ഒരിക്കല്‍ ഒരിടത്തൊരു യക്ഷിയുണ്ടായിരുന്നു.
അല്ലെങ്കില്‍ അതു വേണ്ട,
ഒരു രാക്ഷസനുണ്ടായിരുന്നു
ഒരു മനുഷ്യനുണ്ടായിരുന്നു
അതൊന്നും വേണ്ട
ഒരിക്കല്‍ ഒരിടത്തൊരു വീടുണ്ടായിരുന്നു
അവിടെ ഒരു ഫിഷ്‌ടാങ്കുണ്ടായിരുന്നു
വട്ടത്തിലുള്ള ഒരു കണ്ണാടിപ്പാത്രം
ഒരു മുറി,
(മുറിക്കു) നടുവില്‍ ഒരു മേശ
മേശയ്ക്കുമുകളില്‍ ഒരു പളുങ്കുപാത്രം
അതില്‍ ജലസസ്യങ്ങളോ പായലോ വെള്ളാരംകല്ലോ ഇല്ല. തെളിവെള്ളം.
അതില്‍ ഒരു സ്വര്‍ണ്ണമത്സ്യം
ഒറ്റമീന്‍
അത് വട്ടത്തില്‍, വട്ടത്തില്‍, വട്ടത്തിലോടി
അതല്ല പറഞ്ഞുവന്നത്,
ഒരു മുറി, ഒരു കസേര, ഒരു ടി.വി / കമ്പ്യൂട്ടര്‍ / പുസ്തകം, കസാരയില്‍ ചാഞ്ഞുകിടന്ന് അതിലേക്കു നോക്കുന്ന ഒരാള്‍. അയാളുടെ കയ്യില്‍ ഒരു സിഗരറ്റ്. ടി.വി / കമ്പ്യൂട്ടര്‍ / പുസ്തകം ചിലക്കുന്നു, രസിക്കുന്നു, പാടുന്നു, ആടുന്നു, പരിഭവിക്കുന്നു, മദിക്കുന്നു, അലറിവിളിക്കുന്നു. സിഗരറ്റ് കത്തിക്കത്തിത്തീരുന്നു.
..അപ്പോള്‍ അവള്‍ ചോദിച്ചു, നീയെന്നെ ഒറ്റയ്ക്കാക്കുമോ?
കറുത്ത ആകാശത്തില്‍ ചന്ദ്രന്‍ ഒറ്റക്കായി.
അപ്പോള്‍ പറഞ്ഞുവന്നത്..
എന്തിനാണ് ഈ ഫ്ലാറ്റിലേക്കു വന്നതെന്നാണ് നടകള്‍ കയറുമ്പോള്‍ യാമിനി ആലോചിച്ചത്. പഴയ പടികളാണ്. ചുവരുകളില്‍ കുട്ടികള്‍ നഖം കൊണ്ട് പോറിയിട്ട ചിത്രങ്ങള്‍. മൂലയ്ക്ക് സിഗരറ്റ് കുറ്റികള്‍, പൊടിപിടിച്ച കോണ്ടം. ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല. നാലാം നിലയില്‍ സാമാന്യം ഇരുട്ടുള്ള ഇടനാഴി, ഇരുവശത്തും അടഞ്ഞ വാതിലുകള്‍, 418, 420, 422, 424. വഴി അവസാനിക്കുന്നത് 430-ല്‍. അവള്‍ കാളിങ്ങ് ബെല്ലമര്‍ത്തി. വന്നത് ക്രെഡിറ്റ് കാര്‍ഡിന്റെ കടലാസുകളില്‍ ഒപ്പിടുവിക്കാനാണ്. അകത്ത് ആരോ നടക്കുന്നു, കതകിന്റെ അപ്പുറത്തു കാത്തുനില്‍ക്കുന്നു, കതകിന്റെ കൊളുത്തുകള്‍ അഴിക്കുന്നു.
യാമിനി വന്നത് അവളുടെ കാമുകനെ കാണാനാണ്. യാമിനി മുന്‍പ് എത്രതവണ ഇവിടെ വന്നിട്ടുണ്ട് എന്നത് അവളുടെ സ്വകാര്യതയാണ്. വരൂ, അവളുടെ സ്വകാര്യതയിലേക്ക് നമുക്ക് ഒളിഞ്ഞുനോക്കാം. ടി.വി., അതിനു മുന്നില്‍ സോഫ, സോഫയില്‍ ഒരാള്‍, മെലിഞ്ഞ മനുഷ്യന്റെ കുറ്റിത്താടിയും കവിളും ഞെരിച്ചുകൊണ്ട് അയാളുടെ മടിയിലിരുന്ന് ടി.വി കണ്ട് ചിരിക്കുന്നത് യാമിനിയാണ്. അയാള്‍ ചിരിക്കുന്നുണ്ടോ - അറിയില്ല.
ഓ
ജോണ്‍.
ജോണ്‍, ജോണ്‍, ജോണ്‍, ജോണ്‍
അവന്‍ കണ്ണു തുറന്നു.
അവന്‍ ഒറ്റയ്ക്കാണ്. കാരണം അവന്റെ ഡാഡിയും മമ്മിയും ഒരു വിമാനാപകടത്തില്‍, അവന്റെ പപ്പയും മമ്മയും ഒരു കാറപകടത്തില്‍, അവന്റെ അച്ഛന്‍ കാസരോഗം വന്നും അമ്മ കൂലിപ്പണിയെടുത്തും, അവന്റെ പപ്പയും മമ്മിയും -
ജോണ്‍ പറഞ്ഞു, ഒറ്റയ്ക്കിരിക്കാന്‍ രസമാണല്ലേ
അവള്‍ ചിരിച്ചു. ഒറ്റയ്ക്കല്ലല്ലോ
യെസ്...
പാവം ഗോള്‍ഡ്ഫിഷ്.. അതിനൊരു കൂട്ടു കൊടുക്കണം. ഞാന്‍ വരുമ്പൊ ഒരു ഗോള്‍ഡ്ഫിഷിനെക്കൂടി കൊണ്ടുവരട്ടെ?
എന്നിട്ട്?
ഞാന്‍ വരുമ്പൊ അതിനെ ടാങ്കിലിടും. തിരികെപ്പോവുമ്പൊ തിരികെക്കൊണ്ടുപോവും. സന്ദര്‍ശകയ്ക്കൊപ്പം ഒരു സന്ദര്‍ശകന്‍.
അതുവേണോ?
വേണം.
വേണ്ട. നമുക്കീ ഗോള്‍ഡ്ഫിഷിനെ പൊരിച്ചടിക്കാം.
വേണ്ട. നമുക്ക് പുറത്തുപോവാം.
എവിടെ?
പാര്‍ക്കില്‍, ലൈബ്രറിയില്‍, ഒരു സിനിമയ്ക്ക്, കോഫിഹൌസില്‍.. ജോണ്‍?
ജോണ്‍, ജോണ്‍, ജോണ്‍, ജോണ്‍.
ജനാല തുറന്നിട്ട ഒരുദിവസം പച്ചക്കണ്ണുകളുള്ള കറുത്ത പൂച്ച അതിന്റെ അഴികള്‍ക്കിടയിലൂടെ മിനുത്ത ദേഹം ഞെരിച്ചുകയറ്റി പതുങ്ങിവന്ന് മേശയില്‍ ആയാസരഹിതമായി ചാടിക്കയറി സ്വര്‍ണ്ണമത്സ്യത്തെ പേടിപ്പിക്കുകയും നഖങ്ങള്‍ നീണ്ട ഇടതുകൈ വെള്ളത്തിലിട്ട് അതിനെ വട്ടത്തില്‍ വേഗത്തിലോടിക്കുകയും മത്സ്യത്തിന്റെ മുന്നിലിരുന്ന് ശരീരം സാവധാനം നക്കിത്തോര്‍ത്തുകയും അല്പനേരം മേശപ്പുറത്ത് മലര്‍ന്നുകിടക്കുകയും ഇല്ലാത്ത ഈച്ചയെ നാലുകാലുകളും നീട്ടി വേട്ടയാടുകയും തിരിഞ്ഞ് മൂരിനിവര്‍ത്ത് ഒന്നും സംഭവിക്കാത്തതുപോലെ മുന്‍കാലുകള്‍ രണ്ടും ജാറിന്റെ മുകളിലേക്ക് ഉയര്‍ത്തിവെക്കുകയും പിന്‍കാലിലൂന്നി ജാര്‍ മറിച്ചിട്ട് പൊട്ടിക്കുകയും തറയില്‍ താളത്തില്‍ പിടഞ്ഞുകൊണ്ടിരുന്ന സ്വര്‍ണ്ണമത്സ്യത്തെ കടിച്ചെടുത്ത് ജനാലയിലെ അഴികള്‍ക്കിടയിലൂടെ ഞെരിഞ്ഞിറങ്ങിപ്പോവുകയും ചെയ്തു. ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട്. പൂച്ച സന്തോഷത്തോടെ മീനെ തിന്നെങ്കിലും പിറ്റേദിവസവും അതിന് വിശക്കുകയും വീണ്ടും വന്നു നോക്കി വിഷണ്ണനായി തിരികെപ്പോവുകയും ചെയ്തു. മീനെ പൂച്ച തിന്നു എന്നത് എത്ര സ്വാഭാവികമാണ്. യാമിനിക്ക് സ്വാഭാവിക സംഭവങ്ങള്‍ വിശ്വസിക്കാന്‍ പറ്റിയില്ല. ജോണിനെ ചീത്തവിളിക്കുകയും അവനെക്കാണാന്‍ വരാതിരിക്കുകയും ചെയ്തു. അവള്‍ തിരികെവന്നപ്പോള്‍ - യെസ്, അവള്‍ തിരികെവന്നു. മേശ ഇല്ലായിരുന്നു.
ഇരുട്ടായിരുന്നു. ഇരുട്ടത്ത് ലൈറ്റിടാന്‍ ജോണ്‍ സമ്മതിച്ചില്ല, which was thrilling. മുറിയുടെ നടുവില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ കറുത്ത തകരത്തിന്റെ ഒരു മേല്‍ക്കൂര. അതിനടിയില്‍ ഒരടി പൊക്കത്തില്‍ ചുറ്റും കളിമണ്ണുകുഴച്ച് ഒരു വലിയ ചതുരം. സുഷിരങ്ങളൊന്നുമില്ല. യാമിനി, എനിക്കൊരു എലിയെക്കിട്ടി. എലികള്‍ക്ക് എത്ര ഓര്‍മ്മകാണും?
ഞാനെങ്ങനെ അറിയാന്‍?
ജോണ്‍ കിതപ്പോടെ, വേഗത്തില്‍ സംസാരിച്ചു. ഒരു മാസമായി എലി അകത്താണ്. അത് വെളിച്ചം കണ്ടിട്ടില്ല. വെളിച്ചം എന്താണെന്ന് അത് മറന്നുപോയിക്കാണുമോ?
അകത്ത് എന്താണ്?
രാവണന്‍കോട്ടയാണ്. എലിക്കുഞ്ഞിനു വഴികാണിച്ചുകൊടുക്കുമോ? വഴികള്‍ ഒരുപാടുണ്ട്, ഒരു വഴിയും തിരിച്ചിറങ്ങാന്‍ പറ്റില്ല. ചുറ്റും ഡെഡ് എന്‍ഡുകള്‍. എന്നിട്ടും എലി ഓടിക്കൊണ്ടിരിക്കുന്നു.
ജോണ്‍, നീയും അകത്താണ്. you are sick.
എലിക്ക് മൂന്നുനേരം തീറ്റകൊടുക്കുന്നുണ്ട്. ഇരുട്ടത്താണ് തീറ്റകൊടുക്കുന്നത് - എലി എന്നെ മറന്നുകാണുമോ.
ഇപ്പൊ ഓര്‍ത്തിട്ടെന്താണ്? അത് നിനക്കുവേണ്ടി കൊന്തപടിക്കണോ?
ഓര്‍ക്കണ്ട
അവള്‍ക്ക് പാവം തോന്നി. ശരീരത്തോട് ഒട്ടിനിന്നുകൊണ്ട് ജോണ്‍, ജോണ്‍.
(വിളികേട്ട്) തകരം അനങ്ങി.
ഒരിക്കല്‍ ഒരു എലിയുണ്ടായിരുന്നു. ചാരനിറമുള്ള രോമങ്ങളും നീണ്ടുമെലിഞ്ഞ വാലും പേടിച്ച കണ്ണുകളുമുള്ള ചുണ്ടെലി വളരെ പരിശ്രമശാലിയായിരുന്നു. അതിന്റെ നെഞ്ചില്‍ വെള്ളിനിറമായിരുന്നു. ഒതുങ്ങിയ ശരീരമായിരുന്നു. ഓടിയോടി എവിടെയെങ്കിലും എത്തണമെന്നായിരുന്നു. പക്ഷേ എത്ര ഓടിയിട്ടും തുടങ്ങിയിടത്തുതന്നെ എത്തിയതേ ഉള്ളൂ. എന്നിട്ടും എലി ഓടിക്കൊണ്ടിരുന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടോ മതിലുകള്‍ തകര്‍ന്നുവീഴുന്ന സ്വാതന്ത്ര്യത്തിന്റെ ദിനത്തില്‍ ഓടി രക്ഷപെടാന്‍ വ്യായാമം ചെയ്ത് പേശികള്‍ പിടച്ചുനില്‍ക്കണം എന്നതുകൊണ്ടോ തുടങ്ങിയിടത്തുതന്നെയാണ് എത്തിയത് എന്ന് അറിയാത്തതുകൊണ്ടോ അറിയാവുന്നതുകൊണ്ടോ വട്ടത്തിലോട്ടം ആസ്വദിച്ചതുകൊണ്ടോ ഓട്ടംനിര്‍ത്തിയാല്‍ എലി എലിയല്ല എന്നറിയാവുന്നതുകൊണ്ടോ അത് ഓടിക്കൊണ്ടിരുന്നു. ഓട്ടത്തിനിടയില്‍ വെളിച്ചമടിക്കാതെ അത് നരച്ചു. ചുണ്ടെലി വെള്ളെലിയായി. ഇരുട്ടുകൊണ്ട് കണ്ണുകളുടെ ഓട്ടയടഞ്ഞു. അടഞ്ഞുപോയ കണ്ണുകള്‍ കൊണ്ട് അത് അന്തമില്ലാത്ത വഴികളുടെ വക്കുകളില്‍ തുറക്കാത്ത വാതിലുകള്‍ 418, 420, 422, 424 എന്നിങ്ങനെ എണ്ണി. ഉറക്കത്തിന്റെ തൊടിയിലെ പടികളെണ്ണി. 922, 924, 926, ഞൊറികള്‍ വീണ വെള്ളപ്പാവാട വലിച്ചുപിടിച്ച് വായുവിലൂടെ ചൂരല്‍ മൂളിവരുന്നു, വഴിവക്കില്‍ മരങ്ങള്‍ നിരന്നുനില്‍ക്കുന്നു. കാണികള്‍ കയ്യടിക്കുന്നു. എലി ഓടിക്കൊണ്ടിരിക്കുന്നു. യാമിനി ഉറക്കത്തില്‍ തിരിയുന്നു, കിടക്കയ്ക്കു താഴെ വെള്ളം പരതുന്നു, ഉണരുന്നു, ഉറങ്ങുന്നു.
426, 428, 430-ന്റെ താക്കോല്‍ അവളുടെ പക്കലുണ്ടായിരുന്നു. ജോണ്‍ എവിടെയാണ്, എവിടെയായാലെന്താണ്. ലൈറ്റിട്ടു. മഞ്ഞവെളിച്ചത്തില്‍ ഒഴിഞ്ഞ മുറി, തകരപ്പാളി അവള്‍ തുറന്നു. അന്തമില്ലാത്ത വഴികള്‍ക്കിടയില്‍ എലി ഉറങ്ങുകയാണ്. പുറത്ത് തെരുവില്‍ ഇറക്കിവിടുമ്പോള്‍ സ്വാതന്ത്യം കണ്ട് അതിശയിച്ച്, ആഹ്ലാദിച്ച്, റോഡിനു കുറുകെ കുതിച്ചോടുന്ന നിമിഷത്തിനും ഏതെങ്കിലും വണ്ടിയുടെ ടയറുകയറി മരിക്കുന്ന നിമിഷത്തിനും ഇടയ്ക്കുള്ള ഏതാനും നിമിഷത്തെ ജീവിതമുണ്ടല്ലോ, അതാണ് ജീവിതം. അതിനുവേണ്ടിയായിരുന്നു ഈ ഓട്ടമത്രയും. അവള്‍ അതിനെ വാലില്‍പ്പിടിച്ച് തൂക്കിയെടുത്തു, നാലുനിലകള്‍ ഓടിയിറങ്ങി, തെരുവില്‍ കുന്തിച്ചിരുന്ന്, എലീ, ഇതാ നിന്റെ നാളെ - എലി അനങ്ങുന്നില്ല, രണ്ട് കൈകൊണ്ടും താങ്ങിക്കൊടുത്തിട്ടും ഉന്തിക്കൊടുത്തിട്ടും ചരിഞ്ഞ് വശത്തോട്ടുവീഴുന്നു. എലി തണുത്തിരിക്കുന്നു.
ജോണ്‍ ജയിച്ചു. കരിങ്കണ്ണുകളും ദംഷ്ട്രകളുമുള്ള ജോണ്‍. അവന്‍ നിന്നെ തിന്നുകളയും. കയ്യില്‍ കിട്ടിയാല്‍ വരിഞ്ഞുമുറുക്കും, സ്നേഹിക്കും, പിച്ചിച്ചീന്തും, ലാളിക്കും, ബലാത്സംഗം ചെയ്യും. കരയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് അവള്‍ ഒരുപാട് കൊതിച്ചെങ്കിലും തലയ്ക്കകത്ത് എന്തോ മൂളിക്കൊണ്ടിരുന്നതേയുള്ളൂ. വഴിയുടെ അറ്റത്തേക്കു നോക്കൂ, സിഗരറ്റും വീശി നടന്നുവരുന്നത് ജോണ്‍. ബസ്സുകയറിപ്പോവുന്നത് ജോണ്‍. ആകാശത്തുനിന്നും നൂലില്‍ത്തൂങ്ങി ഇറങ്ങിവരുന്നവന്‍ ജോണ്‍. തെരുവുകളുടെ നൂലുണ്ടയായ നഗരം കലങ്ങിക്കിടക്കുന്നു; എല്ലാ വഴികളും ജോണിലേക്കു നീളുന്നു. എലിയെ വഴിയിലിട്ട് നാലുനിലകള്‍ ഓടിക്കയറി 430-ആം നമ്പര്‍ ഫ്ലാറ്റില്‍ കയറി കതകടച്ച് ലൈറ്റണച്ച് മുറിക്കുനടുവില്‍ മുട്ടിനിടയില്‍ മുഖം പൂഴ്ത്തിക്കൊണ്ട് അവള്‍ കുന്തിച്ചിരുന്നു.
11/13/2009
എലി
എഴുതിയത് simy nazareth സമയം Friday, November 13, 2009
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
5 comments:
മനസിലായില്ല എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു കരുതുന്നു :P
മനസ്സിലായി മനസ്സിലായി ..എല്ലാം മനസ്സിലായി
deepuvine pole manasilayilla ennu thanne parayatte.. sadharanakarkku manasilavathathezhuthumbol ayirikkum sahithyam janikkunnathalle?
എന്തുവാടേ ..പേടിപ്പിച്ചു കളഞ്ഞല്ലോ
മുറിക്കുനടുവില്‍ മുട്ടിനിടയില്‍ മുഖം പൂഴ്ത്തിക്കൊണ്ട് അവള്‍ കുന്തിച്ചിരുന്നു.
മനസ്സിലായി ..മനസ്സിലായി ...നല്ല കഥ ...
Post a Comment