സിമിയുടെ ബ്ലോഗ്

7/04/2008

കുളം

രാത്രിയില്‍ കുളം എന്തൊരു രസമാണ്. നക്ഷത്രങ്ങളെല്ലാം കുളത്തില്‍ പൊങ്ങിക്കിടക്കുന്നു. ഓളം വെട്ടുമ്പോള്‍ നക്ഷത്രങ്ങള്‍ തെന്നിക്കളിക്കുന്നു. കൈ എത്താവുന്ന ദൂരത്ത് ചന്ദ്രന്‍ അതാ വീണുകിടക്കുന്നു. ആകാശം ദൂരെയാണ്. ചന്ദ്രനെയും നക്ഷത്രങ്ങളെയും കൈയെത്തില്ല. പക്ഷേ കുളം അടുത്താണ്. വിരല്‍ തൊടുമ്പോള്‍ രാത്രിയിലെ തണുത്ത കുളം. മുഖം അടുപ്പിക്കുമ്പോള്‍ നക്ഷത്രങ്ങളും ചന്ദ്രനും മാത്രമല്ല, നീണ്ട മുടിയും വിരിച്ച്, നീലക്കണ്ണും മിഴിച്ച്, ചുവന്ന ചുണ്ടും വിടര്‍ത്തി ചിരിക്കുന്ന സാരിയുടുത്ത പെണ്ണും കുളത്തിലുണ്ട്. അവളുടെ സാരി സ്വര്‍ണ്ണമത്സ്യത്തിന്റെ വിടര്‍ന്ന ചിറകുകള്‍ പോലെ പറന്നുനടക്കുന്നു. അവള്‍ അതാ വിളിക്കുന്നു. എന്റെ ചാരിത്ര്യവും കരയില്‍ വെച്ചിട്ട് ഞാന്‍ പതുക്കെ കുളത്തിലിറങ്ങും. കുളത്തിലെ ചന്ദ്രനെ വാരി കയ്യിലെടുക്കും. ഒരു നക്ഷത്രത്തിനെ എടുത്ത് ചെവിയില്‍ തിരുകും. എന്നിട്ട് കുളത്തിന്റെ ആഴത്തില്‍ അവളെയും കെട്ടിപ്പിടിച്ചുകിടന്ന് സുഖമായുറങ്ങും.

4/12/2008

ഉരുളക്കിഴങ്ങ്

നീ സുന്ദരനാണ്. വിവാഹിതനാണ്. നിന്റെ ഭാര്യ സുന്ദരിയാണെന്ന് നീ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെയെന്തിനാണ് നീ എന്റടുത്തു വരുന്നത്?
ഛി മിണ്ടാതെടീ. നിനക്കു ഞാന്‍ കാശുതരുന്നില്ലേ. മനുഷ്യന്റെ മൂഡുകളഞ്ഞു. എനിക്കിന്നു നേരത്തേ പോണം. ഓഫീസില്‍ നിന്നും രണ്ടും മൂന്നും മണിക്കൂര്‍ മുങ്ങുന്നത് ആ മാനേജര്‍ നോട്ടീസീയുന്നുണ്ട്.
പൊയ്ക്കോ.
പിണങ്ങാതെ പൊന്നേ
ഹൗ, നോവിക്കാതെ

----

രാജ് ഓഫീസില്‍ പോയിരിക്കുന്ന സമയത്താണ് വിനോദ് വീട്ടില്‍ വരുന്നത്. വിനോദ് നല്ല തീറ്റയാണ്. രാജിനും മകനും വേണ്ടിയുണ്ടാക്കിയ ആഹാരം അയാള്‍ ഒറ്റയ്ക്കുതിന്നു. രാജിനുവേണ്ടി ഒരുക്കിയ കട്ടിലില്‍ കയറിക്കിടന്നു. അവള്‍ രാജിനു വേണ്ടി കുളിച്ചതു വെറുതെയായി. വിനോദ് അവളെ കടിച്ച് പാടുവരുത്തിയപ്പോള്‍ അവള്‍ ടെന്‍ഷനടിച്ചു. അലമാര തുറന്ന് ക്രീം പുരട്ടി പാടുകള്‍ മറച്ചു. സ്വീകരണമുറിയിലിരുന്ന് വലിക്കരുതെന്നു പറഞ്ഞിട്ടും വിനോദ് സിഗരറ്റുവലിച്ചു. പഠിക്കുന്ന കാലം തൊട്ടേ പറഞ്ഞാല്‍ കേള്‍ക്കുന്ന സ്വഭാവം വിനോദിനില്ല എന്നവള്‍ കളിപറഞ്ഞു. കുലുങ്ങിച്ചിരച്ച് വിനോദ് യാത്രയായി.

----

പ്രേമ പച്ചക്കറിവാങ്ങാന്‍ പോയ സമയത്താണ് എട്ടുവയസ്സുള്ള മനു സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയത്. അയലത്തെ വീട്ടിലെ വിധുവും കൂടെയുണ്ടായിരുന്നു. വിധുവിന്റെ അമ്മയും അച്ഛനും ഓഫീസ് കഴിഞ്ഞുവരുമ്പോള്‍ എട്ടുമണിയാവും. വിധു സാറ്റ് കളിക്കാം എന്നുപറഞ്ഞു. മനു അവളെ കട്ടിലില്‍ തള്ളിയിട്ട് അവളുടെ മേലേ കേറിക്കിടന്ന് ചുംബിക്കാന്‍ ശ്രമിച്ചു. അവള്‍ കുതറിമാറി.

എന്തിനാ എന്നെ ഉമ്മവെയ്ക്കുന്നെ
എന്റെ അച്ഛനും അമ്മയും ഉമ്മ വെയ്ക്കാറുണ്ടല്ലോ. ഞാന്‍ കണ്ടതാ
അതുനിന്റെ അച്ഛനും അമ്മയും. എന്നെ ആരും ഉമ്മവെയ്ക്കണ്ടാ. ഞാന്‍ പോന്നു.
പോവല്ലേ.
ഇല്ല. ഞാന്‍ നിന്റെ കൂടെ കൂട്ടില്ല. ഞാന്‍ പോന്നു.
വാ പുറത്തുപോയി കളിക്കാം.
...
കെറുവിക്കാതെ. ആദ്യം നീയെണ്ണ്.
...
എന്തുവാന്നേ. എണ്ണ്
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച്....

---

രാജ് വീട്ടില്‍ വന്നപ്പോള്‍ സിഗരറ്റിന്റെ മണമടിച്ചു.
നീ സിഗരറ്റുവലിച്ചോ?
വലിച്ചു.
എന്തിന്?
ബ്രഡ് ഇരിപ്പുണ്ട്. കിഴങ്ങുകറി ഉണ്ടാക്കട്ടേ?
നിനക്കു സിഗരറ്റുവലി നിറുത്തിക്കൂടേ? മോന്‍ വളര്‍ന്നുവരുന്നു. പെണ്ണുങ്ങള്‍ സിഗരറ്റുവലിക്കുന്ന നാട്!.

പ്രേമ ഉരുളക്കിഴങ്ങ് പുഴുങ്ങാനിട്ടു. ഒരു വലിയ ഉരുളക്കിഴങ്ങും ഒരു ചെറിയ ഉരുളക്കിഴങ്ങും. പ്രേമയ്ക്ക് സിഗരറ്റിന്റെ മണം ഇഷ്ടമല്ല.

---

വെള്ളം തിളച്ചുതുടങ്ങുമ്പോള്‍ വലിയ ഉരുളക്കിഴങ്ങ് ചെറിയ ഉരുളക്കിഴങ്ങിന്റെ സാന്നിദ്ധ്യം അറിഞ്ഞു. വലിയ ഉരുളക്കിഴങ്ങ് ചെറുതിനോടു പറഞ്ഞു.
"ഒരാഴ്ച്ചയായി ഞാന്‍ അടുക്കളയിലെ അലമാരയിലിരിക്കുന്നു. ഒരാഴ്ച്ചകൊണ്ട് ഒരു ജന്മം കാണേണ്ടതില്‍ കൂടുതല്‍ കണ്ടു അല്ലേ. ഇനി മരിച്ചാല്‍ മതിയെന്നു തോന്നുന്നു".
ചെറിയ ഉരുളക്കിഴങ്ങ് പ്രതിവചിച്ചു. "ഉരുളക്കിഴങ്ങുകള്‍ക്കു മിണ്ടിക്കൂടാ. ഞാന്‍ ഇത്രയും നാള്‍ ഒന്നും മിണ്ടിയിട്ടില്ല."
"വിഡ്ഡീ. ജെ.സി. ബോസ് ഗവേഷണം നടത്തിയതൊക്കെ വെറുതെയാണെന്നോ? സസ്യങ്ങള്‍ക്കും വികാരങ്ങളുണ്ടെന്ന് നീ മറന്നുപോയോ? നീയിതൊന്നും പഠിച്ചില്ലേ?"
"ഇല്ലല്ലോ. ഞാനൊന്നും പഠിച്ചില്ല. ഞാനൊരു തമിഴന്റെ പാണ്ടിലോറിയിലായിരുന്നു. ഉനക്കു തമിള്‍ തെരിയുമാ? മല്ലിഗേ നിന്‍ പാവാട അഴകാരിക്ക്"
"അവന്റടിവേരിന്റെ തമിഴ്. ഈ വീട്ടില്‍ ആരെങ്കിലും നേര്‍‌വഴിക്കുണ്ടോ? നിനക്കു സാന്മാര്‍ഗ്ഗികതയില്‍ വിശ്വാസമുണ്ടോ?"
"ചേട്ടാ, വെള്ളം ചൂടാവുന്നു. എനിക്കു വേവുന്നു".
"ഈ വീട്ടിലുള്ളവര്‍ മരിച്ചാല്‍ അവര്‍ നരകത്തില്‍ പോവില്ലേ? ഇവര്‍ക്കു ഗതികിട്ടുമോ? സ്വര്‍ഗ്ഗവും നരകവുമൊക്കെ ഇല്ലെന്നുണ്ടോ?"
"അയ്യോ പൊള്ളുന്നു. ഹൗ. എന്തൊരു ചൂട്".
"എല്ലാം പിഴച്ചുപോവുന്നു. ബന്ധങ്ങള്‍ക്ക് ഇത്രവിലയില്ലാതായോ. കലികാലത്തില്‍ നിന്നും നമ്മളെ രക്ഷിക്കാന്‍ കല്‍ക്കി വരുമോ? നിനക്കിതിലൊക്കെ വിശ്വാസമുണ്ടോ?"
...
"എന്താ ഒന്നും പറയാത്തത്. ഒന്നിലും വിശ്വസിക്കാത്തതു ശരിയല്ല. എന്താ നിന്റെ രാഷ്ട്രീയം?"
...
"പറയ്. എന്തെങ്കിലും പറയ്
...
അവന്‍ വെന്തു.
...
...
--------

4/09/2008

മോക്ഷം

കാട്ടിലെ‍ മുളമരങ്ങളെപ്പോലെയാണ് ‍നഗരത്തില്‍ ഫ്ലാറ്റുകള്‍ നെട്ടനെ വളര്‍ന്നുനില്‍ക്കുന്നത്‍. കോണ്‍ക്രീറ്റ് മരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ഞ് കലമ്പല്‍ കൂട്ടുന്നില്ല എന്നേയുള്ളൂ. അവയില്‍ പതിനായിരക്കണക്കിന് അറകളില്‍ അതിലേറെ കുടുംബങ്ങള്‍ സാധാരണ ജീവിതങ്ങള്‍ ജീവിച്ചു മരിക്കുന്നു. അതിലൊന്നാണ് മി. മോഹന്റെ കുടുംബം. മോഹന്‍, ശ്യാമ (ഭാര്യ), അരുണ (മകള്‍), വാവ (കുഞ്ഞുമകള്‍), മോഹന്റെ അപ്പന്‍ (അരുണയുടെയും വാവയുടെയും അപ്പൂപ്പന്‍), അമ്മൂമ്മ.

അപ്പൂപ്പനു വയസ്സായി. ശരീരം വയ്യാഞ്ഞിട്ടല്ല. കഷ്ടിച്ചു നടക്കാം. അല്പമൊക്കെ ജോലി ചെയ്യാം. ബുദ്ധിക്കു നല്ല ക്ഷമതയുണ്ട്. മകനെയും ചെറുമക്കളെയും നേര്‍‌വഴിയ്ക്കു നടത്താം. പറഞ്ഞിട്ടെന്താ, ഒന്നും ചെയ്യില്ല. ശരീരത്തിനു പ്രായമാവുന്നതുപോലെയല്ല മനസ്സിന്. അപ്പൂപ്പന്‍ എന്തു കണ്ടാലും ഒന്നും കാണില്ല. എന്തെങ്കിലും ചോദിച്ചാല്‍ മറുപടി പറയില്ല. ഇരുന്ന ഇടത്തുനിന്ന് അനങ്ങില്ല. എന്തെങ്കിലും വേണമെങ്കില്‍ ചോദിക്കില്ല. വിശന്നാല്‍ പറയില്ല. ദാഹിച്ചാല്‍ പറയില്ല. പത്രം വേണമെങ്കില്‍ പറയില്ല. അമ്മൂമ്മ കിടന്നിടത്ത് മൂത്രിയ്ക്കുന്നതു കണ്ടാലും പറയില്ല. എല്ലാം നോക്കിക്കൊണ്ട് വെറുതേയിരിക്കും. ഇതിനെല്ലാം മേമ്പൊടിയായി ഇപ്പൊഴായിട്ട് ഓര്‍മ്മ പിടിക്കുന്നുമില്ല. എന്തെങ്കിലും പറഞ്ഞാല്‍ അപ്പൂപ്പന്‍ പത്തുമിനിട്ടിനുള്ളില്‍ മറക്കും. വീണ്ടും അതേ കാര്യം തന്നെ ചോദിക്കാന്‍ തുടങ്ങും. മണ്ടത്തരമാവും എന്നുകണ്ട് മിണ്ടാതിരിക്കും. പക്ഷേ പഴയ കാര്യങ്ങള്‍ നല്ല ഓര്‍മ്മയാണ്. അറുപതുകളിലെ കാര്യങ്ങള്‍. സര്‍ക്കാരുദ്യോഗം ചെയ്ത കഥകള്‍. ആ കഥകളൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്കു ചോദിക്കും. മോനാരാ, മനസ്സിലായില്ലല്ലോ?

ദാ, ഇപ്പോള്‍ത്തന്നെ അരുണ അവളുടെ ബോയ്ഫ്രണ്ടിനെയും വിളിച്ചുകൊണ്ട് മുറിക്കകത്തുകയറി കതകടച്ചു. (ഇതു പതിവാണ്) “അവര്‍ കതകടച്ചിട്ട് എത്ര നേരമായി“. അമ്മൂമ്മ കിടന്ന കിടപ്പില്‍ വിളിക്കുന്നുണ്ട്. ഈ നശൂലം പിടിച്ച പിള്ളേര്‍. നിങ്ങളിതൊക്കെ കാണുന്നുണ്ടോ? കൊച്ചുമക്കള്‍ വഴിതെറ്റിപ്പോവുന്നു. പഠിത്തമാണുപോലും. അവരതിനകത്ത് എന്താ ചെയ്യുന്നതെന്നാ‍ര്‍ക്കറിയാം. എന്റെ കൃഷ്ണാ, നീയെന്തിനെന്നെ ഇങ്ങനനുഭവിപ്പിക്കുന്നു. കൂടുതല്‍ അനുഭവിപ്പിക്കാതെ എന്നെയങ്ങ് എടുത്തോളണേ. നിങ്ങള്‍ക്കു നാവിറങ്ങിപ്പോയോ. നാല്‍പ്പത്തഞ്ചു കൊല്ലമായി ഞാന്‍ അനുഭവിക്കുന്നു. ഒരു ദിവസം നിങ്ങള്‍ ശബ്ദമുയര്‍ത്തി മിണ്ടിയിട്ടുണ്ടോ. ആരോടു പറയാന്‍. എന്റെ വിധി. ഇതെല്ലാം എന്റെ കണ്മുന്നില്‍ കാണേണ്ടി വരുന്നല്ലോ ഭഗവാനേ. നീ എന്നെയങ്ങ് എടുത്തോളണേ“.

ഭാഗ്യത്തിനു അമ്മൂമ്മ പറയുന്നത് അരുണയുടെ മുറിവരെ എത്തില്ല. അമ്മൂ‍മ്മയ്ക്ക് അത്ര ശബ്ദമില്ല. അഥവാ വല്ലപ്പൊഴും ശബ്ദം അരുണയുടെ മുറിയ്ക്കകത്തെത്തിയാല്‍ അവള്‍ കതകു തുറക്കും. അമ്മൂമ്മയെ കുറച്ചുനേരം തുറിച്ചുനോക്കും. എന്നിട്ട് കതകു വലിച്ചടയ്ക്കും. അതോടെ അമ്മൂമ്മ കുറച്ചുനേരം മിണ്ടാതെയാവും. പിന്നെയും വിളിതുടങ്ങും. കൃഷ്ണാ, ഗുരുവായുരപ്പാ.

അരുണയുടെ അനിയത്തി - വാവ കിടന്നു തൊള്ള തുറക്കുന്നു. ആരും ഇല്ല നോക്കാന്‍. എങ്ങനെ നോക്കാനാണ്. അമ്മയും അച്ഛനും ഓഫീസിലാണ്. വേലക്കാരി അടുക്കളയിലാണ്. അമ്മൂമ്മയ്ക്കു തളര്‍ച്ചയാണ്. കിടന്ന കിടപ്പില്‍ നിന്നും എഴുന്നേല്‍ക്കാന്‍ വയ്യ. അരുണ മുറിയ്ക്കകത്തു കയറി കതകടച്ചാല്‍ പിന്നെ പുറത്തിറങ്ങാറില്ല. അപ്പൂപ്പന്‍ ദൂരെയിരുന്ന് പതുക്കെ മോളേ മോളേ എന്നു വിളിക്കുന്നുണ്ട്. അടുത്തുപോയി കുഞ്ഞിനെ എടുത്തെങ്കില്‍ അതിന്റെ കരച്ചില്‍ നിന്നേനെ. കിടന്ന കിടപ്പില്‍ പെടുത്ത് തുണി നനഞ്ഞതാവും. തുണി മാറ്റിക്കൊടുത്താല്‍ മതിയാവും. അപ്പൂപ്പന്‍ കുഞ്ഞിനെ എടുക്കില്ല. അപ്പൂപ്പനു പേടിയാണ്.

ഇന്നലെ രാത്രി അപ്പൂപ്പന്റെ മകന്‍, അരുണയുടെയും പൊടിക്കുഞ്ഞിന്റെയും അച്ഛന്‍, അപ്പൂപ്പനുമായി കുറെ നേരം സംസാരിച്ചു. അച്ഛനും മകനും തമ്മില്‍ ഇത്തരം ഒരു സംഭാഷണം അപൂര്‍വ്വമാണ്. മോഹനാണെങ്കില്‍ അച്ഛനോടു സംസാരിക്കുമ്പോള്‍ ബഹുമാനത്തോടെയേ സംസാരിക്കാറുള്ളൂ. കഴിയുമെങ്കില്‍ ഗൌരവമുള്ള വിഷയങ്ങള്‍ സംസാരിക്കാറില്ല. മോഹനു ഓഫീസില്‍ പിടിപ്പതു പണിയുണ്ട്. പണിയുടെ സ്ട്രെസ്സ് ആവശ്യത്തിലധികമുണ്ട്. വീട്ടിലെത്തുമ്പൊഴേയ്ക്കും മോഹന്‍ ഒരു പ്രഷര്‍ കുക്കര്‍ പോലെയാവും. എപ്പൊഴാണു പൊട്ടിത്തെറിക്കുന്നതെന്നു പറയാന്‍ പറ്റില്ല. ശ്യാമയ്ക്കും പിടിപ്പതു പണിയുണ്ടല്ലോ. പോരാത്തതിനു വീ‍ട്ടിലെ കാര്യങ്ങളും നോക്കണം. അങ്ങോട്ടും ഇങ്ങോട്ടും യുദ്ധം ചെയ്ത് അവര്‍ ദാമ്പത്യജീവിതത്തിന്റെ നല്ലകാലം ജീവിച്ചു. ഇപ്പോള്‍ പൊട്ടിത്തെറിക്കും എന്നു തോന്നുമ്പോള്‍ പരസ്പരം നോക്കാറില്ല. നോക്കിയാലും മിണ്ടാറില്ല. ഒരുതരത്തില്‍ അസ്വസ്ഥമായ ഒരു സമാധാനമെങ്കിലും വീട്ടിലുണ്ട്.

രണ്ടു ബെഡ്രൂം ഉള്ള ഒരു ഫ്ലാറ്റില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒഴിവാക്കി നടക്കാന്‍ വലിയ പ്രയാസമാണ്. അതിനിടയ്ക്ക് പ്രായമായ മാതാപിതാക്കള്‍. മദ്ധ്യവയസ്സില്‍ അവിചാരിതമായി ഉണ്ടായ പൊടിക്കുഞ്ഞ്. പറന്നുപോവാറായ പെണ്‍കുട്ടി. ജീവിതം ദുരിതമാണ്. ഏറ്റവും വലിയ ദുരിതം ഓഫീസിലോ വീട്ടിലോ സ്വസ്ഥമായി ഇരിക്കാന്‍ ഒരുനുള്ളുസ്ഥലം ഇല്ലാത്തതാണ്. ശ്യാമ കട്ടിലില്‍ക്കിടന്ന് ഇതൊക്കെ പറയാറുണ്ട്. എങ്കിലും ഒരുതരത്തില്‍ ശ്യാമ നല്ലവളാണ്. അപ്പൂപ്പനോ അമ്മൂമ്മയോ കേള്‍ക്കെ അവര്‍ മുറുമുറുക്കാറില്ല. ഫ്ലാറ്റ് അല്പം കൂടി വലുതായിരുന്നെങ്കില്‍ എന്ന് മോഹനും കലശലായ ആഗ്രഹമുണ്ട്. നിര്‍വ്വാഹമില്ല. ജീവിതത്തിന്റെ അറ്റങ്ങള്‍ കൂട്ടിമുട്ടുന്നില്ല. അപ്പന്റെ മുന്‍പിലിരുന്ന് മകന്‍ സിഗരറ്റുവലിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. മോഹന്‍ പണ്ട് ഇങ്ങനെയല്ലായിരുന്നു. മോഹന്‍ സിഗരറ്റു വലിക്കുന്നതുകാണുമ്പോള്‍ അപ്പൂപ്പന്റെ കണ്ണുകളില്‍ ദു:ഖം തളം കെട്ടും. എന്നാലും അപ്പൂപ്പന്‍ ഒന്നും പറയില്ല. ഒന്നിലും ഒന്നും പറയില്ല. ഭാഗ്യത്തിന് ഇയ്യിടെയായി മകന്‍ സിഗരറ്റുവലിക്കുന്ന കാര്യം പെട്ടെന്നു മറന്നുപോവും. അപ്പൂപ്പന്റെ ദു:ഖങ്ങള്‍ പത്തുമിനിട്ടേ നില്‍ക്കാറുള്ളൂ. അതുകഴിയുമ്പോള്‍ മങ്ങി മറഞ്ഞുപോവും.

അപ്പൂപ്പനു മോഹന്റെ അവസ്ഥ മനസിലാവാഞ്ഞിട്ടല്ല. വേറെ നിവൃത്തിയില്ല. ഒരുതരത്തില്‍ അപ്പൂപ്പനും അമ്മൂമ്മയും മറ്റെവിടെയെങ്കിലും താമസിക്കുന്നതായിരുന്നു നല്ലത്. മോഹന്റെ മൂത്ത ചേച്ചിയെ വിവാഹം കഴിച്ചയച്ചത് വിദേശത്തേയ്ക്കാണ്. അവിടെപ്പോയി അവളുടെകൂടെ താമസിക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു. മകള്‍ക്കു ഭാരമാകാന്‍ വയ്യ, അതും തളര്‍ന്നുകിടക്കുന്ന ഭാര്യയുമായി. കഴിയുമെങ്കില്‍ വാര്‍ദ്ധക്യത്തില്‍ ആരെയും ബുദ്ധിമുട്ടിക്കാതെ കഴിക്കണമെന്നായിരുന്നു. മകന്റെകൂടെയും താമസിക്കുന്നത് ഇഷ്ടമുണ്ടായിട്ടല്ല. അവനു കഷ്ടപ്പാടാണ്. അവന്‍ അതു വാക്കുകള്‍ കൊണ്ടു പറഞ്ഞില്ലെങ്കിലും അറിയാന്‍ പറ്റുന്നുണ്ട്. അവന് ഈ ഫ്ലാറ്റുവാങ്ങാന്‍ നാട്ടിലെ വീടും സ്ഥലവും വില്‍ക്കേണ്ടിവന്നു. എന്നിട്ടും പണം തികയാതെ അവന്‍ കടത്തിലാണ്. ഏതെങ്കിലും വൃദ്ധസദനത്തില്‍ എന്ന് അവനോട് ഒരിക്കല്‍ പറഞ്ഞുതുടങ്ങിയതാണ്. പറഞ്ഞുതുടങ്ങും മുന്‍പേ മോഹന്‍ പൊട്ടിത്തെറിച്ചു. ‘അച്ഛനിവിടെ എന്തിന്റെ കുറവാണെന്ന്‘ അവന്റെ ഭാര്യയും ചോദിച്ചു. വാസ്തവത്തില്‍ ഒന്നിന്റെയും കുറവില്ല. രണ്ടുമുറിയുള്ള ഫ്ലാറ്റില്‍ മകനും അവന്റെ കുടുംബത്തിനും കഴിയാന്‍ സ്ഥലം തികയുന്നില്ല. ഈശ്വരന്‍ വിളിക്കുന്നില്ല. അവന്റെ അമ്മയ്ക്ക് മറ്റൊരിടത്തും പോകാനിഷ്ടമല്ല. ഒറ്റ മകനാണ്. ആര്‍ക്കും ഒരു ഭാരമാവാതെ ജീവിച്ചുപോണമെന്നേയുള്ളൂ. ഒന്നും കാ‍ണാതെയും കേള്‍ക്കാതെയും മറഞ്ഞുപോണമെന്നെയുള്ളൂ. ശ്രമിക്കുന്നു, പറ്റുന്നില്ല.

അരുണയ്ക്ക് അപ്പൂപ്പനെയും അമ്മൂമ്മയെയും ഇഷ്ടമല്ല. പ്രത്യേകിച്ചും അമ്മൂമ്മയെ - അമ്മൂമ്മ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ്. അവള്‍ ഒന്നും പറയാറില്ല. ഒന്നും പറഞ്ഞിട്ടുകാര്യമില്ല. ഫ്ലാറ്റില്‍ ആവശ്യത്തിലേറെ കിടക്കുന്ന ഫര്‍ണിച്ചര്‍ പോലെ അപ്പൂപ്പനും അമ്മൂമ്മയും ഒഴിവാക്കാനാവാത്ത ഒന്നാണെന്ന് അവള്‍ക്കറിയാം. അമ്മൂമ്മ പലപ്പൊഴും അവളെ അടുത്തുവിളിച്ച് സ്നേഹം പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. രണ്ടു ലോകത്തുള്ളവര്‍ തമ്മില്‍ സ്നേഹപ്രകടനം പ്രയാസമായിരുന്നു. അരുണയും കഴിവതും അനിഷ്ടം കാണിക്കാറില്ല.

പറഞ്ഞുവന്നത് - ഇന്നലെ രാത്രി മോഹന്‍ അപ്പനോട് ഏറെനേരം സംസാരിച്ചു. അപ്പന്‍ വീട്ടിലെ കാര്യങ്ങളില്‍ അല്പം കൂടെ ശുഷ്കാന്തി കാണിക്കണമെന്നും തന്നെ നേര്‍വഴിക്കു നടത്തണമെന്നും പറഞ്ഞു. താന്‍ എങ്ങോട്ടാണു പോവുന്നതെന്ന് തനിക്കുതന്നെ നിശ്ചയമില്ലെന്നു പറഞ്ഞു. അപ്പന്‍ വീട്ടിന്റെ നെടുംതൂണായി നിന്ന് ഇവിടെ സംതൃപ്തിയും സമാധാനവും കൊണ്ടുവരണമെന്ന് പറഞ്ഞു. അപ്പൂപ്പന്‍ എല്ലാം മിണ്ടാതെനിന്നു കേട്ടു. പാവം. എങ്കിലും ഇന്നും കുഞ്ഞുകിടന്നു കരഞ്ഞിട്ട് അപ്പൂപ്പന്‍ എടുത്തില്ല. അല്പം കഴിഞ്ഞപ്പോള്‍ അപ്പൂപ്പനെയും പ്രാകിക്കൊണ്ട് വേലക്കാരി വന്ന് കുഞ്ഞിനെ എടുത്തു. പ്രാകാതിരിക്കുന്നതെങ്ങനെ. അവര്‍ക്ക് പിടിപ്പതു പണിയുണ്ട്. അതിനിടയ്ക്കു കുഞ്ഞിനെനോക്കലും കൂടി നടക്കില്ല. കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റി അതിന്റെ വായില്‍ ഒരുകഷണം ബിസ്കറ്റു വെച്ചുകൊടുത്ത് മുഷിഞ്ഞ തോര്‍ത്തിന്റെ തുമ്പുകൊണ്ട് നെറ്റിയും തുടച്ചുകൊണ്ട് അടുക്കളയിലേയ്ക്കുപോയി അവര്‍ തന്റെ ദുരിത ജീവിതം തുടര്‍ന്നു.

അമ്മൂമ്മയുടെ ജീവിതത്തില്‍ സംതൃപ്തി എന്ന ഒന്ന് ഉണ്ടായിട്ടില്ല. ഒരു സമ്പന്നകുടുംബത്തില്‍ ജനിച്ചിട്ടും അമ്മൂമ്മയുടെ കുട്ടിക്കാലം വളരെ അസന്തുഷ്ടമായിരുന്നു. ചിലര്‍ക്ക് അങ്ങനെയാണ്. കാശുണ്ടെങ്കിലും സന്തോഷം വിധിച്ചിട്ടില്ല. അപ്പൂപ്പന്‍ കെട്ടിക്കൊണ്ടുവന്നപ്പൊഴും അമ്മൂമ്മയുടെ ദുരിതം മാറിയില്ല. അപ്പൂപ്പന്റെ അമ്മ അമ്മൂമ്മയെ ആവശ്യത്തിലധികം ദ്രോഹിച്ചു. അപ്പൂപ്പന്‍ എതിര്‍ത്തുപറഞ്ഞില്ല. അപ്പൂപ്പന്‍ ഒന്നിനും എതിര്‍ത്തുപറഞ്ഞില്ല. ഇപ്പൊഴും കട്ടിലില്‍ കിടന്ന് അമ്മൂമ്മ ദുരിതം പറയുമ്പോഴും അപ്പൂപ്പന്‍ എതിര്‍ത്തുപറയുന്നില്ല. അപ്പൂപ്പന്‍ അങ്ങനെയാണ്. ചിലപ്പോള്‍ വീട്ടിലെ പഴയ ചാരുകസാരയ്ക്കും മേശയ്ക്കും അപ്പൂപ്പനുമൊക്കെ ഒരേ സ്വഭാവമാണെന്നു തോന്നും.

അമ്മൂമ്മയുടെ ആവശ്യങ്ങള്‍ ലളിതമാണ്. തണുക്കുമ്പോള്‍ കമ്പിളി വിരിച്ചുകൊടുക്കണം. വിശക്കുമ്പോള്‍ ആഹാരം കൊടുക്കണം. ഒരേ കിടപ്പില്‍ക്കിടന്നു ദേഹം മരവിക്കുമ്പോള്‍ ഒന്നു തിരിച്ചുകിടത്തണം. ബാല്‍ക്കണിയിലേയ്ക്കു ചാഞ്ഞുനില്‍ക്കുന്ന മുരിങ്ങമരത്തിന്റെ മഞ്ഞനിറമുള്ള പഴുത്ത ഇലകള്‍ വെട്ടിക്കളയണം. ബാല്‍ക്കണിയിലെ വരികളോടു ചേര്‍ന്ന മുരിങ്ങയിലകള്‍ക്ക് എപ്പൊഴും മഞ്ഞനിറമാണ്. അമ്മൂമ്മ കട്ടിലില്‍ക്കിടന്നു പുറത്തേയ്ക്കു നോക്കിയാല്‍ അതാണു കാണുന്നത്. ഒരുപാടു കാലമായി അവ ഒരേ നില്‍പ്പാണ്. പഴുത്ത ഇലകള്‍ കണ്ടാല്‍ ഇപ്പൊ കൊഴിയുമെന്നു തോന്നും. എന്നാലൊട്ടു കൊഴിയുകയുമില്ല. അപ്പൂപ്പന്‍ കമ്പിളിവിരിച്ചുകൊടുക്കും. അമ്മൂമ്മയെ തിരിച്ചുകിടത്തും. അമ്മൂമ്മയുടെ പരാതികളും ശകാരങ്ങളും ഒന്നും മിണ്ടാതെ കേട്ടുകൊണ്ട് കട്ടിലിനരികിലിരിക്കും. പക്ഷേ അപ്പൂപ്പന് മഞ്ഞ ഇലകള്‍ വെട്ടാന്‍ പേടിയാണ്.

അപ്പൂപ്പന് എല്ലാം പേടിയാണ്. ഒരിക്കലൊന്നു തെന്നിവീണതില്‍പ്പിന്നെ ഫ്ലാറ്റിന്റെ കോണിപ്പടികളിറങ്ങാന്‍ പേടിയാണ്. ലിഫ്റ്റിന്റെ വള്ളിപൊട്ടുമോ എന്നു ചിന്തിച്ച് ലിഫ്റ്റില്‍ കയറാന്‍ പേടിയാണ്. പത്രത്തിലെ മരണവാര്‍ത്തകള്‍ വായിക്കാന്‍ പേടിയാണ്. അപരിചിതര്‍ ആരെങ്കിലും കാളിങ്ങ് ബെല്‍ അടിച്ചാല്‍ കതകുതുറക്കാന്‍ പേടിയാണ്. മോഹന്‍ വിചാരിക്കുന്നത് അപ്പനു മരണഭയമാണെന്നാണ്. അതു വാര്‍ദ്ധക്യത്തിന്റെ ലക്ഷണമാണ്. അപ്പന്‍ എന്തിനെയാണ് ഇത്ര ഭയക്കുന്നത് എന്ന് മോഹന്‍ ചോദിച്ചതാണ്. അപ്പൂപ്പന്‍ ഒന്നും പറഞ്ഞില്ല. പതിവുപോലെ കേട്ടുകൊണ്ടു നിന്നതേയുള്ളൂ. തന്റെ കുട്ടിക്കാലത്ത് അപ്പന്‍ ഇങ്ങനെയായിരുന്നില്ല എന്നോര്‍ത്തപ്പോള്‍ മോഹന്റെ ഉള്ളു വേദനിച്ചു. മോഹന്‍ ചോദ്യങ്ങള്‍ നിറുത്തി.

അമ്മൂമ്മയുടെ ആവശ്യങ്ങളില്‍ ഏറ്റവും നിരന്തരമായി അപ്പൂപ്പനെ അലട്ടിയത് മുരിങ്ങയുടെ വാടിയ ഇലകള്‍ വെട്ടുന്നതായിരുന്നു. ഒരിക്കല്‍ അരുണയുടെ ബോയ്ഫ്രണ്ട് അമ്മൂമ്മയ്ക്ക് മുരിങ്ങയുടെ മഞ്ഞ ഇലകള്‍ വെട്ടിക്കൊടുക്കാം എന്നു പറഞ്ഞതാണ്. അവന്‍ അതു പറഞ്ഞദിവസം അമ്മൂമ്മ കൊച്ചുമകള്‍ വഴിതെറ്റിപ്പോവുന്നതിനെക്കുറിച്ച് ചാരിത്രപ്രസംഗം നടത്തിയില്ല. മോഹനും ഭാര്യയും വരാറാകുവോളം അരുണയും അവനും മുറിയടച്ചിരുന്നു പഠിച്ചിട്ടും അമ്മൂമ്മ മച്ചിലേയ്ക്കുനോക്കി രാമനാ‍മം ജപിച്ചതേയുള്ളൂ. പക്ഷേ അരുണയുടെ ബോയ്ഫ്രണ്ട് ആ കാര്യം മറന്നേപോയി. മഞ്ഞ ഇലകള്‍ പൊഴിയാതെ നിന്നു.

‘നിങ്ങളൊരു മനുഷ്യനാണോ. എന്റെ ജീവിതം മുഴുവന്‍ ഞാന്‍ നരകിച്ചു. എന്റെ കണ്ണുമഞ്ഞളിച്ച് ഞാന്‍ ചാകാറായി. നോക്കിക്കോ. ആ മഞ്ഞ ഇലകള്‍ നമ്മുടെ വീട്ടിനുള്ളില്‍ പടരും. അതില്‍ നിന്നു പുഴുക്കളിറങ്ങി എല്ലാരും പുഴുത്തുചാവും. വെട്ടരുത്. ഞാന്‍ ചത്താലും നിങ്ങളാ‍ ഇലകള്‍ വെട്ടരുത്’.

അപ്പൂപ്പന്‍ അമ്മൂമ്മയുടെ കട്ടിലിന്നരികില്‍ നിന്നും എഴുന്നേറ്റു. പതുക്കെപ്പതുക്കെ അടുക്കളയിലേയ്ക്കു നടന്ന് നിലത്തുനിന്നും വെട്ടുകത്തി എടുത്തു. വേലക്കാരി ‘കിഴവന്‍ എന്തിനുള്ള പുറപ്പാടാണ്‘ എന്ന ഭാവത്തില്‍ അപ്പൂപ്പനെ നോക്കി, എന്നിട്ട് പാത്രം കഴുകല്‍ തുടര്‍ന്നു. അപ്പൂപ്പന്‍ കത്താളുമെടുത്ത് ബാല്‍ക്കണിയിലേയ്ക്കുള്ള ചില്ലുവാതില്‍ തുറന്നു.

മുരിങ്ങയുടെ മങ്ങിയ ഇലകള്‍ സമൃദ്ധമായി ബാല്‍ക്കണിയിലേയ്ക്കു ചാഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അപ്പൂപ്പന്‍ മുന്‍പോട്ടു കാലെടുത്തു വെയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മുരിങ്ങമരത്തില്‍ ഒരു കാക്ക!. അപ്പൂപ്പനെ കണ്ടിട്ടും അനങ്ങാതെ പാറകള്‍ കൂട്ടിയുരയ്ക്കുന്ന ശബ്ദത്തില്‍ അത് ഭീഷണമായി ‘കാ കാ’ എന്നുകരഞ്ഞു. തല വെടിച്ചുവെട്ടിച്ച് അപ്പൂപ്പന്റെ തിമിരം മൂടിയ കണ്ണുകളിലേയ്ക്ക് തന്റെ വികാരമില്ലാത്ത ചാ‍രക്കണ്ണുകളുടക്കി കാക്ക ചുഴിഞ്ഞുനോക്കി. എന്നിട്ട് ശബ്ദമുണ്ടാക്കാതെ തടിച്ചുകൂര്‍ത്ത ചുണ്ടുകള്‍ മലര്‍ക്കെത്തുറന്നു. ‘കാക്കേ ശൂ ശൂ’ ‘കാ കാ‍ാ’. ‘പോ കാക്കേ ശൂ ശൂ’. ‘കാ‍ാ കാ‍ാ, കാ‍ാ കാ‍ാ, കാ‍ാ കാ‍ാ’ അപ്പൂപ്പന്റെ കാലുകള്‍ തളര്‍ന്നു. കാക്ക മുരിങ്ങമരത്തിന്റെ മഞ്ഞ ഇലച്ചില്ലകളിലൂടെ അപ്പൂപ്പനു നേരെ രണ്ടടി മുന്നോട്ടുവെച്ചു. വീണ്ടും അപ്പൂപ്പനെ നോക്കിക്കൊണ്ട് ശബ്ദമുണ്ടാക്കാതെ ചുണ്ടുകള്‍ മലര്‍ക്കെത്തുറന്നു. അപ്പൂപ്പന്‍ മതിലില്‍ പിടിച്ചുപിടിച്ച് അകത്തേയ്ക്കു നടന്നു.

വാര്‍ദ്ധക്യത്തിന്റെ മഞ്ഞുമൂടിയ ഓര്‍മ്മകളില്‍ തന്റെ ചെറുപ്പകാലത്ത് നെഞ്ചും വിരിച്ച് തോളില്‍ ഈയ ഉണ്ടകളിട്ട തോക്കുമേന്തി കാക്കയെ വെടിവെയ്ക്കാന്‍ പോവുന്നത് മങ്ങിത്തെളിഞ്ഞുവന്നു. വേട്ടക്കാരന്റെ നിഴല്‍ കാണുമ്പൊഴേ മരങ്ങളിളകും. കാക്കകള്‍ കൂട്ടത്തോടെ പറക്കും. അന്തരീക്ഷം മുഴുവന്‍ തലമരയ്ക്കുന്ന ഒച്ചയില്‍ കാക്കക്കരച്ചിലുകള്‍ നിറയും. പ്രാണഭയത്തിലും മരക്കൊമ്പിലെ ചുള്ളിക്കൂടുകളിലുള്ള മുട്ടകളെ വിട്ടു പിരിയാന്‍ മനസ്സുവരാതെ ചുറ്റിപ്പറക്കുന്ന കാക്കകളെ അവര്‍ വെടിവെയ്ച്ചിടും. പിന്നീടു വഴിനടക്കുമ്പോള്‍ കൂട്ടമായി തലമാന്താന്‍ വരും. അടുത്ത ദിവസങ്ങളില്‍ ഒരു നീളന്‍ വടിയുമായി വേണം പുറത്തിറങ്ങാന്‍. കാക്കയിറച്ചിയ്ക്ക് കോഴിയിറച്ചിയെക്കാളും സ്വാദാണ്. പനങ്കള്ളും കാക്കയിറച്ചിയും ഒരുകുത്തു ചീട്ടുമുണ്ടെങ്കില്‍ സ്വര്‍ഗ്ഗമാണ്. എന്തിനെയാണു ഭയക്കുന്നത്? അപ്പൂപ്പന്‍ തല തടവിക്കൊണ്ട് മുരിങ്ങമരത്തിനു നേര്‍ക്കു നടന്നു.

ബാല്‍ക്കണിയില്‍ മുരിങ്ങമരത്തിലിരുന്ന കാക്ക വീണ്ടും അപ്പൂപ്പനെ നോക്കി. അല്പനേരം അപ്പൂപ്പനെ നോക്കിയിട്ട് അത് തത്തിത്തത്തി പിന്നോട്ടുനീങ്ങി. പലതവണ പറന്നും ചാടിയും മുരിങ്ങയുടെ മുകളിലത്തെ ചില്ലയിലെത്തി. എന്നിട്ട് ചിറകുവിടര്‍ത്തി മുകളിലേയ്ക്കു പറന്നു. ഫ്ലാറ്റുകള്‍ക്കു നടുവിലെ ചതുരാകാശത്തില്‍ രണ്ടു തവണ വട്ടത്തില്‍ പറന്ന് താഴേയ്ക്കു കൂപ്പുകുത്തി. വീ‍ണ്ടുമുയര്‍ന്ന് അപ്പുറത്തെ ഫ്ലാറ്റ്ന്റെ ബാല്‍ക്കണിയിലേയ്ക്കു പറന്നു. പിന്നീട് അവിടെനിന്നും പറന്നുയര്‍ന്ന് കാ കാ എന്നുവിളിച്ച് പറന്നുമറഞ്ഞു. ചുമരില്‍ പിടിച്ചുപിടിച്ചുനടന്ന് അപ്പൂപ്പന്‍ കൈ നീട്ടി ബാല്‍ക്കണിയിലെ കമ്പിവരിയില്‍ പിടിച്ചു. കൈ നീട്ടവേ തന്റെ കൈകള്‍ക്ക് ഭാരം കുറയുന്നതായും നീണ്ട വിരലുകളിലെ വെട്ടാത്ത നഖങ്ങള്‍ ഒന്നുകൂടെ കറുത്തുചുരുങ്ങി നീളുന്നതായും അപ്പൂപ്പനു തോന്നി. അതുവരെ മനസ്സിലുണ്ടായിരുന്ന ഭയത്തിന്റെ ഭാരം പൊടുന്നനെ കുറഞ്ഞു. ഇടത്തേ കയ്യില്‍ നിന്നും കത്താള്‍ താഴെവീണു. മെലിഞ്ഞ ശരീരം വെളുത്ത മുണ്ടില്‍ നിന്നും ഖദര്‍ ജുബ്ബയില്‍ നിന്നും ഊര്‍ന്നിറങ്ങി. അപ്പൂപ്പന്റെ മൂക്ക് നീണ്ട് ചുണ്ടില്‍ തട്ടി. വിവസ്ത്രനായി ചുരുങ്ങി നിലത്തിരുന്ന് അപ്പൂപ്പന്‍ കൌതുകത്തോടെ കരഞ്ഞു. കാ കാ. എന്നിട്ട് കൈകള്‍ വിടര്‍ത്തി കറുത്ത തൂവലുകള്‍ കുടഞ്ഞ് ഒറ്റച്ചാട്ടത്തിന് ബാല്‍ക്കണിയുടെ കൈവരിയിലിരുന്നു. ഏഴാം നിലയില്‍ നിന്നും താഴേയ്ക്കു നോക്കിയിട്ടും അപ്പൂപ്പന് ഒന്നിനെയും പേടിതോന്നിയില്ല. മുരിങ്ങയുടെ മഞ്ഞനിറം പടര്‍ന്ന തണ്ടിലേയ്ക്കു ചാടിക്കയറി അപ്പൂപ്പന്‍ സന്തോഷത്തോടെ ഉറക്കെ വിളിച്ചു. കാ കാ. അപ്പോള്‍ ചുറ്റുമുള്ള ഫ്ലാറ്റുകളുടെ ബാല്‍ക്കണികളില്‍ നിന്നും അങ്ങിങ്ങായി നിന്ന മരങ്ങളില്‍ നിന്നും കാക്കകള്‍ പ്രതിവചിച്ചു. ഫ്ലാറ്റുകള്‍ക്കിടയില്‍ അന്തരീക്ഷം കാകസ്വരമുഖരിതമായി.

മുരിങ്ങവെട്ടാന്‍ പോയ അപ്പൂപ്പനെ കാണാതെ അമ്മൂമ്മ നീട്ടിവിളിച്ചു. ‘ഇങ്ങോട്ടുവാ‍യോ’. അപ്പൂപ്പന്‍ തിരിച്ചുവരാത്തതുകണ്ടപ്പോള്‍ അമ്മൂമ്മയുടെ വിളികള്‍ കരച്ചിലായി. അമ്മൂമ്മയുടെ കരച്ചില്‍ കേട്ട് വേലക്കാരി ഓടിവന്നു. അമ്മൂമ്മ വിരല്‍ ചൂണ്ടിയതുപോലെ ബാല്‍ക്കണിയിലേയ്ക്ക് ഓടിയപ്പോള്‍ അവിടെ അപ്പൂപ്പന്റെ വസ്ത്രങ്ങള്‍ കിടന്നിരുന്നു. താഴേയ്ക്കു നോക്കിയിട്ടും താഴെ ആള്‍ക്കൂട്ടമില്ല. ആരും വീണു മരിച്ച ലക്ഷണമില്ല. ഫ്ലാറ്റിന്റെ വാതില്‍ തുറന്നിട്ടില്ല. കതകിന്റെ കുറ്റി അകത്തുനിന്നും കൊളുത്തിക്കിടക്കുന്നുണ്ട്. വേലക്കാരി അരുണയുടെ മുറിയില്‍ തട്ടിവിളിച്ചു. അരുണയും ബോയ്ഫ്രണ്ടും ധൃതിപിടിച്ച് ഇറങ്ങിവന്നു. അരുണ പരിഭ്രമിച്ച് ഫോണ്‍ ചെയ്ത് മോഹനെയും അമ്മയെയും വരുത്തി. അവളുടെ ബോയ്ഫ്രണ്ട് താഴെ മുറ്റത്തേയ്ക്ക് ഓടിയിറങ്ങി. വാച്ച്‌മാന്‍ ഫ്ലാറ്റിന്റെ താഴത്തെ മുറിയില്‍ തന്നെയുണ്ടായിരുന്നു. അപ്പൂപ്പനെ അയാള്‍ക്ക് അറിയാവുന്നതാണ്. അപ്പൂപ്പന്‍ ഇറങ്ങി നടന്നുപോവുന്നത് അയാള്‍ കണ്ടില്ല. സിമന്റ് തറയില്‍ അവര്‍ ചുറ്റും നടന്നുനോക്കി. അവിടെ ആരും വീണു മരിച്ചു കിടക്കുന്നിരുന്നില്ല.

വീട്ടില്‍ പാഞ്ഞെത്തിയ മോഹന്‍ പോലീസില്‍ വിളിച്ചു പരാതി പറഞ്ഞു. അയല്‍ക്കാരെ വിളിച്ചുചോദിച്ചു. അപ്പന്‍ പോവാന്‍ സാദ്ധ്യതയുള്ള ബന്ധുവീടുകളിലും അപ്പന്റെ പഴയ കൂട്ടുകാരുടെ വീടുകളിലും വിളിച്ചു ചോദിച്ചു. വണ്ടിയെടുത്ത് റെയില്‍‌വേ സ്റ്റേഷനില്‍പ്പോയി നോക്കി. അരുണയുടെ ബോയ്ഫ്രണ്ട് അതേസമയം ജില്ലാ ഹോസ്പിറ്റലിലെയും സ്വകാര്യ ആശുപത്രികളിലെയും അത്യാഹിതവിഭാഗത്തില്‍പ്പോയി നോക്കി. ഒരത്യാഹിതത്തിലും പെട്ട് അങ്ങനെയാരും ആശുപത്രിയില്‍ വന്നിട്ടില്ല. ശ്യാമ ഓടിക്കിതച്ചു വീട്ടിലെത്തി അപ്പൂപ്പനെ അടുത്തുള്ള ഫ്ലാറ്റുകളില്‍പ്പോയി തിരഞ്ഞു. പരിഭ്രാന്തയായി തിരിച്ചുവന്നപ്പോള്‍ വേലക്കാരി കുഞ്ഞിനെയുമെടുത്ത് ബാല്‍ക്കണിയിലെത്തി മോഹനും ശ്യാമയ്ക്കും അപ്പൂപ്പന്റെ വസ്ത്രങ്ങള്‍ കിടന്ന സ്ഥലം കാണിച്ചുകൊടുത്തു. കുഞ്ഞ് വേലക്കാരിയുടെ ഒക്കത്തിരുന്ന് കരഞ്ഞുകൊണ്ട് ബിസ്ക്കറ്റ് കടിച്ചു.

മുരിങ്ങമരത്തണ്ടിലിരുന്ന് അപ്പൂപ്പന്‍ കാക്ക ബാല്‍ക്കണിയില്‍ നില്‍ക്കുന്ന രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും നേര്‍ക്കും ഒക്കത്തിരിക്കുന്ന കുഞ്ഞിന്റെ നേര്‍ക്കും നോക്കി. കുഞ്ഞിന്റെ കയ്യിലിരിക്കുന്ന ബിസ്ക്കറ്റ് കൊത്തിയെടുക്കണമെന്ന് കാക്കയ്ക്ക് കലശലായ ആഗ്രഹം തോന്നി. മനുഷ്യര്‍ അപകടകാരികളാണെന്നും കുഞ്ഞുമാത്രമായിരുന്നെങ്കില്‍ ബിസ്ക്കറ്റ് കൊത്തിയെടുക്കാമായിരുന്നു എന്നും കാക്ക ചിന്തിച്ചു. അല്പനേരം ബാല്‍ക്കണിയില്‍ നിന്ന് ചുറ്റിലേയ്ക്കും താഴേയ്ക്കും നോക്കിയിട്ട് ബിസ്ക്കറ്റും കുഞ്ഞും മൂന്നു മനുഷ്യരും മുറിയ്ക്കകത്തേയ്ക്കു പോയി. ബിസ്ക്കറ്റ് കിട്ടാത്ത നിരാശയില്‍ കാക്ക കാ കാ എന്നു കരഞ്ഞു. സന്ധ്യാസമയത്ത് കാക്കകള്‍ കൂട്ടത്തോടെ അടുത്തുള്ള ഒരാല്‍മരത്തിലേയ്ക്കു ചേക്കേറി. മുരിങ്ങക്കൊമ്പില്‍ നിന്ന് കാക്ക ആല്‍മരത്തിലേയ്ക്കു പറന്നു. വയറുനിറഞ്ഞവരും നിറയാത്തവരുമായ അനേകം കാക്കകളുടെ ഇടയില്‍ ഒരു ചില്ലയില്‍ പറന്നിരുന്ന് ഭാവിയോ ഭൂതമോ ഓര്‍ക്കാതെ കാക്ക വിശപ്പിലും തികട്ടിവന്ന സന്തോഷത്തോടെ കരഞ്ഞുവിളിച്ചു. നൂറുകണക്കിനു ശബ്ദങ്ങളുടെ ഇടയില്‍ ആ കരച്ചില്‍ മുങ്ങിപ്പോയി.

രാവേറെയായിട്ടും മോഹനും ശ്യാമയും ഉറങ്ങാതെ അറിയാവുന്നവരെയെല്ലാം ഫോണ്‍ വിളിച്ചുകൊണ്ടിരുന്നു. അപ്പൂപ്പന്റെ ഒരു വിവരവും കിട്ടിയില്ല. അമ്മൂമ്മ ഇരുട്ടുന്നതുവരെ ‘ദുഷ്ടനാണയാള്‍,‍ എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോയല്ലോ, സ്വാര്‍ത്ഥന്‍, ഗതിപിടിക്കില്ല’ എന്നൊക്കെ പിറുപിറുത്തുകൊണ്ടിരുന്നു. പിറുപിറുക്കുന്നതിനിടയില്‍ അമ്മൂമ്മ എപ്പൊഴോ ഉറങ്ങിപ്പോയി. ആല്‍മരച്ചില്ലകളില്‍ കാക്കകളുടെ കലമ്പല്‍ നിലയ്ച്ചു. രാവുവീണപ്പോള്‍ കാക്കകളും ഉറങ്ങിപ്പോയി.

3/27/2008

അസഹിഷ്ണുതയുടെ കാലം

ക്രിസ്ത്യാനികളെപ്പറ്റി മോശമായി എന്തെങ്കിലും എഴുതിയാല്‍‍ എന്നെ പള്ളിയില്‍ കെട്ടിക്കില്ല.
ഹിന്ദുക്കളെ വിമര്‍ശിച്ചാല്‍ വീട്ടുകാര്‍ക്ക് അടികൊള്ളും.
മുസ്ലീങ്ങളെപ്പറ്റി മോശമായി എഴുതിയാപ്പിന്നെ പറയാനുണ്ടോ?
രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ചാല്‍ പിന്നെ എവിടെന്നൊക്കെയാ വെട്ടുവരുന്നതെന്നു പറയാന്‍ പറ്റില്ല.
സ്ത്രീകളെപ്പറ്റി മോശമായി എഴുതിയാല്‍ ഫെമിനിസ്റ്റുകള്‍ ചീത്തവിളിക്കും.
താമസിക്കുന്ന രാജ്യത്തെ വിമര്‍ശിച്ചല് എന്താവും എന്ന് എനിക്കുതന്നെ അറിഞ്ഞൂടാ.
ഇന്ത്യയെ വിമര്‍ശിക്കാനോ, കൊള്ളാം. രാജ്യദ്രോഹിയാവും.
അവശരെ വിമര്‍ശിച്ചാല്‍ ഇന്‍സെന്‍സിറ്റീവ് ആവും.
കെട്ടിയ പെണ്ണിനെ വിമര്‍ശിച്ചാല്‍ അവളു കളഞ്ഞോണ്ടു പോവും
കൂട്ടുകാരനെ വിമര്‍ശിച്ചാല്‍ പിണങ്ങും, ഓഫീസില്‍ വിമര്‍ശിച്ചാല്‍ പണി പോവും.
ആകെക്കൂടി എനിക്കിപ്പൊ അല്പം സ്വാതന്ത്ര്യത്തോടെ വിമര്‍ശിക്കാനും ചീത്തവിളിക്കാനും പറ്റുന്നത് ദാ ഇപ്പൊ എന്നെയേ ഉള്ളൂ.

3/26/2008

കണ്ണൂര്‍

പണ്ടുപണ്ട്, ക്രിസ്ത്വബ്ദം 2020-ല്‍ നടന്ന കഥയാണ്.

==ചരിത്ര പശ്ചാത്തലം==

2020-ല്‍ നടന്ന കഥ പറയാന്‍ താനാരാ പ്രവാചകനാണോ എന്നായിരിക്കും ചോദ്യം. അതെ, ഇയ്യിടെയായി അല്പം പ്രവാചക സ്വഭാവം ഒക്കെ വരുന്നൊണ്ട്. നോസ്ത്രദാമസും നാഥാനും മറ്റ് പ്രവാചകന്മാരും ഒക്കെ മരിച്ചുപോയ കാര്യം കുഞ്ഞ് അറിഞ്ഞായിരിക്കുമല്ലോ അല്ലേ?.

പത്തന്‍പതു വര്‍ഷം കൊണ്ട് കണ്ണൂരില്‍ രണ്ടോ മൂന്നോ പാര്‍ട്ടിക്കാര്‍ ചേര്‍ന്ന് വെട്ടിനിരത്തിയ (വെറുതേയല്ല, ആദര്‍ശങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും വേണ്ടിയാണ്. പ്രതിരോധാത്മകമായി ജനങ്ങള്‍ പ്രതികരിച്ചതാണ്, അതുപോട്ടെ) സമയത്താണ് ഗള്‍ഫിലും ചൈനയിലും ഒരു കണ്‍സ്ട്രക്ഷന്‍ ബൂം വരുന്നത്. ഈ ബൂമിനു ചരിത്രകാരന്മാര്‍ പല കാരണങ്ങളും പറയുന്നുണ്ട്. എണ്ണവില തകരപ്പാട്ടയ്ക്ക് അഞ്ഞൂറു ഡോളറായത്, ഒന്നരക്കിലോമീറ്റര്‍ പൊക്കമുള്ള ടവറുകള്‍ സൌദിയിലും ദുബൈയിലും കത്തറിലും ബഹ്രിനിലും ഉണ്ടാക്കാന്‍ തുടങ്ങിയത്, അറബിപ്പെണ്ണുങ്ങള്‍ നിറച്ചുപെറ്റ് ആള്‍ക്കാര്‍ക്കു താമസിക്കാന്‍ പാര്‍പ്പിടക്ഷാമം ഉണ്ടായത്, ഇങ്ങനെ പലതുമുണ്ട്. കൂട്ടത്തില്‍ പറയാന്‍ വിട്ടുപോയി. ഇതിനിടയില്‍ ചരിത്രം ഇന്ത്യയിലും ഒരു കളി കളിച്ചായിരുന്നു. ഇന്ത്യയിലും കണ്‍സ്ട്രക്ഷന്‍ ബൂം വന്നു (അറിഞ്ഞില്ലേ?). കൊച്ചി, ചാത്തന്നൂര്‍, കൂമങ്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ വലിയ ഫ്ലാറ്റുകളും ഫ്ലൈ ഓവറുകളും വന്നു. വയല്‍ നികത്തല്ലും എന്നുപറഞ്ഞ് ബഹളം വെച്ച് സമരംവിളിച്ചുനടന്ന ഒരു കെളവന്‍ ചത്തുപോയതില്‍പ്പിന്നെ ഉള്ള വയലൊക്കെ ഫ്ലാറ്റാക്കാന്‍ തുടങ്ങി. (സര്‍ക്കാരിന്റെ ജനസംഘ്യാ നിയന്ത്രണം ഒന്നും നടന്നില്ലാ ന്നു ചുരുക്കം. പണ്ട് സഞ്ജയ് ഗാന്ധി കൊറെ റേഡിയോയും കാശും കൊണ്ട് ഇറങ്ങിയപ്പൊഴേ പൊളിഞ്ഞതാ ആ പരിപാടി) ഇതൊക്കെ ഉണ്ടാക്കാനും മറ്റുമായി ഒള്ള കര്‍ഷകരൊക്കെ വേരും പറിച്ച് ചേരികളില്‍ച്ചെന്നു രാപ്പാര്‍ത്തു. (രാത്രികളില്‍ തകര്‍പ്പന്‍ ജീവിതമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ). ഇതല്ലാതെ ഇന്ത്യയുടെ പല ഭാഗങ്ങളിലും വലിയ വലിയ ഫ്ലാറ്റുകള്‍ പൊട്ടിമുളച്ചു. അതിനൊക്കെ വെള്ളമൊഴിക്കാനും വളമിടാനും കുറെപ്പേര്‍ അങ്ങോട്ടും ഇങ്ങോട്ടും കെട്ടിയെടുത്തു. മൊത്തത്തില്‍ ഫ്ലാറ്റും റോഡും റെയില്‍‌വേയും കെട്ടിടങ്ങളും എല്ലാം കൂടെ കുറെപ്പേര്‍ക്കു പണികൊടുത്തു എന്നു പറഞ്ഞാല്‍ മതിയല്ലോ.

===2012===

കണ്ണൂരില്‍ വെട്ടും കുത്തുമല്ലാതെ വേറെ പണിയൊന്നുമില്ലാതിരുന്ന കുറെ അലവലാതികള്‍ ഇങ്ങനെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പോയി ജോലിചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ പ്രത്യയശാസ്ത്രം അവരെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പിറകേ ചെന്നു വെട്ടി. കണ്ണൂരുകാര് വെട്ടുവരുമ്പൊ തിരിച്ചുവെട്ടാന്‍ (പ്രതിരോധിക്കാന്‍) കൊടുവാളും പാന്റിന്റെ അകത്ത് ഒളിപ്പിച്ച് ജോലിക്കു പോയിത്തുടങ്ങി. കട്ട ഇറക്കാനും സിമന്റു കോരാനും ഒക്കെ ഇതു ബുദ്ധിമുട്ടായി (മുട്ടായി മുട്ടായി ബുദ്ധിമുട്ടായി) എന്നു പറയണ്ടല്ലോ. എന്തായാലും ഇന്ത്യയില്‍ കണ്ണൂരുകാരെ പണിക്കെടുക്കുന്നതു നിറുത്തി (‘കണ്ണൂരുകാരെ കണ്ടാലറിയാം, തലയില്‍ മുണ്ടിട്ടുനടക്കുന്നവനെ നോക്കിയാല്‍ മതി‘ എന്നൊരു ആധുനിക കവിത അക്കാലത്തുണ്ടായി).

===2015===

ചൈനക്കാരും ബംഗ്ലാദേശികളും ചൈനയിലും ഇന്ത്യക്കാര് ഇന്ത്യയിലും കണ്‍സ്ട്രക്ഷന്‍ തകര്‍ക്കുന്ന കാരണം ഗള്‍ഫില്‍ കണ്‍സ്ട്രക്ഷനു ആളില്ലാതായി. അറബികള്‍ക്ക് കെട്ടിടം പണി വല്യ വശമില്ലായിരുന്നു. ആഫ്രിക്കയില്‍ നിന്നും ആളെ ഇറക്കാന്‍ നോക്കിയത് അടിയാവുകയും ചെയ്തു (ഒരു അടിമ ഹിസ്റ്ററി ഉള്ള സ്ഥലമാണേ ഈ ആഫ്രിക്ക). അങ്ങനെ അറബികള്‍ നമ്മുടെ കണ്ണൂ‍രില്‍ വന്ന് റ്റെന്റടിച്ചു. കണ്ണൂരു നിന്നും വന്‍‌തോതില്‍ ആളുകളെ മരുഭൂമിയിലേയ്ക്ക് കയറ്റി അയച്ചുതുടങ്ങി. കണ്ണൂരുകാര്‍ക്ക് ഇതുകണ്ട് പെരുത്തു സന്തോഷമായി. വെട്ടുകൊള്ളാതെ ജീവിക്കാമല്ലോ. എന്നും രാവിലെ എണീറ്റ് അവയവങ്ങളൊക്കെ യഥാസ്ഥാനത്ത് ഉണ്ടോ എന്ന് തപ്പിനോക്കണ്ടല്ലോ. “എന്റെ പൊന്നറബീ, കൂലിയൊന്നും തന്നില്ലേലും വേണ്ടീല്ല, റിട്ടേണ്‍ റ്റിക്കറ്റും വേണ്ട, എന്നെ ഒന്ന് കേറ്റിവിട്ടാ മതി” എന്നായി കണ്ണൂരുകാര്‍. അറബിറ്റെന്റിനു പുറത്തും കുറെ വെട്ടും കുത്തുമൊക്കെ ഉണ്ടായി. അറബി പാര്‍ട്ടിതിരിഞ്ഞ് ആളെ എടുക്കണം എന്നായി കുറെപ്പേര്‍. എന്തായാലും അറബി “യാള്ളാ, മാഫി മുഷ്കില്‍” എന്നൊക്കെ പറഞ്ഞപ്പോ കണ്ണൂരുകാര് വെട്ടും കുത്തുമൊക്കെ നിറുത്തി കുഞ്ഞാടുകളെപ്പോലെ പറ്റം പറ്റമായി വിമാനത്തില്‍ കയറിപ്പോയി.

===2020===

കണ്ണൂരില്‍ പുരുഷന്മാര്‍ ഇല്ലാതെയായി. കണ്ണൂരുള്ള പുരുഷന്മാരിലെ തൊണ്ണൂറ്റഞ്ചു ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ ചെന്ന് കൂലിവേല, വീട്ടുവേല, ഓഫീസ് വേല, തുടങ്ങിയ പലവിധം വേലകള്‍ ചെയ്തു. പെണ്ണുങ്ങള്‍ക്ക് മാസാമാസം അവര്‍ കാശയച്ചുകൊടുത്തു. അവിടെ വെട്ടും കുത്തും കാണിക്കാന്‍ ശ്രമിച്ച ചിലരെ അറബി കൈവെട്ടി. ചിലരുടെ തലവെട്ടി. ചില അറബ് രാജ്യങ്ങള്‍ അവന്മാരെ കണ്ണൂരോട്ട് ഡിപ്പോര്‍ട്ട് ചെയ്യും എന്നുപറഞ്ഞു. അവന്മാര്‍ കയ്യും കാലും പിടിച്ച് കരഞ്ഞു കണ്ണീര്‍ കാണിച്ച് മര്യാദയ്ക്കു ജോലിചെയ്തു തുടങ്ങി. കണ്ണൂരിലെ അഞ്ചുശതമാനം പുരുഷന്മാര്‍ എണ്‍പതു കഴിഞ്ഞ വല്യപ്പന്മാരും പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള പയ്യന്മാരുമായിരുന്നു. (ഇവരും ഒരുപാട് കരഞ്ഞുനോക്കിയെങ്കിലും അറബി എന്തൊക്കെയോ നിയമവശം പറഞ്ഞ് ഇവരെ ഗള്‍ഫില്‍ കൊണ്ടുപോയില്ല).

(ഇത്രയും പറഞ്ഞത് നിങ്ങക്ക് അല്പം ചരിത്ര പശ്ചാത്തലം ഇല്ലെങ്കില്‍ ബാക്കി കഥയെ മൊത്തത്തില്‍ അങ്ങോട്ട് അപ്രീഷിയേറ്റ് ചെയ്യാന്‍ പറ്റില്ല എന്നതുകൊണ്ടാണ്. പിന്നെ ഈ ചരിത്രം അറിയാവുന്ന ആകെ ഒരാള്‍ ഞാന്‍ ആയതുകൊണ്ടുമാണ്. ഒവ്വ. ചരിത്രം ബോറാണ്. എന്തായാലും ബോറടിച്ച് ചരിത്രം വായിച്ചില്ലേ, ബാക്കിയും വായിര്).

==ബാക്കി കഥ==

കഥയുടെ നായകര്‍ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന കതിരൂര്‍ കണ്ടനും മറ്റേ പാര്‍ട്ടിയില്‍ പെട്ട തലശ്ശേരി കണ്ണനും ആയിരുന്നു (കണ്ടന്‍, കണ്ണന്‍ എന്നതൊക്കെ എന്തൊരു പേര് എന്നായിരിക്കും വിചാരിക്കുന്നത്. അവന്മാര്‍ അങ്ങോട്ടും ഇങ്ങോട്ടും (പ്രത്യയശാസ്ത്രത്തിനും ആദര്‍ശത്തിനും വേണ്ടി) വെട്ടി ചത്താല്‍ പിന്നെ എന്തൊരു പേര്? എന്തിനു പേര്? ചത്തവനെ എന്തു പേരില്‍ വിളിച്ചാല്‍ എന്താ? അവന്മാര്‍ വെട്ടിച്ചാവാതെ കേറി ഗള്‍ഫില്‍ പോയതുകൊണ്ട് തല്‍ക്കാലം കണ്ടനെന്നും കണ്ണനെന്നും പേരുമതി. അവന്മാര്‍ എതിര്‍പാര്‍ട്ടിക്കാരാണെന്ന് ഓര്‍മ്മവേണം).

കണ്ടനും കണ്ണനും താമസിച്ചിരുന്നത് ദുബൈക്ക് അടുത്ത് സോനാപ്പൂര്‍ എന്ന ലേബര്‍ കാമ്പിലായിരുന്നു. കണ്ണന്‍ കണ്ടന്റെ പാര്‍ട്ടിയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്ളവനായിരുന്നു. കണ്ടന്‍ കണ്ണന്റെയും പാര്‍ട്ടിയുടെ ഹിറ്റ് ലിസ്റ്റില്‍ ആയിരുന്നു. നാട്ടില്‍ ആയിരുന്നെങ്കില്‍ കണ്ടന്‍ കണ്ണനെ വെട്ടിക്കൊന്നേനെ. അല്ലെങ്കില്‍ കണ്ണന്‍ കണ്ടനെ വെട്ടിക്കൊന്നേനെ. കൈയോ കാലോ വെട്ടിയെടുത്ത് വീണ്ടും തുന്നിച്ചേര്‍ക്കാതിരിക്കാന്‍ മുറിവായ റോഡിലിട്ടുരയ്ക്കുകയോ ടാറില്‍ മുക്കുകയോ ചെയ്തേനെ. കുറച്ച് കൊച്ചുപിള്ളേരുണ്ടെങ്കില്‍ അവരുടെ മുന്‍പിലിട്ടു വെട്ടിയേനെ. അല്ലെങ്കില്‍ കുറെ പെണ്ണുങ്ങളെ കിട്ടിയെങ്കില്‍ അവരുടെ മുന്‍പിലിട്ടു വെട്ടിയേനെ. ലേബര്‍ കാമ്പില്‍ കൊച്ചുകുട്ടികളില്ലായിരുന്നു. പെണ്ണുങ്ങളും ഇല്ലായിരുന്നു. അവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാന്‍ തോന്നിയില്ല.

ലേബര്‍ ക്യാമ്പില്‍ നല്ല ദുരിതമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അന്‍പതു ഡിഗ്രീ ചൂടത്ത് വേനല്‍ക്കാലത്ത് അംബരചുംബിയുടെ മുകളില്‍ കേറിനിന്ന് കട്ടയിറക്കിയും കയറ്റിയും പണിയുന്നതിന് പണ്ടത്തെപ്പോലെ 2020-ലും സമയത്തിനു ശമ്പളം കിട്ടിയിരുന്നില്ല. ദിവസവും കഴിക്കാന്‍ കിട്ടുന്നത് പൂത്ത കുബ്ബൂസും പഴയ സാമ്പാറുമായിരുന്നു. എന്നിട്ടും കണ്ടനും കണ്ണനും എല്ലുമുറിയെ പണിചെയ്തു. അവര്‍ തങ്ങളുടെ പാര്‍ട്ടികളുടെ ഉത്തമ പ്രവര്‍ത്തകരായിരുന്നതുകൊണ്ടും ആശയാദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നതുകൊണ്ടും അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിയില്ല എന്നേ ഉള്ളൂ.

===ഉപകഥ (വേണേല്‍ വായിച്ചാല്‍ മതി. അല്ലേല്‍ സ്കിപ് ചെയ്ത് ബാക്കി വായിര്)===

ഇതിനിടയില്‍ ഗള്‍ഫില്‍ ഞാന്‍ സസുഖം ജീവിക്കുകയായിരുന്നു. ഞാന്‍ കൊല്ലം കാരനാണേ, എനിക്ക് അവിടെ കുടുംബവും കൊച്ചുമൊക്കെയുണ്ട്. (തെറ്റിദ്ധരിക്കരുത്, നാട്ടിലെ ഭാര്യയെത്തന്നെ ഗള്‍ഫില്‍ കൊണ്ടുപോയതാണ്. വേറെ കുടുംബമല്ല). എനിക്കു പെരുത്ത ശമ്പളവുമുണ്ട്. ഇവന്മാര്‍ ഒരു മാസം ഉണ്ടാക്കുന്നത് ഞാന്‍ വേണേല്‍ ഒരു ഡിന്നറിനു പൊടിക്കും. അങ്ങനെ എന്റെ എല്‍.സി.ഡി. ടിവ്വിയില്‍ ഞാനും മോനും വെള്ളിയാഴ്ച്ച കാര്‍ട്ടൂണ്‍ കണ്ടോണ്ടിരിക്കുന്നതിനു ഇടയ്ക്കാണ് കാ‍ളിങ്ങ് ബെല്‍ അടിച്ചത്. ഒരു തൈക്കിളവന്‍.

“എന്താ?“
“ഒരു ജോലിവേണം, എന്തു പണിവേണമെങ്കിലും ചെയ്യാം”.
“എവിടെന്നാ”
“കേരളത്തില്‍ നിന്നും”
“അതു മനസിലായി. കേരളാത്തില്‍ എവിടെന്നാന്നാ ചോദിച്ചത്”
....
“ചോദിച്ചതുകേട്ടില്ലേ. കേരളത്തില്‍ എവിടെന്നാന്ന്‍. ഉത്തരം പറഞ്ഞില്ലെങ്കില്‍ ഞാന്‍ കഴുത്തിനു പിടിച്ചു പുറത്താക്കും”.
“എന്റെ പൊന്നുസാറേ, എന്നെ രക്ഷിക്കണം. ഞാന്‍ കണ്ണൂരെന്നാ”.
“ഓഹോ”
“സാര്‍, കാശൊന്നും തരണ്ട, മൂന്നേരം തിന്നാന്‍ തന്നാ മതി. എന്തു പണിയും ചെയ്യാം”.
“നിങ്ങളു കാങ്ക്രസാണോ?”
“അല്ല സാറേ അല്ല”
“കമ്മ്യൂസ്റ്റാ?”
“അയ്യോ അല്ല സാറേ”
“ബീജേപ്പീ? ആറെസ്സെസ്സ്?”
“അല്ല സാറേ, എനിക്കു പാര്‍ട്ടിയില്ല. മുത്തപ്പനാണേ സത്യം”.
“കള്ളം പറഞ്ഞാല്‍ ഇടിച്ചു കൂമ്പുകലക്കും തിരുമാലി. നിങ്ങളെതുപാര്‍ട്ടിക്കാരനാ?”
“സത്യമായും സാറേ, എനിക്കു പാര്‍ട്ടിയില്ല. എന്തെങ്കിലും ജോലിതരണേ”.

കെളവന്‍ അവിടെനിന്നു കരയാന്‍ തുടങ്ങി. എനിക്കതുകണ്ട് അല്പം സെന്റിതോന്നി ഞാന്‍ കെളവനെ മോനെ നോക്കുന്ന ജോലി ഏപ്പിച്ചു. എന്റെ ഭാര്യയ്ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. എന്തായാലും രണ്ടുമൂന്നു ദിവസം പ്രശ്നം ഒന്നും ഉണ്ടായില്ല.

ഞാനും ഭാര്യയും ഒരു ദിവസം ഷോപ്പിങ്ങ് കഴിഞ്ഞ് തിരിച്ചുവരുമ്പൊ വീട്ടിനകത്തുനിന്ന് താളത്തില്‍ ടിന്‍, ടിങ്ങ് എന്ന ശബ്ദം. നോക്കുമ്പോഴതാ, കെളവനും മോനും നിന്ന് ഒരു കമ്പും പാത്രവും എടുത്ത് പരിചമുട്ടുകളിക്കുന്നു. മോന്‍ വീശി അടിക്കുന്നു, കെളവന്‍ തടുക്കുന്നു.

ഞാന്‍ കെളവനെ കഴുത്തിനു പിടിച്ചു പുറത്താക്കി. അങ്ങോരുടെ പാരമ്പര്യമാണു പോലും. കെളവനെ പുറത്താക്കി കതകടച്ചു. കെളവന്‍ കരഞ്ഞുകരഞ്ഞ് റോഡ് ക്രോസ് ചെയ്ത് നടക്കുമ്പൊ ഒരു അറബി ഒരു ഫോര്‍ വീലറില്‍ പാഞ്ഞുവന്ന് കെളവനെ ഇടിച്ചുകൊന്നു. അങ്ങോര് ആലിലപോലെയല്ലേ ഇടികൊണ്ട് പറന്നുപോയത്. ഇവിടത്തെ അറബികള്‍ക്കൊക്കെ വണ്ടിയോടിക്കുന്നതിനു നല്ല സ്പീഡാണേയ്, നോക്കി ക്രോസ് ചെയ്തില്ലെങ്കി പൊടിപോലും കിട്ടില്ല. എന്താ‍യാലും കെളവന്റെ ശല്യം തീര്‍ന്നു. (ഉപകഥയും തീര്‍ന്നു. മെയ്ന്‍ കഥ ബാക്കി വായിര്).

==കഥയുടെ ബാക്കി==

കണ്ണന്റെ കല്യാണം നിശ്ചയിച്ചിരിക്കുവായിരുന്നു. ആ സമയത്താണ് കണ്ണനു ഗള്‍ഫിലേയ്ക്കു വരേണ്ടി വരുന്നത്. നല്ല കുടുംബത്തില്‍ പിറന്ന ഒരു പെണ്ണായിരുന്നു കണ്ണന്റെ ദീര്‍ഘകാ‍ല കാമുകി + പ്രതിശ്രുതവധു. പേര് നീലിമ (നല്ല പേര്, അല്ലേ?). നീണ്ട കണ്ണും നീണ്ട തലമുടിയും നിറഞ്ഞ മേനിയും ഉള്ള ഒരു സുന്ദരി (അതുപിന്നെ പറയാനുണ്ടോ?). അവള്‍ക്ക് കണ്ണനെ ഗള്‍ഫില്‍ വിടാന്‍ ഒട്ടും താല്പര്യമില്ലായിരുന്നു. എന്നെങ്കിലും തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ കരഞ്ഞുകരഞ്ഞ് അവനെ ഗള്‍ഫില്‍ വിട്ടു.

കണ്ണന്‍ ഒരു ദിവസം പണിയ്ക്കിടയില്‍ അവളുടെ ഫോട്ടോ അരയില്‍ നിന്നുമെടുത്ത് നിര്‍ന്നിമേഷനായി നോക്കി നില്‍ക്കുമ്പോള്‍ ഇജീപ്ഷ്യന്‍ ബോസ് വന്ന് അവന്റെ ചെള്ളയ്ക്ക് ആഞ്ഞാഞ്ഞടിച്ചു. ഗള്‍ഫ് ആയതുകൊണ്ട് അവന്‍ മിണ്ടാതെനിന്ന് അടികൊണ്ടു. ഈജിപ്ഷ്യന്‍ അറബികളുടെ രക്തത്തിലുള്ളതാണ് അടിമകള്‍ക്കും തൊഴിലാളികള്‍ക്കും അടികൊടുക്കുന്നത് (എല്ലാ ഇജിപ്ഷ്യന്മാരും അങ്ങനെ അല്ല കേട്ടോ. നല്ല ഈജിപ്ഷ്യന്മാരും ഉണ്ട്. എന്റെ ഓഫീസില്‍ ജോലിചെയ്യുന്ന അഷ്രഫ് ഗാഡ് നല്ലവനാണ്. ഞങ്ങള്‍ ഒരുമിച്ച് വെള്ളമടിക്കാനും വായുംനോക്കാനും ഒക്കെ പോവാറുണ്ട്). പണ്ട് ഈജിപ്തില്‍ അടിമകള്‍ക്ക് അടികൊടുത്ത് കുറെ പിരമിഡൊക്കെ ഉണ്ടാക്കിയത് ഇപ്പൊഴും നിക്കുന്ന കണ്ടിട്ടില്ലേ. എന്താ ഉയരം (എനിക്കു പോയി കാണണം എന്നുണ്ട്. ഇതുവരെ ഒത്തിട്ടില്ല). കണ്ണനു അടികൊടുക്കുന്നത് കണ്ടന്‍ കണ്ടു. ബാക്കി തൊഴിലാളികളും കണ്ടു. അവര്‍ക്കൊന്നും പ്രതികരിക്കാന്‍ തോന്നിയില്ല. (തോന്നിയെങ്കില്‍ തന്നെ പറ്റിയില്ല. ഗള്‍ഫല്ലേ).

ഇതിനിടയില്‍ കുറെ നേതാക്കന്മാരും ഗള്‍ഫില്‍ എത്തിയിരുന്നു. (എല്ലാ പുരുഷന്മാരും നാടുകടക്കുമ്പോള്‍ ചില നേതാക്കന്മാരും കൂട്ടത്തില്‍ കാണുമല്ലോ). അവര്‍ സോനാപ്പൂരിലെ ലേബര്‍ കാമ്പുകളെ രാത്രിയില്‍ ഒളിച്ചിരുന്ന് പച്ചയും ചുവപ്പും നിറമൊക്കെ അടിക്കാന്‍ നോക്കി. പാര്‍ട്ടി ലേബര്‍ കാമ്പുകള്‍ എന്നൊക്കെ വിളിക്കാന്‍ തുടങ്ങി. അടുക്കളയിലെ തീന്മേശപ്പുറത്തു കയറിനിന്ന് പെട്ടിപ്രസംഗം തുടങ്ങി. ഇതു മണത്തറിഞ്ഞ അറബി സി.ഐ.ഡി.കള്‍ ഇവരെ തൂക്കിയെടുത്ത് ജയിലില്‍ക്കൊണ്ടിട്ടു. അവിടെക്കിടന്ന് അവര്‍ നൂറായിരം മാപ്പപേക്ഷ എഴുതിക്കൊടുത്തിട്ടും ഒരുത്തനെയും തുറന്നുവിട്ടില്ല.

അറബി മാനേജരിന്റെ ഭാര്യയും ഇടയ്ക്ക് ലേബര്‍ കാമ്പില്‍ അയാളെ വിളിയ്ക്കാന്‍ വരുമായിരുന്നു. ലെക്സസ് കാറില്‍ നിന്നും പര്‍ദ്ദയൊക്കെ മൂടി മുഖവും മറച്ച് അവര്‍ പുറത്തേയ്ക്കിറങ്ങുമ്പൊഴേയ്ക്കും അറബി കാറിനടുത്തെത്തും. അങ്ങനെ അവര്‍ ഒരുമിച്ച് ഡ്രൈവ് ചെയ്തു പോവും.

കണ്ണന്‍ കല്യാണത്തിനു ലീവ് അപേക്ഷിച്ചിട്ടുണ്ടായിരുന്നു. നീലിമ അവനെ കാത്ത് നാളുകള്‍ എണ്ണിയെണ്ണിനീക്കി. അറബി അടികൊടുത്ത ദിവസം രാത്രി കണ്ടന്‍ കണ്ണന്റെ മുറിയിലെത്തി.

ആ സമയത്ത് അറബിപ്പെണ്ണിന്റെ വെളുത്ത കണങ്കാല്‍ കണ്ടതോര്‍ത്ത് കണ്ണന്‍ വാണമടിക്കുകയായിരുന്നു. (സാഹിത്യത്തിന്റെ ഭാഷയില്‍ അവന്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു എന്നോ മുഷ്ഠിമൈഥുനം ചെയ്യുകയായിരുന്നു എന്നോ ഒക്കെ പറയാം. കണ്ടനും കണ്ണനും നാട്ടിന്‍പുറത്തുകാരായിരുന്നേയ്, അവര്‍ക്കു സാഹിത്യം വല്യ പിടിയില്ലായിരുന്നു. അവന്റെ കോപ്പിലെ മുഷ്ഠിമൈഥുനം.) വാ‍ണമടിച്ച് അതിന്റെ ക്ലൈമാക്സില്‍ എത്താറായപ്പൊഴാണ് കണ്ടന്‍ കയറിവന്നത്. കണ്ണന്‍ പെട്ടെന്ന് മുണ്ടുതാഴേയ്ക്ക് ഇട്ടു എങ്കിലും കണ്ടന്‍ കണ്ടു. കണ്ടന്‍ കണ്ട ഭാവം നടിച്ചില്ല. പൊങ്ങിനിന്ന മുണ്ടിലേയ്ക്കു നോക്കിയില്ല.

“ഉം?”
“നീ പ്പൊ കണ്ണൂരേയ്ക്കു പോണ്ടാ”.
...
...
കണ്ടന്‍ തിരിഞ്ഞുനടന്നു. കണ്ണന്‍ കണ്ണൂരേയ്ക്കു പോയാല്‍ അവനെ വെട്ടിക്കൊല്ലാന്‍ പുറത്തുനിന്നും ആളുകള്‍ വരുന്നെന്ന് കണ്ടന് രഹസ്യവിവരം ലഭിച്ചിരുന്നു. (കണ്ണൂരുകാര്‍ ഉള്ളിന്റെയുള്ളില്‍ നല്ലവരാണ്).

==ഉപകഥ2 (വായിക്കൂ, പ്ലീസ്)==

ഈ സമയത്ത് കണ്ണൂരെത്തിയ രാജേന്ദ്രന്റെ (പത്രപ്രവര്‍ത്തകന്റെ) ഡയറി.

===മെയ് പതിനാല്, 2020===
തലശ്ശേരിയിലെയും പയ്യന്നൂരിലെയും വീട്ടമ്മമാരുമായി അഭിമുഖം നടത്താന്‍ എത്തിയതായിരുന്നു ഞാന്‍. ആദ്യം ഞാന്‍ പയ്യന്നൂരങ്ങാടിയിലെ കുറച്ചു വീടുകളില്‍ കയറി. അപ്പൂപ്പനും അമ്മൂമ്മയും ഉള്ള വീടുകളിലെ വീട്ടമ്മാമാരൊക്കെ ഏങ്ങലടിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക് എന്തോ ഒരു പ്രത്യേകത.

ഞാന്‍ കയറിയ നാലാമത്തെ വീട്ടില്‍ അപ്പൂപ്പനോ അമ്മൂമ്മയോ ഇല്ലായിരുന്നു. അവിടെ മുപ്പത്തിരണ്ടു വയസ്സുള്ള വീട്ടമ്മയുടെ രണ്ടു മക്കളും സ്കൂളില്‍ പോയിരിക്കുകയായിരുന്നു. അവര്‍ ഇന്റര്‍വ്യൂവിന്റെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. കരഞ്ഞുകൊണ്ടുതന്നെ അവര്‍ അവരുടെ വസ്ത്രങ്ങള്‍ ഊരി. പേനയും കടലാസും തട്ടിത്തെറിപ്പിച്ച് അവര്‍ എന്നെ ബലാത്സംഗം ചെയ്തു. ഹൌ. എന്തൊരു സുഖം. തെറിച്ചുനില്‍ക്കുന്ന മുലകള്‍. ആറാമത്തെയും പന്ത്രണ്ടാമത്തെയും വീടുകളില്‍ ഇതേ സംഭവം ആവര്‍ത്തിച്ചു. ഇവരൊക്കെ ആണുങ്ങളെക്കണ്ടിട്ട് വര്‍ഷങ്ങളായെന്നു തോന്നുന്നു. കണ്ണൂരെ വീട്ടമ്മമാര്‍ പുലിക്കുട്ടികളാണ്.

==മെയ് പതിനഞ്ച്, 2020==
ഹയ്യോ, വയ്യ. ഇന്ന് ആറുസ്ത്രീകള്‍ എന്നെ ബലാത്സംഗം ചെയ്തു. എനിക്ക് എണീറ്റുനില്‍ക്കാന്‍ വയ്യ. എന്റെ ലിംഗം പൊങ്ങാത്തതുകൊണ്ട് (സാഹിത്യഭാഷ: ഉദ്ധരിക്കാത്തതുകൊണ്ട്) അവര്‍ സിറിഞ്ചുകൊണ്ട് എന്തോ ദ്രാവകം എന്റെ കാലുകള്‍ക്കിടയില്‍ കുത്തിവെച്ചു. ലിംഗം അപ്പോള്‍ പൂര്‍വ്വാധികം ഉയര്‍ന്നു. ബലാത്സംഗം തുടര്‍ന്നു. ഇപ്പോള്‍ സ്ത്രീകള്‍ കൂട്ടത്തോടെയാണ് എന്നെ ബലാത്സംഗം ചെയ്യുന്നത്. ഇരുപത്തിരണ്ടു മുതല്‍ അറുപതു വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ ഇതിലുണ്ട്.

==മെയ് പതിനാറ്, 2020==
ഹയ്യോ, അവര്‍ ഞാന്‍ താമസിക്കുന്ന ലോഡ്ജ് കണ്ടുപിടിച്ചു. പെണ്ണുങ്ങള്‍ വാതില്‍ തല്ലിപ്പൊളിക്കുന്നു. എനിക്കെണീറ്റു നില്‍ക്കാന്‍ പോയിട്ട് ഒന്നു ഞരങ്ങാന്‍ പോലും വയ്യ. ഇനിയും ബലാത്സംഗം ചെയ്താല്‍ ഞാന്‍ ചാവും

(മെയ് 17-നു ഡയറി ഇല്ല. സ്ത്രീകള്‍ വിലാപയാത്രയായി രാജേന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടു. നീലിമ ചാരിത്രവതിയായിരുന്നതുകൊണ്ട് ആ കൂട്ടത്തില്‍ ഇല്ലായിരുന്നു എന്നു പറയേണ്ടതില്ലല്ലോ).

ഡോ നായരേ.

ഡോ, സദാചാരിയായ വായനക്കാരാ, തന്നെത്തന്നെയാ വിളിച്ചത്. സ്ത്രീകള്‍ ബലാത്സംഗം ചെയ്യുന്നെന്നു കേട്ട് കണ്ണൊന്നും മിഴിക്കണ്ടാ. ബലാത്സംഗമെന്താ, ആണുങ്ങടെ മാത്രം കുത്തുകയാണെന്നു വിചാരിച്ചോ? താനൊക്കെ സ്ത്രീസമത്വം സ്ത്രീസമത്വം എന്ന് മുക്കിനു മുക്കിനു പറഞ്ഞോണ്ടു നടക്കുന്നുണ്ടല്ലോ. എന്നിട്ട് ഒരു ദിവസമെങ്കിലും തന്റെ ഭാര്യയെ തന്റെ മുകളില്‍ കയറ്റിയിരുത്തി രതി അനുഷ്ഠിച്ചിട്ടുണ്ടോ? (ഫൂ, ഹാവ് യൂ ഹാഡ് സെക്സ് വിത്ത് ഷീ ഓണ്‍ ടോപ്പ് എന്ന്. മലയാളം പോരാ. ഭാഷാപരമായ പരിമിതികളേയ്). പിന്നെ താനൊക്കെ എന്നാ സ്ത്രീസമത്വമാ പറഞ്ഞോണ്ടു വരുന്നത്. അവരു ബലാത്സംഗം ചെയ്തെങ്കി ചെയ്തു. രാജേന്ദ്രന്‍ ചത്തു. അത്രതന്നെ.

==മെയ്ന്‍ കഥ (ഉപകഥ തീര്‍ന്നു)==

കണ്ണന്റെ ഫോണ്‍ വിളികേട്ട് നീലിമ ആകെ തളര്‍ന്നു. അവള്‍ക്ക് ആകെ നിരാശയായി. അവളുടെ തുടകള്‍ക്കിടയില്‍ പെരുക്കാന്‍ തുടങ്ങി. (അവളുടെ വയറ്റില്‍ ഒരു കിളി പിടപിടച്ചു, അവളുടെ കരളില്‍ ഒരു വിങ്ങല്‍ എന്നൊക്കെ എഴുതണം എന്നുണ്ട്. പക്ഷേ സത്യത്തില്‍ അവളുടെ തുടകള്‍ക്കിടയിലാണു വേദനിച്ചത്. അവള്‍ അവനെ വാ തുറന്നു പ്രാകി)

“വിപ്ലവം. മൈര്. അവന്റെയൊക്കെ അമ്മേടെ വിപ്ലവം“.

ഇതിനിടയില്‍ കണ്ണനും കണ്ണനും നല്ല കൂട്ടുകാരായി. അവര്‍ എല്ലുനിറയെ പണിയെടുത്ത് കണ്ണൂരേയ്ക്ക് കാശയച്ചു. സ്ത്രീകള്‍ സ്വാശ്രയ സംഘങ്ങള്‍ തുടങ്ങി കണ്ണൂരില്‍ പൊടിപൊടിച്ചു. ബസ്സോടിക്കാനും നെല്ലുഴുതാനും വീടുണ്ടാക്കാനും അവര്‍ പഠിച്ചു. അവിടെ ആണുങ്ങള്‍ മാത്രം ഇല്ലായിരുന്നു.

ഒരു രാഷ്ട്രീയ നേതാവിന് അറബി മാപ്പുകൊടുത്തു. ഏതോ ഒരു കറുമ്പനു മാപ്പുകൊടുക്കാനുള്ളത് അറബിക്കു തെറ്റിപ്പോയതാണെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു. മാപ്പുകിട്ടിയ രാഷ്ട്രീയ നേതാവ് കണ്ണൂരെത്തി. പുറത്തെ ജില്ലകളില്‍ നിന്നും പുരുഷാരവും അകമ്പടിയായി ഉണ്ടായിരുന്നു. പോലീസ് ബന്ദവസ്സ് ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പുകാലമായിരുന്നല്ലോ. രാഷ്ട്രീയ നേതാവ് അലങ്കരിച്ച വേദിയില്‍ കയറിനിന്നു.

വെള്ള ഷര്‍ട്ടും വെള്ള മുണ്ടും കട്ടിക്കണ്ണാടിയും ധരിച്ച (ഇതൊക്കെ പറയാനുണ്ടോ?) രാഷ്ട്രീയനേതാവ് ഗള്‍ഫ് ജയിലിലെ ഭക്ഷണം തിന്ന് ഒരു പന്നിക്കുട്ടിയെപ്പോലെ കൊഴുത്തു തടിച്ചിരുന്നു. അദ്ദേഹം മൈക്കില്‍ പിടിച്ച് പ്രസംഗിച്ചുതുടങ്ങി.

“കണ്ണൂരിലെ അക്രമങ്ങള്‍ പാരമ്പര്യമായുള്ള കുടിപ്പകയുടെയും കളരിയുടെയും പൊയ്ത്തിന്റെയും തുടര്‍ച്ചയാണ്. അക്രമം കണ്ണൂരുകാരുടെ രക്തത്തില്‍ ഉണ്ടായിരുന്നതാണ്. ഇതിനു രാഷ്ട്രീയ പാര്‍ട്ടികളെ പഴിചാരിയിട്ട് കാര്യമില്ല. അതു കണ്ണൂരിന്റെ പാരമ്പര്യമാണ്, സംസ്കാരമാണ്. കണ്ണൂരിന്റെ ചരി..”

ട്ടൊ

ഉന്നം തെറ്റിയില്ല. അയാളുടെ ഒത്ത നെഞ്ചത്തു തന്നെ കൊണ്ടു. അവള്‍ക്ക് മുന്‍പ് തോക്കുപയോഗിച്ച് പരിചയമില്ലെന്നു പറഞ്ഞിട്ടെന്താ, അവള്‍ ഉണ്ണിയാര്‍ച്ചയുടെ പിന്തലമുറക്കാരിയായിരുന്നല്ലോ. (പാരമ്പര്യമേയ്, അവള്‍ടമ്മേടെ പാരമ്പര്യം)

3/23/2008

പേടി

രാത്രി കാട്ടിനുനടുവില്‍ പേടിച്ചരണ്ട ഒരു മാന്‍ ഒരു ഗുഹയ്ക്കകത്ത് ഓടിക്കയറി. അങ്ങനെ ഗുഹയുടെ പേടിമാറി.

3/21/2008

പെണ്ണ്

സിഗരറ്റുവലി തുടങ്ങുന്നതുവരെ അതിന്റെ രുചിയറിയാതെ ഞാന്‍ സന്തോഷമായി ജീവിച്ചു.
സിഗരറ്റുവലി തുടങ്ങിയതില്പ്പിന്നെ അതില്ലാതെ ജീവിക്കുന്നത് ആലോചിക്കാനേ വയ്യ.

3/20/2008

ബലാല്സംഗം

ഇന്റര്നെറ്റില് വരുന്ന ബലാല്സംഗ വാര്ത്തകള് വായിക്കാന് എനിക്കെന്താ ഇത്ര താല്പര്യം എന്നു മനസ്സിലാവുന്നില്ല.

3/18/2008

പാമ്പ്

തെങ്കാശിയില്‍ നിന്ന് ആര്യങ്കാവിലേയ്ക്ക് കാട്ടിനുനടുവിലൂടെ ഒറ്റയടിപ്പാതയാണ്. വെള്ളികീറിയതുമുതല്‍ രാവേറുവോളം നിറുത്താതെ നടന്ന്‍ പാമ്പാട്ടിയുടെ പാദങ്ങള്‍ തളര്‍ന്നുകാണണം. നടന്നുതീര്‍ത്ത പാതയുടെ ദൈര്‍ഘ്യമോര്‍മ്മിപ്പിച്ചുകൊണ്ട് കാല്‍മുട്ടിനു മീതേ കയറ്റിക്കെട്ടിയ മുഷിഞ്ഞ മുണ്ടില്‍ ചെമ്മണ്ണു കട്ടപിടിച്ചിരുന്നു. കറുത്തുതിളങ്ങിയ ഒട്ടിയ വയറിനു മീതെ എല്ലുന്തിയ നെഞ്ചിന്‍‌‌കൂടിനെ മറച്ചുകിടന്ന കൂറത്തോര്‍ത്തില്‍നിന്ന് വിയര്‍പ്പുകണങ്ങള്‍ ആവിയായ്ക്കൊണ്ടിരുന്നു. നീണ്ട വടുവീണ മുഖത്ത് ഒട്ടിയ കവിളുകള്‍ക്കു കുറുകെ നരച്ച കൊമ്പന്മീശ ചിറകുവിടര്‍ത്തിയ പ്രാവിനെപ്പോലെ വിരിഞ്ഞുനിന്നു. കട്ടിയായി വളര്‍ന്ന്‍ പരസ്പരം കൂട്ടിമുട്ടിയ വെളുത്ത പുരികത്തിനു കീഴേ തളര്‍ന്ന് താഴേയ്ക്കുമാത്രം കൂമ്പിനിന്ന കണ്ണുകള്‍ വല്ലപ്പോഴും എതിരേ വരുന്നയാളുടെ മുഖത്തേയ്ക്കു നോക്കുമ്പോള്‍ ഒരു മൂങ്ങയുടെ കണ്ണുകളായി കൂര്‍ത്തുതിളങ്ങി. വരണ്ടൊട്ടിയ ചുണ്ടുകള്‍ക്കുള്ളില്‍നിന്നും വിരളമായ് മാത്രം പുറത്തുകാണുന്ന ഇടവീണ പല്ലുകളില്‍ ബീഡിക്കറ കട്ടിപിടിച്ചിരുന്നു. പാമ്പാട്ടിയുടെ ചെവിയില്‍ നിന്നും വെള്ളിരോമങ്ങള്‍ വളര്‍ന്നുനിന്നു. വീതിയില്‍ വിരിഞ്ഞ നെറ്റിയില്‍ ഇനിനിവരാത്ത ചുളിവുകള്‍ വീണിരുന്നു. പാമ്പാട്ടിയ്ക്ക് പ്രായമായിരുന്നു. പാമ്പാട്ടിയുടെ തലയുടെ മീതെ വീതിയുള്ള തൊപ്പിപോലെ ചൂടിയിരുന്ന വള്ളിക്കൂടയില്‍ ചുരുണ്ടുകിടന്ന കറുത്ത പാമ്പിനും പ്രായമേറെയായിരുന്നു. അവരില്‍ ആര്‍ക്കാണു പ്രായം കൂടുതല്‍ എന്ന് ആര്‍ക്കുമറിയില്ലായിരുന്നു.

പാമ്പാട്ടി ഇപ്പോള്‍ നടക്കുന്ന പാത ഒരുകാലത്ത് പാമ്പാട്ടിയുടെ കാലുകള്‍ക്ക് ചിരപരിചിതമായിരുന്നു. അന്ന് ഈ പാതയുടെ അറ്റത്ത് ഒരിലുമ്പി മരമുണ്ടായിരുന്നു. താണ ചില്ലകള്‍ നിറയെ പുളിയിലുമ്പികള്‍ വളര്‍ന്ന മരത്തില്‍ നിന്നും വലത്തോട്ടു നടക്കുമ്പോള്‍ കുഞ്ഞിനെയും ഒക്കത്തേന്തി മേനിവടിവൊത്ത അമ്മമാര്‍ വെള്ളംകോരുന്ന വലിയ വാവട്ടമുള്ള കിണറുണ്ടായിരുന്നു. കിണറിന്റെ ഒരു വശം പൊളിഞ്ഞുകിടന്നിരുന്നു. കിണറും കഴിഞ്ഞ് മുന്‍പോട്ടുനടക്കുമ്പോള്‍ ഇടത്തേയ്ക്ക് ഒരു കാവുണ്ടായിരുന്നു. പാമ്പുകളും കീരികളും തേരട്ടകളും പന്നിയെലികളും ആ സര്‍പ്പക്കാവില്‍ സ്വൈരം താമസിച്ചിരുന്നു. കാവും കടന്ന് മുന്‍പോട്ടുനടക്കുമ്പോള്‍ നടവഴിയുടെ അരികിലായി വേലന്റെ ചായക്കടയുണ്ടായിരുന്നു. ചായക്കടയില്‍ വെറുതേയിരുന്ന് പകലന്തിയോളം രാഷ്ട്രീയം പറയുന്ന പതിവുകാരുണ്ടായിരുന്നു. വേലന്‍ പാമ്പാട്ടിയെ മറന്നുകാണില്ല. അവിടെനിന്നും ഒരു കാലിച്ചായയും വാങ്ങിക്കുടിച്ച് മുന്‍പോട്ടുനടന്നാല്‍ ഇരുവശത്തും വേലിപ്പത്തലുകള്‍ വളര്‍ന്നുനില്‍ക്കുന്ന ഇടവഴിയിലെത്തും. ഒരാള്‍ക്കു നടക്കാന്‍ മാത്രം വീതിയുള്ള ചരലിടവഴിയുടെ അറ്റത്ത് നൂറുപറ കൃഷിയിറക്കാന്‍ വിസ്താരമുള്ള വലിയ മൈതാനമുണ്ടായിരുന്നു. അവിടെ എല്ലാ വെള്ളിയാഴ്ച്ചയും ചന്തയുണ്ടായിരുന്നു. ചന്തയിലേയ്ക്ക് ഇടവഴി വീഴുന്നിടത്ത് പാമ്പാട്ടിയിരിക്കുന്ന പരന്ന പാറക്കല്ലുണ്ടായിരുന്നു. അവിടിരുന്ന് മകുടിയൂതുമ്പോള്‍ പാമ്പ് കൊട്ടയില്‍ നിന്നിഴഞ്ഞ് ആടിയാടി പത്തിവിടര്‍ത്തുന്നതിനു മുന്‍പേ ഓടിക്കൂടുന്ന സ്ഥിരം കാണികളുണ്ടായിരുന്നു. ഇന്ന്‍ ഗ്രാമത്തിനു പാമ്പാട്ടിയെ മറന്നുപോയിക്കാണണം. പക്ഷേ പാമ്പും പാമ്പാട്ടിയും ഗ്രാമത്തെ ഒട്ടും മറന്നില്ല,

പാതയുടെ അറ്റത്ത് ഇലുമ്പിമരം പൂത്തുനിന്നു. കാലത്തെ കവച്ചുനിന്ന ഇലുമ്പിമരത്തില്‍ നിന്നും പാമ്പാട്ടി ഒരു ഇലുമ്പിക്കായ പൊട്ടിച്ച് കടിച്ചു. പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ അതേ പുളിരസം നാക്കിലൂടെ ഊര്‍ന്നിറങ്ങി, മരത്തിന് അതേ യൌവനം. പാമ്പാട്ടി കുറച്ച് ഇലുമ്പിക്കായകള്‍ മടിയില്‍ പൊതിഞ്ഞു. ഇലുമ്പിമരവും കിണറും കടന്ന് ഇരുണ്ട കാവിനു മുന്‍പിലൂടെ നടക്കവേ ചിലരെമാത്രം പ്രായം തൊടാറില്ല എന്ന് പാമ്പാട്ടി വെറുതേ ഓര്‍ത്തു. ചന്തയിലേയ്ക്കുള്ള വഴിയിലേയ്ക്കു തിരിയാതെ പാമ്പാട്ടി ഒരു ചെറിയ ഊടുവഴിയിലേയ്ക്കു കടന്നു. വെളിച്ചം വീഴാത്ത ഇടവഴിയില്‍ അല്പം ദൂരെയായി അകത്തേയ്ക്കു മാറിനിന്ന ഓലക്കുടിലിലെ മറയ്ക്കു പിന്നില്‍ നിന്നും മണ്ണെണ്ണവിളക്കിന്റെ വെളിച്ചം പുറത്തേയ്ക്കു ചിതറുന്നുണ്ടായിരുന്നു. തന്റെ കൂമന്‍ കണ്ണുകള്‍ ഇരുവശത്തേയ്ക്കും വെട്ടിച്ച് വഴിയില്‍ ആരും വരുന്നില്ല എന്നുറപ്പുവരുത്തി പാമ്പാട്ടി കുടിലിന്റെ വാതില്‍ക്കലെത്തി, പതുക്കെ മുരടനക്കി.
“നാരായണീ”.

പതിനാറു വര്‍ഷങ്ങള്‍ക്കും മനസ്സില്‍ നിന്നും തരിമ്പുപോലും മായ്ക്കാനാവാത്ത ഒരു ശബ്ദം മുറിയ്ക്കുള്ളില്‍ നിന്നും പതിയെ വിളികേട്ടു. “എന്തോ”.

ഇലുമ്പിയെപ്പോലെ നാരായണിയെയും കാലം തൊട്ടിട്ടില്ലായിരുന്നു. പാമ്പാട്ടി തലയില്‍ നിന്നും കൊട്ടയെടുത്ത് വാതിലിനു മുന്‍പില്‍ ഇറക്കിവെച്ചു. മുറിയ്ക്കുള്ളിലേയ്ക്കു ശബ്ദമുണ്ടാക്കാതെ കടന്ന് പനമ്പട്ട ചാരി വാതിലടച്ചു. കുട്ട നിലത്തുവെച്ചപ്പോള്‍ അതിന്റെ മൂടി തുറന്നുപോയത് ധൃതിയിലും പരിഭ്രമത്തിലും പാമ്പാട്ടി ശ്രദ്ധിച്ചില്ല.

നാരായണിയുടെ തൊടിയിലെ പച്ചക്കറിത്തോട്ടത്തില്‍ ഒരു വാരവീതം അകലത്തില്‍ നാരായണി മരച്ചീനി നട്ടിരുന്നു. മരച്ചീനിത്തണ്ടിനു കീഴെ ഒരു മണ്‍പൊറ്റയില്‍ നിന്നും കോമ്പല്ലുകള്‍ കൊണ്ടു കിഴങ്ങുകാര്‍ന്ന് വയറുനിറച്ച് ഒരു പെരുച്ചാഴി പുറത്തേയ്ക്കിറങ്ങി. മുറ്റത്തിനു കുറുകെ ഓടിയ പെരുച്ചാഴി വാതില്‍ക്കല്‍ വിലങ്ങനെകിടക്കുന്ന ചൂരല്‍ക്കുട്ടകണ്ട് ഒന്നറച്ചുനിന്നു. എന്നിട്ട് വീണ്ടും കുട്ടയുടെ നേര്‍ക്കോടി വിടവിലൂടെ തല അകത്തേയ്ക്കിട്ടു. കുട്ടയിലെ ഇരുട്ടില്‍ നിന്ന് രണ്ടു പവിഴങ്ങള്‍ പ്രകാശം ചീറ്റി തിളങ്ങുന്നതുകണ്ട് പെരുച്ചാഴി പെട്ടെന്ന് പിന്നോട്ടുചാടി. ദൂരേയ്ക്കോടിയ പെരുച്ചാഴി വീണ്ടും എന്തോ കാന്തികപ്രേരണയാല്‍ കുട്ടയ്ക്കടുത്തേയ്ക്ക് മെല്ലെ ഓടിയും ഇരുന്നും പതുങ്ങിയും നീങ്ങിത്തുടങ്ങി. ചില ഇരകള്‍ അങ്ങനെയാണ്, വേട്ടയാടപ്പെടാനുള്ള കൊതി അവയുടെ ജനിതകഘടനയിലെവിടെയോ മറഞ്ഞിരിക്കും. വേട്ടക്കാരനെക്കാണുമ്പോള്‍ കാമം പോലെ അവ സ്വന്തം മരണാത്തെ തെടിയെത്തും. ഈ പെരുച്ചാഴി അത്തരത്തിലുള്ള ഒന്നായിരുന്നു.

എന്നാല്‍ പെരുച്ചാഴിയെക്കണ്ടിട്ടും മൂര്‍ഖന്റെ കറുത്തുതണുത്ത ഉടലിന്റെ ചുരുളുകളഴിഞ്ഞില്ല. പത്തിയില്‍ ‘ഋ‘ എന്ന അക്ഷരം പോലെ കറുത്തുകിടന്ന ഫണം വിടര്‍ന്നില്ല. പെരുച്ചാഴിയെക്കണ്ട് മൂര്‍ഖന്റെ വെട്ടുവീണ നാവിലും കൂര്‍ത്തിറുകിയ വായയിലും ഉമിനീര്‍ നിറഞ്ഞില്ല. കുട്ടയില്‍നിന്ന് ഉണര്‍ന്നുയര്‍ന്നു കുതിച്ചുചാടുന്നതിനു പകരം കരിമൂര്‍ഖന്‍ ഒരു സ്വപ്നം കാണുകയായിരുന്നു.

നിബിഢവനങ്ങളില്‍ പുളഞ്ഞ തന്റെ ബാല്യത്തെ കരിമൂര്‍ഖന്‍ സ്വപ്നം കണ്ടു. അന്ന് ഓരോ കാല്‍‌വെയ്പ്പിലും തന്നെഭയന്ന് പതുങ്ങിവരുന്ന ഇരയുടെ പേടിച്ചരണ്ട കണ്ണുകളെയും മിനുസമായ തൊലിവീണ ഒതുങ്ങിയ ശരീരത്തെയും അതിനു മീതേയ്ക്ക് വന്‍ മരച്ചില്ലകളില്‍ നിന്നും ഒരു ചാട്ടുളിപോലെ വായുവിലൂടെ നീന്തി വളഞ്ഞുവീഴുന്ന തന്റെ ശരീരത്തെയും മൂര്‍ഖന്‍ സ്വപ്നം കണ്ടു. ശക്തമായ മാംസപേശികള്‍ വരിഞ്ഞിറുക്കി ഇരയുടെ കഴുത്തില്‍ മുറുകുന്നതും‍, തന്നെക്കാള്‍ വലിപ്പമുള്ള ഇരയുടെ പ്രാണവെപ്രാളത്തില്‍ തന്റെ ഒടുങ്ങാത്ത വിശപ്പിന്റെ മോഹാവേശങ്ങള്‍ കെട്ടിമറിയുന്നതും‍, ഒടുവില്‍ ഇരയുടെ കുതര്‍ച്ചകള്‍ ഒതുങ്ങി ശ്വാസം അടങ്ങി ഇമ്പമുള്ള ഒരു മൂളലാവുന്നതും‍, പതിയെ വാലും കാലുകളും ഉടലും തന്റെ വായ്ക്കുള്ളിലാവുമ്പോള്‍ മുന്‍‌കാലുകളും ഒടുവില്‍ തലയും മാത്രം പുറത്തേയ്ക്കിട്ട് ഇര അവസാനത്തെ കുതറല്‍ കുതറുന്നതും, തന്റെ കഴുത്തിറുക്കി ഇരയുടെ അന്ത്യശ്വാസവും വിഴുങ്ങുന്നതും കരിമൂര്‍ഖന്‍ സ്വപ്നം കണ്ടു. അന്നായിരുന്നു യൌവനത്തിന്റെ മദോന്മത്തദിനങ്ങള്‍. ഒരിക്കല്‍ പിടിയില്‍ വീണ മാന്‍പേടയ്ക്കുവേണ്ടി കുതിച്ചുവന്ന മറ്റൊരു മൂര്‍ഖനുനേരെ ഇരയെവിട്ട് ആറടി പൊക്കത്തില്‍ വാലിലെഴുന്നുനിന്ന് ഫണമുയര്‍ത്തിയതും മൂര്‍ഖന് ഓര്‍മ്മവന്നു. പരസ്പരം കൊത്തിയും തെന്നിമാറിയും കെട്ടുപിണഞ്ഞും ഉഗ്രവിഷം ചീറ്റിയും കെട്ടിമറിഞ്ഞും നൃത്തം പോലെ യുദ്ധമാടിയതും ഓര്‍മ്മവന്നു. പൊത്തില്‍നിന്നിറങ്ങിവന്ന കൂറ്റന്‍ ചെങ്കീരിയോട് പോരാടിനിന്നത് ഓര്‍മ്മവന്നു. കഴുത്തിലും ഉടലിലിലും മുറിവേറ്റിട്ടും തളരാതെ നിന്നു പോരാടിയ നാള്‍ അനേകം സര്‍പ്പദംശങ്ങളേറ്റ് ചെങ്കീരി നിലത്തുവീണു ചുരുണ്ടുപോയത് ഓര്‍മ്മവന്നു. കുത്തൊഴുക്കുള്ള പുഴയില്‍ തടിച്ച മത്സ്യങ്ങളെവിഴുങ്ങി കുറുകേ നീന്തിനടന്നതോര്‍മ്മവന്നു. ഒരിക്കല്‍ ഒരു പൊത്തില്‍ക്കടന്ന് പെരുച്ചാഴികളുടെ ഒരു കുടുംബത്തെ വിഴുങ്ങിയത്. തന്റെ നേര്‍ക്കു ചീര്‍ത്തുവന്ന കടുവയുടെ കണങ്കാലില്‍ കടിച്ചത്. കാടുകുലുക്കി ചിന്നം വിളിച്ചുവന്ന ഒറ്റയാന്‍ വഴിമുടക്കിക്കിടന്ന തന്നെക്കണ്ട് വഴിമാറിപ്പോയത്. വന്യമായ ആവേശത്തില്‍ പെണ്മൂര്‍ഖനുമായി പത്തിവിടര്‍ത്തി ഇരുമെയ്കളും ഒരു കയര്‍പോലെ പിരിഞ്ഞ് പിണഞ്ഞാടിയത്. പൌര്‍ണ്ണമിരാവില്‍ ഒരു രാവുമുഴുവന്‍ വാലിലുയര്‍ന്നുനിന്ന് ഫണം ചീറ്റിയത്. ഉയരമുള്ള മരങ്ങളുടെ ശിഖിരങ്ങളില്‍ തൂങ്ങിയാടിയത്. തണുത്ത ഇലകള്‍ക്കടിയില്‍ ചുരുണ്ടുകിടന്ന് പടം പൊഴിച്ചത്. ഒടുവില്‍ പുതിയ ശരീരവുമായി തിളങ്ങിനിന്ന് സൂര്യനെനോക്കി പത്തിവിടര്‍ത്തിയത്. ഓര്‍മ്മകള്‍ക്ക് എന്നും വസന്തമാണ്.

കരിമൂര്‍ഖന്‍ സ്വപ്നങ്ങളുടെ ഘോഷയാത്രയില്‍ തളര്‍ന്ന് കണ്ണുകള്‍ മൂടിക്കിടക്കുമ്പോള്‍ ധൈര്യം പൂണ്ട പെരുച്ചാഴി വള്ളിക്കൂടിന്റെ ഉള്ളില്‍ക്കടന്നു. പെരുച്ചാഴിയുടെ മൂഷികരോമങ്ങള്‍ പാമ്പിന്റെ വാലില്‍ തൂവല്‍‌പോലെ തലോടി. എന്നിട്ടും പാമ്പ് തെല്ലും അനങ്ങിയില്ല്. പെരുച്ചാഴി കൂടിനുള്ളില്‍ പാമ്പിന്റെ തണുത്തുറഞ്ഞ ശരീരത്തിനു മീതേ ഓടിയിറങ്ങി. കൂടിന്റെ അറ്റത്ത് തെറിച്ചുനിന്ന ചൂരല്‍മുനമ്പില്‍ കരണ്ടു. പാമ്പിന്റെ വാല്‍ത്തുമ്പില്‍ പിന്‍‌കാലിലെ നഖങ്ങള്‍ കൊണ്ടു ചുരണ്ടു. പാമ്പിന്റെ വയറില്‍ പതുക്കെ തന്റെ തലകൊണ്ട് തള്ളിനീക്കി. പാമ്പിന്റെ നിശ്ചലതയില്‍ ചാഴിയുടെ ചലനങ്ങള്‍ക്ക് വേഗവും ധാര്‍ഷ്ട്യവും കൂടുകയായിരുന്നു. അപ്പോള്‍ പാമ്പ് എത്രവിഴുങ്ങിയാലും വിശപ്പുമാറാത്ത തന്റെ യൌവനത്തെ ഓര്‍ക്കുകയായിരുന്നു. ഒരിരയെക്കിട്ടാതെ വിശപ്പില്‍ തൊണ്ടവരണ്ട നാളുകളെ ഓര്‍ക്കുകയായിരുന്നു. വല്ലപ്പോഴും വീണുകിട്ടുന്ന ഇരയുടെ മേല്‍ ഉത്സവമായി പടന്നുകയറിയത് ഓര്‍ക്കുകയായിരുന്നു. ഇന്ന് സ്വാദേറിയ ഭക്ഷണം മുന്നില്‍ വന്നു നിറഞ്ഞിട്ടും വിശപ്പില്ലാതാവുന്നു. മനസ്സ് ഭക്ഷണത്തെ ആശിച്ചിട്ടും ശരീരത്തിനു വയ്യാതാവുന്നു. വാര്‍ദ്ധക്യം ഒരു വല്ലാത്ത അവസ്ഥയാണ്. ചില ജീവികള്‍ക്ക് എത്രവേഗമാണ് വയസ്സാവുന്നതെന്ന് പാമ്പ് വെറുതേ ചിന്തിച്ചു.

വാലുവളച്ച് പെരുച്ചാഴിയെ ഒരു ഞെക്കിനു കീഴ്പ്പെടുത്താമായിരുന്നിട്ടും പാമ്പ് അനങ്ങിയില്ല. പാമ്പിന്റെ മഞ്ഞുമൂടിയ പവിഴക്കണ്ണുകളില്‍ പ്രൌഢഗതകാലം നൃത്തം ചെയ്തു. അല്പനേരം കൂടി അവിടെ കരണ്ടുനിന്നിട്ട് പെരുച്ചാഴി കുട്ടയ്ക്കു പുറത്തിറങ്ങി വേഗത്തിലോടി മരച്ചീനിയുടെ പൊത്തില്‍ മറഞ്ഞു. പാമ്പ് അല്പം പോലുമനങ്ങിയില്ല. കീഴ്പ്പെടുത്താനാവാത്ത ഇരയ്ക്ക് വേട്ടക്കാരനോടു പുച്ഛമേ കാണൂ എന്ന് പാമ്പ് ചിന്തിച്ചു. എങ്കിലും കീഴ്പ്പെടലിന്റെയും കീഴ്പ്പെടുത്തലിന്റെയും കാലം കഴിഞ്ഞിരുന്നു.

“എടീ കൂത്തിച്ചീ“. പാമ്പാട്ടി നാരായണിയെ നിലത്തിട്ടുചവിട്ടി. ചവിട്ടുകൊണ്ട അടിവയര്‍ പൊത്തിപ്പിടിച്ച് മോണപൊട്ടിയ കവിളില്‍ നിന്നും ഉമിനീരും രക്തവും പുറത്തേയ്ക്കു ചീറ്റിക്കൊണ്ട് നാരായണിപറഞ്ഞു. നിങ്ങള്‍ക്കുണര്‍ച്ചയില്ലാത്തതിന് എന്നോടേര്‍ക്കുന്നോ. പ്രായം മുറ്റിയാലും കടി മാറാത്ത വര്‍ഗ്ഗം. ആണെന്നും പറഞ്ഞുനടക്കുന്നു. ഥൂ!.

പാമ്പാട്ടി മടിയില്‍ നിന്നും അഞ്ചുരൂപാ നോട്ടെടുത്ത് നിലത്തുവീണുകിടക്കുന്ന നാരായണിയുടെ മുഖത്തേയ്ക്കെറിഞ്ഞു. എന്നിട്ട് മുണ്ടുമുറുക്കിയുടുത്ത് പാമ്പിന്‍ കൂടും തലയിലേറ്റി നടന്നുമറഞ്ഞു.

Google