സിമിയുടെ ബ്ലോഗ്

9/24/2008

യാത്ര




ജനാലകളൊന്നും തുറക്കാന്‍ പറ്റാത്ത ബസ്സ് ഒരു കൂടാണ്. ഇമ്പത്തില്‍ മൂളിക്കൊണ്ട് നിരത്തിലൂടെ തെന്നിനീങ്ങുന്ന ലോഹകുമിള. പുറത്ത് ജൂണ്‍ മാസത്തെ ചൂടും പൊടിക്കാറ്റുമാണെങ്കിലും ബസ്സിനകത്ത് എയര്‍ കണ്ടീഷനിങ്ങിന്റെ ഈര്‍പ്പവും ശൈത്യവുമാണ്. പുറം ലോകത്തെ വിഹ്വലതകളില്‍ നിന്നും ബസ്സ് നല്‍കുന്ന ഒരു സുരക്ഷിതത്വമുണ്ട്. വേഗത്തിലോടുന്ന ബസ്സില്‍ നിന്ന് പെട്ടെന്ന് എല്ലാം മടുത്ത് ഇട്ടെറിഞ്ഞ് ഇറങ്ങിപ്പോവാന്‍ പറ്റില്ലെന്ന സുഖകരമായ നിസ്സഹായതയുമുണ്ട്. നരച്ച നഗരത്തില്‍ നിന്നും കയറി ചാരിയിരുന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പുതിയൊരു ലോകത്തിലേയ്ക്ക് കാലെടുത്തുവെയ്ക്കാന്‍ പറ്റുന്ന മായാജാലമുണ്ട്. എനിക്ക് ബസ്സുയാത്രകള്‍ ഇഷ്ടമാണ്. ചില്ലുജാലകത്തോട് ചേര്‍ന്ന സീറ്റുകളാണ് എനിക്കിഷ്ടം. എനിക്ക് ജനാല തുറന്ന ബസ്സുകള്‍ ഇഷ്ടമല്ല. അവയില്‍ പുറംലോകം എപ്പോഴും തുറന്നിട്ട ജനാലകളിലൂടെ അകത്തേയ്ക്ക് അടിച്ചുകയറുന്നു, മുടിപിടിച്ചുലയ്ക്കുന്നു, അഴുകിയ ജീവിതത്തിന്റെ പൊടിയില്‍ കുളിപ്പിക്കുന്നു.

കൊല്ലാന്‍ വരുന്ന ലോകത്തില്‍ നിന്നും ഒളിച്ചോടി നിങ്ങള്‍ വീട്ടിലേയ്ക്ക് ഓടിക്കയറി കതകടയ്ക്കുന്നു എന്നു വിചാരിക്കുക. അകത്തുകയറി സുഖശീതളമായ അന്തരീക്ഷത്തില്‍ പതുപതുത്ത സോഫയില്‍ മലര്‍ന്നുകിടന്ന് വസ്ത്രങ്ങള്‍ അയച്ചിട്ട് നിലക്കടലയും കൊറിച്ച് ശീതളപാനീയം പതുക്കെ നുകര്‍ന്ന് ടി.വി കാണുന്നു എന്നു വിചാരിക്കുക. ദുരന്തവാര്‍ത്തകള്‍ കാണിക്കുന്ന ചാനല്‍ വരുമ്പോള്‍ ബോറടിച്ച് റിമോട്ടില്‍ ഒരു ക്ലിക്ക് - നിങ്ങളതാ, പാട്ടുപാടുന്ന ചാനലിലേയ്ക്ക് എത്തുന്നു. സുഖകരമായ സംഗീത്തിന്റെ താളത്തോടെ അവര്‍ നൃത്തം വെയ്ക്കുന്നു - ബസ്സ് യാത്ര അതാണ്, ജാലകക്കാഴ്ച്ചകള്‍ മാറിക്കൊണ്ടിരിക്കുന്നു. മരം, വീട്, വയല്‍, ലോറി, കുന്ന്, പുസ്തകങ്ങള്‍ അടുക്കിപ്പിടിച്ച് നടന്നുപോവുന്ന പെണ്‍കുട്ടികള്‍. ചാനല്‍ പോലും മാറ്റേണ്ട കാര്യമില്ല.

ബസ്സ് വിടുന്നതിന് തൊട്ടുമുന്‍പാണ് ഞാന്‍ ഓടിപ്പിടിച്ച് ബസ് സ്റ്റാന്റില്‍ എത്തിയത്. എന്റേത് പന്ത്രണ്ടാം നമ്പര്‍ സീറ്റാണ്. പുറത്തെ അഴുക്കില്‍ നിന്നും ബസ്സിലേയ്ക്ക് കയറിയത് ആറുമണിക്കാണ്. മറ്റൊരു സ്റ്റോപ്പില്‍ നിന്നും വരുന്ന ബസ്സാണ്. പന്ത്രണ്ടാം നമ്പര്‍ സീറ്റ് ജനാലയോട് ചേര്‍ന്നതാണ്. അതില്‍ ഒരാള്‍ ചാരിയിരുന്ന് ഉറങ്ങുന്നു. അത് എന്റെ സീറ്റാണ്. തട്ടി എഴുന്നേല്‍പ്പിക്കുന്നത് മോശമാണ്. എഴുന്നേല്‍ക്കുമ്പോള്‍ മാറിത്തരാന്‍ പറയാം. നടുവരിയോട് ചേര്‍ന്ന സീറ്റിലിരുന്നാല്‍ ജാ‍ലകക്കാഴ്ച്ചകളുടെ ഒരു കഷണമേ കിട്ടുകയുള്ളൂ.

നിങ്ങള്‍ മറ്റൊരാളുടെ സീറ്റില്‍ കയറി ഇരിക്കരുത്. എന്ത് അസഹ്യമാണ് അതെന്ന് അറിയാമോ. യാത്ര ബുക്ക് ചെയ്യുമ്പോള്‍ ജനാലയോട് ചേര്‍ന്ന സീറ്റ് ഞാന്‍ ചോദിച്ചുവാങ്ങിയതാണ്. വെള്ളയില്‍ നീല വരകളുള്ള ഷര്‍ട്ടും ചാരനിറത്തിലുള്ള പാന്റുമിട്ട് ചെരുപ്പ് അഴിച്ചുവെച്ച് അയാള്‍ ഉറങ്ങുകയാണ്. വായ അല്പം തുറന്നിരിക്കുന്നു. ഭാഗ്യത്തിന് ഇടയ്ക്കിടെ അയാള്‍ ചാഞ്ഞ് വീഴുന്നത് ജനാലയിലേയ്ക്കാണ്, എന്റെ മേലോട്ടല്ല. കറുത്തുമെലിഞ്ഞ കൈകള്‍ അയാള്‍ സ്വന്തം മടിയില്‍ത്തന്നെ വയ്ച്ചിരിക്കുന്നതുകൊണ്ട് സീറ്റുകള്‍ക്കിടയിലുള്ള കൈത്താങ്ങ് എനിക്കു സ്വന്തമായി. അയാള്‍ നന്നെ മെലിഞ്ഞിട്ടാണ്. കവിളുകള്‍ ഒട്ടി കുഴിഞ്ഞിരിക്കുന്നു. നെറ്റിയിലെ ചുളിവുകള്‍ ഇടയ്ക്കിടെ അയയുകയും മുറുകുകയും ചെയ്യുന്നുണ്ട്. അഴുക്കുപിടിച്ച് മങ്ങിയ വിലകുറഞ്ഞ സ്വര്‍ണ്ണക്കണ്ണട ഉറക്കത്തിനുമുന്‍പ് ഊരിവെയ്ച്ചിട്ടില്ല.

ഇപ്പോള്‍ ബസ്സിന്റെ വലതുവശത്ത് കൊയ്ത്തുകഴിഞ്ഞ പാടങ്ങളാണ്. ഉണങ്ങി വരണ്ടുകിടക്കുന്ന പാടങ്ങള്‍ ചൂടത്ത് വെടിച്ചു കീറിയിരിക്കുന്നു. ജാലകക്കാഴ്ച്ച പകുതി മറച്ച് അയാള്‍ പതുക്കെ കൂര്‍ക്കം വലിക്കുന്നു. കാണാവുന്ന പകുതി പാളിയിലൂടെ കാണുന്നതിന് പൂര്‍ണ്ണത കിട്ടുന്നില്ല. ദൃശ്യങ്ങള്‍ മനസ്സില്‍ വീണ് പെട്ടെന്ന് കണ്ണില്‍ നിന്നും മാഞ്ഞുപോവുന്നു. പകുതിയും ഊഹിച്ചെടുക്കണം. ദൂരെ പാടത്തുകൂടി ഒരു മുത്തശ്ശി കുറുവടിയും പിടിച്ച് നടന്നുപോവുന്നു. മെലിഞ്ഞ മുത്തശ്ശി, ചെരുപ്പിടാത്ത മുത്തശ്ശി, കവിളുകള്‍ തൂങ്ങിക്കിടക്കുന്ന മുത്തശ്ശി. ഒരു കൈ നീളമുള്ള, തടിച്ച കുറുവടി. കുറുവടി ആരെത്തല്ലാനാണ്. നേരം ഇരുണ്ടുവരുന്നു. കാഴ്ച്ചകള്‍ മറയുന്നു.

അടുത്തിരിക്കുന്നയാള്‍ എന്തോ സ്വപ്നം കാണുകയാണെന്ന് തോന്നുന്നു. ചുണ്ടുകള്‍ വിറപ്പിച്ച് അയാള്‍ എന്തോ പറയുന്നുണ്ട്. എന്താണെന്ന് വ്യക്തമാവുന്നില്ല. അയാളുടെ നെറ്റി വിയര്‍ക്കുന്നുണ്ട്. കൈവിരലുകള്‍ പതുക്കെ വിറയ്ക്കുന്നുണ്ട്.

ബസ്സിലെ ടെലിവിഷനില്‍ ഒരു സിനിമ നടക്കുന്നു. പണ്ട് കണ്ട സിനിമയാണ്. പക്ഷേ നിറങ്ങളില്ല. ശബ്ദവുമില്ല. സിഡി പ്ലെയറില്‍ നിന്നും ടിവിയിലേയ്ക്ക് കുത്തിയ വയറുകള്‍ അയഞ്ഞുകിടക്കുന്നതാണ്. ആരെങ്കിലും പോയി നേരെ കുത്തിയെങ്കില്‍ നിറത്തില്‍ കാണാമായിരുന്നു. ആരും അനങ്ങുന്നില്ല. പ്രണയ ചിത്രമാണ്. നിറമില്ലാത്ത പ്രണയം. നിശബ്ദ പ്രണയം. നായിക മിണ്ടാതെ കരയുന്നു. നായകന്‍ ശബ്ദമില്ലാതെ ബസ്സുകയറിപ്പോവുന്നു. ബസ്സിനു നിറമില്ലാത്ത തീപിടിക്കുന്നു. നായകന്‍ ചാരനിറമുള്ള ആശുപത്രിയില്‍ കിടക്കുന്നു. നിറമില്ലാത്ത സാരിയുമുടുത്ത് നായിക തിരഞ്ഞുവരുന്നു. നായകന്‍ നിശബ്ദം മരിക്കുന്നു. എന്റെ ദൈവമേ, ആരെങ്കിലും ഇതൊന്ന് മാറ്റിയെങ്കില്‍.

ബസ്സ് ഇപ്പോള്‍ വളരെ പതിയെയാണ് പോവുന്നത്. മുന്‍പില്‍ എന്തോ അപകടം നടന്നു എന്നു തോന്നുന്നു. എന്റെ വശത്തുള്ള ജനാല പതുക്കെ വിറയ്ക്കുന്നുണ്ട്. അയലത്തെ സീറ്റില്‍ ഇരിക്കുന്നയാളുടെ ചുണ്ടുകളും വിറയ്ക്കുന്നു. അയാള്‍ ഇപ്പോള്‍ നന്നായി വിയര്‍ക്കുന്നുണ്ട്. എന്നിട്ടും രസം, കണ്ണുകള്‍ ഇപ്പോഴും അടഞ്ഞ് തന്നെ ഇരിക്കുന്നു എന്നതാണ്. യാത്ര തുടങ്ങിയിട്ട് ഇതുവരെ കണ്ണുതുറന്നിട്ടില്ല. കണ്ണുതുറന്നാല്‍ ഞാന്‍ മാറിത്തരാന്‍ പറയും എന്ന് ഭയന്നിട്ടാണോ? അതോ ഉറക്കം ഉണരാത്തതോ. ഇപ്പോള്‍ വിറയല്‍ കൂടിക്കൂടി വരുന്നുണ്ട്. മുഖം ചുളിയുന്നുണ്ട്. ചുണ്ടുകള്‍ക്കിടയില്‍ നിന്നും ഒരു ശബ്ദവും പുറത്തുവരുന്നില്ല.

സമയം രാത്രി ഒന്നരയായി. ബസ്സ് നിറുത്തിയിട്ടിരിക്കുകയാണ്. ഉറക്കം വരുന്നില്ല. സീറോ വാട്ട് ബള്‍ബുകളുടെ അരണ്ട നീല വെളിച്ചം മാത്രം അണച്ചിട്ടില്ല. മുകളിലെ വരിയില്‍ വെച്ചിരിക്കുന്ന ബാഗില്‍ നിന്നും ഒരു പുസ്തകം എടുക്കാനായി ഞാന്‍ എഴുന്നേറ്റു. വായിക്കാന്‍ പറ്റില്ല, അതിനുള്ള വെളിച്ചമില്ല. എന്നിട്ടും വെറുതേ പുസ്തകം എടുക്കാന്‍ തോന്നി. എഴുന്നേറ്റപ്പോള്‍ പിന്നിലേയ്ക്ക് തിരിഞ്ഞുനോക്കി. നീല വെളിച്ചത്തില്‍ മനുഷ്യരുടെ കണ്ണുകള്‍ തിളങ്ങുന്നു. എല്ലാവരും എന്നെ നോക്കുകയാണ്. ആരും ഉറങ്ങിയിട്ടില്ല. ഞാന്‍ പുസ്തകമെടുത്ത് ബാഗ് അടച്ച് ഇരുന്നു.

മുന്നില്‍ ഒരു ലോറി കത്തുന്നു. അതാണ് ഗതാഗത തടസം. ലോറിയെ പിന്നിട്ട് ബസ് മുന്നോട്ടുപോയി. അതിര്‍ത്തി ചെക്ക് പോസ്റ്റിലേയ്ക്കുള്ള ദൂരം അടയാളപ്പെടുത്തിയ ചൂണ്ടുപലകകള്‍ കണ്ടുതുടങ്ങി. അതിര്‍ത്തിയിലേയ്ക്ക് ഇനി ഏതാനും കിലോമീറ്ററുകള്‍ മാത്രം. അയാളുടെ വിറയല്‍ കൂടിവരുന്നു. കാല്‍മുട്ടുകള്‍ കൂട്ടിയിടിച്ച് വൃത്തികെട്ട ഒരു ശബ്ദം വരുന്നു. താടിയും വിറയ്ക്കുന്നുണ്ട്. ചെക്ക് പോസ്റ്റ് അടുത്തു വരുംതോറും അയാളുടെ വിറയല്‍ കൂടിവരുന്നു. താടിയെല്ലുകള്‍ കൂട്ടിമുട്ടി കിടുങ്ങിത്തുടങ്ങി. നെറ്റി നന്നായി വിയര്‍ത്തു. എന്നിട്ടും കണ്ണുകള്‍ ഇറുക്കിയടച്ചിരിക്കുന്നു.

ചെക്പോസ്റ്റില്‍ നിന്നും ഒരു പട്ടാളക്കാരന്‍ ബസ്സിന്റെ പിന്നിലെ വാതിലില്‍ കൂടി അകത്തേയ്ക്കു കയറി. മെലിഞ്ഞ്, പൊക്കമുള്ള പട്ടാളക്കാരന്‍. ചാ‍ര നിറത്തിലെ പൂക്കളും ചെടികളും വരച്ചുവെച്ച യൂണിഫോം. അയാള്‍ പിന്നിലെ സീറ്റിലിരിക്കുന്ന ഓരോ മുഖത്തേയ്ക്കും കയ്യിലുള്ള നീളന്‍ ടോര്‍ച്ച് അടിച്ചുതുടങ്ങി. ആദ്യം വലതുവശത്ത് ഇരിക്കുന്നവര്‍, പിന്നീട് ഇടതുവശം. ഓരോ മുഖവും വ്യക്തമായി പരിശോധിച്ച് അയാള്‍ ഒച്ചിഴയുന്ന വേഗതയില്‍ മുന്നോട്ടു നീങ്ങി. അടുത്തിരിക്കുന്നയാള്‍ പെട്ടെന്ന് ഉറക്കത്തില്‍ എന്റെ കയ്യില്‍ കയറിപ്പിടിച്ചു. ഇറുക്കിയ പിടിത്തം. ഞാന്‍ കുടഞ്ഞുകളഞ്ഞിട്ടും അയാള്‍ പിടിത്തം വിട്ടില്ല. കൈ വേദനിച്ച് ഞാന്‍ ഇടത്തേ കൈകൊണ്ട് അയാളുടെ കൈ വിടര്‍ത്തിമാറ്റി. പട്ടാളക്കാരന്‍ എന്റെ സീറ്റിനു പിന്നില്‍ എത്തി. ആദ്യം വലതുവശം. പിന്നീട് ഇടതുവശം. പിന്നീട് ടോര്‍ച്ചിന്റെ കൂര്‍ത്ത വെളിച്ചം എന്റെ മുഖത്തേയ്ക്ക്. ഞാന്‍ മുഖം ചുളിച്ചു. ടോര്‍ച്ച് മാറ്റിയപ്പോള്‍ പട്ടാളക്കാരന്റെ മുഖത്തേയ്ക്ക് നോക്കി. നിര്‍വ്വികാരമായ, ഉറച്ച മുഖം. ബലമുള്ള താടിയെല്ലുകള്‍. കണ്ണുകള്‍ കാണാന്‍ വയ്യ. അയാള്‍ ടോര്‍ച്ച് എന്റെ അടുത്തിരിക്കുന്നയാളുടെ മുഖത്തേയ്ക്ക് ചൂണ്ടി.

അയാള്‍ കുളിച്ചതുപോലെ വിയര്‍ത്തു. കണ്ണുകള്‍ ഇറുക്കിയടച്ച് വിറയ്ക്കുകയാണ്. അയാളുടെ വായ അസാധാരണമാം വിധം തുറന്ന് വായ താഴേയ്ക്കു തൂങ്ങി. മുഖത്തെ പേശികള്‍ വലിഞ്ഞുമുറുകി. പട്ടാളക്കാരന്‍ അല്പനേരം അയാളുടെ മുഖത്തേയ്ക്ക് ശ്രദ്ധിച്ചുനോക്കി. എന്നിട്ട് ടോര്‍ച്ച് മാറ്റി മുന്‍ സീറ്റില്‍ ഇരിക്കുന്നവരെ പരിശോധിച്ചുതുടങ്ങി. അല്പം കഴിഞ്ഞ് പട്ടാളക്കാരന്‍ ഇറങ്ങിപ്പോയി. ചായകുടിക്കാനോ മൂത്രമൊഴിക്കാനോ ബസ്സില്‍ നിന്നും ആരും ഇറങ്ങിയില്ല.

ബസ് വിട്ടു. അടുത്തിരിക്കുന്നയാള്‍ വിറച്ചുകൊണ്ടിരുന്നു. അയാളുടെ വിറയലുമായി ഞാന്‍ പരിചയപ്പെട്ടുകഴിഞ്ഞതാണോ എന്നറിയില്ല - വിറയല്‍ കുറഞ്ഞുവരുന്നതുപോലെ തോന്നി. എപ്പൊഴോ ഇരുട്ടിനെ കീറി നിലവിളിച്ചുകൊണ്ട് ഒരു ആംബുലന്‍സ് ബസ്സിനെ മറികടന്ന് പാഞ്ഞുപോയി. അല്പം കഴിഞ്ഞപ്പോള്‍ പരിചിതമായ തെങ്ങിന്‍തോപ്പുകളും മൊട്ടക്കുന്നുകളും കാണായി. പിന്നീ‍ട് പണ്ടേ അറിയുന്ന മരങ്ങളും പീടികത്തിണ്ണകളും ദൃശ്യമായി. ഇപ്പോഴും കണ്ണു തുറക്കാത്ത അയാളുടെ വിറയല്‍ നേര്‍ത്ത് നേര്‍ത്തുവരുന്നുണ്ടായിരുന്നു.

ഞാന്‍ കണ്ടക്ടറിനെ മുട്ടിവിളിച്ച് ബസ്സ് നിറുത്തിച്ചു. എന്റെ ബാഗുമെടുത്ത് തണുത്ത ഇരുട്ടിലേയ്ക്ക് ഇറങ്ങിനടന്നു.

11 comments:

vadavosky said...

സിമിയുടെ എഴുത്ത്‌ ശൈലിയില്‍ നിന്ന് ഒരു മാറ്റം കാണുന്നു ഈ കഥയില്‍. നന്നായി.

Deepu said...

എഴുത്ത് ശൈലി മാറിയതു കൊണ്ടായിരിക്കും, എനിക്കൊന്നും മനസിലായില്ലാ :P ...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ജീവിത യാത്രയിലും അങ്ങിനെയല്ലേ,നമ്മളിലേക്കു ഒതുങ്ങുന്തോറും അസഹ്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

PIN said...

നല്ല എഴുത്ത്..വ്യത്യസ്ഥതയുണ്ട്..

Mahi said...

നന്നായിട്ടുണ്ട്‌

Mahi said...

യാത്ര കഥാലോകത്തെ ഒരു ദൌര്‍ബല്യമാണെന്നും എന്നിട്ടും എന്തൊക്കയൊ പുതുമകള്‍ കയിറിയിറങ്ങുന്നു ഈ യാത്രയില്‍.അവസാനം എല്ലാം അപരിചിതമായ ഒരു ഇരുട്ടിലേക്ക്‌........

ജിവി/JiVi said...

വായിച്ചു. സിമിയുടെ മറ്റ് കഥകളെപ്പൊലെതന്നെ സുഖമുള്ള വായനാനുഭവം. പക്ഷെ, മറ്റ് കഥകളില്‍ കഥക്കപ്പുറമുള്ള തലം വ്യക്തമായി മന്‍സ്സിലാവുമായിരുന്നു. ഇതില്‍ അത് പിടികിട്ടിയില്ല.

Anil cheleri kumaran said...

ഇമ്പത്തില്‍ മൂളിക്കൊണ്ട് നിരത്തിലൂടെ തെന്നിനീങ്ങുന്ന ലോഹകുമിള.

നല്ല ഉപമ.
കഥ വളരെ ഇഷ്ടപ്പെട്ടു

വര്‍ണ്ണമേഘങ്ങള്‍ said...

വേറിട്ട ശൈലി. നന്നായി.

മാഹിഷ്മതി said...

വല്ലാത്ത ഒരു ആവിഷ്കാര തലം നിഗൂഡതകളിലൂടെ പോന്നെങ്കിലും പെട്ടെന്ന് എവിടേക്കോ ഇറങ്ങിപോയതുപോലെ

പാമരന്‍ said...

ഇതു മിസ്സായിപ്പോയിരുന്നു. വഴികാണിച്ചു തന്നതിനു വെള്ളെഴുത്തിനു നന്ദി. ഒരു കൃതി 'മനസ്സിലാവുക' എന്നതിനപ്പുറം 'അനുഭവിക്കുക' എന്ന തലം ശരിക്കും അനുഭവിക്കാന്‍ കഴിഞ്ഞു. നന്ദി.

Google