സിമിയുടെ ബ്ലോഗ്

9/21/2009

വാരണമായിരം

വാരണമായിരം എന്ന തമിഴ് സിനിമയില്‍ സുന്ദരനായ നായകന്‍ അതിസുന്ദരിയാ‍യ നായികയില്‍ ആദ്യദര്‍ശനത്തില്‍ത്തന്നെ അനുരാഗത്തിലാഴുന്നു. ഇതേ അളവില്‍ വികാരങ്ങള്‍ തിരിച്ചു തോന്നാത്ത നായിക ഉപരിപഠനത്തിനായി വിദേശത്തു പോവുന്നു. നായികയെ സ്വന്തമാക്കണം എന്ന ഉദ്ദേശത്തോടെ നായകന്‍ കഷ്ടപ്പെട്ട് പണമുണ്ടാക്കി അവളെ പിന്തുടരാന്‍ തീരുമാനിക്കുന്നു. വിദേശരാജ്യത്തേയ്ക്ക് വിസ ലഭിക്കാന്‍ യോഗ്യതയൊന്നും തന്നെ ഇല്ലാതിരുന്നിട്ടും എംബസിയിലെ ഉദ്യോഗസ്ഥന്‍ നായകന്റെ പ്രണയകഥയിലലിഞ്ഞ് വിസ നല്‍കുന്നു. പലയിടങ്ങളിലും തിരഞ്ഞ് അയാള്‍ ഒടുവില്‍ അവളെ കണ്ടെത്തുന്നു. തന്നെ തിരക്കി ഇത്രയും ദൂരം നായകന്‍ വന്നതില്‍ ആശ്ചര്യപ്പെട്ടും ആഹ്ലാദിച്ചും നായിക സന്ദര്‍ശനവിസയിലെ ശിഷ്ടകാലം തന്റെ മുറിയില്‍ താമസിക്കാന്‍ നായകനെ ക്ഷണിക്കുന്നു. രമണീയമായ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ അവര്‍ സന്തോഷത്തോടെ ചുറ്റിനടക്കുന്നു, താന്‍ നായകനുമായി ഗാഢമായ പ്രണയത്തിലാണെന്ന് നായിക മനസിലാക്കുന്നു, അവര്‍ ഇരുവരും ഒരു ബസ്സില്‍ കയറി നായികയ്ക്ക് പഠനത്തിന്റെ ഭാഗമായി പ്രോജക്ട് ചെയ്യാനുള്ള നഗരത്തിലേയ്ക്ക് പോവുന്നു.
---
കിട്ടിയ ശമ്പളം വീട്ടുവാടക, കുട്ടികളുടെ വിദ്യാഭ്യാസം, മരുന്ന്, പാല്‍, മലക്കറി, തുടങ്ങിയ വിവിധ കാര്യങ്ങള്‍ക്കായി വിഭജിച്ച് കണക്കെഴുതി ഭാര്യയെ ഏല്‍പ്പിച്ച് സുഗീഷ് എന്ന പോലീസുകാരന്‍ ഇരുന്നൂറുരൂപ മിച്ചം പിടിക്കുന്നു, മക്കളെയും ഭാര്യയെയും പുതിയ തമിഴ് സിനിമ കാണാന്‍ കൊണ്ടുപോകുന്നു. തന്റെ സ്റ്റേഷനിലെ എസ്.ഐ.യുടെ അഭിപ്രായം പരിഗണിച്ചാണ് സുഗീഷ് ആ സിനിമ തന്നെ തിരഞ്ഞെടുത്തത്. മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പോപ്കോണ്‍ വാങ്ങിക്കൊടുക്കുന്നു, ബാല്‍ക്കണി ടിക്കറ്റെടുക്കുന്നു. സിനിമ കഴിഞ്ഞ് ഇന്ത്യന്‍ കോഫി ഹൌസില്‍ നിന്നും മക്കള്‍ക്ക് മസാലദോശ വാങ്ങിക്കൊടുക്കാമെന്നും പിന്നീട് പച്ചക്കറിച്ചന്തയില്‍ നിന്നും ഒരാഴ്ച്ചത്തേയ്ക്ക് ആ‍വശ്യമുള്ള പച്ചക്കറികള്‍ വാങ്ങാം എന്നും അയാളും ഭാര്യയും തീരുമാനിച്ചിരുന്നു.

മിക്ക കാണികളെയും പോലെ നായകന്റെ പ്രണയരംഗം പോലീസുകാരന് വളരെ ഇഷ്ടപ്പെട്ടു. പെണ്‍കുട്ടിയെ കണ്ടയുടനെ നായകന്‍ ട്രെയിനിന്റെ വാതിലിനടുത്തുനിന്ന് പാട്ടുപാടുന്നതും ഗിറ്റാറടിക്കുന്നതും, ആ ഭാഗത്തേയ്ക്കു വന്ന പെണ്‍കുട്ടിയോട് പ്രണയം തുറന്നു പറയാന്‍ നായകന്‍ കഷ്ടപ്പെടുന്നതും അയാള്‍ സീറ്റിന്റെ അറ്റത്തിരുന്ന് തല മുന്നോട്ടാക്കി കൈകള്‍ പിണച്ച് കണ്ടുകൊണ്ടിരുന്നു. നായകന് അവളെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണം എന്നും പറഞ്ഞത് പോലീസുകാരന്‍ നെഞ്ചിടിപ്പോടെയാണ് കേട്ടത്. പെണ്‍കുട്ടിയ്ക്ക് ആദ്യദര്‍ശനാനുരാഗത്തില്‍ വിശ്വാസമില്ല എന്നു പറഞ്ഞപ്പോള്‍ പോലീസുകാരന്‍ അസ്വസ്ഥനായി. ട്രെയിനിറങ്ങി അവര്‍ പിരിഞ്ഞപ്പോള്‍ ഇനി എന്താവും എന്ന് അയാള്‍ ഭാര്യയുടെ ചെവിയില്‍ ചോദിച്ചു. ‘കാണട്ടെ’ എന്ന് ഒഴുക്കന്‍ മട്ടില്‍ മറുപടിപറഞ്ഞ് ഭാര്യ തിരശ്ശീലയിലേക്കു ശ്രദ്ധയൂന്നി. നായകന്റെ ജീവിതത്തിലെ മറ്റു പ്രാരാബ്ധങ്ങള്‍ പോലീസുകാരന്റെ തലയില്‍ കയറിയില്ല. നായകന്‍ (സൂര്യ) അവളെ പിന്തുടര്‍ന്ന് വിദേശത്തുപോയപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇനി അവര്‍ ഒന്നിക്കും എന്ന തോന്നലില്‍ അയാള്‍ തിയ്യറ്ററിലെ ഇരുട്ടില്‍ ചിരിച്ചു. പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്ത് നായകന്‍ അവളെ തിരക്കിയെത്തിയപ്പോള്‍ അഥവാ നായിക അവിടെ ഇല്ലെങ്കിലോ എന്ന ചിന്ത അയാളെ എന്തെന്നില്ലാത്ത ഉദ്വേഗത്തിലാഴ്ത്തി. നായിക പുറത്തിറങ്ങിവന്നപ്പോള്‍ അയാളുടെ ഹൃദയം സന്തോഷം കൊണ്ട് ഉച്ചത്തില്‍ മിടിച്ചു. നായിക നായകനെ തന്റെ കൂടെ താമസിക്കാന്‍ ക്ഷണിച്ചപ്പോള്‍ അയാള്‍ക്ക് നാണം വന്നു, ഭാര്യയെ ഒന്നു തൊടാന്‍ തോന്നി, കൈ ത്തണ്ടകൊണ്ട് കസാരയുടെ കൈവരിയില്‍ കയറ്റിവെച്ചിരുന്ന അവളുടെ കയ്യില്‍ തട്ടി. ഭാര്യ അതു ശ്രദ്ധിക്കാതെ സിനിമ കാണുന്നത് തുടര്‍ന്നു.

നായകനും നായികയും മനോഹരമായി പ്രണയിക്കുമ്പൊഴും പാട്ടുപാടുമ്പൊഴും ഒരുമിച്ച് കൈകള്‍ കോര്‍ത്ത് നടക്കുമ്പൊഴും പോലീസുകാരന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചുവന്നു. ഒരു സിനിമയും നേര്‍‌രേഖയില്‍ പോവാറില്ലെന്നും, എന്തെങ്കിലും ഒരു കുഴമറിച്ചില്‍ വരുമെന്നും, അവര്‍ തമ്മില്‍ പിരിയുമെന്നും അയാള്‍ക്ക് തോന്നിത്തുടങ്ങി. അവരുടെ പ്രണയം വിശുദ്ധവും സുന്ദരവുമായിരുന്നു. അത്രയും സുന്ദരമായ ഒന്ന് തന്റെ നെഞ്ചില്‍ കുരുങ്ങിപ്പോയതുപോലെ അയാള്‍ക്കു തോന്നി. പെട്ടെന്ന് ഇരച്ചുവന്ന സന്തോഷത്തിന്റെ പാരമ്യത്തില്‍ ആദ്യമായി നായികയെ നായകന്‍ വാരിപ്പുണരുകയും ആ ആലിംഗനത്തില്‍ നിന്നും സങ്കോചത്തോടെ സ്വയം മുക്തനാവുകയും ചെയ്തപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്നാല്‍ അടുത്ത നിമിഷം തന്നെ ഇനിയെന്താവും എന്ന ചിന്തയില്‍ അയാള്‍ വിഷാദിയായി.

മുന്‍പും കണ്ടിട്ടുള്ള സിനിമകളില്‍ സംവിധായകര്‍ പ്രേക്ഷകരെ ഉദ്വേഗത്തിലാഴ്ത്താനായി അതിമനോഹരമായ പ്രണയങ്ങള്‍ തകര്‍ക്കുന്നതും, നായികയുടെ കണ്ണീരു വീഴ്ത്തുന്നതും, നേര്‍‌രേഖയില്‍ പൊയ്ക്കൊണ്ടിരിക്കുന്ന വിശുദ്ധ പ്രണയങ്ങള്‍ തകര്‍ക്കുന്നതും കണ്ടിട്ടുള്ളതുകൊണ്ടാവണം, ദുരന്തം വരാന്‍ പോവുന്നു എന്ന് പോലീസുകാരന്‍ നടുക്കത്തോടെ ഓര്‍ത്തത്. ജീവിതത്തില്‍ ഇതുവരെ ഒരാളോടും തോന്നാത്ത വികാരത്തില്‍ നായിക കരയുമ്പോള്‍ അയാള്‍ സീറ്റില്‍ ഇരുന്നു വിറച്ചു, ഭാര്യയെ തട്ടിവിളിച്ച് മതി, നമുക്കു പോവാം എന്നു പറഞ്ഞു. ‘മനുഷ്യാ, നിങ്ങള്‍ക്കു വട്ടുണ്ടോ’ എന്നു പറഞ്ഞ് ഭാര്യ വീണ്ടും സിനിമയില്‍ ലയിച്ചു. നായിക പ്രോജക്ട് ചെയ്യാനായി മറ്റൊരു പട്ടണത്തിലേയ്ക്കു പോവുന്നു, നായകന് കൂടെപ്പോവാന്‍ അനുമതിയില്ല, നായകന്റെ കയ്യില്‍ നിന്നും നായിക ദു:ഖത്തോടെ കൈ വിടര്‍ത്തുന്ന മാത്രയില്‍ പോലീസുകാ‍രന്‍ ഇരിക്കപ്പൊറുതിയില്ലാതെ തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റ് പുറത്തേയ്ക്കു പോവുന്നു. ഇരുട്ടില്‍ ഭാര്യ തന്നെ തിരിഞ്ഞു നോക്കുന്നുണ്ടാവും എന്നു ചിന്തിച്ച് അവള്‍ ഇരിക്കുന്ന ദിക്കിലേയ്ക്ക് ചൂണ്ടുവിരല്‍ ഉയര്‍ത്തി ആംഗ്യം കാണിക്കുന്നു.

തിയ്യറ്ററിനുള്ളില്‍ ചായ വില്‍ക്കുന്നയാള്‍ക്ക് സുഗീഷ് വളരെനേരമെടുത്ത് ചായകുടിക്കുന്നത് എന്തിനെന്നും തന്റെ ഇരിപ്പിടത്തിലേയ്ക്ക് തിരിച്ചുപോയി ബാക്കി സിനിമ കാണാ‍ത്തതെന്തെന്നും മനസിലാവുന്നില്ല. ‘സാര്‍, നല്ല സിനിമയല്ലേ’ എന്ന ചോദ്യത്തിന് സുഗീഷ് ‘അതെ‘ എന്ന് ഉത്തരം പറയുന്നു. ‘സിനിമ പകുതിപോലുമായില്ല‘ എന്ന കമന്റിന് അയാള്‍ മറുപടി പറയുന്നില്ല. ഇന്റര്‍വെലിന് ഇറങ്ങിയ ജനത്തിരക്കില്‍ സുഗീഷിനെ കാണാതാവുന്നു, എന്നാല്‍ തിരക്കൊഴിയുമ്പോള്‍ സുഗീഷ് വീണ്ടും ഒരു ചായയ്ക്കുകൂടി പറഞ്ഞ് ഇടനാഴിയില്‍ത്തന്നെ നില്‍ക്കുന്നു, നായികയും നായകനും തങ്ങളുടെ അനശ്വര പ്രേമത്തില്‍ ജീവിക്കുന്നതും കൊച്ചുകൊച്ചു വിഷമങ്ങള്‍ അവര്‍ പരസ്പരം ചാരിക്കൊണ്ട് മറികടക്കുന്നതും സുഗീഷ് സ്വപ്നം കാണുന്നു, അവരുടെ പ്രണയത്തില്‍ മൊട്ടുകള്‍ വിടരുന്നതും അവ വിരിഞ്ഞ് കുഞ്ഞുങ്ങളായി പൂമുറ്റങ്ങളില്‍ ഓടിനടക്കുന്നതും അവര്‍ ഒന്നിച്ച് പൊട്ടിച്ചിരിക്കുന്നതും ഊഞ്ഞാലാടുന്നതും ശാന്തമായ നദിയില്‍ വഞ്ചിയില്‍ യാത്രചെയ്യുന്നതും സുഗീഷ് കാണുന്നു. ചുവന്ന ചക്രവാളത്തില്‍ വളരെ പതുക്കെ നീങ്ങുന്ന കപ്പലുകളെ നോക്കിക്കൊണ്ട് കടല്‍ത്തീരത്ത് തന്റെ മടിയില്‍ കിടക്കുന്ന നായികയുടെ മുടിയില്‍ക്കൂടി നായകന്‍ വിരലോടിക്കുന്നു. ചായക്കടക്കാരന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അയാള്‍ ഉത്തരം പറയുന്നില്ല, ചാ‍യക്കടക്കാരന്‍ തന്റെ ഏകാന്തതയിലേക്ക് തിരിച്ചുപോവുന്നു, നായകന്റെയും നായികയുടെയും അനശ്വര പ്രേമത്തെ സ്വപ്നം കണ്ട് സുഗീഷ് ചിരിക്കുന്നു, പുറത്ത് ഒരു കസേരയിലിരുന്ന് ക്ഷമയോടെ സിനിമ തീരാന്‍ കാത്തിരിക്കുന്നു.

സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ ഭാര്യ ‘ഇങ്ങനെയാണെങ്കില്‍ സിനിമകാണാന്‍ വരാതിരിക്കുന്നതാണ് ഭേദം‘ എന്നുപറഞ്ഞ് അയാളെ ദേഷ്യത്തോടെ നോക്കുന്നു. ‘അച്ചാ, നല്ല സിനിമയായിരുന്നു‘ എന്ന് മകള്‍ വിളിച്ചു പറയുന്നു. അപ്പൊഴും പുഞ്ചിരിക്കുന്ന അയാളെ നോക്കി ‘അച്ചന് കഥ കേള്‍ക്കണോ?’ എന്ന മകന്റെ ചോദ്യത്തിന് ‘വേണ്ട മോനേ, അച്ചന്‍ കണ്ടല്ലോ‘ എന്ന് അയാള്‍ മറുപടി പറയുന്നു. സിനിമയിലെ സുഗീഷ് കാണാ‍ന്‍ കൂട്ടാക്കാത്ത പാതിയില്‍ നായിക ഒരു ബോംബ് സ്ഫോടനത്തില്‍ മരിക്കുകയും, നായകന്‍ ദു:ഖം കൊണ്ട് മയക്കുമരുന്നിന് അടിമയാവുകയും, ഒരു പട്ടാളക്കാരനാവുകയും ഒടുവില്‍ പെങ്ങളുടെ കൂട്ടുകാരിയെ വിവാഹം കഴിക്കുകയും അവര്‍ക്ക് ഒരു മകനുണ്ടാവുകയും നായകന്റെ അച്ഛന്‍ മരിച്ചുപോവുകയും നായകന്‍ തീവ്രവാദികളെ കൊല്ലുകയും ചെയ്യുന്നു, ‘നല്ല സിനിമയായിരുന്നു‘ എന്ന് ഭാര്യ ഒരാത്മഗതം പോലെ പറയുന്നു, ‘അതെ, നല്ല സിനിമയായിരുന്നു’ എന്ന് സുഗീഷും പറയുന്നു. അവര്‍ സിനിമാക്കൊട്ടകയ്ക്ക് അടുത്തുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കയറുന്നു.

14 comments:

ഗുപ്തന്‍ said...

പതിവുശൈലി വിട്ടു പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നേനേ എന്ന് തോന്നുന്നു. :)

പാമരന്‍ said...

പരീക്ഷണങ്ങളാണല്ലോ!

Jayesh San / ജ യേ ഷ് said...

എന്തോ.. സംഭവം അങ്ങ് കൊണ്ടില്ല സിമീ

ദലാല്‍ :-: dalal said...

സുന്ദരമായ വായന സിമിയുടെ മിക്ക കഥകളും വായിക്കാന്‍ വളരെ ഇഷ്ടമാണ്

പള്ളിക്കുളം.. said...

വരണമായിരം.
നായകന്റെ കോപ്രായങ്ങൾ കണ്ടിരിക്കാൻ പറ്റാഞ്ഞകാരണം പകുതിക്ക് നിർത്തിയിരുന്നു ഈ സിനേമ കാണൽ.

ശൈലിയിൽ പുതുമയൊന്നുമില്ലെങ്കിലും കഥയിൽ പുതുമയുണ്ട്.
ആശംസകൾ!

cALviN::കാല്‍‌വിന്‍ said...

ഇഷ്ടാ ഒരു സ്പോയിലർ വാണിംഗ് വെക്കാൻ മേലാരുന്നോ?

യാഥർത്ഥ്യത്തിന്റെ ലോകത്തേക്ക് പ്രേക്ഷകനെ കൊണ്ടുവരാതെ സിമീ...

Cypher: You know, I know this steak doesn't exist. I know that when I put it in my mouth, the Matrix is telling my brain that it is juicy and delicious. After nine years, you know what I realize?
[Takes a bite of steak]
Cypher: Ignorance is bliss.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വിശ്വാസങ്ങളെയെന്തിനുലയ്ക്കണം?

കണ്ണനുണ്ണി said...

സിമി ഇഷ്ടപ്പെട്ടു പരീക്ഷണം

വിഷ്ണു പ്രസാദ് said...

കഥ വായിച്ചു.ഗംഭീരമായി എന്നു പറയുന്നില്ല.ഒരു പരിശ്രമം/പരീക്ഷണം എന്ന നിലയില്‍ കൊള്ളാം...

Deepu said...

ആര്‍ക്കും മനസിലാവാത്ത ഒരു കഥ എഴുതുന്നത്‌ സിമി ആണെങ്കില്‍ അത് പരീക്ഷണമാകുമോ?

ഈ ടൈപ്പ് ഒന്നും എഴുതല്ലേ സിമീ...

സാല്‍ജോҐsaljo said...

this is 1st time I comment on your post I think. I should say that this is outstanding. The realism conveyed as emotional stress of a father/husband is really good. sugesh's 'aam admi' worries shows the gap between real and reel factors.

Deepu said...

ലത് ശരി നൂറാം കഥയായായിരുന്നല്ലേ..

resin said...

ബോറടിക്കത്തതിനാല്‍ സമയമില്ലാഞ്ഞിട്ടും വായിച്ചു തീര്‍ക്കതിരിക്കാന്‍ കഴിഞ്ഞില്ല ..

www.nombaram.com ല്‍ ഷെയര്‍ ചെയ്യാമോ?

സുഗീഷ്. ജി|Sugeesh.G said...

കൊള്ളാം, പക്ഷേ ചില സ്ഥലങ്ങളിൽ സുഗീഷിന്റെ അവസ്ഥയേക്കുറിച്ച് ഒരു പിടിയും കിട്ടുന്നില്ല എന്തേ അങ്ങനെയൊരു പരീക്ഷണം.....

Google