സിമിയുടെ ബ്ലോഗ്

1/10/2008

ആശുപത്രിയില്‍ (നാടകം)

(രംഗം: വെളുത്ത ഉടുപ്പിട്ട നേഴ്സ് നില്‍ക്കുന്നു, കണ്ണടവെച്ച ഡോക്ടര്‍ മേശയുടെ ഒരു വശത്ത് നില്‍ക്കുന്നു. എതിരേ ഷേവ് ചെയ്യാത്ത ഒരാള്‍ ഭ്രാന്താശുപത്രിയിലെ അന്തേവാസികളുടെ വേഷത്തി ല്‍ ഇരിക്കുന്നു. വെളുത്ത ചുമരില്‍ ഒരു പ്രൊജക്ടര്‍ വെളിച്ചം അടിക്കുന്നു. അയാളുടെ മുഖഭാവം ഒന്നിലും ശ്രദ്ധിക്കാത്തതുപോലെയാണ്).

നേഴ്സ്: രവീ. ഇതു നോക്കൂ. ഇങ്ങോട്ട്, ഇങ്ങോട്ട്. ഈ ചുമരിലേയ്ക്ക്
(രവി ചീര്‍ത്ത കണ്ണുകള്‍ പതുക്കെ ഉയര്‍ത്തുന്നു)
വെളുത്ത പ്രതലത്തില്‍ ഒരു പ്രൊജക്ടര്‍ ദൃശ്യങ്ങള്‍ പ്രൊജക്ട് ചെയ്യുന്നു. ചിതറിത്തെറിച്ചു കിടക്കുന്ന കുറെ ശവശരീരങ്ങളുടെ ദൃശ്യം. ചിത്രത്തിനു അടിക്കുറിപ്പ്: പാക്കിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.
ഡോക്ടര്‍: എന്തെങ്കിലും തോന്നുന്നുണ്ടോ?
(രവിയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളുമില്ല)
അടുത്ത ചിത്രം: വീണ്ടും കൂട്ട മരണത്തിന്റെ ദൃശ്യം. അടിക്കുറിപ്പ്: ഇറാഖില്‍ ബോംബ് സ്ഫോടനത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടു.
ഡോക്ടര്‍: ഇപ്പൊഴോ?
(രവിയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളുമില്ല). നേഴ്സ് നിഷേധ ഭാവത്തില്‍ തലയാട്ടുന്നു.
അടുത്ത ചിത്രം: കുട്ടികളുടെ ശവശരീരങ്ങള്‍ കുഴിച്ചെടുക്കുന്ന ദൃശ്യം. അടിക്കുറിപ്പ്: ദില്ലിയില്‍ യജമാനനും വേലക്കാരനും ചേര്‍ന്ന് 30 കുട്ടികളെ ബലാത്സംഗം ചെയ്തു കൊന്നു
(രവിയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളുമില്ല)
അടുത്ത ചിത്രം: കേരളത്തില്‍ ഒരു ഗര്‍ഭിണിയായ നാടോടിയെ തെരുവിലിട്ടു ചവിട്ടുന്നു.
(രവിയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളുമില്ല), നേഴ്സ് ഒന്നും മിണ്ടുന്നില്ല.
അടുത്ത ചിത്രങ്ങള്‍: സൊമാലിയയിലെ പട്ടിണിയുടെയും മരണത്തിന്റെയും ദൃശ്യങ്ങള്‍, ബിഹാറില്‍ ഒരാളെ ബൈക്കിലിട്ടു കെട്ടി വലിച്ചുകൊണ്ടുപോവുന്ന ചിത്രങ്ങള്‍, ചിരിച്ചുകൊണ്ടു നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം.
ഡോക്ടര്‍: എന്തെങ്കിലും തോന്നുന്നോ?
(രവി ഒന്നും മിണ്ടുന്നില്ല. നഴ്സ് അനങ്ങാതെ നില്‍ക്കുന്നു.)
അടുത്ത ചിത്രം: ഒരു കുഞ്ഞിനെയും എടുത്ത് ചിരിച്ചുകൊണ്ടു നില്‍ക്കുന്ന അമ്മയുടെയും അച്ഛന്റെയും ചിത്രം
ഡോക്ടര്‍: രവീ, നോക്കൂ, നിന്റെ അച്ഛനും അമ്മയും. നിനക്കു എന്തെങ്കിലും തോന്നുന്നുണ്ടോ? ഒരു ആര്‍ദ്രത, സ്നേഹം?
(രവിയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളുമില്ല)
അടുത്ത ചിത്രം: ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ഒരു പാവാടക്കാരി പെണ്‍കുട്ടി.
ഡോക്ടര്‍: രവീ, നിന്റെ കാമുകി, അരുണ. ഇവളെ നോക്കൂ.
രവി ഒരു വികാരങ്ങളുമില്ലാതെ ചിത്രത്തില്‍ നോക്കുന്നു. നഴ്സ് നിരാശയോടെ തല നിഷേധഭാവത്തില്‍ തലയാട്ടുന്നു.
അടുത്ത ചിത്രങ്ങള്‍: സുന്ദരമായ ഒരൂ ഗ്രാമത്തിന്റെയും അരുവിയുടെയും ചിത്രങ്ങള്‍, രവിയുടെ കുട്ടിക്കാലം, കൂട്ടുകാരുമായി തോളില്‍ കയ്യിട്ടു നില്‍ക്കുന്ന രവിയുടെ കൌമാര ചിത്രങ്ങള്‍.
(രവിയുടെ മുഖത്ത് ഒരു ഭാവങ്ങളുമില്ല, ഡോക്ടര്‍ ഒന്നും മിണ്ടുന്നില്ല, നേഴ്സ് നിഷേധഭാവത്തില്‍ തലയാട്ടുന്നു).
അടുത്ത ചിത്രം: അല്പവസ്ത്രധാരിയായ ബിപാഷാ ബസുവിന്റെ ചിത്രം, മറ്റ് സിനിമാനടിമാരുടെ ചിത്രങ്ങള്‍.
രവി പെട്ടെന്നു തലയുയര്‍ത്തുന്നു.
അടുത്ത ചിത്രം: കമ്പ്യൂട്ടറിന്റെ ഒരു സ്ക്രീന്‍, ഒരു ചാറ്റ് വിന്‍ഡോയുടെയും ഏതോ ഒരു ബ്ലോഗിന്റെയും ചിത്രം
രവി എഴുന്നേറ്റ് ചുമരിലേയ്ക്കു പോവുന്നു, സ്ക്രീനില്‍ തൊട്ടുനോക്കുന്നു. കൈകള്‍ മെല്ലെ ചുമരിലൂടെ ഓടിക്കുന്നു.
അടുത്ത ചിത്രം: കളിയില്‍ തോറ്റ ക്രിക്കറ്റ് ടീമിന്റെ ചിത്രം.
രവി കൈകള്‍ ഞെരിക്കുന്നു, പല്ലിറുമ്മുന്നു, മതിലില്‍ ഇടിക്കുന്നു.
ഡോക്ടര്‍: കുഴപ്പമൊന്നുമില്ല. രവിയ്ക്കു പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല. ഡിസ്ചാര്‍ജ് ചെയ്യാന്‍ ചീട്ടെഴുതാം.
നേഴ്സ് ഒന്നും മിണ്ടുന്നില്ല.

12 comments:

simy nazareth said...

മുന്‍പേ ചില കഥകളില്‍ പറഞ്ഞ ആശയമാണ്. ആവര്‍ത്തനം ക്ഷമി. ആര്‍ക്കെങ്കിലും ഏതെങ്കിലും ഓഫീസില്‍ നാടകമായി അവതരിപ്പിക്കാമെന്നു തോന്നുന്നു.

ശ്രീ said...

ശരിയാണ്‍ സിമീ...
സ്കിറ്റ് പോലെ അവതരിപ്പിയ്ക്കാന്‍‌ പറ്റിയ ഒരു ഐറ്റം.
:)

ജ്യോനവന്‍ said...

നാടകം എന്ന പ്രയോഗം തന്നെ.....
സാധാരണ മനുഷ്യന്റെ ഉള്ളിലേയ്ക്കു കയറി മിടിക്കുന്നു.

മന്‍സുര്‍ said...

സിമി....

സമൂഹത്തിനു നേരെ തിരിച്ചു പിടിച്ച കണ്ണാടി

പ്രതിരൂപങ്ങള്‍ തിരിച്ചറിയാന്‍
ഒരു നാടകഗാനം
ഉയരുന്നു വേദിയില്‍...

ഉണരുവിന്‍ കൂട്ടരെ
അറിയുവിന്‍ കൂട്ടരെ
നിങ്ങള്‍ക്കിടയിലെ
കറുത്ത മുഖങ്ങളെ
മനുഷ്യജീവന്‍
കടിച്ചുകുതറുന്ന
ആട്ടിന്‍ തോലണിഞ്ഞ
ചെന്നായ്‌കൂട്ടങ്ങളെ
നാടിന്‍ രോദനം ഉയരുന്നു
മാനവവിപത്തിന്‍ കാഹളമുയരുന്നു
ഇവിടെ തുടങ്ങുന്നു
ആശുപത്രിയില്‍.....

രംഗം ഒന്ന്‌...തുടര്‍ന്നു കൊണ്ടേയിരിക്കും


നന്‍മകള്‍ നേരുന്നു

നാടോടി said...

നല്ല ആശയം
നല്ല നാടകം
ബ്ലോഗ്ഗിലെ ആദ്യ നാടകം ?
നന്മകള്‍ നേറുന്നു

ഒരു “ദേശാഭിമാനി” said...

സമ്മൂഹത്തോട് എണ്ണമറ്റ ചോദ്യങ്ങള്‍ ഈ ‘സ്കിറ്റ്’
ചോദിക്കുന്നു.

Unknown said...

അവനവനു് "വേണ്ടതു്" കണ്ടാലേ തലച്ചോറിലെ neurons active ആവുകയുള്ളു! ക്രിക്കറ്റ്, നഗ്നത, പണം, പാര്‍ട്ടി, ദൈവം...

ലോകാശുപത്രിയിലെ "നാടകം" കൊള്ളാം!

Unknown said...

അപ്പോ സിമീടെ പേരവിടെ രവീന്നാര്‍ന്നൂല്ലേ?
ഓര്‍മ്മക്കുറിപ്പു കലക്കി..

സാജന്‍| SAJAN said...

സിമി എത്ര നന്നായി പറഞ്ഞിരിക്കുന്നു,പ്രതികരിക്കേണ്ടതിനു മൌനം പാലിക്കുന്ന ഒരു തലമുറയെപ്പറ്റി!

അഞ്ചല്‍ക്കാരന്‍ said...

നാടകം എന്നതിലുപരി ഒരു സ്കിറ്റ് ആയി അവതരിപ്പിക്കാ‍ന്‍ കഴിയുന്ന രചന.

കൊള്ളാം സഗാവേ.

Inji Pennu said...

തലക്കെട്ട് തീരെ ഇഷ്ടായില്ല. മറ്റേതെങ്കിലും ഇടായിരുന്നൂ.
നിശബ്ദതയുടെ രാഷ്ട്രീയമാണ് ഫാസിസത്തേക്കാള്‍ ക്രൂരം.

സജീവ് കടവനാട് said...

സെല്‍ഫ് ഗോളടിച്ച് കളിക്കുവാ അല്ലിയോ?
നന്നായിട്ടോ...

Google