സിമിയുടെ ബ്ലോഗ്

10/11/2008

റോഡപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ ഓര്‍മ്മയ്ക്ക്.

ട്രാഫിക്ക് വിളക്ക് പച്ചയായതു കണ്ട് റോഡ് മുറിച്ചുകടക്കാന്‍ തുടങ്ങുമ്പോള്‍ ഇടതുവശത്ത് അല്പം ദൂരെനിന്നും വേഗത്തില്‍ വന്ന വലിയ ലോറി ബ്രേക്ക് ചവിട്ടുന്ന ശബ്ദം കേട്ട് നീ ഒരു നിമിഷം പകച്ചു നോക്കിയപ്പോള്‍ ബ്രേക്ക് കിട്ടാതെ അലറിക്കൊണ്ട് വണ്ടി ഉരുണ്ടുവരുന്നതു കണ്ട് മിന്നല്‍ പിണര്‍ പോലെ ഇടത്തേയ്ക്കു ചാടൂ എന്ന് നിന്റെ മനസ്സ് അലറിവിളിച്ചെങ്കിലും, ഇരുകൈകളിലും വളയം പിടിച്ച് ബ്രേക്കില്‍ ചവിട്ടി എഴുന്നേറ്റുനിന്ന ഡ്രൈവറുടെ വിളറിയ നെറ്റിയില്‍ നിമിഷാര്‍ദ്ധം കൊണ്ട് വിയര്‍പ്പുപൊടിഞ്ഞത് കൌതുകത്തോടെ നോക്കിക്കൊണ്ട് അതേ നിമിഷം തന്നെ ‘ഓ, എന്തിനാ’ എന്ന്‍ അലസമായി ചിന്തിച്ച് നീ ചിരിച്ചുകൊണ്ട് റോഡിനു നടുവില്‍ത്തന്നെ നിന്നുകൊടുത്തതുകൊണ്ടല്ലേ - എന്റെ പൊന്നേ, നിനക്ക് മരണത്തെ അത്രയ്ക്കിഷ്ടമായിരുന്നോ?

10/08/2008

രാഗ ബൈരാഗി

1908, ആഗസ്റ്റ് 10, ഹോട്ടല്‍ ഫെയര്‍ലാണ്‍, കല്‍ക്കട്ട. ഇവിടെ തണുപ്പാണ്. പുറംലോകം നനഞ്ഞുകിടക്കുന്നു. തെരുവുകളില്‍ ഇപ്പോള്‍ ചെളിനിറഞ്ഞുകാണണം. മണ്ണിന്റെ നനഞ്ഞ മണം ഹോട്ടലിനകത്തേയ്ക്കും കയറിവരുന്നുണ്ട്. ആകാശം ഇരുണ്ടുമൂടിയിരിക്കുന്നു. ചുമരില്‍ കത്തിച്ച പന്തങ്ങളുടെ മഞ്ഞ വെളിച്ചത്തില്‍ വിശാലമായ സ്വീകരണമുറിയിലെ ഭീമാകാരമായ തൂണുകളും അവയില്‍ തൂക്കിയിരിക്കുന്ന സുന്ദരിമാരെയും കാണാം. ലോബിയില്‍ നില്‍ക്കുന്ന മദ്ധ്യവയസ്കന്റെ മുഖം കര്‍ക്കശമാണ്. കൊമ്പന്‍ മീശയും കുഴിഞ്ഞ കുറുക്കന്‍ കണ്ണുകളുമുള്ള ആ മെലിഞ്ഞ മനുഷ്യന്‍ - ലഖന്‍ സിങ്ങ് - കൈകള്‍ പിണച്ച് കെട്ടിയിരിക്കുന്നു. ലഖന്‍ സിങ്ങിന്റെ തലയ്ക്കു മുകളില്‍ വായ തുറന്ന് കൂര്‍ത്ത കോമ്പല്ലുകള്‍ കാട്ടി മീശരോമങ്ങള്‍ തെറിച്ചുനില്‍ക്കുന്ന ഒരു വലിയ കടുവാത്തല സ്റ്റഫ് ചെയ്ത് തൂക്കിയിരിക്കുന്നു. അതേ കടുവയുടെ തോലാവണം ഹാളിന്റെ മദ്ധ്യത്തില്‍ വിരിച്ചിരിക്കുന്നത്. കറുപ്പും ചുവപ്പും വരകള്‍ വീണ മങ്ങിയ കടുവത്തോലില്‍ ഞാന്‍ കാലമര്‍ത്തിനോക്കി. പതുപതുപ്പ്. ലഖന്‍ ചിരിച്ചു. അപ്പോള്‍ ഇറുക്കിയടച്ച ചുണ്ടിന്റെ നേര്‍‌രേഖ ചെറുതായി വശത്തേയ്ക്കു വളഞ്ഞു. അയാള്‍ പതുക്കെ തല മുന്‍പോട്ടു കുനിച്ചു. ലഖന്‍ സിങ്ങ് ബാറിലെ ഹെഡ് വെയ്റ്ററാണ്.

ബാറില്‍ വെളിച്ചം വിശേഷമാണ്. മദ്യം എടുത്തുതരുന്ന മേശയ്ക്കു പിന്നിലാണ് പന്തങ്ങള്‍ മുഴുവന്‍. മഹാഗണിയില്‍ തീര്‍ത്ത കൂറ്റന്‍ മേശ വെളിച്ചത്തില്‍ കുളിച്ചുകിടക്കുന്നു. ഞാന്‍ എന്റെ മേശപ്പുറത്ത് ശബ്ദാലേഖന യന്ത്രം കറക്കിവച്ചു. അതില്‍ ‘ഹിസ് മാസ്റ്റേഴ്സ് വോയ്സ്’ എന്ന് ആലേഖനം ചെയ്ത, പട്ടിയുടെ പടമുള്ള റെക്കാഡ് എടുത്തുവച്ചു. മെഴുകു പുരട്ടിയ റെക്കോഡില്‍ സൂചി ശരിപ്പെടുത്തി. ഇന്ത്യയില്‍ ഗ്രാമഫോണ്‍ റെക്കോഡിങ്ങ് തുടങ്ങുന്നതേയുള്ളൂ. ഇന്ത്യയുടെ തനതു ശബ്ദങ്ങളും വാദ്യങ്ങളും സംഗീതവും പാശ്ചാത്യലോകം ഇതുവരെ കേട്ടിട്ടില്ല. അവിടെ പാമ്പാട്ടി മകുടിയൂതുന്നില്ല, വെള്ളിച്ചിലങ്കകള്‍ കിലുങ്ങുന്നില്ല, സിതാര്‍ വായുവില്‍ പരന്നൊഴുകുന്നില്ല. ഞാന്‍ ജോലിചെയ്യുന്ന സ്ഥാ‍പനം - ഗ്രാമഫോണ്‍ കമ്പനി - ബ്രിട്ടനും മറ്റ് വിദേശ രാജ്യങ്ങള്‍ക്കും ഇന്ത്യയുടെ തനതു ശബ്ദങ്ങളെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.

ഞാന്‍ തേങ്ങയും പുതിനയിലയും കലര്‍ത്തിയ കോക്ക്ടെയ്ല്‍ ചോദിച്ചു. വലിയ തലപ്പാവുവച്ച ലഖന്‍ സിങ്ങ് പരിചയം പുതുക്കി. മധുശാലയ്ക്കു മുന്‍പിലെ വേദിയില്‍, ഒരു വശത്തായി തബലയും സിതാറും വാദകര്‍ നാദം ശരിപ്പെടുത്തുന്നു. സംഗീതം നീചസ്ഥായിയില്‍ തുടങ്ങി പതുക്കെ മുറുകിവരുന്നു, വീണ്ടും അയയുന്നു. ഗ്രാമഫോണ്‍ റെക്കോഡ് മെല്ലെ കറങ്ങി സംഗീതം ഒപ്പിയെടുത്തു.

ലഖന്‍ സിങ്ങ് നിശബ്ദമായി ഹിത്സയും ചോറും വിളമ്പി. മൂന്നാമതും മദ്യം നിറയ്ക്കുമ്പോള്‍ സംഗീതം പെട്ടെന്ന് ഉയര്‍ന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ എല്ലാ തലകളും ആകാംഷയോടെ ഇടതുവശത്തെ തിളങ്ങുന്ന പടുതയിട്ട് മറച്ചിരിക്കുന്ന വാതിലിനുനേര്‍ക്ക് തിരിഞ്ഞിരിക്കുന്നു. മറ്റ് വാദ്യങ്ങള്‍ നിലച്ചു. തബലയിലെ കൊട്ട് മാത്രം മുറുകി മുറുകി ശബ്ദം ഉയര്‍ന്നുവരുന്നു. പെട്ടെന്ന് വാതില്‍ തുറന്ന് അഭൌമമായ ഒരു നദി ഒഴുകിവരുന്നതുപോലെ, മഴ പോലെ, പ്രകാശം പോലെ, വസന്തം പോലെ, പരാഗം പോലെ, മുറിയിലേയ്ക്ക് അവള്‍ തെന്നിവന്നു. അവളോടൊപ്പം വാദ്യഘോഷകരുടെയും നര്‍ത്തകരുടെയും ഒരു സംഘവും മുറിയില്‍ നിറഞ്ഞു. എന്തൊരു സൌന്ദര്യം! കണ്ണുകള്‍ - ആദ്യം നിങ്ങള്‍ ശ്രദ്ധിക്കുക പിടയ്ക്കുന്ന കണ്ണുകളാണ്. കൈകള്‍ വിടര്‍ത്തി മുഖം മറച്ച് ഇടയ്ക്ക് വിരലുകള്‍ മാറ്റുമ്പോള്‍ ഇന്ദ്രനീലം ജ്വലിക്കുന്ന കണ്ണുകള്‍. അവളുടെ തിളക്കം പിടിപ്പിച്ച പാവാട വായുവില്‍ ഉയര്‍ന്ന് വൃത്തത്തില്‍ കറങ്ങുന്നു. പാദങ്ങള്‍ ദ്രുതഗതിയില്‍ ചലിക്കുന്നു. ഇടയ്ക്ക് അവള്‍ എന്റെ നേര്‍ക്ക് ഒരു പ്രതിമപോലെ നില്‍ക്കുന്നു. വീണ്ടും നൃത്തം തുടരുന്നു. വാദ്യ സംഗീതം പരക്കുന്നു. കുയിലിലും മധുരമായ ശബ്ദത്തില്‍ അവള്‍ പാടുന്നു.

‘കൃഷ്ണാ നിന്റെ ചിരിയില്‍ മയങ്ങുവാന്‍
കൃഷ്ണാ നിന്റെ മാറില്‍ പടരുവാന്‍
രാധയെവിടെ?‘

രാഗ ബൈരാഗി. ഹിന്ദുസ്ഥാനി രാഗം. സംഗീതം ആഴങ്ങളില്‍ നിന്ന് ഒഴുകി, ചുമരുകളില്‍ നിന്നു കത്തി, തോര്‍ന്നുപെയ്തു, ഗ്രാമഫോണ്‍ റെക്കോഡിലേയ്ക്ക് വീണുകൊണ്ടിരുന്നു. പക്ഷേ കണ്ണുകള്‍! ഹാ, കണ്ണുകള്‍. അവ എന്റെ നേര്‍ക്കു തിളങ്ങി. ഞാന്‍ നശിച്ചവനാണ്. മധുപാത്രം ചരിഞ്ഞതെപ്പോഴാണ് - ഞാന്‍ ഒരുപാട് കുടിച്ചുകാണണം. എപ്പൊഴോ സംഗീതം നിലച്ചു. അവള്‍ നിശ്ചലയായി. വടിവൊത്ത സൌന്ദര്യം സദസ്സിനെ വണങ്ങിക്കൊണ്ട് മൊഴിഞ്ഞു. “നമസ്കാരം, ഞാന്‍ ഗൌഹര്‍ ജാന്‍”.

അരങ്ങൊഴിഞ്ഞു. കാണികളൊഴിഞ്ഞു. ഞാന്‍ സ്വനലേഖി യന്ത്രവും റെക്കോഡുകളും പെട്ടിക്കകത്താക്കി. മദ്യം എന്നെ നടത്തി. ഹോട്ടലിനു പുറത്ത് വിരിച്ചുകെട്ടിയിരിക്കുന്ന റ്റെന്റുകള്‍. അതിനു കാവല്‍ നില്‍ക്കുന്ന ആജാനബാഹു. “ഗൌഹര്‍ ജാന്‍ എവിടെ?” “ഹുസൂര്‍, നിങ്ങള്‍ ആരാണ്?” “എനിക്ക് ഗൌഹര്‍ ജാനിനെ കാണണം. എനിക്കവളെ അത്രയ്ക്കിഷ്ടപ്പെട്ടു”. അയാളുടെ മൌനത്തിനു നേര്‍ക്ക് ഞാന്‍ ഒരുരൂപാ നോട്ട് നിവര്‍ത്തിപ്പിടിച്ചു. അയാളെ കവച്ചു നടന്ന് ഏതൊക്കെയോ റ്റെന്റുകള്‍ക്കു മുന്നില്‍ നിന്ന് ഉച്ചത്തില്‍ വിളിച്ചു. “ഗൌഹര്‍ ജാന്‍, എനിക്കു നിന്നെ അത്രയ്ക്കിഷ്ടപ്പെട്ടു”. ഒരിടത്ത് വിളക്കുകള്‍ തെളിഞ്ഞു. റ്റെന്റിന്റെ വിരിപ്പുകള്‍ മാറി. കിണറുകളുടെ ആഴമുള്ള ശബ്ദം പ്രതിവചിച്ചു. “ഞാന്‍ നിങ്ങളെ അറിയില്ലല്ലോ”. “കള്ളം. നീ എന്നെ സ്നേഹിക്കുന്നു. നാം പരസ്പരം സ്നേഹിക്കുന്നു”. ഉള്ളില്‍ നിന്നും ഇമ്പമുള്ള ചിരി. വിരിപ്പുകള്‍ക്കിടയില്‍ നിന്നും മൈലാഞ്ചിയെഴുതിയ കൈകള്‍ പുറത്തുവന്നു. സൌന്ദര്യധാമം പുറത്തുവന്നു. “ഹുസൂര്‍, സ്നേഹമോ? നമ്മള്‍ ആദ്യമായി കണ്ടത് ഇന്നാണല്ലോ”. അവള്‍ വീണ്ടും ചിരിച്ചു. “ഗൌഹര്‍, നീ എന്നെ സ്നേഹിക്കുന്നില്ലേ? ഇത്രയും ഗാഢമായി ഞാനാരെയും സ്നേഹിച്ചിട്ടില്ല. ഒരാളെയും സ്നേഹിച്ചിട്ടില്ല. സ്നേഹത്തെ ഞാന്‍ അറിഞ്ഞിട്ടില്ല”. അവള്‍ വീണ്ടും പുഞ്ചിരിച്ചു. എന്റെ മുഖത്തുനോക്കിക്കൊണ്ട് നദികളുടെ ശബ്ദത്തില്‍ കുലുങ്ങിച്ചിരിച്ചു. ഞാന്‍ വീണ്ടും പറഞ്ഞു. “ഗൌഹര്‍, നിന്നെ ഞാനൊന്നു തൊട്ടോട്ടെ? നിന്റെ കവിളില്‍, കണ്ണില്‍, ചുണ്ടില്‍‍, കഴുത്തില്‍ - ഹാ, ഞാനൊന്നു തൊട്ടോട്ടെ?”

എന്റെ നീണ്ടുവന്ന കൈത്തണ്ടയില്‍ കയറിപ്പിടിച്ച് അവള്‍ പറഞ്ഞു. “ഹുസൂര്‍, നിങ്ങള്‍ വല്ലാതെ മദ്യപിച്ചിരിക്കുന്നു. ഇതാണോ പ്രണയം? ആദ്യമായി കാണുന്ന ഗൌഹറിനോട് പ്രണയം. ഇല്ല ഹുസൂര്‍, ഞാനാരെയും പ്രേമിച്ചിട്ടില്ല”. എന്റെ മുഖം മങ്ങിയതു കണ്ട് അവള്‍ തുടര്‍ന്നു. “കാരണമെന്തെന്നോ? എന്റെ സംഗീതം കേള്‍ക്കൂ - രാഗ ബൈരാഗി. അതു നിറയെ സന്തോഷമാണ്. സന്തോഷം കൊണ്ട് എന്റെ ഹൃദയം നിറഞ്ഞ് അത് തുളുമ്പുകയാണ്. പ്രണയം വിരഹമാണ്. വിരഹത്തിന്റെ ഗാനങ്ങള്‍ എനിക്കുവേണ്ടാ, ഈ ഗൌഹറിന് സന്തോഷത്തിന്റെ ഗാനങ്ങള്‍ മതി”. ഇതു പറയുമ്പോള്‍ അവള്‍ എന്റെ വിരല്‍ത്തുമ്പില്‍ മുറുകെപ്പിടിച്ചു. പ്രണയത്തിന്റെ ലഹരിയിലും എന്റെ ചെറുവിരല്‍ത്തുമ്പ് വേദനിച്ചു. “ഗൌഹര്‍, ഞാന്‍ നിന്നെ പ്രണയിക്കുന്നു, ഹാ, പ്രണയിക്കുന്നു”. “ഹുസൂര്‍, പ്രണയം മഴപോലെയാണ്, പെയ്തു തീരും. വിഷമിക്കരുത്. നിങ്ങളുടെ മുറിയിലേയ്ക്കു പോകൂ, സുഖമായി ഉറങ്ങൂ”. ഞാന്‍ നടന്നു. അവള്‍ പിന്നില്‍ നിന്നും പതുക്കെപ്പറഞ്ഞു. “ഹുസൂര്‍, നാളെയും വരില്ലേ?, ആരും കേള്‍ക്കാത്ത രാഗങ്ങളാണ് നാളെ, ആരും കാണാത്ത നൃത്തങ്ങളാണു നാളെ.”

കോണിപ്പടികള്‍ കയറി ഞാന്‍ എങ്ങനെ മുറിയിലെത്തി എന്നറിയില്ല. പുറത്ത് മഴ. ചെവിയില്‍ സംഗീതം. കണ്ണുകളില്‍ ഗൌഹര്‍. ഘടികാരം ഒറ്റമണിനാദം മുഴക്കുന്നു. ഗൌഹര്‍. തെറിച്ചുപോവുന്ന ചുവടുകള്‍. പറക്കുന്ന വസ്ത്രങ്ങള്‍, മണിനാഗശരീരം. ഗൌഹര്‍. ഘടികാരം രണ്ടുമണി മുഴക്കുന്നു. ലാസ്യമായി ഒഴുകുന്ന വിരല്‍ത്തുമ്പുകള്‍, മെലിഞ്ഞ വെണ്ണക്കല്‍ കൈകള്‍. വിയര്‍പ്പ് വേര്‍പെടാന്‍ മടിക്കുന്ന കഴുത്ത്, വിവരിക്കാന്‍ പറ്റാത്ത കണ്ണുകള്‍, നാലുമണി. സംഗീതം, ഹാ, ഒഴുകിപ്പരക്കുന്ന സംഗീതം. തലയ്ക്കുള്ളില്‍ സംഗീതം മുഴങ്ങുന്നു. ഇല്ല ഗൌഹര്‍, ഞാന്‍ ഉറങ്ങില്ല.

1908, ആഗസ്റ്റ് 11: ഗൌഹര്‍ ജാന്‍ ഒരു സ്വപ്നമായിരുന്നോ? വിരല്‍ത്തുമ്പ് നീലിച്ചുകിടക്കുന്നു. എനിക്ക് പനിക്കുന്നു. ഹോട്ടലിലെ പരിചാരകര്‍ എന്നെ കമ്പിളികൊണ്ടു പുതപ്പിച്ചു. എപ്പൊഴോ അവര്‍ കൊണ്ടുവന്ന പ്രാതല്‍ കാത്തിരുന്നു തണുത്തുപോയി. രാത്രിയാവാന്‍ ഇനി പത്തുമണിക്കൂര്‍.

ഉച്ച കഴിഞ്ഞു. ഏതോ ചവര്‍പ്പുള്ള മരുന്നു കഴിച്ചു. പനി കൂടുന്നതേയുള്ളൂ. കിടുങ്ങുന്നു. കമ്പിളിപ്പുതപ്പിന് അകത്തും തണുപ്പ്. ഞാന്‍ എന്റെ വസ്ത്രസഞ്ചിയുടെ രഹസ്യ അറ തുറന്ന് പണമെടുത്തു. മൂടിപ്പുതച്ച് മുറിക്കു പുറത്തിറങ്ങി. കോണിപ്പടികള്‍ പിടിച്ചുപിടിച്ച് ഇറങ്ങേണ്ടിവന്നു. ലഖന്‍ സിങ്ങ് വാതില്‍ക്കല്‍ നില്‍ക്കുന്നു. “സര്‍ക്കാര്‍, എവിടേയ്ക്കാണു പോവുന്നത്? പുറത്ത് ഇപ്പോഴും മഴയാണ്. ഈ പനിയും കൊണ്ട് പുറത്തിറങ്ങിയാല്‍ താങ്കള്‍ ചത്തുപോവും”. പാവം ലഖന്‍ സിങ്ങ്. എന്റെ മനസ്സില്‍ എന്തെന്ന് അയാള്‍ക്കറിയില്ല. “എനിക്കു പോണമല്ലോ”. “സര്‍ക്കാര്‍ നില്‍ക്കൂ, ഒരു നിമിഷം.” - അയാള്‍ മഴയിലേയ്ക്ക് ഓടിപ്പോയി. നനഞ്ഞ തലപ്പാവും ചൂടി ഒരു ജഢ്കയില്‍ കയറിവന്നു. “ക്ഷമിക്കണം സര്‍ക്കാര്‍, ഇതേ കിട്ടിയുള്ളൂ”. ഞാന്‍ ചിരിച്ച് ലഖന്‍ സിങ്ങിനെ താണുവണങ്ങി. അയാള്‍ നാണിച്ച് ചിരിച്ചു, തിരികെ വണങ്ങി. ജഢ്ക വലിക്കുന്നത് പ്രായമായ ഒരു മനുഷ്യനാണ്. ജഢ്ക വലിക്കുന്ന എല്ലാവരെയും പോലെ മെലിഞ്ഞ കാലുകളും എല്ലുന്തിയ നെഞ്ചിന്‍ കൂടും വളഞ്ഞ മുതുകുമുള്ള മനുഷ്യന്‍. “ഹുസൂര്‍, എങ്ങോട്ടാണ് പോവേണ്ടത്?” “കാളി ബസാര്‍, വണ്ടി വലിക്കൂ, ഞാന്‍ പറയാം“. ജഢ്കയുടെ മേല്‍ക്കൂര ടാര്‍പ്പാളിന്‍ വലിച്ചുകെട്ടിയതാണ്. മഴ അതിന്റെ വിള്ളലുകളിലൂടെ ഊര്‍ന്ന് അകത്തെത്തി. മഴവെള്ളം ധാരയായി തലമുടിയില്‍ വീണപ്പോള്‍ ഐസ് പോലെ തണുത്ത് ഞാന്‍ വിറച്ചു. പുതച്ചിരുന്ന കമ്പിളിയൂരി തലതുവര്‍ത്തി. കമ്പിളിയും തണുക്കുന്നു. “നശിച്ച മഴ അല്ലേ സര്‍ക്കാര്‍” . അയാള്‍ തലയില്‍ ഒരു പാള വെച്ചു കെട്ടിയിട്ടുണ്ട്. ഷര്‍ട്ടിടാത്ത മുതുകത്ത് മഴത്തുള്ളികള്‍ ചിത്രം വരയ്ക്കുന്നു. കല്‍ക്കത്തയിലെ ചെളിയിലൂടെ അയാള്‍ വേഗത്തിലോടി. വഴിക്കു കുറുക്കുചാടിയ പശുക്കളെയും കഴുതകളെയും മനുഷ്യരെയും അയാള്‍ നാക്കുവളച്ച് ഒരു പ്രത്യേക ശബ്ദമുണ്ടാക്കി ആട്ടിയകറ്റി. എല്ലുമാത്രമായ ഈ മനുഷ്യനെക്കണ്ടാല്‍ ഒരിക്കലും ഇത്ര വേഗത്തില്‍ വണ്ടിവലിക്കും എന്നു പറയില്ല.

പാതയുടെ ഇരുവശങ്ങളിലും കല്‍ക്കട്ട നനഞ്ഞുനിന്നു. പുകയില വില്‍ക്കുന്ന കടകളും വെടിക്കോപ്പുകള്‍ വില്‍ക്കുന്ന കടകളും സുഗന്ധദ്രവ്യ ശാലകളും മൂടിക്കിടന്നു. തെരുവുകള്‍ മഴയില്‍ കുതിര്‍ന്നു. വഴിവക്കില്‍ നിരത്തിവച്ചിരുന്ന തക്കാളിയും പഴവര്‍ഗ്ഗങ്ങളും മഴയില്‍ നനഞ്ഞുകിടന്നു. കൂട്ടിയിട്ടിരുന്ന നദീമത്സ്യങ്ങളില്‍ ചിലത് പിടച്ചുപിടച്ച് ചെളിവെള്ളത്തിലേയ്ക്കു ചാടിപ്പോയി. വില്‍പ്പനക്കാര്‍ വിഷാദത്തോടെ ജഢ്കയിലേയ്ക്കു നോക്കി. കാളി ബസാറില്‍ ഞങ്ങള്‍ വലതുവശത്തായി ഒരു ചെറിയ ഇടവഴിയിലേയ്ക്കു തിരിഞ്ഞു. ഞാന്‍ പറഞ്ഞുകൊടുത്തത് അനുസരിച്ച് അയാള്‍ വണ്ടി പലവഴികളിലും തിരിച്ചു. ഒടുവില്‍ ഒരു ചെറിയ ഒറ്റമുറിക്കടയുടെ മുന്‍പിലെത്തി. അതിനകത്തിരുന്ന വൃദ്ധ എന്നെനോക്കി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. അവരുടെ കാതില്‍ നിന്നും വലിയ കടുക്കനുകള്‍ തുങ്ങിക്കിടന്നു. വിധവയുടെ വെളുത്ത വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരുന്നത്. വണ്ടിവലിച്ചയാള്‍ക്ക് നാലണ കൊടുത്ത് ഞാനയാളെ പറഞ്ഞുവിട്ടു. വൃദ്ധയുടെ കടയ്ക്കകത്ത് ചില്ലലമാരകളില്‍ല്‍ പലതരം മോതിരങ്ങള്‍ നിരത്തിവെച്ചിരുന്നു. രത്നമോതിരങ്ങളാ‍ണ് അവയെന്ന് ഒറ്റനോട്ടത്തില്‍ പറയില്ല. അവരെന്നെ ഒരു പഴകിയ പീഠത്തില്‍ ഇരുത്തി. “എന്റെ മോതിരം വിരലില്‍ ഇറുകിപ്പോയി. നിങ്ങള്‍ ഇതൊന്ന് ഊരി പകരം ഒരു നല്ല മോതിരം തരണം”. വൃദ്ധ വീണ്ടും മോണകാട്ടി ചിരിച്ചു.

“ഇതത്ര ഇറുകിയിട്ടില്ലല്ലോ ഹുസൂര്‍, വേണമെങ്കില്‍ വലുതാക്കിത്തരാം.” ആവശ്യക്കാര്‍ക്ക് എന്താണു വേണ്ടതെന്ന് വൃദ്ധയ്ക്ക് പെട്ടെന്നു മനസിലാവും. “ഇല്ല, ഇതു പഴയതായി. എനിക്ക് ഇതിനു പകരം വേറൊരു മോതിരം തരൂ”. “നോക്കട്ടെ”. വൃദ്ധ ഒരു പഴയ പഞ്ഞിക്കഷണം രാസലായനിയില്‍ കുതിര്‍ത്ത് വിരലില്‍ തടവി. ഒരു കൈകൊണ്ട് തൊലിയില്‍ അമര്‍ത്തിപ്പിടിച്ച് വിദഗ്ധമായി മോതിരം വലിച്ചൂരി. മഴനൂലില്‍ ഒലിച്ചുവന്ന സൂര്യകിരണങ്ങള്‍ തട്ടി അതിലെ നീലക്കല്ല് തിലങ്ങി. അവര്‍ മോതിരം തിരിച്ചും മറിച്ചും നോക്കി. “ആഹാ, ഇതാരുടെ പേരാ ഇതില്‍ കൊത്തിവെച്ചിരിക്കുന്നത്? വിവാഹമോതിരമാണല്ലേ.” ഞാന്‍ ഒന്നും മിണ്ടാതെ ചില്ലലമാരയിലിരുന്ന ഒരു മോതിരത്തിലെയ്ക്ക് ചൂണ്ടിക്കാട്ടി. ചുവന്ന രത്നം പതിച്ച ഒരു മോതിരം. ഞാന്‍ ഊരിക്കൊടുത്തതിനോളം മാറ്റ് വരില്ല, പക്ഷേ സുന്ദരം. “എനിക്ക് ആ മോതിരം തരൂ. അതിന്റെ ലോഹത്തില്‍ ഗൌഹര്‍ എന്ന് കൊത്തിത്തരൂ”. “അതിനു വിലക്കുടുതലാണ് ഹുസൂര്‍. നിങ്ങള്‍ തരുന്നത് പഴയ മോതിരമാണ്. പണവും തരേണ്ടിവരും” - വൃദ്ധ ചില‍മ്പിച്ച ശബ്ദത്തില്‍ പറഞ്ഞു. “എന്റെ മോതിരത്തിന് അധികം പഴക്കമില്ല, മൂന്നു വര്‍ഷം പോലും പഴക്കമില്ല”. “ഹുസൂര്‍, എനിക്കു പ്രായമായി, അധികം തര്‍ക്കിക്കാന്‍ വയ്യ. അന്‍പതു രൂപാ അധികം തരേണ്ടിവരും”. “അന്‍പതോ? അത് വളരെ കൂടുതലാണ്”. അവര്‍ മുറുക്കിക്കൊണ്ടിരുന്ന വെറ്റില നീലച്ചായം പുരട്ടിയ കോളാമ്പിയിലേയ്ക്കു തുപ്പി. ചുണ്ടില്‍ നിന്നും ചുവപ്പു നിറം പുറംകൈകൊണ്ടു തുടച്ച് പരിഹാസവും വിഷാദവും കലര്‍ന്ന ഒരു ചിരി ചിരിച്ചു. തെല്ലുനേരം മിണ്ടാതെയിരുന്നിട്ട് അവര്‍ പറഞ്ഞു. “പ്രണയത്തിനു വിലപേശുന്നോ?”.

തിരിച്ച് ജഢ്കയിലിരുന്നു കിടുങ്ങുന്നവഴി കയ്യില്‍ ബാക്കിയുള്ള കാശ് കഷ്ടിയാണെന്നു കണക്കുകൂട്ടി. ഏറിയാല്‍ ഒരാഴ്ച്ചകൂടി ഹോട്ടലില്‍ തങ്ങാനാവും. തിരിച്ചുപോണം. ഞാന്‍ പോക്കറ്റില്‍ കയ്യിട്ട് മോതിരം ഞെരിച്ചു. ഹോട്ടലിന്റെ വാതില്‍ക്കല്‍ തന്നെ ലഖന്‍ സിങ്ങ് നില്‍ക്കുന്നുണ്ടാ‍യിരുന്നു.

മഴതോര്‍ന്നു. നേരം ഇരുണ്ടു. ഞാന്‍ നേരത്തേ തന്നെ ബാറിലേയ്ക്കു നടന്നു. വേദിക്കു മുന്നിലെ ഒരു കസാരയില്‍ ഇരിപ്പുറപ്പിച്ചു. കുരുമുളകും ഇഞ്ചിയും ഇട്ട് തണുപ്പില്ലാതെ ബ്രാന്‍ഡി കഴിച്ചു. തബല വായിക്കുന്നവരുടെ സംഗീതം മുറുകുന്നില്ല - മഴ നനഞ്ഞ സംഗീതം പോലെ. മേശകള്‍ക്കു ചുറ്റും കാണികള്‍ നിറഞ്ഞു.

സമയം ഇഴയുന്നു. മറ്റു മേശകള്‍ക്കു ചുറ്റും ഇരിക്കുന്നവരും അക്ഷമരാവുന്നു. എല്ലാവരും ഗൌഹറിനെ കാത്തിരിക്കുകയാണ്. പക്ഷേ അവള്‍ വരുന്നത് എനിക്കുവേണ്ടി മാത്രമാണ്. മൂന്നാമത്തെ ഗ്ലാസ് മദ്യം പതിയെ കുടിച്ചു. കുറെ പേര്‍ എഴുന്നേറ്റു പോയി.

എത്ര കുടിച്ചിട്ടും തലയ്ക്കു പിടിക്കുന്നില്ല. നേരം എത്രയായെന്ന് ഒരൂഹവുമില്ല. പന്തങ്ങള്‍ മുനിഞ്ഞുകത്തുന്നു. അവസാനത്തെ കാഴ്ച്ചക്കാരനും എഴുന്നേറ്റു. ഗൌഹര്‍ വന്നില്ല. ഞാന്‍ ഒറ്റയ്ക്കായി.

ലഖന്‍ സിങ്ങ് വന്നു. “ഹുസൂര്‍, അവളെ കാണുന്നില്ല. അവള്‍ വിട്ടുപോയി”.

ഞാന്‍ ഒന്നും പറഞ്ഞില്ല.

“ഹുസൂര്‍, ആട്ടക്കാരികള്‍ അങ്ങനെയാണ്. വിശ്വസിക്കാന്‍ പറ്റാത്ത വര്‍ഗ്ഗം. വാക്കിനു വിലയില്ലാത്തവര്‍. വരൂ, ഞാന്‍ താങ്കളെ മുറിയിലേയ്ക്ക് നടത്തിക്കാം”.

എന്തു പറയാനാണ്. പ്രണയം വേദനയാണ്. വേദനയില്‍ അവള്‍ക്കു പാടാനാവില്ല. ഞാനവളെ പ്രണയിക്കുന്നതുപോലെ - അതിലും ആഴത്തില്‍ - ഗൌഹര്‍ എന്നെ സ്നേഹിക്കുന്നു. അവള്‍ വരില്ല. പാവം ലഖന്‍ സിങ്ങ്. അയാള്‍ക്കെന്തറിയാം. ഞാന്‍ നീലിച്ച വിരലുകള്‍ കൊണ്ട് മോതിരം തിരുമ്മി. എനിക്കവളെ കാണണം. ഞാന്‍ കസേരയില്‍ ഇടതുകൈകുത്തി എഴുന്നേറ്റു. അവള്‍ വേദനിക്കുന്നുണ്ടാവും. “ലഖന്‍, നിങ്ങള്‍ എന്റെ കൂടെ വരുന്നോ? നമുക്ക് അവളെ കണ്ടുപിടിക്കാം”.

മെലിഞ്ഞതെങ്കിലും ശക്തമായ കൈകള്‍ കൊണ്ട് തോളില്‍പ്പിടിച്ച് ലഖന്‍സിങ്ങ് എന്നെ കസാരയില്‍ ഇരുത്തി. കുപ്പി തുറന്ന് ബ്രാന്‍ഡി ഒഴിച്ചുതന്നു. ഹുസൂര്‍, കുടിക്കൂ. അവള്‍ പോട്ടെ. ഷബാബ് ഓര്‍ ഷരാബ് തോ ഏക് ഹീ ജൈസേ ഹേ (കാമുകിയും മദ്യവും ഒരേപോലെയാണ്). പോയവര്‍ പോകട്ടെ, കുപ്പി ഒഴിഞ്ഞിട്ടില്ല. നിങ്ങള്‍ കുടിക്കൂ.

ഞാന്‍ കസാരയുടെ പിന്നിലേയ്ക്കു ചാഞ്ഞു.

-----

കല്‍ക്കത്തയുടെ ‘ഡാന്‍സിങ്ങ് ഗേള്‍’ എന്ന് അറിയപ്പെട്ട ഗൌഹര്‍ ജാന്റെ സ്വനലേഖി ഇന്ത്യയിലെ ആദ്യ ഗ്രാമഫോണ്‍ റെക്കോഡിങ്ങുകളില്‍ ഒന്നാണ്. ഈ കഥ ചരിത്രത്തോട് സത്യസന്ധത പുലര്‍ത്തുന്നില്ല.

*ആ പാട്ട് റെക്കോഡിങ്ങ് ഇവിടെ കേള്‍ക്കാം.

10/06/2008

കറുത്ത പെണ്ണുങ്ങളോ?

ഞാന്‍ കറുത്ത പെണ്ണുങ്ങളെ കണ്ടിട്ടില്ല.

9/28/2008

കടുവവേട്ട



ചക്രവാളത്തില്‍ ഒട്ടിപ്പിടിച്ച സൂര്യന്‍ താഴേയ്ക്ക് ഒലിച്ചിറങ്ങി. തവിട്ടുനിറത്തില്‍ ചോളവയലുകള്‍ തിളങ്ങി. ആളോളം പൊക്കത്തില്‍ നിന്ന ചോളച്ചെടികള്‍ കാറ്റില്‍ കിഴക്കോട്ട് ഇളകുമ്പോള്‍ വരമ്പിലൂടെ നടന്നുപോയ പൂനം ചോളച്ചെടികള്‍ക്കിടയില്‍ക്കിടന്ന് മുടിവിടര്‍ത്തി അവന്റെ മുഖം മൂടിക്കൊണ്ട് രഞ്ജയെ ഉമ്മവെയ്ച്ചത് കിനാവുകാണ്ട് ഒരുനിമിഷം തരിച്ചുനിന്നുപോയി. ഒന്നു മന്ദഹസിച്ച്, വായുവില്‍ തന്റെ മുഖത്തിനു മുന്നില്‍ നിന്ന ശൂന്യതയെ ഇടതുകൈകൊണ്ട് തട്ടിക്കളഞ്ഞ്, വീണ്ടും അന്നു കിടന്ന വയലിലേയ്ക്ക്, ഇടത്തേയ്ക്കു നോക്കിയപ്പോള്‍ വയല്‍ ആരോ പിടിച്ചുലച്ചതുപോലെ ഇളകുന്നു. തവിട്ടാര്‍ന്ന ചെടികള്‍ക്കിടയിലേയ്ക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ തവിട്ടുനിറത്തില്‍ കറുത്തവരകളും വട്ടച്ചെവികളും സൂര്യപ്രകാശമടിച്ച് തിളങ്ങുന്ന പച്ചക്കണ്ണുകളും നീണ്ട മീശരോമങ്ങളും ഭീമാകാരമാ‍യ ഉടലും -- തെന്നിനീങ്ങുന്ന ഒരു കടുവ. കയ്യിലിരുന്ന കുടം നിലത്തുവീണതും അലറിക്കൊണ്ട് ഓടിയതും തട്ടിവീണതും ഉടുപ്പ് കീറിയതും ആളുകള്‍ കൂടിയതും അവള്‍ക്ക് ഓര്‍മ്മയില്ല. തലയ്ക്കുള്ളില്‍ അതിരൌദ്രമായ, ഉച്ചത്തിലുള്ള ഒരലറല്‍ മാത്രം നിറുത്താതെ മുഴങ്ങിക്കൊണ്ടിരുന്നു.

നൊടിയിടയില്‍ വയലില്‍ കടുവയിറങ്ങിയ വാര്‍ത്ത പടര്‍ന്നു. വയലിനു ചുറ്റും പെരുമ്പറ മുഴക്കി ഇടതുകയ്യില്‍ കത്തിച്ചുപിടിച്ച പന്തങ്ങളും വലതുകയ്യില്‍ കിട്ടാവുന്ന ആയുധങ്ങളും തടിക്കഷണങ്ങളുമായി ഗ്രാമത്തിലെ പുരുഷന്മാര്‍ കൂടി. വയലിന്റെ മൂന്നുവശത്തുനിന്നും അവര്‍ വളഞ്ഞു. ആരൊക്കെയോ കൊണ്ടുവന്ന തുകല്‍‌വാദ്യങ്ങള്‍ താളത്തില്‍ മുഴങ്ങിയ ശബ്ദം കേട്ട് അകലെ മരങ്ങളിലിരുന്ന കാക്കകള്‍ പോലും കരഞ്ഞുകൊണ്ട് പറന്നുയര്‍ന്നു. വീടുകള്‍ക്കു മുമ്പിലും ഇടവഴികളിലും തെരുവുനായ്ക്കള്‍ നിറുത്താതെ കുരച്ചു. പൂനം കണ്ട കടുവ ജനങ്ങളുടെ ഭാവനയില്‍ പല ഭീകര രൂപങ്ങളും പൂണ്ടു. കുടിലുകളില്‍ നിറുത്താതെ കരഞ്ഞ കുഞ്ഞുങ്ങളെ ശാന്തരാക്കാന്‍ വിരണ്ടകണ്ണുകളുമായി അമ്മമാര്‍ പാടിയ താരാട്ടുകള്‍ പാതിവഴിയില്‍ മുറിഞ്ഞു. ഭീതിപൂണ്ട മുഖങ്ങളുമായി ഗ്രാമീണര്‍ ചമച്ച അര്‍ദ്ധവൃത്തം ചുരുങ്ങിച്ചുരുങ്ങി വന്നു. പെട്ടെന്ന് ആള്‍ക്കൂട്ടത്തിലെ വിടവിലൂടെ ഒരു മിന്നല്‍പ്പിണര്‍പോലെ വെളുത്ത അടിവയര്‍ കാണിച്ചുകൊണ്ട് കടുവ ഉയര്‍ന്നുചാടി പാഞ്ഞ് വലിയ ശബ്ദത്തോടെ പുഴയിലേയ്ക്കു വീണു. എന്നിട്ട് അത് നീന്തി ഗ്രാമത്തിനരികിലെ കാട്ടിലേയ്ക്കു കയറി.

‘കടുവയെ ജീവനോടെ വിടാന്‍ പറ്റില്ല. ആപത്താണ്. രാത്രി ഉറങ്ങാതെ കാവലിരുന്നാലും ആരുടെ പശുവിനെയാണ്, ആരുടെ കുഞ്ഞിനെയാണ്, പുറത്തുകിടന്നിറങ്ങുന്ന നമ്മളിലാരെയാണ് അത് കഴുത്തില്‍ക്കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുക?’. കൂട്ടത്തില്‍ പ്രായം കൂടിയ കുന്‍‌വര്‍ എന്ന കാരണവര്‍ പറഞ്ഞു. ആരും ഒന്നും മിണ്ടിയില്ലെങ്കിലും വള്ളങ്ങളിലേറിയും പന്തമുയര്‍ത്തിപ്പിടിച്ച് കഴുത്തറ്റം വെള്ളത്തില്‍ നടന്നും ജനക്കൂട്ടമാകെയും പുഴകടന്നു. ഇരുണ്ട കാടിന്റെ വഴികളില്‍ ആരൊക്കെയോ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടു. ‘ഇതാ, ഇവിടെനിന്നും അധികദൂരം പോയിക്കാണില്ല. ഇടത്തേയ്ക്ക് രണ്ടുനാഴിക നടന്ന് നിങ്ങള്‍ എതിരേനിന്നും വരൂ’. കൂട്ടത്തിലെ കാടറിഞ്ഞ വേട്ടക്കാരന്റെ ഉത്തരവുകള്‍ ചെറുപ്പക്കാര്‍ അനുസരിച്ചു. കാവിമുണ്ടും മടക്കിക്കുത്തി തലയിലെ കെട്ടുമുറുക്കി, എല്ലുന്തിയ കാലില്‍ കടിച്ച കുളയട്ടയെ പന്തത്തിന്റെ മഞ്ഞത്തീയില്‍ കരിച്ചുകളഞ്ഞ് അവര്‍ കല്ലും മുള്ളും ചവിട്ടി. നടവഴിയിലെവിടെയും കടുവയെക്കാണാം എന്നോര്‍ത്ത് അവരുടെ ഹൃദയം ഊക്കോടെ മിടിച്ചു. ഒട്ടകലെ എത്തിയപ്പോള്‍ ദൂരെനിന്നും നീളത്തിലുള്ള കൂവല്‍ മുഴങ്ങി. അവര്‍ തിരിഞ്ഞുനിന്നു, പെരുമ്പറമുഴക്കി പ്രതിവചിച്ചു. ഇപ്പോള്‍ കാടിന്റെ രണ്ടു വശങ്ങളില്‍ നിന്നും ചെണ്ടമുഴങ്ങി. കഴച്ച കാലടികള്‍ ഊഹം വച്ച് എതിര്‍വശങ്ങളിലേയ്ക്കു നടന്നു.

ശരീരത്തിലെ വെള്ളം കുടഞ്ഞുകളഞ്ഞ് കടുവ ഒരു വലിയ മരത്തിനു ചുറ്റും നടന്നു. എന്നിട്ട് ശബ്ദം കേട്ടു വിരണ്ട് മരത്തിന്റെ പൊത്തുകളില്‍ നഖമമര്‍ത്തി അള്ളിപ്പിടിച്ചു കയറാന്‍ ശ്രമിച്ച്, ഭാരം കാരണം ഊര്‍ന്നിറങ്ങി, വീണ്ടും ശ്രമിച്ച്, മരത്തിന് ഒരു വലംകൂടി വയ്ച്ചു. അതിനരികിലെ പൊന്തക്കാടുകളില്‍ ഇരപിടിക്കാനെന്നവണ്ണം അമര്‍ന്ന് പതിയിരുന്നു. എന്നിട്ടും പുറത്തേയ്ക്കു തള്ളിനിന്ന അതിന്റെ മുതുകില്‍ ചില്ലകള്‍ക്കിടയിലൂടെ ഊര്‍ന്ന സൂര്യപ്രകാശമടിച്ചപ്പോള്‍ അസ്വാരസ്യത്തോടെ തലയുയര്‍ത്തി. അപ്പോള്‍ അതിന്റെ പച്ചക്കണ്ണുകള്‍ അപകടം മണത്ത് തിളങ്ങി. പെരുമ്പറയുടെ ശബ്ദം അടുത്തടുത്തുവന്നു. കടുവയുടെ പ്രാകൃതചോദനകള്‍ അതിനെ തിരിഞ്ഞ് ഇടത്തേയ്ക്ക് ഓടാന്‍ പ്രേരിപ്പിച്ചു. മൂരിനിവര്‍ത്തി നഖങ്ങള്‍ അകത്തേയ്ക്കുവലിച്ച് പതിയെ പാദങ്ങള്‍ ചവിട്ടിയപ്പോള്‍ ഇടത്തുനിന്നും വലത്തുനിന്നും മുന്‍പില്‍ നിന്നും പിന്‍പില്‍ നിന്നും പെരുമ്പറ മുഴങ്ങി. അടുത്തുകണ്ട ഒരു പാറക്കെട്ടിനുമുകളിലേയ്ക്ക് അത് ഓടിക്കയറി. വീണ്ടും ഓടി താഴെയിറങ്ങി കുന്നുകൂടിയിരിക്കുന്ന വലിയ പാറകളിലൊന്നില്‍ ഇടതുകൈകൊണ്ട് അടിച്ചു. ഒന്നു മടിച്ച് വീണ്ടും ഇടതുകൈ നീട്ടി പാറയെ ഞരക്കി. രണ്ട് പാറകള്‍ക്കിടയില്‍ക്കണ്ട വിടവിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ഒരു വിഫലശ്രമം നടത്തി. ഒടുവില്‍ ചാഞ്ഞുനിന്ന ഒരു വലിയ പാറയുടെ കീഴേ കടുവ നൂണ്ടുകയറി. അതിന്റെ ശ്വാസം തട്ടി താഴെയുള്ള മണ്ണ് ചിതറി. പെരുമ്പറകള്‍ അടുത്തുവന്നു.

ഗ്രാമീണരുടെ കൂട്ടത്തിലുണ്ടായിരുന്ന നായ്ക്കള്‍ മണം പിടിച്ച് മുന്നോട്ടോടി എന്തിനെയോ നോക്കി കുരച്ചു. പടിഞ്ഞാറു വശത്തുനിന്ന ഗ്രാമീണര്‍ തെക്കുനിന്നും വന്നവരെയും കിഴക്കുനിന്നു വന്നവര്‍ വടക്കുനിന്നു വന്നവരെയും കണ്ടു. അവര്‍ പരസ്പരം കാണാവുന്ന ദൂരത്തില്‍ നിന്ന് മൈലുകള്‍ നീളുന്ന ഒരു വലിയ വൃത്തം തീര്‍ത്തു. ‘ഇനി കടുവ രക്ഷപെടില്ല’. ഇറുകിയ അന്തരീക്ഷത്തിലും ആരോ ഇതു പറഞ്ഞ് ചിരിച്ചു. ഒരാള്‍ നീട്ടിപ്പാടി. ‘കടുവത്തോല്‍ കൊണ്ടെനിക്കൊരു കുപ്പായം വേണം. കടുവപ്പാലൊഴിച്ചൊരു ചായ വേണം‘. അവനെ നിശബ്ദനാക്കിയിട്ട് അവര്‍ വീണ്ടും ചുരുങ്ങി. ഇടയ്ക്ക് ഒരനക്കം കേട്ട് പെട്ടെന്ന് ചിതറി, അത് ഒന്നുമില്ല എന്ന് തിരിച്ചറിഞ്ഞ് വീണ്ടും ചെറുതായി.

കടുവ പതിയിരിക്കുന്ന മടയും ഗ്രാമീണരും തമ്മിലുള്ള അകലം കുറഞ്ഞുകുറഞ്ഞു വന്നു. നാ‍യ്ക്കളുടെ കുര ഭീഷണമായി. ഏകദേശം മുപ്പതുവാര അകലെ അവരിലൊരാള്‍ മടയില്‍ പതിയിരിക്കുന്ന കടുവയെക്കണ്ടു. ആര്‍പ്പുവിളിച്ച് പന്തങ്ങളും ആയുധങ്ങളും നീട്ടിപ്പിടിച്ച്, തോളോടുതോള്‍ ചേര്‍ന്ന് അവര്‍ വന്യമൃഗത്തെ വളഞ്ഞു. ആ വൃത്തം ഒരേ ബിന്ദുവിലേയ്ക്ക് ചുരുങ്ങിച്ചുരുങ്ങിവന്നു.

അടുപ്പുപോലെ ചുറ്റും ആളുന്ന തീയുടെ ചൂടിനുള്ളില്‍നിന്ന് ഓടാന്‍ പഴുതില്ലാതെ ജന്തു വിയര്‍ത്തു. അതിന്റെ കണ്ണുകള്‍ പ്രാണഭയത്തില്‍ തിളങ്ങി. ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ വെറുതേ ഇടത്തേക്കയ്യുയര്‍ത്തി മുഖം മറച്ചു. കൈ താഴ്ത്തി അത് വായ തുറന്നെങ്കിലും ബീഡിക്കറപിടിച്ച പല്ലുകള്‍ക്കിടയില്‍ നിന്ന് ശബ്ദമൊന്നും പുറത്തുവന്നില്ല. വെട്ടാത്ത താടിരോമങ്ങളില്‍ നിന്ന് വിയര്‍പ്പ് ഇറ്റുവീണു. ഇനി രക്ഷയില്ല എന്നുകണ്ട് അതിന്റെ കൈത്തണ്ടയിലെ രോമങ്ങള്‍ എഴുന്നുനിന്നു. മുഷിഞ്ഞ ബനിയനുയര്‍ത്തി അത് നെറ്റിതുടച്ചു. എന്നിട്ട് കൈലി വരിഞ്ഞുടുത്തു. ചെരുപ്പിടാത്ത ഇടതുകാല്‍ മുന്നോട്ടുവെയ്ച്ച് ഊര്‍ന്നിറങ്ങി ആദ്യം കാണുന്നവനെ കുത്താന്‍ അലറിക്കൊണ്ട് പിശ്ശാത്തി നിവര്‍ത്തിപ്പിടിച്ച് പാ‍റമടയില്‍ നിന്ന് അയാള്‍ കുതിച്ചുചാടി. പക്ഷേ ആള്‍ക്കൂട്ടത്തിനടുത്തെത്തും മുന്‍പേ തെറ്റിവന്ന ഉരുളന്‍ കല്ലുകള്‍ കൊണ്ട് അയാള്‍ വീണുപോയി. പാഞ്ഞുവന്നവരില്‍ ആരുടെയോ അടിയേറ്റ് നിമിഷം കൊണ്ട് പിടഞ്ഞുമരിക്കുകയും ചെയ്തു.

----

കടപ്പാട്: ദേവന്‍ എഴുതിയ ഹീറോയുടെ പേന എന്ന കഥയും കമന്റുകളും വായിച്ചപ്പോള്‍ തോന്നിയത്.

9/27/2008

ഇനി ചോദ്യങ്ങളില്ല

ഉന്മാദവും കാമവും പൂക്കുന്ന മരങ്ങള്‍ എവിടെയാണു സര്‍?
പ്രണയത്തിന്റെ നിറമെന്താണു സര്‍,
മരണത്തിന്റെ മണമെന്താണ്?.
നടുറോഡില്‍ക്കിടക്കുന്ന ഒറ്റച്ചെരുപ്പ് ആരുടേതാണു സര്‍
ഇരുളില്‍.. ഇരുളിലിടവഴില്‍ നടന്നുപോയപ്പോള്‍
അവരെന്നെ തല്ലിയതെന്തിനാണ്?
നദികളുടെ ആഴമെന്താണു സര്‍,
മരങ്ങളുടെ പേരെന്താണ്?


ഇല്ല സര്‍,
ഞാന്‍ വേതാളത്തെ കൊന്നിട്ടില്ല.
കൈയും കാലും കൂട്ടിക്കെട്ടി, തലയും കുനിച്ചുപിടിച്ച് ഇഴച്ചുനടത്തുമ്പോള്‍,
പിന്നില്‍നിന്ന് - അല്ലല്ല -
പല്ലും നഖവും വിടര്‍ത്തി, മരച്ചില്ലയില്‍ നിന്നു പറന്നുവരുമ്പോള്‍
(വെടികൊണ്ട്) വേതാളത്തിന്റെ തല പൊട്ടിത്തെറിച്ചുപോയീ സര്‍,
ആത്മരക്ഷാര്‍ത്ഥമായിരുന്നു.
ചോദ്യങ്ങള്‍ കൊണ്ടെന്നെ കൊല്ലാന്‍ വന്നു.
ഇല്ല സര്‍, വേതാളം ഇനി വരില്ല,
ഇനി ചോദ്യങ്ങളില്ല.
നമുക്കിനി കെട്ടിപ്പിടിച്ചുറങ്ങാം.
എന്റെ ഉന്മാദം ഞാനാര്‍ക്കും മറിച്ചുവില്‍ക്കില്ല സര്‍,
നമുക്കിനി കെട്ടിപ്പിടിച്ചുറങ്ങാം.

9/24/2008

യാത്ര




ജനാലകളൊന്നും തുറക്കാന്‍ പറ്റാത്ത ബസ്സ് ഒരു കൂടാണ്. ഇമ്പത്തില്‍ മൂളിക്കൊണ്ട് നിരത്തിലൂടെ തെന്നിനീങ്ങുന്ന ലോഹകുമിള. പുറത്ത് ജൂണ്‍ മാസത്തെ ചൂടും പൊടിക്കാറ്റുമാണെങ്കിലും ബസ്സിനകത്ത് എയര്‍ കണ്ടീഷനിങ്ങിന്റെ ഈര്‍പ്പവും ശൈത്യവുമാണ്. പുറം ലോകത്തെ വിഹ്വലതകളില്‍ നിന്നും ബസ്സ് നല്‍കുന്ന ഒരു സുരക്ഷിതത്വമുണ്ട്. വേഗത്തിലോടുന്ന ബസ്സില്‍ നിന്ന് പെട്ടെന്ന് എല്ലാം മടുത്ത് ഇട്ടെറിഞ്ഞ് ഇറങ്ങിപ്പോവാന്‍ പറ്റില്ലെന്ന സുഖകരമായ നിസ്സഹായതയുമുണ്ട്. നരച്ച നഗരത്തില്‍ നിന്നും കയറി ചാരിയിരുന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ പുതിയൊരു ലോകത്തിലേയ്ക്ക് കാലെടുത്തുവെയ്ക്കാന്‍ പറ്റുന്ന മായാജാലമുണ്ട്. എനിക്ക് ബസ്സുയാത്രകള്‍ ഇഷ്ടമാണ്. ചില്ലുജാലകത്തോട് ചേര്‍ന്ന സീറ്റുകളാണ് എനിക്കിഷ്ടം. എനിക്ക് ജനാല തുറന്ന ബസ്സുകള്‍ ഇഷ്ടമല്ല. അവയില്‍ പുറംലോകം എപ്പോഴും തുറന്നിട്ട ജനാലകളിലൂടെ അകത്തേയ്ക്ക് അടിച്ചുകയറുന്നു, മുടിപിടിച്ചുലയ്ക്കുന്നു, അഴുകിയ ജീവിതത്തിന്റെ പൊടിയില്‍ കുളിപ്പിക്കുന്നു.

കൊല്ലാന്‍ വരുന്ന ലോകത്തില്‍ നിന്നും ഒളിച്ചോടി നിങ്ങള്‍ വീട്ടിലേയ്ക്ക് ഓടിക്കയറി കതകടയ്ക്കുന്നു എന്നു വിചാരിക്കുക. അകത്തുകയറി സുഖശീതളമായ അന്തരീക്ഷത്തില്‍ പതുപതുത്ത സോഫയില്‍ മലര്‍ന്നുകിടന്ന് വസ്ത്രങ്ങള്‍ അയച്ചിട്ട് നിലക്കടലയും കൊറിച്ച് ശീതളപാനീയം പതുക്കെ നുകര്‍ന്ന് ടി.വി കാണുന്നു എന്നു വിചാരിക്കുക. ദുരന്തവാര്‍ത്തകള്‍ കാണിക്കുന്ന ചാനല്‍ വരുമ്പോള്‍ ബോറടിച്ച് റിമോട്ടില്‍ ഒരു ക്ലിക്ക് - നിങ്ങളതാ, പാട്ടുപാടുന്ന ചാനലിലേയ്ക്ക് എത്തുന്നു. സുഖകരമായ സംഗീത്തിന്റെ താളത്തോടെ അവര്‍ നൃത്തം വെയ്ക്കുന്നു - ബസ്സ് യാത്ര അതാണ്, ജാലകക്കാഴ്ച്ചകള്‍ മാറിക്കൊണ്ടിരിക്കുന്നു. മരം, വീട്, വയല്‍, ലോറി, കുന്ന്, പുസ്തകങ്ങള്‍ അടുക്കിപ്പിടിച്ച് നടന്നുപോവുന്ന പെണ്‍കുട്ടികള്‍. ചാനല്‍ പോലും മാറ്റേണ്ട കാര്യമില്ല.

ബസ്സ് വിടുന്നതിന് തൊട്ടുമുന്‍പാണ് ഞാന്‍ ഓടിപ്പിടിച്ച് ബസ് സ്റ്റാന്റില്‍ എത്തിയത്. എന്റേത് പന്ത്രണ്ടാം നമ്പര്‍ സീറ്റാണ്. പുറത്തെ അഴുക്കില്‍ നിന്നും ബസ്സിലേയ്ക്ക് കയറിയത് ആറുമണിക്കാണ്. മറ്റൊരു സ്റ്റോപ്പില്‍ നിന്നും വരുന്ന ബസ്സാണ്. പന്ത്രണ്ടാം നമ്പര്‍ സീറ്റ് ജനാലയോട് ചേര്‍ന്നതാണ്. അതില്‍ ഒരാള്‍ ചാരിയിരുന്ന് ഉറങ്ങുന്നു. അത് എന്റെ സീറ്റാണ്. തട്ടി എഴുന്നേല്‍പ്പിക്കുന്നത് മോശമാണ്. എഴുന്നേല്‍ക്കുമ്പോള്‍ മാറിത്തരാന്‍ പറയാം. നടുവരിയോട് ചേര്‍ന്ന സീറ്റിലിരുന്നാല്‍ ജാ‍ലകക്കാഴ്ച്ചകളുടെ ഒരു കഷണമേ കിട്ടുകയുള്ളൂ.

നിങ്ങള്‍ മറ്റൊരാളുടെ സീറ്റില്‍ കയറി ഇരിക്കരുത്. എന്ത് അസഹ്യമാണ് അതെന്ന് അറിയാമോ. യാത്ര ബുക്ക് ചെയ്യുമ്പോള്‍ ജനാലയോട് ചേര്‍ന്ന സീറ്റ് ഞാന്‍ ചോദിച്ചുവാങ്ങിയതാണ്. വെള്ളയില്‍ നീല വരകളുള്ള ഷര്‍ട്ടും ചാരനിറത്തിലുള്ള പാന്റുമിട്ട് ചെരുപ്പ് അഴിച്ചുവെച്ച് അയാള്‍ ഉറങ്ങുകയാണ്. വായ അല്പം തുറന്നിരിക്കുന്നു. ഭാഗ്യത്തിന് ഇടയ്ക്കിടെ അയാള്‍ ചാഞ്ഞ് വീഴുന്നത് ജനാലയിലേയ്ക്കാണ്, എന്റെ മേലോട്ടല്ല. കറുത്തുമെലിഞ്ഞ കൈകള്‍ അയാള്‍ സ്വന്തം മടിയില്‍ത്തന്നെ വയ്ച്ചിരിക്കുന്നതുകൊണ്ട് സീറ്റുകള്‍ക്കിടയിലുള്ള കൈത്താങ്ങ് എനിക്കു സ്വന്തമായി. അയാള്‍ നന്നെ മെലിഞ്ഞിട്ടാണ്. കവിളുകള്‍ ഒട്ടി കുഴിഞ്ഞിരിക്കുന്നു. നെറ്റിയിലെ ചുളിവുകള്‍ ഇടയ്ക്കിടെ അയയുകയും മുറുകുകയും ചെയ്യുന്നുണ്ട്. അഴുക്കുപിടിച്ച് മങ്ങിയ വിലകുറഞ്ഞ സ്വര്‍ണ്ണക്കണ്ണട ഉറക്കത്തിനുമുന്‍പ് ഊരിവെയ്ച്ചിട്ടില്ല.

ഇപ്പോള്‍ ബസ്സിന്റെ വലതുവശത്ത് കൊയ്ത്തുകഴിഞ്ഞ പാടങ്ങളാണ്. ഉണങ്ങി വരണ്ടുകിടക്കുന്ന പാടങ്ങള്‍ ചൂടത്ത് വെടിച്ചു കീറിയിരിക്കുന്നു. ജാലകക്കാഴ്ച്ച പകുതി മറച്ച് അയാള്‍ പതുക്കെ കൂര്‍ക്കം വലിക്കുന്നു. കാണാവുന്ന പകുതി പാളിയിലൂടെ കാണുന്നതിന് പൂര്‍ണ്ണത കിട്ടുന്നില്ല. ദൃശ്യങ്ങള്‍ മനസ്സില്‍ വീണ് പെട്ടെന്ന് കണ്ണില്‍ നിന്നും മാഞ്ഞുപോവുന്നു. പകുതിയും ഊഹിച്ചെടുക്കണം. ദൂരെ പാടത്തുകൂടി ഒരു മുത്തശ്ശി കുറുവടിയും പിടിച്ച് നടന്നുപോവുന്നു. മെലിഞ്ഞ മുത്തശ്ശി, ചെരുപ്പിടാത്ത മുത്തശ്ശി, കവിളുകള്‍ തൂങ്ങിക്കിടക്കുന്ന മുത്തശ്ശി. ഒരു കൈ നീളമുള്ള, തടിച്ച കുറുവടി. കുറുവടി ആരെത്തല്ലാനാണ്. നേരം ഇരുണ്ടുവരുന്നു. കാഴ്ച്ചകള്‍ മറയുന്നു.

അടുത്തിരിക്കുന്നയാള്‍ എന്തോ സ്വപ്നം കാണുകയാണെന്ന് തോന്നുന്നു. ചുണ്ടുകള്‍ വിറപ്പിച്ച് അയാള്‍ എന്തോ പറയുന്നുണ്ട്. എന്താണെന്ന് വ്യക്തമാവുന്നില്ല. അയാളുടെ നെറ്റി വിയര്‍ക്കുന്നുണ്ട്. കൈവിരലുകള്‍ പതുക്കെ വിറയ്ക്കുന്നുണ്ട്.

ബസ്സിലെ ടെലിവിഷനില്‍ ഒരു സിനിമ നടക്കുന്നു. പണ്ട് കണ്ട സിനിമയാണ്. പക്ഷേ നിറങ്ങളില്ല. ശബ്ദവുമില്ല. സിഡി പ്ലെയറില്‍ നിന്നും ടിവിയിലേയ്ക്ക് കുത്തിയ വയറുകള്‍ അയഞ്ഞുകിടക്കുന്നതാണ്. ആരെങ്കിലും പോയി നേരെ കുത്തിയെങ്കില്‍ നിറത്തില്‍ കാണാമായിരുന്നു. ആരും അനങ്ങുന്നില്ല. പ്രണയ ചിത്രമാണ്. നിറമില്ലാത്ത പ്രണയം. നിശബ്ദ പ്രണയം. നായിക മിണ്ടാതെ കരയുന്നു. നായകന്‍ ശബ്ദമില്ലാതെ ബസ്സുകയറിപ്പോവുന്നു. ബസ്സിനു നിറമില്ലാത്ത തീപിടിക്കുന്നു. നായകന്‍ ചാരനിറമുള്ള ആശുപത്രിയില്‍ കിടക്കുന്നു. നിറമില്ലാത്ത സാരിയുമുടുത്ത് നായിക തിരഞ്ഞുവരുന്നു. നായകന്‍ നിശബ്ദം മരിക്കുന്നു. എന്റെ ദൈവമേ, ആരെങ്കിലും ഇതൊന്ന് മാറ്റിയെങ്കില്‍.

ബസ്സ് ഇപ്പോള്‍ വളരെ പതിയെയാണ് പോവുന്നത്. മുന്‍പില്‍ എന്തോ അപകടം നടന്നു എന്നു തോന്നുന്നു. എന്റെ വശത്തുള്ള ജനാല പതുക്കെ വിറയ്ക്കുന്നുണ്ട്. അയലത്തെ സീറ്റില്‍ ഇരിക്കുന്നയാളുടെ ചുണ്ടുകളും വിറയ്ക്കുന്നു. അയാള്‍ ഇപ്പോള്‍ നന്നായി വിയര്‍ക്കുന്നുണ്ട്. എന്നിട്ടും രസം, കണ്ണുകള്‍ ഇപ്പോഴും അടഞ്ഞ് തന്നെ ഇരിക്കുന്നു എന്നതാണ്. യാത്ര തുടങ്ങിയിട്ട് ഇതുവരെ കണ്ണുതുറന്നിട്ടില്ല. കണ്ണുതുറന്നാല്‍ ഞാന്‍ മാറിത്തരാന്‍ പറയും എന്ന് ഭയന്നിട്ടാണോ? അതോ ഉറക്കം ഉണരാത്തതോ. ഇപ്പോള്‍ വിറയല്‍ കൂടിക്കൂടി വരുന്നുണ്ട്. മുഖം ചുളിയുന്നുണ്ട്. ചുണ്ടുകള്‍ക്കിടയില്‍ നിന്നും ഒരു ശബ്ദവും പുറത്തുവരുന്നില്ല.

സമയം രാത്രി ഒന്നരയായി. ബസ്സ് നിറുത്തിയിട്ടിരിക്കുകയാണ്. ഉറക്കം വരുന്നില്ല. സീറോ വാട്ട് ബള്‍ബുകളുടെ അരണ്ട നീല വെളിച്ചം മാത്രം അണച്ചിട്ടില്ല. മുകളിലെ വരിയില്‍ വെച്ചിരിക്കുന്ന ബാഗില്‍ നിന്നും ഒരു പുസ്തകം എടുക്കാനായി ഞാന്‍ എഴുന്നേറ്റു. വായിക്കാന്‍ പറ്റില്ല, അതിനുള്ള വെളിച്ചമില്ല. എന്നിട്ടും വെറുതേ പുസ്തകം എടുക്കാന്‍ തോന്നി. എഴുന്നേറ്റപ്പോള്‍ പിന്നിലേയ്ക്ക് തിരിഞ്ഞുനോക്കി. നീല വെളിച്ചത്തില്‍ മനുഷ്യരുടെ കണ്ണുകള്‍ തിളങ്ങുന്നു. എല്ലാവരും എന്നെ നോക്കുകയാണ്. ആരും ഉറങ്ങിയിട്ടില്ല. ഞാന്‍ പുസ്തകമെടുത്ത് ബാഗ് അടച്ച് ഇരുന്നു.

മുന്നില്‍ ഒരു ലോറി കത്തുന്നു. അതാണ് ഗതാഗത തടസം. ലോറിയെ പിന്നിട്ട് ബസ് മുന്നോട്ടുപോയി. അതിര്‍ത്തി ചെക്ക് പോസ്റ്റിലേയ്ക്കുള്ള ദൂരം അടയാളപ്പെടുത്തിയ ചൂണ്ടുപലകകള്‍ കണ്ടുതുടങ്ങി. അതിര്‍ത്തിയിലേയ്ക്ക് ഇനി ഏതാനും കിലോമീറ്ററുകള്‍ മാത്രം. അയാളുടെ വിറയല്‍ കൂടിവരുന്നു. കാല്‍മുട്ടുകള്‍ കൂട്ടിയിടിച്ച് വൃത്തികെട്ട ഒരു ശബ്ദം വരുന്നു. താടിയും വിറയ്ക്കുന്നുണ്ട്. ചെക്ക് പോസ്റ്റ് അടുത്തു വരുംതോറും അയാളുടെ വിറയല്‍ കൂടിവരുന്നു. താടിയെല്ലുകള്‍ കൂട്ടിമുട്ടി കിടുങ്ങിത്തുടങ്ങി. നെറ്റി നന്നായി വിയര്‍ത്തു. എന്നിട്ടും കണ്ണുകള്‍ ഇറുക്കിയടച്ചിരിക്കുന്നു.

ചെക്പോസ്റ്റില്‍ നിന്നും ഒരു പട്ടാളക്കാരന്‍ ബസ്സിന്റെ പിന്നിലെ വാതിലില്‍ കൂടി അകത്തേയ്ക്കു കയറി. മെലിഞ്ഞ്, പൊക്കമുള്ള പട്ടാളക്കാരന്‍. ചാ‍ര നിറത്തിലെ പൂക്കളും ചെടികളും വരച്ചുവെച്ച യൂണിഫോം. അയാള്‍ പിന്നിലെ സീറ്റിലിരിക്കുന്ന ഓരോ മുഖത്തേയ്ക്കും കയ്യിലുള്ള നീളന്‍ ടോര്‍ച്ച് അടിച്ചുതുടങ്ങി. ആദ്യം വലതുവശത്ത് ഇരിക്കുന്നവര്‍, പിന്നീട് ഇടതുവശം. ഓരോ മുഖവും വ്യക്തമായി പരിശോധിച്ച് അയാള്‍ ഒച്ചിഴയുന്ന വേഗതയില്‍ മുന്നോട്ടു നീങ്ങി. അടുത്തിരിക്കുന്നയാള്‍ പെട്ടെന്ന് ഉറക്കത്തില്‍ എന്റെ കയ്യില്‍ കയറിപ്പിടിച്ചു. ഇറുക്കിയ പിടിത്തം. ഞാന്‍ കുടഞ്ഞുകളഞ്ഞിട്ടും അയാള്‍ പിടിത്തം വിട്ടില്ല. കൈ വേദനിച്ച് ഞാന്‍ ഇടത്തേ കൈകൊണ്ട് അയാളുടെ കൈ വിടര്‍ത്തിമാറ്റി. പട്ടാളക്കാരന്‍ എന്റെ സീറ്റിനു പിന്നില്‍ എത്തി. ആദ്യം വലതുവശം. പിന്നീട് ഇടതുവശം. പിന്നീട് ടോര്‍ച്ചിന്റെ കൂര്‍ത്ത വെളിച്ചം എന്റെ മുഖത്തേയ്ക്ക്. ഞാന്‍ മുഖം ചുളിച്ചു. ടോര്‍ച്ച് മാറ്റിയപ്പോള്‍ പട്ടാളക്കാരന്റെ മുഖത്തേയ്ക്ക് നോക്കി. നിര്‍വ്വികാരമായ, ഉറച്ച മുഖം. ബലമുള്ള താടിയെല്ലുകള്‍. കണ്ണുകള്‍ കാണാന്‍ വയ്യ. അയാള്‍ ടോര്‍ച്ച് എന്റെ അടുത്തിരിക്കുന്നയാളുടെ മുഖത്തേയ്ക്ക് ചൂണ്ടി.

അയാള്‍ കുളിച്ചതുപോലെ വിയര്‍ത്തു. കണ്ണുകള്‍ ഇറുക്കിയടച്ച് വിറയ്ക്കുകയാണ്. അയാളുടെ വായ അസാധാരണമാം വിധം തുറന്ന് വായ താഴേയ്ക്കു തൂങ്ങി. മുഖത്തെ പേശികള്‍ വലിഞ്ഞുമുറുകി. പട്ടാളക്കാരന്‍ അല്പനേരം അയാളുടെ മുഖത്തേയ്ക്ക് ശ്രദ്ധിച്ചുനോക്കി. എന്നിട്ട് ടോര്‍ച്ച് മാറ്റി മുന്‍ സീറ്റില്‍ ഇരിക്കുന്നവരെ പരിശോധിച്ചുതുടങ്ങി. അല്പം കഴിഞ്ഞ് പട്ടാളക്കാരന്‍ ഇറങ്ങിപ്പോയി. ചായകുടിക്കാനോ മൂത്രമൊഴിക്കാനോ ബസ്സില്‍ നിന്നും ആരും ഇറങ്ങിയില്ല.

ബസ് വിട്ടു. അടുത്തിരിക്കുന്നയാള്‍ വിറച്ചുകൊണ്ടിരുന്നു. അയാളുടെ വിറയലുമായി ഞാന്‍ പരിചയപ്പെട്ടുകഴിഞ്ഞതാണോ എന്നറിയില്ല - വിറയല്‍ കുറഞ്ഞുവരുന്നതുപോലെ തോന്നി. എപ്പൊഴോ ഇരുട്ടിനെ കീറി നിലവിളിച്ചുകൊണ്ട് ഒരു ആംബുലന്‍സ് ബസ്സിനെ മറികടന്ന് പാഞ്ഞുപോയി. അല്പം കഴിഞ്ഞപ്പോള്‍ പരിചിതമായ തെങ്ങിന്‍തോപ്പുകളും മൊട്ടക്കുന്നുകളും കാണായി. പിന്നീ‍ട് പണ്ടേ അറിയുന്ന മരങ്ങളും പീടികത്തിണ്ണകളും ദൃശ്യമായി. ഇപ്പോഴും കണ്ണു തുറക്കാത്ത അയാളുടെ വിറയല്‍ നേര്‍ത്ത് നേര്‍ത്തുവരുന്നുണ്ടായിരുന്നു.

ഞാന്‍ കണ്ടക്ടറിനെ മുട്ടിവിളിച്ച് ബസ്സ് നിറുത്തിച്ചു. എന്റെ ബാഗുമെടുത്ത് തണുത്ത ഇരുട്ടിലേയ്ക്ക് ഇറങ്ങിനടന്നു.

9/10/2008

ബാച്ചിലര്‍

രഘൂ, നിന്നെ തൃപ്തിപ്പെടുത്താന്‍ ഈ ലോകത്ത് ആര്‍ക്കും പറ്റില്ല. നിനക്ക് ഒന്നിലും തൃപ്തിയില്ല.
എനിക്കു മടുത്തു.
എന്താണിത്ര മടുപ്പ്. ഞാനുണ്ടാക്കിത്തരുന്ന ആഹാരമോ? ഈ വീടോ? അതോ എന്നെയോ? നിനക്കത്ര മടുത്തെങ്കില്‍ ഇറങ്ങിപ്പോ.
...
ഇറങ്ങിപ്പോവാന്‍.

വീട്ടിലുണ്ടായത് ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള ഒരു പൊട്ടിത്തെറിയായിരുന്നെങ്കിലും അലസമായി കാറോടിക്കുന്നതിനിടയില്‍ അത് രഘുവിന്റെ മനസ്സിനെ കലുഷിതമാക്കിയില്ല. കാറോടിക്കവേ എന്തൊക്കെയാണ് തനിക്ക് മടുത്തത് എന്നതിന്റെ എണ്ണമെടുക്കുകയായിരുന്നു അയാള്‍. ഭാര്യയെ മടുത്തു എന്ന് വെറുതേ പറഞ്ഞ് ഒഴിഞ്ഞിട്ട് കാര്യമില്ല. മാത്രമല്ല, അത് ക്രൂരമായി പോവുകയും ചെയ്യും. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായിട്ടില്ല. പണ്ട് പുസ്തകം വായിക്കാന്‍ ഇഷ്ടമായിരുന്നു. എങ്ങനെയോ അതുമടുത്തു. കൂട്ടുകാരുമായി കറങ്ങാന്‍ ഇഷ്ടമായിരുന്നു. അതും മടുത്തു. യാത്രചെയ്യാന്‍ ഇഷ്ടമായിരുന്നു. വണ്ടിയോടിക്കാനിഷ്ടമായിരുന്നു. ടിവി. കാണാനിഷ്ടമായിരുന്നു. ബാസ്കറ്റ്ബാള്‍ കളിക്കാനിഷ്ടമായിരുന്നു. അതെല്ലാം മടുത്തു. ഇപ്പോള്‍ എന്താണ് അത്രയ്ക്കിഷ്ടം? ഒരു ആവേശം എന്നുപറയാന്‍ എന്തുണ്ട് ബാക്കി? എന്തോ, ജീവിതം മടുത്തു. ഇങ്ങനെ ജീവിക്കാതെ ജീവിക്കുന്നതിലും ഭേദം ചാവുന്നതാണ്.

ഇപ്പോള്‍ വിജനമായ റോഡിലൂടെയാണ് വണ്ടിയോടിക്കുന്നത്. രണ്ടുവരിപ്പാതയുടെ രണ്ട് അരികുകളിലും ക്രമമില്ലാതെ പൊങ്ങിയും താണും കിടക്കുന്ന മരുഭൂമിയാണ്. റോഡിന്റെ ചില ഭാഗങ്ങള്‍ മണല്‍ അടിച്ചുകയറി മറഞ്ഞുകിടന്നു. റോഡിലിറങ്ങിനിന്ന ഒരു ഒട്ടകത്തിനെ തട്ടാതിരിക്കാന്‍ രഘു വണ്ടി വെട്ടിച്ച് മണലിലേയ്ക്കു കയറ്റി. ഇതു കൊള്ളാം. ഡെസെര്‍ട്ട് ഡ്രൈവിങ്ങ്. ഒരുപാടുനാളത്തെ ആഗ്രഹമാണ്. അല്പം അകത്തേയ്ക്ക് പോയിനോക്കാം. രഘു വണ്ടി 4-വീല്‍ ഡ്രൈവിലാക്കി, പതുക്കെ, ശ്രദ്ധയോടെ, മരുഭൂമിയുടെ ഉള്ളിലേയ്ക്ക് ഓടിച്ചുതുടങ്ങി. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും. വണ്ടി ഇതുവരെ ചരിഞ്ഞിട്ടില്ലാത്ത കോണുകളില്‍ ചരിഞ്ഞോടുന്നു. മരുഭൂമിയില്‍ വണ്ടിയോടിക്കുന്നത് ആദ്യമായാണ്. സമയം നാലുമണിയാവുന്നു. അല്പം കൂടി മുന്നോട്ടുപോയിട്ട് തിരിച്ചുവന്നാല്‍ ഇരുട്ടുന്നതിനു മുന്‍പേ വീടെത്താം.

മരുഭൂമി, പതിവുപോലെ, വിജനമായിരുന്നു. മണലിലൂടെ വണ്ടിയോടിക്കവേ പെട്ടെന്ന് ലോകത്തിന്റെ അപാരതയും അതില്‍ ഒരു പുഴുവിനെപ്പോലെ അരിക്കുന്ന തന്റെ നിസ്സാരതയും രഘുവിന്റെ മനസ്സില്‍ അടിച്ചുകയറി. കണ്ണെത്താവുന്ന ദൂരത്തോളം മണല്‍ക്കുന്നുകളല്ലാതെ മറ്റൊന്നുമില്ല. ഒരു കുന്ന് സൂക്ഷത്തോടെ കയറുമ്പോള്‍ വണ്ടി ഇരമ്പിയിരമ്പി നിന്നു. താഴേയ്ക്കും മുകളിലേയ്ക്കും അനങ്ങുന്നില്ല. ടയറിന്റെ കാറ്റ് നേരത്തേ കുത്തിവിടേണ്ടതായിരുന്നു. രഘു വണ്ടിയില്‍ നിന്നും പുറത്തിറങ്ങി. ടയറുകള്‍ മണലില്‍ നന്നായി പുതഞ്ഞിട്ടുണ്ട്. വണ്ടിയില്‍ നിന്നും അധികം അകലേയ്ക്കു പോകരുത്, മൊബൈലെടുത്ത് പോലീസിനെ വിളിക്കണം. എവിടെയാണെന്നു പറയും? അല്പം നടന്നുനോക്കാം. എന്തെങ്കിലും അടയാളം കാണും.

അധികം നടക്കേണ്ടിവന്നില്ല. മണല്‍പ്പരപ്പിന്റെ നടുവില്‍ ഒരു മരം. എണ്ണാ‍വുന്നത്ര ഇലകളുള്ള മരം രണ്ട് ചില്ലകള്‍ മാത്രം വിരിച്ച് നില്‍ക്കുന്നു. മരത്തിനു കീഴെ തണലില്ല. ഇങ്ങനെ എത്ര മരം കാണും? രഘുവിന് മരത്തിനെ വിട്ടുപോവാന്‍ തോന്നിയില്ല. തന്നെപ്പോലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ മരത്തോട് അല്പം സ്നേഹം തോന്നി. ഒരു ജീവനുള്ള വസ്തുവിനെയെങ്കിലും കണ്ടു എന്നതില്‍ അല്പം ആശ്വാസവും തോന്നി. എന്തോ, പോലീസിനെ വിളിക്കാന്‍ തോന്നിയില്ല. സമയമുണ്ടല്ലോ. എപ്പൊഴെങ്കിലും വിളിക്കാം.

കുറെ നേരം വെറുതേ മരവും ചാരിനിന്നപ്പോള്‍ എന്തെങ്കിലും മിണ്ടണം എന്നുതോന്നി. പണ്ടു വായിച്ച പുസ്തകങ്ങളിലും കണ്ട സിനിമകളിലും ഏകാന്തത മാറ്റാന്‍ വലിയ മത്സ്യത്തോട് സംസാരിക്കുന്ന കിഴവനുണ്ട്, ഒരു റഗ്ബി ബാളിനോട് സംസാരിക്കുന്ന നായകനുണ്ട്. നായകനൊന്നുമല്ല. എന്നാലും മരമേ, എനിക്കു ബോറടിക്കുന്നു.

വായിച്ചതിനും കണ്ടതിനും കേട്ടതിനുമൊക്കെ വിപരീതമായി മരം പ്രതിവചിച്ചു. ‘എനിക്കും ബോറടിക്കുന്നു’.

വായുംപൊളിച്ച് നിന്ന രഘു അല്പനേരം ഒന്നും മിണ്ടാത്തതിനാലാവാം, മരം തന്നെ വീണ്ടും സംസാരിച്ചുതുടങ്ങി. ഞാനും പണ്ട് നിങ്ങളെപ്പോലെയൊക്കെ ആയിരുന്നു. തട്ടിയും മുട്ടിയും ജീവിച്ച ഒരു സാധാരണ മനുഷ്യന്‍.

എന്നിട്ട്?

ഒരു ബാങ്കിലായിരുന്നു എനിക്ക് ജോലി. കുറെ കൂട്ടുകാരുണ്ടായിരുന്നു. ഞാന്‍ ധാരാളം സിനിമ കാണുമായിരുന്നു. ചില്ലി ചിക്കന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു.

എന്നിട്ട്?

എന്നിട്ട് ഒരു ദിവസം കൂട്ടുകാരുമൊത്ത് റെസ്റ്റാറന്റിലിരുന്ന് മൂക്കുമുട്ടെ തിന്നുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ചില്ലിച്ചിക്കന്‍ ബോറടിച്ചു. അതോടെ ഞാന്‍ ചിക്കന്‍ തീറ്റ നിറുത്തി. പിന്നെ ഒരു ദിവസം സിനിമ മടുത്തു. സിനിമ കാണാന്‍ പോവാതെയായ എനിക്ക് കൂട്ടുകാരും മടുത്തു. ജോലി, വീട്, ജോലി, വീട് എന്നിങ്ങനെ ജീവിച്ചുവരുമ്പോള്‍ ജോലിയും മടുത്തു. എല്ലാം മടുത്തപ്പോള്‍ ഞാന്‍ ഇറങ്ങിനടന്നു. അങ്ങനെ ഇവിടെയെത്തി.

എന്നിട്ട്?

എന്നിട്ടോ? ഇവിടെ എത്തിയപ്പോള്‍ എനിക്കു നടത്തവും മടുത്തു. ഞാനിവിടെ നില്‍പ്പായി. നിന്നുനിന്ന് വേരിറങ്ങി. ആഹാരം മടുത്തുകഴിഞ്ഞതുകൊണ്ട് വിശപ്പില്ലായിരുന്നു. വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് കൈകള്‍ വിരിച്ചുപിടിച്ചു. അതില്‍ ഇലകിളിര്‍ത്തു. ഇപ്പൊ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല, അതുകൊണ്ട് മടുക്കാനായി അധികമൊന്നും ബാക്കിയില്ല.

അപ്പൊ ശ്വാസം വിടുന്നില്ലേ? അതും മടുത്താലോ?

മരം ചിരിച്ചു. ശ്വാസോച്ഛ്വാസം മടുത്തു തുടങ്ങിയിട്ടുണ്ട്. താമസിയാതെ അതും നിറുത്തും.

മരത്തിന്റെ ജീവിതം രഘുവിന് പെട്ടെന്ന് ആകര്‍ഷകമായിത്തോന്നി. ഭാര്യയില്ല, കുടുംബമില്ല, പണത്തെക്കുറിച്ചുള്ള ആവലാതികളില്ല, ഒന്നിലും ടെന്‍ഷനില്ല, വെറുതേ നില്‍ക്കുക, ജീവിക്കുക. ഞാനും ഇവിടെ നിന്നോട്ടേ? നിന്നുനിന്ന് എനിക്കും വേരിറങ്ങിയാലോ?

അല്പം മാറി നില്‍ക്കൂ. അടുത്തുനിന്നാല്‍ നിങ്ങള്‍ ഇടയ്ക്കിടെ ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കും. എനിക്ക് നിങ്ങളോട് മിണ്ടുന്നതും മടുത്തുതുടങ്ങി.

രഘു ആവുന്നത്ര അകലത്തില്‍, എന്നാല്‍ മരത്തെ കാണാനാവുന്ന വിധം, നില്‍പ്പുറപ്പിച്ചു. സൂര്യന്‍ മരുഭൂമിയില്‍ മുങ്ങിമരിക്കാന്‍തുടങ്ങി. രഘു കൈകള്‍ വിടര്‍ത്തിപ്പിടിച്ചപ്പോള്‍ മരുഭൂമിയിലെ തണുത്തകാറ്റ് വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നുപോയി. കാല്‍പ്പാദങ്ങള്‍ പൂഴിമണലടിച്ച് മറഞ്ഞു. തന്റെ പുതിയ അവസ്ഥ രഘുവിന് ഇഷ്ടപ്പെട്ടു. രാത്രി തുടങ്ങിയപ്പോള്‍ ഏതോ മാളത്തില്‍നിന്നിറങ്ങിയ ഒരു കരിന്തേള്‍ രഘുവിന്റെ കാലിലേയ്ക്ക് പതുക്കെ അരിച്ചുകയറി. രഘുവിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. തേള് വാലും വളച്ച് കാല്‍മുട്ടിന്റെ ഭാഗത്ത് ഇരിപ്പായി.

കുറച്ചുകഴിഞ്ഞ് മരുഭൂമിയും ഇരുട്ടും ഇനി അനന്തമായ ഭാവിയിലേയ്ക്കു നീളുന്ന തന്റെ അവസ്ഥയും രഘു ആസ്വദിച്ചുതുടങ്ങിയ നിമിഷത്തില്‍ ദൂരെനിന്ന്‍ ഏതാനും കാറുകളുടെ ബീം ലൈറ്റുകള്‍ തെളിഞ്ഞു. അവ രണ്ട് വശത്തുകൂടി വളഞ്ഞുപുളഞ്ഞ് രഘു നില്‍ക്കുന്നതിന് അല്പം അകലെ നിറുത്തി. വെളിച്ചമടിച്ച് അസ്വസ്ഥനായ തേള് കാല്‍മുട്ടുവിട്ട് താഴേയ്ക്ക് ഇറങ്ങിപ്പോയി. മുന്‍പിലെ പോലീസ് കാറില്‍നിന്നും ഭാര്യ ഓടിയിറങ്ങിവന്ന് രഘുവിനെ കെട്ടിപ്പിടിച്ചു. കുറ്റിത്താടിയുള്ള പോലീസുകാരന്‍ ഒരു കമ്പിളിപ്പുതപ്പുകൊണ്ട് രഘുവിനെ പുതപ്പിച്ചു. പോലീസുകാരന്റെ തോളില്‍ ചാരി നടക്കുന്നതിനിടയില്‍ ഒറ്റയ്ക്കുനില്‍ക്കുന്ന മരത്തെക്കണ്ട് രഘു പറഞ്ഞു.

‘സോറി, എന്റെ ഭാര്യ തിരക്കി വന്നു. എനിക്കു പോയേ തീരൂ’.

മരം ചിരിച്ചു. എന്നിട്ട് പതുക്കെ പറഞ്ഞു. ‘പറയാന്‍ മറന്നു. ഞാന്‍ ബാച്ചിലറായിരുന്നു‘.

9/08/2008

ചുവന്ന ഹോട്ടല്‍ (L'hôtel Rouge)

ഇന്നു രാവിലെ എനിക്ക് രോമാഞ്ചം വന്നു. ഞാന്‍ ഇന്ന് ഇന്ത്യയിലിറങ്ങി. കൃത്യമായിപ്പറഞ്ഞാല്‍ കേരളത്തില്‍, കൊച്ചിയിലിറങ്ങി‍. നിര്‍ഭാഗ്യവശാല്‍ ഇന്ന് ഇവിടെ ബന്ദാണ്.

വിമാനത്താവളത്തിനു പുറത്ത് യാത്രക്കാരുടെ ബാഗുകള്‍ കുന്നുകൂടിക്കിടക്കുന്നു. ചുമരിലെ തിളങ്ങുന്ന കണ്ണാടിപ്പാളികളില്‍ വിദേശികള്‍ ചാരിയിരുന്നുറങ്ങുന്നു. എണ്ണപ്പാടങ്ങളില്‍ നിന്നും കരുവാളിച്ച് തിരിച്ചുവന്ന ഇന്ത്യന്‍ തൊഴിലാളികള്‍ സര്‍ക്കാരിന്റെ വരാത്ത ബസ്സുകാത്ത് ഉലാത്തുന്നു. രണ്ടുപേര്‍ ആഗതരുടെ പേരെഴുതിയ ബോര്‍ഡും പിടിച്ചുനില്‍ക്കുന്നു. അതിലൊന്ന് എന്റെ പേരാണ്. ഞാന്‍ അയാളുടെ നേര്‍ക്ക് നടന്നു. അഭിവാദ്യങ്ങള്‍. ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് സ്വാഗതം. എന്റെ പേര് ഗോപാലക്കുറുപ്പ് എന്നാണ്. യാത്ര സുഖമായിരുന്നില്ലേ?

ഗോപാലന്‍ എന്നത് ഭഗവാന്‍ കൃഷ്ണന്റെ പേരാണ്. ഈ ഗോപാലക്കുറുപ്പും കൃഷ്ണനെപ്പോലെ കറുത്തിട്ടാണ്. പക്ഷേ കഷണ്ടിയാണ്. മുഖത്ത് സ്വര്‍ണ്ണപ്പിടിയുള്ള കണ്ണട. ഒരു നീല ജാക്കറ്റും വെളുപ്പില്‍ ബ്രൌണ്‍ വരകളുള്ള ടൈയും ധരിച്ചിരിക്കുന്നു. പൊക്കമില്ല. ശരീരം മെലിഞ്ഞിട്ടാണ്. കുടവയറുണ്ട്. മുഖത്ത് പഴുതാരമീശ. വെളുത്ത് തിളങ്ങുന്ന പല്ലുകള്‍. കൈ പിടിച്ചുകുലുക്കിയപ്പോള്‍ എന്റെ തടിച്ച കൈകളില്‍ അയാളുടെ മെലിഞ്ഞ വിരലുകളൊതുങ്ങി. ഗോപാലക്കുറുപ്പ് ചിരിച്ചു.

കേരളത്തിനു മാറ്റമുണ്ടോ സര്‍.
ഞാന്‍ തിരിച്ചു ചിരിച്ചു.

ഗോപാലക്കുറുപ്പ് എന്റെ ബാഗെടുത്ത് മുന്നിലേയ്ക്കു നടന്നു. ഞങ്ങള്‍ കാറില്‍ക്കയറി. ഏകദേശം വിജനമായ വഴിയിലൂടെ കാറ് ബൈപ്പാസ് റോഡിലേയ്ക്ക് കയറി.

ബന്ദായിട്ടും റോഡില്‍ തടസ്സങ്ങള്‍ ഒന്നും ഇല്ലല്ലോ.

അതിന്റെ ആവശ്യമില്ല സര്‍. ആ‍രും നിരത്തിലിറങ്ങാറില്ല. മെന്റല്‍ കണ്ടീഷനിങ്ങ് ആണ്. ബന്ദെന്നു കേട്ടാല്‍ നിരത്തിലിറങ്ങരുത് എന്ന് ജനത്തിനറിയാം. പാവ്‌ലോവിന്റെ കഥ കേട്ടിട്ടില്ലെ. റഷ്യന്‍ ശാസ്ത്രജ്ഞനായ പാവ്ലോവ് തന്റെ നായയ്ക്ക് ആ‍ഹാരം കൊടുക്കുന്നതിനു മുന്‍പ് ഒരു മണിയടിക്കുമായിരുന്നു. തുപ്പലുമൊലിപ്പിച്ച് നായ പിറകേ നടക്കും. ഒടുവില്‍ ആഹാരമൊന്നും ഇല്ലാതെ വെറുതേ മണിയടിക്കുമ്പോള്‍ത്തന്നെ പട്ടിയുടെ വായില്‍ വെള്ളം വരും.

ഗോപാലക്കുറുപ്പ് മിടുക്കനാണ്. നല്ല വായനയുണ്ടെന്ന് തോന്നുന്നു. വഴിവക്കില്‍ രാഷ്ട്രീയ നേതാക്കന്മാരുടെ കട്ടൌട്ടുകള്‍‍, വലിയ ഫ്ലാറ്റുകളുടെ പരസ്യങ്ങള്‍. ഇടയ്ക്ക് നെല്‍‌വയല്‍! നീളത്തില്‍ പച്ചനിറം. എന്റെ കേരളം മാറിയിട്ടില്ല. എതിരേ രണ്ട് വലിയ കാറുകള്‍ ചെളിതെറിപ്പിച്ചുകൊണ്ട് പാഞ്ഞുപോയി.

ബന്ദായിട്ടും റോഡില്‍ വാഹനങ്ങള്‍ ഓടുന്നുണ്ടല്ലോ.

അതെ സര്‍, ഇത് ലാ റൂഷ് ഗ്രൂപ്പിന്റെ വാഹനങ്ങളാണ്. അവര്‍ക്ക് ഇന്നും വാഹനങ്ങളോടിക്കാനുള്ള അംഗീകാരമുണ്ട്. ഈ കാറും അവരുടേതാണ്. സ്വന്തം കാറിനു മുന്‍പിലെ കൊടിയിലേയ്ക്ക് ഗോപാലക്കുറുപ്പ് ചൂണ്ടിക്കാണിച്ചു.

വഴിവക്കില്‍ ഏതാനും കടകള്‍ തുറന്നിരിക്കുന്നു‍.

ഇതില്‍ എന്തോ പന്തികേടില്ലേ? ജനങ്ങള്‍ക്ക് ഒരു നിയമം, ചിലര്‍ക്ക് മറ്റൊരു നിയമം.

ഇല്ല സര്‍, റൂഷ് ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തോടെയാണ്. റൂഷ് ലിമോ സര്‍വ്വീസ്, ലാ റൂഷ് ഹോട്ടലുകള്‍, തുണിക്കടകള്‍, വ്യവസായങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ട്രാവല്‍ ഏജന്‍സികള്‍, വിദ്യാലയങ്ങള്‍. അവര്‍ കേരളത്തിലെ വ്യവസായ ഭീമന്മാരാണ് സര്‍.

താങ്കളും ഈ ഗ്രൂപ്പിലെ അംഗമല്ലേ.
ഉവ്വ് സര്‍. ഞാന്‍ വെറുമൊരു തൊഴിലാളി മാത്രം. ഹോട്ടലിലെ റിലേഷന്‍സ് ഓഫീസര്‍.

നമ്മള്‍ നഗരഹൃദയത്തിലെത്തിയിരുന്നു. ഇവിടെ ധാരാളം കടകള്‍ തുറന്നിരിക്കുന്നു. വാഹനങ്ങളുടെ എണ്ണം കുറവാണെങ്കിലും ആവശ്യത്തിന് തിരക്കുണ്ട്.

അപ്പോള്‍ മറ്റ് വ്യവസായങ്ങളോ?

സര്‍ സ്ഥാപനങ്ങളുടെ മുന്നില്‍ പറത്തിയിരിക്കുന്ന കൊടികള്‍ നോക്കൂ. മിക്ക വ്യവസായികളും റൂഷ് ഗ്രൂപ്പുമായി ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. സഹകരണമേഖലയില്‍ റൂഷ് ഗ്രൂപ്പ് തുടങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ നികുതിയിളവ് ഉണ്ട്. അവിടെ സമരമില്ല. ബന്ദില്ല. റൂഷ് പ്രവര്‍ത്തിക്കുന്ന മേഖലകളിലും മറ്റ് കുറച്ചുപേര്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുന്നുണ്ട്‍. വൈകാതെ അവയും ഒരു ധാരണയിലെത്തും. വേറെ മാര്‍ഗമില്ല. സാറിനും ഇവിടെ വ്യവസായം തുടങ്ങാന്‍ പദ്ധതിയുണ്ടോ?

അതിനാണ് ഞാന്‍ വന്നത്. നിങ്ങളുടെ ഹോട്ടലുകളില്‍ ഓരോ റെസ്റ്റാറന്റുകള്‍.

പൊടുന്നനെ ഇടതുവശത്തുനിന്ന് ഒരു ഉരുണ്ട പാറക്കല്ല് അതിവേഗതയില്‍ ചീറിവന്ന് കാറിന്റെ ജനാലയില്‍ വീണു. സേഫ്റ്റി ഗ്ലാസ് പൂക്കുറ്റിപോലെ ചിതറി മഴയായി തെറിച്ചുവീണു. കല്ല് എന്റെ മുഖത്തുകൊള്ളാതെ കാറിന്റെ മേല്‍ക്കൂരയില്‍ തട്ടിത്തെറിച്ച് ഗോപാലക്കുറുപ്പിന്റെ മടിയില്‍ വീണു. ഡ്രൈവര്‍ ഊക്കോടെ ബ്രേക്ക് ചവിട്ടി വണ്ടി നിറുത്തി. ആല്‍മരത്തിന്റെ പിന്നില്‍നിന്ന് മീശപൊടിഞ്ഞുതുടങ്ങിയ ഒരു മെലിഞ്ഞ പയ്യന്‍ ഓടുന്നു. ഞാന്‍ വിറച്ചുപോയി. തലയും പൊത്തി സീറ്റില്‍ ഞാന്‍ പേടിച്ച് ചുരുണ്ടിരിക്കുന്നതുകണ്ട് ഗോപാലക്കുറുപ്പ് ചിരിച്ചു. ക്ഷമിക്കണം. ചുരുക്കം ചില സാമൂഹിക വിരുദ്ധര്‍ ഇപ്പോഴുമുണ്ട്. അവനെ ഉടനെ പോലീസ് പിടികൂടും. പത്തുമിനിട്ട്. ഏറിയാല്‍ പതിനഞ്ച്. എങ്ങോട്ടോടാനാണ്?. സര്‍, ഇത് സാധാരണമല്ല.

ഗോപാലക്കുറുപ്പ് കോട്ടിന്റെ കീശയില്‍ നിന്ന് ഫോണ്‍ എടുത്ത് ആരെയൊക്കെയോ വിളിച്ച് സംസാരിച്ചു.

അയാളുടെ ശബ്ദത്തിലെ ഭവ്യത മാഞ്ഞ് ഉറപ്പും നിശ്ചയദാര്‍ഡ്യവും വന്നിരിക്കുന്നു. ഗോപാലക്കുറുപ്പ് വീണ്ടും റൂഷ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ഒന്നും തലയില്‍ കയറിയില്ല. മനസ്സിന്റെ ഒരു കോണില്‍ നിന്ന് മെലിഞ്ഞ ഒരു പയ്യന്‍ ഓടുന്നു. മരത്തിന്റെ പിന്നില്‍ മറഞ്ഞുനിന്ന് കിതയ്ക്കുന്നു, വിയര്‍ക്കുന്നു. വിപ്ലവം ജയിക്കട്ടെ എന്ന് തൊണ്ടപൊട്ടി അലറുന്നു. ചുരുട്ടിപ്പിടിച്ച മുഷ്ടിയോങ്ങി ഉരുളന്‍ കല്ല് വലിച്ചെറിയുന്നു. വായുവിലൂടെ ദീര്‍ഘവൃത്തം വരച്ച് വേഗത്തിലോടുന്ന കാറിനു നേര്‍ക്ക് അത് വളഞ്ഞുവരുന്നു. പയ്യന്റെ കണ്ണുകള്‍ തിളങ്ങുന്നു. കല്ലുകൊണ്ട് ജനാല പൊട്ടിച്ചിതറുമ്പോള്‍ അവന്റെ ചുണ്ടുകളില്‍ കുസൃതിച്ചിരി വിടരുന്നു. പിടിക്കാനോടിവരുന്ന ആരുടെയോ മുന്നിലൂടെ കൈകള്‍ വിടര്‍ത്തിപ്പിടിച്ച് അവന്‍ പറന്നുപോവുന്നു. പീപ്പിയും നീട്ടിയടിച്ച് പോലീസുകാര്‍ പിന്നാലെയോടുന്നു. അവനെ കിട്ടില്ല. ഇല്ല, അവനെ കിട്ടില്ല. അവന്‍ രക്ഷപെടും. അവനെ കിട്ടില്ല. - സര്‍, നമ്മള്‍ ഹോട്ടലെത്തി.

ചുവന്ന ഹോട്ടല്‍ (ല്‌‍’ഓട്ടല്‍ റൂഷ്) എന്ന ഹോട്ടല്‍ ശൃംഖലയിലെ എറണാകുളത്തെ ഹോട്ടല്‍. വാതില്‍ക്കല്‍ പട്ടുകൊണ്ടുള്ള ചുവന്ന പരവതാനി വിരിച്ചിരിക്കുന്നു. കൂത്തമ്പലത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച കെട്ടിടം. കുടിക്കാന്‍ ചെന്തെങ്ങിന്റെ കരിക്ക് തന്ന് അവര്‍ എന്നെ ആനയിച്ചു. മൃദുവായ ചുവന്ന തുകല്‍ വിരിച്ച കസാരകള്‍. റിസപ്ഷനിലിരുന്ന് ഇരുണ്ടനിറമുള്ള സുന്ദരി ഭവ്യതയോടെ ചിരിച്ചുവണങ്ങി. മെറൂണ്‍ സാരിയില്‍ കുത്തിയിരിക്കുന്ന നെയിംപ്ലേറ്റില്‍ നീലിമ ഗോപിനാഥ് എന്ന് എഴുതിയിരിക്കുന്നു. സര്‍, താങ്കള്‍ക്ക് വേണ്ടതെല്ലാം ഇവിടെ ലഭിക്കും. എന്തും? ഉവ്വ് സര്‍. റൂഷ് ഗ്രൂപ്പ് ആരെയും നിരാശപ്പെടുത്തില്ല. നന്ദി. എന്തെങ്കിലും വേണമെങ്കില്‍ ഞാന്‍ വിളിച്ചുപറയാം. എന്റെ റൂം എവിടെയാണ്?

സുന്ദരമായ റൂം. ചുമരില്‍ ഉടലില്ലാത്ത കഥകളിത്തല. ഞാന്‍ ഷൂസും വസ്ത്രങ്ങളും ഊരി നിലത്തെറിഞ്ഞു. പതുപതുത്ത മെത്തയില്‍ കിടന്ന് ടെലിവിഷന്‍ ഓണ്‍ ചെയ്തു. വണ്ടിയിടിച്ചു ചത്ത ഏതോ ചെറുപ്പക്കാരന്റെ പടം. മെലിഞ്ഞ പയ്യന്‍, മീശ പൊടിഞ്ഞുതുടങ്ങിയ മുഖം. ചിരിക്കുന്ന കണ്ണുകള്‍.

ഫ്രിഡ്ജ് തുറന്ന് ഒരുകുപ്പി വിസ്കി പുറത്തെടുത്തു. വെള്ളം ചേര്‍ത്താണോ കുടിച്ചതെന്ന് ഓര്‍മ്മയില്ല. എത്ര കുടിച്ചെന്നും ഓര്‍മ്മയില്ല. വാതിലില്‍ ആരോ മുട്ടുന്നു. കടന്നുവരൂ. നീലിമ ഗോപിനാഥ് മുന്‍പില്‍ നില്‍ക്കുന്നു.

സര്‍, കുടിക്കാനെന്താ വേണ്ടെ?
കുടിച്ചുകൊണ്ടിരിക്കയാണല്ലോ. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നിയില്ല.
തൊഴിലാളികളുടെ പാനീയം അല്പം രുചിച്ചുനോക്കൂ.
ആയ്ക്കോട്ടെ.
അവള്‍ പുഞ്ചിരിച്ചു. തിളങ്ങുന്ന അരിപ്പല്ലുകള്‍. ഇരുണ്ട കൃഷ്ണമണികള്‍ക്കുമീതേ ഇമവെട്ടുന്നു. കയ്യിലിരുന്ന താലത്തില്‍ നിന്ന് ചുവന്നനിറമുള്ള കുപ്പിയെടുത്ത് അവള്‍ തണുത്തുനുരഞ്ഞ പാനീയം ഭംഗിയുള്ള കട്ട്ഗ്ലാസിലേയ്ക്കൊഴിച്ചു. പനങ്കള്ളിന്റെ മണം.
എയറേറ്റഡ് ആണ്. മുന്‍പ് കുടിച്ചിട്ടുണ്ടോ? ദേ ഇതുകൊണ്ട് ചെത്തുന്നതാണ്. മേശവലിപ്പുതുറന്ന് അവള്‍ ഒരരിവാള്‍ പുറത്തെടുത്തു. അതിന്റെ പിടിയില്‍ പൊന്നുപൂശിയിരിക്കുന്നു.
പേടിക്കണ്ട, വായ്ത്തല പ്ലാസ്റ്റിക്ക് ആണ്.
ഉവ്വോ? നോക്കട്ടെ, ഇങ്ങു കൊണ്ടുവാ - അടുത്തുവന്നപ്പോള്‍ അവളുടെ കൈത്തണ്ടയില്‍ കയ്യെത്തി. നോക്കട്ടെ. പെണ്ണിന് നിറഞ്ഞൊഴുകുന്ന തോടിന്റെ നിറം. പുഴപോലൊരു പെണ്ണ്. പുഴയില്‍ ഞാന്‍ നീന്തട്ടെ. നീ കെട്ടിയതാണോ? അനവസരത്തിലെ സദാചാരബോധം.
ഓ, കെട്ടിയോന്‍ ചത്തുപോയി. കൂലിപ്പണിക്കാരനായിരുന്നു. ഈ ഹോട്ടലിന്റെ സിമന്റുറയ്ക്കാന്‍ അങ്ങേരെ ചേര്‍ത്തുവെയ്ച്ചാ ബീമുകള്‍ വാര്‍ത്തത്.
കള്ളീ, അതൊരു പഴയ കവിതയല്ലേ.
അവള്‍ ചിരിച്ചു. മെത്തയില്‍ കിടന്ന് അരിവാള്‍ തലോടിക്കൊണ്ട് അവള്‍ പറഞ്ഞു. മുതലാളീ, എന്റെ അമ്മ ഇതുപോലൊരരിവാള്‍ കൊണ്ട് കൊയ്തിരുന്നു.
ഉവ്വൊ.
അമ്മൂമ്മയും കൊയ്തിരുന്നു. അമ്മൂമ്മ മാറുമറയ്ക്കാതെയാണ് കൊയതത്.
എടീ നീലിയേ.
എന്താമ്പ്രാ.
നീയതുപോലൊന്നു കൊയ്തേ.
അയ്യോ തമ്പ്രാ. കൊയ്ത്തുകൂലി കൂടുതലാണ്.
ഞാന്‍ പേഴ്സ് പുറത്തെടുത്തു. നിലയ്ക്കാതെ മദ്യം കുടിച്ചതാണോ അവളുടെ ഉടല്‍ തട്ടിയതാണോ എന്നെ കൂടുതല്‍ മത്തുപിടിപ്പിച്ചതെന്ന് അറിയില്ല. തൊഴിലാളി ഐഐഐഐ.

ഉറക്കമെഴുന്നേറ്റപ്പോള്‍ ഉച്ചയായി. ഫോണ്‍ വന്നു. റൂഷ് ഗ്രൂപ്പിന്റെ ഒരു മാനേജര്‍ ലോബിയില്‍ കാത്തിരിക്കുന്നു. ഗോപാലക്കുറുപ്പും കൂടെയുണ്ട്.
സര്‍, പേപ്പറുകള്‍ എല്ലാം ഇതില്‍ ഉണ്ട്. ഇതാ, ഇവിടെയെല്ലാം ഓരോ ഒപ്പ്.
ഇന്നലെ ഞാന്‍ സഞ്ചരിച്ച കാറിനു നേരെ കല്ലെറിഞ്ഞ പയ്യനെ ഓര്‍മ്മയുണ്ടോ.
ഉവ്വ്, അവനെ പോലീസ് പിടികൂടിയിട്ടുണ്ട്.
എനിക്ക് അവനെയൊന്നു കാണണം.
അത് പറ്റുമെന്ന് തോന്നുന്നില്ല.
മിസ്റ്റര്‍, അവനെ കാണേണ്ടത് എന്റെ ആവശ്യമാണ്. അല്ലാതെ ഞാനൊന്നിലും ഒപ്പിടില്ല.
മാനേജര്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹം ഉപചാരപൂര്‍വ്വം എന്നെ യാത്രയാക്കി. ഗോപാലക്കുറുപ്പ് എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ പേപ്പറുകള്‍ എനിക്കുതന്നു. എപ്പൊഴെങ്കിലും മനസ്സ് മാറിയാല്‍ ഒപ്പിട്ട് അയച്ചുതരൂ.
ഗോപാലാ, നിങ്ങള്‍ എനിക്ക് ഒരു സുഹൃത്തിനെപ്പോലെയാണ്. ആ പയ്യന്‍ എവിടെയാണ്.
സര്‍, അതില്‍ നിങ്ങള്‍ എന്നെ നിര്‍ബന്ധിക്കരുത്.
അവന്‍ ചത്തോ, അതോ ജീവനോടെയുണ്ടോ?
അവനെ പോലീസ് പിടികൂടി.
ഞാന്‍ ടെലിവിഷനില്‍ ഒരു വണ്ടിയിടിച്ച് മരിച്ച പയ്യന്റെ ചിത്രം കണ്ടു. അതേ മുഖം. അതേ ചിരി.
സര്‍, വിശ്വസിക്കൂ. അവനെ പോലീസ് പിടികൂടി. റൂഷ് ഗ്രൂപ്പിനെക്കുറിച്ച് താങ്കള്‍ക്കുള്ള സങ്കല്‍പ്പങ്ങള്‍ തെറ്റാണ്. ഇതൊരു ഒരു ജനകീയ സംരംഭമാണ്. ജനങ്ങളുടെ വ്യവസായം. പോലീസിന്റെ കര്‍ത്തവ്യങ്ങളില്‍ ഞങ്ങള്‍ ഇടപെടില്ല. താങ്കള്‍ക്ക് ഇപ്പോള്‍ അവനെ കാണാന്‍ പറ്റില്ല.

എനിക്ക് വിശ്വാസം വന്നില്ല. ഒരുപക്ഷേ ഏതെങ്കിലും ലോക്കപ്പിലാവാം. ഏതെങ്കിലും മോര്‍ച്ചറിയിലാവാം. അല്ലെങ്കില്‍ പിടികൊടുക്കാതെ, ഒളിവിലിരുന്ന് ഒരു കല്ല് വലിച്ചെറിയുന്നത് സ്വപ്നം കാണുകയാവാം. ഇപ്പോള്‍, ഇതാ, ഈ വഴിവക്കില്‍, ഒരു മരത്തിന്റെ മറവിലിരുന്ന്, ഒരു വെള്ളാരംകല്ല് ഈ കാറിനു നേരെ എറിയാന്‍ കയ്യോങ്ങുകയാവാം. ഏതു നിമിഷവും ആ കല്ല് ചില്ലുതകര്‍ത്ത് എന്റെ നെറ്റിതുളയ്ക്കാം. ദൈവമേ, ആ കല്ല് വരണേ, ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. അതേസമയംഏറുകൊള്ളാ‍തിരിക്കാന്‍ കാറിന്റെ പതുപതുത്ത സീറ്റിലേയ്ക്ക് അമര്‍ന്നിരുന്ന് തല കൈകൊണ്ട് മറച്ചു. ഏറ് വന്നില്ല. യാത്ര സുഗമമായിരുന്നു.

വിമാനത്താവളത്തില്‍ ഗോപാ‍ലക്കുറുപ്പ് എന്നെ ഭവ്യതയോടെ യാത്രയാക്കി.

വിമാനമിറങ്ങിയാലുടന്‍ വ്യവസായം തുടങ്ങാനുള്ള രേഖകള്‍ ഒപ്പിട്ട് തിരിച്ചയയ്ക്കണം. ഞാന്‍ മനസില്‍ പറഞ്ഞു.

9/07/2008

പാമ്പ്

പണ്ട് ദമാസ്കസില്‍ കലീഫ മുര്‍ത്താസയുടെ മകനായി ഹെല്‍മ് എന്ന രാ‍ജകുമാരന്‍ ജീവിച്ചിരുന്നു. അതിസുന്ദരനും സല്‍‌സ്വഭാവിയുമായ ഈ രാജകുമാരന്‍ അപാര പണ്ഠിതനും ആയോധന കലകളില്‍ സമര്‍ത്ഥനുമായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ ഹെല്‍മ് സംസാരത്തില്‍ മിതത്വം പാലിച്ചിരുന്നു. കാലപ്രവാഹത്തില്‍ കലീഫ മുര്‍ത്താസ മരിച്ചു.

ഹെല്‍മ് ലൈല എന്ന സുന്ദരിയെ വിവാഹം ചെയ്തു. വിവാഹശേഷം ഇരുവരും രാജ്യത്തിന്റെ അതിര്‍ത്തിയിലെ മനോഹരമായ കൊട്ടാരത്തിലേയ്ക്കുപോയി. കൊട്ടാരത്തില്‍ നിന്ന് എല്ലാ ഭൃത്യന്മാരെയും ലൈല പുറത്താക്കി. മുത്തും പവിഴവും പാകിയ മുറികളില്‍ അവര്‍ കുട്ടികളെപ്പോലെ ഒളിച്ചുകളിച്ചു. ഹെല്‍മ് അറബി ഭാഷയിലെ അതിവിശിഷ്ടമായ കവിതകള്‍ ചൊല്ലി. ലൈല പ്രണയഗീതങ്ങള്‍ പാടി നൃത്തം ചെയ്തു. ജീ‍വിതം പളുങ്കുനദിപോലെ സുന്ദരമായി മുന്നോട്ടൊഴുകി. വിവാഹത്തിനുശേഷം പതിമൂന്നാം ദിവസം അവന് സുഗന്ധദ്രവ്യങ്ങളിട്ട ചായ കൊടുക്കാന്‍ ലൈല സ്വര്‍ണ്ണക്കോപ്പയെടുത്തപ്പൊള്‍ അതിന്റെ വക്കില്‍ പുഴുപോലെ എന്തോ നുളയുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ പുഴുവല്ല, പാമ്പാണ്. മൊട്ടുസൂചിക്കടയോളം മാത്രം വലിപ്പമുള്ള തലയുയര്‍ത്തി ചീറ്റുന്ന ഒരു ചെവിപ്പാമ്പ്.

രാജകുമാരി പാമ്പിനെ കുടഞ്ഞ് നിലത്തിട്ടു. തന്റെ കണ്ണാടിച്ചെരുപ്പുകൊണ്ട് അതിനെ ഞെരിച്ചുകൊന്നു. ഹെല്‍മിനോട് അവള്‍ ഇത് പറഞ്ഞില്ല. എന്നാല്‍ വൈകിട്ട് കുളിമുറിയിലെ മിനുസമുള്ള കുളിത്തൊട്ടിയില്‍ വെള്ളം നിറയ്ക്കാന്‍ പോയപ്പോള്‍ അവിടെ ഒരു മഞ്ഞച്ചേര കിടക്കുന്നു. തിളക്കമുള്ള തറയില്‍ ഇഴയാന്‍ സാധിക്കാതെ അത് പിടയുന്നു. അവള്‍ അലറിവിളിച്ചപ്പോള്‍ ഹെല്‍മ് വന്ന് തന്റെ ഉടവാള്‍ കൊണ്ട് അതിനെ രണ്ട് തുണ്ടമാക്കി.

പാമ്പുകള്‍ എവിടെനിന്ന് വന്നു എന്നവര്‍ക്ക് മനസിലായില്ല. പിറ്റേ ദിവസം പാമ്പിനെ കണ്ടത് കൊട്ടാരത്തിന്റെ നടുമുറ്റത്തായിരുന്നു. ഒരു വെള്ളിക്കെട്ടന്‍. ഏറെ ശ്രമപ്പെട്ട് അതിനെ തല്ലിക്കൊന്ന് ഹെല്‍മ് പറഞ്ഞു. ‘മതി, നമുക്ക് ഇവിടെനിന്നും പോവാം’. അവര്‍ തിടുക്കത്തില്‍ വസ്ത്രങ്ങളെടുക്കാന്‍ കിടക്കമുറിയിലെത്തിയപ്പോള്‍ കട്ടിലില്‍ ഒരു അണലി ചുരുണ്ടുകിടക്കുന്നു. അലമാര വലിച്ചുതുറന്നപ്പോള്‍ അതില്‍ ഒരു കരിമ്പാമ്പ് തൂങ്ങിനിന്നാടുന്നു. മുറി വലിച്ചടച്ച് ഇരുവരും കൊട്ടാരത്തില്‍ നിന്ന് ഓടിയിറങ്ങി. കട്ടിലിനടിയിലും കസാരക്കാലുകളിലും തൂക്കിയിട്ടിരിക്കുന്ന ശരറാന്തലുകളിലും പാമ്പുകള്‍ പുളയുന്നുണ്ടായിരുന്നു. ലൈലയെയും വലിച്ചുകൊണ്ട് ഹെല്‍മ് തന്റെ കുതിരപ്പുറത്തുകയറി. കുട്ടിക്കാലം മുതല്‍ ഹെല്‍മിന്റെ കളിക്കൂട്ടുകാരനായിരുന്ന കറുത്ത കുതിര വായൂവേഗത്തില്‍ പറന്നു.

രാജ്യത്തിലെ ജനവാസമുള്ള പ്രദേശങ്ങളിലെത്താന്‍ ഒരു മരുഭൂമി കടന്നുപോവണം. അമീന്‍ എന്ന ആ കുതിര ഈ മരുഭൂമി ഒരായിരം തവണ മുറിച്ചുകടന്നതാണ്. എന്നാല്‍ സ്വപ്നങ്ങളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന മരുപ്പച്ചയിലെത്തിയപ്പോള്‍ കുതിര കുഴഞ്ഞുവീണു. കുതിരയുടെ വാലില്‍ ഒരു ചെറിയ പാമ്പിന്‍‌കുഞ്ഞ് തൂങ്ങിക്കിടക്കുന്നതു കണ്ട് ഹെല്‍മ് ശപിച്ചുകൊണ്ട് അതിനെ തല്ലിക്കൊന്നു. മരുപ്പച്ചയില്‍ നിന്ന് വേണ്ടുവോളം വെള്ളം കോരിക്കുടിച്ച് ഹെല്‍മ് തളര്‍ന്നുറങ്ങി. ഹെല്‍മിന്റെ നെഞ്ചില്‍ക്കിടന്ന് ലൈലയും ഉറക്കമായി.

രാത്രി മരുഭൂമിയിലെ ശീതക്കാറ്റില്‍ അപസ്വരം പോലെ ഒരു സീല്‍ക്കാരം കേട്ടാണ് അവള്‍ ഉണര്‍ന്നത്. ഹെല്‍മ് കൂര്‍ക്കംവലിച്ചുറങ്ങുകയാണ്. അവന്റെ വായ അല്പം തുറന്നിട്ടുണ്ട്. അതില്‍ നിന്ന് രണ്ട് തലകളുള്ള ഒരു പാമ്പ് ഇഴഞ്ഞ് ഇറങ്ങിവരുന്നു. ശരീരത്തിന്റെ പകുതിയും പുറത്തിറക്കി അത് പത്തിവിടര്‍ത്തി ആടി. പാമ്പിന്റെ പത്തികളില്‍ പവിഴങ്ങള്‍ തിളങ്ങി.

ഹെല്‍മിന്റെ വാള് അവന്റെ വശത്ത് കിടക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പകച്ച് അവള്‍ തിരിഞ്ഞോടി. തണുത്ത മണലില്‍ നിന്നും കുതിച്ച് വീശിയടിക്കുന്ന മണല്‍ക്കാറ്റും ഈന്തപ്പനകളും ചന്ദ്രനും കടന്ന് ഒരു പറവയായി അവള്‍ പറന്നുപോയി.

അന്നുമുതല്‍ക്കാണ് പരുന്തുകള്‍ക്ക് പാമ്പുകളെ ഇത്രയും ദേഷ്യം.

9/02/2008

തവളകള്‍

രഘു ചിരിക്കയാണ്‌. അവന്‍ പ്രണയത്തിലാണ്. മുടി പിന്നിലേയ്ക്ക് ചീകി, ഒരു കൂളിങ്ങ് ഗ്ലാസും ധരിച്ച്, കോമോസ്‍ ബസ്സിനെ ഓവര്‍ടേക്ക് ചെയ്ത് തന്റെ സ്പ്ലെന്‍ഡര്‍ ഓടിക്കുമ്പോഴും മഴവെള്ളത്തിലിറക്കാതെ വണ്ടി റോഡിന്റെ തിട്ടയിലൂടെ വളച്ചെടുക്കുമ്പൊഴും ട്രാഫിക്ക് ജാമില്‍ കിടക്കുമ്പൊഴും ബൈക്ക് വീണ്ടും ഇരപ്പിച്ച് മുന്നോട്ടെടുക്കുമ്പൊഴും രഘു ചിരിച്ചുകൊണ്ടിരുന്നു. പ്രണയം വല്ലാത്തൊരവസ്ഥയാണ്. അവന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ ആ പുഞ്ചിരി മുന്‍പില്‍ പോകുന്ന ബസ്സിന്റെ വലതുവശത്തെ സീറ്റിലിരിക്കുന്ന മദ്ധ്യവയസ്കകള്‍ക്കും ബസ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്ന സ്കൂള്‍ക്കുട്ടികള്‍ക്കും ചായക്കടയില്‍ സൊറപറഞ്ഞിരിക്കുന്ന അപ്പൂപ്പന്മാര്‍ക്കും കാണാന്‍ കഴിയില്ലായിരുന്നു. രഘുവിന് സിന്ധുവിനെ ഇഷ്ടമാണ്. സിന്ധു പുഞ്ചിരിക്കുന്നതു കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്. നുണക്കുഴികള്‍ തെളിഞ്ഞ്, താഴേയ്ക്കു നോക്കിക്കൊണ്ട് നാണിച്ചുള്ള അവളുടെ ചിരി. പിന്നെ മുഖമുയര്‍ത്തി പെട്ടെന്ന് മുഖത്തേയ്ക്കു നോക്കുമ്പോള്‍ അവളുടെ കവിളുകള്‍ ചുവന്നുവരുന്നത്. ഓരോന്നും ഓര്‍ത്ത് രഘു വീണ്ടും ചിരിച്ചു. ട്രാഫിക്ക് ജാം. അതിനിടയിലൂടെ, ഓട്ടോറിക്ഷകള്‍ക്ക് ഇടയിലൂടെ, ആള്‍ക്കൂട്ടത്തിനിടയിലൂടെ ബൈക്ക് ഓടിക്കുമ്പൊഴും രഘു ചിരിച്ചുകൊണ്ടിരുന്നു.

റോഡില്‍ ഒരാള്‍ക്കൂട്ടം. കോളെജില്‍ എത്താന്‍ താമസിക്കും. ഹോണ്‍ പലതവണ നീട്ടിയടിച്ചപ്പൊഴാണ് മുന്‍പില്‍ കൂടിനിന്നവരില്‍ രണ്ടുമൂന്നുപേര്‍ പിറുപിറുത്തുകൊണ്ട് മാറിയത്. അവര്‍ മാറിയ വിടവിലൂടെ അതിനു നടുവില്‍ ഒരാള്‍ റോഡില്‍ കിടക്കുന്നത് കാണാം. രഘു ബൈക്ക് നിറുത്തി. അയാളുടെ വെള്ളഷര്‍ട്ട് നിറയെ ചുവന്ന നിറം. അമ്മേ എന്നുവിളിച്ച് അയാള്‍ കിടന്ന് ഞരങ്ങുന്നുണ്ട്. ‘ട്രാന്‍സ്പോര്‍ട്ട് ബസ് നിറുത്താതെ പോയി’ എന്ന് ആരോ പറഞ്ഞു. നടന്നുപോയ ചിലര്‍ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് എത്തിനോക്കിയിട്ട് വീണ്ടും സംസാരിച്ചുകൊണ്ട് നടന്നുപോയി. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ വഴിയേപോയ ഒരു ആട്ടോറിക്ഷ നിറുത്തി അതില്‍ക്കയറിപ്പോയി. ഇത് സ്ഥിരമാണ്. കുറെ നേരം അവിടെക്കിടക്കുമ്പോള്‍ ആരെങ്കിലും എടുത്ത് ആശുപത്രിയിലെത്തിക്കും. രഘു ബൈക്ക് വിട്ടു. പെട്രോള്‍ കുറവാണ്. തിരിച്ചുവരുന്ന വഴിയ്ക്ക് അന്‍പതുരൂപയ്ക്ക് അടിക്കണം.

ഒന്നാമത്തെ പീരിയഡ് ഇംഗ്ലീഷ് ആണ്. ടീച്ചര്‍ വന്നിട്ടില്ല. പഞ്ചാര പീരിയഡ്. ക്ലാസില്‍ ആകെ പത്തുപന്ത്രണ്ടുപേരേ ഉള്ളൂ. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ നടുക്കിരുന്ന് സൊറപറഞ്ഞു ചിരിക്കുന്നു. സിന്ധു ആ കൂട്ടത്തിലില്ല. കൂട്ടുകാരെ നോക്കി കൈവീശിക്കൊണ്ട് രഘു ക്ലാസിനു പുറത്തിറങ്ങി. കോളെജിന്റെ നടുമുറ്റത്തില്‍ ചുറ്റും നടന്നുനോക്കി. മനോജ് പിന്നില്‍നിന്നുവന്ന് തോളില്‍ കയ്യിട്ടു. കോളെജ് കാമ്പസിനു പുറത്തിറങ്ങിയാല്‍ ഒരു സിഗരറ്റ് വലിക്കാം. അടുത്ത പീരിയഡ് വരെ രാജന്റെ ചായക്കടയില്‍ പോയി വെടിപറഞ്ഞിരിക്കാം.

രണ്ടും മൂന്നും പിരിയഡുകള്‍ ലതികാമാമിന്റെ സുവോളജി പ്രാക്ടിക്കല്‍ ക്ലാസ് ആണ്. സിന്ധു എത്തിയിട്ടുണ്ട്. ഇറുകിയ ഒരു ചുവന്ന ചുരിദാര്‍ ആണ് അവള്‍ ഇട്ടിരിക്കുന്നത്. നീണ്ട മുടി കെട്ടാതെ നിവര്‍ത്തിയിട്ടിരിക്കുന്നു. അവള്‍ക്ക് പൊക്കം രഘുവിന്റെ തോളോളം വരും. അവള്‍ ടീച്ചറിന്റെ മുഖത്തുതന്നെ കണ്ണും നട്ട് ഇരിക്കുകയാണ്. ലാബിലെ മേശപ്പുറത്ത് വെള്ളമില്ലാത്ത ഒരു ഫിഷ്‌റ്റാങ്ക് വെച്ചിട്ടുണ്ട്. അതില്‍ മൂന്ന് തവളകള്‍. ലതികാമാമിന്റെ സ്ഫുടവും ശക്തവുമായ ശബ്ദത്തിനിടയ്ക്ക് രണ്ട് തവളകള്‍ മാറിമാറി ക്രോം ക്രോം എന്ന് കരഞ്ഞു. ഓരോ കരച്ചിലിലും കുട്ടികള്‍ ചിരിച്ചു. ആണുങ്ങളില്‍ ചിലര്‍ ക്രോം എന്ന് പ്രതിവചിച്ചു. പെണ്‍കുട്ടികള്‍ തല കുമ്പിട്ടിരുന്ന് ചിരിച്ചു. ടീച്ചര്‍ പെട്ടെന്ന് ക്ലാസ് നിറുത്തി. ‘ഇറങ്ങിപ്പോണമെന്നുള്ളവര്‍ക്ക് പോവാം. ആന്റണി ഇറങ്ങിപ്പോണം. പ്ലീസ്, ഇറങ്ങിപ്പോണം’. ആന്റണി എഴുന്നേറ്റുനിന്നു. താഴേയ്ക്കുനോക്കിക്കൊണ്ട് സോറി ടീച്ചര്‍ എന്നുപറഞ്ഞ് അവന്‍ വീണ്ടും ബെഞ്ചില്‍ ഇരുന്നു. ടീച്ചര്‍ പത്തുനിമിഷത്തോളം ഒന്നും പറഞ്ഞില്ല. വീണ്ടും ക്ലാസ് തുടര്‍ന്നു. പതിയെ കുട്ടികള്‍ ക്ലാ‍സില്‍ ശ്രദ്ധിച്ചുതുടങ്ങി. സിന്ധു അപ്പോഴും ടീച്ചറിന്റെ മുഖത്തുനിന്ന് കണ്ണെടുത്തില്ല.

ടീച്ചര്‍ തവളയുടെ ശരീരഘടന പല നിറങ്ങളിലുള്ള ചാക്ക് കൊണ്ട് ബോര്‍ഡില്‍ വൃത്തിയായി വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തി. അവ വിശദീകരിച്ചതിനു ശേഷം പ്ലാസ്റ്റിക്ക് ബാഗില്‍ നിന്ന് രണ്ട് റബ്ബര്‍ കയ്യുറകള്‍ പുറത്തെടുത്ത് ധരിച്ചു. ആദ്യത്തെ ഡിസക്ഷന്‍ ക്ലാസാണ്. അറ്റെന്‍ഡര്‍ രാജപ്പന്‍ ചേട്ടനെ വിളിക്കാന്‍ മുന്‍‌ബെഞ്ചിലിരുന്ന ഒരാളെ പറഞ്ഞുവിട്ടു. വൃത്തിയാക്കിയ ഒരു തടിപ്പലകയും ഫോര്‍മാലിന്റെ ഒരു കുപ്പിയും കുറെ മൊട്ടുസൂചികളും ഡിസക്ഷനുള്ള കത്തികളും ഫോര്‍സെപ്സും ടീച്ചര്‍ ചിട്ടയായി നിരത്തിവെച്ചു. തവളകള്‍ ഫിഷ്റ്റാങ്കിന്റെ കണ്ണാടിച്ചുമരിലൂടെ മേശപ്പുറത്ത് നിരത്തിവെയ്ച്ച വസ്തുക്കളിലേയ്ക്ക് സാകൂതം നോക്കി. ഒരു വലിയ ചൊറിത്തവളയും രണ്ട് ചെറിയ തവളകളുമായിരുന്നു ഫിഷ് റ്റാങ്കില്‍.

രാജപ്പന്‍ചേട്ടന്‍ റ്റാങ്ക് അടച്ചുവെച്ചിരുന്ന കാര്‍ഡ്ബോര്‍ഡ് പാളി ചെറുതായി മാറ്റി അകത്തേയ്ക്ക് കയ്യിട്ട് ഒരറപ്പുമില്ലാതെ ഒരു ചെറിയ തവളയെപ്പിടിച്ചു. വലിയ പിന്‍‌കാലുകളും ചെറിയ മുന്‍‌കാലുകളും ചലിപ്പിച്ച് തവള കഴുത്ത് വീര്‍പ്പിച്ച് ചുരുക്കി. രാജപ്പന്‍ചേട്ടന്‍ പിടിവിടാതെതന്നെ കുപ്പിതുറന്ന്‍ ഫോര്‍മാലിന്‍ ശ്രദ്ധയോടെ ചരിച്ച് തവളയുടെ തലയിലൊഴിച്ചു. ഫോര്‍മാലിന്റെ രൂക്ഷഗന്ധം ലാബില്‍ നിറഞ്ഞു. അയാള്‍ തവളയെ മേശപ്പുറത്ത് കിടത്തി.തവള മന്തനായി ഇഴഞ്ഞു. വീണ്ടും അല്പം കൂടി ഫോര്‍മാലിന്‍ ചരിച്ച് തവളയുടെ മീതേ ഒഴിച്ചു. തവള അനക്കം നിറുത്തി.

ഇതിനിടയില്‍ മറ്റ് രണ്ട് തവളകള്‍ ഇടവിട്ട് ‘ക്രോം, ക്രോം’ എന്ന്‍ കരഞ്ഞുതുടങ്ങി. ടീച്ചര്‍ മൊട്ടുസൂചികള്‍ കുത്തേണ്ട വിധം ക്ലാസിന് വിശദീകരിച്ചു. തവളയെ മലര്‍ത്തിക്കിടത്തി ഓരോ മുന്‍‌കാലുകളും നിവര്‍ത്തിപ്പിടിച്ച് ശ്രദ്ധയോടെ മൊട്ടുസൂചി കടത്തി പലകയിലേയ്ക്ക് തറച്ചു. എന്നിട്ട് ഒരു ബ്ലേഡ് കൊണ്ട് തവളയുടെ നെഞ്ചുഭാഗത്തെ തൊലിമുറിച്ചു. ബിസ്ലെരി കുപ്പിയില്‍ നിന്ന് വെള്ളമൊഴിച്ച് ചോര കഴുകി വൃത്തിയാക്കി. കത്രികകൊണ്ട് ശ്രദ്ധയോടെ അകത്തേയ്ക്ക് വെട്ടി. ഹൃദയത്തിലേയ്ക്കുള്ള രക്തധമനികള്‍ മുറിയാതെ മാംസം വെട്ടുന്നത് ശ്രമകരമായ ജോലിയാണ്.

ഇതിനിടയില്‍ ഫിഷ്റ്റാങ്കിലെ വലിയ തവള വിദ്യാര്‍ത്ഥികളെ നോക്കുന്ന തരത്തില്‍ മുന്‍‌കാലുകള്‍ കണ്ണാടിച്ചുമരിലേയ്ക്കുവെച്ച് കുട്ടികള്‍ക്ക് അഭിമുഖമായിക്കിടന്നു. ചെറിയതവള ഇഴഞ്ഞുവന്ന് അതിന്റെ മുന്‍‌കാലുകള്‍ വലിയതവളയുടെ തലയ്ക്കുമീതേ വെച്ചുകൊണ്ട് വലിയതവളയുടെമേല്‍ വലിഞ്ഞുകയറി. മനോജാണ് തവളകളുടെ രതി ആദ്യം കണ്ടത്. അവന്‍ കൈ ചൂണ്ടി ചിരിച്ചുകൊണ്ട് രഘുവിനെഞോണ്ടി. അല്പസമയത്തിനകം മറ്റ് കുട്ടികളും അത് കണ്ടു. വലിയ തവള ഇടയ്ക്കിടയ്ക്ക് ക്രോം എന്ന് കരഞ്ഞു. പെണ്‍കുട്ടികള്‍ പുസ്തകവും കര്‍ച്ചീഫും കൊണ്ട് മുഖം മറച്ചും തലകുനിച്ചിരുന്നും ചിരിച്ചുതുടങ്ങി. ക്ലാസ് മുഴുവന്‍ കൂട്ടച്ചിരിയായി. ടീച്ചര്‍ ഡിസക്ഷന്‍ ടേബിളില്‍ നിന്ന് കണ്ണെടുത്തു. എന്താണിത്? ആരോ ഫിഷ് റ്റാങ്കിലേയ്ക്ക് കൈചൂണ്ടി. ടീച്ചര്‍ ദേഷ്യത്തോടെ ഫിഷ് റ്റാങ്കിന്റെ മൂടി തുറന്ന് പുറം കൈകൊണ്ട് ചെറിയതവളയെ അടിച്ചുതെറിപ്പിച്ചു. അത് വീണ്ടും കരഞ്ഞു. ഫിഷ് റ്റാങ്ക് മൂടിക്കൊണ്ട് റ്റീച്ചര്‍ ഡിസക്ഷന്‍ പലകയിലേയ്ക്ക് തിരിഞ്ഞു. തവളയുടെ മിടിക്കുന്ന ഹൃദയം അകത്തിവെയ്ച്ച മാംസത്തിനിടയിലൂടെ അപ്പോള്‍ വ്യക്തമായി കാണാമായിരുന്നു. മുഖം പൊത്തിക്കൊണ്ട് സിന്ധു എഴുന്നേറ്റ് പുറത്തേയ്ക്കു പോയി.

സിന്ധു പുറത്തുപോയത് അധികമാരും ശ്രദ്ധിച്ചില്ലെങ്കിലും രഘു കണ്ടു. അവന്‍ കുനിഞ്ഞ് ടീച്ചര്‍ കാണാതെ അവള്‍ക്കു പിന്നാലെ പുറത്തേയ്ക്കു നടന്നു. സിന്ധു ഒറ്റയ്ക്ക് ലൈബ്രറിയിലേയ്ക്കുപോവുന്നു. രഘു പെട്ടെന്ന് നടന്നുവരുന്നതു കണ്ടപ്പോള്‍ അവള്‍ കണ്ണുതുടച്ചു.

നിനക്ക് തവളകളെ മുറിക്കുന്നതു കണ്ടിട്ട് അറച്ചോ?
അവള്‍ ഒന്നും പറയാതെ വിതുമ്പി.
ഇത്ര പേടിക്കാനെന്തിരിക്കുന്നു. തവളയല്ലേ. അതിന് ബോധം തെളിയില്ല.
അതല്ല.
പിന്നെ?

സിന്ധുവിന്റെ കവിളില്‍നിന്ന് കണ്ണീര്‍ ചുരിദാറില്‍ ഉയര്‍ന്നുനിന്ന അവളുടെ മുലയിലേയ്ക്ക് വീഴുന്നത് ശ്രദ്ധിച്ചുകൊണ്ട് രഘു മനസില്‍ വിചാരിച്ചു. ‘പാവം’.

Google