സുജിത്തും ഗോപുവും തമ്മില്‍ എട്ടുവയസ്സിന്റെ വ്യത്യാസമാണ്. സുജിത്ത് ഒന്‍പതാം ക്ലാസിലും ഗോപു രണ്ടാം ക്ലാസിലും. സുജിത്ത് കളിക്കാനും പഠിക്കാനുമൊക്കെ മിടുക്കനാണ്. ഗോപു പക്ഷേ അധികം മിണ്ടാറില്ല. എപ്പൊഴും ചേട്ടന്റെ വാലില്‍ത്തൂങ്ങി നടക്കും. ചെറിയ കുട്ടികള്‍ക്ക് വലിയ ചേട്ടന്മാരോട് ഒരുതരം ആരാധനാ മനോഭാവമാണല്ലോ. എല്ലാ കാര്യത്തിലും ചേട്ടനെ അനുകരിക്കാന്‍ നോക്കുന്ന ഗോപുവിനെ നോക്കി അമ്മ ചിരിക്കും.
വേനലവധിക്കായിരുന്നു അമ്മാവന്റെ മക്കളായ രവിയും അഞ്ജലിയും വന്നത്. രവി ഒരു കാമറയും തൂക്കിയായിരുന്നു വന്നത്. രവിയും അഞ്ജലിയും ഇരട്ടക്കുട്ടികളായിരുന്നു. നഗരത്തില്‍ നിന്നു വരുന്നവര്‍ക്ക് ഗ്രാമത്തിലെ അവധിക്കാലം മറക്കാനാവാത്തതാണ്. ഗ്രാമത്തിലാണെങ്കില്‍ നിറഞ്ഞ മഴക്കാലവും. പുഴയും കരകവിഞ്ഞൊഴുകി താറാവുകളെല്ലാം നീന്തിനടക്കുന്ന സമയം. എന്നാല്‍ ഈ അവധിക്കാലം പതിവിലും അവിസ്മരണീയമാക്കിയ ഒരു സംഭവം നടന്നു. കുട്ടികള്‍ പറമ്പില്‍ കളിക്കാനിറങ്ങിയപ്പൊഴായിരുന്നു അത്.
മഴപെയ്തൊഴിഞ്ഞ് അങ്ങുമിങ്ങും വെള്ളം കെട്ടിനില്‍ക്കുന്ന സമയമായിരുന്നു അപ്പോള്‍. പുഴകവിഞ്ഞ് കടവിലേയ്ക്ക് ഇറങ്ങാനാവാത്ത വിധം വെള്ളം പൊങ്ങി. അങ്ങോട്ട് കളിക്കാന്‍ പോവാന്‍ സുജിത്ത് സമ്മതിച്ചില്ല. കുട്ടികളെയും വിളിച്ച് സുജിത്ത് വീടിനു പിന്നിലെ പറമ്പിലേയ്ക്കു പോയി. വീട്ടിനു പിന്നില്‍ മഴവീണപ്പൊഴേയ്ക്കും പലയിനം ചെടികള്‍ തലനീട്ടിയിരുന്നു. പച്ചിലക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരുന്ന് ഒരു തവള നിറുത്താതെ കരയുന്നുണ്ടായിരുന്നു. മരത്തിലൊക്കെ പിടിച്ചു കുലുക്കിയാല്‍ മഴപോലെ മഴവെള്ളം തലയില്‍ വീഴും. പറമ്പിന്റെ ഒരു മൂലയില്‍ ഒരു പഴയ കൈവണ്ടി ചിതലരിച്ചു കിടന്നു.
“ഹായ്, കാളവണ്ടി“ അഞ്ജലി കൈവണ്ടിയുടെ അടുത്തെത്തി. അത് കാളവണ്ടിയല്ലായിരുന്നു. പച്ചച്ചായം അടിച്ച്, അരികുകളിലെ ഇരുമ്പുതകിടുകളൊക്കെ തുരുമ്പിച്ച ഒരു പഴയ കൈവണ്ടിയായിരുന്നു അത്. ഗോപുവും അഞ്ജലിയും മുന്പോട്ട് ചാഞ്ഞുനിന്നിരുന്ന വണ്ടിയുടെ ചക്രങ്ങളില്‍ ചവിട്ടി എത്തിവലിഞ്ഞ് വണ്ടിയുടെ മേല്‍ വലിഞ്ഞുകയറി. രവിമാത്രം അവിടെയെല്ലാം അലസമായി നടന്ന് മഞ്ഞത്തോടില്‍ കറുത്ത പുള്ളികളുള്ള ചെറിയ വണ്ടിന്റെയും നൂറുകാലുള് ചലിപ്പിച്ച് ട്രെയിന്‍ പോലെയോടുന്ന പഴുതാരയുടെയും നൂറായിരം രോമങ്ങളുള്ള ദേഹവുമായി പ്ലാവിലയിലരിയ്ക്കുന്ന ആട്ടാമ്പുഴുവിന്റെയും മഴ നനഞ്ഞ മണമുള്ള ഓലമടലുകളുടെയും തരിമണ്ണിലൂടെ ഒറ്റയ്ക്ക് ഓടിപ്പോവുന്ന കട്ടുറുമ്പിന്റെയും ചിത്രങ്ങളെടുക്കുന്നുണ്ടായിരുന്നു. കുറെ നാളായി അനങ്ങാതെ കിടന്ന കൈവണ്ടിയുടെ ഇടത്തേ ചക്രത്തിനരികില്‍ ഉറുമ്പുകള്‍ കൂടുവെയ്ച്ചിരുന്നു. കുറെ ഉറുമ്പുകള്‍ ചേര്‍ന്ന് പൂമ്പാറ്റയുടെ ഒറ്റച്ചിറക് ഘോഷയാത്രയായി വലിച്ചുകൊണ്ടുവന്നു.
“ചേട്ടാ, ചേട്ടന് ഈ വണ്ടി വലിക്കാമോ?” ഗോപുമോന്റെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് സുജിത്ത് വണ്ടിയുടെ കൈപ്പിടി പൊക്കി. പതിനാലു വയസ്സായപ്പൊഴേയ്ക്കും വലിയ ശക്തനായി എന്നായിരുന്നു സുജിത്തിന്റെ വിചാരം. വീട്ടില്‍ അമ്മകാണാതെ മസില് കൂട്ടാന്‍ അമ്മിക്കല്ലെടുത്ത് രണ്ടുകൈകളിലും മാറിമാറി പൊക്കുന്നതാണ്. ഗോപുമോന്റെ ചോദ്യം കേട്ടപ്പൊഴേയ്ക്കും അഞ്ജലി വണ്ടിയിലിരുന്ന് ഒരു കാര്യവുമില്ലാതെ ചിരിച്ചുതുടങ്ങി. അവള് ചിരിച്ചുതുടങ്ങിയാല്‍ പിന്നെ കുറെ നേരത്തേയ്ക്ക് ചിരിയാണ്. ഒരുപാടുനാളായി അനങ്ങാതെ കിടന്ന കൈവണ്ടി അല്പം ആയാസപ്പെട്ട് സുജിത്ത് മുന്‍പോട്ടു വലിച്ചു. “ങ്ങുര്, ങ്ങുര്, ഞാന്‍ കാള” - സുജിത്ത് വിളിച്ചുപറഞ്ഞു. രവി കൈവണ്ടിയുടെ മുന്പില് ചെന്നുനിന്ന് സുജിത്തിന്റെ ഫോട്ടോയെടുത്തു. ഫ്ലാഷ് കത്തിയപ്പോള്‍ അഞ്ജലി പിന്നെയും കണ്ണുചിമ്മി പൊട്ടിച്ചിരിച്ചു.
“ഞാന്‍ കാളയെ അടിക്കാന്‍ ഒരു വടികൊണ്ടുവരാം” - ഗോപുമോന് വണ്ടിയില്‍ നിന്ന് ഊര്‍ന്നിറങ്ങി വീട്ടിലേയ്ക്കോടി. സുജിത്തിന്റെ മുഖത്ത് അല്പം പരിഭ്രമമായി. എങ്കിലും സുജിത്ത് വീണ്ടും ചിരിച്ചു. ഗോപുമോന് കയ്യിലൊരു ചാട്ടയുമായി തിരിച്ച് ഓടിവന്നു. ചാട്ടകണ്ട് സുജിത്തിന്റെ മുഖം ഒന്നുകൂടി ഇരുണ്ടു. സ്കൂളില്‍ ഗൃഹപാഠം ചെയ്യാത്തതിനു ക്രൂരനായ മാഷിന്റെ ചൂരലിനു മുന്പില് കൈനീട്ടി നില്ക്കുന്ന കുട്ടിയെപ്പോലെ സുജിത്ത് ചൂളി. അവന് വണ്ടിയുടെ കൈപ്പിടി താഴെവെച്ചു.
“കാളേ, ഞാന്‍ പതിയെ അടിക്കത്തേയുള്ളൂ, ഞാന്‍ നല്ല വണ്ടിക്കാരനാ, ങ്ങുര് ങ്ങുര്, നടകാളേ”. സുജിത്ത് വണ്ടിത്തല മടിച്ചുമടിച്ച് വീണ്ടും പൊക്കിയെടുത്തു.
കൊത്തുപണിചെയ്ത ഒരു തടിക്കഷണത്തില്‍ കുറെ കുടുക്കുകളിട്ട ഒരു കയര്‍ ഇറുക്കിവരിഞ്ഞ് ഉണ്ടാക്കിയതായിരുന്നു ആ ചാട്ട. കയറിനു നല്ല നീളമുണ്ടായിരുന്നു. ചാട്ടയുടെ കൈപ്പിടിയില്‍ തുറിച്ചക്കണ്ണും പുറത്തേയ്ക്കു നീട്ടിയ നാവും നാലു കൈകളുമുള്ള കാളിയുടെ രൂപം കൊത്തിവെയ്ച്ചിരുന്നു. കൈപ്പിടി ഉപയോഗം കൊണ്ട് മിനുസമായിത്തീര്ന്നിരുന്നു. പിടിയുടെ അറ്റത്ത് തേഞ്ഞുതുടങ്ങിയ കൊത്തുപണികള്‍ കാണാമായിരുന്നു. കാലപ്പഴക്കം കൊണ്ട് കറുത്തിരുണ്ട കയര്‍. ചാട്ടയ്ക്ക് നൂറ്റാണ്ടുകള്‍ പഴക്കം കാണും. ഗോപു ഈ ചാട്ട എവിടെനിന്നും കണ്ടുപിടിച്ചു എന്ന് സുജിത്തിനു മനസിലായില്ല. ചാട്ടയും പിടിച്ച് വിജയിയെപ്പോലെ നിന്ന ഗോപു ചാട്ട ചുഴറ്റി നിലത്തടിച്ചു. വായുവിലൂടെ പാമ്പു ചീറ്റുന്നതുപോലെ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് ചാട്ടയുടെ കയര്‍ “ഫ്ലാപ്പ് “ എന്ന വലിയ ശബ്ദത്തോടേ മണ്ണില്‍ വീണു.
അഞ്ജലി ഇപ്പോള്‍ ചിരിക്കുന്നില്ല. ഗോപു വണ്ടിയിലേയ്ക്കു വലിഞ്ഞു കയറി. അവന്റെ കയ്യില്‍ നിന്നും ചാട്ടയുടെ കയര്‍ കറുത്തുമെലിഞ്ഞ ഒരു പാമ്പിനെപ്പോലെ നിലത്തേയ്ക്കു നീണ്ടുകിടന്നു. സുജിത്തിന്റെ മുഖം വലിഞ്ഞുമുറുകി. അവന് ഒന്നും മിണ്ടാതെ വണ്ടിവലിച്ചു. ഗോപുവിന്റെ മുഖത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവമായിരുന്നു. കൊച്ചുകുട്ടികളില്‍ കാണാറില്ലാത്ത ഒരുന്മാദം. “നടകാളേ, ങ്ങുര്, ങ്ങുര്, വേഗം”. രവി ഒന്നും മിണ്ടാതെ വണ്ടിയുടെ വശത്തേയ്ക്കു മാറിനിന്ന് ചിത്രങ്ങളെടുത്തു.
“വേഗം നടകാളേ” ഗോപു ചാട്ട പതുക്കെ ചുഴറ്റി. ചാട്ടയുടെ കയര്‍ ഉയര്‍ന്ന് വായുവിലൂടെ വളഞ്ഞ് സുജിത്തിന്റെ തോളിലേയ്ക്കു തളര്‍ന്നുവീണു. സുജിത്തിനു വേദനിച്ചില്ല, എങ്കിലും അവന് “ഹൌ” എന്ന ശബ്ദം പുറപ്പെടുവിച്ചു. വണ്ടിവലിയ്ക്കുന്ന സുജിത്തും തോളില്‍ വീണുകിടക്കുന്ന ചാട്ടയും ചാട്ടയുടെ ഒരറ്റം പിടിച്ചുകൊണ്ടുനില്‍ക്കുന്ന വണ്ടിക്കാരന് ഗോപുവുമായി രവി ചിത്രങ്ങളെടുത്തു.
“മതി, പോവാം” - അഞ്ജലി പറഞ്ഞു. “ഇല്ല, കുറച്ചുദൂരം കൂടി. നടകാളേ”. സുജിത്ത് വണ്ടി വലിച്ചുതുടങ്ങിയപ്പൊഴേ ഗോപു ചാട്ട ഒന്നുകൂടി ചുഴറ്റിയടിച്ചു. വായുവില്‍ മൂളിക്കൊണ്ട് ചാട്ട അവന്റെ പുറത്തു പുളഞ്ഞു. സുജിത്തിനു മുതുകില്‍ കത്തികൊണ്ടു വരഞ്ഞതുപോലെ തോന്നി. “എടാ“ എന്ന് സുജിത്ത് ഉറക്കെവിളിച്ചപ്പൊഴേയ്ക്കും ഗോപു വീണ്ടും ചാട്ട ചുഴറ്റിയിരുന്നു. ഫ്ലാപ്പ്. അഞ്ജലി ഉറക്കെക്കരഞ്ഞു. ഗോപുവിന്റെ ചാട്ട വീണ്ടും വീണ്ടും ഉയര്‍ന്ന് സുജിത്തിന്റെ മുകളില്‍ വീണു. രവി ഒരു നിമിഷം സ്തബ്ധനായിപ്പോയി. സുജിത്ത് വേദനകൊണ്ട് അലറിവിളിച്ചു. ഈ വേദനയില്‍ നിന്നും ഇറങ്ങിയോടണം എന്ന ചിന്ത അവന്റെ തലയില്‍ ഇരച്ചുവന്നെങ്കിലും വണ്ടിയുടെ കൈപ്പിടികാരണം മുന്പോട്ടിറങ്ങാനും കഴിഞ്ഞില്ല. “നടകാളേ”. ഗോപു വിതുമ്പുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകള്‍ തുറിച്ചു, ചുണ്ടുകള്‍ വിറച്ചു. കരഞ്ഞുകൊണ്ട് അവന് വീണ്ടും ചാട്ട ചുഴറ്റിയടിച്ചു. “നടകാളേ”.
കുട്ടികളുടെ കൂട്ടക്കരച്ചിലും സുജിത്തിന്റെ അലറിയുള്ള വിളിയും കേട്ട് വീട്ടുകാര്‍ ഓടിവരുമ്പൊഴേയ്ക്കും സുജിത്ത് വസ്ത്രങ്ങളില്‍ നിന്നും നീളത്തില്‍ ചോരപൊടിഞ്ഞ് മുഖം മണ്ണിലമര്‍ത്തി നിലത്തുകിടക്കുന്നുണ്ടായിരുന്നു. ഗോപു വണ്ടിയില്‍ നിന്ന് ഇറങ്ങാതെ ചാട്ടയും പിടിച്ച് വണ്ടിയിലിരുന്ന് വിതുമ്പി. അഞ്ജലി ഉറക്കെക്കരഞ്ഞുകൊണ്ട് ഓടിച്ചെന്ന് അമ്മയെക്കെട്ടിപ്പിടിച്ച് അമ്മയുടെ കാലുകളില്‍ മുഖമമര്‍ത്തി. രവി കാമറ താഴ്ത്തി അനങ്ങാതെ, ഒന്നും മിണ്ടാതെ നിന്നു.
ആരൊക്കെയോ സുജിത്തിനെ പൊക്കി ഒരു ആട്ടോറിക്ഷായിലിട്ട് ആശുപത്രിയില്‍ കൊണ്ടുപോയി. വിതുമ്പിക്കരയുന്ന ഗോപുവിന്റെ കയ്യില്‍ നിന്നും അച്ഛന് ചാട്ട തട്ടിപ്പറിച്ചു. അമ്മാവന് ഒരു പത്തലൊടിച്ച് അവന്റെ മേല്‍ രണ്ട് അടിയടിച്ചു. ഗോപുവുന്റെ അമ്മ അവനെ വാരിയെടുത്തു. എന്നിട്ടു പറഞ്ഞു - “എന്റെ മോനല്ല, അവന്റെ കുറ്റമല്ല, എല്ലാം ഈ നശിച്ച ചാട്ടയാണ്”.
ചാട്ട കത്തിച്ചുകളയണമെന്നായി അമ്മാവന്. “വേണ്ട, മുത്തശ്ശന്റെ ചാട്ടയാണ്, ഇങ്ങുതരൂ” എന്നുപറഞ്ഞ് സുജിത്തിന്റെ അച്ഛന് ആ ചാട്ട പിടിച്ചുവാങ്ങി അലമാരിയില്‍ കൊണ്ടു വെയ്ച്ചു പൂട്ടി. ഗോപു അപ്പോഴും കരയുന്നുണ്ടായിരുന്നു. അലമാരയിലേയ്ക്കു കൊണ്ടുപോവുന്ന വഴി ചാട്ടയുടെ അറ്റം പാമ്പിന്റെ ഒടിഞ്ഞ പത്തിപോലെ നിലത്തിഴയുന്നുണ്ടായിരുന്നു.
1/12/2008
വണ്ടിക്കാള
എഴുതിയത് simy nazareth സമയം Saturday, January 12, 2008
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
15 comments:
ആശയത്തില്‍ പ്രതീക്ഷിക്കാവുന്ന പുതുമകള്‍ കാരണം മാത്രം കഥാകാരന് തന്നെ ആവര്‍ത്തിച്ചു മുഷിപ്പിച്ച ശൈലി സഹിച്ചുകൊണ്ടു ഞാന്‍ സ്ഥിരമായി വായിക്കുന്ന ഏക ബ്ലോഗ്/കഥാകാരന്.
പ്രോത്സാഹനമോ നിരുത്സാഹനമോ ആയിട്ടെടുക്കാം, എനിക്ക് തന്നെ എന്താണെന്ന് വ്യക്തമല്ല.
പെരിങ്ങോടാ,
പ്രോത്സാഹനമായി എടുക്കുന്നു :) ഇപ്പൊ കഥയെഴുതാന്‍ പഴയപോലെ പറ്റുന്നില്ല. ഇതു തന്നെ ആശയവും റ്റൈപ്പ് ചെയ്തുവെച്ച് രണ്ടുദിവസം കാത്തിരുന്നിട്ടാണ് എഴുതിയത്. എഴുതാനുള്ള മൂഡ് കിട്ടുന്നില്ല. കോഴിയെ തല്ലി മുട്ടയിടീക്കുന്ന ഒരു ഫീലിങ്ങ്.. ഞെക്കിപ്പഴുപ്പിച്ച മാങ്ങപോലെ രുചി കുറയുന്നു :)
പാതിവെന്ത കഥയെടുത്ത് ബ്ലോഗിലിടുന്ന ശീലവും ആയി. നാലഞ്ചുവെട്ടം തനിയേ വായിച്ചുതിരുത്തിയെങ്കില് കുറെക്കൂടെ നന്നാക്കാമായിരുന്നു എന്നു തോന്നുന്നു.
മോശമൊന്നുമായിട്ടില്ല.... ആവര്‍ത്തന വിരസതയുണ്ടെങ്കിലും ആവിഷ്കാരത്തില്‍ പുതുമയുണ്ട്.
നല്ലോരു അവസരമാണ് കളഞ്ഞു കുളിച്ചത് എന്നും കൂടി പറഞ്ഞു നിര്‍ത്തട്ടെ.
സിമി
പതിനെട്ടുവയസ്സു തികയുന്നതിനുമുന്നേ വീടിന്റെ ഭാരം മുഴുവന്‍ വലിച്ചു ചുമലില്‍ വയ്ക്കുകയും പിന്നെ പാരമ്പര്യങ്ങളുടെ ചാട്ടവാറടിയൊക്കെ പത്തുവയസ്സിളയവനായ ഈയുള്ളവനില്‍ നിന്നുപോലും ഏല്ക്കുകയും ചെയ്ത വണ്ടിക്കാളയായ ഒരു ജ്യേഷ്ടന് വീട്ടില്‍ ഉള്ളതുകൊണ്ടാവണം വളരെ ഹൃദയസ്പര്‍ശി ആയി തോന്നി.
ഈസോപ്പിനെ പോലെ വേണം കഥയെഴുതുന്നതെന്ന് നീ പറയുന്നത് കേട്ട് അല്ഭുതപ്പെട്ടിട്ടുണ്ട് ഞാന്‍. അതുകൊണ്ട് തന്നെ കഥാരചനയില്‍ നീ കുട്ടിക്കഥകളുടെ ശൈലി ആവര്‍ത്തിക്കുന്നത് ഞാന്‍ സന്തോഷത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു പക്ഷെ കുറ്റബോധം പോലെയുള്ള അപൂര്‍വം രചനകളില്‍ മാത്രമേ മറ്റൊരു ഭാഷാഘടനയെങ്കിലും കണ്ടിട്ടുള്ളൂ. ശൈലിയുടെ ആവര്‍ത്തനം ഉണ്ടെന്ന നിരീക്ഷണം ശരി വയ്ക്കേണ്ടിവരുന്നു. അത് ചെടിക്കുന്നതും ചെടിക്കാത്തതും വ്യക്തിപരമായ ചോയ്സുകളുടെ പ്രശ്നമാവും.
എഴുത്തുകാരന് എന്ന നിലയില്‍ ഭാഷാശൈലിയും കഥയുടെ ശില്പരൂപത്തിലും നീ പരീക്ഷണങ്ങള്‍ നടത്തുന്നതുകാണാന്‍ എനിക്കും താല്പര്യം ഉണ്ട്. :) സമയമായി എന്ന് നിനക്ക് തോന്നുമ്പോള്‍.
പെരിങ്ങോടന് പറഞ്ഞത് പോലെയല്ല. എനിക്ക് തോന്നുന്നത് ഇതുപോലെ വിരസമായ ഒരു ശൈലി വെച്ച് വായനക്കാരെ പിടിച്ചിരുത്തുന്ന എന്തോ ഒരു മാജിക്ക് സിമിയുടെ കഥകള്‍ക്ക്. മനപൂര്വ്വമിങ്ങിനെ തന്ന എഴുതുന്നതുപോലെ. വേണമെങ്കില്‍ എനിക്ക് നല്ല ഒന്നാന്തരം ശൈലിയില്‍ എഴുതാം ലോകമേ, പക്ഷെ എന്നെ ഇങ്ങിനെ തന്നെ വായിക്കൂ എന്ന് പറയുന്നതുപോലെ. നിക്കേ നിക്കേ പൊങ്ങാന്‍ വരട്ടെ :) ചിലപ്പൊ ഞാന്‍ എന്റെ കാര്യത്തിലൊഴിക ബാക്കിയെല്ലാവരുടെ കാര്യത്തിലും ഒരു ഓപ്റ്റിമിസ്റ്റ് ആയോണ്ടാവും. അദേര്‍സ് ഗ്ലാസ്സസ് ആര് ഹാഫ് ഫുള്‍. :)
ആവര്‍ത്തനവിരസതയുണ്ടെങ്കിലും അവതരണം നല്ലതാണ്.
ചാട്ട എന്ന പേരായിരുന്നുവോ കൂടുതല്‍ നല്ലത്? Power corrupts...എന്ന രീതിയില്‍ നോക്കിയാല്‍...
മൂര്‍ത്തിച്ചേട്ടാ, അതുതന്നെയായിരുന്നു കഥയില്‍ ഞാന്‍ ഉദ്യേശിച്ച തീം. പക്ഷേ ചാട്ട എന്ന പേരിട്ടാല്‍ കൂടുതല്‍ obvious ആവും എന്നു തോന്നി, ഗുപ്തന് വിവരിച്ച തീം വരാതെ പോവും എന്നും..
എങ്കില്‍ എന്റെ ഒരു ചെറിയ തോന്നല്‍ കൂടി പറയട്ടെ? “എല്ലാം ഈ നശിച്ച ചാട്ടയാണ്“ എന്ന വരി കളയുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്താല്‍..നന്നായിരിക്കില്ലേ?
പക്ഷേ എല്ലാം നശിച്ച ചാട്ടയാണല്ലോ.
പാവം പിടിച്ച മനുഷ്യര്‍ അധികാരം കയ്യില്‍ കിട്ടുമ്പോള്‍ സ്വഭാവം മാറുന്നതു ശ്രദ്ധിച്ചിട്ടില്ലേ? ക്രൂരതയ്ക്ക് ഒരവസരം കിട്ടിയാല്‍ പിന്നെ ക്രൂരത ആവര്‍ത്തിക്കുന്നവരും ഒരുപാടുണ്ടല്ലോ.
ഇത്തരം ക്രൂരത മനുഷ്യനില്‍ അന്തര്‍ലീനമാണ്. ഒരുതരം സഹജഭാവം. ചാട്ട അധികാരത്തിന്റെയും ക്രൂരതയും ഉപകരണമാണല്ലോ.
നോബല്‍ സമ്മാന ജേതാവായ വില്യം ഗോള്‍ഡിങ്ങിന്റെ വായിച്ചിരിക്കേണ്ട പുസ്തകമാണ് ലോഡ് ഓഫ് ദ് ഫ്ലൈസ് (ഈച്ചകളുടെ തമ്പുരാന് എന്ന പേരില്‍ മലയാള വിവര്‍ത്തനവും ഇറങ്ങിയിട്ടുണ്ട്). മനുഷ്യന്റെ തിന്മയും ക്രൂരതയും ഒന്നും അറിയാത്ത കുട്ടികളിലേയുണ്ട്, എന്ന ആശയത്തെ ശക്തിയായി പ്രതിപാദിക്കുന്ന നോവല്‍. വില്യം ഗോള്‍ഡിങ്ങ് പലതവണ തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറിയില്‍ വന്ന് പ്രസംഗിച്ചിട്ടുണ്ട് (ഇപ്പോള്‍ മരിച്ചുപോയി). വായിച്ചിട്ടില്ലെങ്കില്‍ ഇംഗ്ലീഷ് വേഷന് തന്നെ വായിക്കാന്‍ അപേക്ഷ.
അയ്യോ സിമീ ഞാന്‍ ഉദ്ദേശിച്ചത് ആ വരി വരുമ്പോള്‍ സിമി ഒഴിവാക്കാന്‍ നോക്കിയ obviousness വരുന്നില്ലേ എന്നതായിരുന്നു ....
അധികാരം അതെത്ര ചെറുതായാലും കിട്ടുന്നയാള്‍ക്ക് അത് കാണിച്ചേ മതിയാവൂ. നന്നായിരിക്കുന്നു സിമി. സമയം കിട്ടുമ്പോള്‍ വേറൊരു ശൈലിയിലും ഘടനയിലും ഇതൊന്ന് മാറ്റിയെഴുതണം എന്നൊരു അഭ്യര്ഥനയുണ്ട്..
വടക്കോവ്സ്കി, എഴുതിയ മൊത്തത്തില്‍ കഥ മാറ്റി എഴുതാന്‍ ഭയങ്കര വിമ്മിഷ്ടമാണ് :(. ഒരുതരം മടുപ്പ്.
ഞാന്‍ അടുത്ത കഥ വേറൊരു ശൈലിയിലാക്കാം.. ഇതു ഇങ്ങനെയേ പോട്ടെ.
മൂര്‍ത്തിച്ചേട്ടാ, ഞാന്‍ ആ വരി നന്നാക്കാമോ ന്നു നോക്കട്ടെ...
സിമിയേ..കലക്കിട്ടോ...വായിച്ചു കഴിഞ്ഞുകമന്റില് ലോര്‍ഡ് ഓഫ് ദി ഫ്ലൈസിനെക്കുറിച്ചും,ജാക്കിനെക്കുറിച്ചും പറയണം എന്നു കരുതിയിരിക്കുമ്പോളാണ് സിമി തന്നെ അതു കമന്റില്‍ ഇട്ടതു കണ്ടത്...:-)ഒട്ടും മുഷിച്ചില് തോന്നിയില്ല.churungngiya vaakkukaLil bhangiyaayi paranjirikkunnu.
ഉചിതം. ആശംസകള്‍!
Post a Comment