സിമിയുടെ ബ്ലോഗ്

9/12/2009

പത്തു പച്ചത്തത്ത

ഒച്ചകള്‍ എന്തൊരു ശല്യമാണ്. ഈ വീട്ടില്‍ ശബ്ദങ്ങളില്ല. മുറ്റത്ത് ഇലകള്‍ വീഴുന്ന ശബ്ദം ഒഴിവാക്കാനായി ചെടികളെല്ലാം വെട്ടിനിരത്തിയിരിക്കുന്നു. അടുക്കളയില്‍ പാത്രങ്ങള്‍ കൂട്ടിമുട്ടി കലമ്പാറില്ല. ഒഴിഞ്ഞുകിടക്കുന്ന പത്ത് കിളിക്കൂടുകളില്‍ നിന്നും പക്ഷികളുടെ പ്രേതങ്ങള്‍ പോലും ചിലയ്ക്കാറില്ല, പട്ടി പൂച്ച മുതലായവ ഇല്ലേയില്ല. ടെലിവിഷന്‍ നിശബ്ദമായിട്ട് കാലങ്ങള്‍ കഴിഞ്ഞു, കമ്പ്യൂട്ടറും മിണ്ടാറില്ല. അയല്‍ക്കാര്‍ ഇങ്ങോട്ടു വരാറില്ല. അവര്‍ എന്തുപറയുന്നെന്ന് ഞാന്‍ നോക്കാറില്ല. ഇപ്പോള്‍ ഒച്ചകളില്ല; ഒച്ചകളുടെ ഓര്‍മ്മകളേയുള്ളൂ. ഭാര്യയും മകളും എന്നോടു മിണ്ടിയിട്ട് എത്ര നാളുകളായി - വാസ്തവത്തില്‍ അവര്‍ മുന്‍പ് സംസാരിച്ചിരുന്നോ?

ഉവ്വ്, പണ്ട് എല്ലാം ശബ്ദമയമായിരുന്നു, കലായക്കോട്ട, ഒച്ചകളുടെ തമ്പ്. പഴയ വീടാണ്. പല മുറികള്‍ക്കും വാതിലില്ല. പഴയ മരത്തൂണുകളുള്ള കോലായയിലിരുന്ന് പറയുന്നത് അടുക്കളയില്‍ കേള്‍ക്കാം. അതിലേയ്ക്ക് കൂടുതല്‍ കലമ്പലുണ്ടാക്കിക്കൊണ്ടാണ് മകള്‍ തത്തയെ വാങ്ങിക്കൊണ്ടു വന്നത്. ആഴ്ച്ചച്ചന്തയില്‍ നിന്നും വാങ്ങിയതാണ്, സഹ്യന്റെ ഏതോ മലയില്‍ നിന്നും കിളിയെപ്പിടിച്ച് തടിക്കൂട്ടിലടച്ച് വയറുവിശന്ന് ചന്തയിലിരുന്ന ഒരു വേടന്‍ വിറ്റത്. അമ്മാ കിളി ഭൂതം ഭാവി വര്‍ത്തമാനം പറയും പാറുങ്കോ എന്ന് നിലവിളിച്ചുകൊണ്ടിരുന്ന അയാളോട് “ഭൂതവും ഭാവിയുമൊന്നും പറയണ്ടാ, കിളി വര്‍ത്തമാനം പറഞ്ഞാല്‍ മതി“ എന്ന് കളി പറഞ്ഞ്, ഇരുന്നൂറു രൂപ കൊടുത്ത് അവള്‍ വാങ്ങിയ പഞ്ചവര്‍ണ്ണത്തത്ത. അയാള്‍ക്കു വില്‍ക്കാന്‍ മനസില്ലായിരുന്നത്രേ. അഞ്ചുരൂപ തന്നാല്‍ മതി, കിളിയെക്കൊണ്ട് ഭാവി പറയിക്കാം - അയാള്‍ കിളിയെ കൂട്ടില്‍ നിന്നും പുറത്തിറക്കി. തത്ത മിണ്ടിയില്ല. സാധാരണ തത്തകളെക്കാള്‍ വളരെ വലിപ്പമുണ്ടായിരുന്നു ഇതിന്. കഴുത്തിനു മുകളിലേക്ക്, തലയാകെ നീലനിറം. ചുവന്ന ചുണ്ടുകള്‍, പച്ചക്കണ്ണുകള്‍, അതിനു നടുവില്‍ വലിയ കറുത്ത കൃഷ്ണമണി, ഓറഞ്ചും ചുവപ്പും കുഴഞ്ഞ ചിറകുകള്‍, അടിവയറിന് നീലനിറം, പല നിറങ്ങളിലുള്ള നീണ്ട വാല്‍ തത്ത നടക്കുമ്പോള്‍ നിലത്തിഴഞ്ഞു. പറന്നുപോകാതിരിക്കാനായി അതിന്റെ ചിറകുകള്‍ വെട്ടിയിരുന്നു. വേടന്‍ ഒരു ഡപ്പി തുറന്ന് കിളിയുടെ മുന്നിലേക്ക് ഒരു മണ്ണിരയെ ഇട്ടുനോക്കി, സ്ഥലകാലബോധം നഷ്ടപ്പെട്ടതുപോലെ തത്ത പകച്ചുനിന്നു. അയാള്‍ അതിന്റെ കണ്ണില്‍ കമ്പിട്ട് കുത്തിനോക്കി, സഞ്ചിയില്‍ നിന്ന് ചളുങ്ങിയ അലൂമിനിയം പാത്രമെടുത്ത് അതിന്റെ തലയ്ക്കു മോടി നോക്കി, കിളി മിണ്ടിയില്ല. “ജീവന്‍ വേണേല്‍ മിണ്ടിക്കോ, കൊന്നുകളയും” എന്നുപറഞ്ഞ് വേടന്‍ പിശ്ശാങ്കത്തി പുറത്തെടുത്തപ്പോള്‍ കിളി തലകുമ്പിട്ട് കൂട്ടിനകത്തേയ്ക്ക് തത്തിക്കയറി മുനിയെപ്പോലെ കണ്ണടച്ചിരുന്നു. അയാള്‍ ഇനിയെങ്ങനെ അതിനെ ദ്രോഹിക്കും എന്ന് ആലോചിച്ച് നിലത്തുകുത്തിയിരിക്കുമ്പൊഴാണ് ഇരുന്നൂറു രൂപ മുന്നിലിട്ടു കൊടുത്ത് കിളിക്കൂട് വാരിയെടുത്ത് മകള്‍ നടന്നത് - അങ്ങനെ ആയിരുന്നത്രേ, അവള്‍ പറഞ്ഞതാണ്, സത്യം ആര്‍ക്കറിയാം - കിളി പ്രശസ്തനായിക്കഴിഞ്ഞപ്പോള്‍ വീട്ടില്‍ വന്ന ഒരു ഊമക്കത്തില്‍ പറഞ്ഞിരുനത് “വിദേശിയാണ്, അതിന്റെ നിറങ്ങള്‍ കണ്ടാലറിയാം എന്നാണ്. എന്തായാലും അവള്‍ കിളിക്കൂടുമായി വീട്ടിലെത്തുമ്പോള്‍ അതിന്റെ വാല് കൂട്ടിലൊതുങ്ങാതെ പുറത്തേയ്ക്ക് തള്ളിനിന്നിരുന്നു. നീലയും ചുവപ്പും പച്ചയും നിറത്തിലുള്ള ചില പൊട്ടിയ തൂവലുകള്‍ കൂടിന്റെ അഴികള്‍ക്കിടയിലൂടെ ചിതറിനിന്നു. കൂട്ടില്‍ കാലുകള്‍ തത്തി തിരിഞ്ഞ് വലിയ പച്ചക്കണ്ണുള്ള തത്ത എന്നെ നോക്കി. കണ്ണില്‍ നിന്നും കണ്ണെടുക്കാതെ ഉണ്ടക്കണ്ണന്റെ നോട്ടം. ഏതാനും ദിവസങ്ങള്‍ക്കകം ഞാന്‍ അതിനായി ഒരു പുതിയ കൂടുപണിയിച്ചു.

രണ്ടു കാര്യങ്ങള്‍ പ്രധാനമാണ്. ഒന്ന്: ഈ കിളി വീട്ടിലെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പൊഴേയ്ക്കും ഒന്‍പതു കിളികളും കൂടെ വീട്ടിലെത്തി, ഒരു ദിവസം വൈകിട്ട് പടികടന്നു വരുമ്പോള്‍ കാണുന്നത് ഈ കിളിയുടെ കൂടിനു ചുറ്റും വരാന്തയിലെ അരമതിലില്‍ നിരന്നിരിക്കുന്ന ഒന്‍പത് കിളികളെയാണ്. ഒരു കിളി പോലും മിണ്ടുന്നില്ല, അടുത്തെത്തിയിട്ടും അനങ്ങുന്നുമില്ല. ചത്ത കിളികളാണോ എന്ന് സംശയിച്ചു, പക്ഷേ പതിനെട്ട് പച്ചക്കണ്ണുകള്‍ എന്റെ ഓരോ നീക്കത്തെയും ചാരന്മാരെപ്പോലെ പിന്തുടരുന്നുണ്ടായിരുന്നു. ഇവ എവിടെനിന്ന് പറന്നുവന്നെന്ന് അറിയില്ല. ഞാന്‍ ഒന്‍പത് കൂടുകള്‍ കൂടി പണിയിച്ചു. ഇപ്പോള്‍ വീടിനു മുന്നില്‍ തുക്കിയിട്ട കൂടുകളില്‍ മിണ്ടാത്ത പത്തുകിളികള്‍. പത്ത് കിളികളുള്ള വീട്! ഒരു വീടിനും പത്ത് കിളികള്‍ ആവശ്യമില്ല. ഒരു കിളിയുടെ ആ‍വശ്യം തന്നെയില്ല. പറഞ്ഞാല്‍ അനുസരിക്കുന്നതാണെങ്കില്‍, വിധേയത്വമുള്ളതാണെങ്കില്‍, കൂടിപ്പോയാല്‍ ഒരു പക്ഷി ആവാം. അല്പം കലമ്പല്‍, കുറുകല്‍, സംസാ‍രം, അച്ചടക്കമുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ - ഇതൊക്കെ ആകാവുന്നതേയുള്ളൂ, പക്ഷേ പത്തു കലമ്പല്‍ - മകളുടെ പിടിവാശികളാണ്, അവളെ പറഞ്ഞു മനസിലാക്കണം, ഒന്‍പതെണ്ണത്തെയും കൊടുത്തുകളയണം.

രണ്ടാമത്തെ പ്രധാന കാര്യം: കിളി(കള്‍) സംസാരിച്ചു തുടങ്ങി എന്നതാണ്. ചിട്ടിയടിച്ച കാശ് അലമാരയില്‍ വെച്ച് പൂട്ടി സ്വപ്നങ്ങളില്ലാതെ കിടന്നുറങ്ങുമ്പോഴാണ് പട്ടികള്‍ കുരയ്ക്കുന്ന ശബ്ദം കേട്ടത്. വീട്ടിന്റെ മുറ്റത്തുനിന്ന് നിന്ന് കൂട്ടത്തോടെയുള്ള കുര. പുറത്തിറങ്ങി നോക്കുമ്പോള്‍ മച്ചിലേയ്ക്ക് ചാരിവെച്ച ഒരു കോണി, ആരോ തട്ടിപ്പിടഞ്ഞു വീണതിന്റെ പാടുകള്‍. പൊട്ടിക്കിടക്കുന്ന ചെടിച്ചട്ടി. ഒന്‍പത് തത്തകള്‍ ചുറ്റുമതിലിലേക്കു നോക്കി ഡോബര്‍മാന്റെ ശബ്ദത്തില്‍ കുരയ്ക്കുന്നു, ഒന്നാമത്തെ തത്ത മാത്രം തിരിഞ്ഞ് എന്നെ നോക്കുന്നു, എന്നിട്ട് ശാന്തനായി പറയുന്നു, “ഫല്‍ഗുണാ, രണ്ട് കള്ളന്മാരുണ്ടായിരുന്നു. നമുക്ക് അവരെ ക്രൂശിക്കണ്ടേ?”

രാവിലെ മകളോടും ഭാര്യയോടും ഈ കഥപറഞ്ഞപ്പോള്‍ മകള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഭാര്യ മൂക്കത്തു വിരല്‍ വെച്ചു, പത്തു തത്തകളും സംസാരിക്കുന്നു! തത്തകള്‍ കള്ളനെ ഓടിച്ചു എന്നതിനെക്കാള്‍ ഇതായിരുന്നു മകളെ കൂടുതല്‍ സന്തോഷിപ്പിച്ചത്. മകള്‍ തത്തകളോട് കൂട്ടുകൂടാന്‍ പോയപ്പോള്‍ ഭാര്യ എന്നെ കയ്യില്‍പ്പിടിച്ചുവലിച്ച് മുറിക്കകത്തേയ്ക്കു കയറി. അടക്കാനാവാത്ത തലവേദന വരുമ്പൊഴെന്ന പോലെ അവളുടെ മുഖം വലിഞ്ഞു മുറുകിനിന്നു.

“ഇത് അപകടമാണ്, സംസാരിക്കുന്ന തത്തകളെ നമുക്കു വേണ്ട”.
“ഹേയ്, തത്തകളല്ലേ. എന്തപകടം. അവയ്ക്കെന്തറിയാം”
“എന്നാലും വേണ്ട”
“ഒന്നു ചുമ്മാതിരിയെടീ. അവറ്റയുള്ളതുകൊണ്ട് കള്ളന്മാരില്‍ നിന്നും രക്ഷപെട്ടു”
“ദേ മനുഷ്യാ, ഇവ ഇനി ഈ വീട്ടില്‍ നടക്കുന്ന കാര്യങ്ങളൊക്കെ വിളിച്ചു കൂവും. വെറുതേ കുടുംബ ജീവിതം അങ്ങാടിപ്പാട്ടാവും. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാത്ത മനുഷ്യന്‍. സംസാരിക്കുന്ന ഒന്നിനെയും ഇവിടെ വേണ്ട, നമ്മള്‍ മാത്രം മതി. പറഞ്ഞേക്കാം”
“എന്തെങ്കിലും വളര്‍ത്തുമൃഗങ്ങള്‍ വേണ്ടേ? ഒരു സന്തോഷമല്ലേ?”
“എന്നാല്‍ ഒരു പട്ടിയെ വാങ്ങിക്ക്, അതാവുമ്പൊ കുരയ്ക്കത്തല്ലേയുള്ളൂ, പട്ടി സംസാരിച്ച ചരിത്രമില്ലല്ലോ”.

ഭാര്യ പറഞ്ഞത് കാര്യമാണ്. തത്തകള്‍ ഇപ്പോള്‍ വന്നു കേറിയവയാണ്. സ്വഭാവം അറിയാന്‍ വയ്യ, അല്ലെങ്കില്‍ത്തന്നെ അവ നമ്മെപ്പോലെയല്ല, നമ്മെപ്പോലെ ആവണം എന്ന് ഒരു നിര്‍ബന്ധവുമില്ല. മനുഷ്യനും തത്തകളും രണ്ട് ജാതിയാണ്. മനുഷ്യര്‍ ചിന്തിക്കുന്നതുപോലെയല്ല തത്തകള്‍ ചിന്തിക്കുന്നത്. മനുഷ്യരുടെ വിചാരങ്ങള്‍ക്ക് നിയതമായ ഒരു ചിട്ടയുണ്ട്. തത്തകള്‍ക്ക് അതുണ്ടാവണമെന്നില്ല. മനുഷ്യരുടെ നീതിശാസ്ത്രങ്ങള്‍ തത്തകള്‍ക്കു ബാധകമാവണമെന്നില്ല. ശരിയും തെറ്റും തമ്മില്‍ ഉള്ള അന്തരം തത്തകള്‍ക്കും മനുഷ്യര്‍ക്കും ഒരേപോലെയാണോ? തത്തകളെ സംസ്കാരം പഠിപ്പിക്കാമെന്നു വെച്ചാല്‍ നടപ്പുള്ള കാര്യമല്ല, രണ്ട് മാര്‍ഗ്ഗങ്ങളേയുള്ളൂ - ഒന്ന്, നമുക്കു വേണ്ടതു മാത്രം തത്തകളെക്കൊണ്ടു പറയിക്കണം. രണ്ട്, തത്തകളെ മിണ്ടാതെയാക്കണം. സാമദാനഭേദദണ്ഡങ്ങളില്‍ ഏതിനാണ് പഞ്ചവര്‍ണ്ണത്തത്തകള്‍ വഴങ്ങുക?

ഞാന്‍ വെള്ള ഷര്‍ട്ടിന്റെ കുടുക്കുകളിട്ട് പുറത്തിറങ്ങിയപ്പൊഴേയ്ക്കും മകളും കൂട്ടുകാരിയും തത്തകള്‍ക്കു മുന്നില്‍ സ്ഥാനം പിടിച്ചിരുന്നു, ഇന്നലെ രാത്രിനടന്ന കഥയറിഞ്ഞ് ഒരുപറ്റം നാട്ടുകാരും മുറ്റത്ത് കൂടിനില്‍ക്കുന്നുണ്ട്. ഇവരെങ്ങനെ അറിഞ്ഞു? ഒരുപക്ഷേ കള്ളന്‍ തന്നെ നടന്നു പറഞ്ഞതാവണം, എന്റെ സുന്ദരിയായ മകളെക്കാണാനാണോ അതോ തത്തകളെ കാണാനാണോ നാട്ടുകാര്‍ തടിച്ചുകൂടിയത് എന്ന് ചിന്തിച്ച് ഞാന്‍ വിഹ്വലനാകവേ മകള്‍ തത്തയെ കൊഞ്ചിക്കുകയായിരുന്നു.

“പഞ്ചാരപ്പനന്തത്തേ, നിന്റെ പേരുപറ”
ഉത്തരമില്ല, തത്ത അതിന്റെ കുറുകിയ പച്ചക്കണ്ണുകള്‍ കൊണ്ട് അവളെ നോക്കുന്നു.
“എന്തെങ്കിലും പറ തത്തേ, എത്ര പേരാ നിന്നെ കാണാന്‍ വന്നത്”
തത്ത ഒന്നും മിണ്ടുന്നില്ല,
“അച്ഛാ, ഈ തത്ത മിണ്ടാന്‍ പറ” - മകള്‍ എന്നോടാണ്.

ഇത്രയും നാട്ടുകാരുടെ മുന്നില്‍ വെച്ച് ഞാന്‍ തത്തയോട് മിണ്ടാന്‍ പറയുകയും അത് അനുസരിക്കാതിരിക്കുകയും ചെയ്താല്‍ അത് എനിക്കു കുറച്ചിലാകും. എന്നാല്‍ ഒന്നും പറഞ്ഞില്ലെങ്കില്‍ നാട്ടുകാര്‍ അക്ഷമരാകുകയും ചെയ്യും. “നിങ്ങള്‍ കേട്ടതെല്ലാം കള്ളമാണ്, ഈ തത്ത മിണ്ടാറില്ല“ എന്നു പറഞ്ഞാലോ എന്നു ചിന്തിച്ചപ്പൊഴേയ്ക്കും ഒന്നാമത്തെ തത്ത - കൂട്ടത്തില്‍ തലയെടുപ്പുള്ള, വേടന്റെ കയ്യില്‍ നിന്നും വന്ന പഞ്ചവര്‍ണ്ണത്തത്ത - പറഞ്ഞു, “ഹാ, സവ്യസാചി വന്നല്ലോ“ - എന്നെയാണ് ഉദ്ദേശിച്ചത്. നാട്ടുകാര്‍ക്കിടയില്‍ നിന്നും സന്തോഷത്തിന്റെ ഒരു ശബ്ദം ഉയരവേ തത്തകള്‍ ഒരേ കണ്ഠത്തില്‍, ഈണത്തില്‍ “ബലികുടീരങ്ങളേ” എന്ന ഗാ‍നം പാടിത്തുടങ്ങി. കൂട്ടത്തില്‍ രണ്ട് തത്തകള്‍ വാദ്യങ്ങളുടെ ശബ്ദങ്ങളും കലമ്പിത്തുടങ്ങി. തത്തകള്‍ ഗംഭീരമായി പാടി എന്ന് വാതിനു പിന്നില്‍ മറഞ്ഞുനിന്ന ഭാര്യ ആംഗ്യം കാണിച്ചു. പിന്നാലെ നാട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഏതാനും സിനിമാപ്പാട്ടുകളും അവ പാടി. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, വാസന്ത പഞ്ചമിനാളില്‍, തുടങ്ങിയ പഴയ പാട്ടുകളാണ് കൂടുതലും പാടിയത്. എന്നാല്‍ അവയ്ക്ക് ഇന്നത്തെ പുത്തന്‍ പാട്ടുകളും അറിയാം എന്ന് വ്യക്തമായിരുന്നു. ലജ്ജാവതിയേ എന്ന പാട്ടുപാടിയത് മകളെ നോക്കിക്കൊണ്ടാണ്. അവള്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല, എന്നാല്‍ കാണികള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ആരാന്റെ വീട്ടില്‍ പ്രാന്തുവരുമ്പോള്‍ നാട്ടുകാര്‍ക്കു വരുന്ന ആ സന്തോഷമുണ്ടല്ലോ - “ഇന്നത്തെ പരിപാടി കഴിഞ്ഞു, നിങ്ങളെല്ലാം വീട്ടില്‍ പോ” എന്ന് ഞാന്‍ ഉച്ചയുയര്‍ത്തി. അതോടെ തത്തയും ഏറ്റുപറഞ്ഞു, “പരിപാടി കഴിഞ്ഞു, വീട്ടീപ്പോ, വീട്ടീപ്പോ“.

പിന്നീടുള്ള ദിവസങ്ങളില്‍ നടന്നത് വിശ്വസിക്കാന്‍ അല്പം പ്രയാസമുള്ള കാര്യങ്ങളായിരുന്നു. കാലത്തെ ഏഴുമണിക്കേ ആപ്പീസിലും സ്കൂളിലും ചന്തയിലും പോവുന്ന നാട്ടുകാര്‍ വീടിനു മുന്നില്‍ കൂട്ടം കൂടിനില്‍ക്കും, പിന്നെ തത്തപ്രസംഗമാണ്. മതം, ആദ്ധ്യാത്മികം, രാഷ്ട്രീയം, സിനിമ, കൊച്ചുവര്‍ത്തമാനങ്ങള്‍, സദാചാരോപദേശങ്ങള്‍ - തത്തയുടെ അറിവുകണ്ട് ജനങ്ങള്‍ അമ്പരന്നു. തത്ത കാണാതെ പഠിച്ച് പറയുന്നതാണെന്ന് ഇവര്‍ക്കറിയില്ലല്ലോ. അരമുക്കാല്‍ മണിക്കൂര്‍ കൊണ്ട് തത്തപ്രസംഗം തീരും, ജനക്കൂട്ടം പിരിഞ്ഞുപോവും. ആള്‍ക്കൂട്ടം കണ്ട് എനിക്ക് (എന്റെ സ്വന്തം തത്തകള്‍ എന്ന) സ്വല്പം അഭിമാനവും, എന്നാല്‍ തത്തയുടെ പോക്ക് എങ്ങോട്ടാണെന്ന് പേടിയും തോന്നിത്തുടങ്ങി. പക്ഷേ തത്തകള്‍ക്ക് പുതുതായി ഒന്നും അറിയില്ല, ആരോ കാണാതെ പഠിപ്പിച്ച കാര്യങ്ങള്‍ - അവ എത്ര ഗഹനം തന്നെയായാലും - വീണ്ടും ഉരുവിടാന്‍ മാത്രമേ അവയ്ക്കറിയൂ, എന്ന ചിന്ത എനെ ധൈര്യപ്പെടുത്തി. ഇത് പരീക്ഷിച്ചറിയാന്‍ ഞാന്‍ തന്നെ ഒരു ദിവസം രാത്രിയില്‍ തത്തകളുടെ കൂടിനടുത്തെത്തി. തത്തകള്‍ ഉറങ്ങാതെ അടക്കം പിടിച്ച് പരസ്പരം സംസാരിക്കുന്നു എന്നു തോന്നി, പക്ഷേ തോന്നലായിരുന്നു; രാത്രി നമ്മെ എന്തൊക്കെ മായക്കാഴ്ച്ചകളാണ് കാണിക്കുന്നത്, ഞാന്‍ അടുത്തെത്തിയപ്പോള്‍ തത്തകള്‍ ഉറക്കമായിരുന്നു. അതിന്റെ കൂ‍ട്ടില്‍ ഞാന്‍ കൈകൊണ്ടു തട്ടി. പാതിയുണര്‍ന്ന തത്തയോട് “നിനക്ക് രാഷ്ട്രീയം അറിയാമോ“ എന്നു ചോദിച്ചു. “എനിക്കു ദാഹിക്കുന്നു” എന്ന് അത് ഉറക്കം തൂങ്ങിയ ശബ്ദത്തില്‍ മറുപടി പറഞ്ഞു. ചരിത്രം, ദൈവശാസ്ത്രം, ആഗോളതാപനം, ജൈവവ്യവസ്ഥ, ഉല്‍ക്കകള്‍, അഗ്നിപര്‍വ്വതങ്ങള്‍, ദിനോസറുകള്‍, കന്യാവനങ്ങള്‍, ഇങ്ങനെ പല കാര്യങ്ങളെക്കുറിച്ചും ഞാന്‍ ചോദിച്ചു. തത്തയ്ക്ക് ചിലതൊക്കെ അറിയാമായിരുന്നു, അറിയാവുന്നവയ്ക്ക് കാണാതെ പഠിച്ചതുപോലെ അത് ഉത്തരം പറഞ്ഞു, അറിയാത്തതില്‍ ചിലതിന് തെറ്റായ ഉത്തരങ്ങള്‍ പറഞ്ഞു, ബാക്കി ചോദ്യങ്ങള്‍ക്ക് “എനിക്കു ദാഹിക്കുന്നു” എന്നുമാത്രം ആ പാവം ജീവി മറുപടി പറഞ്ഞു. ഞാന്‍ അതിന്റെ പിഞ്ഞാണത്തില്‍ വെള്ളമൊഴിച്ചു കൊടുത്തു, തിരിച്ച് കട്ടിലില്‍ വന്നു കിടന്ന് സുഖമായി ഉറങ്ങി. പിറ്റേന്ന് മോള്‍ക്ക് ഞാനൊരു സ്കൂട്ടര്‍ വാങ്ങിച്ചുകൊടുത്തു.

തത്തകള്‍ സുന്ദരികളും സുന്ദരന്മാരുമാണ്, വൃത്തിയുള്ള ജീവികളാണ്. എന്നാല്‍ അവ സംസ്കാരമില്ലാത്ത വഹകളുമാണെന്നു ഞാന്‍ പറയാന്‍ കാരണം - ഒരു ദിവസം ഞാന്‍ വീട്ടില്‍ കയറിവന്നപ്പോള്‍ മകള്‍ തത്തക്കൂടിനോടു ചേര്‍ന്നു നില്‍ക്കുന്നു. ഒന്‍പത് തത്തകളും തലതിരിച്ച് ഒന്നാമത്തെ തത്തയെ ആകാംഷയോടെ നോക്കുന്നു. അത് ചിറകുകള്‍ കൊണ്ട് അംഗവിക്ഷേപങ്ങള്‍ കാട്ടി തല വെട്ടിച്ച് വികാരത്തോടെ കഥപറയുന്നു. “അപ്പോള്‍ ജോയിച്ചായന്‍ ഇടതുകൈകൊണ്ട് രാഘവന്റെ മുഖത്തടിച്ചു, എന്നിട്ട് തന്റെ ചുരുണ്ട രോമങ്ങള്‍ നിറഞ്ഞ മാറിനോട് രശ്മിയെ ചേര്‍ത്തുനിര്‍ത്തി. അവളുടെ കൊഴുത്ത ശരീരം ജോയിച്ചായന്റെ നെഞ്ചില്‍ ഒരു നിശ്വാസത്തോടെ അമരുമ്പോള്‍, വീണ നിലത്തുനിന്നും അയാള്‍ കൈകുത്തി എഴുന്നേറ്റ്, അടുത്തുകിടന്ന ” - എന്നെ കണ്ടപ്പോള്‍ തത്ത കഥ പറച്ചില്‍ നിര്‍ത്തി, മകള്‍ അക്ഷമയോടെ “എന്നിട്ട്” എന്നു ചോദിച്ചു, മ വാരികകളിലെ കഥകള്‍ മകള്‍ക്ക് വള്ളിപുള്ളിവിടാതെ പറഞ്ഞുകൊടുക്കുന്നതിലല്ല, എന്നെ കണ്ടപ്പോള്‍ അവന്‍ കഥപറച്ചില്‍ നിര്‍ത്തിയതിലാണ് എനിക്കു ദേഷ്യം വന്നത്. എന്താണ് ഒളിക്കാന്‍ ശ്രമിക്കുന്നത്? അല്പം ദേഷ്യത്തോടെ ഞാന്‍ “കഥ തുടരട്ടെ” എന്നു പറഞ്ഞു, എന്നാല്‍ തത്ത മിണ്ടാതിരുന്നതേയുള്ളൂ. തൂവലുകള്‍ വിടര്‍ത്തി സുന്ദരനായി, മാന്യനായി കൂട്ടിലെ വളയത്തില്‍ കയറി ഒതുങ്ങിയിരിക്കുന്നു. ഞാന്‍ തിരിഞ്ഞ് വാതിലിലേയ്ക്കു നടന്നപ്പോള്‍ അവന്‍ ഒരു നീണ്ട ചൂളമടിച്ചു. ഞാന്‍ തിരിച്ചുവന്ന് മകളെ അകത്തേയ്ക്കു പറഞ്ഞുവിട്ടു. തത്തയുടെ വട്ടക്കണ്ണിലേക്കു നോക്കി. “ഇനി നീ കഥ പറയുമോ“. “ഇല്ല” - അവന്‍ അര നിമിഷം പോലും ചിന്തിക്കാതെ മറുപടി പറഞ്ഞു, “അതെന്താ പറഞ്ഞാല്‍“ എന്ന് മറ്റൊരു തത്ത തര്‍ക്കുത്തരം പറഞ്ഞു. “കൂമ്പിടിച്ച് വാട്ടും” എന്ന് മറ്റൊരു തത്തയും, “വേണ്ട, ഇനി മിണ്ടില്ല” എന്ന് ഒന്നാം തത്തയും പറഞ്ഞു. തത്തകള്‍ നിശബ്ദരായി. അസുഖകരമായ ആ അന്തരീക്ഷത്തില്‍ നിന്നും ഞാന്‍ അകത്തേക്കു കയറിപ്പോയി.

പിറ്റേ ദിവസം ഞാന്‍ തിരികെ വന്നപ്പോള്‍ മകള്‍ തത്തകള്‍ക്ക് ഒരു കിണ്ണത്തില്‍ പാ‍ലും ഒരു പടല പഴങ്ങളും കൊടുത്ത് പൊന്നു തത്തയല്ലേ, പഞ്ചാരത്തത്തയല്ലേ, ഒരു കഥ പറ എന്നു കെഞ്ചുകയായിരുന്നു, ഇല്ല, സാറു പറയാതെ ഞാന്‍ ഒന്നും പറയില്ല എന്ന് പഞ്ചവര്‍ണ്ണനും, “ഇല്ല, ഇല്ല, ഇല്ല“ എന്ന് ബാക്കി തത്തകളും. എനിക്ക് സന്തോഷം തോന്നി - തത്തകള്‍ക്ക് യജമാനന്‍ ആരെന്നറിയാം, എങ്കിലും അവറ്റയോട് ഒരക്ഷരം മിണ്ടാതെ ഗൌരവത്തില്‍ ഞാന്‍ അകത്തേയ്ക്കു പോയി. ഒരുപക്ഷേ അവ പറ്റിക്കുകയായിരിക്കും, അവയ്ക്ക് ഞാന്‍ പുറത്തുപോവുന്നതും വരുന്നതും എപ്പോഴെന്നറിയാം. ഞാനില്ലാത്തപ്പോള്‍ ഇവ തീര്‍ച്ചയായും സംസാരിക്കും. തത്തകളോട് ഞാന്‍ സംസാരം നിര്‍ത്തി, എന്നാല്‍ ഞാന്‍ അവയുടെ മുന്നില്‍ക്കൂടി കടന്നുപോവുമ്പൊഴൊക്കെ അവ എന്നെ പ്രീതിപ്പെടുത്താന്‍ നോക്കിക്കൊണ്ടിരുന്നു. ചിലത് യുഗ്മഗാനങ്ങള്‍ പാടി, ചിലത് കൂട്ടിലെ വളയത്തില്‍ തലകുത്തിമറിഞ്ഞു, ഒരു തത്ത സിഗരറ്റു വലിച്ചു, ഒന്നാം തത്ത മാത്രം ധനഞ്ജയാ, ഫല്‍ഗുണാ, “എനിക്കൊരു കാര്യം പറയാനുണ്ട്, രഹസ്യമാണ്“ എന്നു ചിലമ്പിക്കൊണ്ടിരുന്നു. ചിലപ്പൊഴൊക്കെ അത് ചിറകുകളുയര്‍ത്തി സ്വന്തം തലയില്‍ തല്ലി.

മറ്റ് തത്തകളുടെ വിദ്യകള്‍ ഞാന്‍ അവഗണിച്ചു. ഒന്നാം തത്ത രഹസ്യം പറയണം എന്ന ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരു ദിവസം ഭാര്യയും മകളും പുറത്തുപോയിരുന്ന സമയത്ത് ഞാന്‍ തത്തയെ കൂടോടെ എടുത്ത് അകത്തേയ്ക്കു കൊണ്ടുപോയി. മുറിയുടെ സാക്ഷയിട്ട് അതിനെ ഇറക്കി മേശപ്പുറത്തുവെച്ച് അതിന്റെ മുന്നിലിരുന്നു. ആകാംഷ ഒരു വല്ലാത്റ്റ വികാരമാണ്. വേണ്ടായിരുന്നു, ഒന്നും കേള്‍ക്കാതെ രഹസ്യങ്ങളൊക്കെ വിഴുങ്ങാന്‍ പറഞ്ഞാല്‍ മതിയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു - തത്ത പറഞ്ഞ കാര്യങ്ങള്‍ മൂന്നാംകിടയും അറപ്പുളവാക്കുന്നവയുമായിരുന്നു. എന്റെ ബോസ് ഭാര്യമാത്രം വീട്ടിലുള്ള സമയത്ത് വന്നു പോവാറുണ്ടെന്നും, മകള്‍ക്ക് ഒരു കാമുകനുണ്ടെന്നും അവര്‍ വരുന്ന ഞായറാഴ്ച്ച അലമാരയില്‍ നിന്നും കാശുമെടുത്ത് ഒളിച്ചോടാന്‍ പോവുകയാണെന്നും ബോസിനെ കാണുന്നതേ തത്തയ്ക്ക് അറപ്പാണെന്നും, മകള്‍ക്ക് ഇതിലും നല്ല ആരെയും കിട്ടിയില്ലേ ഒളിച്ചോടാന്‍ എന്നും മറ്റും തത്ത പരിഭവത്തിന്റെ ശബ്ദത്തിലും, ചിലപ്പോള്‍ രഹസ്യം പോലെയും പറഞ്ഞുകൊണ്ടിരുന്നു.

ഇതു കേട്ട് ഭാര്യയുടെ മുടിക്കുകുത്തിപ്പിടിച്ച് അവളുടെ നാഭിക്കു തൊഴിക്കുന്നതും ബോസിനെ കുത്താന്‍ പോവുന്നതും മകളെ മുറിക്കകത്തു പൂട്ടിയിടുന്നതുമൊക്കെ പലരും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിരസമാക്കിയ അനുഷ്ഠാനങ്ങളാണ്. ഒന്നാമതേ വീടും സ്ഥലവും ഭാര്യയുടെ പേരിലാണ്. ബോസിനെ പിണക്കിയാല്‍ ജോലിയും പോവും. നാക്കിന്റെ ബലം കൊണ്ട് പിടിച്ചുനില്‍ക്കാമെങ്കിലും വെറുതേ ഒരു കുടുംബ ജീവിതം തകര്‍ക്കുന്നതില്‍ കാര്യമില്ല. ഇന്നത്തെക്കാലത്ത് ഏതൊരു വീ‍ട്ടിലാണ് ഇത്തരം അസാന്മാര്‍ഗിക ബന്ധങ്ങളില്ലാത്തത്? അസാന്മാര്‍ഗികം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ പൊയ്പ്പോയിരിക്കുന്നു, തത്തയോട് ഈ കാര്യം ഇനി മിണ്ടരുത് എന്നു പറഞ്ഞു, അതിനെ വീട്ടിന്റെ മുന്നില്‍ക്കൊണ്ടു തൂക്കി. അത് ഒന്നും മനസിലാവാത്തതുപോലെ കൂട്ടില്‍ കണ്ണുമിഴിച്ചിരുന്നു.

ഭാര്യ വന്നപ്പോള്‍ മകളുടെ ഒളിച്ചോടാനുള്ള പദ്ധതികള്‍ അവളോട് പറഞ്ഞു, കൂര്‍മ്മബുദ്ധിയായ ഭാര്യ ആദ്യം ചെയ്തത് അലമാരയില്‍ നിന്നും സ്വര്‍ണ്ണവും പണവുമെടുത്ത് പൊതിഞ്ഞ് ബാങ്കില്‍ കൊണ്ടുവെക്കാന്‍ എന്നെ ഏല്‍പ്പിക്കുകയാണ്. കാല്‍ക്കാശില്ലാതെ മകള്‍ ഒളിച്ചോടുകയില്ലെന്ന് അവള്‍ക്കറിയാം. ബാങ്കില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ മകളുടെ പദ്ധതികള്‍ എങ്ങനെ അറിഞ്ഞു എന്ന് ഭാ‍ര്യയ്ക്കറിയണം. വീട്ടിലെ രഹസ്യങ്ങളറിയാന്‍ തനിക്കുള്ള മാര്‍ഗ്ഗമാണ് തത്തകള്‍, ഞാനൊന്നും പറഞ്ഞില്ലെങ്കിലും ഭാര്യ ഊഹിക്കും, ഒരുപക്ഷേ അവള്‍ക്ക് ഇപ്പോള്‍ത്തന്നെ അറിയാമായിരിക്കും, തത്തകളാണ് മകളെ (അവളെയും) ഒറ്റിയതെന്ന്. തത്ത പറഞ്ഞിട്ടാണെന്നു പറഞ്ഞപ്പൊഴേ ഭാര്യ ചിരിച്ചു. ക്രൂരമായ ഒരു ചിരി. “മനുഷ്യാ, നിങ്ങളെക്കുറിച്ച് തത്തകള്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളതെന്ന് അറിയാമോ?, നാണക്കേടോര്‍ത്ത് ഞാനതൊന്നും നിങ്ങളോട് പറഞ്ഞില്ല എന്നേയുള്ളൂ” - എന്റെ ഉള്ളില്‍ ഒരു വെള്ളിടി വെട്ടി. തത്തയ്ക്ക് വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമല്ല, പുറത്ത് നടക്കുന്നതും അറിയാമോ? ഇവയ്ക്കെന്താ, ദിവ്യദൃഷ്ടിയുണ്ടോ? എന്തൊക്കെയാണ് ഇവറ്റ കണ്ടിരിക്കുക? എന്തൊക്കെയാണ് ഭാര്യയോട്, മകളോട്, വഴിയേ പോവുന്ന നാട്ടുകാരോട് അവ വിളിച്ചു പറഞ്ഞിരിക്കുക? ഞാന്‍ വിളറുന്നതുകണ്ട് ഭാര്യ ചിരിച്ചു. അവള്‍ തടിച്ച ശരീരവും കുലുക്കി തോര്‍ത്തുമെടുത്ത് കുളിക്കാനായി മുറിയിലേക്കു കയറി.

അധികം ആലോചിക്കേണ്ടി വന്നില്ല, ഞാന്‍ വെളുത്ത ഒരുപിടി ധാന്യമണികള്‍ വാരിക്കൊണ്ട് തത്തകളുടെ കൂടുകളിലേക്കു നടന്നു. ഒന്‍പത് തത്തകളും എന്റെ മുഖത്തേക്ക് വിഷാദത്തോടെ നോക്കി, ഒരക്ഷരം മറുത്തു പറയാതെ കൂട്ടിലേക്കിട്ടുകൊടുത്ത ധാന്യമണികള്‍ കൊറിച്ചു. പത്താമത്തെ തത്ത - പഞ്ചവര്‍ണ്ണത്തത്ത മാത്രം - “ഇത്, ഞാന്‍ തിന്നേ പറ്റൂ, എന്റെ വിധിയാണ്, അല്ലേ?“ എന്നു ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടാത്തതുകണ്ട് അതും വിഷാദത്തോടെ എന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ട് ധാന്യമണികള്‍ കൊത്തിപ്പെറുക്കി. അടുത്തിരുന്ന പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചു.

മൌനത്തിന് ഒരു സുഖമുണ്ട്. ഒന്നും അറിയാത്തതിന്റെ, അറിയിക്കാത്തതിന്റെ സുഖം. ചിന്തിക്കേണ്ടാത്തതിന്റെ സുഖം, ഇപ്പോള്‍ എന്തൊരു ശാന്തതയാണ്. അവറ്റയുടെ ചിലമ്പലില്ല, മകളുടെ കളിതമാശകളില്ല, നാട്ടുകാരുടെ സുഖാന്വേഷണങ്ങളില്ല, ഭാര്യയുടെ പരാതികളില്ല, മറുത്ത് ഒരു വാക്കുപോലുമില്ല, ജീവിതം സ്വഛമായി, ചോദ്യങ്ങളില്ലാതെ, മൌനത്തിന്റെ നദിയായി നേര്‍‌വരയിലൊഴുകുന്നു.

കിളി ഉണ്ടായിരുന്നെങ്കില്‍ അത് (കക്കാടിന്റെ) പോത്ത് എന്ന കവിത പാടുമായിരുന്നോ? “ഹാ പോത്തേ, നിന്നിലഴുകിയ ഭാഗ്യമേ ഭാഗ്യം” എന്ന് നെടുവീര്‍പ്പിടുമായിരുന്നോ? അറിയില്ല. കിളി ഉണ്ടായിരുന്നെങ്കില്‍ എന്ന ചോദ്യമില്ല, കിളി ഇല്ല.

20 comments:

sree said...

സിമി... “ഹാ പോത്തേ, നിന്നിലഴുകിയ ഭാഗ്യമേ ഭാഗ്യം” ;) കലക്കി കഥ.

പാമരന്‍ said...

സിമി, ഉഗ്ഗുഗ്രന്‍! വളരെ ഇഷ്ടപ്പെട്ടു.

Sanal Kumar Sasidharan said...

സിമിയേ......
ഭാവനയെ കെട്ടഴിച്ചു വിട്ടിരിക്കുകയാണല്ലേ......ഉഗ്രൻ അത്യുഗ്രൻ......:)

നന്ദ said...

തകര്‍ത്തു!

സജീവ് കടവനാട് said...

കത്തുകയാണല്ലോ

ജ്യോനവന്‍ said...

സുന്ദരം, അതിസുന്ദരം!

സുനീഷ് said...

ഭാവന തട പൊട്ടിയിങ്ങനെ ഒഴുകി വരുകയാണല്ലോ പ്രിയപ്പെട്ട കഥാകാരാ... സേതുവിന്‍‌റെ പാണ്ഡവപുരത്തിന്‍‌റെ സംഭൃമലോകത്തില്‍ നിന്നിറങ്ങി ഞാന്‍ നേരേ വന്നു കയറിയത് സിമിയുടെ വിഭൃമലോകത്തിലേക്കാണല്ലോ... ഇന്നു ഞാന്‍ സന്തോഷവാനാണ് ചങ്ങാതീ... മദ്യം കുടിക്കാതെ തന്നെ ലഹരിയില്‍ ! ചിയേര്‍സ്...

Thus Testing said...

നന്നായിരിക്കുന്നു...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"നമുക്കു വേണ്ടതു മാത്രം തത്തകളെക്കൊണ്ടു പറയിക്കണം. രണ്ട്, തത്തകളെ മിണ്ടാതെയാക്കണം."
അപ്പോള്‍ ഇതാണല്ലേ നല്ല ഒാപ്ഷന്‍?

bhoolokajalakam said...

good work

Anonymous said...

നല്ല കഥ, സിമിയുടെ ഇതുവരെ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. (നിങ്ങൾ ഫോമിലാൺ!)

ഓരോ കഥയിലും മെച്ചപ്പെട്ടുകൊണ്ട് സിമി ഇങിനെ ഇവോൾവ് ചെയ്തുവരുന്നത് കാണാൻ സന്തോഷമുണ്ട്. ഒരു ആകാംക്ഷയ്ക്ക് പ്രൊഫൈലിലിൽ‌പ്പോയി താങ്കളുടെ പ്രായം പരിശോദിച്ചു. നല്ല പ്രായം, മികച്ച ഒരു കഥാകൃത്തായി ഇനിയും വികസിയ്ക്കാനുള്ള സമയമുണ്ട്!

ഒരു പരിശോധനയിൽ ആശയങ്ങളാൺ താങ്കളുടെ സ്ട്രോങ് പോയിന്റ്. ആരും ചിന്തിയ്ക്കാത്തത് ചിന്തിയ്ക്കാൻ നിങ്ങൾക്ക് നല്ല ശേഷിയുണ്ട്. ഭാഷ വളരെ സ്ഫുടവും ഒഴുക്കുള്ളതുമാൺ.മികച്ച വൊക്കബുലറിയും അത് വിദഗ്ധമായി അപ്ലൈ ചെയ്യാനുള്ള സിദ്ധിയും ഉണ്ട്.

ന്യൂനതയായി ചൂണ്ടിക്കാണിയ്ക്കാവുന്നത് ഒരു പക്ഷേ ആഖ്യാനതന്ത്രങ്ങളിലുള്ള പരിചയക്കുറവ്/താല്പര്യക്കുറവ് ആൺ. ഫോറ്വാഡ് ലിനിയറ് നറേഷനോട് കുറച്ച് കൂടുതൽ പ്രതിപത്തി കാണപ്പെടുന്നു. ബാക്വാറ്ഡ്/ഫോറ്വാറ്ഡ്, ലിനിയാറ്/നോൺ ലിനിയാറ്, ഓറ്ഡേഡ്/ഡിസോറ്ഡ് എന്നൊക്കെയുള്ള മറ്റനേകം പെറ്മ്യൂട്ടേഷനുകളും കോംബിനേഷനുകളും നിലവിലുള്ളപ്പോൾ അധികം കഥകൾ ഒരേ റ്റെക്നിക്കിൽ എഴുതപ്പെടുന്നത് റ്റെക്നിക്കലി നിങ്ങളുടെ റേഞ്ചിനെക്കുറിച്ച് ചോദ്യങ്ങൾ സൃഷ്ടിയ്ക്കും എന്ന്സംശയിയ്ക്കുന്നു.പ്രത്യേകിച്ച് ആശയങ്ങളുടെ കാര്യത്തിൽ നിങ്ങൾ ധാരാളം റേഞ്ച് കാണിയ്ക്കുമ്പോൾ.

ഒരു ആശയം കിട്ടിക്കഴിഞ്ഞാൽ കഥ പറയാനുള്ള പത്തുരീതികളെങ്കിലും ചിന്തിച്ച് നോക്കുക എന്നെത് കഥയെഴുത്ത് പണിപ്പുരകളിലെ ഒരു റ്റെക്സ്റ്റ്ബുക്കിഷ് അഭ്യാസമാൺ. കുറച്ച് പെയ്ൻഫുളാണെങ്കിലും വളരെ ഉപകാരപ്രദമായ ഒരു വ്യായാമമാൺ ഇതെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്.

ആശയം വരുന്നതുപോലെ സങ്കേതം ഇന്റ്യൂറ്റീവ് ആയിട്ട് വരണമെന്നില്ല, അതിൻ സേറ്ട്ടൻ അമൌണ്ട് ഓഫ് കാൽകുലേഷൻ ആവശ്യമാൺ എന്ന സ്കൂൾ ഓഫ് തോട്ടിന്റെ വക്താവാൺ ഞാൻ. താങ്കൾ എന്തുചിന്തിയ്ക്കുന്നു എന്നറിയാൻ താൽ‌പ്പര്യമുണ്ട്.

ഗുഡ് ലക്. കീപ് രൈറ്റിങ്!

മധു

വിഷ്ണു പ്രസാദ് said...

സിമീ,
അല്പം കഷ്ടപ്പെട്ടെഴുതിയ കഥയാണെന്ന് വിചാരിക്കുന്നു.എന്തായാലും നന്നായിട്ടുണ്ട്.

simy nazareth said...

മധു,

നല്ല വാക്കുകള്‍ക്ക് നന്ദി, പറഞ്ഞത് കാര്യമാണ്, എന്റെ ഏകദേശം എല്ലാ കഥയും ലീനിയര്‍ നരേഷന്‍ ആണ്. മറ്റ് ശൈലികളില്‍ എഴുതി നോക്കണമെന്നുണ്ട്, എഴുതി ഫലിപ്പിക്കാന്‍ പറ്റുമോ എന്ന് അറിയില്ല. അല്പം സമയമെടുത്ത് എഴുതിയാലേ നോണ്‍-ലീനിയര്‍ നരേഷന്‍ പറ്റൂ എന്നു തോന്നുന്നു. അടുത്ത ഒന്നു രണ്ട് കഥകളിലെങ്കിലും ഞാന്‍ ശ്രമിക്കാം..

ദേവദാസിന്റെ നോവല്‍ (ഡില്‍ഡോ) - നോണ്‍ ലീനിയര്‍ നരേഷന് ഉഗ്രന്‍ ഉദാഹരണമാണ്.

വിഷ്ണുമാഷേ, കഥയുടെ ആദ്യത്തെ വേഷന്‍ ഒന്നര മണിക്കൂര്‍ കൊണ്ട് എഴുതിയതാണ്.. പിന്നെ നാലോ അഞ്ചോ മണിക്കൂര്‍ കൊണ്ട് അക്ഷരത്തെറ്റു തിരുത്തി, വ്യാകരണം നേരെയാക്കി, രണ്ടോ മൂന്നോ ഖണ്ഡിക കൂട്ടിച്ചേര്‍ത്തു.. അത്രയും കഷ്ടപ്പാടേ ഉണ്ടായുള്ളൂ. മാദ്ധ്യമങ്ങളെ അന്വേഷിക്കണം എന്ന് പിണറായി വിജയന്‍ പറഞ്ഞതാണ് പ്രചോദനം - shoot the messenger എന്ന ആശയത്തെ കഥയാക്കിയാല്‍ എന്താവുമെന്നു തോന്നി, അങ്ങനെ സംസാരിക്കുന്ന പക്ഷി എന്ന തീമില്‍ എത്തി.. ചില കൂട്ടുകാരുമായി ആശയം സംസാരിച്ചു, പിറ്റേ ദിവസം എഴുതി. രാഷ്ട്രീയം കഥയില്‍ കൊണ്ടുവരാന്‍ നോക്കുന്നതുകൊണ്ടാവാം ഇടയ്ക്കൊക്കെ കല്ലുകടിക്കുന്നത്.

Anonymous said...

ഡിൽഡോ കോഴിക്കോട്/ബാംഗളൂറ് ബുക് ഷോപ്പുകളിൽ കിട്ടുമോ? ഞാൻ ലാപുടയുടെ പുസ്തകവും വാങ്ങണമെന്ന് വിചാരിയ്ക്കുന്നു. ഓൺലൈൻ വാങ്ങി ശീലമില്ല.

കഥ പറച്ചിലിന്റെ റ്റെക്നിക്കൽ സൈഡ് പഠിയ്ക്കാനും ചറ്ച്ച ചെയ്യാനും രസമുള്ള മേഖലയാൺ. ബ്ലോഗിൽ അത്തരം ചറ്ച്ചകൾ അധികമുണ്ടാകാത്തതിൽ നിരാശയുണ്ട്. (അടുത്തകാലത്ത് ചിത്രകലയുടെ സാങ്കേതിക/സൌന്ദര്യ വശങളെക്കുറിച്ച് നല്ലൊരു ചറ്ച്ച നടന്നിരുന്നു)

ലോകസിനിമയിൽ ഒരു പക്ഷേ ഗൊദാറ്ദായിരിയ്ക്കും സങ്കേതങ്ങളുടെ പേരിൽ ഏറ്റവും ആഘോഷിയ്കപ്പെട്ട വ്യക്തി. ക്വൊഎന്റിൻ റ്റരാന്റിനോയുടെ ഇന്നൊവേഷനുകളും പ്രസിദ്ധങ്ങളാൺ.റാഷമോൺ പലകാര്യങ്ങൾക്കെന്നപോലെ നറേറ്റീവ് റ്റെക്നിക്കിലും ഒരു മികച്ച ഉദാഹരണമാൺ. വൈൽഡ് സ്റ്റ്രോബറീസിലെ സ്വപ്നാനുഭവം അക്കാലത്ത് വലിയ പുതുമയായിരുന്നെന്ന് പറഞ്ഞ്കേട്ടിട്ടുണ്ട്, പിൽക്കാലത്ത് സ്വപ്നം അവതരിപ്പിയ്ക്കുമ്പോളുള്ള ഒരു ക്ലിഷേ ആയി അതെങ്കിലും. സിനിമയ്ക്കുപുറത്ത് ബില് വാട്ടേഴ്സൻ/ കാല്വിൻ ആന്ഡ് ഹോബ്സ് കഥ പറയുന്ന രസകരവും പുതുമയുള്ളതുമായ രീതികൾ കൊണ്ട് ശ്രദ്ധേയമാൺ. മലയാളത്തിൽ സാങ്കേതികം എന്ന പദമോ പഠനമേഖലയോ പ്രചാരത്തിലില്ലാത്ത കാലത്ത് കുഞ്ചൻ നമ്പ്യാറ് നടത്തിയിട്ടുള്ള പരീക്ഷണങ്ങൾ രസകരമാൺ. മഹാഭാരതകഥയിലേയ്ക്ക് നായറ്പ്പടയെ ഇൻസേറ്ട്ട്ചെയ്യുകയൊക്കെ മട്ടിലുള്ള പുതിയ ആശയങ്ങൾ അദ്ധേഹം അക്കാലത്ത് തന്നെ ശ്രമിച്ചിട്ടുണ്ട്.സങ്കേതങ്ങളുടെ അയ്യരുകളിയാൺ വീകേയെന്റെ കഥകളിൽ. ഗോദാർദിനെപ്പോലെ പിൽക്കാലത്ത് പരസ്യകലയിലൊക്കെ ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ള ചിലതന്ത്രങ്ങളെല്ലാം അദ്ധേഹം എഴുപതുകളിലൊക്കെ എഴുതിയ കഥകളിൽ കണ്ട് അതെങ്ങനെ എന്ന് അതിശയമുണ്ടായിട്ടുണ്ട്.

നിങ്ങൾക്ക് കഥയുടെ രോഗം കാര്യമായിട്ടുണ്ടോ? മറ്റ് ഫോർമാറ്റുകൾ അധികം ശ്രമിയ്ക്കാത്തത് ഈ ഫോർമാറ്റിനോടുള്ള വ്യക്തമായ താല്പര്യത്തെയാണോ സൂചിപ്പിയ്ക്കുന്നത്?

Anonymous said...
This comment has been removed by the author.
Melethil said...

ഹയ്, ഹയ് എന്താ കഥ! ഈ വിരലുകള്‍ ഒന്ന് കടം തരുമോ, ഒന്ന് എഴുതാനായി കുറെ ദിവസായി പണിയുന്നു. ശരിയ്ക്കും ബോധിച്ചു എഴുത്ത്‌. മനുഷ്യ എത്ര കൂളായിട്ട എഴുതുന്നെ. ?

Vadakkoot said...

നന്നായിട്ടുണ്ട്...

angela2007 said...

സിമിയുടെ കഥകള്‍ വായിക്കാറുണ്ട് . മടി കാരണം കമന്റിയിട്ടില്ല. തത്തകളുടെ കഥ വായിച്ചിട്ട് ഒന്നും പറയാതെ പോവുന്നതു ശരിയാവില്ലാന്ന് തോന്നി. അത്രയ്ക്ക് ഇഷ്ടപ്പെട്ടു. അതി മനോഹരം. ഇത് പ്രസിദ്ധീകരിക്കാന്‍ അയച്ചു കൊടുക്കാമായിരുന്നില്ലേ ? കൂടുതല്‍ വായിക്കപ്പെടേണ്ടതാണ് കഥയും കഥാകൃത്തും.
എല്ലാ ആശംസകളും .........

ദൈവം said...

ഈയടുത്ത കാലത്തു വായിച്ച ഏറ്റവും മികച്ച കഥ.

Anup Pookote said...

നല്ല കഥ .. അഭിനന്ദനങ്ങൾ

Google