സിമിയുടെ ബ്ലോഗ്

1/06/2025

അപ്പോൾ ഒമാർ കൺതുറന്നു






മരുഭൂമിയുടെ നടുവിലുള്ള ഹോട്ടലിലേക്ക് ഒരു യാത്രപോവുക. ആധുനിക ലോകവുമായി ബന്ധമില്ലാത്ത, മൊബൈൽ ഫോൺ റേഞ്ചോ ഇന്റർനെറ്റ് ബന്ധമോ ഇല്ലാത്ത ഹോട്ടലിൽ മൂന്നുദിവസം തങ്ങുക. ഫോണിൽ ഇ-മെയിൽ നോക്കാൻ പറ്റാത്ത, ഫെയ്സ്ബുക്കും ഇന്റർനെറ്റ് കണക്ഷനും ഇല്ലാത്ത ഒരിടത്തുചെന്ന് കുടുംബബന്ധങ്ങളെ തിരിച്ചുപിടിക്കുക. വിനോദിന്റെ ആശയമായിരുന്നു ഇത്. വിനോദയാത്രയാണോ അതോ സ്വയം ഒരു കാരാഗ്രഹത്തിൽ ചെന്ന് ഒളിച്ചുപാർക്കുകയാണോ എന്ന് മായയ്ക്ക് തീർച്ചയില്ലായിരുന്നു. പക്ഷേ അവൾ എതിർത്തൊന്നും പറഞ്ഞില്ല.


മായയുടെ സ്വഭാവം അങ്ങനെയാണു. ഭർത്താവിനെ എതിർത്ത് അവൾ ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെപറഞ്ഞ് അവൾക്ക് ശീലമില്ലായിരുന്നു. മാത്രമല്ല, സ്വന്തമായി ഒരു ഉടുപ്പു വേണമെന്നോ പുറത്തുപോയി ഭക്ഷണം കഴിക്കണമെന്നോ സിനിമ കാണണമെന്നോ അവൾ ആവശ്യപ്പെട്ടിട്ടില്ല.  വെള്ളിയാഴ്ച്ചകളിൽ വിനോദിനു പുറത്തുപോകണം, സിനിമ കാണണം എന്നു തോന്നിയാൽ അവൾ കൂടെപ്പോവും. അയാൾക്ക് കൂട്ടുകാരുമൊത്ത് വെളിയിൽപ്പോയി കള്ളുകുടിക്കണം എന്നു തോന്നിയാൽ അവൾ വീട്ടിലിരിക്കും. ദുബൈ നഗരത്തിലെ ഒരു സ്ഥാപനത്തിൽ  അയാൾക്ക് ആറുദിവസവും ജോലിയായിരുന്നു. നഗരത്തിനു പുറത്ത്, ചുരുങ്ങിയ വാടകയുള്ള ഒരു ഫ്ലാറ്റിലായിരുന്നു അവർ ജീവിച്ചിരുന്നത്. നഗരത്തിലേക്കുള്ള ട്രാഫിക്കിനെ തോൽപ്പിക്കാൻ അയാൾ അതിരാവിലെ എഴുന്നേറ്റു ജോലിക്ക് പോകും. മായ കുട്ടികളുടെ കാര്യങ്ങൾ നോക്കിയും പാചകം ചെയ്തും റേഡിയോ കേട്ടും ടിവിയിൽ ഒരേ സിനിമകൾ ആവർത്തിച്ചുകണ്ടും വീട്ടിലിരിക്കും. വിനോദ് രാത്രി അത്താഴത്തിനു സമയത്ത് വീട്ടിലെത്തും.  ഫ്ലാറ്റുജീവിതം, രണ്ട് മക്കളുടെ പഠനം, ട്യൂഷൻ, പരീക്ഷകൾ, ചെറിയ രോഗങ്ങൾ, വേനലവധിക്ക് നാട്ടിൽപ്പോക്ക്, ചുരുക്കം കൂട്ടുകാർ, കാശ് മിച്ചം പിടിക്കൽ, ഇതേ അച്ചിൽ വാർത്ത ലക്ഷക്കണക്കിനു പ്രവാസി കുടുംബങ്ങളിൽ ഒന്നായിരുന്നു അവരുടേത്.


ദുബൈ നഗരത്തിൽ നിന്നും രണ്ടര മണിക്കൂർ അകലെയായിരുന്നു മരുഭൂമിയിലെ ഹോട്ടൽ. പാതി ദൂരം കഴിഞ്ഞപ്പോൾ റോഡ് മെലിഞ്ഞ് നടുവരിയില്ലാത്ത ഒറ്റവരിപ്പാതയായി. എതിരെനിന്ന്  എണ്ണകയറ്റിയ കൂറ്റൻ ട്രക്കുകൾ വരിവരിയായി വരുന്നു. അവയുടെ രൂപം തടാകത്തിലെന്നപോലെ വേനലിൽ പൊള്ളിയ റോഡിൽ പ്രതിഫലിക്കുന്നു. ട്രക്കുകളുടെ പ്രതിബിംബങ്ങൾ ആടിയാടിവരുന്നു. പാതയിൽ പലയിടത്തും മരുഭൂമിയിൽ നിന്ന് മണൽ കയറിക്കിടക്കുന്നു. കാറ്റടിച്ച് കയറുന്നതാണു. തൊഴിലാളികൾ മണൽ കോരിക്കളയാതെ കുറച്ചുനാൾ വിശ്രമിച്ചാൽ റോഡിനെ മരുഭൂമി വിഴുങ്ങിക്കളയും. ഇരുവശത്തും മരുഭൂമിയല്ലാതെ പ്രത്യേകിച്ച് കാഴ്ച്ചകളൊന്നുമില്ലാത്ത യാത്രയായിരുന്നു അത്.


മരുഭൂമിയുടെ മദ്ധ്യത്തിലൂടെയുള്ള റോഡ് ഏറെദൂരം ചെന്നപ്പോൾ ഹോട്ടലിന്റെ പരസ്യപ്പലകകൾ കണ്ടുതുടങ്ങി. ഒരിടത്ത് മെയിൻ റോഡിൽ നിന്ന് വലത്തേക്കു വളയാൻ ബോർഡ് വെച്ചിരുന്നു.  ഒട്ടകലായങ്ങൾക്കും ഈന്തപ്പനത്തോട്ടങ്ങൾക്കും ഇടയിലൂടെയുള്ള വഴിയായിരുന്നു അത്. ഈന്തപ്പനത്തോട്ടങ്ങൾക്കു ശേഷം വീണ്ടും മരുഭൂമി, മണലിന്റെ വലിയ കുന്നുകൾ. അതിനിടയിലൂടെ വളഞ്ഞുപോകുന്ന റോഡ്. വീണ്ടും കുറെ ചെന്നപ്പോൾ വഴിയുടെ അറ്റത്ത് ഹോട്ടൽ കണ്ടു.


ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഹോട്ടലായിരുന്നു അത്. നീന്തൽക്കുളവും കുളിമുറിയിൽ കുളിത്തൊട്ടിയും മറ്റുമുണ്ട്. പക്ഷേ പുറം ലോകത്തേയ്ക്ക് ഫോൺ വിളിക്കാൻ പറ്റില്ല. അത്യാവശ്യ ഘട്ടങ്ങളിൽ ഹോട്ടൽ ലോബിയിൽ ചെന്നാൽ അവർ സഹായിക്കും. മുറികളിൽ  ഇന്റർനെറ്റ് ബന്ധമില്ല. മൊബൈൽ ഫോണിനു റേഞ്ച് ഇല്ലാത്ത പ്രദേശമായിരുന്നു. ഹോട്ടലിനു പിൻവശത്ത് നീന്തൽക്കുളവും നീന്തൽക്കുളത്തിനു പിന്നിൽ മരുഭൂമിയും. അവിടെ ഒട്ടകപ്പുറത്തുകയറിയും നാലുചക്രങ്ങളുള്ള ബൈക്ക് മരുഭൂമിയിലൂടെ ഓടിച്ചുകളിച്ചും പട്ടം പറത്തിയും മറ്റ് സഞ്ചാരികളെപ്പോലെ അവരും പകൽ ചിലവഴിച്ചു. അത്താഴത്തിനു ശേഷം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത കുട്ടികൾ ടിവിയിൽ വെറുതേ ചാനൽ മാറ്റിക്കൊണ്ടിരുന്നു. വിനോദ് ഒറ്റക്കിരുന്ന് മദ്യപിച്ചുതുടങ്ങി. മായ ഹോട്ടൽ മുറിയുടെ ബാൽക്കണിയിൽ നിന്ന് മരുഭൂമിയെ നോക്കി. ഇരുട്ടിൽ മരുഭൂമിയും ആകാശവും കറുത്തുകിടന്നു. പാതി വിസ്കി നിറച്ച ഗ്ലാസും പിടിച്ചുകൊണ്ട് വിനോദ് ബാൽക്കണിയിലേക്ക് വന്നു.


"ഹോട്ടലിലെ പ്രകാശം കാരണമാണു ആകാശവും കറുത്തുകിടക്കുന്നത്. ചിതറിയ വെളിച്ചത്തിൽ നക്ഷത്രങ്ങൾ കാണാൻ പറ്റില്ല. നഗരത്തിലെ പൊടിയും വാഹനങ്ങളുടെ പുകയും  കൊണ്ട് നമ്മൾ എന്നും കാണുന്ന ആകാശത്തിനു ചാരനിറമല്ലേ. എന്നാൽ ഇവിടെ അങ്ങനെയല്ല. കലർപ്പില്ലാത്ത ആകാശമാണു. മരുഭൂമിയിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ, ഈ ഹോട്ടലിന്റെ പ്രകാശത്തിൽ നിന്നും അല്പം അകലെപ്പോയാൽ ഒരുപാട് നക്ഷത്രങ്ങളെക്കാണാം. ഇവിടെ ഇരുന്നിട്ട് എന്തു ചെയ്യാനാണു? നമുക്ക് മരുഭൂമിയിൽപ്പോയി നക്ഷത്രങ്ങളെക്കാണാം. മണലിൽ കിടന്നിട്ടു വന്നാലോ?"


മദ്യപിച്ചു തുടങ്ങിയാൽ വിനോദ് നല്ല മനുഷ്യനാണു. സ്നേഹമുള്ള മനുഷ്യനാണു. ഒരുപാട് സംസാരിക്കും. മക്കൾക്ക് രണ്ടുപേർക്കും ഹോട്ടൽ മുറിയിൽ നിന്നും പുറത്തിറങ്ങാൻ താല്പര്യമില്ലായിരുന്നു. അയാൾ അവരെയും നിർബന്ധിച്ച് സമ്മതിപ്പിച്ചു. ഇരുട്ടത്ത് ഉപയോഗിക്കാൻ  ടോർച്ച്, നിലത്തുകിടക്കാൻ പായ, മരുഭൂമിയിലിരുന്ന് കഴിക്കാൻ ബിസ്കറ്റ്, കുട്ടികൾക്ക് കുടിക്കാൻ ജ്യൂസ്, വിനോദിനു വിസ്കി, ഇതെല്ലാം എടുത്തുകൊണ്ട് അവർ ഹോട്ടലിനു പിന്നിലേക്ക് നടന്നു.


രാത്രിയിലെ മണലിനു ഇളംചൂടായിരുന്നു. മരുഭൂമിയിൽ അല്പം ഉള്ളിലേക്ക് നടന്നതോടെ ഹോട്ടലിൽ നിന്നുള്ള വെളിച്ചം ഒരു മണൽത്തിട്ടയ്ക്കു പിന്നിൽ മറഞ്ഞു. നിരപ്പുള്ള ഒരു സ്ഥലത്ത് അവർ പായ വിരിച്ചു. മലർന്നുകിടന്നപ്പോൾ പ്രതീക്ഷിച്ചതുപോലെ തെളിഞ്ഞ ആകാശത്തിൽ ആയിരക്കണക്കിനു നക്ഷത്രങ്ങളെ കാണാമായിരുന്നു. ആകാശത്തേക്ക് നോക്കിയിട്ട് എത്ര നാളായി എന്ന് മായ ഓർത്തു. നഗരത്തിൽ കെട്ടിടങ്ങൾ വെട്ടിമുറിച്ച ചതുരാകാശം. ഇവിടെ കുടപോലെ നിവർത്തിവെച്ച നീലാകാശം.


മകനാണു കൊള്ളിയാൻ മിന്നുന്നത് കണ്ടത്. "അച്ഛാ ദേ ഒരു നക്ഷത്രം താഴെവീഴുന്നു". പക്ഷേ മറ്റുള്ളവർ തലതിരിച്ചപ്പൊഴേക്കും അത് മറഞ്ഞിരുന്നു. "നക്ഷത്രമല്ല, ഉൽക്കകളുടെ കഷണങ്ങൾ അന്തരീക്ഷത്തിൽ കത്തിയെരിയുന്നതാണു. പ്രപഞ്ചത്തിന്റെ ചീളുകളെ ഭൂമിയുടെ ഗുരുത്വാകാർഷണം വലിച്ചുകൊണ്ടുവരുന്നതാണു". വിനോദ് തിരുത്തിക്കൊടുത്തു. മകളും ഒരു കൊള്ളിയാനെ കണ്ടതോടെ കുട്ടികൾക്ക് ഉന്മേഷമായി. മായ നോക്കിയ ദിക്കിലൊന്നും കൊള്ളിയാനില്ലായിരുന്നു. അപ്പോൾ ആകാശത്തെ കീറിക്കൊണ്ട് ഒരു വലിയ കൊള്ളിയാൻ പാഞ്ഞു. പടിഞ്ഞാറുനിന്നും കിഴക്കോട്ട് പാറുന്ന വലിയ ഒരു തീപ്പന്തത്തെപ്പോലെ അത് മരുഭൂമിയെ പ്രകാശിപ്പിച്ചു. എന്നിട്ട് നിലം തൊടും മുൻപേ ചക്രവാളത്തിന്റെ അരികിൽ കത്തിത്തീർന്നു.


ആ വെളിച്ചത്തിൽ അല്പദൂരം മുന്നിലെ മണൽക്കുന്നിൻ മുകളിൽ ഒരാൾ നിൽക്കുന്നത് അവർ കണ്ടു. കൈകൾ അരയിൽ കുത്തി ഇരുളിലേക്ക് നോക്കിക്കൊണ്ട് ഒരാൾ അനങ്ങാതെ നിൽക്കുന്നു. "ഞാനൊന്നു പോയി നോക്കിയിട്ടു വരാം". വിനോദ് പറഞ്ഞു. മായ എന്തെങ്കിലും പറയുന്നതിനു മുന്നേ വിനോദ് വിസ്കി കുപ്പിയുമെടുത്ത് മക്കളെയും വിളിച്ച് അയാൾക്കു നേരെ നടന്നു. കൊള്ളിയാനെ ചൂണ്ടയിടാനെന്നപോലെ നിൽക്കുന്ന ആ മനുഷ്യന്റെ ഏകാന്തതയെ ഉടയ്ക്കാൻ മായക്കു താല്പര്യമില്ലായിരുന്നു. പക്ഷേ വിനോദിനു കള്ളും പൂവിട്ട ആകാശവും തലക്കുപിടിച്ചിരുന്നു.  കുറച്ചുകഴിഞ്ഞ് കുന്നിനു മുകളിൽ നിന്ന് മകൻ ഓടിവന്നു. "പായ എടുത്തോണ്ട് വരാൻ അച്ഛൻ പറഞ്ഞു" എന്നു വിളിച്ചുപറഞ്ഞ് തിരിച്ചോടിപ്പോയി.  



മണൽക്കുന്നു നടന്നുകയറാൻ പ്രയാസമാണു. ഒരടി മുന്നിലേക്കു വെക്കുമ്പോൾ അരയടി ഊർന്ന് താഴേക്കു വരും. പ്രയാസപ്പെട്ട് മായ കുന്നിനു മുകളിലേക്ക് കയറിച്ചെല്ലുമ്പോൾ വിനോദ് ആ മനുഷ്യനെ പരിചയപ്പെടുത്തി. ഒമാർ. വെളിച്ചം കുറവായതുകൊണ്ട് അയാളുടെ മുഖം കാണാൻ വയ്യ. പൊക്കമുള്ള ഈജിപ്തുകാരൻ. "കേട്ടോ മായേ, ഒമാർ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല". വിനോദല്ല, മദ്യമാണു സംസാരിക്കുന്നത് എന്ന് അവൾക്കു തോന്നി. ഒരാളെ അയാളുടെ സ്വകാര്യതയിൽ കടന്നുകയറി പരിചയപ്പെടുക. എന്നിട്ട് അതിലും സ്വകാര്യമായ കാര്യങ്ങൾ ചുഴിഞ്ഞു ചോദിക്കുക. അവ വിളിച്ചുപറയുക.  "ക്ഷമിക്കൂ, താങ്കളുടെ സ്വകാര്യത ഞങ്ങൾ നശിപ്പിച്ചു" - അവൾ പറഞ്ഞു.


ഏയ്, അത് സാരമില്ല. എനിക്കു സന്തോഷമേയുള്ളൂ. ഞാനിവിടെ ഇടക്കു വരുന്നതാണു. ഈ ഹോട്ടലിന്റെ ഉടമ എന്റെ സുഹൃത്താണു. അതുകൊണ്ട് എനിക്ക് വാടകയൊന്നും കൊടുക്കേണ്ട.


മടുക്കില്ലേ? വിനോദ് ചോദിച്ചു.


ഇല്ല, എനിക്ക് ഒറ്റക്കിരിക്കാൻ ഇഷ്ടമാണു. അതിനു പറ്റിയ സ്ഥലമാണു ഈ ഹോട്ടൽ. തെറ്റിദ്ധരിക്കരുത്, നിങ്ങൾ എന്റെകൂടെയിരിക്കുന്നതിൽ എനിക്കൊരു വിരോധവുമില്ല.


അതാണോ നിങ്ങൾ വിവാഹം കഴിക്കാത്തത്?


അയാൾ ചിരിച്ചു. ഏയ്, അങ്ങനെയൊന്നുമില്ല. വിവാഹം കഴിക്കണമെന്ന് തോന്നിയില്ല. അതുകൊണ്ട് വിവാഹം കഴിച്ചില്ല. അത്രേയുള്ളൂ.


ഇനിയും ആവാമല്ലോ. മനുഷ്യൻ ഒറ്റക്കു ജീവിക്കേണ്ടവനല്ല. ഒരു ജീവിയും ഒറ്റക്കായിപ്പോവരുത്. ഇതൊക്കെ പ്രകൃതിയിലെ നിയമങ്ങളല്ലേ, ഒറ്റക്കുള്ളവർ പെട്ടെന്ന് തീർന്നുപോവും. എന്തെങ്കിലും മിണ്ടാനും പറയാനും ആരെങ്കിലും വേണ്ടേ?  


അതൊക്കെ ശീലങ്ങളല്ലേ. മിണ്ടാതെയും പറയാതെയും കുറെ നാൾ ജീവിച്ചാൽ ആ ജീവിതം ശീലമായ്ക്കോളും. നഗരത്തിൽത്തന്നെ തിരക്കിൽ നിന്നൊഴിഞ്ഞ ഒരിടത്താണു ഞാൻ ജീവിക്കുന്നത്.


ശീലമായ്ക്കോളും എന്നതുകൊണ്ട് ആയില്ലല്ലോ. ഒറ്റയ്ക്കാവൽ ഒരുതരം സ്വയംപീഢയല്ലേ? നിങ്ങൾക്ക് വയസാവുമ്പൊഴെങ്കിലും ആരെങ്കിലും വേണ്ടേ?


കുട്ടികൾ മണൽക്കുന്നിൽ ഊർന്നിറങ്ങിക്കളിക്കുന്നു. ആകാശത്ത് കൊള്ളിമീൻ തിളങ്ങി. ഒമാർ കുറച്ചുനേരം മിണ്ടാതിരുന്നിട്ട് പറഞ്ഞു -  ഒരാളോടൊത്ത് ജീവിക്കണമെങ്കിൽ നിങ്ങൾക്ക് അയാളെ സ്നേഹിക്കാൻ പറ്റണം. സ്നേഹം എന്നത് ഒരു കൊടുക്കൽ വാങ്ങൽ പരിപാടിയല്ലല്ലോ. എനിക്ക് ഒരുപാട് സ്നേഹിക്കാതെ ആരെയും വിവാഹം കഴിക്കണമെന്നില്ലായിരുന്നു. അങ്ങനെ ഒരാളെയും എനിക്ക് ഒരുപാട് സ്നേഹിക്കാൻ പറ്റില്ല.


വിനോദ് മായയെ നോക്കി, മണലിൽ പരതിക്കൊണ്ടിരുന്ന അവളുടെ വിരലുകളിൽ പിടിച്ചു.  നോക്കു, ഞാനെന്റെ ഭാര്യയെ സ്നേഹിക്കുന്നു. മക്കളെ സ്നേഹിക്കുന്നു. മാതാപിതാക്കളെ സ്നേഹിക്കുന്നു. ചുറ്റുമുള്ള എല്ലാവരും സ്നേഹിക്കുന്നില്ലേ? നിങ്ങൾ തന്നെ അറിയാതെ പലരെയും സ്നേഹിക്കുന്നുണ്ടാവും. ആരെയും സ്നേഹിക്കാൻ പറ്റില്ല എന്ന് നിങ്ങൾക്ക് എങ്ങനെയാണു പറയാൻ പറ്റുക?


ക്ഷമിക്കൂ, നിങ്ങളുടെ സ്നേഹത്തെപ്പറ്റി പറയാൻ ഞാനാളല്ല. എങ്കിലും സ്വാർത്ഥതയില്ലാതെ സ്നേഹിക്കാൻ, എന്നെക്കാൾ കൂടുതൽ മറ്റൊരാളെ സ്നേഹിക്കാൻ എനിക്കു പറ്റില്ല. ക്ഷമിക്കണം.


അയാൾക്ക് ആ സംഭാഷണം തുടരാൻ താല്പര്യമില്ലെന്ന് വ്യക്തമായിരുന്നു. പക്ഷേ വിനോദിനു നിർത്താൻ ഭാവമില്ലായിരുന്നു. വിനോദ് കുപ്പിയിൽ നിന്നും നേരെ വിസ്കി കുടിച്ചു. നോക്കു ഒമാർ. ഞാൻ നിങ്ങളുടെ മുഖം പോലും കാണുന്നില്ല. ഞങ്ങളിവിടെ ആദ്യമായി വരുന്നു, ഒരുപക്ഷേ അവസാനമായും. നമ്മൾ ഈ വഴിയിൽ വെച്ചു കണ്ടുമുട്ടുന്ന രണ്ട് അപരിചിതരാണു. രണ്ടല്ല, മൂന്നുപേർ. നമ്മളിനി കാണാൻ പോകുന്നില്ല. കടൽത്തീരത്ത് വരയ്ക്കുന്ന വരപോലെയാണു നിങ്ങൾ എന്നോടു സംസാരിക്കുന്നത്. മാഞ്ഞുപോകും. നിങ്ങളുടെ എന്തെങ്കിലും രഹസ്യം എന്നോടു പറയണമെന്നല്ല ഞാൻ പറയുന്നത്. സംസാരിക്കാൻ തോന്നുന്നെങ്കിൽ മാത്രം - എന്തുകൊണ്ട് ഇത്ര നെഗറ്റീവ് ആകുന്നെന്നു പറയൂ.


"രഹസ്യമൊന്നുമില്ല. ഒമാർ പറഞ്ഞു. എന്റെ നാട്ടുകാർക്കും വീട്ടുകാർക്കും അറിയാവുന്ന കാര്യങ്ങളാണു. കേൾക്കുന്നവർക്ക് വിഷമമുണ്ടാകും. എന്നാലും കേട്ടോളൂ." അയാൾക്ക് വിനോദ് വിസ്കി നീട്ടി. ഒമാർ കൈകൊണ്ട് വേണ്ടെന്ന് ആംഗ്യം കാണിച്ചു, പറഞ്ഞുതുടങ്ങി.


എനിക്കൊരു സഹോദരിയുണ്ട്. എന്നെക്കാൾ പത്തുവയസിനു മൂത്തവൾ. അവൾക്ക് ഒരു കുഞ്ഞുണ്ടായിരുന്നു. സല്മ. ആ കുഞ്ഞിന്റെ ആകെയുള്ള അമ്മാവൻ ഞാനാണു.  സല്മയ്ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു.  എനിക്ക് സല്മയെയും. ഞാനായിരുന്നു അവൾക്ക് ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്തിരുന്നത്. അവൾ ഏറ്റവും ഇഷ്ടപ്പെട്ട ബന്ധു ഞാനായിരുന്നു. കുട്ടിക്കാലത്തേ അവൾ നീന്തൽ പഠിച്ചു. ഞങ്ങൾ ഒരുമിച്ച് നീന്തുമായിരുന്നു. സല്മയ്ക്ക് എട്ടുവയസുള്ളപ്പോൾ ഞാനും സല്മയും കൂടെ കടൽത്തീരത്ത് പോയി. കടൽ അല്പം പ്രക്ഷുബ്ദമായിരുന്നു. നീന്താൻ ഇറങ്ങണ്ട എന്ന് ഞാൻ പറഞ്ഞു, എന്നിട്ടും അവൾ നിർബന്ധം പിടിച്ചു. ഒടുവിൽ ഞങ്ങൾ അര വരെ വെള്ളത്തിലിറങ്ങാം എന്നു തീരുമാനിച്ചു.


വെള്ളത്തിനു തണുപ്പായിരുന്നു. കുറച്ചുനേരം നിന്നപ്പോൾ ഞാൻ തിരിച്ചുപോകാം എന്നു പറഞ്ഞു. അവൾ കൂട്ടാക്കിയില്ല. തിരിച്ചു നടന്ന് ഞാൻ കരയിൽ കയറി. പിറകേ അവൾ വരുമെന്ന് എനിക്കുറപ്പായിരുന്നു. അപ്പോൾ വലിയ ഒരു തിര അടിച്ചുകയറുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ അവളെ തിര വലിച്ചുകൊണ്ടുപോകുന്നു. കടൽ പെട്ടെന്ന് പ്രക്ഷുബ്ദമായി. കൂറ്റൻ തിരകൾ അലച്ചുവരുന്നു. ഞാൻ നോക്കുമ്പോൾ അവൾ ഒരു തിരയിൽ നീന്തി പൊങ്ങിവരുന്നു, ഒരു കൈ മാത്രം ഉയർന്നുവന്നു. എന്നിട്ട് അപ്രത്യക്ഷമായി.


വിനോദ് ഒന്നും മിണ്ടിയില്ല. മായ അയാളുടെ മുഖത്തേക്കു നോക്കി. ഒമാർ തല താഴ്ത്തിയിരുന്നു. എന്നിട്ട് വീണ്ടും പറഞ്ഞു:


നോക്കു, ഞാനൊരു നല്ല നീന്തൽക്കാരനാണു. കടലിലേക്ക് കിലോമീറ്ററുകളോളം നീന്തി തിരിച്ചുവന്നിട്ടുള്ള ആളാണു ഞാൻ. എന്നിട്ടും അവളെ തിരയടിച്ചുകൊണ്ടു പോയപ്പോൾ, നിങ്ങൾ വിശ്വസിക്കുമോ, ഞാൻ തീരത്ത് പാറപോലെ ഉറച്ചുനിന്നു. ഇതിനെ നിങ്ങൾ എങ്ങനെ വിശദീകരിക്കും?


കടൽ അത്ര പ്രക്ഷുബ്ദമായിരിക്കും. വിനോദ് പറഞ്ഞു. നിങ്ങളും കൂടെ ചാടിയെങ്കിൽ ഒരു മരണത്തിനു പകരം രണ്ട് മരണങ്ങൾ. ഒരുപക്ഷേ നിങ്ങൾ അത് തിരിച്ചറിഞ്ഞുകാണും.


നിങ്ങൾ പറഞ്ഞത് ശരിയാണു. ചാടിയാൽ രക്ഷപെടില്ല - അതായിരുന്നു എന്റെ തോന്നൽ. കടൽക്ഷോഭത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ചാടിയവരിൽ ഏകദേശം എല്ലാവരും മരിച്ചുപോയിട്ടേയുള്ളൂ. നീന്തലറിയാവുന്നതുകൊണ്ട് കാര്യമില്ല. പ്രായോഗികമായി ചിന്തിക്കുകയാണെങ്കിൽ അതാണു ശരി. നടന്നതറിഞ്ഞപ്പോൾ സല്മയുടെ അമ്മ - എന്റെ പെങ്ങൾ - അവൾ പോലും എന്നെ കുറ്റം പറഞ്ഞില്ല. കുടുംബത്തിൽ ആരും തന്നെ - നീയും ചാടാമായിരുന്നില്ലേ എന്ന് ചോദിച്ചില്ല. അവർക്കറിയാമായിരുന്നു ഒന്നും ചെയ്യാൻ പറ്റില്ലെന്ന്. പക്ഷേ.. നോക്കു, ഒരുപക്ഷേ ഞാനും ചാടിയാൽ അവളെ രക്ഷിക്കാനുള്ള, തിരയിൽ ഊളിയിട്ട് അവളെ വലിച്ച് കരയിലേക്കിടാനുള്ള, പത്തുശതമാനം സാദ്ധ്യതയെങ്കിലും ഉണ്ടായിരുന്നില്ലേ? പത്തു വേണ്ട, ഒരു ശതമാനം എങ്കിലും? എന്നിട്ടും ഞാൻ ചാടിയില്ല.


വിനോദ് കുറെ നേരം മിണ്ടാതിരുന്നു. ആ രംഗം വിനോദ് മനസിൽ കാണുകയായിരുന്നിരിക്കണം. അടിത്തട്ടിലെ മണ്ണ് കലക്കിയെടുത്ത് ചുവന്ന കടൽ. അത് വലിച്ചുകൊണ്ടുപോകുന്ന കുഞ്ഞിക്കൈപ്പത്തി തിരയിൽ പൊങ്ങിത്താഴുന്നു. ആ കൈ പൊങ്ങിവരുന്നത് പിടിച്ചുകയറ്റാനാണു. പിടിച്ചുകയറ്റേണ്ടയാൾ കരയിൽ ഉറഞ്ഞുപോയിരിക്കുന്നു. അയാൾ കടൽത്തീരത്ത്  ബാക്കിയാവുന്നു.


നോക്കു, ഒരുപക്ഷേ നമ്മുടെ ഉള്ളിലെ മൃഗത്തിനു അറിയുമായിരിക്കും രക്ഷപെടാൻ പറ്റാത്ത അപകടമാണു മുന്നിലെന്ന്. നമ്മുടെ ജൈവചോദന - ജീവിച്ചിരിക്കാനുള്ള പ്രാണന്റെ പിടച്ചിൽ - ചിലനേരം തലച്ചോറിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നു. നിങ്ങൾ അന്ന് ചാടിയിരുന്നെങ്കിൽ രക്ഷപെടാൻ ഒരുശതമാനം സാദ്ധ്യത പോലും ഉണ്ടായിരിക്കില്ല. നിങ്ങളുടെ ശരീരം അത് തിരിച്ചറിഞ്ഞുകാണും. അതാണു നിങ്ങൾക്ക് ചാടാൻ പറ്റാത്തത്. നിങ്ങളുടെ കുറ്റമല്ല.


ഇല്ല. ഞാൻ എന്നെത്തന്നെ കുറ്റം പറയുന്നത് നിർത്തി. മുൻപ് ഞാൻ എന്തുകൊണ്ട് ചാടിയില്ല, എന്തുകൊണ്ട് അവളെ രക്ഷിച്ചില്ല, അവൾ രക്ഷപെടാൻ, ഒരു വലിയ പെൺകുട്ടിയായി വളരാൻ, ജീവിക്കാൻ വിടാൻ അല്പമെങ്കിലും സാദ്ധ്യത ഉണ്ടാകുമായിരുന്നില്ലേ എന്ന ചിന്ത വരുമായിരുന്നു. അതോർത്ത് ഉറങ്ങാൻ കഷ്ടപ്പെട്ട കാലമുണ്ടായിരുന്നു. പക്ഷേ ആ കാലമൊക്കെ കഴിഞ്ഞിട്ട് ഒരുപാടായി. ഇപ്പോൾ ഞാനെന്നെത്തന്നെ കുറ്റം പറയുന്നില്ല. ഞാൻ എന്നെ അറിയുന്നു എന്നേയുള്ളൂ. എനിക്ക് മനസിലായത് ഞാൻ എന്നെക്കാളും ആ കുഞ്ഞിനെ സ്നേഹിച്ചിരുന്നെങ്കിൽ ഞാൻ കടലിൽ ചാടി അവളെ രക്ഷിച്ചേനെ എന്നാണു.


വിനോദ് ഒന്നും പറഞ്ഞില്ല. ചന്ദ്രനെ ഒരു മേഘം വന്നു മറച്ചു. മേഘം നീങ്ങിയപ്പോൾ വീണ്ടും നിലാവു പരന്നു.


നിങ്ങൾക്ക് മനസിലാവുന്നുണ്ടോ എന്നറിയില്ല, എനിക്ക് അവളോട് സ്നേഹമില്ലാഞ്ഞിട്ടല്ല. ഞാൻ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു. എന്റെ മകളെപ്പോലെ. പക്ഷേ അതിലും കൂടുതൽ ഞാനെന്നെ സ്നേഹിച്ചിരുന്നു. അതുകൊണ്ടാണു ഞാൻ ബാക്കിയായത്. ആ തിരിച്ചറിവുള്ളപ്പോൾ ഞാനെങ്ങനെയാണു ഒരു സ്ത്രീയെയോ മറ്റൊരാളെയോ സ്നേഹിക്കുക? അവരെ വിവാഹം കഴിക്കുക?


ഇതൊക്കെ മറക്കാനെങ്കിലും നിങ്ങൾക്ക് ഒരു കൂട്ടുവേണ്ടേ?


ഞാനെന്നെത്തന്നെ മറക്കുന്നത് എന്തിനാണു?


വിനോദിനു അതിനു ഉത്തരമൊന്നുമില്ലായിരുന്നു. കുറച്ചുനേരം മൂന്നുപേരും മിണ്ടാതിരുന്നു. അയാൾ യാത്രപറഞ്ഞ് എഴുന്നേറ്റു. ഞങ്ങളും നടക്കുകയാണു എന്നു പറഞ്ഞ് വിനോദ് കൂടെ നടന്നുതുടങ്ങി. അയാൾ മറുത്തൊന്നും പറഞ്ഞില്ല. മായ കുട്ടികളെയും വിളിച്ച് പിറകേ നടന്നു. ഹോട്ടലിന്റെ മുകളിലത്തെ നിലയിൽ 210-ആം നമ്പർ മുറിയായിരുന്നു അയാളുടേത്. അതും കഴിഞ്ഞ് രണ്ട് മുറികൾ കഴിഞ്ഞിട്ടായിരുന്നു വിനോദിന്റെയും മായയുടെയും മുറി. ശുഭരാതി പറഞ്ഞ് വിനോദും മായയും കുട്ടികളും മുറിയിൽ കയറി കതകടച്ചു.



വിനോദ് ബാൽക്കണിയിലിരുന്ന് കുടിച്ചുകൊണ്ടിരുന്നു. മായ കുട്ടികളെ നിർബന്ധിച്ച് കുളിപ്പിച്ചു.  മുറിയിലെ വെളിച്ചമണച്ച് അവരെ നിർബന്ധിച്ച് ഉറക്കി. മുറിയിൽ രണ്ട് കട്ടിലാണു. വിനോദ് കുടിക്കുന്നത് മതിയാക്കി വസ്ത്രം മാറി കട്ടിലിൽ കിടന്നു. മായയ്ക്ക് ഉറക്കം വന്നില്ല. അവൾ മുറിയുടെ ബാൽക്കണിയിൽ ഇറങ്ങിനിന്നു. ഹോട്ടലിലെ ലൈറ്റുകൾ അണഞ്ഞിരുന്നു. നിലാവെളിച്ചത്തിൽ മരുഭൂമി ദൂരേയ്ക്കു കാണാം. അവൾ അവർ കയറിനിന്ന മണൽക്കുന്നിന്റെ ദിക്കിലേക്കു നോക്കി.


നിലാവ് മരുഭൂമിയുടെ ചില ഭാഗങ്ങളെ പ്രകാശിപ്പിക്കുന്നു. മണൽക്കുന്നുകൾക്ക് അരണ്ട ചുവപ്പുനിറം, മണലിന്റെ താഴ്‌വാരങ്ങളിൽ ഇരുട്ട്. ദൂരെ  കുന്നിന്റെ മുകളിൽ ഇരുണ്ട ഒരു രൂപം നിൽക്കുന്നു. ആകാശത്തിനു കുറുകെ ഒരു കൊള്ളിമീൻ പായുന്നു. അതിന്റെ നിമിഷനേരം നീണ്ടുനിന്ന വെളിച്ചം അയാളെ പ്രകാശിപ്പിച്ചു മറയുന്നു. മണൽക്കുന്നിന്റെ വക്കിൽ നിന്ന് അയാൾ താഴേക്കു നോക്കുന്നു.


അത് അയാൾ തന്നെയോ? അയാൾ തിരികെപ്പോയോ? മായക്ക് ഉറപ്പില്ലായിരുന്നു. അപ്പോൾ മരുഭൂമിയിൽ ഒരു കാറ്റ് പിടിച്ചുതുടങ്ങി. അത് മണൽത്തരികളെ പറപ്പിച്ചു, ദൂരെനിൽക്കുന്ന മനുഷ്യന്റെ രൂപത്തെ കാറ്റ് വിഴുങ്ങി. പൊടിയുടെ ഒരു തിരശ്ശീല പറന്നുവന്നു ഹോട്ടലിനെയും പുൽത്തകിടികളെയും നീന്തൽക്കുളത്തിനെയും പുതപ്പുപോലെ പൊതിഞ്ഞു. കൈ നീട്ടിപ്പിടിച്ചാൽ ആ കൈപോലും കാണാൻ പറ്റാത്തത്ര പൊടിക്കാറ്റ് മായയുടെ കണ്ണിലും വായയിലും അടിച്ചുകയറി. അവൾ കൈ കൊണ്ട് മുഖം പൊത്തി. കാറ്റ് പൂന്തോട്ടത്തിലെ മരങ്ങളെയും കസാരകളെയും ഹോട്ടൽ മുറികളുടെ കണ്ണാടിച്ചില്ലുകളെയും ചാരനിറമുള്ള പൊടികൊണ്ട് മൂടി. കാറ്റ് അടങ്ങി. അന്തരീക്ഷം തെളിഞ്ഞു. അയാൾ അപ്പൊഴും പിറകിൽ കൈകൾ കെട്ടി ദൂരെ എന്തിനെയോ നോക്കി നിൽക്കുന്നു. അയാളുടെ ശരീരത്തിൽ നിന്നും മണൽ മഴപോലെ ഊർന്നുവീഴുന്നു.


വീണ്ടും ഒരു ചെറിയ കാറ്റടിച്ചു. ഇപ്പോൾ പൊടി പറന്നുപൊങ്ങുന്നില്ല. കാറ്റിന്റെ ശക്തി കൂടിവരുന്നു. കാറ്റിൽ മണൽക്കുന്നുകൾ ചലിക്കുന്നു. തിരമാലകളെപ്പോലെ മണൽക്കുന്നുകൾ ഉരുണ്ടുനീങ്ങുന്നു. കാറ്റുപിടിച്ച് മണൽക്കുന്നുകൾ നീങ്ങി ഉയർന്നു പൊങ്ങി മണൽത്തിരകളായി അലച്ചുവീഴുന്നു. അയാൾ നിൽക്കുന്ന മണൽക്കുന്ന് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മഞ്ഞുകട്ടപോലെ അനങ്ങുന്നു. അയാൾക്കു ചുറ്റും മണൽത്തിരകൾ തല്ലിപ്പരക്കുന്നു. ദൂരെനിന്ന് വലിയ മണൽത്തിരകൾ ഉയരത്തിൽ ഉരുണ്ടുവരുന്നു. അയാൾക്ക് അടുത്തെത്തുന്നതിനു മുന്നേ ചിതറിത്തെറിക്കുന്നു. നക്ഷത്രങ്ങൾ മറഞ്ഞുപോയി. ചാരനിറമുള്ള ആകാശത്തെ വലിയൊരു കൊള്ളിയാൻ കീറുന്നു. ഒരു വലിയ മണൽത്തിര ഒഴുകിപ്പരക്കുന്നതുകണ്ട് അയാൾ അതിലേക്ക് എടുത്തുചാടി. പേടിയില്ലാതെ നീന്തുന്ന മനുഷ്യൻ ഒരു കുഞ്ഞിക്കൈ തിരഞ്ഞ് ഊളിയിടുന്നു. അയാൾ നിന്ന കുന്നിൽ കാറ്റുപിടിച്ചു, ഒരു വലിയ മണൽത്തിരമാല വന്ന് കുന്നിനെയും വിഴുങ്ങി. വന്നതുപോലെ പെട്ടെന്ന് കാറ്റു നിലച്ചു. കുന്നുകളും കുഴികളുമില്ലാതെ പരന്നുകിടക്കുന്ന മരുഭൂമി. അതിൽ നിന്ന് മണൽ നനഞ്ഞ ഉടൽ കുടഞ്ഞ് അയാൾ കയറിവരുമെന്നു കാത്ത് അവൾ ഒരുപാടുനേരം നിന്നു, പക്ഷേ മരുഭൂമി അടങ്ങിക്കിടന്നു.


അവൾ മട്ടുപ്പാവിൽ നിന്ന് മുറിയിലേക്കു കയറി. കണ്ണാടിവാതിലടച്ചു, കർട്ടൻ ഇട്ടപ്പോൾ മുറിക്കകത്തെ ഇരുട്ടിൽ ഒന്നും കാണാതായി. ചെറിയ മേശവിളക്ക് തെളിച്ച് അവൾ ഇരട്ടക്കട്ടിലുകളിൽ ഒന്നിൽ നെടുകെയും കുറുകെയും കിടന്നുറങ്ങിയ മക്കളെ ഓരോന്നിനെയും പൊക്കിയെടുത്ത് ഭർത്താവ് കിടക്കുന്ന കട്ടിലിലേക്ക് കിടത്തി. കൂർക്കം വലിക്കാതെ കണ്ണടച്ചുകിടക്കുന്ന ഭർത്താവ് ഉറങ്ങുകയല്ലെന്ന് അവൾക്കു തോന്നി. അവൾ ഒറ്റക്ക് കട്ടിലിൽ വന്നുകിടന്ന് പുതപ്പ് തലവഴിയേ മൂടി.  


പുതപ്പിനു മുകളിൽക്കൂടെ തടിച്ച കൈ ഇഴയുന്നു. അത് അവളുടെ പുതപ്പ് വലിച്ചുമാറ്റി. മദ്യത്തിന്റെയും ദഹിക്കാത്ത ഭക്ഷണത്തിന്റെയും മണമുള്ള ചുണ്ടുകൊണ്ട് ഭർത്താവ് അവളെ ഉമ്മവെച്ചു തുടങ്ങി. വേണ്ട, വേണ്ട - എതിർത്തപ്പോൾ അയാൾ അവളുടെ ചുണ്ടിൽ ഉമ്മവെച്ചു. കുത്തിയൊഴുകുന്ന നദിയിൽ നിന്ന് പൊങ്ങുതടിയിൽ പിടിച്ചുകയറിയ ഒരു പെരുമ്പാമ്പിനെപ്പോലെ അയാൾ അവളെ ചുറ്റിവരിയാൻ തുടങ്ങി. മീശരോമങ്ങൾ വയറിലും മുലയിലും കുത്തി അവളെ വേദനിപ്പിച്ചു. അവൾക്ക് അറച്ചു. പ്ലീസ്, ഇന്നു വേണ്ട, എനിക്ക് ഒരു മൂഡും ഇല്ല. അയാൾ അത് കേൾക്കാതെ അവളുടെ അടിവസ്ത്രങ്ങളൂരി. സ്നേഹമില്ലാത്ത രതി. മദ്യപന്റെ അന്തമില്ലാത്ത രതി. ഒരു മരംകൊത്തിയായി അയാൾ അവളുടെ ശരീരത്തെ കൊത്തി വേദനിപ്പിക്കുന്നു. മരത്തിൽ പോടുണ്ടാക്കി അതിൽ മരംകൊത്തി മുട്ടയിടുന്നതുപോലെ അയാൾ ബീജങ്ങൾ നിക്ഷേപിക്കുന്നു.


രതികഴിഞ്ഞു. നിമിഷനേരം കൊണ്ട് അയാൾ ഉറങ്ങിപ്പോയി. അവളുടെ മുകളിൽത്തന്നെക്കിടന്ന് കൂർക്കം വലിച്ചുതുടങ്ങിയ അയാളെ അവൾ തള്ളി അരികിലേക്കു കിടത്തി. കുളിമുറിയിൽച്ചെന്ന് തോർത്തുനനച്ച് അയാളെ തുടച്ചുവൃത്തിയാക്കി ഊരിയിട്ട ഷോർട്ട്സ് ധരിപ്പിച്ചു, പുതപ്പുകൊണ്ട് മൂടി. എന്നിട്ട് അവൾ കുളിമുറിയിൽ കയറി ദീർഘനേരം ചൂടുവെള്ളത്തിൽ കുളിച്ചു, ശരീരത്തിൽ പറ്റിപ്പിടിച്ച മണൽ കഴുകിക്കളഞ്ഞു. അവൾ പുറത്തുവന്ന് കുട്ടികളെ നോക്കി. അവർ ശാന്തമായി ഉറങ്ങുന്നു. അവൾ പെട്ടിതുറന്ന് അവളുടെ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും എടുത്തു. അവ ഒരു പ്ലാസ്റ്റിക്ക് കവറിൽ നിറച്ചു. ഫോൺ ചാർജ്ജറും അവളുടെ തുകൽ ബാഗും എടുത്തു. എന്നിട്ട് ഒരിക്കൽക്കൂടി കുട്ടികളെ നോക്കിയിട്ട് മുറിയിൽ നിന്നിറങ്ങി. ഒമാറിന്റെ മുറിയുടെ മുന്നിൽ നിന്നു. വാതിലിൽ മുട്ടണമോ എന്ന് ചിന്തിച്ച് കുറച്ചുനേരം ആ മുറിയുടെ മുന്നിൽത്തന്നെ നിന്നു. ഒടുവിൽ ശബ്ദമില്ലാതെ തള്ളി. വാതിൽ തുറന്നുകിടക്കുകയായിരുന്നു. അവൾ അകത്തുകടന്നു.


കട്ടിലിൽ ഒരു വശത്തേക്കു ചരിഞ്ഞ് ഒമാർ ഉറങ്ങുന്നു. ഷർട്ട് ഇല്ലാത്ത ശരീരം. ഷേവ് ചെയ്യാത്ത മുഖത്തെ കുറ്റിരോമങ്ങളിൽ ചിലത് നരച്ചിട്ടുണ്ട്. കൈകളിൽ പച്ച കുത്തിയിരിക്കുന്നു. ഒട്ടിയ വയറും കൊഴുപ്പില്ലാത്ത ശരീരവും. കഴുത്തിൽ വെള്ളിമാല. കണ്ണുകളടച്ച് ശാന്തമായി, നിശബ്ദമായി ഉറങ്ങുന്ന മനുഷ്യൻ. അയാളുടെ ശരീരത്തിൽ മണൽ പറ്റിപ്പിടിച്ചിട്ടുണ്ടോ എന്ന് അവൾ നോക്കി. ചെറിയ ചുണ്ടുകൾ, കട്ടിയുള്ള പിരികം. മുകളിലേക്ക് ചീകിവെച്ച മുടി. അവൾ കണ്ണടച്ചു. മരത്തിൽ നിന്ന് ഒരു ഇല അടർന്നു വീഴുന്നത്ര മൃദുവായി, മൃദുലമായി അവൾ കവിളിൽ ചുംബിച്ചു. അപ്പോൾ ഒമാർ കൺതുറന്നു.

യൂസഫ്

റാഖയിൽ സമയം വൈകിട്ട് നാലുമണി. ഇന്ന് യൂസഫ് ഗമാലിന്റെ വിവാഹമാണ്. ഈ വീട് നോക്കൂ, ഇവിടെ ഇന്നൊരു വിവാഹമുണ്ടെന്ന് പറയില്ല. മണ്ണിന്റെ നിറമുള്ള വീടിനു മുൻപിൽ കസേരകളും ഒരു പഴയ സോഫയും നിരത്തിയിരിക്കുന്നു. ഏതോ ആക്രമണത്തില്‍ വെടിച്ച ചുമരിലെ വിള്ളലുകൾ സിമന്റ് തേച്ച് അടച്ചിട്ടുണ്ട്. ഡെക്കറേഷൻ ലൈറ്റ് തൂക്കിയിട്ടുണ്ടെങ്കിലും കത്തിച്ചിട്ടില്ല. വീടിനു മുന്നിൽ കുറച്ച് ആണുങ്ങള്‍ കൂടി നിൽക്കുന്നുണ്ട്. യൂസഫിന്റെ മുത്തച്ഛന്‍, അച്ഛൻ, സഹോദരന്മാർ, കുറച്ച് കൂട്ടുകാർ. അത്രമാത്രം. ഐസിസിന്റെ ഭരണത്തിൽ സാധാരണക്കാരുടെ വിവാഹങ്ങൾ ഇങ്ങനെയൊക്കെയാണു.


ഇപ്പോൾ വധു മിർയം അബ്ദല്ല അവളുടെ അച്ഛനും അനിയനും അമ്മയുമൊത്ത് യൂസഫിന്റെ വീട്ടിലെത്തുന്നു. മിർയം ഒരു കഴുതപ്പുറത്ത് ഇരുന്നും ബാക്കിയുള്ളവർ നടന്നുമാണു വരുന്നത്.  മിർയവും അമ്മയും അയഞ്ഞ കറുത്ത വസ്ത്രം കൊണ്ട് മുഖവും ശരീരവും മൂടിയിരിക്കുന്നു. സ്ത്രീകൾ  വീട്ടിനകത്തേക്ക് കയറി കതകടയ്ക്കുന്നു. ആണുങ്ങൾ പുറത്തുനിൽക്കുന്നു.  മിർയത്തിന്റെ കൂട്ടുകാരികളും അവരുടെ ഭർത്താക്കന്മാരും വരുന്നു. കൂട്ടുകാരികൾ അകത്തേയ്ക്ക് കയറിപ്പോവുന്നു, പുരുഷന്മാർ പുറത്തുനിൽക്കുന്നു. അകത്ത് സ്ത്രീകളുടെ ഉൽസവമാണു.  അതിഥികൾക്ക് ഒരു നീളൻ ഫ്ലാസ്കിൽ നിന്ന് മധുരമുള്ള കട്ടൻചായ കൊടുക്കുന്ന മെലിഞ്ഞ് കവിളൊട്ടിയ മനുഷ്യനാണു യൂസഫിന്റെ പിതാവ്. കുറച്ചുവർഷം മുൻപായിരുന്നെങ്കിൽ പുരുഷന്മാർ കൂടിയിരുന്ന് ശീഷ (ഹുക്ക) വലിച്ചേനെ. ഇപ്പോൾ പുകവലി നിയമവിരുദ്ധമാണു.


തന്റെ വധു സുന്ദരിയായിരിക്കുമോ എന്ന് യൂസഫ് ആശങ്കപ്പെട്ടു. അകത്ത് മിർയവും മറ്റ് സ്ത്രീകളും ഇപ്പോൾ കറുത്ത മേൽവസ്ത്രം ഊരുന്നുണ്ടാവണം, അവളുടെ മൈലാഞ്ചിയിട്ട മുടിയും വെളുത്ത വിവാഹ വസ്ത്രവും ചായം പുരട്ടി ചുവപ്പിച്ച ചുണ്ടുകളും  കൂട്ടുകാരികളുടെ പൊട്ടിച്ചിരികളും യൂസഫ് സങ്കല്പിച്ചു. അയാൾക്ക് ഒരു സിഗരറ്റ് വലിക്കണമെന്നും പാട്ട് കേൾക്കണമെന്നും തോന്നി. ചെവിയിൽ ഇയർഫോൺ കുത്തി അതിനു മീതേ ഒരു തുണികൊണ്ട് തലമറച്ച് ഫോണിൽ നിന്ന് യൂസഫ് നിർവാണയുടെ ഗ്രഞ്ച് റോക്ക് കേട്ടുകൊണ്ടിരുന്നു. പാട്ടുകേൾക്കുന്നത് നിയമവിരുദ്ധമാണു. അലസമായി കസാരകളിലിരിക്കുന്ന മിർയത്തിന്റെ കൂട്ടുകാരികളുടെ ഭർത്താക്കന്മാരിൽ ആരുവേണമെങ്കിലും ഐസിസ് ചാരന്മാരാകാം. അവർ ഒറ്റിക്കൊടുത്താൽ യൂസഫിനെ പിടിച്ചുകൊണ്ടുപോവും, നഗരമദ്ധ്യത്തിലിട്ട് ചാട്ടയ്ക്കടിക്കും. ഈ സാദ്ധ്യതകളൊക്കെ അറിയാമെങ്കിലും അയാൾക്ക് പാട്ട് നിർത്താൻ തോന്നിയില്ല.  ഇങ്ങനെയൊന്നുമല്ല അയാൾ തന്റെ വിവാഹം സങ്കല്പിച്ചിരുന്നത്. പുതിയ സ്യൂട്ടും റ്റൈയും ഇട്ട്, തുറന്ന കാഡിലാക് കാറിൽ, സുന്ദരിയായ തന്റെ ഭാര്യയുമൊത്ത് നഗരം ചുറ്റുക, പിന്നാലെ നിരയായി കൂട്ടുകാരുടെ കാറുകൾ. നിർത്താതെ ഹോണടിക്കുന്ന ഘോഷയാത്ര. നഗരമദ്ധ്യത്തിലെ ചത്വരത്തിൽനിന്ന് ഭാര്യയുമൊത്ത് ഫോട്ടോ എടുക്കുക. അതൊക്കെ ഇനി അസാദ്ധ്യമാണു.  ഒരു പാട്ടുപോലുമില്ലാതെ വിവാഹം കഴിക്കാൻ അയാൾക്ക് മനസ്സുവന്നില്ല. "here we are now entertain us" - കർട്ട് കോബയ്ൻ ഇയർഫോണിലൂടെ പാടിക്കൊണ്ടിരുന്നു. അയാൾ ഫോണിന്റെ വോള്യം കൂട്ടി. ആണുങ്ങൾ വരിയായി വന്ന് യൂസഫിന്റെ കൈ കുലുക്കി, യൂസഫ് ചിരിച്ചു.


വിവാഹത്തിനുള്ള സമയമായി. യൂസഫും മറ്റുള്ളവരും എഴുന്നേറ്റുനിന്നു. മിർയത്തിന്റെ അച്ഛൻ യൂസഫിന്റെ കൈപിടിച്ചു, നീണ്ടു വെളുത്ത  താടിയുള്ള ഒരു ബന്ധു ഇരുവരുടെയും കൈകൾ കൂട്ടിപ്പിടിച്ച് പ്രാർത്ഥന ചൊല്ലി. ഇതാ, ഇപ്പോൾ മുതൽ മിർയം യൂസഫിന്റെ ഭാര്യയായിരിക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു നിമിഷം ഇത്ര വിരസമായി, സാധാരണമായി കടന്നുപോയതിൽ യൂസഫിനു നീരസം തോന്നി. അതിഥികളായി വന്ന പുരുഷന്മാർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അവരുടെ ഭാര്യമാർ  ഓരോരുത്തരായി പുറത്തിറങ്ങിയപ്പോൾ പുരുഷന്മാർ അഭിവാദനം പറഞ്ഞ് പിരിഞ്ഞു. കുടുംബത്തിലുള്ളവർ മാത്രം ബാക്കിയായി. അവർ വീടിനകത്തുകയറി വാതിലടച്ച് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു.  വാതിലിൽ ഐസിസ് ഭടന്മാർ വന്ന് തട്ടുന്നുണ്ടോ എന്ന് ഓരോരുത്തരും സ്വയമറിയാതെ ഇടക്കിടെ തിരിഞ്ഞ് നോക്കി. വീട്ടുകാർ കുശലം ചോദിച്ചപ്പോൾ മിർയം വിളറിയ ചിരി ചിരിച്ചു. ഒടുവിൽ മിർയത്തിന്റെ വീട്ടുകാരും പോയി. യൂസഫും മിർയവും അവരുടെ മുറിയിലേക്ക് കയറി.


മുറിയിൽ ഒറ്റയ്ക്കായപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം യൂസഫ് അന്ധാളിച്ചു. ഇതിനു  മുൻപ് യൂസഫ് സ്ത്രീയെ അറിഞ്ഞിരുന്നില്ല. അയാൾക്ക് ഒരു കാമുകിയോ കൂട്ടുകാരിയോ ഉണ്ടായിട്ടില്ല. അതിനുള്ള അവസരമില്ലായിരുന്നു - ഐസിസ് വരുന്നതിനു മുൻപും സിറിയൻ സമൂഹം യാഥാസ്ഥിതികമായിരുന്നു. “മിർയം..” - അയാൾ പതുക്കെ വിളിച്ചു. നരച്ചുവെളുത്ത വിരിപ്പ് വിരിച്ച കട്ടിലിലിരുന്ന് അവൾ അയാളുടെ നേർക്ക് തലതിരിച്ചു.


യൂസഫ് അവളുടെ മൂടുപടമുയർത്തി. ചുറ്റും കറുപ്പെഴുതിയ നീലക്കണ്ണുകൾ നിറഞ്ഞിരിക്കുന്നു. കൂർത്ത മൂക്കും ചുവപ്പുനിറം പുരട്ടിയ ചുണ്ടുകളും വിറയ്ക്കുന്നു. അയാൾ അവളുടെ മുടിയിലും കഴുത്തിലും തലോടി, ചെവിയിൽ തൊട്ടുനോക്കി, നെറുകയിലും രണ്ട് കണ്ണുകളിലും ഉമ്മവെച്ചു,കണ്ണുനീരിന്റെ ഉപ്പുരസം നുകർന്നു. അവളുടെ വസ്ത്രം ഉരിയാൻ തുടങ്ങിയപ്പോൾ അവൾ അയാളുടെ കൈ പിടിച്ചു, തലകുലുക്കിക്കൊണ്ട് അരുത് എന്ന് ആംഗ്യം കാണിച്ചു.


എന്തെങ്കിലും പറയണം എന്ന് അയാൾ ആഗ്രഹിച്ചെങ്കിലും പറയാൻ വാക്കുകളൊന്നും വന്നില്ല. ഒടുവിൽ, "മിർയം, ഇതു ഞാനാണു" എന്ന് മാത്രം പറഞ്ഞ് അയാൾ വീണ്ടും അവളുടെ വാരിയെല്ലിന്റെ കുഴികളിൽ തലോടി. കട്ടിലിന്റെ അരികുചേർന്നിരിക്കുന്ന അവളുടെചാരേ നിലത്ത് മുട്ടുകുത്തിനിന്ന് വിരലുകളിൽ മുത്തം വെച്ചു, എന്നിട്ട് വയറിനു ചുറ്റും കൈകളിട്ട് കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. പാമ്പുകടിയേറ്റതുപോലെ യൂസഫ് തെറിച്ച് പിന്നോട്ടുമാറി.  എന്നിട്ട് വിശ്വാസം വരാതെ അവളെ നോക്കി.


ഇപ്പോൾ മിർയം കരയുന്നില്ല. അവളുടെ ചുണ്ടും മൂക്കും വിറയ്ക്കുന്നില്ല.  അവളുടെ കണ്ണുകളിൽ യാചനയില്ല. അവളുടെ ഒഴിഞ്ഞ നോട്ടം യൂസഫിനെ തുളച്ചുകടന്ന് മുറിയുടെ ചുമരുകളും കടന്ന് ദൂരേക്കു പോകുന്നു. മിർയം എഴുന്നേറ്റു നിൽക്കുന്നു. തലയ്ക്കുമീതേ വലിച്ച് കറുത്ത മേൽവസ്ത്രമൂരുന്നു.  മനോഹരമായി പൂക്കൾ തയ്ച്ചുപിടിപ്പിച്ച വെളുത്ത വിവാഹഗൗണിൽ ഉന്തിനിൽക്കുന്ന വയർ വ്യക്തമായി കാണാം. മർയം പൂർണ്ണഗർഭിണിയാണ് - അവളുടെ ശരീരം അയാളോടു വിളിച്ചുപറഞ്ഞു. കുറച്ചുനേരം അതേ നിൽപ്പുനിന്നശേഷം അവൾ കട്ടിലിലിരുന്നു. ഊരിയ മേൽവസ്ത്രമെടുത്ത് തന്റെ ശരീരം പുതച്ചുകൊണ്ട് അതിനുള്ളിൽ ചുരുണ്ടുകൂടി മുഖം പൂഴ്ത്തിയിരുന്നു.


യൂസഫ് തലയ്ക്ക് കൈയും കൊടുത്ത് നിലത്തിരുന്നു. എവിടെയോ എന്തോ ചതി  പറ്റിയിട്ടുണ്ട്. താനിതുവരെ ജീവിതത്തിൽ ആരെയും ചതിച്ചിട്ടില്ല. പകൽ മുഴുവൻ കാർ വർക്ഷോപ്പിൽ വിയർപ്പിലും പൊടിയിലും കഷ്ടപ്പെട്ട് പണിയെടുത്ത് കുടുംബത്തെ നോക്കുന്നു. കൂട്ടുകാർ പലരും ഐസിസിൽ ചേർന്ന് ഭരിക്കാൻ പോയപ്പൊഴും വൃദ്ധരായ മാതാപിതാക്കളെ നോക്കി താൻ വീട്ടിലിരിക്കുന്നു, സഹോദരങ്ങളെ പഠിക്കാനയക്കുന്നു. വണ്ടിയുടെ കരിയോയിൽ വീണുവീണ് തന്റെ കൈവെള്ളകൾ ഇനി വെളുക്കാനാവാത്തവിധം കറുത്തുപോയിരിക്കുന്നു. എന്നിട്ടും മിർയം തന്നെ ചതിച്ചു. അവളുടെ വീട്ടുകാരും അറിഞ്ഞ് നടത്തിയ ചതിയാണോ ഇത്? യൂസഫിനു ആദ്യം തോന്നിയത് തെരുവിലൂടെ അവളെയും വലിച്ചുകൊണ്ട് അവളുടെ വീട്ടിലേക്ക് പോകാനാണു. താൻ മണ്ടനല്ല. ഇങ്ങനെ ഒരു ചതിവിനു നിന്നു കൊടുക്കേണ്ട ഒരു കാര്യവുമില്ല. അയാൾ മുഖമുയർത്തി നോക്കിയപ്പോൾ അവൾ അത്തരം ഒരു പ്രവർത്തി പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നി. എന്ത് ശിക്ഷയ്ക്കും തയ്യാറായിരിക്കുന്നതുപോലെ, എല്ലാ കച്ചിത്തുരുമ്പുകളിൽ നിന്നും പിടിവിട്ട്, അനന്തതയിലേക്ക് വീണുപോയ ട്രപ്പീസുകളിക്കാരിയെപ്പോലെ മിർയം ഇരുന്നു.


യൂസഫ് നിലത്തുനിന്ന് എഴുന്നേറ്റു, കട്ടിലിനരികിലെ മേശയിലിരുന്ന ജഗ്ഗിൽ നിന്ന് വെള്ളം കുടിച്ചു. ഇനി എന്തു ചെയ്യും? വിവാഹമൊഴിയാം, മിർയത്തിനെ അവളുടെ വീട്ടിലേക്കയക്കാം. ഒരുപക്ഷേ  മിർയം  ആരും അറിയാതെ അവളുടെ വീട്ടിൽ പ്രസവിക്കും. പക്ഷേ വിവാഹമോചനം വാർത്തയാകും. ആദ്യരാത്രിയിലെ വിവാഹമോചനത്തിനു അധികം ഒഴിവുകഴിവുകളില്ല.  ഐസിസിന്റെ അൽ ഖസ്ന ബ്രിഗേഡ് എന്ന സ്ത്രീ പോലീസുകാർ മിർയത്തിനെ വിളിപ്പിക്കും. അവൾ വിവാഹത്തിൽ നിന്നല്ലാതെ പ്രസവിച്ചെന്നോ ഗർഭിണിയാണെന്നോ അവരറിയും, വഴിയിലിട്ട് കല്ലെറിഞ്ഞുകൊല്ലും.


അവൾ ഇവിടെക്കിടന്ന് പ്രസവിച്ചോട്ടെ എന്നു  വിചാരിക്കാം. മാതാപിതാക്കളോട് ഉള്ള കാര്യം പറയാം. കുറെ കരഞ്ഞും ശപിച്ചും ഒച്ചവെച്ചും കഴിയുമ്പോൾ അവർ അവളെ നോക്കും, അവർ കരുണയുള്ളവരാണു. മിർയത്തിനു ആളുകളെ കാണാതെ, പുറത്തറിയാതെ ജീവിക്കാം. പക്ഷേ പ്രസവത്തിനു  എന്തെങ്കിലും സങ്കീർണ്ണതകളുണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോവേണ്ടി വരും. ഒരു സിസേറിയനാണെങ്കിലോ? ആശുപത്രിയിൽ കൊണ്ടുപോയാൽ പേറെടുത്തുകഴിഞ്ഞ് എഴുന്നേറ്റ് നിൽക്കാനാവുമ്പോൾ ആശുപത്രി അധികൃതർ അവളെ ഐസിസിനു കൈമാറും, അവർ അവളെ കല്ലെറിഞ്ഞുകൊല്ലും.


മിർയത്തിനു പറയാമായിരുന്നു. വിവാഹനിശ്ചയത്തിനു ശേഷം അവർ പരസ്പരം സംസാരിച്ചിട്ടുണ്ട്.  എങ്കിലും അവളുടെ മുഖം കാണുന്നത് ആദ്യമായാണു.  ഐസിസിന്റെ നിയന്ത്രണങ്ങൾ കൊണ്ട് അടക്കിപ്പിടിച്ച ചില ഫോൺ സംഭാഷണങ്ങൾക്ക് അപ്പുറം പരസ്പരം കാണാൻ പോലും പറ്റിയിട്ടില്ല.

അവൾക്ക് ഗർഭിണിയാണെന്ന് പറയാമായിരുന്നു. പറഞ്ഞെങ്കിലോ? വിവാഹം നടക്കില്ല. അവിവാഹിതയായ മിർയം പ്രസവിക്കും. ഐസിസ് അവളെ കൊല്ലും. ഈ വിവാഹം അവളുടെ ജീവിക്കാനുള്ള പിടച്ചിലായിരുന്നോ? അപ്പോൾ താനോ - തന്നെപ്പറ്റി അവൾ ആലോചിക്കാത്തതെന്ത്? ചതിവു പറ്റിയ ഒരു പുരുഷന്റെ കരുണയിലേക്കോ പ്രതികാരത്തിലേക്കോ അവൾ സ്വന്തം ജീവനെയും വയറിൽ വളരുന്ന കുഞ്ഞിന്റെ ജീവിതത്തെയും.  എറിഞ്ഞുകൊടുത്തിരിക്കുന്നു.


അവളെ ഗർഭിണിയാക്കിയ ആൾക്ക് അവളെ വിവാഹം ചെയ്യാമായിരുന്നു. അയാൾ ഇപ്പൊ യാതൊന്നും കൂസാതെ പകൽ മാന്യനായി നടക്കുന്നുണ്ടാവും. നട്ടെല്ലില്ലാത്ത പുരുഷൻ. ആ നട്ടെല്ലിലായ്മയെപ്രതി ഒരു നിരപരാധിയെ ചതിക്കുന്ന സ്ത്രീ. അങ്ങനെയൊന്നും ആവണമെന്നില്ല,  ഏതെങ്കിലും പട്ടാളക്കാരോ അക്രമികളോ അവളെ ബലാൽസംഗം ചെയ്തതാവാം. തനിക്കു   കുറ്റപ്പെടുത്താനും ശിക്ഷിക്കാനും മിർയം  മാത്രമേ ഉള്ളൂ എന്നോർത്ത് യൂസഫിനു ഒരുപോലെ ദേഷ്യവും സഹതാപവും തോന്നി.


അവൾക്ക് ഗർഭം അലസിപ്പിക്കാമായിരുന്നു. പക്ഷേ എങ്ങനെ? ആശുപത്രികളിൽ ചെന്ന് അലസിപ്പിക്കാൻ പറ്റില്ല. നാടൻ പൊടിക്കൈകൾ അവൾ ശ്രമിച്ചുകാണും. അവളുടെ വയർ കണ്ടിട്ട് അവൾ എപ്പോൾ വേണമെങ്കിലും പ്രസവിക്കും എന്ന് യൂസഫിനു തോന്നി.


മിർയം പ്രസവിച്ചുകഴിഞ്ഞാൽ ആ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ വളർത്തിയാലോ എന്ന് യൂസഫ് ചിന്തിച്ചു. പക്ഷേ മിർയത്തെ എങ്ങനെ ഭാര്യയായി സ്വീകരിക്കും? ഓരോ ലൈംഗികബന്ധത്തിലും തന്നെക്കാൾ മികച്ച ഒരാളെ അവൾ സ്വീകരിച്ചിരുന്നോ, അവന്റെ ഓർമ്മകൾ അവളെ പുളകിതയാക്കുന്നോ എന്ന് ചിന്തിച്ചുപോവും. തലച്ചോറിൽ സംശയത്തിന്റെ ഒരു പുഴു നുരയ്ക്കും. എപ്പൊഴാണു അറിയാത്ത ആ ആളെക്കാളധികം അവൾ തന്നെയാണു സ്നേഹിക്കുന്നതെന്ന്, അയാളുടെ രൂപത്തെക്കാൾ തന്നെയാണു കാമിക്കുന്നതെന്ന് മനസ്സിലാവുക - നിരന്തരം സംശയങ്ങളുടെയും കുത്തുവാക്കുകളുടെയും കലഹങ്ങളുടെയും നശിച്ച ഒരു ദാമ്പത്യത്തിന്റെയും ഭാവി അയാൾ മുന്നിൽക്കണ്ടു. തലച്ചോറിലെ പുഴു ചാവില്ല, അത് എഴുന്നുനിന്നാടും. ഇല്ല, ഇത് പറ്റില്ല. മിർയത്തിന്റെ വഴി വേറെ, തന്റെ വഴി വേറെ.


യൂസഫ് നിലത്തുകിടന്നു. കുട്ടിയുടെ തന്ത ആരാണെന്ന് അയാൾ ചോദിച്ചില്ല. ഒന്നും ചോദിച്ചില്ല. ചോദ്യങ്ങളൊന്നുമില്ലാതെ യൂസഫ് കണ്ണടച്ചു. വിവാഹത്തിനുള്ള ഒരുക്കങ്ങളും അതിഥികളെ സൽക്കരിക്കലും കൊണ്ടുള്ള  ക്ഷീണമായിരിക്കാം, വളരെ പ്രതീക്ഷയുണ്ടായിരുന്ന ഒരു കാര്യം തകർന്നതിലുള്ള നിരാശകൊണ്ടാവാം, മോഹഭംഗത്തിന്റെ ഭാരം കൊണ്ടാവാം, യൂസഫ് ഉറങ്ങിപ്പോയി. ഉറക്കത്തിൽ അയാൾ വെള്ളക്കുതിരകളെപ്പൂട്ടിയ അലങ്കരിച്ച കുതിരവണ്ടി കണ്ടു, അതിൽ നിന്ന് സുന്ദരിയായ മിർയം ഇറങ്ങിവരുന്നതുകണ്ടു. നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ച അവളുടെ കിരീടം തിളങ്ങുന്നു. ചന്ദ്രനെപ്പോലെ വെളുത്ത് മിനുസമായ ഒരു പാറപ്പുറത്ത് യൂസഫ് കിടക്കുന്നു, കാലുകൾ നിലത്തുതൊടാതെ മിർയം ഒഴുകിവരുന്നു. അവൾ അരികത്തുകിടക്കുന്നു, മുടിയിഴകൾ അയാളുടെ മുഖത്തെ മൂടുന്നു. വെണ്ണപോലെ മിർയം അലിഞ്ഞു പരക്കുന്നു. യൂസഫ് അവളിൽ മുങ്ങിപ്പോവുന്നു, മിർയത്തിനുള്ളിൽ സ്വർണ്ണമൽസ്യങ്ങൾ നീന്തുന്നു. മിർയം മറയുന്നു, വരണ്ട പാറപ്പുറത്ത് യൂസഫ് ഒറ്റപ്പെടുന്നു. ചുറ്റും  അവളുടെ സുഗന്ധം മാത്രം. ആ മണത്തിൽ അയാൾ പൊങ്ങിപ്പോവുന്നു, പക്ഷികളെക്കടന്ന്, മേഖങ്ങളെ തഴുകി, ആകാശക്കറുപ്പിൽ അയാൾ പറന്നുനടക്കുന്നു. പട്ടം പോലെ ഒരു കയർ അയാളിൽ നിന്നും താഴേയ്ക്കു പോകുന്നു, അതയാളുടെ പൊക്കിൾക്കൊടിയാണു, മിർയം നിലത്തുനിന്ന് അതിൽപ്പിടിച്ചിരിക്കുന്നു, ചന്ദ്രനെപ്പോലെ അയാളവളെ ഭ്രമണം ചെയ്യുന്നു. സൂര്യനും മറ്റ് നക്ഷത്രങ്ങളും മിർയത്തെ വലയം ചെയ്യുന്നു. മിർയം ചിരിക്കുന്നു. അവളുടെ ചിരി ഭൂമിയെയും ആകാശത്തെയും വെളുപ്പിക്കുന്നു.


യൂസഫ് കണ്ണുതുറന്നു. അയാൾ വാച്ചിൽ നോക്കി. സമയം രാത്രി രണ്ടുമണി. മിർയം ഇപ്പോഴും കട്ടിലിൽ ഇരിക്കുകയാണു. മിഴിച്ച കണ്ണുകൾ കൊണ്ട് അവൾ അയാളെ നോക്കുന്നു.


“എനിക്ക് ഈ വിവാഹം പറ്റില്ല. പക്ഷേ ഈ അവസ്ഥയിൽ നിന്നെ റാഖയിൽ ഉപേക്ഷിക്കാനും പറ്റില്ല. സമ്മതമാണെങ്കിൽ നിന്നെ റാഖയിൽ നിന്നും പുറത്തെത്തിക്കാം. പിന്നെ നീയായി, നിന്റെ ജീവിതമായി. എന്തുപറയുന്നു”?


മിർയം തലകുനിച്ചു.


‘യാത്രയ്ക്കൊരുങ്ങൂ, അധികം സമയമില്ല'. അയാൾ പറഞ്ഞു. അവളുടെ മറുപടി കാത്തുനിൽക്കാതെ അയാൾ മുറിക്കു പുറത്തിറങ്ങി, മാതാപിതാക്കളെ ഉറക്കത്തിൽ നിന്നും തട്ടിയുയർത്തി, ഞങ്ങൾ ഈ നഗരത്തിൽ നിന്നും രക്ഷപെടുകയാണെന്ന് പറഞ്ഞു. യൂസഫിന്റെ അമ്മ കരച്ചിൽ തുടങ്ങി. എന്തിനാണു രക്ഷപെടുന്നത്? എവിടെപ്പോയാലും യുദ്ധമാണു. അവർ പിടിച്ചാലോ? രണ്ടുപേരെയും വെടിവെച്ചുകൊല്ലും, അല്ലെങ്കിൽ യൂസഫിനെ കൊന്നിട്ട് മിർയത്തിനെ വിൽക്കും.  ഇത്ര അപകടം പിടിച്ച യാത്രയുടെ കാര്യമെന്താണു? അമ്മയ്ക്കും അനിയനും നൂറായിരം ചോദ്യങ്ങളുണ്ടായിരുന്നു. യൂസഫിന്റെ അച്ഛൻ മാത്രം ഒന്നും പറഞ്ഞില്ല.


മറുപടി പറയാതെ യൂസഫ് ഒരുക്കങ്ങൾ തുടങ്ങി. സാംസണൈറ്റിന്റെ  ചെറിയപെട്ടിയിൽ തന്റെ ഷേവിങ്ങ് സാമഗ്രികൾ, വസ്ത്രങ്ങൾ, കമ്പിളിപ്പുതപ്പ്,  കുറച്ച് ഡോളർ നോട്ടുകൾ, പാസ്പോർട്ട്, ഇങ്ങനെ ഒരുക്കിവെക്കാൻ തുടങ്ങി. മിർയം അപ്പൊഴേയ്ക്കും മുഖം കഴുകി വസ്ത്രം കൊണ്ട് കണ്ണും മുഖവും മറച്ച് ഒരു ചുവന്ന തുകൽ ബാഗിൽ വസ്ത്രങ്ങൾ നിറച്ച് തയ്യാറായിക്കഴിഞ്ഞിരുന്നു. യൂസഫിന്റെ പിതാവ് വീട്ടിൽ ബാക്കിയുണ്ടായിരുന്ന സമ്പാദ്യവും അയാളുടെ പഴയ ഒമേഗ വാച്ചും യൂസഫിനു കൊടുത്തു. യൂസഫിന്റെ അമ്മ മിർയത്തെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു, അവൾ സമ്മതിച്ചില്ല.  കറുത്ത വലിയ ഉടുപ്പ് അവളുടെ വയറിനെ സമർത്ഥമായി മറച്ചിരുന്നു.  അമ്മ അവളോട് 'മകളേ ഈ യുദ്ധം സ്ത്രീകളോടാണ്. നിന്റെ ഹൃദയത്തിൽ ഒരു വാൾ കടക്കും, അത് നീ അതിജീവിക്കണം' എന്ന് മാത്രം പറഞ്ഞു. വിടപറയലുകൾക്ക് കാത്തുനിൽക്കാതെ യൂസഫും മിർയവും ഇരുട്ടിലേക്കിറങ്ങി. മോട്ടോർബൈക്ക് എടുക്കാമായിരുന്നു, പക്ഷേ അതിന്റെ ശബ്ദം ആളുകളെ ഉണർത്തും. അയാൾ വീടിനടുത്ത് കെട്ടിയ കഴുതയെ അഴിച്ചു, ബാഗുകൾ കഴുതപ്പുറത്തുവെച്ച് നടന്നുതുടങ്ങി.


റോഡിലൂടെ നടക്കാതെ വീടുകൾക്ക് ഇടയിലെ ചെറിയ ഇടവഴികളിലൂടെ അയാൾ മിർയത്തെയും കഴുതയെയും നടത്തിച്ചു. ഇടയ്ക്ക് വഴിയിലൂടെ തോക്കും പിടിച്ച്  ഐസിസ് പട്ടാളക്കാർ മോട്ടോർ ബൈക്കുകളിൽ പോകും. ബൈക്കിന്റെ ശബ്ദവും വെളിച്ചവും കേട്ടപ്പോൾ ഇരുവരും ഇരുട്ടിന്റെ മറപറ്റി അനങ്ങാതെ നിന്നു. ഇനി നഗരചത്വരത്തിനു അല്പം ദൂരെയുള്ള ഒരു ചെറിയ റോഡ് മുറിച്ചുകടക്കണം. സ്വർഗ്ഗചതുരം എന്നായിരുന്നു റാഖയുടെ നടുക്കുള്ള ചത്വരത്തിന്റെ പേര്. ഇപ്പോൾ അവിടെ ഐസിസ് തൂക്കിക്കൊന്ന മനുഷ്യരുടെ കബന്ധങ്ങൾ കിടക്കുന്നു. ഇതേ ചത്വരത്തിലാണു  കൂടുതൽപ്പേരെ വെടിവെച്ചുകൊല്ലുന്നതും ചാട്ടയ്ക്കടിക്കുന്നതും ശരീരഭാഗങ്ങൾ മുറിച്ചുകളയുന്നതും. ശവശരീരങ്ങൾ കഴുമരത്തിൽ നിന്ന്  അഴിച്ചുമാറ്റാത്തത് ഇനി ഒരെതിർപ്പും വരാതിരിക്കാനാണു. ഇരുളിന്റെ മറപറ്റി തുറന്ന റോഡ് മുറിച്ച് കടന്നപ്പോൾ ചീഞ്ഞ മനുഷ്യരുടെ  നാറ്റം യൂസഫിന്റെ മൂക്കിലേക്കടിച്ചു. വീണ്ടും കുറെ ചെല്ലുവോളം ഈ മണം ഇവരെ പിന്തുടർന്നു.


'ആരാണു മരിച്ചത്?'


മിർയം ആദ്യമായി ചോദിക്കുകയാണു. ഇതുവരെ അവളുടെ ശരീരമാണു സംസാരിച്ചത്, അവൾ മിണ്ടുന്നത് ആദ്യമായാണു. അവളുടെ ശബ്ദം കേട്ട് യൂസഫിനു എന്തെന്നില്ലാത്ത വിഷാദം തോന്നി. 'അറിയില്ല', അയാൾ മറുപടി പറഞ്ഞു. മരിച്ചവരെയും കൊന്നവരെയും യൂസഫ് ഓർക്കാൻ ശ്രമിച്ചു. ഇതുവരെ കൊല്ലപ്പെട്ടവരിൽ അയാൾക്ക് അറിയാവുന്ന പലരും ഉണ്ടായിരുന്നു. കൊന്നവരിലും അയാൾക്ക് അറിയുന്നവരുണ്ടായിരുന്നു. സ്കൂളിലെ അയാളുടെ സഹപാഠികൾ പലരും ഐസിസിൽ ചേർന്നു. അടുത്ത കൂട്ടുകാരനായ വഖാർ ഒരു യൂണിറ്റിന്റെ തലവനാണു. ഐസിസിൽ ചേർന്ന പലരും യുദ്ധത്തിലും ബോംബിങ്ങിലും മരിച്ചു. പലതവണ യൂസഫിനെ കൂട്ടുകാർ ഐസിസിലേക്ക് ക്ഷണിച്ചു. പ്രലോഭനങ്ങളും ഭീഷണിയുമുണ്ടായി. അയാൾ വഴങ്ങിയില്ല. ഐസിസിൽ ചേരാൻ പലർക്കും പല കാരണങ്ങളുണ്ടായിരുന്നു.  ദൈവവിശ്വാസത്തെപ്രതി ഇതിലെത്തിയവരുണ്ടായിരുന്നു - ഇതൊരു മതഭരണകൂടമാണെന്നും അജയ്യമാണെന്നും ലോകം മുഴുവൻ പരക്കുമെന്നും അവർ വിശ്വസിച്ചു.  പണത്തിനു വേണ്ടി എത്തിയവരുണ്ടായിരുന്നു - ഇത്തരക്കാർ കൂടുതലും തൊഴിലൊന്നുമില്ലാത്ത തദ്ദേശീയരായിരുന്നു. അധികാരത്തിനു വേണ്ടി എത്തിയവരുണ്ടായിരുന്നു - അവർ തെരുവിലൂടെ സഞ്ചരിക്കുമ്പോൾ നഗരം ഭയന്നു. ആളുകൾ അവർക്ക് വഴിമാറിക്കൊടുത്തു. വൃദ്ധന്മാരെപ്പോലും അവർ ശാസിച്ചു, എതിർത്തവരെ ക്രൂരമായി നേരിട്ടു. ഇതൊന്നുമല്ലാതെ ക്രൂരതയ്ക്ക് വേണ്ടി, മനുഷ്യനെ പീഢിപ്പിക്കാനും കൊല്ലാനുമുള്ള രസത്തിനുവേണ്ടി ഐസിസിൽ ചേർന്നവരുണ്ടായിരുന്നു. ക്രൂരത അവർക്കൊരു ആനന്ദാനുഭവമായിരുന്നു. എത്ര പ്രതാപിയായ മനുഷ്യനും മരണവേദനയ്ക്കു മുന്നിൽ എല്ലാ നാട്യങ്ങളും ആദർശങ്ങളുമഴിഞ്ഞ് വെറുമൊരു മൃഗമായി ജീവനുവേണ്ടി അലറിവിളിക്കുന്ന കാഴ്ച്ച, കൊല്ലപ്പെടാൻ പോകുന്ന ഇരയുടെ നിസ്സഹായതയും പ്രാണഭയവും,ആ ഇരയുടെ ജീവനുമേലുള്ള അന്തിമമായ അധികാരം, ഇരയുടെ വേദനയും പിടച്ചിലും കാണുമ്പോൾ ഉണ്ടാവുന്ന ഒരുതരം തലതിരിഞ്ഞ ആനന്ദം, ഇതൊക്കെയാവും അവരെ ഏറ്റവും ക്രൂരമായ പീഢനങ്ങൾ പോലും നടത്താൻ പ്രാപ്തരാക്കിയത്. തന്റെ സുഹൃത്ത് വഖാർ മറ്റ് മനുഷ്യരെ പീഢിപ്പിക്കുന്നതിലും കൊല്ലുന്നതിലും ആനന്ദിക്കുന്ന ഒരാളായി മാറിയിരിക്കുന്നു. എപ്പോഴും ചിരിക്കുന്ന, നിറയെ സന്തോഷമുള്ള, കണ്ണുകളിൽ നിഷ്കളങ്കതയുടെ നക്ഷത്രത്തിളക്കമുള്ള വഖാറിനു എങ്ങനെ മനുഷ്യരുടെ കഴുത്തറുക്കാനും ചിലരെ തീയിലിട്ട് കൊല്ലാനും പറ്റി എന്നത് ആദ്യമൊന്നും യൂസഫിനു ഉൾക്കൊള്ളാൻ പറ്റിയില്ല. പിന്നീട് എത്ര സൗമ്യനായ മനുഷ്യന്റെ ഉള്ളിലും ക്രൂരനായ ഒരു മൃഗം ഉറങ്ങിക്കിടക്കുന്നുണ്ടാവും എന്ന് അയാൾ സമാധാനിച്ചു. താൻ ഐസിസിൽ ചേർന്നെങ്കിലോ? എന്തുതരം പീഢനങ്ങളാവും താൻ മറ്റ് മനുഷ്യർക്കു മേൽ നടത്തുക? ഒരുതരത്തിലും തിരിച്ച്  എതിർക്കാൻ പറ്റാത്ത പുരുഷനും സ്ത്രീയ്ക്കും നേരെ എന്ത് ചെയ്താലും ആരും ചോദിക്കാനില്ലെങ്കിൽ താനെന്തൊക്കെ ചെയ്യും? കൊല്ലാനും ഉപയോഗിക്കാനും പാകത്തിനു അടിമസ്ത്രീകളെ താൻ ചന്തയിൽ നിന്നും വാങ്ങുമോ? അവരെ ബലാൽസംഗം ചെയ്യുമോ? ഏത് മൃഗമാണ് തന്റെയുള്ളിൽ ഒളിച്ചിരിക്കുന്നത്? യൂസഫ് ഓർത്തുനടുങ്ങി.


എന്നിട്ടും ഇതിനൊക്കെ നടുവിൽ ജീവിതം മുന്നോട്ടു പോകുന്നു.  കുട്ടികൾ കളിച്ച് ഉല്ലസിക്കുന്നു, മനുഷ്യർ കൊച്ചുകൊച്ച് സന്തോഷങ്ങളിൽ ചിരിക്കുന്നു, ദിവസവും ബലാൽസംഗം ചെയ്യപ്പെടുന്ന സ്ത്രീ അടിമകൾ പോലും ചെറിയ സന്തോഷങ്ങളിൽ മന്ദഹസിക്കുന്നുണ്ടാവുമോ? എത്ര യുദ്ധത്തിനും നിയന്ത്രണങ്ങൾക്കും നടുവിലായാലും ജീവിതം മുന്നോട്ടൊഴുകുന്നത് യൂസഫിനു വലിയൊരു അൽഭുതമായിരുന്നു.


സമയം രാത്രി മൂന്നര. അവർ നഗരവാതിലിനടുത്തെത്തി. അവിടെ ഒരു പഴയ ട്രക്ക് കിടക്കുന്നു. അമേരിക്കൻ വിമാനങ്ങളുടെ കണ്ണിൽ പെടാതിരിക്കാൻ അതിന്റെ ഹെഡ് ലൈറ്റ് ഓണാക്കിയിട്ടില്ല. ട്രക്കിന്റെ ചാരിയ വാതിലിനിടയിൽ നിന്ന് ഒരു തോക്കിൻമുന കാണാം. അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് നടന്ന് വീടുകളുടെ ഇടയിലൂടെ അയാൾ ഒരു പാടത്തേക്കിറങ്ങി. പാടം കഴിഞ്ഞാൽ ചതുപ്പാണു, അതിനപ്പുറം ആർക്കും അധികാരമില്ലാത്ത പ്രദേശമാണു.


മിർയത്തിനു ഒട്ടും നടക്കാൻ വയ്യെന്ന് തോന്നി. അയാൾ അവളെ എടുത്ത് കഴുതപ്പുറത്തിരുത്തി. തന്റെ സ്വപ്നത്തിൽ വെണ്ണപോലെ അലിഞ്ഞ സ്ത്രീയ്ക്ക് ഇത്രയും ഭാരമുണ്ട് എന്ന് അയാൾ അറിഞ്ഞു.മുട്ടോളം പൂണ്ടുപോവുന്ന ചെളിയിൽ വളർന്നുനിൽക്കുന്ന വലിയ പുല്ലുകൾ. മുന്നോട്ടൊന്നും കാണാൻ വയ്യ. ഇരുട്ടിൽ മുന്നിലുള്ളത് കുഴിയോ കുളമോ എന്നറിയാതെ മിർയത്തെ ഇരുത്തിയ കഴുതയെയും വലിച്ച് യൂസഫ് നടന്നു. നഗരത്തിൽ നിന്നും കുറെ അകന്നു എന്ന് തോന്നിയപ്പോൾ തന്റെ മൊബൈൽ ഫോൺ ടോർച്ച് പോലെ തെളിച്ചു. അപ്പോൾ ഇരുട്ടിൽ എന്തോ ഓടിവരുന്ന ശബ്ദം കേട്ടു.  പെട്ടെന്ന് ഒരാൾ എതിരെ നിന്ന് റ്റോർച്ചടിച്ചു. കുത്തുന്ന വെളിച്ചത്തിൽ യൂസഫിന്റെ കണ്ണ് മഞ്ഞളിച്ചു. അയാളുടെ കിതയ്ക്കുന്ന ശ്വാസം യൂസഫിന്റെ മുഖത്തടിക്കുന്നത്ര അടുത്ത് നിന്നുകൊണ്ട് യൂസഫിന്റെ നേരെ അയാൾ തോക്ക് ചൂണ്ടി. യൂസഫ് കൈകളുയർത്തി. അയാൾക്ക് ഭയമോ വിഷാദമോ തോന്നിയില്ല. വരാൻ പോകുന്ന പീഢനങ്ങളും അനിവാര്യമായ മരണവും ഓർത്ത് മടുപ്പ് മാത്രം തോന്നി. തോക്ക് ചൂണ്ടിയ ആൾ യൂസഫിനെ നോക്കിക്കൊണ്ട് അനങ്ങാതെ നിൽക്കുന്നു. അയാളെ യൂസഫ് തിരിച്ചറിഞ്ഞു. പഴയ ഉറ്റ സുഹൃത്ത് വഖാർ. 'വഖാർ, ഇത് ഞാനാ, യൂസഫ്' - അയാൾ ഒന്നും മറുത്തു പറഞ്ഞില്ല. പരിചയം കാണിക്കാതെ തോക്കുചൂണ്ടി അനങ്ങാതെ നിന്നു. എത്രനേരമെന്ന് അറിയാത്ത ആ നിൽപ്പിനു ശേഷം പെട്ടെന്ന് വഖാർ ഇരുളിലേക്ക് മറഞ്ഞു. യൂസഫും മിർയവും ഒറ്റയ്ക്കായി.


യൂസഫ് നടത്തത്തിന്റെ വേഗതകൂട്ടി. കഴുത കിതയ്ക്കുന്നുണ്ടായിരുന്നു. മിർയത്തിനു ഒട്ടും വയ്യെന്ന് തോന്നി. ഒരു മലകടന്ന് വേണം അടുത്ത ഗ്രാമത്തിലെത്താൻ. യൂസഫ് കഴുതയെയും വലിച്ച് മലമ്പാതയിലൂടെ നടന്നു. മലകടന്നാൽ പിന്നെ ഐസിസിനെ പേടിക്കാനില്ല. ഭരണകൂടത്തിന്റെ കയ്യിലുള്ള പ്രദേശമാണു, അവരുടെ പട്ടാളക്കാരെ പേടിച്ചാൽ മതി. പക്ഷേ മലകയറിയിറങ്ങുന്നത് കഠിനമായ യാത്രയാണു. ഒറ്റയ്ക്ക് യാത്രചെയ്താൽപ്പോലും ഒരു പകൽ മുഴുവനെടുക്കും മലകയറിയിറങ്ങാൻ.


‘യൂസഫ്, നിങ്ങൾ പൊയ്ക്കോളൂ, ഞാനിനിയില്ല' - മിർയം പറഞ്ഞു.


‘മിർയം, ഞാനില്ലാതെ നീയെങ്ങനെ മലകടക്കും? നിങ്ങളെ അവർ പിടികൂടും, കൊന്നുകളയും. എന്റെ കൂടെ വരൂ, നിന്നെ ഞാനേതെങ്കിലും അഭയാർത്ഥി കാമ്പിലാക്കിത്തരാം.’


'വേണ്ട, എന്നെയോർത്ത് വിഷമിക്കണ്ട. നിങ്ങൾ പൊയ്ക്കോളൂ,  ഞാനിനിയില്ല'.


അയാൾക്ക് തർക്കിക്കണമെന്നുണ്ടായിരുന്നു, പക്ഷേ അവളുടെ അവസ്ഥ കണ്ടപ്പോൾ അവൾ മലകയറിയിറങ്ങില്ല എന്നു തോന്നി. മിർയത്തിന്റെ മുഖം വിളറിവെളുത്തിരുന്നു.  തണുപ്പും യാത്രാക്ലേശവും കൊണ്ട് അവൾ മരിച്ചുപോവുമെന്ന് തോന്നി. അയാൾ എന്തുചെയ്യണമെന്നറിയാതെ നിന്നു.


മലയിറങ്ങി ഒരു വാഹനത്തിന്റെ വെളിച്ചം വരുന്നു. അത് മുകളിൽ നിന്ന് ചെങ്കുത്തായ വളവുകളിൽ വീശിയടിക്കുന്നു. അയാൾ കഴുതയെയും വലിച്ച് പാതവിട്ട് കാട്ടിലേക്ക് കയറി.കുറ്റിക്കാടുകളും കല്ലും മുള്ളും ചവിട്ടിക്കയറി. ഒരു വലിയ പാറ ചരിഞ്ഞ് മേൽക്കൂരപോലെ നിൽക്കുന്നു. അതിനടിയിൽ രണ്ട് കാട്ടാടുകൾ നിന്നുറങ്ങുന്നു. അയാൾ മിർയത്തിനെ അവിടെ ഇറക്കിക്കിടത്തി.


‘വെള്ളം' - മിർയം കരയുന്നു. ഇരുട്ടിലും വേദനയുടെ തരംഗങ്ങൾ അവളുടെ ദേഹത്തിൽ ഓടിനടക്കുന്നതും അവയുടെ ആവൃത്തി കൂടിവരുന്നതും അയാളറിഞ്ഞു. അപ്പോൾ മേഖം മാറി, ഗുഹയിലേക്ക് നിലാവ് ചൊരിഞ്ഞുവന്നു.  വേദനകൊണ്ട് മിർയം പുളഞ്ഞു. തണുപ്പിലും മിർയം വിയർത്തു. എന്നിട്ട് നിശ്ചലമായി. പെട്ടെന്ന് മിർയത്തിന്റെ വിതുമ്പലുകളും പിടച്ചിലും ഒഴിഞ്ഞപ്പോൾ ഗുഹയിൽ പേടിപ്പിക്കുന്ന നിശബ്ദത നിറഞ്ഞു. യൂസഫ് അവളുടെ വസ്ത്രം പൊക്കി. ചോരയിൽ കുളിച്ച് ഒരു കുഞ്ഞ് കിടക്കുന്നു. മരണത്തിന്റെ ഇടനാഴിയിലൂടെ ഊർന്നിറങ്ങിവന്ന കുഞ്ഞ്, ഒരു പെൺകുഞ്ഞ്. അവൾ അനക്കമില്ലാതെ കണ്ണുകളടച്ച് കിടക്കുന്നു. അതിന്റെ കവിളുകൾ നീലിക്കുന്നു.  അയാൾ അവളെ കാലിൽ പിടിച്ച് തലകീഴായി പൊക്കിയെടുത്തു. കുഞ്ഞ് നിശബ്ദതയെ നെടുകേ കീറിക്കൊണ്ട് കരഞ്ഞു. ആശ്വാസത്തോടെ അയാൾ കത്തിയെടുത്ത് അവളുടെ പൊക്കിൾക്കൊടി മുറിച്ചു. മിർയം കണ്ണുതുറന്നു.  വേദനനിറഞ്ഞ പുഞ്ചിരി.  അയാൾ കുഞ്ഞിനെ അവളുടെ അരികിലേക്ക് കിടത്തി.


‘യൂസഫ് പൊയ്ക്കോളൂ’, അവൾ വീണ്ടും പറഞ്ഞു.


ഈ കുഞ്ഞ് തന്റെ ആരാണു? ആരുടെയാണു? ഇന്നലെ വരെ തന്നെ അറിയാത്ത ഒരു സ്ത്രീ. അവളുടെ കുഞ്ഞ്. അവരിരുവരും ഒന്നുപോലെ ഒട്ടിക്കിടക്കുന്നു. ദൂരെയേതോ ദ്വീപിൽ ജീവിക്കുന്ന രണ്ട് അപരിചിതരെപ്പോലെ അവർ. കാഴ്ച്ചക്കാരനെപ്പോലെ താൻ. തനിക്കും അവർക്കും ഇടയിൽ ഒരു  മലയുണ്ടെന്ന് അയാൾക്കു തോന്നി. മുറിച്ചുകടക്കാൻ പറ്റാത്ത വലിയ പർവ്വതം.


എല്ലാം ഒരു ദു:സ്വപ്നം പോലെ മറക്കണം. എങ്ങനെയും സിറിയ വിടണം, തുർക്കിയിലേക്ക്, പിന്നെ യൂറോപ്പിലേക്ക്. അവിടെ ഒരു പെണ്ണിനെ കണ്ടെത്തണം, തന്റെ രക്തത്തിൽ കുഞ്ഞുങ്ങളെ ജനിപ്പിക്കണം.


മിർയത്തിന്റെ വസ്ത്രങ്ങൾ അയാൾ അവളുടെ അടുത്ത് അടുക്കിവെച്ചു. കഴുതയെ ഒരു കമ്പിൽ കെട്ടി. അവൾക്ക് കുടിക്കാനുള്ള വെള്ളവും അല്പം ഭക്ഷണവും അരികത്തുവെച്ചു. 'നിങ്ങളെ ദൈവം കാക്കും' - താൻ തന്നെയാണോ ഇങ്ങനെ പറഞ്ഞത് എന്ന് അയാൾ അൽഭുതപ്പെട്ടു, എന്നിട്ട് തിരിഞ്ഞുനടന്നു.


അയാൾ പോക്കറ്റിൽ കൈയിട്ടു. തന്റെ പിതാവ് തന്ന ഒമേഗ വാച്ച് മിടിക്കുന്നു. അത് വിറ്റാൽ യൂറോപ്പിലേക്ക് കടക്കാനുള്ള ബോട്ടിനു കൊടുക്കാൻ പണം കിട്ടും. താനെങ്ങനെയും രക്ഷപെടും. അത് അവൾക്കു കൊടുക്കണം.  അയാൾ തിരിച്ചുനടന്നു. അയാൾക്ക് കുഞ്ഞിനെ ഒന്നുകൂടി എടുക്കണം എന്ന് തോന്നി. കുഞ്ഞിനു തണുക്കുന്നുണ്ടാവുമോ? മിർയം ഒരു കല്ലിൽ ചാരിയിരുന്ന് കുഞ്ഞിനു മുലകൊടുക്കുന്നു. അയാളെ മിർയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നി. പരുക്കൻ ലോകത്തിൽ ഒരു അമ്മയും കുഞ്ഞും യാത്രതുടങ്ങുന്നു. ഒരുപക്ഷേ അവർ ഏതെങ്കിലും അഭയാർത്ഥി കാമ്പിലെത്തും, ചിലപ്പോൾ എവിടെയെങ്കിലും അഭയം കണ്ടെത്തും. ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത്, ഒരുപക്ഷേ അമേരിക്കയിൽ, കുഞ്ഞ് വളരും. ഈ രണ്ട് ജീവിതങ്ങളിൽ വരാൻ പോകുന്ന യുദ്ധവും രോഗവും പട്ടിണിയും ദുരിതവും രക്ഷയുമെല്ലാം മിർയത്തിന്റെ കണ്ണുകളെ പ്രകാശിപ്പിക്കുന്നതുപോലെ യൂസഫിനു തോന്നി. പാൽ ചുരക്കുന്ന മുലയിൽ നിന്ന് വിടുവിച്ച് അവൾ കുഞ്ഞിനെ അയാളുടെ കയ്യിലേക്ക് കൊടുത്തു.


അയാൾ എടുത്തപ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തി, ചിരിച്ചു, തന്റെ ചെറിയ വിരലുകൾ കൊണ്ട് അയാളുടെ മീശരോമങ്ങളിൽ തടവിക്കൊണ്ട് കുഞ്ഞ് വിളിച്ചു, "യൂസഫ്.."

ചില മൊട്ടുസൂചിവിദ്യകൾ

 1. ഫുട്ട്പാത്തിലെ പുഴു

-----------------------


ചില കഥകൾ എവിടെപ്പറഞ്ഞു തുടങ്ങണമെന്നറിയില്ല. എന്നെത്തന്നെ ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം ഞാനീ റോഡുപണിക്കാരുടെയൊന്നും മുഖം കാണില്ല എന്നതാണു - ടാറുരുക്കിയും ചരലുപാകിയും അവർ റോഡിലൊക്കെ പണിയുന്നതും റോഡരികത്ത് കൂട്ടംകൂടി നിൽക്കുന്നതും കാണും. അവരെ നോക്കിയാലും നോട്ടം അവരെയും കടന്നുപോകും. അവരുടെ മുഖമോ കണ്ണുകളോ ചിരിയോ മുഖത്തെ വികാരങ്ങളോ ഒന്നും കാണില്ല. എന്നാലവർക്കു പിന്നിലുള്ള ചുവരെഴുത്തും വീടുകളുടെ നിറവും മരങ്ങളും ഒക്കെക്കാണും. കടകളുടെ മുന്നിലുള്ള ചില്ലുപാളിയിലൂടെ ഉള്ളിലെ പ്രദർശനവസ്തുക്കളിലേക്കു നോക്കുന്നതുപോലെ സുതാര്യമായ നോട്ടമാണു. ഒരു തൊഴിലാളി. അത്രമാത്രം.


അതുപോലെ സുതാര്യനായിരിക്കണം മ്യൂസിയം പോലീസ് സ്റ്റേഷനു മുൻപിലെ ഫുട്ട്പാത്തിലിരിക്കുന്ന മനുഷ്യനും. ടൊവീനോയുടെ പുതിയ പടത്തിൻ്റെ പരസ്യത്തിനു കീഴെ, ഫുട്ട്പാത്തിലെ  രണ്ട് സ്ലാബുകൾ ഇളകിക്കിടക്കുന്നിടതിനു തൊട്ടപ്പുറമാണു അയാൾ ഇരിക്കുന്നത്. അയാളെ സൂക്ഷിച്ച് നോക്കിയാൽ ചുണ്ട് രണ്ടും ക്രിക്കറ്റ് ബാൾ പോലെ വീർത്തിരിക്കുന്നതും കവിൾ വീങ്ങിയതുകൊണ്ട് ഇടത്തേക്കണ്ണ് തുറക്കാൻ പറ്റാത്തവിധം അടഞ്ഞുപോയതും പുരികം പൊട്ടിയിരിക്കുന്നതും കാണാം. ഒരു കീറിയ ഷർട്ടും ചോര പടർന്ന വെളുത്ത മുണ്ടും ധരിച്ച് അയാളിങ്ങനെ ഇരിക്കുന്നു. ചിലപ്പോൾ കരയുന്നു, ചിലപ്പോൾ തലയിൽ കൈവെച്ച് ഇരിക്കുന്നു, ചിലപ്പോൾ നിലത്ത് കിടക്കുന്നു. രാവിലെ മുതൽ വൈകുന്നേരം ഏഴുമണിവരെ അയാൾ ഈ കിടപ്പുകിടന്നു. തിരുവനന്തപുരം മ്യൂസിയം റോഡിലെ തിരക്കുവെച്ച് നോക്കിയാൽ ഒരു മിനിട്ടിൽ ശരാശരി നൂറുപേരെങ്കിലും കടന്നുപോയിക്കാണണം. അതായത് രാവിലെ എട്ടുമണി മുതൽ വൈകിട്ട് ഏഴുമണിവരെ അറുപത്താറായിരം മനുഷ്യർ അയാളെക്കടന്ന് നടന്നുപോയി. അരികിലെ റോഡിലൂടെപ്പോകുന്ന ഓട്ടോ, സ്കൂട്ടർ, ബൈക്ക്, കാർ, ബസ്സ് യാത്രക്കാർ വേറെ. ഞാൻ നേരത്തേ പറഞ്ഞതുപോലെ അവർ അയാളെ കണ്ടില്ലെന്നതാണു സത്യം.


ഉദാഹരണത്തിനു ഫിലിം ഫെസ്റ്റിവലിനു വന്ന് അതിലേ നടന്ന രണ്ട് യുവാക്കളുടെ സംഭാഷണം നോക്കാം. ഒന്നാമൻ ജുബ്ബ/ജീൻസ് വേഷത്തിലാണു, രണ്ടാമൻ ജീൻസും ടി-ഷർട്ടും. രണ്ടുപേരുടെയും കഴുത്തിൽ ഫിലിം ഫെസ്റ്റിവലിൻ്റെ ബാഡ്ജ് തൂക്കിയിട്ടുണ്ട്.


ഒന്നാമൻ: “ഒന്നോർത്താൽ നമ്മുടെ പോലീസ് എന്നത് സ്റ്റേറ്റ് ഏർപ്പാക്കിയ ഒരു ഗുണ്ടാ സംവിധാനമല്ലേ? തോന്നുന്നതുപോലെ ആളുകളെ അടിക്കാനും തൊഴിക്കാനും അവകാശമുള്ള, സർക്കാർ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന വളരെ ഓർഗനൈസ്ഡ് ആയൊരു ഗുണ്ടാപ്പട”.

രണ്ടാമൻ: “സ്റ്റേറ്റ് എന്നതേ വയലൻസാണു. സ്റ്റേറ്റിനോളം ഹിംസാത്മകമായ മറ്റൊരു സംവിധാനമില്ല. അതല്ലേ അളിയാ ഞാനൊരനാർക്കിസ്റ്റായത്”.


ഒന്നാമൻ:  “എന്ത് ഇസ്റ്റായാലെന്താ ഇഷ്ടാ, ഹിംസാരഹിതമായ സ്റ്റേറ്റിനെ സ്വപ്നം കാണാൻ പറ്റണ്ടേ?”

(ഇപ്പോൾ ഇവർ ഇരുവരും റോഡിൽ മുറിവേറ്റുകിടക്കുന്ന മനുഷ്യനെ കടന്നുപോവാറായി).


രണ്ടാമൻ: “സ്റ്റേറ്റ് എന്നത് ഒരു അധികാരരൂപമാണു. ഹിംസാരഹിതമായ അധികാരം എന്നത് വിരുദ്ധോക്തിയാണു. ഒന്നോർത്താൽ നമ്മളെല്ലാം പ്രാകൃതരായ മൃഗങ്ങളാണു. അടിച്ചും മെരുക്കിയുമല്ലാതെ നമ്മളെ ഒരുമിപ്പിച്ച് ജീവിപ്പിക്കാനാവില്ല. അതായത് തല്ല് ജനാധിപത്യത്തിൻ്റെ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണു. ജനാധിപത്യത്തിൻ്റെ ഉപകരണമാണു പോലീസ്. ”


ഒന്നാമൻ: “എടാ, പോലീസ് സ്റ്റേഷൻ്റെ മുന്നിൽ കിടക്കുന്ന ആളെ ശ്രദ്ധിച്ചോ, അടികൊണ്ട് പൊട്ടിക്കിടക്കുവല്ലേ”?


രണ്ടാമൻ:  “വല്ലൊ ഭിക്ഷക്കാരുമായിരിക്കും. അവരുടെ തമ്മിൽത്തല്ലിനു നമ്മൾ ഇടപെടണോ. വിട്ടുകള”.


ഒന്നാമൻ: ”ശ്രീകുമാറിൽ റ്റിക്കറ്റുകിട്ടിയില്ലെങ്കിൽ പിന്നെ ഏതുപടത്തിനു കേറാനാണു. ഗാസ്പെർ നോയുടെ പടത്തിനു എന്തായാലും നോക്കണ്ട.”


ഞാൻ പറഞ്ഞുവന്നത് അവരുടെ കണ്ണുകളിൽ യുവത്വത്തിൻ്റെ തിളക്കവും ബുദ്ധിജീവിതത്തിൻ്റെ തീക്ഷ്ണതയും ഉള്ളതുകൊണ്ട് അവർ മുറിവേറ്റ മനുഷ്യനെ ശ്രദ്ധിച്ചു, പക്ഷേ മറ്റാരും തന്നെ അയാളെ ശ്രദ്ധിച്ചില്ല എന്നാണു. അതായത് പണ്ടുകാലത്ത് നല്ല ശമരിയാക്കാരനൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ ആ കഥകളൊക്കെ പഴഞ്ചനായി. അയാൾ വേദനകൊണ്ട് കിടന്ന കിടപ്പിൽത്തന്നെ മൂത്രമൊഴിച്ചുപോയി. മുഖത്തുനിന്ന് ചോരവാർന്ന് അയാൾക്ക് വലുതായി ദാഹിച്ചു. വെയിലേറ്റ് അയാൾ തളർന്നു. ഇപ്പോൾ കേരളത്തിലെ വെയിലറിയാമല്ലൊ, ഗൾഫിനെക്കാൾ വെയിലാണു. ഇങ്ങനെ രണ്ടോ മൂന്നോ ദിവസം കിടന്നാൽ അയാൾ മരിച്ചുപോയേക്കാം. നമ്മുടെ നാട്ടിൽ ഒരു മരണം എന്താവാനാണു - പുഴുക്കളെപ്പോലെ എത്രമാത്രം മനുഷ്യരാണു. ആളുകൂടിയതിൻ്റെ കുഴപ്പമാണോ അതോ അസ്വഭാവിക മരണം അത്രയേറെ സ്വാഭാവികവും നിരന്തരവുമായതിൻ്റെ മടുപ്പാണോ എന്നറിയില്ല,  

ഒന്നോ രണ്ടോ പേർ വെട്ടിയോ കൊന്നോ ഇടികൊണ്ടോ മരിച്ചാൽ ഇപ്പോൾ പത്രങ്ങൾ പോലും വാർത്തയാക്കാറില്ല.


2.നല്ല സമരിയാക്കാരൻ

------------------------------


ഏഴുമണിയായപ്പോൾ ഒരുവരിയിലെ ഗതാഗതം തടഞ്ഞുകൊണ്ട് ഒരു  ജീപ്പ് ബ്രേക്കിട്ടുനിന്നു. അതിൽ നിന്ന് സർക്കിളിൻസ്പെക്ടർ വർഗീസ് എബ്രഹാം ഇറങ്ങിവന്ന് “ചെല്ലപ്പാ എഴുന്നേൽക്ക്” എന്നുപറഞ്ഞു. എന്നിട്ടും എണീക്കാതെ താഴെ ചുരുണ്ടുകിടന്ന ആ മനുഷ്യനെ വലിച്ചുപൊക്കി അയാളെ താങ്ങിനടത്തിച്ച് തൻ്റെ വണ്ടിയുടെ മുൻസീറ്റിലിരുത്തി. “വീട് മണ്ണറക്കോണത്തല്ലേ, ഞാൻ കൊണ്ടാക്കാം” എന്നു പറഞ്ഞു. ചെല്ലപ്പനാശാരി മറുത്തൊന്നും പറയാതെ മുന്നിലേയ്ക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. വണ്ടി നീങ്ങിത്തുടങ്ങി.


“ചെല്ലപ്പാ, നിങ്ങളെപ്പോലുള്ളവർ ഞങ്ങൾ പോലീസുകാരുടെ തല്ല് ചോദിച്ചുവേടിച്ചാൽ എന്തോ ചെയ്യും”


ചെല്ലപ്പനാശാരി മറുപടി പറയാത്തതുകൊണ്ട് സിഐ വർഗ്ഗീസ് തുടർന്നു:  “നിങ്ങൾ വെറുതേ പോലീസുകാരുടെ കൈത്താങ്ങിനു വന്ന് കേറിയതാണു. ആരെങ്കിലും പോലീസുകാർക്കെതിരെ സമരത്തിനു പോകുമോ? അതും പോലീസ് സ്റ്റേഷൻ്റെ വളപ്പിൽ കൊടിയും പിടിച്ച് സത്യാഗ്രഹമിരിക്കാൻ സമ്മതിക്കാൻ പറ്റുവോ? ദിവസവും നൂറുകണക്കിനു ആളുകൾ കയറിയിറങ്ങുന്ന സ്ഥലമാ പോലീസ് സ്റ്റേഷൻ. ഓരോരുത്തരും നീതി കിട്ടാൻ വരുന്ന, നീതി കൊടുക്കുന്ന കട. അതിനുമുന്നിൽ പോലീസുകാർക്കെതിരെ കൊടിയും പിടിച്ചിരുന്നാലൊക്കുമോ. ഞങ്ങളുടെ കഞ്ഞിയിൽ പാറ്റയിടുന്ന പരിപാടിയല്ലേ?”


അതിനും ചെല്ലപ്പനാശാരി മറുപടിയൊന്നും പറഞ്ഞില്ല.


“എടോ, നിങ്ങൾക്ക് വയസ്സായി. ഞാൻ പറയുന്നതു കേൾക്കു, വെറുതേ പോലീസിനെതിരെ സമരത്തിനൊന്നും പോകണ്ട. നിങ്ങടെ മോനോ പോയി. ഇനി നിങ്ങളെങ്കിലും വീട്ടിലുള്ളോർക്ക് കഞ്ഞിക്കു വകയുണ്ടാക്കിക്കൊടുക്കാൻ നോക്ക്. ഇനിയും ഈ പ്രായത്തിൽ തല്ലുകൊണ്ട് ചാവണ്ട”.


വഴിയിൽ വാഹനങ്ങളൊഴുകുന്നതും ഇരുട്ടിലേക്ക് മറയുന്നതും ചെല്ലപ്പനാശാരി കണ്ടു. മകൻ്റെ കുട്ടിക്കാലത്തെ ഒരു ഓർമ്മ അയാളെ വന്നു തലോടി. തൻ്റെ അമ്മയും തൻ്റെ മകനും തമ്മിലുള്ള സംഭാഷണം. രണ്ട് തലമുറകൾക്കപ്പുറത്തുനിന്ന് അമ്മൂമ്മ അവൻ്റെ അച്ഛനെപ്പറ്റി പറഞ്ഞുകൊടുക്കുന്നു.


‘മോൻ വലുതാകുമ്പൊ നിൻ്റെ അച്ഛൻ വെറുമൊരു ആശാരിയായിരുന്നെന്ന് വിചാരിക്കരുത്. മഹാ മാന്ത്രികനാ. മന്ത്രവാദത്തിൻ്റെ അറ്റം ഒടിമന്ത്രവാദമാ, അതിൻ്റെ അറ്റം വെള്ളൊടി. നിൻ്റെ അച്ഛന് അവൻ്റെ അപ്പൂപ്പൻ പഠിപ്പിച്ചു കൊടുത്തതാ വെള്ളൊടിവിദ്യ. വേണമെന്നുവെച്ചാൽ എത്ര കാശുണ്ടാക്കാമായിരുന്ന കുട്ടിയാ. പക്ഷേ ചെയ്യൂല്ല. അവനീ ആശാരിപ്പണിയും അരപ്പട്ടിണിയും മതി. മോൻ വലുതാവുമ്പൊ അച്ഛനോടു ചോദിച്ച്  ഒടിവിദ്യ പഠിക്കണം. അച്ഛനെപ്പോലെ മരത്തിൽക്കൊത്തി ജീവിതം കളയരുത്. മോൻ വലിയ കാശുകാരനാകണം'.


അന്ന് അവനു ഒൻപതുവയസ്സേയുള്ളൂ. 'അച്ഛനു മന്ത്രവാദം അറിയുമോ' എന്ന് ചോദിച്ചു.  'അറിയില്ല മകനേ' എന്നു പറഞ്ഞു.

'അച്ഛമ്മ പറഞ്ഞല്ലോ'

'അച്ഛമ്മ വെറുതേ ഓരൊന്ന് ഉണ്ടാക്കിപ്പറയുന്നതല്ലേ. ഇന്നത്തെക്കാലത്ത് ആരാ മന്ത്രവാദവുമായിട്ട് നടക്കുന്നെ. ആൾക്കാർ തട്ടിപ്പുകാരാന്നു പറയും'

'അച്ഛനു മന്ത്രവാദം അറിയാമായിരുന്നെങ്കിൽ വായുവിൽ നിന്ന് ജപിച്ച് കുറെ കാശുണ്ടാക്കിക്കൂടേ, പിന്നെ നമുക്കും നല്ല വീട്ടിൽ താമസിക്കാമല്ലോ'

താൻ വെളുക്കെ ചിരിച്ചു..


മുൻസീറ്റിലിരുന്ന് മയങ്ങിപ്പോയ ചെല്ലപ്പനാശാരിയെ പോലീസുകാരൻ കുലുക്കിയുണർത്തി. 'ഇവിടെ വട്ടിയൂർക്കാവ് ജങ്ഷനിൽ ഒരു ക്ളിനിക്ക് ഉണ്ട്. എനിക്കു പരിചയമുള്ള സ്ഥലമാണു. കയറി മുഖത്തെ പരിക്കെല്ലാം ശരിയാക്കിയിട്ട് പോകുന്നോ?'

ചെല്ലപ്പനാശാരി വേണ്ട എന്ന് തലയാട്ടി.

'ഇതാ, ഇതിരിക്കട്ടെ. ഏതെങ്കിലും ആശുപത്രിയിൽച്ചെന്ന് മുറിവുവെച്ചു കെട്ട്' - വർഗ്ഗീസ് ആയിരം രൂപ ചെല്ലപ്പനാശാരിയുടെ പോക്കറ്റിൽ തിരുകിക്കൊടുത്തു.


'എടോ തൻ്റെ മകൻ്റെ കാര്യത്തിൽ ഞങ്ങൾക്കും വിഷമമുണ്ട്. സത്യമായിട്ടും പോലീസുകാർ ഒന്നും ചെയ്തില്ല. അവനു വേറെന്തെങ്കിലും വിഷമമുണ്ടായിരുന്നുകാണും. എല്ലാം കൂടി വന്നപ്പൊ അങ്ങനെ പറ്റിയെന്നേയുള്ളൂ.'

ചെല്ലപ്പനാശാരിയുടെ കണ്ണുകൾ വീണ്ടും വേറേതോ ലോകം തിരഞ്ഞുപോയി. തിമിരത്തിൻ്റെ പാടകളിൽ അന്തിസൂര്യനെപ്പോലെ കണ്മണികൾ മുങ്ങുന്നതുകണ്ട് സി.ഐ. വീണ്ടും തുടർന്നു.  


'ആശുപത്രിയിൽ കൂടുതൽ കാശാകുന്നെങ്കിൽ എന്നെ അറിയിക്കു, ഞാൻ വേണ്ടത് ചെയ്യാം. ദയവുചെയ്ത് ഇനിയും സമരത്തിനൊന്നും വരരുത്, വീട്ടിൽ ബാക്കിയുള്ളോരെ നോക്കി ജീവിക്കു'. വർഗ്ഗീസ് ചെല്ലപ്പനാശാരിയുടെ വീട്ടിലേക്കുള്ള വളവിൽ ജീപ്പ് നിർത്തി.


'സാറേ' -  ചെല്ലപ്പനാശാരി ആദ്യമായി വിളിച്ചു.


'എന്തെങ്കിലും വേണോ?'


'മുഖം തുടയ്ക്കാൻ ഒരു തുണി.. ഇങ്ങനെ ചോരയുമൊലിപ്പിച്ച് വീട്ടിൽ കേറിച്ചെന്നാൽ അവരു പേടിക്കും'


വർഗ്ഗീസ് കാക്കിഷർട്ടിൻ്റെ പോക്കറ്റിൽ മടക്കിവെച്ചിരുന്ന കൈലേസ് എടുത്തുകൊടുത്തു. അതും പിടിച്ച് ചെല്ലപ്പനാശാരി വേച്ചുനടക്കുന്നത് നോക്കിയിരുന്നു, എന്നിട്ട് വണ്ടി തിരിച്ചു.



3. നേതാവ്

--------------


ഇതിനു രണ്ടുദിവസം മുൻപ് ആത്മഹത്യ നടന്ന വീട്ടിൽ സ്ഥലത്തെ രാഷ്ട്രീയപ്പാർട്ടിയുടെ നേതാവ് വന്നിരുന്നു. ആളൊഴിഞ്ഞ വീട്ടിലെ അമ്മ - ലളിത - അകത്തെ മുറിയിൽ കിടപ്പാണു. ചെല്ലപ്പനാശാരി മുൻവശത്തെ സോഫയിലിരുന്ന് ചുമരിലെ ക്ളോക്കിൽ നിമിഷസൂചി മിടിക്കുന്നത് നോക്കുകയായിരുന്നു. പുറത്ത് മകൻ്റെ ബൈക്ക്, അവൻ ഊരിയിട്ട ചെരുപ്പ്, അകത്തെ അയയിൽ അവൻ്റെ അടിവസ്ത്രങ്ങൾ, ചുമരിൽ തെണ്ടുൽക്കറിൻ്റെ പടം. അവൻ ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് എവിടെയോ പോയി, ഇപ്പോൾ തിരിച്ചുവരും എന്ന ഭാവമാണു  വീടിനു. ചെല്ലപ്പനാശാരി ഒരുപാട് നേരമായുള്ള ഇരിപ്പിൽ നിന്ന് നേതാവിനെ കണ്ടപ്പോൾ എഴുന്നേറ്റു.


'നേരത്തേ വരണമെന്ന് വിചാരിച്ചതാ, പറ്റിയില്ല'

ചെല്ലപ്പനാശാരി ഒന്നും പറഞ്ഞില്ല. സഹായിക്കാൻ വന്ന അയലത്തെ പെൺകുട്ടി 'ചായ എടുക്കട്ടേ' എന്നു ചോദിച്ചു.

'വേണ്ട, ഞാൻ ചായ കുടിച്ചിട്ടിറങ്ങിയതാ'.

'വെള്ളം എടുക്കണോ' എന്ന് അവൾ ചോദിച്ചപ്പോൾ ചെല്ലപ്പനാശാരി തന്നെ മുഖം കൊണ്ട് വേണ്ട എന്ന് ആംഗ്യം കാണിച്ചു.

'ലളിതാമ്മയെവിടെ?'

'കിടക്കുന്നു'.

'ഇത് കൃത്യമായും പോലീസിൻ്റെ കടുംകൈയാണു. വെറുതേ പോകുന്നവരെ പിടിച്ച് തല്ലുക. പോലീസുകാരെ വെറുതേ വിടരുത്. നമുക്ക് നാളെത്തന്നെ പത്രത്തിലും ചാനലിലും ഒക്കെ ഇത് അറിയിക്കാം'.

ചെല്ലപ്പനാശാരി വീണ്ടും ക്ളോക്കിലെ സൂചി ഇഴയുന്നത് നോക്കി.

'ഞാനും കൂടെ വരാം. രാവിലെ എനിക്ക് പാറശ്ശാലയിൽ ഒരു പരിപാടിയുണ്ട്, അത് കഴിഞ്ഞ് ഞാൻ വൈകുന്നേരമിങ്ങെത്താം. നമുക്ക് ആ സ്റ്റേഷനു മുന്നിൽത്തന്നെ പ്രതിഷേധം സംഘടിപ്പിക്കാം. ഇവിടെ പരിചയമുള്ള ആൾക്കാരെയൊക്കെ വിളിക്കൂ, ചാനലുകളെയും പത്രക്കാരെയുമൊക്കെ ഞാൻ വിളിച്ചുപറഞ്ഞോളാം.'


ചെല്ലപ്പനാശാരി ഒന്നും പറയാത്തതുകൊണ്ട് അയാൾ ആശാരിയുടെ കൈ തൻ്റെ രണ്ടുകൈകളിലുമെടുത്തു. ഉളി തെന്നിമുറിഞ്ഞ് വടുക്കൾ വീണ കൈത്തലം തലോടി, 'ഒന്നുകൊണ്ടും വിഷമിക്കണ്ട, ഞാൻ പോയിട്ട് നാളെവരാം' എന്നു പറഞ്ഞ് പുറത്തേക്കിറങ്ങി.  മരശ്ശാരി ദിവസം മുഴുവൻ കാത്തിരുന്നെങ്കിലും അയാൾക്ക് ചില തിരക്കുകൾ കൊണ്ട് വരാൻ പറ്റിയില്ല. അതുകൊണ്ടാവണം അതിനു പിറ്റേദിവസം ചെല്ലപ്പനാശാരിയ്ക്ക് ഒറ്റയ്ക്ക് പ്രതിഷേധിക്കാൻ തോന്നിയത്. തിരക്കുകളൊഴിഞ്ഞ് നേതാവ് പിറ്റേന്നു വന്നപ്പോൾ വീട് തുറന്നുകിടക്കുകയായിരുന്നു.


4. കലിപ്പ് പയ്യൻ

--------------------

തിരുവനന്തപുരം സിറ്റി ഒരു പെശക് സ്ഥലമാണ്. കെ.എൽ.ഒന്ന് 1456 ഫ്ളൈയിങ്ങ് സ്ക്വാഡു വണ്ടി ഗവണ്മെൻ്റ് വിമൻസ് കോളെജിനു മുൻപിലൂടെ പതിവ് പാറാവിനു പോവുകയായിരുന്നു.  മെതിയടി ബസ് സ്റ്റോപ്പ് കഴിഞ്ഞ് വളവിലുള്ള അമ്മൂസ് ജ്യൂസ് ഷോപ്പിനുമുൻപിൽ ഒരു പയ്യൻ ബൈക്കും ചാരിനിന്ന് ജ്യൂസുകുടിക്കുക്കുന്നു. സബ് ഇൻസ്പെക്ടർ റോഷന് ഒറ്റനോട്ടത്തിലേ എന്തോ കലിപ്പു തോന്നി. വണ്ടി നിർത്തണോ എന്ന് കൂടെ ഫ്രണ്ട് സീറ്റിലിരുന്ന ഇൻസ്പെക്ടർ മജീദിനോടു ചോദിച്ചു. മജീദ് തലയാട്ടി. റോഷൻ ജീപ്പ് നിർത്തി പിന്നോട്ടെടുത്തു. ചെവല നിറമുള്ള ഡ്യൂക്ക് 200-സിസി ബൈക്കിൽ ചാരിനിൽക്കുന്ന, നീലക്കളറടിച്ച മുടി നീളത്തിൽ വളർത്തിയ പയല്. എസിഡിസി എന്നെഴുതിയ കറുത്ത റ്റീഷർട്ട്, അണ്ടർവെയറിൻ്റെ വള്ളി പുറത്തുകാണിക്കുന്ന തരം ജീൻസ്. കറുത്തുമെലിഞ്ഞ് പൊക്കമുള്ള പയ്യൻ.


'ഇങ്ങോട്ട് വാടാ'

'എന്നെയാണോ സാറേ?'

'നിന്നെത്തന്നെ. എന്താടാ നിനക്കിവിടെ പരിപാടി?'

'ഒരു കൂട്ടുകാരനെ കാത്തുനിക്കുവാ സാറേ'.  

‘ഉം, വണ്ടിയിലോട്ട് കേറ്’.

‘എന്തിനാ സാറേ?’

‘അതൊക്കെ ഇപ്പൊത്തന്നെ അറിയണോ? കേറഡാ വണ്ടിയിലോട്ട്’.


അപ്പൊഴേയ്ക്കും ഒരു പയ്യൻ ഓടിവന്നു, ചീകിവെച്ച മുടിയൊഴിച്ചാൽ വേഷം ഇതുപോലൊക്കെത്തന്നെ.  ‘എന്താസാറേ പ്രശ്നം?'

‘അതുചോദിക്കാൻ നീയേതാടാ?

‘സന്തോഷ് എന്നെക്കാണാൻ കാത്തുനിന്നതാ. കാര്യമെന്താ?’

'ഓഹോ, എന്നാ നീയും കേറ് വണ്ടിയിൽ'

‘ഞാനിവിടെ വിമൻസിൽ പഠിപ്പിക്കുന്ന മേനോൻ സാറിൻ്റെ മോനാ, എന്നെക്കാണാനാ സന്തോഷ് വന്നത്’

‘അധികം സംസാരിക്കാതെ വീട്ടിൽപ്പോടാ’.


അവൻ ഒന്നും പറയാതെ നിൽക്കുന്നത് കണ്ട് എസ്.ഐ. റോഷൻ വണ്ടിയിൽ നിന്നിറങ്ങി. സന്തോഷിൻ്റെ തലയ്ക്കുപിന്നിൽ പിടിച്ച് തള്ളി വണ്ടിയുടെ പിറകിലേയ്ക്കു കയറ്റി. കൂട്ടുകാരൻ പയ്യനെ ലാത്തിയെടുത്ത് ഓങ്ങി 'വീട്ടിൽപ്പോടാ' എന്ന് വീണ്ടും പറഞ്ഞു. അവൻ കുറച്ചുദൂരെ ബസ് സ്റ്റോപ്പ് വരെ നടന്നു, ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് ജീപ്പിലേക്കു തിരിഞ്ഞ് നോക്കി. എസ്.ഐ റോഷൻ ജീപ്പ് സ്റ്റേഷനിലേയ്ക്കു വിട്ടു.


സ്റ്റേഷനിലെത്തിയിട്ടും അവൻ്റെ മൊട തുടർന്നു. പോലീസ് എന്തിനാ അവനെ കസ്റ്റഡിയിലെടുത്തത് എന്ന് അവനറിയണം. മജീദ് അവനെ ഒരു ലോക്കപ്പ് സെല്ലിനകത്തേയ്ക്ക്  വിളിച്ചോണ്ടുപോയി, കാല്മുട്ടുകൊണ്ട് അവൻ്റെ വയറ്റിൽ ഇടിച്ചു. പയ്യൻ ചൂളിപ്പോയി. വയറും പൊത്തി നിലത്തുവീണു. റോഷൻ അകത്തേയ്ക്കു വന്നു. നിലത്തുകിടന്നു ഞരങ്ങുന്ന അവനെ എഴുന്നേൽപ്പിച്ചു നിർത്തി.


‘നിനക്ക് ഇനിയും അറിയണോ എന്തിനാ അറസ്റ്റ് ചെയ്തതെന്ന്?’

അവൻ വേണം എന്ന് തലയാട്ടി.

റോഷൻ അവനു ചെള്ള പിളർക്കെ ഒരു അടിയും കൂടെക്കൊടുത്തു. പയ്യൻ്റെ വായിൽ നിന്ന് ചോരയൊലിച്ചു തുടങ്ങി

‘നീയെന്താടാ സ്റ്റൈലുകാണിക്കുന്നോ? എവിടെന്നാടാ മുടിയിൽ കളറടിച്ചത്?’

അവൻ ഒന്നും പറഞ്ഞില്ല.

‘എന്തേലും പഠിക്കുന്നുണ്ടോടാ?’

‘ബി.എ. മലയാളത്തിനു’

‘എവിടെയാടാ വീട്?’

അവൻ ഒരു കോളനിയുടെ വീടുപറഞ്ഞു.

'ആഹാ, പെലേ പ്പയ്യനാ. എന്നിട്ടാണോ നിനക്കിത്ര ജാഡ?’

അവൻ തലതാഴ്ത്തി. ‘ഞങ്ങള് പാണരാ സാറേ’ എന്നു പറഞ്ഞു.

‘എന്താടാ തിരിച്ചു പറയുന്നെ?’ മജീദ് ഇടിക്കാൻ വന്നു. റോഷൻ മതി എന്നു ആംഗ്യം കാണിച്ചു.

‘എന്തിനാടാ നീ വിമൻസ് കോളെജിനു മുന്നിൽ സ്റ്റൈലുകാണിച്ചെ?’

‘ഞാനെൻ്റെ കൂട്ടുകാരനെ കാത്തുനിന്നതാ സാറേ.’

‘ബൈക്ക് എവിടെന്ന് മോഷ്ടിച്ചതാടാ?’

‘മോഷ്ടിച്ചതല്ല, എൻ്റെയാ’ - റോഷൻ അവൻ്റെ കുത്തിനു പിടിച്ചു.

‘നിനക്കെവിടന്നാടാ ബൈക്ക് വാങ്ങാൻ കാശ്?’

‘ലോണെടുത്തതാ’

‘സീസിയടക്കാനും കാശ് വേണ്ടേ. നീ കഞ്ചാവ് വിറ്റിട്ടാണോടാ കാശുണ്ടാക്കുന്നത്?’

‘അല്ല സാറേ ഞാൻ ഡാൻസ് കളിക്കാൻ പോകും. ടിവി പരിപാടിക്കും സിനിമയ്ക്കും ഡാൻസ് കളിച്ച് കിട്ടുന്ന കാശാ.’

‘പിന്നേ, ഡാൻസുകളിക്കാൻ പറ്റിയ മൊതല്. നീയല്ലേടാ കോളെജ് പിള്ളേർക്ക് ഡ്രഗ്സ് വിൽക്കുന്നത്?’

‘അല്ല സാറേ’

‘ഒരു കാര്യം ചെയ്യ്, നിൻ്റെ സ്റ്റൈലൊക്കെ അഴിച്ചുവെക്ക്. അതൊന്നും സ്റ്റേഷനിൽ വേണ്ട. നിന്നെ നല്ലനട പഠിപ്പിക്കാമോന്ന് ഞങ്ങളൊന്നു നോക്കട്ടെ. ഇവിടെന്ന് മുടി ചെരച്ചിട്ട് പോയാ മതി.’


...


ചെല്ലപ്പനാശാരി വിവരമറിഞ്ഞ് വരുമ്പോൾ സന്തോഷ് ജട്ടി മാത്രമിട്ട് ലോക്കപ്പിൽ കൂനിയിരിക്കുവായിരുന്നു. അവൻ്റെ മുടി ഷേവിങ്ങ് ബ്ളേഡുകൊണ്ട് വടിച്ചുമാറ്റിയിരുന്നു. മൊട്ടത്തലയിൽ ബ്ളേഡുകൊണ്ട് മുറിഞ്ഞ മുറിവുകളിൽ ചോരപൊടിഞ്ഞിരുന്നു.


സി.ഐ. വർഗ്ഗീസ് എബ്രഹാം ചെല്ലപ്പനോട് ഇരിക്കാൻ പറഞ്ഞു. ഒരു പോലീസുകാരനെ വിളിച്ച് സന്തോഷിനെ കൊണ്ടുവരാൻ പറഞ്ഞു. അയാൾ ചെന്ന് സന്തോഷിനെ ഉടുപ്പിടീച്ച് ലോക്കപ്പിൽ നിന്നിറക്കി കൊണ്ടുവന്നു, സി.ഐ.യുടെ മുന്നിൽ അവൻ തല കുമ്പിട്ട് നിന്നു.


'പിള്ളേര് വഴിതെറ്റിപ്പോവാതെ നോക്കണ്ടേ? മക്കൾ ഡ്രഗ്സും ഗാങ്ങും ആയിട്ട് നടക്കാതെ നിങ്ങൾ നോക്കണം.'

ചെല്ലപ്പനാശാരി ഒന്നും പറഞ്ഞില്ല.

'സ്റ്റേഷനിൽ കേറ്റുന്നത് ആദ്യത്തെത്തവണയായോണ്ട് കേസൊന്നും ചാർജ്ജ് ചെയ്യുന്നില്ല.’ അയാൾ സന്തോഷിനെ നോക്കി ചോദിച്ചു - ‘നിനക്ക് അച്ഛനെ പണിയിൽ സഹായിച്ചൂടേടാ?'

സന്തോഷ് തല കുമ്പിട്ടുനിന്നു.


മറ്റൊരു പോലീസുകാരൻ്റെ നോട്ട്ബുക്കിൽ പേരും അഡ്രസും എഴുതിക്കൊടുത്തിട്ട് പൊയ്ക്കോളാൻ സി.ഐ. പറഞ്ഞു. അഡ്രസ് എഴുതിയെടുത്ത പോലീസുകാരൻ  ‘ഇനി വിമൻസ് കോളെജിൻ്റെ പരിസരത്തു കണ്ടാൽ ഗുണ്ടാലിസ്റ്റിൽ പേരുവരും’ എന്നു പറഞ്ഞു. ചെല്ലപ്പൻ സ്റ്റേഷനുപുറത്തുനിന്ന് ഒരു ഓട്ടോ പിടിച്ച് മകനെ വീട്ടിലെത്തിച്ചു. പെട്ടെന്ന് ആൾക്കൂട്ടത്തിനു നടുവിൽ നഗ്നനായിപ്പോയതുപോലെ സന്തോഷ് രണ്ടുകൈകൊണ്ടും തൻ്റെ കഷണ്ടിത്തല പൊത്താൻ ശ്രമിച്ചു.  എന്താ സംഭവിച്ചത് എന്ന് മനസിലാക്കാൻ വീണ്ടും വീണ്ടും ശ്രമിച്ച് പരാജയപ്പെട്ട അന്ധാളിപ്പായിരുന്നു അവൻ്റെ മുഖത്ത്. ഗർഭപാത്രത്തിൻ്റെ സുഷുപ്തിയിൽ നിന്ന് പുറന്തള്ളപ്പെട്ട കുഞ്ഞ് പൊക്കിൾക്കൊടി മുറിഞ്ഞെന്ന് തിരിച്ചറിയുന്നതുപോലെ പൊടുന്നനെ ഈ നഗരവും അതിലെ വഴികളും ജനങ്ങളും കടകളും മഞ്ഞവെളിച്ചവുമെല്ലാം അവനു അപരിചിതമായിത്തോന്നി.  


മകൻ്റെ മെലിഞ്ഞ കയ്യിൽപ്പിടിച്ച് 'സാരമില്ല' എന്നു പറയണമെന്ന് ചെല്ലപ്പൻ ഒരുപാട് ആഗ്രഹിച്ചു, പക്ഷേ പറ്റിയില്ല. പരസ്പരം ഒന്നും മിണ്ടാതെ അവർ വീട്ടിലെത്തി. അവൻ്റെ അമ്മ അവനെ കണ്ടപ്പൊഴേ കരഞ്ഞു. അവൻ മുറിക്കകത്തേയ്ക്ക് കയറിപ്പോയി കതകടച്ചു.


ചെല്ലപ്പൻ പുറത്തേയ്ക്കിറങ്ങി. വഴിയിൽ കണ്ട് ചെല്ലപ്പാ എന്ന് വിളിച്ചവരെ ഗൗനിച്ചില്ല. ബാറിലെ ഇരുട്ടിൽ ചെന്നിരുന്ന് ഒരു ലാർജ്ജ് എം.സി.യടിച്ചു. അവിടെന്നു തന്നെ പറോട്ടയും ബീഫ് ഫ്രൈയും പൊതിഞ്ഞുവാങ്ങിച്ചു. 'സാരമില്ല' എന്ന വാക്ക് അയാളുടെ തലച്ചോറിൽ ഇടയ്ക്കിടെ മിന്നൽ പോലെ പാഞ്ഞുകൊണ്ടിരുന്നു.  അയാൾ നടന്ന് വീട്ടിലെത്തി, പറോട്ടയും ബീഫ് ഫ്രൈയും മേശപ്പുറത്തുവെച്ചു. ഭാര്യയോട് അവനെ വിളിച്ചോണ്ടു വരാൻ പറഞ്ഞു. വാതിലിൽ പലതവണ മുട്ടിയിട്ടും കതകുതുറക്കാത്തതു കണ്ട് അയാളുടെ ഭാര്യ വലിയവായയിൽ കരച്ചിൽ തുടങ്ങി. ചെല്ലപ്പൻ കതക് ചവിട്ടിപ്പൊളിക്കാൻ തുടങ്ങി.



5 - യാത്ര

-----------


സർക്കിളിൻസ്പെക്ടറിൻ്റെ ജീപ്പിൽ നിന്ന് വീട്ടുമുറ്റത്തേയ്ക്കിറങ്ങിയ ചെല്ലപ്പനാശാരി തൂവാല മുറുക്കിപ്പിടിച്ചു. വീടിനുള്ളിൽ കടന്ന് മുറിയുടെ കതകിൽ മുട്ടിയപ്പോൾ ഭാര്യ വാതിൽ തുറന്നു. ചെല്ലപ്പനാശാരിയുടെ കണ്ണ് വീർത്തിരിക്കുന്നതെന്തെന്നോ ചുണ്ട് എങ്ങനെ പൊട്ടിയെന്നോ ആ സ്ത്രീ ചോദിച്ചില്ല. അവരോട് 'നമുക്ക് ഇവിടം വിട്ടുപോകാം' എന്നു മാത്രം ചെല്ലപ്പനാശ്ശാരി പറഞ്ഞപ്പോൾ അവർ എങ്ങോട്ടെന്നോ എന്തിനെന്നോ ചോദിച്ചില്ല. അലമാരിയുടെ മുകളിൽ നിന്ന് പഴയ ഒരു ബാഗെടുത്ത് അതിൽ ഒന്നുരണ്ടു സാരിയും ചെല്ലപ്പനാശാരിയുടെ വെളുത്ത കരമുണ്ടും ഷർട്ടും കൈലിയും നിറച്ചുതുടങ്ങി. ഒരു സഞ്ചിയിൽ കുറച്ച് തടിക്കഷണങ്ങളും പണിയായുധങ്ങളുമെടുത്ത് ചെല്ലപ്പനാശാരിയും തോളിൽ ഒരു ബാഗും ഞാത്തി അയാളുടെ ഭാര്യ ലളിതയും വീടുവിട്ടിറങ്ങി.


എങ്ങോട്ടാ എന്ന് തെരുവിൽ നിന്ന പരിചയക്കാരിൽ ഒരാൾ ചോദിച്ചെങ്കിലും ഇരുവരും ഒന്നും പറഞ്ഞില്ല. ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഓട്ടം കിട്ടിയത് കോളനിയിലെ ഒരു പയ്യൻ്റെ വണ്ടിയിലാണു. തമ്പാനൂർ സ്റ്റേഷൻ വരെ കുറെ ദൂരമുണ്ടെങ്കിലും അവൻ കാശൊന്നും വാങ്ങിയില്ല. റെയിൽവേ സ്റ്റേഷനിൽ ആദ്യം കണ്ട ട്രെയിനിൽ കയറി. വണ്ടി നീങ്ങിത്തുടങ്ങി. ചെല്ലപ്പനാശാരി മയങ്ങാൻ ശ്രമിച്ചു. ചിങ്ങവനം കഴിഞ്ഞപ്പോൾ ചെല്ലപ്പൻ എഴുന്നേറ്റ് തീവണ്ടിമുറിയുടെ വാതിലിലേയ്ക്കു നടന്നു. മഴ ചാറിത്തുടങ്ങി, യാത്രക്കാർ ജനാലകളിൽ ഷട്ടർ താഴ്ത്തി. ഏറെനേരമായിട്ടും ചെല്ലപ്പനാശാരിയെ കാണാതെ ലളിത വാതിൽക്കലേക്കു നടന്നു. ഷർട്ട് അഴിച്ചുകളഞ്ഞ് മഴനനഞ്ഞുകൊണ്ട് അയാൾ വാതിലിലിരിക്കുന്നു. എല്ലുന്തിയ ശരീരത്തിൽ മഴവെള്ളം ചാലുകളായി പിരിഞ്ഞൊഴുകുന്നു. ‘അകത്തേയ്ക്കു കേറിവാ’ എന്നു പറഞ്ഞുകൊണ്ട് അവർ അടുത്തെത്തിയപ്പോൾ അയാൾ നനഞ്ഞ തൂവാലയിൽപ്പൊതിഞ്ഞ മരപ്പാവയും കയ്യിൽപ്പിടിച്ച് കണ്ണുകളടച്ച് പിറുപിറുത്തുകൊണ്ടിരിക്കുന്നതുകണ്ട് തിരിഞ്ഞുനടന്നു.


മകളുടെ മകൾ അമ്മുവിനെ എടുത്ത് കൊഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നു സി.ഐ. വർഗ്ഗീസ് എബ്രഹാം. കവിളത്ത് വലിയ കാക്കപ്പുള്ളി വരച്ച കുഞ്ഞ് പല്ലില്ലാത്ത മോണകാട്ടി അപ്പൂപ്പനെ നോക്കിച്ചിരിച്ചു. അപ്പോൾ അഞ്ചുവയസ്സുകാരൻ ചെറുമോൻ ഒരു ക്രിക്കറ്റ് ബാറ്റെടുത്ത് ഓടിവന്ന് വർഗ്ഗീസ് എബ്രഹാമിൻ്റെ കാലിനിട്ടടിച്ചു. വേദനിച്ചെങ്കിലും 'മോനേ അപ്പൂപ്പനെ അടിക്കാവോ' എന്നുചോദിച്ച് അയാൾ ബാറ്റ് പിടിച്ചുമാറ്റി.  അടിയുടെ ശബ്ദം കേട്ട് ഓടിവന്ന മകൾ 'അച്ഛനിത്ര പാവമാകരുത്' എന്നുപറഞ്ഞ് അവളുടെ മകനിട്ടു വീക്കി. ചെറുമോൻ കരഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ 'സാരമില്ല, അപ്പൂപ്പനു നൊന്തില്ല' എന്നുപറഞ്ഞ് അയാൾ കാലുതടവി കസേരയിലിരുന്നു. കയ്യിലിരുന്ന കുഞ്ഞിനെ മകളുടെ കയ്യിലേക്കു കൊടുത്തു. 'എടുക്കാൻ പറ്റുന്നില്ല, വലതുകൈക്കുഴയിൽ ഭയങ്കര വേദന' - കൈ തടവിക്കൊണ്ടിരിക്കെ അയാൾ വല്ലാതെ വിയർത്തു, കസേരയിൽ നിന്നുമലർന്ന് പിന്നിലേയ്ക്ക് വീണു. ‘അമ്മേ, അറ്റാക്കായിരിക്കും’ എന്നുപറഞ്ഞ് മരുമകൻ ഉടനെ ആംബുലൻസിനെ വിളിച്ചു. വീട്ടിലുള്ളവർ അയാളുടെ ചുറ്റും കൂടി. അയാളുടെ കാൽ മുട്ടുകൾ വികൃതമായി വളഞ്ഞു. വില്ലുപോലെ വളഞ്ഞ് അയാളുടെ നെഞ്ച് ഉയർന്നപ്പോൾ മരുമകൻ നെഞ്ചിൽ ശക്തിയായി പലതവണ ഇടിച്ചു.


പെട്ടെന്നുള്ള അറ്റാക്കിലായിരുന്നു സി.ഐ. വർഗ്ഗീസ് എബ്രഹാം മരിച്ചത്. സ്വാഭാവിക മരണമായതുകൊണ്ട് മക്കൾ പോസ്റ്റുമോർട്ടത്തിനു സമ്മതിച്ചില്ല. അമേരിക്കയിലുള്ള മകൻ വന്നതിനു പിന്നാലെ പൂജപ്പുരയിലെ പള്ളിശ്മശാനത്ത് അയാളെ അടക്കി.


തൃപ്പൂണിത്തറ റെയിൽവേ സ്റ്റേഷനടുത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് പാളത്തിനടുത്തുനിന്ന് നിറയെ മൊട്ടുസൂചികൾ തറച്ച തുണിയിൽപ്പൊതിഞ്ഞ ഒരു മരപ്പാവയെക്കിട്ടി.


- വിനായകൻ്റെ ഓർമ്മയ്ക്ക്.

Google