സിമിയുടെ ബ്ലോഗ്

9/21/2011

വള്ളംകളി


രാഷ്ട്രപതി ഹോട്ടലിന്റെ മട്ടുപ്പാവിൽ നിന്നും അഷ്ടമുടിക്കായലിലേയ്ക്കു നോക്കി.  ചാക്കുകയറ്റിയ ഒരു കെട്ടുവള്ളം ജാലകക്കാഴ്ച്ചയുടെ ഇടത്തേ അതിരിൽ നിന്നും നീങ്ങിവന്നു. പുതിയത് എന്നു തോന്നിച്ച ബനിയനും കൈലിയുമുടുത്ത ഒരു മെലിഞ്ഞ മനുഷ്യൻ നീണ്ട മുളവടി കുത്തി വള്ളമുന്തുന്നു. അയാൾ തലയുയർത്തി ജനാലയിലേയ്ക്കു നോക്കി. രാഷ്ട്രപതി തന്നെ നോക്കുന്നതുകണ്ട് ആഹ്ലാദത്തോടെ കൈ വീശി. രാഷ്ട്രപതി ചിരിച്ചുകൊണ്ട് തിരിച്ചു കൈവീശി. ആ വള്ളത്തിൽ ത്രിവർണ്ണ പതാകയുടെ നിറങ്ങൾ പൂശിയിരുന്നു. കായലിന്റെ അകലങ്ങളിൽ സുരക്ഷാ സേനയുടെ സ്പീഡ് ബോട്ടുകൾ മാഞ്ഞുപോകുന്ന വൃത്തങ്ങൾ വരച്ചു. രാഷ്ട്രപതി തന്റെ മുറിയിലേയ്ക്ക് തിരിഞ്ഞു. പരിചാരകൻ വാതിലിൽ മൃദുവായി മുട്ടി. മേം, അത്താഴത്തിനു എന്തൊക്കെയാണ് വേണ്ടത്?

ഇന്നു രാത്രി നിനക്കെന്താണ് കഴിക്കാൻ വേണ്ടത്? പേരറിവാളൻ ആ ചോദ്യത്തിനു മുന്നിൽ പകച്ചുനിന്നു.  നീണ്ട പതിനൊന്നു വർഷമായി ഈ ചോദ്യവും അതിനുള്ള ഉത്തരവും അയാൾ സങ്കൽപ്പിച്ചുകൊണ്ടിരുന്നതാണ്. പേരറിവാളൻ തൂക്കിക്കൊലയ്ക്കു വിധിക്കപ്പെട്ട കുറ്റവാളിയാണ്. നിയമത്തിന്റെ നീണ്ട കയർ വാസുകിയുടെ വാലുപോലെ അന്തമില്ലാതെ തോന്നിക്കുമെങ്കിലും ഒടുവിൽ കഴുത്തുതിരഞ്ഞ് എത്തും. പേരറിവാളൻ ചെറുപ്പമാണ്. തൂക്കിക്കൊലയ്ക്ക് വിധിക്കപ്പെട്ടിട്ടു വര്‍ഷങ്ങളായി. സ്വന്തം മരണത്തിനു വേണ്ടിയുള്ള ഈ നീണ്ട കാത്തിരിപ്പിനിടയിൽ മാരക രോഗങ്ങളൊന്നും വന്നില്ലെങ്കിൽ, അവിചാരിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ, താൻ കയറിൽത്തൂങ്ങും എന്നത് അയാള്‍ക്ക്‌ പണ്ടേ അറിയാം. പിന്നെ ചെയ്യാനുള്ളത് സ്വന്തം മരണത്തെ സങ്കൽപ്പിക്കുകയാണ്. താൻ മരിക്കുന്ന ദിവസം എങ്ങനെയായിരിക്കണം? അതാണ് അയാൾ ഇത്രനാൾ സങ്കൽപ്പിച്ചുകൊണ്ടിരുന്നത്.

തന്റെ മരണം ഒരു സ്വകാര്യ അനുഭവം ആകണം എന്ന ആഗ്രഹം പേരറിവാളന്റെ കഴിവിനപ്പുറമായിരുന്നു. അടച്ചിട്ട മുറിയിൽ ആരും കാണാനില്ലാതെ ഒരു സ്വച്ഛമരണം, ആരും ശ്രദ്ധിക്കപ്പെടാതെ ഒരു കുഴിയിലേയ്ക്കു മറിഞ്ഞ് മരിച്ചുവീണ് അവിടെത്തന്നെ മണ്ണായിത്തീരുന്നത്, ഒന്നോ രണ്ടോ അടുത്തവർ മാത്രം അരികെനിൽക്കെ ആശുപത്രിക്കിടക്കയിൽ അന്ത്യശ്വാസം വലിക്കുക, തുടങ്ങിയ സ്വകാര്യ മരണങ്ങളെ അയാള്‍ സ്വപ്നം കണ്ടു. പക്ഷേ പ്രദര്‍ശനപരത നിറഞ്ഞ ഒരു മരണമാണ് പേരറിവാളനു വിധിച്ചിട്ടുള്ളത്. മറ്റൊരു പ്രശ്നം വൃത്തിയുടേതാണ്. ദിവസവും പലതവണ കൈ കഴുകുന്ന പ്രകൃതമായിരുന്നു പേരറിവാളന്റേത്. ജയിലിൽ വരുന്നതിനു മുൻപ് കുളിക്കാൻ അയാൾ ധാരാളം സമയം ചിലവഴിച്ചിരുന്നു. ജയിലിൽ കിട്ടുന്ന അലവൻസിൽ ഒരു പങ്ക് ചിലവഴിച്ചിരുന്നത്  സോപ്പ് വാങ്ങുന്നതിനാണ്. മരണം വൃത്തിയും വെടിപ്പുമുള്ളതായിരിക്കണം എന്ന് അയാൾ ആഗ്രഹിച്ചു. തൂക്കിക്കൊല, അല്ലെങ്കിൽ ഒരു കയറിലോ ഷാളിലോ തൂങ്ങിയുള്ള മരണം, വൃത്തികെട്ട മരണമാണ്. അതായത് - തൂങ്ങുന്ന മാത്രയിൽ ഒരാൾ മരിക്കുന്നില്ല. ശരീരത്തിൽ പിടിവിടാതെ കടിച്ചു തൂങ്ങിക്കിടക്കുന്ന ജീവൻ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം കൂടുതൽ ജീവിക്കാൻ ശ്രമിക്കും. മരണത്തെ തോൽപ്പിക്കാനുള്ള ജീവന്റെ കുതിപ്പ് ശരീരത്തിനുള്ളിൽ വിങ്ങിപ്പൊട്ടും. മരണവും ജീവിതവും ശരീരത്തിനുള്ളിൽക്കിടന്ന് കെട്ടിമറിയും. കൈവിരലുകൾ ഭ്രാന്തമായി ശരീരം മാന്തിപ്പൊളിക്കും. മൂത്രവും മലവും ശുക്ലവും പുറത്തുചാടും. ഈ നാറ്റത്തിലേയ്ക്കാണ്, വൃത്തികെട്ട ഈ ദൃശ്യത്തിലേയ്ക്കാണ്,  തൂക്കുകയറിൽ നിന്നും ശവത്തെ ഇറക്കാൻ വരുന്നവർ നടന്നടുക്കുന്നത്. ഇങ്ങനെ അറയ്ക്കുന്ന മരണം പേരറിവാളനു താല്പര്യമില്ലായിരുന്നു. വയറൊഴിഞ്ഞുകിടന്നാൽ അത്രയും കുറവ് മലവും മൂത്രവുമേ പുറത്തുചാടൂ, ഒരുപക്ഷേ ശരീരം വൃത്തിയായിത്തന്നെ ഇരുന്നെന്നും വരാം, മാന്യമായി മരിക്കാൻ കഴിഞ്ഞേക്കും - "ഇന്ന് ഒന്നും കഴിക്കാൻ വേണ്ട", അയാൾ പറഞ്ഞു.

അവസാനത്തെ അത്താഴമാണ്, വേണ്ടെന്നു പറയരുത് എന്ന് പറയാൻ തുടങ്ങിയെങ്കിലും പാറാവുകാരൻ ഒന്നും പറഞ്ഞില്ല. സെല്ലിലെ കമ്പിയഴികളിൽ പിടിച്ചുനിന്ന പേരറിവാളന്റെ കൈവിരലുകൾക്കു മുകളിൽ തന്റെ കൈപ്പത്തികള്‍ വെച്ച് അല്പനേരം നിന്നതിനു ശേഷം അയാൾ തിരിച്ചുപോയി.

ഭക്ഷണത്തിനുള്ള  ഓർഡർ എടുത്ത് പരിചാരകൻ വാതിലടച്ചു. മൃദുവായ ചവിട്ടുവിരിയിൽ നടന്നുകൊണ്ട് രാഷ്ട്രപതി പ്രസിഡൻഷ്യൽ സ്വീട്ടിന്റെ അലങ്കാരങ്ങൾ ശ്രദ്ധിച്ചു. വീട്ടിത്തടിയിൽ നിർമ്മിച്ച മേശയിൽ ചെറിയതെങ്കിലും സുന്ദരമായ ഫ്ലവർ വേസിൽ വെളുപ്പും മഞ്ഞയും  ഓർക്കിഡ് പുഷ്പങ്ങൾ ക്രമമായി അടുക്കിവെച്ചിരിക്കുന്നു. വലിയ കട്ടിലിനു പിന്നിൽ മോഹിനിയാട്ടത്തിന്റെ ലാസ്യചിത്രങ്ങൾ. അതിനു എതിർവശത്തായി ചുവരിനെ അലങ്കരിക്കുന്ന ആറന്മുളക്കണ്ണാടിയിൽ നെറ്റിയിൽ ഒരു വലിയ പൊട്ടു കുത്തിയ തന്റെ മുഖം പ്രതിഫലിക്കുന്നത് രാഷ്ട്രപതി കണ്ടു. പ്രായം തന്റെ മുഖത്തെയും മുടിയിഴകളെയും ആക്രമിക്കുന്ന ചിരപരിചിതദൃശ്യം അവർ താല്പര്യമില്ലാതെ വീക്ഷിച്ചു. മേശപ്പുറത്ത് ഒരു നോട്ട്ബുക്കും മഷിപ്പേനയും ഒതുക്കിവെച്ചിരിക്കുന്നു. അവർ ആ നോട്ട്ബുക്ക് കൈയിലെടുത്തു.

പേരറിവാളൻ വീണ്ടും തന്റെ മരണം സ്വപ്നം കണ്ടു. ആരാച്ചാർ ലിവർ വലിക്കുന്നതും തൂക്കുകയർ പൊട്ടി താൻ നിലത്തുവീഴുന്നതും ഉരുണ്ടുപിരണ്ട് നിലത്തുനിന്നും കുതറിയെഴുന്നേറ്റു മുഖംമൂടി  അഴിച്ചുകളഞ്ഞ് കൈകൾ വിരിച്ചുപിടിച്ച് ജയിലിന്റെ വാതിലിനടുത്തേയ്ക്ക് ഓടുന്നതും പ്രധാനവാതിൽ മലക്കെ തുറന്നുകിടക്കുന്നതും ഗേറ്റു കടക്കുമ്പോൾ താൻ സന്തോഷം കൊണ്ട് ഉയർന്നുചാടുന്നതും ചാട്ടത്തിൽ താൻ പൂർണ്ണമായി തങ്ങിനിൽക്കുന്ന മാത്രയിൽ പാറാവുകാരൻ ഒരു പറവയെ വെടിവെയ്ക്കുന്നതുപോലെ തന്നെ പിന്നിൽ നിന്നും വെടിവെച്ചിടുന്നതും അയാൾ സ്വപ്നം കണ്ടു. സ്വപ്നം കണ്ടുകൊണ്ട് അയാൾ സെല്ലിലെ സീറോവാട്ട് ബൾബിലേയ്ക്കും കുമ്മായം പൂശാത്ത ചുമരിലേയ്ക്കും നിലത്ത് ഒരരികിൽ ഒതുക്കിവെച്ചിരിക്കുന്ന മൂത്രത്തിനുള്ള പാനിലേയ്ക്കും വളഞ്ഞു നില്‍ക്കുന്ന  ഇരുമ്പഴികളിലേയ്ക്കും നോക്കി.

മോൾസ്കീൻ കമ്പനിയുടെ നോട്ട്ബുക്കിന്റെ മൃദുത്വമുള്ള താളുകൾ. പണ്ട് ഹെമിങ്ങ്‌വേ ഇതേ കമ്പനിയുടെ നോട്ടുപുസ്തകങ്ങളിലാണ് എഴുതിയത്. രാഷ്ട്രപതി പേന കയ്യിലെടുത്തു, കസാരയിലിരുന്നുകൊണ്ട് വലിയ കൈപ്പടയില്‍ ഒപ്പിട്ടു. ഭംഗിയുള്ള ഒപ്പ്. അതിനു കീഴെ സ്വന്തം പേരെഴുതി. ഒരു ദിവസം പല കടലാസുകളിൽ ഒപ്പിടുന്നു. വായിച്ചും വായിക്കാതെയും ഒപ്പിടുന്നു. ഇന്ത്യൻ രാഷ്ട്രപതിയുടെ ജോലി പ്രധാനമായും ഒപ്പിടലാണെന്നു തോന്നിപ്പോകും. ഭരണം നടത്താൻ പ്രധാനമന്ത്രിയും കെട്ടുകാഴ്ച്ചയ്ക്ക് രാഷ്ട്രപതിയും. എന്നാൽ എല്ലാ ഒപ്പിടലും യാന്ത്രികമല്ല. മനസ്സറിഞ്ഞ്, മനസാക്ഷിക്കനുസരിച്ച്, ഒപ്പിടുന്നവയുണ്ട്, ഒപ്പിടാതെ തിരിച്ചയയ്ക്കുന്നവയുണ്ട്, വർഷങ്ങളോളം ഒപ്പിടാതെ ഫയലുകളിൽ പൂഴ്ത്തിവെയ്ക്കുന്നവയുണ്ട്. എന്നാണ് മനസാക്ഷിയുടെ വിളികേൾക്കാതെ ഒപ്പിട്ടത്? അവർ ഓർക്കാൻ ശ്രമിച്ചു. ഒരുപാട് സംഭവങ്ങൾ ഓർമ്മയിലേയ്ക്കു വന്നു, ഒന്നും ശ്രദ്ധേയമായി തോന്നിയില്ല. പരിചാരകൻ വീണ്ടും വാതിലിൽ മുട്ടി.

പേരറിവാളൻ കൈനഖങ്ങൾ കടിച്ച് അവയുടെ മൂർച്ച കളയാൻ ശ്രമിച്ചു.  വധശിക്ഷ വിധിച്ചതിനു പിന്നാലെ അവർ നഖംവെട്ടി എടുത്തുകൊണ്ടുപോയി. തൂങ്ങിക്കിടക്കുമ്പോൾശരീരം മാന്തിപ്പൊളിക്കാൻ നഖങ്ങളുണ്ടാകരുത് എന്ന് അയാൾക്കു നിർബന്ധമായിരുന്നു.  മോനേ, നിന്റെ പേരെന്താ? പേർ, പേര്, പേരറിയാത്? പേരറിയാളൻ, പേരറിവാളൻ. വാക്കുകളിൽ സംഗീതമൊളിപ്പിച്ച ഭാഷയിലെ സ്വയമറിയാത്ത പേര്. ഉറങ്ങണം. നീ കുറ്റം ചെയ്തോ? അറിയില്ല. നിന്നെ കൊല്ലുന്നത് എന്തിനാണ്? അറിയില്ല. നീ ആരാണ്? അറിയില്ല. നിനക്കെന്തെങ്കിലും പറയാനുണ്ടോ? അറിയില്ല. നിനക്കെന്നെ ഇഷ്ടമാണോ? അറിയില്ല. നിനക്കീ പൂവ് മണക്കണോ? അറിയില്ല. എന്താ നിന്റെ പേര്? പേര്, പേര്, പേരറിയില്ല. പേരറിയാളൻ, പേരറിവാ.. ഉറക്കം ഒരു കയമായിരുന്നു, അയാൾ അതിലേയ്ക്ക് ഉരുണ്ടുവീണു.

യാത്രകൾ തളർത്തിയ രാഷ്ട്രപതിയുടെ ശരീരം ഏറെനാളുകൾക്കു ശേഷം ഉറക്കഗുളികയുടെ സഹായമില്ലാതെ സുഖകരമായ ഉറക്കത്തിലേയ്ക്കു താഴ്ന്നു. നാളെ വള്ളംകളിയാണ്. സന്തോഷം കൊണ്ട് നെഹ്രുവിനെ വള്ളത്തിലേയ്ക്കു ചാടിച്ച കായികവിനോദം. രാഷ്ട്രപതി ആദ്യമായി വള്ളംകളി നേരിൽക്കാണുന്നു.

കമ്പിയഴികളിൽ മുട്ടിക്കൊണ്ട് വാർഡൻ അയാളെ നേരത്തേ എഴുന്നേൽപ്പിച്ചു. തൂക്കിക്കൊല പതിനൊന്നു മണിക്കാണ്. വാര്‍ഡന്‍ അയാളെ ജയിലിലെ പൂന്തോട്ടത്തിൽ നടത്തിച്ചു. പൂക്കളുടെ സുഗന്ധം അയാളറിഞ്ഞില്ല. വാർഡന്റെ സഹതാപം അയാൾ കേട്ടില്ല. പേരറിവാളൻ പാലൊഴിക്കാത്ത ഒരു ചായ കുടിച്ചു. കക്കൂസിൽ അയാൾ പതിവിലും കൂടുതൽ സമയം ഇരുന്നു. തലയുയർത്തി നോക്കിയപ്പോൾ കക്കൂസിന്റെ മുകളിലെ കണ്ണാടിപ്പാളിയിലൂടെ അയാളെ നോക്കുന്ന വാർഡന്റെ കണ്ണുകൾ. പ്രതിയുടെ ജീവൻ പതിനൊന്നു മണിവരെ നിലനിർത്തേണ്ടത് സർക്കാരിന്റെ കടമയാണ്. അതിനു പത്തുമിനിട്ടു മുൻപ് മരിക്കാൻ പോലും അനുവദിച്ചുകൂടാ. കൊല്ലാനുള്ള അവകാശം സർക്കാരിന്റേതാണ്, അത് മറ്റാരും കവർന്നെടുക്കാൻ സമ്മതിക്കാതെ നിതാന്തജാഗരൂഗമായ സർക്കാരിന്റെ കണ്ണുകൾ പേരറിവാളന്റെ ശൗചം നോക്കിനിന്നു.

രാഷ്ട്രപതി ഉൽസവത്തിനു ഇണങ്ങുന്ന വസ്ത്രങ്ങൾ ധരിച്ചു. കടുംപച്ച നിറത്തിലുള്ള സാരി അവരുടെ പ്രായത്തിനും പ്രകൃതത്തിനും യോജിച്ചു. കായൽപ്പരപ്പു കാണാവുന്ന കണ്ണാടിച്ചുമരുകളുള്ള റസ്റ്റാറന്റിലിരുന്ന് അവർ ഭക്ഷണം കഴിച്ചു.

അവർ വീണ്ടും അയാളെ  മുറിയിലിട്ടു പൂട്ടി. പത്തരയ്ക്കു വിളിക്കാൻ വരും. പതിനൊന്നു മണിക്കു മുൻപ് നീ മരിച്ചുകൂടാ. പതിനൊന്നു മണികഴിഞ്ഞ് നീ ജീവിച്ചുകൂടാ എന്നിങ്ങനെ ഒരു കുഞ്ഞിനെപ്പോലെ സർക്കാർ വാശിപിടിക്കുന്നു. പേരറിവാളനു ചിരി വന്നു. പ്രാതൽ കൊണ്ടുവെച്ചത് അയാൾ കഴിച്ചില്ല. തന്റെ മെത്തയിൽ കയറിക്കിടന്ന് അയാൾ തലവഴിയേ പുതച്ചു. പേരറിവാളൻ ഓർക്കാൻ ശ്രമിച്ചു.

ടി.വി. കാമറകൾക്കു മുൻപിൽ കൈ കൂപ്പിക്കൊണ്ട് രാഷ്ട്രപതി തന്റെ ഇരിപ്പിടത്തിലേയ്ക്കു നടന്നു. സെപ്റ്റംബർ മാസത്തിന്റെ ചൂടകറ്റാൻ രാഷ്ട്രപതിയുടെ ഇരിപ്പിടത്തിനു ഇരുവശവും രണ്ട് കൂളറുകൾ പ്രവർത്തിച്ചു. രാഷ്ട്രീയരംഗത്തെ പ്രമുഖരും ജനങ്ങളും വള്ളംകളി കാണാൻ തിങ്ങിക്കൂടി. കാമറകൾ രാഷ്ട്രപതിയുടെ ഓരോ ചലനവും ഒപ്പിയെടുത്തു.  വേദിക്ക് അല്പം അകലെനിന്ന് പഞ്ചാരിമേളക്കാർ അരങ്ങുകൊഴുപ്പിച്ചു.   മുത്തുക്കുടകൾ ചൂടിക്കൊണ്ട് വള്ളങ്ങൾ കായലിനു കുറുകെ തെന്നിനീങ്ങി. വള്ളങ്ങൾ ഓരോന്നായി രാഷ്ട്രപതിയുടെ മുന്നിലൂടെ അഭിവാദ്യമർപ്പിച്ചുകൊണ്ട് കടന്നുപോയി. പായിപ്പാട് ചുണ്ടൻ. ചമ്പക്കുളം ചുണ്ടൻ. ജീസസ് ചുണ്ടൻ,  കാരിച്ചാൽ - വള്ളക്കാർ താളത്തിൽ തുഴകൾ തല്ലി. രാഷ്ട്രപതി മന്ദഹസിച്ചുകൊണ്ട് അവർക്കുനേരെ കൈ വീശി.

പേരറിവാളൻ തന്റെ മരണം വീണ്ടും കാണാൻ തുടങ്ങി. മൂന്നുവശവും ഉയർന്ന ചുമരുകൾ നിറഞ്ഞ ജയിലിന്റെ ഭാഗം. അവിടെ അല്പം ഉയർത്തിനിർത്തിയ കൊലമരം. കൊലമരത്തിലേയ്ക്കു പടവുകൾ. ആരാച്ചാർ ലിവർ വലിക്കുമ്പോൾ പിളർന്നു താഴെയ്ക്കു വീഴുന്ന തട്ട്. അവയ്ക്ക് അല്പം അകലെയായി കസേരകൾ. അതിൽ മരിച്ചവരുടെ ബന്ധുക്കൾ. അവർ ഒന്നും മിണ്ടുന്നില്ല. പേരറിവാളന്റെ അമ്മ. അമ്മ ഒന്നും മിണ്ടുന്നില്ല. അവരെല്ലാം മിണ്ടാതെ കരയുന്നു. അവർക്കു നടുവിൽ രാഷ്ട്രപതി. രാഷ്ട്രപതി ചിരിക്കുന്നില്ല, കരയുന്നുമില്ല, നിർവ്വികാരമായി മുന്നോട്ടുനോക്കിക്കൊണ്ട് ഇരിക്കുന്നു. രാഷ്ട്രപതിയുടെ കൈയിൽ ഒരു ത്രാസ്. ജനിയും മരണവും അതിന്റെ രണ്ടുതട്ടുകളിൽ തൂങ്ങിനിൽക്കുന്നു. രാഷ്ട്രപതി ഒരു ജാറിൽ നിന്നും പളുങ്കുഗോലികളെടുക്കുന്നു. ഒന്ന് വലത്തേ തട്ടിലേയ്ക്ക് - പേരറിവാളനു മാപ്പുകിട്ടി, അയാൾ സ്വതന്ത്രനാണ്! അടുത്തത് ഇടത്തേത്തട്ടിലേയ്ക്ക്, അതു താഴുന്നു. പേരറിവാളൻ മരിക്കട്ടെ. വീണ്ടും ഗോട്ടികൾ, ജനിയും മൃതിയും മാറിമറയുന്നു. അവസാനത്തെ ഗോട്ടി എവിടെയാണ്? ഇടതോ വലതോ?   രാഷ്ട്രപതിയ്ക്കു ചുറ്റും ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ. അവർ അസ്വസ്ഥരായി ശബ്ദമുണ്ടാക്കുന്നു.  ഒരു ഫുഡ്ബോൾ കളിക്കാരൻ പെനാൾട്ടി കിക്ക് എടുക്കാൻ നടക്കുന്നതുപോലെ കാലടികൾ അളന്നുമുറിച്ച് പേരറിവാളൻ മുന്നോട്ടു നടക്കുന്നു. ഓരോ ചുവടുവെയ്പ്പിലും ജനക്കൂട്ടം ഉച്ചത്തിൽ 'ഹൊയ്' വിളിക്കുന്നു. ആരാച്ചാർ തടഞ്ഞുനിർത്തുന്നു. അവസാനത്തെ ആഗ്രഹമെന്താണ്? ചോക്കളേറ്റ് ഐസ്ക്രീം? ഇഷ്ടപ്പെട്ട പെണ്ണിന്റെ നനവാർന്ന ചുംബനം? അവളുടെ കൂമ്പുന്ന കൺകോണുകളുടെ കാമം കലർന്ന നോട്ടം? തമിഴ് സിനിമ? പുതിയ വസ്ത്രം? ഒന്നും വേണ്ടെന്ന് പേരറിവാളൻ തലയാട്ടുന്നു. പേരറിവാളൻ കൊലമരത്തിനു മുന്നിൽ നിൽക്കുന്നു.  മുൻനിരയിൽ ഒരു സുന്ദരിയായ പെൺകുട്ടി. പേരറിവാളൻ അവളെനോക്കി ചിരിക്കുന്നു. അവൾ മുഖം ചുളിക്കുന്നു, ഒരു ഉരുളൻ കല്ലെടുത്ത് അയാൾക്കുനേർക്കെറിയുന്നു. ആൾക്കൂട്ടം കല്ലോങ്ങുന്നു, കറുത്ത മുഖം മൂടിയിട്ടു മൂടി ആരാച്ചാർ അയാളെ സംരക്ഷിക്കുന്നു, കൊലമരത്തിലേയ്ക്കു നടത്തുന്നു.

പാറാവുകാരൻ പകൽസ്വപ്നത്തിൽ നിന്നും തട്ടിവിളിച്ചു. സമയമായി. പേരറിവാളൻ മിണ്ടാതെ പിറകേ നടന്നു. തൂക്കുമരം ഒരുക്കിയ അതിരിൽ ജയിലിന്റെ ചുമരുകൾ സ്വപ്നം പോലെ മൂന്നുവശത്തും പൊക്കത്തിൽ വളർന്നു നിൽക്കുന്നു. കാണികളായി ജയിൽ സൂപ്രണ്ടും മറ്റ് രണ്ടുപേരും മാത്രം. അമ്മയോട് എന്തെങ്കിലും പറയണോ? 'ഇല്ല'. പേരറിവാളന്റെ കൈകൾ പിന്നിൽ പിണച്ചുകെട്ടുന്നു. അയാളെ പടികൾക്കു മുകളിലെ പ്ലാറ്റ്ഫോമിലേയ്ക്കു നടത്തുന്നു. ആരാച്ചാർ ഒരു കറുത്ത ചാക്കുകൊണ്ട് പേരറിവാളന്റെ മുഖം മൂടുന്നു.

മൽസരത്തിനായി വള്ളങ്ങൾ നിരന്നു. ജനക്കൂട്ടം ആരവം മുഴക്കി. ചെണ്ടമേളം ഉച്ചസ്ഥായിലെത്തുന്നു. ആകാംഷനിറഞ്ഞ അന്തരീക്ഷത്തിൽ വെടിപൊട്ടി, തോക്കിൽ നിന്നും ചിതറിയ  വെടിയുണ്ടപോലെ വള്ളങ്ങൾ മുന്നോട്ടു കുതിക്കുന്നു. കുചേലവൃത്തം പാടിക്കൊണ്ട് കൊഴുപ്പുകൂട്ടുന്ന അമരക്കാർ. വാശിയോടെ തുഴയെറിയുന്ന തുഴക്കാർ. വെള്ളത്തിൽ തെന്നിനീങ്ങുന്ന വള്ളങ്ങൾ. കാരിച്ചാൽച്ചുണ്ടൻ മറ്റു വള്ളങ്ങളെ വകഞ്ഞുകൊണ്ട് മുന്നോട്ടു കുതിക്കുന്നു. ജവഹർ തായങ്കരി തൊട്ടുപിന്നാലെ. ഇനി നൂറുവാര മാത്രം, ജനക്കൂട്ടത്തിന്റെ ആരവം ഉയർന്നുയർന്നുപോകുന്നു, ആളുകൾ എഴുന്നേറ്റ് വിരൽത്തുമ്പത്തുനിൽക്കുന്നു, ഉദ്വേഗം അടക്കാനാകാതെ രാഷ്ട്രപതി കസേരക്കൈയിൽ മുറുകെപ്പിടിച്ചു. ഇനി ഏതാനും വാരകൾ മാത്രം, കാരിച്ചാലും ജവഹർ തായങ്കരിയും ഒപ്പത്തിനൊപ്പം, ഒരു തുഴയെറിഞ്ഞാൽ ജവഹർ തായങ്കരി മുന്നിലെത്തും, ഇനി പത്തു വാരകൾ മാത്രം, അഞ്ച്, നാല്, അവസാനത്തെ കുതിപ്പിൽ ജവഹർ തായങ്കരി മുന്നിലേയ്ക്ക്. ജവഹർ തായങ്കരി ഒന്നാം സ്ഥാനത്ത്. അപ്പൊഴേയ്ക്കും അറിയാതെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ രാഷ്ട്രപതി ഒരുതവണ കൈയടിച്ചുകൊണ്ട് പറഞ്ഞു, ഹൊ!.

ആ നിമിഷത്തിൽ കാൽക്കീഴിലെ ഭൂമി രണ്ടായി പിളർന്ന് പേരറിവാളൻ താഴേയ്ക്കു വീണു. കാലുകൾ നിലത്തു തട്ടും മുൻപേ കഴുത്തിൽ കുരുങ്ങിയ കയർ അയാളെ താങ്ങി. ഒരു പെൻഡുലം പോലെ പേരറിവാളൻ തൂങ്ങിനിന്നാടി.

6 comments:

പാമരന്‍ said...

yay! welcome back!

Manoraj said...

വായിച്ച് തുടങ്ങിയപ്പോള്‍ എന്തോ സദയത്തിലെയും ബട്ടര്‍ഫ്ലൈസിലേയുമൊക്കെ സീക്വന്‍സ് പുനര്‍ജ്ജനിക്കുകയാവും എന്ന് തോന്നി. പക്ഷെ ഇത് വ്യത്യസ്തമായ ക്ലൈമാക്സ് ആയി. ഒരാള്‍ ആത്മഹത്യയുടെ നനുത്ത കയറില്‍ തൂങ്ങിയാടുമ്പോള്‍ മറ്റൊരാള്‍ വള്ളം കളി കണ്ടാനന്ദിക്കുന്നു. പക്ഷെ, ഇവിടെ രാഷ്ട്രപതിയിലേക്ക് എത്തിക്കുവാന്‍ മാത്രമുള്ള വിവരങ്ങള്‍ പേരറിവാളനെ പറ്റി പറഞ്ഞില്ലല്ലോ എന്ന് തോന്നി സിമി. ഒരു പക്ഷെ വായനയുടെ കുറവാകാം.

kARNOr(കാര്‍ന്നോര്) said...

അയാള്‍ മരിക്കണോ? ആ ...

RK said...

ആശുപത്രി ഡോക്ടര്‍മാര്‍, ഡോക്ടര്‍മാര്‍ ആശുപത്രി.....................:)

Unknown said...
This comment has been removed by a blog administrator.
Sivananda said...

നല്ലെഴുത്ത് ! ഇഷ്ടം :)

Google