സിമിയുടെ ബ്ലോഗ്

11/01/2009

നീ എന്ന മനുഷ്യന്‍

പണിതിട്ടും പണിതിട്ടും ഒരുവിധത്തിലും പിടിതരാത്ത കമ്പ്യൂട്ടര്‍ പ്രഹേളികയോടുള്ള മല്‍പ്പിടിത്തത്തിനിടയില്‍ രാവ് ചുറ്റും പരന്നതും ഓഫീസില്‍ താന്‍ ഒറ്റയ്ക്കായതും മിസ്റ്റര്‍ നീരജ് (സൌകര്യത്തിന് അദ്ദേഹത്തെ നമുക്ക് മി. നീ എന്നു വിളിക്കാം) അറിഞ്ഞില്ല. വിശപ്പ് എപ്പൊഴോ വന്ന് മുരണ്ട് മടങ്ങിപ്പോയി. ഏറെനേരത്തെ വിഫലശ്രമങ്ങള്‍ക്കൊടുവില്‍ തലപെരുത്ത് മി. നീ തന്റെ കസാരയില്‍ നിന്നും എണീറ്റു. ലിഫ്റ്റില്‍ കയറുമ്പോഴും കെട്ടിടത്തിന് പുറത്തേയ്ക്കിറങ്ങുമ്പോഴും കാറിലേക്കു നടക്കുമ്പോഴും ഉത്തരം കിട്ടാത്ത സമസ്യയായിരുന്നു നീയുടെ മനസില്‍. കാറിന്റെ ചാവി തിരിക്കുമ്പോള്‍ പെട്ടെന്ന് വെളിച്ചം പോലെ അയാള്‍ക്ക് ഉത്തരം കിട്ടി. സന്തോഷത്തോടെ കാര്‍ ഓഫ് ചെയ്ത് നീ തിരിച്ച് ഓഫീസിലേക്കു നടന്നു. പതിവായി കാണുന്ന രാത്രികാവല്‍ക്കാരനോട് അഭിവാദ്യം പറഞ്ഞു, എങ്കിലും കാവല്‍ക്കാരന്‍ അയാളെ അറിയാത്തതുപോലെ പകച്ചുനോക്കിയതേയുള്ളൂ. ലിഫ്റ്റ് കയറിയിറങ്ങി ഇലക്ട്രോണിക്ക് വാതില്‍ തുറക്കാനുള്ള സൂത്രത്തില്‍ ബാഡ്ജ് വീശി, എന്നാല്‍ വാതില്‍ തുറന്നില്ല. നീ വാതില്‍ തുറക്കാനായി ബാഡ്ജ് പലരീതിയില്‍ ചലിപ്പിച്ചുകൊണ്ട് പലതവണ ശ്രമിച്ചു. ഒടുവില്‍ നീ താഴത്തെ നിലയിലേക്കു പോയി. സെക്യൂരിറ്റി വിഭാഗം അടച്ചുകിടക്കുകയാണ്. പുറത്തുനിന്ന അതേ (ഉറക്കച്ചടവോടെ വാതില്‍ ചാരിനിന്ന, പൊക്കമുള്ള, അല്പം വെളുത്ത, മെലിഞ്ഞ, കവിളില്‍ വടുവുള്ള) കാവല്‍ക്കാരനോട് ‘എന്റെ ബാഡ്ജ് പ്രവര്‍ത്തിക്കുന്നില്ല, ഒന്നു തുറന്നുതരാമോ’ എന്ന് ചോദിച്ചു. ‘പറ്റില്ല, നാളെ വരൂ’ എന്ന് അയാള്‍ അപരിചിതനെപ്പോലെ മറുപടിപറഞ്ഞു. അത്യാവശ്യമുള്ള ജോലിയാണ്, നമ്മള്‍ എത്രനാളായി കാണുന്നതാണ് - മുറുമുറുത്തുകൊണ്ട് നീ കാറിനടുത്തേയ്ക്കു നടന്നു. കാര്‍ തുറക്കുന്നില്ല - കാറിന്റെ താക്കോലും തിരിയുന്നില്ല. കാവല്‍ക്കാരന്‍ പുറത്തേയ്ക്കു വന്ന് നീ കാര്‍ തുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയോടെ നോക്കുന്നു. സമയം ഒന്നരയായി. നെറ്റിയില്‍ വിയര്‍പ്പ്. ‘മിസ്റ്റര്‍, ഹേയ്, മിസ്റ്റര്‍‘ - നീ തിരിഞ്ഞുനോക്കുന്നു - ‘ഇത് നിങ്ങളുടെ കാറാണോ?’ - നീ കാവല്‍ക്കാരനുനേരെ പൊട്ടിത്തെറിക്കുന്നു, അയാള്‍ പകച്ചുനില്‍ക്കുന്നു, നീ വീണ്ടും ശ്രമിക്കുന്നു, ബാഗും തൂക്കി ഇരുട്ടിലേക്കിറങ്ങുന്നു.

പട്ടികള്‍! രാത്രി പതിനൊന്നു മണികഴിഞ്ഞാല്‍ നഗരം ഇവറ്റയുടേതാണ്. ഓടകളില്‍ നിന്നും ചവറ്റുകൊട്ടകളില്‍ നിന്നും ഭൂമിയിലെ വിള്ളലുകളില്‍ നിന്നും അവ പൊട്ടിവരും. എന്നിട്ട് കാട്ടുനായ്ക്കള്‍ ഇരതേടുന്നതുപോലെ പറ്റം ചേര്‍ന്ന് കുരച്ച്, മുരണ്ട്, കൂര്‍ത്ത പല്ലിളിച്ച്, ഒറ്റയ്ക്കുനടക്കുന്ന മനുഷ്യനു ചുറ്റും കൂടി, കടിക്കാന്‍ തക്കം നോക്കി, ഭയപ്പെടുത്തി, ഓരിയിട്ട്, കണ്ണുകള്‍ തിളക്കി, തുറിച്ചുനോക്കി - നീ അവയ്ക്കുനേരെ ബാഡ്ജ് ചുഴറ്റിവീശുന്നു, നിലത്തുകിടക്കുന്ന കല്ലുപെറുക്കാന്‍ കുനിയുന്നു, പട്ടികള്‍ക്കു നേരെ കല്ലോങ്ങുന്നു - അവ ചിതറുന്നില്ല, വിരണ്ടോടുന്നില്ല, അനങ്ങാതെനിന്നു മുരളുകയാണ്. കല്ലെറിഞ്ഞാല്‍ ഏതെങ്കിലും ഒന്നിന് ഏറുകൊള്ളും, കല്ലുകൊണ്ട് നെഞ്ചുകലങ്ങിയിട്ടും വാപിളര്‍ന്ന് അണപൊട്ടിയതുപോലെ ഇരച്ചുവരുന്ന പട്ടി - നീ എറിയുന്നില്ല, എറിയാന്‍ വീണ്ടും ഓങ്ങുന്നതേയുള്ളൂ, കാല് വലിച്ചുവെച്ച് നടക്കുന്നതേയുള്ളൂ - പട്ടികളുടെ പറ്റം വളരുന്നു, പത്ത് പട്ടികള്‍, ഇരുപത് പട്ടികള്‍, ഇരുപത്തഞ്ച് പട്ടികള്‍, ഒരായിരം പട്ടികള്‍, എണ്ണമില്ലാത്ത പട്ടികള്‍ ഇരുട്ടില്‍ നിന്നുയിര്‍ത്തുവരുന്നു - നീ നടക്കുന്നു, ഇടയ്ക്ക് തിരിഞ്ഞുനോക്കുന്നു, കല്ലോങ്ങുന്നു, വീണ്ടും നടക്കുന്നു - ഫ്ലാറ്റിന്റെ മുന്നിലെത്തുന്നു, വിജയത്തോടെ ഗേറ്റ് തുറക്കുന്നു, ആയിരം പട്ടികള്‍ കടിക്കാന്‍ തക്കമില്ലാതെ നീയെനോക്കി ഓരിയിടുന്നു, കാവല്‍ക്കാരന്‍ ഇരുന്നുറങ്ങുന്നു. മേശപ്പുറത്തേയ്ക്ക് ചാഞ്ഞ തലയിലെ കടവായില്‍ നിന്നും തുപ്പലൊലിക്കുന്നു. താളത്തില്‍ കൂര്‍ക്കം വലിക്കുന്നു, നീ രണ്ടാം നിലയിലെ 204-ആം ഫ്ലാറ്റിലേയ്ക്കു പടികള്‍ കയറുന്നു.

മിസ്റ്റര്‍ നീയുടെ ഭാര്യ സുന്ദരിയാണ്. ദിയ എന്നാണ് പേരെങ്കിലും നീ അവരെ ദയ എന്നാണ് വിളിക്കുക. അവര്‍ സുന്ദരിയായതിനു കാരണം നീ അവരെ സ്നേഹിക്കുന്നതുകൊണ്ടാണ്. നാളെ രാവിലെ അഞ്ചേമുക്കാലിന് എണീറ്റ് റെഡിയായി സ്കൂളില്‍പ്പോവാനുള്ള രണ്ട് മക്കള്‍ (പത്തുവയസ്സുള്ള ഒരാണ്‍കുട്ടിയും പന്ത്രണ്ടുവയസ്സുള്ള ഒരു പെണ്‍കുട്ടിയും) ഉണ്ടായിട്ടും നീയ്ക്ക് അവരെ മടുത്തില്ല, അവര്‍ ഇപ്പോള്‍ കട്ടിലിന്റെ ഇടതുവശം ചേര്‍ന്ന് കിടക്കുകയാണ്, വലതുവശം നിയ്ക്കായി ഒഴിച്ചിട്ടിരിക്കുകയാണ്. തലയിണയിലേക്കു മുഖംപൂഴ്ത്തി കമഴ്ന്നുകിടക്കുന്ന അവര്‍ ഇടതുകൈകൊണ്ട് മറ്റൊരു തലയിണയെ അമര്‍ത്തിപ്പിടിച്ചിട്ടുണ്ട്, ആ കൈ നീയുടെ നെഞ്ചില്‍ അമരേണ്ടതാണ്, എന്നാല്‍ മിസ്റ്റര്‍ നീയ്ക്ക് വാതില്‍ തുറക്കാന്‍ പറ്റുന്നില്ല. അയാള്‍ താക്കോല്‍ ബലമായി തിരിക്കുന്നു, അകത്തേക്കും പുറത്തേക്കും കടത്തുന്നു, ഞെരിക്കുന്നു, ഒടുവില്‍ ഫ്ലാറ്റിന്റെ വാതില്‍ തുറക്കുന്നു. ഇരുട്ടാണ്.

സ്വീകരണമുറിയില്‍ മൂന്നു സ്വിച്ചുകളുണ്ട്. അതെല്ലാം അമര്‍ത്തിയാല്‍ മുറിയില്‍ വെളിച്ചം നിറയും. കുഞ്ഞുങ്ങള്‍ ഉണരും, അച്ചന്‍ വന്നോ എന്ന് കണ്ണുതിരുമ്മിച്ചോദിക്കും. ഭാര്യ എഴുന്നേറ്റ് എന്തേ വൈകിയത് എന്നു പരിഭവിക്കും, ഭക്ഷണം വിളമ്പും. വേണ്ട - ഒരു സ്വിച്ച് അമര്‍ത്തി, അരണ്ടവെളിച്ചം. മേശപ്പുറത്ത് അടച്ചുവെച്ച ഭക്ഷണം. നീയ്ക്കു വിശക്കുന്നില്ല. കടലാസുകള്‍. ആരുടെ കയ്യക്ഷരമാണ്? -നീ- എന്ന് ഇനിഷ്യല്‍ ചെയ്തിരിക്കുന്നു. നീ പുസ്തകം അടച്ചുവെച്ചു, ലൈറ്റ് അണച്ചു, കിടപ്പുമുറിയിലെ അരണ്ട വെളിച്ചം തെളിച്ചു. ഭാര്യ ഒരു കവിതപോലെ കിടന്നുറങ്ങുന്നു. ഉറക്കത്തില്‍ തിരിയുന്നു, അവളുടെ ചുണ്ടുകള്‍ ശബ്ദമില്ലാതെ എന്തോ പറയുന്നു - ഉള്ളില്‍ സ്നേഹം തള്ളിവന്നപ്പോള്‍ നീ ചിരിച്ചുകൊണ്ട്, ഷര്‍ട്ടിന്റെ കുടുക്കുകള്‍ അഴിച്ചുകൊണ്ട്, പതുക്കെ കുനിയുന്നു, സിഗരറ്റ് കരിച്ച നീയുടെ ചുണ്ടുകള്‍ അവളുടെ നനുത്ത കവിളിനുനേര്‍ക്ക് വളരുമ്പോള്‍ - അമ്മേ - അവള്‍ അലറിവിളിക്കുന്നു - ദയേ, ദിയേ - നോക്കൂ, ഇത് ഞാനാണ്, ഞാനാണ് - അവള്‍ വീണ്ടും അലറുന്നു, അയ്യോ കള്ളന്‍ എന്നു നിലവിളിക്കുന്നു - സ്വപ്നം - സ്വപ്നമല്ല, അലറല്‍, നിര്‍ത്താതെ അലറുന്നു, ശരീരം വിറയ്ക്കുന്നു, മുഖം വലിയുന്നു - ദിയേ - കള്ളന്‍ കള്ളന്‍ - കുട്ടികള്‍ കരയുന്നു - മക്കളേ പേടിക്കല്ലേ - ചുറ്റും വെളിച്ചം നിറയുന്നു, റോഡില്‍ പോലീസ് വണ്ടികള്‍ സൈറണ്‍ മുഴക്കുന്നു, അവ പാഞ്ഞുവരുന്നു, മുകളില്‍ നിന്നും ആരോ പടികള്‍ ഓടിയിറങ്ങുന്നു, താഴെനിന്നും ഓടിക്കയറുന്നു - മക്കളേ അച്ഛനാണ് - അമ്മേ കള്ളന്‍ - നീ ഓടുന്നു എന്ന് നീ അറിയുന്നു, പടികള്‍ പാഞ്ഞിറങ്ങുന്നു, ഉറക്കമില്ലാത്ത, കടവായില്‍ തുപ്പലില്ലാത്ത, കൊമ്പന്മീശക്കാരന്‍ കാവല്‍ക്കാരന്‍ നീയെ വട്ടം പിടിക്കുന്നു, നീ കുതറുന്നു, ഓടുന്നു, വിടരുതവനെ - കൊല്ലവനെ - നീയുടെ ചെരിപ്പെവിടെ? തെരുവില്‍ വണ്ടികള്‍ സര്‍ച്ച് ലൈറ്റ് വീശുന്നു, തട്ടുകടയില്‍ നിന്നും ആളുകള്‍ ഓടിയിറങ്ങുന്നു - വിടരുതവനെ - നീ ചിറകുകള്‍ സ്വപ്നം കാണുന്നു, മുറിഞ്ഞുമാറുന്ന മേഘങ്ങള്‍ സ്വപ്നം കാണുന്നു, സ്വപ്നത്തിലെ കല്ലില്‍ നീ തട്ടിവീഴുന്നു, പിടഞ്ഞെഴുന്നേല്‍ക്കുന്നു, നീ ഓടുന്നു, ഓടുന്നു, കടത്തിണ്ണയില്‍ കിടന്നുറങ്ങിയ യാചകര്‍ ചാടിയെഴുന്നേറ്റ് പിച്ചാത്തിയുമായി - ബാറില്‍നിന്നിറങ്ങിയ കുടിയന്മാര്‍ കുപ്പിച്ചില്ലുകളുമായി - പട്ടികള്‍ കോമ്പല്ലുകളുമായി - തെരുവിളക്കുകള്‍ ചുവന്ന വെളിച്ചവുമായി - നീ പാലത്തിലേക്ക് ഓടിക്കയറുന്നു, നദി കുത്തിയൊഴുകുന്നു, പാലം വളഞ്ഞുവരുന്നു, ചുറ്റും കയമാണ്, ഇരുളാ‍ണ്, ഇതു ഞാനാണ്, ഞാനാണ് - നീ കള്ളനാണ്, ഓടൂ, ഓടൂ, നിന്നെ പിടിക്കും, ഓടൂ, തട്ടിവീഴരുത്, തളരരുത്, കാലിലെ നോവ് നോവല്ല, കിതപ്പ് കിതപ്പല്ല, വീഴരുത്, വീഴരുത്, വീഴരുത്, വേഗത്തില്‍, ഓഹ്

നീ വീണുപോയി.


(The Scream, Edvard Munch)


സാരമില്ല. അടികൊള്ളുമ്പോള്‍ നോവും, സാരമില്ല. മരത്തില്‍ വരിഞ്ഞുകെട്ടിയ കയറുകള്‍ മുറുകുന്നുണ്ട്, സാരമില്ല, വെയില്‍ കൊണ്ട് നെറ്റി തിളക്കുന്നുണ്ട്, അടിക്കുന്നുണ്ട്, അടിക്കുന്നുണ്ട് - സാരമില്ല, സാരമില്ല. കൊമ്പന്‍മീശയും ലാത്തിയുമായി പോലീസുകാ‍രന്‍ വരുന്നു. നോക്കൂ, എത്രപേരാ‍ണ്. സ്വപ്നം കാണുന്ന ഒരു പൂച്ചയെപ്പോലെ ആള്‍ക്കൂട്ടം പുളയുന്നു, പൂച്ച വാപൊളിക്കുന്നതുപോലെ അവര്‍ വകഞ്ഞുമാറുന്നു, പൂച്ചയുടെ നാവു നീയാണ്, നീയെ കെട്ടിയിട്ടിരിക്കുകയാണ്, കഴുത്തില്‍ കള്ളന്‍ എന്ന് കെട്ടിത്തൂക്കിയിട്ടുണ്ട്, സാരമില്ല. നീയെ അവര്‍ക്കറിയില്ല, നീയെ ആര്‍ക്കും അറിയില്ല. പോലീസുകാരന്‍ വരുന്നു, നീ‍യുടെ ചെവിടത്ത് അടിക്കുന്നു, നീ തല പൊക്കുന്നില്ല - തല തൂങ്ങിപ്പോയി. വീണ്ടും അടിക്കുന്നു, അറിയുന്നില്ല. വിലങ്ങെടുക്കുന്നു, വിലങ്ങിന്റെ താക്കോലെവിടെ? താക്കോല്‍ നഷ്ടപ്പെട്ട പോലീസുകാരന്‍ തിരിച്ചുപോവുന്നു, ആള്‍ക്കൂട്ടം അടുക്കുന്നു. അവര്‍ ഒരുമിച്ചു ചിരിക്കുന്നു. മഞ്ഞപ്പല്ലുകളുടെ പ്രളയം. ആള്‍ക്കൂട്ടം പെരുമ്പാമ്പാവുന്നു, പാമ്പ് തലയുയര്‍ത്തുന്നു, മരത്തിലേയ്ക്ക് ഇഴഞ്ഞുകയറുന്നു, കയറ് ഞാത്തുന്നു, കുരുക്കിടുന്നു - വേണ്ട, വേണ്ട - നനഞ്ഞ നാവുനീട്ടി പെരുമ്പാമ്പ് രഹസ്യം പറയുന്നു - വേണ്ടാത്ത പൊല്ലാപ്പിനു പോണ്ട, പോലീസു കൈകാര്യം ചെയ്തോളും - ആള്‍ക്കൂട്ടം മുരളുന്നു, വീണ്ടും വകയുന്നു, രണ്ട് മതിലുകളായി പകുത്തുമാറുന്നു.

ഒരു മല്ലന്‍ നടന്നുവരുന്നതുപോലെ, കയ്യടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും നടുവിലൂടെ, കുഞ്ഞുനെഞ്ചുവിരിച്ച്, ഒരു രാജാവിനെപ്പോലെ ഒരു പയ്യന്‍ വരുന്നു, ആരോ കെട്ടഴിക്കുന്നു, നീ മരത്തില്‍ ചാരിക്കൊണ്ട്, വീഴാ‍തെ, വാത്സല്യത്തോടെ, മകന്റെ മുഖത്തുനോക്കുന്നു, ‘അവന്‍ തിരിച്ചറിയരുതേ‘ എന്നു പ്രാര്‍ത്ഥിക്കുന്നു. മകന്‍ നീയെ നോക്കുന്നു, നീയുടെ പകുതിമാത്രം പൊക്കമുള്ള അവന്‍ ചാടി മുഖത്തടിക്കുന്നു, ആള്‍ക്കൂട്ടം മുരളുന്നു. നീ സ്നേഹത്തോടെ, കൊതിയോടെ, ആര്‍ത്തിയോടെ, ഞാന്നുകിടക്കുന്ന കുരുക്കിലേയ്ക്കു നോക്കുന്നു.

16 comments:

Mujeeb Rahman Theparambil Ppni (MRTt) said...

pandaaramadangaanu oru nee

പാമരന്‍ said...

സിമി, ഞാനൊരു ആസ്വാദകനായിരുന്നു, ഇപ്പോ ആരാധകനായി.

ഓഫ്‌: ശവംതീനി ഉറുമ്പുകള്‍ കാണട്ടെ.

പാമരന്‍ said...

trckng

ഉസ്മാനിക്ക said...

ഞാൻ ഓടുന്നു..... ഓടിക്കൊണ്ടേയിരിക്കുന്നു.. ഇത് നീയല്ല.. ഞാ‍നാ‍ണ്...

(ഒന്നും മനസിലായില്ല)

ഉപാസന || Upasana said...

oruvanum koodi punarjanikkunnu...
:-)

കാട്ടിപ്പരുത്തി said...

മുകുന്ദന്റെ അവള്‍ എന്ന കഥ വായിച്ചിട്ടുണ്ടോ (പേരതുത്ന്നെയെന്നാണോര്‍മ)

simy nazareth said...

കാട്ടിപ്പരുത്തി: ഞാന്‍ വായിച്ചിട്ടില്ല, സമാനതകളുണ്ടോ?

suraj::സുരാജ് said...

വളരെ നല്ല എഴുത്ത്...
വളരെ നല്ല പോസ്റ്റ്...

Manoraj said...

nalla post....kathayil mattaruteyokkeyo syili thonnunnu... oru pakshe, thonnalakam... eniyum vayikkum...sure...

enneyum edakku nokkuka..vilayeriya abhipryanagal tahrika...

Sathyan said...

മുണ്ഡനം ചെയ്യപ്പെട്ട ജീവിതം , രാധ രാധ മാത്രം എന്നീ കഥകളുടെ പകര്‍ പ്പും മിശ്രണവുമാണ്‌ ഈ കഥ.

അസ്തിത്വവേദനയൊക്കെ ഇതേ രീതിയില്‍ പറഞ്ഞ് പറഞ്ഞ് പഴകിപ്പോയി സിമീ..

Sathyan said...

പറയാന്‍ വിട്ട് പോയത്: സിമിയുടെ പല കഥകളിലും എം മുകുന്ദനെ കാണാറുണ്ട്...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മനസിലായില്ലെന്നു മാത്രം പറയരുത്‌.

(മുകുന്ദണ്റ്റെ തല മുണ്ഡനം ചെയ്യപ്പെട്ട ജീവിതം എന്ന കഥയെ ഇടയ്ക്കിടെ ഒാര്‍മ്മിപ്പിച്ചു. )

Jayesh/ജയേഷ് said...

അതെ...ആ കഥയുമായി സാമ്യം എനിക്കും തോന്നി

Deepu said...

കൊള്ളാം സത്യം വിളിച്ചു പറയാന്‍ ചിലരെങ്കിലും തയ്യാറാവുന്നു.. :)

ഭൂതത്താന്‍ said...

കഥ കൊള്ളാം...ഇനിയും പോരട്ടെ ....മുകുന്ദന്‍ മാഷിന്റെ കഥ വായിക്കാത്തത് കൊണ്ട് സാമ്യം ഉണ്ടോന്നരീല്ല ...ഇനി അത് ഒന്നു സംഘടിപ്പിച്ച്‌ വായിക്കണം ....ശോ ...ഈശ്വരാ ...എന്തെല്ലാം വായിക്കാന്‍ കിടക്കുന്നു ....ഭൂതം സ്ഥലം കാലിയാക്കുക .....

എന്‍.ബി.സുരേഷ് said...

ആരും എവിടെ വച്ചും മറ്റൊരാളായി മാറ്റപ്പെടാം. ആധുനികതയുടെ കാലത്തും ഇന്നും. ശിഹാബുദീന്റെ മതഭ്രാന്തൻ എന്ന കഥ പോലെ സേതുവിന്റെ ദേശത്തിന്റെ വിജയം പോലെ

Google