സിമിയുടെ ബ്ലോഗ്

12/13/2008

അംനീഷ്യ



ഒരാളെ കൊന്നതിനാണ് എന്നെ ജയിലിലടച്ചത്.

കട്ടിത്തലയണകൊണ്ട് മൂക്കും വായും അടച്ചുപിടിച്ച് കൈമുട്ടുകുത്തി മുഖത്തമര്‍ത്തണം, ശക്തിയായി അമുക്കണം, പിടിവിടാതെ പിടഞ്ഞുപിടഞ്ഞ് കൈനഖം കൊണ്ട് ഇര സ്വന്തം ശരീരം വലിച്ചുകീറുന്നതവഗണിച്ച്, കൈത്തണ്ടയില്‍ മരണപ്പിടിത്തം പിടിക്കുന്നതവഗണിച്ച്, തുറിച്ച് പുറത്തുചാടാന്‍ തുള്ളുന്ന ചോരക്കണ്ണുകളെ അവഗണിച്ച് - തലയണ അമര്‍ത്തിപ്പിടിക്കുമ്പോള്‍ പ്രാണന്‍ പുറത്തുവരുന്നത് മൂക്കിലൂടെയോ വായിലൂടെയോ? - ആത്മാവ് നീലജ്വാലപോലെ വായുവില്‍ ഉയരാതെ തലയണയിലെ പഴന്തുണികള്‍ക്കിടയില്‍ കുടുങ്ങിപ്പോയിക്കാണണം - തലയണ ഞാന്‍ ദൂരെയെറിഞ്ഞു - പിഞ്ഞിയ വിടവിലൂടെ അകത്തുനിന്നും ചുവന്ന പഴന്തുണികള്‍ പുറത്തുചാടുന്നു - നീളുന്ന ചുവന്ന നാവുപോലെ - ഞാന്‍ ശവത്തിന്റെ കൈകാലുകള്‍ നേരെയാക്കി - സ്വാഭാവിക മരണം - എന്തിനാണ് എന്നെ ജയിലിലടച്ചത്?

ഇളംനീല ആസ്ബസ്റ്റോസ് തകിടുകൊണ്ടുള്ള ജയിലിന്റെ പുറംവാതിലില്‍ ഒരു ചുവന്ന ചതുരമുണ്ട്. മീശയുള്ള പോലീസുകാരന്‍ പാളിതാഴ്ത്തി നരച്ച കഷണ്ടിത്തല കാണിച്ചു. കിരുകിരാ ശബ്ദത്തോടെ - എല്ലാ വാതിലുകള്‍ക്കും ഈ ശബ്ദമുണ്ടോ - വാതില്‍ തുറന്ന് ഒരക്ഷരം മിണ്ടാതെ അവര്‍ എന്നെ അകത്തേയ്ക്കു നടത്തി. തന്ന പ്ലാസ്റ്റിക്ക് കൂടുതുറന്ന് ഞാന്‍ നരച്ച വെള്ള വസ്ത്രം ധരിച്ചു. കൈ വിയര്‍ക്കുന്നു, ഷര്‍ട്ടില്‍ തുടച്ചപ്പോള്‍ ചുവന്ന നിറം പുരണ്ടു. എനിക്കിനി പേരില്ല, നമ്പറേയുള്ളൂ. നമ്പര്‍ 666.

ജയിലിന്റെ നടുവില്‍ പൊള്ളുന്ന വെയിലാണ്. വെയിലിനു നടുവില്‍ ഒരു ചതുരം. അതില്‍ പറ്റംകൂടിനില്‍ക്കുന്ന കണ്ണുകള്‍ - ക്ഷീണിച്ച കണ്ണുകള്‍‍, കൂര്‍ത്ത കണ്ണുകള്‍, വിരണ്ട കണ്ണുകള്‍, മയങ്ങുന്ന കണ്ണുകള്‍, കുഴിഞ്ഞ കണ്ണുകള്‍, ചിരിക്കുന്ന കണ്ണുകള്‍, നിലവിളിക്കുന്ന കണ്ണുകള്‍, തുറിച്ച കണ്ണുകള്‍, അലറുന്ന കണ്ണുകള്‍ എന്നെ നോക്കുന്നു. കൊലപ്പുള്ളിയാണ്. തലയണകൊണ്ടു ഞെരിച്ചുഞെരിച്ച്, പ്രാണന്‍ പിഴിഞ്ഞുപിഴിഞ്ഞ് - ആരാണ് ഇടതുകയ്യില്‍ ഇറുക്കിപ്പിടിച്ച് എന്നെ നടത്തുന്നത്? - കഫവും രക്തവും തലയണയില്‍ കട്ടിപിടിച്ചുകിടന്നു - എന്റെ മുറി - ലോക്കപ്പ് - സെല്ല് - ചതുരം - ഇരുമ്പഴികള്‍ക്കുള്ളില്‍ ഇരുട്ട് ഇടതുവശത്താണ്. പോലീസുകാരന്‍ കൈത്തണ്ടയിലെ ലോഹപ്പൂട്ട് ഊരി, സ്വതന്ത്രമായ കൈകള്‍ പിടഞ്ഞു. മുറിക്കുള്ളിലെ ഇരുട്ടില്‍ കണ്ണു പഴകി, തണുത്ത നിലം. രണ്ടു കട്ടില്‍. ഒന്നില്‍ എനിക്കുള്ള പുതപ്പ്, പഴകിയ പ്ലാസ്റ്റിക്ക് കുപ്പിയില്‍ വെള്ളം, ഭക്ഷണത്തിനുള്ള പാത്രം, മൂത്രമൊഴിക്കാനുള്ള പാത്രം - മറ്റേതില്‍ പറ്റെവെട്ടിയ വെള്ളത്താടിയുള്ള വൃദ്ധന്‍ ചിരിക്കുന്നു. ഇത് ജയിലാണ്. ലോഹക്കൂടാണ്. അഴികളാണ്, പാരതന്ത്ര്യമാണ് - വൃദ്ധന്‍ ചിരിക്കുന്നു. ഞാന്‍ ഇരുന്നു. “എന്താ അമ്മാവന്റെ പേര്?”

“പേരോ? എനിക്കറിയില്ല മോനേ”
“ഉം”.

ഇരുമ്പഴികളോട് ചേര്‍ന്ന് പേടിപിടിച്ച കണ്ണുകളുള്ള മെലിഞ്ഞ കുറിയ മനുഷ്യന്‍ ഒട്ടിനിന്നു. “അങ്ങോരുടെ പേര് ശങ്കരന് പിള്ള‍. പഴയ കൊലപ്പുള്ളിയാ. ഒന്നും ഓര്‍മ്മയില്ല”. അപ്പൂപ്പന്‍ വീണ്ടും ചിരിച്ചു. വെളുത്ത നിഷ്കളങ്കമായ ചിരി. പാല്‍പ്പുഞ്ചിരി. “മോന്റെ പേരെന്താ?”. ചെവിതുളയ്ക്കുന്ന മണിയടിച്ചു. പോലീസുകാരന്‍ വന്ന് വാതില്‍ തുറന്നു. ഞാന്‍ മുറ്റത്തേയ്ക്കിറങ്ങി. ശങ്കരന്‍ പിള്ള പുറത്തിറങ്ങിയില്ല. നോക്കിയപ്പോള്‍ വീണ്ടും ചിരിച്ചു. നടുമുറ്റത്ത് ആള്‍ക്കൂട്ടം. കൂട്ടം കൂടി നില്‍ക്കുന്നവര്‍ മാറിമാറി ഒരാളുടെ ചെകിടത്ത് അടിക്കുകയാണ്. അടികൊണ്ടയാള്‍ വീഴുന്നു, എഴുന്നേല്‍ക്കുന്നു, അടിച്ചവരും അടികൊണ്ടവനും ചിരിക്കുന്നു. വീണ്ടും അടിക്കുന്നു. ഞാന്‍ അരികത്തുചെന്നപ്പോള്‍ അവര്‍ അടി നിറുത്തി. അടികൊള്ളുന്നവന്‍ ചെവിട് തടവിത്തടവി വേച്ചുവേച്ചു വന്നു. “ഇതൊക്കെയല്ലേ ഇവിടത്തെ ഒരു സന്തോഷം. ചേട്ടന് എന്നെ അടിക്കണോ?”

അടിക്കണോ? കയ്യില്‍ ചോരയാണ്. തലയണ കുതിര്‍ന്നുപോയി. വിരലുകള്‍ ഒട്ടുന്നു. കാലുകള്‍ പിടഞ്ഞുകുതിച്ച്, ശരീരം വില്ലുപോലെ വളഞ്ഞ്, നിവര്‍ന്ന്, കരയില്‍ പിടിച്ചിട്ട വെളുത്ത മത്സ്യം പിടച്ചുപിടച്ച്, പിടിവിടരുത്, വിടരുത്, വിടരുത് - വീണ്ടും മണിയടിച്ചു. പേടിപിടിച്ച കണ്ണുകള്‍ വീണ്ടും അടുത്തുവന്നു.

“എന്റെ പേര് ബാബു. കൊലപ്പുള്ളിയാണല്ലേ”.
“അതെ”.
“എങ്ങനെയാ കൊന്നത്?”
“ശ്വാസം മുട്ടിച്ച്”

“ഉവ്വോ, നിങ്ങടെ സെല്ലില്‍ കിടക്കുന്ന ശങ്കരന്‍ പിള്ളയും അങ്ങനെതന്നെയാ ഇതിനകത്തെത്തിയത്. പത്തു മുപ്പത് കൊല്ലമായി. അയാളുടെ കാര്യം സാറമ്മാര്‍ മറന്നുപോയി. അയാളും മറന്നുപോയി. അയാള്‍ എല്ലാം മറന്നുപോയെന്നേ. ഒരു തരം കൂടിയ മറവി. വല്ലൊ മാനസികാരോഗ്യ കേന്ദ്രത്തിലും കൊണ്ടാക്കാമായിരുന്നു”

ബാബു പോയി. ഇരുമ്പഴികള്‍ തുരുമ്പുപിടിച്ചിരിക്കുന്നു. രണ്ടെണ്ണം പിടിച്ച് വളയ്ക്കാന്‍ നോക്കി - ബലമുണ്ട്. അവയില്‍ പല കൈപ്പാടുകളും അമര്‍ന്നുകിടക്കുന്നു. മുകളില്‍ മച്ചിനോട് ചേര്‍ന്ന് ഒരു ചെറിയ കിളിവാതിലേയുള്ളൂ. സെല്ലിനുള്ളിലെ വായു ഉള്ളില്‍ തന്നെ വട്ടം കറങ്ങുന്നു. പുറത്തുപോവാനാവാതെ കട്ടപിടിക്കുന്നു. മൂത്രത്തിന്റെ നേര്‍ത്ത ഗന്ധമുണ്ട്. മൂക്കും വായുമമര്‍ത്തി ശ്വാസം മുട്ടുമ്പോള്‍ മൂത്രം പോവും. ചോര ഒട്ടുന്നു. കൈ കഴുകണം. ഞാന്‍ കമ്പിയഴിയില്‍ പാത്രം കൊണ്ട് തട്ടി ശബ്ദമുണ്ടാക്കി. പുറത്തുപോവണം. തിരിഞ്ഞുനോക്കിയപ്പോള്‍ കിഴവന്‍ കിടന്നുകൊണ്ട് ചിരിക്കുന്നു. ചുണ്ടനക്കി ചോദിക്കുന്നു. “ആരാ?”. നേരത്തേ ഞാന്‍ മുറിയിലെത്തിയത് കിഴവന്‍ മറന്നുപോയിരിക്കുന്നു. എല്ലാം മറക്കാന്‍ കഴിഞ്ഞെങ്കില്‍ - ഓര്‍മ്മക്കുറവ് എന്തൊരനുഗ്രഹമാണ്.

കൈ സോപ്പിട്ട് കഴുകിയിട്ടും ചോര ഒട്ടുന്നു. ഒരു വിധത്തില്‍ തുടച്ച് ഞാന്‍ മുറിയിലെത്തി. കിഴവന്‍ കട്ടിലില്‍ കുന്തിച്ചിരിക്കുന്നു. കൈകളിലെ തളര്‍ന്ന ഞരമ്പുകള്‍ക്ക് നേര്‍മ്മ. വിരിഞ്ഞ നെറ്റിയില്‍ വെള്ളിരോമങ്ങള്‍. സന്തോഷം കൊണ്ട് തിളങ്ങുന്ന കണ്ണുകള്‍ക്കുമീതേ കറുത്ത കട്ടിക്കണ്ണട. “അമ്മാവാ, നിങ്ങള്‍ക്ക് വീട്ടിലാരുമില്ലേ?”

“ഞാനിവിടെയാ താമസം മോനേ”
“ആരുമില്ലേ വിളിച്ചോണ്ടുപോവാന്‍?”
“എനിക്ക് ആരെയും അറിയില്ല”

ഞാന്‍ കട്ടിലില്‍ കയറിക്കിടന്നു. കണ്ണുകളടയ്ക്കുമ്പോള്‍ തലയ്ക്കകത്ത് മുറി. മങ്ങിയ വെളിച്ചത്തില്‍ ചുവന്ന നിറത്തില്‍ ഒരു ശരീരം കിടന്നു പിടയുന്നു. ഓര്‍മ്മകളാണ്. കഴുകിക്കളയണം. ഒരു ബക്കറ്റില്‍ ഡെറ്റോള്‍ കലക്കി കുളിക്കണം. ഉറങ്ങണം - എത്ര ദിവസമായി എന്നറിയില്ല. കണ്ണുകള്‍ തൂങ്ങുന്നു. വീണ്ടും കിഴവനെ നോക്കി. അയാള്‍ എന്നെ കണ്ടിട്ടില്ലാത്തതുപോലെ അമ്പരന്നു നോക്കി. “ആരാ?”

“കിഴവാ, നിങ്ങളുടെ നാടെവിടെയാ?”
“എനിക്കറിയില്ല മോനേ”
“നിങ്ങളുടെ മക്കളുടെ പേരെന്താ?”
“മക്കളോ?”
“നിങ്ങള്‍ക്കൊന്നും ഓര്‍മ്മയില്ലേ?”
“ആരാ?”

പുറത്തുപോവാത്ത ശ്വാസം എവിടെയാണ് കുടുങ്ങിക്കിടക്കുക? തൊണ്ടയിലോ? നെഞ്ചിന്‍‌കൂടിലോ? എല്ലാം മറക്കണം, ഉറങ്ങണം, ഉറങ്ങണം. പാറാവുകാരില്‍ ആരോ ലൈറ്റ് അണച്ചു. മുറിയിലെ സീറോവാട്ട് ബള്‍ബ് മാത്രം അണയാതെ കിടന്നു. അതിന് ചുവട്ടില്‍ ഒരു പല്ലി പ്രതിമപോലെയിരിക്കുന്നു. പല്ലിക്കണ്ണുകള്‍ അനങ്ങുന്നില്ല. ചത്ത പല്ലി ചുമരില്‍ ഒട്ടിയിരിക്കുമോ? അതോ റബ്ബര്‍ പിടിത്തം വിട്ട് നിലത്തേയ്ക്ക് അടര്‍ന്നുവീഴുമോ? ചാരനിറമുള്ള ഒരു പ്രാണി ലൈറ്റിനു ചുറ്റും പറക്കുന്നു. പൊടിപിടിച്ച ചിറകുകള്‍ വീശി വായുവില്‍ അസമവൃത്തങ്ങള്‍ വരച്ച് അത് ചുമരിലൊരിടത്തിരുന്നു. നനുത്ത മുഖമുയര്‍ത്തി പ്രാണി പല്ലിയെ നോക്കി. ശിശുവിനെപ്പോലെ ചിരിച്ചു. പല്ലി അനങ്ങിയില്ല. പ്രാണിയുടെ വെള്ളിത്താടി വിറച്ചു. അതിന്റെ വെള്ളപ്പിരികങ്ങള്‍ക്കുമീതേ കറുത്ത കട്ടിക്കണ്ണട വിറച്ചു. പല്ലി നിശബ്ദമായി ചോദിച്ചു. “നിങ്ങള്‍ക്കെന്നെ ഓര്‍മ്മയില്ലേ?”

പ്രാണി ചിറകുകള്‍ കുടഞ്ഞു. വീണ്ടും ചിരിച്ചു. “ഇല്ലല്ലോ. എനിക്കൊന്നും ഓര്‍മ്മയില്ല. ഇന്നലെ ഓര്‍മ്മയില്ല. ഇന്ന് ഓര്‍മ്മയില്ല. നിന്നെ ഓര്‍മ്മയില്ല. ഒന്നും ഓര്‍മ്മയില്ല. ഓര്‍ക്കാതിരിക്കുന്നത് എന്തൊരു സുഖമാണ്!”

പല്ലിയുടെ തലച്ചോറില്‍ മിന്നല്‍പ്പിണറുകള്‍ പുളഞ്ഞു. ഓര്‍ക്കാതിരിക്കുന്നതിന്റെ സുഖം. ഓര്‍മ്മകള്‍ ഇല്ലാതിരിക്കുന്നതിന്റെ സുഖം. മറവിയുടെ സുഖം. കഴുത്തില്‍ കൈക്കുഴയമര്‍ത്തുമ്പോള്‍ പിടഞ്ഞുപിടഞ്ഞ് - പല്ലിയുടെ കണ്ണുകള്‍ കുഴഞ്ഞു. പല്ലിക്ക് ഉറക്കമില്ല. പ്രാണി വീണ്ടും ചിരിച്ചു. മിന്നല്‍ പോലെ പല്ലിയുടെ നാവു ചലിച്ചു, കൂര്‍ത്ത അരിപ്പല്ലുകള്‍ക്കിടയിലിരുന്ന് പ്രാണി പിടഞ്ഞു, ചിറകുകളില്‍ നിന്നും വേര്‍പെട്ട്, കാലുകളില്ലാതെ, ഉടലില്ലാതെ, പ്രാണിത്തല ചിരിച്ചു, അതിലെ വെള്ളിരോമങ്ങള്‍ എഴുന്നുനിന്നു, “എനിക്കൊന്നും ഓര്‍മ്മയില്ലാ, ഓര്‍മ്മയില്ലാ, ഓര്‍മ്മയില്ലാ”.

ഓര്‍മ്മകളില്ലാതെ ഞാന്‍ സുഖമായി ഉറങ്ങി.

കമ്പിയഴികളില്‍ക്കൂടി അകത്തുകടന്ന പ്രഭാതത്തില്‍ ജയിലിലെ സെല്ലില്‍ ഇരുമ്പുകട്ടിലില്‍ വൃദ്ധന്‍ ചത്തുകിടന്നു. ഒന്നുമറിയാതെ, ഉറക്കത്തില്‍ സംഭവിച്ച സ്വാഭാവിക മരണം. വായില്‍ നിന്നും പുറത്തേയ്ക്കൊഴുകിയ കഫവും രക്തവും മെത്തയിലേയ്ക്കു പടര്‍ന്നുകിടന്നു. മഞ്ഞനിറമുള്ള നരച്ച തലയണ രക്തത്തില്‍ക്കുതിര്‍ന്ന് അല്പം മാറി നിലത്തുകിടന്നു.

ഒരാളെ കൊന്നതിനാണ് എന്നെ ജയിലിലടച്ചത്. ശങ്കരന്‍ പിള്ള എന്ന കിഴവനെ.

11/12/2008

പോത്ത്

ഒരു കഥ - ചിന്തയില്‍ വായിക്കു.

10/27/2008

പുസ്തക പ്രകാശനം


(ഇടതുനിന്നും വലതേയ്ക്ക് - ഡി. വിനയചന്ദ്രൻ, റെയ്ൻബോ രാജേഷ്, കാക്കനാടൻ, ഞാൻ, ബി. മുരളി) - തുളസി ഒപ്പിയ ചിത്രം.

അങ്ങനെ പുസ്തകം പുറത്തിറങ്ങി.

ഇന്ന് വൈകുന്നേരം കാക്കനാടൻ ബി.മുരളിക്ക് നൽകി പുസ്തകം പ്രകാശിപ്പിച്ചു. ഡി. വിനയചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. റെയിൻബോ രാജേഷ് സ്വാഗതം പറഞ്ഞു, മനു ഗോപാൽ ആശംസകളർപ്പിച്ച് ഒരു കഥ വായിച്ചു. ഞാൻ നന്ദി പറഞ്ഞു.

പുസ്തകം വാങ്ങേണ്ടവർക്ക് മോബ് ചാനലിൽ നിന്നോ സ്മാർട്ട് നീ‍ഡ്സിൽ നിന്നോ വാങ്ങാവുന്നതാണ്. റെയ്ൻബോയുടെ ചെങ്ങന്നൂരുള്ള ഓഫീസിൽ നിന്നും പുസ്തകം വാങ്ങാം. യു.എ.ഇ-ഇൽ പുസ്തകം ആവശ്യമുള്ളവർ എനിക്ക് ഒരു മെയിൽ അയയ്ക്കൂ.

10/26/2008

കക്കയം

കോഴിക്കോട് നഗരത്തില്‍ നിന്നും 63 കിലോമീറ്റര്‍ അകലെയാണ് കക്കയം ഡാം. ഡാമിലേയ്ക്ക് പോകുന്ന വഴി കാടാണ്. ഇടതുവശത്തായി ആ‍കാശം മറച്ചുനില്‍ക്കുന്ന വന്മരങ്ങളുടെ ഇടയില്‍ അല്പം അകത്തേയ്ക്കു ചെന്നാല്‍ ഒരു ചെറിയ കെട്ടിടം കാണാം. അതാണ് കക്കയം കാമ്പ്. ആളനക്കം കുറഞ്ഞ ഒരു പഴയ കെട്ടിടം. അത്രയേ ഉള്ളൂ.

തുരുമ്പുപിടിച്ച ഗേറ്റ് കടക്കുമ്പോള്‍ ചീഞ്ഞ ഇലകളുടെ പതുപതുപ്പും മണവുമുള്ള ഇടവഴി കെട്ടിടത്തിലേയ്ക്കു നീളുന്നു. വലിയ വളപ്പില്‍ ഉയര്‍നുനിന്ന മഹോഗണിമരങ്ങളുടെ പുറമ്പട്ടകളില്‍ മുറിവടയാളങ്ങളില്ല. പാതയില്‍ പൊട്ടിയ ചെരുപ്പുകളോ തുരുമ്പിച്ച വാക്കത്തികളോ കിടക്കുന്നില്ല. കെട്ടിടത്തിന്റെ വിളറിയ മഞ്ഞച്ചായമടിച്ച ചുമരില്‍ ചുമരില്‍ ചോര പുരണ്ടിട്ടില്ല. ചുറ്റും സൌന്ദര്യമാണ്. സ്റ്റേഷനു മുന്‍പിലെ പൂന്തോട്ടത്തില്‍ മനോഹരമായ റോസാപ്പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്നു. അല്പം ദൂരെയായി ചക്രങ്ങളില്ലാതെ തുരുമ്പിച്ചുകിടക്കുന്ന പോലീസ് വാഹനത്തിന്റെ അസ്ഥികൂടത്തില്‍ പടര്‍ന്നുകയറിയ മുല്ലവള്ളികള്‍ പൂത്തുനില്‍ക്കുന്നു. മഞ്ഞ് മേഘം പോലെ കെട്ടിടത്തെ ചൂഴ്ന്നുനില്‍ക്കുന്നു. ഇന്‍സ്പെക്ടറുടെ മുറി പുറത്തുനിന്നും താഴിട്ട് പൂട്ടിയിരിക്കുന്നു. അതിനു മുന്‍പില്‍ ഒരു പീഠത്തില്‍ പാറാവുകാരന്‍ ഇരുന്ന് ഉറക്കം തൂങ്ങുന്നു.

ക്രമമായ ശ്വാസോച്ഛ്വാസത്തില്‍ പാറാവുകാരന്റെ കൊമ്പന്മീശ വിറയ്ക്കുന്നുണ്ടായിരുന്നു. സുനില്‍ ചുമച്ചു. ഞങ്ങളെ നോക്കാന്‍ തുറന്ന പാറാവുകാരന്റെ കണ്ണുകള്‍ അകത്തേയ്ക്ക് കുഴിഞ്ഞ് പീളകെട്ടിയിരുന്നു. തുരുമ്പുപിടിച്ച ശബ്ദത്തില്‍ അയാള്‍ പറഞ്ഞു.
“ഏമാന്‍ സ്ഥലത്തില്ല. നാളെ വാ”.
“സര്‍, ഞങ്ങള്‍ പത്രത്തില്‍ നിന്നാണ്. ക്യാമ്പ് ഒന്നു ചുറ്റി കണ്ടോട്ടേ?”.
“നാളേ വരൂ, ഇന്ന് പറ്റില്ല”.
സുനില്‍ ഒന്നും മിണ്ടാതെ പോക്കറ്റില്‍ നിന്നും വിത്സ് പാക്കറ്റ് പുറത്തെടുത്തു. പോലീസുകാരന് നേരേ നീട്ടിയ സിഗരറ്റ് അയാള്‍ വാങ്ങിയെങ്കിലും ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെച്ചതേയുള്ളൂ. സിഗരറ്റ് കത്തിക്കാന്‍ ലൈറ്ററില്ല. “സര്‍, തീപ്പട്ടി കാണുമോ?”

പോലീസുകാരന്‍ അലോസരത്തോടെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. പാന്‍സിന്റെ മുന്‍പോക്കറ്റില്‍ നിന്നും മഞ്ഞ ലേബലൊട്ടിച്ച തീപ്പട്ടി പുറത്തെടുത്തു. അത് തുറന്ന് കത്തിക്കാനായി കൊള്ളിയെടുത്ത നിമിഷത്തില്‍ എല്ലുദ്രവിപ്പിക്കുന്ന നീണ്ട നിലവിളി കെട്ടിടത്തിനുള്ളില്‍ നിന്നുയര്‍ന്നു. അതിന്റെ ആവൃത്തിയില്‍ കെട്ടിടത്തിന്റെ ചുമരില്‍ തൂങ്ങിനിന്ന പഴയ കലണ്ടര്‍ വിറച്ചു. തുടങ്ങിയതുപോലെതന്നെ നിലവിളി പൊടുന്നനെ നിന്നു. ഒന്നും സംഭവിക്കാത്ത മട്ടില്‍ പോലീസുകാരന്‍ സിഗരറ്റിനു തീ കൊളുത്തി, കത്തുന്ന കൊള്ളി സുനിലിന് നേര്‍ക്കുനീട്ടി. മരവിച്ചുനിന്ന സുനില്‍ ഞെട്ടിയതുപോലെ പെട്ടെന്ന് സിഗരറ്റ് കത്തിച്ചു. “അതാരുടെ ശബ്ദമാണ്?”. “ആ, ചത്തുപോയ ഏതോ ഒരു - നിങ്ങള്‍ പോണം”. സുനിലിന്റെ കണ്ണുകള്‍ ശൂന്യമായി. പോലീസുകാരന്‍ സിഗരറ്റ് ചുണ്ടുകൊണ്ട് കടിച്ചുപിടിച്ച് സാവധാനത്തില്‍ അകത്തേയ്ക്കു വലിച്ചു. മൂക്കില്‍ നിന്നും വായില്‍ നിന്നും പുക ഒഴുകി തണുത്ത അന്തരീക്ഷത്തില്‍ കെട്ടിനിന്നു. “ആരാണ് സര്‍?”. “ആ, ഏതോ ഒരുത്തന്‍. അവനൊന്നും തന്തയുമില്ല, തള്ളയുമില്ല, പേരുമില്ല. പോണം മിസ്റ്റര്‍”.

ഗേറ്റു കടന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ പാറാവുകാരന്‍ ചുമരില്‍ ചാഞ്ഞിരുന്ന് ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. മഞ്ഞും മരങ്ങളും കെട്ടിടവും ഉറങ്ങുന്നുണ്ടായിരുന്നു.

10/22/2008

മരണത്തിന്റെ വക്കില്‍ നിന്നും ഒരു യുവതി രക്ഷപെടുന്നു

കഴിഞ്ഞ ഈദ് അവധിയ്ക്ക് ഞങ്ങള്‍ രണ്ടുപേര്‍ ഒമാനില്‍ പോയി. മസ്കറ്റില്‍ താമസിക്കുന്ന കൂട്ടുകാരനുമൊത്ത് ഒമാനിലെ ഒരു വലിയ പ്രദേശമാകെ മൂന്നു ദിവസം ഞങ്ങള്‍ ഡ്രൈവ് ചെയ്തു. തിവി എന്ന കടലോര ഗ്രാമം, സൂര്‍ എന്ന പുരാതന തുറമുഖനഗരം, വലിയ കടലാമകള്‍ മുട്ടയിടാന്‍ വരുന്ന റാസ് അല്‍-ജിന്‍സ് എന്ന സംരക്ഷിത തീരം, വാദി അല്‍-കബീര്‍ എന്ന സുന്ദരമാ‍യ കാട്ടുറവ, വാദി ബനി-ഖാലിദ്, നിസ്വ എന്ന പഴയ നഗരവും കോട്ടയും, ഇതെല്ലാം ആസ്വദിച്ച് ഒടുവില്‍ ജബല്‍-ഷംസ് എന്ന മലയുടെ അടിവാരത്തിലെത്തി. സമുദ്രനിരപ്പില്‍ നിന്ന് 2900 മീറ്റര്‍ ഉയരമുള്ള ഈ മല ഒമാനിലെ ഏറ്റവും ഉയരം കൂടിയ ഭൂ‍പ്രദേശമാണ്. 4-വീല്‍ ഡ്രൈവ് വാഹനങ്ങളെ മാത്രമേ മുകളിലേയ്ക്ക് കടത്തിവിടുകയുള്ളൂ. അത്രയും ചരിവു കൂടിയ കയറ്റങ്ങളും ഇറക്കങ്ങളുമാണ്. ഞങ്ങള്‍ മലമുടിയിലേയ്ക്ക് വണ്ടിയോടിച്ചു. മുകളില്‍ ഒരിടത്ത് പാര്‍ക്ക് ചെയ്തിട്ട് നടന്നുതുടങ്ങി. കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ കൂട്ടുകാരെക്കാള്‍ പിറകിലായി. മലയിടുക്കുകളില്‍ പഴയ നാഗരികതയുടെ അവശിഷ്ടങ്ങള്‍, ചെങ്കല്‍ വീടുകള്‍, കാട്ടാടുകള്‍, ഇവയ്ക്കിടയിലൂടെ നടന്ന് ഒരു കൊക്കയുടെ അടുത്തെത്തി. ഒരു ചെറിയ കരച്ചില്‍ കേള്‍ക്കുന്നതുപോലെ.

ഞാന്‍ ശബ്ദം കേട്ട ദിക്കിലേയ്ക്ക് നടന്നു. ഒരു യുവതി കൊക്കയുടെ വക്കില്‍ നിന്ന് കരയുകയാണ്. ആത്മഹത്യ ചെയ്യാന്‍ വന്നതാവണം. ധൈര്യമില്ലാതെ ചാടാനും വയ്യ, തിരിയാനും വയ്യ എന്ന അവസ്ഥയിലാണ്. എനിക്കു വിചിത്രമായി തോന്നിയത് അല്പം വട്ടമുഖമുള്ള ഈ പെണ്‍കുട്ടി ഒരു കസവുസാരി ഉടുത്തിരിക്കുന്നു എന്നതാണ്. കയ്യിലും കാതിലും അലങ്കാരങ്ങള്‍ അണിഞ്ഞിട്ടുണ്ട്, സുന്ദരിയാണ് - ഈ പ്രവാസഭൂമിയില്‍, വരണ്ട ലോകത്തിന്റെ ഒരു കോണില്‍, ഓണം കേറാമൂലയില്‍ ഒരു മലയാളി യുവതി - ഈശ്വരാ, ആരെങ്കിലും ചതിച്ചിട്ടുപോയതാവണം. പല ക്രൂരകഥകളും എന്റെ മനസിലെത്തി. ഇവള്‍ ഈ കൊക്കയില്‍ നിന്ന് - നിമിഷങ്ങള്‍ മാത്രം അകലമുള്ള ദുരന്തം മനസില്‍ കണ്ട് ഞാന്‍ നടുങ്ങി.

“എന്താ ഈ കാണിക്കുന്നത്? അബദ്ധം കാണിക്കാതെ, തിരിച്ചുവരൂ”.
കരച്ചില്‍ കൂടിയതേ ഉള്ളൂ.

ഞാന്‍ കുറെ നേരം എന്തൊക്കെയോ പറഞ്ഞു. പെണ്‍കുട്ടികളെ പറഞ്ഞുമയക്കുന്നതിന് ഒരു മര്‍മ്മം ഉണ്ട്. അതെനിക്കറിയാം. എന്നിട്ടും അവള്‍ മനസു തുറക്കുന്നില്ല; ഞാന്‍ പറയുന്നതെല്ലാം നിശബ്ദം കേട്ടുകൊണ്ട് നില്‍ക്കുന്നതേയുള്ളൂ. കുറെ നേരത്തിനു ശേഷം ഇമ്പമുള്ള സ്വരത്തില്‍ ഇത്രമാത്രം ചോദിച്ചു. “നിങ്ങള്‍ ആരാണ്?”

“ഞാനോ? ഞാനാരുമല്ല - അല്ല, ഞാനൊരു കഥാകൃത്താണ്”.

ഇതു കേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു. അവള്‍ക്ക് കഥകള്‍ ഇഷ്ടമാണെന്നറിഞ്ഞപ്പോള്‍ എന്റെ ഉള്ളിലെവിടെയോ പൊള്ളി. തോള്‍സഞ്ചിയില്‍ നിന്നും ഞാനെന്റെ പുസ്തകം പുറത്തെടുത്തു. “താഴെ വരൂ, ഞാനെഴുതിയ കഥകള്‍ വായിച്ചുതരാം”.

അവള്‍ മടിച്ചുനിന്നു. ഒടുവില്‍ നീട്ടിക്കൊടുത്ത വിരല്‍ത്തുമ്പുപിടിച്ച് താഴെയിറങ്ങി. മലഞ്ചരുവിലിരുന്ന് ഞാനവള്‍ക്കു കഥകള്‍ വായിച്ചുകൊടുത്തു.

സുഹൃത്തുക്കളേ, ഞാന്‍ പുസ്തകം ഇറക്കിയതുകൊണ്ടു മാത്രം രക്ഷപെട്ട ആ പെണ്‍കുട്ടി മറ്റാരുമല്ല, മലയാള സാഹിത്യമായിരുന്നു.

10/21/2008

കാമം (ആമുഖം)

വീടിനു പിറകില്‍ ആകെ എട്ടുസെന്റ് സ്ഥലമേയുള്ളൂ. മൂന്നുചുറ്റും ചുടുകട്ട കെട്ടി തിരിച്ച വളപ്പ് മൊത്തം കാടാണ്. രണ്ട് മാവും ആറ് തെങ്ങുകളും നില്‍പ്പുണ്ടെങ്കിലും ഒന്നിനും അടുത്തെത്താന്‍ വയ്യാതെ കാടുപിടിച്ചു കിടന്നതുകൊണ്ടാണ് വെട്ടിത്തെളിക്കാന്‍ ആളെ വിളിച്ചത്.

രാജീവിന് വേണമെങ്കില്‍ തനിയേ വെട്ടിത്തെളിക്കാവുന്നതേ ഉള്ളൂ. പക്ഷേ പറയുന്നത് അവിടൊക്കെ പാമ്പ് കാണുമെന്നാണ് - കള്ളനാണ്; അധികം മേലനങ്ങുന്ന ജോലിയൊന്നും രാജീവ് ചെയ്യാറില്ല. അവധി ദിവസങ്ങള്‍ ഉറങ്ങിയും മാസിക വാ‍യിച്ചും ടി.വി. കണ്ടും തീര്‍ക്കാനുള്ളതാണെന്നാണ് മൂപ്പരുടെ വിചാരം. മുപ്പത്തിനാലു വയസ്സിലേ വയറ് കുടം പോലെയായി. നിധിയ്ക്ക് മോനെ നോക്കണം. വീട്ടിലെ ജോലികള്‍ ചെയ്യണം. എന്നിട്ടും തടിവെച്ചിട്ടുണ്ട് - കൊഴുത്തിട്ടുണ്ട് എന്നു പറയുന്നതാവും ശരി. കണ്ണാടിക്കു മുന്നില്‍ നിന്ന് വലിപ്പം വര്‍ദ്ധിച്ച കവിളുകളിലും മുലകളിലും ഇടുപ്പിലും തുടകളിലും പഴയ സൌന്ദര്യം തിരയുമ്പോള്‍ അവള്‍ക്ക് വിഷമമാണ് - രാജീവേട്ടന്‍ പെണ്ണുകാണാന്‍ വന്ന് ഒന്നേ നോക്കിയുള്ളൂ - ഇല്ല, ഇന്നും സൌന്ദര്യം അത്ര കുറഞ്ഞിട്ടില്ല.

അവള്‍ ഒരു കപ്പ് ചായ രാജീവിനു കൊടുത്തു. ട്രേയില്‍ പണിക്കാര്‍ക്കു കൊടുക്കാന്‍ മോളെ വിട്ടതാണ്. അവള്‍ പണിക്കാരുടെ അടുത്ത് കളിച്ചുകൊണ്ടു നില്‍ക്കുന്നു. “സുന്നരിക്കോതേ” - പോച്ച വെട്ടിക്കൊണ്ടിരുന്നയാളുടെ കയ്യില്‍ മോള്‍ തൂങ്ങി ഊഞ്ഞാലാടുന്നു. മുഷ്ടിചുരുട്ടി നീട്ടിപ്പിടിച്ച കയ്യില്‍ ഞരമ്പുകള്‍ തെറിച്ചു നില്‍ക്കുന്നു. അരയില്‍ ഞാത്തിയിട്ടിരിക്കുന്ന കത്താളിന്റെ വായ്ത്തല വെയിലടിച്ച് തിളങ്ങുന്നു. വടിവൊത്ത കഴുത്തില്‍ നിന്ന് കിനിഞ്ഞിറങ്ങുന്ന വിയര്‍പ്പുതുള്ളികള്‍ തോളെല്ലില്‍ ഉരുളുന്ന പേശികള്‍ കടന്ന് കൊത്തിയെടുത്ത ഉരുക്കുകൈകളിലൂടെ - വിയര്‍പ്പിറ്റുന്ന മുതുകിലെ ഉയര്‍ന്നുതാഴുന്ന കുഴികളിലൂടെ, ചുരുണ്ട രോമങ്ങള്‍ നിറഞ്ഞ് വിരിഞ്ഞുയര്‍ന്ന മാറിലൂടെ, എണ്ണിയെടുക്കാവുന്ന വാരിയെല്ലുകളിലൂടെ, പേശികള്‍ തെറിച്ച വയറിലൂടെ ഒതുങ്ങിയ അരക്കെട്ടില്‍ - അയാള്‍ തിരിഞ്ഞുനോക്കി. കുറ്റിത്താടി വടിക്കാത്ത കവിളിനും മെലിഞ്ഞ കൊമ്പന്‍ മീശയ്ക്കും ഇടയ്ക്ക് വരണ്ട ചുണ്ടുകള്‍ ഭവ്യതയോടെ ചിരിച്ചു. “വാ” - അവള്‍ മോളെയും വിളിച്ച് അകത്തേയ്ക്കു പോയി. പണിക്കാര്‍ പുല്ലുവെട്ട് തുടര്‍ന്നു.

ടി.വി. പരിപാടികള്‍ മിക്കതും ചവറാണ്. നിധി ചാനലുകള്‍ മാറ്റി - കാണാന്‍ കൊള്ളാവുന്നത് ഒന്നുമില്ല. കറങ്ങി പഴയ ചാനലില്‍ തന്നെ തിരിച്ചെത്തി.

“എടീ, അവര്‍ക്ക് ഈ കാശെടുത്തു കൊടുക്കൂ” - ഇരുന്നൂറു രൂപ ഊണുമേശപ്പുറത്തുവെച്ച് രാജീവ് കുളിക്കാന്‍ കയറി. അഞ്ചുമിനിട്ട് കഴിഞ്ഞില്ല, പണിക്കാരന്‍ മുന്നില്‍ വന്നു. മുന്‍പ് മരത്തില്‍ ഞാത്തിയിട്ടിരുന്ന ഷര്‍ട്ട് ധരിച്ചിട്ടുണ്ട്. “എത്രയായി”? “ഇരുന്നൂറ് ചേച്ചീ”. “ഇരുന്നൂറോ? ഇത്രയും പോച്ച വെട്ടിയതിനോ? നൂറു രൂപയുടെ പണിയില്ല. ഇതാ, നൂറ്റി ഇരുപതുണ്ട്”. അയാള്‍ ഇടതുകൈ കൊണ്ട് ചുരുണ്ട തലമുടി ചൊറിഞ്ഞു. “എന്നു പറഞ്ഞാലെങ്ങനെയാ ചേച്ചീ. ഞാന്‍ സാറിന്റടുത്ത് പറഞ്ഞിരുന്നതാണല്ലോ. കൂടെ വന്ന പയ്യനുതന്നെ എഴുപതു രൂപാ കൊടുക്കണം” - അയാള്‍ക്ക് തന്നെക്കാളും പ്രായം കാണും. എന്നിട്ടും ചേച്ചീ എന്ന് വിളിക്കുന്നു. ക്ഷോഭമില്ലാത്ത സ്വരത്തില്‍ ഭവ്യതയോടെ, കാലിലെ റബര്‍ ചെരുപ്പില്‍ നോക്കിയാണ് - “ഇല്ല, നൂറ്റിയിരുപത് രൂപയേ പറ്റൂ” - അയാള്‍ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ നിധി വിയര്‍ക്കുന്നു. അവളുടെ നെറ്റിയില്‍ തിളങ്ങുന്ന വിയര്‍പ്പുതുള്ളികള്‍. കഴുത്തില്‍ നനവ് - അവള്‍ കയ്യുയര്‍ത്തി കഴുത്തു തുടച്ചു. - “നൂറ്റിയിരുപത്” എന്ന് ശബ്ദം ഉയര്‍ന്നപ്പോള്‍ ചുണ്ടുകള്‍ വിറച്ചു, അയാളുടെ മുഖത്ത് ഒരു പുഞ്ചിരിപോലെ എന്തോ ഒരു നിമിഷം മാത്രം മിന്നിമറഞ്ഞു, വീണ്ടും ഭവ്യതയോടെ “ഓ” എന്നുപറഞ്ഞ് അയാള്‍ കാശ് കൈനീട്ടിവാങ്ങിച്ച് പടിയിറങ്ങി. അവള്‍ വാതിലടച്ചു.

“മോളേ, ഇന്നു വന്ന പണിക്കാരനെ ഇനി വിളിക്കരുതെന്ന് അച്ഛനോടു പറയണം”.
“എന്താ അമ്മേ, നല്ല അങ്കിളായിരുന്നു”.
“ഛി, അസത്തേ, പറയുന്നത് കേട്ടാല്‍ മതി” - നിധി ഫാനിന്റെ സ്പീഡ് കൂട്ടിയിട്ടു.

10/19/2008

ആരാണ് എന്നെ ഒടിമന്ത്രവാദം ചെയ്തത്?

ആരാണ് എന്നെ ഒടിമന്ത്രവാദം ചെയ്തത്? സമയം ഇതാ, കാലത്തേ 5.17 ആയിരിക്കുന്നു. ഞാന്‍ ഇതുവരെ ഉറങ്ങിയിട്ടില്ല. ഇന്നലെവരെ നന്നായി ഉറങ്ങിക്കൊണ്ടിരുന്നതാണ്. സന്തോഷത്തോടെ ഇരുന്നതാണ്. ഇന്ന് രാവിലെ എനിക്കൊരു കസ്റ്റമറിന്റെ അടുത്ത് പോവേണ്ടതാണ്. 10 മണിക്ക്. ഓഫീസില്‍ പോവാന്‍ 28 കിലോമീറ്റര്‍ കാറോടിക്കണം. കസ്റ്റമറിന്റെ അടുത്തേയ്ക്ക് പിന്നെയും ഓടിക്കണം. വൈകിട്ട് 5 മണിവരെ ഓഫീസില്‍ ഇരുന്ന് വീണ്ടും തിരിച്ച് കാറോടിക്കണം. കാര്‍ എവിടെയെങ്കിലും ഇടിക്കാന്‍ എനിക്ക് പേടിയില്ല. പക്ഷേ പുതിയ കാറാണ്, 8 മാസമേ ആയുള്ളൂ. ഞാന്‍ ഇതുവരെ ഈ കാര്‍ ഒരിടത്തും കൊണ്ടിടിച്ചില്ല. അങ്ങനെ ഒരു വിഷമമേ ഉള്ളൂ. ആരെങ്കിലും ആഭിചാരം ചെയ്യാതെ ഉറക്കം പോവില്ല. ആരാണ്?

ഞാന്‍ ബ്ലോഗില്‍ അധികം ആരെയും ദ്രോഹിച്ചിട്ടില്ല. ഒരു യുവ കവിയെ കുറെയൊക്കെ ദ്രോഹിച്ചിട്ടും കളിയാക്കിയിട്ടും ഉണ്ട്. അദ്ദേഹം അല്ല. അദ്ദേഹം അങ്ങനെയൊന്നും ചെയ്യില്ല. രാജീവ് ചേലനാട്ടിനെയും മാരീചനെയും നമതിനെയും ഒക്കെ വിഷമിപ്പിച്ചിട്ടുണ്ട്. പക്ഷേ അവര്‍ക്കൊന്നും ദേഷ്യമുണ്ടാവാന്‍ വഴിയില്ല. പിന്നെ ആരാണ്. എന്തിനാണ്. പുസ്തകം ഇറക്കുന്നതിലുള്ള കണ്ണുകടിയാണോ? അതില്‍ വല്യ കാര്യമില്ല. ഞാന്‍ അഹങ്കാരിയും കൂട്ടുകൂടാത്തവനും ആയതാണോ? അഹങ്കാരം ഒട്ടൊക്കെ ഉണ്ട്, അത് സത്യമാണ്, പക്ഷേ എനിക്കു പുതിയ കൂട്ടുകാരെ പേടിയാണ്. സ്ഥിരം സംസാരിക്കുന്ന നാലോ അഞ്ചോ കൂട്ടുകാരുണ്ട്. പിന്നെ ബി.ടെക്കിനു കൂടെപ്പഠിച്ച കുറച്ച് കൂട്ടുകാരും ഉണ്ട്. അവരെ മാത്രമേ വിശ്വാസമുള്ളൂ. എന്റെ സ്വഭാവം കാരണമാണ്. ഞാന്‍ പെട്ടെന്ന് ആളുകളെ വിശ്വസിക്കും. തോന്നുന്നതൊക്കെ വിളിച്ചു പറയും. അതിലും നല്ലത് അധികം കൂട്ടുകൂടാത്തതാണ്. ഏകാന്തത സാരമില്ല. ഞാന്‍ അതുമായി യൂസ്ഡ് ആയി. സ്വന്തം കൂട്ട് ആസ്വദിക്കാന്‍ പഠിച്ചു.

സ്ഥിരം കിടക്കുന്ന കട്ടിലില്‍ മൂന്നു വരികള്‍ക്കു മീതേ ഒരു പ്ലൈവുഡ് പലക വെച്ചിട്ടാണ്. അതില്‍ ഒരു വരി ഇളകി. ഇന്നലെ മെത്തവിരിച്ച് തറയില്‍ കിടന്നതാണ്. ഉറക്കം വന്നില്ല. കമ്പ്യൂട്ടര്‍ ഇടയ്ക്കിടെ തനിയെ സ്ലീപ്പ് മോഡിലേക്ക് പോയും വീണ്ടും എഴുന്നേറ്റ് ബഹളമുണ്ടാക്കിയും ഇരുന്നു. ഞാന്‍ കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു കഥ തുടക്കം മുതല്‍ അവസാനം വരെ സ്വപ്നം കണ്ടു - quite depressing one. 4 മണി ആ‍യപ്പോള്‍ സോഫയില്‍ വന്നു കിടന്നു. എന്നിട്ടും ഉറങ്ങിയില്ല. അകത്തെ മുറിയില്‍ ഒരു വലിയ കട്ടിലുണ്ട്. അവിടെയും കിടന്നുനോക്കി. അതല്ല - എനിക്കറിയാം.

ആരോ എന്റെ ഒരു നൂല്‍പ്പാവ ഉണ്ടാക്കിയിട്ട് അത് തിരിച്ചും മറിച്ചും കളിക്കുവാണ്. ഞാന്‍ ഉറങ്ങിത്തുടങ്ങുമ്പോള്‍ ഒന്നു കുടയും, തിരിച്ചിടും, മറിച്ചിടും, കാലില്‍ നിന്നും പുതപ്പുവലിക്കും. നീളമുള്ള കമ്പിളിപ്പുതപ്പാണ്. ഇന്നലെമാത്രമെന്താ നീളമെത്താത്തത്?

നോക്കിക്കോ, നിങ്ങള്‍ എവിടെയായാലും ഞാന്‍ പോലീസിനെക്കൊണ്ട് പിടിപ്പിക്കും. എനിക്ക് നിങ്ങളെ ദ്രോഹിക്കണമെന്നില്ല. പക്ഷേ പോലീസ് ഈ നൂല്‍പ്പാവ നിങ്ങളുടെ കയ്യില്‍ നിന്നും പിടിച്ചുവാങ്ങിക്കും. അതിനെ ഒരു കണ്ണാടിക്കൂട്ടില്‍ കിടത്തി തലവഴിയേ പുതപ്പിക്കും. അനക്കാന്‍ സമ്മതിക്കില്ല. ഞാന്‍ സുഖമായി ഉറങ്ങും.

ആരായാലും എന്നെ എന്തിനാണിങ്ങനെ ദ്രോഹിക്കുന്നത്? എനിക്ക് ഉറങ്ങണം.

അവകാശികളുണ്ടോ?

വഴിയില്‍ക്കിടന്ന് ഒരു സ്വപ്നം കളഞ്ഞുകിട്ടി. ഉടമസ്ഥന്‍ തെളിവുസഹിതം അവകാശപ്പെട്ടാല്‍ തിരിച്ചുനല്‍കുന്നതാണ്.

---
എന്റെ പൊന്നേ, ജീവിതം എന്തൊരു സാധനമാണ്. Life seems suddenly good. I'm starting to DREAM again!

10/18/2008

100-ആം പോസ്റ്റ് - ശില്പി

കൊല്ലം ജവഹര്‍ ബാലഭവനും പബ്ലിക് ലൈബ്രറിയും വീട്ടിന് അടുത്താണ്. അഞ്ഞൂറു മീറ്റര്‍ നടന്ന് കര്‍ബല ജങ്ങ്ഷന്‍ കഴിഞ്ഞ് റെയില്‍‌വേ നടപ്പാലം കടന്നാല്‍ ബാലഭവന്‍ എത്തും. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ അവിടെ കുറച്ചുനാള്‍ വരപ്പും പിന്നീട് രണ്ടു വര്‍ഷത്തോളം ക്ലേ മോഡലിങ്ങും പഠിക്കാന്‍ പോയിരുന്നു.

തിരക്കുപിടിച്ച സ്ഥലത്താണെങ്കിലും ബാലഭവന്‍ വളരെ ശാന്തമാണ്. ഓടിട്ട കെട്ടിടം. അതിന്റെ വശത്തായി ബേക്കര്‍ മാതൃകയില്‍ നിര്‍മ്മിച്ച ഒരു വലിയ ആഡിറ്റോറിയം ഉണ്ട്. കെട്ടിടത്തിനു മുന്‍പില്‍ ഒരു പഴയ റ്റൂ-സീറ്റര്‍ പ്ലെയിന്‍. (അതിലൊക്കെ കയറിയിരുന്ന് സീറ്റിനു മുകളിലെ കണ്ണാടിക്കൂടു വലിച്ചിട്ട് വിമാനം പറപ്പിക്കുന്നതുപോലെ അഭിനയിക്കാം). ബാലഭവനില്‍ ശാസ്ത്രീയസംഗീതം, ഗിറ്റാര്‍, വയലിന്‍, തബല, വര, യോഗാഭ്യാസം, ക്ലേ മോഡലിങ്ങ്, തുടങ്ങിയ കോഴ്സുകളും മുതിര്‍ന്നവര്‍ക്കായി കമ്പ്യൂട്ടര്‍ ക്ലാസുകളും നടത്തിയിരുന്നു‍. (ഇപ്പൊഴും മിക്ക കോഴ്സുകളും കാണണം).

എന്നെ ക്ലേ മോഡലിങ്ങ് പഠിപ്പിച്ചിരുന്നത് മോഹന്‍‌രാജ് എന്ന സര്‍ ആയിരുന്നു. മദ്രാസ് ഫൈന്‍ ആട്ട്സ് കോളെജില്‍ നിന്നും പഠിച്ചിറങ്ങിയ ആള്‍. മറ്റ് കുട്ടികള്‍ കുറവാണ്. മിക്കപ്പൊഴും ക്ലാസിന് ഞാനും സാറുമേ കാണൂ. ചിലപ്പോള്‍ എന്റെ അനിയത്തിയും കാണും. മറ്റ് മൂന്നുനാല് പേര്‍ തോന്നുമ്പോള്‍ വരും, തോന്നുമ്പോള്‍ പോവും. അന്ന് ബാലഭവനിലെ ശമ്പളം വളരെ കുറവായിരുന്നു. (ഇന്നെങ്ങനെയാണെന്ന് അറിയില്ല). ശില്പികള്‍ എന്നു കേള്‍ക്കുമ്പോള്‍ എം.വി. ദേവനെയും കാനായി കുഞ്ഞിരാമനെയുമൊക്കെയേ നമുക്ക് സാധാരണ ഓര്‍മ്മവരാറുള്ളൂ. പക്ഷേ ഇങ്ങനെ ശില്പകല പഠിച്ചിറങ്ങി വളരെ കഷ്ടപ്പെട്ടു ജീവിക്കുന്ന പലരും ഉണ്ടെന്ന് സാറിനെ പരിചയപ്പെട്ടപ്പൊഴാണ് അറിഞ്ഞത്. (രണ്ട് വര്‍ഷത്തിനു ശേഷം സാറും കുടുംബവും ബോംബെയിലേയ്ക്കു പോയി - സാറിന് ഏതോ ഒരു പ്ലാസ്റ്റിക്ക് നിര്‍മ്മാണ കമ്പനിയില്‍ ജോലികിട്ടി). സര്‍ ഒരിക്കല്‍ മനോഹരമാ‍യ ശില്പം ഉണ്ടാക്കിയതും, അതുകണ്ട് ബാലഭവന്‍ അധികൃതര്‍ “നിങ്ങള്‍ ശില്പം ഉണ്ടാക്കുകയല്ല, കുട്ടികളെക്കൊണ്ട് ഉണ്ടാക്കിക്കുയാണ് വേണ്ടത്” എന്നു പരാതിപ്പെട്ടതും, സര്‍ പിന്നീട് സ്വന്തമായി ഒന്നും ഉണ്ടാക്കാത്തതും ഓര്‍മ്മവരുന്നു. ഒരു ബാലഭവന്‍ കാമ്പിന് കാനായി കുഞ്ഞിരാമന്‍ ക്ലാസെടുക്കാന്‍ വന്നിരുന്നു. കാമ്പുകള്‍ കലാപരിപാടികളുടെ മേളമായിരുന്നു.

ഒരിക്കല്‍ റോട്ടറി ക്ലബ്ബുകാര്‍ സ്കൂള്‍ കുട്ടികള്‍ക്കായി ഒരു ക്ലേ മോഡലിങ്ങ് മത്സരം നടത്തി. ഒരുപാട് സ്കൂളുകളിലെ കുട്ടികള്‍ മത്സരത്തിന് വന്നു. ബാലഭവനു മുന്‍പിലെ ആഡിറ്റോറിയത്തില്‍ വെച്ചാണ് മത്സരം നറത്തിയത്. ‘അമ്മയും കുഞ്ഞും’ ആയിരുന്നു വിഷയം. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രണ്ടു മണിക്കൂര്‍ മത്സര സമയം.

ഞാന്‍ സാമാന്യം നന്നായി ചെയ്തു എന്നാണ് ഓര്‍മ്മ. പിയാത്തയുടെ മോഡലില്‍, കൊച്ചു കുഞ്ഞിനെ മടിയില്‍ കിടത്തി അവന്റെ മുഖത്തേയ്ക്ക് നോക്കുന്ന അമ്മ. കളിമണ്ണ്‍ ഉരുട്ടിവെയ്ച്ച് ഹാക്സോ ബ്ലേഡ് കൊണ്ടും ഈര്‍ക്കിലികൊണ്ടും രാകി രൂപവടിവ് ഒപ്പിക്കണം. അഞ്ചുമണിയോടെ ഭലം പ്രഖ്യാപിച്ചു. എനിക്ക് രണ്ടാം സമ്മാനം കിട്ടി.

സമ്മാനം കിട്ടാത്ത ശില്പങ്ങളുടെ കൂട്ടത്തില്‍ അല്പം വലിയ ഒരു ശില്പവുമുണ്ടായിരുന്നു. അമ്മ കുഞ്ഞിനെ രണ്ടുകൈകള്‍ കൊണ്ടും ആകാശത്ത് ഉയര്‍ത്തിനില്‍ക്കുന്ന അര്‍ദ്ധകായ പ്രതിമ. ഒരടിയോളം വലിപ്പമുണ്ടായിരുന്നു അതിന്. ഒരു ഫിനിഷും ഇല്ലാത്തതുകൊണ്ടാവാം, അതിന് സമ്മാനമൊന്നും കിട്ടിയില്ല. അമ്മയുടെയോ കുഞ്ഞിന്റെയോ മുഖം കൊത്തിയുണ്ടാക്കിയിട്ടില്ല. വെറുതേ നീണ്ട ഗോളങ്ങള്‍ മാത്രം. ശരീരത്തിനു പോലും നേരേ രൂപം കൊടുത്തിട്ടില്ല. സത്യത്തില്‍, മത്സരം തീരേണ്ട സമയം ആയപ്പൊഴും അതുണ്ടാക്കിയ പയ്യന്‍ - പ്രത്യേകിച്ച് ഒന്നും എടുത്തുപറയാനില്ലാത്ത, മുടി ചീവാത്ത ഒരു പൊക്കമില്ലാത്ത കറുത്ത പയ്യന്‍ - പണിതു തീര്‍ന്നിട്ടുണ്ടായിരുന്നില്ല. മത്സരം തീര്‍ന്നു എന്നു പറഞ്ഞിട്ടും അവന്‍ ശില്പം മിനുക്കിക്കൊണ്ടിരുന്നു. ഒടുവില്‍ മാര്‍ക്കിടാന്‍ വന്ന സാറന്മാര്‍ വന്ന് ‘മോനേ, മത്സരം തീര്‍ന്നു, മതി, വീട്ടില്‍ പോവൂ’ എന്നു പറയേണ്ടി വന്നു, അവനെ എഴുന്നേല്‍പ്പിച്ചു വിടാന്‍.

സമ്മാനദാനം പിന്നെയും ഒരാഴ്ച്ച കഴിഞ്ഞാണ്. മത്സരത്തിനുണ്ടാക്കിയ ശില്പങ്ങളെല്ലാം ഉടച്ച് വീണ്ടും ചെളിയാക്കി മാറ്റുമായിരുന്നു. ബാലഭവനില്‍ ഉണ്ടാക്കുന്ന ശില്പങ്ങളുടെയും ഗതി അതുതന്നെയാണ്. ശില്പങ്ങള്‍ വീട്ടില്‍ കൊണ്ടുപോവാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. പിറ്റേ ദിവസം ക്ലേ മോഡലിങ്ങ് ക്ലാസിന് ഞാനും സാറും ഇരിക്കുമ്പൊഴാണ്, ആഡിറ്റോറിയം വൃത്തിയാക്കാന്‍ വന്ന രാജമ്മ വന്ന് “സാറേ‍, നല്ലൊരു ശില്പം, തൂത്തുവാരാന്‍ തോന്നുന്നില്ല, ഒന്നു വന്ന് നോക്കണം” എന്നു പറഞ്ഞത്.

സാര്‍ പോയി, പിന്നാലെ ഞാനും. ആഡിറ്റോറിയത്തിലതാ, അതുവരെ കണ്ടിട്ടില്ലാത്തത്ര മനോഹരമായ ശില്പം. ജീവനുണ്ടെന്നു തോന്നുന്ന കുഞ്ഞിനെ വായുവില്‍ രണ്ടു കൈകൊണ്ടും ഉയര്‍ത്തിപ്പിടിച്ച് അവന്റെ മുഖത്തേയ്ക്കു നോക്കിനില്‍ക്കുന്ന അമ്മ. അമ്മയുടെ കൈകളിലെ വളകള്‍ പോലും യഥാര്‍ത്ഥം പോലെ. അവരുടെ മുഖത്ത് കരുണ. മന്ദഹസിക്കുന്ന ചുണ്ടുകള്‍. ഒരു കണ്ണിലെ കൃഷ്ണമണി നേര്‍ത്ത വൃത്തംപോലെ കാണാം. ഒരു കണ്ണുമാത്രം പണിതീരാതെ മൂടിക്കിടക്കുന്നു. മറ്റെന്തുകൊണ്ടും പരിപൂര്‍ണ്ണം, ഉജ്വലം, മനോഹരം.

ഇന്നലെ ഇങ്ങനെ ഒരു ശില്പമില്ലായിരുന്നു. അത് ഉറപ്പാണ്. സാര്‍ പോയി ബാലഭവന്റെ ഡയറക്ടറെ വിളിച്ചുകൊണ്ടു വന്നു. മൂക്കിലും ചെവിയിലും വെള്ളിരോമങ്ങളുള്ള കണ്ണടവെച്ച മനുഷ്യനാണ് ഡയറക്ടര്‍. ചിത്രരചനയും സംഗീതവും മൃദംഗവും പഠിപ്പിക്കുന്ന അദ്ധ്യാപകരും എത്തി. ആര്‍ക്കും ഈ ശില്പം ആര് ചെയ്തു എന്ന് അറിയില്ല. ആഡിറ്റോറിയം രാത്രി അടച്ചിടുന്നതാണ്.

ആഡിറ്റോറിയത്തിന്റെ വാച്ചറായ തോമാച്ചേട്ടനെ ഒരു കുട്ടിയെ പറഞ്ഞുവിട്ട് വിളിപ്പിച്ചു. തോമാച്ചേട്ടന് ഒരു കണ്ണില്ല. പണ്ട് പാമ്പുകടിച്ചതാണ്. കൃഷ്ണമണിയുടെ സ്ഥാനത്ത് മഞ്ഞനിറം പരന്നുകിടക്കും. തോമാച്ചേട്ടന്‍ എപ്പൊഴും ഷര്‍ട്ട് ഇല്ലാതെ ഒരു തോര്‍ത്തും ഉടുത്ത് നടക്കും. രാത്രി വാച്ച്മാനായി കിടക്കുന്നതു കൂടാതെ തോമാച്ചേട്ടന്‍ രണ്ട് എരുമകളെയും വളര്‍ത്തുന്നുണ്ട്. കൂലിപ്പണിയും ചെയ്യും. കുട്ടികള്‍ക്ക് തോമാച്ചേട്ടനെ പേടിയാണ്.

“സാറെ, എല്ലാരും പോയിക്കഴിഞ്ഞപ്പോള്‍ ഏഴരമണിക്കാണ് ഞാന്‍ വന്നത്. ഇത്തിരി താമസിച്ചുപോയി. ബാലഭവന്‍ പൂട്ടിക്കഴിഞ്ഞ് ആഡിറ്റോറിയത്തിലെ കതകടയ്ക്കാന്‍ വന്നപ്പോള്‍ ഒരു പയ്യന്‍ ഇരുന്ന് കൊത്തുന്നു. പൊക്കമില്ലാത്ത കറുത്ത പയ്യന്‍. ഞാന്‍ അവനെ എണീപ്പിച്ചു വിടാന്‍ ചെന്നു. “ഇവിടെ പൂട്ടണം, വീട്ടീപ്പോടാ”, എന്നു പറഞ്ഞിട്ടും അവന്‍ കേട്ടതുകൂടിയില്ല. അത്രയും ശ്രദ്ധയോടെ തലയും കുനിച്ച് ഇരുന്നു കൊത്തുന്നു. ഞാന്‍ തട്ടിവിളിച്ചപ്പൊഴാണ് അവന്‍ എണീറ്റത്”.

“ചേട്ടാ, അല്പനേരം കൂടി, ഇത് ഇപ്പൊ തീരും, എന്ന് അവന്‍ കെഞ്ചിയപ്പോള്‍ ഞാന്‍ സമ്മതിച്ചു. എനിക്ക് കുറച്ചുനേരമെങ്കിലും കൂട്ടായല്ലോ. പിന്നെ ഒന്നു ചുറ്റിയടിച്ച് ഞാന്‍ എട്ടരയ്ക്കു വന്നപ്പൊഴും ഇവന്‍ കൊത്തിത്തീര്‍ന്നിട്ടില്ല. പക്ഷേ ഉണ്ടാക്കുന്ന ശില്പത്തിന് വല്ലാത്ത ഭംഗി. എന്നാലും കൊച്ചു പയ്യനല്ലേ. അവനു വീട്ടില്‍ പോവണ്ടേ? അവന്റെ വീട്ടുകാര് വിഷമിക്കില്ലേ? എന്റെ നെഞ്ച് ആളി. ഞാന്‍ അവനെ വീണ്ടും വിളിച്ചു. വിളി കേട്ടില്ല. തട്ടിവിളിച്ചു. കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ നോക്കി. വലിച്ചുപൊക്കിയപ്പോള്‍ അവന്റെ കയ്യിലെ ബ്ലേഡ് കൊണ്ട് ശില്പത്തില്‍ അല്പം വര വീണു. അവനു വേദനിച്ചു. അതുകണ്ട് എനിക്കും വിഷമമായി. സാറേ, ഇതേ പ്രായത്തിലുള്ള ഒരു മോന്‍ എനിക്കും ഒള്ളതാ”.

“രാത്രി പത്തുമണിക്ക് ഒരു കാലിച്ചായയും മൂന്നു ചപ്പാത്തിയുമാ സാറേ എന്റെ അത്താഴം. പ്രമേഹം കൂടിയതില്‍പ്പിന്നെ ചോറു തിന്നാറില്ല. ഞാന്‍ ഒരു ചപ്പാത്തിയും അര ഗ്ലാസ് ചായവും അവന്റെ മേശയ്ക്കടുത്തു കൊണ്ടുവെച്ചു. തട്ടിവിളിച്ച് മോന്‍ ഇതും തിന്ന് വീട്ടീപ്പോ എന്നു പറഞ്ഞു. അവന്‍ ദൈന്യം പിടിച്ച ഒരു നോട്ടം നോക്കിയിട്ട് വീണ്ടും കൊത്തു തുടര്‍ന്നു. ഞാന്‍ എന്തു ചെയ്യാനാ സാറേ. ബാക്കി ചപ്പാത്തിയും ചായയും കഴിച്ച് ഞാന്‍ അവനു കൂട്ടിരുന്നു. പന്ത്രണ്ടു മണിയായിട്ടും അവന്‍ തലയുയര്‍ത്തി നോക്കിയില്ല, കഴിക്കാന്‍ കൊടുത്ത ഭക്ഷണം തൊട്ടുപോലുമില്ല. രാവിലെ തൊട്ട് പണിചെയ്തതുകൊണ്ട് എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. ഞാന്‍ രണ്ട് ബെഞ്ച് പിടിച്ചിട്ട് കിടക്കാന്‍ പുതപ്പുവിരിച്ചു. ലൈറ്റ് അണച്ചിട്ട് കിടന്നോണം എന്നും പറഞ്ഞ് ഞാന്‍ കിടന്നു”.

“രാവിലെ ഒരു ബഹളം കേട്ടാ സാറേ ഞാന്‍ എണീറ്റത്. ഒരു സ്ത്രീ നിന്ന് എന്റെ മോനേ എന്നുവിളിച്ച് കരയുന്നു. കൂടെ വന്ന രണ്ട് പുരുഷന്മാരില്‍ ഒരാള്‍ അവനെ ഇരുന്ന ബെഞ്ചില്‍ നിന്നും വലിച്ചുമാറ്റി ഒരു വടിയെടുത്ത് അടിക്കുന്നു. അവന്റെ കണ്ണ് അപ്പോഴും ശില്‍പ്പത്തിലാണ്. അവര് എന്നെ നോക്കി ചീറുന്നു, “നിങ്ങള്‍ക്ക് കണ്ണില്‍ ചോരയില്ലേ? ഇവനെ വീട്ടില്‍ പറഞ്ഞുവിടേണ്ടതിനു പകരം കിടന്നുറങ്ങുന്നു” എന്നുപറഞ്ഞ്. അടികൊണ്ടിട്ടും അവന് പോവാന്‍ മനസ്സില്ലായിരുന്നു. തുടയും തടവിക്കൊണ്ട് അവന്‍ ശില്‍പ്പത്തില്‍ നോക്കി നില്‍ക്കുവാണ്. രാത്രി മുഴുവന്‍ അവന്‍ ഇരുന്ന് പണിതുകാണണം.കയ്യില്‍ പിടിച്ചുവലിച്ച് അവര്‍ അവനെ കൊണ്ടുപോയി”.

തോമാച്ചേട്ടനും ശില്‍പ്പത്തെ നോക്കിനിന്നു. ആരു കണ്ടാലും കണ്ണെടുക്കാത്തത്ര സുന്ദരമായിരുന്നു അത്. അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം “ഈ കുട്ടി ഏതു സ്കൂളില്‍ നിന്ന്‍?” എന്ന് ഡയറക്ടര്‍ ചോദിച്ചു. കണ്ടുപിടിക്കുക എളുപ്പമല്ലായിരുന്നു. “അവനെ കണ്ടെത്തിയാല്‍ അവന് ഒരു പ്രത്യേക സമ്മാനം കൊടുക്കണം. ഇങ്ങനെയുള്ള പ്രതിഭകള്‍ വിരളമാണ്. അവരെ പാഴായിപ്പോകാന്‍ അനുവദിക്കരുത്” - ഡയറക്ടര്‍ പറഞ്ഞു.

ഞങ്ങള്‍ അവിടെ കൂടിനിന്ന് സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് ഒരു പയ്യന്‍ - അതേ പയ്യന്‍ - സ്കൂള്‍ ബാഗും പിടിച്ച് ഓടിവരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവന്‍ ആരെയും ഗൌനിക്കാതെ ശില്‍പ്പത്തിനു മുന്നില്‍ ചെന്നിരുന്നു. ബാഗില്‍ നിന്നും രണ്ട് ഈര്‍ക്കിലിക്കമ്പുകളും ഒടിഞ്ഞ ഒരു ബ്ലേഡും ഒരു കുപ്പി വെള്ളവുമെടുത്ത് പണിതുടങ്ങി. വെള്ളം തൊട്ട് ശില്‍പത്തിന്റെ പണിതീരാത്ത കണ്ണ് നനച്ചപ്പൊഴേയ്ക്കും അവന്റെ അമ്മ ഓടിവന്നു.

“എന്റെ സാറന്മാരേ, ഇവന്‍ ഇവിടത്തന്നെ കാണുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ മോന് എന്തു പറ്റിയോ ദൈവമേ”. കരഞ്ഞുകൊണ്ട് അവനെ വലിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ച അമ്മയെ ഡയറക്ടര്‍ സമാധാനിപ്പിച്ചു. ഒരു കസാര നീക്കിയിട്ട് അല്പനേരം കൂടി കാത്തുനില്‍ക്കാന്‍ പറഞ്ഞു. അരമണിക്കൂര്‍ കൊണ്ട് അവന്‍ ജീവനുള്ള ഒരു കണ്ണും ശില്‍പ്പത്തില്‍ മറ്റാരും ശ്രദ്ധിക്കാത്ത ചില കുറവുകളും തീര്‍ത്തു. ശില്‍പ്പത്തിന്റെ കണ്ണുകള്‍ വായുവില്‍ ഉയര്‍ത്തിപ്പിടിച്ച കുഞ്ഞിനെനോക്കി നിറഞ്ഞുനില്‍ക്കുന്നു. പണിനിറുത്തി വല്ലാത്തൊരു മുഖഭാവത്തോടെ അല്പം മാറിനിന്ന് ശില്പത്തെ നോക്കിക്കൊണ്ടു നിന്ന അവന്റെ തോളത്ത് ഡയറക്ടര്‍ ഇടംകൈ ചുറ്റി.

“മിടുക്കന്‍, മോന്‍ വലുതായി വരും. മോന്റെ സ്കൂളിലും ഞങ്ങള്‍ ഇത് അറിയിക്കുന്നുണ്ട്. ഇപ്പോള്‍ ഈ ശില്പമെടുത്ത് ഞങ്ങള്‍ അനക്കാതെ അകത്തുകൊണ്ടു വയ്ക്കട്ടെ. ഇതിനെ ഒരു കണ്ണാടിക്കൂട്ടില്‍ സ്ഥാപിച്ച് ഒരു മുറിയില്‍ ഞങ്ങള്‍ പ്രദര്‍ശിപ്പിക്കും! മിടുമിടുക്കന്‍”.

മറ്റ് സാറന്മാരും വന്ന് അവനെ അഭിനന്ദിച്ചു. പക്ഷേ പ്രോത്സാഹനമോ സമ്മാനങ്ങളോ അവനെ സ്പര്‍ശിച്ചെന്നു തോന്നിയില്ല. അവന്‍ അതു കേട്ടെന്നു പോലും തോന്നിയില്ല. ശില്പത്തില്‍ നിന്നും കണ്ണെടുക്കാതെ അവന്‍ പറഞ്ഞു. “സാറേ, ഞാന്‍ കുറച്ചുനേരം കൂടി ശില്പം നോക്കിക്കോട്ടെ”.

അനങ്ങാതെ നിന്ന അവന്റെ അമ്മയോടും ഡയറക്ടര്‍ മോനെ പ്രകീര്‍ത്തിച്ചു സംസാരിച്ചു. ആ സ്ത്രീയുടെ കണ്ണുനിറഞ്ഞു. നേരം ഇരുട്ടിത്തുടങ്ങി. എല്ലാവരോടും നന്ദിപറഞ്ഞ് ചിരിച്ച് ഭവ്യമായ മുഖത്തോടെ അവര്‍ മകനെ വിളിച്ചു. അപ്പൊഴും ശില്പത്തില്‍ നിന്നും കണ്ണെടുക്കാതെ അവന്‍ പറഞ്ഞു. “അമ്മേ, ഞാന്‍ കുറച്ചു നേരം കൂടി ഇതു നോക്കിക്കോട്ടെ”.

ഇടയ്ക്കിടെ ശില്പത്തെ തിരിഞ്ഞുനോക്കിക്കൊണ്ട് നടക്കുന്ന അവനെ കയ്യില്‍ പിടിച്ചു നടത്തിക്കൊണ്ട് ആ അമ്മ നടന്നുപോയി.

10/17/2008

കഥപുസ്തകം വെളിച്ചംകാണുന്നു.

പ്രിയപ്പെട്ടവരെ,

എന്റെ കഥപുസ്തകം ഇറങ്ങുന്നു. "ചിലന്തി" എന്ന പേരില്‍, 28 ചെറുകഥകള്‍.

കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ (പബ്ലിക് ലൈബ്രറിയുടെ പിന്‍ വശത്ത്‍) ഒരു ചെറിയ ഹാളില്‍ ഈ മാസം 27-നു (തിങ്കളാഴ്ച്ച) ഉച്ചതിരിഞ്ഞ് 4-നു കാക്കനാടന്‍ പുസ്തകം പ്രകാശിപ്പിക്കും. ഡി. വിനയചന്ദ്രനും ബി. മുരളിയും ചടങ്ങിനു വരും. ദീപാവലി ആയതുകൊണ്ട് അന്ന് അവധി ആയിരിക്കും. കഴിയുമെങ്കില്‍ ചടങ്ങിനു വരൂ.

റെയ്ന്‍ബോ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.



ഉന്മേഷ് ദസ്താക്കിര്‍ വരച്ച പുസ്തകത്തിന്റെ കവര്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.

പുസ്തകം വാങ്ങാന്‍

പുസ്തകം എവിടെനിന്നും ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മോബ് ചാനലില്‍ നിന്നോ സ്മാര്‍ട്ട് നീഡ്സില്‍ നിന്നോ വാങ്ങാവുന്നതാണ്.

പുസ്തകം ആവശ്യമുള്ളവര്‍ക്ക് (ഇന്ത്യയില്‍) റെയിന്‍ബോ ബുക്സിനെ ഇപ്പൊഴേ ബന്ധപ്പെടാവുന്നതാണ്. പുസ്തകം റെയിന്‍ബോയുടെ കടയില്‍ നിന്നും നേരിട്ടു വാങ്ങാവുന്നതാണ്.

Rainbow Book Publishers,
Kallissery PO
Chengannur
PIN: 689124,
Kerala.

പുസ്തകം വി.പി.പി. വഴി ലഭിക്കാന്‍ ഫോണ്‍ വിളിച്ചു പറഞ്ഞാല്‍ മതിയാവും. റെയിന്‍ബോ ബുക്സിന്റെ ഉടമസ്ഥനായ രാജേഷിനെ ഈ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Phone (office): 0479 2426427
Phone (mobile): Rajesh : +91 98460 95624

75.ക ആണ് പുസ്തകത്തിന്റെ വില.

യു.എ.ഇ. ഇല്‍ പുസ്തകം ആവശ്യമുള്ളവര്‍ എനിക്ക് ഒരു ഇ-മെയില്‍ അയച്ചാലോ ഫോണ്‍ വിളിച്ചാലോ (+050 2722184) മതിയാവും. ഞാന്‍ ഹോം ഡെലിവറി ചെയ്യാം.(വെള്ളിയാഴ്ച്ചകളില്‍, ഒരു പുസ്തകത്തിനു 8 ദിര്‍ഹം നിരക്കില്‍).

എഴുത്തിന്റെ വഴി

ബ്ലോഗില്‍ വന്നതുകൊണ്ടാണ് ഇത്രയും എഴുതിയത്. അല്ലെങ്കില്‍ വല്ലപ്പോഴും ഒരു കഥ എഴുതി കൂട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമായീരുന്നു.

ബ്ലോഗിലെ ആദ്യ കഥയ്ക്ക് കമന്റിട്ടത് സി.കെ. ബാബു ആയിരുന്നു.

വിഷ്ണുമാഷിന്റെ പ്രോത്സാഹനം ആദ്യകാലങ്ങളില്‍ വളരെ വിലപ്പെട്ടതായിരുന്നു. ഞാന്‍ എഴുതുന്നത് നല്ലതാണ് എന്ന ആത്മവിശ്വാസം കിട്ടിയത് വിഷ്ണുമാഷിന്റെ പ്രോത്സാഹനം കൊണ്ടാണ്.

കഥകള്‍ പുസ്തകമാക്കാനും, പല കഥകളും തിരുത്തിത്തരാനും ഹാരോള്‍ഡ് ജെയിംസ് വളരെ ഉത്സാഹിച്ചു. എഴുത്തില്‍ എപ്പോഴും ഹാരോള്‍ഡ് ജെയിംസിന്റെ പ്രോത്സാഹനങ്ങള്‍ ഉണ്ടായിരുന്നു.

പുസ്തകത്തിലേയ്ക്കുള്ള പ്രധാന കഥകള്‍ തിരഞ്ഞെടുത്തുതന്നത് സനാതനന്‍ ആണ്.

പുസ്തകത്തിന്റെ കവര്‍ വരച്ചുതന്നത് ഉന്മേഷ് (പേരക്ക) ആണ്.

കഥകള്‍ ആദ്യം ഡി.സി. ബുക്സിന് അയച്ചുകൊടുത്തിരുന്നു. അവര്‍ നിരസിച്ചു. അതുകഴിഞ്ഞ് റെയിന്‍‌ബോയെ ബന്ധപ്പെടാന്‍ എന്നെ നിരന്തരം നിര്‍ബന്ധിച്ചത് കുറുമാന്‍ ആണ്. വിശാലന്റെയും ഉപദേശങ്ങള്‍ വിലപ്പെട്ടതായിരുന്നു.

എഴുത്തില്‍ ഗുപ്തന്‍, ശ്രീ, സിജി, ബാജി, തുടങ്ങിയവര്‍ എപ്പൊഴും ഒരു താങ്ങായിരുന്നു.

ആരും കമന്റിട്ടില്ലെങ്കില്‍ ഞാന്‍ പണ്ടേ ബ്ലോഗെഴുത്തുനിറുത്തുമായിരുന്നു.

ഈ പുസ്തകം പുറത്തിറക്കാന്‍ സഹായിച്ച എല്ലാര്‍ക്കും എന്റെ നന്ദി.

സ്നേഹത്തോടെ,
ഫ്രാന്‍സിസ് സിമി നസ്രത്ത്.
+971 50 2722184

Google