സിമിയുടെ ബ്ലോഗ്

1/13/2008

കൊറ്റികളുടെ കഥ

ഈ ക്രിസ്തുമസ് അവധിയ്ക്ക് ഞാന്‍ കേരളത്തില്‍ പോയിരുന്നു. ഗള്‍ഫിലേയ്ക്കു തിരിച്ചുവരാനായി അല്പം നേരത്തേ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. ഫ്ലൈറ്റിനു ചെക്കിന്‍ ചെയ്ത് കാത്തിരിപ്പു തുടങ്ങി. ഒരു കൂട്ടുകാരന്‍ പറഞ്ഞ് വാങ്ങിപ്പിച്ച ഒരു പുസ്തകം മറിച്ച് ഒരു വെള്ളക്കൊക്കിന്റെ താള്‍ തുറന്നുവെച്ച് നെസ്കഫേയും മോന്തി സ്വപ്നം കാണുകയായിരുന്നു ഞാന്‍.

“പക്ഷികളുടെ അല്‍ഭുതലോകം വായിച്ചിട്ടുണ്ടോ? ഇന്ദുചൂഢന്റെ? വെള്ളക്കൊറ്റികളെപ്പറ്റി നല്ല വിവരണം അവിടെക്കാണാം“.

പൊതുവേ മുരടന്മാരായ മലയാളികള്‍ എവിടെവെച്ചു കണ്ടാലും അപരിചിതരോട് അധികം മിണ്ടാറില്ല. എയര്‍പോര്‍ട്ടില്‍ എഴുന്നള്ളിനടക്കുന്ന സുന്ദരികള്‍ എന്നെ കണ്ട ഭാവം നടിക്കാറില്ലെന്നതു പോട്ടെ, ആരെങ്കിലും എന്തെങ്കിലും മിണ്ടിയെങ്കില്‍ എന്ന് ആശിച്ചു പോയിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോള്‍ ഇത്തരം ഒരു ഡയലോഗും അടിച്ച് ഇങ്ങോട്ടു കൂട്ടുകൂടാന്‍ വരുന്നയാളെ ഞാന്‍ ശ്രദ്ധിച്ചുനോക്കി. കുറ്റിത്താടി, വട്ടക്കണ്ണട, ഒരു നീണ്ട ജുബ്ബ. ദുബൈയിലെ വല്ല പത്രപ്രവര്‍ത്തകനും ആയിരിക്കണം. കൊക്കുകളെക്കുറിച്ച് എനിക്കുള്ള സാമാന്യജ്ഞാനം നിരത്തിയേക്കാം ഞാനും എന്നുവിചാരിച്ചു. ഇരുന്നു മുഷിയണ്ടല്ലോ. കൈപ്പള്ളിയുടെ പോട്ടങ്ങളില്‍ കാണുന്ന കൊക്കുകളെയും പണ്ട് കുമരകത്ത് പക്ഷിസങ്കേതത്തില്‍ കണ്ട കൊക്കുകളെയുമല്ലാതെ എനിക്കു സത്യത്തില്‍ വലുതായൊന്നും അറിയില്ല. പല കള്ളുഷാപ്പിലും കൊക്ക്, കാട എന്നൊക്കെ എഴുതിവെച്ചതു കണ്ടിട്ടുണ്ടെങ്കിലും കേറാനും കള്ളുകൂട്ടി തിന്നാനും പറ്റിയിട്ടില്ല. എന്നാലും വില കളയരുതല്ലോ. ഇത് “ചാരമുണ്ടി”യല്ലേ എന്നു തിരിച്ചു ചോദ്യമിട്ടു.

“ഇതു തിരുമുണ്ടി. കാല്‍മുട്ടിനു കീഴെ മഞ്ഞനിറം കണ്ടോ? അപൂര്‍വ്വം ഇനമാണ്. കണ്ടല്‍ക്കാടുകളില്‍ മാത്രം കാണപ്പെടുന്ന ഇനം”.
“നിങ്ങള്‍ പക്ഷിനിരീക്ഷകനാ‍ണോ?”
“ഏയ്, ഇല്ല. മുത്തശ്ശി പറഞ്ഞുതന്ന കൌതുകം. മുത്തശ്ശിയ്ക്ക് കൊക്കുകളെ വലിയ ഇഷ്ടമായിരുന്നു”.
“ഓഹ്, എന്റെ മുത്തശ്ശി മരിച്ചുപോയി, ഒരുപാടു വര്‍ഷങ്ങള്‍ക്കുമുന്‍പ്”.
“എന്റെയും മുത്തശ്ശി മരിച്ചിട്ട് ഒരുപാടായി. നാട്ടില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കുമായി ഒരു മുത്തശ്ശിയുണ്ടായിരുന്നു. കൊക്കുകളൊക്കെ ആ മുത്തശ്ശിയുടെയാ“

അല്പനേരം ഞാന്‍ ഒന്നും പറഞ്ഞില്ല. മുത്തശ്ശി എന്നാല്‍ എനിക്ക് മങ്ങിത്തുടങ്ങിയ ഒരോര്‍മ്മയായിരുന്നു. സ്റ്റീല്‍ വട്ടപ്പാത്രത്തില്‍ ആവിപാറുന്ന പുഴുക്കരിച്ചോറും അതില്‍ മാങ്ങായിട്ട വെറുംകറിയും ഒഴിച്ചുതരുന്ന മുത്തശ്ശിയുടെ ഓര്‍മ്മ. ആശുപത്രിയുടെ ഓര്‍മ്മ. എപ്പോഴും നിലം തുടയ്ക്കുന്ന കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലെ മൂക്കു തുളയ്ക്കുന്ന ഡെറ്റോള്‍ മണത്തിന്റെ ഓര്‍മ്മ. മുത്തശ്ശിയെ നേരേ നോക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധത്തിന്റെ ഓര്‍മ്മ.

ഓര്‍മ്മകളുടെ തിരമുറിച്ചുകൊണ്ട് അയാള്‍ വീണ്ടും പറഞ്ഞുതുടങ്ങി. ഞങ്ങള്‍ അന്യോന്യം പേരുചോദിക്കാന്‍ വിട്ടുപോയിരുന്നു.

“ഒറ്റയ്ക്കു താമസിക്കുന്ന നാട്ടിലെ മുത്തശ്ശിയെക്കാണാന്‍ ഞാന്‍ ഇടയ്ക്കിടയ്ക്കു പോവുമായിരുന്നു. പഴങ്കഥകള്‍ പറഞ്ഞിരിക്കാനല്ല, ആദ്ധ്യാത്മികവും രാഷ്ട്രീയവും സംസാരിച്ചിരിക്കാനായിരുന്നു ഈ മുത്തശ്ശിയ്ക്കിഷ്ടം. ഇതിഹാസകഥകള്‍, കഴിഞ്ഞ തലമുറയിലെ രാഷ്ട്രീയം, വേദാന്തം, ഇങ്ങനെ ഓരോന്നും തെല്ലൊരു വിഷാദച്ഛവിയോടെ മുത്തശ്ശി വിളമ്പും. മുത്തശ്ശിയെ അധികമാരും തിരിഞ്ഞുനോക്കാറില്ല. ഇതൊക്കെ ഇഷ്ടവിഷയങ്ങളായതുകൊണ്ട് ഞാന്‍ ഇടയ്ക്കിടയ്ക്കു പോവും.”

“അങ്ങനെ ഒരു ദിവസമായിരുന്നു എന്തിനോ നടുവില്‍ കൊക്കുകള്‍ കടന്നുവന്നത്. ശ്രീരാമ കൃഷ്ണ പരമഹംസന്റെ കൊറ്റികള്‍. ബാലനായിരുന്ന ഗംഗാധരന്റെ തലയ്ക്കുമീതെ കൂട്ടത്തോടെ പറന്ന വെണ്‍കൊറ്റികള്‍. അവയുടെ വെളുത്ത അടിവയറ് സാ‍യംസന്ധ്യയിലെ നിറചന്ദ്രനെ മറച്ച് നീലമേഖങ്ങള്‍ക്കിടയിലൂടെ വെള്ളക്കീറുതീര്‍ത്തപ്പോള്‍ ഗംഗാധരന്‍ ബോധമറ്റുവീണു. കൊറ്റികള്‍ നല്‍കിയ ആദ്യ ജ്ഞാനോദയം. മുത്തശ്ശി എന്നെയും മുറ്റത്തേയ്ക്കു വിളിച്ചുകൊണ്ടുപോയി ആകാശം കാട്ടിത്തന്നു. രാമകൃഷ്ണന്റെ നീലാകാശം. മുങ്ങിത്താഴാ‍റായ ചുവന്ന സൂര്യന്‍. ഓടുന്ന മേഖങ്ങള്‍ക്കുപിന്നില്‍ ഒളിച്ചുകളിക്കുന്ന ചന്ദ്രന്‍. ഉയരത്തില്‍ ചില പരുന്തുകള്‍ മാത്രം ഇരകളെത്തേടുന്നു. “നോക്കൂ“ - മുത്തശ്ശി വിരല്‍ ചൂണ്ടിയപ്പോള്‍ എവിടെനിന്നോ, ഒരു വെള്ളക്കൊക്ക്, ഒരൊറ്റക്കൊറ്റിമാത്രം, പടിഞ്ഞാറുനിന്നും കിഴക്കോട്ടു പറന്നുപോയി”.

“പിന്നെ ഞങ്ങളുടെ സംഭാഷണങ്ങളില്‍ കൊക്കുകള്‍ സ്ഥിരം സന്ദര്‍ശകരായി. സൈബീ‍രിയയില്‍ നിന്നും തട്ടേക്കാട്ടേയ്ക്കു വരുന്ന ദേശാടനക്കൊക്കുകള്‍. ഒറ്റക്കാലില്‍ മീന്‍പിടിക്കുന്ന കൊക്കുസന്യാസികള്‍. പഞ്ചവര്‍ണ്ണത്തലപ്പാവുവെച്ച രാജ്ഞിക്കൊക്കുകള്‍. കഥകള്‍ പെട്ടേന്നു നിറുത്തി മുത്തശ്ശി പൊടുന്നനെ എന്നെ പുറത്തേയ്ക്കു വിളിച്ചുകൊണ്ടുപോവും. അന്നേരം ആകാശത്തിലൂടെ കൊറ്റികള്‍ പറ്റമായി പറക്കുന്നുണ്ടാവും. ഒരു ബൂമാറാങ്ങിന്റെ രൂപത്തില്‍, അല്ലെങ്കില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ M അക്ഷരത്തിന്റെ രൂപത്തില്‍, നേതാവിനുപിന്നാലെ അണിയായി പറക്കുന്ന കൊക്കിന്‍ പറ്റങ്ങള്‍. മുത്തശ്ശി കൊക്കിന്‍ കൂട്ടങ്ങളെ എണ്ണും. ഇതില്‍ ഇരുപത്തിനാലു കൊക്ക്, അവിടെ നാല്‍പ്പത്തിരണ്ടു കൊക്ക്, എന്നിങ്ങനെ ഓരോ കൊക്കിന്‍ പറ്റത്തെയും നോക്കി മുത്തശ്ശി ആഹ്ലാദത്തോടെ വിളിച്ചുപറയും”.

“കൊക്കിന്‍ കൂട്ടത്തിനെ എണ്ണം തെറ്റാതെ മുത്തശ്ശി എണ്ണുന്നത് എനിക്ക് ആദ്യം വിസ്മയമായിരുന്നു. പിന്നെ കൊക്കുകളെ എണ്ണാന്‍ ഞാനും പഠിച്ചു. ഗ്രാമം വിട്ട് ഗള്‍ഫിലെത്തിയപ്പോള്‍ ഏറ്റവും നഷ്ടബോധം തോന്നിയത് വീട്ടിനെയും വീട്ടുകാരെയുമോര്‍ത്തല്ല, ആ മുത്തശ്ശിയുമൊത്ത് കൊക്കുകളെ എണ്ണുന്നത് ഓര്‍ത്തായിരുന്നു. ദുബൈ ഇല്‍ റാസ്-അല്‍-ഖോര്‍ പക്ഷിസങ്കേതത്തിനടുത്തുകൂടി പോവുമ്പോഴൊക്കെ, വഴിതെറ്റി വരുന്ന ഒരു കൊക്കിനെ എപ്പൊഴെങ്കിലും കാണുമ്പൊഴൊക്കെ, ആ മുത്തശ്ശിയെ ഓര്‍ക്കും. ആദ്യ അവധിക്കാലത്ത് മുത്തശ്ശിയ്ക്ക് ഞാന്‍ കൊണ്ടുക്കൊടുത്തത് ഇന്ദുചൂഢന്റെ പുസ്തകവും ഒരു മൊബൈല്‍ ഫോണുമായിരുന്നു. നിങ്ങള്‍ ചിരിക്കും. എന്നാല്‍ മുത്തശ്ശി പെട്ടെന്നുതന്നെ മൊബൈല്‍ ഉപയോഗിക്കാന്‍ പഠിച്ചു.”

“ഗള്‍ഫില്‍ തിരിച്ചെത്തിയപ്പോള്‍ ഇടയ്ക്കിടയ്ക്ക് മുത്തശ്ശിയുടെ മിസ്ഡ് കാള്‍ വരും. തിരിച്ചുവിളിക്കുമ്പോള്‍ മുത്തശ്ശിയ്ക്ക് വലിയ സന്തോഷമാണ്. ഒരു അരമണിക്കൂര്‍ കഴിഞ്ഞ് ആകാശത്തുനോക്കൂ, നിനക്ക് ഇരുപത്തിമൂന്നു കൊക്കിനെക്കാണാം എന്നു മുത്തശ്ശി പറയും. അരമണിക്കൂര്‍ എന്നുപറഞ്ഞാല്‍ ഒരിക്കലും അധികം വൈകില്ല. ഞാന്‍ മാനത്തുനോക്കി ഇരിപ്പാവുമ്പൊഴേയ്ക്കും ഇരുപത്തിമൂന്നു കൊക്കുകള്‍ എന്റെ ആകാശത്തുകൂടി പറന്നുപോവും”.

“നിങ്ങളുടെ അതേ അല്‍ഭുതമായിരുന്നു എനിക്കും. ഇന്ത്യയില്‍ നിന്നും ഒരു വിമാനം എണ്ണൂറുകിലോമീറ്റര്‍ വേഗത്തില്‍ പറന്ന് ഗള്‍ഫിലെത്താന്‍ നാലു മണിക്കൂറെടുക്കും. പിന്നെയല്ലേ തെന്നിനീങ്ങുന്ന ഒരുപറ്റം കൊക്കുകള്‍. ചിലപ്പോള്‍ പ്രായം കൂടിയവര്‍ക്ക് ചിലതൊക്കെ കാണാന്‍ കഴിയുമായിരിക്കാം. എന്തായാലും മുത്തശ്ശി പറയുന്നത് ഒരിക്കലും തെറ്റിയില്ല. നാലു കൊക്കുകളെ നോക്കൂ എന്ന് ഇന്ത്യയില്‍ നിന്നു വിളിച്ചുപറഞ്ഞാല്‍ എന്റെ ആകാശത്തിലും നാലു കൊക്കുകള്‍. ഇരുപതു കൊക്കുകളെ നോക്കൂ എന്നുപറഞ്ഞാല്‍ എന്റെ ആകാശത്തിലും ഇരുപതുകൊക്കുകള്‍. കൊക്കുകളുടെ ഒരു മായാജാലം. മുത്തശ്ശിക്കഥപോലെ തോന്നുന്നുണ്ടല്ലേ നിങ്ങള്‍ക്ക്?”

ഞാന്‍ ഇല്ല എന്നു തലയാട്ടി. ഇതിന്റെ പിന്നിലെ രഹസ്യമെന്തെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. അയാള്‍ നേരമ്പോക്കിനു പറയുന്നതാവാം. എങ്കിലും കൊക്കുകള്‍.. അയാള്‍ കഥതുടര്‍ന്നു.

“ഈ കളിയുടെ രസം കുറച്ചുകഴിഞ്ഞപ്പോള്‍ പോയിത്തുടങ്ങി. മുത്തശ്ശി കൊക്കുകളെ നോക്കാന്‍ പറഞ്ഞാലും ഞാന്‍ നോക്കാതെയായി. ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് ഞാന്‍ ഫോണ്‍ വെയ്ക്കും. ഇത് മുത്തശ്ശിയും മണത്തറിഞ്ഞു എന്നുതോന്നുന്നു. പതുക്കെപ്പതുക്കെ മുത്തശ്ശിയുടെ ഫോണ്‍ വിളിയും കുറഞ്ഞു. എന്റെ ജാ‍ലകത്തിനു കുറുകെ കൊക്കുകള്‍ പറക്കാതെയായി“.

“നാലു ദിവസം മുന്‍പ് ഒരുപാടുനാള്‍ കൂടി മുത്തശ്ശിയുടെ വിളിവന്നു. ഞാന്‍ ഒരു പ്രധാന മീറ്റിങ്ങില്‍ ഇരിക്കുമ്പോള്‍ ഫോണ്‍ കാള്‍. ഞാന്‍ കാള്‍ കട്ട് ചെയ്തു. മുത്തശ്ശി വീണ്ടും വിളിച്ചു. മൂന്നാം തവണ മുത്തശ്ശി വിളിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ എടുത്തു. ‘നോക്കൂ, നാല്‍പ്പത്തിരണ്ടു കൊക്കുകള്‍‘.
‘മുത്തശ്ശീ, ഞാന്‍ തിരക്കിലാണ്’
‘ദയവുചെയ്തു നോക്കൂ, ഒരു തവണ, നാല്‍പ്പത്തിരണ്ടു കൊക്കുകള്‍’
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. മീറ്റിങ്ങില്‍ നിന്നും ഒഴിവുപറഞ്ഞ് ഇറങ്ങി. ഓഫീസിനു കിഴക്കുവശത്തെ വാതായനത്തിലൂടെ ആകാശത്തേയ്ക്കു നോക്കി. തെളിഞ്ഞ ആകാശം. മേഖങ്ങളില്ലാത്ത നീലനിറം. അതിനു കുറുകേ, ഒച്ചയുണ്ടാക്കിക്കൊണ്ട് കൊക്കിന്‍പറ്റം. നാല്‍പ്പത്തിമൂന്നു കൊക്കുകള്‍!‘

ഞാന്‍ വീണ്ടും വീണ്ടും എണ്ണി. നാല്‍പ്പത്തിരണ്ടല്ല, നാല്‍പ്പത്തിമൂന്നു കൊക്കുകള്‍ തന്നെ. എണ്ണം തെറ്റിയല്ലോ എന്നുപറയാന്‍ മുത്തശ്ശിയെ ഫോണ്‍ വിളിച്ചു. ഫോണ്‍ എടുക്കുന്നില്ല. മീറ്റിങ്ങ് കാന്‍സല്‍ ചെയ്തു നേരെ വിമാനത്താവളത്തിലേയ്ക്കു പോയി. ഞാന്‍ തന്നെ നിന്നു മുത്തശ്ശിയുടെ ശവദാഹം നടത്തി. അവര്‍ക്ക് ബന്ധുക്കളാരുമില്ലായിരുന്നല്ലോ. എന്തുകൊണ്ടോ നാട്ടില്‍ വന്നിട്ട് കൊക്കുകളെയേ കണ്ടില്ല.

ഫ്ലൈറ്റില്‍ കയറാനുള്ള അറിയിപ്പുമുഴങ്ങി. ഞങ്ങളുടെ സീറ്റുകള്‍ തമ്മില്‍ അകലം കൂടുതലായിരുന്നു. പുറത്തിറങ്ങിയപ്പൊഴും അയാളെ കണ്ടില്ല. ഒരുപക്ഷേ ഇനിയെന്നെങ്കിലും റാസല്‍ഘോറിന്റെ പരിസരത്ത് കൊക്കുകളെത്തിരയുന്ന ഒരു കുറ്റിത്താടിക്കാരനെ കണ്ടുമുട്ടുമായിരിക്കും, പക്ഷേ ഇവിടെ അംബരചുംബികളിലേയ്ക്കു തുറക്കുന്ന എന്റെ ജനാലയ്ക്കു കുറുകേ ഇതുവരെ കൊക്കുകളൊന്നും പറന്നില്ല.

23 comments:

ദിലീപ് വിശ്വനാഥ് said...

സിമി, നന്നായി എന്നു പറഞ്ഞാല്‍ അതു തീരെ കുറഞ്ഞു പോവും. അത്രക്ക് ഇഷ്ടപെട്ടു.

ഡാലി said...

ഗ്രേറ്റ്! ജീവിതത്തില്‍ നിന്നും പകര്‍ത്തുന്നവയല്ല ഭാവനയില്‍ നിന്നും പകര്‍ത്തുന്നവയാണ് യഥാര്‍ത്ഥ കഥകള്‍. ഇത് യാഥാര്‍ത്ഥ്യത്തില്‍ ഭാവനയുടെ ഒരു മായാജാലം. സിമി പുസ്തകം തുറന്ന് വച്ച് സ്വപ്നം കാണാറുണ്ടല്ലേ.

simy nazareth said...

ഡാലി, പുസ്തകം തുറക്കാറില്ല :) പക്ഷേ വണ്ടിയോടിക്കുമ്പൊഴൊക്കെ സ്വപ്നം കാണാറുണ്ട്. ഓഫീസില്‍ ഇരിക്കുമ്പൊഴും..(ഇതു ഇന്നു രാവിലെ ഓഫീസിലേയ്ക്കു വണ്ടി ഓടിക്കുമ്പോള്‍ കണ്ട സ്വപ്നമാണു).

വാല്‍മീകി, നന്ദി.. കമന്റൊന്നും ഇല്ലേ എന്നുവിചാരിച്ചിരുന്നപ്പൊഴാ വാല്‍മീകിയുടെ കമന്റുവന്നത് :)

നാടോടി said...

simi,
എല്ലാം കാണുന്നതു പോലെ തോന്നി
നല്ല വിവരണം
തുടരുക
ബാ.....

ഗുപ്തന്‍ said...

ഈ ചെക്കനെ കൊണ്ട് ജയിച്ചു !!! ഇത്രയും ഡീറ്റെയ്‌ല്‍‌സ് കയറ്റി യക്ഷിക്കഥ എഴുതുന്നതുകൊണ്ടാ നീ സത്യം പറഞ്ഞാലും ആരും വശ്വസിക്കാത്തത്. :)

അനംഗാരി said...

സിമി,ഇടക്കിടെ കഥ മുറിഞ്ഞപോലെ തോന്നി.അതു വരികളും മറ്റും കൂട്ടിയെഴുതിയത് കൊണ്ടാവാം.
എന്നാലും നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.

മാണിക്യം said...

കൊറ്റികളുടെ കഥ...
സിമി പിടിച്ചിരുത്തുന്നാ
വിധത്തില്‍ കഥ പറഞ്ഞു.
കൊറ്റികളെ ഞാനും എണ്ണി തുടങ്ങി ...
എന്റെ നീലാകാശത്തും കൊറ്റികള്‍ ...
ഒന്നു, നാല്‍,ഇരുപത്,ഇരുപത്തിനാല്‍...

‘ഇനി എന്നാണൊ എന്തോ
നാല്‍പ്പത്തി രണ്ട് നാല്പത്തി മൂന്നാവുന്നത് ? ’

GLPS VAKAYAD said...

സിമി,
നന്നായിട്ടുണ്ട്,ഒരുപാടിഷ്ടപ്പെട്ടു.

Inji Pennu said...

നക്ഷത്രങ്ങളെക്കുറിച്ച് ഇങ്ങിനെ പറയാറില്ലേ? നക്ഷത്രങ്ങള്‍ മാറി കൊറ്റികളായി. കഥയില്‍ പുതുമ ലീവിനു പോയ പോലെ.

ശ്രീലാല്‍ said...

കൊറ്റികളുടെ കഥ ഇഷ്ടമായി.. ഒന്നുകൂടി ഒന്ന് മുറുക്കിക്കെട്ടിയിരുന്നെങ്കില്‍ എന്നു തോന്നി.

ശ്രീ said...

സിമീ...

മനോഹരമായ ഒരു കഥ. നന്നായി ഇഷ്ടപ്പെട്ടു.

:)

ഹരിത് said...

ഇഷ്ടമായി. നന്നായിട്ടുണ്ട്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിട്ടുണ്ട്‌.

Sanal Kumar Sasidharan said...

കഥയെ സ്ഥലത്തിലും സമയത്തിലും കൊണ്ടുകുറ്റിയടിച്ചുകെട്ടുന്ന അസുഖം അത്ര നന്നല്ല.അത് കഥയുടെ ഗൌരവ സ്വഭാവത്തെ കളയുന്നു എന്നു മാത്രവുമല്ല സാര്‍വ്വലൌകീകത എന്ന പ്രത്യേകത നശിപ്പിക്കുകയും ചെയ്യുന്നു.ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു കൌതുകം ഉണ്ടാക്കാം എന്നല്ലാതെ എന്തു മേന്മയാണുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല.

GOVARDHAN said...

കഥയുടെ ഭാവം ആകര്‍ഷകമായി.

Unknown said...

വായിച്ചു. ഇഷ്ടമായി.

അശോക് said...

നന്നായി.

വേണു venu said...

നന്നായി. ജീവിതത്തില്‍നിന്ന് പകര്‍ത്തുന്ന കഥകള്‍ക്ക് ഭാവനയുടെ ചിറകുകൂടി ലഭിക്കുമ്പ്പോള്‍ കഥ പൂര്ണ്ണത നേടുന്നു.
ഭാവനയുടെ മായാജാലത്തില്‍ അനുഭവമില്ലാ എങ്കില്‍ അതു വെറും തറ മാജിക്കാകും.
അനുഭവവും ഭാവനയും ഒത്തു കലര്ന്നിരിക്കുന്നു സിമിയുടെ ഈ രചനയില്‍‍.:)

മന്‍സുര്‍ said...

സിമി...

കഥപറച്ചിലുകളിലെ വ്യത്യസ്തത മികവ്‌ പുലര്‍ത്തുന്നു..

കൊറ്റികളുടെ കഥ...നന്നായി......
വിവരണത്തിലെ മികവാണ്‌ ഇതിന്‍റെ വിജയമെന്ന്‌ പറയട്ടെ

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

അപര്‍ണ്ണ said...

എത്ര ദിവസമായി ഒരു നല്ല കഥ വായിച്ചിട്ട്‌. ഇപ്പഴാ സമാധാനമായത്‌. ഒരുപാട്‌ ഇഷ്ടപ്പെട്ടു. എന്നാലും പുരാണ കഥാപാത്രങ്ങളെ വെച്ചുള്ള കഥകളാ എനിക്ക്‌ കൂടുതല്‍ ഇഷ്ടം..കഥ തുടരൂ കഥക്കുടുക്കേ...
:)

സജീവ് കടവനാട് said...

വണ്ടര്‍ഫുള്‍ മാഷേ...
നമതുവാഴ്‌വും കാലത്തിലെ ഒരു പോസ്റ്റിന്റെ തുടക്കവും ഇതുപോലെയാണ്. നെസ്കഫേക്കു പകരം കെ.എഫ്. ആദ്യം കരുതി അതുപോലെ എന്തോ ആണെന്ന്. പിന്നെ കൊക്കുനിരീക്ഷണമാണെന്നും. വൌ! പിന്നെ... തകര്‍ത്തു മാഷേ.

ദൈവം said...

ഗംഭീരം, അതില്‍ക്കുറഞ്ഞൊന്നുമല്ല.
ദാ, നോക്കൂ നാല്പത്തി നാല് കൊക്കുകള്‍

കാലമാടന്‍ said...

ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്‍
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)

Google