സിമിയുടെ ബ്ലോഗ്

7/04/2008

കുളം

രാത്രിയില്‍ കുളം എന്തൊരു രസമാണ്. നക്ഷത്രങ്ങളെല്ലാം കുളത്തില്‍ പൊങ്ങിക്കിടക്കുന്നു. ഓളം വെട്ടുമ്പോള്‍ നക്ഷത്രങ്ങള്‍ തെന്നിക്കളിക്കുന്നു. കൈ എത്താവുന്ന ദൂരത്ത് ചന്ദ്രന്‍ അതാ വീണുകിടക്കുന്നു. ആകാശം ദൂരെയാണ്. ചന്ദ്രനെയും നക്ഷത്രങ്ങളെയും കൈയെത്തില്ല. പക്ഷേ കുളം അടുത്താണ്. വിരല്‍ തൊടുമ്പോള്‍ രാത്രിയിലെ തണുത്ത കുളം. മുഖം അടുപ്പിക്കുമ്പോള്‍ നക്ഷത്രങ്ങളും ചന്ദ്രനും മാത്രമല്ല, നീണ്ട മുടിയും വിരിച്ച്, നീലക്കണ്ണും മിഴിച്ച്, ചുവന്ന ചുണ്ടും വിടര്‍ത്തി ചിരിക്കുന്ന സാരിയുടുത്ത പെണ്ണും കുളത്തിലുണ്ട്. അവളുടെ സാരി സ്വര്‍ണ്ണമത്സ്യത്തിന്റെ വിടര്‍ന്ന ചിറകുകള്‍ പോലെ പറന്നുനടക്കുന്നു. അവള്‍ അതാ വിളിക്കുന്നു. എന്റെ ചാരിത്ര്യവും കരയില്‍ വെച്ചിട്ട് ഞാന്‍ പതുക്കെ കുളത്തിലിറങ്ങും. കുളത്തിലെ ചന്ദ്രനെ വാരി കയ്യിലെടുക്കും. ഒരു നക്ഷത്രത്തിനെ എടുത്ത് ചെവിയില്‍ തിരുകും. എന്നിട്ട് കുളത്തിന്റെ ആഴത്തില്‍ അവളെയും കെട്ടിപ്പിടിച്ചുകിടന്ന് സുഖമായുറങ്ങും.

Google