സിമിയുടെ ബ്ലോഗ്

8/29/2009

ഓണപ്പതിപ്പ്, ഓണക്കഥ

ഓണത്തിന് ബൂലോകകവിതയുടെ കുടക്കീഴില്‍ ഒരക്ഷരസദ്യ ഒരുക്കിയിട്ടുണ്ട്, ഞാനും ഒരു ഓണക്കഥ എഴുതിയിട്ടിട്ടുണ്ട്,

ഇവിടെ വായിക്കാം

ഹാപ്പി ഓണം,
-സിമി

8/08/2009

പിടിച്ചുപറിക്കാര്‍

പട്ടണത്തിലെ റെയില്‍‌വേ നടപ്പാലത്തിനു മുകളില്‍ കമ്പിവരിയില്‍ കൈയ്യൂന്നിക്കൊണ്ട് കീഴേ പോകുന്ന തീവണ്ടിയിലേക്ക് കാര്‍ക്കിച്ചു നീട്ടിത്തുപ്പുന്ന ആ ചുരുണ്ടമുടിക്കാരനാണ് അനില്‍. വെള്ളിനിറംപൂശിയ കൈവരിയിലേക്ക് ചാഞ്ഞുകിടന്ന് പിന്നോട്ടോടുന്ന കാലം പോലെ നീങ്ങുന്ന തീവണ്ടിയിലേക്ക് നോക്കുന്നത് ഒരു രസമാണ്. അനിലിന് കഴിയുമെങ്കില്‍ അതിനു മുകളിലേക്ക് മൂത്രമൊഴിക്കണമെന്നുണ്ട്. പക്ഷേ പാലത്തിലൂടെ പലരും നടക്കുന്നുണ്ട്. സൂര്യന്‍ താണുവരുന്നതേയുള്ളൂ. മുട്ടുകീറിയ നരച്ച ജീന്‍സും കൈ മടക്കിവെച്ച കള്ളിഷര്‍ട്ടും കണ്ടാല്‍ അടുത്തുള്ള ഏതെങ്കിലും കോളെജിലെ, അല്ലെങ്കില്‍ പാരലല്‍ കോളെജിലെ വിദ്യാര്‍ത്ഥി എന്നു തോന്നാം, പക്ഷേ സൂക്ഷിച്ചുനോക്കിയാല്‍ അയാള്‍ക്ക് മുപ്പതുവയസ്സോളം പ്രായമുണ്ടെന്ന് മനസിലാവും. മുന്‍‌വശത്തെ ഒരു പല്ല് പകുതിവെച്ച് ഒടിഞ്ഞിട്ടുണ്ട്.അടുത്ത പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഒരു ഭയങ്കരനാണ്. കണ്ണില്‍ ചോരയില്ലാത്ത ഇടിയാണ് ഇടിക്കുക. അനിലിന് പ്രത്യേകിച്ച് പണിയൊന്നുമില്ല. കുറച്ചുനാള്‍ ഒരു കടയില്‍ നിന്നിട്ടുണ്ട്, പ്രൈവറ്റ് ബസ്സില്‍ കണ്ടക്ടറായി ഓടിയിട്ടുണ്ട്, വര്‍ക്ക്ഷാപ്പില്‍ നിന്നിട്ടുണ്ട്, ചെറിയതോതില്‍ ഗുണ്ടാപ്പരിപാടികളൊക്കെ നോക്കിയിട്ടുണ്ട്. അനിലിന്റെ കൂടെ സ്കൂളിലും, പിന്നെ ജയിലിലുമൊക്കെ ഒന്നിച്ചുണ്ടായിരുന്നയാളാണ് ഇപ്പോള്‍ പാലത്തിന്റെ എതിര്‍‌വശത്തുനിന്നും അലസമായി നടന്നുവരുന്ന ഡേവിഡ്. ഡേവിഡിന്റെ ജീവിതവും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെ. വലിയ വട്ടത്തില്‍ ജ്വലിക്കുന്ന ചുവന്ന സൂര്യനിലേക്കുനോക്കിയാണ് ഡേവിഡിന്റെ നടത്ത. അടുത്തെത്തി ഡേവിഡ് അനിലിന്റെ തോളില്‍ കയ്യിട്ടപ്പൊഴേക്കും കാല്‍ക്കീഴില്‍ നിന്നും തീവണ്ടി പോയിക്കഴിഞ്ഞിരുന്നു.

“അളിയാ, പത്തുരൂപയുണ്ടോ? വിശക്കുന്നു.”
“ഇല്ല, പോടാ”
“നീയും പിച്ചയാണോ. തിന്നണ്ടേ അളിയാ”
അനില്‍ ഒന്നും മിണ്ടിയില്ല.
“പാലത്തിന്റെ താഴെ ഒരു കോള് നിക്കുന്നുണ്ട്, ഒരു പയ്യന്‍. ഉച്ചതൊട്ടേ ചുറ്റിപ്പറ്റി നില്‍ക്കുന്നു. നമുക്കവനെയങ്ങ് തിന്നാലോ?”

അനിലിന് വലിയ താല്പര്യമില്ലായിരുന്നു. ഒന്നാമതേ നേരം ഇരുട്ടിയിട്ടില്ല. പിന്നെ കാശോ മാലയോ പിടിച്ചുപറിച്ച് ഓടാനൊന്നും വയ്യ, എവിടെനിന്നെങ്കിലും ബൈക്ക് ഒപ്പിച്ചിട്ടാണെങ്കില്‍ പിന്നെയും നോക്കാമായിരുന്നു. എങ്കിലും മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അനില്‍ ഡേവിഡിന്റെ കൂടെപ്പോയി. പറഞ്ഞതു നേരായിരുന്നു. സാമാന്യം കാശുള്ള വീട്ടിലെ എന്നുതോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ - വിലകൂടിയ വാച്ചും കഴുത്തില്‍ തെളിഞ്ഞുകാണാവുന്ന സ്വര്‍ണ്ണച്ചെയിനും നല്ല വസ്ത്രങ്ങളും ധരിച്ച, ഇരുപത്തഞ്ചിനും മുപ്പതിനും ഇടയ്ക്ക് പ്രായം തോന്നിക്കുന്നയാള്‍, ഒരു മരത്തിനു താഴെ സിഗരറ്റും പുകച്ച് നില്‍ക്കുന്നു. എതിരേ കാലന്‍കുടയും പിടിച്ച് ഒരു മദ്ധ്യവയസ്കനും, പിന്നാലെ ഏതാനും കോളെജ് വിദ്യാര്‍ത്ഥിനികളും നടന്നുവരുന്നു. ഇവര്‍ ഈ യുവാവിനെ കടന്ന് മുന്നോട്ടുനടന്നു. അല്പം അകലെ അടച്ചുകിടന്ന ഒരു പീടികത്തിണ്ണയില്‍ കയറിയിരുന്ന് ഒരു ബീഡി കത്തിച്ച് പരസ്പരം കൈമാറി വലിച്ചു. വീണ്ടും അയാള്‍ക്കുനേരെ നടന്നുതുടങ്ങിയപ്പൊഴാണ് ഒരു പോലീസ് വണ്ടി പിന്നില്‍നിന്നും വന്നത്. അനിലിനെയും ഡേവിഡിനെയും എന്തോ നോട്ടപ്പിഴകൊണ്ട് കാണാതെപോയ പോലീസുകാര്‍ മരത്തണലില്‍ നില്‍ക്കുന്ന യുവാവിനു മുന്നില്‍ വണ്ടി നിറുത്തി. പോലീസുകാര്‍ ചീത്തപറഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു, യുവാവ് കാത്തുനില്‍പ്പ് നിറുത്തി ഡേവിഡിന്റെയും അനിലിന്റെയും ദിശയിലേക്ക് നടന്നുതുടങ്ങി.

ചെറുപ്പക്കാ‍രന്‍ നടന്നടുക്കുന്നതു കണ്ടപ്പോള്‍ പിടിച്ചുപറിക്കുള്ള സാദ്ധ്യതകള്‍ മങ്ങുന്നത് ദീര്‍ഘകാലത്തെ പ്രവര്‍ത്തിപരിചയം കൊണ്ട് ഡേവിഡ് മനസിലാ‍ക്കി. ഇനി മെയിന്‍ റോഡാണ്. ഇവന്റെ പിന്നാലെ പോയി വീട് മനസിലാക്കി വെക്കാം, ഒത്താല്‍ ഇന്നോ നടന്നില്ലെങ്കില്‍ വരുന്ന ദിവസങ്ങളിലോ ഒറ്റയ്ക്കു കിട്ടിയാല്‍ കാശുതട്ടിപ്പറിക്കാം എന്ന് ഡേവിഡ് സൂചിപ്പിച്ചു. നാളത്തെക്കാര്യത്തില്‍ അനിലിന് പ്രത്യേകിച്ച് താല്പര്യമൊന്നും തോന്നിയില്ല. വഴിവക്കിലെ ഒരു കടയില്‍ കയറിനിന്ന് ചെറുപ്പക്കാരനെ മുന്നേ കടന്നുപോവാനനുവദിച്ച്, ഇരുവരും പിന്നാലെ അകലം പാലിച്ചു നടന്നു. ഇടയ്ക്കിടെ വാച്ചില്‍ നോക്കിക്കൊണ്ടിരുന്ന ചെറുപ്പക്കാരന്‍ മൊബൈലില്‍ ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അയാള്‍ പെട്ടെന്ന് തിരിഞ്ഞ് വീണ്ടും ഇവര്‍ക്കു നേരെ വന്നു, ഇരുവരെയും കടന്ന്, മുഖത്തുനോക്കാതെ വന്നവഴിയേ തിരിച്ചുപോയി. “നമ്മളെ അവന്‍ കണ്ടെന്നുതോന്നുന്നു, സംഗതി പിശകാണ്, വിട്ടുകള” - ഡേവിഡ് പറഞ്ഞു. ഇനി രണ്ടുപേരും പിന്തുടര്‍ന്നിട്ട് കാര്യമില്ല എന്ന് അനിലിനും മനസിലായി.
“നീ ഏതെങ്കിലും ചായക്കടയില്‍ കയറിയിരിക്ക്, ഞാന്‍ പോയി നോക്കിയിട്ടുവരാം”.
“അളിയാ, പറ്റിക്കരുത്, പൌതിക്കാശു തരണം”
“തരാമെടാ, നീ പോ”

അനില്‍ അയാളുടെ പിന്നാലെ പോയി. ചെറുപ്പക്കാരന്‍ നടന്ന് പഴയ മരത്തിനു ചുവട്ടില്‍ത്തന്നെ നിലയുറപ്പിച്ചു. ഇനിയും തന്നെക്കണ്ടാല്‍ അയാള്‍ ഒരുപക്ഷേ ഓടിത്തുടങ്ങിയേക്കും. അനില്‍ സാമാന്യം അകലെ, അയാള്‍ കാണാത്തവിധത്തില്‍ മറഞ്ഞുനിന്നു. ചെറുപ്പക്കാരന്‍ ഇടക്കിടെ വാച്ചില്‍ നോക്കുന്നുണ്ടായിരുന്നു, തലയുയര്‍ത്തി റെയില്‍പാലത്തിന്റെ പടികളുടെ പൊക്കത്തേക്ക് നോക്കുന്നുണ്ടായിരുന്നു, മൊബൈലില്‍ ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു, വീണ്ടും സിഗരറ്റ് കത്തിച്ച് വലിക്കുന്നുണ്ടായിരുന്നു.

കുറെയേറെനേരം കഴിഞ്ഞ് താഴേക്കു നോക്കിക്കൊണ്ട് അയാള്‍ അനിലിന്റെ മുന്നിലൂടെ നടന്നുപോയി. അനില്‍ “ശ്ശ്” എന്ന ശബ്ദമുണ്ടാക്കി അയാളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചു, പക്ഷേ ഒന്നുകില്‍ അയാള്‍ കേട്ടില്ല, അല്ലെങ്കില്‍ കേട്ടതായി നടിച്ചില്ല. വഴി ഏകദേശം വിജനമാണെങ്കിലും പിടിച്ചുപറിക്കാനുള്ള സാഹചര്യം ഒത്തുകിട്ടിയില്ല. പോലീസിന്റെ ഇടിയും ജയിലിലെ ബോറടിയുമോര്‍ക്കുമ്പോള്‍ വേണ്ടാത്ത റിസ്ക് എടുക്കാന്‍ തോന്നിയതുമില്ല. കുറെ അകലം വിട്ട് അനില്‍ പിന്നാലെ നടന്നു. മെയിന്‍ റോഡിലൂടെ കുറെ ദൂരം മുന്നോട്ടുനടന്ന ചെറുപ്പക്കാരന്‍ ഒരിക്കല്‍പ്പോലും തലയുയര്‍ത്തിയില്ല, തിരിഞ്ഞുനോക്കിയില്ല. റോഡ് വളഞ്ഞ് കയറ്റം തുടങ്ങി. ഇടയ്ക്ക് പതറി റോഡിനു നടുക്കോട്ടു നീങ്ങിപ്പോയ ചെറുപ്പക്കാരനു പിന്നില്‍നിന്നും ചെവിപൊട്ടിക്കുന്നതരത്തില്‍ ഹോണടിച്ചുകൊണ്ട് ഒരു കാര്‍ വെട്ടിച്ചു കടന്നുപോയി. പെട്ടെന്ന് ഞെട്ടിയ അയാള്‍ നടത്തം നേരെയാക്കി ഇരുവശവും നോക്കി റോഡ് മുറിച്ചുകടന്ന് ഒരു ഇടവഴിയിലേക്ക് ഇറങ്ങി. കാഴ്ച്ചയില്‍ നിന്നും അയാള്‍ നഷ്ടപ്പെടാതിരിക്കാന്‍ അനില്‍ പെട്ടെന്ന് റോഡ് മുറിച്ചുകടന്നു, നടത്തത്തിന്റെ വേഗതകൂട്ടി.

മെയിന്‍ റോഡില്‍ നിന്നും ഇടവഴിയിലേക്ക് അനില്‍ പ്രവേശിച്ചപ്പോള്‍ അയാള്‍ അല്പമകലെ ഒരു വീടിന്റെ ഗേറ്റ് തുറക്കുകയായിരുന്നു - ഒരു നിമിഷം വൈകിയെങ്കില്‍ അയാള്‍ കാഴ്ച്ചയില്‍ നിന്നും മറഞ്ഞേനെ. അനില്‍ നടത്തം പതുക്കെയാക്കി. വീടിനു മുന്നില്‍ ഒരു നിമിഷം നിന്ന് ചെറുപ്പക്കാരന്‍ ചാരിയിട്ട ഗേറ്റ് ശബ്ദമില്ലാതെ തുറന്നു. ചെരുപ്പ് ഊരി കയ്യില്‍പ്പിടിച്ച് ശബ്ദമുണ്ടാക്കാതെ വീടിന്റെ വശത്തേക്കു മാറി. എതിര്‍വശത്തെ വീടിന്റെ ജനാല തുറന്നാല്‍ തന്നെ കാണാം എന്നുമനസിലാക്കി മതിലിനോടുചേര്‍ന്ന് കുന്തിച്ചിരുന്നു. അകത്തുനിന്നും ശബ്ദമൊന്നും കേട്ടില്ല. തനിക്കു നേര്‍ക്കുള്ള മുറിയില്‍ ലൈറ്റ് തെളിയുന്നതും ജനാല അടയുന്നതും അയാള്‍ അറിഞ്ഞു. വീട്ടില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് മനസിലാക്കണം. കൂടുതല്‍ ആള്‍ക്കാരുണ്ടെങ്കില്‍ നേരം ഇരുട്ടുന്നതുവരെ കാക്കണം. ഒരാള്‍ മാത്രമേയുള്ളൂവെങ്കില്‍ - അനില്‍ തലപൊക്കി ജനാലയിലേക്കു നോക്കി. കര്‍ട്ടന്റെ തുണികള്‍ നടുക്ക് വലിച്ചുചേര്‍ത്തതിലെ വിടവിലൂടെ മുറിക്കകം കാണാമായിരുന്നു.

അയാള്‍ മുറിയുടെ നടുക്ക് അനങ്ങാതെനില്‍ക്കുന്നു. ഒരു നീളമുള്ള വെളുത്ത ബെഡ്ഷീറ്റ് കഴുത്തില്‍ ഒരു ഷാള്‍ പോലെ മുന്നോട്ടിട്ടിരിക്കുന്നു. അയാളുടെ കണ്ണുകള്‍ ചുവന്നുകിടക്കുന്നു. പിന്നീട് മുറിക്കു പുറത്തേക്കുപോയ അയാള്‍ ഒരു പ്ലാസ്റ്റിക്ക് കസേരയും വലിച്ചുകൊണ്ടു വന്നു. മുറിയുടെ നടുവില്‍ കസേരയിട്ട് അതില്‍ കയറിനിന്ന് സീലിങ്ങ് ഫാനിലേയ്ക്ക് എത്തിപ്പിടിച്ചു. ബെഡ് ഷീറ്റ് ചുരുട്ടി ഫാനില്‍ കുരുക്കിടാന്‍ തുടങ്ങി. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് ഒരു കെട്ടിടാന്‍ അയാള്‍ ഏറെ പ്രയാസപ്പെട്ടു. പിന്നീട് കെട്ട് മുകളിലേക്കും താഴേക്കും ഞാത്തിനോക്കി. രണ്ടുകൈകൊണ്ടും വലിച്ച് ഷീറ്റിന്റെ ഉറപ്പുപരിശോധിച്ചു. പെട്ടെന്ന് വിതുമ്പിത്തുടങ്ങിയ അയാള്‍ കസേരയില്‍ നിന്നും താഴെയിറങ്ങി. മുറിയില്‍ക്കിടന്ന നോട്ടുപുസ്തകത്തില്‍ നിന്നും ഒരു വെള്ളക്കടലാസ് കീറിയെടുത്ത് നിലത്തിരുന്ന്, കടലാസ് കസേരയില്‍ വെച്ച് എഴുതാന്‍ തുടങ്ങി. ഒരുപാടുനേരമെടുത്ത് എഴുതിയത് പലതായി മടക്കി പോക്കറ്റിലിട്ടു. വീണ്ടും കസേരയ്ക്കു മുകളില്‍ കയറി. നിമിഷങ്ങളോളം കുരുക്കില്‍ പിടിച്ചുകൊണ്ടുനിന്നു. അയാളുടെ നെറ്റിയില്‍ നിന്നും വിയര്‍പ്പുതുള്ളികള്‍ ഒഴുകി. ചുണ്ടുകള്‍ കടിച്ചുപിടിച്ചിട്ടുണ്ട്, മുഖം വലിഞ്ഞുമുറുകിനില്‍ക്കുന്നു. അയാള്‍ ഇടതുകൈകൊണ്ട് കുരുക്ക് കഴുത്തിനു നേര്‍ക്ക് താഴ്ത്തി.

അനില്‍ ശബ്ദമുണ്ടാക്കാതെ വീടിനു മുന്‍‌വശത്തേക്കു നീങ്ങി വാതിലില്‍ മുട്ടിത്തുടങ്ങി.
“ആരാണ്?” ചെറുപ്പക്കാരന്റെ വിഹ്വലമായ ശബ്ദവും അയാള്‍ കസേരയില്‍ നിന്നും താഴെയിറങ്ങുന്ന ശബ്ദവും കാലടിയൊച്ചകളും കേട്ടു. പിന്നെ വാതില്‍ തുറന്ന് വിരണ്ട കണ്ണുകളോടെ “ആരാണ്” എന്ന് ചെറുപ്പക്കാരന്‍ വീണ്ടും ചോദിച്ചു.
“ഞാന്‍ കുറച്ചു നേരമായി നിങ്ങളുടെ പിറകേയുണ്ട്. എന്തായാലും ചാവാന്‍ പോകുവല്ലേ, മാലയും കാശും വാച്ചുമൊക്കെ ഇങ്ങു തന്നിട്ടു ചാവ്. എനിക്ക് കാശിനു കുറച്ച് ആവശ്യമുണ്ടായിരുന്നു”.

പൊടുന്നനെ “ചേച്ചീ, ഓടിവായോ” എന്ന് വലിയവായില്‍ നിലവിളിച്ച്, ഇടതുകൈകൊണ്ട് തന്റെ കഴുത്തിലെ സ്വര്‍ണ്ണമാല പൊത്തിപ്പിടിച്ചുകൊണ്ടും വലതുകൈകൊണ്ട് അനിലിനെ തള്ളിമാറ്റിക്കൊണ്ടും ചെറുപ്പക്കാ‍രന്‍ പുറത്തേക്കിറങ്ങിയോടി. ശബ്ദം കേട്ട് അടുത്ത വീട്ടിനുള്ളില്‍ ആരോക്കെയോ മുന്‍‌വാതിലിനു നേര്‍ക്ക് ഓടുന്നത് അനിലിനു കേള്‍ക്കാമായിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ അനില്‍ ഗേറ്റിനു പുറത്തിറങ്ങി ചെറുപ്പക്കാരന്‍ ഓടിയതിന് എതിര്‍ദിശയിലേക്ക് വേഗത്തില്‍ നടന്നുതുടങ്ങി.

8/04/2009

വര്‍ഗ്ഗീസ് - റീലോഡഡ്

ആശുപത്രിയിലെ നിറമടര്‍ന്ന ജനാലയില്‍ ഞാത്തിയിട്ടിരുന്ന വെളുത്ത കര്‍ട്ടന്‍ ഇളംകാറ്റത്ത് മാലാഖയുടെ ചിറകുപോലെ പിടച്ചതുകൊണ്ടാണോ, തറ വെളുക്കെ തുടച്ചിട്ടിരുന്ന അണുനാശിനിയുടെ മണം മൂക്കിലടിച്ചുകയറിയതുകൊണ്ടാണോ, ശ്രീ എം. വര്‍ഗ്ഗീസ്, 54 വയസ്സ് തന്റെ ഒരു വര്‍ഷം നീണ്ട കോമയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റത് എന്നറിയില്ല. (വീട്ടിലേക്ക് മലക്കറിയും മീനും വാങ്ങി വരുന്നവഴി) വണ്ടിയിടിച്ച് കിടപ്പായതാണ്. ഡോക്ടര്‍മാര്‍ മരിച്ചുപോവുമെന്ന് വിധിയെഴുതിയതാണ്, മരിക്കരുതേ എന്ന് മക്കളും സ്നേഹമുള്ളവരും പ്രാര്‍ത്ഥിച്ചതാണ്, മരിക്കാനായി കൂട്ടിരുന്നതാണ്, ഇരുന്നുമടുത്ത് അവര്‍ ഈ നരച്ചുപഴകിയ ആശുപത്രിയിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ചുരുക്കിയതാണ് (ശ്രീ. അന്നാമ്മ വര്‍ഗ്ഗീസ് ദിവസവും, മക്കള്‍ ഇടവിട്ടും സന്ദര്‍ശിച്ചുകൊണ്ടിരുന്നു, ഒന്നും കേള്‍ക്കില്ല എന്നറിയാമായിരുന്നിട്ടും അന്നാമ്മ വര്‍ഗ്ഗീസ് തന്റെ ഭര്‍ത്താവിനോട് പരിഭവങ്ങളും വിശേഷങ്ങളും പറഞ്ഞുകൊണ്ടിരുന്നു), പക്ഷേ വര്‍ഗ്ഗീസ് മരിച്ചില്ല. ഉറങ്ങിപ്പോയതേയുള്ളൂ. ഉറക്കമുണര്‍ന്നപ്പോള്‍ പഞ്ഞിച്ചിറകുകളും വെള്ളയലുക്കുവസ്ത്രങ്ങളുമുള്ള ഒരു മാലാഖ “വരൂ സമയമായി” എന്നുമന്ത്രിച്ചുകൊണ്ട് മേഘങ്ങളിലേക്ക് വലിക്കുന്നത് അയാള്‍ സ്വപ്നം കാണുകയായിരുന്നു. സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രത്തില്‍ സൂചികളും ഗുളികകളുമടുക്കിവെച്ച് മാലാഖ മുറിവിട്ടുപോയി. അയാള്‍ കണ്ണുതുറക്കാന്‍ പിന്നെയും അല്പം സമയമെടുത്തു. മുറിയില്‍ മറ്റാരുമില്ല. ഏറെനാളത്തെ കിടപ്പുകൊണ്ട് കൈകാലുകള്‍ മരച്ചുപോയിരുന്നു. ശ്രദ്ധയോടെ, എന്നാല്‍ അവിദഗ്ധമായി സ്വയം വേദനിപ്പിച്ചുകൊണ്ട്, അയാള്‍ കൈത്തണ്ടയില്‍ ഞരമ്പിലേക്ക് കുത്തിയിരുന്ന ഡ്രിപ്പിന്റെ നാളി ഊരിമാറ്റി. കഴുത്തുചരിച്ച് തന്റെ ശുഷ്കിച്ച ശരീരത്തിലേക്കുനോക്കി വിഷാദപ്പെട്ട്, പ്രയാസപ്പെട്ട് ജനലഴികളില്‍ കൈകൊരുത്ത്, നടുവളച്ച്, കട്ടിലിന്റെ വക്കില്‍പ്പിടിച്ച് പിച്ചവെച്ച്, വര്‍ഗ്ഗീസ് ചുമരലമാര തുറന്നു. അവിടെ ഒരു പ്ലാസ്റ്റിക്ക് കൂടില്‍ അലക്കി മടക്കിയ മുണ്ടും ഷര്‍ട്ടും ഒരു പൊതിയില്‍ മരുന്നുകളും മുഷിഞ്ഞ ഒരു കൈലേസുകെട്ടിനകത്ത് കുറച്ച് നോട്ടുകളും വെച്ചിരുന്നു. വസ്ത്രം മാറി, കാശെടുത്ത് പോക്കറ്റിലിട്ടു, മുടിചീകി, റബ്ബര്‍ ചെരുപ്പുമിട്ട് അയാള്‍ മുറിയുടെ വാതില്‍ പുറത്തുനിന്ന് ചാരി. ആശുപത്രി വൃത്തിയോടെ തിളങ്ങുന്നു. വര്‍ഗ്ഗീസ് എതിരേവന്ന നേഴ്സുമാര്‍ക്ക് അഭിവാദ്യം പറഞ്ഞ് പുറത്തെ വെയിലിലേക്കിറങ്ങി. ഉച്ചയും ഉഷ്ണവുമായിരുന്നു‍. പെട്ടന്നുതന്നെ ക്ഷീണിച്ചുപോയ അയാള്‍ ആശുപത്രിയുടെ പുറത്തെ ഹോട്ടലിലിരുന്ന് ഒരു ചായ പറഞ്ഞു, കുറെ ശ്രമിച്ചിട്ടാണ് ഒരു കവിള്‍ ചായ വിഴുങ്ങാന്‍ പറ്റിയത്. ചുമരില്‍ തൂക്കിയിട്ട കലണ്ടറില്‍ നിന്നും എത്രനാള്‍ ഉറങ്ങിയെന്ന് വര്‍ഗ്ഗീസ് കണക്കുകൂട്ടാന്‍ നോക്കിയെങ്കിലും എന്നാണ് കിടയതെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല. അയാള്‍ ബസ് സ്റ്റോപ്പിലേക്കു നടന്നു. അവിടെ അല്പം തടിച്ച ഒരു വീട്ടമ്മയുടെ വയറില്‍ നിന്നും സ്ഥാനം തെറ്റിക്കിടന്ന സാരിത്തുമ്പിനിടയിലെ വെളുത്ത മാംസത്തില്‍ കണ്ണുകൊളുത്തി വര്‍ഗ്ഗീസ് തന്റെ ഭൂതകാ‍ലം ഓര്‍ക്കാന്‍ ശ്രമിച്ചു. അവര്‍ സാരിത്തുമ്പുനേരെയാക്കി, വര്‍ഗ്ഗീസിനുനേര്‍ക്ക് ചിരിച്ചു.

അയാള്‍ നല്ല മനുഷ്യനായിരുന്നു. ആരെയും ദ്രോഹിക്കാ‍ത്ത, കള്ളം ചെയ്യാത്ത മനുഷ്യന്‍. വര്‍ഗ്ഗീസ് ഒരിക്കലും മദ്യപിച്ചില്ല, ഭാര്യ അറിയാതെ ഒന്നും ചെയ്തില്ല, സൌമ്യനും ശാന്തനുമായ വര്‍ഗ്ഗീസ് ആരോടും ദേഷ്യപ്പെട്ടില്ല, ഒരു രൂപ പോലും വെറുതേ കളഞ്ഞില്ല - ഇതയാള്‍ ആലോചിച്ചത് “സാര്‍ ഒരുരൂപ താ” എന്നുപറഞ്ഞ് ഒരു തെണ്ടിച്ചെക്കന്‍ ഷര്‍ട്ടിന്റെ തുമ്പില്‍പ്പിടിച്ച് താഴോട്ടുവിളിച്ചപ്പൊഴാണ്. നല്ലവനായ വര്‍ഗ്ഗീസ്, തന്റെ ഓര്‍മ്മകളെ അതിശയിപ്പിച്ചുകൊണ്ട്, പത്തുവയസ്സിനു താഴെ പ്രായവും അഞ്ചുവയസ്സിന്റെ വളര്‍ച്ചയുമുള്ള ആ കുളിക്കാത്ത പയ്യനുനേരെ “പോടാ” എന്നലറി. പയ്യന്‍ ഞെട്ടി പിന്നോട്ടുമാറി. ബസ് സ്റ്റോപ്പില്‍ നിന്ന വീട്ടമ്മ പേടിച്ചുപോയ തന്റെ മുഖം തിരിച്ചു. നാശം എന്നുപ്രാകിക്കൊണ്ട് വര്‍ഗ്ഗീസ് ഒരു ഓട്ടോറിക്ഷ കൈകാണിച്ചുനിറുത്തി.

പുളിച്ച യീസ്റ്റിന്റെ മണമുള്ള കുരീപ്പുഴ ഷാപ്പിലിരുന്ന് രണ്ടാമത്തെക്കുപ്പി കള്ളുകുടിച്ചുകൊണ്ടിരുന്നപ്പൊഴാണ് ഒട്ടും ഭംഗിയില്ലാത്ത ഒരു കുറ്റിത്താടി വര്‍ഗ്ഗീസിന് എതിരേ വന്നിരുന്നത്. കൊടമ്പുളിയിട്ട മീന്‍‌ചാറ് തൊട്ടുനക്കി തണുത്തകള്ള് ഒരുകവിള്‍ കുടിച്ച്, ആ രുചിയുടെ മീതേ വഴറ്റിയ ഞണ്ടിന്‍കാല്‍ കടിച്ച് ശ്രദ്ധയോടെ ഉറിഞ്ചിക്കൊണ്ടിരുന്നപ്പൊഴാണ് കുറ്റിത്താടി കറകറാശബ്ദത്തില്‍ പാടിത്തുടങ്ങിയത്. ഗതകാല സ്മരണകളുണര്‍ത്തുന്ന മനോഹരമായ ഗാനം ഒട്ടും ഭംഗിയില്ലാതെ പാടിനശിപ്പിച്ചതുകൊണ്ടാണ് “നിര്‍ത്തഡാ“ എന്ന് വര്‍ഗ്ഗീസ് അലറിയത്. അതുവരെ കോഴിക്കൂടുപോലെ ചിലച്ചും ഡെസ്കില്‍ താളം പിടിച്ചുമിരുന്ന ബാര്‍ നിശബ്ദമായി. കുറ്റിത്താടി പാട്ടുനിറുത്തി, പതുക്കെ എണീറ്റു. വര്‍ഗ്ഗീസിനു മുന്നേ വന്ന് നെട്ടനെനിന്നു. വര്‍ഗ്ഗീസ് എഴുന്നേറ്റ് കൈ ചുരുട്ടി ആയമെടുത്തപ്പൊഴേക്കും കുറ്റിത്താടി പിടിച്ചു തള്ളിക്കഴിഞ്ഞിരുന്നു. വര്‍ഗ്ഗീസ് ബെഞ്ചിലേക്ക് കമഴ്ന്നുവീണു, എങ്കിലും പിടഞ്ഞെഴുന്നേറ്റ് കുറ്റിത്താടിയുടെ നെഞ്ചത്തിടിച്ചു. ഇടികൊണ്ട് നിമിഷങ്ങളോളം അയാള്‍ അമ്പരന്നുനിന്നു, പിന്നെ ചുണ്ടുതുറക്കാതെ മെലിഞ്ഞ ഒരു ചിരിചിരിച്ചുകൊണ്ട് സ്വന്തം ബെഞ്ചില്‍ പോയിരുന്ന് വര്‍ഗ്ഗീസിനെ ചൂണ്ടി “അയാക്കു കഴിക്കാനെന്തെങ്കിലും കൊട്” എന്ന് മുരടന്‍ ശബ്ദത്തില്‍ വിളിച്ചുപറഞ്ഞു. ബാര്‍ പൊട്ടിച്ചിരിച്ചു. വര്‍ഗ്ഗീസിന് കുപ്പിയെടുത്ത് അയാളുടെ തലയടിച്ചുപൊളിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അപ്പോഴും പൊട്ടിച്ചിരിച്ചുകൊണ്ടിരുന്ന കുറ്റിത്താടിയെ നോക്കിയപ്പോള്‍ വര്‍ഗ്ഗീസും ചിരിച്ചുപോയി. അയാള്‍ കാശുകൊടുത്ത് പുറത്തിറങ്ങി. പുറത്തപ്പൊഴും നല്ലചൂടായിരുന്നു.

ആരെ പ്രതീക്ഷിച്ചാണോ വര്‍ഗ്ഗീസ് വികാസ് നഗര്‍ സെക്കന്‍ഡ് സ്ട്രീ‍റ്റിലൂടെ നടന്നത്, അവര്‍ - കമലമ്മ, ഒരു പ്ലാസ്റ്റിക്ക് കൂടയും തൂക്കി എതിരേ വന്നു. വര്‍ഗ്ഗീസ് ചിരിച്ചു, അവര്‍ ആദ്യം തിരിച്ചറിഞ്ഞില്ല. “കമലമ്മേ“ എന്നു വിളിച്ചപ്പോള്‍ ആശ്ചര്യത്തോടെ, സന്തോഷത്തോടെ, “അല്ലാ, സാറോ, എത്ര വര്‍ഷമായി“ എന്നുമൊഴിഞ്ഞു. പ്രായം കമലമ്മയുടെ ശബ്ദമാധുര്യം കവര്‍ന്നില്ല. പോസ്റ്റോഫീസിലെ ഉദ്യോഗസ്ഥയായ അവരെ പഠിക്കുന്ന കാലത്ത് വര്‍ഗ്ഗീസ് ആഴത്തില്‍ പ്രേമിച്ചിരുന്നെങ്കിലും അത് തുറന്നുപറയാന്‍ പറ്റിയിരുന്നില്ല, പിന്നീട് വിവാഹശേഷം പലപ്പൊഴും പരസ്പരം കണ്ടിട്ടുണ്ടെങ്കിലും അധികം സംസാരിച്ചിട്ടില്ല. “നീ എത്ര മാറിപ്പോയി” എന്നുകേട്ട് കമലമ്മ അമ്പരന്നുനിന്നു.

“സാറ് വീട്ടിലേക്കു വരൂ, ചായകുടിച്ചിട്ടുപോവാം”.
വര്‍ഗ്ഗീസിന് അവരുടെ - അവളുടെ വീട്ടിലേക്കുപോയി അവളുടെ ശരീരമാസകലം ചുംബിക്കണമെന്നും വിവസ്ത്രയാക്കണമെന്നും ആ വലിയ മുലകളില്‍ കടിക്കണമെന്നും തോന്നി. പക്ഷേ - “കമലയുടെ ഭര്‍ത്താവ് എപ്പോള്‍ വരും?”
“സാറ് ചായകുടിച്ചുകഴിയുമ്പൊഴേക്കും അദ്ദേഹമെത്തും, വരൂ”.
“നീയെന്നെ സാറെന്നു വിളിക്കണ്ട”.
കമലമ്മ ഒരുനിമിഷം അമ്പരന്നുനിന്നു. പിന്നെ ഒരുപാട് വര്‍ഷങ്ങളായി ചിരിക്കാത്ത ഒരു ചിരി ചിരിച്ചുകൊണ്ട്, ഏറ്റവും വലിയ സ്നേഹത്തോടെയും വാത്സല്യത്തോടെയും “മോനേ, വര്‍ഗ്ഗീസേ“ എന്നുവിളിച്ചു. ചിരിച്ചുകൊണ്ട് മുന്നോട്ട് രണ്ടുകാല്‍ വെച്ചു, തന്റെ വലിയ ശരീരം തിരിച്ച് വരുന്നില്ലേ എന്നുചോദിച്ചു. താന്‍ പിടിക്കപ്പെടുമോ എന്ന ഉദ്വേഗത്തോടെ കാമിനിയെപ്പുണരുന്ന ജാരനെപ്പോലെ അയാളുടെ ചോരതിളച്ചു, രോമങ്ങള്‍ എഴുന്നുനിന്നു. “ഇല്ല, ഇനിയൊരിക്കല്‍.” വര്‍ഗ്ഗീസ് തിരിഞ്ഞുനടന്നു. വളവിലെത്തിയപ്പോള്‍ കമലമ്മയുടെ ഭര്‍ത്താവ് എതിരേ വരുന്നു.

“എന്താ വര്‍ഗ്ഗീസേ, വലിയ സന്തോഷത്തിലാണല്ലോ?”
“പിന്നല്ലാതെ, ഇന്ന് എന്റെ ദിവസമാണ്”
“ആഹാ, കണ്ടിട്ട് കുറെയേറെ ആയല്ലോ?, ആശുപത്രിയിലായിരുന്നെന്നു കേട്ടു”
“അതെ, പുറത്തിറങ്ങിയിട്ട് കുറച്ചേ ആയുള്ളൂ”.
“വീട്ടിലേക്കുവരൂ, ചായ കുടിച്ചിട്ടുപോവാം”.
“ഇല്ല, പിന്നൊരിക്കലാവട്ടെ”.
“പിന്നെ, തീര്‍ച്ചയായും വീട്ടില്‍ വരണം”
“വരും, തീര്‍ച്ച”.

അടുത്ത ഓട്ടോപിടിച്ച് വര്‍ഗ്ഗീസ് അര്‍ച്ചന തിയ്യെറ്ററിലിറങ്ങി. സുരേഷ് ഗോപിയുടെ പടം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആണ്. ക്യൂവില്‍ നിന്ന് ഒരുപാടു തള്ളുകൊണ്ടിട്ടും ടിക്കറ്റുകിട്ടിയില്ല. ബ്ലാക്കില്‍ ടിക്കറ്റെടുത്ത് തലയുയര്‍ത്തുമ്പൊഴാണ് “അപ്പാ” എന്ന് ആശ്ചര്യത്തോടെ വിളിച്ചുകൊണ്ട് വിഹ്വലനായ തന്റെ മകന്‍ മുന്നില്‍ നില്‍ക്കുന്നത്.

“എവിടെയെല്ലാം അന്വേഷിച്ചു. ഇതെന്തുകോലമാണ്. എങ്ങനെ ഇറങ്ങിപ്പോയി. ദൈവമേ, അമ്മച്ചി അള്‍ത്താരക്കുമുന്നില്‍ മുട്ടിപ്പായി കരയുകയാണ്, എന്നാലും അപ്പനെ ജീവനോടെ തിരിച്ചുകിട്ടിയല്ലോ, ആശുപത്രിയിലേക്കുവരൂ. അവിടെ എല്ലാവരും വെപ്രാളത്തിലാണ് - അപ്പന്‍ എവിടെയെങ്കിലും മരിച്ചുകിടക്കുന്നെന്നാണ് - മകന്‍ പറഞ്ഞുകൊണ്ടിരുന്നത് പകുതിയില്‍ നിറുത്തി”. പടം കണ്ടിട്ടുപോവാം എന്ന് വര്‍ഗ്ഗീസ് വിഷാദത്തോടെ പറഞ്ഞതു ഗൌനിക്കാതെ അയാളെ ശ്രദ്ധയോടെ പിടിച്ച് കാറില്‍ കയറ്റി.

ടാക്സിയുടെ പിന്‍‌സീറ്റിലിരുന്ന് വര്‍ഗ്ഗീസ് ക്ഷീണിച്ചു, അല്പം കിടക്കണമെന്നുപറഞ്ഞു. മകന്റെ തോളിലേക്ക് ചാഞ്ഞിരുന്നുറങ്ങി.

ആശുപത്രിയിലെത്തി പുറത്തിറങ്ങാനായി മകന്‍ കുലുക്കിവിളിച്ചപ്പൊഴേക്കും വര്‍ഗ്ഗീസ് മരിച്ചുപോയിരുന്നു. ശവശരീരത്തിന്റെ മുഖത്ത് വിടര്‍ന്നുനിന്ന ചിരിനിവര്‍ത്തി ഗൌരവഭാവം വരുത്താന്‍ അവര്‍ ഏറെ പാടുപെട്ടു.

4/20/2009

ഒരുതുള്ളി കണ്ണീര്‍


ശ്രീലങ്കയില്‍ സൈന്യത്തിനും പുലികള്‍ക്കും ഇടയില്‍പ്പെട്ട് ചത്തൊടുങ്ങുന്ന ആയിരങ്ങള്‍ക്കായി, കയ്യും കാലും നഷ്ടപ്പെട്ട, കുടുംബം നഷ്ടപ്പെട്ട പതിനായിരങ്ങള്‍ക്കായി.

ഓര്‍ക്കുക, അവരും നമ്മെപ്പോലെയായിരുന്നു.

---
photo: copyright AP (from bbc website)

3/31/2009

വോഡ്ക ഡ്രിങ്കേഴ്സ് - ഒരു നിരൂപണം

പ്രശസ്ത റഷ്യന്‍ സംവിധായകനായ അലക്സീ റുബായേവിന്റെ മൂന്നാമത്തെ ചിത്രമാണ് “വോഡ്ക ഡ്രിങ്കേഴ്സ്” എന്ന (തെല്ലു വിചിത്രമാ‍യ) പേരില്‍ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്ത “ഒക്രൂഷ്ക” (2005). റഷ്യന്‍ ഓസ്കാര്‍ എന്നറിയപ്പെടുന്ന “നികാ“ പുരസ്കാരം ലഭിച്ച ഈ സിനിമ കാന്‍, മോണ്രിയാല്‍ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശനത്തിനു വന്നു. വോഡ്കാ ഡ്രിങ്കേഴ്സ് 2007-ലെ ഗോവന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കപ്പെട്ടു, എങ്കിലും ഇന്ത്യയില്‍ അധികം ആരവങ്ങളുണ്ടാക്കാതെ പോയി. ഈ സിനിമയിലെ ചില ലൈംഗിക രംഗങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ / മലയാള പത്രങ്ങളില്‍ ഒഴുക്കന്‍ മട്ടിലെങ്കിലും പ്രതിപാദിക്കപ്പെട്ടത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞെങ്കിലും വിക്കിപീഡിയയിലും ഐ.എം.ഡി.ബി.യിലും ഈ ചലച്ചിത്രത്തിന്റെ കഥയുടെ ചുരുക്കെഴുത്ത് മാത്രമേ ലഭ്യമായിട്ടുള്ളൂ‍. അവിസ്മരണീയമായ ഈ ദൃശ്യ-ശ്രവ്യാനുഭവത്തിന് വേണ്ടത്ര നിരൂപകശ്രദ്ധ കിട്ടാതെപോയതിലുള്ള പരിഭവമാണ് ഈ കുറിപ്പിലേയ്ക്ക് നയിച്ചത്.

“റ്റൈം വാച്ച്”, “ഡെലോ സുഖോവോ ഡോളിബിന”, എന്നീ റഷ്യന്‍ സിനിമകളിലൂടെ പ്രശസ്തനായ ആന്ദ്രേ ഇവാനോവ് ആണ് സിനിമയുടെ കേന്ദ്രബിന്ദുവായ “സാക്ക്” എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യത്തെ ഷോട്ടില്‍ കാണുന്നത് കാമറയ്ക്ക് അഭിമുഖമായി താടിക്കു കൈകൊടുത്തിരിക്കുന്ന സാക്കിനെയാണ്. ട്രെയിനിന്റെ കുലുക്കത്തില്‍ നിന്നും തുറന്നുകിടക്കുന്ന ജനലിലൂടെ തെന്നിനീങ്ങുന്ന സ്റ്റെപ്പികളുടെ ദൃശ്യം നമുക്ക് സാക്ക് തീവണ്ടിയില്‍ ഇരിക്കുകയാണെന്ന് മനസിലാക്കിത്തരുന്നു. അയാളുടെ പച്ചക്കണ്ണുകളിലേയ്ക്ക് കേന്ദ്രീകരിക്കുന്ന കാമറ കണ്ണിനുള്ളിലേയ്ക്കു പോവുന്നു, അതിവേഗത്തില്‍ മുന്നോട്ടുനീങ്ങുന്ന തീവണ്ടിയും സ്റ്റെപ്പികളും* കടന്ന് കടന്ന് ഒരു വൈക്കോല്‍ത്തുറുവിന്റെ മുന്നില്‍ നില്‍ക്കുന്ന കാമറ സാക്കിനെയും എലീന എന്ന സുന്ദരിയായ സാക്കിന്റെ കാ‍മുകിയെയും കാണിക്കുന്നു (ആന്ദ്രിയ ജോണ്‍സണ്‍ - ഗ്ലാഡിയേറ്റര്‍, സൈഡ് വൈസ് എന്നീ ചിത്രങ്ങളില്‍ ഇവര്‍ അല്പപ്രധാനമായ രംഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്). തീവ്രപ്രണയത്തിനുശേഷമുള്ള ആലസ്യത്തില്‍ വൈക്കോല്‍ കൊണ്ടു ശരീരംമൂടിക്കിടക്കുന്ന എലീന പോവരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ രംഗം മങ്ങി പശ്ചാത്തലത്തിലേയ്ക്ക് മറയുന്നു. വീണ്ടും ഉയര്‍ന്നുവരുന്ന പോവരുത്, പോവരുത്, എന്ന ശബ്ദത്തില്‍ തീവണ്ടിയുടെ താളം കലരുന്നു. കാമറ തീവണ്ടിയിലിരിക്കുന്ന സാക്കിന്റെ മുഖത്ത് കേന്ദ്രീകരിക്കുന്നു. ഒരു സംഘട്ടനം നടക്കുന്ന ശബ്ദം ഉയര്‍ന്നുവരുന്നു. സാക്ക് എഴുന്നേറ്റ് അടുത്ത കാബിനിലേയ്ക്കു പോവുമ്പോള്‍ കാണുന്നത് സാമാന്യം തടിച്ച തന്റെ ഭാര്യയെ മര്‍ദ്ദിക്കുന്ന നരച്ച വട്ടമുഖമുള്ള മദ്ധ്യവയസ്കനെയാണ്. സാക്കിനെ കണ്ട് അയാള്‍ അമ്പരന്നുനോക്കുന്നു. അയാളെ തടുക്കാന്‍ അലറിക്കൊണ്ട് മുന്നോട്ടായുന്ന സാക്ക് തടിയന്‍ കൈവീശിയുള്ള അടികൊണ്ട് വീഴുന്നു. ഈ രംഗത്തിലെ ശബ്ദസമന്വയം മികച്ചതാണ്.

വീണുകിടക്കുന്ന സാക്കിന്റെ കൈ തന്റെ അടിവയറ്റിലേയ്ക്കു പോവുന്നു, അടിവയറ്റില്‍ മുഴച്ചുനില്‍ക്കുന്ന ഒരു കൈത്തോക്ക് അപ്പൊഴാണ് പ്രേക്ഷകനു വെളിപ്പെടുന്നത്. അവന്റെ കൈ തോക്കിനുമേല്‍ ഒരു നിമിഷം തങ്ങിനില്‍ക്കുമ്പോള്‍ സിനിമയില്‍ പൂര്‍ണ്ണ നിശബ്ദതയാണ് (നിശബ്ദതയെ സമയത്തിന് ദൈര്‍ഖ്യം കൂട്ടുവാനും പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുവാനുമുള്ള ഉപകരണമായി റുബായേവ് വിദഗ്ധമായി ഉപയോഗിച്ചിരിക്കുന്നു). സാക്കിനെ താങ്ങി എഴുന്നേല്‍പ്പിക്കുന്ന ഭാര്യയും ഭര്‍ത്താവും അയാളെ ചാരി ഇരുത്തുന്നു. സാരമില്ല എന്നുപറഞ്ഞ് അടികൊടുത്തയാള്‍ സാക്കിന് എതിരേ ഇരിക്കുന്നു. എന്നിട്ട് പോക്കറ്റില്‍ നിന്നും ഒരു ഫ്ലാസ്ക് വോഡ്ക പുറത്തെടുക്കുന്നു. കാമറയുടെ നേരെ നീണ്ടുവരുന്ന വോഡ്കയുടെ നേര്‍ക്ക് അടിവയറ്റിലെ പിടിത്തം വിട്ട് അവന്‍ കൈ നീട്ടുന്നു, സാക്ക് എങ്ങോട്ടാണെന്ന് അവര്‍ തിരക്കുന്നു - അവന്‍ രണ്ട് ദിവസത്തേയ്ക്ക് മോസ്കോയ്ക്ക് പോവുകയാണ്. തടിച്ച സ്ത്രീ “ആരും രണ്ടു ദിവസത്തേയ്ക്ക് മോസ്കോയ്ക്ക് പോവാറില്ല, ഒരു ജീവിതകാലത്തേയ്ക്കേ പോവാറുള്ളൂ” എന്ന് അലസമായി പറയുന്നു. “അവിടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കൂ” എന്നുപറഞ്ഞ് ഫോണ്‍ നമ്പര്‍ ഒരു പഴയ കടലാസുകഷണത്തില്‍ അവര്‍ എഴുതി നല്‍കുന്നു.

സിനിമയില്‍ വരാനിരിക്കുന്ന അനുഭവങ്ങളുടെ പ്രതീകവും ആവര്‍ത്തിക്കുന്ന ഒരു ബിംബവുമാണ് വോഡ്ക എന്നു കാണാം - സ്നേഹത്തിന്റെ - ഒരുതരം വരണ്ട സ്നേഹത്തിന്റെ ബിംബമായാണ് റുബായേവ് വോഡ്കയെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് തുടര്‍ന്നുവരുന്ന സീനുകളിലൂടെ പ്രേക്ഷകനു മനസിലാവുന്നു. ഉദാഹരണത്തിന് രാത്രി ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി സാക്കിന്റെ നെഞ്ചിലേയ്ക്ക് തോക്കുചൂണ്ടി പണവും പാസ്പോര്‍ട്ടും ടിക്കറ്റും കൊള്ളയടിക്കുന്ന കള്ളനും കൊള്ളകഴിഞ്ഞ് മിണ്ടാതെ സാക്കിന്റെ വായിലേയ്ക്ക് വോഡ്ക ഇറ്റിക്കുന്നു. ടിക്കറ്റ് ഇല്ല എന്ന കുറ്റത്തിന് സാക്കിനെ അറസ്റ്റ് ചെയ്യുന്നത് ഒരു റഷ്യന്‍ പട്ടാളക്കാരനാണ്. തുടര്‍ന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിനായി ട്രെയിനിന്റെ ടോയ്ലെറ്റില്‍ സ്വവര്‍ഗ്ഗരതിയ്ക്ക് സാക്കിനെ വിധേയനാക്കുന്ന (ഏതാനും കൂര്‍മ്മമായ സൂചനകളിലൂടെയാണ് ഈ രംഗം റുബായേവ് വിദഗ്ധമായി സിനിമയില്‍ ആവിഷ്കരിച്ചിരിക്കുന്നത്) അയാളും അവനോട് ഒപ്പമിരുന്ന് വോഡ്ക കുടിക്കുന്നു, കൈ കുലുക്കി യാത്രപറയുന്നു. ഇത്തരം രംഗങ്ങളില്‍ പലപ്പൊഴും സാക്ക് അരയിലെ തോക്കിലേയ്ക്ക് കൈകള്‍ നീട്ടുന്നെങ്കിലും തോക്ക് പുറത്തെടുക്കുകയോ വെടിവെയ്ക്കുകയോ ചെയ്യുന്നില്ല.

തീവണ്ടി അനുഭവങ്ങളുടെ തീവണ്ടിയാണെന്നു പറയാം. സിനിമ കണ്ടുകൊണ്ടിരിക്കുന്നയാള്‍ക്ക് ഒരിക്കലും അവസാനിക്കാത്ത തീവണ്ടിയാത്രയാണ് ഇതെന്ന് തോന്നിയാല്‍ തെറ്റില്ല, എങ്കിലും പിന്നിലേയ്ക്കു നീളുന്ന ഓര്‍മ്മകളിലൂടെ (ഓര്‍മ്മകളുടെ പശ്ചാത്തലസംഗീതവും തീവണ്ടിയുടെ കടകട ശബ്ദമാണ്!!) യാത്രയുടെ പശ്ചാത്തലവും ലക്ഷ്യവും സംവിധായകന്‍ വെളിവാക്കുന്നു. സന്തുഷ്ടമായ ഒരു ലോകമാണ് സാക്ക് തന്റെ ലക്ഷ്യത്തിനുവേണ്ടി ഉപേക്ഷിച്ചുവരുന്നതെന്ന് പില്‍ക്കാഴ്ച്ചകള്‍ വ്യക്തമാക്കുന്നു. ചുറ്റുമുള്ള പ്രിയപ്പെട്ട ലോകം വിട്ടുപോവാന്‍ മാത്രം ശക്തമായ കാരണങ്ങള്‍ കൊണ്ടാണ് സാക്ക് വീടുവിട്ടിറങ്ങുന്നത്. മുന്‍പെന്നോ നാടുവിട്ടുപോയ സാക്കിന്റെ ജ്യേഷ്ഠന്‍ മോസ്കോയില്‍ ഗുണ്ടാസംഘത്തില്‍ അംഗമാകുന്നു, സംഘത്തലവനുമായി തെറ്റി വെടികൊണ്ട് മരിക്കുന്നു, അവന്റെ കുഴിമാടം തിരക്കിയാണ് താന്‍ പോവുന്നതെന്ന് തന്നെക്കാള്‍ പത്തുവയസിനെങ്കിലും മുതിര്‍ന്ന സഹയാത്രികയോട് പറയുമ്പോള്‍ സാക്കിന്റെ കൈകള്‍ അറിയാതെ തന്റെ അടിവയറിലേയ്ക്ക് (കൈത്തോക്ക് വെച്ചിരിക്കുന്നയിടത്തേയ്ക്ക്) പോവുന്നതിലേയ്ക്ക് കാമറ തിരിയുന്നു. ജ്യേഷ്ഠന്‍ വെടികൊണ്ടു വീഴുന്ന രംഗം സാക്കിന്റെ ഭാവനയിലാണ്. ഇതേ രംഗം സാക്ക് പലതവണ സങ്കല്‍പ്പിക്കുന്നു. ജ്യേഷ്ഠനെ കൊല്ലുന്ന സംഘത്തലവന്റെ മുഖവും സാക്ക് സങ്കല്പിക്കുന്നതാണ്. എന്നാല്‍ ഓരോ തവണയും ഓരോ രീതിയിലാണ് മരണം സംഭവിക്കുന്നത്, വ്യത്യസ്ത സാഹചര്യ്യങ്ങളിലാണ് ജ്യേഷ്ഠന്‍ മരിച്ചുവീഴുന്നത് - സങ്കല്പത്തിന്റെ മായികലോകത്തുമാത്രമേ അവന്റെ ജ്യേഷ്ഠന്‍ മരിക്കുന്നുള്ളൂ എന്നുവരെ പ്രേക്ഷകനു തോന്നിപ്പോവുന്നു. അവന്റെ ജ്യേഷ്ഠന്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് റുബായേവ് ഒരിക്കലും നമ്മളോട് പറയുന്നില്ല.

ജ്യേഷ്ഠന്റെ അലമാര പരിശോധിക്കുമ്പോള്‍ കിട്ടുന്ന തോക്ക്, മോസ്കോയിലെ ഒരു വിലാസം, എന്നിവയും കൊണ്ടാണ് സാക്ക് യാത്രതിരിക്കുന്നത്. തോക്ക് പരിശോധിക്കുമ്പോള്‍ അതില്‍ ഒരു തിരയേ ഉള്ളൂ എന്ന് അവന്‍ കാണുന്നു. ഒരു തിര ചേട്ടന്‍ ബാക്കിവെച്ചത് തനിക്ക് അത് ഉപയോഗിക്കാനാണ് എന്ന് അവന്‍ വിശ്വസിക്കുന്നു, സാക്കിന്റെ യാത്രയുടെ ആരംഭമായി റുബായേവ് കാണിക്കുന്ന രംഗം ഇതാണ്. പലതവണ തോക്ക് ന്യായമായും ഉപയോഗിക്കേണ്ട അവസരം വന്നിട്ടും സാക്ക് അത് ഉപയോഗിക്കാത്തത് ഒരു തിരമാത്രം ഉള്ളതുകൊണ്ടും ആ തിരയ്ക്ക് കൃത്യമായ ഒരു ലക്ഷ്യം ഉള്ളതുകൊണ്ടുമാണെന്ന് ട്രെയിനില്‍ എതിരേ വന്നിരിക്കുന്ന മദ്ധ്യവയസ്കയോട് സാക്ക് പറയുന്നുണ്ട്.

അവന്റെ കഥ കേട്ട് ഒറ്റയ്ക്കു കിടക്കണ്ട, അപകടമാണ് എന്ന് പറയുന്ന അവരോട് “നിങ്ങളോടൊത്തുകിടക്കണമെങ്കില്‍ എനിക്ക് നൂറു റൂബിള്‍ തരണം” എന്ന് എടുത്തടിച്ചതുപോലെയാണ് സാക്ക് പറയുന്നത്. “ഞാന്‍ അതല്ല പറഞ്ഞത്” എന്നുപറഞ്ഞ് പൊട്ടിച്ചിരിക്കുന്ന മദ്ധ്യവയസ്കയുടെ ചിരി ഈ സിനിമയിലെ ആകെയുള്ള ചിരിയാണെന്നു പറയാം. അടുത്ത സീനില്‍ ഉറക്കമുണരുന്ന സ്ത്രീ അവളെച്ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കൈകളില്‍ നൂറുറൂബിള്‍ വെച്ചുകൊടുക്കുന്നു.

മോസ്കോ നഗരഭംഗി ഒരു ടാക്സിയുടെ റിയര്‍വ്യൂ മിററിലൂടെയാണ് റുബായേവ് കാണിച്ചുതരുന്നത്. തീവണ്ടിയില്‍ പിന്നോട്ടോടുന്ന ഭൂപ്രകൃതിയുടെ പ്രതീതി ഈ ദൃശ്യങ്ങളും തരുന്നു. കല്ലുപാകിയ തെരുവോരത്ത് ഇരുമ്പഴികളിട്ട ഒരു ഫ്ലാറ്റിനു മുന്നില്‍ നിന്ന് കാളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തുന്ന സാക്കിനു മുന്നില്‍ വാതില്‍ തുറക്കുന്നത് ആജാനബാഹുവായ ഒരു മനുഷ്യനാണ്. സാക്കിന്റെ ശരീരത്തില്‍ ആയുധങ്ങളുണ്ടോ എന്നു പരിശോധിക്കുന്ന അയാള്‍ എന്തുകൊണ്ടോ അടിവയറ്റില്‍ പതിയിരിക്കുന്ന തോക്കില്‍ കയ്യോടിക്കുന്നില്ല. ഈ അസംഭാവ്യത സിനിമയിലെ ഒരു ന്യൂനതയാണെന്നും പറയാം, എന്നാല്‍ കഥയെ മുന്നോട്ട് ചലിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള ചുരുക്കം ന്യൂനതകളില്ലാതെ സാദ്ധ്യമല്ല എന്നും വരാം. ഫ്ലാറ്റിനുള്ളില്‍ വിശാലമായ മുന്‍‌മുറിയില്‍ നിന്ന് പുറത്തേയ്ക്കിറങ്ങാന്‍ പോകുന്ന ഗുണ്ടാസംഘത്തലവന്‍ - ഇയാളുടെ കറുത്തകുറ്റിത്താടിയുള്ള പരുക്കന്‍ മുഖം മുന്‍പ് സാക്കിന്റെ ജ്യേഷ്ഠനെ കൊല്ലുന്ന സങ്കല്പരംഗത്തില്‍ പലതവണ ക്ലോസപ്പില്‍ കാണിക്കുന്നതാണ് - അവനെക്കണ്ട് പെട്ടെന്നു നില്‍ക്കുന്നു. “ആഹാ, നീ ആന്ദ്രേയുടെ സഹോദരനാണോ? എന്റെ ആന്ദ്രേയെപ്പോലെ തന്നെ” - അയാള്‍ സാക്കിന്റെ തോളില്‍ തട്ടുന്നു. ഒരു നിമിഷത്തെ ആശ്ചര്യത്തിനു ശേഷം അടിവയറ്റിലേയ്ക്ക് കൈ നീട്ടുന്ന സാക്കിനു നേരെ “ആന്ദ്രേയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു” എന്നുപറഞ്ഞ് ഗുണ്ടാത്തലവന്‍ ഒരു കുപ്പി വോഡ്ക നീട്ടുന്നു. ഇഴഞ്ഞുനീങ്ങുന്ന നിമിഷങ്ങള്‍ക്കു ശേഷം - ഗുണ്ടാത്തലവനു പിന്നില്‍ ചുമരിലെ വലിയ പഴഞ്ചന്‍ ക്ലോക്കില്‍ നിമിഷ സൂചി നിശ്ചലമെന്നു തോന്നിപ്പിച്ച് വളരെ പതുക്കെയാണ് സംവിധായകന്‍ ചലിപ്പിക്കുന്നത് - തലയുയര്‍ത്തുന്ന സാക്കിനു പിന്നിലേയ്ക്ക് നീളുന്ന കാമറയില്‍ നിറയുന്നത് പുറത്തെ സൂര്യപ്രകാശത്തിന്റെ കണ്ണുകഴപ്പിക്കുന്ന കടുംമഞ്ഞനിറമാണ്.

സാക്ക് ഗുണ്ടാത്തലവനെ വെടിവെയ്ക്കുമോ ഇല്ലയോ എന്ന് കാണിക്കാതെ സിനിമ അവസാനിക്കുന്നു. എന്നാല്‍ വോഡ്കയുടെ നേര്‍ക്ക് കൈ നീട്ടുന്നതില്‍ നിന്നും അവന്‍ ആരെയും കൊല്ലുന്നില്ല എന്ന് ചലച്ചിത്രത്തിലെ പാറ്റേണ്‍ അനുസരിച്ച് ന്നമുക്ക് അനുമാനിക്കാം.

ഒരേ ലക്ഷ്യത്തിനു നേര്‍ക്ക് പരിശ്രമിച്ചാല്‍ ഒടുവില്‍ തീര്‍ച്ചയായും അതു നേടാനാവും എന്ന സാമാന്യവിശ്വാസം സിനിമയുടെ അന്ത്യത്തില്‍ തലകുത്തിവീഴുന്നു. ജീവിതത്തിന്റെ നിരര്‍ത്ഥകതയെയാണ് അലക്സീ റുബായേവ് ഈ സിനിമയിലൂടെ കാണിക്കുന്നതെന്നും, അതല്ല, സ്നേഹത്തിന്റെ ഭോഷത്തം ആണെന്നും പറയാം. എന്നാല്‍ ലോഹം പോലെ തിളങ്ങുന്ന മോസ്കോ നഗരത്തിന്റെ കൂര്‍ത്ത തെരുവുകളിലും സാക്ക് സ്നേഹത്തിന്റെ തുരുമ്പുകള്‍ കണ്ടെത്തുന്നു എന്ന് പ്രേക്ഷകന് ആശ്വസിക്കുകയും ചെയ്യാം. സിനിമയുടെ അവസാനത്തില്‍ നിറയുന്ന മഞ്ഞവെളിച്ചം, പക്ഷേ നിരാശയുടെ നിറമാണ്.

പല കലാമൂല്യമുള്ള റഷ്യന്‍ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായ ബദായേവ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഉന്നതമായ ഒരു കലാമൂല്യമുള്ള ചിത്രം എങ്ങനെ സാധാരണക്കാരനായ പ്രേക്ഷകനുപോലും നയനാനന്ദകരമാക്കാം എന്ന് ബദായേവ് നമുക്കു കാണിച്ചുതരുന്നു. ഈ ചിത്രത്തിന് ന്യൂനതകള്‍ ഇല്ലെന്നല്ല; - ഒറ്റത്തിരയുള്ള തോക്കുമായി ഇതുവരെ പോയിട്ടില്ലാത്ത നഗരത്തിലേയ്ക്ക് ശത്രുവിനെ നേരിടാന്‍ പോകുന്ന യുവാവിനെ വിഡ്ഢിയും അഹംഭാവിയുമായി പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം, എന്നാല്‍ സുഗമമായി ഒഴുകിനീങ്ങുന്ന കഥയും ശക്തമായ കഥാപാത്രവും ഇത്തരം ന്യൂനതകളെ മറയ്ക്കുന്നു. ഒരു അഭിനേതാവിനെ കേന്ദ്രീകരിച്ചു നീങ്ങുന്ന ഈ ചിത്രത്തില്‍ ഇവാനോവ് ശക്തമാ‍യ അഭിനയം ആണ് കാഴ്ച്ചവയ്ക്കുന്നത്. അത്യുക്തികളില്ലാത്ത, subtle ആയ ഭാവപ്രകടനങ്ങളാണ് മിക്ക കഥാ‍പാത്രങ്ങളുടേതും. ലളിതമായ പ്രമേയവും ചുരുങ്ങിയ സം‌വിധാനങ്ങളുമുപയോഗിച്ച് (സിനിമയുടെ ഭൂരിഭാഗവും തീവണ്ടിമുറികളാണെന്ന് ഓര്‍ക്കുക) അതിസുന്ദരമായ ഒരു സിനിമ രചിക്കുന്നതെങ്ങനെ എന്ന് റുബായേവ് നമുക്കു കാണിച്ചുതരുന്നു.

---
സ്റ്റെപ്പികള്‍ -റഷ്യന്‍ പുല്‍‌മേടുകള്‍.

2/20/2009

ലൈംഗികം

1. ആത്മം

Oh god, എനിക്കെന്നെ ഒരുപാട് ഇഷ്ടമാണ്. അധികം നീളമില്ലാത്ത എന്റെ വിരലുകളെ, കൈത്തണ്ടയിലെ ഉറച്ച പേശികളെ, ഉരുണ്ട തോളുകളെ, ദൃഢമായ കഴുത്തിനെ, അതില്‍ പടര്‍ന്നുകയറുന്ന ഞരമ്പുകളെ, കറുത്തുചുരുണ്ട തലമുടിയെ, പരന്ന കവിളുകളെ, തിങ്ങിവളര്‍ന്ന മീശയെ, എന്റെ നിരതെറ്റാത്ത പല്ലുകളെ, വിരിഞ്ഞ നെഞ്ചിനെ, നെഞ്ചിലെ ചുരുണ്ട രോമങ്ങളെ, അവയ്ക്കിടയില്‍ ഇളം ചുവപ്പുനിറത്തില്‍ എഴുന്നുനില്‍ക്കുന്ന എന്റെ മുലഞെട്ടുകളെ, V ആകൃതിയില്‍ ഒട്ടിയ വയറിനെ, അകത്തേയ്ക്കുവലിഞ്ഞ പൊക്കിള്‍ക്കൊടിയെ, കടഞ്ഞെടുത്ത കാലുകളെ, ബലിഷ്ഠമായ തുടയെ, ഉയര്‍ന്ന് വില്ലുപോലെ വളഞ്ഞുനില്‍ക്കുന്ന എന്റെ ലിംഗത്തെ - ഞാന്‍ സുന്ദരനാണെന്ന് കണ്ണാടിക്കുപോലും ബോധ്യമായിക്കാണണം. ആറടി പൊക്കമുള്ള കണ്ണാ‍ടിയില്‍ നിവര്‍ന്നുനില്‍ക്കുമ്പോള്‍ കുളത്തിലെ സ്വന്തം പ്രതിബിംബത്തെ നാര്‍സിസസ് എത്രമാത്രം പ്രേമിച്ചെന്ന് എനിക്കു മനസിലാവുന്നു. ഫ്ലാറ്റിലെ ഈ മുറിയില്‍ എക്സര്‍സൈസ് ഉപകരണങ്ങളും നിലക്കണ്ണാടിയും മേശയും മാത്രമാണ്.

നൂറ്റിയിരുപത് പുഷപ്പുകള്‍ വരെ ഞാന്‍ എണ്ണി, വേദനയില്‍ അല്പനേരം കമഴ്ന്നടിച്ചുകിടന്നു, എഴുന്നേറ്റ് വിയര്‍പ്പുതുടച്ചു, ഇളം ചൂടുവെള്ളത്തില്‍ കുളിച്ചു, സുഗന്ധദ്രവ്യം പുരട്ടി, മുഖത്ത് ക്രീം പുരട്ടി, അടിവസ്ത്രങ്ങള്‍ ധരിച്ചു, ജീന്‍സും വെളുത്ത നിറത്തില്‍ നീലക്കള്ളികളുള്ള ഷര്‍ട്ടും ധരിച്ചു, ഷര്‍ട്ടിന്റെ കൈ മടക്കിവെച്ച് ഷൂസ് വലിച്ചുകയറ്റി മൊബൈലും പേഴ്സും ഫ്ലാറ്റിന്റെ താക്കോലും പോക്കറ്റിലിട്ട് പുറത്തേക്കിറങ്ങി. എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും ഞാന്‍ എന്നും വൈകിട്ട് ഒരുമണിക്കൂറെങ്കിലും നടക്കാന്‍ പോകും.

2. സുഭാഷ് പാര്‍ക്ക്

കച്ചേരിപ്പടിയില്‍ റോഡ് ക്രോസ് ചെയ്യുന്നത് ഒരു സര്‍ക്കസ് ആണ്. അവിടെനിന്നും എം.ജി. റോഡ് വഴി നടന്നു. ആലുക്കാസിനുമുന്നില്‍ സ്വര്‍ണ്ണം വാങ്ങാന്‍ വന്ന നവവധുവും വലിയ കുടുംബവും ഉറക്കെ സംസാരിച്ചുകൊണ്ട് പുറത്തിറങ്ങുന്നു. സരിത, സംഗീതയുടെ മുന്നില്‍ പുതിയ തമിഴ് പടത്തിന്റെ തിരക്ക്. സിഗ്നലില്‍ ഒരു കാര്‍ നിറുത്താതെ ഹോണടിക്കുന്നു. യാത്രക്കാര്‍ തിരക്കുപിടിച്ച് നടക്കുന്നു. ചൂടുകപ്പലണ്ടിയുടെ മണം. വഴിവക്കില്‍ വിലകുറഞ്ഞ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വില്‍ക്കാന്‍ നിരത്തിവെച്ചിരിക്കുന്നു - പുതിയതൊന്നും വന്നിട്ടില്ല, കൂട്ടത്തില്‍ കൊള്ളാവുന്നതൊക്കെ വായിച്ചതാണ്. സുഭാഷ് പാര്‍ക്കിനു മുന്നില്‍ പ്ലാസ്റ്റ്ക്ക് പൂക്കള്‍ വില്‍ക്കാന്‍ ടെന്റ് കെട്ടിയിരിക്കുന്നു. സമയം ആറേ മുക്കാല്‍. അന്തരീക്ഷം ചുവന്നുതുടങ്ങി.

പാര്‍ക്കില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞിരിക്കുന്നു. കുട്ടികളില്ലാത്ത ടയറൂഞ്ഞാലുകള്‍ തൂങ്ങിനിന്ന് ഉറങ്ങുന്നു. പാര്‍ക്കിലെ പാതയ്ക്ക് ഇരുവശത്തും നിരയായി വെട്ടിനിറുത്തിയിരിക്കുന്ന കടും പച്ചനിറത്തിലുള്ള ചെടികള്‍ക്കിടയില്‍ നിന്ന് ചീവീട് കരയുന്നു. പാര്‍ക്കിനുള്ളിലെ വഴിയിലൂടെ മൂന്നുറൌണ്ട് നടന്നു. രണ്ട് വൃദ്ധന്മാര്‍ ഒരു ബെഞ്ചില്‍ പരസ്പരം മിണ്ടാതെ മുന്നോട്ടുനോക്കിയിരിക്കുന്നു. നടക്കാന്‍ അധികം പേരില്ല. എനിക്കു മുന്നില്‍ ഒരു തടിച്ച സ്ത്രീ നടക്കുന്നു. അവര്‍ തിരിഞ്ഞുനോക്കി. ഞാന്‍ ചിരിച്ചു. അവര്‍ തിരിച്ചുചിരിച്ചു, നടത്തം പതുക്കെയാക്കി. തടിച്ച സ്ത്രീകളെ എനിക്കിഷ്ടമല്ല. അവരോട് ഒപ്പമെത്താതെയിരിക്കാന്‍ ഞാനും നടത്തം പതുക്കെയാക്കി, അവര്‍ തിരിഞ്ഞുനോക്കുന്നില്ല എന്നു കണ്ടപ്പോള്‍ ഞാന്‍ ഒരു ബെഞ്ചിലിരുന്നു. കുറച്ചേറെ ചെന്നിട്ടാണ് ആ സ്ത്രീ വീണ്ടും തിരിഞ്ഞുനോക്കിയത്. എന്നെ കണ്ടോ എന്ന് അറിയില്ല, ഒന്നും സംഭവിക്കാത്തതുപോലെ അവര്‍ നടത്തം തുടര്‍ന്നു. നേരം ഇരുട്ടിത്തുടങ്ങുന്നു. തലയ്ക്കു മുകളിലെ മരത്തില്‍ ഉറക്കത്തിനുമുന്നേ പക്ഷികള്‍ കൈമാറുന്നു. ഒരാള്‍ നടന്നു വരുന്നു. വെളുത്ത ഷര്‍ട്ടും നീല ജീന്‍സും കാന്‍‌വാസ് ഷൂസും ധരിച്ച ഇയാള്‍ ഷേവ് ചെയ്തിട്ടില്ല, കവിളുകള്‍ കുഴിഞ്ഞിട്ടാണ്. കണ്ണുകള്‍ അതിലും കുഴിഞ്ഞിട്ട് - കുഴിയില്‍ നിന്നും കൃഷ്ണമണികള്‍ തിളങ്ങുന്നു. കട്ടിപ്പുരികം, വലിയ നെറ്റി. നിഷ്കളങ്കമായ മുഖം, ആകര്‍ഷകമായ ചിരി - “എനിക്ക് ഇരുപതു രൂപ വേണം, വണ്ടിക്കൂലിക്ക് കാശു നഷ്ടപ്പെട്ടു. അല്പം ദൂരെയാണ്..” ഞാന്‍ ഇല്ല എന്ന് തലയാട്ടി, നടക്കാനായി ബെഞ്ചില്‍ നിന്നും എഴുന്നേറ്റു. ഇങ്ങനെ മെലിഞ്ഞ മനുഷ്യനില്‍ നിന്നും ഇത്ര ഗാംഭീര്യമുള്ള ശബ്ദം വരുന്നതുകേട്ട് അല്പം ആശ്ചര്യത്തോടെ ഞാന്‍ നടന്നകലുമ്പോള്‍ അയാള്‍ എന്റെ കയ്യില്‍ കയറിപ്പിടിച്ചു. “പ്ലീസ്, അങ്ങനെ പറയരുത്” - മെലിഞ്ഞ വിരലുകള്‍ കൊണ്ടുള്ള കൈത്തണ്ടയിലെ പിടിത്തം മൃദുവാണ്,‍ “പ്ലീസ്” - മുഖത്ത് ദൈന്യഭാവമില്ല, അഭ്യര്‍ത്ഥനയില്ല, കണ്ണുകള്‍ ചിരിക്കുന്നു. നന്നായി വെട്ടിനിറുത്തിയ മീശ കവിളിന്റെ വശങ്ങളിലേയ്ക്ക് പരക്കുന്നു. “ഇല്ല” - എന്റെ ശബ്ദം കടുത്തു, ഞാന്‍ കൈ വലിച്ചു, നടന്നു. തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ അവിടെത്തന്നെ നില്‍പ്പുണ്ട്. ചിരിക്കുന്നുണ്ടാവുമോ - അറിയില്ല, എനിക്ക് ഇരുട്ടില്‍ മുഖം നേരേ കാണാന്‍ പറ്റിയില്ല.

ഞാന്‍ പാര്‍ക്കിനെ വീണ്ടും വലം വെയ്ക്കാതെ മുന്‍‌വശത്തെ ഗേറ്റുവഴി ഇറങ്ങി. പാര്‍ക്കിനു മുന്നില്‍ കിടക്കുന്ന ഓട്ടോയില്‍ കയറി ഇരുപതു മിനിട്ടില്‍ ഫ്ലാറ്റില്‍ തിരിച്ചെത്തി. ഒന്നും കഴിക്കാന്‍ തോന്നിയില്ല. ടിവി ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്നു, കുളിച്ചു. വിശന്നു. ഒരുകുപ്പി വെള്ളം കുടിച്ചു. ഉറങ്ങാന്‍ കിടന്നു.

3. ചിറ്റൂര്‍ ബസ്സ്

മറൈന്‍ ഡ്രൈവിനു മുന്നില്‍ നിന്നാണ് ചിറ്റൂരേയ്ക്കുള്ള ചുവന്ന ബസ്സില്‍ കയറിയത്. ബസ്സില്‍ തിരക്കായിരുന്നു. സെന്റ് ആല്‍ബര്‍ട്ട്സിനു മുന്നിലെത്തിയപ്പോള്‍ തടിച്ച ഒരു മദ്ധ്യവയസ്കന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു. ഇരിക്കാ‍നായി എനിക്ക് രണ്ടാള്‍ അകലെനിന്ന കിഴവന്‍ തിക്കിത്തിരക്കി വരുന്നത് ഇടംകോണിലൂടെ കണ്ട്, അയാളെ കണ്ടില്ലെന്ന ഭാവത്തില്‍ ഞാന്‍ പെട്ടെന്ന് സീറ്റിലിരുന്നു. കിഴവന്‍ എന്നെ തുറിച്ചുനോക്കുന്നുണ്ടാവണം, ഞാന്‍ മുഖമുയര്‍ത്തിയില്ല. മടിയില്‍ വെച്ച ബാഗിലേയ്ക്ക് കൈകള്‍ പിണച്ചുവെച്ച് എന്റെ വിരലുകളിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.

സീറ്റില്‍ ജനാലയോട് ചേര്‍ന്നിരിക്കുന്നയാള്‍ എന്നെ നോക്കുന്നതുപോലെ തോന്നി. “ഹലോ”. ഞാന്‍ മുഖമുയര്‍ത്തി. കുഴിഞ്ഞ കവിളുകളും കണ്ണുകളുമുള്ള - ഇന്നലെ കണ്ടയാള്‍. അയാള്‍ ചിരിച്ചു. “ഓര്‍മ്മയുണ്ടോ”? ഞാന്‍ ജോണ്‍. അയാള്‍ കൈ നീട്ടി. ഞാന്‍ കൈ പിടിച്ചു കുലുക്കി. മൃദുവായ കൈ കൊണ്ട് അയഞ്ഞപിടിത്തം. അയാള്‍ അല്പനേരം കൈ വിട്ടില്ല. “താമസം എവിടെയാണ്?” ഞാന്‍ ഈ ചോദ്യത്തിന് മറുപടി പറഞ്ഞില്ല, കേള്‍ക്കാത്തതുപോലെ തിരിച്ചു ചോദിച്ചു - “ജോണ്‍ എങ്ങോട്ടാണ്?” “അങ്ങനെയൊന്നുമില്ല. ചിറ്റൂര്‍ വരെ റ്റിക്കറ്റ് എടുത്തിട്ടുണ്ട്, പേരുപറഞ്ഞില്ല - നിങ്ങള്‍ എങ്ങോട്ടാണ്?” ഞാന്‍ സ്ഥലം പറഞ്ഞു. “ഉവ്വോ, ഞാനും അവിടെ ഇറങ്ങാം. ഈ നഗരത്തില്‍ ഒരാളെത്തന്നെ രണ്ടുതവണ കണ്ടുമുട്ടുന്നത് വലിയ യാദൃശ്ചികതയാണ്. അതും അടുത്ത ദിവസങ്ങളില്‍. വിരോധമില്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഒന്നു കടം തരാമോ? എനിക്കൊരാളെ വിളിക്കാനുണ്ട്”. ഞാന്‍ ഫോണ്‍ കൊടുത്തു, ജോണ്‍ ആരെയോ വിളിക്കാന്‍ ശ്രമിച്ചു. മൂന്നുനാലു തവണ ശ്രമിച്ചിട്ട് “എടുക്കുന്നില്ല” എന്നുപറഞ്ഞ് ഫോണ്‍ തിരികെത്തന്നു. കാലുകള്‍ വിടര്‍ത്തി എന്നെ സ്പര്‍ശിച്ചുകൊണ്ടാണ് അയാള്‍ ഇരിക്കുന്നത്. രണ്ടുപേര്‍ക്ക് പരസ്പരം തട്ടാതെ ഇരിക്കാന്‍ ബസ്സ് വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റല്ല, എന്നിട്ടും എന്തോ, അയാളുടെ സ്പര്‍ശം എനിക്ക് അലോസരമായി തോന്നി. ബസ്സ് പച്ചാളത്തെത്തി. “ഞാനിറങ്ങുന്നു” - ഞാനെഴുന്നേറ്റു. ജോണ്‍ ചിരിച്ചു. “ശരി, വീണ്ടും കാണാം” നീട്ടിയ കൈപിടിച്ചു കുലുക്കിയപ്പോള്‍ വീണ്ടും മൃദുത്വം. ഞാന്‍ ധൃതിയില്‍ ഇറങ്ങി. ഓട്ടോപിടിച്ച് നഗരത്തിലേയ്ക്ക് തിരികെപ്പോയി. ചിറ്റൂരെ സുഹൃത്തിനെ വിളിച്ച് ഇന്നു വരാന്‍ പറ്റില്ല എന്നുപറഞ്ഞു.

ഏഴരയോടെ റൂമിലെത്തി, ഷര്‍ട്ടും ബനിയനും ഊരിയിട്ടപ്പൊഴേയ്ക്കും ഫോണ്‍ മണിയടിച്ചു. പരിചിതമല്ലാത്ത നമ്പര്‍. ആരാണ്? “ഞാന്‍, ജോണ്‍. ക്ഷമിക്കൂ. ബസ്സിലിരുന്ന് നിങ്ങളുടെ ഫോണില്‍ നിന്നും വിളിച്ചത് എന്റെ ഫോണിലേയ്ക്കാണ്, എനിക്ക് നിങ്ങളുടെ നമ്പര്‍ വേണമായിരുന്നു - തെറ്റിദ്ധരിക്കരുത്. ഡിയര്‍‌‌‌‌___, - i'm not stalking you - ഞാനിവിടെ ഒറ്റയ്ക്കാണ്, പരിചയമില്ലാത്ത നഗരം, ആരോടെങ്കിലും മിണ്ടാന്‍ കൊതിയായതുകൊണ്ടാണ്, മറ്റാരുമില്ലാത്തതുകൊണ്ടാണ് - മറ്റൊന്നുമല്ല. താങ്കള്‍ക്ക് ഫോണ്‍ വെക്കണമെങ്കില്‍ വെച്ചോളൂ.

ഞാന്‍ ഫോണ്‍ വെച്ചില്ല. ജോണ്‍ കുറെ അധികം സംസാരിച്ചു. അയാള്‍ മദ്യപിച്ചിട്ടുണ്ടെന്നു തോന്നി. പാട്ടുപാടുന്നതുപോലെ താളത്തില്‍ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. പ്രണയം, നൈരാശ്യം, കഞ്ചാവ്, ജോലി നഷ്ടപ്പെട്ടു, ഏതോ സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ഇന്നലെ മറ്റാരോടോ ഇരന്ന് ഇരുപത് രൂപ വാങ്ങി ഏതോ സിനിമ കണ്ടു, ജോണ്‍ ബൈപാസിനടുത്ത് ഒരു ലോഡ്ജിലാണ് - “ഞാന്‍ എവിടെയാണ്?” - “അത് നിങ്ങള്‍ അറിയേണ്ട കാര്യമില്ല മിസ്റ്റര്‍”. “വിരോധമില്ലെങ്കില്‍ നാളെ വൈകിട്ട് നാലരയോടെ കനോപ്പിയില്‍ വരൂ. ഞാന്‍ വരച്ച ചില ചിത്രങ്ങള്‍ കാണിച്ചുതരാം”. “സോറി ജോണ്‍, എനിക്കു നാളെ ഒരിടത്തുപോവാനുണ്ട്”. മറ്റെന്നാള്‍? “ഇല്ല, ഗൂഡ്നൈറ്റ്”.

അയാള്‍ പറയുന്നതെല്ലാം വിശ്വസിക്കാന്‍ പറ്റില്ല - പുതുതായി പരിചയപ്പെടുന്ന ഒരാള്‍ പറയുന്നതെല്ലാം വിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ സത്യമേത്, കള്ളമേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധത്തിലുള്ള സംസാര രീതി, വികാരത്തോടെ, ആത്മാര്‍ത്ഥതയോടെ, ചാതുര്യത്തോടെ കഥകള്‍ പറയുന്നു, ജീവിതത്തിന്റെ കെട്ടഴിക്കുന്നു.

4. കാപ്പിക്കട

ജോണിനെ വീണ്ടും കണ്ടത് ഏകദേശം ഒരു മാസത്തിനു ശേഷമാണ്. ഇതിനിടെ ജോണ്‍ നാലുതവണ ഫോണ്‍ വിളിച്ചു. രണ്ടുതവണ കാപ്പികുടിക്കാന്‍ വിളിച്ചു. അയാള്‍ ശരിക്കും ഒറ്റയ്ക്കാണെന്നു തോന്നുന്നു. ജോണ്‍ സംസാരിക്കുന്ന രീതി ആകര്‍ഷകമാണ്. ഒരു മൂഡി കാരക്ടറാണ്. ചിലനേരത്ത് ലോകം പുല്ലാണ് എന്ന മട്ട്. ചിലപ്പോള്‍ മാരകമായ സെന്റി. ഇന്നലെ വിളിച്ചപ്പോള്‍ വിരോധമില്ലെങ്കില്‍ കാപ്പികുടിക്കാന്‍ വരാമോ എന്ന് വീണ്ടും പറഞ്ഞു. സത്യത്തില്‍ എനിക്ക് വിരോധമുണ്ട്. അപരിചിതരെ പെട്ടെന്ന് അടുപ്പിക്കുന്നതില്‍ അനൌചിത്യമുണ്ട്. ഞാന്‍ കാപ്പികുടിക്കാന്‍ ചെന്നപ്പോള്‍ ഒരു സിഗരറ്റും പുകച്ച് അയാള്‍ ഇരിക്കുന്നുണ്ടായിരുന്നു. കാവി ടീഷര്‍ട്ടും നീല ജീന്‍സും. ഞരമ്പുതള്ളിയ കൈകള്‍ കൊണ്ട് ഹാന്‍ഡ്ഷേക്ക്. “ഞാന്‍ ശല്യമാവുന്നുണ്ടോ?” - “എയ് ഇല്ല, സത്യത്തില്‍ എനിക്ക് തിരക്കായിരുന്നു”. ഞങ്ങള്‍ കുറെയേറെ സംസാരിച്ചു. ഒരേ വേവ് ലെങ്ങ്ത് ആണ് - രണ്ടുപേര്‍ക്കും കര്‍ട്ട് കോബയനെ ഇഷ്ടം, ഫ്രെഡി മെര്‍ക്കുറിയെ ഇഷ്ടം, ബാസ്കറ്റ്ബാള്‍ കളിക്കാനിഷ്ടം, ഗസലുകള്‍ കേള്‍ക്കാനിഷ്ടം - ഇതില്‍ കാര്യമൊന്നുമില്ല. നമ്മള്‍ നമ്മെപ്പോലെയുള്ളവരെ കണ്ടെത്തുന്നു, കൂടുകൂടുന്നു. ഞങ്ങള്‍ കുറെ നടന്നു. പാര്‍ക്കില്‍ സംസാരിച്ചു നടന്നുകൊണ്ടിരിക്കേ അയാള്‍ എന്റെ കൈപിടിച്ചു. ഞാന്‍ കൈ വിടുവിച്ചു. ഈ മനുഷ്യന്‍ ശരിയല്ല. ഞാന്‍ ഒന്നും സംഭവിക്കാത്തതുപോലെ സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ മനസില്‍ ഒന്നും മുഖത്ത് മറ്റൊന്നും വരുത്താന്‍ പ്രയാസമാണ്. “ജോണ്‍, പോകട്ടെ, ഞാന്‍ ഫോണ്‍ വിളിക്കാം“. “വിളിക്കുമോ?” “തീര്‍ച്ചയായും”. താമസം കച്ചേരിപ്പടിയിലല്ലേ? “അതെ, ബൈ”.

ഒരാഴ്ച്ചയോളം ജോണ്‍ വിളിച്ചില്ല. ഞാനും വിളിച്ചില്ല. ഞാന്‍ ജോണിനെപ്പറ്റി ആലോചിച്ചു, പലതവണ. കുറച്ചുനാള്‍ കാണാതാവുമ്പോള്‍ മറക്കും, എത്രപേരെ മറന്നിരിക്കുന്നു.

5. പവര്‍ക്കട്ട്

ഏഴര മുതല്‍ എട്ടുമണിവരെയായിരുന്നു. വിയര്‍ത്തു. കുളിക്കാനായി ഷര്‍ട്ട് ഊരിയപ്പൊഴാണ് കാളിങ്ങ് ബെല്ലടിച്ചത്. ആരാണ്? ഷര്‍ട്ടിന്റെ കുടുക്കുകള്‍ രണ്ടെണ്ണം ഇട്ടുകൊണ്ട് കതകുതുറന്നപ്പോള്‍ ജോണ്‍ നില്‍ക്കുന്നു. എന്റെ ഫ്ലാറ്റ് എങ്ങനെ കണ്ടുപിടിച്ചു എന്നു ചോദിച്ചില്ല. “വരൂ, ഇരിക്കൂ”.

he kissed me.

ജോണ്‍ വീണ്ടും പല ദിവസങ്ങളില്‍ പലതവണ ഫോണ്‍ ചെയ്തു. ഞാന്‍ എടുത്തില്ല. ബൂത്തില്‍ നിന്നു വിളിച്ചപ്പോള്‍ ഞാന്‍ കട്ട് ചെയ്തു. അയാള്‍ പിന്നെ വന്നില്ല.

രണ്ടാഴ്ച്ചകഴിഞ്ഞ് ഞാന്‍ കാനോപ്പിയില്‍ കാപ്പികുടിക്കാന്‍ പോയി. ജോണ്‍ അവിടെ ഉണ്ടായിരുന്നു.

രാവിലെ ഉണര്‍ന്നപ്പോള്‍ എന്റെ വായ കയ്ച്ചു. ബാത്ത്രൂമില്‍ പോയപ്പോള്‍ മലത്തില്‍ ചോര പൊടിഞ്ഞിരുന്നു. ജോണ്‍ കട്ടന്‍ചായയിട്ടു. “അരുതാത്തത് എന്തെങ്കിലും ചെയ്തെന്ന് തോന്നുന്നുണ്ടോ?” തലപെരുപ്പും മലദ്വാരത്തിലെ വേദനയുമല്ലാതെ എനിക്കൊന്നും തോന്നിയില്ല. ജോ‍ണ്‍ ആകെ മൂടിക്കെട്ടിയിരിക്കുന്നു. “വേണ്ടിയിരുന്നില്ല അല്ലേ?” ശരീരത്തില്‍ പലയിടത്തും വേദനിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഒന്നും പറഞ്ഞില്ല. ചായയ്ക്ക് രുചി തോന്നിയില്ല. “ജോണ്‍, എനിക്കു കുറച്ച് തിരക്കുണ്ട്, വിരോധമില്ലെങ്കില്‍ പിന്നെക്കാണാം”. ഞാന്‍ കുളിമുറിയില്‍ കയറി, പല്ലുതേച്ചുതുടങ്ങി. കുളികഴിഞ്ഞ് പുറത്തിറങ്ങുമ്പൊഴും ജോണ്‍ സോഫയില്‍ തലയ്ക്കു കയ്യും കൊടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. അയാളെ ഗൌനിക്കാതെ ഞാന്‍ വസ്ത്രം ധരിച്ചു, പുറത്തേയ്ക്ക് ഇറങ്ങിയപ്പോള്‍ ജോണും പിന്നാലെ ഇറങ്ങി. ഞങ്ങള്‍ അപരിചിതരെപ്പോലെ രണ്ടുവഴിക്കു നടന്നു.

6. കാമുകന്‍

“സ്മോക്കര്‍ സിഗരറ്റിനെ മിസ്സ് ചെയ്യുന്നതുപോലെ - ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നു” - അലമാരിയിലെ കണ്ണാടിയില്‍ കറുത്ത മാര്‍ക്കര്‍ കൊണ്ട് അവന്‍ കോറിയിട്ടത് ഷേവിങ്ങ് ലോഷന്‍ ടിഷ്യൂ പേപ്പറില്‍ പുരട്ടി ഞാന്‍ തൂത്തുകളഞ്ഞു. he was a caring lover. രാത്രികളില്‍ ഫ്ലാറ്റില്‍ വന്ന് ജോണ്‍ പാചകം ചെയ്യും. അവന്‍ കരിമീന്‍ പൊള്ളിച്ചാല്‍ അസ്സലാണ്. ഓരോ ഹെയ്നക്കനും പിടിപ്പിച്ച് പുകയുമൂതി ഞങ്ങള്‍ സംസാരിച്ചിരിക്കും, സിനിമകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും അവന്‍ വികാരംകൊണ്ട് സംസാരിക്കും. അകമ്പടിയായി സീഡി പ്ലെയറില്‍ നിന്നും ഗുലാം അലി വിരഹഗാനങ്ങള്‍ പാടും, ഹരിഹരന്‍ ഷരാബ് ലാ, ഷരാബ് ദേ എന്നുപാടും. ഞങ്ങള്‍ പാട്ടുകേട്ട് കുറെ നേരം മിണ്ടാതിരിക്കും, ഇടയ്ക്ക് ഞെട്ടിയെഴുന്നേറ്റ് അവനെന്നെ കെട്ടിപ്പിടിക്കും, ചുണ്ടുകളില്‍ അമര്‍ത്തി ചുംബിക്കുമ്പോള്‍ അവന്റെ മീശരോമങ്ങള്‍ എന്റെ മൂക്കില്‍ കയറി ഞാന്‍ തുമ്മും. എന്റെ വായിലേയ്ക്ക് അവന്‍ നാക്കുകടത്തുമ്പോള്‍ വെറ്റിലയുടെ മധുരമുള്ള കൈപ്പുരസമാണ്. അവന് എന്റെയത്ര ശക്തിയില്ല. ഇറുക്കി കെട്ടിപ്പിടിച്ച് ഞാനവന്റെ എല്ലുകള്‍ ഞുറുക്കും, വളച്ച് കഴുത്തില്‍ കൈകള്‍ കൊണ്ട് പൂട്ടിട്ട് കുനിച്ചുനിറുത്തും. മെത്തയിലേയ്ക്ക് അവനെ ഉരുട്ടിയിടും, കെട്ടിമറിഞ്ഞ് തള്ളി നിലത്തിടും. ഞങ്ങള്‍ തട്ടുകടയില്‍പ്പോയി പറോട്ടയും ഇറച്ചിക്കറിയും കഴിക്കും, ബൈക്കില്‍ നഗരത്തില്‍ കറങ്ങും, ചിലപ്പോള്‍ സെക്കന്‍ഡ് ഷോയ്ക്ക് പോവും, വാരാന്ത്യങ്ങളില്‍ ഫോര്‍ട്ട് കൊച്ചിയിലും പള്ളിയിലും പോവും, പകലത്തെ കൊച്ചിയല്ല രാത്രിത്തെ കൊച്ചി. രാത്രി കൊച്ചിക്ക് ജീവനുണ്ട്, കൊച്ചി പിടയ്ക്കും. പക്ഷേ പകലുകള്‍ മടുത്തുതുടങ്ങി. പകലുകള്‍ എന്തിനാണ്?

കഴിഞ്ഞ ഞാ‍യറാഴ്ച്ച പള്ളീലച്ചന്‍ പ്രസംഗത്തില്‍ സോദോമിനെയും ഗൊമോറയെയും കുറിച്ചു സംസാരിച്ചു. ലോത്തിന്റെ പുത്രിമാരെ വേണ്ട, പുത്രന്മാരെത്തരൂ എന്ന് ജനക്കൂട്ടം പറഞ്ഞത്രേ. ദൈവം ഈ നഗരങ്ങളെ നശിപ്പിച്ചുകളഞ്ഞു. സ്വവര്‍ഗ്ഗസ്നേഹികളുടെ നഗരം എന്ന ആശയം എനിക്കു രസകരമായി തോന്നി - സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഒരു ദൈവം വേണം. പള്ളിയില്‍ നിന്നും പുറത്തേയ്ക്കു നടക്കുമ്പോള്‍ ജോണ്‍ ചോദിച്ചു.

“ഇങ്ങനെയൊക്കെ പോയാല്‍ മതിയോ?”
“മതിയെന്നു തോന്നുന്നു”
“എന്തോ, എനിക്ക് പോര”
“പിന്നെ എന്തുവേണം - കല്യാണം കഴിക്കണോ?”
“ഏയ് വേണ്ട”
“പിന്നെ?”
“എനിക്കൊരു പള്ളീലച്ചനാവണം”
“യൂ ബ്ലഡി ബാസ്റ്റാഡ്” - ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു.

7. ദില്ലി

ജോലിചെയ്യുന്ന കമ്പനി എന്നെ മൂന്നാഴ്ച്ചത്തേയ്ക്ക് ദില്ലിയില്‍ വിട്ടു. തണുത്ത ദില്ലി. ജോണ്‍ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഫോണ്‍ ചെയ്യും, ദില്ലി ഓഫീസിലെ മാനേജര്‍ക്ക് മുപ്പതിനടുത്ത് പ്രായം വരും. അവരെ മുന്‍പും കണ്ടിട്ടുണ്ട്, ഇത്തവണ അവര്‍ എന്നെ അത്താഴത്തിനു വിളിച്ചു.അവര്‍ വിവാഹമോചിതയാണ്. മോചിത എന്ന വാക്കിന്റെ അര്‍ത്ഥം സ്വതന്ത്ര എന്നാണെന്ന് അവരുടെ വീട്ടിലെത്തിയപ്പൊഴാണ് മനസിലായത്. ചപ്പാത്തിയും പരിപ്പുകറിയും (ദാല്‍) ചീരക്കറിയും (സര്‍സോം കാ സാഗ്) പിന്നെ മധുരവും. ഒരുപാട് ഉത്സാഹമുള്ള സ്ത്രീയാണ്. ഞങ്ങള്‍ ഇരുവരും വോഡ്ക നുണഞ്ഞു. ഞാന്‍ സ്ത്രീകളുമൊത്ത് അധികം കുടിക്കാറില്ല, വളരെ വേഗം മദ്യം അവരുടെ തലയ്ക്കുപിടിക്കും. “പറയൂ, ഞാന്‍ സുന്ദരിയല്ലേ?” “യെസ്” - ഞാന്‍ പ്രതിവചിച്ചു. അവര്‍ മുടിയഴിച്ചിട്ടു, ഞാന്‍ ജോണിനെ ഓര്‍ത്തു. എപ്പൊഴെങ്കിലും അവര്‍ക്ക് എന്റെ ചലനങ്ങളില്‍ യാന്ത്രികത തോന്നിക്കാണുമോ? അവള്‍ ഇടയ്ക്ക് കരയുന്നുണ്ടായിരുന്നു. പക്ഷേ ഉറക്കമുണര്‍ന്നപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് ചായയുമായി വന്നു. “നല്ല കുട്ടിയായി റെഡിയാവു, ഓഫീസില്‍ പോണ്ടെ?” ജോണിന്റെ മിസ്ഡ് കാള്‍ ഉണ്ടായിരുന്നു - നല്ല ഉറക്കമായിരുന്നു. ഫോണടിക്കുന്ന ശബ്ദം കേട്ടില്ല.

അവള്‍ വീണ്ടും പലതവണ ഫ്ലാറ്റിലേയ്ക്ക് വിളിച്ചു. ഞാന്‍ ഓരോന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. കൊച്ചിയില്‍ തിരിച്ചുപോകുന്നതിന്റെ തലേ ദിവസം അവള്‍ എന്നെ ഡിന്നറിനു വിളിച്ചു. ഒരു ടവറിനു മുകളിലെ പരിക്രമ എന്ന കറങ്ങുന്ന റെസ്റ്റാറന്റില്‍ക്കയറി. തിരിച്ച് പാര്‍ക്കിങ്ങില്‍ കാറിലിരുന്ന് അവള്‍ കെട്ടിപ്പിടിച്ച് ഒരുപാടുനേരം കരഞ്ഞു, കവിളിലും കഴുത്തിലും ഒരുപാട് ഉമ്മവെച്ചു, ഞാന്‍ തിരിച്ച് റിയാക്ട് ചെയ്തില്ല. അവള്‍ വീണ്ടും കരഞ്ഞു. എന്നെ ഒരുപാട് ഇഷ്ടമാണെന്ന്. ഞാന്‍ പത്തരയോടെ തിരിച്ചുപോയി. അവളുടെ ഫ്ലാറ്റിലേയ്ക്കുചെല്ലാന്‍ അവള്‍ നിര്‍ബന്ധിച്ചില്ല.

8. മടക്കം

നെടുമ്പാശ്ശേരിയില്‍ ജോണ്‍ വന്നില്ല. ഞാന്‍ വിളിച്ചുനോക്കി, അവനെ കിട്ടിയില്ല. രണ്ടുദിവസം കഴിഞ്ഞാണ് അവന്‍ മുറിയില്‍ വന്നത്. വന്നപ്പോള്‍ അവന്‍ ആകെ കലങ്ങിയിരുന്നു.
ദില്ലിയിലെ കാര്യങ്ങള്‍ ഞാന്‍ ജോണിനോട് പറഞ്ഞില്ല. പറയാന്‍ മാത്രം ഒന്നുമില്ല, i didnt feel any emotional attachment. അതൊരു സംഭവമേ അല്ലായിരുന്നു. പക്ഷേ ജോണിന് എന്തോ പറ്റിയിട്ടുണ്ട്.

ജോണിനെ ചൊവ്വാഴ്ച്ച വൈകുന്നേരം കാനോപ്പിയില്‍ വെച്ചു കണ്ടപ്പോള്‍ മെലിഞ്ഞ് പൊക്കമുള്ള ഒരു പുതിയ പയ്യനും അവന്റെ കൂടെയുണ്ടായിരുന്നു - രാഹുല്‍ എന്നെ സംശയത്തോടെ നോക്കി. എന്തോ, എനിക്ക് അധിക സമയം അവിടെ നില്‍ക്കാന്‍ തോന്നിയില്ല. ഞാന്‍ ഇവര്‍ക്കു വിടപറഞ്ഞ് നേരത്തേ പോയി. ജോണ്‍ ഫോണ്‍ വിളിച്ച് ഫ്ലാറ്റ്ലേയ്ക്ക് വരട്ടേ എന്നു ചോദിച്ചു. “വേണ്ട”. ജോണിനെ മേലില്‍ ഒഴിവാക്കണം.

രണ്ടുദിവസം കഴിഞ്ഞ് ജോണ്‍ വാതിലില്‍ മുട്ടി. “ക്ഷമിക്കൂ, ഇനി ആവര്‍ത്തിക്കില്ല, അവന്‍ ആരുമല്ല, സത്യം” - എനിക്കെന്തോ, വിശ്വാസം വന്നില്ല. “എനിക്കു പരാതിയൊന്നുമില്ല. എന്നെ ഒഴിവാക്കിയേക്കൂ”. ജോണ്‍ തലയ്ക്ക് കയ്യും കൊടുത്തിരുന്നു. കുറെ നേരം മിണ്ടാതെയിരുന്നു. “ഇനി മറ്റൊരാളുടെ കൂടെ പോവില്ല, സത്യം”. എനിക്ക് ഇഷ്ടമല്ല. ഇനി മറ്റൊരാളുമായി പോയാല്‍ എന്നെ മറന്നേക്കൂ, you either stay loyal or get out - ജോണ്‍ ആരെയൊക്കെയോ പിടിച്ചാണയിട്ടു, ചുരുണ്ടുകിടന്ന് ഉറങ്ങി. അവന് എന്നെയാണോ എന്റെ ഫ്ലാറ്റാണോ ഇഷ്ടം എന്ന് എനിക്കു സംശയം തോന്നി. ഞാന്‍ അവനെ തൊടാതെ കിടന്നുറങ്ങി. സത്യത്തില്‍ അവന്‍ മറ്റൊരാളുടെ കൂടെ പോവുന്നതില്‍ എനിക്കെന്താണ് ഇത്ര പ്രശ്നം എന്ന് എനിക്കുതന്നെ മനസിലായില്ല. ഒരു ബന്ധം ആവുമ്പോള്‍ അല്പം കമ്മിറ്റ്മെന്റ് ഒക്കെ വേണം എന്ന് ഞാന്‍ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അതല്ല കാര്യം.

വേറെ ഒരാളെ തിരക്കിപ്പോവണമെങ്കില്‍ ഒന്നുകില്‍ അവന് എന്നെ മടുത്തുകാണണം, പക്ഷേ ഞാനില്ലാതിരുന്ന മൂന്നാഴ്ച്ചത്തെ കാലയളവിലാണ് - ചിലര്‍ക്ക് മനുഷ്യരെ പെട്ടെന്ന് ഇഷ്ടപ്പെടും, പെട്ടെന്നു മടുക്കും. എനിക്കാണെങ്കില്‍ ഒരാളെ ഇഷ്ടപ്പെടുന്നതിനും മറക്കുന്നതിനും സമയം എടുക്കും. അതില്‍ കാര്യമില്ല. അതുമല്ലെങ്കില്‍ അവന് ഈ പറയുന്ന ആത്മാര്‍ത്ഥതയോ കമ്മിറ്റ്മെന്റോ ഇല്ലാതിരിക്കണം. അതുമല്ലെങ്കില്‍ പുതിയ പയ്യന്‍ - രാഹുല്‍ - എന്നെക്കാള്‍ വളരെ നല്ലതായിരിക്കണം. ഈ സാദ്ധ്യതകളൊന്നും എന്നെ വളരെ സഹായിച്ചില്ല.

കാര്യമില്ല. ജീവിതത്തില്‍ ആരൊക്കെ വന്നുപോവുന്നു. ഹൂ കെയേഴ്സ്. എന്തോ, വായില്‍ ഒരു കയ്പ്പ് തങ്ങിനില്‍ക്കുന്നു.

9. അമ്മ

ഒരു വീക്കെന്‍ഡ് വന്നിരുന്നു. പാവം അമ്മ ഫ്ലാറ്റ് വൃത്തിയാക്കി. മേശപ്പുറത്ത് സിഗരറ്റ് കുറ്റികള്‍ കണ്ട് പരാതിയൊന്നും പറഞ്ഞില്ല. അമ്മയുടെ ഒരു കൂട്ടുകാരി മകളുടെ പ്രൊപ്പോസലുമായി വന്നിട്ടുണ്ട്. പതിവുപോലെ പെണ്ണുകെട്ടാന്‍ കുറെ നിര്‍ബന്ധിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. അമ്മ വീട്ടില്‍ ഒറ്റയ്ക്കാണ്. എന്നെക്കുറിച്ച് അമ്മ എന്തൊക്കെയോ ദുസ്വപ്നങ്ങള്‍ കണ്ടത്രേ. എന്താണ് കണ്ടതെന്ന് ഞാന്‍ ചോദിച്ചില്ല, അമ്മ പറഞ്ഞുമില്ല. രണ്ടുദിവസം താമസിക്കും എന്നാണ് വിചാരിച്ചത്, പക്ഷേ ആഹാരം പാകം ചെയ്ത് അടച്ചുവെച്ച് വൈകുന്നേരത്തോടെ അമ്മ പോയി.

മാസത്തിലൊരിക്കലെങ്കിലും നാട്ടില്‍പ്പോയി അമ്മയെ കാണണം.

10. ദുരന്തം

എനിക്ക് ജോണിനെ ഇഷ്ടമായിരുന്നു, പക്ഷേ ഇതാണോ പ്രേമമെന്ന് എനിക്കറിയില്ല - അത്ര ഉല്‍ക്കടമോ തീക്ഷ്ണമോ ആയ ഒന്നും എനിക്കു ആരോടും തോന്നിയിട്ടില്ല. സ്ത്രീകളോട് വലിയ താല്പര്യം ഒരിക്കലും തോന്നിയിട്ടില്ല. ഇങ്ങോട്ട് താല്പര്യം തോന്നി പലരും വന്നിട്ടുണ്ട്. സ്കൂളില്‍ പഠിക്കുന്ന കാലംമുതല്‍ പല പെണ്‍കുട്ടികളും ഇഷ്ടം പലവിധത്തിലും അറിയിച്ചിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ബ്ലേഡ് കൊണ്ട് എന്റെ പേര് അവളുടെ കയ്യില്‍ വരഞ്ഞിട്ടുണ്ട്. എനിക്കൊന്നും തോന്നിയില്ല. പുരുഷ്ന്മാരിലും ചിലരെ മാത്രമേ എനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളൂ. ശരീരവടിവും സൌന്ദര്യവും കണ്ടല്ല അവരെ ഇഷ്ടപ്പെട്ടത്. അതിലും ജോണ്‍ മാത്രമേ മനസില്‍ തങ്ങിനിന്നിട്ടുള്ളൂ. ഞാനാരെയും തേടിച്ചെന്നിട്ടില്ല. എല്ലാവരും എന്നെ തേടിവന്നിട്ടേയുള്ളൂ, ജോണും. പക്ഷേ എനിക്കു പങ്കുവെയ്ക്കാന്‍ വയ്യ. ഐ കാണ്ട് ഷെയര്‍. ഇനിയും മറ്റൊരാളുമായി കണ്ടാല്‍ അവനെ കളയുന്നതിന് എനിക്കൊരു മടിയുമില്ല.

രാഹുലിനെ വീണ്ടും കണ്ടു, രാഹുല്‍ എന്റെ ഫ്ലാറ്റിന്റെ മണിയടിക്കുകയായിരുന്നു. ഒരു നിമിഷത്തേയ്ക്ക് എന്റെ തലയിലേയ്ക്ക് രക്തം ഇരച്ചുകയറിവന്നു - അവനെന്തിനാണ് ഇവിടെ?. രാഹുല്‍ ആകെ വിരണ്ടിരുന്നു. “ചേട്ടാ, ആകെ കുഴപ്പമായി, ഞങ്ങള്‍ പാര്‍ക്കിലായിരുന്നു, ജോണിനെ പോലീസ് പൊക്കി. ഞാന്‍ ഓടി. എന്നെ രക്ഷിക്കണം”. ഞാന്‍ അവനെ തുറിച്ചുനോക്കി. കതക് അവന്റെ മുഖത്തേയ്ക്ക് വലിച്ചടച്ചു. ഫ്രിഡ്ജ് തുറന്ന് ഒരുഗ്ലാസ് തണുത്ത വെള്ളം കുടിച്ചു. എന്നിട്ട് സാവകാശത്തില്‍ മുടിയില്‍ ജെല്‍ പുരട്ടി. മുഖം കഴുകി മോയ്സ്ചറൈസര്‍ പുരട്ടി, ഉള്ളതില്‍ ഏറ്റവും നല്ല സ്യൂട്ടും ടൈയും ധരിച്ചു. ഷൂസ് പോളിഷ് ചെയ്തു. ഒരു നല്ല വക്കീല്‍ സുഹൃത്തുണ്ട്, അയാളെ വിളിച്ച് കാര്യം പറഞ്ഞു, സ്റ്റേഷനില്‍ വരാന്‍ പറഞ്ഞു. ഞാന്‍ കാറെടുത്ത് പോലീസ് സ്റ്റേഷനിലേയ്ക്കു പോയി.

കസ്ബ പോലീസ് സ്റ്റേഷന്‍ വേറെ ഒരു കാലത്തിലും സമയത്തിലുമാണ് നില്‍ക്കുന്നതെന്നു തോന്നി. പഴയ കെട്ടിടം, പൂന്തോട്ടത്തിനു നടുവില്‍ പൂക്കള്‍ കൊഴിച്ചുനില്‍ക്കുന്ന ഒരു കണിക്കൊന്ന. ചിതറിക്കിടക്കുന്ന തുരുമ്പിച്ച വാഹനങ്ങള്‍. ഇന്‍‌സ്പെക്ടറിന്റെ പെരുമാറ്റം വളരെ പോളിഷ്ഡ് ആയിരുന്നു. ഇരിക്കാന്‍ പറഞ്ഞു, ചായ ഓഫര്‍ ചെയ്തു.

“സര്‍, ഞാന്‍ ജോണിനെ ജാമ്യത്തിലിറക്കാന്‍ വന്നതാണ്”
എന്റെ മുഖത്തുനോക്കിക്കൊണ്ട് ഇന്‍സ്പെക്ടര്‍ സ്വരം കര്‍ക്കശമാക്കി. “ജോണ്‍ നിങ്ങളുടെ ആരാണ്?”
“എന്റെ ബ്രദറാണ്” (ആ നിമിഷത്തില്‍ ജോണ്‍ എന്റെ സഹോദരനും അച്ഛനും എല്ലാമായിരുന്നെന്ന് അയാള്‍ക്കെങ്ങനെ മനസിലാവാനാണ്?)
“മിസ്റ്റര്‍___, താങ്കളുടെ സഹോദരന്‍ ചെയ്തതെന്താണെന്ന് അറിയാമോ?”
“പറയണമെന്നില്ല സര്‍, എനിക്കറിയാം. ഇത് ആദ്യത്തെ തവണയല്ല”
“മിസ്റ്റര്‍, നിങ്ങള്‍ സഹോദരനെ സൂക്ഷിക്കൂ. ഒരു ചെറുപ്പക്കാരന്റെ ഭാവി തുലഞ്ഞുപോകാതെ - അവനെ ആരെയെങ്കിലും പിടിച്ച് കെട്ടിക്കൂ. ക്ഷമിക്കൂ, ഞങ്ങളവനെ അല്പം ഉപദ്രവിച്ചിട്ടുണ്ട്”
“സര്‍, ഞാനെവിടെയാണ് ഒപ്പിടേണ്ടത്?”
"ധൃതിപിടിക്കേണ്ട കാര്യമില്ല. നിങ്ങളുടെ വക്കീല്‍ വരട്ടെ”.

11. കലാശം

കാറിലിരുന്ന് ജോണ്‍ ഒന്നും മിണ്ടിയില്ല. അവന്റെ കണ്ണും കവിളുകളും കരിവാളിച്ചുകിടന്നു. ഷര്‍ട്ട് ചില സ്ഥലങ്ങളില്‍ ചുവന്നുകിടന്നു. പോലീസുകാര്‍ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. കാറില്‍ ചൂളിയിരിക്കുന്ന അവന്റെ കൈത്തലം ഞാന്‍ എന്റെ കയ്യിലേയ്ക്കെടുത്തുവെച്ചു. ഞരമ്പില്‍ വിരല്‍ തട്ടിയപ്പോള്‍ അവന്‍ വേദനകൊണ്ട് കൈ പിന്നോട്ടുവലിച്ചു. ഞാന്‍ ചിരിച്ചുകൊണ്ട് അവന്റെ അടിവയറ്റിലൂടെ കയ്യോടിച്ചു, ഇക്കിളിയിട്ടു, പാന്‍സിനുള്ളിലേയ്ക്ക് കൈ കടത്തി. വേദനയിലും ഉയര്‍ന്നുനില്‍ക്കുന്ന അവന്റെ ലിംഗത്തെ താലോലിച്ചു. സത്യം, ആ നിമിഷത്തില്‍ ഞാനവനെ പ്രേമിക്കുന്നുണ്ടായിരുന്നു.

2/19/2009

സഹയാത്രിക

കൊല്ലം സ്റ്റാന്‍ഡില്‍ നിന്നും മേഘ തിരുവനന്തപുരത്തിനുള്ള ബസ്സില്‍ കയറുമ്പോള്‍ വലതുവശത്ത് സ്ത്രീകള്‍ക്കുള്ള സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. പെയിന്റിളകിയ ജാലകക്കമ്പിയില്‍ ഒരു കൈ ചാരി അമര്‍ന്നിരുന്നപ്പൊഴേയ്ക്കും ബസ്സു വിട്ടു. സ്റ്റാന്‍ഡ് കെട്ടിടത്തിനെ ഒന്നു വലം വെച്ച് ബസ് തിരിഞ്ഞപ്പോള്‍ അഷ്ടമുടിക്കായലും അതിലേയ്ക്ക് ചാഞ്ഞുനില്‍ക്കുന്ന തെങ്ങുകളും കാണാന്‍ പറ്റി. മെയിന്‍ റോഡിലേയ്ക്കുള്ള കയറ്റം കയറുന്നതിനിടയ്ക്ക് കണ്ടക്ടര്‍ മണിയടിച്ച് വണ്ടി നിറുത്തിച്ചു. ഓടിക്കയറിയ യുവതി കിതച്ചുകൊണ്ട് മേഘയുടെ അരികില്‍ വന്നിരുന്നു. മേഘ ചിരിച്ചു. ചുവന്ന സാരിയുടുത്ത ആ യുവതിയുടെ കൈകള്‍ നന്നേ മെലിഞ്ഞിട്ടാണ്. ഇടത്തേ കൈത്തണ്ടയില്‍ പൊന്തിനിന്ന ഞരമ്പുകള്‍ക്കു കുറുകെ കറുത്ത ചരടുകെട്ടിയിട്ടുണ്ട്. ചിന്നക്കട മണിമേട പിന്നിട്ടപ്പോള്‍ അവള്‍ ഒരു പൊതി കടല പുറത്തെടുത്തു. മേഘയുടെ മുഖത്തേയ്ക്ക് സംശയിച്ച് നോക്കി “വേണോ” എന്നു ചോദിച്ചു. മേഘ വേണ്ട എന്നു തലയാട്ടി. രണ്ടുപേരും ചിരിച്ചു. ഒരു മണി കടല വായിലിട്ട് നുണയുമ്പോള്‍ അവളുടെ നുണക്കുഴികള്‍ തെളിഞ്ഞുവരുന്നത് മേഘ കൌതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. അവള്‍ വീണ്ടും ചിരിച്ചു, മേഘയുടെ നേര്‍ക്ക് പൊതിനീട്ടി. “എന്റെ പേര് സുജ. എങ്ങോട്ടാ?”.

സുജ കൊല്ലത്ത് അണ്ടിയാപ്പീസില്‍ പണിക്കുവന്നതാണ്, ആഴ്ച്ചയിലൊരിക്കല്‍ തിരുവനന്തപുരത്ത് വീട്ടിലേയ്ക്കു പോവും. അവിടെ മോനുണ്ട്, മുത്തശ്ശിയുണ്ട്. മോന്‍ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കനാണ്. അവന് നാളെ പരീക്ഷയാണ്. ഇപ്പൊഴേ തന്നെ വലിയ സ്വപ്നങ്ങളാണ്. സുജ ഉത്സാഹത്തോടെ പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് മേഘയുടെ വിശേഷങ്ങളും ചോദിച്ചു. മേഘ കൂട്ടുകാരിയുടെ കല്യാണത്തിനു പോവുകയാണ്, ഭര്‍ത്താവിന് വരാന്‍ പറ്റിയില്ല, ഒറ്റയ്ക്ക് കാറോടിക്കാന്‍ വയ്യ, അതുകൊണ്ട് ബസ്സില്‍ കയറി. മേഘ സുജയുടെ ഭര്‍ത്താവിനെക്കുറിച്ച് ചോദിച്ചു, സുജ മിണ്ടാതെയായി - അയാള്‍ വീടുവിട്ടുപോയിട്ട് ആറുമാസമായി. “പിണങ്ങിപ്പോയതാണോ?” സുജ ഒന്നും പറഞ്ഞില്ല. പിന്നെ മുറുകിവന്ന മൌനത്തെ മുറിച്ച് തിരിച്ചുചോദിച്ചു - “തമ്പാനൂരിറങ്ങി എങ്ങോട്ടു പോണം? ഓട്ടോ പിടിച്ചു പോവുമോ?”
“ഇല്ല, ഒരു സുഹൃത്തുവരും”
“കാറും കൊണ്ടുവരുമോ?”
“ബൈക്കും കൊണ്ട്” - സുജ തെറ്റിദ്ധരിക്കുമോ എന്ന് മേഘ ഭയന്നപ്പൊഴേയ്ക്കും - “ആഹാ, ബോയ്ഫ്രണ്ടാണോ” എന്ന് അവള്‍ ചോദിച്ചുകഴിഞ്ഞിരുന്നു.
“ഏയ്, ഞാന്‍ കെട്ടിയതാ”. കഴുത്തില്‍ കിടന്ന താലി തെരുത്തുകൊണ്ട് മേഘ തുടര്‍ന്നു, “വിമല്‍ ഒരു സുഹൃത്താണ്, നല്ല സുഹൃത്ത്”.

അരമണിക്കൂര്‍ മുന്‍പുമാത്രം പരിചയപ്പെട്ട ഒരപരിചിതയോട് വേണ്ടാത്തതു പലതും വിശദീകരിക്കേണ്ടി വന്നതിന്റെ അസ്വാസ്ഥ്യത്തില്‍ മേഘ ഒന്നും മിണ്ടാതെ കയ്യിലെ മോതിരം വെറുതേ തിരിച്ചുകൊണ്ടിരുന്നു. വണ്ടി ചാത്തന്നൂര്‍ ബസ്റ്റാന്‍ഡിലേയ്ക്ക് കയറി. ജനാലയില്‍ കൂടി ഹോട്ടലുകാരന്‍ “ചായവേണോ” എന്നു ചോദിച്ചു. മേഘയ്ക്ക് ചായ കുടിക്കണമെന്നുണ്ടായിരുന്നു, സുജയോട് ചായവേണോ എന്നു ചോദിക്കാനുള്ള മടികൊണ്ട് അവളും വേണ്ട എന്നു നിശ്ചയിച്ചു. ബസ്സ് വിട്ടു. “ഞാന്‍ വിമല്‍ ബോയ്ഫ്രണ്ടാണോ എന്ന് വെറുതേ ചോദിച്ചതാ”.
“ഉം”.
“എനിക്കും കൂട്ടുകാരുണ്ടല്ലോ. ഉണ്ണി ഇടയ്ക്ക് വീട്ടില്‍ വരും”.
“എന്തിന്?”
സുജ ചിരിച്ചു. “വെറുതേ. ഉണ്ണി ഭര്‍ത്താവിന്റെ പഴയ കൂട്ടുകാരനാ”.
മേഘയ്ക്ക് ആ ചോദ്യം വേണ്ടായിരുന്നു എന്നു തോന്നി. ഉണ്ണി ആരായാല്‍ തനിക്കെന്താണ്. എങ്കിലും വെറുതേ ഉപദ്രവിക്കാന്‍ തോന്നി. “ഉണ്ണിയെ ഇഷ്ടമാണോ?”
സുജ മുഖം ചുളിച്ചു, ഒന്നും മിണ്ടാതെ ചിരിച്ചെന്നു വരുത്തി.
“ഉണ്ണിയെ കാണാന്‍ എങ്ങനെയാണ്? മീശയുണ്ടോ?”
സുജ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ടിരുന്നു. അവളുടെ മുഖത്ത് ദേഷ്യമാണോ സന്തോഷമാണോ എന്ന് വായിച്ചെടുക്കാന്‍ പ്രയാസമായിരുന്നു. ഉണ്ണി കാണാന്‍ എങ്ങനെയായിരിക്കുമെന്ന് മേഘ കണ്ണടച്ച് സങ്കല്‍പ്പിച്ചുതുടങ്ങി. സുജയുടെ വീട് - അരണ്ട ഒരോലക്കുടില്‍, വാതില്‍പ്പാളി തുറന്നു കയറുന്നത് കിടപ്പുമുറിയിലോട്ടാണ്, കനത്ത മഴ പെയ്യുന്നു, മുറ്റത്ത് വാഴയും മന്ദാരപ്പൂക്കളും, ഇരുട്ട്, മഴയുടെ വൃത്തത്തില്‍ നിന്നും സുജ അകത്തുകയറുന്നു, ചൂടിക്കട്ടില്‍, പഴയ ഒരു തലയണയില്‍ മുഖമമര്‍ത്തി കാമുകന്‍ പുറംതിരിഞ്ഞുകിടക്കുന്നു. ഉണ്ണിക്ക് ഉറച്ച ശരീരമാണ്, അധികം പൊക്കമില്ല. കയ്യില്ലാത്ത ബനിയനില്‍ നിന്നും ചുരുണ്ട രോമങ്ങള്‍ തള്ളിനില്‍ക്കുന്നു. ചൂടത്ത് അവന്‍ വിയര്‍ക്കുന്നു, വിയര്‍പ്പിന്റെയും മഴയുടെയും ചൂടുള്ള മണം. സുജ ചിരിച്ചുകൊണ്ട് ഹാന്‍ഡ്ബാഗ് ഒരു കസാരയില്‍ വെക്കുന്നു. സാരി തോളിലേയ്ക്ക് കുത്തിയിരുന്ന പിന്ന് ഊരിക്കൊണ്ട് ഇടത്തേ കൈകൊണ്ട് ഉണ്ണിയുടെ തോളില്‍ പിടിക്കുന്നു. ഉണ്ണി മുഖം തിരിക്കുന്നു, ഉണ്ണിയല്ല, വിമല്‍. ഞാന്‍ ബൈക്കും കൊണ്ട് വരുമായിരുന്നല്ലോ. തമ്പാനൂര്‍ ബസ്റ്റാന്‍ഡില്‍ കാത്തുനിന്നതാണല്ലോ”.

മേഘ ഉറക്കമുണര്‍ന്നപ്പോള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. ഉറക്കത്തില്‍ അറിയാതെ തല സുജയുടെ തോളില്‍ ചാഞ്ഞുപോയി. നൂന്ന് ഇരുന്നപ്പോള്‍ സുജയുടെ തോളത്തും വിയര്‍പ്പുപടര്‍ന്നിട്ടുണ്ട്. അവള്‍ ചിരിച്ചു. “ക്ഷമിക്കൂ, ഞാന്‍ ഉറങ്ങിപ്പോയി”.
സുജയും ചിരിച്ചു, “സാരമില്ല”.
“ഉണ്ണിയെ സുജയ്ക്ക് ഇഷ്ടമാണോ?”
“ആഹാ, അതിതുവരെ വിട്ടില്ലേ”
മേഘ ചിരിച്ചു.
“അങ്ങനെ ഇഷ്ടമൊന്നുമില്ല”.
“മോന് എത്ര വയസ്സായി?”
“മോനോ?” പെട്ടെന്നു പതറിയതുപോലെ അവള്‍ പറഞ്ഞു. “അവന്‍ മഹാ ചട്ടമ്പിയാണ്. എട്ടു വയസ്സായി, പക്ഷേ എന്തൊരു വിളച്ചിലാണ്. സ്കൂളില്‍ അടിയുണ്ടാക്കി ദേഹമാകെ ചെളിയാക്കിക്കൊണ്ടു വരും. പക്ഷേ പഠിക്കാന്‍ മിടുക്കനാണ്.. ദേ, കഴക്കൂട്ടം എത്തി. അടുത്ത സ്റ്റോപ്പില്‍ ഞാനിറങ്ങും”
“ഇനിയും കാണാം,”
“കാണാം”
“ഫോണ്‍ നമ്പരുണ്ടോ? ഞാന്‍ ഇടയ്ക്ക് വിളിക്കാം”
“ഇല്ല, നമുക്ക് ഇങ്ങനെ ബസ്സില്‍ വെച്ചു കാണാം”
“എപ്പൊ?”
“കാണാമെന്നേ”
മേഘ ബാഗ് തുറന്ന് ആയിരം രൂപയെടുത്തു. “സുജേ, ഇതിരിക്കട്ടെ. മോന് ഉടുപ്പുമേടിച്ചുകൊടുക്കൂ”
“അയ്യോ സാറേ, വേണ്ട”
“പറ്റില്ല, ഇത് മോനുവേണ്ടിയാണ്”
“സാറേ, അവനു ഷര്‍ട്ടുണ്ടല്ലോ” - മേഘ ചുരുട്ടിയ നോട്ട് സുജയുടെ കയ്യില്‍ തിരുകിവെച്ചു. ഒന്നും മിണ്ടാതെ ശരി എന്നു തലകുലുക്കിക്കൊണ്ട് സുജ എഴുന്നേറ്റു. ബസ്സ് നിന്നു. അവള്‍ പിന്നിലേയ്ക്ക് നടന്ന് ഇറങ്ങിപ്പോയി. ബസ്സ് നീങ്ങിത്തുടങ്ങിയപ്പോള്‍ മേഘ വഴിയിലേയ്ക്കു തിരിഞ്ഞുനോക്കിയെങ്കിലും അവളെ കാണാന്‍ പറ്റിയില്ല.

സുജ എന്തിനാണ് തന്നെ സാറേ എന്നു വിളിച്ചതെന്ന് അവള്‍ക്കു മനസിലായില്ല. താന്‍ കൊടുത്ത പൈസ കൊണ്ട് അവള്‍ മോന് ഉടുപ്പുവാങ്ങിച്ചുകൊടുക്കുമോ എന്ന് അവള്‍ ആലോചിച്ചുതുടങ്ങി. ഒരുപക്ഷേ അവള്‍ക്ക് അങ്ങനെയൊരു കാമുകനോ, മോനോ ഒന്നും ഉണ്ടാവുകയില്ലെന്നും എല്ലാം വെറുതേ പറഞ്ഞതാണെന്നും മേഘയ്ക്കു തോന്നി. ആയിരം രൂപ വെറുതേ കളഞ്ഞു എന്ന് ആലോചിച്ചപ്പോള്‍ മേഘയ്ക്ക് തലവേദനിച്ചുതുടങ്ങി. തലവേദന കുറയ്ക്കാനെന്നോണം അവള്‍ കണ്ണ് ഇറുക്കിയടച്ച് ഉറങ്ങാന്‍ ശ്രമിച്ചു.

12/13/2008

അംനീഷ്യ



ഒരാളെ കൊന്നതിനാണ് എന്നെ ജയിലിലടച്ചത്.

കട്ടിത്തലയണകൊണ്ട് മൂക്കും വായും അടച്ചുപിടിച്ച് കൈമുട്ടുകുത്തി മുഖത്തമര്‍ത്തണം, ശക്തിയായി അമുക്കണം, പിടിവിടാതെ പിടഞ്ഞുപിടഞ്ഞ് കൈനഖം കൊണ്ട് ഇര സ്വന്തം ശരീരം വലിച്ചുകീറുന്നതവഗണിച്ച്, കൈത്തണ്ടയില്‍ മരണപ്പിടിത്തം പിടിക്കുന്നതവഗണിച്ച്, തുറിച്ച് പുറത്തുചാടാന്‍ തുള്ളുന്ന ചോരക്കണ്ണുകളെ അവഗണിച്ച് - തലയണ അമര്‍ത്തിപ്പിടിക്കുമ്പോള്‍ പ്രാണന്‍ പുറത്തുവരുന്നത് മൂക്കിലൂടെയോ വായിലൂടെയോ? - ആത്മാവ് നീലജ്വാലപോലെ വായുവില്‍ ഉയരാതെ തലയണയിലെ പഴന്തുണികള്‍ക്കിടയില്‍ കുടുങ്ങിപ്പോയിക്കാണണം - തലയണ ഞാന്‍ ദൂരെയെറിഞ്ഞു - പിഞ്ഞിയ വിടവിലൂടെ അകത്തുനിന്നും ചുവന്ന പഴന്തുണികള്‍ പുറത്തുചാടുന്നു - നീളുന്ന ചുവന്ന നാവുപോലെ - ഞാന്‍ ശവത്തിന്റെ കൈകാലുകള്‍ നേരെയാക്കി - സ്വാഭാവിക മരണം - എന്തിനാണ് എന്നെ ജയിലിലടച്ചത്?

ഇളംനീല ആസ്ബസ്റ്റോസ് തകിടുകൊണ്ടുള്ള ജയിലിന്റെ പുറംവാതിലില്‍ ഒരു ചുവന്ന ചതുരമുണ്ട്. മീശയുള്ള പോലീസുകാരന്‍ പാളിതാഴ്ത്തി നരച്ച കഷണ്ടിത്തല കാണിച്ചു. കിരുകിരാ ശബ്ദത്തോടെ - എല്ലാ വാതിലുകള്‍ക്കും ഈ ശബ്ദമുണ്ടോ - വാതില്‍ തുറന്ന് ഒരക്ഷരം മിണ്ടാതെ അവര്‍ എന്നെ അകത്തേയ്ക്കു നടത്തി. തന്ന പ്ലാസ്റ്റിക്ക് കൂടുതുറന്ന് ഞാന്‍ നരച്ച വെള്ള വസ്ത്രം ധരിച്ചു. കൈ വിയര്‍ക്കുന്നു, ഷര്‍ട്ടില്‍ തുടച്ചപ്പോള്‍ ചുവന്ന നിറം പുരണ്ടു. എനിക്കിനി പേരില്ല, നമ്പറേയുള്ളൂ. നമ്പര്‍ 666.

ജയിലിന്റെ നടുവില്‍ പൊള്ളുന്ന വെയിലാണ്. വെയിലിനു നടുവില്‍ ഒരു ചതുരം. അതില്‍ പറ്റംകൂടിനില്‍ക്കുന്ന കണ്ണുകള്‍ - ക്ഷീണിച്ച കണ്ണുകള്‍‍, കൂര്‍ത്ത കണ്ണുകള്‍, വിരണ്ട കണ്ണുകള്‍, മയങ്ങുന്ന കണ്ണുകള്‍, കുഴിഞ്ഞ കണ്ണുകള്‍, ചിരിക്കുന്ന കണ്ണുകള്‍, നിലവിളിക്കുന്ന കണ്ണുകള്‍, തുറിച്ച കണ്ണുകള്‍, അലറുന്ന കണ്ണുകള്‍ എന്നെ നോക്കുന്നു. കൊലപ്പുള്ളിയാണ്. തലയണകൊണ്ടു ഞെരിച്ചുഞെരിച്ച്, പ്രാണന്‍ പിഴിഞ്ഞുപിഴിഞ്ഞ് - ആരാണ് ഇടതുകയ്യില്‍ ഇറുക്കിപ്പിടിച്ച് എന്നെ നടത്തുന്നത്? - കഫവും രക്തവും തലയണയില്‍ കട്ടിപിടിച്ചുകിടന്നു - എന്റെ മുറി - ലോക്കപ്പ് - സെല്ല് - ചതുരം - ഇരുമ്പഴികള്‍ക്കുള്ളില്‍ ഇരുട്ട് ഇടതുവശത്താണ്. പോലീസുകാരന്‍ കൈത്തണ്ടയിലെ ലോഹപ്പൂട്ട് ഊരി, സ്വതന്ത്രമായ കൈകള്‍ പിടഞ്ഞു. മുറിക്കുള്ളിലെ ഇരുട്ടില്‍ കണ്ണു പഴകി, തണുത്ത നിലം. രണ്ടു കട്ടില്‍. ഒന്നില്‍ എനിക്കുള്ള പുതപ്പ്, പഴകിയ പ്ലാസ്റ്റിക്ക് കുപ്പിയില്‍ വെള്ളം, ഭക്ഷണത്തിനുള്ള പാത്രം, മൂത്രമൊഴിക്കാനുള്ള പാത്രം - മറ്റേതില്‍ പറ്റെവെട്ടിയ വെള്ളത്താടിയുള്ള വൃദ്ധന്‍ ചിരിക്കുന്നു. ഇത് ജയിലാണ്. ലോഹക്കൂടാണ്. അഴികളാണ്, പാരതന്ത്ര്യമാണ് - വൃദ്ധന്‍ ചിരിക്കുന്നു. ഞാന്‍ ഇരുന്നു. “എന്താ അമ്മാവന്റെ പേര്?”

“പേരോ? എനിക്കറിയില്ല മോനേ”
“ഉം”.

ഇരുമ്പഴികളോട് ചേര്‍ന്ന് പേടിപിടിച്ച കണ്ണുകളുള്ള മെലിഞ്ഞ കുറിയ മനുഷ്യന്‍ ഒട്ടിനിന്നു. “അങ്ങോരുടെ പേര് ശങ്കരന് പിള്ള‍. പഴയ കൊലപ്പുള്ളിയാ. ഒന്നും ഓര്‍മ്മയില്ല”. അപ്പൂപ്പന്‍ വീണ്ടും ചിരിച്ചു. വെളുത്ത നിഷ്കളങ്കമായ ചിരി. പാല്‍പ്പുഞ്ചിരി. “മോന്റെ പേരെന്താ?”. ചെവിതുളയ്ക്കുന്ന മണിയടിച്ചു. പോലീസുകാരന്‍ വന്ന് വാതില്‍ തുറന്നു. ഞാന്‍ മുറ്റത്തേയ്ക്കിറങ്ങി. ശങ്കരന്‍ പിള്ള പുറത്തിറങ്ങിയില്ല. നോക്കിയപ്പോള്‍ വീണ്ടും ചിരിച്ചു. നടുമുറ്റത്ത് ആള്‍ക്കൂട്ടം. കൂട്ടം കൂടി നില്‍ക്കുന്നവര്‍ മാറിമാറി ഒരാളുടെ ചെകിടത്ത് അടിക്കുകയാണ്. അടികൊണ്ടയാള്‍ വീഴുന്നു, എഴുന്നേല്‍ക്കുന്നു, അടിച്ചവരും അടികൊണ്ടവനും ചിരിക്കുന്നു. വീണ്ടും അടിക്കുന്നു. ഞാന്‍ അരികത്തുചെന്നപ്പോള്‍ അവര്‍ അടി നിറുത്തി. അടികൊള്ളുന്നവന്‍ ചെവിട് തടവിത്തടവി വേച്ചുവേച്ചു വന്നു. “ഇതൊക്കെയല്ലേ ഇവിടത്തെ ഒരു സന്തോഷം. ചേട്ടന് എന്നെ അടിക്കണോ?”

അടിക്കണോ? കയ്യില്‍ ചോരയാണ്. തലയണ കുതിര്‍ന്നുപോയി. വിരലുകള്‍ ഒട്ടുന്നു. കാലുകള്‍ പിടഞ്ഞുകുതിച്ച്, ശരീരം വില്ലുപോലെ വളഞ്ഞ്, നിവര്‍ന്ന്, കരയില്‍ പിടിച്ചിട്ട വെളുത്ത മത്സ്യം പിടച്ചുപിടച്ച്, പിടിവിടരുത്, വിടരുത്, വിടരുത് - വീണ്ടും മണിയടിച്ചു. പേടിപിടിച്ച കണ്ണുകള്‍ വീണ്ടും അടുത്തുവന്നു.

“എന്റെ പേര് ബാബു. കൊലപ്പുള്ളിയാണല്ലേ”.
“അതെ”.
“എങ്ങനെയാ കൊന്നത്?”
“ശ്വാസം മുട്ടിച്ച്”

“ഉവ്വോ, നിങ്ങടെ സെല്ലില്‍ കിടക്കുന്ന ശങ്കരന്‍ പിള്ളയും അങ്ങനെതന്നെയാ ഇതിനകത്തെത്തിയത്. പത്തു മുപ്പത് കൊല്ലമായി. അയാളുടെ കാര്യം സാറമ്മാര്‍ മറന്നുപോയി. അയാളും മറന്നുപോയി. അയാള്‍ എല്ലാം മറന്നുപോയെന്നേ. ഒരു തരം കൂടിയ മറവി. വല്ലൊ മാനസികാരോഗ്യ കേന്ദ്രത്തിലും കൊണ്ടാക്കാമായിരുന്നു”

ബാബു പോയി. ഇരുമ്പഴികള്‍ തുരുമ്പുപിടിച്ചിരിക്കുന്നു. രണ്ടെണ്ണം പിടിച്ച് വളയ്ക്കാന്‍ നോക്കി - ബലമുണ്ട്. അവയില്‍ പല കൈപ്പാടുകളും അമര്‍ന്നുകിടക്കുന്നു. മുകളില്‍ മച്ചിനോട് ചേര്‍ന്ന് ഒരു ചെറിയ കിളിവാതിലേയുള്ളൂ. സെല്ലിനുള്ളിലെ വായു ഉള്ളില്‍ തന്നെ വട്ടം കറങ്ങുന്നു. പുറത്തുപോവാനാവാതെ കട്ടപിടിക്കുന്നു. മൂത്രത്തിന്റെ നേര്‍ത്ത ഗന്ധമുണ്ട്. മൂക്കും വായുമമര്‍ത്തി ശ്വാസം മുട്ടുമ്പോള്‍ മൂത്രം പോവും. ചോര ഒട്ടുന്നു. കൈ കഴുകണം. ഞാന്‍ കമ്പിയഴിയില്‍ പാത്രം കൊണ്ട് തട്ടി ശബ്ദമുണ്ടാക്കി. പുറത്തുപോവണം. തിരിഞ്ഞുനോക്കിയപ്പോള്‍ കിഴവന്‍ കിടന്നുകൊണ്ട് ചിരിക്കുന്നു. ചുണ്ടനക്കി ചോദിക്കുന്നു. “ആരാ?”. നേരത്തേ ഞാന്‍ മുറിയിലെത്തിയത് കിഴവന്‍ മറന്നുപോയിരിക്കുന്നു. എല്ലാം മറക്കാന്‍ കഴിഞ്ഞെങ്കില്‍ - ഓര്‍മ്മക്കുറവ് എന്തൊരനുഗ്രഹമാണ്.

കൈ സോപ്പിട്ട് കഴുകിയിട്ടും ചോര ഒട്ടുന്നു. ഒരു വിധത്തില്‍ തുടച്ച് ഞാന്‍ മുറിയിലെത്തി. കിഴവന്‍ കട്ടിലില്‍ കുന്തിച്ചിരിക്കുന്നു. കൈകളിലെ തളര്‍ന്ന ഞരമ്പുകള്‍ക്ക് നേര്‍മ്മ. വിരിഞ്ഞ നെറ്റിയില്‍ വെള്ളിരോമങ്ങള്‍. സന്തോഷം കൊണ്ട് തിളങ്ങുന്ന കണ്ണുകള്‍ക്കുമീതേ കറുത്ത കട്ടിക്കണ്ണട. “അമ്മാവാ, നിങ്ങള്‍ക്ക് വീട്ടിലാരുമില്ലേ?”

“ഞാനിവിടെയാ താമസം മോനേ”
“ആരുമില്ലേ വിളിച്ചോണ്ടുപോവാന്‍?”
“എനിക്ക് ആരെയും അറിയില്ല”

ഞാന്‍ കട്ടിലില്‍ കയറിക്കിടന്നു. കണ്ണുകളടയ്ക്കുമ്പോള്‍ തലയ്ക്കകത്ത് മുറി. മങ്ങിയ വെളിച്ചത്തില്‍ ചുവന്ന നിറത്തില്‍ ഒരു ശരീരം കിടന്നു പിടയുന്നു. ഓര്‍മ്മകളാണ്. കഴുകിക്കളയണം. ഒരു ബക്കറ്റില്‍ ഡെറ്റോള്‍ കലക്കി കുളിക്കണം. ഉറങ്ങണം - എത്ര ദിവസമായി എന്നറിയില്ല. കണ്ണുകള്‍ തൂങ്ങുന്നു. വീണ്ടും കിഴവനെ നോക്കി. അയാള്‍ എന്നെ കണ്ടിട്ടില്ലാത്തതുപോലെ അമ്പരന്നു നോക്കി. “ആരാ?”

“കിഴവാ, നിങ്ങളുടെ നാടെവിടെയാ?”
“എനിക്കറിയില്ല മോനേ”
“നിങ്ങളുടെ മക്കളുടെ പേരെന്താ?”
“മക്കളോ?”
“നിങ്ങള്‍ക്കൊന്നും ഓര്‍മ്മയില്ലേ?”
“ആരാ?”

പുറത്തുപോവാത്ത ശ്വാസം എവിടെയാണ് കുടുങ്ങിക്കിടക്കുക? തൊണ്ടയിലോ? നെഞ്ചിന്‍‌കൂടിലോ? എല്ലാം മറക്കണം, ഉറങ്ങണം, ഉറങ്ങണം. പാറാവുകാരില്‍ ആരോ ലൈറ്റ് അണച്ചു. മുറിയിലെ സീറോവാട്ട് ബള്‍ബ് മാത്രം അണയാതെ കിടന്നു. അതിന് ചുവട്ടില്‍ ഒരു പല്ലി പ്രതിമപോലെയിരിക്കുന്നു. പല്ലിക്കണ്ണുകള്‍ അനങ്ങുന്നില്ല. ചത്ത പല്ലി ചുമരില്‍ ഒട്ടിയിരിക്കുമോ? അതോ റബ്ബര്‍ പിടിത്തം വിട്ട് നിലത്തേയ്ക്ക് അടര്‍ന്നുവീഴുമോ? ചാരനിറമുള്ള ഒരു പ്രാണി ലൈറ്റിനു ചുറ്റും പറക്കുന്നു. പൊടിപിടിച്ച ചിറകുകള്‍ വീശി വായുവില്‍ അസമവൃത്തങ്ങള്‍ വരച്ച് അത് ചുമരിലൊരിടത്തിരുന്നു. നനുത്ത മുഖമുയര്‍ത്തി പ്രാണി പല്ലിയെ നോക്കി. ശിശുവിനെപ്പോലെ ചിരിച്ചു. പല്ലി അനങ്ങിയില്ല. പ്രാണിയുടെ വെള്ളിത്താടി വിറച്ചു. അതിന്റെ വെള്ളപ്പിരികങ്ങള്‍ക്കുമീതേ കറുത്ത കട്ടിക്കണ്ണട വിറച്ചു. പല്ലി നിശബ്ദമായി ചോദിച്ചു. “നിങ്ങള്‍ക്കെന്നെ ഓര്‍മ്മയില്ലേ?”

പ്രാണി ചിറകുകള്‍ കുടഞ്ഞു. വീണ്ടും ചിരിച്ചു. “ഇല്ലല്ലോ. എനിക്കൊന്നും ഓര്‍മ്മയില്ല. ഇന്നലെ ഓര്‍മ്മയില്ല. ഇന്ന് ഓര്‍മ്മയില്ല. നിന്നെ ഓര്‍മ്മയില്ല. ഒന്നും ഓര്‍മ്മയില്ല. ഓര്‍ക്കാതിരിക്കുന്നത് എന്തൊരു സുഖമാണ്!”

പല്ലിയുടെ തലച്ചോറില്‍ മിന്നല്‍പ്പിണറുകള്‍ പുളഞ്ഞു. ഓര്‍ക്കാതിരിക്കുന്നതിന്റെ സുഖം. ഓര്‍മ്മകള്‍ ഇല്ലാതിരിക്കുന്നതിന്റെ സുഖം. മറവിയുടെ സുഖം. കഴുത്തില്‍ കൈക്കുഴയമര്‍ത്തുമ്പോള്‍ പിടഞ്ഞുപിടഞ്ഞ് - പല്ലിയുടെ കണ്ണുകള്‍ കുഴഞ്ഞു. പല്ലിക്ക് ഉറക്കമില്ല. പ്രാണി വീണ്ടും ചിരിച്ചു. മിന്നല്‍ പോലെ പല്ലിയുടെ നാവു ചലിച്ചു, കൂര്‍ത്ത അരിപ്പല്ലുകള്‍ക്കിടയിലിരുന്ന് പ്രാണി പിടഞ്ഞു, ചിറകുകളില്‍ നിന്നും വേര്‍പെട്ട്, കാലുകളില്ലാതെ, ഉടലില്ലാതെ, പ്രാണിത്തല ചിരിച്ചു, അതിലെ വെള്ളിരോമങ്ങള്‍ എഴുന്നുനിന്നു, “എനിക്കൊന്നും ഓര്‍മ്മയില്ലാ, ഓര്‍മ്മയില്ലാ, ഓര്‍മ്മയില്ലാ”.

ഓര്‍മ്മകളില്ലാതെ ഞാന്‍ സുഖമായി ഉറങ്ങി.

കമ്പിയഴികളില്‍ക്കൂടി അകത്തുകടന്ന പ്രഭാതത്തില്‍ ജയിലിലെ സെല്ലില്‍ ഇരുമ്പുകട്ടിലില്‍ വൃദ്ധന്‍ ചത്തുകിടന്നു. ഒന്നുമറിയാതെ, ഉറക്കത്തില്‍ സംഭവിച്ച സ്വാഭാവിക മരണം. വായില്‍ നിന്നും പുറത്തേയ്ക്കൊഴുകിയ കഫവും രക്തവും മെത്തയിലേയ്ക്കു പടര്‍ന്നുകിടന്നു. മഞ്ഞനിറമുള്ള നരച്ച തലയണ രക്തത്തില്‍ക്കുതിര്‍ന്ന് അല്പം മാറി നിലത്തുകിടന്നു.

ഒരാളെ കൊന്നതിനാണ് എന്നെ ജയിലിലടച്ചത്. ശങ്കരന്‍ പിള്ള എന്ന കിഴവനെ.

11/12/2008

പോത്ത്

ഒരു കഥ - ചിന്തയില്‍ വായിക്കു.

10/27/2008

പുസ്തക പ്രകാശനം


(ഇടതുനിന്നും വലതേയ്ക്ക് - ഡി. വിനയചന്ദ്രൻ, റെയ്ൻബോ രാജേഷ്, കാക്കനാടൻ, ഞാൻ, ബി. മുരളി) - തുളസി ഒപ്പിയ ചിത്രം.

അങ്ങനെ പുസ്തകം പുറത്തിറങ്ങി.

ഇന്ന് വൈകുന്നേരം കാക്കനാടൻ ബി.മുരളിക്ക് നൽകി പുസ്തകം പ്രകാശിപ്പിച്ചു. ഡി. വിനയചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. റെയിൻബോ രാജേഷ് സ്വാഗതം പറഞ്ഞു, മനു ഗോപാൽ ആശംസകളർപ്പിച്ച് ഒരു കഥ വായിച്ചു. ഞാൻ നന്ദി പറഞ്ഞു.

പുസ്തകം വാങ്ങേണ്ടവർക്ക് മോബ് ചാനലിൽ നിന്നോ സ്മാർട്ട് നീ‍ഡ്സിൽ നിന്നോ വാങ്ങാവുന്നതാണ്. റെയ്ൻബോയുടെ ചെങ്ങന്നൂരുള്ള ഓഫീസിൽ നിന്നും പുസ്തകം വാങ്ങാം. യു.എ.ഇ-ഇൽ പുസ്തകം ആവശ്യമുള്ളവർ എനിക്ക് ഒരു മെയിൽ അയയ്ക്കൂ.

Google