സുജിത്തും ഗോപുവും തമ്മില്‍ എട്ടുവയസ്സിന്റെ വ്യത്യാസമാണ്. സുജിത്ത് ഒന്‍പതാം ക്ലാസിലും ഗോപു രണ്ടാം ക്ലാസിലും. സുജിത്ത് കളിക്കാനും പഠിക്കാനുമൊക്കെ മിടുക്കനാണ്. ഗോപു പക്ഷേ അധികം മിണ്ടാറില്ല. എപ്പൊഴും ചേട്ടന്റെ വാലില്‍ത്തൂങ്ങി നടക്കും. ചെറിയ കുട്ടികള്‍ക്ക് വലിയ ചേട്ടന്മാരോട് ഒരുതരം ആരാധനാ മനോഭാവമാണല്ലോ. എല്ലാ കാര്യത്തിലും ചേട്ടനെ അനുകരിക്കാന്‍ നോക്കുന്ന ഗോപുവിനെ നോക്കി അമ്മ ചിരിക്കും.
വേനലവധിക്കായിരുന്നു അമ്മാവന്റെ മക്കളായ രവിയും അഞ്ജലിയും വന്നത്. രവി ഒരു കാമറയും തൂക്കിയായിരുന്നു വന്നത്. രവിയും അഞ്ജലിയും ഇരട്ടക്കുട്ടികളായിരുന്നു. നഗരത്തില്‍ നിന്നു വരുന്നവര്‍ക്ക് ഗ്രാമത്തിലെ അവധിക്കാലം മറക്കാനാവാത്തതാണ്. ഗ്രാമത്തിലാണെങ്കില്‍ നിറഞ്ഞ മഴക്കാലവും. പുഴയും കരകവിഞ്ഞൊഴുകി താറാവുകളെല്ലാം നീന്തിനടക്കുന്ന സമയം. എന്നാല്‍ ഈ അവധിക്കാലം പതിവിലും അവിസ്മരണീയമാക്കിയ ഒരു സംഭവം നടന്നു. കുട്ടികള്‍ പറമ്പില്‍ കളിക്കാനിറങ്ങിയപ്പൊഴായിരുന്നു അത്.
മഴപെയ്തൊഴിഞ്ഞ് അങ്ങുമിങ്ങും വെള്ളം കെട്ടിനില്‍ക്കുന്ന സമയമായിരുന്നു അപ്പോള്‍. പുഴകവിഞ്ഞ് കടവിലേയ്ക്ക് ഇറങ്ങാനാവാത്ത വിധം വെള്ളം പൊങ്ങി. അങ്ങോട്ട് കളിക്കാന്‍ പോവാന്‍ സുജിത്ത് സമ്മതിച്ചില്ല. കുട്ടികളെയും വിളിച്ച് സുജിത്ത് വീടിനു പിന്നിലെ പറമ്പിലേയ്ക്കു പോയി. വീട്ടിനു പിന്നില്‍ മഴവീണപ്പൊഴേയ്ക്കും പലയിനം ചെടികള്‍ തലനീട്ടിയിരുന്നു. പച്ചിലക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരുന്ന് ഒരു തവള നിറുത്താതെ കരയുന്നുണ്ടായിരുന്നു. മരത്തിലൊക്കെ പിടിച്ചു കുലുക്കിയാല്‍ മഴപോലെ മഴവെള്ളം തലയില്‍ വീഴും. പറമ്പിന്റെ ഒരു മൂലയില്‍ ഒരു പഴയ കൈവണ്ടി ചിതലരിച്ചു കിടന്നു.
“ഹായ്, കാളവണ്ടി“ അഞ്ജലി കൈവണ്ടിയുടെ അടുത്തെത്തി. അത് കാളവണ്ടിയല്ലായിരുന്നു. പച്ചച്ചായം അടിച്ച്, അരികുകളിലെ ഇരുമ്പുതകിടുകളൊക്കെ തുരുമ്പിച്ച ഒരു പഴയ കൈവണ്ടിയായിരുന്നു അത്. ഗോപുവും അഞ്ജലിയും മുന്‍പോട്ട് ചാഞ്ഞുനിന്നിരുന്ന വണ്ടിയുടെ ചക്രങ്ങളില്‍ ചവിട്ടി എത്തിവലിഞ്ഞ് വണ്ടിയുടെ മേല്‍ വലിഞ്ഞുകയറി. രവിമാത്രം അവിടെയെല്ലാം അലസമായി നടന്ന് മഞ്ഞത്തോടില്‍ കറുത്ത പുള്ളികളുള്ള ചെറിയ വണ്ടിന്റെയും നൂറുകാലുള്‍ ചലിപ്പിച്ച് ട്രെയിന്‍ പോലെയോടുന്ന പഴുതാരയുടെയും നൂറായിരം രോമങ്ങളുള്ള ദേഹവുമായി പ്ലാവിലയിലരിയ്ക്കുന്ന ആട്ടാമ്പുഴുവിന്റെയും മഴ നനഞ്ഞ മണമുള്ള ഓലമടലുകളുടെയും തരിമണ്ണിലൂടെ ഒറ്റയ്ക്ക് ഓടിപ്പോവുന്ന കട്ടുറുമ്പിന്റെയും ചിത്രങ്ങളെടുക്കുന്നുണ്ടായിരുന്നു. കുറെ നാളായി അനങ്ങാതെ കിടന്ന കൈവണ്ടിയുടെ ഇടത്തേ ചക്രത്തിനരികില്‍ ഉറുമ്പുകള്‍ കൂടുവെയ്ച്ചിരുന്നു. കുറെ ഉറുമ്പുകള്‍ ചേര്‍ന്ന് പൂമ്പാറ്റയുടെ ഒറ്റച്ചിറക് ഘോഷയാത്രയായി വലിച്ചുകൊണ്ടുവന്നു.
“ചേട്ടാ, ചേട്ടന്‍ ഈ വണ്ടി വലിക്കാമോ?” ഗോപുമോന്റെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് സുജിത്ത് വണ്ടിയുടെ കൈപ്പിടി പൊക്കി. പതിനാലു വയസ്സായപ്പൊഴേയ്ക്കും വലിയ ശക്തനായി എന്നായിരുന്നു സുജിത്തിന്റെ വിചാരം. വീട്ടില്‍ അമ്മകാണാതെ മസില്‍ കൂട്ടാന്‍ അമ്മിക്കല്ലെടുത്ത് രണ്ടുകൈകളിലും മാറിമാറി പൊക്കുന്നതാണ്. ഗോപുമോന്റെ ചോദ്യം കേട്ടപ്പൊഴേയ്ക്കും അഞ്ജലി വണ്ടിയിലിരുന്ന് ഒരു കാര്യവുമില്ലാതെ ചിരിച്ചുതുടങ്ങി. അവള്‍ ചിരിച്ചുതുടങ്ങിയാല്‍ പിന്നെ കുറെ നേരത്തേയ്ക്ക് ചിരിയാണ്. ഒരുപാടുനാളായി അനങ്ങാതെ കിടന്ന കൈവണ്ടി അല്പം ആയാസപ്പെട്ട് സുജിത്ത് മുന്‍പോട്ടു വലിച്ചു. “ങ്ങുര്‍, ങ്ങുര്‍, ഞാന്‍ കാള” - സുജിത്ത് വിളിച്ചുപറഞ്ഞു. രവി കൈവണ്ടിയുടെ മുന്‍പില്‍ ചെന്നുനിന്ന് സുജിത്തിന്റെ ഫോട്ടോയെടുത്തു. ഫ്ലാഷ് കത്തിയപ്പോള്‍ അഞ്ജലി പിന്നെയും കണ്ണുചിമ്മി പൊട്ടിച്ചിരിച്ചു.
“ഞാന്‍ കാളയെ അടിക്കാന്‍ ഒരു വടികൊണ്ടുവരാം” - ഗോപുമോന്‍ വണ്ടിയില്‍ നിന്ന് ഊര്‍ന്നിറങ്ങി വീട്ടിലേയ്ക്കോടി. സുജിത്തിന്റെ മുഖത്ത് അല്പം പരിഭ്രമമായി. എങ്കിലും സുജിത്ത് വീണ്ടും ചിരിച്ചു. ഗോപുമോന്‍ കയ്യിലൊരു ചാട്ടയുമായി തിരിച്ച് ഓടിവന്നു. ചാട്ടകണ്ട് സുജിത്തിന്റെ മുഖം ഒന്നുകൂടി ഇരുണ്ടു. സ്കൂളില്‍ ഗൃഹപാഠം ചെയ്യാത്തതിനു ക്രൂരനായ മാഷിന്റെ ചൂരലിനു മുന്‍പില്‍ കൈനീട്ടി നില്‍ക്കുന്ന കുട്ടിയെപ്പോലെ സുജിത്ത് ചൂളി. അവന്‍ വണ്ടിയുടെ കൈപ്പിടി താഴെവെച്ചു.
“കാളേ, ഞാന്‍ പതിയെ അടിക്കത്തേയുള്ളൂ, ഞാന്‍ നല്ല വണ്ടിക്കാരനാ, ങ്ങുര്‍ ങ്ങുര്‍, നടകാളേ”. സുജിത്ത് വണ്ടിത്തല മടിച്ചുമടിച്ച് വീണ്ടും പൊക്കിയെടുത്തു.
കൊത്തുപണിചെയ്ത ഒരു തടിക്കഷണത്തില്‍ കുറെ കുടുക്കുകളിട്ട ഒരു കയര്‍ ഇറുക്കിവരിഞ്ഞ് ഉണ്ടാക്കിയതായിരുന്നു ആ ചാട്ട. കയറിനു നല്ല നീളമുണ്ടായിരുന്നു. ചാട്ടയുടെ കൈപ്പിടിയില്‍ തുറിച്ചക്കണ്ണും പുറത്തേയ്ക്കു നീട്ടിയ നാവും നാലു കൈകളുമുള്ള കാളിയുടെ രൂപം കൊത്തിവെയ്ച്ചിരുന്നു. കൈപ്പിടി ഉപയോഗം കൊണ്ട് മിനുസമായിത്തീര്‍ന്നിരുന്നു. പിടിയുടെ അറ്റത്ത് തേഞ്ഞുതുടങ്ങിയ കൊത്തുപണികള്‍ കാണാമായിരുന്നു. കാലപ്പഴക്കം കൊണ്ട് കറുത്തിരുണ്ട കയര്‍. ചാട്ടയ്ക്ക് നൂറ്റാണ്ടുകള്‍ പഴക്കം കാണും. ഗോപു ഈ ചാട്ട എവിടെനിന്നും കണ്ടുപിടിച്ചു എന്ന് സുജിത്തിനു മനസിലായില്ല. ചാട്ടയും പിടിച്ച് വിജയിയെപ്പോലെ നിന്ന ഗോപു ചാട്ട ചുഴറ്റി നിലത്തടിച്ചു. വായുവിലൂടെ പാമ്പു ചീറ്റുന്നതുപോലെ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് ചാട്ടയുടെ കയര്‍ “ഫ്ലാപ്പ് “ എന്ന വലിയ ശബ്ദത്തോടേ മണ്ണില്‍ വീണു.
അഞ്ജലി ഇപ്പോള്‍ ചിരിക്കുന്നില്ല. ഗോപു വണ്ടിയിലേയ്ക്കു വലിഞ്ഞു കയറി. അവന്റെ കയ്യില്‍ നിന്നും ചാട്ടയുടെ കയര്‍ കറുത്തുമെലിഞ്ഞ ഒരു പാമ്പിനെപ്പോലെ നിലത്തേയ്ക്കു നീണ്ടുകിടന്നു. സുജിത്തിന്റെ മുഖം വലിഞ്ഞുമുറുകി. അവന്‍ ഒന്നും മിണ്ടാതെ വണ്ടിവലിച്ചു. ഗോപുവിന്റെ മുഖത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവമായിരുന്നു. കൊച്ചുകുട്ടികളില്‍ കാണാറില്ലാത്ത ഒരുന്മാദം. “നടകാളേ, ങ്ങുര്‍, ങ്ങുര്‍, വേഗം”. രവി ഒന്നും മിണ്ടാതെ വണ്ടിയുടെ വശത്തേയ്ക്കു മാറിനിന്ന് ചിത്രങ്ങളെടുത്തു.
“വേഗം നടകാളേ” ഗോപു ചാട്ട പതുക്കെ ചുഴറ്റി. ചാട്ടയുടെ കയര്‍ ഉയര്‍ന്ന് വായുവിലൂടെ വളഞ്ഞ് സുജിത്തിന്റെ തോളിലേയ്ക്കു തളര്‍ന്നുവീണു. സുജിത്തിനു വേദനിച്ചില്ല, എങ്കിലും അവന്‍ “ഹൌ” എന്ന ശബ്ദം പുറപ്പെടുവിച്ചു. വണ്ടിവലിയ്ക്കുന്ന സുജിത്തും തോളില്‍ വീണുകിടക്കുന്ന ചാട്ടയും ചാട്ടയുടെ ഒരറ്റം പിടിച്ചുകൊണ്ടുനില്‍ക്കുന്ന വണ്ടിക്കാരന്‍ ഗോപുവുമായി രവി ചിത്രങ്ങളെടുത്തു.
“മതി, പോവാം” - അഞ്ജലി പറഞ്ഞു. “ഇല്ല, കുറച്ചുദൂരം കൂടി. നടകാളേ”. സുജിത്ത് വണ്ടി വലിച്ചുതുടങ്ങിയപ്പൊഴേ ഗോപു ചാട്ട ഒന്നുകൂടി ചുഴറ്റിയടിച്ചു. വായുവില്‍ മൂളിക്കൊണ്ട് ചാട്ട അവന്റെ പുറത്തു പുളഞ്ഞു. സുജിത്തിനു മുതുകില്‍ കത്തികൊണ്ടു വരഞ്ഞതുപോലെ തോന്നി. “എടാ“ എന്ന് സുജിത്ത് ഉറക്കെവിളിച്ചപ്പൊഴേയ്ക്കും ഗോപു വീണ്ടും ചാട്ട ചുഴറ്റിയിരുന്നു. ഫ്ലാപ്പ്. അഞ്ജലി ഉറക്കെക്കരഞ്ഞു. ഗോപുവിന്റെ ചാട്ട വീണ്ടും വീണ്ടും ഉയര്‍ന്ന് സുജിത്തിന്റെ മുകളില്‍ വീണു. രവി ഒരു നിമിഷം സ്തബ്ധനായിപ്പോയി. സുജിത്ത് വേദനകൊണ്ട് അലറിവിളിച്ചു. ഈ വേദനയില്‍ നിന്നും ഇറങ്ങിയോടണം എന്ന ചിന്ത അവന്റെ തലയില്‍ ഇരച്ചുവന്നെങ്കിലും വണ്ടിയുടെ കൈപ്പിടികാരണം മുന്‍പോട്ടിറങ്ങാനും കഴിഞ്ഞില്ല. “നടകാളേ”. ഗോപു വിതുമ്പുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകള്‍ തുറിച്ചു, ചുണ്ടുകള്‍ വിറച്ചു. കരഞ്ഞുകൊണ്ട് അവന്‍ വീണ്ടും ചാട്ട ചുഴറ്റിയടിച്ചു. “നടകാളേ”.
കുട്ടികളുടെ കൂട്ടക്കരച്ചിലും സുജിത്തിന്റെ അലറിയുള്ള വിളിയും കേട്ട് വീട്ടുകാര്‍ ഓടിവരുമ്പൊഴേയ്ക്കും സുജിത്ത് വസ്ത്രങ്ങളില്‍ നിന്നും നീളത്തില്‍ ചോരപൊടിഞ്ഞ് മുഖം മണ്ണിലമര്‍ത്തി നിലത്തുകിടക്കുന്നുണ്ടായിരുന്നു. ഗോപു വണ്ടിയില്‍ നിന്ന് ഇറങ്ങാതെ ചാട്ടയും പിടിച്ച് വണ്ടിയിലിരുന്ന് വിതുമ്പി. അഞ്ജലി ഉറക്കെക്കരഞ്ഞുകൊണ്ട് ഓടിച്ചെന്ന് അമ്മയെക്കെട്ടിപ്പിടിച്ച് അമ്മയുടെ കാലുകളില്‍ മുഖമമര്‍ത്തി. രവി കാമറ താഴ്ത്തി അനങ്ങാതെ, ഒന്നും മിണ്ടാതെ നിന്നു.
ആരൊക്കെയോ സുജിത്തിനെ പൊക്കി ഒരു ആട്ടോറിക്ഷായിലിട്ട് ആശുപത്രിയില്‍ കൊണ്ടുപോയി. വിതുമ്പിക്കരയുന്ന ഗോപുവിന്റെ കയ്യില്‍ നിന്നും അച്ഛന്‍ ചാട്ട തട്ടിപ്പറിച്ചു. അമ്മാവന്‍ ഒരു പത്തലൊടിച്ച് അവന്റെ മേല്‍ രണ്ട് അടിയടിച്ചു. ഗോപുവുന്റെ അമ്മ അവനെ വാരിയെടുത്തു. എന്നിട്ടു പറഞ്ഞു - “എന്റെ മോനല്ല, അവന്റെ കുറ്റമല്ല, എല്ലാം ഈ നശിച്ച ചാട്ടയാണ്”.
ചാട്ട കത്തിച്ചുകളയണമെന്നായി അമ്മാവന്‍. “വേണ്ട, മുത്തശ്ശന്റെ ചാട്ടയാണ്, ഇങ്ങുതരൂ” എന്നുപറഞ്ഞ് സുജിത്തിന്റെ അച്ഛന്‍ ആ ചാട്ട പിടിച്ചുവാങ്ങി അലമാരിയില്‍ കൊണ്ടു വെയ്ച്ചു പൂട്ടി. ഗോപു അപ്പോഴും കരയുന്നുണ്ടായിരുന്നു. അലമാരയിലേയ്ക്കു കൊണ്ടുപോവുന്ന വഴി ചാട്ടയുടെ അറ്റം പാമ്പിന്റെ ഒടിഞ്ഞ പത്തിപോലെ നിലത്തിഴയുന്നുണ്ടായിരുന്നു.
1/12/2008
വണ്ടിക്കാള
എഴുതിയത്
simy nazareth
സമയം
Saturday, January 12, 2008
15
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
1/10/2008
ആശുപത്രിയില്‍ (നാടകം)
(രംഗം: വെളുത്ത ഉടുപ്പിട്ട നേഴ്സ് നില്‍ക്കുന്നു, കണ്ണടവെച്ച ഡോക്ടര്‍ മേശയുടെ ഒരു വശത്ത് നില്‍ക്കുന്നു. എതിരേ ഷേവ് ചെയ്യാത്ത ഒരാള്‍ ഭ്രാന്താശുപത്രിയിലെ അന്തേവാസികളുടെ വേഷത്തി ല്‍ ഇരിക്കുന്നു. വെളുത്ത ചുമരില്‍ ഒരു പ്രൊജക്ടര്‍ വെളിച്ചം അടിക്കുന്നു. അയാളുടെ മുഖഭാവം ഒന്നിലും ശ്രദ്ധിക്കാത്തതുപോലെയാണ്).
നേഴ്സ്: രവീ. ഇതു നോക്കൂ. ഇങ്ങോട്ട്, ഇങ്ങോട്ട്. ഈ ചുമരിലേയ്ക്ക്
(രവി ചീര്‍ത്ത കണ്ണുകള്‍ പതുക്കെ ഉയര്‍ത്തുന്നു)
വെളുത്ത പ്രതലത്തില്‍ ഒരു പ്രൊജക്ടര്‍ ദൃശ്യങ്ങള്‍ പ്രൊജക്ട് ചെയ്യുന്നു. ചിതറിത്തെറിച്ചു കിടക്കുന്ന കുറെ ശവശരീരങ്ങളുടെ ദൃശ്യം. ചിത്രത്തിനു അടിക്കുറിപ്പ്: പാക്കിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.
ഡോക്ടര്‍: എന്തെങ്കിലും തോന്നുന്നുണ്ടോ?
(രവിയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളുമില്ല)
അടുത്ത ചിത്രം: വീണ്ടും കൂട്ട മരണത്തിന്റെ ദൃശ്യം. അടിക്കുറിപ്പ്: ഇറാഖില്‍ ബോംബ് സ്ഫോടനത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടു.
ഡോക്ടര്‍: ഇപ്പൊഴോ?
(രവിയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളുമില്ല). നേഴ്സ് നിഷേധ ഭാവത്തില്‍ തലയാട്ടുന്നു.
അടുത്ത ചിത്രം: കുട്ടികളുടെ ശവശരീരങ്ങള്‍ കുഴിച്ചെടുക്കുന്ന ദൃശ്യം. അടിക്കുറിപ്പ്: ദില്ലിയില്‍ യജമാനനും വേലക്കാരനും ചേര്‍ന്ന് 30 കുട്ടികളെ ബലാത്സംഗം ചെയ്തു കൊന്നു
(രവിയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളുമില്ല)
അടുത്ത ചിത്രം: കേരളത്തില്‍ ഒരു ഗര്‍ഭിണിയായ നാടോടിയെ തെരുവിലിട്ടു ചവിട്ടുന്നു.
(രവിയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളുമില്ല), നേഴ്സ് ഒന്നും മിണ്ടുന്നില്ല.
അടുത്ത ചിത്രങ്ങള്‍: സൊമാലിയയിലെ പട്ടിണിയുടെയും മരണത്തിന്റെയും ദൃശ്യങ്ങള്‍, ബിഹാറില്‍ ഒരാളെ ബൈക്കിലിട്ടു കെട്ടി വലിച്ചുകൊണ്ടുപോവുന്ന ചിത്രങ്ങള്‍, ചിരിച്ചുകൊണ്ടു നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം.
ഡോക്ടര്‍: എന്തെങ്കിലും തോന്നുന്നോ?
(രവി ഒന്നും മിണ്ടുന്നില്ല. നഴ്സ് അനങ്ങാതെ നില്‍ക്കുന്നു.)
അടുത്ത ചിത്രം: ഒരു കുഞ്ഞിനെയും എടുത്ത് ചിരിച്ചുകൊണ്ടു നില്‍ക്കുന്ന അമ്മയുടെയും അച്ഛന്റെയും ചിത്രം
ഡോക്ടര്‍: രവീ, നോക്കൂ, നിന്റെ അച്ഛനും അമ്മയും. നിനക്കു എന്തെങ്കിലും തോന്നുന്നുണ്ടോ? ഒരു ആര്‍ദ്രത, സ്നേഹം?
(രവിയുടെ മുഖത്ത് ഒരു ഭാവഭേദങ്ങളുമില്ല)
അടുത്ത ചിത്രം: ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ഒരു പാവാടക്കാരി പെണ്‍കുട്ടി.
ഡോക്ടര്‍: രവീ, നിന്റെ കാമുകി, അരുണ. ഇവളെ നോക്കൂ.
രവി ഒരു വികാരങ്ങളുമില്ലാതെ ചിത്രത്തില്‍ നോക്കുന്നു. നഴ്സ് നിരാശയോടെ തല നിഷേധഭാവത്തില്‍ തലയാട്ടുന്നു.
അടുത്ത ചിത്രങ്ങള്‍: സുന്ദരമായ ഒരൂ ഗ്രാമത്തിന്റെയും അരുവിയുടെയും ചിത്രങ്ങള്‍, രവിയുടെ കുട്ടിക്കാലം, കൂട്ടുകാരുമായി തോളില്‍ കയ്യിട്ടു നില്‍ക്കുന്ന രവിയുടെ കൌമാര ചിത്രങ്ങള്‍.
(രവിയുടെ മുഖത്ത് ഒരു ഭാവങ്ങളുമില്ല, ഡോക്ടര്‍ ഒന്നും മിണ്ടുന്നില്ല, നേഴ്സ് നിഷേധഭാവത്തില്‍ തലയാട്ടുന്നു).
അടുത്ത ചിത്രം: അല്പവസ്ത്രധാരിയായ ബിപാഷാ ബസുവിന്റെ ചിത്രം, മറ്റ് സിനിമാനടിമാരുടെ ചിത്രങ്ങള്‍.
രവി പെട്ടെന്നു തലയുയര്‍ത്തുന്നു.
അടുത്ത ചിത്രം: കമ്പ്യൂട്ടറിന്റെ ഒരു സ്ക്രീന്‍, ഒരു ചാറ്റ് വിന്‍ഡോയുടെയും ഏതോ ഒരു ബ്ലോഗിന്റെയും ചിത്രം
രവി എഴുന്നേറ്റ് ചുമരിലേയ്ക്കു പോവുന്നു, സ്ക്രീനില്‍ തൊട്ടുനോക്കുന്നു. കൈകള്‍ മെല്ലെ ചുമരിലൂടെ ഓടിക്കുന്നു.
അടുത്ത ചിത്രം: കളിയില്‍ തോറ്റ ക്രിക്കറ്റ് ടീമിന്റെ ചിത്രം.
രവി കൈകള്‍ ഞെരിക്കുന്നു, പല്ലിറുമ്മുന്നു, മതിലില്‍ ഇടിക്കുന്നു.
ഡോക്ടര്‍: കുഴപ്പമൊന്നുമില്ല. രവിയ്ക്കു പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ല. ഡിസ്ചാര്‍ജ് ചെയ്യാന്‍ ചീട്ടെഴുതാം.
നേഴ്സ് ഒന്നും മിണ്ടുന്നില്ല.
എഴുതിയത്
simy nazareth
സമയം
Thursday, January 10, 2008
12
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
1/05/2008
ആറാം ഇന്ദ്രിയം
പതിവിലും കൂടുതല്‍ നേരം കണ്ണാടിയില്‍ നോക്കി നിന്ന ശേഷം അഞ്ജലി കോളെജില്‍ പോവാന്‍ ഇറങ്ങിയ വഴിയ്ക്ക് അമ്മയുടെ മുറിയിലേയ്ക്കു കയറി. വീട്ടില്‍ നിന്നും ഇറങ്ങുമ്പൊഴേ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. വാതില്‍ കടന്നു വരുന്ന മകളെനോക്കി അമ്മ കണ്ണും മിഴിച്ച് കിടന്നു. അമ്മയുടെ കണ്ണുകള്‍ വാതില്‍ക്കല്‍ ആരെയും കാണാത്തതുപോലെ ദൂരേയ്ക്കു പോയി. കട്ടിലിന്റെ അരികിലെ കസാരയില്‍ ഇരുന്ന് അച്ഛന്‍ അവളെ നോക്കി പറഞ്ഞു. “അമ്മയ്ക്കു വയ്യ”.
അവള്‍ ഒന്നും പറഞ്ഞില്ല. കതകും ചാരി പുറത്തേയ്ക്കു നടന്നു. പുറത്തുനിന്നും ഫ്ലാറ്റിന്റെ വാതില്‍ പൂട്ടി. അവള്‍ പുറത്തിറങ്ങിയപ്പോള്‍ അമ്മ അച്ചന്റെ ഇടതുകൈത്തണ്ടയില്‍ മുറുക്കിപ്പിടിച്ചു. “പോവരുത്”.
അഞ്ജലി ഓട്ടോക്കാരനോട് നഗരത്തിലെ ഷോപ്പിങ്ങ് കോമ്പ്ലെക്സിനു മുന്നില്‍ ഇറക്കാന്‍ പറഞ്ഞു. കാശുകൊടുത്ത് പുറത്തിറങ്ങിയപ്പോള്‍ രഘു ബൈക്കുമായി പറഞ്ഞ സ്ഥലത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കള്ളി ഷര്‍ട്ട് ഇടരുത്, അതവനു ചേരില്ല എന്ന് അവള്‍ പലതവണ പറഞ്ഞതാണ്. അലവലാതി, അവളെ ദേഷ്യം പിടിപ്പിക്കാന്‍ അതുതന്നെ ഇട്ടോണ്ടുവരും.
അമ്മ മച്ചില്‍ നോക്കി ഒന്നും കാണാത്തതുപോലെ കിടന്നു. മുറിയോ ചുമരുകളോ ഒന്നും അവര്‍ കാണുന്നില്ല എന്നു തോന്നി. അഞ്ജലിയുടെ അച്ചന്‍ ഫോണെടുത്ത് ഓഫീസില്‍ വിളിച്ചു.
“സര്‍, ശാന്തയ്ക്കു നല്ല സുഖമില്ല, എനിക്കിന്നു വരാന്‍ ബുദ്ധിമുട്ടുണ്ട്”.
“കുഴപ്പമില്ല, ആയിക്കോട്ടെ. (അല്പനേരത്തെ മൌനത്തിനു ശേഷം) ഒരു ഫ്രണ്ട്ലി അഡ്വൈസ് എന്നു കരുതൂ, മിസ്സിസ്സിനെ ആശുപത്രിയില്‍ ആക്കരുതോ?”.
“വയ്യ സര്‍, അതു ശരിയാവില്ല”
“ഒകെ, എല്ലാം പെട്ടെന്നു ശരിയാവട്ടെ”.
രഘു ബൈക്ക് ഏതോ ഇടവഴികളിലൂടെ ഓടിച്ചു. “വിനോദിന്റെ അച്ചനും അമ്മയും സ്ഥലത്തില്ല, വീട്ടിന്റെ താക്കോല്‍ തന്നുവിട്ടു. അവന്റെ അയലത്തുകാരും ഓഫീസില്‍ പോയിക്കാണും”. അവന്‍ തിരിഞ്ഞുനോക്കാതെ വണ്ടിയോടിച്ചു. ബൈക്കിനു പിന്നിലിരുന്ന് അവന്റെ മുഖം കാണാന്‍ കഴിഞ്ഞില്ലെങ്കിലും രഘു ചിരിക്കയാണെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു.
അമ്മ അച്ചന്റെ കയ്യിലുള്ള പിടിമുറുക്കി. “ശാന്തേ, വിടൂ, വേദനിക്കുന്നു”. അമ്മ ഒന്നും മിണ്ടാതെ കിടന്നു.
കൂട്ടുകാരന്റെ വീട്ടിനു മുന്‍പില്‍ ബൈക്ക് പാര്‍ക്കു ചെയ്ത് ഗേറ്റ് തുറക്കുമ്പോള്‍ അയലത്തെ വീട്ടിലെ ടെറസ്സില്‍ നിന്നും തുണിവിരിച്ചുകൊണ്ടിരുന്ന സ്ത്രീ തന്നെ ഒരു വികാരങ്ങളുമില്ലാതെ നോക്കുന്നത് അഞ്ജലി ശ്രദ്ധിച്ചു. അവള്‍ക്ക് അമ്മയുടെ നോട്ടം പോലെ തോന്നി. വിശാലമായ വരാന്തയും മുകളിലേയ്ക്കു തേക്കിന്‍ തടിയില്‍ തീര്‍ത്ത കോണിപ്പടികളും ഉള്ള വീടായിരുന്നു അത്. മുകളിലത്തെ നിലയിലെ വിനോദിന്റെ മുറിയില്‍ മെത്ത അലങ്കോലമായി കിടന്നിരുന്നു. തുണികള്‍ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരുന്നു. ചുമരില്‍ പല പോസുകളില്‍ നില്‍ക്കുന്ന പാശ്ചാത്യ സിനിമാനടികളുടെ വലിയ ചിത്രങ്ങള്‍ തൂക്കിയിരുന്നു. മുറിയുടെ വാതില്‍ അകത്തുനിന്നും കുറ്റിയിട്ട് രഘു അവളെ ഉമ്മവെയ്ച്ചുതുടങ്ങി.
അമ്മ പതുക്കെ മൂളിത്തുടങ്ങി. മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്ം. അച്ചന്‍ അമ്മയുടെ കയ്യില്‍ പിടിച്ചു.
“ശാന്തേ, വിഷമിക്കാതെ, വിഷമിക്കാതെ”.
“എടീ നിന്റെ അരഞ്ഞാണം ആകെ കറപിടിച്ചല്ലോ. ഇതിന്റെ കുടുക്കെവിടെ”.
“ഓ എന്റെ രഘൂ“
അമ്മയുടെ കണ്ണുകളില്‍ വേദന കനത്തു. മൂളലിന്റെ ശബ്ദം കൂടിവന്നു. നഖങ്ങള്‍ മുറുകി അച്ചന്റെ കൈത്തണ്ടയില്‍ നിന്നും ചോര പൊടിഞ്ഞുതുടങ്ങി.
“ശാന്തേ, വിഷമിക്കാതെ, വിഷമിക്കാതെ, വിഷമിക്കാതെ”.
“ആാാാാാാാാാാാാാാാാാാാാാാാായീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീആാാാാാാാാാാാാാാാാാാാാാാാാാാാാാായീീീീീീീീീീീീീീീീീീീീീീീീീീീീീീീആാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാ”
വാതിലില്‍ ആരോ കോളിങ്ങ് ബെല്‍ അടിച്ചു.
“മി. മേനോന്‍, ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം. നിങ്ങള്‍ക്കു ഭാര്യയേ ഏതെങ്കിലും ആശുപത്രിയില്‍ ആക്കിക്കൂടേ? ഉറങ്ങുകയായിരുന്നു”.
“ആക്കാം”. അച്ചന്‍ നെറ്റിയിലെ വിയര്‍പ്പുതുടച്ചു.
“ശരി, വരട്ടെ”.
അഞ്ജലി തിരിച്ചുവന്നപ്പോള്‍ അമ്മ അടങ്ങിക്കിടന്നിരുന്നു. ഒന്നും അറിയാത്തതുപോലെ അമ്മ അവളെ നിഷ്കളങ്കമായി നോക്കി.
“മോളേ, അമ്മയെ നമുക്ക് ആശുപത്രിയിലാക്കിയാലോ.....”.
അവള്‍ ഒന്നും മിണ്ടാതെ അവളുടെ മുറിയിലേയ്ക്കു കയറിപ്പോയി.
എഴുതിയത്
simy nazareth
സമയം
Saturday, January 05, 2008
7
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
12/17/2007
നിറങ്ങളെ സ്നേഹിച്ച പെണ്‍കുട്ടി
ദൂരെ ഒരു ഗ്രാമത്തിലായിരുന്നു നിള താമസിച്ചിരുന്നത്. അധികമൊന്നും മിണ്ടാത്ത പെണ്‍കുട്ടിയായിരുന്നു നിള. ഒന്‍പതാം ക്ലാസിലെ രണ്ടാമത്തെ ബെഞ്ചില്‍ നിള ആരോടും മിണ്ടാതെ സ്വപ്നവും കണ്ടിരിക്കും. തലയും ചിരിച്ച് മച്ചില്‍ നോക്കിയുള്ള നിളയുടെ ഇരിപ്പുകണ്ടാല്‍ത്തോന്നും ടീച്ചര്‍ പറയുന്നതൊന്നും നിളയ്ക്ക് മനസ്സിലാവുന്നില്ലെന്ന്. എന്നാലും എല്ലാ പരീക്ഷയ്ക്കും നിള ജയിക്കുമായിരുന്നു. ഒന്നും മിണ്ടാത്തതുകൊണ്ടാവാം, നിളയ്ക്കു കൂട്ടുകാരൊന്നും ഇല്ലായിരുന്നു. കൂട്ടുകാരികളൊക്കെ ഇന്റര്‍വെല്‍ സമയത്ത് കളിക്കാന്‍ പോവുമ്പൊ നിളയെ വിളിക്കില്ല. വീട്ടിലും അച്ചനോടും അമ്മയോടും പോലും നിള അധികമൊന്നും മിണ്ടാറില്ല. തൊടിയിലും പറമ്പിലുമൊക്കെ അവള്‍ ഇങ്ങനെ സ്വപ്നവും കണ്ട് വെറുതേ ചുറ്റിനടക്കും. മോള്‍ അവളുടേതായ ഒരു ലോകത്താണെന്ന് അച്ചന്‍ വിഷമിച്ച് അമ്മയോടു പറയും. അപ്പോള്‍ അമ്മ വാതിലില്‍ ചാരി അവളെയും നോക്കിക്കൊണ്ട് നില്‍ക്കും.
ഗ്രാമത്തിലെ പുഴയുടെ അക്കരെയായിരുന്നു നിളയുടെ വിദ്യാലയം. പച്ച നിറമുള്ള ഒരു പഴയ വള്ളത്തില്‍ കയറി നീലനിറമുള്ള പുഴ കടന്ന് മഞ്ഞയും ചുവപ്പും പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പൂന്തോട്ടവും കടന്നായിരുന്നു സ്കൂളില്‍ പോവേണ്ടത്. നിളയ്ക്ക് ദിവസത്തില്‍ ഏറ്റവും ഇഷ്ടമുള്ള സമയങ്ങള്‍ ആയിരുന്നു സ്കൂളില്‍ പോവുന്നതും പതുക്കെ നടന്ന് സ്കൂളില്‍ നിന്നും തിരിച്ചു നടന്നു വരുന്നതും. നിളയ്ക്ക് നിറങ്ങള്‍ വളരെ ഇഷ്ടമായിരുന്നു. കുട്ടിക്കാലത്ത് നിളയുടെ അച്ചന്‍ ഒരു പ്രദര്‍ശനത്തില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന ഒരു കഥപുസ്തകം ഉണ്ടായിരുന്നു. കാപ്പിപ്പൊടി നിറമുള്ള പുറംചട്ടയിട്ട ആ കഥപുസ്തകം നിള എപ്പൊഴും തുറന്ന് വായിച്ചുകൊണ്ടിരിക്കും. കഥകള്‍ എത്രപ്രാവശ്യം വായിച്ചു എന്ന് അവള്‍ക്കുതന്നെ അറിഞ്ഞുകൂടാ. ഓരോ കഥയും ഒരു നൂറുവെട്ടം എങ്കിലും വായിച്ചുകാണും. ദിവസവും വഴിയില്‍ നിന്നും കിട്ടുന്ന പല നിറങ്ങളിലുള്ള ഇലകളും പൂക്കളും മിഠായിപ്പൊതികളും വര്‍ണ്ണക്കടലാസുകളും വളപ്പൊട്ടുകളുമൊക്കെ നിള ആ പുസ്തകത്തിലെ താളുകള്‍ക്കിടയ്ക്കു വെക്കും. സ്കൂളില്ലാത്ത ദിവസങ്ങളില്‍ നിറങ്ങളും തിരഞ്ഞ് നിള ഗ്രാമത്തിലെ വഴിയിലെല്ലാം ചുറ്റിക്കറങ്ങും. എന്നിട്ട് നിറങ്ങള്‍ പെറുക്കും. “നിനക്കു പതിനാലു വയസ്സായി എന്ന് ഓര്‍മ്മവേണം“ എന്ന് അമ്മ എപ്പോഴും പറയും. പക്ഷേ നിള കേള്‍ക്കില്ല.
ഒരു ദിവസം സന്ധ്യയ്ക്ക് നിള ഇടവഴിയിലൂടെ വീട്ടിലേയ്ക്കു നടക്കുമ്പോള്‍ വേലിപ്പത്തലില്‍ ഒരു ചിത്രശലഭം ഇരിക്കുന്നു. ഇത്രയും സുന്ദരമായ ചിത്രശലഭത്തെ നിള കണ്ടിട്ടില്ല. പല നിറങ്ങളില്‍ തിളങ്ങുന്ന ചിറകുകളായിരുന്നു ചിത്രശലഭത്തിന്. ചിറകുകളിലെ നാലു കണ്ണുകള്‍ക്കുതന്നെ ഏഴു നിറങ്ങളായിരുന്നു. അവള്‍ പതുങ്ങിപ്പതുങ്ങി ചിത്രശലഭത്തിന്റെ അടുത്തെത്തി. പിടിക്കാന്‍ കൈ നീട്ടിയപ്പൊഴേയ്ക്കും അത് പറന്നുപറന്ന് ഒരു കിണറ്റിന്‍ തൊടിയില്‍ പോയി ഇരുന്നു. വീണ്ടും പതുക്കെ അടുത്തെത്തിയപ്പൊഴേയ്ക്കും ചിത്രശലഭം പറന്നുപറന്ന് വഴിയിലെ ഒരു തുമ്പച്ചെടിയില്‍ പോയി ഇരുന്നു. വളരെ സൂക്ഷിച്ച്, ശബ്ദമുണ്ടാക്കാതെ നടന്ന് നിള ചിത്രശലഭത്തിന്റെ തൊട്ടടുത്തെത്തി. മുട്ടുകുത്തിനിന്ന് പതുക്കെ തന്റെ മെലിഞ്ഞ കൈനീട്ടി ചിത്രശലഭത്തെ പിടിച്ചു. ചിത്രശലഭത്തിനെ മുഖത്തിന്റെ അടുത്തു പിടിച്ചു നോക്കിയപ്പോള്‍ അതിന്റെ ചിറകില്‍ ആയിരം വര്‍ണ്ണങ്ങള്‍ ഉണ്ടെന്നു തോന്നി. ഈ ചിത്രശലഭത്തിനെ പുസ്തകത്താളിനകത്തു വെയ്ക്കാം എന്ന് നിള വിചാരിച്ചു. അവളുടെ മനസ്സു വായിച്ചതുപോലെ ശലഭം പറഞ്ഞു. "എന്നെ പുസ്തകത്താളിനകത്തു വെയ്ക്കരുതേ, ശ്വാസം മുട്ടി ഞാന്‍ ചത്തുപോവും”. നിള ആലോചിച്ചു. ശരിയാണ്, ചിത്രശലഭത്തിനു പുസ്തകത്താളിനകത്ത് ശ്വാസം മുട്ടും.
“പക്ഷേ നിന്റെ ചിറകിലെ നിറങ്ങള്‍ എന്റെ ശേഖരത്തില്‍ ഇല്ലല്ലോ. എനിക്കീ നിറം വേണം”.
“നീയെന്നെ വെറുതേ വിടൂ. ഞാന്‍ നിനക്ക് എന്റെ നിറങ്ങള്‍ തരാമല്ലോ”
ശലഭം പറയുന്നതു വിശ്വസിച്ച് അവള്‍ അതിനെ വെറുതേ വിട്ടു. ശലഭത്തിനു സന്തോഷമായി. അത് അവള്‍ക്കു ചുറ്റും പാറിനടന്നു. എന്നിട്ട് പറന്നുവന്ന് അവളുടെ കൈത്തണ്ടയില്‍ ഇരുന്നു. അപ്പോള്‍ അവളുടെ കൈത്തണ്ടയിലേയ്ക്ക് ചിത്രശലഭത്തിന്റെ നിറങ്ങള്‍ പടര്‍ന്നു. ചിത്രശലഭം പറന്നുപോയി.
നിളയ്ക്കു വളരെ സന്തോഷമായി. അവള്‍ കൈകള്‍ പാവാടയുടെ പോക്കറ്റിനകത്താക്കി വീട്ടിലേയ്ക്കോടി. ആരും കാണാതെ പുസ്തകം തുറന്നു. ഇടത്തേ കൈകൊണ്ട് വലതു കൈത്തണ്ടയില്‍ തൊട്ടപ്പോഴതാ, നിറങ്ങള്‍ ഓരോന്നോരോന്നായി വിരല്‍ത്തുമ്പിലേയ്ക്കു വരുന്നു. അവള്‍ നിറങ്ങളെ ശ്രദ്ധയോടെ തൊട്ടെടുത്ത് പുസ്തകത്താളുകള്‍ക്കകത്താക്കി. എല്ലാ നിറങ്ങളെയും പുസ്തകത്തിനു അകത്താക്കിയപ്പോള്‍ കൈത്തണ്ടയ്ക്ക് വീണ്ടും വെള്ള നിറമായി. നിറങ്ങളെ ഇങ്ങനെ തൊട്ടെടുക്കാമെന്നത് അവള്‍ക്കു പുതിയ അറിവായിരുന്നു. അവള്‍ പതുക്കെ പുസ്തകത്തിന്റെ പുറംചട്ടയില്‍ തൊട്ടു. പുസ്തകത്തിന്റെ പുറംചട്ടയിലെ കാപ്പിപ്പൊടി നിറം അവളുടെ വിരലിലായി. അതിനെയും പുസ്തകത്തിനകത്താക്കിയപ്പോള്‍ പുസ്തകത്തിനു ചാരനിറമായി. ആഹ്ലാദത്തോടെ അവള്‍ മേശയുടെ ഇളം പച്ചനിറവും മെത്തയിലെ പുതപ്പിന്റെ നീലപ്പുള്ളികളുടെ നിറവും വീട്ടിലെ പൂച്ചയുടെ കറുത്ത നിറവും പട്ടിക്കുട്ടിയുടെ കാവിനിറവും പുസ്തകത്തിനകത്താക്കി. അമ്പലത്തില്‍ പോയിരുന്ന അച്ചനും അമ്മയും തിരിച്ചുവന്നപ്പോള്‍ വീട്ടിലേയ്ക്കുള്ള വഴി ആകെ ചാരനിറം. വീട്ടിന്റെ മുറ്റം ചാര നിറത്തില്‍. ബോഗന്‍വില്ലയ്ക്കും ചെമ്പരത്തിച്ചെടിക്കും മന്ദാരപ്പൂവിനും ചാരനിറം. വീട്ടിലെ മഞ്ഞമതിലുകള്‍ക്കും ചാരനിറം! നോക്കിയപ്പൊഴതാ, നിള നിറങ്ങളെ ഓരോന്നോരോന്നായി എടുത്ത് പുസ്തകത്തിനു അകത്തുവെയ്ക്കുന്നു. മോളേ നിറങ്ങളെ തിരിച്ചുവെയ്ക്കൂ എന്നുപറഞ്ഞ് അച്ചനും അമ്മയും അവളുടെ അടുത്തേയ്ക്കോടി. ഇല്ലാ എന്നുവിളിച്ച് നിള പുറത്തിറങ്ങി ഓടി. ഓടുന്ന വഴിയില്‍ അവള്‍ തൊടുന്നിടത്തെന്നെല്ലാം നിറങ്ങള്‍ ഇളകി പുസ്തകത്തിനു അകത്തേയ്ക്കു പോവുന്നുണ്ടായിരുന്നു.
പിറ്റേന്ന് ഗ്രാമത്തിലെ ആളുകള്‍ എഴുന്നേറ്റപ്പോള്‍ ഗ്രാമം മുഴുവന്‍ കറുപ്പു നിറത്തിന്റെ വിവിധ ഭാവങ്ങളില്‍ കുളിച്ചുനിന്നു. കടുംചാരനിറത്തിലുള്ള വള്ളത്തില്‍ കയറി ചാരപ്പുഴയും ചാരപ്പൂന്തോട്ടവും കടന്ന് ചാരനിറത്തിലുള്ള സ്കൂളിലെത്തിയ മാഷന്മാര്‍ വെള്ളയും നീലയും യൂണിഫോം ഇട്ടോണ്ടു വരാത്തതിനു കുട്ടികളോടു ചൂടായി. നിള തന്റെ കഥ പുസ്തകം നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്നു. മാഷന്മാര്‍ സ്കൂളിനു അവധികൊടുത്തു. നിളയുടെ ക്ലാസില്‍ പഠിപ്പിക്കുന്ന വിഷ്ണുമാഷ് നിളയോട് നിറങ്ങള്‍ തിരിച്ചു കൊടുക്കാമോ എന്നു ചോദിച്ചു. നിള പതുക്കെ മാഷിന്റെ മുഖത്തോട്ടു നോക്കി ഇല്ല എന്നു തലയാട്ടി. അപ്പൊഴേയ്ക്കും ക്ലാസിലെ കുട്ടികള്‍ എല്ലാം നിളയുടെ ചുറ്റും കൂടി നിറങ്ങള്‍ തിരിച്ചുതരാന്‍ നിര്‍ബന്ധിച്ചുതുടങ്ങി. ഗ്രാമത്തിലുള്ള എല്ലാവരും സ്കൂളിന്റെ ചുറ്റും കൂടിയിരുന്നു. മുതിര്‍ന്ന ക്ലാസിലെ ഒരു കുട്ടി നിളയുടെ കയ്യില്‍ നിന്നും പുസ്തകം തട്ടിപ്പറിച്ചു. നിറങ്ങള്‍ ഓരോന്നായി അവള്‍ അടര്‍ത്തിയെടുക്കാന്‍ നോക്കിയെങ്കിലും നിറങ്ങളൊന്നും പുസ്തകത്തില്‍ നിന്നും ഇളകിവന്നില്ല. കുട്ടികളുടെ പിടിവലിയില്‍ പുസ്തകത്തിന്റെ ഏതാനും താളുകള്‍ കീറിയും പോയി. ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ നിന്നും വിഷ്ണുമാഷ് നിളയെ പിടിച്ചുമാറ്റി. കുട്ടികളുടെ കയ്യില്‍ നിന്നും പുസ്തകം തിരിച്ചുവാങ്ങി നിളയുടെ കയ്യില്‍ കൊടുത്തു. “അവള്‍ ഒരു കൊച്ചുകുട്ടിയല്ലേ, സ്നേഹത്തോടെ പറയുമ്പോള്‍ അവള്‍ നിറങ്ങളൊക്കെ തിരിച്ചുതന്നോളും“ എന്നുപറഞ്ഞ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടു.
വിഷ്ണുമാഷ് ഒരു നല്ല മാഷായിരുന്നു. ഒരിക്കലും കുട്ടികളെ തല്ലാത്ത മാഷായിരുന്നു വിഷ്ണുമാഷ്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കൊക്കെ വിഷ്ണുമാഷിനെ വളരെ ഇഷ്ടമായിരുന്നു. മാഷിന്റെ ഭാര്യ മാഷുമായി വഴക്കിട്ട് ഒരു പട്ടണത്തിലായിരുന്നു താമസിച്ചിരുന്നത്. മാഷിന്റെ മോന്‍ വിനുവും അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഭാര്യയെയും മകനെയും കാണാത്ത വിഷമം മാഷിനു ഒരുപാട് ഉണ്ടായിരുന്നെങ്കിലും കുട്ടികളുടെ മുന്‍പില്‍ മാഷ് ഒരിക്കലും അതു കാണിക്കില്ലായിരുന്നു. എല്ലാ കുട്ടികളെയും മാഷിനു വലിയ സ്നേഹമായിരുന്നു.
നിളയോട് മാഷു പറഞ്ഞു, “സാരമില്ല, മോള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ മോള്‍ നിറങ്ങള്‍ തിരിച്ചുകൊടുക്കണ്ട“. നിള ഒന്നും മിണ്ടാതെ വീട്ടിലേയ്ക്ക് ഓടിപ്പോയി. ആള്‍ക്കാര്‍ക്കെല്ലാം തന്നെ ദേഷ്യമാണെന്നു നിളയ്ക്കു തോന്നി. അവള്‍ മുറിയില്‍ കയറി കതകടച്ച് പുസ്തകത്തെ കെട്ടിപ്പിടിച്ചു കരഞ്ഞു.
അതിന്റെ പിറ്റേ ദിവസം സ്കൂളില്‍ ക്രിസ്തുമസ് അവധി തുടങ്ങുകയായിരുന്നു. വിഷ്ണുമാഷിന്റെ മോന്‍ വിനു സ്കൂള്‍ അടപ്പിനു മാഷിന്റെ കൂടെ താമസിക്കാന്‍ വന്നു. എപ്പോഴും ചിരിച്ച് ഉല്ലസിച്ചുനടക്കുന്ന ഒരു കുട്ടിയായിരുന്നു വിനു. അവന്റെ ക്ലാസിലെ കുട്ടികള്‍ക്കെല്ലാം വിനുവിനെ വലിയ ഇഷ്ടമായിരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ കുറച്ചുനേരം വിനുവിന്റെ കൂടെ ഇരുന്നാല്‍ മതി, വിഷമം എല്ലാം മറന്ന് അവര്‍ ചിരി തുടങ്ങും. എപ്പോഴും അത്രയ്ക്കും സന്തോഷമായിരുന്നു വിനുവിന്. “അമ്മ സുഖമായി ഇരിക്കുന്നോ” എന്ന് മാഷ് ചോദിച്ചു. “അമ്മയ്ക്കു സുഖമാണ്, പക്ഷേ എപ്പൊഴും വിഷമമാണ്. എന്താ അച്ചാ, ഇവിടെ നിറങ്ങളൊന്നും ഇല്ലാത്തത്“ എന്ന് വിനു ചോദിച്ചു. മാഷ് നടന്ന കാര്യങ്ങളൊക്കെ മോനോടു പറഞ്ഞു. വിനു ഉടനേ തന്നെ മാഷിനെയും വിളിച്ച് നിളയുടെ വീട്ടിലേയ്ക്കു പോയി.
വിനുവിനെ കണ്ടപ്പോള്‍ വിനു തന്റെ പുസ്തകം എടുക്കാന്‍ വന്നതാണോ എന്ന് ആലോചിച്ച് നിള പുസ്തകത്തെ ഒന്നുകൂടെ ഇറുക്കിപ്പിടിച്ചു. വിനു അവളെനോക്കി ചിരിച്ചുകൊണ്ട് പേടിക്കണ്ടാ എന്നുപറഞ്ഞു. അവനെ നിളയ്ക്ക് ആദ്യം ഇഷ്ടപ്പെട്ടില്ല. അവന്റെ ചുവന്ന ഉടുപ്പിലെ നിറങ്ങള്‍ ഇളക്കിയെടുക്കാം എന്നുവിചാരിച്ച് നിള അവന്റെ ഉടുപ്പില്‍ തൊട്ടു. പക്ഷേ അല്‍ഭുതം, വിനുവിന്റെ ഉടുപ്പിലെ നിറങ്ങള്‍ ഇളകിവന്നില്ല. അവള്‍ അവന്റെ തലമുടിയില്‍ തൊട്ടു. പക്ഷേ തലമുടി എണ്ണക്കറുപ്പില്‍ തിളങ്ങി. നിളയ്ക്ക് അല്‍ഭുതമായി. വിനു അവളുടെ കയ്യില്‍ പിടിച്ചുവലിച്ച് “നമുക്കു കളിക്കാന്‍ പോവാം“ എന്നുപറഞ്ഞു.
നേരം വൈകുന്നതുവരെ വിനുവും നിളയും ഗ്രാമത്തിലെ വയലുകളിലും വഴികളിലും മൈതാനങ്ങളിലും വായനശാലയുടെ മുന്‍പിലും പച്ചക്കറിത്തോട്ടത്തിലുമൊക്കെ കളിച്ചും ചിരിച്ചും നടന്നു. അവളെ ആരെങ്കിലും കളിക്കാന്‍ വിളിക്കുന്നത് ആദ്യമായിട്ടായിരുന്നു. അവള്‍ പൊട്ടിച്ചിരിക്കുമ്പോള്‍ ഓരോരോ നിറങ്ങളായി ഗ്രാമത്തില്‍ തിരിച്ചുവന്നുകൊണ്ടിരുന്നു. പശുക്കള്‍ക്ക് ഒക്കെ വീണ്ടും കറുപ്പും വെളുപ്പും പാണ്ടുകള്‍ വന്നു. പശുക്കള്‍ സന്തോഷത്തോടെ നീട്ടി അമറി. നായകള്‍ക്കൊക്കെ ചാരവും കറുപ്പും നിറവും വന്നു. പാടങ്ങളിലെഒക്കെ സ്വര്‍ണ്ണനിറത്തില്‍ നെല്‍ക്കതിരുകള്‍ തിളങ്ങിനിന്നു. സ്കൂളിലെ ചുമരുകളില്‍ മഞ്ഞയും പച്ചയും നിറങ്ങളായി. കുട്ടികളുടെ ഉടുപ്പുകളില്‍ നീലയും പച്ചയും വെള്ളയും നിറങ്ങള്‍ തിരിച്ചുവന്നു. ഗ്രാമത്തില്‍ എല്ലാവര്‍ക്കും സന്തോഷമായി. പക്ഷേ നേരം ഇരുട്ടാറായിട്ടും ചുവപ്പുനിറം മാത്രം മാനത്തു വന്നില്ല. നിറങ്ങള്‍ തിരിച്ചുവന്ന ആകാശത്തിനു നല്ല ഭംഗിയായിരുന്നെങ്കിലും ചുവപ്പുനിറം ഇല്ലാത്തതുകൊണ്ട് എന്തോ ഒരു കുറവു തോന്നുമായിരുന്നു. വിനു ഇത് ശ്രദ്ധിച്ചു. നേരം വൈകാറായപ്പോള്‍ ചിരിച്ചുകൊണ്ട് അവളെ അടുത്തുപിടിച്ച് വിനു അവളുടെ കവിളില്‍ ഒരു ഉമ്മകൊടുത്തു. നിളയുടെ കവിളുകള്‍ രോമാഞ്ചം കൊണ്ടു ചുവന്നു. അപ്പോള്‍ ആകാശത്തിലും ചുവപ്പുനിറം പടര്‍ന്നു.
നിറങ്ങള്‍ തിരിച്ചുവന്നപ്പോള്‍ ഗ്രാമത്തില്‍ എല്ലാവര്‍ക്കും സന്തോഷമായെങ്കിലും നിളയുടെ അമ്മാവനു മാത്രം എന്തോ ഒരു വല്ലായ്മ തോന്നി. വിനു നിളയുടെ കവിളില്‍ ഉമ്മകൊടുക്കുന്നത് അതുവഴി നടന്നുപോയ അമ്മാവന്‍ കണ്ടിരുന്നു. വിഷ്ണുമാഷിനോടും നിളയുടെ അച്ചനമ്മമാരോടും അമ്മാവന്‍ പറഞ്ഞു, “ഇതു ശരിയാവില്ല. വിനു ഇനി ഈ ഗ്രാമത്തില്‍ നില്‍ക്കരുത്”. ഇതുകേട്ടപ്പോള്‍ മാഷിനു വളരെ വിഷമം ആയി. എങ്കിലും മാഷ് മോന്റെ അടുത്തു പറഞ്ഞു, “മോന്‍ തിരിച്ചു പൊയ്ക്കോ. അമ്മയുമായി കൂട്ടാവുമ്പൊ അച്ചന്‍ അങ്ങോട്ടു വരാം”. നിളയുടെ അച്ചനും അമ്മയ്ക്കും വിഷമം ആയി. എങ്കിലും അവര്‍ ഒന്നും പറഞ്ഞില്ല. വിനു നിളയോടു പറഞ്ഞു - “ഞാന്‍ പോയാലും നീ ഗ്രാമത്തിലെ നിറങ്ങള്‍ ഒന്നും ഇനിയും എടുത്ത് പുസ്തകത്തിനു അകത്തുവെയ്ക്കില്ല എന്നു സത്യം ചെയ്യണം”. വിനു പോവുന്നതില്‍ അവള്‍ക്കു വളരെ വിഷമം ആയി. അവള്‍ സത്യം ചെയ്തു. എന്നിട്ട് മുറിയ്ക്കകത്തുപോയി കതകും അടച്ചുകിടന്ന് കരഞ്ഞു. രാത്രിത്തെ ബസ്സില്‍ മാഷ് മോനെ വണ്ടികയറ്റിവിട്ടു. നിളയുടെ അച്ചനും അമ്മയും ബസ് സ്റ്റോപ്പുവരെ മാഷിന്റെ കൂടെപ്പോയി. എത്രവിളിച്ചിട്ടും നിള മാത്രം വന്നില്ല.
നിള രാത്രിമുഴുവന്‍ കിടന്നു കരഞ്ഞു. കരഞ്ഞുകരഞ്ഞ് അവള്‍ എപ്പൊഴോ ഉറങ്ങിപ്പോയി. ഉറക്കത്തില്‍ വയലുകളിലും തൊടികളിലും ഒക്കെ വിനുവിന്റെ കയ്യും പിടിച്ച് ഓടിനടക്കുന്നത് അവള്‍ സ്വപ്നം കണ്ടു. സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്ന് ഇനി ഒരിക്കലും വിനുവിനെ കാണാന്‍ പറ്റില്ല എന്ന് ആലോചിച്ച് അവള്‍ക്ക് ഒരുപാടു വിഷമം ആയി. എല്ലാ നിറങ്ങളും ഇളക്കിയെടുക്കാന്‍ തോന്നിയെങ്കിലും അവനോടു കൊടുത്ത വാക്കോര്‍ത്ത് അവള്‍ കൂനിക്കൂടിയിരുന്നു. ഗ്രാമത്തിലെ നിറങ്ങള്‍ ഇളക്കില്ല എന്നല്ലേ പറഞ്ഞുള്ളൂ, എന്റെ നിറങ്ങള്‍ എനിക്കെടുക്കാമല്ലോ എന്നുവിചാരിച്ച് അവള്‍ അവളുടെ ഉടുപ്പില്‍ തൊട്ട് പുസ്തകത്തില്‍ വെച്ചു. ഉടുപ്പ് ചാരനിറമായി. കൈത്തണ്ടയില്‍ തൊട്ടപ്പോള്‍ കൈകാലുകള്‍ക്കും ചാരനിറമായി. മുടിയിലും മുഖത്തും തൊട്ട് മുടിയുടെ എണ്ണക്കറുപ്പും കവിളുകളുടെ ഇളം ചുവപ്പുനിറവും അവള്‍ പുസ്തകത്തിനകത്തുവെച്ചു.
അച്ചനും അമ്മയും രാവിലെ മോളെ വിളിച്ചുണര്‍ത്താന്‍ വന്നപ്പോള്‍ അവള്‍ ആകെ ചാര നിറമായി ഇരുന്ന് കരയുകയായിരുന്നു. പുറത്ത് ആകാശത്ത് ഒരു വലിയ മഴക്കോള്‍ വന്നു. ഒരു വലിയ മഴമേഖം ചാര നിറത്തില്‍ വന്ന് ഗ്രാമത്തിനു മുകളില്‍ നിന്നു. ഒരുപാടു നേരം മൂടിനിന്നിട്ടും മഴപെയ്തില്ല. അവര്‍ പലതും പറഞ്ഞ് അവളെ ആശ്വസിപ്പിക്കാന്‍ നോക്കി. പക്ഷേ നിള ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളൂ. ഒരുപാട് നിര്‍ബന്ധിച്ച് അവളെ അവര്‍ കഴിക്കാന്‍ കൊണ്ടിരുത്തി. അവള്‍ മനസ്സില്ലാമനസ്സോടെ വാരിത്തിന്നുന്ന ആഹാരവും അവളുടെ പാത്രത്തില്‍ മാത്രം ചാര നിറമായി മാറിക്കൊണ്ടിരുന്നു. അച്ചനും അമ്മയ്ക്കും ഇതുകണ്ട് വളരെ വിഷമം ആയി. അവര്‍ ഒരുപാടു നിര്‍ബന്ധിച്ചെങ്കിലും അവള്‍ അവളുടെ നിറങ്ങള്‍ തിരിച്ചെടുക്കാന്‍ കൂട്ടാക്കിയില്ല. നിളയുടെ അമ്മാവനെയും വിളിച്ച് അവര്‍ കാര്യം പറഞ്ഞു. അമ്മാവനും അവളെ കുറെ നിര്‍ബന്ധിച്ചു. എന്നിട്ടും നിള കേട്ടില്ല. അമ്മാവനും വിഷമം ആയി. അമ്മാവന്‍ പോയി വിഷ്ണുമാഷിനോടു പറഞ്ഞു, “ഞാന്‍ ഇന്നലെ ദേഷ്യം വന്നപ്പൊ പറഞ്ഞതാ, അതൊന്നും കാര്യമാക്കണ്ടാ, നമുക്ക് വിഷ്ണുവിനെ തിരിച്ചുകൊണ്ടുവരാം”.
വിഷ്ണുമാഷ് ഫോണ്‍ ബൂത്തില്‍ പോയി വിനുവിന്റെ അമ്മയെ ഫോണ്‍ വിളിച്ചു. “വിനുവിനെ ഒന്നൂടെ വിടാമോ, അവന്‍ കുറച്ചുനാള്‍ ഇവിടെ നില്‍ക്കട്ടെ” എന്നുപറഞ്ഞു. മാഷിന്റെ ഭാര്യ “മ്മ്മ്മ്” എന്നുപറഞ്ഞു. “നീ കൂടെ വരാമോ” എന്ന് മാഷ് ചോദിച്ചു. മാഷിന്റെ ഭാര്യ കുറെ നേരം ഒന്നും മിണ്ടിയില്ല. എന്നിട്ട് ഫോണ്‍ വെച്ചു.
ക്രിസ്തുമസിനു തലേദിവസം വൈകുന്നേരമായിരുന്നു വിനു വന്നത്. വിനുവിനെ കണ്ട് നിളയ്ക്ക് വളരെ സന്തോഷമായി. അവര്‍ ഇരുവരും കൈകള്‍ കോര്‍ത്ത് അവിടെയെല്ലാം ഓടിനടന്നു. മഴമേഖം ഒരു വലിയ ശബ്ദത്തോടെ നിറഞ്ഞുപെയ്തു. നിളയുടെ നിറങ്ങളെല്ലാം തിരിച്ചുവന്നു. അവളുടെ കവിളുകള്‍ ചുവന്നുവന്നു. നേരം ഇരുട്ടാറായപ്പോള്‍ മഴ നിന്നു. ഗ്രാമത്തിലെ വീടുകളിലെല്ലാം പല നിറങ്ങളിലെ ക്രിസ്തുമസ് വിളക്കുകള്‍ തെളിഞ്ഞു. തോട്ടിന്റെ കടവത്തുനിന്നും ദൂരെ സ്കൂളിന്റെ മതിലുവരെ ഏഴുനിറങ്ങളിലെ ഒരു മഴവില്ല് വിരിഞ്ഞുനിന്നു. നിളയും വിനുവും പോയി തോട്ടിലേയ്ക്കു കാലിട്ട് മഴവില്ലിനെ തൊട്ടുകൊണ്ട് കടവത്ത് ഇരുന്നു. വിഷ്ണുമാഷും നിളയുടെ അമ്മാവനും അപ്പോള്‍ അങ്ങോട്ടു വന്നു. “അച്ചാ, അമ്മ നാളെ വരും, എനിക്ക് ഉറപ്പാ” എന്ന് വിനു പറഞ്ഞു. വിഷ്ണുമാഷും അമ്മാവനും കുട്ടികളെ നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു.
എഴുതിയത്
simy nazareth
സമയം
Monday, December 17, 2007
24
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
12/15/2007
സ്വര്‍ണ്ണക്കലമാന്‍
വര: സനാതനന്‍.
------------
എനിക്ക് തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലാണ് ജോലി. എസ്.ഐ. ഉദ്യോഗമാണ്. കരുണയുള്ള പോലീസ് ഉദ്യോഗസ്ഥന്‍ എന്ന പേര് (സല്‍പ്പേരോ ദുഷ്പേരോ എന്നറിയില്ല) എങ്ങനെയോ ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ ഇടിയും കൊണ്ട് കരഞ്ഞുകൊണ്ടിരിക്കുന്ന പലരും “എന്റെ പൊന്നുസാറേ, എന്നെയൊന്നു രക്ഷിക്കൂ” എന്നും “ഞാനൊരു തെറ്റും ചെയ്തിട്ടില്ല” എന്നുമൊക്കെ നിലവിളിക്കാറുണ്ട്. എത്ര ഇടികൊണ്ടാലും ഒന്നും മിണ്ടാതെ കൂനിക്കൂടിയിരിക്കുന്ന കുറ്റവാളികളും ഒരുപാടുണ്ട്. നിറുത്താതെ കള്ളം പറയുന്നവരും ധാരാളം. നീണ്ട സര്‍വ്വീസുകൊണ്ട് കുറ്റവാളികളുടെ മന:ശാസ്ത്രം ഒട്ടൊക്കെ എനിക്കു വശമായിരുന്നു. സാധാരണ കുറ്റവാളികളുടെ പ്രതികരണങ്ങള്‍ നോക്കി അവന്‍ എന്തു തരക്കാരനാണെന്ന് പെട്ടെന്നു പറയാന്‍ പറ്റും. ഏതു പോലീസ് സ്റ്റേഷന്‍ എടുത്താലും കാര്യങ്ങള്‍ ഏറെക്കുറെ ഒരേപോലെയാണ്. കുറ്റം ചെയ്യുന്നവര്‍ ചിന്തിക്കുന്നത് എല്ലായിടത്തും ഒരേപോലെയാണ്. കള്ളനും പോലീസും കളി കുറെ കളിച്ചുകഴിയുമ്പോള്‍ ബോറടിക്കുന്ന കളിയാണ്. ഈ തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലും കാര്യങ്ങള്‍ വ്യത്യസ്ഥമല്ല. എന്നാല്‍ കൂനിക്കൂടിയിരിക്കുന്ന ഒരുവനെ ലാത്തികൊണ്ട് താടിയില്‍ തട്ടിയുയര്‍ത്തുമ്പോള്‍ “സാറിന്റെ ഭാര്യ സ്വപ്നം കാണാറുണ്ടോ” എന്ന ചോദ്യം ഞാന്‍ ഇത്രയും നീണ്ട കരിയറില്‍ ആദ്യമായായിരുന്നു കേള്‍ക്കുന്നത്. “ഡാ നിന്നെഞാന്‍” എന്നുപറഞ്ഞ് സഹപ്രവര്‍ത്തകനായ രാജേഷ് അവന്റെ കവിളില്‍ ഊക്കോടെ ഒന്നു പൊട്ടിച്ചു. പേടിച്ച് എന്നെനോക്കിയിരുന്നു വിറച്ച അവനെ ഞാനെന്റെ മുറിയിലേയ്ക്കു വിളിപ്പിച്ചു. അവന്റെ കേസ് ഫയലും എടുപ്പിച്ചു.
“നേരത്തേ ചോദിച്ച ചോദ്യം മനസിലായില്ലല്ലോഡാ”.
“സാറിന്റെ ഭാര്യ സ്വപ്നം കാണാറുണ്ടോ. ഉണ്ടെങ്കില്‍ എന്തുതരം സ്വപ്നമാണു സര്‍ അവര്‍ കാണുക”.
“എന്റെ കിടപ്പറ വിശേഷങ്ങളൊക്കെ നിങ്ങളുടെ അടുത്ത് ഞാന്‍ എന്തിനു വിവരിക്കണം മിസ്റ്റര്‍. എന്റെ ഭാര്യ എന്തു സ്വപ്നം കണ്ടാല്‍ തനിക്കെന്താടോ?”
“അവര്‍ ഒരു സ്വര്‍ണ്ണക്കലമാനെ സ്വപ്നം കാണാറുണ്ടോ സര്‍”.
“ഇല്ല. എന്തേ?”
അവന്‍ ആശ്വാസത്തോടെ ഒന്നു നെടുവീര്‍പ്പെട്ടു. കൌതുകം പുറത്തുകാണിക്കാതെ ഞാന്‍ അവന്റെ മുഖത്തേയ്ക്കു നോക്കി. രാജേഷിനെ വിളിച്ച് ഇയാള്‍ക്കെന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ എന്നു ചോദിച്ചു.
“തോന്നുന്നില്ല സര്‍. കാണുന്നവരോടെല്ലാം അവരുടെ ഭാര്യ കാണുന്ന സ്വപ്നം തിരക്കുന്നു. വേറെ കുഴപ്പമൊന്നുമില്ല. വേണമെങ്കില്‍ മാനസികാശുപത്രിയിലേയ്ക്കു റെഫര്‍ ചെയ്യാം. പക്ഷേ സാര്‍ കേസ് നോക്കിയോ? കേസ് വേറെയാണു സാര്‍.“
“ഇല്ല, എനിക്കു മാനസിക രോഗമൊന്നും ഇല്ല. എന്റെ കഥ കേട്ടുകഴിയുമ്പോള്‍ സാറിനു മനസിലാവും. ഞാന്‍ കുറ്റമൊന്നും ചെയ്തില്ലെന്നും സാധാരണ ഏതു ഭര്‍ത്താവും ചെയ്തുപോവുന്ന കാര്യങ്ങളേ ഞാന്‍ ചെയ്തിട്ടുള്ളൂ എന്നും സാറിനു മനസ്സിലാവും”.
രാജേഷും എന്റെ അടുത്ത് ഇരിപ്പായി. മുഖം കൊണ്ട് കഥ തുടരാന്‍ രാജേഷ് ആംഗ്യം കാണിച്ചു.
ഒരു സാധാരണ കുടുംബജീവിതമായിരുന്നു സര്‍ എന്റേത്. അഞ്ജലി മാര്‍ ഇവാനിയോസ് കോളെജില്‍ എന്റെ സഹപാഠിയായിരുന്നു. പ്രേമവിവാഹമായിരുന്നു ഞങ്ങളുടേത്. ഏഴു വര്‍ഷത്തെ പ്രണയം. വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷങ്ങളായി. കുട്ടികള്‍ ഇല്ല. കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കില്‍ ഒരു സ്ഥാപനത്തിലാണ് എന്റെ ജോലി. പട്ടത്തിനടുത്ത് രാജാജി നഗറില്‍ ഒരു വാടകവീട്ടില്‍ താമസം. സാറിനു ഗണപതി ലേന്‍ അറിയാമോ? അതില്‍ വഴിയുടെ അറ്റത്തുള്ള പതിനാലാം നമ്പര്‍ വീട്. വീട്ടിന്റെ മുന്‍പിലെ മുറിയിലെ ജനാലയില്‍ക്കൂടി നോക്കിയാല്‍ മെയ്ന്‍ റോഡ് വരെ കാണാം. ദൂരെനിന്നേ അവള്‍ക്കു ഞാന്‍ വരുന്നത് കാണാം. നല്ല വീട്. അഞ്ജലിയ്ക്ക് ജോലിയില്‍ താല്പര്യമില്ലായിരുന്നു. ഒരു നല്ല കലാകാരിയായിരുന്നു അവള്‍. വല്ലപ്പൊഴും ചിത്രങ്ങള്‍ വരച്ച് കരകൌശല കടകളില്‍ കൊടുക്കും. നിറമുള്ള ചിത്രങ്ങള്‍. ഒരുപാട് സ്വപ്നം കാണുന്ന പെണ്‍കുട്ടി. അല്ലെങ്കിലും രണ്ടുപേര്‍ ജോലിചെയ്യേണ്ട സാമ്പത്തിക ബാദ്ധ്യതകള്‍ ഞങ്ങള്‍ക്കില്ലായിരുന്നു. ഞാന്‍ വരുന്നതും കാത്ത് അവള്‍ ജനാലയുടെ കമ്പിയില്‍ പിടിച്ച് ദൂരേയ്ക്കു നോക്കി നില്‍ക്കും. എന്നെക്കാണുമ്പോള്‍ അവളുടെ മുഖം പുലരിപോലെ തെളിഞ്ഞു തെളിഞ്ഞുവരും. എന്റെ ഭാര്യയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു സര്‍. ഞാനവളെ ഒരുപാടു സ്നേഹിച്ചു. ഒരുപാടൊരുപാട് സ്നേഹിച്ചു സര്‍.
“ഇരുന്നു മോങ്ങാതെ ബാക്കി പറയെടോ. നിന്റെ ഭാര്യ ചത്തൊന്നും പോയില്ലല്ലൊ. നിര്‍ത്തെടാ നിന്റെ കരച്ചില്‍”.
ഒരു സാധാരണ ജീവിതത്തിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങളുമായി ജീവിക്കുമ്പോള്‍, അന്നു രാത്രി - കഴിഞ്ഞ ഏപ്രില്‍ പതിനാലിനു രാത്രി രണ്ടുമണിക്കാണ് സര്‍ അവളാദ്യമായി ആ സ്വപ്നം കണ്ടത്. എന്നെ കെട്ടിപ്പിടിച്ചു കിടന്ന അവളുടെ കൈകള്‍ പെട്ടെന്ന് ഇറുകി. പതുക്കെ അവളുടെ വിരലുകള്‍ എന്റെ മൂക്കിലൂടെയും കണ്ണിലൂടെയും വരഞ്ഞു. ഉറക്കത്തില്‍ ഞെട്ടിയെണീറ്റ ഞാന്‍ അവള്‍ ഗാഢനിദ്രയിലാണെന്നു കണ്ടു. എന്റെ മുഖത്ത് വിരലുകള്‍ ഇറുക്കിക്കൊണ്ട് അവള്‍ പറഞ്ഞു. “എന്റെ സ്വര്‍ണ്ണക്കലമാന്‍”.
ഉറക്കത്തില്‍ നിന്നും ഞാനവളെ വിളിച്ചുണര്‍ത്തി. സ്വപ്നത്തിന്റെ പാതിയില്‍ എഴുന്നേറ്റതുകൊണ്ട് അവള്‍ക്ക് കണ്ടതെല്ലാം പകല്‍ പോലെ ഓര്‍മ്മയുണ്ടായിരുന്നു. കുറ്റാക്കുറ്റിരുട്ടില്‍, ഒരു കാട്ടിന്റെ നടുക്ക് അവള്‍ നില്‍ക്കുന്നു. മരങ്ങളുടെ വേരുകള്‍ ശിഖരങ്ങളില്‍ നിന്നും താഴേയ്ക്കു തൂങ്ങിയാടുന്നു. ദൂരെ ഒറ്റയടിപ്പാതയുടെ അറ്റത്ത്, പ്രകാശം പരത്തുന്ന സ്വര്‍ണ്ണക്കലമാന്‍ അവളെ നോക്കിക്കൊണ്ട് നില്‍ക്കുന്നു. മരച്ചില്ലകളെപ്പോലെ വിടര്‍ന്നു നില്‍ക്കുന്ന രണ്ട് സ്വര്‍ണ്ണക്കൊമ്പുകള്‍. ഇളംചുവപ്പു നിറമുള്ള ശരീരത്തില്‍ സ്വര്‍ണ്ണപ്പുള്ളികള്‍. മെലിഞ്ഞ കാലുകള്‍. ശില്‍പ്പം പോലെ ഒതുങ്ങിയ ഉടല്‍. മാറിമാറി നിലത്തു ചവിട്ടുന്ന സ്വര്‍ണ്ണക്കുളമ്പുകള്‍. ശരീരത്തില്‍ നിന്നും മഞ്ഞ വെളിച്ചം ഒറ്റയടിപ്പാതയിലേയ്ക്ക് ഒഴുകുന്നു. മാനിന്റെ കണ്ണുകള്‍ - മാനിന്റെ കണ്ണുകള്‍ മനുഷ്യന്റേതുപോലെ. സ്ത്രൈണമായ കണ്ണുകളല്ല, ഒരു പുരുഷന്റെ കണ്ണുകള്‍ പോലെ. പ്രണയാര്‍ദ്രമായ കണ്ണുകള്‍. ജ്വലിക്കുന്ന കണ്ണുകള്‍. അവളെ അടുത്തേയ്ക്കു വിളിക്കുന്ന കണ്ണുകള്‍. അവള്‍ അറിയാതെ മരങ്ങളുടെ വേരുകള്‍ വകഞ്ഞ് മാനിന്റെ അടുത്തേയ്ക്കു നടന്നു. മാന്‍ അവളുടെ നേര്‍ക്കു നോക്കിക്കൊണ്ട് അനങ്ങാതെ നിന്നു. അങ്ങനെ നടന്നു തുടങ്ങിയപ്പോഴായിരുന്നു, മാനിനു പത്തുവാര അകലത്തെത്തിയപ്പൊഴായിരുന്നു ഞാന്‍ സ്വപ്നത്തില്‍ നിന്ന് അവളെ വിളിച്ചെണീപ്പിച്ചതെന്ന് . ഞാന്‍ ഒന്നും മിണ്ടിയില്ല. ജഗ്ഗില്‍ നിന്നും ഒരു കവിള്‍ വെള്ളം കുടിച്ച് കോട്ടുവായിട്ട് അവള്‍ വീണ്ടും ഉറക്കത്തിലേയ്ക്കാഴ്ന്നു. മാനിന്റെ നേര്‍ക്കു നടന്നു തുടങ്ങിയ അവളുടെ കൈകള്‍ എങ്ങനെ സ്വര്‍ണ്ണക്കലമാനെന്നു വിളിച്ച് എന്റെ മുഖത്തു വരിഞ്ഞുമുറുകി എന്ന ചോദ്യം എന്റെ തൊണ്ടയില്‍ ചോദിക്കാതെ കിടന്നു. ഏറെനേരം ഉറങ്ങാതെ ഞാന്‍ കറങ്ങുന്ന ഫാനിലേയ്ക്കു നോക്കിക്കൊണ്ട് കിടന്നു. പിന്നീടെപ്പൊഴോ ഞാനും ഉറങ്ങിപ്പോയി. ഞങ്ങള്‍ പിന്നീട് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല.
പിന്നീട് കുറെനാള്‍ അവള്‍ക്ക് ഇങ്ങനെ സ്വപ്നങ്ങളൊന്നും വന്നില്ല. ജൂണില്‍ ഒരു ദിവസം ഓഫീസില്‍ നിന്നും ഞാന്‍ വൈകി വീട്ടില്‍ വന്നപ്പോള്‍ മുന്‍പിലെ മുറി നിറയെ വരയ്ക്കുന്ന കാന്‍വാസ് പേപ്പറുകള്‍ ചിതറിക്കിടന്നിരുന്നു. മഞ്ഞയും ചുവപ്പും നിറങ്ങള്‍ ഇടകലര്‍ത്തി അവള്‍ എല്ലാ പേപ്പറിലും സ്വര്‍ണ്ണക്കലമാന്റെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. നീലപ്പുല്‍മേടുകളില്‍ മേയുന്ന സ്വര്‍ണ്ണക്കലമാന്‍. മേഖങ്ങളില്‍ക്കൂടി ചിറകുകള്‍ വിടര്‍ത്തി കുതിച്ചുപായുന്ന സ്വര്‍ണ്ണക്കലമാന്‍. കടലില്‍ നീന്തുന്ന സ്വര്‍ണ്ണക്കലമാന്‍. പട്ടത്തെ ഞങ്ങളുടെ വീട്ടിന്റെ വഴിയില്‍, അടച്ചുകിടക്കുന്ന ഗേറ്റിനു മുന്‍പില്‍, അഴികളിലൂടെ തല അകത്തേയ്ക്കിട്ടു നില്‍ക്കുന്ന സ്വര്‍ണ്ണക്കലമാന്‍.
ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പേ തന്നെ അവള്‍ പറഞ്ഞു, “ഇന്നു ഉച്ചയുറക്കത്തില്‍ ഞാന്‍ സ്വര്‍ണ്ണക്കലമാനെ സ്വപ്നത്തില്‍ കണ്ടു. എന്തു രസമായിരുന്നു അതിനെ കാണാന്‍“. എന്റെ മുഖത്തെ മ്ലാനത കണ്ടതുകൊണ്ടാവാം, അവള്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. ഞാനും ചിത്രങ്ങളെക്കുറിച്ചോ സ്വപ്നത്തെക്കുറിച്ചോ ഒന്നും സംസാരിച്ചില്ല. ചിത്രങ്ങളെല്ലാം ഞാന്‍ അടുക്കിവെച്ചു. “അതു വിറ്റാലോ” എന്നു ഞാന്‍ അറിയാതെ ചോദിച്ചുപോയി. “വേണ്ട” എന്ന് അവള്‍ മറുപടി പറഞ്ഞു.
പിന്നെയും പല രാത്രികളില്‍ അവളുടെ സ്വപ്നത്തില്‍ സ്വര്‍ണ്ണക്കലമാന്‍ വന്നുതുടങ്ങി. ഉറക്കത്തില്‍ അവളുടെ കൈകള്‍ എന്നെ വരിയുന്നത് എനിക്ക് അസഹ്യമായിത്തുടങ്ങി. അവള്‍ എന്നെ സ്നേഹത്തോടെ തൊടുമ്പോള്‍ പോലും അവളുടെ ചുണ്ടുകള്‍ സ്വര്‍ണ്ണക്കലമാന്‍ എന്നു മന്ത്രിക്കുന്നുണ്ടോ എന്ന് ഞാന്‍ ശ്രദ്ധിക്കും. ചില രാത്രികളില്‍ അറിയാതെ അവള്‍ “എന്റെ സ്വര്‍ണ്ണക്കലമാന്‍“ എന്നു ഉറക്കെത്തന്നെ പറഞ്ഞുപോവുന്നുണ്ടായിരുന്നു. ഞാന്‍ അതുകേള്‍ക്കുമ്പോള്‍ വരാന്തയിലെ സോഫയില്‍ പോയിക്കിടന്നുറങ്ങും. പതിയെപ്പതിയെ ഞാന്‍ കിടപ്പ് വരാന്തയിലെ നിലത്തേയ്ക്കു മാറ്റി. ഒരു പായും തലയണയും വരാന്തയിലെ മൂലയില്‍ സ്ഥിരപ്രതിഷ്ഠയായി. അവള്‍ക്കും ഈ സ്ഥിതിയില്‍ വിഷമമുണ്ടായിരുന്നു. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. സ്വപ്നങ്ങളുടെ കടിഞ്ഞാണ് അവളുടെ കയ്യിലല്ലല്ലോ. സ്വര്‍ണ്ണക്കലമാനാണെങ്കില്‍, കടിഞ്ഞാണില്ലാത്ത ഒരു ജീവിയും.
ഒരു മന:ശാസ്ത്രജ്ഞനെ കണ്ടുകൂടേ എന്നായിരിക്കും സര്‍ ചോദിക്കാന്‍ വരുന്നത്. കണ്ടു സാര്‍. ഒന്നല്ല, രണ്ടു മന:ശാസ്ത്രജ്ഞരുടെ അടുത്ത് ഞങ്ങള്‍ പോയി. സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. സ്വപ്നങ്ങളുടെ അപഗ്രഥനം പഴയ ശാസ്ത്രമാണ്. ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങള്‍ ഇന്നത്തെ ശാസ്ത്രലോകം അംഗീകരിക്കുന്നില്ല. കുട്ടിക്കാലത്ത് വായിച്ച ഏതെങ്കിലും കഥകള്‍ അവള്‍ക്ക് ഓര്‍മ്മവരുന്നതായിരിക്കും എന്നും ഞാന്‍ അതില്‍ വിഹ്വലനാവേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. ചുരുക്കത്തില്‍ പ്രശ്നങ്ങള്‍ എനിക്കാണെന്നായിരുന്നു അവരുടെ അഭിപ്രായം. സാറിതില്‍ ചിരിക്കേണ്ട കാര്യമില്ല. അവള്‍ക്കും എനിക്കും അറിയാമായിരുന്നു, പ്രശ്നം എന്റേതല്ല എന്ന്. പ്രശ്നം അവളുടെ നിയന്ത്രണത്തിലുള്ളതും അല്ലെന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ചുരുക്കത്തില്‍, എനിക്കും അവള്‍ക്കും ഇടയില്‍ ഒരു മതില്‍ പോലെ, ഞാന്‍ വെറുക്കുന്നതും അവളേറെ സ്നേഹിക്കുന്നതുമായ ഒരു വളര്‍ത്തുജീവി വളര്‍ന്നുവരുന്നു. എന്റെ ഉടലില്‍ വരിഞ്ഞിരുന്ന അവളുടെ കൈകള്‍ അഴിഞ്ഞ് ആ വളര്‍ത്തുജീവിയുടെ കഴുത്തില്‍ പടര്‍ന്നു. ഇല്ല സര്‍, ഈ വേദന സ്വന്തം വീട്ടില്‍ വരുമ്പൊഴേ അതു മനസിലാവൂ. അവളുടെ ലോകത്തു നിന്നും സ്വപ്നങ്ങളില്‍ നിന്നും ഞാന്‍ പതുക്കെ പുറത്താക്കപ്പെടുന്നതുപോലെ. പൂന്തോട്ടത്തിന്റെ വാതില്‍ എന്റെനേരെ കൊട്ടിയടച്ചതുപോലെ. ഞങ്ങളുടെ വിവാഹ ജീവിതത്തിന്റെ കുത്തഴിഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ. ദിവസവും പൊട്ടലും ചീറ്റലും വളര്‍ന്ന് അന്യോന്യം ചീത്തവിളിയും കരച്ചിലുമായി. കാര്യങ്ങള്‍ വളര്‍ന്ന് ഒരു വീട്ടില്‍ ഞങ്ങള്‍ക്കിരുവര്‍ക്കും താമസിക്കാന്‍ പറ്റാത്ത വിധമായി. ജോലിയില്‍ എന്റെ ശ്രദ്ധ പതറി. മേലുദ്യോഗസ്ഥര്‍ പലതവണ എന്നെവിളിച്ചു സംസാരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഞാന്‍ വീട്ടിലെ നമ്പരില്‍ വിളിച്ചപ്പോള്‍ ഭാര്യ വീട്ടിലില്ല. മൂന്നുമണിയോടെ വീണ്ടും വിളിച്ചു. അവള്‍ ഇല്ല. അവളുടെ മൊബൈല്‍ ഫോണിലേയ്ക്കു വിളിച്ചു. ആദ്യം അവള്‍ ഫോണെടുത്തില്ല. പിന്നീട് ഫോണ്‍ എടുത്തപ്പോള്‍ തിരുവനന്തപുരം മൃഗശാലയിലാണെന്നു പറഞ്ഞു. അധികം സംസാരിക്കാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ബൈക്കുമെടുത്ത് മൃഗശാലയിലേയ്ക്കു പോയി.
അവളെ എവിടെത്തിരയണം എന്ന് എനിക്കു നല്ല ഉറപ്പായിരുന്നു. മാനുകളെ വളര്‍ത്തുന്ന വേലിക്കു പുറത്ത്, മൃഗങ്ങള്‍ക്കു തീറ്റകൊടുക്കരുത് എന്ന മുന്നറിയിപ്പ് അവഗണിച്ച് ഒരു കലമാനിനു തീറ്റകൊടുക്കുകയായിരുന്നു അവള്‍. നല്ല ഉയരമുള്ള ഒരു കലമാന്‍. ആ കൂട്ടിലെ ഏറ്റവും ആണത്തമുള്ള ജീവി അവനാണെന്നു തോന്നും. ചുവന്ന തോലില്‍ കറുത്ത പുള്ളികളും അറ്റം അല്പം പൊട്ടിയ കൊമ്പും ഉള്ള കലമാന്‍. മാന്‍ അവളുടെ കയ്യില്‍ നക്കിക്കൊണ്ട് നില്‍ക്കുമ്പൊഴായിരുന്നു ഞാന്‍ അടുത്തെത്തിയത്. എന്നെക്കണ്ടതോടെ ഭയപ്പെടേണ്ട എന്തിനെയോ കണ്ടതുപോലെ അവന്‍ കുതിച്ചോടി. അഞ്ജലി ദേഷ്യത്തോടെ എന്നെ നോക്കി. എന്തേ വന്നത് എന്നു ചോദിച്ചു. ഞാന്‍ അല്പം സ്വരമുയര്‍ത്തി “വാ, പോവാം” എന്നു പറഞ്ഞു. അവള്‍ക്ക് അഞ്ചുമിനിട്ടും കൂടി അവിടെ നില്‍ക്കണം എന്നായിരുന്നു. തെല്ലുദൂരെയായി മൃഗശാലയിലെ മാന്‍കൂടിന്റെ സൂക്ഷിപ്പുകാരന്‍ ആണെന്നു തോന്നുന്നു, മൃഗശാലയിലെ ജോലിക്കാരുടെ യൂണിഫോമുമിട്ട് വെളുത്തുമെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഈ മാനിനെക്കുറിച്ച് ചോദിച്ചറിയണമല്ലോ. ഞാന്‍ അയാളുടെ അടുത്തേയ്ക്കു പോയി. ഞാന്‍ ദൂരേയ്ക്കു ചെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കലമാന്‍ ഓടി അവളുടെ അടുത്തെത്തിയിരുന്നു. അതിന്റെ കണ്ണുകളില്‍ അപ്പൊഴും എന്റെനേര്‍ക്കുള്ള ഭയവും ദേഷ്യവും തിളങ്ങിയിരുന്നു.
മൃഗശുശ്രൂഷകന്‍ കേരളത്തില്‍ നിന്നുള്ളയാളല്ല എന്നു ഒറ്റനോട്ടത്തില്‍ തന്നെ മനസിലായി. ജോലിയുടെ ഭാഗമായി ഞാന്‍ ഒരുപാടു സ്ഥലങ്ങളില്‍ യാത്രചെയ്തിട്ടുണ്ട്. ഒരുപാടു മനുഷ്യരെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇയാള്‍ അവരെയാരെയും പോലെ അല്ലായിരുന്നു. ഒരുപക്ഷേ റഷ്യയില്‍ എവിടെനിന്നെങ്കിലും ആവാം, പക്ഷേ റഷ്യക്കാരുടെ മുഖഭാവങ്ങളും അല്ലായിരുന്നു അയാള്‍ക്ക്. കൂര്‍ത്ത മൂക്കും ചെറിയ ചുണ്ടുകളും, നീണ്ടു കിടക്കുന്ന ചെമ്പിച്ച മുടിയുമുള്ള ഒരു ആരോഗ്യദൃഢഗാത്രന്‍.
“ഈ മാന്‍ എവിടെനിന്നാണ്“?
“വളരെ ദൂരെനിന്ന്”.
“ദൂരെ എന്നാല്‍ എവിടെ? ഏതു രാജ്യത്തുനിന്ന്? ഏതു മൃഗശാലയില്‍ നിന്ന്?
“വളരെ വളരെ ദൂരെനിന്ന്”
അയാള്‍ക്ക് എന്നെ ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നും എന്നെ കളിയാക്കുകയാണെന്നും എനിക്കു തോന്നി. അയാളെ തുറിച്ചുനോക്കിക്കൊണ്ട് ഞാന്‍ തിരിച്ചുനടന്നു. അഞ്ജലിയുടെ അടുത്തെത്തിയപ്പോള്‍ പ്രതീക്ഷിച്ചതുപോലെ, മാന്‍ കുതറിയോടി. അവള്‍ ബൈക്കിലിരുന്ന് ഒന്നും മിണ്ടിയില്ല. വീട്ടിലെത്തിയിട്ടും ഒന്നും മിണ്ടിയില്ല. അവളുടേതായ ഒരു ലോകത്തായിരുന്നു അവള്‍. എന്റെ അഞ്ജലിയെ എനിക്കു പൂര്‍ണ്ണമായും നഷ്ടപ്പെടുന്നതുപോലെ തോന്നി. എന്റെ മനസ്സില്‍ ഭ്രാന്തമായ ചിന്തകള്‍ ഉരുണ്ടുകൂടി. അവളെ വീട്ടിലാക്കി പുറത്തിറങ്ങിയപ്പോള്‍ നല്ല മഴ പെയ്തുതുടങ്ങി. ഓഫീസില്‍ നിന്ന് എന്റെ മൊബൈലിലേയ്ക്കുള്ള കാളുകള്‍ വകവെയ്ക്കാതെ ഞാന്‍ ചാല ചന്തയിലേയ്ക്കുപോയി ഒരു മീന്‍വല വാങ്ങിച്ചു. മറ്റൊരു കടയില്‍ നിന്നും മൂര്‍ച്ചയുള്ള ഒരു കത്തിവാങ്ങിച്ചു. വല ഒരു സഞ്ചിയ്ക്കകത്ത് ആക്കിയിട്ട് ഞാന്‍ വീണ്ടും മൃഗശാലയില്‍പ്പോയി. സിംഹങ്ങളുടെ കൂട്ടിനടുത്ത് ഞാന്‍ ചുറ്റിപ്പറ്റി നിന്നു. നേരം വൈകി സന്ദര്‍ശകര്‍ എല്ലാം ഒഴിഞ്ഞുപോയപ്പോള്‍ മൃഗശാലയിലെ ഒരു തോട്ടത്തില്‍ കുറ്റിച്ചെടികളുടെ ഇടയ്ക്ക് ഞാന്‍ ഒളിച്ചിരുന്നു. മൃഗ ശുശ്രൂഷകര്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ടായിരുന്നു.
ഏകദേശം ഇരുട്ടായപ്പോള്‍ ഞാന്‍ മാന്‍കൂടിനു അടുത്തെത്തി. ആരും കാണുന്നില്ല എന്ന് ഉറപ്പായപ്പോള്‍ പതുക്കെ മാന്‍കൂടിന്റെ ഉയരമുള്ള വേലിയുടെ മുകളിലേയ്ക്കു പിടിച്ചു കയറി. വേലി ചാടി കൂട്ടിനകത്തെത്താന്‍ അത്ര പ്രയാസമില്ലായിരുന്നു. മാനുകളെല്ലാം എന്നെക്കണ്ടപ്പോള്‍ കാലനെക്കണ്ടതുപോലെ കൂട്ടിന്റെ മറ്റേ അറ്റത്തേയ്ക്കോടി. അവയ്ക്കു നടുവില്‍, അവള്‍ താലോലിച്ച സ്വര്‍ണ്ണക്കലമാന്‍. ഇപ്പോള്‍, ഈ ഇരുട്ടത്ത്, അവന്റെ ശരീരത്തിലെ പുള്ളികള്‍ സ്വര്‍ണ്ണം പോലെ തിളങ്ങുന്നു. അവന്റെ കൊമ്പുകളില്‍ നിന്നും പ്രകാശം പരക്കുന്നു. കുളമ്പുകള്‍ സ്വര്‍ണ്ണപ്രഭയില്‍ കുളിച്ചുനില്‍ക്കുന്നു. ഇതുപോലെ ഒരു മാനിനെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. മാനിന്റെ കണ്ണുകള്‍ ഒരു പുരുഷന്റേതുപോലെ. ഗാംഭീര്യമുള്ള കണ്ണുകള്‍. എന്നാല്‍ ആ കണ്ണുകളില്‍ പ്രാണഭയം നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ അവനു പിന്നാലെയോടി. കലമാന്‍ അതിവേഗത്തില്‍ കുതിച്ചോടുന്നുണ്ടായിരുന്നു. അവന്‍ ഓടുന്ന വഴികള്‍ പ്രകാശം മങ്ങുന്നതു വരെ സ്വര്‍ണ്ണനിറത്തില്‍ തിളങ്ങി. കൂട്ടില്‍ പക്ഷേ മാനുകള്‍ക്ക് ഓടാന്‍ സ്ഥലം കുറവാണ്. ഉയരത്തിലുള്ള വേലിയ്ക്കു മീതേ അവന്‍ കുതിച്ചു ചാടാന്‍ നോക്കി. ഏകദേശം അവന്‍ അപ്പുറം എത്തിയതാണ്. പക്ഷേ വേലിയുടെ മുകളില്‍ തട്ടി കൂട്ടിനുള്ളിലേയ്ക്കു തന്നെ വീണു. വീണ്ടും അവന്‍ പിടഞ്ഞെണീക്കുമ്പൊഴേയ്ക്കും ഞാന്‍ വലവീശി അവന്റെ കഴുത്തിലേയ്ക്കിട്ടു. കുതറിയെണീക്കാന്‍ നോക്കുന്ന മാനിന്റെ മുകളിലേയ്ക്ക് ഞാന്‍ ചാടിവീണു. മാനിന്റെ ശരീരമേത്, കൊമ്പേത് എന്നറിയാതെ ആകെ സ്വര്‍ണ്ണനിറത്തില്‍ കുളിച്ചുനിന്നു. കത്തിയെടുത്ത് ഞാന്‍ എവിടെയോ കുത്തിയിറക്കി. അവന്റെ ശരീരത്തില്‍ നിന്നും സ്വര്‍ണ്ണനിറത്തിലുള്ള ഒരു ദ്രവം കത്തിയിലും എന്റെ കയ്യിലും വസ്ത്രങ്ങളിലും പടര്‍ന്നു. ചോര മണത്ത് കൂടുകളില്‍ നിന്നും സിംഹങ്ങളും കടുവകളും അപാരമായ ശബ്ദത്തില്‍ മുരണ്ടു. ഞാന്‍ പിടഞ്ഞെണീറ്റ് എങ്ങനെയോ കൂട്ടിനു പുറത്തേയ്ക്കു ചാടാന്‍ നോക്കി. മാനുകള്‍ ചാടിവന്ന് എന്നെ കുത്തുന്നുണ്ടായിരുന്നു. ഒരു തവണ നിലത്തുവീണെങ്കിലും ഞാന്‍ പിടഞ്ഞെണീറ്റ് വീണ്ടും കൂട്ടിന്റെ വേലി പിടിച്ചു കയറി. എങ്ങനെയോ അപ്പുറത്തു ചാടി കണ്ട വഴികളിലൂടെ ഓടി. മൃഗങ്ങളുടെ ശുശ്രൂഷകര്‍ ശബ്ദം കേട്ട് മൃഗശാലയ്ക്കുള്ളില്‍ ഓടിനടക്കുന്നുണ്ടായിരുന്നു. കുരങ്ങന്‍മാര്‍ അവരുടെ കൂട്ടില്‍ നിന്നും എന്നെ നോക്കി പഴങ്ങളും പാത്രങ്ങളും വലിച്ചെറിയുന്നുണ്ടായിരുന്നു. എവിടെയൊക്കെയോ പാമ്പുകള്‍ ചീറ്റുന്നുണ്ടായിരുന്നു. സ്വര്‍ണ്ണാരക്തം പുരണ്ട കത്തി ഞാന്‍ ഓടുന്ന വഴിയില്‍ എവിടെയോ വലിച്ചെറിഞ്ഞു. ഏതൊക്കെയോ വഴികളിലൂടെ ഞാന്‍ മൃഗശാലയുടെ പ്രവേശന കവാടത്തിനു മുന്നിലെത്തി. അവിടെ കാവല്‍ നിന്ന പോലീസുകാരെ തള്ളിമാറ്റി ഞാന്‍ ഇറങ്ങിയോടി. എതിലെയൊക്കെയോ ഓടി ഞാന്‍ ഏതോ ഓട്ടോറിക്ഷായില്‍ കയറി എന്റെ വീട്ടിലെത്തി. ഓട്ടോക്കാരന്‍ എന്റെ കൈകളിലെ സ്വര്‍ണ്ണനിറവും മുഖത്തെ പരിഭ്രമവും കിതപ്പും കണ്ട് അമ്പരന്നു കാണണം. ഇരുന്നൂറു രൂപായെടുത്തു കൊടുത്തപ്പോള്‍ അയാള്‍ ഒന്നും പറയാതെ വണ്ടിയോടിച്ചു.
അഞ്ജലി കാണാതെ വീട്ടിനുള്ളില്‍ കയറി കൈകളും വസ്ത്രവും കഴുകണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ വീട്ടിന്റെ ഗേറ്റ് തുറന്നുകിടന്നു. അഞ്ജലി അകത്ത് ഇല്ലായിരുന്നു. വരാന്തയില്‍ മേശയില്‍ ഒരു കത്തുമാത്രം കിടന്നിരുന്നു.
“ഇപ്പോള്‍ സമയം അഞ്ചര. ഉണര്‍ന്നിരിക്കുമ്പൊഴും എന്റെ മനസ്സില്‍ സ്വര്‍ണ്ണക്കലമാന്‍ കടന്നുവരുന്നു എന്ന് നീ ശ്രദ്ധിച്ചുകാണുമല്ലോ. ഒരുപാടു നാളായി എന്റെ ഓര്‍മ്മകളില്‍ നീ ഇല്ല. കുറ്റബോധം കൊണ്ട് എന്റെ മനസ്സു മുറിയുന്നു. നിന്നോടുള്ള പ്രണയം അലിഞ്ഞ് ഇല്ലാതാവുന്നതുപോലെ. ഏതാനും മാസങ്ങള്‍ക്കു മുന്‍പുവരെ നീയില്ലാതെ ഒരു ജീവിതം എനിക്കു ചിന്തിക്കാന്‍ പോലുമായിരുന്നില്ല. നിന്നെ എനിക്കിനിയും എന്റെ സ്വപ്നങ്ങളില്‍ വേണം. നമ്മുടെ സ്വര്‍ഗ്ഗങ്ങള്‍ നമുക്കു തിരിച്ചുപിടിക്കണം. നിന്റെ ഓര്‍മ്മകളില്‍ നിറഞ്ഞ് ഞാനിതാ ജനലഴികളില്‍ പിടിച്ച് നിന്നെയും കാത്തു നില്‍ക്കുന്നു”.
ഇപ്പോള്‍ സമയം ആറരയാവുന്നു. ഇരുട്ട് നേരത്തേ വീണുതുടങ്ങുന്നതുപോലെ. അതാ, നമ്മുടെ വഴിയുടെ അറ്റത്ത് മൃഗശാലയിലെ ശുശ്രൂഷകന്‍ നില്‍ക്കുന്നു. അവന്റെ മുടിയിഴകള്‍ സ്വര്‍ണ്ണം പോലെ തിളങ്ങുന്നു. അവന്റെ ചുമലുകളില്‍ നിന്നും പ്രകാശം പൊഴിയുന്നു. ഞാന്‍ ഇതെഴുതുമ്പോള്‍ അവന്‍ നമ്മുടെ വീട്ടിലേയ്ക്കു പതിയെ നടക്കുകയാണ്. അവന്‍ ഇങ്ങോട്ടാണു വരുന്നതെന്ന് എനിക്കു നല്ല ഉറപ്പുണ്ട്. ഇല്ല, നീ കരുതുന്നതുപോലെ അയാളെ ഞാന്‍ മുന്‍പു കണ്ടിട്ടില്ല. അയാളെ ഞാന്‍ ആദ്യമായി കാണുന്നതുതന്നെ ഇന്നലെയാണ്. നിന്നെയല്ലാതെ ഒരു പുരുഷനെ ഞാന്‍ നോക്കിയിട്ടില്ല. ഒരു വാക്കുപോലും അയാളോടു ഞാന്‍ സംസാരിച്ചിട്ടില്ല. എങ്കിലും അയാളുടെ കാലടികള്‍ മാനിന്റെ കുളമ്പടികള്‍ പോലെ ശബ്ദമുണ്ടാക്കാതെ വഴിയിലെ ചരലില്‍ അലിയുന്നു. അയാളുടെ കണ്ണുകളിലെ നോട്ടം ഒരു കയറുപോലെ എന്റെ നേര്‍ക്കുനീളുന്നു. അയാള്‍ നമ്മുടെ ഗേറ്റിനു അടുത്തെത്തി. അയാള്‍ കതകില്‍ വന്നുമുട്ടിയാല്‍ എനിക്കു കതകു തുറന്നുകൊടുക്കാതിരിക്കാനാവില്ല. അവന്‍ വന്നു വിളിച്ചാല്‍ എനിക്കു പോവാതിരിക്കാനാവില്ല. അവന്‍ കൈകള്‍ നീട്ടിയാല്‍ എനിക്കതിലേയ്ക്കു ”
ഇന്‍സ്പെക്ടര്‍ രാജേഷ് നെറ്റിയിലെ വിയര്‍പ്പുതുടച്ചു. മൃഗശാലയില്‍ അതിക്രമിച്ചു കയറി ഒരു മൃഗത്തെ കൊന്നതിനാണു സര്‍ ഇയാളുടെ പേരില്‍ കേസ്. മൃഗശാലയില്‍ നിന്നും ഇയാള്‍ ഇറങ്ങി ഓടുന്നതു കണ്ടവരുണ്ട്. മൃഗശാലയില്‍ നിന്നും ഒരു മാനിന്റെ ചോരപുരണ്ട കത്തിയും കണ്ടുകിട്ടി. ഇയാളുടെ ഭാര്യയെ കാണാനില്ല. വീട്ടില്‍ പിടിവലി ഒന്നും നടന്ന ലക്ഷണമില്ല. അവരുടെ വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ വീട്ടില്‍ത്തന്നെയുണ്ട്. ഇയാള്‍ പറയുന്നതു സത്യമാണെന്നു തോന്നുന്നു - അവരുടെ കൈപ്പടയില്‍ അവര്‍ എഴുതിയ കത്തും വീട്ടില്‍ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. വരികള്‍ ഏകദേശം ഇതുപോലെത്തന്നെയാണ്. അയല്‍ക്കാരോടു തിരക്കി. അവരെക്കാണാന്‍ അങ്ങനെ ആരും വീട്ടില്‍ വന്നിട്ടില്ല. പുറത്ത് കറങ്ങാന്‍ പോവുന്ന പതിവും അവര്‍ക്കില്ല.
ഞാന്‍ മൃഗശാലയില്‍ വിളിച്ചു. അവിടെ മാന്‍കൂടിന്റെ ശുശ്രൂഷകനായി അങ്ങനെയൊരു ജോലിക്കാരനേ ഇല്ലായിരുന്നു. അവിടെനിന്നും ഒരു ജോലിക്കാരെയും കാണാതെയായിട്ടും ഇല്ല. മാനിന്റെ ശരീരം കുഴിച്ചിട്ടു എന്നും വേണമെങ്കില്‍ പുറത്തെടുക്കാം എന്നും അവര്‍ അറിയിച്ചു. ആ സ്ത്രീയുടെ രൂപഭാവങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. അയാള്‍ എനിക്കെതിരേ ഇരുന്നു കിതയ്ക്കുന്നുണ്ടായിരുന്നു. രാജേഷ് അയാള്‍ക്കു കുടിക്കാന്‍ ഒരു ചായപറഞ്ഞു. റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും എയര്‍പ്പോര്‍ട്ടിലും വിളിച്ച് ചെറുപ്പക്കാരിയായ ഒരു മലയാളി സ്ത്രീയെയും വിദേശി എന്നു തോന്നുന്ന ഒരു പുരുഷനെയും കണ്ടാല്‍ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം കൊടുത്തു. എങ്കിലും അവളെ ഒരിക്കലും കണ്ടുകിട്ടില്ല എന്ന് എന്റെ മനസ്സു പറയുന്നുണ്ടായിരുന്നു.
എഴുതിയത്
simy nazareth
സമയം
Saturday, December 15, 2007
25
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
12/08/2007
വീണ്ടും ഒരു പ്രണയകഥ
==1==
പ്രണയത്തെക്കുറിച്ച് ആവശ്യത്തിലധികം എഴുതിക്കഴിഞ്ഞു. സത്യത്തില്‍ ഒരുപാട് ഒരുപാട് എഴുതി. പ്രണയം, പ്രണയനൈരാശ്യം ഒക്കെ എഴുതി മടുത്തില്ലേ എന്ന് കൂട്ടുകാര്‍ ചാറ്റിലും മെയിലിലും ഒക്കെ ചോദിച്ചു തുടങ്ങി. എന്നിട്ടും...
എന്നിട്ടും നടുക്കമുള്ള ചില ഓര്‍മ്മകള്‍ പറയാതെ വയ്യ. പറഞ്ഞില്ലെങ്കില്‍ മരിച്ചുപോയ ചിലരോടു ചെയ്യുന്ന അപരാധമാവും. ഇപ്പോള്‍ പറഞ്ഞില്ലെങ്കിലും മുള്ളുകള്‍ നിറഞ്ഞ ഓര്‍മ്മകള്‍ തലച്ചോറില്‍ കുത്തിക്കയറുമ്പോള്‍ എവിടെയെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞുപോവും. കൊഴുപ്പടിഞ്ഞുകേറി രക്തം കിതച്ചുതുപ്പുന്ന ഹൃദയം തണുപ്പിക്കാന്‍ കുടിക്കുന്ന ചുവന്ന വീഞ്ഞിന്റെ ബലത്തിലെങ്കിലും വരികള്‍ കുറിച്ചില്ലെങ്കില്‍ ഉറക്കമില്ലാത്ത രാവുകളില്‍ പതുക്കെ മുരളുന്ന ശീതീകരണിയുടെ കുളിരിലും ഞാന്‍ വിയര്‍ത്തൊലിക്കും. പ്രണയത്തെക്കുറിച്ച് എനിക്കിത്രയേ പറയാനുള്ളൂ. പ്രണയം എന്ന ആശയം കൊണ്ടുവന്നവനെ തൂക്കിലേറ്റണം. പ്രണയത്തെക്കുറിച്ച് എഴുതിയതെല്ലാം കത്തിക്കണം. പ്രണയിക്കുന്നവരെ തല്ലണം. മക്കള്‍ ആരെയെങ്കിലും പ്രണയിക്കുന്നു എന്നറിഞ്ഞാല്‍ മാതാപിതാക്കള്‍ വാവിട്ടു കരയണം. പ്രണയം അത്രയും ശപ്തമായ വികാരമാണ്. മാലാഖമാരുടെ ചോര പുരണ്ട വികാരം.
പ്രണയത്തെ വെറുക്കാന്‍മാത്രം ഞാന്‍ പ്രണയിച്ചിരുന്നു. ഇത്രയും വെറുക്കാന്‍ അത്രമാത്രം സ്നേഹിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍മ്മയില്‍ നിന്ന് എഴുതുമ്പൊഴും നെറ്റിയില്‍ വിയര്‍പ്പു ചോരയായി പൊടിയുന്ന വിധത്തില്‍. അത്രയും ആഴത്തില്‍ അവളെ ഞാന്‍ പ്രേമിച്ചിരുന്നു.
==2==
റിനി സുന്ദരിയായിരുന്നു. അല്പം വെളുത്തു തടിച്ച പെണ്‍കുട്ടി. പൂച്ചക്കണ്ണുകള്‍. ക്ലാസിലെ കൈനോട്ടക്കാരി എന്നായിരുന്നു റിനി അറിയപ്പെട്ടത്. അധികം മിണ്ടാത്ത പ്രകൃതം. ഒന്നുരണ്ടുപേരുടെ കൈനോക്കി ഭാവി പറഞ്ഞുതുടങ്ങിയ കൌതുകം. സാധാരണയായി ആണ്‍കുട്ടികളായിരുന്നു ഏറെനേരം പെണ്‍കുട്ടികളുടെ കൈപിടിച്ച് കൈനോക്കുന്നത്. എന്നാല്‍ ഈ പെണ്‍കുട്ടി ആദ്യം കൂട്ടുകാരികളുടെ കൈനോക്കിത്തുടങ്ങിയതാണ്. പിന്നെ വരുന്ന എല്ലാവരുടെയും കൈനോക്കുന്നതിലും ഇണക്കുരുവികളുടെ കൈനോക്കി കുലുങ്ങിച്ചിരിക്കുന്നതിലും മറ്റു ചിലരുടെ കൈനോക്കി ഒരുപാട് വിഷമിച്ച് കുമ്മായമടിച്ച ചുമരില്‍ കണ്ണും നട്ട് ഇരിക്കുന്നതിലും എന്തോ പന്തികേട് അന്നേ ഞങ്ങളില്‍ ചിലര്‍ക്കു തോന്നിയിരുന്നു. എന്റെ കൈനോക്കിപ്പറയാന്‍ അവള്‍ക്കെതിരേയിരുന്നപ്പോള്‍ എനിക്കിതിലൊന്നും വലിയ വിശ്വാസമില്ലായിരുന്നു. ‘ബാസ്കറ്റ് ബാള്‍ കളിക്കും അല്ലേ?’ (അവള്‍ ഞാന്‍ കളിക്കുന്നതു കോളെജ് വിട്ട് നടന്നുപോവുമ്പോള്‍ കണ്ടുകാണും). ‘നാളെ മറ്റൊരു ക്ലാസുമായി മത്സരം ഉണ്ട് അല്ലേ?‘ (ഇത് കുറെപ്പേര്‍ക്ക് അറിയാവുന്നതാണല്ലോ). ‘അനിലിന് നാളെ നല്ല ദിവസമല്ല’ (ഒരു പൊതു പ്രസ്ഥാവന. അല്ലെങ്കില്‍ എന്നാണ് ഇത്ര നല്ല ദിവസം). ‘നാളത്തെ കളിയില്‍ അനില്‍ ഇടുന്ന ഷോട്ട് ഒന്നും വീഴില്ല. കാല് ഉളുക്കി കളി മുഴുമിക്കാതെ പുറത്തിരിക്കേണ്ടിയും വരും‘ (ആഹാ, കാണാമല്ലോ. ഞാന്‍ കൈനോട്ടക്കാരിയെ തുറിച്ചുനോക്കി).
കളി തുടങ്ങി പത്തുമിനിട്ടുനേരം കൊണ്ട് ഞാന്‍ എറിഞ്ഞു പുറത്തുകളഞ്ഞ പന്തുകള്‍ ടീമിനെ നാണിപ്പിക്കുന്ന തരത്തിലായിരുന്നു. കുറച്ചുകഴിഞ്ഞ് പന്തുപിടിക്കാന്‍ ഉയര്‍ന്നുചാടിയപ്പോള്‍ ആരോ തള്ളിയിട്ട് കാലുമുളുക്കി പുറത്ത് ഇരിപ്പുമായി. ആകെ മോശം ദിവസം എന്നുപറഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് പിന്നിലെ സിമന്റു കട്ടയില്‍ ഇരിപ്പുണ്ടായിരുന്നു. ആകെ ദേഷ്യം വന്നു. ചിലപ്പോള്‍ അവള്‍ ഇന്നലെ പറഞ്ഞതു മനസ്സില്‍ കിടന്ന് കളി മോശമായതാവാം. പക്ഷേ കളിക്കളത്തില്‍ ഓടിനടന്നപ്പോള്‍ അവള്‍ പറഞ്ഞതൊന്നും തന്നെ ഓര്‍ത്തിരുന്നില്ല. അവളെ തിരിഞ്ഞുപോലും നോക്കാതെ ടീമിന്റെ കളിയും നോക്കി ബെഞ്ചില്‍ ഇരുന്നു. എന്റെ ക്ലാസ് കളിയില്‍ ജയിച്ചു. ഞാന്‍ ബെഞ്ചിലിരുന്ന് വയ്യാത്ത കാലുമായി ടീമിന്റെ വിജയം ആഘോഷിച്ചു.
ദിവസവും അവളെക്കൊണ്ട് കൈനോക്കിക്കാന്‍ മറ്റു ക്ലാസില്‍ നിന്നും വരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. അവള്‍ പറയുന്നതെല്ലാം സത്യമായിക്കൊണ്ടിരുന്നു. ചിലരുടെ മുഖം നോക്കിയും നെറ്റിയിലെ വരകള്‍ നോക്കിയും അവള്‍ വരാന്‍ പോവുന്ന കാര്യങ്ങള്‍ പറയും. പരീക്ഷയില്‍ ജയിക്കുമോ ഇല്ലയോ എന്നുപറയും. അടുത്ത പിരിയഡില്‍ സാറ് ക്ലാസില്‍ വരുമോ ഇല്ലയോ എന്നുപറയും. മുതിര്‍ന്ന ക്ലാസില്‍ നിന്നും അവളെ തിരഞ്ഞുവന്ന പെണ്‍കുട്ടിയുടെ കല്യാണം ഉടനെ നടക്കുമോ എന്നു പറയും. ഇംഗ്ലീഷ് ടീച്ചറിന്റെ വീടിന്റെ അതിര്‍ത്തി തര്‍ക്കത്തിന്റെ കേസ് എന്നു തീര്‍പ്പാവും എന്നുപറയും. രാഷ്ട്രീയം കളിച്ചുനടക്കുന്ന ചേട്ടന്മാര്‍ക്ക് പി.എസ്.സി. ടെസ്റ്റ് കിട്ടുമോ ഇല്ലയോ എന്നുപറയും. നടക്കാത്ത കാര്യങ്ങള്‍ നടത്താന്‍ അവള്‍ പരിഹാരം ഒന്നും നിര്‍ദ്ദേശിച്ചു കൊടുക്കില്ല. പറയുന്ന കാര്യങ്ങളില്‍ അവള്‍ക്ക് അത്രയ്ക്കും വിശ്വാസമായിരുന്നു. ഒരിക്കല്‍ പോലും അവള്‍ പറഞ്ഞകാര്യങ്ങള്‍ തെറ്റിയില്ല.
ഒരുദിവസം ക്ലാസ് കഴിഞ്ഞപ്പോള്‍ അവള്‍ മൂന്നുകൂട്ടുകാരികളോട് “ഇപ്പോള്‍ പോവല്ലേ, പ്ലീസ് ഒരു അരമണിക്കൂര്‍ കഴിഞ്ഞുപോവൂ” എന്നുപറഞ്ഞ് കരഞ്ഞു. അവര്‍ അവളെ വകവെയ്ക്കാതെ ആരുടെയോ കൂടെ നടന്നുപോയി. ക്ലാസില്‍ ഒറ്റയ്ക്ക് കരഞ്ഞുകൊണ്ടിരിക്കുന്നതുകണ്ട് പാവം തോന്നി ആശ്വസിപ്പിക്കാന്‍ ഞാന്‍ ചെന്ന് അടുത്തിരുന്നു. അവള്‍ നിറുത്താതെ കരയുന്നുണ്ടായിരുന്നു. “റിനീ, പോട്ടെന്നേ“ എന്നുപറയുമ്പോള്‍ അവള്‍ വിതുമ്പിക്കൊണ്ട് എന്റെ കൈത്തണ്ടയില്‍ കയറിപ്പിടിച്ചു. “കൈവിടൂ“ എന്നുപറഞ്ഞിട്ടും കൂര്‍ത്ത നഖങ്ങളുള്ള വലത്തേക്കൈകൊണ്ട് ഇറുക്കി നോവിക്കുന്ന തരത്തില്‍ എന്റെ കൈയ്യില്‍ പിടിച്ച് വിതുമ്പിക്കൊണ്ട് റിനി ഏറെനേരം ഇരുന്നു. പലതും പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു. താഴെ കോളെജ് കാന്റീനില്‍ പോയി ചായ വാങ്ങിക്കൊടുത്തു. അവളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ബസ്സുമറിഞ്ഞ് ശങ്കേഴ്സ് ആശുപത്രിയില്‍ കിടക്കുന്ന കൂട്ടുകാരികളെ കാണാന്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു പോയത്. ഓട്ടോറിക്ഷായില്‍ ഇരിക്കുമ്പോള്‍ “ഇങ്ങനെ ഭാവി എങ്ങനെ അറിയാന്‍ പറ്റുന്നു“ എന്ന് ഞാന്‍ ചോദിച്ചു. അവള്‍ അല്പം വിഷാദത്തോടെ ചിരിച്ചു. “ഓട്ടോ ഡ്രൈവര്‍ ഭാര്യയെ ദിവസവും കുടിച്ചിട്ട് തല്ലും“ എന്ന് എന്റെ ചെവിയില്‍ രഹസ്യം പറഞ്ഞു. ആശുപത്രിയുടെ മുന്‍പിലെ പെട്ടിക്കടയില്‍ ഒരു നാരങ്ങാ വെള്ളം കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ കടയിലെ അപ്പൂപ്പനെ കണ്ട് റിനി പേടിച്ച് വീണ്ടും എന്റെ കയ്യില്‍ ഇറുക്കിപ്പിടിച്ചു. കൊല്ലത്ത് ഒരുപാടുപേര്‍ക്ക് എന്നെയും എന്റെ കുടുംബക്കാരെയും അറിയാവുന്നതാണ്. എങ്ങനെയും പെട്ടെന്ന് നാരങ്ങാവെള്ളവും കുടിച്ച് അവളെയും വലിച്ച് ആശുപത്രിക്ക് അകത്തുകയറി. കൂട്ടുകാരികളില്‍ ഒരാളുടെ മാത്രം പരിക്ക് അല്പം ഗുരുതരമായിരുന്നു. ഭാഗ്യത്തിനു മൂന്നുമാസം കൊണ്ട് എല്ലാവരും ആശുപത്രിയില്‍ നിന്നും ഇറങ്ങി. ഒഴിവുള്ള ദിവസങ്ങളിലെല്ലാം ഞങ്ങള്‍ അവരെ കാണാന്‍ വരുമായിരുന്നു. പക്ഷേ പിന്നീടു വന്നപ്പൊഴെല്ലാം ആശുപത്രിയുടെ മുന്‍പിലെ മുറുക്കാന്‍ കട എന്തോ, അടഞ്ഞുകിടന്നു.
ഒരുപക്ഷേ ഏതെങ്കിലും പെണ്‍കുട്ടി ഒരളവില്‍ കൂടുതല്‍ കൂട്ടാവുമ്പോള്‍ പുരുഷന്മാര്‍ക്ക് പ്രണയം തോന്നുമായിരിക്കാം. അവള്‍ക്കു മറ്റാരുമില്ല, വീട്ടുകാരുമായി ഒരു മാനസിക അടുപ്പവുമില്ല, അവള്‍ക്കു ഞാനേയുള്ളൂ എന്ന തോന്നലുകൊണ്ടായിരിക്കാം ഇങ്ങനെ. ഒരുപാടു ദിവസങ്ങളില്‍ കഴിഞ്ഞകാലത്തെ ദു:ഖങ്ങളും അതിലും ഒരുപാടു ദിവസങ്ങളില്‍ ഇനിയും വരാന്‍ പോവുന്ന ദു:ഖങ്ങളും പറഞ്ഞ് അവള്‍ കരഞ്ഞതുകൊണ്ടാവാം. ചിലപ്പോള്‍ എല്ലാവരും ഒരു തുണ, ഒരു കൈത്താങ്ങ്, ഒരു സഖിയെ കൊതിക്കുന്നുണ്ടാവാം. എന്തോ, എനിക്ക് റിനിയെ ഓര്‍ക്കാത്ത മണിക്കൂറുകള്‍ ഇല്ലാതെയായി. ഇല്ല, പ്രണയത്തെക്കുറിച്ച് അധികമൊന്നും വര്‍ണ്ണിക്കാനില്ല. ഇതു വായിക്കുന്നവരെല്ലാം ജീവിതത്തില്‍ ഒരുതവണയെങ്കിലും പ്രണയിച്ചിട്ടുണ്ടാവണം. ഒളിഞ്ഞോ തെളിഞ്ഞോ ആരെയെങ്കിലും സ്നേഹിക്കാത്തവര്‍ ആരുമില്ല. പ്രണയം അങ്ങനെയാണ്. എത്ര കനമുള്ള അണകെട്ടിയിട്ടും തടുത്തുനിറുത്താനാവാത്ത നദി. ഹൃദയത്തിന്റെ കനമുള്ള ഭിത്തികളില്‍ തുരന്നുകയറുന്ന ആല്‍മരം. എന്നിട്ടും ഞാനെന്റെ ഹൃദയം കൊടുത്തപ്പോള്‍ അവള്‍ അരുതെന്നു പറഞ്ഞു. അവളുടെ കണ്ണുകളില്‍ നിന്ന്, എന്റെ കൈത്തണ്ടയില്‍ ഇറുകുന്ന പിടിത്തത്തില്‍ നിന്ന്, ഉയര്‍ന്നുതാഴുന്ന അവളുടെ നിശ്വാസത്തില്‍ നിന്ന്, ചുവന്നുതുടുക്കുന്ന കവിളില്‍നിന്ന്, അതില്‍നിന്നെല്ലാം എനിക്കറിയാം അവള്‍ക്കെന്നെ ജീവനോളം ഇഷ്ടമാണേന്ന്. എന്നിട്ടും ആരെത്തോല്‍പ്പിക്കാന്‍, എന്തിനുവേണ്ടി, അവളുടെ ചുണ്ടുകള്‍ മാത്രം മാസങ്ങളോളം മറുത്തു പറഞ്ഞു - എന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ലെന്ന്. ഒരു നല്ല സുഹൃത്തില്‍ കൂടുതല്‍ ഒന്നുമില്ലെന്ന്. എങ്കിലും അവള്‍ എന്നെ കാണുന്നതു നിറുത്തിയില്ല. ചിന്നക്കടയിലെ ഇന്ത്യന്‍ കോഫിഹൌസിന്റെ പഴയ മതിലുകള്‍ക്കുള്ളില്‍ തലപ്പാവുവെച്ച വെയ്റ്റര്‍മാര്‍ക്കു നടുവിലും തങ്കശ്ശേരി കടല്‍ത്തിട്ടയുടെ ആളൊഴിഞ്ഞ, നാലുപാടും കടല്‍ നിറഞ്ഞ മുനമ്പിലെ കൂറ്റന്‍ പാറക്കല്ലുകളിലും വൈകും വരെ എന്നോടു സംസാരിച്ചിരിക്കുന്നതു നിറുത്തിയില്ല. തിരുമുല്ലവാരത്തെ കടല്‍ത്തീരത്ത് മണ്ണുകൂട്ടി വീടുണ്ടാക്കുന്നതും കാലുകള്‍ നനഞ്ഞ മണ്ണില്‍ പൂഴ്ത്തിവെയ്ക്കുന്നതും നിറുത്തിയില്ല. രാത്രി ഉറങ്ങുന്നതിനു മുന്‍പ് എന്നെവിളിച്ച് “നാളെക്കാണാംട്ടോ“ എന്നുപറയുന്നതു നിറുത്തിയില്ല. എന്നെ ദൂരെനിന്നു കാണുമ്പൊഴേ മുഖം സന്തോഷം കൊണ്ടു വിടരുന്നതു നിറുത്തിയില്ല.
ജോലികിട്ടി ഞാന്‍ ബാംഗ്ലൂരിലേയ്ക്കു പോവുന്നതുവരെ ഇതു തുടര്‍ന്നു. പക്ഷേ ബാംഗ്ലൂരില്‍ പോയതോടെ എനിക്കു വാശിയായി. അവള്‍ക്ക് എന്നോടു സ്നേഹം ഇല്ല, ഞാന്‍ കൊടുക്കുന്നതൊന്നും എനിക്കു തിരിച്ചുകിട്ടുന്നില്ല എന്ന് എനിക്കു തോന്നിത്തുടങ്ങി. അവള്‍ എന്നെ ജീവനെക്കാള്‍ സ്നേഹിക്കുന്നില്ലെങ്കില്‍, എന്നെ കല്യാണം കഴിക്കില്ലെങ്കില്‍, ഞാന്‍ നാട്ടില്‍ തിരിച്ചുവരില്ല എന്നുപറഞ്ഞു കത്തെഴുതി. ഫോണ്‍ വിളിച്ച് “എന്നെ നിര്‍ബന്ധിക്കല്ലേ” എന്നുപറഞ്ഞ് അവള്‍ ഒരുപാടു കരഞ്ഞു. അവളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ എനിക്കു വാശി കൂടിയതേയുള്ളൂ. ഒരുപക്ഷേ എന്നെ പ്രേമിക്കാന്‍ അവള്‍ക്കു തോന്നില്ല, അവളുടെ സ്വപ്നത്തിലെ ഭര്‍ത്താവു ഞാനല്ല, എന്നൊരപകര്‍ഷതാബോധമായിരിക്കാം, അല്ലെങ്കില്‍ ആശിച്ചതെന്തും കിട്ടണം എന്ന കുട്ടിക്കാലം മുതല്‍ക്കുള്ള പിടിവാശിയായിരിക്കാം, മാസങ്ങളോളം ഞാന്‍ ബാംഗ്ലൂരില്‍ നിന്നും വരാതെയായി. വീട്ടുകാരുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ വല്ലപ്പൊഴും കൊല്ലത്തുവന്നാല്‍ത്തന്നെ അവളെ അറിയിക്കാതെ, വിളിക്കാതെ, കാണാതെ തിരിച്ചുപോയിത്തുടങ്ങി.
വാക്കുകള്‍ കൊണ്ടു പറയുന്നതല്ല പ്രണയം. വാക്കുകള്‍ പൊള്ളയാണ്. കണ്ണുകള്‍ കൊണ്ടും ഒരു നിശ്വാസം കൊണ്ടും ഒരുനിമിഷാര്‍ദ്ധത്തില്‍ മിന്നിമറയുന്ന പുഞ്ചിരികൊണ്ടും നിനച്ചിരിക്കാതെ വന്നെത്തുന്ന ഒരു സ്പര്‍ശംകൊണ്ടുമാണ് പ്രണയം പ്രകാശിക്കുന്നത്, വെറും വാക്കുകള്‍ കൊണ്ടല്ല. വെട്ടിപ്പിടിച്ചു സ്വന്തമാക്കുന്ന ഒന്നല്ല പ്രണയം, നഷ്ടപ്പെടുന്നതിന്റെ വേദനയിലും മനസ്സില്‍ കുളിരുകോരുന്ന ഒരു വികാരമാണത്. എങ്കിലും പിടിവാശിയുടെ മൂഢത്വത്തില്‍, സ്വന്തം മനസ്സിന്റെ അപകര്‍ഷതാബോധത്തിലും വിഹ്വലതകളിലും, വിട്ടുപോകാതെ, എന്നെന്നേയ്ക്കുമായി അവളെ എന്റെ സ്വന്തമാക്കാനായി, എന്റെ ബോധത്തോടുതന്നെ ജയിക്കാനായി, ഞാനവളെ വിവാഹത്തിനു നിര്‍ബന്ധിച്ചു. ഒരുപാടു കരഞ്ഞുകലങ്ങിയ ഒരു ദിവസം ഒട്ടേറെ പൊട്ടിത്തെറികള്‍ക്കുശേഷം അവള്‍ വിവാഹത്തിനു സമ്മതിച്ചു.
വീട്ടില്‍ കാര്യങ്ങള്‍ പറഞ്ഞു. വിചാരിച്ചത്ര എതിര്‍പ്പുകള്‍ രണ്ടുവീട്ടില്‍ നിന്നും വന്നില്ല. ഒരേ ജാതിയും മതവും. നല്ല രണ്ടു കുടുബങ്ങള്‍. നല്ല ജോലി. പോരെങ്കില്‍ രണ്ടു വീട്ടുകാര്‍ക്കും വളരെനാളായി ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. കൊല്ലത്ത് ഞങ്ങളെ പരിചയമുള്ള മിക്കവാറും എല്ലാവര്‍ക്കും അറിയാമായിരുന്നു എന്നുപറയാം. വിവാഹ നിശ്ചയത്തിനു തീയതി ഉറപ്പിച്ചു. അവള്‍ ഫോണില്‍ക്കൂടി കരച്ചില്‍ മാത്രം. എന്തിനാണ് വിവാഹത്തെ ഇത്ര പേടിക്കുന്നത്? എന്നെ ഇഷ്ടമല്ലെങ്കില്‍ ഇട്ടിട്ടുപോവാന്‍ ഞാന്‍ പലവെട്ടം പറഞ്ഞു. “ഇല്ല, സമ്മതമാണ്“ - എങ്കിലും കരച്ചില്‍ മാത്രം. പാവം പെണ്‍കുട്ടി. എന്റെ റിനി. ഞാനവള്‍ക്ക് സന്തോഷത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍ നല്‍കും. ആരും കാണാത്തത്ര ഉയരങ്ങള്‍ നല്‍കും.
==3==
അവളുടെ വീട്ടില്‍ വിവാഹമുറപ്പിക്കാന്‍ സ്വന്തക്കാരുമൊത്ത് സന്തോഷത്തോടെ വന്നിറങ്ങുമ്പോള്‍ മുറ്റത്തൊരാള്‍ക്കൂട്ടം. ഇത്രയും പേര്‍ വരുമെന്ന് അവള്‍ പറഞ്ഞില്ലല്ലോ. ഞാന്‍ വിടര്‍ന്നു പുഞ്ചിരിച്ചുകൊണ്ട് കാറില്‍ നിന്നിറങ്ങുമ്പോള്‍ മുറ്റത്തുകൂടിനിന്ന പുരുഷന്മാരുടെ കണ്ണുകള്‍ നനഞ്ഞു. ഉള്ളില്‍ നിന്നും സ്ത്രീകളുടെ നിലവിളി ഉച്ചത്തിലായി. പുഞ്ചിരിച്ചുകൊണ്ട് മുകളില്‍ നിന്നും താഴേയ്ക്ക് ഓടിയിറങ്ങിവരേണ്ട നീ, എന്റെ അച്ഛനമ്മമാരെ കൈപിടിച്ചെതിരേല്‍ക്കേണ്ട നീ, വെറുതേ ഒരു വെള്ളപ്പുതപ്പും പുതച്ചു വരാന്തയില്‍ കിടക്കുന്നു. തലയ്ക്കുമുകളില്‍ ഒരു പീഠത്തില്‍ വേദപുസ്തകത്തിനു ഇരുവശവും മെഴുകുതിരികള്‍ കത്തുന്നു. മുറിയില്‍ കുന്തിരിക്കത്തിന്റെ കട്ടിയുള്ള ഗന്ധം നിറയുന്നു. തുരുമ്പിച്ച ബ്ലേഡുകൊണ്ടു വരഞ്ഞ് ഞരമ്പുമുറിച്ച നിന്റെ കൈകള്‍ നീലിച്ചിരിക്കുന്നു. കൈത്തണ്ടകളില്‍ ചുറ്റിയ വെളുത്ത തുണിയില്‍ ചുവപ്പുനിറം പടര്‍ന്നിരിക്കുന്നു. മുഖത്തുനിന്നും ചോരവാര്‍ന്ന് നീ വിളറിയിരിക്കുന്നു. എന്റെ നേരെ കണ്ണുകളുയര്‍ത്താനാവാതെ നീ കണ്ണുകള്‍ പൂട്ടിക്കിടക്കുന്നു. എന്തിന്? ഇല്ല, ഞാന്‍ കരയില്ല. നിന്ന നില്‍പ്പില്‍, നിമിഷങ്ങള്‍ കൊണ്ട് എന്റെ ലോകം മാറിമറയുന്നതും കണ്ണുകള്‍ക്കുമുന്‍പില്‍ കത്തിനിന്ന പൂത്തിരികള്‍ ഒരുമാത്രയില്‍ മറഞ്ഞ് ഇരുട്ടുപരക്കുന്നതും ഞാനറിയുന്നു. ഇരുട്ടില്‍ ഒന്നും കാണാനാവാതെ പതറുന്ന എന്റെ കൈയ്യില്‍ നിന്നും നിന്റെ ഇറുകിയ പിടിത്തം അയയുന്നതും പെട്ടെന്ന് നനുത്തവായുവില്‍ എന്നെവിട്ടു നിന്റെ സാന്നിദ്ധ്യം മറയുന്നതും ഞാനറിയുന്നു. ഇല്ല, ഞാന്‍ കരയില്ല. പക്ഷേ എന്തിന്? നമ്മുടെ പ്രണയത്തിന്റെ അവസാനം മരണമാണെന്ന് ആരാണു നിന്നെ പഠിപ്പിച്ചത്? നിന്റെ ജീവിതത്തില്‍ ഞാന്‍ കടന്നുവരുമെന്നും സന്തോഷത്തിന്റെ ഒരുപിടി ദിനങ്ങള്‍ വാരിത്തരുമെന്നും ഒടുവില്‍ ജീവിതത്തിന്റെ വാതിലുകള്‍ക്കുമുന്‍പില്‍ നമ്മള്‍ കൈപിടിച്ച്, പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ നിനക്ക് എന്നെ വിട്ടുപോവേണ്ടിവരുമെന്നുമാണോ നീ നിന്റെ ഭാവിയില്‍ കണ്ടത്? അതാണോ നിന്റെ നിലക്കണ്ണാടിയും മഷിവിരിച്ച പളുങ്കുപാത്രവും പറഞ്ഞത്? അതിനുവേണ്ടിയാണോ നീ എന്നെ പ്രണയിച്ചത്? ആരാണു നിന്നെ ഭാവി നോക്കാന്‍ പഠിപ്പിച്ചത്? നീ പഠിച്ചതെല്ലാം തെറ്റാണ്. ഭാവിയെപ്പറ്റി നിനക്കൊരു ചുക്കും അറിഞ്ഞുകൂടാ. പറയൂ, ആരാണെടീ നിന്നെ ഇതൊക്കെ പഠിപ്പിച്ചത്. വാ തുറന്നു മിണ്ടെടീ എന്നോട്. നിനക്കൊന്നും അറിഞ്ഞുകൂടാ. എന്തിനാണ് ഇതെല്ലാം?
ഒരു കറുത്ത പെട്ടിയില്‍ വെളുത്ത കയ്യുറയും തൂവെള്ള വസ്ത്രങ്ങളും ധരിച്ച് നീണ്ട നീലക്കണ്ണുകളടച്ച് ഒരു മെഴുകുതിരിയും പിടിച്ച് ഒരു മണവാട്ടിയെപ്പോലെ അവള്‍ കിടന്നതെന്തിന്?. ചോരവാര്‍ന്ന കവിളുകള്‍ എന്റെ ചുണ്ടുകള്‍ തൊടുമ്പോള്‍ വീണ്ടും ചുവക്കുമെന്നറിഞ്ഞിട്ടും അവളുടെ അടുത്തേയ്ക്കു പോവാന്‍ അലറിവിളിക്കുന്ന എന്നെ കൂട്ടുകാര്‍ പിടിച്ചുനിറുത്തിയതെന്തിന്. പ്രണയത്തിനു ശക്തിയുണ്ടെങ്കില്‍, എന്റെ ആത്മാവിനു സത്യമുണ്ടെങ്കില്‍, ആ കിടപ്പില്‍ നിന്നും പുഞ്ചിരിച്ചുകൊണ്ട് അവള്‍ എഴുന്നേറ്റു വരാത്തതെന്ത്?. നിലത്തുവെട്ടിയിട്ടിരുന്ന ചൂടുള്ള മണ്ണും ചുവന്ന റോസാപ്പൂക്കളും വാരി അവളെ മൂടുമ്പോള്‍ ഒരു കുതിപ്പിനു അവളോടൊപ്പം വീണ് അവളെക്കെട്ടിപ്പിടിക്കാന്‍ എന്നെ അനുവദിക്കാത്തതെന്ത്? കണ്ണില്‍ച്ചോരയില്ലാതെ ഈ സുന്ദരമായ ലോകത്തില്‍ നിന്ന്, പൂക്കളും ചെടികളും സംഗീതവും പ്രണയവും നിറഞ്ഞ ഈ ലോകത്തു നിന്ന്, അവളെ കുഴിച്ചുമൂടിയതെന്തിന്? എന്നെ തനിച്ചാക്കിയതെന്തിന്? ദൈവമേ, എന്റെ ലോകം നീ തകര്‍ത്തതെന്തിന്? ചവിട്ടിനില്‍ക്കുന്ന ഈ ഭൂമിതകര്‍ത്ത് നീ എന്നെ വിഴുങ്ങാത്തതെന്ത്?
ഇവിടെ ഇതെഴുതുമ്പോള്‍ പനി എന്നെപ്പിടിച്ചു കുലുക്കുന്നു. സന്നിപാതം പോലെ വിരലുകള്‍ വിറയ്ക്കുന്നു. കട്ടിക്കണ്ണാടിയിട്ട ജനാലയില്‍ പുറത്തുനിന്നും ഒരു മണല്‍ക്കാറ്റ് ആഞ്ഞടിക്കുന്നു. ജനാല തുറക്കൂ എന്നു മുട്ടിവിളിച്ചു കരയുന്ന നിന്നെപ്പോലെ കാറ്റ് ശബ്ദമുണ്ടാക്കുന്നു. ഞാനിത് എഴുതുന്നതു നീ കാണുന്നുണ്ടെന്ന് എനിക്കറിയാം. നീ വന്നു മുട്ടിവിളിക്കുന്നതാണെന്ന് എനിക്കറിയാം. നിനക്ക് ഒരു മണല്‍ക്കാറ്റായി എന്റെമേല്‍ പാറിവീണ് എന്നെപ്പുണരണം എന്നെനിക്കറിയാം. പക്ഷേ എനിക്കു പേടിയാണ്. ജനാലതുറന്നാല്‍ നിന്റെ മുടിയിലെ നല്ലെണ്ണയുടെ മണം എന്റെ ചുറ്റും നിറയും. മണല്‍ത്തരികള്‍ നിന്റെ വിരലുകള്‍ അരിക്കുന്നതുപോലെ എന്റെ മുഖത്തുകൂടി ഇഴയും. നിന്റെ മണവും സ്പര്‍ശവുമേറ്റ് അവ കഴുകിക്കളയാനാവാതെ എന്റെ ഇനിയുള്ള രാവുകളും പകലുകളും ഞാന്‍ വിയര്‍പ്പില്‍ കുളിക്കും. ഇല്ല, ജനാലതുറക്കാന്‍ എനിക്കാവില്ല.
എഴുതിയത്
simy nazareth
സമയം
Saturday, December 08, 2007
27
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
12/07/2007
ആസ്ത്രെലോ പിത്തേക്കസ്. (കഥയുടെ കരട്)
കഥ വിസ്തരിച്ച് എഴുതാനുള്ള മടി കൊണ്ട് എഴുതിവെച്ചിരുന്ന കരട് പോസ്റ്റുന്നു
----
500,000 വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഭാഷ ഇല്ല. ആയുധങ്ങള്‍ ഇല്ല. മരത്തില്‍ നിന്നും മനുഷ്യന്‍ നിലത്തിറങ്ങിയതേ ഉള്ളൂ. ആകെ ഉരുളന്‍ കല്ലുമാത്രം. പ്രേമം, വിവാഹം ഒന്നും ഇല്ല.
ഗോത്രത്തിലെ കുഞ്ഞുങ്ങളെപ്പിടിക്കാന്‍ കടുവ വരുന്നു. ഉരുളന്‍ കല്ലുകള്‍ പെറുക്കി എറിയുന്ന സ്ത്രീകളും കുട്ടികളും പുരുഷന്മാരും. എഴുന്നു നിന്ന് ഒരു തടിയെടുത്ത് കടുവയുടെ തലയ്ക്കടിക്കുന്ന ഗോത്രത്തലവന്‍. തലയ്ക്കുമുകളിലൂടെ ഒരു ചാട്ടുളിപോലെ പറന്നുവരുന്ന കടുവ. കടുവയുടെ തലയ്ക്കടിച്ചു വീഴ്ത്തുന്ന ഗോത്രത്തലവന്‍.
സ്ത്രീകളെ പ്രാപിക്കണമെങ്കില്‍ ശക്തി തെളിയിക്കണം
കയ്യൂക്കു വേണം
ഗുസ്തിയില്‍ തോല്‍പ്പിക്കണം
നെഞ്ചത്തടിച്ചു ശബ്ദമുണ്ടാക്കണം
നൃത്തം ചവിട്ടണം
ഉറക്കെ കൂവണം
കഥാനായകനു ഇതിനൊന്നും പറ്റിയില്ല.
അതിശക്തനായ നാല്‍പ്പതു വയസ്സുള്ള ഗോത്രത്തലവന്‍ ആയിരുന്നു ഇതിനൊക്കെ മുന്‍പില്‍
ഗോത്രത്തലവനും കുറെ കൂട്ടുകാരും
ശക്തരായവരുടെ സംഘം
അവരുടെ സ്ത്രീകള്‍.
ശക്തികുറഞ്ഞ കുറച്ചുപേര്‍.
സ്ത്രീകളില്ലാത്ത പുരുഷന്മാര്‍.
ഗോത്രത്തലവനെ കാണാത്തപ്പോള്‍ മാത്രം
ശക്തി കുറഞ്ഞവര്‍ കാട്ടില്‍ നിന്നും കയറിവന്നു
ഗോത്രത്തലവന്റെ സ്ത്രീകളെ തൊടും
കഥാനായകന്‍ ഒരു മുള്ളന്‍ പന്നിയെ കാണുന്നു.
ശരീരം കുലുക്കി മുള്ളുകളെറിഞ്ഞ് കടുവയെ പ്രതിരോധിക്കുന്ന മുള്ളന്‍ പന്നി.
മരത്തില്‍ നിന്നും ചാഞ്ഞുനിന്ന ഒരു മുളയെടുക്കുന്നു.
കുന്തം ഉണ്ടാക്കുന്നു. കല്ലുകൊണ്ട് ഇടിച്ച് പതം വരുത്തുന്നു. അറ്റം ഉരച്ച് കൂര്‍പ്പിക്കുന്നു.
ഒരു മുള്ളന്‍ പന്നിയെ കുത്തിക്കൊന്ന് അച്ഛനെ കാണിക്കുന്നു.
അത് ദൂരെക്കളയാന്‍ അമ്മ പറയുന്നു.
കല്ലുകള്‍ പെറുക്കി കൊടുക്കുന്നു.
ഒരു പാട്ടുപാടി സുന്ദരിയെ ആകര്‍ഷിക്കുന്നു.
ശബ്ദം ഉയര്‍ത്തി പൌരുഷം കാട്ടിയുള്ള പാട്ടല്ല.
കാട്ടുചോല ഒഴുകുന്നതുപൊലെ ശാന്തമായ പാട്ട്
അവള്‍ അടുത്തുവരുന്നു.
ഒരു ആനക്കൂട്ടത്തില്‍ നിന്നും അവനെ രക്ഷിക്കുന്നു.
ഒരുമിച്ച് കൈകള്‍ കോര്‍ത്തിരിക്കുന്നു.
മടിയില്‍ തലവെച്ചു കിടക്കുന്നു
പെണ്‍കുട്ടിയ്ക്ക് ആംഗ്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നു.
ഇഷ്ടമാണ് എന്നു പറയാന്‍ മ്ം എന്ന ശബ്ദം
ഇഷ്ടമല്ല എന്നു പറയാന്‍ മ്മ്മ്മ്മ്ം എന്ന ശബ്ദം.
വില്ലന്‍ വരുന്നു.
നായകനെ ഇടിച്ചു ദൂരെക്കളയുന്നു.
പെണ്ണിന്റെ എതിര്‍പ്പു വകവെയ്ക്കാതെ അവളെ പ്രാപിക്കുന്നു.
അവന്‍ പ്രാപിച്ചതു നിനക്ക് ഇഷ്ടപ്പെട്ടോ?
ആദ്യം മ്മ്മ്മ്മ്ം. പിന്നെ മ്ം
നായകന്‍ എറിഞ്ഞുകളഞ്ഞ കുന്തം എടുക്കുന്നു.
വീണ്ടും തിരഞ്ഞു വരുന്നു.
നായികയെ വീണ്ടും പ്രാപിക്കുന്ന വില്ലനെ കൊല്ലുന്നു.
അമ്പരന്നു നില്‍ക്കുന്ന നായികയെയും കൊല്ലുന്നു.
നായികയെ എന്തിനു കൊന്നു എന്ന് അവനു മനസിലാവുന്നില്ല.
ഗോത്രത്തിലെ സ്ത്രീകളും കുട്ടികളും ഉരുളന്‍ കല്ലുകള്‍ എറിഞ്ഞ് അവനെ ഓടിച്ചതെന്തിനാണെന്നും അവനു മനസിലാവുന്നില്ല. കുറച്ചുനാള്‍ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അവര്‍ അവനെ വീണ്ടും ഓടിക്കുന്നു - കല്ലുകള്‍ എറിഞ്ഞല്ല, കൂര്‍പ്പിച്ച കുന്തം എറിഞ്ഞ്.
എഴുതിയത്
simy nazareth
സമയം
Friday, December 07, 2007
6
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
12/01/2007
കഥകളുടെ കിണറ് വറ്റി.
മഴ എപ്പൊ പെയ്യുമോ ആവോ.
എഴുതിയത്
simy nazareth
സമയം
Saturday, December 01, 2007
ലേബലുകള്‍: ആ
11/28/2007
Happiness is an elusive lover
Happiness is an elusive lover. It somehow manages to stay away no matter how hard you try.
Its like - you love a girl. You love her so much, you wait everyday to talk to her, but she doesnt want to talk to you. You want to make her happy but she doesnt want your company. You want to call her but she's disinterested. You want to spend time with her, be with her, make her smile, make her laugh, But your efforts are met with a cold heart. She ignores all your attempts at getting her attention, and turns her attention to others, ignoring you completely. And slowly, sadly, you give up. One day, when you are dejected, when there is no more hope left, she comes from behind, puts her arms around your shoulders and kisses you on your cheek and smiles the fullest smile. Happiness is like that - its a pleasant surprise. You find it when you expect it the least.
എഴുതിയത്
simy nazareth
സമയം
Wednesday, November 28, 2007
5
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
11/24/2007
രാജകുമാരനും രാക്ഷസിയും
“രാജകുമാരിയുടെരും രാജകുമാരന്റെയും കഥ തീര്‍ന്നു. ഇനി നാളെ അച്ഛന്‍ ചുവന്ന കണ്ണുള്ള മന്ത്രവാദിയുടെ കഥ പറഞ്ഞുതരാം. എല്ലാരും കിടന്നുറങ്ങ്. എടീ, നീ വന്ന് ആലീസിനെ പിടിച്ചോണ്ടുപോ“. എന്നും പറഞ്ഞ് ഞാന്‍ ലൈറ്റ് അണച്ചു.
പതിനെട്ടു വയസ്സുള്ള മനുവും പന്ത്രണ്ടു വയസ്സുള്ള സുനിലും ഒരുമിച്ചായിരുന്നു കിടക്കുന്നത്. ആറുവയസ്സുകാരി ആലീസ് അമ്മയുടെ കൂടെ വേറെ ഒരു മുറിയിലും.ഞാനാണെങ്കില്‍ രാത്രിമുഴുവന്‍ കമ്പ്യൂട്ടറുമായി ഇരുന്ന് വരാന്തയില്‍ തന്നെ സോഫയില്‍ കിടന്ന് ഉറങ്ങിപ്പോവുമായിരുന്നു. എന്തൊക്കെ ജോലിത്തിരക്കുണ്ടെങ്കിലും മക്കള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാതെ ഉറങ്ങുന്ന ശീലമില്ലായിരുന്നു.
പറഞ്ഞുവന്നപ്പോള്‍ ഈ കഥകള്‍ പറഞ്ഞുകൊടുക്കുന്ന ശീലം പുതിയതാണ്. ആലീസിനെ ഉറക്കാന്‍ കഥകള്‍ പറഞ്ഞുകൊടുത്തു തുടങ്ങിയതായിരുന്നു. പതുക്കെപ്പതുക്കെ സുനിലും കഥകള്‍ കേള്‍ക്കാന്‍ കൂടിത്തുടങ്ങി. പക്ഷേ കോളെജില്‍ പഠിക്കാന്‍ പോവുന്ന മൂത്തമകന്‍ കുട്ടിക്കഥകളും അല്‍ഭുത കഥകളുമൊക്കെ കേട്ട് കണ്ണും വിടര്‍ത്തി ഇരിക്കുന്നത് ഞങ്ങള്‍ക്ക് അല്‍ഭുതമായിരുന്നു. “അവനാ എന്റെ ഏറ്റവും ചെറിയ കുട്ടി” എന്ന് പിള്ളേരുടെ അമ്മ വാത്സല്യത്തോടെ പറയുമായിരുന്നു.
എപ്പൊഴോ കിടന്ന് ഉറങ്ങിയിട്ട് രാത്രി മൂന്നരമണിയ്ക്ക് തൊണ്ടവരണ്ട് വെള്ളം കുടിയ്ക്കാന്‍ എഴുന്നേറ്റപ്പോള്‍ എല്ലാ മുറിയിലും ലൈറ്റ് കത്തിക്കിടന്നിരുന്നു. രാത്രി ഇവര്‍ എന്തെടുക്കുവാ എന്ന് നോക്കാനായി ആണ്മക്കളുടെ മുറിയില്‍ ചെന്നപ്പോള്‍ മക്കള്‍ മെത്തയില്‍ ഇല്ല!. ഓടിച്ചെന്ന് ഭാര്യയുടെ കട്ടിലില്‍ നോക്കിയപ്പോള്‍ മകളും അവിടെ ഇല്ലായിരുന്നു. ഭാര്യ മാത്രം കൂര്‍ക്കം വലിച്ച് ഉറങ്ങുന്നു.
ഉറങ്ങിക്കിടന്ന ഭാര്യയെ വിളിച്ചുണര്‍ത്തി. കുട്ടികളുടെ ചെരുപ്പ് നോക്കിയപ്പോള്‍ ചെരുപ്പില്ല. ജനാലകള്‍ ഒന്നും പൊട്ടിയിട്ടില്ല. വാതില്‍ താക്കോല്‍ കൊണ്ടുതന്നെ തുറന്നതാണ്. മൂത്തമകന്റെ ബൈക്ക് മുറ്റത്തില്ല. മക്കളുടെ സ്കൂള്‍ ബാഗും വീട്ടിലില്ല. ആരും തട്ടിക്കൊണ്ടുപോയതാവാന്‍ വഴിയില്ല. കുട്ടികള്‍ പക്ഷേ ഈ രാത്രി തനിയേ എവിടെ ഇറങ്ങിപ്പോവാനാണ്? മൂത്തവന്‍ വല്ലപ്പൊഴും താമസിച്ച് വീട്ടില്‍ വരാറുണ്ട്. പക്ഷേ ഇളയവര്‍? ഈ രാത്രിയില്‍ പോലീസിനെ വിളിച്ചു പറയണോ? ഭാര്യ കിടന്നു കരച്ചില്‍ തുടങ്ങി. അയല്‍ക്കാരനായ പോളിനെ ഫോണ്‍ വിളിച്ചു. ഉറക്കച്ചടവോടെ പോള്‍ വന്നു. വാതില്‍ പതിയെ തുറന്നിരിക്കുകയാണ്. മക്കള്‍ തനിയേ പോയതാണ്. രാവിലെ വരെ കാക്കാം, എന്നിട്ടും കണ്ടില്ലെങ്കില്‍ പോലീസിനെ വിളിക്കാം, വേണമെങ്കില്‍ കവല വരെ ഒന്നു പോയിനോക്കാം.
പോളിന്റെ കാര്‍ സ്റ്റാര്‍ട്ടാക്കുമ്പൊഴേയ്ക്കും മുറ്റത്ത് ബൈക്ക് വന്നുനിന്നു. ബൈക്കിന്റെ മുന്‍പില്‍ നിന്നും പൊന്നുമോള്‍ ചിരിച്ചുകൊണ്ട് ചാടിയിറങ്ങിവന്നു. ആണ്മക്കള്‍ രണ്ടുപേരും കള്ളിവെളിച്ചത്തായ പരുങ്ങലില്‍ ഒതുങ്ങി അകത്തുകയറിപ്പോവാന്‍ പോവുന്നു.
“നില്‍ക്കെടാ അവിടെ”.
“അച്ഛാ അച്ഛാ ഞങ്ങള്‍ രാക്ഷസനെ കണ്ടു”.
അടി പൊട്ടിക്കാനുള്ളത് പോളിനെ പറഞ്ഞുവിട്ടിട്ടാവാം എന്നുവിചാരിച്ച് പോളിനെ യാത്രയാക്കി. ഭാര്യ കരഞ്ഞുകൊണ്ടു നിന്നു കുരിശുവരയ്ക്കുന്നു. അമ്മയെ കെട്ടിപ്പിടിച്ചോണ്ട് മകള്‍ പറയുന്നു - “ഭയങ്കര രാക്ഷസനായിരുന്നു അമ്മേ”.
മൂത്തമകന്‍ പരുങ്ങിനിന്നു പറഞ്ഞുതുടങ്ങി. “ഈ സുനിലാ നിര്‍ബന്ധിച്ചത്. അവനു രാക്ഷസനെയും രാജകുമാരിയെയും കാണണമെന്ന്. ആര്യങ്കാവില്‍ രാക്ഷസന്‍ കാണും എന്നുവിചാരിച്ച് ഞങ്ങള്‍ ബൈക്ക് ഓടിച്ചുപോയി“.
രണ്ടാമത്തവന്‍ തുടങ്ങി. “നല്ല രസമായിരുന്നു അച്ഛാ. ഇത്തിരി ഓടിച്ചപ്പൊഴേ ഒരു റോഡിന്റെ അറ്റത്തെത്തി. അവിടെ ചുറ്റിലും മരങ്ങള്‍ ഒന്നുമില്ല. തെരുവു വിളക്കുകളും ഇല്ല. വഴിയുടെ അറ്റത്ത് ഒരു ലൈറ്റു മാത്രം കത്തുന്ന ഒരു വീട്. ഈ ചേട്ടന്‍ ബൈക്ക് നിറുത്താതെ വീട്ടിന്റെ അകത്തേയ്ക്കു വണ്ടി ഓടിച്ചു കയറ്റി. വീട്ടിന്റെ അകത്തെ മുറിയില്‍ എത്തിയപ്പോള്‍ മുറിയുടെ അകത്തൂടെ ദൂരേയ്ക്ക് ഒരു വഴി. അതിലേ വണ്ടിയോടിച്ചപ്പോള്‍ രണ്ടു വശത്തും ഭയങ്കര വല്യ മരങ്ങള്‍. മരങ്ങളില്‍ നിറയെ കടവാതിലുകള്‍. ചരലിട്ട വഴി. ആ വഴിയുടെ അറ്റത്ത് മാനം മുട്ടെ പൊക്കമുള്ള ഒരു കോട്ട. കോട്ടയ്ക്കു ചുറ്റും ഒരു കിടങ്ങ്. കോട്ടയുടെ ഒരു ജനലില്‍ മാത്രം ചന്ദ്രന്‍ കത്തിനില്‍ക്കുന്നു. ബാക്കി എല്ലായിടത്തും അരണ്ട വെളിച്ചം“.
മകള്‍ പൂരിപ്പിച്ചു. “അച്ഛാ, ഈ ചേട്ടന്‍ കിടങ്ങിന്റെ മുകളിലെ തടിപ്പാലത്തിലൂടെ ബൈക്ക് ഓടിച്ചുകയറ്റി. കിടങ്ങില്‍നിന്നും വലിയ ഒരു മുതല ഞങ്ങളെ കടിക്കാന്‍ ചാടിവന്നു. കഷ്ടിച്ചാ ഞങ്ങള്‍ രക്ഷപെട്ടത്. കോട്ടയ്ക്ക് അകത്തെത്തിയപ്പോള്‍ നിറയെ വളഞ്ഞുപുളഞ്ഞ വഴികള്‍. വഴി എല്ലാം അറിയാവുന്നതുപോലെ ഈ ചേട്ടന്‍ ബൈക്ക് ഓടിച്ച് കോണിപ്പടികള്‍ക്കു മുന്‍പില്‍ വരെ പോയി. എന്നിട്ട് മിണ്ടരുത് എന്ന് ചുണ്ടത്തു വിരല്‍ വെച്ചുകാണിച്ചു. എനിക്കു പേടിയായി. എന്നിട്ടും ഞങ്ങളെയും വലിച്ചോണ്ട് ചേട്ടന്‍ പടികള്‍ കയറി. കുറേ പടിയുണ്ടായിരുന്നു. കേറിയിട്ടും കേറിയിട്ടും തീരുന്നില്ല.
മൂത്തവന്‍ അപ്പൊഴും മിണ്ടാതെ നില്‍ക്കുവാണ്. ഇളയവന്‍ വീണ്ടും പറഞ്ഞു: “അച്ഛാ, ഒരായിരം പടി എങ്കിലും കേറിക്കാണും. ആകെ കിതച്ചുപോയി. കേറി എത്തിയപ്പൊഴതാ, ഒരു വലിയ വാതില്‍. ഇത്രയും വലിയ വാതില്‍ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. വാതിലിനു മുകളില്‍ തീ തുപ്പിക്കൊണ്ട് ഒരു വലിയ വ്യാളി ഇങ്ങനെ കിടക്കുന്നു. കണ്ടാല്‍ത്തന്നെ പേടിയാവും. ഈ ആലീസ് പേടിച്ചു കരഞ്ഞു. പക്ഷേ ഞാന്‍ കരഞ്ഞില്ല. ചേട്ടന്‍ ഞങ്ങളെ രണ്ടുപേരെയും പിടിച്ച് ചേട്ടന്റെ പിറകില്‍ ഒളിപ്പിച്ചു. എന്നിട്ടു പറയുവാ, നമുക്ക് വ്യാളിയെ കൊല്ലാം എന്ന്. പക്ഷേ അപ്പൊഴേയ്ക്കും വ്യാളി നീളത്തില്‍ വാലുചുഴറ്റി. കഷ്ടിച്ചാ ചേട്ടന്‍ വാലുകൊള്ളാതെ ചാടി രക്ഷപെട്ടത്“.
അപ്പൊ ദേ ഇവള്‍ കരഞ്ഞോണ്ട് കയ്യിലിരുന്ന ചോക്ലേറ്റ് താഴെയിട്ടു. വ്യാളി ഇഴഞ്ഞുവന്ന് നീണ്ട നാക്കു നീട്ടി ചോക്ലേറ്റ് നക്കിയെടുത്തു. വ്യാളി ഇവളെ കടിക്കുമോ എന്നു വിചാരിച്ച് ഞാന്‍ പേടിച്ചുപോയി. പക്ഷേ ചോക്ലേറ്റ് വ്യാളിക്ക് ഇഷ്ടപ്പെട്ടു. ഞങ്ങള്‍ അടുക്കളയില്‍ ഇരുന്ന ചോക്ലേറ്റ് എല്ലാം എടുത്തോണ്ട് പോയിരുന്നു. കുറെ ചോക്ലേറ്റ് കൊടുത്തപ്പൊ വ്യാളി ഞങ്ങളുടെ അടുത്തു കൂട്ടായി. എന്നിട്ട് മുറിയില്‍ കയറി രാജകുമാരിയെയും രാക്ഷസനെയും കാണാന്‍ സമ്മതിച്ചു.
രാത്രി മക്കള്‍ ഇറങ്ങിപ്പോയ ദേഷ്യം മറന്ന് ഞാന്‍ അറിയാതെ ചോദിച്ചുപോയി. “എന്നിട്ട്“?
“പക്ഷേ വ്യാളി പറയുവാ, മുറിയില്‍ ഒരു സമയം ഒരാള്‍ക്കേ കയറാന്‍ പറ്റൂ എന്ന്. ഈ ചേട്ടനു പേടിയായി. എന്നിട്ടും ആദ്യം ചേട്ടന്‍ തന്നെ കയറി”.
ഇതുവരെ മിണ്ടാതെ നിന്ന മൂത്തമകന്‍ വായതുറന്നു. “അച്ഛാ, ഞങ്ങള്‍ കള്ളം പറഞ്ഞതല്ല. എല്ലാം അച്ഛന്‍ പറഞ്ഞുതന്ന കഥയിലെപ്പോലെ തന്നെ. വലിയ കോട്ട. ആ മുറിയ്ക്കകത്ത് ഒരു വലിയ കസേരയും ഇട്ട് ഒരു ഭീമാകാരനായ രാക്ഷസന്‍ ഇരിക്കുന്നു. ഉണ്ടക്കണ്ണും തുറിച്ച നാക്കും തടിയന്‍ കയ്യും ഒക്കെയുള്ള രാക്ഷസനെ കണ്ടാല്‍ തന്നെ പേടിതോന്നും. ഒരു നാലാളുടെ വലിപ്പം. കട്ടിലില്‍ പതുപതുത്ത മെത്തയ്ക്കു നടുവില്‍ രാജകുമാരി ഇരുന്ന് കരയുന്നു. പാവം. ഇതുപോലൊരു സുന്ദരിപ്പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. നല്ല മന്ദാരപ്പൂവിന്റെ നിറം. നീലക്കണ്ണുകള്‍. മെലിഞ്ഞ കൈകള്‍. എന്തു ഭംഗിയുള്ള ഉടുപ്പാണെന്നോ രാജകുമാരിയുടേത്. രാക്ഷസനാണെങ്കില്‍ ഒന്നും മിണ്ടാതെ താഴോട്ടു നോക്കി ഇരിക്കുന്നു. രാക്ഷസനെ ഓടിച്ച് രാജകുമാരിയെ രക്ഷിക്കണം എന്ന് ഞാന്‍ വിചാരിച്ചതാ. പക്ഷേ ഇവര്‍ പുറത്തു നില്‍ക്കുവല്ലേ. ഇവരെ വ്യാളി പിടിച്ചു തിന്നാലോ എന്നുവിചാരിച്ച് ഞാന്‍ മിണ്ടാതെ പുറത്തിറങ്ങി“.
രണ്ടാമത്തെ മകന്‍ ശ്വാസം പിടിച്ച് ആവേശത്തോടെ പറഞ്ഞുതുടങ്ങി. “പക്ഷെ അച്ഛാ, ഞാന്‍ മുറിക്കകത്തു കയറിയപ്പോള്‍ കണ്ടത് കട്ടിലില്‍ ഒരു രാക്ഷസി ഇരിക്കുന്നതാ. ഉണ്ടക്കണ്ണും തുറിച്ച നാക്കും തടിയന്‍ കയ്യും ഒക്കെയായി അലറിക്കൊണ്ട് ഒരു രാക്ഷസി. കണ്ടാല്‍ത്തന്നെ പേടിയാവും. കസേരയില്‍ ആകെ ക്ഷീണിച്ച് ഒന്നും മിണ്ടാതെ ഒരു പാവം രാജകുമാരന്‍ ഇരിക്കുന്നു. ഒരു വെളുത്ത ഫുള്‍ക്കൈ ടീഷര്‍ട്ടും ഒരു തൊപ്പിയും ഒക്കെ വെച്ച് നല്ല ഒരു രാജകുമാരന്‍. രാജകുമാരന്‍ ഈ രാക്ഷസിയുടെ അലറല്‍ ഒക്കെ കേട്ട് ആകെ തളര്‍ന്നെന്നു തോന്നുന്നു. രാക്ഷസിയെ ഓടിച്ച് രാജകുമാരനെ രക്ഷിക്കണം എന്ന് ഞാന്‍ വിചാരിച്ചതാ. പക്ഷേ രാജകുമാരനോ രാക്ഷസിയോ എന്നെ കണ്ടാലോ എന്ന് എനിക്കു പേടിയായി. ഞാനും ഒരു ശബ്ദവും ഉണ്ടാക്കാതെ പുറത്തേയ്ക്ക് ഇറങ്ങിപ്പോന്നു.
അവന്‍ പറഞ്ഞു നിറുത്തുന്നതിനു മുന്‍പേ ഇളയമകള്‍ പറഞ്ഞുതുടങ്ങി. “അച്ഛാ അച്ഛാ, ഞാന്‍ മുറിക്കകത്തു കയറിയപ്പോള്‍ അതാ, പതുപതുത്ത കട്ടിലിനു നടുവില്‍ ഒരു ഭയങ്കര രാക്ഷസി. അതിനപ്പുറത്ത് വലിയ കസേരയില്‍ ഒരു ഭയങ്കര രാക്ഷസന്‍. രാക്ഷസനെയും രാക്ഷസിയെയും കണ്ടപ്പോള്‍ എനിക്കു പേടിയായി. ഞാന്‍ അമ്മേന്നു വിളിച്ചോണ്ട് ഉടനെ പുറത്തേയ്ക്കോടി.
“അച്ഛാ, എന്നിട്ടു ഞങ്ങള്‍ ഓടി എങ്ങനെ എങ്കിലും ബൈക്ക് ഓടിച്ച് കിടങ്ങും കടന്ന് വീട്ടിലെത്തി. ബൈക്ക് സ്റ്റാര്‍ട്ട് ആക്കുമ്പൊ തന്നെ കോട്ടയിലെ ലൈറ്റ് എല്ലാം തെളിഞ്ഞിരുന്നു. ചേട്ടന്‍ നല്ല സ്പീഡില്‍ ബൈക്ക് ഓടിച്ചു. വ്യാളി കോട്ടയുടെ മുകളില്‍ കയറിനിന്ന് തീതുപ്പുന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ രക്ഷപെട്ടല്ലോ. എന്നാലും അച്ഛാ, ഞാന്‍ കണ്ടതല്ലേ ശരി?”.
രാജകുമാരിയും രാക്ഷസനുമാ, അല്ല രാക്ഷസിയും രാജകുമാരനുമാ, എന്നൊക്കെ പറഞ്ഞ് മക്കള്‍ വഴക്കുകൂടിത്തുടങ്ങി. മോള്‍ നിന്നു ചിണുങ്ങിക്കരഞ്ഞുതുടങ്ങി. ഭാര്യ ചൂടായി അടിയും കൊടുത്ത് എല്ലാത്തിനെയും കിടപ്പുമുറിയിലേയ്ക്ക് ഓടിച്ചു. എന്നിട്ട് എന്റെ നേരെ കണ്ണുരുട്ടിക്കൊണ്ടു പറഞ്ഞു. “ഇനി മേലാല്‍ കുട്ടികള്‍ക്ക് ഇങ്ങനത്തെ കഥകള്‍ പറഞ്ഞുകൊടുക്കരുത്“.
------
ഇതിനു മുന്‍പത്തെ രാത്രികളില്‍ മക്കള്‍ക്കു പറഞ്ഞുകൊടുത്ത കഥകള്‍:
രാക്ഷസന്‍ നമ്പര്‍ ഒന്ന്
രാക്ഷസന്‍ നമ്പര്‍ രണ്ട്
രാക്ഷസന്‍ നമ്പര്‍ മൂന്ന്
രാക്ഷസന്‍ നമ്പര്‍ നാല്
എഴുതിയത്
simy nazareth
സമയം
Saturday, November 24, 2007
8
അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ