നല്ല പ്രഭാതമാണ്. പുലര്‍കാലത്ത് പശുവിനെ കറന്ന്‍ തുടങ്ങുന്ന പ്രഭാതങ്ങള്‍ രഘുവിന് ഇഷ്ടമാണ്. വെണ്ണ തടവി ആദ്യം തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്തും പിന്നീട് അഞ്ചുവിരലുകള്‍ കൊണ്ടും അകിടുഞെരിക്കുമ്പോള്‍ ഇളം ചൂടുള്ള നറുംപാല് ചീറ്റിവന്ന് തൊട്ടിയില്‍ വീണ് പതയും. പാലു കറക്കുമ്പോള്‍ അനങ്ങാതെ നിന്നുതരുന്ന പുള്ളിപ്പശു നേരംതെറ്റിയുണരുന്ന കുരുട്ടീച്ചകള്‍ ശരീരത്തില്‍ മുച്ചുമ്പോള്‍ ദേഹമൊട്ടാകെ പടപടാവിറപ്പിച്ച് വാലുചുഴറ്റിവീശും. തൊഴുത്ത് വീട്ടിനു മുന്‍പിലാണ്. മച്ചില്‍ തൂക്കിയിട്ടിരിക്കുന്ന തത്തക്കൂടില്‍ മൈഥിലി ഉറക്കമാണ്. എന്നാലും അവള്‍ എല്ലാം അറിയുന്നുണ്ട്. ഇരുട്ടില്‍ അറിയാത്ത ആരെങ്കിലും പതുങ്ങിവന്നാല്‍ അവള്‍ ‘കള്ളന്‍ കള്ളന്‍‘ എന്ന് വിളിച്ചുകൂവും. പുള്ളിപ്പശുവിന്റെ ഇടവിട്ടുള്ള ഉച്ഛ്വാസങ്ങള്‍ക്കും പാല് ചീറ്റിവീഴുന്ന ശബ്ദത്തിനുമിടയ്ക്ക് രഘു പിന്നില്‍ പതിഞ്ഞു പതിഞ്ഞുവന്ന കാല്‍പ്പാദങ്ങളെ ശ്രവിച്ചു. ഒരു കൈ പിന്നോട്ടു നീട്ടി അവളുടെ നാണിച്ച കയ്യില്‍പ്പിടിച്ച് പെണ്ണിനെ മുന്നോട്ടുവലിച്ചു. ഇരുട്ടില്‍ ശബ്ദമില്ലാതെ ചിരിച്ചുകൊണ്ട് അവള്‍ ഇടത്തേക്കൈ രഘുവിന്റെ ചുമലില്‍ വെച്ച് അവനോട് ഒട്ടിനിന്നു. തണുപ്പത്തും അവളുടെ കൈപ്പത്തിയ്ക്ക് ഇളംചൂടാണ്. രഘുവിന്റെ വീടിനോടു ചേര്‍ന്നായിരുന്നു സ്വര്‍ണ്ണനദി മെലിഞ്ഞൊഴുകിയിരുന്നത്. അകലെ മലകളിലെ പാറമടകളിലായിരുന്നു രഘുവിന് ജോലി. തെളിഞ്ഞ് തടസ്സങ്ങളില്ലാതെ നീങ്ങിയ നദിയെപ്പോലെ അവരുടെ ജീവിതവും പതിയെ ഒഴുകി. സ്നേഹമുള്ള ഭാര്യ. സന്തോഷമുള്ള ജീവിതം. ഇനി ഒരു കുഞ്ഞുവേണം. അവനെ മിടുക്കനായി വളര്‍ത്തണം. ഭാര്യ അകത്തുപോയി ആവിപാറുന്ന കട്ടന്‍ചായയുമായി വന്നു. അപ്പോള്‍ക്കറന്ന പാല് അല്പം ചായയിലൊഴിച്ച് രഘു ഊതിക്കുടിച്ചു. ചായയ്ക്ക് നല്ല മധുരം.
ഇരുട്ടിലൂടെ ആരോ ഓടിവരുന്ന ശബ്ദം കേട്ട് രഘുവിന്റെ കഴുത്തില്‍ പിണച്ചിരുന്ന കൈകള്‍ മാറ്റി അവള്‍ പിന്നിലേയ്ക്കുമാറി. രഘു എഴുന്നേറ്റുനിന്നു. രാജനാണ്. ‘രഘൂ, രഘൂ, കള്ളനെപ്പിടിച്ചെടാ. ഓടിവാ’. ‘എവിടെ? എവിടെ?’. ‘കള്ളനെ മുരിക്കില്‍ കെട്ടിയിട്ടിട്ടുണ്ട്. നീ വേഗം വാ’.
ചരല്‍ വഴിയിലൂടെ രഘുവും രാജനും ഓടിക്കിതച്ച് വളവുതിരിഞ്ഞ് മുക്കിലെത്തിയപ്പോള്‍ അവിടെ വലിയൊരാള്‍ക്കൂട്ടം. ഗ്രാമത്തില്‍ കളളന്മാരുടെ ശല്യം തുടങ്ങിയിട്ട് കുറച്ചുനാളായി. ആദ്യമാദ്യം ചെറിയ മോഷണങ്ങളായിരുന്നു. വീടുകള്‍ക്ക് പുറത്തുകിടന്ന ചെരുപ്പുകള്‍, കൂടുകളില്‍ പൂട്ടിയിട്ട കോഴി, താറാവ്, എന്നിവയായിരുന്നു തുടക്കത്തില്‍ മോഷണം പോയത്. ങ്ങനെ തുടങ്ങിയ ശല്യം ആദ്യമാദ്യം മോഷണത്തിനിരയായ വീട്ടുകാരുടെ മാത്രം പ്രശ്നമായിരുന്നു. പീടികക്കട നടത്തുന്ന ഗംഗാധരന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതോടെ ഗ്രാമവാസികള്‍ ഉറക്കമിളിച്ച് കാവലിരുന്നു തുടങ്ങി. കുറുവടികളുമായി സംഘം ചേര്‍ന്ന് അവര്‍ റോന്തുചുറ്റി. ഇടയ്ക്ക് ഗ്രാമത്തില്‍ എന്തിനോ വന്ന പോലീസുകാരോട് ചിലര്‍ പരാതിപറഞ്ഞു. മോഷണങ്ങള്‍ ഇടവിട്ട് തുടര്‍ന്നുകൊണ്ടിരുന്നു. ഇന്നലെ രാജനും കുറച്ചുപേരുമാണ് കാവല്‍ കിടന്നത്. ‘എങ്ങനെ, എവിടെവെച്ചു പിടിച്ചു?’. ഒച്ചയില്‍ രഘു ചോദിച്ചത് രാജന്‍ കേട്ടതായി തോന്നിയില്ല. ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി അവര്‍ മുന്‍പോട്ടുനടന്നു. നടുവില്‍, ഒരു മുരിക്കില്‍ കൈകള്‍ പിന്നോട്ടുപിണച്ചു കെട്ടിയിട്ട മെലിഞ്ഞുകറുത്ത ഒരാള്‍. ഷര്‍ട്ടില്ല. ഒരു ചുവന്ന നിക്കര്‍ മാത്രം ധരിച്ചിരിക്കുന്നു. പോളിയോ വന്നതുപോലെ ശുഷ്കിച്ച കാലുകള്‍. സമൃദ്ധമായ തലമുടി. തല താഴേയ്ക്കു കൂമ്പിനില്‍ക്കുന്നു. നെഞ്ചില്‍ വാരിയെല്ലുകള്‍ തള്ളിനില്‍ക്കുന്നു. ജനക്കൂട്ടം കുശുകുശുക്കുന്നു. മുഖത്ത് അടിവീണ പാടുകളില്‍ നിന്നും ചോര പൊടിയുന്നുണ്ട്. ‘പറ. എവിടെനിന്നു പിടിച്ചു?’. നാരായണിയുടെ വീട്ടില്‍ നിന്ന്. ഇന്നലെരാത്രി ഗോവിന്ദന്‍ അവളുടെ വീട്ടിലേയ്ക്ക് കയറാന്‍ നേരം പെരയ്ക്കു പിന്നില്‍ ഒരാളനക്കം. നാരായണിയെക്കാണാന്‍ വന്ന മറ്റാരെങ്കിലുമാവും എന്നുകരുതി ഗോവിന്ദന്‍ മുരടനക്കിയപ്പോള്‍ അതാ ഓടുന്നു. കള്ളന്‍ കള്ളന്‍ എന്നുവിളിച്ച് ഗോവിന്ദന്‍ പിന്നാലെ ഓടിയതാണ്. ഗോവിന്ദനെത്ര ഓടാനാണ്. ഇവന്റെ കാലുകള്‍ കണ്ടോ? ഇവന്‍ പറന്നു രക്ഷപെട്ടേനെ. പക്ഷേ എവിടെയോ തട്ടിവീണു. ഗോവിന്ദന്‍ ഇവന്റെ മീതേ മറിഞ്ഞുവീണ് പൂണ്ടടക്കം പിടിച്ചു. അപ്പൊഴേയ്ക്കും നമ്മള്‍ ഓടിക്കൂടി. ‘എന്നിട്ട് ഗോവിന്ദന്‍ എവിടെ?’. അയാളുടെ കൈ ഇവന്‍ കടിച്ചുമുറിച്ചു. മരുന്നുവെച്ചു കെട്ടാന്‍ പോയി. ഇവനെ നാട്ടുകാര്‍ നന്നായിട്ട് പെരുമാറിയിട്ടുണ്ട്. കൊച്ചു കുട്ടികള്‍ പോലും ചാടി മുഖത്തടിക്കുകയായിരുന്നു. ഇടിച്ചപ്പോള്‍ അവന്റെ പല്ലുകൊണ്ട് എന്റെ കൈ മുറിഞ്ഞു. ദേണ്ടെ, നാരായണി.
ആള്‍ക്കൂട്ടത്തിനു നടുവില്‍ മങ്ങിനരച്ച സാരിത്തലപ്പുകൊണ്ട് മുഖം മറച്ച് നാരായണി നില്‍ക്കുന്നു. വെളുത്തുമെലിഞ്ഞ അവളുടെ കഴുത്തില്‍ വിലകുറഞ്ഞ കാശിമാല പറ്റിക്കിടന്നു. മുഖം പാതി മറച്ചിട്ടുപോലും അവളുടെ സൌന്ദര്യം കാണാമായിരുന്നു. രഘു അവളെ നോക്കിയപ്പോള്‍ അവള്‍ മുരിക്കില്‍ കെട്ടിയിട്ടയാളെ നോക്കി വിളറുന്നതുപോലെ തോന്നി. രാജന്‍ രഘുവ്ന്റെ കൈപിടിച്ചുവലിച്ചു. ‘പോലീസിനെ വിളിക്കണ്ടെ?‘. ‘വേണ്ട’. ജനക്കൂട്ടമായിരുന്നു മറുപടി പറഞ്ഞത്. ആള്‍ക്കൂട്ടത്തിനു ശബ്ദം വെച്ചതുപോലെ. കൂടിനിന്നവര്‍ ഒരുമിച്ച് സംസാരിച്ചു. ‘ഓ, പിന്നേ, പോലീസ്’. ‘ഇവന്‍ ജാമ്യത്തിലിറങ്ങി വീണ്ടും കക്കും’. ഒരു വലിയ മൃഗം ഉറക്കമുണരുന്നതുപോലെ ആള്‍ക്കൂട്ടം അനങ്ങി. എന്നിട്ട് അത് പല രൂപത്തില്‍ മുരണ്ടു. ‘പോലീസോ, നമുക്ക് ഇവനെ ഒരു പാഠം പഠിപ്പിക്കണം.‘. മുഖമില്ലാത്ത ജനക്കൂട്ടത്തിന്റെ ശബ്ദം ആക്രോശമായി. ‘ഇനി ഈ ഗ്രാമത്തില്‍ ആരും കക്കരുത്.’ ‘ഇവനെ പാഠം പഠിപ്പിക്കണം.’. ‘കൊല്ലണം, കല്ലെറിയണം‘. നാരായണി മുഖം മൂടിയിരുന്ന സാരിത്തലപ്പ് താഴ്ത്തി ആള്‍ക്കൂട്ടത്തിന് ഇടയില്‍ ഒരാളെ തറച്ചുനോക്കിക്കൊണ്ട് ഉറക്കെച്ചോദിച്ചു. ‘ച്ഛീ, രാം പ്രസാദ്, നിങ്ങളാണോ ഇവനെ കൊല്ലണമെന്നു പറയുന്നത്? നാണമില്ലേ നിങ്ങള്‍ക്ക്?’. ജനക്കൂട്ടം നിശബ്ദമായി. ഒരു കുറിയ മനുഷ്യന്‍ മാത്രം തലതാഴ്ത്തി തിരിഞ്ഞുനടന്നു. നിശബ്ദതമുറിഞ്ഞ് വീണ്ടും ശബ്ദംവെയ്ച്ച് മുറുമുറുത്തുകൊണ്ട് ജനക്കൂട്ടം കൊല്ലണം, കൊല്ലണം എന്ന് മുരണ്ടു. ഇടയ്ക്ക് നാരായണി ‘അഹമ്മദ്, നിറുത്തൂ’, ‘ബാലു, കൊല്ലരുത്’ എന്നിങ്ങനെ പേരെടുത്ത് വിളിക്കുന്നുണ്ടായിരുന്നു. ആരും വിളികേട്ടില്ല. അവളുടെ ശബ്ദം ആള്‍ക്കൂട്ടത്തെ അലോരസപ്പെടുത്തിത്തുടങ്ങിയപ്പോള്‍ ആള്‍ക്കൂട്ടം മുഖം തിരിച്ച് ഇവളും ഈ കള്ളന്റെ കൂടെയാണ്, ഇവളെയും കൊല്ലണം എന്നുമുരണ്ടു. കുത്തുന്ന കണ്ണുകളും നീണ്ടുവരുന്ന കൈകളും കണ്ട് ജനക്കൂട്ടത്തിനിടയിലൂടെ നൂഴ്ന്നിറങ്ങി നാരായണി ഓടി. ഉരുളന്‍ കല്ലുകള്‍ വായുവിലൂടെവളഞ്ഞ് നീട്ടിമൂളിക്കൊണ്ട് നാരായണിയെ പിന്തുടര്‍ന്നു. മുതുകത്തും തോളിലും കല്ലുകള്‍ വീണിട്ടും അവള്‍ തിരിഞ്ഞുനോക്കാതെ ഓടി. വളവുകടന്ന് അമ്പലമതിലും കടന്ന് നാരായണി മറഞ്ഞു.
ജനക്കൂട്ടം ഉത്സവപ്പറമ്പുപോലെ ഇളകി. ആരൊക്കെയോ പോയി കള്ളന്റെ മുഖത്തും നെഞ്ചിലും ഇടിച്ചു. ചിലരൊക്കെ അവന്റെ മുഖത്തടിച്ച് പൊട്ടിച്ചിരിച്ചു. ചെവിമുഴക്കുന്ന ഇരമ്പലില്‍ രഘുവിന് എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. അവന്റെ രോമങ്ങള്‍ എഴുന്നുനിന്നു. എവിടെനിന്നൊക്കെയോ ഉരുളന്‍ കല്ലുകള്‍ പല കൈകള്‍ മാറി രഘുവിന്റെയും രാജന്റെയും കൈകളിലുമെത്തി. ‘ഇനി ഇവന്‍ കക്കരുത്’. ജനങ്ങള്‍ തിരയായി കള്ളന്റെ മുന്‍പില്‍ നിന്നും വകഞ്ഞുമാറി. ജനക്കൂട്ടം പെട്ടെന്ന് ഇരുവശങ്ങളിലേയ്ക്കും മാറിയപ്പോള്‍ തലയും കുമ്പിട്ട് ഞാത്തിയിട്ടതുപോലെ നില്‍ക്കുന്ന കള്ളന്റെ ശരീരവും ശിരസ്സും കാണായി. ‘കൊല്ലണം, കൊല്ലണം’. എവിടെനിന്നോ മൂളിക്കൊണ്ട് ഒരു കല്ല് അവന്റെ നെഞ്ചില്‍ച്ചെന്നുവീണു. അതുവരെ അനക്കമില്ലാതെ ചത്തതുപോലെ തൂങ്ങിനിന്ന അവന്‍ ‘ഏ’ എന്ന് ഒരു ശബ്ദം പുറപ്പെടുവിച്ച് ശരീരം ഒരു വശത്തേയ്ക്ക് പുളച്ചു. കല്ലുകള്‍ രഘുവിന്റെ തലയ്ക്കു മുകളിലൂടെ പറന്ന് ചിലത് അവന്റെ ദേഹത്തും കൂടുതലും ഉന്നം തെറ്റി മരത്തിന്റെ ചുറ്റിലും വീണുകൊണ്ടിരുന്നു. രഘു അവന്റെ തലയിലേയ്ക്ക് ഉന്നം നോക്കി ഇടത്തേക്കയ്യിലെ ചൂണ്ടുവിരല്‍ മുന്നിലേയ്ക്കു നീട്ടി വലത്തേക്കയ്യിലെടുത്ത കല്ല് ഊക്കോടെ വലിച്ചെറിഞ്ഞു. തലയില്‍ കൊള്ളുന്നതിനു പകരം ഇടനെഞ്ചിലാണ് കല്ലുവീണത്. വീണ്ടും എറിയണമെന്നുണ്ടായിരുന്നെങ്കിലും കല്ല് കിട്ടിയില്ല. തിരിഞ്ഞുനോക്കിയപ്പോള്‍ രാജന്‍ ഓങ്ങി എറിയുകയായിരുന്നു. ഏതോ കല്ലുവീണ് കള്ളന്റെ തലയില്‍ നിന്ന് കുടം ചരിച്ചതുപോലെ ചോര ഒഴുകിത്തുടങ്ങി. മഴപോലെ കല്ലുകള്‍ പെയ്തു. കള്ളന് അനക്കമില്ല എന്നുകണ്ടിട്ടും പിന്നെയും കല്ലുകള്‍ വന്ന് വീണുകൊണ്ടിരുന്നു. വാ, ഇനി നിക്കണ്ടാ, പോവാം. രാജന്‍ രഘുവിന്റെ മുന്നേ നടന്നു. ജനങ്ങള്‍ ഒറ്റയ്ക്കും കൂട്ടമായും പതിയെ പിരിഞ്ഞുപോയി. കള്ളന്റെ അനാഥപ്രേതം മാത്രം മുരിക്കില്‍ കെട്ടിയിട്ട കയറില്‍ത്തൂങ്ങി മുന്നോട്ട് ചാഞ്ഞു തൂങ്ങിക്കിടന്നു.
ഉച്ചതിരിഞ്ഞ് പാറമടയില്‍ കൂടം പിടിക്കുമ്പോള്‍ രഘുവിന് കൈ ചോരയില്‍ കുതിര്‍ന്ന് ചുറ്റികപ്പിടിയില്‍ ഒട്ടുന്നതുപോലെ തോന്നി. അവന്‍ പണിനിറുത്തി മണ്ണുവാരി കൈകള്‍ക്കിടയിലിട്ടുരച്ചു. കുടിക്കാനുള്ള വെള്ളമെടുത്തുചരിച്ച് കൈകഴുകി. എന്നിട്ടും ഒട്ടുന്ന തോന്നല്‍ മാറിയില്ല. ഇടയ്ക്ക് ഒരു ജീപ്പില്‍ രണ്ട് പോലീസ് വന്നിറങ്ങി. പണിക്കാരെ ഓരോരുത്തരെയായി വിളിച്ച് ആരൊക്കെയാണ് കല്ലെറിയാനുണ്ടായിരുന്നത് എന്ന് ഭീഷണസ്വരത്തില്‍ തിരക്കി. ആരും കല്ലെറിഞ്ഞിട്ടില്ലായിരുന്നു. പോലീസ് ആരുടെയൊക്കെയോ പള്ളയില്‍ കൈചുരുട്ടിയിടിച്ചു. ആരുടെയൊക്കെയോ ചെകിടത്ത് അടിച്ചു. ഇനിയും വരും എന്നുപറഞ്ഞ് തിരികെപ്പോയി.
വൈകിട്ട് ചായ്പ്പിലിരുന്ന് കള്ളുകുടിച്ചുകൊണ്ടിരുന്നപ്പോള്‍ രഘുവും രാജനും ഒന്നും മിണ്ടിയില്ല. വിശപ്പില്ലായിരുന്നു. കാശുകൊടുത്ത് ഇറങ്ങാന്‍ നേരം രാജന്‍ വിളിച്ചു.
രഘൂ.
ഉം?
വേണ്ടായിരുന്നു അല്ലേടാ.
ഉം.
രാജന്റെ നെറ്റിവിയര്‍ത്തു. മുഖം വിളറി.
അന്നേരം എന്തോ, എറിയാന്‍ തോന്നി.
ഉം.
ഷാപ്പിനു മുന്‍പിലെ ലൈറ്റിനു ചുറ്റും ഈയാമ്പാറ്റകള്‍ നിരയില്ലാതെ പറന്നു. ചിറകുകുഴഞ്ഞ് അവ നിലത്തുവീണു. ചിറകുനഷ്ടപ്പെട്ട പുഴുക്കള്‍ രാജന്റെ പാദങ്ങളില്‍ വലിഞ്ഞുകയറി. മുന്നില്‍ നിറഞ്ഞ ഈയാമ്പാറ്റകള്‍ക്കു കുറുകേ അവന് രഘുവിന്റെ മുഖം വ്യക്തമായില്ല.
രഘൂ.
ഉം?
എനിക്കൊറ്റയ്ക്കു പോവാന്‍ വയ്യ. നിയ്യ് എന്റെ വീട്ടില്‍ വാ
ഇല്ല, എന്റെ ഭാര്യ കാത്തിരിക്കും. എനിക്കു പോണം
എന്നെ ഒറ്റയ്ക്കു വിടരുത്. എനിക്കു വയ്യ. നീ വാ
ഞാന്‍ പോണു.
രാജന്‍ എങ്ങോട്ടും പോവാതെ അവിടെത്തന്നെ ചുറ്റിനിന്നു.
ടാറ് പൊളിഞ്ഞുകിടക്കുന്ന നിരത്തിലൂടെ ഓരംപറ്റി രഘു നടന്നുതുടങ്ങി. അറ്റമില്ലാതെ വഴി നീണ്ട് കിടക്കുകയാണ്. ദൂരെദൂരെ തെരുവിളക്കുകള്‍ കത്തുന്നു. ഇരുള് വെളിച്ചത്തിലേയ്ക്കു വഴുതി വീഴുന്നു. ഇരുവശത്തും നരച്ച മതിലുകള്‍. മതിലില്‍ ഒട്ടിച്ച പിഞ്ഞിയ സിനിമാപ്പോസ്റ്ററില്‍ നിന്ന് അധികം തുണിയുടുക്കാത്ത സിനിമാനടി കണ്ണുതുറിച്ചുനോക്കുന്നു. നായകന്‍ തോക്കുചൂണ്ടുന്നു. വേഗത്തില്‍ നടക്കണം. കാലിനടിയില്‍ പാഴ്ക്കടലാസും പുല്ലും ഞെരിയുന്നു. കട്ടിയുള്ള ഇരുട്ട്. ഇടതുവശത്തെ പച്ചിലക്കൂട്ടം ചലിക്കുന്നു. അവിടെ ആരാണ് പതിയിരിക്കുന്നത്? പാഴ്ച്ചെടികള്‍ക്കിടയില്‍ എന്തോ ഒന്ന് പുളഞ്ഞ് പായുന്നു. ഒരു തവള കരയുന്നു. നടക്കും തോറും ശബ്ദം കൂടിവരുന്നു. മരണക്കരച്ചില്‍. അകലെനിന്നും ഒരു വെളിച്ചം മിന്നിമറയുന്നു. ഒറ്റച്ചീവീട് അലറിവിളിച്ച് ചെവിതുളയ്ക്കുന്നു. ചീഞ്ഞ മുട്ടയുടെ നാറ്റം. തവളയെ പാമ്പ് വിഴുങ്ങിയതാണ്. കാലിനടിയില്‍ പുല്ല് ഞെരിയുന്ന ശബ്ദം കൂടിവരുന്നു. എത്ര ശബ്ദങ്ങള്‍. ഇരുളിന് എന്തൊരൊച്ച! അകലെനിന്നും - ഒരു റ്റോര്‍ച്ച് വീശിക്കൊണ്ട് ആരോ നടന്നുവരികയാണ്. വഴിക്കു കുറുകേ വണ്ടികയറി നടുചതഞ്ഞ ഒരു പട്ടി ചത്തുകിടക്കുന്നു. കണ്ണുകള്‍ തുറിച്ച്, വായ തുറന്നുകിടക്കുന്നു. പുറത്തേയ്ക്കു തള്ളിനില്‍ക്കുന്ന കോമ്പല്ലുകള്‍. അതിനിടയില്‍ക്കൂടെ നിലത്തെ മണ്ണില്‍ത്തട്ടുന്ന കറുത്ത നാവ്. നക്ഷത്രങ്ങളുടെ വെളിച്ചം വീണ് അതിന്റെ പച്ചക്കണ്ണുകള്‍ തിളങ്ങി. പട്ടി രഘുവിനെ നോക്കി ബീഭത്സമായി ചിരിച്ചു. അതിന്റെ തലയ്ക്കുചുറ്റും കൂടിനിന്ന ഈച്ചകള്‍ മുരണ്ടു. എതിരേ വരുന്നയാള്‍ അയാളുടെ രൂപം കാണാവുന്നത്ര അടുത്തെത്തി. ടോര്‍ച്ചിന്റെ മിന്നായത്തില്‍ അയാളുടെ മുഖം തിളങ്ങി. ചോരയൊലിക്കുന്ന മുഖം.
രഘു ചായ്പ്പിനുമുന്നിലേയ്ക്ക് കുതിച്ചോടിവന്നപ്പോള്‍ ഒരു കുപ്പിയും വീശിക്കൊണ്ട് രാജന്‍ അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. പരസ്പരം തോളില്‍ കയ്യിട്ട് അവര്‍ രാജന്റെ വീട് ലക്ഷ്യമാക്കി നടന്നു.
8/31/2008
കള്ളന്
എഴുതിയത് simy nazareth സമയം Sunday, August 31, 2008 9 അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
8/25/2008
കാള
ചിന്തയില്‍ വന്ന ഒരു കഥ ബ്ലോഗിലും ഇടുന്നു.
1
ആദിയില്‍ വിലാപമുണ്ടായിരുന്നു. വിലാപം ദൈവമായിരുന്നു. ശൂന്യതയിലൂടെ തൊണ്ടപൊട്ടി പുളഞ്ഞുപോയ ഒരു നീണ്ട നിലവിളി.
ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും പശുവിനെ സൃഷ്ടിച്ചു. പശുക്കള്‍ക്കായി ദൈവം സകലതും സൃഷ്ടിച്ചു. ഭൂമിയും സൂര്യനും നക്ഷത്രങ്ങളും ജലവും സൃഷ്ടിച്ചു. സ്നേഹത്തില്‍ വളരുവാന്‍ കണ്ണെത്താദൂരത്തോളം പച്ചപുതച്ച പുല്‍മേടുകളെയും പശുക്കളെ പാപചിന്തകളില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ മനുഷ്യനടക്കമുള്ള ഹിംസ്രജന്തുക്കളെയും സൃഷ്ടിച്ചു. പശുക്കളുടെ ദൈവം ആറുദിവസം നീണ്ടുനിന്ന തന്റെ മനോഹരമായ സൃഷ്ടികര്‍മ്മത്തില്‍ നിന്നും പിന്തിരിഞ്ഞ്, ഏഴാം ദിവസം മലയുടെ മുകളില്‍ വിശ്രമിച്ചു. ചെറിയ കുന്നുകളില്‍ കൈയൂന്നി മുതുകുവളച്ച് പിന്നോട്ടുചാഞ്ഞിരുന്ന് കത്തിജ്വലിക്കുന്ന സൂര്യനില്‍ നോക്കി തന്റെ സൃഷ്ടിയുടെ മഹത്വത്തില്‍ ഊറ്റം കൊണ്ടു. ദീര്‍ഘനേരത്തിനു ശേഷം നോട്ടം പിന്‍വലിച്ച ദൈവത്തിന്റെ കണ്ണുകളില്‍ ആകെ ഇരുട്ടായിരുന്നു. കണ്ണുപൊട്ടനായ ദൈവം ഒരു അലര്‍ച്ചയോടെ തപ്പിത്തടഞ്ഞ് മലയിറങ്ങി. ഭൂമിയില്‍ പശുക്കളുടെ മേല്‍ ദുരിതം പേമാരിപെയ്തപ്പോള്‍ അവ ദൈവത്തിനുനേര്‍ക്ക് അമറിവിളിച്ചു. ഈ നിലവിളികേട്ട് കണ്ണുപൊട്ടനായ ദൈവം താഴ്വാരങ്ങളിലെ പാറക്കെട്ടുകളിലും വെള്ളച്ചാട്ടങ്ങളിലും തട്ടിവീണ് അലറിക്കരഞ്ഞു.
2
കണ്ണന്റെ വരിയുടച്ചത് അവന് രണ്ടുവയസ്സുള്ളപ്പൊഴാണ്. പശുവിന്റെ തുറന്നുമിഴിച്ച വലിയ കണ്ണിലെ കത്തുന്ന കാമം കണ്ട് അവന്റെ ലിംഗം ദൃഢമായിത്തുടങ്ങിയ കാലം. കലക്കിവെച്ച കാടി തട്ടിക്കളഞ്ഞ് കുറ്റിയും പറിച്ച് കുതിച്ചോടാനുഴറിയ കാലം. എണ്ണക്കൊഴുപ്പില്‍ പേശികള്‍ പിടഞ്ഞുതുടങ്ങിയ കൌമാരം. അന്ന് യജമാനനോടൊപ്പം വന്ന രണ്ടുപേരിലൊരാള്‍ കൊമ്പുകളില്‍ കയറിപ്പിടിച്ചു. മറ്റെയാള്‍ കാലുകള്‍ വലിച്ചുകെട്ടി. അമറല്‍ പുറത്തുവരാതെ വായ ചേര്‍ത്തുകെട്ടി. തലയ്ക്കടിയില്‍ ഒരു മരപ്പലകവെച്ചു. യജമാനന്‍ വൃഷണം തണുത്തുവരണ്ട കയ്യിലെടുത്ത് മറ്റൊരു മരപ്പലക അവയ്ക്കു താഴെ വെച്ചു. വരാന്‍ പോകുന്ന ആപത്തിന്റെ ദു:സ്സൂചന. കുതറി ഓടണമെന്നുണ്ടെങ്കിലും അനങ്ങാന്‍ പറ്റാത്ത നിസ്സഹായത. മരപ്പലകയില്‍ കിടത്തിയ വൃഷണത്തിലേയ്ക്ക് കത്തുന്ന ഉല്‍ക്കപോലെ വായുവിലൂടെ താണുവരുന്ന മരപ്പലക .. കാലം വിറുങ്ങലിച്ച ഒരു മാത്ര. തലച്ചോറിലും നാഡികളിലും പൊട്ടിത്തെറി. ഇരുട്ട്, പ്രാണന്‍ ചോര്‍ന്നുപോകുന്ന വേദന, വേദന, ഇരുട്ട്, തെളിച്ചം, ഇരുട്ട്, വേദന, വേദന, വേദന. അനങ്ങാന്‍ വയ്യാത്തവിധം കെട്ടിയിട്ട കാലുകളിലൂടെ കമ്പിച്ചുപോവുന്ന വേദന. പുരുഷത്വം രണ്ട് വരികള്‍ക്കിടയിലുടഞ്ഞ് ഇല്ലാതാവുന്ന നോവിന്റെ തായമ്പക. പിടച്ചിലിനിടയില്‍ ബോധം തെളിയുമ്പോള്‍ രക്തത്തിന്റെയും മൂത്രത്തിന്റെയും ചാണകത്തിന്റെയും കൂടിക്കലര്‍ന്ന തളത്തില്‍ വിയര്‍ക്കുന്ന ദേഹം. പിന്നീട് പറമ്പത്തുകൂടെ മുണ്ടും മടക്കിക്കുത്തി നടന്നുപോവുന്ന കൊമ്പന്മീശക്കാരനെ കാണുമ്പോഴെല്ലാം ഒരിക്കലും മറക്കാനാവാത്ത വേദനയുടെ വെള്ളിടിവെട്ടുകള്‍. യജമാനനെ കാണുമ്പൊഴെല്ലാം കാലുകള്‍ക്കിടയില്‍ തരിച്ചുകയറുന്ന നിസ്സഹായത. എരുത്തില്‍ കാമത്തോടെ പശുക്കളമറുമ്പൊഴെല്ലാം ഇനി ഒരിക്കലുമുയരാത്ത ലിംഗത്തിന്റെ ഷണ്ഢരോദനം. വരിയുടയ്ക്കാത്ത കാളയ്ക്കു മുഷ്ക്കുകൂടും.
കണ്ണനെ പശു പെറ്റിട്ടത് പുല്‍മെത്തയിലേയ്ക്കല്ല. നനഞ്ഞ സിമന്റു തറയിലേയ്ക്ക് ഒരു ചാക്കുകെട്ടെന്നപോലെ കണ്ണന്‍ വീഴുകയായിരുന്നു. വേണു പത്താം ക്ലാസിലും ഉണ്ണി എട്ടാം ക്ലാസിലും പഠിക്കുന്ന കാലത്ത് ആരും താങ്ങാനില്ലാതെ കണ്ണന്‍ നാലുകാലുകളില്‍ എഴുന്നേറ്റുനില്‍ക്കുകയായിരുന്നു. മുലപ്പാലിന്റെ മധുരം നുകര്‍ന്നപ്പൊഴേയ്ക്കും അവനെ മാറ്റിക്കെട്ടി അകിടുചുരത്തി പാലില്‍ വെള്ളം ചേര്‍ത്ത് യജമാനന്‍ കച്ചവടമാക്കി. പക്ഷേ നറുംപാല്‍ തിളപ്പിച്ചുകൊടുത്തിട്ടും വേണു പത്താംതരം ജയിച്ചില്ല. വേണു പഠിയ്ക്കാന്‍ ജനിച്ചവനല്ലായിരുന്നു. യജമാനന്റെ മുന്‍പിലും ബീഡിയും പുകച്ച് വേണുനടന്നു. പത്താം ക്ലാസ് തോറ്റതോടെ അവന്‍ പഠിത്തം നിറുത്തി പാടത്തേയ്ക്കിറങ്ങി. അതിനിടെ കണ്ണന്‍ വളര്‍ന്നു. പാടത്തു വലിച്ച വയസ്സന്‍ കാളകള്‍ ഏതൊക്കെയോ ദിനങ്ങളില്‍ ഓരോന്നായി അപ്രത്യക്ഷമായി. പുതിയ കാളകള്‍ നിലമുഴുതു. പാടത്ത് കലപ്പകള്‍ പൂട്ടാന്‍ നാല് കാളകളായി. പൊരിവെയിലത്ത് വാശിയോടെ പണിഞ്ഞ് വേണുവിന്റെ കൈകള്‍ ലോഹദണ്ഡുകളായി. വലത്തേക്കയ്യ് ചൂരല്‍ പിടിച്ച് തഴമ്പുപൊട്ടി. അവന്‍ കണ്ണനെ പാടത്തിറക്കി. കുറുമ്പുകാണിക്കുന്ന എല്ലാ കാളകളെയും പോലെ പഴുത്ത ലോഹക്കമ്പികൊണ്ട് കണ്ണന്റെ പിന്‍കാലിലെ തുടകളില്‍ വരഞ്ഞു. കലപ്പയുടെ വേഗത താഴുമ്പോള്‍ വേണു കണ്ണന്റെ വാലുചുരുട്ടിക്കടിച്ചു. പാടത്ത് പൊന്നെല്ല് നൂറുമേനിവിളഞ്ഞു. ഉണ്ണി പത്താംക്ലാസ് ജയിച്ചു. കാളകള്‍ എല്ലുമുറിയെപ്പണിതു.
വേണു ചന്തയില്‍ പോവുന്ന ദിവസങ്ങളിലേ ഉണ്ണി പാടത്തിറങ്ങാറുള്ളൂ. ഉണ്ണിയ്ക്ക് വേണുവിന്റെ കൈക്കരുത്തില്ല. ഉണ്ണി പാവമാണ്. ഇടംകയ്യനാണ്. ഉണ്ണി കാളകളെ തല്ലുന്നതുപോലും സ്വപ്നം കണ്ടുകൊണ്ടാണ്. ഇടയ്ക്കെങ്കിലും തങ്ങളുടെ ഇടത്തേപ്പുറത്ത് അടിക്കുന്ന ഉണ്ണിയെ കാളകള്‍ സ്നേഹിച്ചു. ഉണ്ണിയുടെ ദിവസങ്ങളില്‍ അവ സ്നേഹത്തോടെ കലപ്പ പതുക്കെവലിച്ചു. ഉണ്ണി കൃഷിക്കിറങ്ങുന്ന ദിവസങ്ങള്‍ വിരളമായിരുന്നു.
ദിനകരന്‍ എന്ന കാളയ്ക്ക് വയസ്സായി. ദിനകരനുമൊത്ത് നുകം പൂട്ടിയിട്ട് കലപ്പ കണ്ണന്റെ വശത്തേയ്ക്ക് ചരിഞ്ഞുതുടങ്ങി. വേണു ദിനകരനെ പൊതിരെത്തല്ലി. ദിനകരന്റെ വലത്തേപ്പുറം പൊളിഞ്ഞ് ചോരവാര്‍ന്നു. പൊള്ളുന്ന വെയിലുവീണ് ചോര പാടത്തുവീഴും മുന്‍പേ കട്ടപിടിച്ചു. മുറിവില്‍ തല്ലുവീഴുള്ള മരണവേദന കടിച്ചുപിടിച്ച് അമറാതെ, മിണ്ടാതെ, നിസ്സംഗനായി ദിനകരന്‍ കലപ്പവലിച്ചു.
രാത്രി തൊഴുത്തില്‍ ദിനകരന്‍ മറ്റുകാളകളോടു മിണ്ടിയില്ല. വേദന അസഹ്യമാവുമ്പോള്‍ മാത്രം പതുക്കെ അമറി. എരുത്തിനോട് ചേര്‍ന്ന മാവിന്റെ മുകളിലിരുന്ന് ഒരു കൂമന്‍ നിറുത്തി മൂളി. കണ്ണനും മറ്റ് രണ്ടുകാളകളും മാറിമാറി ദിനകരന്റെ മുറിവില്‍ നക്കി.
സോമന്‍ എന്ന കാളയ്ക്ക് ഇതുകണ്ട് സഹിച്ചില്ല. 'എന്തൊരു തല്ലാണിത്. എന്തൊരു ജീവിതം. അവന് ഇങ്ങനെ തല്ലണോ. മനുഷ്യപ്പറ്റില്ലേ അവന്'.
കണ്ണനും ദിനകരനും ഒന്നും പറഞ്ഞില്ല. പപ്പനാവന്‍ എന്ന കാള ബാക്കി പൂരിപ്പിച്ചു. 'വലത്തേക്കയ്യന്റെ അടിയെല്ലാം കാളകളുടെ വലത്തേപ്പുറത്തുമാത്രം. അയാള്‍ക്ക് രണ്ടുകൈക്കും വാക്കുണ്ടായിരുന്നെങ്കില്‍ മതിയായിരുന്നു. ഇരുപുറത്തും മാറിമാറി അടിച്ചെങ്കില്‍ ഇത്ര വേദനവരില്ലായിരുന്നു'.
'വലത്തേക്കയ്യന്റെ അടി അങ്ങനെയാണ്. നമ്മുടെ വിധിയാണ്. അടി എന്നും വലത്തേപ്പുറത്തേ കൊള്ളൂ'.
'പണ്ട്, യജമാനന്‍ ഒറ്റയ്ക്കു കൃഷിനടത്തുമ്പോള്‍ രണ്ടുപുറത്തും മാറിമാറി അടിക്കുമായിരുന്നു. മറന്നുപോയോ?'
'പണ്ടത്തെ കാര്യങ്ങള്‍ എനിക്കോര്‍മ്മപോലുമില്ല. പണ്ട് സ്വര്‍ഗ്ഗമായിരുന്നോ?'
'പറഞ്ഞിട്ടെന്തുകാര്യം. കലപ്പയും ചാട്ടയും കാളകളുടെ തിരുത്താന്‍ പറ്റാത്ത വിധിയാണ്.'
'വിധി. എല്ലാ ദുരിതങ്ങളെയും വിധി എന്നുപറഞ്ഞ് ഒഴിഞ്ഞാല്‍ മതിയല്ലൊ. തിരുത്താന്‍ പറ്റാത്തതായി ഈ ലോകത്തില്‍ എന്തുണ്ട്? തിരുത്തണം.'
'കാളകള്‍ ഇതുവരെ എന്താണ് തിരുത്തിയത്? കാളകളുടെ ഏതു സമരമാണ് വിജയിച്ചത്? തിരുത്തണം പോലും.'
'ഇതാണ്, ഈ ചിന്തയാണ്, കാലങ്ങളായി കാളകളുടെ ദുരിതത്തിനു കാരണം. വളര്‍ത്തുമൃഗം പോലും. എല്ലാത്തിനും കൊമ്പുംകുലുക്കി നിന്നുകൊടുക്കും. അടികൊള്ളികള്‍.'
'വിഢിത്തം. തിരുത്തിയിട്ടെന്ത്. ജീവിതം ദുരിതമാണ്, പക്ഷേ ജീവിക്കണം. കാടിയ്ക്ക് കൈപ്പുരുചിയാണ്, പക്ഷേ കിട്ടാവുന്നിടത്തോളം കുടിക്കണം. പാടത്ത് കത്തുന്ന വെയിലാണ്, പക്ഷേ പാടത്തിറങ്ങണം, കലപ്പവലിക്കണം. കൊല്ലുന്ന കൃഷിക്കാരനാണ്, പക്ഷേ തല്ലു മതിയാവോളം കൊയ്യണം. ജീവിതം ഇത്രയൊക്കെയേ ഉള്ളൂ. വേനലില്‍ കാലം തെറ്റിപ്പെയ്യുന്ന ഒരു മഴയുടെ നനവ്, സന്ധ്യാനേരത്തെ തുളസിയുടെ മണമുള്ള തണുത്ത ഒരു കാറ്റ്, പാടത്ത് കൊയ്ത്തുകഴിയുമ്പോള്‍ മേലാകെ പൂണ്ടുകിടക്കാന്‍ ചെളിയില്‍ പുതഞ്ഞ ഒരു കുളം. ഇത്രയൊക്കെയേ ഉള്ളൂ ജീവിതം. ഇതിനെങ്കിലും വേണ്ടി ജീവിക്കണം. കാരണം മറ്റേ അറ്റത്ത് അറവുകാരന്റെ കത്തിയാണ്. അതിനൊരര്‍ത്ഥവുമില്ല.' - ദിനകരനായിരുന്നു ഇതുപറഞ്ഞത്. കണ്ണന്‍ അപ്പോഴും ഒന്നും മിണ്ടിയില്ല. മറ്റ് രണ്ടുകാളകളും അല്പനേരം മൌനത്തിലായി. പിന്നെ അവ സംഭാഷണം തുടര്‍ന്നു.
എന്തുപറഞ്ഞാലും വലത്തേപ്പുറത്തുമാത്രമുള്ള ഈ തല്ലുനിറുത്തണം.
കൊച്ചെജമാനന്‍ ഇടംകയ്യനാണ്. അയാള്‍ ഇടത്തേപ്പുറത്തേ തല്ലാറുള്ളൂ.
അയാള്‍ പാടത്തിറങ്ങാറില്ല.
ഇറക്കണം.
എങ്ങനെ?
ഇറക്കണം. വേണുവിനു പകരം അയാള്‍ പാടത്തിറങ്ങിയാല്‍ നമ്മുടെ ദുരിതം തീര്‍ന്നു. പിന്നെ സ്വര്‍ഗ്ഗം. തലോടല്‍ പോലെ വല്ലപ്പോഴും പുറത്തുവീഴുന്ന ഇടങ്കയ്യനടികള്‍. നമ്മള്‍ നാലു കാളകളുണ്ട്. കലപ്പ വലിക്കാന്‍ രണ്ടുപേര്‍ വേണം. വേണു പാടത്തിറങ്ങുന്നതു നിറുത്തണം. അപ്പോള്‍ കൊച്ചെജമാനന്‍ പാടത്തിറങ്ങിയേ പറ്റൂ.
എങ്ങനെ?
കുത്തണം, കൊല്ലണം.
കൊല്ലാനോ? കൊന്നാല്‍ വല്യെജമാനന്‍ നമ്മളെയെല്ലാം അറവുകാരനുകൊടുക്കും. അയാള്‍ കഴുത്തറുത്ത് തോലുരിച്ച് ഉടലും തുടയും കയറില്‍ കെട്ടിത്തൂക്കും. വിപ്ലവം കാളയുടെ രക്തത്തിലില്ല.
വിഢിത്തം പറയാതെ. വല്യെജമാനന്‍ മണ്ടനല്ല. എല്ലാത്തിനെയും അറവുകാരനുകൊടുത്താല്‍ പിന്നെ കലപ്പപൂട്ടുന്നതെങ്ങനെ. ആര്‍ക്കും ഒന്നും പറ്റില്ല. കൊച്ചെജമാനന്‍ പാടത്തിറങ്ങും. വേണു അവന്റെ തെറ്റു മനസ്സിലാക്കും. വേദനയില്ലാതെ ബാക്കി ജീവിതം നമുക്കു ജീവിക്കാം. വലിയ സ്വപ്നങ്ങളൊന്നും വേണ്ട, ഇരുപുറത്തും തല്ലുകൊള്ളുന്നു എന്ന ആശ്വാസത്തിലെങ്കിലും ബാക്കി ജീവിതം ജീവിക്കാം. വേണുവിനെ കൊല്ലണ്ട, ഒന്നു നോവിച്ചുവിട്ടാല്‍ മതി.
അരുത്. അബദ്ധമാണ്. ആപത്താണ്. തല്ലുകൊണ്ടായാലും നമുക്കുജീവിക്കാം. വിപ്ലവം കാളകള്‍ക്കു പറഞ്ഞിട്ടുള്ളതല്ല.
ഇല്ല, കുത്തണം, കൊല്ലണം.
ആരുകുത്താന്‍?
ആരെങ്കിലും. നമ്മളിലൊരുവന്‍
ആര്?.
...
ആര്.
ഈ ചോദ്യത്തിനുത്തരം കിട്ടാതെ കാളകള്‍ക്കിടയില്‍ അസ്വസ്ഥമായ മൌനം കനത്തു. വല്ലപ്പോഴുമുള്ള ദിനകരന്റെ ദൈന്യഞരങ്ങലുകള്‍ക്കിടയില്‍ മാവിലിരുന്ന് കൂമന്‍ മൂളി. ഒരു മേഖം വന്ന് ചന്ദ്രനെ മറച്ചു. ഇരുട്ടില്‍ നാലുകാളകളും ഒരേ സ്വപ്നം കണ്ടു. വേണുവിന്റെ കരുത്തുറ്റ കൈയ്യിലെ ചാട്ട വലത്തേപ്പുറത്ത് പുളഞ്ഞുവീഴുന്നതോര്‍ത്ത് അടിയുടെ തീക്ഷ്ണതയില്‍ അവ ഒരുമിച്ചുവിറച്ചു. വല്യെജമാനന്‍ ഇരുപുറത്തും തല്ലിയ പഴയകാലത്തെ ആയാസരഹിതമായ ജീവിതമോര്‍ത്ത് അവര്‍ അയവിറക്കി. വല്യെജമാനന്‍ വരിയുടച്ചതും കാലില്‍ ഇരുമ്പുപഴുപ്പിച്ചുവെച്ചതും കുളമ്പുതറച്ചതുമെല്ലാം അവ അപ്പോള്‍ മറന്നു. ജീവിതം അങ്ങനെയാണ്. ദു:ഖങ്ങള്‍ക്ക് അല്പായുസ്സാണ്. അവ മനസ്സില്‍ നിന്നും മറഞ്ഞുപോവുന്നു. നല്ലതുമാത്രം മനസ്സില്‍ ശേഷിക്കുന്നു. പഴയകാലം എത്ര ദുരിതമായിരുന്നെങ്കിലും ഓര്‍മ്മയില്‍ എന്നും അതിനു മധുരമാണ്.
ഒടുവില്‍ മൌനത്തിന്റെ തോടുപൊട്ടിച്ച് കണ്ണപ്പന്‍ പറഞ്ഞു. 'ഞാന്‍ കുത്താം'.
മറ്റ് രണ്ടു കാളകളും ആഹ്ലാദശബ്ദം മുഴക്കി. കണ്ണപ്പനു ചുറ്റും കൂടിനിന്ന് അവ പല കദനകഥകളും പറഞ്ഞു. കണ്ണപ്പന്‍ ഇടയ്ക്കിടെ 'ഞാന്‍ കുത്താം' എന്ന് പറഞ്ഞുകൊണ്ടിരുന്നു. ദിനകരന്‍ ഒന്നും പറഞ്ഞില്ല. മറ്റ് രണ്ടുകാളകളും ഉറങ്ങി എന്നുറപ്പായപ്പോള്‍ ദിനകരന്‍ കണ്ണപ്പനെ തലകൊണ്ട് മുട്ടിവിളിച്ചു.
ഇതു മണ്ടത്തരമാണ്, ആപത്താണ്
ആരെങ്കിലും ഇതു ചെയ്യണം. ഇല്ലെങ്കില്‍ അടി തുടരും. നമ്മള്‍ നരകിക്കും.
അടി എങ്ങനെയായാലും തുടരും. നീ കുത്തിയാല്‍ നിനക്കു മാത്രമേ നഷ്ടപ്പെടൂ. നിന്നെ ഇറച്ചിയാക്കും. ഇറച്ചിയിലൊടുങ്ങാത്ത ഒരു വിപ്ലവവുമില്ല.
കുറച്ചുപേര്‍ ഇറച്ചിയാവുന്നതിലൂടെ വിപ്ലവം നടക്കുന്നെങ്കില്‍ നടക്കട്ടെ. എനിക്കൊന്നും നഷ്ടപ്പെടാനില്ല.
എന്തു വിപ്ലവം. നീ കുത്തിയതുകൊണ്ട് അടി നില്‍ക്കുമെന്നു കരുതുന്നുണ്ടോ?. വെറുതേ മണ്ടത്തരം കാണിക്കരുത്.
നാളെ വേണു ചാവും. ഉണ്ണി നമ്മളെ പാടത്തൂടെ നയിക്കും. ദിനകരന്റെ പുറത്തെ മുറിവുകളുണങ്ങും. നോക്കിക്കോ.
വിപ്ലവങ്ങള്‍ സ്വപ്നമാണ് മകനേ. പഴയകാലത്തിന്റെ സുഖമുള്ള ഓര്‍മ്മകളാണു വിപ്ലവങ്ങള്‍. നിന്റേതു വിപ്ലവമല്ല. ഒരുകാലിലെ മന്ത് മറുകാലിലേയ്ക്കു മാറ്റാനുള്ള വിഫലശ്രമം. ചെയ്യരുത്. നീ ഇപ്പോഴും ചെറുപ്പമാണ്.
കണ്ണപ്പന്‍ ഒന്നും മിണ്ടിയില്ല. ദിനകരന്‍ പിന്നെയും പലതും പറഞ്ഞു. കണ്ണപ്പനോട് പറഞ്ഞിട്ടുകാര്യമില്ല എന്നുമനസിലാക്കിയ ദിനകരന്‍ മുറിവേല്‍ക്കാത്ത വശം ചാഞ്ഞ് നിലത്തുചടഞ്ഞുറങ്ങി.
3
രാവിലെ വേണുവും അച്ഛനും കാളകളെ ഒന്നൊന്നായി തൊഴുത്തില്‍നിന്നിറക്കി. ആദ്യം സോമന്‍, പപ്പനാവന്‍, പിന്നെ കണ്ണപ്പന്‍, ദിനകരന്‍. അന്ന് വേണു കണ്ണപ്പനോട് പതിവിലേറെ സ്നേഹം കാണിച്ചു. വേണു കണ്ണപ്പന്റെ മൂക്കും വായും ബന്ധിച്ചുകെട്ടിയ കയറില്‍പ്പിടിച്ചു നടക്കുമ്പോള്‍ സോമനും പപ്പനാവനും കണ്ണപ്പനെ ആകാംഷയോടെ നോക്കി. കാടിയും വൈക്കോലും കൊടുത്തപ്പൊഴും തൊഴുത്തില്‍ നിന്നിറക്കിയപ്പൊഴും കുളത്തിലേയ്ക്കുള്ള വഴിയിലും അവന്‍ അനുസരണയോടെ നടന്നു. കുളത്തിനു മുന്‍പില്‍ യജമാനന്‍ ചേറുതേച്ചു കുളിപ്പിച്ചപ്പോള്‍ അനങ്ങാതെ നിന്നുകൊടുത്തു. മറ്റു രണ്ടു കാളകളും നിരാശയോടെ മുക്കുറയിട്ടു. കാളകളെ വേണുവും യജമാനനും വരമ്പിലൂടെ കളത്തിലേയ്ക്കു നടത്തി. നടകാളേ എന്നുപറഞ്ഞ് പുറത്ത് വേണു ചൂരല്‍കൊണ്ട് പതുക്കെ അടിച്ചപ്പൊഴും കണ്ണപ്പന്‍ ശാന്തനായി നടന്നു. കണ്ണപ്പന്റെ ആവേശവും ക്രോധവും രാത്രിയോടെ ഒടുങ്ങി എന്നുകണ്ട് ദിനകരന്‍ ആശ്വാസത്തിന്റെ ഒരു ശബ്ദം പുറപ്പെടുവിച്ചു. മറ്റ് രണ്ടു കാളകളുടെ കഴുത്തില്‍ ആദ്യം നുകം വലിച്ചുവെച്ചുകൊടുത്ത് യജമാനന്‍ അവയെ കളത്തിലിറക്കി. ഖുര്‍ര്‍ര്‍ എന്ന് ശബ്ദമുണ്ടാക്കിയപ്പോള്‍ അവ നിരാശയോടെ കലപ്പവലിച്ചു. വേണു നുകമെടുത്ത് ആദ്യം ദിനകരന്റെ പൂഞ്ഞയ്ക്കു മുന്നില്‍ വെച്ചു. നുകത്തിന്റെ മറ്റേ അറ്റം കണ്ണപ്പന്റെ കഴുത്തില്‍ വയ്ക്കാനാഞ്ഞപ്പോള്‍ പെട്ടെന്ന് കണ്ണപ്പന്‍ കൊമ്പുകുലുക്കി, ഭീഷണമായി മുക്കുറയിട്ടുകൊണ്ട് കുതറിമാറി.
ഹൈ, കാളേ എന്നുവിളിച്ച് വേണു അവന്റെ കൊമ്പില്‍ക്കയറിപ്പിടിച്ചു. കണ്ണപ്പന്‍ കൊമ്പു ശക്തിയായി കുലുക്കി വേണുവിനെ തട്ടിമാറ്റി. ദിനകരന്‍ ഇതെല്ലാം കണ്ട് ഒരടി പിന്നോട്ടുവെച്ച് നിശ്ചലനായി നിന്നു. മറ്റ് രണ്ടുകാളകളും കഴുത്തുതിരിച്ച് കണ്ണപ്പനു നേരെ നോക്കി. കാളകളുടെ കയറിന്മേലെ പിടിത്തം വിട്ട് യജമാനന്‍ കണ്ണപ്പനുനേരെ ഓടിയടുത്തു. നൊടിയിടയില്‍ കണ്ണപ്പന്‍ വേണുവിനെ ഇടിച്ച് നിലത്തിട്ടിരുന്നു. വീണ്ടും മുക്കുറയിട്ടുകൊണ്ട് കണ്ണപ്പന്‍ വേണുവിനു നേര്‍ക്ക് കുതിച്ചു. അവന്റെ കണ്ണുകളില്‍ നിന്നും തീ പറക്കുകയും വളഞ്ഞ കൊമ്പുകള്‍ക്കിടയില്‍ മിന്നല്‍പ്പിണര്‍ ചിതറുകയും വരിയുടച്ച അവന്റെ ലിംഗം ഒരിക്കലുമില്ലാത്തവിധം ഉദ്ധിതമായി നില്‍ക്കുകയും അതില്‍നിന്നും പുംബീജങ്ങള്‍ ചിതറുകയും ചെയ്തു. ചെളിതെറിപ്പിച്ചുകൊണ്ട് കുതിച്ചുപാഞ്ഞ് അവന്‍ വീണുകിടക്കുന്ന വേണുവിന്റെ വയറിലേയ്ക്ക് കൊമ്പു കുത്തിയിറക്കി. വേണു അലറിവിളിച്ചുകൊണ്ട് തെന്നിമാറി. കൊമ്പ് അവന്റെ വലത്തേ കയ്യിലെ പേശികള്‍ ചിതറിച്ചുകൊണ്ട് ചേറിലേയ്ക്കാഴ്ന്നു. വീണ്ടും കുത്താനായി പിന്നോട്ടുമാറിയ കണ്ണപ്പന്റെ കഴുത്തിലേയ്ക്ക് യജമാനന്‍ ചാടിവീണു.
രക്തത്തില്‍ കുളിച്ച തന്റെ വലതുകയ്യും വലിച്ച് വേണുവും കണ്ണപ്പനുമേല്‍ ചാടിവീണു. വേണു ഒരു പട്ടിയെപ്പോലെ അവന്റെ ചുമലിലും വാലിലും കടിച്ചു മുറിച്ചു. മുന്‍കാലിലെ മുട്ടുകള്‍ മടക്കി ചേറിലേയ്ക്കുതാഴ്ന്നുകൊണ്ട് കണ്ണപ്പന്‍ ദൈന്യതയോടെ ദിനകരനെയും മറ്റ് കാളകളെയും നോക്കി. ദിനകരന്റെ കണ്ണില്‍ ചോരപൊടിയുന്നതും മറ്റ് രണ്ടു കാളകളും ഇവിടെ ഒന്നും നടക്കുന്നില്ല എന്നമട്ടില്‍ മുഖം തിരിക്കുന്നതും അവന്‍ കണ്ടു. യജമാനനും വേണുവും മണിക്കൂറുകളോളം അവനെ തല്ലിക്കൊണ്ടിരുന്നു. യജമാനന്‍ തല്ലുനിറുത്തി വേണുവിനെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയി. അന്ന് പാടത്ത് കാളകളെ പൂട്ടിയില്ല.
പിറ്റേന്ന് കാലത്ത് അടികൊണ്ടു ക്ഷീണിച്ച കണ്ണപ്പനെ അറവുകാരന്‍ വിലപറഞ്ഞു കൊണ്ടുപോയി. വേണു ആശുപത്രിയിലായി. കാളകള്‍ പ്രതീക്ഷിച്ചതുപോലെ ഇടംകയ്യനായ ഉണ്ണി കളത്തിലിറങ്ങിയില്ല. പൊതുവേ കൃഷിയില്‍ താല്പര്യമില്ലാത്ത ഉണ്ണി അച്ഛന് ഒരു കത്തുമെഴുതിവെച്ച് നഗരത്തിലേയ്ക്ക് നാടുവിട്ടു. വേണുവിന് നേരിട്ട അനുഭവം കേട്ട് പേടിച്ചതാവാം പെട്ടെന്ന് ഉണ്ണി നാടുവിടാന്‍ കാരണം. യജമാനന്‍ പതറിയില്ല. അവന്‍ പോയവഴി നോക്കി ഒരുനുള്ള് പുല്ലുപറിച്ചെറിഞ്ഞു. യജമാനന്‍ ഒരു പുതിയ കാളക്കാരനെ തേടിപ്പിടിച്ചുകൊണ്ടുവന്നു. അവരിരുവരും പാടത്തിറങ്ങി. പുതിയ കാളക്കാരന്‍ വേണുവിനെക്കാള്‍ ബലിഷ്ഠനായിരുന്നു. അയാള്‍ വേണുവിനെപ്പോലെ വലത്തേക്കയ്യനായിരുന്നു. കളത്തിലിറങ്ങിയ ഉടനെ അയാള്‍ കാളകളെ പൊതിരെത്തല്ലി. കാളകളുടെ അടികൊണ്ടു തഴമ്പിച്ച വലതുപുറം പൊട്ടി. തല്ലിന്റെ വേദനയില്‍ അവ ഒരു പരാതിയുമില്ലാതെ കലപ്പവലിച്ചു. അന്ന് അവ പതിവിലും അധികം നിലമുഴുതു. ഇതേസമയത്ത് അറവുകാരന്‍ കയറില്‍പ്പിടിച്ചു വലിച്ച് ചെമ്മണ്‍ പാതയിലൂടെ നടത്തുമ്പോള്‍ കണ്ണപ്പന്‍ ഒട്ടുമെതിര്‍ത്തില്ല. അറവുകാരന്‍ കൈകളും കാലുകളും കെട്ടി മരക്കുറ്റിയില്‍ തലചായ്ച്ചുകിടത്തുമ്പോള്‍ അവന്‍ മരണത്തെയോ സ്വര്‍ഗ്ഗത്തെയോ തന്റെ വീരകൃത്യത്തെയോ ഓര്‍ത്തില്ല. അറവുകാരന്റെ കത്തി കഴുത്തില്‍ വീഴുമ്പോഴുള്ള വേദന മാത്രമായിരുന്നു അവന്റെ മനസ്സില്‍.
എഴുതിയത് simy nazareth സമയം Monday, August 25, 2008 9 അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
8/19/2008
കരിവാരം മഞ്ഞവാരം - പ്രതിഷേധിക്കൂ
ബ്ലോഗിലെ പുതുമുഖമായ ശ്രീദേവി നായര്‍ എന്ന വീട്ടമ്മയെയും ഗള്‍ഫ് രാജ്യങ്ങളില്‍ പൊരിവെയിലത്ത് എല്ലുമുറിയെ പണിയെടുക്കുന്നതിനിടയില്‍ ഏതാനും നിമിഷങ്ങളില്‍ തോന്നുന്നത് കോറിവെയ്ക്കുന്ന മുഹമ്മദ് സഗീര്‍ പണ്ടാരത്തിനെയും സ്വതേ അന്തര്‍മുഖനായ ശ്രീ. വെള്ളെഴുത്തിനെയും കളിയാക്കി ദുഷ്ടലാക്കോടെ അനോണിമാഷ് പോസ്റ്റുകള്‍ ഇട്ടതിലും, അതില്‍ വര്‍മ്മമാരുടെ തോന്ന്യവാസത്തിലും പ്രതിഷേധിച്ച് ഞാന്‍ ഒരാഴ്ച്ചത്തേയ്ക്ക് ഈ ബ്ലോഗ് കറുപ്പിക്കുന്നു. തീനാളത്തിന് തീക്ഷ്ണതയില്ലെങ്കിലും ഒരു മെഴുകുതിരി പോലെ ബ്ലോഗില്‍ സഭ്യതയുടെ ഒരു കാലഘട്ടത്തിന് ഈ പോസ്റ്റ് ഒരു നാന്ദിയാവട്ടെ. ഇതില്‍ സഹകരിച്ച് നിങ്ങളുടെ ബ്ലോഗും കറുപ്പിക്കാനും അനോണിമാഷിന്റെ പോസ്റ്റുകള്‍ ബഹിഷ്കരിക്കാനും ഞാന്‍ സവിനയം അഭ്യര്‍ത്ഥിക്കുന്നു.
ഇതുവരെ ബ്ലോഗ് കറുപ്പിച്ച് ഈ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നവര്‍.
1)http://ettumpottum.blogspot.com/
2)http://padayidam.blogspot.com/
എഴുതിയത് simy nazareth സമയം Tuesday, August 19, 2008 37 അഭിപ്രായങ്ങള്‍
ലേബലുകള്‍: പ്രതിഷേധം
8/16/2008
7-ബി തെരുവിലെ ഒരു സംഭവം
പരസ്പരം നോക്കിനില്‍ക്കുന്ന രണ്ട് കെട്ടിടങ്ങള്‍ മാത്രമുള്ള 7-ബി തെരുവിലെ നീലനിറമുള്ള ഫ്ലാറ്റിന്റെ ഒന്നാമത്തെ നിലയിലാണ് അരുണയും പ്രകാശും താമസിക്കുന്നത്. ഫ്ലാറ്റ് പഴയതും പൊടിപിടിച്ചതുമാണ്. അരുണയുടെ വിവാഹം ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ. അതാണ് അവള്‍ രാവിലെ മുതല്‍ വൈകിട്ടുവരെ പ്രകാശിനെയും കാത്ത് ഒറ്റയ്ക്കിരിക്കുന്നത്. രാവിലെ അഞ്ചു മുതല്‍ എട്ടുമണി വരെയും വൈകിട്ട് അഞ്ചുമണിക്കു ശേഷവുമാണ് 7-ബി. തെരുവില്‍ ആളനക്കമുള്ളത്. ഈ നശിച്ച നഗരത്തില്‍ കുടുംബത്തിലെ രണ്ടുപേരും ജോലി ചെയ്തെങ്കിലേ പിടിച്ചുനില്‍ക്കാന്‍ പറ്റൂ. കുട്ടികളെ അതിരാവിലെ തന്നെ സ്കൂള്‍ ബസ്സുകള്‍ വന്ന് കോരിയെടുത്തുകൊണ്ടു പോവും. ഈ രണ്ട് കെട്ടിടങ്ങളില്‍ ഒന്‍പത് മണിക്കുശേഷം അവളല്ലാതെ മറ്റാരെങ്കിലും ഉണ്ടെന്ന് അവള്‍ക്ക് തോന്നിയിട്ടില്ല. നന്നേ വീതിയുള്ള ഒരു മന്തന്‍ പെരുമ്പാമ്പിനെപ്പോലെ തെരുവ് ചത്തുകിടക്കും. രാവിലെയും വൈകിട്ടും മാത്രം ജീവന്‍വെയ്ച്ച് അത് പുളയും. ഇടയ്ക്ക് വക്കുകളില്‍ ദുര്‍ഗന്ധമുള്ള ദ്രാവകം വമിപ്പിയ്ക്കും. ഈ ചുരുങ്ങിയ കാലം കൊണ്ടുതന്നെ അരുണയ്ക്ക് അതിനെ അറച്ചുകഴിഞ്ഞു. തെരുവ് അരുണ വരുന്നതിനു മുന്‍പേ ചത്തതാണ് - ചത്ത തെരുവുകളെ ആര്‍ക്കാണ് ഇഷ്ടം?
ഇങ്ങനെയൊക്കെയാണെങ്കിലും അരുണ രാവിലെമുതല്‍ക്ക് ഒരു കസാരയും വലിച്ചിട്ട് ഒന്നാം നിലയിലെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ ഇരിപ്പാവും. മറ്റെന്ത് ചെയ്യാനാണ് എന്ന് അവള്‍ വിചാരിക്കും. തെരുവിലൂടെ ഒന്‍പതരയ്ക്ക് ഒരു പാല്‍ക്കാരന്‍ വരും. പത്തേ കാലിന് രണ്ട് ഫ്ലാറ്റിന്റെയും വാച്ച്മാന്മാര്‍ എങ്ങോ പോവും. പത്ത് ഇരുപത്തിനാലിന് മഞ്ഞ നിറം പൂശിയ ഒരു കാര്‍ ഏകദേശം നാല്‍പ്പതുകിലോമീറ്റര്‍ വേഗതയില്‍ പോവും. പിന്നെ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികളും ഒരു പെണ്‍കുട്ടിയും പതിനൊന്നരയ്ക്ക്. അതുകഴിഞ്ഞാല്‍ അരുണ കണക്കുവെയ്ക്കാറില്ല. 7-ബി തെരുവ് ഈ കണക്ക് കൃത്യമായി പാലിച്ചുപോന്നു. ഇതുകൊണ്ടുതന്നെ സ്വന്തം ഭാവിയെ കാണുന്ന പ്രതീതിയായിരുന്നു അവള്‍ക്ക്. ഇന്ന് പത്ത് ഇരുപത്തിനാലിന് താന്‍ ഈ ബാല്‍ക്കണിയില്‍ വനിതാ മാസികയും നിവര്‍ത്തി കാലിന്മേല്‍ കാല്‍ പിണച്ച് ഇരിക്കും എന്നും, അപ്പോള്‍ ഏകദേശം നാല്‍പ്പതുകിലോമീറ്റര്‍ വേഗതയില്‍ ഒരു മഞ്ഞക്കാര്‍ പോവും എന്നും, പിന്നീട് ആരൊക്കെ പോവും എന്നും അവള്‍ക്ക് നേരത്തേതന്നെ കൃത്യമായി അറിയാം. ഇന്ന് പ്രകാശ് ഊണിന് വരുമെന്ന് പറഞ്ഞിട്ടുണ്ട് - അയാള്‍ ഇന്ന് ഹാഫ് ഡേ ലീവെടുത്തു. സമയം പതിനൊന്നേ മുക്കാലായി. പ്രകാശ് എപ്പോള്‍ വേണമെങ്കിലും വരാം.
പന്ത്രണ്ടേ കാലായപ്പോള്‍ തെരുവിന്റെ പടിഞ്ഞാറേ അറ്റത്തുനിന്ന് ഒരു പെണ്‍കുട്ടി നടന്നുവരുന്നു. പെണ്‍കുട്ടിയുടെ പിന്നില്‍ നിന്നും പൊടിക്കാറ്റ് അടിച്ച് എല്ലാം മറയ്ക്കുന്നുണ്ട്. അവളുടെ കയ്യില്‍ കുറച്ച് പുസ്തകങ്ങളും ഒരു വാനിറ്റി ബാഗുമുണ്ട് - കോളേജ് വിദ്യാര്‍ത്ഥിനിയാണെന്ന് തോന്നുന്നു. അവളുടെ മുഖം നേരെ കാണാന്‍ വയ്യ, ചുരിദാറാണ് വേഷം. അവള്‍ നടക്കുന്നത് പെട്ടെന്നാണ്. ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുമുണ്ട്. ളവുതിരിഞ്ഞ് തെരുവിലേയ്ക്ക് നാല് പുരുഷന്മാര്‍ പൊടികടന്ന് അവളുടെ പിറകേ വരുന്നു. അവരും നടക്കുന്നത് വളരെ പെട്ടെന്നാണ്. അല്ല, അവര്‍ ഓടുകയാണ്. എന്തോ പ്രശ്നമുണ്ട്. പെട്ടെന്ന് അവള്‍ അയ്യോ എന്നുവിളിച്ച് ഓടിത്തുടങ്ങുന്നു. അവര്‍ അവളെ ഓടിക്കുന്നു. പെണ്‍കുട്ടിയുടെ കയ്യിലെ പുസ്തകങ്ങള്‍ തെറിച്ചുവീണു. അതിനു മീതെ ചവിട്ടിക്കൊണ്ട് പുരുഷന്മാര്‍ വേഗത്തിലോടുകയാണ്. നിലത്ത് ശക്തിയില്‍ വീഴുന്ന കാലടികളുടെ ശബ്ദം. പെണ്‍കുട്ടി ഫ്ലാറ്റിന് ഏകദേശം താഴെയെത്തി. പുരുഷന്മാരുടെ കൂട്ടത്തില്‍ ഒരുവന്‍ മറ്റുള്ളവരെക്കാള്‍ വേഗത്തിലോടി അവളെ പിടിയ്ക്കുന്നു. അവരെ കാണാന്‍ വയ്യ. ഇപ്പോള്‍ അവള്‍ ഫ്ലാറ്റ് കടന്ന്‍ ഓടുന്നു. അവള്‍ അയാളുടെ പിടിത്തം തട്ടിത്തെറിപ്പിച്ച് വീണ്ടുമെഴുന്നേറ്റ് ഓടിയതാണ്. അയാള്‍ മറവില്‍ നിന്നും വന്ന് ഒരു കുതിപ്പിന് അവളെ തള്ളി താഴെയിട്ടു. പെണ്‍കുട്ടി അലറിക്കരയുകയാണ്. ഇത്രയും മെലിഞ്ഞ അവള്‍ക്ക് അത്ര ഉച്ചത്തില്‍ അലറിവിളിക്കാന്‍ പറ്റുന്നതെങ്ങനെ?. തെരുവ്. മണ്ണുപുതഞ്ഞ തെരുവ്. അഴുക്കു തെരുവ്. പൊടിക്കാറ്റ് അടിച്ചുകയറുന്നു. അതില്‍ അവള്‍ പിടയ്ക്കുന്നു. അയാള്‍ അവളുടെ മുഖത്തിട്ട് ആഞ്ഞാഞ്ഞ് അടിക്കുന്നു. അവളുടെ മേല്‍ നുരയ്ക്കുന്നു.
അയാള്‍ക്ക് ചുരുണ്ട മുടിയാണ്. ഇളം മഞ്ഞനിറമുള്ള വീതിയുള്ള മുതുക്. ബലമുള്ള കൈകള്‍. ഒച്ചത്തിലുള്ള മുരളലുകള്‍. അതിനിടയില്‍ നിന്ന് കൊല്ലാന്‍ നേരം ഒരു പക്ഷി ഒച്ചവെയ്ക്കുന്നതുപോലെ ഇടയ്ക്കിടയ്ക്ക് അവളുടെ അര്‍ത്ഥമില്ലാത്ത ചില ഒച്ചകള്‍, പിടച്ചിലുകള്‍. വെള്ളത്തിനടിയില്‍ ഏറെനേരം മുക്കിപ്പിടിച്ച ഒരാള്‍ ശ്വാസമെടുക്കാന്‍ പൊന്തിവന്ന് ഏങ്ങുന്നതുപോലെ അലറിക്കൊണ്ട് അവളുടെ അടികൊണ്ടു കരുവാളിച്ച മുഖം പൊന്തിവന്ന് വലിയ ശബ്ദത്തോടെ ശ്വാസം അകത്തേയ്ക്കു വലിക്കുന്നു. ഒരു ഹിംസ്രജന്തു ആടിനെ കടിച്ചുകീറുന്നതുപോലെയുള്ള പരാക്രമം. മറ്റ് മൂന്നുപേര്‍ ചുറ്റും കൂടിനില്‍ക്കുന്നു. അതിലൊരാള്‍ കത്തിയൂരിപ്പിടിച്ചിരിക്കുന്നു. ഒടുവില്‍ എല്ലാം അടങ്ങി. അവര്‍ ചിരിക്കുകയാണ്. അയാളുടെ ചോരവരകള്‍ വീണ മഞ്ഞമുതുക് ശ്വാസോച്ഛ്വാസം പോലെ ക്രമമായി ഇളകുന്നു. ചത്ത തെരുവില്‍ക്കിടക്കുന്ന മഞ്ഞ നഗ്നത. ഇപ്പോള്‍ പ്രതിരോധമില്ല, പിടിവലികളില്ല. തെരുവ് വീണ്ടും ഉറങ്ങി. ചത്തു.
പ്രകാശ് വഴിയുടെ അറ്റത്തുനിന്നും വരുന്നു. അരുണ പ്രകാശിനെ കണ്ടു. അതുവരെ അവള്‍ പ്രതിമപോലെ മരവിച്ചു നിന്നുപോയിരുന്നു. പെണ്‍കുട്ടിയ്ക്കു ചുറ്റും കൂടിനിന്ന മൂന്ന് പുരുഷന്മാര്‍ പ്രകാശിനെ കണ്ടു. അവരും നിലത്തുകിടന്നയാളും തിരക്കുകൂട്ടി തെരുവിന്റെ പടിഞ്ഞാറേ അറ്റത്തേയ്ക്കു നടന്നു. പ്രകാശ് ഫ്ലാറ്റിന് അടുത്തെത്തുന്നതിനു മുന്‍പുതന്നെ ആരെയോ ഫോണെടുത്ത് വിളിയ്ക്കുന്നു. പെണ്‍കുട്ടി പൊടിപിടിച്ച തെരുവില്‍ നിന്നും എഴുന്നേറ്റ് വശത്തേയ്ക്ക് മാറിയിരുന്നു എന്നു തോന്നുന്നു - അവളെ ഇപ്പോള്‍ കാണാന്‍ പറ്റുന്നില്ല. അരുണ ബാല്‍ക്കണിയില്‍ നിന്ന് ഫ്ലാറ്റിനകത്തേയ്ക്കു കയറി. കര്‍ട്ടന്‍ വലിച്ചിട്ടു. പ്രകാശ് തന്റെ കട്ടിയുള്ള ശബ്ദത്തില്‍ ‘പരിഭ്രമിക്കണ്ട, ഇപ്പോള്‍ പോലീസ് വരും, അവര്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോവും, പരിഭ്രമിക്കണ്ട’ എന്ന് പറയുന്നത് കേള്‍ക്കാം. നിശബ്ദത. പോലീസ് ജീപ്പ് വരുന്ന ശബ്ദം. പെണ്‍കുട്ടി വിതുമ്പിക്കരയുന്ന ശബ്ദം. പ്രകാശ് പോലീസുകാരോട് എന്തൊക്കെയോ സംസാരിക്കുന്ന ശബ്ദം. ജീപ്പ് പോവുന്ന ശബ്ദം. നിശബ്ദത. ഇടവഴിയില്‍ കാലൊച്ചകള്‍. അവ ഉയര്‍ന്നുവരുന്നു. കാളിങ്ങ് ബെല്ലിന്റെ ഒച്ച. ഭാഗ്യം, പ്രകാശ് വന്നു.
പ്രകാശ് വിയര്‍ക്കുന്നുണ്ടായിരുന്നു. പ്രകാശ് തന്നെ കണ്ടോ എന്ന്‍ അരുണയ്ക്ക് ഉറപ്പില്ലായിരുന്നു. അവള്‍ ഒന്നും ചോദിച്ചില്ല. അരുണ തെരുവിലെ ബലാത്സംഗം കണ്ടോ എന്ന് പ്രകാശും ചോദിച്ചില്ല. എന്തൊരു നശിച്ച ദിവസം. കാത്തിരുന്ന് അരദിവസം അവധിയെടുത്തതാണ്. അയാള്‍ ഒന്നും മിണ്ടാതെ അടുക്കളയില്‍ കയറി ഒരു ചായയുണ്ടാക്കാന്‍ തുടങ്ങി. അരുണ അതേറ്റെടുത്ത് പ്രകാശിന് ചായ കൊണ്ടുക്കൊടുത്തു. അയാളുടെ മാറില്‍ ചാഞ്ഞിരുന്ന് അവള്‍ ടി.വി. ഓണ്‍ ചെയ്തു. ചാനലില്‍ ഒരു മലയാള ഹാസ്യചിത്രം. ജഗതിയുടെ തമാശകള്‍. മുന്‍പ് കണ്ട ചിത്രമാണ്. അല്പനേരം കഴിഞ്ഞപ്പോള്‍ അവര്‍ ഇരുവരും ചിരിക്കാന്‍ തുടങ്ങി. ജഗതി വേലിചാടാന്‍ നോക്കി ചാണകക്കുഴിയില്‍ വീണ് എണീറ്റുവരുന്നു. രണ്ടുപേരും ചിരിച്ചുചിരിച്ച് മണ്ണുകപ്പി. ‘പ്രകാശ്, നമുക്കു കഴിക്കാം?’. പ്രകാശ് അവളുടെ മുടിയിലും ചെവിയുടെ പിന്നിലും തലോടി. വിരല്‍ കഴുത്തിലൂടെ മെല്ലെ ഓടിച്ച് കവിളില്‍ തലോടി. കഴുത്തിലൂടെ താഴേയ്ക്ക് അവളുടെ വസ്ത്രത്തിനുള്ളില്‍ കടത്തി, മുലഞെട്ടുകള്‍ ഞെരടിത്തുടങ്ങി. ‘പ്ലീസ് പ്രകാശ്, എനിക്കു വയ്യ’. ‘പ്ലീസ്, അടങ്ങിയിരിക്ക്’. ‘വേണ്ട, വേണ്ട’. പ്രകാശ് അവളുടെ എതിര്‍പ്പ് വകവെയ്ക്കാതെ അവളെ സോഫയില്‍ കിടത്തി. അവളുടെ എതിര്‍പ്പുകള്‍ ഒരു ചുംബനം കൊണ്ടമര്‍ത്തി. സാധാരണയായി ഭോഗത്തിനുമുന്‍പ് പ്രകാശ് സമയമെടുത്ത് അവളെ ഉത്തേജിപ്പിക്കുന്നതാണ്. ഇരുവരും തയ്യാറായിക്കഴിഞ്ഞിട്ടേ പ്രകാശ് അവളില്‍ പ്രവേശിക്കാറുള്ളൂ. ഇപ്പോള്‍ - പ്രകാശ് പെട്ടെന്നുതന്നെ അവളുടെ വസ്ത്രങ്ങള്‍ വലിച്ചൂരി. തന്റെ വസ്ത്രങ്ങള്‍ അത്യാവശ്യത്തിനു മാത്രം ഊരിക്കൊണ്ട് ധൃതിയില്‍ അവളില്‍ പ്രവേശിച്ചു. ഇതുവരെ ഭോഗത്തിലേര്‍പ്പെടുമ്പോളില്ലാത്ത ശക്തിയില്‍, ഉദ്ധതയില്‍, പ്രകാശ് അവളെ ഭോഗിച്ചു. ഇത്രയും ഊര്‍ജ്ജം തന്റെയുള്ളിലുണ്ടെന്ന് പ്രകാശ് ഇതുവരെ തിരിച്ചറിഞ്ഞിരുന്നില്ല. അവന് ചിറകുകള്‍ വീശി പറക്കുന്നതുപോലെ തോന്നി. കട്ടിലില്‍ എന്റെ പെണ്ണ്. എന്റെ പെണ്ണ്‍. ഒരു വേശ്യയെപ്പോലെ, വെപ്പാട്ടിയെപ്പോലെ, നായ്ക്കുട്ടിയെപ്പോലെ. അവള്‍ എന്റേതാണ്. എന്റെ നിയന്ത്രണത്തിലാണ്. ഏറെനേരം നീണ്ടുനിന്ന ഭോഗത്തിനിടയില്‍ എപ്പൊഴോ പ്രകാശ് ഇറുക്കിയടച്ചിരുന്ന തന്റെ കണ്ണുകള്‍ തുറന്നപ്പോള്‍ അരുണ കണ്ണുകള്‍ തുറിച്ച് അയാളുടെ മുഖത്തേയ്ക്കു തന്നെ നോക്കിക്കൊണ്ടു കിടക്കുകയാണ്. പേടിച്ചരണ്ട അവളുടെ മിഴികളില്‍ നിന്ന് കണ്ണുനീര്‍ കവിളിലൂടെ ഒലിച്ചിറങ്ങുന്നു. മുഖം വിളറിവെളുത്തിരിക്കുന്നു. പ്രകാശ് അവളുടെ മേല്‍നിന്ന് എഴുന്നേറ്റു.
‘എന്തുപറ്റി പെണ്ണേ, നീ സെക്സ് ആസ്വദിച്ചില്ലേ?’
ഒരു മരപ്പാവ പോലെ ചലനമറ്റ് അരുണ സോഫയില്‍ കിടന്നു.
‘ഞാന്‍ വിചാരിച്ചു ഏറ്റവും നല്ല ഒന്നായിരുന്നു ഇന്നെന്ന്.. എന്തേ? നിനക്കെന്തുപറ്റി?’
എന്തോ പറയാനാഞ്ഞ അരുണയുടെ വായ തുറന്ന് താടിയെല്ല് താഴേയ്ക്കു വന്നു. അവളുടെ കണ്ണുകള്‍ അകത്തേയ്ക്കു കുഴിഞ്ഞിരുന്നു. അല്പനേരത്തെ നിശ്ചലതയ്ക്കു ശേഷം ചുണ്ടുകള്‍ വിറച്ച് അവള്‍ പതുക്കെപ്പതുക്കെ കരഞ്ഞുതുടങ്ങി. വിതുമ്പല്‍ കൂടിക്കൂടിവന്നു. അവള്‍ പ്രകാശിന്റെ കൈയില്‍ വരിഞ്ഞുപിടിച്ച് പൊട്ടിക്കരഞ്ഞു.
‘എന്തെങ്കിലും പറയൂ. പറ. എന്താണ് നിന്റെ മനസ്സിലെന്ന് പറ.’
അവള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അവളുടെ കൈപ്പത്തികള്‍ തണുത്തിരുന്നു. വിതുമ്പിക്കരയുന്നതിനിടയില്‍ അരുണയുടെ ചുണ്ടില്‍ നിന്നും വാക്കുകള്‍ ചിതറി.
‘പേടി.. പേടി.. എന്റെ തൊലി ഉരിഞ്ഞുപോവുന്നതുപോലെ. എന്നെ വസ്ത്രങ്ങളുരിച്ച്, തൊലിയുരിച്ച്, ഇറച്ചിക്കടയില്‍ തൂക്കിയിട്ടിരിക്കുന്നതുപോലെ. നിങ്ങള്‍ എന്റെ ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ എനിക്ക് ഒരു കൈവിരല്‍ പോലും അനക്കാനാവാത്തതുപോലെ. എനിക്ക് എന്റെമേല്‍ ഒരു നിയന്ത്രണവുമില്ലാത്തതുപോലെ. എനിക്കൊന്നു ശ്വാസം വിടാന്‍ പോലും ശക്തിയില്ലാത്തതുപോലെ. തെരുവില്‍ വസ്ത്രമുരിഞ്ഞ് എന്നെ ഒരു കമ്പിയില്‍ കുത്തി നാട്ടിയിരിക്കുന്നതുപോലെ. എനിക്കു പേടിയാവുന്നു പ്രകാശ്. എനിക്കു പേടിയാവുന്നു. എന്നെ വിടല്ലേ.’
പ്രകാശ് തലയ്ക്കുകയ്യും കൊടുത്ത് അല്പനേരം സോഫയിലിരുന്നു. ‘സാരമില്ല, സാരമില്ല’. അയാള്‍ അവളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
എഴുതിയത് simy nazareth സമയം Saturday, August 16, 2008 9 അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
8/15/2008
കാമയുടെ കഥ
കാമ കടല്‍ കണ്ടിട്ടില്ല. ജനനം മുതല്‍ അവള്‍ കണ്ടിട്ടുള്ളത് റ്റാങ്കന്യിക തടാകമാണ്. തടാകം കടല്‍ പോലെ വലുതാണെന്നാണ് കാമയുടെ മുത്തശ്ശി പറഞ്ഞിട്ടുള്ളത്. കാമയുടെ മുത്തശ്ശിയും കടല്‍ കണ്ടിട്ടില്ല. റ്റാങ്കന്യിക തടാകത്തിന് അറ്റമില്ല. ഉണങ്ങിയ പാറമലകള്‍ കടന്നുവരുന്ന ആഫ്രിക്കന്‍ കുറുമ്പന്‍കാറ്റ് വീശുമ്പോള്‍ തടാകത്തിലും തിരകളുരുളും. എന്നിട്ട് കരയിലേയ്ക്ക് അടിച്ചുകയറി പതച്ചു പിന്‍വാങ്ങും. എന്നും റ്റാങ്കന്യികയില്‍ ചുവപ്പുനിറം വാരിക്കലക്കിക്കൊണ്ട് സൂര്യന്‍ അസ്തമിക്കും.
പണ്ട് കാമയുടെ കുടില്‍ നില്‍ക്കുന്നിടവും ചതുപ്പുകളും വെള്ളത്തില്‍ മുങ്ങിക്കിടന്നു എന്നാണ് മുത്തശ്ശി പറഞ്ഞത്. റ്റാങ്കന്യകയ്ക്ക് പണ്ട് നീലനിറമായിരുന്നുത്രേ. ഇന്നത്തെപ്പോലെ ചാരനിറമല്ല. അമരിപ്പൂവിന്റെ നിറം. മുത്തശ്ശന്‍ റ്റാങ്കന്യികയുടെ തീരത്ത് കുടില്‍ കുത്തിയതാണ്. ഇന്ന് കുടില്‍ റ്റാങ്കന്യികയില്‍ നിന്നും അകന്നുപോയി. റ്റാങ്കന്യിക ചുരുങ്ങുകയാണെന്നാണ് മുത്തശ്ശി പറഞ്ഞത്. കാമയുടെ കുട്ടിക്കാലത്ത് മുത്തശ്ശിയ്ക്ക് നല്ല വണ്ണമുണ്ടായിരുന്നു. ഞാന്നുകിടക്കുന്ന കാതില്‍ വലിയ കടുക്കനുമിട്ട്, തടിക്കട്ടകള്‍ കോര്‍ത്ത മാലയുമിട്ട്, മാറുമറയ്ക്കാതെ, കറപിടിച്ച പല്ലും കാണിച്ച് ചിരിച്ച്, കാമയെ മടിയിലിരുത്തി മുത്തശ്ശി കഥകള്‍ പറഞ്ഞുകൊടുക്കും. റ്റാങ്കന്യികയിലെ യുദ്ധങ്ങളുടെ കഥ. കറുപ്പും ചാരവും നിറമുള്ള ബോട്ടുകളില്‍ പൊടിപിടിച്ച വെള്ള മനുഷ്യര്‍ റ്റാങ്കന്യികയില്‍ രാത്രി പരസ്പരം തീതുപ്പിയ കഥ. തടാകത്തില്‍ മറിഞ്ഞ കൂറ്റന്‍ കപ്പലിന്റെ കഥ. ഇരുളില്‍ മനുഷ്യനെ പിടിച്ചുതിന്നുന്ന ജലജീവികളുടെ കഥ. മുത്തശ്ശിയ്ക്ക് ധാരാളം കഥകളറിയാമായിരുന്നു. മുത്തശ്ശി ചുരുങ്ങിപ്പോയി. മരിക്കുന്നതിനു മുന്‍പ് മുത്തശ്ശി എല്ലും തോലുമായിരുന്നു. റ്റാങ്കന്യികയും ചുരുങ്ങിച്ചുരുങ്ങി ഒരുദിവസം വറ്റിപ്പോവും. പക്ഷേ ഇപ്പോഴും എത്ര നോക്കിയാലും റ്റാങ്കന്യകയുടെ അറ്റം കാണാന്‍ പറ്റില്ല.
രാത്രി കാമ കുടിലിനു മുന്‍പില്‍ തീയിടും. കണ്ണുകാണാതെ വെള്ളം തിരഞ്ഞുവരുന്ന കാട്ടാനകള്‍ കുടില്‍ ചവിട്ടിപ്പൊളിക്കാതിരിക്കണമല്ലോ. വരയന്‍ സീബ്രകളും കാട്ടുകാളകളും കൂട്ടത്തോടെ വെള്ളം കുടിക്കാനെത്തും. അവയുടെ മുക്കുറ കേള്‍ക്കുമ്പോള്‍ രാത്രിയില്‍ ഉറക്കമില്ലാതെ കിടന്ന് കാമയുടെ മൂത്ത മകന്‍ പറയും: “അമ്മേ, ഞാനൊരു കാളയെ കൊന്നാലോ? നമുക്ക് ഒരു മാസം തിന്നാല്ലോ“. അപ്പോള്‍ വാതിലില്‍ ചാരിയ പാളിയുടെ വിടവിലൂടെ ആഫ്രിക്കന്‍ നക്ഷത്രങ്ങള്‍ വീണ് അവന്റെ കണ്ണുകള്‍ തിളങ്ങും. കാമ അവന്റെ നെറ്റിയില്‍ തലോടും. അവന്‍ സ്വപ്നവും കണ്ട് ഉറങ്ങും.
കാമയുടെ ഇളയ മക്കള്‍ ഇരട്ടക്കുട്ടികളായിരുന്നു. അവര്‍ മത്സരിച്ച് കരയുന്ന ദിവസമാണ് കാമയുടെ ഭര്‍ത്താവ് ഒറ്റയാള്‍ തുഴയുന്ന ചെറിയ വഞ്ചിയുമെടുത്ത് റ്റാങ്കന്യികയിലേയ്ക്ക് ഇറങ്ങിപ്പോയത് - കുഞ്ഞുങ്ങള്‍ക്ക് വിശക്കുന്നു എന്നും പറഞ്ഞ്. കാമ ഒരു കുഞ്ഞായിരുന്നപ്പോള്‍ റ്റാങ്കന്യികയില്‍ നിറയെ മീനായിരുന്നു. മലകളില്‍ നിന്ന് വെള്ളച്ചാട്ടത്തിലൂടെ നൂണിറങ്ങിവരുന്ന രുചിയുള്ള മത്സ്യങ്ങള്‍. ഉറവകളിലെ ലവണങ്ങള്‍ തിന്നുന്നതുകൊണ്ടാണത്രേ അവയ്ക്ക് ഇത്ര രുചി. മുത്തശ്ശി തുറിച്ച കണ്ണും തുറന്ന വായയുമുള്ള കിളിമീന്റെ തലക്കറി വെയ്ക്കുന്നത് ഓര്‍ക്കുമ്പോള്‍ കാമയുടെ വായില്‍ ഇപ്പൊഴും ഉമിനീര്‍ നിറയും. പഴുക്കാത്ത കാട്ടുമാങ്ങ മുറിച്ചിട്ട്, ഉപ്പും മുളകും കലര്‍ത്തി, അല്പം ചവര്‍പ്പും പുളിയും ഇളംചൂടുമുള്ള മീന്‍കറി. ഇപ്പൊ മാങ്ങയില്ല. മീനില്ല. കാട് ഉണങ്ങിപ്പോയി.
കാമയുടെ ഭര്‍ത്താവ് തിരിച്ചുവന്നില്ല. കാമ കുടിലില്‍നിന്നിറങ്ങുമ്പോള്‍ മക്കള്‍ ഉറങ്ങുകയായിരുന്നു. റ്റാങ്കന്യികയില്‍ നിന്നും അധികം മീന്‍ കിട്ടില്ല. അതാവും മുത്തശ്ശി ചുരുങ്ങിച്ചുരുങ്ങി മരിച്ചുപോയത്. ഇരട്ടക്കുട്ടികളില്‍ ഒരാളും മരിച്ചുപോയി. കാമ നന്നേ മെലിഞ്ഞു. വാതിലില്‍ പിടിച്ച് മക്കളെ നോക്കിയപ്പോള്‍ മച്ചില്‍ ഒരു പല്ലി. പറന്നുനടക്കുന്ന ഒരു മണിയനീച്ചയെ കണ്ണിമയ്ക്കാതെ നോക്കി പല്ലി അനങ്ങാതെ ഒട്ടിയിരിക്കുന്നു. റ്റാങ്കന്യികയില്‍ ഒരു മുതലയുണ്ട്. ഗുസ്താഫ് എന്ന ആള്‍പിടിയന്‍ മുതല.
ഗുസ്താഫ് തടാകത്തിലൂടെ നീന്തുമ്പോള്‍ ഓളം പോലും വെട്ടില്ല. വെള്ളത്തിനുമുകളില്‍ സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണാന്‍ പറ്റുന്ന നാസാദ്വാരങ്ങള്‍ പതുക്കെ ഒഴുകിവരും. ഒരു ഉണങ്ങിയ പൊങ്ങുതടിപോലെ ശല്‍ക്കങ്ങള്‍ നിറഞ്ഞ മുതുകിന്റെ ഒരു വര മെല്ലെ അനങ്ങും. കുടിലിന്റെ മച്ച് മേഞ്ഞിരുന്ന മരക്കൊമ്പുകളില്‍ പല്ലി അതിവേഗത്തില്‍ ഒന്നനങ്ങി. മണിയനീച്ച അത് അറിയുന്നതിനു മുന്‍പേ ഈച്ചയുടെ അടുത്തെത്തി പല്ലി വീണ്ടും നിശ്ചലമായി. ഗുസ്താഫ് പിടിച്ചുതിന്നവര്‍ എത്രയെന്ന് ആര്‍ക്കുമറിയില്ല. ഗുസ്താഫിന്റെ പ്രായവും ആര്‍ക്കും അറിയില്ല. മുത്തശ്ശിയുടെ കാലത്തിനും മുന്‍പേ ഗുസ്താഫ് ഉണ്ട്. ഇരുളില്‍ നീന്തി മെല്ലെ അടുത്തെത്തി, വാലുചുഴറ്റിയടിച്ച് ഭീകരമായ ശബ്ദത്തോടെ വള്ളം മറിച്ചിട്ട്, തെറിച്ചുവീഴുന്ന മനുഷ്യനെ വലിയ വാ തുറന്ന് ആയിരം കഠാരപോലെ നിരന്ന കൂര്‍ത്ത പല്ലുകള്‍ കൊണ്ടുകോര്‍ത്ത് റ്റാങ്കന്യകയെ രക്തം കൊണ്ടു ചുവപ്പിച്ച് - പല്ലി നൊടിയിടയില്‍ നാവുനീട്ടി ഒരുനിമിഷം അടുത്തുവന്ന ഈച്ചയെ ഒരു നിമിഷാര്‍ദ്ധംകൊണ്ടു കടിച്ചുപിടിച്ചതും പിന്നെ താടിയെല്ലിന്റെ രണ്ട് അനക്കങ്ങള്‍ കൊണ്ട് വായിലേയ്ക്കിറക്കിയതും ഈച്ചയുടെ പറക്കയറ്റ ചിറകുകള്‍ പുറത്തേയ്ക്കു തുപ്പിയതും കാമ വികാരങ്ങളില്ലാതെ നോക്കിനിന്നു. കാമയുടെ ഭര്‍ത്താവിനെ ഗുസ്താഫ് കൊന്നു എന്ന് അവള്‍ക്ക് അപ്പോഴും വിശ്വാസം വന്നില്ല. തടാകത്തിനക്കരെ, നിറയെ ഭക്ഷണമുള്ള എവിടെയോ, അയാള്‍ സുഖമായി ജീവിക്കുന്നുണ്ടാവണം. വള്ളം തകര്‍ന്നുപോയിട്ടുണ്ടാവണം. മക്കളെയും കാമയെയും കാണാന്‍ തിടുക്കമായിട്ടുണ്ടാവണം.
തടാകത്തിനു ചാരെ, ചാഞ്ഞുനിന്ന ഒരു ഒതളമരക്കൊമ്പില്‍ കെട്ടിയിരുന്ന വള്ളം അഴിച്ച് കാമ വള്ളത്തിലേയ്ക്കു കയറി. അവള്‍ വെറുതേ കയ്യിട്ട് വെള്ളത്തില്‍ തൊട്ടുനോക്കി. തണുപ്പ്. പണ്ട് കല്യാണം കഴിഞ്ഞ് കാമയും ഭര്‍ത്താവും രാത്രി കിടന്നുറങ്ങിയത് തടാകക്കരയിലായിരുന്നു. അന്ന് തീക്കുണ്ഠത്തിന്റെ വെളിച്ചം അണഞ്ഞ് ആളുകള്‍ പിരിഞ്ഞശേഷവും അവള്‍ വെറുതേ ചിരിച്ചുകൊണ്ടിരുന്നു. ഭര്‍ത്താവ് അല്പം നടന്ന്‍ കൈക്കുമ്പിളില്‍ റ്റാങ്കന്യികയിലെ വെള്ളമെടുത്ത് കാമയുടെ മുഖത്തും പൊക്കിളിലുമൊഴിച്ചു. അന്ന് വയര്‍ വിറപ്പിച്ച അതേ തണുപ്പ്, ഇന്നും റ്റാങ്കന്യികയിലെ വെള്ളത്തിന്. തണുപ്പത്തും തടാകത്തിന്റെ അരികില്‍, പൊക്കമുള്ള ഒരു കറുത്ത പാറയില്‍ നിന്ന് തുണിയുടുക്കാത്ത കറുത്ത കുട്ടികള്‍ ഒന്നൊന്നായി താഴെ വെള്ളത്തിലേയ്ക്കു ചാടുന്നു. വായുവില്‍ കൈകള്‍ കൂപ്പി മെലിഞ്ഞ കാലുകള്‍ വളച്ച് ഉറക്കെ വിളിച്ചുകൊണ്ട് ബ്ലും എന്ന ശബ്ദത്തോടെ വീണ് വെള്ളം പൊക്കത്തില്‍ തെറിപ്പിച്ച് തടാകത്തിന്റെ അടിയിലേയ്ക്കു പോവുന്നു. റ്റാങ്കന്യികയില്‍ ചാരനിറത്തില്‍ കുമിളകളുയരുന്നു. പിന്നെ ഇനി പൊങ്ങിവരില്ല എന്നു തോന്നുന്ന നിമിഷത്തില്‍, എല്ലുന്തിയ കുട്ടികള്‍ പൊന്തിവന്ന് തടാകത്തില്‍ നീന്തിത്തിമിര്‍ക്കുന്നു. ഗുസ്താഫ് എവിടെയാണ്? ഭര്‍ത്താവ് പോയതില്‍പ്പിന്നെ കാമ മക്കളെ വെള്ളത്തില്‍ കളിക്കാന്‍ വിടാറില്ല.
വള്ളം തുഴഞ്ഞ് അവള്‍ തടാകത്തിന്റെ അകത്തെത്തി. അകലെ അവളുടെ കുടിലും തീരവും കുട്ടികളുമെല്ലാം ചുരുങ്ങിച്ചുരുങ്ങിവന്നു. ഓര്‍മ്മകള്‍ മാത്രം ചുരുങ്ങിയില്ല. കാമ വല നിവര്‍ത്ത്, അതിലെ കണ്ണികള്‍ ശരിയാക്കി തടാകത്തിലേയ്ക്ക് വീശിയിട്ടു.
റ്റാങ്കന്യികയ്ക്ക് എന്തോ പ്രശ്നമുണ്ട്. എത്ര വലയിട്ടാലും മീന്‍ കിട്ടില്ല. കാമ ഉച്ചവരെ വലവലിച്ചിട്ടും വലയില്‍ ഒരു ചെറുമീന്‍ പോലും കുരുങ്ങിയില്ല. നദിയില്‍ അപ്പോഴും മോട്ടോര്‍ പിടിപ്പിച്ച വലിയവള്ളങ്ങള്‍ മുരണ്ടുനടന്നു. കീല്‍ പുരട്ടിയ വലിയ വള്ളത്തില്‍ നിന്നും വിരിച്ച വല തടാകത്തിന്റെ നടുക്കുവരെ നീളും എന്നു തോന്നി. വലയില്‍ കെട്ടിയിട്ട തടിക്കട്ടകള്‍ നീണ്ട ഒരു വരപോലെ വെള്ളത്തില്‍ പൊങ്ങിക്കിടന്നു. വള്ളത്തില്‍ നാലുപേരായിരുന്നു. രണ്ട് ചെറുപ്പക്കാര്‍. അന്‍പതിനടുത്ത് പ്രായമുള്ള വള്ളം മുതലാളി. പിന്നെ കാമയുടെ മൂത്തമകന്റെ ഒരു കൂട്ടുകാരന്‍ - പന്ത്രണ്ടു വയസ്സു വരും അവന്. അവന്‍ കാമയെ കണ്ടപ്പോള്‍ വള്ളത്തിലിരുന്ന് ചിരിച്ചുകൊണ്ട് കൈവീശി. വള്ളക്കാര്‍ വല വലിച്ച് തിരികെ വള്ളത്തില്‍ കയറ്റുന്നത് അവള്‍ വെറുതേ നോക്കിയിരുന്നു. അത്രയും നീളമുള്ള വലയിലും മീന്‍ പിടയ്ക്കുന്നില്ല. വെള്ളം കൊണ്ടുള്ള ഒരു മരുഭൂമിയാണ് റ്റാങ്കന്യിക എന്നു തോന്നി.
ഉച്ചയ്ക്ക് സൂര്യന്‍ തടാകത്തിനു കത്തിനിന്നപ്പോള്‍ കാമയുടെ കൂട്ടുകാരി വള്ളവും തുഴഞ്ഞ് അടുത്തെത്തി.
എന്തായി, മീന്‍ വല്ലോം കിട്ടിയോ?
ഇല്ല. നിനക്കോ?
ഇല്ല. നശിച്ച തടാകം. ഇതില്‍ മീനില്ല. വെറുതേ വലയിട്ടിട്ട് കാര്യമില്ല. ഈ പണി നിറുത്തണം.
പിന്നെ എന്തു ചെയ്യാനാണ്?
എന്തു ചെയ്യാനാണ്? എന്റെ ഭര്‍ത്താവ് തോട്ടത്തില്‍ നിന്നും തിരിച്ചുവന്നു. അങ്ങോട്ട് ചെല്ലാന്‍ പറയുന്നു.
നീയും പോകുവാണോ?
പോകാതെ എന്തു ചെയ്യാനാണ്? വെറുതേ വലയിട്ടിട്ട് എന്തുകാര്യം. എന്തെങ്കിലും തിന്നണ്ടേ?
ഒരു മഴ പെയ്തെങ്കില്‍.. മഴ പെയ്തെങ്കില്‍ നദികളിലെ മീനെല്ലാം ഒലിച്ച് തടാകത്തില്‍ വന്നേനെ.
എത്ര മഴ പെയ്തിരിക്കുന്നു. നീയും വരുന്നോ? ഞാനെന്റെ ഭര്‍ത്താവിനോടു പറയാം.
തോട്ടം എവിടെയാണ്?
അറിയില്ല. വളരെ ദൂരെയാണെന്നു മാത്രം അറിയാം. നീയും വാ.
ഇല്ല. ഞാനില്ല.
വാ പെണ്ണേ. ഇവിടെ മീനില്ല. വെറുതേ വലയിട്ടിട്ട് എന്തുചെയ്യാനാണ്?
എന്തു ചെയ്യാനാണ്. മീന്‍ വരും. എനിക്കാകെ രണ്ടു മീന്‍ മതിയല്ലോ.
രണ്ടു മീന്‍ കൊണ്ട് എന്തുചെയ്യാനാണ്? നിങ്ങള്‍ മൂന്നുപേരില്ലേ?
മീന്‍ വരും.
ഞാന്‍ പോണു. എനിക്ക് എന്തെങ്കിലും കിട്ടിയാല്‍ ഞാന്‍ തിരക്കി വരാം.
കാമ ഒറ്റയ്ക്ക് വീണ്ടും വീണ്ടും വലയെറിഞ്ഞു. ഏകാന്തമായ ഒരു പരിശ്രമമായിരുന്നു അത്. ദൂരെ ചക്രവാളസീമയില്‍ ഒരു വലിയ വള്ളം പൊട്ടുപോലെ നീങ്ങുന്നുണ്ടായിരുന്നു. പണ്ട് യുദ്ധത്തില്‍ തകര്‍ന്ന പടക്കപ്പല്‍ അവിടെയെങ്ങോ മുങ്ങിക്കിടക്കുന്നുണ്ടാവണം. ഇരുമ്പ് തുരുമ്പിച്ച് അമ്ലരസമുള്ള ആ വെള്ളത്തില്‍ മത്സ്യങ്ങള്‍ കൂടുതലായിരിക്കണം. ആ കപ്പലിന്റെ അറകളിലെവിടെയോ ആയിരിക്കണം ഗുസ്താഫിന്റെ കൂട്. ഇരകളുടെ അവശിഷ്ടങ്ങള്‍ വലിച്ച് ഗുസ്താഫ് കൊരുത്തുണ്ടാക്കിയ ഒരു അസ്ഥിക്കൂട്. കാമ അങ്ങോട്ട് പോകാറില്ല.
വൈകുന്നേരം എപ്പൊഴോ വല കടിച്ചുമുറിച്ചുകൊണ്ട് വലക്കണ്ണികളില്‍ ഒരു ഞണ്ട് തൂങ്ങിക്കിടന്നു. നക്ഷത്രചിത്രമുള്ള അതിന്റെ തോട് കാമ ഒരു തടിക്കഷണം കൊണ്ട് തല്ലിപ്പൊട്ടിച്ചു. പിന്നെയും പിടച്ചുകൊണ്ടിരുന്ന ഞണ്ടിനെ ശ്രദ്ധയോടെ അവള്‍ ഒരു തകരത്തൊട്ടിയിലേയ്ക്കു മാറ്റി. ഒരു ഞണ്ട് ഒന്നുമാവില്ല.
നേരം ഇരുണ്ടുതുടങ്ങി. കാമയ്ക്ക് അപ്പോഴും മീനൊന്നും കിട്ടിയിരുന്നില്ല. രാവിലെ കുഞ്ഞുങ്ങള്‍ കാട്ടില്‍ക്കയറി എന്തെങ്കിലും തിന്നുകാണണം. ഉച്ചയ്ക്ക് അവര്‍ എന്തെങ്കിലും തിന്നുകാണുമോ? അവള്‍ക്കും ഉച്ചയ്ക്ക് എപ്പൊഴോ വിശന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ - സന്ധ്യാനേരത്ത് - വിശപ്പുമാറി കുടലില്‍ ഒരുതരം പൊരിച്ചിലാണ് തോന്നിയത്. മക്കള്‍ക്ക് വിശക്കുമോ? അവള്‍ ആലോചിക്കാതിരിക്കാന്‍ ശ്രമിച്ചു. ആലോചിച്ചിട്ട് കാര്യമില്ല. പക്ഷേ വീട്ടില്‍ പോവണം.
അപ്പൊഴേയ്ക്കും മടക്കയാത്രയില്‍ വലിയ വള്ളം കാമയുടെ വള്ളത്തിന് അല്പം അകലെക്കൂടെ കരയിലേയ്ക്കു പോവുകയായിരുന്നു. കാമ വള്ളം തുഴഞ്ഞ് വലിയ വള്ളത്തിനടുത്തെത്തി. വള്ളത്തിന്റെ മൂപ്പന്‍ കുഴിഞ്ഞ കണ്ണുകള്‍ കൊണ്ട് കാമയുടെ മുഖത്തും ശരീരത്തിലും നോക്കി. കറപിടിച്ച നാലഞ്ചു പല്ലുകള്‍ പുറത്തുകാണിച്ചുകൊണ്ട് വൃത്തികെട്ട ഒരു ചിരി ചിരിച്ച് അയാള്‍ ചോദിച്ചു:
“മീന്‍ വേണോ?”
കാമ ഒന്നും മിണ്ടിയില്ല.
“മീന്‍ വേണങ്കി മതി. അല്ലെങ്കില്‍ തിരിച്ചുപോടീ. നിനക്കു മീന്‍ വേണോടീ?”
കാമ വേണം എന്നു തലയാട്ടി. അവളുടെ നോട്ടം അയാളുടെ കണ്ണില്‍ തറഞ്ഞുനിന്നു.
“ഉം, വള്ളം അടുപ്പിക്ക്”
കാമ വള്ളം തുഴഞ്ഞ് വലിയ വള്ളത്തിന്റെ അരികില്‍ ഞാന്നുകിടന്ന വടം തന്റെ വള്ളത്തിന്റെ മുനമ്പില്‍ കെട്ടി. തുഴ താഴ്ത്തി വള്ളത്തിനു അകത്തുവെയ്ച്ചു. ചെറുപ്പക്കാരിലൊരാള്‍ കാമയ്ക്ക് പിടിച്ചുകയറാന്‍ തന്റെ കൈ നീട്ടിക്കൊടുത്തു. അവള്‍ വീഴാതെ ശ്രദ്ധിച്ച് വലിയ വള്ളത്തില്‍ വലിഞ്ഞുകയറി.
ചെറുപ്പക്കാരില്‍ രണ്ടാമന്‍ കാമയെ നോക്കി ചിരിച്ചുകൊണ്ട് നീട്ടി ഒരു ചൂളമടിച്ചു. കാമ ഒന്നും മിണ്ടിയില്ല. അവന്‍ ഒരു തകരം കൊണ്ട് അടച്ചിരുന്ന ചളുങ്ങിയ തൊട്ടി തുറന്നു. അതിനകത്ത് നിറയെ മീനുകള്‍ അല്പം മാത്രം വെള്ളത്തില്‍ ചെളികലക്കിക്കൊണ്ട് പിടയ്ക്കുന്നു. മൂപ്പന്‍ വീണ്ടും ചോദിച്ചു, “മൂന്നു മീന്‍ മതിയോടീ”? അവള്‍ അപ്പോഴും ഒന്നും മിണ്ടിയില്ല.
കാമയുടെ മകന്റെ കൂട്ടുകാരന്‍ - പന്ത്രണ്ടുവയസ്സുകാരന്‍ പയ്യന്‍ - എന്താണ് നടക്കുന്നതെന്നറിയാതെ നാലുപേരെയും അമ്പരന്ന് നോക്കി. പകലന്തിയോളം കഷ്ടപ്പെട്ടു പിടിച്ച മീന്‍ കാമയ്ക്ക് കൊടുക്കുന്നതെന്തിനാണെന്ന് അവന് ഒട്ടും മനസിലായില്ല. അവന്‍ ഈ വള്ളത്തില്‍ വന്നിട്ട് അധികം നാളായില്ല. മൂപ്പന്‍ നോട്ടംകൊണ്ട് അവളുടെ ശരീരത്തിലുഴിഞ്ഞു.
നേരം ഇരുട്ടിയപ്പോള്‍ കാമ എഴുന്നേറ്റു. മൂപ്പന്‍ കലത്തില്‍ കയ്യിട്ട് മൂന്ന് മുഴുത്ത മത്സ്യങ്ങളെപ്പിടിച്ചു. പിടയ്ക്കുന്ന മത്സ്യങ്ങളെ നിലത്തിട്ട് ഒരു തടിക്കഷണം കൊണ്ട് അവയുടെ തലയ്ക്കു തല്ലിക്കൊന്നു. തല്ലു കൊള്ളുന്നതനുസരിച്ച് മത്സ്യങ്ങളുടെ പിടച്ചില്‍ കുറഞ്ഞുകുറഞ്ഞുവന്ന് ഒടുവില്‍ അവ നിശ്ചലമായി. എന്നിട്ട് മൂപ്പന്‍ പയ്യനെ നോക്കി ചിരിച്ചുകൊണ്ട് ‘നിന്റെ പേരിലും ഇരിക്കട്ടെ ഒരെണ്ണം’ എന്നുപറഞ്ഞ് കാമയ്ക്ക് നാലാമതൊരു ചെറിയ മത്സ്യം കൂടി നല്‍കി. പയ്യന്‍ നിലത്തുനോക്കി തലയും കുമ്പിട്ടിരുന്നു. ‘അവന്‍ വളര്‍ന്നോളും’ - മൂപ്പന്‍ കൂട്ടുകാരെ നോക്കി വീണ്ടും ചിരിച്ചു. കാമയെ വള്ളത്തില്‍ വലിച്ചുകയറ്റിയ യുവാവു തന്നെ അവളെ കൈപിടിച്ച് അവളുടെ വള്ളത്തിലേയ്ക്കിറക്കി.
വള്ളം കുടിലിനോട് അടുത്തപ്പോള്‍ ഇരുട്ടായിരുന്നു. മറ്റ് വള്ളങ്ങളൊന്നും അടുത്തില്ല എന്നുറപ്പായപ്പോള്‍ അവള്‍ തടാകത്തിലെ വെള്ളമെടുത്ത് സ്വയം കഴുകിത്തുടങ്ങി. അല്പം ഉപ്പുരസമുള്ള വെള്ളം വീണപ്പോള്‍ അവളുടെ അകമാകെ നീറുന്നുണ്ടായിരുന്നു. വള്ളത്തില്‍ നിലത്തുകിടക്കുന്ന ചത്ത മത്സ്യങ്ങളെ നോക്കിയപ്പോള്‍ അവള്‍ക്ക് ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു.
അവള്‍ കുടിലിലേയ്ക്ക് കയറുമ്പോള്‍ മൂത്ത മകന്‍ കാമയെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവന്റെ തലയില്‍ തലോടിക്കൊണ്ട് അവള്‍ തീകൂട്ടി മീന്‍ ചുട്ടുതുടങ്ങി. പൊള്ളിയ മീന്റെ മണമടിച്ചപ്പോള്‍ ഉറങ്ങിക്കിടന്ന ഇളയ കുഞ്ഞും എണീറ്റു. റ്റാങ്കന്യികയിലെ മത്സ്യങ്ങള്‍ക്ക് അന്നും വളരെ രുചിയായിരുന്നു. ദൂരെ മലകളുടെ മുകളില്‍ നിന്ന് വെള്ളച്ചാട്ടങ്ങളും കടന്ന്‍ വന്നവയാവണം അവ. വയറുനിറയെ മീന്‍ പിച്ചിത്തിന്ന് കൈ നക്കിക്കൊണ്ട് ഇളയ കുട്ടി ചോദിച്ചു.
“അമ്മേ, നാളെയും മീന്‍ കൊണ്ടുവര്വോ?”
കാമ അവളെ നോക്കി വാത്സല്യത്തോടെ ചിരിച്ചു.
എഴുതിയത് simy nazareth സമയം Friday, August 15, 2008 5 അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ