സിമിയുടെ ബ്ലോഗ്

11/07/2009

ബ്രൌണ്‍

ഫ്രാങ്ക് പാവ്ലോവ് എഴുതിയ Brown Morning എന്ന ഒരു ചെറുനോവലിന്റെ ഓര്‍മ്മയില്‍ നിന്ന് എഴുതുന്നതാണ്. ഡി.സി. ബുക്സ് മലയാളം തര്‍ജ്ജിമ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

-----

ഫ്ലാറ്റിന്റെ അകത്തുകടന്ന് കതകടച്ചപ്പൊഴേക്കും മട്ട് എന്റെമേത്ത് ചാടിക്കയറി. ഞാന്‍ അവന്റെ തലയില്‍ തലോടി. അവന്‍ എന്നെ നക്കിത്തുടങ്ങി. മട്ട് ഒരു യോര്‍ക്കീസ് ടെറിയറാണ്. നിറയെ രോമങ്ങളുള്ള സുന്ദരക്കുട്ടന്‍. ഷൂസ് ഊരി സോഫയിലേക്ക് ചാഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. രാജീവാണ്. അവന്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ ബ്രൌണ്‍ നിറം പൂശിയ ഒരു നായയെ കണ്ടെന്ന്. നായയുടെ ഉടമ രാജീവിന്റെ പരിചയക്കാരനാണ് - വില്ഫ്രഡ് എന്ന ആ ഉയരമില്ലാത്ത, തടിച്ച മനുഷ്യനെ ഞാനും കണ്ടിട്ടുണ്ട്. നായയെ ബ്രൌണ്‍ നിറം പൂശണമെന്ന് ‍അവര്‍ വില്ഫ്രഡിന് കത്തയച്ചിരിക്കുന്നു. എന്തു ചെയ്യും? എന്തു ചെയ്യാനാണ് എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അല്പനേരം മിണ്ടാതിരുന്നിട്ട് രാജീവ് ഫോണ്‍ വെച്ചു.

പിറ്റേന്ന് രാജീവിന് അവരുടെ കത്തുകിട്ടി. അവന്‍ വെപ്രാളത്തോടെയാണ് വിളിച്ചുപറഞ്ഞത്. കോര്‍ക്ക് എന്ന പട്ടിക്കുട്ടിയാണ് അവന്റേത്. വെള്ളിരോമങ്ങളുള്ള പോമറേനിയനാണ് കോര്‍ക്ക്. നഗരത്തിലെ എല്ലാ നായ്ക്കളെയും ബ്രൌണ്‍ നിറം പൂശണം എന്നാണ് കത്തിലുള്ളത്. അവരുടെ സീല്‍ വെച്ച കത്താണ് വന്നിരിക്കുന്നത്. എന്തു ചെയ്യാനാണ്. രാജീവിന്റെ താമസസ്ഥലം വരെ ചെല്ലാമോ എന്നു ചോദിച്ചു. അവന് ഒറ്റയ്ക്ക് അവരോട് എതിരുപറയാന്‍ പറ്റില്ലെന്ന്. നോക്കട്ടെ എന്ന് മറുപടി പറഞ്ഞു. അവന്റെ ഫ്ലാറ്റിനു മുന്നില്‍ അവരുടെ ചാരന്മാര്‍ വേഷം മാറി നില്‍ക്കുന്നുണ്ടാവും. ഞാന്‍ പോവണ്ട എന്നു തീരുമാനിച്ചു.

ശനിയാഴ്ച്ച മാര്‍ക്കറ്റിലേക്ക് ഇറങ്ങിയപ്പോള്‍ പഴങ്ങളും പച്ചക്കറികളും ബ്രൌണ്‍ നിറം പൂശി വെച്ചിരുന്നു. ഞാന്‍ കുറച്ച് ബ്രൌണ്‍ വാഴപ്പഴവും ബ്രൌണ്‍ വെള്ളരിയും ബ്രൌണ്‍ കാബേജും ബ്രൌണ്‍ കവറിലുള്ള ഗോതമ്പുമാവും ബ്രൌണ്‍ കുപ്പിയിലെ എണ്ണയും വാങ്ങി. വഴിയില്‍ ആളുകള്‍ ബ്രൌണ്‍ പട്ടികളെയും പിടിച്ച് നടക്കുന്നുണ്ടായിരുന്നു. ഗോള്‍ഡന്‍ നിറമാണ് ‘മട്ടി‘ന്റേത്. ‘മട്ടി‘നെ ഓര്‍ത്ത് എനിക്കു സങ്കടം തോന്നി.

മറ്റ് പലരും എന്നെ ഫോണ്‍ വിളിച്ചു. ഒരു ദിവസം എന്റെ വാതിലിന് അടിയില്‍ കൂടി അവരുടെ കത്ത് തള്ളിവെച്ചിട്ടുണ്ടായിരുന്നു. സീല്‍ വെച്ച കത്തില്‍ എല്ലാ പട്ടിക്കുട്ടികളും ബ്രൌണ്‍ നിറമായിരിക്കണം, ‘മട്ടും‘ ബ്രൌണ്‍ നിറമായിരിക്കണം എന്ന് എഴുതിയിരിക്കുന്നു. ഞാന്‍ ചന്തയില്‍ പോയി ഒരു പാട്ട ചായം വാങ്ങി. മട്ട് ആദ്യമൊക്കെ സന്തോഷത്തോടെ നിന്നുതന്നു. ബാത്രൂം അവന്‍ ചായം കുടഞ്ഞ് വൃത്തികേടാ‍ക്കി. പക്ഷേ പിന്നെ സ്വന്തം ബ്രൌണ്‍ വാലിലേക്കു നോക്കി മട്ട് ഓരിയിട്ടുതുടങ്ങി.

അവര്‍ പരിശോധനയ്ക്കു വരുന്നു എന്ന് കത്തുവന്നു. എല്ലാം ബ്രൌണ്‍ നിറമായിരിക്കണം എന്ന് ഓര്‍മ്മിപ്പിക്കണ്ടല്ലോ എന്നും എഴുതിയിരുന്നു. ഞാന്‍ പരിഭ്രാന്തനായി. രാജീവിനെ വിളിച്ചു, ഫോണ്‍ എടുക്കുന്നില്ല. മറ്റ് പലരെയും വിളിച്ചു. ആരും എടുക്കുന്നില്ല. അവര്‍ പിടിച്ചുകൊണ്ടു പോയാല്‍ രക്ഷയില്ല. ഞാന്‍ ചന്തയിലേക്ക് ഓടിപ്പോയി, വലിയ ഒരു ബ്രഷും ബ്രൌണ്‍ ചായവും വാങ്ങിക്കൊണ്ടുവന്നു. ബ്രൌണ്‍ ചായത്തിന് വില കൂടിയിരിക്കുന്നു. ബക്കറ്റില്‍ ചായം കലക്കി ഞാന്‍ ജോലി തുടങ്ങി. സോഫ, ചുവരുകള്‍, കസേരകള്‍, മേശ, ഷെല്ഫ്, മച്ച്, ലൈറ്റുകള്‍ എല്ലാം ഞാന്‍ ബ്രൌണ്‍ ചായം പൂശി. ഷെല്ഫിലെ പുസ്തകങ്ങളുടെ പുറംചട്ടകള്‍ നിറം പൂശാന്‍ എനിക്കു വിഷമം വന്നു. ഞാന്‍ എല്ലാ പുസ്തകങ്ങളുടെയും പുറത്തു കാണുന്ന ഭാഗം ചായം പൂശി. വായിച്ചു തീര്‍ന്ന പുസ്തകങ്ങളുടെ പുറംചട്ടയാകെ ചായം പൂശി അവ ഇടയ്ക്കിടെ തിരുകിവെച്ചു.

കാളിങ്ങ് ബെല്ലടിച്ചു. രാജീവന്റെ കൂട്ടുകാരന്‍ വില്ഫ്രഡ്. കൂടെ രണ്ടുപേരും ഉണ്ട്. ഞാന്‍ വില്ഫ്രഡിനെ കണ്ട് പരിചയഭാവത്തില്‍ ചിരിച്ചു. അയാള്‍ തിരിച്ചു ചിരിച്ചില്ല. അവര്‍ ഒന്നും മിണ്ടാതെ വീട്ടിനകത്തുകയറി. ആദ്യം ചുമരുകള്‍ പരിശോധിച്ചു. വീട്ടുപകരണങ്ങള്‍ പരിശോധിച്ചു. കട്ടിലും മേശയും സോഫയും പരിശോധിച്ചു. വില്ഫ്രെഡ് പുസ്തകഷെല്ഫിനടുത്തു ചെന്നു. എന്റെ നെഞ്ചിടിപ്പു കൂടി. അയാള്‍ ഷെല്ഫില്‍ നിന്നും ഒരു പുസ്തകം വലിച്ചെടുത്തു. അതിന് ബ്രൌണ്‍ പുറംചട്ടയായിരുന്നു. പരിശോധന അവസാനിച്ചു. വില്ഫ്രഡ് ചിരിച്ചു. അയാള്‍ അടുത്തുവന്ന് എന്റെ കവിളില്‍ തലോടി.

'നോക്കൂ, നിങ്ങളുടെ തൊലിയുടെ നിറം ബ്രൌണ്‍ അല്ല'.

13 comments:

ഭായി said...

കഥ വായിച്ചിട്ട് പുസ്തകത്തിന്റെ പേര് തീര്‍ച്ചയായും ദ് ബ്രൌണ്‍ ബുക്ക് എന്നായിരിക്കുമെന്ന് തോനുന്നു!!

കഥ അവിടെ അവസാനിക്കുകയാണോ അതോ വീണ്ടും ഉണ്ടോ..?

simy nazareth said...

ഭായി, തൊലിയുടെ നിറം ബ്രൌണ്‍ ആക്കാന്‍ മറന്നതുകൊണ്ട് അയാളെയും അവര്‍ പിടിച്ചുകൊണ്ടുപോയി (ഒരുപക്ഷേ പീഢിപ്പിച്ചു കൊന്നു) എന്ന വ്യംഗ്യത്തിലാണ് കഥ തീരുന്നത്.

റൊമാന്‍സ് കുമാരന്‍ said...

ഈ പുതിയ അറിവിന് നന്ദി സുഹൃത്തേ. ഡിസ്നി കാര്‍ട്ടൂണ്‍കഥകളിലെ പ്ലൂട്ടോ എന്ന പട്ടിയെയും സ്കൂബിഡൂ എന്ന പട്ടിയെക്കുറിച്ചും മാത്രമേ ഞാന്‍ കേട്ടിട്ടുള്ളൂ.

നാടന്‍ പട്ടികള്‍ക്ക് പൊതുവേ ബ്രൗണ്‍ നിറമാണ്. അല്ലെങ്കില്‍ കറുപ്പ്. പോമറേനിയന്‍ പട്ടികള്‍ക്ക് അധികവും വെളുത്തനിറവും. പക്ഷേ അതിനെക്കൊണ്ട് കാര്യമായ ഗുണമൊന്നും ഇല്ല. വീട്ടിനോ തോട്ടത്തിനോ കാവല്‍ നിര്‍ത്താനാണെങ്കില്‍ അല്‍സേഷ്യനാണ് നല്ലത്. പക്ഷേ നല്ല തീറ്റകൊടുക്കണം. എനിക്ക് പട്ടികളെ വീട്ടിനകത്തു കയറ്റുന്നതേ ഇഷ്ടക്കേടാണ്.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

`A dark brown dog' by stephan crane.

ഗുപ്തന്‍ said...

@Jithendra ..I am afraid that's not the correct one.

Matin Brun Translated Brown morning by Franck Pavloff. The work was a huge bestseller in Europe. But surprisingly any information about the book and author is missing in Enligh Wiki.

ഗുപ്തന്‍ said...
This comment has been removed by the author.
Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഗുപ്തന്‍:
ശരിയാണ്‌. ശരിയാണ്‌....
ഒരു പട്ടിയുടെ ചിത്രമുള്ള ഒരു കൊച്ചു പുസ്തകം (മലയാളം തന്നെ) ഞാന്‍ ഒാര്‍ക്കുന്നു. (പീഡനത്തിന്‍റെ ലൈനില്‍ വായിച്ചതുകൊണ്ടാവാം പെട്ടെന്നീ പുസ്തകം തലേല്‍ വന്നത്‌)
താങ്ക്സ്‌.

Manoraj said...

a good and varity story...

Jayesh/ജയേഷ് said...

എന്നിട്ട് കഥ എന്തേ കറുപ്പ് നിറത്തില്‍ ?

കെ.ആര്‍. സോമശേഖരന്‍ said...

പ്രിയസുഹൃത്തേ

കഥ എനിക്കു പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനായില്ല. പണ്ട് എന്റെ നാട്ടില്‍ കിണ്ടന്‍ എന്നൊരു നായയുണ്ടാരുന്നു. അവനും തവിട്ടുനിറമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് വളരെ പ്രിയങ്കരനായിരുന്ന അവന്‍ കാക്കകളെ ഓടിക്കുന്നത് കാണണം. വിധിഗത്യാ കിണ്ടന്‍ പേവിഷം ബാധിച്ച് മരിക്കുകയായിരുന്നു.

ഈ കഥ വായിച്ചപ്പോള്‍ കിണ്ടനെ ഓര്‍മ്മവന്നു. ഇത് ഇവിടെ എഴുതുന്നതിലുള്ള സാഹസം പൊറുക്കുമല്ലൊ.

വെള്ളെഴുത്ത് said...

ഫ്രാങ്ക് തന്നെ വന്നിരുന്നു പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തിറക്കുന്ന സമയം. ഇന്‍ന്‍സ്റ്റിറ്റ്യൂ ട്ടിലെ നിലീന എബ്രഹാം ആണ് മലയാള പരിഭാഷ തയ്യാറാക്കിയത്. സക്കറിയ ഉണ്ടായിരുന്നു. പുസ്തകം മുഴുവന്‍ - അതു ചെറിയ പുസ്തകമായിരുന്നതു കൊണ്ട്- വായിച്ചു എന്നാണോര്‍മ്മ..
ഇതിനേക്കാള്‍ മഹത്തായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ മലയാളത്തില്‍ എന്ന് മലയാളി അഭിപ്രായപ്രകടനങ്ങള്‍ കേട്ടിരുന്നു. (വിക്കിയില്‍ ഫ്രാങ്ക് ഇല്ലാത്തതിന്റെ ഒരു കാരണം ഇതായിരിക്കില്ലേ?-അത്ര ഗൌരവമായി ആര്‍ക്കും തോന്നാത്തത് !!)
സക്കറിയയുടെ ഇതാണെന്റെ പേര് ആയിടയ്ക്കെപ്പൊഴോ ആണ് പുറത്തിറങ്ങിയത്..

ചേച്ചിപ്പെണ്ണ്‍ said...

വെളുപ്പിക്കുന്നതിനെ പറ്റി യുള്ള പോസ്റ്റിലെ കമെന്റ് വായിച്ചിവിടെ ...
ഇവിടെ ബ്രൌണ്‍ ആണ് താരം ... ല്ലേ ...
കഥ നുറുങ്ങി ഷ്ടായി...

★ Shine said...

Good..Some how my mind jumped to "The castle".. and reminding me of the fight of Power and fear :-)

Google