‍ ചോദിച്ചിട്ട് ആദത്തിനു മിണ്ടാട്ടമില്ല. പിന്നെപ്പിന്നെ ആദത്തിനു ആകെ പരാതി - ബോറടിപോലും. പരമേശ്വരന്റെ ബോറടി മാറ്റാനായിരുന്നു പരമേശ്വരന്‍ ആദത്തെ വരച്ചത്. എന്നാല്‍ ആദത്തിനു അതിലും ബോറ്. അവനു പെണ്ണുവേണം പോലും.

ആദത്തിന്റെ കരച്ചിലും ബഹളവും സഹിക്കാന്‍ വയ്യാതെ പരമേശ്വരന്‍ ഒരു പെണ്ണിനെ വരച്ചുകൊടുക്കാം എന്നു സമ്മതിച്ചു. എന്നാല്‍ ഒരു നിബന്ധന വെച്ചു - കൊച്ചുങ്ങളെ ഉണ്ടാക്കരുത്. കാര്യം കൊച്ചുങ്ങളെ ഉണ്ടാക്കിയാല്‍ ഇവന്മാരു ചിത്രകാരനെ വിട്ട് പോവും എന്നും പിന്നെ തിരിഞ്ഞുനോക്കില്ല എന്നും എന്തെങ്കിലും ആവശ്യം വന്നാല്‍ മാത്രം കരഞ്ഞു കാറി വലിഞ്ഞുകയറി വരും എന്നും ചിത്രകാരനു അറിയാമായിരുന്നു. ആദം എന്തു സന്തോഷത്തോടെയാ അതു സമ്മതിച്ചത്. ബോറടി മാറ്റാന്‍ ഒരു
കൂട്ടുമാത്രം മതി എന്ന്.

ഹവ്വയെ നല്ല സുന്ദരിയായി തന്നെ പരമേശ്വരന്‍ വരച്ചു. നീണ്ട മുടിയും മയില്‍പ്പീലിപോലത്തെ കണ്‍പീലികളും ഓറഞ്ച് അല്ലികള്‍ പോലത്തെ ചുണ്ടുകളുമായി ഒരു തുടുത്ത സുന്ദരി. ആദത്തിന്റെ സന്തോഷം പറയാനുണ്ടോ? എന്നാല്‍ പരമേശ്വരനു പേടിയായി. ഇവന്‍ പറ്റിക്കുമോ? സൃഷ്ടി സൃഷ്ടാവിനെ മറന്ന് അഴിഞ്ഞാടുന്നത് പരമേശ്വരനു സഹിക്കാവുന്നതിനപ്പുറമായിരുന്നു. ആദത്തെയും ഹവ്വയെയും അരുതാത്തത് എന്തെങ്കിലും ചെയ്യുന്നതില്‍ നിന്നും തടയാന്‍ ഒരു പാമ്പിനെയും വരച്ചുവെച്ചു.
എന്തിനേറെ പറയുന്നു. പാമ്പ് ഒറ്റി. ഹവ്വ ശര്‍ദ്ദിച്ചു. ക്രുദ്ധനായ പരമേശ്വരന്‍ മൂന്നിനെയും തന്റെ ചിത്രത്തിലെ മനോഹരമായ തോട്ടത്തില്‍ നിന്നും ഇറക്കിവിട്ടു. കുറെ നാള്‍ ഇവന്മാരെങ്ങനെയോ ജീവിക്കട്ടെ എന്ന് പരമേശ്വരന്‍ വിചാരിച്ചു. എന്നാല്‍ പിന്നീട് സ്നേഹം തോന്നി തിരിഞ്ഞുനോക്കിയപ്പോഴതാ, ആദവും കുഞ്ഞുകുട്ടി പരാധീനങ്ങളുമൊക്കെയായി ഒരു വലിയ പട!

ആദ്യമാദ്യം പരമേശ്വരന്‍ ആദത്തിന്റെ മക്കളെ നോക്കി വളര്‍ത്തിയിരുന്നു. പരമേശ്വരന്‍ പറയുന്നിടത്ത് അപ്പൂപ്പന്‍ എന്തോ പറയുന്നു എന്നു വിചാരിച്ച് മക്കള്‍ നില്‍ക്കും. വരച്ച വരകള്‍ പരമേശ്വരന്‍ ഇവര്‍ക്കായി തിരുത്തിവരച്ചു. എന്നാല്‍ കുറെ കഴിഞ്ഞപ്പോള്‍ പരമേശ്വരന്റെ വരകള്‍ പരമേശ്വരന്‍ വരയ്ക്കുന്നിടത്ത് നില്‍ക്കാതായി. നല്ലതു വിചാരിച്ച് വരയ്ക്കുന്നത് ചീത്ത ആവും. കുത്തി വരയ്ക്കുന്നവ നന്നാവും. ഒടുവില്‍ ഒടുവില്‍ പരമേശ്വരന്‍ വരയേ നിറുത്തി. എന്നാല്‍ വരച്ചവയെല്ലാം കൊന്നും തിന്നും കൊഴുത്തും വളരുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ പരമേശ്വരാ എന്നുവിളിച്ച് അവര്‍ കരഞ്ഞു. ആദ്യമൊക്കെ ഒരു കടലിനെയും മലയെയും ഒക്കെ മാറ്റി വരയ്ക്കാന്‍ ശക്തി ഉണ്ടായിരുന്ന പരമേശ്വരന് പിന്നെപ്പിന്നെ ഒരു പൂവിനെ കിടന്ന ഇടത്തുനിന്നും മാറ്റി മറ്റൊരിടത്തേക്ക് വരക്കുവാനുള്ള ശക്തിപോലും നഷ്ടപ്പെട്ടു. ചിലരുടെ കറുത്ത മുടി വെളുപ്പിക്കല്‍, ചിലരുടെ കാലിലെ ചിരങ്ങുമാറ്റല്‍ തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങളേ പരമേശ്വരനു ചെയ്യാന്‍ കഴിഞ്ഞുള്ളൂ. തന്റെ വരകള്‍ മങ്ങുന്നതും മായുന്നതും അറിഞ്ഞ് പരമേശ്വരന്‍ പഹാട്ഗഞ്ചിലെ ഒരു ഹോട്ടലില്‍ താമസം തുടങ്ങി. ആളുകള്‍ പണ്ട് നല്ല വരകള്‍ക്ക് കാണിക്കയായി നല്‍കിയിരുന്ന കാശില്‍ അല്പം സമ്പാദ്യം പരമേശ്വരനു ഉണ്ടായിരുന്നു. അതുകൊണ്ട് ദിവസവാടക കൊടുത്ത് ഇങ്ങനെ കഴിഞ്ഞുപോന്നു. വരക്കാനുള്ള കാന്‍‌വാസ് ഒക്കെ ചിതലരിച്ചു. പെയിന്റ് കട്ടപിടിച്ചു. പെയിന്റ് ബ്രഷുകള്‍ക്കു കുറുകേ ചിലന്തി വലകെട്ടി. പരമേശ്വരന്‍ വര പാടേ മറന്നു.

ഭാഗം 2
--------
താജ്മഹല്‍ ഈശ്വര്‍ വരച്ച ചിത്രങ്ങളില്‍ നല്ല ഒരെണ്ണമായിരുന്നു. പ്രേമം എന്ന ഭയങ്കര വികാരം വരക്കുവാന്‍ ശ്രമിച്ച് ഒടുവില്‍ ഉണ്ടായത് താജ്മഹല്‍ ആയിരുന്നു. അത് ഒന്നുകൂടെ കണ്ടുകളയാം എന്നുവെച്ച് ഈശ്വര്‍ ആഗ്രയ്ക്കുപോവാന്‍ ട്രെയിനില്‍ കയറി. മനസ്സ് ഒന്നു ശാന്തമാവട്ടെ എന്നായിരുന്നു ഈശ്വറിന്റെ വിചാരം.

ട്രെയിനിന്റെ വാതിലില്‍ തന്നെ ഒരു ഭ്രാന്തിയായ സ്ത്രീയും അവരുടെ നാലൊ അഞ്ചോ വയസ്സ് പ്രായമായ മകനും ഇരിക്കുന്നുണ്ടായിരുന്നു. അവര്‍ മകന് എന്തോ താരാട്ടുപാടിക്കൊണ്ട് നിലത്തിരിക്കുന്നു. ഈശ്വര്‍ സീറ്റുകിട്ടാതെ വാതിലില്‍ തന്നെ നിന്നു. ട്രെയിന്‍ വിടാന്‍ ഇനിയും അഞ്ചു മിനിട്ട് ഉണ്ട്. അപ്പോള്‍ സാധാരണ ഷര്‍ട്ടും പാന്റും ധരിച്ച ഒരാള്‍ ആ ട്രെയിനിലേക്ക് കയറി. ഈശ്വറിന്റെ ബാഗ് വഴിമുടക്കി നില്‍ക്കുവായിരുന്നു. ആരുടെ ബാഗാണ് ഇതെന്ന് കേറിവന്നയാള്‍ അല്പം കയര്‍ത്തു ചോദിച്ചു. ഈശ്വര്‍ ബാഗ് ഒതുക്കിവെച്ചു. അപ്പോള്‍ അയാള്‍ ഒരു പ്രകോപനവുമില്ലാതെ ആ സ്ത്രീയുടെ മുടിക്കുകുത്തിപ്പിടിച്ച് പഠേ പഠേ എന്ന് അവരുടെ ഇരു കവിളുകളിലും മാറി മാറി നാലഞ്ച് അടി!. അടി വീഴുന്ന ഖോര ശബ്ദം. അവരാണെങ്കില്‍ അലമുറയിട്ട് കരയുന്നു. അടിയും കൊടുത്ത് അവരെ കുറെ ചീത്തയും വിളിച്ച് അയാള്‍ ഇറങ്ങിപ്പോയി. എന്തിനു അടിച്ചു എന്ന് ഈശ്വറിനു ഒട്ടും മനസ്സിലായില്ല. ഒന്നും തടുക്കുവാനോ അരുത് എന്നു പറയുവാനോ അടിക്കുന്ന ആളുടെ മനസ്സില്‍ അല്പം കരുണ ഇറ്റുവാനോ ഒന്നിനും ഈശ്വറിനു കഴിഞ്ഞില്ല. ഈശ്വര്‍ അല്പം നേരം സ്തബ്ധനായി നിന്നു. ആ കുഞ്ഞും അമ്മയെ തല്ലിയതുകണ്ട് വാവിട്ടുകരയുന്നു. ട്രെയിനില്‍ ഇരുന്ന യാത്രക്കാര്‍ കുശുകുശുത്തു തുടങ്ങി. ആരും ഒന്നും ചെയ്യുന്നില്ല. ഒരാള്‍ ഇരുന്ന് മറ്റുളള നാലുപേരോട് ഇവരുടെ കയ്യില്‍ റ്റിക്കറ്റില്ലാത്തതിനാ അടി കൊടുത്തതെന്നും ആ ആള്‍ മഫ്തിയില്‍ ഉള്ള പോലീസുകാരന്‍ ആണെന്നും വിശദീകരിക്കുന്നുണ്ടായിരുന്നു. ടിക്കറ്റ് ഇല്ലാതെ യാത്രചെയ്യുന്നത് ഇവരുടെ സ്ഥിരം പരിപാടി ആണുപോലും. ഒടുവില്‍ പാഗല്‍ ഹേ എന്ന് പറഞ്ഞ് വിശദീകരിച്ച ആള്‍ ചിരിക്കുന്നു. ഈശ്വറിന് എന്തെങ്കിലും ചെയ്യണം എന്നുണ്ട്, ക്രൂരത കാണിക്കരുതേ എന്ന് പറയണമെന്നുണ്ട്, പക്ഷേ ഈശ്വരനു പേടിയായി. ഈശ്വര്‍ ഒന്നും മിണ്ടാതെ വിറച്ചുനിന്നു. ട്രെയിന്‍ വിട്ടു.

അല്പം കഴിഞ്ഞ് ആ സ്ത്രീ കരഞ്ഞുകൊണ്ട് ഒരു താരാട്ടുപാട്ട് പാടുവാന്‍ തുടങ്ങി. ഉറക്കെ, കരച്ചില്‍ ഇടകലര്‍ന്ന ഏതോ നാടോടി ഗാനം. കുഞ്ഞ് വിതുമ്പിക്കൊണ്ടിരുന്നു. ആള്‍ക്കാര്‍ ഒന്നും അറിയാത്തതുപോലെ കളിയും ചിരിയും. ഒരു പഞ്ജാബി മാത്രം തന്റെ ബാഗ് തുറന്ന് മൂന്നുനാല് ചപ്പാത്തിയും കുറച്ച് ഉരുളക്കിഴങ്ങുകറിയും ഒരു പത്രക്കടലാസില്‍ വെച്ച് അവരോട് ഖാ ലേ എന്നുപറഞ്ഞ് തിന്നാന്‍ കൊടുത്തു. അവര്‍ കരഞ്ഞുകൊണ്ട് അതു തിന്നുതുടങ്ങി. കുഞ്ഞും പിച്ചി തിന്നുന്നു. കുറെ ഒക്കെ
നിലത്തുപോവുന്നു. ഈശ്വരന്‍ ആരും കാണാതെ 80 രൂപാ മടക്കി അവരുടെ കയ്യില്‍ വെച്ചുകൊടുത്തു. ഇത് കണ്ടാല്‍ ആളുകള്‍ എന്തുവിചാരിക്കും എന്ന പേടിയായിരുന്നു ഈശ്വരന്. ഭാഗ്യത്തിന് ആരും കണ്ടില്ല.
ട്രെയിന്‍ എവിടെയോ നിര്‍ത്തി. ആ സ്ത്രീയും കുഞ്ഞും ഇറങ്ങിപ്പോയി. ഈശ്വരനു ഏതോ സുന്ദരിയുടെ അടുത്ത് സീറ്റുകിട്ടി. വടക്കേ ഇന്ത്യന്‍ സുന്ദരിയും അവളുടെ അമ്മയും. അവര്‍ ഇരുന്ന് ഉറക്കം തുടങ്ങി. സുന്ദരിയുടെ അമ്മ ഇടയ്ക്കിടെ ഉറക്കത്തില്‍ നിന്ന് എണീറ്റ് ഇടകണ്ണിട്ട് ഈശ്വരനെ നോക്കുന്നുണ്ടായിരുന്നു. എങ്ങനെയോ ആഗ്ര എത്തി. ഈശ്വര്‍ ഇറങ്ങി. താജ്മഹാള്‍ ഒന്നും കാണുവാന്‍ നിന്നില്ല. ആദ്യം കണ്ട ബാറില്‍ കയറി.

ഭാഗം 3
-------
ബാറില്‍ അരണ്ട വെളിച്ചം. ദൈവം എവിടെയോ ഇരുന്നു. ആകെ പുകച്ചുരുളുകള്‍. തന്റെ സൃഷ്ടികള്‍ ദു:ഖങ്ങള്‍ പുകച്ചുതള്ളുകയാണ്. മുന്‍പിലെ വേദിയില്‍ മൂന്നുനാല് പെണ്‍കുട്ടികള്‍ അല്പം മാത്രം വസ്ത്രം ധരിച്ച് നൃത്തം കളിക്കുന്നു. ഏതോ വീട്ടിലെ ആരുടെയോ സഹോദരിയും മകളും അമ്മയും. ഒരു സുന്ദരി ചിരിച്ച് ദൈവത്തെ അടുത്തോട്ടുവിളിച്ചു. അതു കാണാത്ത മട്ടില്‍ ദൈവം ഒരു ഡബിള്‍ ലാര്‍ജ്ജ് എം.സി. പറഞ്ഞു. ബാറുകാരന്‍ കുറച്ച് കപ്പലണ്ടിയും സോഡയും എം.സി.യും കൊണ്ടുവന്നു. ദൈവത്തിനു പേടി അപ്പോഴും മാറിയിരുന്നില്ല. എന്തു വിചാരിച്ച് ഇവന്മാരെ ഒക്കെ ഉണ്ടാക്കി, എന്നിട്ട് എന്തായിത്തീരുന്നു എല്ലാം. വീണ്ടും ഒരു ഡബിള്‍ ലാര്‍ജ്ജ്, ദൈവത്തിനു പതിയെ ധൈര്യം വന്നുതുടങ്ങി. മൂന്നാമതൊരു ഡബിള്‍ ലാര്‍ജ്ജും കൂടെ അകത്തുചെല്ലുമ്പോള്‍ ദൈവത്തിനു തന്റെ സൃഷ്ടികളെ പേടി ഇല്ലാതായി. മേശപ്പുറത്ത് വലിഞ്ഞുകയറി ദൈവം പ്രസംഗം തുടങ്ങി.

മക്കളേ, ദു:ഖിക്കരുത്. (ബാറിലെ മറ്റ് കുടിയന്മാര്‍: പൂ‍യ്) സന്തോഷമായി ജീവിക്കൂ. (കുടിയന്മാര്‍: പൂയ് പൂയ്) അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കൂ. (കുടിയന്മാര്‍: പൂ‍ൂ‍ൂയ്, ഛി, താഴെ ഇറങ്ങടാ‍).
തന്റെ ഗിരിപ്രഭാഷണത്തിനു ഒരു പട്ടിയും ചെവികൊടുക്കാത്തതുകണ്ട് ദൈവത്തിന്റെ കണ്ണില്‍ ഇരുട്ടുകയറി. സുന്ദരിമാര്‍ നൃത്തം തുടര്‍ന്നു. ദൈവം ഉറക്കെ അലറി.

“ഞാനാടാ പട്ടീ, നിന്നെയൊക്കെ ഉണ്ടാക്കിയത്! എനിക്ക് ഇതുതന്നെ വരണം“.

“ഭാ, തന്തയ്ക്കുവിളിക്കുന്നോ“? ഠേ! ദൈവത്തിന്റെ മുഖത്ത് ഒരടിവീണു. മുഖം പൊട്ടി ചോര പൊടിഞ്ഞു. ഠേ, ഠേ എന്ന് വീണ്ടും അടിവീഴുന്നുണ്ടായിരുന്നു. ആരുടെ ഒക്കെയോ കയ്യില്‍ കിടന്ന് ദൈവം അടികൊണ്ടു പൊരിഞ്ഞു. ക്ഷീണിച്ചപ്പോള്‍ ആള്‍ക്കാര്‍ അടിനിറുത്തി തെറിയും വിളിച്ച് എണീറ്റ് വീട്ടില്‍ പൊയി. ദൈവം കസാരയില്‍ കുഴഞ്ഞിരുന്നു. ദൈവത്തിന്റെ കടവായില്‍ നിന്ന് ചോരവാര്‍ന്നൊലിച്ച് ഇരുന്ന മേശ ഒക്കെ വൃത്തികേടായി. ഒരുത്തന്‍ ആടി ആടി വന്ന് ദൈവത്തിനെ ഒരു കമ്പുകൊണ്ട് കുത്തി നോക്കി. ചത്തിട്ടില്ലാ എന്ന് കണ്ട് അവന്‍ പതുക്കെ തിരിച്ചുപോയി.

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ബാറുകാരന്‍ വന്ന് ദൈവത്തെ തപ്പിനോക്കി. കീശയില്‍ കാശില്ലായിരുന്നെങ്കിലും കയ്യില്‍ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി കിട്ടിയ ഒരു നല്ല സ്വര്‍ണ്ണവാച്ചുണ്ടായിരുന്നു. ബാറുകാരന്‍ വാച്ച് അഴിച്ചെടുത്തു. രണ്ടുപേരെ വിളിച്ച് ദൈവത്തെ താങ്ങി റോഡില്‍ കൊണ്ടുകിടത്തി.

റോഡില്‍ കൂടെ കമിതാക്കള്‍ കെട്ടിപ്പിടിച്ച് കുത്തിമറിഞ്ഞ് നടക്കുന്നുണ്ടായിരുന്നു. ഒന്നുരണ്ട് റൌഡികള്‍ രാഷ്ട്രീയം പറഞ്ഞ് ദൈവത്തെ ചവിട്ടി കടന്നുപോയി. ഒരു പള്ളീലച്ചന്‍ അതിലേ നടന്നുപോയി, ഒരുത്തന്‍ വെള്ളമടിച്ച് ചോരവാര്‍ന്നൊലിച്ച് റോഡില്‍ കിടക്കുന്നതുകണ്ട് പോലീസില്‍ വിളിച്ചുപറയണം എന്ന് പള്ളീലച്ചനു ഉള്‍വിളി ഉണ്ടായി. എങ്കിലും മൊബൈലില്‍ അധികം ക്രെഡിറ്റ് ഇല്ലാത്തതിനാല്‍ അച്ചന്‍ ആ കാര്യം മറന്ന് സ്കൂളിലെ കുട്ടികളുടെ ഫീസ് കൂട്ടുന്നതിനെക്കുറിച്ചും മേടയിലെ അച്ചന്മാരുടെ
രാഷ്ട്രീയക്കളികളെക്കുറിച്ചും ആലോചിച്ച് നടന്നുപോയി. അച്ചന് ഇങ്ങനെ ഉള്ള കാര്യങ്ങള്‍ കാണുമ്പോള്‍ ആദ്യമൊക്കെ വലിയ മനസ്സാക്ഷിക്കുത്ത് വരുമായിരുന്നു. എന്നാല്‍ കണ്ടുകണ്ട് മടുത്ത് അച്ചന്‍ കണ്ടുപിടിച്ച ഉപായമായിരുന്നു വേറെ എന്തെങ്കിലും വിഷയങ്ങള്‍ ആലോചിക്കുക എന്നത്. ഒരു നല്ല സമരിയാക്കാരന്‍ തലേദിവസം കണ്ട സിനിമയിലെ പ്രേമരംഗം ആലോചിച്ച് നടന്നുവരികയായിരുന്നു. ദൈവത്തെ ചോര ഒലിപ്പിച്ച് കിടക്കുന്നതുകണ്ട് നാശം, മൂഡ് കളഞ്ഞു എന്ന് പ്രാകി സമരിയാക്കാരന്‍ നടന്നുപോയി.
ദൈവം ഇടക്കിടക്ക് ഞാനാടാ‍ പട്ടികളെ, നിങ്ങളെ എല്ലാം ഉണ്ടാക്കിയത് എന്ന് പുലമ്പുന്നുണ്ടായിരുന്നു. ദൈവം കുറെയേറെ നേരം അങ്ങനെ കിടന്നു. കുറെ ഏറെ ആളുകള്‍ ദൈവത്തെ ചവിട്ടാതെ, ശ്രദ്ധിച്ച്, വഴിമാറി നടന്നുപോയി. ഒടുവില്‍ ചോരവാര്‍ന്ന് ദൈവം ചത്തുപോയി.

ആകാശം ഇരുണ്ടു, ഇടിവെട്ടി നല്ല ഒരു മഴ പെയ്തു. ദൈവത്തിന്റെ മുഖത്തുനിന്ന് ചോര ഒക്കെ മഴയില്‍ ഒലിച്ചുപോയി. രാവിലെ ഓടാന്‍ പോയ ആരോ വഴിവക്കില്‍ മഴനനഞ്ഞ് ഒരു ജഢം കിടക്കുന്നു എന്ന് പോലീസില്‍ വിളിച്ചുപറഞ്ഞു. രാവിലെ തന്നെ മരണക്കേസ് എന്നാലോചിച്ച് പോലീസുകാരനു മനം മടുത്തു. ഒരു ഗുമസ്തന്‍ ആകുവാന്‍ ആയിരുന്നു പോലീസുകാരന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ വിധിവൈപരിത്യം കൊണ്ട് പോലീസുകാരനായി. പോലീസുകാ‍രന്‍ വന്ന് ചോക്കു കൊണ്ട് ദൈവത്തിന്റെ ചുറ്റും വര ഇട്ടു. കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള മടികൊണ്ട് പ്രായാധിക്യവും പട്ടിണിയും കൊണ്ടുള്ള സാധാരണ മരണം എന്ന് മഹസ്സര്‍ എഴുതി ദൈവത്തിന്റെ ജഢം ഒരു ചാക്കില്‍ പൊതിഞ്ഞു. ജഢം ചുമന്നുകൊണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുച്ചെന്നിട്ടു. കുറെ ദിവസം മോര്‍ച്ചറിയില്‍ വെച്ചിരുന്നു. കുറെ നാള്‍ കഴിഞ്ഞിട്ടും അവകാശികള്‍ ആരും വരാത്തതുകൊണ്ട് സര്‍ക്കാരാശുപത്രിയില്‍ നിന്ന് ജഢം എടുത്ത് പൊതുശ്മശാനത്തിലേക്കു കൊണ്ടുപോയി. കുഴിവെട്ടുകാരന്‍ ഇന്ന് ആരെയാണോ കണികണ്ടത് എന്ന് പിറുപിറുത്ത് ജഢം കുഴിച്ചിട്ടു.

ആദ്യം കുറെ നാള്‍ രാത്രി വഴിനടക്കുന്നവര്‍ നാല്പതോ അന്‍പതോ രൂപാകൊടുത്ത് കൊടുത്ത് വേശ്യകളെ വിളിച്ചുകൊണ്ടുവന്ന് ആ കുഴിമാടത്തിനുമുകളില്‍ രമിക്കാറുണ്ടായിരുന്നു. പിന്നെ കാടുപിടിച്ച് അവിടെ പാമ്പുകളും പെരുച്ചാഴികളും മാത്രമായി വാസം. ആരും അങ്ങോട്ട് തിരിഞ്ഞുനൊക്കിയില്ല. ആ സ്ഥലത്ത് സര്‍പ്പക്കാവോ അമ്പലമോ പള്ളിയോ ഒന്നും ആരും സ്ഥാപിക്കാന്‍ പോയില്ല. ദൈവത്തിന്റെ ജഢം അഴുകി നല്ല വളമായി പിന്നെ ഉരുളക്കിഴങ്ങായോ ചിക്കന്‍ ഫ്രൈ ആയോ ചോറായോ ഒക്കെ ആരുടെ എങ്കിലും ഒക്കെ മേശയില്‍ എത്തിക്കാണണം.

No comments:

Google