സിമിയുടെ ബ്ലോഗ്

1/12/2008

ഒരു പരാതി

പൂച്ചയ്ക്ക് പോലീസുദ്യോഗം ആയിരുന്നു.

മീശാഗ്രം കൊണ്ട് നിലത്തു തട്ടിത്തട്ടി, അങ്ങും ഇങ്ങും മൂക്കുവിടര്‍ത്തി മണപ്പിച്ച്, കുണുങ്ങിക്കുണുങ്ങി വാലും ആട്ടി എലി ഒരു പരാതികൊടുക്കാന്‍ വരികയായിരുന്നു. സ്ത്രിപീഠനമായീരുന്നു പരാതി. എലിയെക്കണ്ട പൂച്ചയുടെ കണ്ണുകള്‍ തിളങ്ങി. രോമങ്ങള്‍ കൂര്‍പ്പിച്ച്, നഖങ്ങള്‍ അകത്തേയ്ക്കു വലിച്ച്, പൂച്ച ശവാസനത്തില്‍ ഇരിപ്പായി. എലി അടുത്തെത്തി. എലിയ്ക്ക് പൂച്ചയെക്കണ്ടു വിറതോന്നി. പൂച്ചയുടെ മുഖത്തെ മീശരോമങ്ങള്‍ മാത്രം ശ്വാസംവിടുന്ന താളത്തില്‍ ഇളകി. പൂച്ചയുടെ നോട്ടം കണ്ട് എലി സാരിത്തലപ്പു വലിച്ചു നേരെയാക്കി. പൂച്ച ലാത്തിയെടുത്ത് മേശപ്പുറത്ത് താളത്തില്‍ തട്ടി. എലിക്ക് തിരിഞ്ഞോടണം എന്നുണ്ടായിരുന്നു. എന്നാല്‍ പൂച്ചയുടെ തുറിച്ചനോട്ടം കണ്ടപ്പോള്‍ പിന്തിരിയാനും തോന്നിയില്ല. കക്ഷത്തിലിരുന്ന പരാതിക്കടലാസെടുത്ത് എലി പൂച്ചയുടെ നേര്‍ക്കുനീട്ടി.

പൂച്ച: ഉം, എന്താടീ
എലി: ഒരു പരാതി
(വലതുകാലുയര്‍ത്തി, ഇടതേയ്ക്ക് എലിയെ ഒരു തട്ട്)
ഹയ്യോ‍
(തട്ട്)
വയ്യ
(തട്ട്)
ഓടിത്തളര്‍ന്നു
(തട്ട്)
എന്നെ എന്തിനാ ഇങ്ങനെ തട്ടുന്നത്
(തട്ട്)
ഞാന്‍ പൊയ്ക്കോട്ടെ
(തട്ട്)
എനിക്കു വേദനിക്കുന്നു
(തട്ട്, തട്ട്)
ഹയ്യോ
(തട്ട്)
എന്റെ അപേക്ഷ
(തട്ട്)
ഞാന്‍
(തട്ട്)
എനിക്കൊന്നും വേണ്ടായേ, വീട്ടില്‍ പോയാ മതി
(തട്ട്)
ഹെന്റമ്മേ
(തട്ട്)
ഞാന്‍ ചത്തേ
(തട്ട്)
....
(തട്ട്)
.....
ഇവള്‍ ഒന്നും മിണ്ടുന്നില്ലല്ലോ. ശ്ശൊ. കളിയുടെ രസം പോയി.

9 comments:

tk sujith said...

പൂച്ചയുടെ പേരെന്താ?കക്ഷിയാണോ ഈ ലോകപോലീസ്?

സുല്‍ |Sul said...

സിമി ഈ തട്ട് നന്നായി.
-സുല്‍

അനംഗാരി said...

ഈ പരാതിക്ക് അത്ര ശക്തി പോരാ...ഒന്ന് മാറ്റിയെഴുതി പരാതി വീണ്ടും സമര്‍പ്പിക്കൂ..:)

സു | Su said...

നല്ല കഥ!

എലി മിണ്ടാത്തതല്ല. ചത്തിട്ടുമില്ല. പൂച്ചയ്ക്ക് തട്ടാന്‍ നിന്നുകൊടുക്കാതെ സൂത്രത്തില്‍ മിണ്ടാതിരിക്ക്യാ. ചെലപ്പോ പൂച്ചയെ കടിച്ചേക്കും.

നിരക്ഷരന്‍ said...

“എലിയെപ്പോലെയിരിക്കുന്നിവനൊരു പുലിയെപ്പോലെ വരുന്നതുകാണാം“.
അതുകൊണ്ട് എലിയെ അധികം തട്ടിക്കളിക്കന്ണ്ട.

ഏ.ആര്‍. നജീം said...

ദേ, ഞാനും എന്റെ പടം ഇങ്ങനെ ആയെന്ന് വച്ച് സത്യായിട്ടും ഞാന്‍ അത്തരക്കാരനല്ലട്ടോ... :)

അപര്‍ണ്ണ said...

ഉം, വല്ലാത്ത കളി തന്നെ. തിരിച്ചൊരു തട്ട്‌ കിട്ടുന്നതിനു വേണ്ടിയല്ലേ ഈ തട്ടൊക്കെ. അത്‌ എലിക്കും അറിയാം, അതാ കളി നിര്‍ത്തിയത്‌. ഹല്ല പിന്നെ.

ഗീതാഗീതികള്‍ said...

പൂച്ചയ്ക്ക് വിളയാട്ട്
എലിക്ക് പ്രാണവേദന...

പോലിസുകാരന് വിളയാട്ട്
പരാതിക്കാരന് പ്രാണവേദന...

(ചില) ഡോക്ടര്‍ക്ക് വിളയാട്ട്
രോഗിക്ക് (ബോധമുണ്ടെങ്കില്‍,ഇല്ലെങ്കില്‍ രോഗി ബന്ധുക്കള്‍ക്ക്) പ്രാണ/മനോ വേദന...

കിനാവ് said...

സര്‍വ്വ ലോക എലികളേ സംഘടിക്കുവിന്‍, സംഘടിച്ച് സംഘടിച്ച് പൂച്ചയാകുവിന്‍.

Google