സുഹൃത്തേ, നിങ്ങള്‍ ഒരാളെ കാണുന്നതുപോലെ ആയിരിക്കില്ല അയാള്‍ നിങ്ങളെ കാണുന്നത്. നിങ്ങള്‍ അയാളെ എത്ര സ്നേഹിച്ചു, എന്നിട്ടെന്താ അയാളെന്നെ അതുപോലെ തിരിച്ചു സ്നേഹിക്കാത്തത് എന്നൊന്നും ചോദിക്കരുത്. നിങ്ങളുടെ മനസ്സില്‍ മറ്റുള്ളവര്‍ക്കുള്ള സ്ഥാനമായിരിക്കില്ല അവരുടെ മനസ്സില്‍ നിങ്ങളെക്കുറിച്ച്. ലോകം അങ്ങനെയാണ്. നിങ്ങള്‍ക്കു മറ്റൊരാളോടു തോന്നുന്ന വികാരങ്ങള്‍ അതേ തീവ്രതയില്‍, അതേ ആവൃത്തിയില്‍ ഒരിക്കലും അയാള്‍ക്കു നിങ്ങളോടു തോന്നില്ല. ഇത് ആരുടെയും തെറ്റല്ല. ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ജീവനെക്കാള്‍ പ്രേമിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ നിങ്ങളിലൊരാള്‍ സ്നേഹിക്കുന്നത് മറ്റെയാള്‍ തിരിച്ചു സ്നേഹിക്കുന്നതിനെക്കാളും എപ്പൊഴും കൂടുതലോ കുറവോ ആണെന്ന് അര്‍ത്ഥം.
വെറുതേ തത്വശാസ്ത്രം പറഞ്ഞ് നിങ്ങളെ മുഷിപ്പിക്കാന്‍ നോക്കിയതല്ല. സുനിലിന്റെ കാര്യത്തില്‍ സംഭവിച്ചതിനെ ഞാനൊന്നു സാമാന്യവത്കരിച്ചതാണ്. അവന് ഒരുപാടൊരുപാട് പ്രേമിച്ച പെണ്ണ് ഒരു പോലീസുകാരന്റെ കയ്യും പിടിച്ചു നടന്നുപോയി. അവള്‍ക്ക് അവനെ അതേപോലെ ഇങ്ങോട്ടും ഇഷ്ടമുണ്ടായിരുന്നെങ്കില്‍ കെട്ടിപ്പോവുമോ? എനിക്കു തോന്നുന്നില്ല. നിങ്ങളുടെ ജീവിതത്തിലും കാണുമല്ലോ ഇങ്ങനെ ഒരുപാട് അനുഭവങ്ങള്‍. ഇതൊക്കെ സംഭവിക്കുന്നത് ഒരുപക്ഷേ രണ്ടുപേരുടെയും സാഹചര്യങ്ങള്‍ വ്യത്യസ്ഥമായതുകൊണ്ടാവാം. അല്ലെങ്കില്‍ അവന്റെ സ്വഭാവമേ അങ്ങനെ ലോലമായതാവാം. കാരണങ്ങള്‍ എന്തായാലും ഒരു വശത്തോട്ടു ചരിഞ്ഞ പ്രണയത്തിന്റെ ത്രാസില്‍ നിന്നും അവള് തിരിഞ്ഞുനോക്കാതെ നടന്നിറങ്ങിപ്പോയി. അവന് കരഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് വീട്ടുകാര്‍ പറഞ്ഞതിനൊക്കെ വെറുതേ മൂളിക്കൊടുക്കുകയും ജലജയെ കെട്ടുകയും ചെയ്തു. വിധി തമാശക്കാരനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഈ സാമാന്യം വിരസമായ ജീവിതത്തെ ഒന്നു മിനുക്കിയെടുക്കുന്നതിനാവാം പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ സ്വയം കൈകൊട്ടി പൊട്ടിച്ചിരിക്കുന്ന കൊച്ചുകുട്ടിയെപ്പോലെ വിധി ഓരോരോ തമാശകള്‍ കാണിക്കുന്നത്. അത്തരം ഒരു തമാശയായിരുന്നു അവന്റെ ഭാര്യ - ജലജ - അവനെ ജീവനെക്കാളേറെ പ്രേമിച്ചതും അവന് തിരിച്ച് അവളെ ഒട്ടും പ്രേമിക്കാതെ പഴയ പ്രേമവും പറഞ്ഞ് കരഞ്ഞുകൊണ്ട് നടന്നതും.
പക്ഷേ പുരുഷന്മാര്ക്ക് ഒരു കുഴപ്പമുണ്ട്. (കുഴപ്പം എന്നു പറയാന്‍ പറ്റില്ല, സ്വഭാവം അങ്ങനെയാണ്). പ്രണയം വരുന്നത് കട്ടിലില്ക്കൂടെയാണ്. ആശാന്റെ ശൈലിയില്‍ പറഞ്ഞാല്‍ ശരിക്കും മാംസനിബദ്ധമാണു രാഗം. സുനിലിനു കെട്ടിയ പെണ്ണിനോടു സ്നേഹം വന്നപ്പൊഴൊക്കെ രാത്രിയായിരുന്നതുകൊണ്ട് രണ്ട് കുഞ്ഞുങ്ങളുമുണ്ടായി. എല്ലാ കുഞ്ഞുങ്ങളെയും പോലെ, നല്ല ഓമനത്തമുള്ള കുഞ്ഞുങ്ങള്‍. അച്ഛനെയും അമ്മയെയും ഒരുപാടു സ്നേഹിച്ച കുഞ്ഞുങ്ങള്‍. പകത്സമയങ്ങളില്‍ സുനില്‍ ഭാര്യയെ സ്നേഹിച്ചില്ലെങ്കിലും കുഞ്ഞുങ്ങളെ ഒരുപാടു സ്നേഹിച്ചു. ഇതില്‍ നിന്നും സുനില്‍ ഒരു ക്രൂരനാണെന്നു നിങ്ങള്‍ മനസിലാക്കരുത് കേട്ടോ. കാരണം 1) നമ്മള് സുനിലിനെക്കുറിച്ച് അധികമൊന്നും സംസാരിച്ചില്ല. ആളുകളെ നേരേ മനസിലാക്കുന്നതിനു മുന്‍പ് അവരെ വിധിക്കരുത് 2) പലതും സ്വഭാവ വൈകല്യങ്ങളായി കണ്ടാല്‍ മതി. വ്യക്തികളെ വെറുക്കേണ്ട കാര്യമില്ല.
ജീവിതത്തില്‍ പ്രേമം ഒരു വലിയ കാര്യമാണെന്ന് എല്ലാവര്ക്കും ഒരു പ്രായത്തില്‍ തോന്നും. വേറെ പണിയൊന്നുമില്ലാതെ ഇരിക്കുന്ന സമയത്ത്. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍, ചെറുപ്പമായിരിക്കുമ്പോള്‍, ഒക്കെ അങ്ങനെയൊക്കെ തോന്നും. പക്ഷേ ഒന്നു കെട്ടിക്കഴിയുമ്പോള്, പ്രാരാബ്ധങ്ങള്‍ വന്നു തോളില്‍ കയറുമ്പോള്‍, ചക്രശ്വാസം വലിക്കുമ്പോള്‍ - എന്തു പ്രേമം. ഒന്ന് എങ്ങനെയെങ്കിലും ജീവിച്ചുതീര്‍ത്താല്‍ മതി എന്നാലോചിച്ച് സുനില്‍ വഴിവക്കിലൂടെ നടക്കുമ്പൊഴായിരുന്നു ആരോ ഒരാള്‍ വേഗത്തിലോടിവന്ന് സുനിലിനെ തട്ടിത്തെറിപ്പിച്ചുപോയത്. അഴുക്കുനിറഞ്ഞ ആ തെരുവില്‍ തെന്നിവീഴാതെ, ചിന്താധാരമുറിഞ്ഞ് സുനില്‍ ഒരു നിമിഷം ഞെട്ടിനിന്നുപോയി. മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് റോഡ് ക്രോസ് ചെയ്യാന്‍ തുടങ്ങിയപ്പൊഴും തലയില്‍ കുഞ്ഞുങ്ങള്‍, പാഞ്ഞുവരുന്ന ബസ്സ് കീീീീീീീ എന്ന ശബ്ദം മുഴക്കി കരിഞ്ഞ ടയറിന്റെ ശബ്ദവുമായി മുഖത്തിനുനേരെ വലുതായി വലുതായി വരുമ്പൊഴും മനസ്സില്‍ സ്നേഹിച്ച കാമുകി, ബസ്സിന്റെ അടിയിലെ കീലും വായില്‍ നിന്നും ഒഴുകിയ ചോരയും മണക്കുമ്പൊഴും ഭാര്യയുടെ വിളര്‍ത്ത ചിരി. ഓര്‍മ്മകള്‍ക്കു കടിഞ്ഞാണുണ്ടായിരുന്നെങ്കില് സുനിലിനെ വണ്ടിയിടിക്കില്ലായിരുന്നു.
ആശുപത്രിയില്‍ കിടക്കയില്‍ ചോര നിറഞ്ഞ പ്ലാസ്റ്റിക്ക് ബാഗുകളില്‍ നിന്നും തളര്‍ന്നൊടിഞ്ഞ ഞരമ്പുകളിലേയ്ക്ക് രക്തം നിറയുമ്പോഴും സുനിലിന്റെ മനസ്സില്‍ നിറയെ സ്വപ്നങ്ങളായിരുന്നു. പൂരത്തിനു തായമ്പകയുടെ മുന്പില് അമ്മയുടെ വിരലും പിടിച്ച് ഡും ഡും ഡും അമ്മേ വിടല്ലേ ഡും ഡും അയ്യോ അമ്മയെവിടെ ഡും ഡും ഡും.. അമ്മയെക്കാണാതെ ഓടി കാവിലെത്തി കാവിലെ വള്ളിപ്പടര്പ്പിലിരുന്ന് കാമുകിയുടെ തല മടിയില്‍ വെച്ച് അവളുടെ കറുത്തനീണ്ട മുടിയിലൂടെ വിരലോടിക്കുമ്പോള്‍ വിരലുകള്‍ കുളിപ്പിച്ച് ചോര.. ദൂരെനിന്നും വെള്ളക്കിന്നരിയുള്ള തലപ്പാവുവെച്ച പെണ്‍കുട്ടി. അവളുടെ ചിരിയില്‍ വെളിച്ചം. അവളുടെ കൈകള്‍ പിടിച്ച് ഓടിവരുന്ന രണ്ടോമനക്കുഞ്ഞുങ്ങള്‍. അവളടുത്തുവരുമ്പോള്‍ തന്റെ ഭാര്യയുടെ മുഖം! എന്തൊരു പുഞ്ചിരി! എന്തൊരു സ്നേഹം. അച്ഛാാാ എന്നുവിളിച്ച് ഓടിവരുന്ന തന്റെ പൊന്നോമനക്കുഞ്ഞുങ്ങള്‍.. ഭാര്യയുടെ കണ്ണിലെ തിളക്കം പൂര്‍ണ്ണചന്ദ്രന്റെ..
സുനിലിന്റെ അടുത്തിരുന്ന കറുത്ത ഷര്‍ട്ടിട്ടയാള്‍ പറഞ്ഞു: ‘വരൂ, പോകാം’.
‘ഞാന്‍ ഒരു സ്വപ്നം കാണുകയായിരുന്നു.. അതു കഴിഞ്ഞില്ല’
‘കഴിഞ്ഞു. ഇത്രയുമേ ഉള്ളൂ’
‘ജീവിതം... ഇപ്പൊ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ’
‘ഇത്രയേ ഉള്ളൂ’
1/15/2008
റോഡ് ക്രോസ് ചെയ്യുമ്പോള്‍
എഴുതിയത് simy nazareth സമയം Tuesday, January 15, 2008
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
19 comments:
ഇതെന്റെ അനിയത്തി ആനി പറഞ്ഞുതന്ന കഥയാണ്. അവളുടെ ആശയം ഞാന്‍ വികസിപ്പിച്ചെഴുതുന്നു.
“നിങ്ങളുടെ മനസ്സില്‍ മറ്റുള്ളവര്‍ക്കുള്ള സ്ഥാനമായിരിക്കില്ല അവരുടെ മനസ്സില്‍ നിങ്ങളെക്കുറിച്ച്. ലോകം അങ്ങനെയാണ്. നിങ്ങള്‍ക്കു മറ്റൊരാളെക്കുറിച്ചു തോന്നുന്ന വികാരങ്ങള്‍ അതേ തീവ്രതയില്‍, അതേ ആവൃത്തിയില്‍ ഒരിക്കലും അയാള്‍ക്കു നിങ്ങളെക്കുറിച്ചു തോന്നില്ല.“
സിമി, ഇതെത്ര പരമാര്‍ത്ഥം!
...സ്വഭാവ വൈകല്യമായി കരുതിയാല്‍ മതി. വ്യക്തികളെ വെറുക്കേണ്ടതില്ല.
സിമിയുടെ ഈ കാഴ്ചപ്പാടും നന്നായിരിക്കുന്നു.
തീര്‍ച്ചയായും ഈ പോസ്റ്റ് ഇന്നത്തെ ചെറുപ്പക്കാര്‍ വായിക്കേണ്ടതാണ്.
വളരെ ഇഷ്ടമായി.
എന്റെ അഭിപ്രായം സിമി(അഭിപ്രായം മാത്രമാണ് . നിരൂപണമല്ല. ദേഷ്യപ്പെടരുത്. ഞാന്‍ ഓടി.) ഈ കഥയില്‍ രണ്ടും മൂന്നും പാരഗ്രാഫ് ആവശ്യമില്ല. ആ പാരഗ്രാഫുകളില്ലെങ്കില് കഥ മനോഹരമാകുന്നു. അനിയിത്തിക്കും അഭിനന്ദനങ്ങള്‍.
വടക്കോവ്സ്കി, ഒന്നുരണ്ടു കമന്റും കൂടെ നോക്കട്ടെ. ഞാന്‍ ആ രണ്ടു പാരഗ്രാഫിനെയും ചുരുക്കി ഒരു പാരഗ്രാഫ് ആക്കാം..
കൊള്ളാം സിമീ...
അനിയത്തിയ്ക്ക്കും ആശംസകള്‍!
അടിപൊളി! ഇനിന്റെ ഇസ്റ്റൈല്‍ നല്ല രസിച്ചു.
ഓഫ്:അനിയത്തിയോടും എഴുതാന്‍ പറയൂ.
ഇങ്ങനെ തുറന്നെഴുതാതിരിക്കൂ,സിമി എന്തിനും ഒരു ഒരു മറ വേണ്ടേ..ഇനിയിപ്പോള്‍ അങ്ങേരു ചൊറിയാന്‍ തുടങ്ങും,പ്രണയമാപിനിയിലെ രസഞരമ്പുകള് 37ഡിഗ്രിയില്‍ സ്ഥിരപ്പെടുത്താന്‍ ഞാന്പെടുന്ന പാട്......നീ തുലഞ്ഞു പോകും
നല്ല കഥ സിമി. സിമിയുടെ ശൈലിക്ക് ഈയിടെയായി നല്ല ഒരു മാറ്റം ഉണ്ട്. നാട്ടില്‍ പോയി വന്നതിനു ശേഷം. അപ്പൊ അനിയത്തിയുടെ സ്വാധീനം ആണോ കാരണം?
ഇഞ്ചീ ഞാന്‍ പറഞ്ഞതാ, അവള് കേള്‍ക്കുന്നില്ല.
ദേവ: ഞാന്‍ തുലഞ്ഞുപോയാ കെട്ടാന്‍ പ്രായമായ ഒന്‍പതു പെങ്ങമ്മാരെയും കാസരോഗിയായ അപ്പൂപ്പനെയും കരഞ്ഞുകണ്ണുവിങ്ങിയിരിക്കുന്ന എന്റെ കുഞ്ഞുങ്ങളെയും ദു:ഖം മാത്രം തിന്നുന്ന എന്റെ ഭാര്യയെയും ആരു നോക്കും?
വാല്മീകി: അനിയത്തി നല്ല ക്രിട്ടിക്ക് ആണ്.. ചില കഥകളില്‍ ഒക്കെ ‘ഈ കഥ പൊട്ട‘ എന്ന് ആനി എന്ന പേരില്‍ കമന്റ് കാണുമല്ലോ. ശൈലിയിലെ സ്വാധീനമായിട്ട് ഇല്ല.
സിമി, വിധി തമാശക്കാരനല്ല.
സ്റ്റൈയിലെന്നാക്കുന്നില്ല, ആ താളവും താളമില്ലായ്മയും കൊള്ളാം. അനിയത്തിയ്ക്കും അനുമോദനം.:)
Simi,
Very good narration. Keep it up.
ശൈലിയിലെ മാറ്റം
വായനാസുഖത്തിന് കോട്ടം വരുത്തുന്നില്ല
പരീക്ഷണങ്ങള്‍ തുടരുക....
ആനിക്ക് അഭിനന്ദനങ്ങള്‍....
നന്നായിട്ടുണ്ട്.
“…സുനിലിന്റെ അടുത്തിരുന്ന കറുത്ത ഷര്‍ട്ടിട്ടയാള്‍ പറഞ്ഞു: ‘വരൂ, പോകാം’.
‘ഞാന്‍ ഒരു സ്വപ്നം കാണുകയായിരുന്നു.. അതു കഴിഞ്ഞില്ല’
‘കഴിഞ്ഞു. ഇത്രയുമേ ഉള്ളൂ’
‘ജീവിതം... ഇപ്പൊ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ’
‘ഇത്രയേ ഉള്ളൂ’..”
ഇതു മാത്രമായാലും കഥയായി. അപ്പോള്‍ മുകളിലുള്ളതോ? അത് വേറെ കഥ. അതിന് മുകളില്‍ വേറെ കഥ. എന്തായാലും ഞാന്‍ രസിച്ചു വായിച്ചു. ആ 1,2 പോയന്റുകളൊഴിച്ച്. ഞാനും ഓടിയോടി...
കിനാവേ, അഭിപ്രായത്തിനു നന്ദി.. അടുത്ത കഥയില്‍ ശ്രദ്ധിക്കാം. ഒന്ന് നേരേ വിമര്ശിച്ചുതാ - എഴുത്തിത്തിരി നന്നാവട്ടെ. പൊട്ടും പൊടിയുമല്ലാതെ ഒരു നല്ല വിമര്‍ശനം ഇതുവരെ കിട്ടിയില്ല.
അയ്യടാ, ഞാന്‍ വിമര്ശിച്ചതൊന്ന്വല്ല. ഇക്കിഷ്ടായിഷ്ടാ...
വടകോവിസ്കി
അനിയത്തിക്ക് ഗുഡ് മാര്‍ക്ക്. കഥ ആക്കിയ ചേട്ടനു വെരി ഗുഡ് മാര്‍ക്ക്.
കോള്ളാം....ചെറുതെങ്കിലും തീവ്രമായ സത്യം വിളിച്ചോദിയ പോസ്റ്റ്. അനിയത്തിക്കും എഴുതിയ സിമിക്കും ആശംസകള്‍.
Post a Comment