സിമിയുടെ ബ്ലോഗ്

9/07/2008

പാമ്പ്

പണ്ട് ദമാസ്കസില്‍ കലീഫ മുര്‍ത്താസയുടെ മകനായി ഹെല്‍മ് എന്ന രാ‍ജകുമാരന്‍ ജീവിച്ചിരുന്നു. അതിസുന്ദരനും സല്‍‌സ്വഭാവിയുമായ ഈ രാജകുമാരന്‍ അപാര പണ്ഠിതനും ആയോധന കലകളില്‍ സമര്‍ത്ഥനുമായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ ഹെല്‍മ് സംസാരത്തില്‍ മിതത്വം പാലിച്ചിരുന്നു. കാലപ്രവാഹത്തില്‍ കലീഫ മുര്‍ത്താസ മരിച്ചു.

ഹെല്‍മ് ലൈല എന്ന സുന്ദരിയെ വിവാഹം ചെയ്തു. വിവാഹശേഷം ഇരുവരും രാജ്യത്തിന്റെ അതിര്‍ത്തിയിലെ മനോഹരമായ കൊട്ടാരത്തിലേയ്ക്കുപോയി. കൊട്ടാരത്തില്‍ നിന്ന് എല്ലാ ഭൃത്യന്മാരെയും ലൈല പുറത്താക്കി. മുത്തും പവിഴവും പാകിയ മുറികളില്‍ അവര്‍ കുട്ടികളെപ്പോലെ ഒളിച്ചുകളിച്ചു. ഹെല്‍മ് അറബി ഭാഷയിലെ അതിവിശിഷ്ടമായ കവിതകള്‍ ചൊല്ലി. ലൈല പ്രണയഗീതങ്ങള്‍ പാടി നൃത്തം ചെയ്തു. ജീ‍വിതം പളുങ്കുനദിപോലെ സുന്ദരമായി മുന്നോട്ടൊഴുകി. വിവാഹത്തിനുശേഷം പതിമൂന്നാം ദിവസം അവന് സുഗന്ധദ്രവ്യങ്ങളിട്ട ചായ കൊടുക്കാന്‍ ലൈല സ്വര്‍ണ്ണക്കോപ്പയെടുത്തപ്പൊള്‍ അതിന്റെ വക്കില്‍ പുഴുപോലെ എന്തോ നുളയുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ പുഴുവല്ല, പാമ്പാണ്. മൊട്ടുസൂചിക്കടയോളം മാത്രം വലിപ്പമുള്ള തലയുയര്‍ത്തി ചീറ്റുന്ന ഒരു ചെവിപ്പാമ്പ്.

രാജകുമാരി പാമ്പിനെ കുടഞ്ഞ് നിലത്തിട്ടു. തന്റെ കണ്ണാടിച്ചെരുപ്പുകൊണ്ട് അതിനെ ഞെരിച്ചുകൊന്നു. ഹെല്‍മിനോട് അവള്‍ ഇത് പറഞ്ഞില്ല. എന്നാല്‍ വൈകിട്ട് കുളിമുറിയിലെ മിനുസമുള്ള കുളിത്തൊട്ടിയില്‍ വെള്ളം നിറയ്ക്കാന്‍ പോയപ്പോള്‍ അവിടെ ഒരു മഞ്ഞച്ചേര കിടക്കുന്നു. തിളക്കമുള്ള തറയില്‍ ഇഴയാന്‍ സാധിക്കാതെ അത് പിടയുന്നു. അവള്‍ അലറിവിളിച്ചപ്പോള്‍ ഹെല്‍മ് വന്ന് തന്റെ ഉടവാള്‍ കൊണ്ട് അതിനെ രണ്ട് തുണ്ടമാക്കി.

പാമ്പുകള്‍ എവിടെനിന്ന് വന്നു എന്നവര്‍ക്ക് മനസിലായില്ല. പിറ്റേ ദിവസം പാമ്പിനെ കണ്ടത് കൊട്ടാരത്തിന്റെ നടുമുറ്റത്തായിരുന്നു. ഒരു വെള്ളിക്കെട്ടന്‍. ഏറെ ശ്രമപ്പെട്ട് അതിനെ തല്ലിക്കൊന്ന് ഹെല്‍മ് പറഞ്ഞു. ‘മതി, നമുക്ക് ഇവിടെനിന്നും പോവാം’. അവര്‍ തിടുക്കത്തില്‍ വസ്ത്രങ്ങളെടുക്കാന്‍ കിടക്കമുറിയിലെത്തിയപ്പോള്‍ കട്ടിലില്‍ ഒരു അണലി ചുരുണ്ടുകിടക്കുന്നു. അലമാര വലിച്ചുതുറന്നപ്പോള്‍ അതില്‍ ഒരു കരിമ്പാമ്പ് തൂങ്ങിനിന്നാടുന്നു. മുറി വലിച്ചടച്ച് ഇരുവരും കൊട്ടാരത്തില്‍ നിന്ന് ഓടിയിറങ്ങി. കട്ടിലിനടിയിലും കസാരക്കാലുകളിലും തൂക്കിയിട്ടിരിക്കുന്ന ശരറാന്തലുകളിലും പാമ്പുകള്‍ പുളയുന്നുണ്ടായിരുന്നു. ലൈലയെയും വലിച്ചുകൊണ്ട് ഹെല്‍മ് തന്റെ കുതിരപ്പുറത്തുകയറി. കുട്ടിക്കാലം മുതല്‍ ഹെല്‍മിന്റെ കളിക്കൂട്ടുകാരനായിരുന്ന കറുത്ത കുതിര വായൂവേഗത്തില്‍ പറന്നു.

രാജ്യത്തിലെ ജനവാസമുള്ള പ്രദേശങ്ങളിലെത്താന്‍ ഒരു മരുഭൂമി കടന്നുപോവണം. അമീന്‍ എന്ന ആ കുതിര ഈ മരുഭൂമി ഒരായിരം തവണ മുറിച്ചുകടന്നതാണ്. എന്നാല്‍ സ്വപ്നങ്ങളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന മരുപ്പച്ചയിലെത്തിയപ്പോള്‍ കുതിര കുഴഞ്ഞുവീണു. കുതിരയുടെ വാലില്‍ ഒരു ചെറിയ പാമ്പിന്‍‌കുഞ്ഞ് തൂങ്ങിക്കിടക്കുന്നതു കണ്ട് ഹെല്‍മ് ശപിച്ചുകൊണ്ട് അതിനെ തല്ലിക്കൊന്നു. മരുപ്പച്ചയില്‍ നിന്ന് വേണ്ടുവോളം വെള്ളം കോരിക്കുടിച്ച് ഹെല്‍മ് തളര്‍ന്നുറങ്ങി. ഹെല്‍മിന്റെ നെഞ്ചില്‍ക്കിടന്ന് ലൈലയും ഉറക്കമായി.

രാത്രി മരുഭൂമിയിലെ ശീതക്കാറ്റില്‍ അപസ്വരം പോലെ ഒരു സീല്‍ക്കാരം കേട്ടാണ് അവള്‍ ഉണര്‍ന്നത്. ഹെല്‍മ് കൂര്‍ക്കംവലിച്ചുറങ്ങുകയാണ്. അവന്റെ വായ അല്പം തുറന്നിട്ടുണ്ട്. അതില്‍ നിന്ന് രണ്ട് തലകളുള്ള ഒരു പാമ്പ് ഇഴഞ്ഞ് ഇറങ്ങിവരുന്നു. ശരീരത്തിന്റെ പകുതിയും പുറത്തിറക്കി അത് പത്തിവിടര്‍ത്തി ആടി. പാമ്പിന്റെ പത്തികളില്‍ പവിഴങ്ങള്‍ തിളങ്ങി.

ഹെല്‍മിന്റെ വാള് അവന്റെ വശത്ത് കിടക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പകച്ച് അവള്‍ തിരിഞ്ഞോടി. തണുത്ത മണലില്‍ നിന്നും കുതിച്ച് വീശിയടിക്കുന്ന മണല്‍ക്കാറ്റും ഈന്തപ്പനകളും ചന്ദ്രനും കടന്ന് ഒരു പറവയായി അവള്‍ പറന്നുപോയി.

അന്നുമുതല്‍ക്കാണ് പരുന്തുകള്‍ക്ക് പാമ്പുകളെ ഇത്രയും ദേഷ്യം.

5 comments:

ഇസാദ്‌ said...

ആദ്യത്തെ പാമ്പ്‌ എന്റെ വക.
അടിപൊളി കഥ. പക്ഷെ നുണക്കഥ അല്ലെ ? :)

Deepu said...

കുട്ടിക്കഥ അല്ലേ ;)

പാമരന്‍ said...

കുട്ടിക്കഥയോ? ഇതു നല്ല കഥ!

ഉഗ്രനായി മാഷെ, വളരെ ഇഷ്ടപ്പെട്ടു.

ഫസല്‍ ബിനാലി.. said...

നല്ല കഥ, ആശംസകള്‍

ഷിനോ .. said...

നന്നായി ...ഇതു വായിച്ചിട്ട് ഞാന്‍ ഒരു പോസ്റ്റും ഇട്ടു. ലിങ്ക് ഇട്ടിട്ടുണ്ട്.

അത് പക്ഷെ കഥയല്ല . നടന്ന സംഭവം . എന്ന് വച്ചാല്‍ അത്ര വല്യ സംഭവം ഒന്നും അല്ല കേട്ടോ ...

ഇവിടെ നോക്കൂ

Google