സിമിയുടെ ബ്ലോഗ്

11/26/2009

കള്ളന്‍

രാത്രി. ചന്ദ്രന്റെയും ഏതാനും നക്ഷത്രങ്ങളുടെയും വെളിച്ചം നദിയില്‍ വീണുകിടപ്പുണ്ട്. വെള്ളത്തില്‍ ഒറ്റപ്പെട്ട മത്സ്യങ്ങള്‍ ചാടിമറിയുന്ന ശബ്ദവും ഏതോ ചെടിയിലിരുന്ന് ഇടയ്ക്കിടെ ചിലയ്ക്കുന്ന ചീവീടിന്റെ ശബ്ദവുമൊഴിച്ചാല്‍ അനക്കങ്ങളൊന്നുമില്ല. നദി ശാന്തമാണ്. തീരത്ത് കൂട്ടംകൂടിനില്‍ക്കുന്ന വീടുകളും ചാഞ്ഞുനില്‍ക്കുന്ന മരങ്ങളും ഉറങ്ങിപ്പോയി. കടവില്‍ വഴുക്കുപിടിച്ച വലിയ വള്ളം കെട്ടിയിട്ടിരിക്കുന്നു. നദിക്ക് ഇപ്പോള്‍ ഇരുട്ടിന്റെ നിറമാണ്.

തീരത്ത് തെങ്ങിന്‍തോപ്പില്‍ നില്‍ക്കുന്ന വലിയ വീടിന്റെ ഒന്നാം നിലയില്‍ നിന്നാണ് വെളിച്ചം വരുന്നത്. കൃത്യമായി പറഞ്ഞാല്‍ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ നിന്ന്. നഗരത്തില്‍ ജോലിചെയ്യുന്ന രാമകൃഷ്ണന്റെ വീടാണിത്. കുട്ടിക്കാലത്ത് ഈ നദീതീരത്തെ സ്വച്ഛതയില്‍ നിന്നാണ് അയാളെ നഗരത്തിലേക്ക് പറിച്ചുനട്ടത്. രാമകൃഷ്ണന്‍ ഒരുപാട് ആശിച്ചാണ് ഈ വീടുവെച്ചത്. ഈ നിമിഷത്തില്‍ അയാള്‍ അങ്ങനെ ആഗ്രഹിക്കും എന്ന് തീര്‍ച്ചയില്ല. കാരണം രാമകൃഷ്ണന്‍ ഇപ്പോള്‍ വിറച്ചുനില്‍ക്കയാണ്. കമല കണ്ണുമിഴിച്ച് ഉറക്കെ നിലവിളിക്കുകയാണ്. ഇവരുടെ ഒറ്റമകനായ ദീപുവിന്റെ കഴുത്തില്‍ തിളങ്ങുന്ന കത്തി ഇറുക്കിപ്പിടിച്ചുകൊണ്ട് ഒരാള്‍ കസാരയില്‍ ഇരിക്കുന്നു. രാമകൃഷ്ണന്റെ കസേരയാണ്. ദീപു കരയുന്നില്ല, അയാളുടെ നെഞ്ചില്‍ ചാരി മടിയില്‍ ഇരിക്കുകയാണ്. ഉണങ്ങിപ്പിടിച്ച കണ്ണീര്‍ച്ചാലുകള്‍ അവന്റെ മുഖത്തുകാണാം. കമലയുടെ കരച്ചില്‍ ഉച്ചത്തിലാവുമ്പോള്‍ കള്ളന്‍ പൂച്ചക്കണ്ണുകള്‍ മിഴിച്ച് അവരെ നോക്കുന്നു. പകച്ച ആ നോട്ടം തിരിഞ്ഞ് രാമകൃഷ്ണന്റെ നേര്‍ക്കു നീളുന്നു. അയാള്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ ‘കമലം, നീ മിണ്ടാതിരിക്ക്’ എന്ന് ശാസിക്കുന്നു. അവരുടെ കരച്ചില്‍ പൊടുന്നനെ നിലയ്ക്കുന്നു. ‘നോക്കൂ, എന്റെ മകനെ വിടൂ, നിങ്ങള്‍ക്ക് ഞാന്‍ എന്തുവേണമെങ്കിലും തരാം’ - കള്ളന്‍ ഒന്നും പറയുന്നില്ല. രാമകൃഷ്ണന്‍ പറഞ്ഞതുതന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു, കമലത്തിന്റെ കരച്ചില്‍ പതിഞ്ഞ ഒരു വിതുമ്പലാവുന്നു. ‘കാശെട്’ - തല ചെരിച്ചുകൊണ്ട് കള്ളന്‍ രാമകൃഷ്ണന്റെ നേര്‍ക്ക് എഴുന്നേറ്റുപോവാന്‍ ആംഗ്യം കാണിക്കുന്നു. അടുക്കളയില്‍ നിന്നും കത്തിയെടുത്ത് ഇടുപ്പില്‍ ഒളിപ്പിച്ചുവെച്ചാലോ എന്നും ഒരു വിറകുകൊള്ളിയെടുത്ത് കള്ളന്റെ തലയ്ക്കടിച്ചാലോ എന്നും അയാളുടെ തലയിലൂടെ പോവുന്നു. കള്ളന്‍ എതുവഴിയാണ് കയറിവന്നത്. കള്ളന്‍ പൂച്ചയെപ്പോലെയാണ്. അത്ര പതുങ്ങി, അത്ര കണക്കുകൂട്ടി, അത്ര ആളറിയാതെ - പോലീസിനെ വിളിക്കണം. രാ‍മകൃഷ്ണന്‍ കറുത്ത ഫോണെടുക്കുന്നു. ഫോണ്‍ കട്ട് ചെയ്തിരിക്കുകയാണ്. മൊബൈലെവിടെ? ‘വേഗം’ - മുറിയില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നു. അയാള്‍ അലമാര തുറക്കുന്നു, തുണികള്‍ക്കിടയില്‍ പൊതിഞ്ഞുവെച്ചിരുന്ന കാശ് എണ്ണിനോക്കാതെ കള്ളന്റെ അരികില്‍ കട്ടിലിലേയ്ക്കിടുന്നു. കറന്റുബില്ലടയ്ക്കാനുള്ളതാണ്, പാലിനും പത്രക്കാരനും കൊടുക്കാനുള്ളതാണ്, മോന്റെ ഫീസുകെട്ടാനുള്ളതാണ്, മലക്കറിക്കടയില്‍ പറ്റുതീര്‍ക്കാനുള്ളതാണ് - ‘സ്വര്‍ണ്ണം’ - അനുസരണയുള്ള കുട്ടിയെപ്പോലെ രാമകൃഷ്ണന്‍ വീണ്ടും അടുത്ത മുറിയിലേക്കു പോവുകയും കുറച്ച് ആഭരണങ്ങളുമായി തിരിച്ചുവരികയും ചെയ്യുന്നു.

കള്ളന്‍ ഇങ്ങോട്ടു പറയാതെതന്നെ അയാള്‍ ഭാര്യയുടെ കയ്യിലെയും കാതിലെയും ആ‍ഭരണങ്ങള്‍ ഉരിയുന്നു. താലിയില്‍ തൊടുമ്പോള്‍ ഭാര്യ വീണ്ടും വിതുമ്പുന്നു. മാലയില്‍ തൂങ്ങിക്കിടക്കുന്ന ചെറിയ ഗണപതിയുടെ ലോക്കറ്റ് ഊഞ്ഞാലാടുന്നു. മോഷണത്തില്‍ ഒരു പങ്കാളിയെന്നപോലെ അയാള്‍ പണവും ആഭരണങ്ങളും ഒരു തോര്‍ത്തിനകത്താക്കുന്നു. തിരികെ കസാരയില്‍ ചെന്നിരിക്കാന്‍ തലകൊണ്ട് കള്ളന്‍ ആംഗ്യം കാണിക്കുന്നു. കമലത്തിനോട് കയറെടുത്തുകൊണ്ടുവരാന്‍ പറയുന്നു. അവള്‍ വിതുമ്പിക്കൊണ്ടുതന്നെ പോവുന്നു, തുണികള്‍ കെട്ടിയ അഴ അഴിച്ചുകൊണ്ടു വരുന്നു. ഭര്‍ത്താവിനെ കസാരയോടു ചേര്‍ത്ത് കെട്ടാന്‍ പറയുന്നു. കമലം പേടിച്ച മുഖം രണ്ടുകൈകൊണ്ടും പൊത്തിക്കൊണ്ട് പറ്റില്ല എന്ന് തലയാട്ടുന്നു. അപ്പോള്‍ ദീപുവിന്റെ കഴുത്തില്‍ കത്തിയമരുന്നു, അതുവരെ കള്ളന്റെ മടിയില്‍ കണ്ണുമിഴിച്ച് ചാഞ്ഞിരുന്ന അവന്‍ അവന്‍ പെട്ടെന്ന് അമ്മേ എന്ന് ഉറക്കെ വിളിക്കുന്നു. അവര്‍ കരഞ്ഞുകൊണ്ട് ഭര്‍ത്താവിന്റെ മുഖത്തുനോക്കാതെ അയാളെ ഇരിക്കുന്ന കസാരയോടു ചേര്‍ത്ത് മുറുക്കിത്തുടങ്ങുന്നു. കയര്‍ വേദനിപ്പിച്ചുകൊണ്ട് മുറുകുകയാണ്. രാമകൃഷ്ണന് ഈ നിമിഷം മകന്റെയും ഭാര്യയുടെയും ഈ അപരിചിതന്റെയും മുന്നില്‍ താന്‍ നഗ്നനാണ് എന്ന് അനുഭവപ്പെടുന്നു. മകനും ഭാര്യയും നോക്കുന്ന നോട്ടങ്ങള്‍ അയാളുടെ തൊലിപ്പുറത്തുകൂടി ഇഴഞ്ഞുകയറുന്നു. രോമങ്ങള്‍ എഴുന്നുനില്‍ക്കുന്നു. കള്ളന്റെ നോട്ടങ്ങള്‍ അയാളെ തുളച്ച് ചുവരും കടന്നുപോവുന്നു. മുറിയിലെ ലൈറ്റ് അണഞ്ഞെങ്കില്‍ എന്ന് അയാള്‍ ആശിക്കുന്നു. മഞ്ഞവെളിച്ചത്തില്‍ ചുവരില്‍ തൂക്കിയ ദൈവങ്ങള്‍ ചിരിക്കുന്നു.

കള്ളന്‍ - കറുത്ത് പൊക്കമുള്ള ആ മനുഷ്യന്‍ നന്നേ മെലിഞ്ഞിട്ടാണ്. ചുരുട്ടിവെച്ച ഷര്‍ട്ടിന്റെ വിടവുകളിലൂടെ കൈകളിലെ എല്ലും ഉന്തിനില്‍ക്കുന്ന കഴുത്തും വാരിയെല്ലുകളുടെ നിര തുടങ്ങുന്നതും കാണാം - കള്ളന്‍ രാമകൃഷ്ണന്റെ ഭാര്യയുടെ നേര്‍ക്ക് നോക്കുകയാണ്. അവര്‍ ഇപ്പോള്‍ കരയുന്നില്ല. എന്തുചെയ്യണം എന്നറിയാതെ ചൂളി ഭര്‍ത്താവിനരികെ നില്‍ക്കുകയാണ്. ആ മുറിയില്‍ ഇപ്പോള്‍ ആണായിട്ട് ഒരാളേയുള്ളൂ എന്ന് രാമകൃഷ്ണന്‍ തിരിച്ചറിയുന്നു. തന്റെ മുന്നിലെ കട്ടിലില്‍ കള്ളന്‍ അവളെ വിവസ്ത്രയാക്കുന്നതും ബലാത്സംഗം ചെയ്യുന്നതും രാമകൃഷ്ണന്‍ നടുക്കത്തോടെ സങ്കല്‍പ്പിക്കുന്നു. ബലാത്സംഗത്തിലല്ല അയാളുടെ നടുക്കം, കള്ളനും ഭാര്യയുമൊത്തുള്ള വേഴ്ച്ചയ്ക്കിടയ്ക്ക് അവളുടെ കണ്ണുകള്‍ കൂമ്പുന്നതും കവിളുകള്‍ വിയര്‍ക്കുന്നതും അവളുടെ മുഖത്ത് ആനന്ദവും പുച്ഛവും കലര്‍ന്ന പുഞ്ചിരിവിടരുന്നതുമാണ്. കള്ളന്‍ അവളുടെ കൈകള്‍ പിന്നില്‍ കെട്ടുകയാണ്, അയാള്‍ അവരെ ഉപദ്രവിക്കുന്നില്ല. കമലം സുന്ദരിയാണ്, അയാള്‍ അവരുടെ സൌന്ദര്യത്തില്‍ നോക്കുന്നില്ല. ക്ഷമയോടെ കെട്ടുമുറുക്കി തലയുയര്‍ത്തുമ്പോള്‍ അവരുടെ എണ്ണമിനുക്കമുള്ള മുടിയില്‍ കുത്തിവെച്ചിരിക്കുന്ന പൂമ്പാറ്റ സ്ലൈഡില്‍ അയാളുടെ കണ്ണുടക്കുന്നു. പൂമ്പാറ്റയുടെ കല്ലുപതിച്ച കണ്ണുകള്‍ തിളങ്ങുന്നു. അത് ഊരിയെടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ തിരുകുന്നു. എന്നിട്ട് മകന്റെ കൈകള്‍ പിന്നില്‍ കെട്ടാന്‍ തുടങ്ങുന്നു. അവന്റെ കാലുകള്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുമ്പോള്‍ മകന്‍ കാലുയര്‍ത്തി അയാളെ തൊഴിക്കുന്നു. കള്ളന്‍ കുഞ്ഞിന്റെ മുഖത്തടിക്കുന്നതുകണ്ട് രാമകൃഷ്ണന്റെ തൊണ്ടയില്‍ നിന്നും ഒരു ശബ്ദം പുറത്തുവന്ന് പാതിവഴിയില്‍ നില്‍ക്കുന്നു. ഭാര്യ കരയുന്നില്ല. കാശും സ്വര്‍ണ്ണവും പൊതിഞ്ഞുകെട്ടിയ തോര്‍ത്തെടുത്ത് തലയില്‍ക്കെട്ടി കള്ളന്‍ പോവുന്നു. പുറത്തുനിന്ന് വാതില്‍ പൂട്ടുന്ന ശബ്ദം കേള്‍ക്കുന്നു. രാമകൃഷ്ണനും ഭാര്യയും മകനും ബന്ധനങ്ങളില്‍ നിന്നും അഴിഞ്ഞുവരാനുള്ള ശ്രമം തുടങ്ങുന്നു.

പകലത്തെ വഴികളല്ല രാത്രിയിലെ വഴികള്‍. പകലത്തെ പോലീസുവണ്ടിയല്ല രാത്രിത്തെ പോലീസുവണ്ടി. പകലത്തെ പോച്ചയല്ല (തവളകള്‍ കരയുന്ന) രാത്രിയിലെ പോച്ച. പകല്‍ നടന്നു പോവുന്നതുപോലെയല്ല രാത്രി ഒളിച്ചുപോവുന്നത്. എതിരേ വരുന്നയാളെ അറിയാം, ജയിലില്‍ നിന്നേ അറിയാം. ഇരുട്ടിന്റെ നദിയാണ്. ദൂരമൊരു ദൂരമല്ല. മുങ്ങാങ്കുഴിയിട്ടാല്‍ പൊങ്ങുന്നത് നാണിയുടെ വീട്ടിലാണ്. പകലത്തെ നാരായണിയല്ല രാത്രിയിലെ നാണി. നാണീ.. നാണിയേയ്.

ഇരുണ്ടനിറമുള്ള നാണി. നാണിയുടെ വിയര്‍പ്പിന് പാലപ്പൂവിന്റെ മണമാണ്. നാണിയുടെ പല്ലിന് കൈതപ്പൂവിന്റെ നിറമാണ്. മുറുക്കുമ്പോള്‍ നാണി തെച്ചിപ്പൂ. നാണിയുടെ മടിക്കുത്തിന് കഞ്ഞിക്കലത്തിന്റെ ചൂടാണ്. നാണി ചടഞ്ഞിരിക്കുന്നത് തഴപ്പായിലാണ്. നാണിയുടെ വീടിന് മുറി രണ്ടാണ്. നാണിയുടെ കവിളില്‍ മറുകുണ്ട്. നാണിയുടെ മടിയില്‍ കിടക്കുന്നത് കള്ളന്‍ പപ്പനാണ്. നാണിയല്ല, നാണ്യേച്ചി. ഏച്ചീ
“എന്താ കുട്ടാ”
ഏച്ചീ കഥപറ
ചേച്ചിക്കിന്നു വയ്യ കുട്ടാ. ഒറക്കം വരുന്നു.
വേണ്ട. കഥ പറഞ്ഞിട്ട് ഉറങ്ങിയാ മതി
വയ്യ കുട്ടാ. വയ്യാഞ്ഞിട്ടാ.
ഒരു കഥ. എന്റെ പൊന്നു ചേച്ചിയല്ലേ
അല്ല. പോടാ.
ഒരു കുഞ്ഞുകഥ. എന്റെ നാണ്യേച്ചിയല്ലേ
പോടാ. നാണി ആരുടേം ചേച്ചിയല്ല.
കഥ പറഞ്ഞാ ചേച്ചിക്കൊരു സമ്മാനം തരാം
ആദ്യം സമ്മാനം, പിന്നെ കഥ
ആദ്യം കഥ
ഇല്ല. ആദ്യം സമ്മാനം. ഇല്ലെങ്കി സമ്മാനോം വേണ്ട കഥയും ഇല്ല.
ഇതെന്തൊരു ചേച്ചിയാ ഇത് - നാണിയുടെ മടിയിലെ ചൂടില്‍ നിന്നും പപ്പന്‍ ഉയര്‍ക്കുന്നു. മെലിഞ്ഞ പപ്പന്‍ നിവര്‍ന്നുവരുന്നു. പപ്പന്റെ മടിക്കുത്തില്‍ നിന്നും ഒരു പൂമ്പാറ്റ പറന്നുവന്ന് നാണിയുടെ തലയിലിരിക്കുന്നു. തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് അത് നാണിയെ നോക്കുന്നു. നാണി പൂമ്പാറ്റയെ തൊട്ടുകൊണ്ട് ‘ഹായ്’ എന്നു പറയുന്നു. പപ്പന്‍ സന്തോഷത്തോടെ മടിയിലേക്കു ചുരുളുന്നു.
എടി നാണിയേയ്
ഊം
നെനക്ക് ഇഷ്ടപ്പെട്ടോ
ഊഹു, എന്റെ തലയില് കുത്തുന്നു
നാണിക്ക് ഇഷ്ടപ്പെട്ടു
ഇല്ലെങ്കിലോ?
നാണ്യേച്ചീ കഥ
ഒരിടത്തൊരിടത്ത് - നാണി തന്റെ തടിച്ച വിരലുകള്‍ കൊണ്ട് പപ്പന്റെ ചുരുണ്ട മുടി കോതിക്കൊണ്ട് കഥ പറഞ്ഞുതുടങ്ങി. അയാളുടെ മെലിഞ്ഞ ശരീരം അവളുടെ തുടയില്‍ ചുരുണ്ടുകിടന്നു. പൂച്ചക്കണ്ണുകള്‍ മുന്നിലെ ഇരുട്ടിലേക്കു നോക്കിക്കൊണ്ടിരുന്നു. നാണിയുടെ കൈപ്പത്തി പപ്പന്റെ മെലിഞ്ഞ കവിളിലും പൂച്ചക്കണ്‍കുഴികളിലും മീശരോമങ്ങളിലും കുറ്റിത്താടിയിലും കറപിടിച്ച ചുണ്ടുകളിലും ഓടിനടന്നു. ഒരിടത്തൊരിടത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. അതിസുന്ദരിയായ രാജകുമാരി.
നാണിയെപ്പോലെ?
ഛി, കഥയ്ക്കിടെ ചോദ്യം ചോദിക്കരുത്. ഈ രാജകുമാരിയെ കെട്ടാന്‍ എത്രപേര്‍ ആഗ്രഹിച്ചുവന്നെന്നോ. അവള്‍ക്ക് ആരെയും വേണ്ട. കച്ചവടക്കാര്‍ വന്നു, അവരെ വേണ്ട. പ്രഭുകുമാരന്മാര്‍ വന്നു. അവരെയും വേണ്ട. മന്ത്രിപുത്രന്മാര്‍ വന്നു, വേണ്ട. രാജാക്കന്മാര്‍ വന്നു. അവരെയും വേണ്ട. ചക്രവര്‍ത്തി തിരുമനസ്സ് വന്നു. അയാളെയും രാജകുമാരിക്ക് വേണ്ടന്ന്. ഇതില്‍പ്പരം ഒരു അഹങ്കാരമുണ്ടോ?
എന്നിട്ട്?
എന്നിട്ടെന്താ? ചക്രവര്‍ത്തി രാജ്യം ചുട്ടുകളഞ്ഞു. രാജാവിനെ കൊന്നുകളഞ്ഞു. രാജകുമാരിയെ പിടിച്ചോണ്ടുപോയി, ഒരു വലിയ ഗോപുരത്തിന്റെ മുകളിലത്തെ നിലയിലിരുത്തി. ഒരാള്‍ പോലും രാജകുമാരിയോടു മിണ്ടരുതെന്ന് ചട്ടം കെട്ടി.
എന്നിട്ടോ?
കഥ തീര്‍ന്നു.
ഇല്ല. കഥ പറ.
ബാക്കി കഥ നാളെ.
നാണ്യേച്ചീ
ഇല്ല. ഞാനുറങ്ങാന്‍ പോന്നു.
എന്റെ പൊന്നു ചേച്ചിയല്ലേ. ചേച്ചി എന്തു സുന്ദരിയാന്ന് അറിയാവോ?. കള്ളന്‍ മടിയില്‍ നിന്നും ഗണപതിയുടെ ലോക്കറ്റുള്ള മാലയെടുത്ത് അവളുടെ കഴുത്തിലിട്ടു. അരണ്ട വെളിച്ചത്തില്‍ സ്വര്‍ണ്ണം മിന്നി.
എനിക്കു വേണ്ട. നീ കട്ടോണ്ടുവന്നതാ.
എന്റെ ചേച്ചിക്ക് ഞാന്‍ കൊണ്ടുവന്നതല്ലേ.
മോന്‍ വാ. ചേച്ചിക്കിതൊന്നും വേണ്ട. അവര്‍ അയാളെ മടിയില്‍ കിടത്തി, നെറ്റിയില്‍ തലോടിക്കൊണ്ട് കഥ തുടര്‍ന്നു.
ഗോപുരത്തിന് നൂറു പോലീസുകാരായിരുന്നു കാവല്‍. കൊമ്പന്‍ മീശയുള്ള പോലീസുകാര്‍ ലാത്തികൊണ്ട് ഗോപുരത്തിന്റെ വാതിലഴികളില്‍ തട്ടിക്കൊണ്ട് രാത്രി ഉലാത്തും. കടകട ശബ്ദം കേട്ട് രാജകുമാരി ഉറങ്ങിയില്ല. രാജകുമാരിയോട് ആരും മിണ്ടിയില്ല. ഒരാള്‍ മിണ്ടാതെ ആഹാരം കൊണ്ട് കൊടുത്തിട്ടുപോവും. ചിലപ്പൊ ഒരു ചുവന്ന കിളി പറന്നുവന്ന് മട്ടുപ്പാവിലിരിക്കും. പക്ഷേ അത് പാടത്തുമില്ല ഒന്നു ചിലയ്ക്കത്തുപോലുമില്ല. രാജകുമാരി ഒരു ചെരിപ്പെടുത്ത് കിളിയെ എറിഞ്ഞതില്‍പ്പിന്നെ അത് വന്നിട്ടില്ല. വല്ലപ്പോഴും അവളുടെ ശബ്ദം കേട്ട് അവള്‍ തന്നെ ഞെട്ടിപ്പോവും. ഇടയ്ക്കിടെ ചക്രവര്‍ത്തിയുടെ ദൂതന്‍ വന്ന് അവള്‍ക്കു സമ്മാനങ്ങള്‍ കൊടുക്കും. എന്നിട്ട് വിവാഹത്തിനു സമ്മതമാണോ എന്ന് ചോദിക്കും. അവള്‍ ചിലപ്പോള്‍ ചോദ്യം കേള്‍ക്കാത്തതുപോലെയിരിക്കും, ചിലപ്പോള്‍ മുഖം തിരിക്കും, ചിലപ്പോള്‍ ഇല്ല എന്ന് തലയാട്ടും. അപ്പോള്‍ അവളുടെ സങ്കടം നിറഞ്ഞ വലിയ കണ്ണുകള്‍ കണ്ട് ദൂതനു വിഷമമാവും. അയാള്‍ തിരികെപ്പോവും.
പതുക്കെ - എന്നുവെച്ചാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ - പോലീസുകാര്‍ക്ക് അവളെ ഇഷ്ടപ്പെട്ടു. അവളെ ഒരു അനുജത്തിയെപ്പോലെ അവര്‍ സ്നേഹിച്ചു. അവര്‍ അവള്‍ക്ക് കൊച്ചുകൊച്ച് സമ്മാനങ്ങള്‍ കൊടുത്തു. ചിലപ്പോള്‍ ഒരു റോസാപ്പൂ. ചിലപ്പൊ ഒരു പരുന്തിന്റെ തൂവല്‍, ചിലപ്പൊ ഒരു മന്ദാരം, ഒരു കുങ്കുമച്ചെപ്പ്. അവള്‍ ഒന്നും മിണ്ടിയില്ല, അവരെ നോക്കി സ്നേഹത്തോടെ ചിരിച്ചതേയുള്ളൂ.
എന്നിട്ട്?
എന്നിട്ടോ - ഒരു ദിവസം, അമാവാസി രാത്രിയില്‍ രാജ്യത്ത് ഉത്സവമായിരുന്നു. നിറയെ ആനകളും ചെണ്ടയും വെളിച്ചവും ബഹളവും. ഉത്സവത്തിന്റെ മറപറ്റി ഒരു കള്ളന്‍ പതുങ്ങിവന്നു. എന്തെങ്കിലും സ്വര്‍ണ്ണമോ വൈരമോ മോഷ്ടിക്കണമെന്നായിരുന്നു അയാളുടെ മനസിലിരുപ്പ്. ആളുകള്‍ ഉറക്കമൊഴിഞ്ഞിരിക്കുന്നതുകൊണ്ട് അയാള്‍ക്ക് വലിയ വീടുകളില്‍ കയറാന്‍ പറ്റിയില്ല. അങ്ങനെ വലഞ്ഞ് നടക്കുമ്പോള്‍ ഒരു ഗോപുരത്തിന്റെ മുകളില്‍ വെളിച്ചംകണ്ട് കള്ളന്‍ അകത്ത് ആള്‍ത്താമസമുണ്ടെന്ന് ഉറപ്പിച്ചു. പൊക്കത്തില്‍ കെട്ടിയ മതില്‍ അയാള്‍ നിഷ്പ്രയാസം ചാടി. കള്ളന്‍ മതില്‍ക്കെട്ടിനകത്തുവീഴുന്ന ശബ്ദം കേട്ട് നൂറുപോലീസുകാരില്‍ ഒരാള്‍ ഉണര്‍ന്നു.
എന്നിട്ട്?
പോലീസുകാരന്‍ ഗോപുരത്തിനു നേരെ പതുങ്ങിവരുന്ന മനുഷ്യനെക്കണ്ടു. മറ്റ് പോലീസുകാരെ ഉണര്‍ത്തണമെന്നും ഒറ്റയടിക്ക് അവനെ അടിച്ചിടണമെന്നും പോലീസുകാരന്‍ ചിന്തിച്ചു. എന്നാല്‍ രാ‍ജകുമാരിയെ കാണാന്‍ ഇരുട്ടിന്റെ മറപറ്റി വേഷം മാറി വരുന്ന രാജകുമാരനാണെങ്കിലോ അതെന്ന് അയാള്‍ സങ്കല്പിച്ചു. പാവം രാജകുമാരി. എത്രനാളെന്നു പറഞ്ഞാണ് ഏകാന്തത. രാത്രിയാണ്, ഇരുട്ടാണ്. ഇരുട്ടിന് എന്തൊക്കെ സാദ്ധ്യതകളാണ്. അവര്‍ക്ക് മട്ടുപ്പാവിലിരുന്ന് കഥകള്‍ പറയാം, സുന്ദരിമാരുടെ ചിത്രം വരച്ച ചുവരില്‍ ചാരിനിന്ന് ഹൃദയം കൈമാറാം. കിടക്കവിരികള്‍ കോര്‍ത്ത് കയറുഞാത്തി താഴെയിറങ്ങാം, കറുത്ത കുതിരപ്പുറത്തുകയറി രക്ഷപെടാം, ദൂരെ കൊട്ടാരത്തില്‍ സുഖമായി ജീവിക്കാം - അയാള്‍ ശബ്ദം കേള്‍ക്കാത്തതുപോലെ കണ്ണടച്ചു. ഒന്നും സംഭവിക്കാത്തതുപോലെ ഉറക്കം നടിച്ചുകിടന്നു.
എന്നിട്ട്?
ഉത്സവത്തിന്റെ പ്രദക്ഷിണം പെരുവഴിയിലൂടെ ഗോപുരത്തിനു മുന്നിലൂടെ വരികയായിരുന്നു. പെരുമ്പറ കൊട്ടുന്ന ശബ്ദം മുഴങ്ങുമ്പോള്‍ കള്ളന്‍ ഗോപുരത്തിന്റെ മച്ചില്‍ പിടിച്ചുകയറി. സമര്‍ത്ഥനാ‍യ കള്ളന്‍ പല്ലിയെപ്പോലെയാണ് മതിലില്‍ പറ്റിപ്പിടിച്ചു കയറുന്നത്. പ്രദക്ഷിണം അകലെയെത്തിയപ്പൊഴേക്കും കള്ളന്‍ മട്ടുപ്പാവിന്റെ ജാലകത്തിലെത്തിയിരുന്നു.
എന്നിട്ട്?
ഇരുട്ടില്‍നിന്നും കയറിവരുന്ന മനുഷ്യനെ രാജകുമാരി അമ്പരപ്പോടെ നോക്കി. അയാള്‍ ചുണ്ടില്‍ വിരല്‍ വെച്ച് “മിണ്ടരുത്” എന്നു കാണിച്ചു. അയാള്‍ അങ്ങനെ പറയേണ്ട ആവശ്യമില്ലായിരുന്നു. രാജകുമാരി മിണ്ടിയില്ല. അവളുടെ നെഞ്ച് ഉയര്‍ന്നുതാഴുന്നത് അവന്‍ കണ്ടു. അവള്‍ വളരെ സുന്ദരിയായിരുന്നു. അവളോട് ഒന്നും മിണ്ടാതെ, അവളെ തൊടാതെ കള്ളന്‍ അടുത്ത മുറിയിലേക്കു പോയി. ഓരോ മുറികളിലും അവന്‍ എന്തോ തിരയുന്ന ശബ്ദം രാജകുമാരി നിരാശയോടെ കേട്ടു. ഒടുവില്‍ കൈനിറയെ സ്വര്‍ണ്ണാഭരണങ്ങളുമായി കള്ളന്‍ അവളുടെ മുന്നിലെത്തി. അവള്‍ മനസിലാവാത്തതുപോലെ അവനെ നോക്കി. അവന്‍ അവളെ ചുംബിക്കുമോ?
ഇല്ല. എന്നിട്ട്?
എന്നിട്ടെന്താ, രാജകുമാരിയെ നോക്കിക്കൊണ്ട് കള്ളന്‍ നില്‍ക്കുമ്പോള്‍ അവള്‍ കഴുത്തില്‍ക്കിടന്ന സ്വര്‍ണ്ണമാലയൂരി അവനുകൊടുത്തു. അവന്‍ രാജകുമാരിയെ കടന്ന് മട്ടുപ്പാവില്‍ നിന്നും താഴേക്കു ചാടി. ഇരുട്ടിലേക്ക് അവന്‍ ആയമിട്ട് മുങ്ങുന്നത് രാജകുമാരി നോക്കിനിന്നു. വായുവില്‍ കൂപ്പുകുത്തുന്ന കള്ളനു പിന്നാലെ അവളുടെ കണ്ണില്‍ നിന്ന് ചൂടുള്ള ഒരു കണ്ണീര്‍ത്തുള്ളി താഴേക്കു പറന്നു.
എന്നിട്ടോ? പോലീസുകാര്‍ ഉണര്‍ന്നോ?
അതല്ലേ. രാജകുമാരിയില്ലാതെ കള്ളന്‍ നിലത്തുവീഴുന്നതും ഉരുണ്ടുപിടഞ്ഞെഴുന്നേല്‍ക്കുന്നതും നൂറുപോലീസുകാര്‍ അറിഞ്ഞു. അവര്‍ നൂറുവിസിലൂതി, നൂറുലാത്തി വീശി, നൂറലര്‍ച്ചകളലറിക്കൊണ്ട് കള്ളന്റെ പിന്നാലെ പാഞ്ഞു. കള്ളന്‍ ശരവേഗത്തിലോടി. മലയിടിഞ്ഞുവരുന്നതുപോലെ പോലീസുകാര്‍ പിന്നാലെ പറന്നു. മുന്നില്‍ മതിലാണ്. പരുന്തിനെപ്പോലെ അവന്‍ പറന്നുയരുമ്പോള്‍ കാക്കക്കൂട്ടമായി നൂറുപോലീസുകാര്‍ കുതിച്ചുപൊങ്ങി അവനെ വലിച്ചു താഴെയിട്ടു.
അയ്യോ - എന്നിട്ടോ?
എന്നിട്ട്.. എന്നിട്ട്..
അപ്പോള്‍ നാണിയുടെ വീടിന്റെ രണ്ടാമത്തെ മുറിയില്‍ നിന്നും ഇരുട്ടിന്റെ നിറമുള്ള നാല് പോലീസുകാര്‍ ചാടിയിറങ്ങുകയും പപ്പന് പിടഞ്ഞെഴുന്നേല്‍ക്കാന്‍ സമയം കിട്ടുന്നതിനു മുന്നേ അവന്റെ മുകളിലേക്കു വീഴുകയും അവനെ തൊഴിച്ചും ഇടിച്ചും തുടങ്ങുകയും അവനെ വലിച്ച് കയ്യില്‍ വിലങ്ങുവെക്കുകയും വീണ്ടും തൊഴിക്കുകയും പുറത്ത് ദൂരെ ഇരുട്ടില്‍ നിറുത്തിയിട്ടിരുന്ന രാത്രിയിലെ പോലീസ് ജീപ്പിലേക്ക് വലിച്ചുകൊണ്ടു പോവുകയും ചെയ്തു. അതില്‍ നിന്ന് ഒരു പോലീസുകാരന്‍ തിരിച്ചുവന്നു. നാണിയുടെ കഴുത്തില്‍ക്കിടന്ന മാലയില്‍ പിടിച്ച് ഇതു തൊണ്ടിമുതലാണ് എന്നു പറഞ്ഞു. അവള്‍ മിണ്ടാതെ അത് ഊരിക്കൊടുത്തു.
'തലയിലിരിക്കുന്ന ഈ സ്ലൈഡ് അവന്‍ കുത്തിത്തന്നതല്ലേ. ഊര്'.
'എന്റെ മോന്‍ തന്നതാ. എന്റെ മോന്‍..' പോലീസുകാരന്‍ സ്ലൈഡ് ഊരി തന്റെ തൊപ്പിയില്‍ തിരുകിക്കൊണ്ട് കാത്തുനില്‍ക്കുന്ന രാത്രിജീപ്പിലേക്കു നടന്നു.

11/13/2009

എലി

ഒരിക്കല്‍ ഒരിടത്തൊരു യക്ഷിയുണ്ടായിരുന്നു.

അല്ലെങ്കില്‍ അതു വേണ്ട,
ഒരു രാക്ഷസനുണ്ടായിരുന്നു
ഒരു മനുഷ്യനുണ്ടായിരുന്നു
അതൊന്നും വേണ്ട
ഒരിക്കല്‍ ഒരിടത്തൊരു വീടുണ്ടായിരുന്നു
അവിടെ ഒരു ഫിഷ്‌ടാങ്കുണ്ടായിരുന്നു
വട്ടത്തിലുള്ള ഒരു കണ്ണാടിപ്പാത്രം
ഒരു മുറി,
(മുറിക്കു) നടുവില്‍ ഒരു മേശ
മേശയ്ക്കുമുകളില്‍ ഒരു പളുങ്കുപാത്രം
അതില്‍ ജലസസ്യങ്ങളോ പായലോ വെള്ളാരംകല്ലോ ഇല്ല. തെളിവെള്ളം.
അതില്‍ ഒരു സ്വര്‍ണ്ണമത്സ്യം
ഒറ്റമീന്‍
അത് വട്ടത്തില്‍, വട്ടത്തില്‍, വട്ടത്തിലോടി

അതല്ല പറഞ്ഞുവന്നത്,
ഒരു മുറി, ഒരു കസേര, ഒരു ടി.വി / കമ്പ്യൂട്ടര്‍ / പുസ്തകം, കസാരയില്‍ ചാഞ്ഞുകിടന്ന് അതിലേക്കു നോക്കുന്ന ഒരാള്‍. അയാളുടെ കയ്യില്‍ ഒരു സിഗരറ്റ്. ടി.വി / കമ്പ്യൂട്ടര്‍ / പുസ്തകം ചിലക്കുന്നു, രസിക്കുന്നു, പാടുന്നു, ആടുന്നു, പരിഭവിക്കുന്നു, മദിക്കുന്നു, അലറിവിളിക്കുന്നു. സിഗരറ്റ് കത്തിക്കത്തിത്തീരുന്നു.

..അപ്പോള്‍ അവള്‍ ചോദിച്ചു, നീയെന്നെ ഒറ്റയ്ക്കാക്കുമോ?
കറുത്ത ആകാശത്തില്‍ ചന്ദ്രന്‍ ഒറ്റക്കായി.
അപ്പോള്‍ പറഞ്ഞുവന്നത്..

എന്തിനാണ് ഈ ഫ്ലാറ്റിലേക്കു വന്നതെന്നാണ് നടകള്‍ കയറുമ്പോള്‍ യാമിനി ആലോചിച്ചത്. പഴയ പടികളാണ്. ചുവരുകളില്‍ കുട്ടികള്‍ നഖം കൊണ്ട് പോറിയിട്ട ചിത്രങ്ങള്‍. മൂലയ്ക്ക് സിഗരറ്റ് കുറ്റികള്‍, പൊടിപിടിച്ച കോണ്ടം. ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല. നാലാം നിലയില്‍ സാമാന്യം ഇരുട്ടുള്ള ഇടനാഴി, ഇരുവശത്തും അടഞ്ഞ വാതിലുകള്‍, 418, 420, 422, 424. വഴി അവസാനിക്കുന്നത് 430-ല്‍. അവള്‍ കാളിങ്ങ് ബെല്ലമര്‍ത്തി. വന്നത് ക്രെഡിറ്റ് കാര്‍ഡിന്റെ കടലാസുകളില്‍ ഒപ്പിടുവിക്കാനാണ്. അകത്ത് ആരോ നടക്കുന്നു, കതകിന്റെ അപ്പുറത്തു കാത്തുനില്‍ക്കുന്നു, കതകിന്റെ കൊളുത്തുകള്‍ അഴിക്കുന്നു.

യാമിനി വന്നത് അവളുടെ കാമുകനെ കാണാനാണ്. യാമിനി മുന്‍പ് എത്രതവണ ഇവിടെ വന്നിട്ടുണ്ട് എന്നത് അവളുടെ സ്വകാര്യതയാണ്. വരൂ, അവളുടെ സ്വകാര്യതയിലേക്ക് നമുക്ക് ഒളിഞ്ഞുനോക്കാം. ടി.വി., അതിനു മുന്നില്‍ സോഫ, സോഫയില്‍ ഒരാള്‍, മെലിഞ്ഞ മനുഷ്യന്റെ കുറ്റിത്താടിയും കവിളും ഞെരിച്ചുകൊണ്ട് അയാളുടെ മടിയിലിരുന്ന് ടി.വി കണ്ട് ചിരിക്കുന്നത് യാമിനിയാണ്. അയാള്‍ ചിരിക്കുന്നുണ്ടോ - അറിയില്ല.

ജോണ്‍.
ജോണ്‍, ജോണ്‍, ജോണ്‍, ജോണ്‍
അവന്‍ കണ്ണു തുറന്നു.
അവന്‍ ഒറ്റയ്ക്കാണ്. കാരണം അവന്റെ ഡാഡിയും മമ്മിയും ഒരു വിമാനാപകടത്തില്‍, അവന്റെ പപ്പയും മമ്മയും ഒരു കാറപകടത്തില്‍, അവന്റെ അച്ഛന്‍ കാസരോഗം വന്നും അമ്മ കൂലിപ്പണിയെടുത്തും, അവന്റെ പപ്പയും മമ്മിയും -
ജോണ്‍ പറഞ്ഞു, ഒറ്റയ്ക്കിരിക്കാന്‍ രസമാണല്ലേ
അവള്‍ ചിരിച്ചു. ഒറ്റയ്ക്കല്ലല്ലോ
യെസ്...
പാവം ഗോള്‍ഡ്ഫിഷ്.. അതിനൊരു കൂട്ടു കൊടുക്കണം. ഞാന്‍ വരുമ്പൊ ഒരു ഗോള്‍ഡ്ഫിഷിനെക്കൂടി കൊണ്ടുവരട്ടെ?
എന്നിട്ട്?
ഞാന്‍ വരുമ്പൊ അതിനെ ടാങ്കിലിടും. തിരികെപ്പോവുമ്പൊ തിരികെക്കൊണ്ടുപോവും. സന്ദര്‍ശകയ്ക്കൊപ്പം ഒരു സന്ദര്‍ശകന്‍.
അതുവേണോ?
വേണം.
വേണ്ട. നമുക്കീ ഗോള്‍ഡ്ഫിഷിനെ പൊരിച്ചടിക്കാം.
വേണ്ട. നമുക്ക് പുറത്തുപോവാം.
എവിടെ?
പാര്‍ക്കില്‍, ലൈബ്രറിയില്‍, ഒരു സിനിമയ്ക്ക്, കോഫിഹൌസില്‍.. ജോണ്‍?
ജോണ്‍, ജോണ്‍, ജോണ്‍, ജോണ്‍.

ജനാല തുറന്നിട്ട ഒരുദിവസം പച്ചക്കണ്ണുകളുള്ള കറുത്ത പൂച്ച അതിന്റെ അഴികള്‍ക്കിടയിലൂടെ മിനുത്ത ദേഹം ഞെരിച്ചുകയറ്റി പതുങ്ങിവന്ന് മേശയില്‍ ആയാസരഹിതമായി ചാടിക്കയറി സ്വര്‍ണ്ണമത്സ്യത്തെ പേടിപ്പിക്കുകയും നഖങ്ങള്‍ നീണ്ട ഇടതുകൈ വെള്ളത്തിലിട്ട് അതിനെ വട്ടത്തില്‍ വേഗത്തിലോടിക്കുകയും മത്സ്യത്തിന്റെ മുന്നിലിരുന്ന് ശരീരം സാവധാനം നക്കിത്തോര്‍ത്തുകയും അല്പനേരം മേശപ്പുറത്ത് മലര്‍ന്നുകിടക്കുകയും ഇല്ലാത്ത ഈച്ചയെ നാലുകാലുകളും നീട്ടി വേട്ടയാടുകയും തിരിഞ്ഞ് മൂരിനിവര്‍ത്ത് ഒന്നും സംഭവിക്കാത്തതുപോലെ മുന്‍‌കാലുകള്‍ രണ്ടും ജാറിന്റെ മുകളിലേക്ക് ഉയര്‍ത്തിവെക്കുകയും പിന്‍‌കാലിലൂന്നി ജാര്‍ മറിച്ചിട്ട് പൊട്ടിക്കുകയും തറയില്‍ താ‍ളത്തില്‍ പിടഞ്ഞുകൊണ്ടിരുന്ന സ്വര്‍ണ്ണമത്സ്യത്തെ കടിച്ചെടുത്ത് ജനാ‍ലയിലെ അഴികള്‍ക്കിടയിലൂടെ ഞെരിഞ്ഞിറങ്ങിപ്പോവുകയും ചെയ്തു. ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട്. പൂച്ച സന്തോഷത്തോടെ മീനെ തിന്നെങ്കിലും പിറ്റേദിവസവും അതിന് വിശക്കുകയും വീണ്ടും വന്നു നോക്കി വിഷണ്ണനായി തിരികെപ്പോവുകയും ചെയ്തു. മീനെ പൂച്ച തിന്നു എന്നത് എത്ര സ്വാഭാവികമാണ്. യാമിനിക്ക് സ്വാഭാവിക സംഭവങ്ങള്‍ വിശ്വസിക്കാന്‍ പറ്റിയില്ല. ജോണിനെ ചീത്തവിളിക്കുകയും അവനെക്കാണാന്‍ വരാതിരിക്കുകയും ചെയ്തു. അവള്‍ തിരികെവന്നപ്പോള്‍ - യെസ്, അവള്‍ തിരികെവന്നു. മേശ ഇല്ലായിരുന്നു.

ഇരുട്ടായിരുന്നു. ഇരുട്ടത്ത് ലൈറ്റിടാന്‍ ജോണ്‍ സമ്മതിച്ചില്ല, which was thrilling. മുറിയുടെ നടുവില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ കറുത്ത തകരത്തിന്റെ ഒരു മേല്‍ക്കൂര. അതിനടിയില്‍ ഒരടി പൊക്കത്തില്‍ ചുറ്റും കളിമണ്ണുകുഴച്ച് ഒരു വലിയ ചതുരം. സുഷിരങ്ങളൊന്നുമില്ല. യാമിനി, എനിക്കൊരു എലിയെക്കിട്ടി. എലികള്‍ക്ക് എത്ര ഓര്‍മ്മകാണും?
ഞാനെങ്ങനെ അറിയാന്‍?

ജോണ്‍ കിതപ്പോടെ, വേഗത്തില്‍ സംസാരിച്ചു. ഒരു മാസമായി എലി അകത്താണ്. അത് വെളിച്ചം കണ്ടിട്ടില്ല. വെളിച്ചം എന്താണെന്ന് അത് മറന്നുപോയിക്കാണുമോ?
അകത്ത് എന്താണ്?
രാ‍വണന്‍കോട്ടയാണ്. എലിക്കുഞ്ഞിനു വഴികാണിച്ചുകൊടുക്കുമോ? വഴികള്‍ ഒരുപാടുണ്ട്, ഒരു വഴിയും തിരിച്ചിറങ്ങാന്‍ പറ്റില്ല. ചുറ്റും ഡെഡ് എന്‍ഡുകള്‍. എന്നിട്ടും എലി ഓടിക്കൊണ്ടിരിക്കുന്നു.
ജോണ്‍, നീയും അകത്താണ്. you are sick.
എലിക്ക് മൂന്നുനേരം തീറ്റകൊടുക്കുന്നുണ്ട്. ഇരുട്ടത്താണ് തീറ്റകൊടുക്കുന്നത് - എലി എന്നെ മറന്നുകാണുമോ.
ഇപ്പൊ ഓര്‍ത്തിട്ടെന്താണ്? അത് നിനക്കുവേണ്ടി കൊന്തപടിക്കണോ?
ഓര്‍ക്കണ്ട
അവള്‍ക്ക് പാവം തോന്നി. ശരീരത്തോട് ഒട്ടിനിന്നുകൊണ്ട് ജോണ്‍, ജോണ്‍.
(വിളികേട്ട്) തകരം അനങ്ങി.

ഒരിക്കല്‍ ഒരു എലിയുണ്ടായിരുന്നു. ചാരനിറമുള്ള രോമങ്ങളും നീണ്ടുമെലിഞ്ഞ വാലും പേടിച്ച കണ്ണുകളുമുള്ള ചുണ്ടെലി വളരെ പരിശ്രമശാലിയായിരുന്നു. അതിന്റെ നെഞ്ചില്‍ വെള്ളിനിറമായിരുന്നു. ഒതുങ്ങിയ ശരീരമായിരുന്നു. ഓടിയോടി എവിടെയെങ്കിലും എത്തണമെന്നായിരുന്നു. പക്ഷേ എത്ര ഓടിയിട്ടും തുടങ്ങിയിടത്തുതന്നെ എത്തിയതേ ഉള്ളൂ. എന്നിട്ടും എലി ഓടിക്കൊണ്ടിരുന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടോ മതിലുകള്‍ തകര്‍ന്നുവീഴുന്ന സ്വാതന്ത്ര്യത്തിന്റെ ദിനത്തില്‍ ഓടി രക്ഷപെടാന്‍ വ്യായാമം ചെയ്ത് പേശികള്‍ പിടച്ചുനില്‍ക്കണം എന്നതുകൊണ്ടോ തുടങ്ങിയിടത്തുതന്നെയാണ് എത്തിയത് എന്ന് അറിയാത്തതുകൊണ്ടോ അറിയാവുന്നതുകൊണ്ടോ വട്ടത്തിലോട്ടം ആസ്വദിച്ചതുകൊണ്ടോ ഓട്ടംനിര്‍ത്തിയാല്‍ എലി എലിയല്ല എന്നറിയാവുന്നതുകൊണ്ടോ അത് ഓടിക്കൊണ്ടിരുന്നു. ഓട്ടത്തിനിടയില്‍ വെളിച്ചമടിക്കാതെ അത് നരച്ചു. ചുണ്ടെലി വെള്ളെലിയായി. ഇരുട്ടുകൊണ്ട് കണ്ണുകളുടെ ഓട്ടയടഞ്ഞു. അടഞ്ഞുപോയ കണ്ണുകള്‍ കൊണ്ട് അത് അന്തമില്ലാത്ത വഴികളുടെ വക്കുകളില്‍ തുറക്കാത്ത വാതിലുകള്‍ 418, 420, 422, 424 എന്നിങ്ങനെ എണ്ണി. ഉറക്കത്തിന്റെ തൊടിയിലെ പടികളെണ്ണി. 922, 924, 926, ഞൊറികള്‍ വീണ വെള്ളപ്പാവാട വലിച്ചുപിടിച്ച് വായുവിലൂടെ ചൂരല്‍ മൂളിവരുന്നു, വഴിവക്കില്‍ മരങ്ങള്‍ നിരന്നുനില്‍ക്കുന്നു. കാണികള്‍ കയ്യടിക്കുന്നു. എലി ഓടിക്കൊണ്ടിരിക്കുന്നു. യാമിനി ഉറക്കത്തില്‍ തിരിയുന്നു, കിടക്കയ്ക്കു താഴെ വെള്ളം പരതുന്നു, ഉണരുന്നു, ഉറങ്ങുന്നു.

426, 428, 430-ന്റെ താക്കോല്‍ അവളുടെ പക്കലുണ്ടായിരുന്നു. ജോണ്‍ എവിടെയാണ്, എവിടെയായാലെന്താണ്. ലൈറ്റിട്ടു. മഞ്ഞവെളിച്ചത്തില്‍ ഒഴിഞ്ഞ മുറി, തകരപ്പാളി അവള്‍ തുറന്നു. അന്തമില്ലാത്ത വഴികള്‍ക്കിടയില്‍ എലി ഉറങ്ങുകയാണ്. പുറത്ത് തെരുവില്‍ ഇറക്കിവിടുമ്പോള്‍ സ്വാതന്ത്യം കണ്ട് അതിശയിച്ച്, ആഹ്ലാദിച്ച്, റോഡിനു കുറുകെ കുതിച്ചോടുന്ന നിമിഷത്തിനും ഏതെങ്കിലും വണ്ടിയുടെ ടയറുകയറി മരിക്കുന്ന നിമിഷത്തിനും ഇടയ്ക്കുള്ള ഏതാനും നിമിഷത്തെ ജീവിതമുണ്ടല്ലോ, അതാണ് ജീവിതം. അതിനുവേണ്ടിയായിരുന്നു ഈ ഓട്ടമത്രയും. അവള്‍ അതിനെ വാലില്‍പ്പിടിച്ച് തൂക്കിയെടുത്തു, നാലുനിലകള്‍ ഓടിയിറങ്ങി, തെരുവില്‍ കുന്തിച്ചിരുന്ന്, എലീ, ഇതാ നിന്റെ നാളെ - എലി അനങ്ങുന്നില്ല, രണ്ട് കൈകൊണ്ടും താങ്ങിക്കൊടുത്തിട്ടും ഉന്തിക്കൊടുത്തിട്ടും ചരിഞ്ഞ് വശത്തോട്ടുവീഴുന്നു. എലി തണുത്തിരിക്കുന്നു.

ജോണ്‍ ജയിച്ചു. കരിങ്കണ്ണുകളും ദംഷ്ട്രകളുമുള്ള ജോണ്‍. അവന്‍ നിന്നെ തിന്നുകളയും. കയ്യില്‍ കിട്ടിയാല്‍ വരിഞ്ഞുമുറുക്കും, സ്നേഹിക്കും, പിച്ചിച്ചീന്തും, ലാളിക്കും, ബലാത്സംഗം ചെയ്യും. കരയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് അവള്‍ ഒരുപാട് കൊതിച്ചെങ്കിലും തലയ്ക്കകത്ത് എന്തോ മൂളിക്കൊണ്ടിരുന്നതേയുള്ളൂ. വഴിയുടെ അറ്റത്തേക്കു നോക്കൂ, സിഗരറ്റും വീശി നടന്നുവരുന്നത് ജോണ്‍. ബസ്സുകയറിപ്പോവുന്നത് ജോണ്‍. ആ‍കാശത്തുനിന്നും നൂലില്‍ത്തൂങ്ങി ഇറങ്ങിവരുന്നവന്‍ ജോണ്‍. തെരുവുകളുടെ നൂലുണ്ടയായ നഗരം കലങ്ങിക്കിടക്കുന്നു; എല്ലാ വഴികളും ജോണിലേക്കു നീളുന്നു. എലിയെ വഴിയിലിട്ട് നാലുനിലകള്‍ ഓടിക്കയറി 430-ആം നമ്പര്‍ ഫ്ലാറ്റില്‍ കയറി കതകടച്ച് ലൈറ്റണച്ച് മുറിക്കുനടുവില്‍ മുട്ടിനിടയില്‍ മുഖം പൂഴ്ത്തിക്കൊണ്ട് അവള്‍ കുന്തിച്ചിരുന്നു.

11/10/2009

രാക്ഷസന്‍

ഉഗ്രന്‍ ഒരു സായാഹ്നമായിരുന്നു അത്. ചുവന്ന ആകാശത്തില്‍ വെളിച്ചത്തിന്റെ മഞ്ഞക്കീറുകള്‍. അവയെ മുറിച്ച് പറന്നുപോവുന്ന കറുത്തപക്ഷികള്‍. അകലെ വാനം ചുംബിച്ചുനില്‍ക്കുന്ന മലനിരകള്‍ക്ക് അധികം ഉയരം തോന്നില്ല. പിന്നില്‍ കാടാണ്. ഉള്ളിലെവിടെനിന്നോ കാട്ടുതീയുടെ തുടക്കം പോലെ പുകയുയരുന്നുണ്ട്. പുകക്കറുപ്പ് ആകാശത്തിന്റെ ചോപ്പില്‍ അലിഞ്ഞുപരക്കുന്നുണ്ട്. മുട്ടോളം വളര്‍ന്നുനില്‍ക്കുന്ന കറുകപ്പുല്ലുകള്‍ ഞെരിച്ചുകൊണ്ട് ഇതാ, നടന്നുവരുന്നത് ജോണും യാമിനിയുമാണ്. ജോണ്‍ ഒരുപാട് നാളായി ആഗ്രഹിച്ചതുപോലെ - യാമിനിയെ കണ്ടുമുട്ടിയ അന്നുമുതല്‍ക്ക് കൊതിച്ചതുപോലെ - കാടുകയറാന്‍ വന്ന സംഘത്തില്‍ നിന്നും അവര്‍ മാത്രം കൂട്ടം തെറ്റിപ്പോയിരിക്കുന്നു.

നീ അവരെ ഒന്നുകൂടി വിളിച്ചുനോക്ക്
ജോണ്‍ ഇല്ല എന്ന് തലയാട്ടി. അവന്റെ മുഖത്ത് എപ്പൊഴും കാണുന്ന വിഷാദം കുസൃതിയിലേക്കു മാറുന്നത് യാമിനി ശ്രദ്ധിച്ചു.
എന്താന്നേ, ഒന്നൂടെ വിളിക്കു
അവളുടെ സ്വരത്തിന്റെ ഇമ്പം ശ്രദ്ധിച്ചുകൊണ്ട് അവന്‍ പറഞ്ഞു, ‘ഇല്ല‘.

യാമിനി ഓരോന്നുചിന്തിച്ചുകൊണ്ട് തോളത്തെ ബാഗ് താഴെയിട്ടു. കാറ്റില്‍ പറക്കുന്ന വസ്ത്രം ഒതുക്കി പുല്ലിലേയ്ക്കിരുന്നു. ജോണ്‍ അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ കുനിഞ്ഞ് നിലത്തിരുന്നു. യാമിനി വിയര്‍ത്തു. അവള്‍ അവന്റെ വശത്തേയ്ക്ക് ചരിഞ്ഞ് പുല്ലില്‍ക്കിടന്നു. കഴുത്തില്‍ നിന്നും അല്പം ഇറങ്ങിക്കിടന്ന ചുരിദാര്‍ നേരെയിടണോ എന്ന് അവള്‍ അലസമായി ചിന്തിച്ചു. വിയര്‍പ്പുതുള്ളികള്‍ ഉരുണ്ട് അവളുടെ വസ്ത്രത്തിനുള്ളിലേക്കു മുങ്ങാങ്കുഴിയിടുന്നതു നോക്കിക്കൊണ്ട് അവന്‍ വിളിച്ചു.

യാമിനീ
യെസ്
ഞാന്‍..
ഞാന്‍?
Can I kiss you?
അവള്‍ ഒന്നും പറഞ്ഞില്ല. അവന്‍ അവളുടെ കണ്ണുകളിലെ തിളക്കം കണ്ടു, ചുണ്ടുകളിലെ നനവു കണ്ടു, തുടുത്തുവരുന്ന കവിള്‍ത്തടങ്ങള്‍ കണ്ടു, ഒരു കൈകൊണ്ട് അവളുടെ ഇളംമേനിയെ ചുറ്റിപ്പിടിച്ച് വിടരുന്ന ചുണ്ടുകളിലേക്ക് ചുണ്ടുകളടുപ്പിച്ചു. സൂര്യന്‍ മറയുന്നു, താമരയിതളുകളായ അവളുടെ കണ്ണുകള്‍ കൂമ്പിവന്നു. അടുത്ത നിമിഷം അവള്‍ കണ്ണുമിഴിച്ച് ഭയപ്പെട്ട് അലറിവിളിച്ചു. അതിവേഗത്തില്‍, കാതടപ്പിക്കുന്ന ശബ്ദത്തില്‍, ഭീമാകാരമായ രണ്ട് കൈകള്‍ അവരെ വാരിയെടുത്തു, കൈകളില്‍ കിടന്ന് ഞെരിഞ്ഞ യാമിനിയെയും ജോണിനെയും നിലത്തേക്കെറിഞ്ഞു. അതെത്ര പെട്ടെന്നായിരുന്നു. ഒരു കൂര്‍ത്ത മുളങ്കമ്പ് ജോണിന്റെ വയറിലൂടെ തുളച്ച് അപ്പുറമിറങ്ങുന്നത് തന്റേതോ ജോണിന്റേതോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ആര്‍ത്തനാദങ്ങള്‍ക്കിടയിലൂടെ അവള്‍ കണ്ടു. ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിപ്പമുള്ള ഒരു സ്ത്രീയുടെ മുഖത്തേയ്ക്ക് ഞെട്ടിവിറച്ചുനോക്കിക്കൊണ്ട് അലറിവിളിക്കുമ്പോള്‍ മറ്റൊരു കൈ അവളെ വാരിയെടുക്കുകയും ഒരു മുളം തണ്ട് അവളുടെ നെഞ്ചിലൂടെ കുത്തിയിറക്കുകയും ചെയ്തു. ഈ രണ്ട് മുളകളിലും ഞാന്നുകിടന്ന് പിടയുന്ന മനുഷ്യരെ ആ വലിയ തീക്കുണ്ടിനു നടുവിലേക്ക് അവര്‍ നീക്കിവെച്ചു.

എല്ലുകടിച്ചുപൊട്ടിച്ച് തിന്നുമ്പോള്‍ രാക്ഷസക്കുഞ്ഞ് അമ്മയോടു ചോദിച്ചു. അമ്മേ ഇതിനെന്താ ഒരു രുചിയില്ലാത്തത്?
മോനേ, ഇത്തിരിക്കൂടെ കുരുമുളകുപൊടിയിട്. അമ്മ കുരുമുളകുപൊടി മൊരിഞ്ഞ മാംസത്തിലേക്ക് വാത്സല്യത്തോടെ തട്ടിക്കൊടുത്തു.

11/07/2009

ബ്രൌണ്‍

ഫ്രാങ്ക് പാവ്ലോവ് എഴുതിയ Brown Morning എന്ന ഒരു ചെറുനോവലിന്റെ ഓര്‍മ്മയില്‍ നിന്ന് എഴുതുന്നതാണ്. ഡി.സി. ബുക്സ് മലയാളം തര്‍ജ്ജിമ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

-----

ഫ്ലാറ്റിന്റെ അകത്തുകടന്ന് കതകടച്ചപ്പൊഴേക്കും മട്ട് എന്റെമേത്ത് ചാടിക്കയറി. ഞാന്‍ അവന്റെ തലയില്‍ തലോടി. അവന്‍ എന്നെ നക്കിത്തുടങ്ങി. മട്ട് ഒരു യോര്‍ക്കീസ് ടെറിയറാണ്. നിറയെ രോമങ്ങളുള്ള സുന്ദരക്കുട്ടന്‍. ഷൂസ് ഊരി സോഫയിലേക്ക് ചാഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. രാജീവാണ്. അവന്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ ബ്രൌണ്‍ നിറം പൂശിയ ഒരു നായയെ കണ്ടെന്ന്. നായയുടെ ഉടമ രാജീവിന്റെ പരിചയക്കാരനാണ് - വില്ഫ്രഡ് എന്ന ആ ഉയരമില്ലാത്ത, തടിച്ച മനുഷ്യനെ ഞാനും കണ്ടിട്ടുണ്ട്. നായയെ ബ്രൌണ്‍ നിറം പൂശണമെന്ന് ‍അവര്‍ വില്ഫ്രഡിന് കത്തയച്ചിരിക്കുന്നു. എന്തു ചെയ്യും? എന്തു ചെയ്യാനാണ് എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അല്പനേരം മിണ്ടാതിരുന്നിട്ട് രാജീവ് ഫോണ്‍ വെച്ചു.

പിറ്റേന്ന് രാജീവിന് അവരുടെ കത്തുകിട്ടി. അവന്‍ വെപ്രാളത്തോടെയാണ് വിളിച്ചുപറഞ്ഞത്. കോര്‍ക്ക് എന്ന പട്ടിക്കുട്ടിയാണ് അവന്റേത്. വെള്ളിരോമങ്ങളുള്ള പോമറേനിയനാണ് കോര്‍ക്ക്. നഗരത്തിലെ എല്ലാ നായ്ക്കളെയും ബ്രൌണ്‍ നിറം പൂശണം എന്നാണ് കത്തിലുള്ളത്. അവരുടെ സീല്‍ വെച്ച കത്താണ് വന്നിരിക്കുന്നത്. എന്തു ചെയ്യാനാണ്. രാജീവിന്റെ താമസസ്ഥലം വരെ ചെല്ലാമോ എന്നു ചോദിച്ചു. അവന് ഒറ്റയ്ക്ക് അവരോട് എതിരുപറയാന്‍ പറ്റില്ലെന്ന്. നോക്കട്ടെ എന്ന് മറുപടി പറഞ്ഞു. അവന്റെ ഫ്ലാറ്റിനു മുന്നില്‍ അവരുടെ ചാരന്മാര്‍ വേഷം മാറി നില്‍ക്കുന്നുണ്ടാവും. ഞാന്‍ പോവണ്ട എന്നു തീരുമാനിച്ചു.

ശനിയാഴ്ച്ച മാര്‍ക്കറ്റിലേക്ക് ഇറങ്ങിയപ്പോള്‍ പഴങ്ങളും പച്ചക്കറികളും ബ്രൌണ്‍ നിറം പൂശി വെച്ചിരുന്നു. ഞാന്‍ കുറച്ച് ബ്രൌണ്‍ വാഴപ്പഴവും ബ്രൌണ്‍ വെള്ളരിയും ബ്രൌണ്‍ കാബേജും ബ്രൌണ്‍ കവറിലുള്ള ഗോതമ്പുമാവും ബ്രൌണ്‍ കുപ്പിയിലെ എണ്ണയും വാങ്ങി. വഴിയില്‍ ആളുകള്‍ ബ്രൌണ്‍ പട്ടികളെയും പിടിച്ച് നടക്കുന്നുണ്ടായിരുന്നു. ഗോള്‍ഡന്‍ നിറമാണ് ‘മട്ടി‘ന്റേത്. ‘മട്ടി‘നെ ഓര്‍ത്ത് എനിക്കു സങ്കടം തോന്നി.

മറ്റ് പലരും എന്നെ ഫോണ്‍ വിളിച്ചു. ഒരു ദിവസം എന്റെ വാതിലിന് അടിയില്‍ കൂടി അവരുടെ കത്ത് തള്ളിവെച്ചിട്ടുണ്ടായിരുന്നു. സീല്‍ വെച്ച കത്തില്‍ എല്ലാ പട്ടിക്കുട്ടികളും ബ്രൌണ്‍ നിറമായിരിക്കണം, ‘മട്ടും‘ ബ്രൌണ്‍ നിറമായിരിക്കണം എന്ന് എഴുതിയിരിക്കുന്നു. ഞാന്‍ ചന്തയില്‍ പോയി ഒരു പാട്ട ചായം വാങ്ങി. മട്ട് ആദ്യമൊക്കെ സന്തോഷത്തോടെ നിന്നുതന്നു. ബാത്രൂം അവന്‍ ചായം കുടഞ്ഞ് വൃത്തികേടാ‍ക്കി. പക്ഷേ പിന്നെ സ്വന്തം ബ്രൌണ്‍ വാലിലേക്കു നോക്കി മട്ട് ഓരിയിട്ടുതുടങ്ങി.

അവര്‍ പരിശോധനയ്ക്കു വരുന്നു എന്ന് കത്തുവന്നു. എല്ലാം ബ്രൌണ്‍ നിറമായിരിക്കണം എന്ന് ഓര്‍മ്മിപ്പിക്കണ്ടല്ലോ എന്നും എഴുതിയിരുന്നു. ഞാന്‍ പരിഭ്രാന്തനായി. രാജീവിനെ വിളിച്ചു, ഫോണ്‍ എടുക്കുന്നില്ല. മറ്റ് പലരെയും വിളിച്ചു. ആരും എടുക്കുന്നില്ല. അവര്‍ പിടിച്ചുകൊണ്ടു പോയാല്‍ രക്ഷയില്ല. ഞാന്‍ ചന്തയിലേക്ക് ഓടിപ്പോയി, വലിയ ഒരു ബ്രഷും ബ്രൌണ്‍ ചായവും വാങ്ങിക്കൊണ്ടുവന്നു. ബ്രൌണ്‍ ചായത്തിന് വില കൂടിയിരിക്കുന്നു. ബക്കറ്റില്‍ ചായം കലക്കി ഞാന്‍ ജോലി തുടങ്ങി. സോഫ, ചുവരുകള്‍, കസേരകള്‍, മേശ, ഷെല്ഫ്, മച്ച്, ലൈറ്റുകള്‍ എല്ലാം ഞാന്‍ ബ്രൌണ്‍ ചായം പൂശി. ഷെല്ഫിലെ പുസ്തകങ്ങളുടെ പുറംചട്ടകള്‍ നിറം പൂശാന്‍ എനിക്കു വിഷമം വന്നു. ഞാന്‍ എല്ലാ പുസ്തകങ്ങളുടെയും പുറത്തു കാണുന്ന ഭാഗം ചായം പൂശി. വായിച്ചു തീര്‍ന്ന പുസ്തകങ്ങളുടെ പുറംചട്ടയാകെ ചായം പൂശി അവ ഇടയ്ക്കിടെ തിരുകിവെച്ചു.

കാളിങ്ങ് ബെല്ലടിച്ചു. രാജീവന്റെ കൂട്ടുകാരന്‍ വില്ഫ്രഡ്. കൂടെ രണ്ടുപേരും ഉണ്ട്. ഞാന്‍ വില്ഫ്രഡിനെ കണ്ട് പരിചയഭാവത്തില്‍ ചിരിച്ചു. അയാള്‍ തിരിച്ചു ചിരിച്ചില്ല. അവര്‍ ഒന്നും മിണ്ടാതെ വീട്ടിനകത്തുകയറി. ആദ്യം ചുമരുകള്‍ പരിശോധിച്ചു. വീട്ടുപകരണങ്ങള്‍ പരിശോധിച്ചു. കട്ടിലും മേശയും സോഫയും പരിശോധിച്ചു. വില്ഫ്രെഡ് പുസ്തകഷെല്ഫിനടുത്തു ചെന്നു. എന്റെ നെഞ്ചിടിപ്പു കൂടി. അയാള്‍ ഷെല്ഫില്‍ നിന്നും ഒരു പുസ്തകം വലിച്ചെടുത്തു. അതിന് ബ്രൌണ്‍ പുറംചട്ടയായിരുന്നു. പരിശോധന അവസാനിച്ചു. വില്ഫ്രഡ് ചിരിച്ചു. അയാള്‍ അടുത്തുവന്ന് എന്റെ കവിളില്‍ തലോടി.

'നോക്കൂ, നിങ്ങളുടെ തൊലിയുടെ നിറം ബ്രൌണ്‍ അല്ല'.

11/04/2009

സൃഷ്ടി, സ്രഷ്ടാവ് , കവിത, ബ്ലോഗ് സമൂഹം

രവിവര്‍മ്മ ചിത്രങ്ങള്‍ മനോഹരമാണ്, ഒറ്റനോട്ടത്തില്‍ തന്നെ എന്താണു വരച്ചതെന്നു മനസിലാവും. സൂക്ഷിച്ചുനോക്കിയാല്‍ ശകുന്തളയുടെ ഭാവം മനസിലാവും. കെ.സി.എസ്. പണിക്കരുടെ ചിത്രങ്ങള്‍ പെട്ടെന്നു മനസിലാവില്ല. മനസിലാവുന്നതു തന്നെ ഓരൊരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും. പിക്കാസോയോടോ കെ.സി.എസ്. പണിക്കരോടോ നിങ്ങള്‍ എന്താണു വരച്ചത് എന്ന് വിശദീകരിച്ചു തരാമോ ആരും ചോദിക്കാറില്ല, ചോദ്യം തന്നെ വിഢിത്തമാണ് എന്ന നില ചിത്രകലയ്ക്ക് വന്നതുകൊണ്ടാവാം. ചിത്രകല എന്നത് സാഹിത്യത്തെക്കാള്‍ കൂടുതല്‍ പ്രകടിപ്പിക്കപ്പെട്ടും തലമുറകള്‍ തോറും സംരക്ഷിക്കപ്പെട്ടും ഇരിക്കുന്നതുകൊണ്ട് വിവിധ സമ്പ്രദായങ്ങള്‍ ആസ്വാദകന് പരിചിതമായതുകൊണ്ടും ആവാം ഇത്തരം ചോദ്യങ്ങള്‍ ഒരു അമൂര്‍ത്ത ചിത്രത്തെക്കുറിച്ചും ഇന്നു വരാത്തത്. ശില്പകലയും അങ്ങനെതന്നെ - കണ്ടിട്ടുമനസിലാവാത്ത ശില്പം കണ്ട് എന്താണ് ശില്പി ഉണ്ടാക്കിവെച്ചിരിക്കുന്നത് എന്ന് ആരും ചോദിക്കാറില്ല.

എഴുത്തിന്റെ കാര്യം വ്യത്യസ്ഥമാണ് എന്നു ചിന്തിക്കാന്‍ വരട്ടെ. കല എന്നതിന് ഒരു മാനമേ, ഒരേകകമേ ഉള്ളൂ. അതില്‍ ചിത്രകലയ്ക്ക് ഒരു രീതി, ശില്പത്തിനു മറ്റൊരു രീതി, കഥയ്ക്ക് മറ്റൊരു രീതി, കവിതയ്ക്ക് മറ്റൊന്ന് എന്നിങ്ങനെയില്ല. പല കലാസമ്പ്രദായങ്ങളും വരുന്നത് (ഉദാ: ദാദായിസം, എക്സ്പ്രഷനിസം, ഇമ്പ്രഷനിസം) കവിതയിലും കഥയിലും ചിത്രകലയിലും ശില്പകലയിലും നാടകത്തിലും പരന്നുകിടക്കുന്ന രീതിയിലാണ്. ദാദായിസ്റ്റ് പെയിന്റിങ്ങ് പോലെ ദാദായിസ്റ്റ് എഴുത്തുമുണ്ട്, നാടകങ്ങളുണ്ട്.

ഒരു കലാരൂപം സൃഷ്ടിച്ചുകഴിഞ്ഞാല്‍ - സ്രഷ്ടാവും കാണിയുമായി വ്യത്യാസമില്ല. മിക്കപ്പൊഴും സ്രഷ്ടാവ് ആ‍ കലാരൂപത്തെ കാണുന്ന രീതിയായിരിക്കില്ല മറ്റൊരാസ്വാദകന്‍ കാണുന്ന രീതി. സ്രഷ്ടാവ് കാണാത്ത പല അര്‍ത്ഥങ്ങളും ആസ്വാദകന്‍ കണ്ടെത്തുന്നു. കാരണം ഓരോ കലാരൂപത്തെയും നമ്മള്‍ നോക്കിക്കാണുന്നത് നമ്മുടെ (സാങ്കല്പിക) കണ്ണടയിലൂടെയാണ്. ഈ സാങ്കല്പിക കണ്ണട ഉണ്ടാവുന്നത് ജനിച്ചതുമുതല്‍ കലാരൂപം ദര്‍ശിക്കുന്നതുവരെയുള്ള നമ്മുടെ അനുഭവങ്ങളുടെയും സ്വത്വത്തിന്റെയും ആകെത്തുകയായും ആണ്. എന്റെ വ്യക്തിത്വം, കാഴ്ച്ചപ്പാടുകള്‍ എന്നിവ ഞാന്‍ ഒരു വസ്തുവിനെ എങ്ങനെ ആസ്വദിക്കുന്നു എന്നതിനെ നിര്‍ണ്ണയിക്കുന്നു, സ്വാധീനിക്കുന്നു. വായിക്കുന്ന വ്യക്തി എന്നത് വായിക്കപ്പെടുന്ന വസ്തുവിന് ഒരു ‘കോണ്ടെക്സ്റ്റ്‘ ആവുന്നു. (നാലുവയസ്സുള്ള ഒരു കുഞ്ഞിനെ അതിന്റെ അമ്മ തല്ലുന്നതു കണ്ടാല്‍ കാണുന്നയാള്‍ക്ക് ദേഷ്യം വരാം, എന്നാല്‍ പലതവണ തൊടരുതെന്നു പറഞ്ഞിട്ടും കേള്‍ക്കാതെ ഒരു കൂജ തള്ളിയിട്ടു പൊട്ടിച്ചതിനാണ് തല്ലിയത് എന്നറിഞ്ഞാല്‍ അതേ ദേഷ്യം അതേ അളവില്‍ വരില്ല - മുന്‍പ് നടന്ന സംഭവമാണ് ഇവിടത്തെ ‘കോണ്ടെക്സ്റ്റ്’, അതേപോലെ ആസ്വാദകന്‍ കലാസൃഷ്ടിയുടെ കോണ്ടെക്സ്റ്റിന്റെ ഭാഗമാണ്). ഒരാള്‍ക്ക് ഒരു ചലച്ചിത്രം കണ്ട് കരച്ചില്‍ വന്നതുകൊണ്ട് മറ്റൊരാള്‍ക്ക് കരച്ചില്‍ വരണമെന്നില്ല, ചിലപ്പോള്‍ മറ്റൊരാള്‍ക്ക് അത് ബോറനായി തോന്നാം. ചലച്ചിത്രത്തിന്റെ കാര്യത്തില്‍ ഇത് സാധാരണവുമാണ് - ഓരോരുത്തരുടെയും ആസ്വാദനം വ്യത്യസ്ഥമാണെന്ന് കാണികള്‍ തന്നെ പരക്കെ അംഗീകരിച്ചു കഴിഞ്ഞു. ഒരോ കലാരൂപത്തിന്റെയും ആസ്വാദനം വ്യക്തിഗതമാണ്. ഓരോ കലാരൂപവും ഒരു വ്യക്തിയുടെ ബോധത്തിലുണ്ടാക്കുന്ന ചലനങ്ങള്‍ വൈയക്തികമാണ്. അതുകൊണ്ടുതന്നെ എഴുത്തുകാരന്‍ തന്റെ സൃഷ്ടിയെ ആസ്വദിക്കുന്ന രീതിയിലായിരിക്കില്ല, വായിക്കുന്ന രീതിയിലായിരിക്കില്ല, വായനക്കാരന്‍ വായിക്കുന്നതും ആസ്വദിക്കുന്നതും.

കലയ്ക്ക് സാര്‍വ്വത്രികമായ ഒരര്‍ത്ഥം എന്നത് കലയെ ചോദ്യോത്തരിയാക്കുന്നതിനു തുല്യമാണ്. ഒന്നും ഒന്നും രണ്ട് എന്നതുപോലെ ഗണിതസമവാക്യങ്ങളല്ല കല. സരളസൃഷ്ടികളുടെ ആസ്വാദനം ഏറെക്കുറെ ഏകനാതനമാണെങ്കില്‍ സങ്കീര്‍ണ്ണസൃഷ്ടികളുടെ ആസ്വാദനം(അവയിലേയ്ക്ക് ആസ്വാദകനു കടക്കാന്‍ പല വാതിലുകളുള്ളതുകൊണ്ട്) വൈവിധ്യമാര്‍ന്നതും നേരത്തേ പറഞ്ഞതുപോലെ, കുറെക്കൂടെ വൈയക്തികവുമാണ്.

സാഹിത്യം ലളിതമായിരിക്കണം എന്ന പിടിവാശിയിലൊതുങ്ങാത്ത പല വിശ്വസാഹിത്യ കൃതികളുമുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും നല്ല നോവല്‍ എന്ന് റേറ്റ് ചെയ്യപ്പെടുന്ന യുളീസിസില്‍ (ജെയിംസ് ജോയ്സ്), 150-ഓളം പേജുകള്‍ വരുന്ന അവസാനത്തെ അദ്ധ്യായം എട്ട് വരികളാണ്. ജോയ്സ് വരിമുറിച്ചെഴുതിയിരുന്നെങ്കില്‍ വായനക്കാരന് മനസിലാക്കാന്‍ എളുപ്പമായിരുന്നു എന്ന് ആരും പറയുന്നില്ല. ബോധധാര എന്ന സങ്കേതത്തില്‍ എഴുതിയ പല പുസ്തകങ്ങളുമുണ്ട്, വില്യം ഫോക്നറുടെ ‘ദ് സൌണ്ട് ആന്റ് ദ് ഫ്യൂറി‘ വളരെ കഷ്ടപ്പെട്ടു വായിച്ചിട്ടും എനിക്കു മനസിലായില്ല. പുസ്തകത്തിന്റെ അവതാരിക തന്നെ പറയുന്നു, പലതവണ വായിച്ചാല്‍ മാത്രം മനസിലാവുന്ന ഒന്നാണെന്ന്. ആധുനിക അമേരിക്കന്‍ സാഹിത്യത്തിലെ പ്രധാന കൃതികളിലൊന്നായി ഇതിനെ കരുതുന്നു.

എഴുത്തുകാരന്‍ എന്തെഴുതണം എന്നത് വായനക്കാരനോ നിരൂപകനോ നിശ്ചയിക്കുമ്പോള്‍ എഴുത്ത് ഏകതാനത്തിലുള്ളതാവുന്നു. പക്ഷികളെന്നാല്‍ കോഴികള്‍ മാത്രം എന്നതോ മരങ്ങള്‍ എന്നാല്‍ തേക്കുമരങ്ങള്‍ മാത്രം എന്നതോ ആയ ഒരു ലോകത്തിലെത്തിയാലുള്ള അവസ്ഥ എത്ര വിരസമായിരിക്കും എന്ന് ആലോചിച്ചുനോക്കൂ. വായനക്കാരനാണ് രാജാവ് എന്ന് ഓരോ വായനക്കാരനും ചിന്തിക്കാമെങ്കിലും രാജാവിന് ഇഷ്ടമുള്ളതുമാത്രം എഴുതിയിരുന്ന ആസ്ഥാ‍ന കവികളുടെ കാലം കഴിഞ്ഞുപോയി. വായനക്കാരനെ മനസിലാക്കിക്കാനുള്ള ശ്രമത്തില്‍ എഴുത്തുകാരന്‍ ചില ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാവുകയും ഭൂരിപക്ഷം വായനക്കാര്‍ക്ക് മനസിലാവുന്നത് മാത്രം കൊടുക്കുകയും ചെയ്താല്‍ എഴുത്തില്‍ ഒരു നവീനതയും വരില്ല, ഒരു മൌലികതയും വരില്ല. വിജയനും മുകുന്ദനുമാണ് നമ്മുടെ വഴികാട്ടികള്‍ എന്നു ചിന്തിച്ചാല്‍ വിജയന്റെയും മുകുന്ദന്റെയും കുറെ വികലാനുകരണങ്ങളേ വരൂ, നവവും മൌലികവുമായ, ആരെയും ഒന്നിലും ചാരിനില്‍ക്കാത്ത ഒന്നും തന്നെ വരില്ല.

എഴുത്തുകാരന്‍ തന്റെ സൃഷ്ടിയെ വിശദീകരിക്കുക എന്നത് എഴുത്തുകാരനു വരാവുന്ന ഏറ്റവും വലിയ ഗതികേടാണ്. ഞാന്‍ ഇതാണ് എഴുതിയതെന്ന് ഞാന്‍ തന്നെ വിളിച്ചുപറഞ്ഞാല്‍ പിന്നെ അതിനു മറ്റൊരു വ്യാഖ്യാനമില്ല - എഴുത്തുകാരന്‍ കണ്ട അര്‍ത്ഥങ്ങളല്ലാതെ, എഴുത്തുകാരന്‍ സങ്കല്പിച്ച സൌന്ദര്യമല്ലാതെ, മറ്റൊന്ന് കാണുന്നതില്‍ നിന്നും വായനക്കാരനെ എഴുത്തുകാരന്റെ വിശദീകരണം തടയുന്നു. നേരെമാത്രം നോക്കൂ, കാണിച്ചു തരുന്നതു മാത്രം കാണൂ എന്നു പറയുന്നതു പോലെയാണ് അത് - ഒരു സര്‍ഗ്ഗസൃഷ്ടി നിറം പിടിപ്പിച്ച ഒരു കണ്ണാടിയാവണം, വായനക്കാരനെ അല്പമെങ്കിലും അത് പ്രതിഫലിപ്പിക്കണം, ആ പ്രതിഫലനത്തിനുള്ള സാധ്യത എഴുത്തുകാരന്റെ വ്യാഖ്യാനം കെടുത്തിക്കളയുന്നു.

വൃത്തനിബദ്ധമാവണം കവിത എന്നത് പഴയ ഒരു വാശിയായിരുന്നു. കവിതയ്ക്ക് ഈണം വേണം, താളം വേണം, ഇമ്പം വേണം എന്നിങ്ങനെയുള്ളവ - കവിത സൌന്ദര്യാനുഭവമാണ് എന്ന ചിന്തയുടെ ഭാഗമാണ്. എന്നാല്‍ അത്തരം ഒരു ലാവണ്യാനുഭവത്തിന് ഈണവും താളവും വൃത്തവും അലങ്കാരവും തന്നെ വേണോ, അല്ലാതെ എഴുതിയാലും വായനക്കാരന്റെ (ചിലരുടെയെങ്കിലും) ചില ഭാവഞരമ്പുകള്‍ തുടിക്കില്ലേ എന്ന ചിന്തയാവണം, പദ്യം മാത്രമല്ല കവിത എന്നു ചിന്തിക്കാന്‍ കഴിഞ്ഞ ഏതാനും തലമുറകളെ (മലയാളത്തില്‍ എന്നല്ല, എല്ലാ ഭാഷയിലും) പ്രേരിപ്പിക്കുന്നത്. അങ്ങനെവരുമ്പോള്‍ സൂര്യാസ്തമനത്തില്‍ കവിതയുണ്ട്, ബസ്സില്‍ മുന്‍‌സീറ്റിലിരിക്കുന്ന പെണ്‍കുട്ടിയുടെ എണ്ണതേച്ച മുടിയില്‍ കവിതയുണ്ട്, കാമിനിയുടെ കണ്ണ് പിടയ്ക്കുമ്പോള്‍ അതില്‍ കവിതയുണ്ട്, കുറുകിക്കൊണ്ട് കാലിലുരുമ്മുന്ന പൂച്ചയില്‍ കവിതയുണ്ട്. ചില ഗദ്യങ്ങള്‍ കവിതകളാണ്. ഗദ്യത്തിലെഴുതിയ വിത്സന്റെ ഒരു കവിത നോക്കൂ. ഒരു വരിപോലുമില്ലാതെ, രണ്ട് ചിത്രങ്ങള്‍ (ഗൂഗ്ല് ഇമേജ് സെര്‍ച്ച് റിസള്‍ട്ടുകള്‍) മാത്രം ചേര്‍ത്തുവെച്ച് അനോണി ആന്റണി നിര്‍മ്മിച്ച കവിത നോക്കൂ. ഇതൊക്കെ കാണുമ്പൊഴും ചില വായനക്കാര്‍ക്കെങ്കിലും ഉള്ളില്‍ ‘ഹാ‘ എന്നൊരു തോന്നല്‍ വരുന്നെങ്കില്‍ അവര്‍ക്ക് അത് കവിതയാണ്. അതുകൊണ്ട് താനെഴുതിയത് എല്ലാവര്‍ക്കും കവിതയാവണം, എല്ലാവര്‍ക്കും ഇഷ്ടപ്പെടണം എന്ന് ആര്‍ക്കെങ്കിലും വാശിയുള്ളതായി തോന്നുന്നില്ല, അങ്ങനെ തോന്നുന്നെങ്കില്‍ അത് നന്നുമല്ല.

പദ്യത്തിലെഴുതിയ പലതും കവിതകളാവാതെ പോവുന്നതിനും ഉദാഹരണങ്ങള്‍ അനവധിയുണ്ട്, ഒരു ലാവണ്യാനുഭവവും തരാതെ മറഞ്ഞുപോവുന്നവ ധാരാളം. എനിക്കു കവിതയല്ലാത്തത് മറ്റൊരാള്‍ക്കു കവിതയായി തോന്നാം എന്നത് മറന്നുകൊണ്ടല്ല.

ബ്ലോഗിന്റെ ഒരു സവിശേഷത അത് ശരാശരിയുടെ (മീഡിയോക്രിറ്റിയുടെ) ഉത്സവമാണ് എന്നതാണ് (കടപ്പാട്: അനോണി ആന്റണി). സ്വന്തം ആസ്വാദന നിലവാരത്തിലേക്ക് എഴുത്തുകാരനെ വലിച്ചിടാനുള്ള ശ്രമങ്ങള്‍ ധാരാളമുണ്ട്. തനിക്കു മനസിലാവുന്ന വിധത്തില്‍ മാത്രം എഴുത്തുകാരന്‍ എഴുതിയാല്‍ മതി എന്ന മുറവിളികള്‍ ഉയരുന്നു. തനിക്ക് അപ്രിയമായതിനെ മുഖത്തടിച്ചിടാ‍നുള്ള ശ്രമങ്ങളും ധാരാളം. ഇഞ്ചിപ്പെണ്ണിന്റെ ഒരു പോസ്റ്റ് കണ്ട്, അതില്‍ ഇഞ്ചിപ്പെണ്ണ് ഒരു സ്ത്രീയാണെന്ന് അറിയുന്നതുകൊണ്ടുമാത്രം, അടിവസ്ത്രം ഉരിയുന്ന ഒരു പെണ്ണിന്റെ വര്‍ണ്ണചിത്രം സ്വന്തം ബ്ലോഗില്‍ കൊടുത്തു, ഒരു മഹാന്‍. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ എഴുതിയ പല വൃത്തികേടുകളും ഇരുട്ടത്തിരുന്ന് കൂട്ടുകാര്‍ തമ്മില്‍ പോലും പറയാന്‍ ലജ്ജിക്കുന്ന തരത്തിലുള്ളവയാണ്. ഇഞ്ചിപ്പെണ്ണല്ല വിഷയം, ഇത്തരം കുത്സിത ശ്രമങ്ങള്‍ക്ക് കുടപിടിക്കാനും ബ്ലോഗില്‍ വായനക്കാരുണ്ട് എന്നതാണ്. എവിടെയും എന്തിനും വായനക്കാര്‍ എന്നും കാണും. ഓരോരുത്തരുടെയും അഭിരുചികള്‍ക്കനുസരിച്ചുള്ള ബ്ലോഗുകളിലേക്ക് ഓരോരുത്തരും എത്തിച്ചേരുന്നു. ബ്ലോഗ് ഒരു കാടാണ്, വൈവിധ്യമുള്ള ജീവജാലങ്ങള്‍ ഒരു കാട്ടില്‍ വേണ്ടതുപോലെ വൈവിധ്യമുള്ള സൃഷ്ടികളും വേണം, ബ്ലോഗിലെന്നല്ല, എവിടെയും. കാട്ടില്‍ മാന്‍പേടകള്‍ മാത്രമല്ല, കുറുക്കനും കടുവയും കഴുകനും കഴുതപ്പുലിയും കൂടിയുണ്ട് എന്നതുപോലെ ബ്ലോഗിലും എല്ലാത്തരത്തിലുള്ള എഴുത്തുകാര്‍ക്കും സ്ഥാനമുണ്ട്, നിലനില്‍പ്പുണ്ട് - സ്വന്തം സ്ത്രീവിരുദ്ധനിലപാടുകള്‍ ബ്ലോഗിലെഴുതാന്‍ നമതിന് സ്വാതന്ത്ര്യമുണ്ട്, അതിനെ കൂവിവിളിക്കാന്‍ ഇഞ്ചിപ്പെണ്ണിന് സ്വാതന്ത്ര്യമുണ്ട്, ഇതേ രീതിയില്‍ ചിന്തിച്ചാല്‍ ഒരാള്‍ക്ക് വ്യക്തിഹത്യ നടത്താനും അശ്ലീലമെഴുതാനും മറ്റൊരാളെ ചവിട്ടിത്തേയ്ക്കാനും കൂടി ഇവിടെ സ്ഥലമുണ്ട് എന്നു സമ്മതിക്കേണ്ടി വരും. അശ്ലീലത്തെയോ അപഹാസത്തെയോ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ബാലിശമാണ്, ഏതുതരത്തിലെ നിയന്ത്രണവും ഒരാളുടെ (എത്ര തെറ്റായതും ആവട്ടെ) സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ് എന്നിരിക്കേ, അവഗണിക്കേണ്ടതിനെ അവഗണിക്കുന്നതാണ് നന്നെന്നു തോന്നുന്ന പോംവഴി.

എഴുത്തുകാരന് വായനക്കാരനോട് എന്തെങ്കിലും ഉത്തരവാദിത്തമുണ്ട്, വായനക്കാരന്‍ വായിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് എഴുതുന്നത് എന്നൊക്കെ ചോദിക്കുന്നതിലുമുണ്ട് അബദ്ധം. എഴുത്ത് എന്നല്ല, ഏതു കലാസൃഷ്ടിയും കലാകാരന്റെ സ്വത്വത്തിന്റെ പ്രകാശനമാണ്. ഒരു സൃഷ്ടി പരക്കെ വായിക്കപ്പെടുന്നതില്‍ സന്തോഷിക്കാത്തവര്‍ ന്യൂനമാണ്. പരക്കെ വായിക്കപ്പെടുന്നു, ആസ്വദിക്കപ്പെടുന്നു എന്നത് കലാകാരനെ ഫീല്‍ ചെയ്യിക്കാന്‍ കഴിയുന്നു എന്നതാണ് ബ്ലോഗിന്റെ വിജയം - അങ്ങനെ വായനകള്‍ ലഭിക്കുന്നത് എഴുത്തുകാരന് ഒരു വലിയ പ്രചോദനവും എഴുത്തില്‍ പ്രേരകശക്തിയുമാണ്. എന്നാല്‍ ആസ്വാദകനെ പ്രീതിപ്പെടുത്തുക എന്നതല്ല കലാകാരന്റെ ആത്യന്തിക ലക്ഷ്യം. എഴുതാതിരിക്കാന്‍ വയ്യാത്തതുകൊണ്ട് എഴുതുന്നവര്‍ പലരുണ്ട്. “എന്തുചെയ്യാനാ മാഷേ... \ എത്ര മസിലു പിടിച്ചാലും \ ഇടയ്ക്കു പുറത്തുവരും \ ഉറക്കെ \
ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍....“ എന്ന് പ്രമോദ് തന്റെ നീലക്കുറിഞ്ഞികള്‍ എന്ന കവിതയില്‍ പറയുന്നു. കാശിന് അത്യാവശ്യം വരുമ്പോള്‍ കവിതയെഴുതി നേരെ പത്രാധിപര്‍ക്കു കൊണ്ടുക്കൊടുത്ത് കിട്ടുന്നത് വാങ്ങിച്ചോണ്ടുപോവുന്ന ‍അയ്യപ്പന്‍ നമ്മുടെ നാട്ടുകാരനാണ്. ചാരായം വാങ്ങാന്‍ കാശിനുവേണ്ടി ജോണ്‍ എബ്രഹാം പെട്ടെന്നു കുത്തിക്കുറിച്ച കഥകള്‍ വായിച്ചവരുടെ ബോധമണ്ഡലത്തില്‍ ഇന്നുമുണ്ട്. താന്‍ മരിക്കുമ്പോള്‍ തന്റെ കയ്യെഴുത്തു പ്രതികള്‍ കത്തിച്ചുകളയണം എന്ന് കാഫ്ക ഉറ്റസുഹൃത്തിനെ പറഞ്ഞേല്‍പ്പിച്ചു, സുഹൃത്ത് മരിച്ചയാളിനെ വഞ്ചിച്ചതുകൊണ്ട് വിശ്വസാഹിത്യത്തിന് കാഫ്കയെ ലഭിച്ചു. വായനക്കാരന്‍ എന്ന സുര്യനുചുറ്റും കറങ്ങുന്ന ഉപഗ്രഹമല്ല എഴുത്തുകാരന്‍. വായനക്കാരന്റെ കൊട്ടാരം കവിയുമല്ല. ആസ്വാദകനോടുള്ള ഉത്തരവാദിത്തം പോലും ഉണ്ടാവേണ്ട കാര്യമില്ല എന്നിരിക്കേ, ആസ്വാദകനോട് (ബ്ലോഗ് വായനക്കാരനോട്) എഴുത്തുകാരന് എന്തോ ബാദ്ധ്യതയുണ്ട് എന്ന മട്ടിലെ പോസ്റ്റുകള്‍ തെറ്റാണ്. കുറെ നാളായി കമന്റ് ഓപ്ഷന്‍ തന്നെ ഡിസേബിള്‍ ചെയ്ത് പ്രഭാ സക്കറിയാസ് എന്ന കവയത്രി സുന്ദരമായ കവിതകളെഴുതുന്നു. എന്തു ബാദ്ധ്യത.

എന്ത് വായിക്കണം എന്നത് ഓരോ വായനക്കാരന്റെയും സ്വാതന്ത്ര്യമാണ്, എന്ത് എഴുതണം എന്നത് ഓരോ എഴുത്തുകാരന്റെയും സ്വാതന്ത്ര്യവും. അല്ലാതെ, ഇന്നതേ എഴുതാവൂ, ഇന്നരീതിയിലേ എഴുതാവൂ എന്നുപറയുന്നത് അപകടമാണ്. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള വായനക്കാരന്റെ (അവര്‍ എത്രവലിയ ജനക്കൂട്ടമാണെങ്കിലും) ഓരോ ശ്രമത്തെയും കുറിച്ച് എഴുത്തുകാരന്‍ ജാഗരൂഗനും ബോധവാനുമായിരിക്കണം. ബൈബിളില്‍ ഓരോ ഉപമകളും പറഞ്ഞുകഴിഞ്ഞ് കര്‍ത്താവ് പറയുന്നത് ‘ചെവിയുള്ളവര്‍ കേള്‍ക്കട്ടെ‘ എന്നാണ്. ഉപമകളെ വിശദീകരിച്ചു കൊടുക്കലല്ല, മനസിലാക്കേണ്ടവര്‍ മനസിലാക്കിയാല്‍ മതി എന്നാണ്. അതുപറയുന്നവനെ തൂങ്ങിച്ചാവാന്‍ പറയുന്ന ആള്‍ക്കൂട്ടം, അവന് കയറിട്ടുകൊടുക്കുന്ന സമൂഹം രോഗഗ്രസ്ഥമായ സമൂഹമാണ്. ഇത്തരം ചതിക്കുഴികളില്‍ വീഴാതെയും അട്ടഹാസങ്ങളില്‍ പതറാതെയും സ്വന്തം സൃഷ്ടിയില്‍ വിശ്വസിക്കാനും സൃഷ്ടിക്കുവാനും ഓരോ എഴുത്തുകാരനും കഴിയട്ടെ - അവനെ (അവനെഴുതുന്നതിനെ) ഒരാള്‍ പോലും മനസിലാക്കിയില്ലെങ്കിലും ആ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കട്ടെ.

ഓഫ്: അമേരിക്കയിലെ ഒരു പ്രശസ്ത കലാകാരനായ ഡാഷ് സ്നോ 26-ആം വയസ്സില്‍, അടുത്തിടെ കൊക്കെയ്ന്‍ അമിതോപയോഗംമൂലം മരിച്ചു. പോലീസുകാരുടെ വാര്‍ത്താ കട്ടിങ്ങുകള്‍ക്കു മുകളില്‍ (സ്വയംഭോഗം ചെയ്ത്) സ്ഖലിച്ചുവെച്ച് അത് എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ചതിനെ ചില പത്രങ്ങള്‍ നിശിതമായി വിമര്‍ശിച്ചു. തന്നെ വിമര്‍ശിച്ചുവന്ന വാര്‍ത്താ ക്ലിപ്പിങ്ങിന്റെ മുകളിലും സ്ഖലിച്ചുവെച്ച്, ഒരു തോക്കെടുത്ത് ആ വാര്‍ത്തയില്‍ വെടിവെച്ച്, ആ സുഷിരം വീണ പത്രത്താളിനെയും ഫ്രെയിം ചെയ്ത് കലാസൃഷ്ടിയാക്കി അയാള്‍. (കലാകാരന്റെ സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങള്‍!)

11/01/2009

നീ എന്ന മനുഷ്യന്‍

പണിതിട്ടും പണിതിട്ടും ഒരുവിധത്തിലും പിടിതരാത്ത കമ്പ്യൂട്ടര്‍ പ്രഹേളികയോടുള്ള മല്‍പ്പിടിത്തത്തിനിടയില്‍ രാവ് ചുറ്റും പരന്നതും ഓഫീസില്‍ താന്‍ ഒറ്റയ്ക്കായതും മിസ്റ്റര്‍ നീരജ് (സൌകര്യത്തിന് അദ്ദേഹത്തെ നമുക്ക് മി. നീ എന്നു വിളിക്കാം) അറിഞ്ഞില്ല. വിശപ്പ് എപ്പൊഴോ വന്ന് മുരണ്ട് മടങ്ങിപ്പോയി. ഏറെനേരത്തെ വിഫലശ്രമങ്ങള്‍ക്കൊടുവില്‍ തലപെരുത്ത് മി. നീ തന്റെ കസാരയില്‍ നിന്നും എണീറ്റു. ലിഫ്റ്റില്‍ കയറുമ്പോഴും കെട്ടിടത്തിന് പുറത്തേയ്ക്കിറങ്ങുമ്പോഴും കാറിലേക്കു നടക്കുമ്പോഴും ഉത്തരം കിട്ടാത്ത സമസ്യയായിരുന്നു നീയുടെ മനസില്‍. കാറിന്റെ ചാവി തിരിക്കുമ്പോള്‍ പെട്ടെന്ന് വെളിച്ചം പോലെ അയാള്‍ക്ക് ഉത്തരം കിട്ടി. സന്തോഷത്തോടെ കാര്‍ ഓഫ് ചെയ്ത് നീ തിരിച്ച് ഓഫീസിലേക്കു നടന്നു. പതിവായി കാണുന്ന രാത്രികാവല്‍ക്കാരനോട് അഭിവാദ്യം പറഞ്ഞു, എങ്കിലും കാവല്‍ക്കാരന്‍ അയാളെ അറിയാത്തതുപോലെ പകച്ചുനോക്കിയതേയുള്ളൂ. ലിഫ്റ്റ് കയറിയിറങ്ങി ഇലക്ട്രോണിക്ക് വാതില്‍ തുറക്കാനുള്ള സൂത്രത്തില്‍ ബാഡ്ജ് വീശി, എന്നാല്‍ വാതില്‍ തുറന്നില്ല. നീ വാതില്‍ തുറക്കാനായി ബാഡ്ജ് പലരീതിയില്‍ ചലിപ്പിച്ചുകൊണ്ട് പലതവണ ശ്രമിച്ചു. ഒടുവില്‍ നീ താഴത്തെ നിലയിലേക്കു പോയി. സെക്യൂരിറ്റി വിഭാഗം അടച്ചുകിടക്കുകയാണ്. പുറത്തുനിന്ന അതേ (ഉറക്കച്ചടവോടെ വാതില്‍ ചാരിനിന്ന, പൊക്കമുള്ള, അല്പം വെളുത്ത, മെലിഞ്ഞ, കവിളില്‍ വടുവുള്ള) കാവല്‍ക്കാരനോട് ‘എന്റെ ബാഡ്ജ് പ്രവര്‍ത്തിക്കുന്നില്ല, ഒന്നു തുറന്നുതരാമോ’ എന്ന് ചോദിച്ചു. ‘പറ്റില്ല, നാളെ വരൂ’ എന്ന് അയാള്‍ അപരിചിതനെപ്പോലെ മറുപടിപറഞ്ഞു. അത്യാവശ്യമുള്ള ജോലിയാണ്, നമ്മള്‍ എത്രനാളായി കാണുന്നതാണ് - മുറുമുറുത്തുകൊണ്ട് നീ കാറിനടുത്തേയ്ക്കു നടന്നു. കാര്‍ തുറക്കുന്നില്ല - കാറിന്റെ താക്കോലും തിരിയുന്നില്ല. കാവല്‍ക്കാരന്‍ പുറത്തേയ്ക്കു വന്ന് നീ കാര്‍ തുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയോടെ നോക്കുന്നു. സമയം ഒന്നരയായി. നെറ്റിയില്‍ വിയര്‍പ്പ്. ‘മിസ്റ്റര്‍, ഹേയ്, മിസ്റ്റര്‍‘ - നീ തിരിഞ്ഞുനോക്കുന്നു - ‘ഇത് നിങ്ങളുടെ കാറാണോ?’ - നീ കാവല്‍ക്കാരനുനേരെ പൊട്ടിത്തെറിക്കുന്നു, അയാള്‍ പകച്ചുനില്‍ക്കുന്നു, നീ വീണ്ടും ശ്രമിക്കുന്നു, ബാഗും തൂക്കി ഇരുട്ടിലേക്കിറങ്ങുന്നു.

പട്ടികള്‍! രാത്രി പതിനൊന്നു മണികഴിഞ്ഞാല്‍ നഗരം ഇവറ്റയുടേതാണ്. ഓടകളില്‍ നിന്നും ചവറ്റുകൊട്ടകളില്‍ നിന്നും ഭൂമിയിലെ വിള്ളലുകളില്‍ നിന്നും അവ പൊട്ടിവരും. എന്നിട്ട് കാട്ടുനായ്ക്കള്‍ ഇരതേടുന്നതുപോലെ പറ്റം ചേര്‍ന്ന് കുരച്ച്, മുരണ്ട്, കൂര്‍ത്ത പല്ലിളിച്ച്, ഒറ്റയ്ക്കുനടക്കുന്ന മനുഷ്യനു ചുറ്റും കൂടി, കടിക്കാന്‍ തക്കം നോക്കി, ഭയപ്പെടുത്തി, ഓരിയിട്ട്, കണ്ണുകള്‍ തിളക്കി, തുറിച്ചുനോക്കി - നീ അവയ്ക്കുനേരെ ബാഡ്ജ് ചുഴറ്റിവീശുന്നു, നിലത്തുകിടക്കുന്ന കല്ലുപെറുക്കാന്‍ കുനിയുന്നു, പട്ടികള്‍ക്കു നേരെ കല്ലോങ്ങുന്നു - അവ ചിതറുന്നില്ല, വിരണ്ടോടുന്നില്ല, അനങ്ങാതെനിന്നു മുരളുകയാണ്. കല്ലെറിഞ്ഞാല്‍ ഏതെങ്കിലും ഒന്നിന് ഏറുകൊള്ളും, കല്ലുകൊണ്ട് നെഞ്ചുകലങ്ങിയിട്ടും വാപിളര്‍ന്ന് അണപൊട്ടിയതുപോലെ ഇരച്ചുവരുന്ന പട്ടി - നീ എറിയുന്നില്ല, എറിയാന്‍ വീണ്ടും ഓങ്ങുന്നതേയുള്ളൂ, കാല് വലിച്ചുവെച്ച് നടക്കുന്നതേയുള്ളൂ - പട്ടികളുടെ പറ്റം വളരുന്നു, പത്ത് പട്ടികള്‍, ഇരുപത് പട്ടികള്‍, ഇരുപത്തഞ്ച് പട്ടികള്‍, ഒരായിരം പട്ടികള്‍, എണ്ണമില്ലാത്ത പട്ടികള്‍ ഇരുട്ടില്‍ നിന്നുയിര്‍ത്തുവരുന്നു - നീ നടക്കുന്നു, ഇടയ്ക്ക് തിരിഞ്ഞുനോക്കുന്നു, കല്ലോങ്ങുന്നു, വീണ്ടും നടക്കുന്നു - ഫ്ലാറ്റിന്റെ മുന്നിലെത്തുന്നു, വിജയത്തോടെ ഗേറ്റ് തുറക്കുന്നു, ആയിരം പട്ടികള്‍ കടിക്കാന്‍ തക്കമില്ലാതെ നീയെനോക്കി ഓരിയിടുന്നു, കാവല്‍ക്കാരന്‍ ഇരുന്നുറങ്ങുന്നു. മേശപ്പുറത്തേയ്ക്ക് ചാഞ്ഞ തലയിലെ കടവായില്‍ നിന്നും തുപ്പലൊലിക്കുന്നു. താളത്തില്‍ കൂര്‍ക്കം വലിക്കുന്നു, നീ രണ്ടാം നിലയിലെ 204-ആം ഫ്ലാറ്റിലേയ്ക്കു പടികള്‍ കയറുന്നു.

മിസ്റ്റര്‍ നീയുടെ ഭാര്യ സുന്ദരിയാണ്. ദിയ എന്നാണ് പേരെങ്കിലും നീ അവരെ ദയ എന്നാണ് വിളിക്കുക. അവര്‍ സുന്ദരിയായതിനു കാരണം നീ അവരെ സ്നേഹിക്കുന്നതുകൊണ്ടാണ്. നാളെ രാവിലെ അഞ്ചേമുക്കാലിന് എണീറ്റ് റെഡിയായി സ്കൂളില്‍പ്പോവാനുള്ള രണ്ട് മക്കള്‍ (പത്തുവയസ്സുള്ള ഒരാണ്‍കുട്ടിയും പന്ത്രണ്ടുവയസ്സുള്ള ഒരു പെണ്‍കുട്ടിയും) ഉണ്ടായിട്ടും നീയ്ക്ക് അവരെ മടുത്തില്ല, അവര്‍ ഇപ്പോള്‍ കട്ടിലിന്റെ ഇടതുവശം ചേര്‍ന്ന് കിടക്കുകയാണ്, വലതുവശം നിയ്ക്കായി ഒഴിച്ചിട്ടിരിക്കുകയാണ്. തലയിണയിലേക്കു മുഖംപൂഴ്ത്തി കമഴ്ന്നുകിടക്കുന്ന അവര്‍ ഇടതുകൈകൊണ്ട് മറ്റൊരു തലയിണയെ അമര്‍ത്തിപ്പിടിച്ചിട്ടുണ്ട്, ആ കൈ നീയുടെ നെഞ്ചില്‍ അമരേണ്ടതാണ്, എന്നാല്‍ മിസ്റ്റര്‍ നീയ്ക്ക് വാതില്‍ തുറക്കാന്‍ പറ്റുന്നില്ല. അയാള്‍ താക്കോല്‍ ബലമായി തിരിക്കുന്നു, അകത്തേക്കും പുറത്തേക്കും കടത്തുന്നു, ഞെരിക്കുന്നു, ഒടുവില്‍ ഫ്ലാറ്റിന്റെ വാതില്‍ തുറക്കുന്നു. ഇരുട്ടാണ്.

സ്വീകരണമുറിയില്‍ മൂന്നു സ്വിച്ചുകളുണ്ട്. അതെല്ലാം അമര്‍ത്തിയാല്‍ മുറിയില്‍ വെളിച്ചം നിറയും. കുഞ്ഞുങ്ങള്‍ ഉണരും, അച്ചന്‍ വന്നോ എന്ന് കണ്ണുതിരുമ്മിച്ചോദിക്കും. ഭാര്യ എഴുന്നേറ്റ് എന്തേ വൈകിയത് എന്നു പരിഭവിക്കും, ഭക്ഷണം വിളമ്പും. വേണ്ട - ഒരു സ്വിച്ച് അമര്‍ത്തി, അരണ്ടവെളിച്ചം. മേശപ്പുറത്ത് അടച്ചുവെച്ച ഭക്ഷണം. നീയ്ക്കു വിശക്കുന്നില്ല. കടലാസുകള്‍. ആരുടെ കയ്യക്ഷരമാണ്? -നീ- എന്ന് ഇനിഷ്യല്‍ ചെയ്തിരിക്കുന്നു. നീ പുസ്തകം അടച്ചുവെച്ചു, ലൈറ്റ് അണച്ചു, കിടപ്പുമുറിയിലെ അരണ്ട വെളിച്ചം തെളിച്ചു. ഭാര്യ ഒരു കവിതപോലെ കിടന്നുറങ്ങുന്നു. ഉറക്കത്തില്‍ തിരിയുന്നു, അവളുടെ ചുണ്ടുകള്‍ ശബ്ദമില്ലാതെ എന്തോ പറയുന്നു - ഉള്ളില്‍ സ്നേഹം തള്ളിവന്നപ്പോള്‍ നീ ചിരിച്ചുകൊണ്ട്, ഷര്‍ട്ടിന്റെ കുടുക്കുകള്‍ അഴിച്ചുകൊണ്ട്, പതുക്കെ കുനിയുന്നു, സിഗരറ്റ് കരിച്ച നീയുടെ ചുണ്ടുകള്‍ അവളുടെ നനുത്ത കവിളിനുനേര്‍ക്ക് വളരുമ്പോള്‍ - അമ്മേ - അവള്‍ അലറിവിളിക്കുന്നു - ദയേ, ദിയേ - നോക്കൂ, ഇത് ഞാനാണ്, ഞാനാണ് - അവള്‍ വീണ്ടും അലറുന്നു, അയ്യോ കള്ളന്‍ എന്നു നിലവിളിക്കുന്നു - സ്വപ്നം - സ്വപ്നമല്ല, അലറല്‍, നിര്‍ത്താതെ അലറുന്നു, ശരീരം വിറയ്ക്കുന്നു, മുഖം വലിയുന്നു - ദിയേ - കള്ളന്‍ കള്ളന്‍ - കുട്ടികള്‍ കരയുന്നു - മക്കളേ പേടിക്കല്ലേ - ചുറ്റും വെളിച്ചം നിറയുന്നു, റോഡില്‍ പോലീസ് വണ്ടികള്‍ സൈറണ്‍ മുഴക്കുന്നു, അവ പാഞ്ഞുവരുന്നു, മുകളില്‍ നിന്നും ആരോ പടികള്‍ ഓടിയിറങ്ങുന്നു, താഴെനിന്നും ഓടിക്കയറുന്നു - മക്കളേ അച്ഛനാണ് - അമ്മേ കള്ളന്‍ - നീ ഓടുന്നു എന്ന് നീ അറിയുന്നു, പടികള്‍ പാഞ്ഞിറങ്ങുന്നു, ഉറക്കമില്ലാത്ത, കടവായില്‍ തുപ്പലില്ലാത്ത, കൊമ്പന്മീശക്കാരന്‍ കാവല്‍ക്കാരന്‍ നീയെ വട്ടം പിടിക്കുന്നു, നീ കുതറുന്നു, ഓടുന്നു, വിടരുതവനെ - കൊല്ലവനെ - നീയുടെ ചെരിപ്പെവിടെ? തെരുവില്‍ വണ്ടികള്‍ സര്‍ച്ച് ലൈറ്റ് വീശുന്നു, തട്ടുകടയില്‍ നിന്നും ആളുകള്‍ ഓടിയിറങ്ങുന്നു - വിടരുതവനെ - നീ ചിറകുകള്‍ സ്വപ്നം കാണുന്നു, മുറിഞ്ഞുമാറുന്ന മേഘങ്ങള്‍ സ്വപ്നം കാണുന്നു, സ്വപ്നത്തിലെ കല്ലില്‍ നീ തട്ടിവീഴുന്നു, പിടഞ്ഞെഴുന്നേല്‍ക്കുന്നു, നീ ഓടുന്നു, ഓടുന്നു, കടത്തിണ്ണയില്‍ കിടന്നുറങ്ങിയ യാചകര്‍ ചാടിയെഴുന്നേറ്റ് പിച്ചാത്തിയുമായി - ബാറില്‍നിന്നിറങ്ങിയ കുടിയന്മാര്‍ കുപ്പിച്ചില്ലുകളുമായി - പട്ടികള്‍ കോമ്പല്ലുകളുമായി - തെരുവിളക്കുകള്‍ ചുവന്ന വെളിച്ചവുമായി - നീ പാലത്തിലേക്ക് ഓടിക്കയറുന്നു, നദി കുത്തിയൊഴുകുന്നു, പാലം വളഞ്ഞുവരുന്നു, ചുറ്റും കയമാണ്, ഇരുളാ‍ണ്, ഇതു ഞാനാണ്, ഞാനാണ് - നീ കള്ളനാണ്, ഓടൂ, ഓടൂ, നിന്നെ പിടിക്കും, ഓടൂ, തട്ടിവീഴരുത്, തളരരുത്, കാലിലെ നോവ് നോവല്ല, കിതപ്പ് കിതപ്പല്ല, വീഴരുത്, വീഴരുത്, വീഴരുത്, വേഗത്തില്‍, ഓഹ്

നീ വീണുപോയി.


(The Scream, Edvard Munch)


സാരമില്ല. അടികൊള്ളുമ്പോള്‍ നോവും, സാരമില്ല. മരത്തില്‍ വരിഞ്ഞുകെട്ടിയ കയറുകള്‍ മുറുകുന്നുണ്ട്, സാരമില്ല, വെയില്‍ കൊണ്ട് നെറ്റി തിളക്കുന്നുണ്ട്, അടിക്കുന്നുണ്ട്, അടിക്കുന്നുണ്ട് - സാരമില്ല, സാരമില്ല. കൊമ്പന്‍മീശയും ലാത്തിയുമായി പോലീസുകാ‍രന്‍ വരുന്നു. നോക്കൂ, എത്രപേരാ‍ണ്. സ്വപ്നം കാണുന്ന ഒരു പൂച്ചയെപ്പോലെ ആള്‍ക്കൂട്ടം പുളയുന്നു, പൂച്ച വാപൊളിക്കുന്നതുപോലെ അവര്‍ വകഞ്ഞുമാറുന്നു, പൂച്ചയുടെ നാവു നീയാണ്, നീയെ കെട്ടിയിട്ടിരിക്കുകയാണ്, കഴുത്തില്‍ കള്ളന്‍ എന്ന് കെട്ടിത്തൂക്കിയിട്ടുണ്ട്, സാരമില്ല. നീയെ അവര്‍ക്കറിയില്ല, നീയെ ആര്‍ക്കും അറിയില്ല. പോലീസുകാരന്‍ വരുന്നു, നീ‍യുടെ ചെവിടത്ത് അടിക്കുന്നു, നീ തല പൊക്കുന്നില്ല - തല തൂങ്ങിപ്പോയി. വീണ്ടും അടിക്കുന്നു, അറിയുന്നില്ല. വിലങ്ങെടുക്കുന്നു, വിലങ്ങിന്റെ താക്കോലെവിടെ? താക്കോല്‍ നഷ്ടപ്പെട്ട പോലീസുകാരന്‍ തിരിച്ചുപോവുന്നു, ആള്‍ക്കൂട്ടം അടുക്കുന്നു. അവര്‍ ഒരുമിച്ചു ചിരിക്കുന്നു. മഞ്ഞപ്പല്ലുകളുടെ പ്രളയം. ആള്‍ക്കൂട്ടം പെരുമ്പാമ്പാവുന്നു, പാമ്പ് തലയുയര്‍ത്തുന്നു, മരത്തിലേയ്ക്ക് ഇഴഞ്ഞുകയറുന്നു, കയറ് ഞാത്തുന്നു, കുരുക്കിടുന്നു - വേണ്ട, വേണ്ട - നനഞ്ഞ നാവുനീട്ടി പെരുമ്പാമ്പ് രഹസ്യം പറയുന്നു - വേണ്ടാത്ത പൊല്ലാപ്പിനു പോണ്ട, പോലീസു കൈകാര്യം ചെയ്തോളും - ആള്‍ക്കൂട്ടം മുരളുന്നു, വീണ്ടും വകയുന്നു, രണ്ട് മതിലുകളായി പകുത്തുമാറുന്നു.

ഒരു മല്ലന്‍ നടന്നുവരുന്നതുപോലെ, കയ്യടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും നടുവിലൂടെ, കുഞ്ഞുനെഞ്ചുവിരിച്ച്, ഒരു രാജാവിനെപ്പോലെ ഒരു പയ്യന്‍ വരുന്നു, ആരോ കെട്ടഴിക്കുന്നു, നീ മരത്തില്‍ ചാരിക്കൊണ്ട്, വീഴാ‍തെ, വാത്സല്യത്തോടെ, മകന്റെ മുഖത്തുനോക്കുന്നു, ‘അവന്‍ തിരിച്ചറിയരുതേ‘ എന്നു പ്രാര്‍ത്ഥിക്കുന്നു. മകന്‍ നീയെ നോക്കുന്നു, നീയുടെ പകുതിമാത്രം പൊക്കമുള്ള അവന്‍ ചാടി മുഖത്തടിക്കുന്നു, ആള്‍ക്കൂട്ടം മുരളുന്നു. നീ സ്നേഹത്തോടെ, കൊതിയോടെ, ആര്‍ത്തിയോടെ, ഞാന്നുകിടക്കുന്ന കുരുക്കിലേയ്ക്കു നോക്കുന്നു.

Google