സിമിയുടെ ബ്ലോഗ്

9/08/2008

ചുവന്ന ഹോട്ടല്‍ (L'hôtel Rouge)

ഇന്നു രാവിലെ എനിക്ക് രോമാഞ്ചം വന്നു. ഞാന്‍ ഇന്ന് ഇന്ത്യയിലിറങ്ങി. കൃത്യമായിപ്പറഞ്ഞാല്‍ കേരളത്തില്‍, കൊച്ചിയിലിറങ്ങി‍. നിര്‍ഭാഗ്യവശാല്‍ ഇന്ന് ഇവിടെ ബന്ദാണ്.

വിമാനത്താവളത്തിനു പുറത്ത് യാത്രക്കാരുടെ ബാഗുകള്‍ കുന്നുകൂടിക്കിടക്കുന്നു. ചുമരിലെ തിളങ്ങുന്ന കണ്ണാടിപ്പാളികളില്‍ വിദേശികള്‍ ചാരിയിരുന്നുറങ്ങുന്നു. എണ്ണപ്പാടങ്ങളില്‍ നിന്നും കരുവാളിച്ച് തിരിച്ചുവന്ന ഇന്ത്യന്‍ തൊഴിലാളികള്‍ സര്‍ക്കാരിന്റെ വരാത്ത ബസ്സുകാത്ത് ഉലാത്തുന്നു. രണ്ടുപേര്‍ ആഗതരുടെ പേരെഴുതിയ ബോര്‍ഡും പിടിച്ചുനില്‍ക്കുന്നു. അതിലൊന്ന് എന്റെ പേരാണ്. ഞാന്‍ അയാളുടെ നേര്‍ക്ക് നടന്നു. അഭിവാദ്യങ്ങള്‍. ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് സ്വാഗതം. എന്റെ പേര് ഗോപാലക്കുറുപ്പ് എന്നാണ്. യാത്ര സുഖമായിരുന്നില്ലേ?

ഗോപാലന്‍ എന്നത് ഭഗവാന്‍ കൃഷ്ണന്റെ പേരാണ്. ഈ ഗോപാലക്കുറുപ്പും കൃഷ്ണനെപ്പോലെ കറുത്തിട്ടാണ്. പക്ഷേ കഷണ്ടിയാണ്. മുഖത്ത് സ്വര്‍ണ്ണപ്പിടിയുള്ള കണ്ണട. ഒരു നീല ജാക്കറ്റും വെളുപ്പില്‍ ബ്രൌണ്‍ വരകളുള്ള ടൈയും ധരിച്ചിരിക്കുന്നു. പൊക്കമില്ല. ശരീരം മെലിഞ്ഞിട്ടാണ്. കുടവയറുണ്ട്. മുഖത്ത് പഴുതാരമീശ. വെളുത്ത് തിളങ്ങുന്ന പല്ലുകള്‍. കൈ പിടിച്ചുകുലുക്കിയപ്പോള്‍ എന്റെ തടിച്ച കൈകളില്‍ അയാളുടെ മെലിഞ്ഞ വിരലുകളൊതുങ്ങി. ഗോപാലക്കുറുപ്പ് ചിരിച്ചു.

കേരളത്തിനു മാറ്റമുണ്ടോ സര്‍.
ഞാന്‍ തിരിച്ചു ചിരിച്ചു.

ഗോപാലക്കുറുപ്പ് എന്റെ ബാഗെടുത്ത് മുന്നിലേയ്ക്കു നടന്നു. ഞങ്ങള്‍ കാറില്‍ക്കയറി. ഏകദേശം വിജനമായ വഴിയിലൂടെ കാറ് ബൈപ്പാസ് റോഡിലേയ്ക്ക് കയറി.

ബന്ദായിട്ടും റോഡില്‍ തടസ്സങ്ങള്‍ ഒന്നും ഇല്ലല്ലോ.

അതിന്റെ ആവശ്യമില്ല സര്‍. ആ‍രും നിരത്തിലിറങ്ങാറില്ല. മെന്റല്‍ കണ്ടീഷനിങ്ങ് ആണ്. ബന്ദെന്നു കേട്ടാല്‍ നിരത്തിലിറങ്ങരുത് എന്ന് ജനത്തിനറിയാം. പാവ്‌ലോവിന്റെ കഥ കേട്ടിട്ടില്ലെ. റഷ്യന്‍ ശാസ്ത്രജ്ഞനായ പാവ്ലോവ് തന്റെ നായയ്ക്ക് ആ‍ഹാരം കൊടുക്കുന്നതിനു മുന്‍പ് ഒരു മണിയടിക്കുമായിരുന്നു. തുപ്പലുമൊലിപ്പിച്ച് നായ പിറകേ നടക്കും. ഒടുവില്‍ ആഹാരമൊന്നും ഇല്ലാതെ വെറുതേ മണിയടിക്കുമ്പോള്‍ത്തന്നെ പട്ടിയുടെ വായില്‍ വെള്ളം വരും.

ഗോപാലക്കുറുപ്പ് മിടുക്കനാണ്. നല്ല വായനയുണ്ടെന്ന് തോന്നുന്നു. വഴിവക്കില്‍ രാഷ്ട്രീയ നേതാക്കന്മാരുടെ കട്ടൌട്ടുകള്‍‍, വലിയ ഫ്ലാറ്റുകളുടെ പരസ്യങ്ങള്‍. ഇടയ്ക്ക് നെല്‍‌വയല്‍! നീളത്തില്‍ പച്ചനിറം. എന്റെ കേരളം മാറിയിട്ടില്ല. എതിരേ രണ്ട് വലിയ കാറുകള്‍ ചെളിതെറിപ്പിച്ചുകൊണ്ട് പാഞ്ഞുപോയി.

ബന്ദായിട്ടും റോഡില്‍ വാഹനങ്ങള്‍ ഓടുന്നുണ്ടല്ലോ.

അതെ സര്‍, ഇത് ലാ റൂഷ് ഗ്രൂപ്പിന്റെ വാഹനങ്ങളാണ്. അവര്‍ക്ക് ഇന്നും വാഹനങ്ങളോടിക്കാനുള്ള അംഗീകാരമുണ്ട്. ഈ കാറും അവരുടേതാണ്. സ്വന്തം കാറിനു മുന്‍പിലെ കൊടിയിലേയ്ക്ക് ഗോപാലക്കുറുപ്പ് ചൂണ്ടിക്കാണിച്ചു.

വഴിവക്കില്‍ ഏതാനും കടകള്‍ തുറന്നിരിക്കുന്നു‍.

ഇതില്‍ എന്തോ പന്തികേടില്ലേ? ജനങ്ങള്‍ക്ക് ഒരു നിയമം, ചിലര്‍ക്ക് മറ്റൊരു നിയമം.

ഇല്ല സര്‍, റൂഷ് ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തോടെയാണ്. റൂഷ് ലിമോ സര്‍വ്വീസ്, ലാ റൂഷ് ഹോട്ടലുകള്‍, തുണിക്കടകള്‍, വ്യവസായങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ട്രാവല്‍ ഏജന്‍സികള്‍, വിദ്യാലയങ്ങള്‍. അവര്‍ കേരളത്തിലെ വ്യവസായ ഭീമന്മാരാണ് സര്‍.

താങ്കളും ഈ ഗ്രൂപ്പിലെ അംഗമല്ലേ.
ഉവ്വ് സര്‍. ഞാന്‍ വെറുമൊരു തൊഴിലാളി മാത്രം. ഹോട്ടലിലെ റിലേഷന്‍സ് ഓഫീസര്‍.

നമ്മള്‍ നഗരഹൃദയത്തിലെത്തിയിരുന്നു. ഇവിടെ ധാരാളം കടകള്‍ തുറന്നിരിക്കുന്നു. വാഹനങ്ങളുടെ എണ്ണം കുറവാണെങ്കിലും ആവശ്യത്തിന് തിരക്കുണ്ട്.

അപ്പോള്‍ മറ്റ് വ്യവസായങ്ങളോ?

സര്‍ സ്ഥാപനങ്ങളുടെ മുന്നില്‍ പറത്തിയിരിക്കുന്ന കൊടികള്‍ നോക്കൂ. മിക്ക വ്യവസായികളും റൂഷ് ഗ്രൂപ്പുമായി ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. സഹകരണമേഖലയില്‍ റൂഷ് ഗ്രൂപ്പ് തുടങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ നികുതിയിളവ് ഉണ്ട്. അവിടെ സമരമില്ല. ബന്ദില്ല. റൂഷ് പ്രവര്‍ത്തിക്കുന്ന മേഖലകളിലും മറ്റ് കുറച്ചുപേര്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുന്നുണ്ട്‍. വൈകാതെ അവയും ഒരു ധാരണയിലെത്തും. വേറെ മാര്‍ഗമില്ല. സാറിനും ഇവിടെ വ്യവസായം തുടങ്ങാന്‍ പദ്ധതിയുണ്ടോ?

അതിനാണ് ഞാന്‍ വന്നത്. നിങ്ങളുടെ ഹോട്ടലുകളില്‍ ഓരോ റെസ്റ്റാറന്റുകള്‍.

പൊടുന്നനെ ഇടതുവശത്തുനിന്ന് ഒരു ഉരുണ്ട പാറക്കല്ല് അതിവേഗതയില്‍ ചീറിവന്ന് കാറിന്റെ ജനാലയില്‍ വീണു. സേഫ്റ്റി ഗ്ലാസ് പൂക്കുറ്റിപോലെ ചിതറി മഴയായി തെറിച്ചുവീണു. കല്ല് എന്റെ മുഖത്തുകൊള്ളാതെ കാറിന്റെ മേല്‍ക്കൂരയില്‍ തട്ടിത്തെറിച്ച് ഗോപാലക്കുറുപ്പിന്റെ മടിയില്‍ വീണു. ഡ്രൈവര്‍ ഊക്കോടെ ബ്രേക്ക് ചവിട്ടി വണ്ടി നിറുത്തി. ആല്‍മരത്തിന്റെ പിന്നില്‍നിന്ന് മീശപൊടിഞ്ഞുതുടങ്ങിയ ഒരു മെലിഞ്ഞ പയ്യന്‍ ഓടുന്നു. ഞാന്‍ വിറച്ചുപോയി. തലയും പൊത്തി സീറ്റില്‍ ഞാന്‍ പേടിച്ച് ചുരുണ്ടിരിക്കുന്നതുകണ്ട് ഗോപാലക്കുറുപ്പ് ചിരിച്ചു. ക്ഷമിക്കണം. ചുരുക്കം ചില സാമൂഹിക വിരുദ്ധര്‍ ഇപ്പോഴുമുണ്ട്. അവനെ ഉടനെ പോലീസ് പിടികൂടും. പത്തുമിനിട്ട്. ഏറിയാല്‍ പതിനഞ്ച്. എങ്ങോട്ടോടാനാണ്?. സര്‍, ഇത് സാധാരണമല്ല.

ഗോപാലക്കുറുപ്പ് കോട്ടിന്റെ കീശയില്‍ നിന്ന് ഫോണ്‍ എടുത്ത് ആരെയൊക്കെയോ വിളിച്ച് സംസാരിച്ചു.

അയാളുടെ ശബ്ദത്തിലെ ഭവ്യത മാഞ്ഞ് ഉറപ്പും നിശ്ചയദാര്‍ഡ്യവും വന്നിരിക്കുന്നു. ഗോപാലക്കുറുപ്പ് വീണ്ടും റൂഷ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ഒന്നും തലയില്‍ കയറിയില്ല. മനസ്സിന്റെ ഒരു കോണില്‍ നിന്ന് മെലിഞ്ഞ ഒരു പയ്യന്‍ ഓടുന്നു. മരത്തിന്റെ പിന്നില്‍ മറഞ്ഞുനിന്ന് കിതയ്ക്കുന്നു, വിയര്‍ക്കുന്നു. വിപ്ലവം ജയിക്കട്ടെ എന്ന് തൊണ്ടപൊട്ടി അലറുന്നു. ചുരുട്ടിപ്പിടിച്ച മുഷ്ടിയോങ്ങി ഉരുളന്‍ കല്ല് വലിച്ചെറിയുന്നു. വായുവിലൂടെ ദീര്‍ഘവൃത്തം വരച്ച് വേഗത്തിലോടുന്ന കാറിനു നേര്‍ക്ക് അത് വളഞ്ഞുവരുന്നു. പയ്യന്റെ കണ്ണുകള്‍ തിളങ്ങുന്നു. കല്ലുകൊണ്ട് ജനാല പൊട്ടിച്ചിതറുമ്പോള്‍ അവന്റെ ചുണ്ടുകളില്‍ കുസൃതിച്ചിരി വിടരുന്നു. പിടിക്കാനോടിവരുന്ന ആരുടെയോ മുന്നിലൂടെ കൈകള്‍ വിടര്‍ത്തിപ്പിടിച്ച് അവന്‍ പറന്നുപോവുന്നു. പീപ്പിയും നീട്ടിയടിച്ച് പോലീസുകാര്‍ പിന്നാലെയോടുന്നു. അവനെ കിട്ടില്ല. ഇല്ല, അവനെ കിട്ടില്ല. അവന്‍ രക്ഷപെടും. അവനെ കിട്ടില്ല. - സര്‍, നമ്മള്‍ ഹോട്ടലെത്തി.

ചുവന്ന ഹോട്ടല്‍ (ല്‌‍’ഓട്ടല്‍ റൂഷ്) എന്ന ഹോട്ടല്‍ ശൃംഖലയിലെ എറണാകുളത്തെ ഹോട്ടല്‍. വാതില്‍ക്കല്‍ പട്ടുകൊണ്ടുള്ള ചുവന്ന പരവതാനി വിരിച്ചിരിക്കുന്നു. കൂത്തമ്പലത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച കെട്ടിടം. കുടിക്കാന്‍ ചെന്തെങ്ങിന്റെ കരിക്ക് തന്ന് അവര്‍ എന്നെ ആനയിച്ചു. മൃദുവായ ചുവന്ന തുകല്‍ വിരിച്ച കസാരകള്‍. റിസപ്ഷനിലിരുന്ന് ഇരുണ്ടനിറമുള്ള സുന്ദരി ഭവ്യതയോടെ ചിരിച്ചുവണങ്ങി. മെറൂണ്‍ സാരിയില്‍ കുത്തിയിരിക്കുന്ന നെയിംപ്ലേറ്റില്‍ നീലിമ ഗോപിനാഥ് എന്ന് എഴുതിയിരിക്കുന്നു. സര്‍, താങ്കള്‍ക്ക് വേണ്ടതെല്ലാം ഇവിടെ ലഭിക്കും. എന്തും? ഉവ്വ് സര്‍. റൂഷ് ഗ്രൂപ്പ് ആരെയും നിരാശപ്പെടുത്തില്ല. നന്ദി. എന്തെങ്കിലും വേണമെങ്കില്‍ ഞാന്‍ വിളിച്ചുപറയാം. എന്റെ റൂം എവിടെയാണ്?

സുന്ദരമായ റൂം. ചുമരില്‍ ഉടലില്ലാത്ത കഥകളിത്തല. ഞാന്‍ ഷൂസും വസ്ത്രങ്ങളും ഊരി നിലത്തെറിഞ്ഞു. പതുപതുത്ത മെത്തയില്‍ കിടന്ന് ടെലിവിഷന്‍ ഓണ്‍ ചെയ്തു. വണ്ടിയിടിച്ചു ചത്ത ഏതോ ചെറുപ്പക്കാരന്റെ പടം. മെലിഞ്ഞ പയ്യന്‍, മീശ പൊടിഞ്ഞുതുടങ്ങിയ മുഖം. ചിരിക്കുന്ന കണ്ണുകള്‍.

ഫ്രിഡ്ജ് തുറന്ന് ഒരുകുപ്പി വിസ്കി പുറത്തെടുത്തു. വെള്ളം ചേര്‍ത്താണോ കുടിച്ചതെന്ന് ഓര്‍മ്മയില്ല. എത്ര കുടിച്ചെന്നും ഓര്‍മ്മയില്ല. വാതിലില്‍ ആരോ മുട്ടുന്നു. കടന്നുവരൂ. നീലിമ ഗോപിനാഥ് മുന്‍പില്‍ നില്‍ക്കുന്നു.

സര്‍, കുടിക്കാനെന്താ വേണ്ടെ?
കുടിച്ചുകൊണ്ടിരിക്കയാണല്ലോ. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നിയില്ല.
തൊഴിലാളികളുടെ പാനീയം അല്പം രുചിച്ചുനോക്കൂ.
ആയ്ക്കോട്ടെ.
അവള്‍ പുഞ്ചിരിച്ചു. തിളങ്ങുന്ന അരിപ്പല്ലുകള്‍. ഇരുണ്ട കൃഷ്ണമണികള്‍ക്കുമീതേ ഇമവെട്ടുന്നു. കയ്യിലിരുന്ന താലത്തില്‍ നിന്ന് ചുവന്നനിറമുള്ള കുപ്പിയെടുത്ത് അവള്‍ തണുത്തുനുരഞ്ഞ പാനീയം ഭംഗിയുള്ള കട്ട്ഗ്ലാസിലേയ്ക്കൊഴിച്ചു. പനങ്കള്ളിന്റെ മണം.
എയറേറ്റഡ് ആണ്. മുന്‍പ് കുടിച്ചിട്ടുണ്ടോ? ദേ ഇതുകൊണ്ട് ചെത്തുന്നതാണ്. മേശവലിപ്പുതുറന്ന് അവള്‍ ഒരരിവാള്‍ പുറത്തെടുത്തു. അതിന്റെ പിടിയില്‍ പൊന്നുപൂശിയിരിക്കുന്നു.
പേടിക്കണ്ട, വായ്ത്തല പ്ലാസ്റ്റിക്ക് ആണ്.
ഉവ്വോ? നോക്കട്ടെ, ഇങ്ങു കൊണ്ടുവാ - അടുത്തുവന്നപ്പോള്‍ അവളുടെ കൈത്തണ്ടയില്‍ കയ്യെത്തി. നോക്കട്ടെ. പെണ്ണിന് നിറഞ്ഞൊഴുകുന്ന തോടിന്റെ നിറം. പുഴപോലൊരു പെണ്ണ്. പുഴയില്‍ ഞാന്‍ നീന്തട്ടെ. നീ കെട്ടിയതാണോ? അനവസരത്തിലെ സദാചാരബോധം.
ഓ, കെട്ടിയോന്‍ ചത്തുപോയി. കൂലിപ്പണിക്കാരനായിരുന്നു. ഈ ഹോട്ടലിന്റെ സിമന്റുറയ്ക്കാന്‍ അങ്ങേരെ ചേര്‍ത്തുവെയ്ച്ചാ ബീമുകള്‍ വാര്‍ത്തത്.
കള്ളീ, അതൊരു പഴയ കവിതയല്ലേ.
അവള്‍ ചിരിച്ചു. മെത്തയില്‍ കിടന്ന് അരിവാള്‍ തലോടിക്കൊണ്ട് അവള്‍ പറഞ്ഞു. മുതലാളീ, എന്റെ അമ്മ ഇതുപോലൊരരിവാള്‍ കൊണ്ട് കൊയ്തിരുന്നു.
ഉവ്വൊ.
അമ്മൂമ്മയും കൊയ്തിരുന്നു. അമ്മൂമ്മ മാറുമറയ്ക്കാതെയാണ് കൊയതത്.
എടീ നീലിയേ.
എന്താമ്പ്രാ.
നീയതുപോലൊന്നു കൊയ്തേ.
അയ്യോ തമ്പ്രാ. കൊയ്ത്തുകൂലി കൂടുതലാണ്.
ഞാന്‍ പേഴ്സ് പുറത്തെടുത്തു. നിലയ്ക്കാതെ മദ്യം കുടിച്ചതാണോ അവളുടെ ഉടല്‍ തട്ടിയതാണോ എന്നെ കൂടുതല്‍ മത്തുപിടിപ്പിച്ചതെന്ന് അറിയില്ല. തൊഴിലാളി ഐഐഐഐ.

ഉറക്കമെഴുന്നേറ്റപ്പോള്‍ ഉച്ചയായി. ഫോണ്‍ വന്നു. റൂഷ് ഗ്രൂപ്പിന്റെ ഒരു മാനേജര്‍ ലോബിയില്‍ കാത്തിരിക്കുന്നു. ഗോപാലക്കുറുപ്പും കൂടെയുണ്ട്.
സര്‍, പേപ്പറുകള്‍ എല്ലാം ഇതില്‍ ഉണ്ട്. ഇതാ, ഇവിടെയെല്ലാം ഓരോ ഒപ്പ്.
ഇന്നലെ ഞാന്‍ സഞ്ചരിച്ച കാറിനു നേരെ കല്ലെറിഞ്ഞ പയ്യനെ ഓര്‍മ്മയുണ്ടോ.
ഉവ്വ്, അവനെ പോലീസ് പിടികൂടിയിട്ടുണ്ട്.
എനിക്ക് അവനെയൊന്നു കാണണം.
അത് പറ്റുമെന്ന് തോന്നുന്നില്ല.
മിസ്റ്റര്‍, അവനെ കാണേണ്ടത് എന്റെ ആവശ്യമാണ്. അല്ലാതെ ഞാനൊന്നിലും ഒപ്പിടില്ല.
മാനേജര്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹം ഉപചാരപൂര്‍വ്വം എന്നെ യാത്രയാക്കി. ഗോപാലക്കുറുപ്പ് എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ പേപ്പറുകള്‍ എനിക്കുതന്നു. എപ്പൊഴെങ്കിലും മനസ്സ് മാറിയാല്‍ ഒപ്പിട്ട് അയച്ചുതരൂ.
ഗോപാലാ, നിങ്ങള്‍ എനിക്ക് ഒരു സുഹൃത്തിനെപ്പോലെയാണ്. ആ പയ്യന്‍ എവിടെയാണ്.
സര്‍, അതില്‍ നിങ്ങള്‍ എന്നെ നിര്‍ബന്ധിക്കരുത്.
അവന്‍ ചത്തോ, അതോ ജീവനോടെയുണ്ടോ?
അവനെ പോലീസ് പിടികൂടി.
ഞാന്‍ ടെലിവിഷനില്‍ ഒരു വണ്ടിയിടിച്ച് മരിച്ച പയ്യന്റെ ചിത്രം കണ്ടു. അതേ മുഖം. അതേ ചിരി.
സര്‍, വിശ്വസിക്കൂ. അവനെ പോലീസ് പിടികൂടി. റൂഷ് ഗ്രൂപ്പിനെക്കുറിച്ച് താങ്കള്‍ക്കുള്ള സങ്കല്‍പ്പങ്ങള്‍ തെറ്റാണ്. ഇതൊരു ഒരു ജനകീയ സംരംഭമാണ്. ജനങ്ങളുടെ വ്യവസായം. പോലീസിന്റെ കര്‍ത്തവ്യങ്ങളില്‍ ഞങ്ങള്‍ ഇടപെടില്ല. താങ്കള്‍ക്ക് ഇപ്പോള്‍ അവനെ കാണാന്‍ പറ്റില്ല.

എനിക്ക് വിശ്വാസം വന്നില്ല. ഒരുപക്ഷേ ഏതെങ്കിലും ലോക്കപ്പിലാവാം. ഏതെങ്കിലും മോര്‍ച്ചറിയിലാവാം. അല്ലെങ്കില്‍ പിടികൊടുക്കാതെ, ഒളിവിലിരുന്ന് ഒരു കല്ല് വലിച്ചെറിയുന്നത് സ്വപ്നം കാണുകയാവാം. ഇപ്പോള്‍, ഇതാ, ഈ വഴിവക്കില്‍, ഒരു മരത്തിന്റെ മറവിലിരുന്ന്, ഒരു വെള്ളാരംകല്ല് ഈ കാറിനു നേരെ എറിയാന്‍ കയ്യോങ്ങുകയാവാം. ഏതു നിമിഷവും ആ കല്ല് ചില്ലുതകര്‍ത്ത് എന്റെ നെറ്റിതുളയ്ക്കാം. ദൈവമേ, ആ കല്ല് വരണേ, ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. അതേസമയംഏറുകൊള്ളാ‍തിരിക്കാന്‍ കാറിന്റെ പതുപതുത്ത സീറ്റിലേയ്ക്ക് അമര്‍ന്നിരുന്ന് തല കൈകൊണ്ട് മറച്ചു. ഏറ് വന്നില്ല. യാത്ര സുഗമമായിരുന്നു.

വിമാനത്താവളത്തില്‍ ഗോപാ‍ലക്കുറുപ്പ് എന്നെ ഭവ്യതയോടെ യാത്രയാക്കി.

വിമാനമിറങ്ങിയാലുടന്‍ വ്യവസായം തുടങ്ങാനുള്ള രേഖകള്‍ ഒപ്പിട്ട് തിരിച്ചയയ്ക്കണം. ഞാന്‍ മനസില്‍ പറഞ്ഞു.

5 comments:

ജിവി/JiVi said...

കഥ കൊള്ളാം, കഥയിലെ രാഷ്ടീയം കഥയില്ലായ്മയാണെങ്കിലും.

ആശംസകള്‍.

പാമരന്‍ said...

ആക്ഷേപഹാസ്യവും പിടിച്ചു!

Anonymous said...

parippuvadayum chaayayum kazhikkunna dineshbedi valikkunna pazhaya saghaakkale vazhiyilengum kandatheyilla alle ?

ഞാന്‍ ആചാര്യന്‍ said...

പശ്ചാത്തലങ്ങളിലേക്കു നോക്കാതെ വായിക്കുമ്പോള്‍ ഇത് നല്ല ഒന്നാന്തരം കഥയാണു. അത്യന്താധുനിക ഛായയുള്ള ഇക്കഥ പ്രിന്‍റ് മീഡിയയില്‍ വരേണ്ടതും, ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. (രാഷ്ട്റീയമല്ല, മറ്റു പല ഉദ്വേഗങ്ങളും, സംവേദ തലങ്ങളും ഇതിനുണ്ട്. മുകുന്ദന്‍ പണ്ടെഴുതിയ 'ഡല്‍ഹി-1981' എന്ന കഥ വായിച്ചപ്പോഴുണ്ടായ ഉള്‍ഭയം ഇവിടെയുമുണ്ടായി... അരാഷ്ട്റീയമായി, നേരിട്ട് സമീപിക്കുക, വായനക്കാരേ, ഇത് ബ്ലോഗ് കഥാലോകത്ത് നാഴികക്കല്ലാവട്ടെ..(കഥയുടെ സത്തയെക്കുറിച്ചു മാത്രമെ ഞാന്‍ ആലോചിക്കുന്നുള്ളൂ. അതിന്‍റെ രാഷ്ട്റീയത്തിനുമപ്പുറം)

Nachiketh said...

സിമി ..........വിസ്മയപാര്‍ക്കിന്റെ ഉദ്ഘാടന ദിവസം ഒരു സുഹൃത്ത് ചോദിച്ചിരുന്നു ഹര്‍ത്താല്‍ ദിവസം വിസ്മയയില്‍ discount ഉണ്ടാവുമൊയെന്നു, അതിനെ ഒരു പോസ്റ്റാക്കാന്‍ ശ്രമിയ്കുമ്പോഴാണിത്........നന്നായിരിയ്കുന്നു, ഈ ശ്രീനിവാസന്‍ തമാശപോലെയുള്ള വരികള്‍

Google