സിമിയുടെ ബ്ലോഗ്

1/11/2008

ജനക്കൂട്ടത്തിന്റെ മന:ശാസ്ത്രവും ബൂലോകവും

1) ബ്ലോഗില്‍ ഒരാള്‍ വന്ന് ഒരുപാടുപേരെ, അല്ലെങ്കില്‍ ബൂലോകത്തിനെ ചീത്തവിളിച്ചാല്‍ അയാളെ തിരിച്ചു ചീത്തവിളിക്കാനും അയാളെ കണക്കിനു കളിയാക്കാനും ഒരുപാടുപേരുണ്ടാവും (ഞാനുള്‍പ്പെടെ). ജനക്കൂട്ടത്തിനു കുരയ്ക്കുന്ന ഒരു പേപ്പട്ടിയെക്കിട്ടിയാല്‍ കല്ലെറിയാനുള്ള ആള്‍ക്കൂട്ടത്തിന്റെ ആവേശം, തെരുവില്‍ ഒരു കള്ളനെ പിടിച്ചുകെട്ടിയാല്‍ ചാടി കരണത്ത് അടികൊടുക്കാനുള്ള സ്കൂള്‍ കുട്ടികളുടെപോലും ആവേശം, ഇതൊക്കെ ബ്ലോഗിലും വരുന്നത് സ്വാഭാവികമാണ്. ആള്‍ക്കൂട്ടത്തിന്റെ ധൈര്യം ഇവിടെ വരും. എന്നാല്‍ ബ്ലോഗില്‍ പോസ്റ്റിടുന്ന ആള്‍ക്ക് അതാണു വേണ്ടതെങ്കിലോ? പ്രശസ്തനായില്ലെങ്കിലും കുപ്രസിദ്ധനായാല്‍ മതിയെങ്കിലോ? തന്റെ പോസ്റ്റുകള്‍ കുപ്രസിദ്ധമായാലും ശ്രദ്ധിക്കപ്പെട്ടാല്‍ മതിയെങ്കിലോ? കൂട്ടത്തില്‍ അവിടെയുള്ള ലിങ്കുകളിലും പരസ്യങ്ങളിലും ആളുകള്‍ ക്ലിക്കും ചെയ്താല്‍ ബഹുകേമം എന്നാണെങ്കിലോ? (ഇത് ആരെക്കുറിച്ചാണ് എഴുതിയത് എന്നത് അറിയാത്തവര്‍ അറിഞ്ഞ് അദ്ദേഹത്തിനു കുപ്രസിദ്ധി കൊടുക്കണമെന്നില്ല).

2) വേണ്ടാത്ത വിവാദങ്ങള്‍ ബ്ലോഗിലെഴുതുന്നവര്‍ക്ക് ഒരു സംഘടിത മനോഭാവം നല്‍കുന്നു. ഈ ബൂലോകം മൊത്തം ചവറാണ് എന്നൊരാള്‍ പോസ്റ്റിട്ടാല്‍ അത് എന്നെയും കൂടെയല്ലേ പറഞ്ഞത്, എന്ന രീതിയില്‍ ആളുകള്‍ പ്രതികരിച്ചുതുടങ്ങുന്നു. ഇവിടെ ഗ്രൂപ്പ് ഉണ്ടെന്നു പറഞ്ഞാല്‍ ഗ്രൂപ്പ് ഉണ്ടെന്നൊ ഇല്ലെന്നോ സ്ഥാപിക്കാന്‍ നോക്കുന്നു. കഥകളെഴുതിയിട്ട് ആരും തിരിഞ്ഞുനോക്കാതിരുന്ന സാബു പ്രയാര്‍ പെട്ടെന്ന് ആളെക്കൂട്ടിയത് ഇങ്ങനെയായിരുന്നു.

3) പോസ്റ്റിന്റെ തലക്കെട്ടില്‍ ബൂലോകം എന്ന വാക്കുതന്നെ തങ്ങളെ സംബന്ധിക്കുന്ന എന്തോ ആണെന്ന് വായനക്കാരനെ തോന്നിപ്പിക്കുന്നു (ബ്ലോഗ് വായിക്കുകയോ എഴുതുകയോ ചെയ്യുന്ന നിലയ്ക്ക് താനും ബൂലോകത്തിലെ അംഗമാണല്ലോ).

4) ഇത്തരം വേണ്ടാത്ത ചര്‍ച്ചകള്‍ക്കിടയ്ക്ക് നല്ല പോസ്റ്റുകളെഴുതുന്ന പലരും പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഉദ്യേശിച്ച പ്രതികരണം കിട്ടാതെ ബ്ലോഗ് പൂട്ടിപ്പോവുകയും ചെയ്യുന്നു.

എല്ലാ ബ്ല്ലോഗ് പോസ്റ്റുകളും വളരെ നല്ലത്, അല്ലെങ്കില്‍ മോശം എന്നൊരു പ്രതികരണം അല്ല അര്‍ഹിക്കുന്നത്. കൊള്ളാം എന്ന ഒഴുക്കന്‍ മട്ടിലെ പ്രതികരണം പലപ്പൊഴും എഴുത്തുകാരനെ നിരാശപ്പെടുത്താം. വെള്ളെഴുത്തിന്റെ ശ്രദ്ധിക്കപ്പെടേണ്ട ഒരു പോസ്റ്റ് ശ്രദ്ധിക്കപ്പെടാതെപോയത് ഇവിടെ.

നല്ല എഴുത്തുകള്‍ ശ്രദ്ധിക്കപ്പെടാത്തതു വായനക്കാരുടെ എണ്ണം കുറവായതുകൊണ്ടാവുമോ? ലക്ഷക്കണക്കിനു വായനക്കാരുണ്ടെങ്കില്‍ തനിയേ നല്ലതും ചീത്തയും വേര്‍തിരിയേണ്ടതാണ്. ഗണിതശാസ്ത്ര പ്രകാരം നല്ല പോസ്റ്റുകള്‍ക്കു നല്ല വായനക്കാരെ കിട്ടേണ്ടതാണ്.

ഈ പോസ്റ്റിനു കമന്റ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നു.

Google