ജനിയുടെ ആദ്യസ്മൃതികള് തുടങ്ങുന്നത് മണ്ണിന്റെ മണത്തില്‍ നിന്നാണ്. ചുറ്റിലും ചൂഴുന്ന ഇരുട്ടില്‍ നിന്ന് വേരുകള്‍കൊണ്ട് ചെറുകല്ലുകളും മണ്‍തരികളും തെരുത്തുപിടിച്ച്, കണ്ണുപൊത്തുന്ന കൂരിരുട്ടിന്റെ പാളികള്‍ വകഞ്ഞ്, മുകളിലേയ്ക്ക്!, മണ്തരികളെ തള്ളിമാറ്റി മുകളിലേയ്ക്കുയരുമ്പോള്‍ പെട്ടെന്നു വെളിച്ചം! പ്രകൃതിയുടെ വശ്യസൌന്ദര്യം നുകര്‍ന്ന് രണ്ടിതളുകള്‍ ആകാശത്തേയ്ക്കു വിടര്‍ത്തുമ്പോള്‍ തേന്‍കണമായി ഒരു മഴത്തുള്ളി!. ഇലകള്‍ വിരിയ്ക്കുമ്പോള്‍ ഇതളുകളെ ത്രസിപ്പിച്ച് ഒരു കുഞ്ഞുകാറ്റ്. മുട്ടോളം വളരുമ്പോള്‍ തണ്ടുകളിലിക്കിളിയാക്കിക്കൊണ്ട് ഒരു പൂത്തുമ്പി! ഭൂമിയുടെ അറകളില്‍ ചികഞ്ഞ് ജീവജലം വേരുകള്‍കൊണ്ട് മതിവരാതെ കുടിച്ച് ആയിരം ശിഖരങ്ങള്‍ വിടര്‍ത്തി മുകളിലേയ്ക്ക്. ദൂരേയ്ക്കോടുന്ന മേഖങ്ങളെ പിന്തുടര്ന്ന് മുകളിലേയ്ക്ക്. രാവില്‍ ചിരിക്കുന്ന പൂര്‍ണ്ണേന്ദുവെ പുണരാന്‍ വെമ്പി മുകളിലേയ്ക്ക്! ആകാശത്തിന്റെ മച്ചിനെ പിടിച്ചുകുലുക്കാന്‍ മുകളിലേയ്ക്ക്! ഇലകളെ വളച്ച് കൂടുണ്ടാക്കുന്ന തുന്നാരനെ പതുക്കെ കാറ്റില്‍ കുലുക്കി, പൊത്തുകളില്‍ ഒരു മരംകൊത്തി കൊത്തുമ്പോള്‍ വേദനിച്ച്, പച്ചിലകളില്‍ ചോണനുറുമ്പു കൂടുകൂട്ടുമ്പോള്‍ എന്തൊരു പുളി എന്നു മനസ്സില്‍ പറഞ്ഞ്, വളരുമ്പോള്‍ ഒരു മഴയില്‍ പൊടുന്നനെ ചില്ലകളെല്ലാം തളിര്‍ത്ത് ആയിരം പൂക്കള്‍! പൂക്കളില്‍ പറന്നിറങ്ങുന്ന പരാദങ്ങള്‍. വളര്‍ന്ന് ശിഖിരങ്ങളെ താഴേയ്ക്കു ചായ്ക്കുന്ന തേന്മാങ്ങകള്. ഒരു കാറ്റത്തിളകി മഴപോലെ ഫലങ്ങള്‍ ഭൂമിയില്‍ പെയ്യുമ്പോള്‍ ആര്‍ത്തുവിളിച്ച് ഓടിയടുക്കുന്ന കുഞ്ഞുങ്ങള്‍. ബാല്യവും കൌമാരവും എന്നും മധുരസ്മൃതികളാണ്. ഒരുള്‍പ്പുളകത്തോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയാത്ത തേന്‍കിനാവുകള്‍.
അന്നുനുകര്ന്ന മഴവെള്ളത്തിന്റെ മധുരം ഇന്നും ഓരോ ഞരമ്പുകളിലുമരിക്കുമ്പൊഴും കൌമാരത്തില്‍ നിന്നും യൌവനത്തിലേയ്ക്കുള്ള പരിണാമം എത്ര അനുസ്യൂതമായിരുന്നു എന്നോര്‍ക്കാതെ വയ്യ. ഋതുക്കള്‍ മാറുന്നതുപോലെ, പകലിരുണ്ട് രാവാകുന്നതുപോലെ, അറിയാതെ തന്റെ വാഴ്വില് ദു:ഖങ്ങള്‍ കൂടുകെട്ടി. രാവിന്റെ ഏതോ യാമത്തില്‍, എവിടെനിന്നോ വന്ന് തന്റെ വേരുകളില്‍ ചാഞ്ഞിരുന്ന രണ്ടു മിഥുനങ്ങള്‍. എന്തോ പറഞ്ഞ് വിതുമ്പിക്കരയുന്ന പുരുഷന്, കരയാന്‍ പോലുമാവാതെ കണ്ണുമിഴിച്ചിരിക്കുന്ന സുന്ദരിയായ പെണ്കിടാവ്. ഒടുവില്‍ വിതുമ്പല്‍ നിറുത്തി, ഒന്നും മിണ്ടാതെ രണ്ടുചാണ്‍ കയറുമായി അവന് തന്റെ പൊത്തുകളില്‍ ചവിട്ടിക്കയറുമ്പോള്‍ അരുതേ അരുതേ എന്നു വിളിക്കാന്‍ കഴിവുനല്‍കാത്ത ദൈവത്തെപ്പഴിച്ച് ഇലകള്‍ കുലുക്കി കലമ്പല്‍കൂട്ടിയത്. അവന് തന്റെ ചില്ലകളില്‍ കയറിറുക്കിക്കെട്ടുമ്പോള്‍ അവനെ തട്ടിത്താഴെയിടാന്‍ കഴിയാത്ത അബലത്വം. ചില്ലകളില്‍ രണ്ടു പ്രണയങ്ങള്‍ പിടച്ച് തൂങ്ങിയാടുമ്പോള്‍ പാമ്പു പടം പൊഴിക്കുമ്പോലെ ശിഖരങ്ങള്‍ പൊഴിച്ച് അവരെ താഴേയ്ക്കിടാന്‍ കഴിയാത്ത ഷണ്ഠത്വം. രാവിലെ മൂകമായ ജനക്കൂട്ടത്ത വകഞ്ഞ് അലറിക്കരഞ്ഞുവരുന്ന സ്ത്രീയുടെ കരച്ചില് കേള്‍ക്കേ ജന്മമേയില്ലായിരുന്നെങ്കില് എന്നാശിച്ചുപോയ നിമിഷങ്ങള്‍. വിത്തില്നിന്നുണരാതെ യുഗങ്ങളുറങ്ങിയെങ്കില്, ഒരിക്കലും ഒരിക്കലും ഉണരാതിരുന്നെങ്കില്‍ എന്നാശിച്ച നാളുകള്‍. ആരും കാണാതെ തന്റെ വിഷാദം ഇലകളായ് പൊഴിഞ്ഞു. തണല്‍ നല്‍കാത്ത വൃക്ഷത്തെ മുറിച്ചുമാറ്റാന്‍ കരാറുകാര്‍ ലേലം വിളിച്ചു.
ഒരു ദിവസം ഇലകളില്ലാത്ത വൃക്ഷത്തിന്റെ വേരുകളില്‍ വെള്ളത്താടി വളര്‍ത്തിയ മഹായോഗി താമസമുറപ്പിച്ചു. വെയിലത്തും മഴയത്തും ഇളകാതെ, എന്നും പ്രസാദവാനായിരുന്ന മഹര്ഷിവര്യന്. ആ മഹാനുഭാവന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തടിച്ചുകൂടിയ ജനാവലിയോടൊത്ത് അറിവിന്റെ മഴയില്‍ കുളിച്ചത് താനുമായിരുന്നല്ലോ. കരിങ്കല്ലിനു ജീവന് നല്കുന്ന വചനങ്ങള്‍ കേട്ട് തന്റെ ശിഖിരങ്ങള്‍ തളിര്‍ത്തു. വീണ്ടും പെരുവഴിയില്‍ ഞാന്‍ കൈകള്‍ വിടര്‍ത്തി സൂര്യനെ തടഞ്ഞു. ആഹ്ലാദത്തിലോ വിഷാദത്തിലോ രമിക്കാതെ, നിലാവുപോലെ പടര്‍ന്ന പ്രസാദത്തിന്റെ നാളുകള്‍. ഒരു ദിവസം, ജനക്കൂട്ടം ഉറങ്ങിയപ്പോള്‍, നടപ്പാതയില്‍ ഒരിലപോലും അനക്കാതെ, ഒന്നും എടുക്കാതെ, ആ യോഗിവര്യന് വന്നതുപോലെ മറഞ്ഞു. അന്ന് ദു:ഖമൊട്ടുമേ തോന്നിയില്ല എന്നോര്‍ക്കുമ്പോള്‍ അല്‍ഭുതം തോന്നുന്നു.
യൌവനത്തില്‍ പഠിച്ചത് ഋഷികളില്‍ നിന്നു മാത്രമായിരുന്നില്ല. ഋതുക്കള്‍ പകരുന്നതു കൂവിയറിയിച്ചുകൊണ്ട് തന്റെ ശിഖിരങ്ങളില്‍ കലമ്പല്‍ കൂട്ടിയ ദേശാടനക്കിളികളില്‍ നിന്നായിരുന്നു. രാവില്‍ ചില്ലകളില്‍ തലകീഴായി തൂങ്ങിയാടിയ കടവാവലുകളില് നിന്നായിരുന്നു. ഒന്നുമറിയാതെ നിലത്തോടിനടന്ന എലിയെവിഴുങ്ങി തന്റെ പൊത്തിലൊളിക്കുന്ന കരിനാഗത്തില്നിന്നായിരുന്നു. കൊമ്പുകളെയൊടിച്ച് തകര്‍ത്തുപെയ്യുന്ന പേമാരിയില്‍ നിന്നും തന്നെയാകെ വിറപ്പിച്ച് വശത്തോട്ടു വളയിച്ച പ്രഛണ്ഡവാതത്തില്നിന്നായിരുന്നു. ദാഹിച്ച് അടിവേരുകളുണങ്ങിയിട്ടും ഒരു തുള്ളിപൊഴിയിക്കാത്ത, പിന്നൊരിക്കല്‍ മതിമതി എന്നു പറഞ്ഞിട്ടും നെറുകമുട്ടെ കുടിപ്പിച്ച പ്രകൃതിയില്‍നിന്നായിരുന്നു. പൊള്ളുന്ന സൂര്യനില്‍നിന്നു രക്ഷപെട്ട് തന്റെ ചില്ലകള്‍ക്കുകീഴില്‍ അഭയം തേടിയ സഞ്ചാരികളില്നിന്നായിരുന്നു. തന്റെ കൈകളില്‍ വെള്ളപടര്ത്തിയ, പച്ചിലകള്‍ വിദൂരസ്വപ്നങ്ങളും തേന്മാങ്ങകള് വാര്‍ദ്ധക്യത്തിന്റെ ഭ്രമങ്ങളുമാക്കിയ കാലത്തില്‍നിന്നായിരുന്നു.
കാലം ചെല്ലുമ്പോള്‍ പകലുകള്‍ക്കും രാത്രികള്‍ക്കും ഒരു താളം വരിക സ്വാഭാവികമാണ്. പകല്‍മുഴുവന്‍ തന്റെ തണലിലിരുന്ന് മധുരമായി പാടി ഭിക്ഷയാചിക്കുന്ന അന്ധഗായകന്. അതു കണ്ടിട്ടും കാണാതെ തങ്ങളുടേ ലോകങ്ങളിലൂടെ പോവുന്ന ജനങ്ങള്‍. വൈകിട്ട് ഗായകന് ഒരു ചെറിയ പെണ്‍കുട്ടിയുടേ കൈപിടിച്ചു നടന്നുപോയ്ക്കഴിയുമ്പോള് തന്റെ തണലില്‍ വന്നിരിക്കുന്ന വൃദ്ധന്മാര്. നേരം ഇരുട്ടുമ്പോള്‍ തന്റെ ചില്ലകള്‍ക്കു കീഴില്‍ നിന്ന് ഗ്രാമത്തെ മുഴുവന്‍ ചീത്തവിളിക്കുന്ന, പിടിച്ചുമാറ്റാന്‍ വരുന്ന ഭാര്യയെത്തല്ലുന്ന കുടിയന്. ശാന്തമായ അന്ധകാരത്തില്‍ ചിറകടിച്ചെത്തുന്ന കടവാവലുകള്‍. രാവേറെ ചെന്നിട്ടും എന്നും ഒരേ ചില്ലയിലിരുന്ന് ഒരേ താളത്തില്‍ ഉറങ്ങാതെ മൂളിക്കൊണ്ടിരിക്കുന്ന ഒറ്റമൂങ്ങ. മൂങ്ങയ്ക്കും തന്നെപ്പോലെ പ്രായമേറെയായെന്നു തോന്നും. ഗായകനു ഒരു മാമ്പഴം കൊടുക്കാന്‍ കഴിഞ്ഞെങ്കില്‍.
അവന്റെ ഗാനം വിശപ്പുകൊണ്ടു പതറുന്നതുപോലെ. തന്റെ പ്രൌഢയൌവനം തിരികെവന്നെങ്കില്‍. മധുരഫലങ്ങള്‍ പെയ്ത് താനാ ഗായകന്റെ വിശപ്പടക്കിയേനെ. അവന്റെ മുരളിയില്‍ നിന്നും ശോകഗീതങ്ങള്‍ മറഞ്ഞ് ആഹ്ലാദത്തിന്റെ പാട്ടുകള്‍ വിരിഞ്ഞേനെ. ഗതയൌവനം ഒരു മാത്രയെങ്കിലും തന്നെപ്പുണര്ന്നെങ്കില്. ഇല്ല. കാലം നടക്കുന്നത് തിരിയാനാവാത്ത ഒറ്റയടിപ്പാതയിലൂടെയാണ്. കാലം അവശേഷിപ്പിക്കുന്നത് ഓര്‍മ്മകള്‍ മാത്രമാണ്.
മധുരഫലങ്ങളുടേ പെരുമഴയില്ലെങ്കില് ഒരു ഫലം, ഒരൊറ്റ മാമ്പഴമെങ്കിലും തന്നില്‍ കുരുത്തെങ്കില്? ഒരു ദിവസമെങ്കിലും ഗായകന് വയറുനിറയെക്കഴിച്ച് തന്റെ തണലില്‍ നിന്നെഴുന്നേറ്റുപോയെങ്കില്? ഈ ഗ്രാമത്തില്‍ നിറയെപ്പൂക്കുന്ന ഫലവൃക്ഷച്ചുവടുകള് തേടാതെ അയാള്‍ എന്തിനാണ് തന്റെ മടിയില്‍ മാത്രമിരിക്കുന്നത്. മറ്റു വൃക്ഷങ്ങളില്‍ ഫലങ്ങള്‍ പൊഴിയുന്നത് അവന് കാണുന്നില്ല. അവ വാരിയെടുക്കുന്ന കുട്ടികളുടെ ആഹ്ലാദം കേട്ട് വീണ്ടും പാടുന്നതേയുള്ളൂ. ചുറ്റിനും പ്രകൃതി ചുറ്റിനും വീണ്ടും പൂക്കുന്നു, തളിര്‍ക്കുന്നു. പൂത്ത മരങ്ങള്‍. തന്റെ ശിഖിരങ്ങളില്‍ അടവെച്ചുവിരിയിച്ച കൂടുകളില്‍ നിന്നും പുതുബാല്യത്തിന്റെ കലമ്പല്‍. പൂത്തുലഞ്ഞ് പെരുവയറുമായി പെരുവഴിയിലൂടെ നടക്കുന്ന സ്ത്രീകള്‍. പുതുമഴയില്‍ തളിര്‍ത്ത ചെടികളും പൂക്കളും. താന്‍ മാത്രം വര്‍ഷങ്ങളായ് പൂക്കുന്നില്ല. ഒരു പൂ വിടര്‍ന്നെങ്കില്‍, ഒരു പരാദം അതിന്മേല് ധ്യാനിച്ചെങ്കില്‍, ആ പൂവു തപിച്ച് ഒരു തേന്മാങ്ങയായുറഞ്ഞെങ്കില്, അന്ധഗായകന് ആഹ്ലാദത്തോടെ വിടര്‍ന്നുചിരിച്ച് ഒരു ദിവസമെങ്കിലും അവന്റെ കൂടണഞ്ഞെങ്കില്‍.
വാര്‍ദ്ധക്യത്തിന്റെ ഊഷരതയിലും ഒരു മരത്തിനു ധ്യാനിക്കാന്‍ കഴിയുമോ? അന്ധഗായകന്റെ ചില്ലിത്തുട്ടുകള്‍ വീഴാത്ത പാത്രവും ഒട്ടിയ വയറുമുണര്ത്തിയ അനുകമ്പയോ അതോ സ്വന്തം കഴിവില്ലായ്മയോടുള്ള പ്രതിഷേധമോ ഒരു ഫലമായി വിരിഞ്ഞത്? പതിറ്റാണ്ടുകള്‍ക്കുശേഷം, ഉയരെ ഒരു ചില്ലയില്‍, ഗായകന്റെ ഇരിപ്പിടത്തിനു നേര് മുകളില്‍, ഒരൊറ്റ ഫലം. തന്റെ എല്ലാ ഞരമ്പുകളില്‍ നിന്നും ഞാന്‍ അതിലേയ്ക്കു ഊര്‍ജ്ജം ചൊരിഞ്ഞു. മണ്ണില്നിന്നൂറ്റിയ മധുരദ്രവങ്ങള്‍ ചൊരിഞ്ഞു. ഇതുവരെ തന്റെ ചില്ലകളില്‍ വിരിഞ്ഞതില് ഏറ്റവും മധുരമുള്ള ഫലം. കാണെക്കാണെ അതു വളര്‍ന്നു വലുതായിവന്നു. ഒട്ടിയ വയറിനു ഒരുനേരത്തെ നിറവും തണുപ്പും നല്കാന് വളര്‍ന്ന ഫലം. നാളെ അത് വളര്‍ച്ചമുറ്റും. മഞ്ഞനിറമൂറി ഞെട്ടുപഴുക്കും. അതിന്റെ ഭാരം താങ്ങാനാവാതെ ഞെട്ടില്‍ നിന്നറ്റ് അത് ഗായകന്റെ മടിയിലേയ്ക്കു വീഴും. വാര്‍ദ്ധക്യത്തിന്റെ അവസാനത്തെ ആര്‍പ്പുവിളി. ജന്മത്തിനെ സാര്‍ത്ഥകമാക്കുന്ന അപൂര്‍വ്വ നിമിഷങ്ങള്‍.
പുലര്‍ച്ചെതന്നെ അവനെ പെണ്‍കുട്ടി കൈപിടിച്ചുകൊണ്ടിരുത്തി. ചുവന്ന മാമ്പഴം ഇപ്പോള്‍ ഏതു നിമിഷവും വീഴാം. ഗായകന് മധുരമായി പാടുന്നു. മുരളിയില്‍ നിന്നും പ്രണയത്തിന്റെയും വിരഹത്തിന്റെയും മധുരഗാനങ്ങള്‍ ഒഴുകുന്നു. ബധിര കര്‍ണ്ണങ്ങള്‍ തെരുവിലൂടെ ആര്‍ത്തുല്ലസിച്ച് പാട്ടുകാരനെ കവച്ചുപോകുന്നു. പകല്‍ മദ്ധ്യാഹ്നത്തിനു വഴിമാറുന്നു. ഫലം വീഴുന്നില്ല, എന്നാല്‍ ഞെട്ടില്‍ ഒരു ഭാരം നിറയുന്നു. അവന് ഒരുകവിള്‍ വെള്ളം കുടിച്ച് പാട്ടു തുടരുന്നു. ആയിരം വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന അനശ്വരമായ പ്രണയത്തെക്കുറിച്ചു പാടുന്നു. കാമുകിയുടെ ചുംബനത്തിലലിഞ്ഞ് ഇല്ലാതായ രാജകുമാരനെക്കുറിച്ചു പാടുന്നു. ധ്രുവനക്ഷത്രത്തിലിരുന്ന് ഭൂമിയിലെ കാമുകനെനോക്കി നെടുവീര്‍പ്പിടുന്ന കാമുകിയെക്കുറിച്ചു പാടുന്നു. ഫലം വീഴുന്നില്ല. താന്‍ ചില്ലകള്‍ കുലുക്കുന്നു. സായന്തനത്തിന്റെ പക്ഷികള്‍ ശബ്ദം കൂട്ടി കൂടണയുന്നു. പെണ്‍കുട്ടി ഗായകന്റെ ഒഴിഞ്ഞ പാത്രവുമെടുത്ത് അയാളെ കൈപിടിച്ചു നടത്തുന്നു. ഞെട്ടുവിങ്ങുന്നു. എന്നാല്‍ ഫലം വീഴുന്നില്ല.
ആകാശം ഇരുണ്ടു തുടങ്ങുമ്പോള്‍, മരച്ചുവട്ടില്‍ മദ്യപന് കുടിച്ചു ലക്കില്ലാതെ ഒച്ചവെയ്ക്കുമ്പോള്‍, പഴുത്തുവിങ്ങിയ ഞെട്ടറ്റുപോവുന്നതു തടുത്തുനിര്‍ത്താനാവാതെ, ഒരാര്‍ത്തനാദം പോലെ, ഫലം താഴേയ്ക്കുവീഴുന്നു. പിടിച്ചുമാറ്റാനോടിവരുന്ന സ്ത്രീയുടെ നേര്‍ക്ക് നിലത്തുനിന്നും ആ മധുരമാമ്പഴമെടുത്ത് മദ്യപന് എറിയുന്നു. ഏറുതെറ്റി തന്റെ ജീവഫലം വഴിവക്കിലെ ചെളിനിറഞ്ഞ ഓടയിലേയ്ക്കുരുണ്ടുവീഴുന്നു. മദ്യപന് വഴക്കുതുടരുന്നു. അശാന്തിയുടെ ദിവസക്കാഴ്ച്ചകള് ആവര്‍ത്തിക്കുന്നു.
ഇല്ല, നഷ്ടപ്പെട്ട ഫലത്തെക്കുറിച്ച് തനിക്കു ദു:ഖമോ സ്തോഭമോ ഇല്ല. പ്രകൃതിയുടെ നിരര്‍ത്ഥകതയെ താന്‍ പകലിനെയും രാത്രിയെയും പോലെ, സൂര്യനെയും ചന്ദ്രനെയും പോലെ, മഴയും വെയിലും പോലെ, ഒരു നിതാന്ത സത്യമായി എന്നേ പുല്‍കിയിരിക്കുന്നു. പ്രകൃതി അങ്ങനെയാണ്, വെറുതേ കലമ്പുന്ന വികൃതിക്കുട്ടി. എന്നാല്‍ ഇന്ന് പ്രായാധിക്യം കൊണ്ട് പ്രകൃതിയുടെ പീഡനങ്ങള്‍ സുഖമോ ദു:ഖമോ ഇല്ലാത്ത വരണ്ട കാറ്റുപോലെ തലോടിപ്പോവുന്നതേയുള്ളൂ. ഒരുപക്ഷേ അന്ധഗായകന് നാളെയും വരും. ഒരുപക്ഷേ ആ മധുരഗാനം നാളെയും അന്തരീക്ഷത്തില്‍ നിറയും. ഒരുപക്ഷേ ആ പാട്ടില്‍ ഞാനിനിയും പൂക്കും. ഒരുപക്ഷേ എന്റെ ചില്ലകളില്‍ വീണ്ടും തേന്‍കനികള്‍ നിറയും. ഒരുപക്ഷേ ഗായകന്റെ ചുണ്ടുകളില്‍ വീണ്ടും സന്തോഷം വിരിയും. എന്റെ ശിഖിരങ്ങളില്‍ ഇനിയും വസന്തം വിരിയും. ഇല്ല. പൂക്കാതിരിക്കാന്‍ എനിക്കാവതില്ല.
1/21/2008
പൂക്കാതിരിക്കാന്‍ എനിക്കാവതില്ല
എഴുതിയത് simy nazareth സമയം Monday, January 21, 2008
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
15 comments:
ഭാഷയിലെ ലിറിസിസം വളരെ നന്നായി ആദ്യവസാനം നിലനിറുത്തിയിട്ടുണ്ട്. മരത്തിന്റെ വൃദ്ധിക്ഷയങ്ങളുടെ ഒരു വാഗ്ചിത്രം മനസ്സില്‍ വരുന്നുമുണ്ട്: മനോഹരമായിത്തന്നെ. അതിനപ്പുറം ത്രെഡിന് ഒരു വ്യക്തതകൊടുക്കാന് കഴിഞ്ഞോ എന്ന് സംശയം.
ഒന്നും മിണ്ടാതെ രണ്ടുചാണ്‍ കയറുമായി അവന് തന്റെ പൊത്തുകളില്‍ ചവിട്ടിക്കയറുമ്പോള്‍ അരുതേ അരുതേ എന്നു വിളിക്കാന്‍ കഴിവുനല്‍കാത്ത ദൈവത്തെപ്പഴിച്ച് ഇലകള്‍ കുലുക്കി കലമ്പല്‍കൂട്ടിയത്. അവന് തന്റെ ചില്ലകളില്‍ കയറിറുക്കിക്കെട്ടുമ്പോള്‍ അവനെ തട്ടിത്താഴെയിടാന്‍ കഴിയാത്ത അബലത്വം.
?????????
good
മനോഹരമായ വിവരണം...
വളരെ നന്നായിരിക്കുന്നു
സിമീ, കഥ വായിച്ചില്ല..ഡിസ്ട്റാക്റ്റഡ് ആയിപ്പോയി..പിന്നെ ഭാഷ കട്ടിയും.ഇപ്പൊള്‍ മൂഡില്ല.
പക്ഷേ, വിരോധമില്ലെങ്കില്‍ ഞാനൊരു കാര്യം ചോദിക്കട്ടെ..
ആ ചായകോപ്പയുടെ അടുത്ത് വെച്ചിരിക്കുന്ന ബിസ്കറ്റ് ഏതാണ്?
കോക്കനട്ട് ക്രഞ്ചി? ചോക്കോ ചിപ്സ്? അതോ ജിഞ്ചര്‍? എന്തൂട്ട് കളറാ അതിന്റെ!!
സിമിയെ...:((
വെട്ടി വീഴിക്കാന്‍ വരുന്നവനില്‍ നിന്നും ഓടിയകലാന്‍ കഴിയാത്തതിലും ക്രൂരമായ ഒരു വിധി ഇല്ലെന്നു് തോന്നുന്നു. വീഴുന്നതുവരെ പൂക്കുന്നതു് മഹത്വവും!
ഗുപ്തന് പറഞ്ഞു തന്നില്ലേ, തന്നെ, അതു തന്നെ..... ഇനി ഞാന്‍ പറയേണ്ടല്ലോ! ;) ഈരണ്ടു വാക്കു കൂടുമ്പോ ഓരോ ലൈന്‍ സ്പേസ് കൊടുത്തിരുന്നേല്‍ ഒരു ഖണ്ഡകാവ്യമാക്കാമായിരുന്നു. ചരിത്രത്തില്‍ സ്ഥാനം വേണേല്‍ ആളു കൂടുന്നതിനു മുമ്പേ തിരുത്തിക്കോളൂ. :)
ഹ ഹ! ഭാഷ വളരെ മനോഹരമായിട്ടുണ്ട്. വൃക്ഷത്തിന്റെ വേവലാതികളും ഭാവങ്ങളുമെല്ലാം നന്നായി ആവാഹിച്ചിട്ടുണ്ടെങ്കിലും അതിഭാവുകത്വം കൊണ്ട് ഒരു പക്ഷേ, പഴുത്ത ഈ കനി അനുവാചകന്റെ മടിത്തട്ടിലേക്കു വീഴാതെ പോയേക്കും! അതും എഴുത്തില്‍ സൂക്ഷിക്കേണ്ടതു തന്നെ! തോന്നിയ ഒരു കാര്യം, otherwise, ആസ്വദിച്ചു.
പപ്പൂസേ, പറഞ്ഞതു വിലമതിക്കുന്നു. അടുത്ത കഥയില്‍ അതിഭാവുകത്വം കുറയ്ക്കാം :)
ചരിത്രത്തില്‍ സ്ഥാനം വേണ്ടാ. വരി മുറിക്കുന്നില്ലാ.
നന്നായി മാഷെ വായിച്ചെടുത്തത് രണ്ട് പാര്ട്ടായിട്ടാന്നു മാത്രം
നല്ലൊരു സുഖം മാഷെ ഒന്നൂടെ വായിച്ചൂ കെട്ടൊ
ആശംസകള്‍,
നന്നായിരിക്കുന്നൂ.
ലവ്ഡ് ഇറ്റ്...:)
മരത്തിനൊരു മനസ്സുണ്ടെങ്കില്‍ അതിനെന്താവും പറയാനുണ്ടാവുക എന്നു ചിന്തിക്കുന്നത് വ്യതസ്തമായൊരു വീക്ഷണമാണ്. പക്ഷേ ഈകഥ വിസ്താരം കൊണ്ട് ബോറടിപ്പിച്ചു.. മാത്രമല്ല മരത്തിന്റെ കുറേ ചിന്തകള്‍ എന്നല്ലാതെ സമൂര്‍ത്തമായ ഒരാശയം കണ്ടില്ല.
(വയലാറിന്റെ മരം പറഞ്ഞത് മനസ്സില്‍ മായാതെ കിടക്കുന്നത് കൊണ്ട് ഒരു താരതമ്യവും ഉണ്ടായി എന്നു തോന്നുന്നു).
സിമിയുടെ ഒട്ടുമിക്ക കഥകളിലും കയ്യടക്കം നഷ്ടപ്പെട്ട് പോകുന്നത് കണ്ടിട്ടുണ്ട്.അതിവിടെയും സംബവിച്ചിട്ടുണ്ട്.വലിച്ച് നീട്ടി എഴുത്തിന്റെ ശക്തി കളഞ്ഞു എന്നാണ് എനിക്ക് തോന്നിയത്.എങ്കിലും ഈവേറിട്ട കാഴ്ചപ്പാട് എന്നെ അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു.
എങ്കിലും ഏറ്റവും മികച്ചത് പൂതനതന്നെ!
ഉദ്ദേശിച്ചത് മനസ്സിലായി. അതോ ഇനി മനസ്സിലാക്കിയതല്ലേ ആവോ? എന്തായാലും സാരമില്ല.
സിമി എന്തെഴുതിയാലും വായിക്കാന്‍ ഇഷ്ടമാണ്. എന്തിനു പൂക്കാതിരിക്കണം? നിറയെ പൂത്തുലഞ്ഞു കാണുന്നതാണ് എല്ലാവര്ക്കും ഇഷ്ടം!
---
പിന്നെ, ഈ വരി,
പൂത്തുലഞ്ഞ് പെരുവയറുമായി പെരുവഴിയിലൂടെ നടക്കുന്ന സ്ത്രീകള്‍..
ഇതില്‍ ഒരു തെറ്റില്ലേ, തിരുത്താന്‍ അറിയില്ല, നിറവയര്‍ എന്നാണൊ ഉദ്ദേശിച്ചത്. ഞങ്ങളുടെ നാട്ടിലൊക്കെ പെരുവയര്‍ എന്നു പറഞ്ഞാല്‍ വേറെ ആണു.
---
അപ്പോ വേഗാവട്ടെ, നന്നായി വെള്ളവും വളവും ഒക്കെ ചെല്ലട്ടെ, പൂത്തുലഞ്ഞ് പുതുമണം എങ്ങും നിറയട്ടെ. :)
ഒരല്പം താമസിച്ചാണെങ്കിലും വായിച്ചു
13 കമന്റുകളും വായിച്ചു
അതില്‍ കൂടുതലെന്തു പറയാന്‍
സസ്നേഹം
ബാജി
ഇതും ഇഷ്ടമായി.
എഴുത്തിനെ കുറിച്ചൊന്നും പറയാന്‍ അറിയില്ല.
പക്ഷേ,നല്ലതൊന്നിനു (?) വേണ്ടി കാത്തിരിയ്ക്കാതെ, എഴുതിക്കൊണ്ടേയിരിയ്ക്കുന്നത്, ഏറ്റവും നല്ലതല്ലേയെന്നും (എനിയ്ക്ക്) തോന്നുന്നു.
Post a Comment