സിമിയുടെ ബ്ലോഗ്

8/31/2009

വാ‍യനക്കാരാ, എന്നെ വിശ്വസിക്കൂ

ആമുഖം: മുസ്ലീം പെണ്‍കുട്ടികളെ ഹിന്ദു പയ്യന്മാര്‍ക്ക് എളുപ്പത്തില്‍ കല്യാണം കഴിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് എന്നെ ഈ കഥ തുടങ്ങാന്‍ സഹായിക്കുന്നത്.

ജുമാനയും സഹപാഠിയായ രഘുവും തമ്മില്‍ മുടിഞ്ഞ പ്രേമത്തിലാണ്. (പേരില്‍ നിന്നുതന്നെ അവരുടെ ജാതി മനസിലായിക്കാണുമല്ലോ) പ്രേമം ഇത്ര അഗാധമാകാന്‍ കാരണം അവര്‍ തമ്മില്‍ ശാരീരികമായി അടുത്തിട്ടില്ല എന്നതാണ് (രഘുവിന് ആഗ്രഹമില്ലാത്തതല്ല, ജുമാനയുടെ സാന്മാര്‍ഗ്ഗിക കാഴ്ച്ചപ്പാടുകള്‍, അതിനുള്ള അവസരം) എന്നു പറയാം - എങ്കിലും അവര്‍ കൈകള്‍ കോര്‍ത്ത് കടല്‍ത്തീരത്തു നടന്നു, (കടലിലിറങ്ങിയില്ല, രണ്ടുപേര്‍ക്കും നീന്താനറിഞ്ഞുകൂടായിരുന്നു, കുതിച്ചുയര്‍ന്ന് തീരത്തേക്കു കുഴഞ്ഞുവീണ് വിഷാദത്തോടെ പരന്നുപോവുന്ന തിരയുടെ വെളുത്ത പതയില്‍ അവര്‍ കാല്‍ നനച്ചു) നഗരമദ്ധ്യത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന സ്തൂപത്തിന്റെ പടവിലിരുന്ന് നിരത്തിലൂടെ നീങ്ങുന്ന വാഹനങ്ങളെയും മനുഷ്യരെയും നോക്കിക്കാണ്ടു, വായിച്ച പുസ്തകങ്ങളെയും സിനിമകളെയും പറ്റി ചര്‍ച്ചചെയ്തു. എന്നും മൊബൈല്‍ ഫോണിലൂടെ പരസ്പരം വിളിച്ചുണര്‍ത്തുകയും നേരിട്ടു കാണാന്‍ പറ്റാത്തപ്പോള്‍ വീണ്ടും പലതവണ വിളിക്കുകയും ഫോണ്‍ വിളിച്ചാല്‍ കിട്ടാത്തപ്പോള്‍ പരിഭ്രാന്തരാവുകയും സന്ദേശങ്ങള്‍ എസ്.എം.എസ്. രൂപത്തില്‍ കൈമാറുകയും ശുഭരാത്രിപറയുകയും നാളെക്കാണാമെന്ന പ്രതീക്ഷയോടെയും വിരഹത്തോടെയും മധുരസ്വപ്നങ്ങള്‍ കണ്ട് ഇരുവരും ഉറങ്ങിപ്പോവുകയും ചെയ്തു.

കുറിപ്പ്: ഇതുവരെ പുതുതായി ഒന്നും ഇല്ല. എത്ര പ്രണയങ്ങള്‍, അല്ലേ? തന്നെയുമല്ല, വായനക്കാരന്‍ / കാരി ഇപ്പൊഴേയ്ക്കും കഥയിലെ “റ്റ്വിസ്റ്റ്“ പ്രതീക്ഷിച്ചും സങ്കല്‍പ്പിച്ചും കാണും. ഒരു തെറ്റിദ്ധാരണയുടെ മേല്‍ പ്രണയം ഉലയുന്നു / അല്ലെങ്കില്‍ അവള്‍ / അവന്‍ മറ്റൊരാളെ പ്രേമിച്ചുപോവുന്നു / അവന്‍ ക്രൂരമായി ചതിച്ച് അവളെ നശിപ്പിക്കുന്നു / ആശയപരമായി ചേരാത്തതുകൊണ്ട് അവര്‍ പരസ്പരം പിരിയാന്‍ തീരുമാനിക്കുന്നു / അവളുടെ വിവാഹം - അതെ, ഈ സാദ്ധ്യതയാണ് സംഭവിച്ചത്. അവളുടെ വീട്ടുകാര്‍ വിവാഹം നിശ്ചയിക്കുന്നു. (ഹൊ, ഓരോ പ്രണയത്തിലും എന്തെല്ലാം സാദ്ധ്യതകളാണ്).

അവള്‍ അവധിക്ക് വീട്ടിലുള്ള സമയത്താണ് പെണ്ണുകാണാ‍ന്‍ വിരുന്നുകാര്‍ വന്നത്. അവര്‍ക്ക് ചായകൊണ്ടു കൊടുത്തത് ജുമാ‍ന തന്നെയായിരുന്നു. പെണ്ണുകാണാന്‍ വന്ന ചെറുപ്പക്കാരന്‍ സുന്ദരനും അതിമനോഹരമായി പുഞ്ചിരിക്കുന്നവനുമായിരുന്നു. അയാളുമായി സംസാരിച്ചു എങ്കിലും - അവള്‍ക്ക് വീട്ടുകാരോട് തന്റെ പ്രണയം തുറന്നുപറയാനുള്ള ധൈര്യം വന്നില്ല, കല്യാണം ഇപ്പൊഴേ വേണ്ട, പഠിച്ചുതീരട്ടെ, തുടങ്ങിയ മുട്ടാപ്പോക്കുകള്‍ വിലപ്പോയതുമില്ല - അയാളുമായി സംസാരിച്ചെങ്കിലും, ഭാവി ഭര്‍ത്താവിനുള്ള ഒരു സാദ്ധ്യത എന്ന നിലയില്‍ അയാളെ ഇഷ്ടപ്പെട്ടു എങ്കിലും അവള്‍ക്ക് രഘുവിനെത്തന്നെ കല്യാ‍ണം കഴിക്കണമെന്നായിരുന്നു.

അവധികഴിഞ്ഞ് കോളെജിലെത്തിയ ജുമാനയ്ക്ക് പഴയ ഉത്സാഹം ഇല്ലാത്തത് തനിക്കു തടയാന്‍ പറ്റാത്ത പെണ്ണുകാണല്‍ കൊണ്ടാണെന്ന് രഘു മനസിലാക്കി. രഘുവിനോട് എന്തോ ആത്മവഞ്ചന ചെയ്തുപോയി എന്നതുകൊണ്ടാണ് എന്തെന്നില്ലാത്ത വിഷാദം എന്ന് അവളും മനസിലാക്കി. സ്നേഹം കൊണ്ടും കുറ്റബോധം കൊണ്ടും തന്റെ ജീവിതത്തില്‍ ഒരു പുരുഷനേയുള്ളൂ, അത് രഘുവാണ് എന്ന് ഉറപ്പിച്ചു. എന്നാല്‍ എന്തുകൊണ്ടോ, ഇത് മനസില്‍ പലതവണ പറഞ്ഞ് ഉറപ്പിക്കേണ്ടിവന്നു. ഒന്നാം നിലയിലെ തന്റെ ഹോസ്റ്റല്‍ മുറിയിലിരുന്ന് നിര്‍ന്നിമേഷയായി മുറ്റത്തെ പൂന്തോട്ടത്തിലെ നീലപ്പൂക്കളിലേക്കു നോക്കിക്കൊണ്ടിരിക്കുന്ന ജുമാനയ്ക്ക് ജീവിതം തന്റെ പിടിയില്‍ നില്‍ക്കുന്നില്ല എന്നു തോന്നി.

കുറിപ്പ് (വീണ്ടും): ഇവിടെ രണ്ടു കാര്യങ്ങള്‍ പറയേണ്ടതുണ്ട്. 1) പത്തുനൂറ് കഥകളില്‍ പ്രണയം എഴുതി ബോറടിച്ച് എനിക്ക് ഇപ്പോള്‍ എഴുതാനേ പറ്റുന്നില്ല. പഴയ കുറെ കഥകള്‍ വായിച്ചുനോക്കിയിട്ടാണ് അല്പമെങ്കിലും ഊര്‍ജ്ജമൊക്കെ വന്നത്. 2) പ്രണയം സാധാരണയായി വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന ടോപ്പിക്കാണ്. “തന്മയീഭാവം“ എന്ന ടെക്നിക്ക് കൊണ്ടാണ് ഇത് (വായനക്കാര്‍ രഘുവിന്റെയും ജുമാനയുടെയും സ്ഥാനത്ത് സ്വയം കയറി പ്രതിഷ്ഠിക്കും, എഴുതാത്തതൊക്കെ നിരൂപിക്കും, കഥയ്ക്ക് നിറം കൊടുക്കും - അതൊന്നും വേണ്ട എന്ന് ഞാന്‍ പറയുന്നില്ല, ആയിക്കോളൂ, എന്നാലും തുടര്‍ന്നു വായിക്കൂ.)

ഉറങ്ങുന്നതിനു മുന്‍പ് ജുമാന അവളുടെ ഹോസ്റ്റലിലും രഘു അവന്റെ വീട്ടിലെ കട്ടിലിലും കിടക്കുകയാണ്. അരണ്ട വെളിച്ചം രണ്ടിടത്തും. ജുമാന സുന്ദരിയാണ് (വര്‍ണ്ണിക്കാന്‍ വയ്യ - അതിസുന്ദരിയാണ് എന്നുമാത്രം മനസിലാക്കൂ, അല്പം തടിച്ചിട്ടാണ്), രഘു ഉയരമുള്ള, മെലിഞ്ഞ, ചുരുണ്ടമുടിക്കാരന്‍. രഘുവിന് കൂര്‍ത്ത കണ്ണുകളുണ്ട്. കള്ളിലുങ്കിയും ഡൈ എന്നെഴുതിയ ടീഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഒരു കൈ തലയ്ക്കു കീഴേ മടക്കിവെച്ച് മറുകയ്യില്‍ മൊബൈല്‍ പിടിച്ച് അവളുടെ ചിരിക്കുന്ന ചിത്രത്തിലേക്കു നോക്കിക്കൊണ്ടു കിടന്നപ്പൊഴാണ് ജുമാനയുടെ എസ്.എം.എസ്. വന്നത്.

“എന്റെ നെഞ്ചില്‍ സുഖകരമായ ഒരു വിഷാദം വന്നു നിറയുന്നു“.

ജുമാനയുടെ നിറഞ്ഞ നെഞ്ചില്‍ വിഷാദം ഉരുണ്ടുകൂടുന്നത് സങ്കല്‍പ്പിച്ചുകൊണ്ട് രഘു മറുപടിയയച്ചു. “കണ്ണേ”
“എന്താഡാ”
“നമുക്ക് ഓടിപ്പോവാം”

“പോവാം” എന്ന് മറുപടിവന്നു. പ്രതീക്ഷിക്കാത്ത മറുപടി കിട്ടിയതുകൊണ്ടാവണം, രഘുവിന്റെ മുഖത്ത് ഒരു കുസൃതിച്ചിരി പടര്‍ന്നത്. “നാളെ?” എന്ന് മറുപടിയയച്ചപ്പൊഴേക്കും, “യെസ്, എവിടെ, എത്രമണിക്ക്?” എന്നു മറുപടിയെത്തി. നെഞ്ചിടിപ്പുകൂടിക്കൊണ്ട്, “അമ്മച്ചിപ്ലാവ് ബസ് സ്റ്റോപ്പില്‍, രാവിലെ 6 മണിക്ക്“ എന്ന് മറുപടി അയച്ചു. “ഞാന്‍ കാത്തുനില്‍ക്കും, പറ്റിക്കരുത്“ എന്നു മറുപടിവന്നു. ഇല്ല, അവന്‍ ചിരിച്ചു. കോളെജില്‍ ചേരുമ്പോള്‍ കൊണ്ടുവന്ന ഷോള്‍ഡര്‍ ബാഗിലേക്ക് രഘു രണ്ടുജോഡി വസ്ത്രങ്ങള്‍ എടുത്തുവെച്ചു. കുറ്റിത്താടിയില്‍ തടവിക്കൊണ്ട് ഷേവിങ്ങ് സെറ്റ് എടുക്കണ്ടാ എന്നു നിശ്ചയിച്ചു. (അവള്‍ വന്നില്ലെങ്കില്‍ സന്യസിക്കാം). രാവിലെ 6.20-നു പാലക്കാട്ടേയ്ക്ക് ഫാസ്റ്റ് പാസഞ്ചറുണ്ട്. ഷെല്ഫിലിരുന്ന പുസ്തകം തുറന്ന് അതിലടച്ചുവെച്ചിരുന്ന 2000 രൂപയെടുത്തു. സെമെസ്റ്റര്‍ ഫീസ് കെട്ടാനുള്ള കാശാണ്. ഫീസുകെട്ടണ്ട, അവളെക്കെട്ടാം എന്ന് തനിയേ തമാശപറഞ്ഞുചിരിച്ചു. അഞ്ചുമണിക്ക് അലാറം വെച്ച് സുഖമായി ഉറങ്ങി.

(കഥയുടെ അവസാന ഭാഗം: ഇവിടെയാണ് വായനക്കാരന് സര്‍പ്രൈസ് വരുന്നത്. പഴമയില്‍, നമ്മുടെ പൂര്‍വ്വികരില്‍, മരുന്നില്‍, മന്ത്രത്തില്‍, ദൈവത്തിന്റെ അനന്തലീലയില്‍ വിശ്വസിക്കുന്ന വായനക്കാരനാണ് / കാരിയാണ് നിങ്ങളെങ്കില്‍ അധികം സര്‍പ്രൈസ് വരില്ല, എങ്കിലും സര്‍പ്രൈസിലാണ് ഒരു കഥയുടെ വിജയം എന്ന് ബിയറടിക്കാന്‍ കമ്പനിതരുന്ന കൂട്ടുകാരന്‍ പറയുന്നു).

രാവിലെ അഞ്ചേ മുക്കാലിന് ജുമാന ബസ് സ്റ്റോപ്പില്‍ എത്തി. ആരും കാണരുതേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഹോസ്റ്റലില്‍ നിന്നും ഇറങ്ങി നടന്നത്. വീണ്ടും ഒരുദിവസം കൂടി ഉദിക്കേണ്ടിവന്ന മുഷിവില്‍ സൂര്യന്‍ വഴിയില്‍ ചുവന്ന വെളിച്ചം വിതറാന്‍ തുടങ്ങി. രഘു നേരത്തേ വരേണ്ടതാണ്. വന്നിട്ടില്ല. അവ്ന്റെ മൊബൈലില്‍ വിളിച്ചു. മൊബൈല്‍ അടിക്കുന്നുണ്ട്, പക്ഷേ ഫോണെടുക്കുന്നില്ല. ബസ് സ്റ്റോപ്പില്‍ അവളും കുറച്ച് മീന്‍‌കാരികളും മാത്രമേയുള്ളൂ. ധൃതിയില്‍ ഒളിച്ചോടാന്‍ പോകുന്ന ഒരു പെണ്‍കുട്ടിയുടെ വിചാരങ്ങള്‍ ജുമാനയെ ശല്യപ്പെടുത്താന്‍ തുടങ്ങി (ഒരു രെജിസ്റ്റര്‍ വിവാഹത്തിന് രണ്ട് സാക്ഷികളെപ്പോലും തയ്യാറാക്കിയില്ല, എത്ര നാളത്തേയ്ക്ക് ഒളിച്ചോടും, ഇനി വീട്ടിലേയ്ക്കും കോളെജിലേക്കും തിരിച്ചുവരില്ലെ? തുടര്‍ന്നു പഠിക്കണ്ടേ? എങ്ങനെ ജീവിക്കും,) അപ്പൊഴാണ് ബസ് സ്റ്റാപ്പിന് എതിര്‍വശത്തെ ചവറ്റുകൂന മെതിച്ചുകൊണ്ട് ഒരു കൂറ്റന്‍ പോത്ത് അവളുടെ നേര്‍ക്ക് കുതിച്ചുവരുന്നത്. ചാ‍രനിറമുള്ള അതിന്റെ പുറത്ത് പറ്റിപ്പിടിച്ചിരുന്ന വിയര്‍പ്പുതുള്ളികള്‍ അരണ്ട വെളിച്ചത്തില്‍ തിളങ്ങുന്നുണ്ട്. ഭൂമി കുലുങ്ങുന്ന ശബ്ദം, അതിന്റെ കാല്‍ക്കീഴില്‍ നിന്ന് പൊടിയും മൂക്കില്‍ നിന്ന് നീരാവിയും തെറിക്കുന്നു. ജുമാന ഭയന്ന് തിരിഞ്ഞോടി അടുത്ത് ഒരു വീട്ടിന്റെ പറമ്പിലേക്ക് ഓടിക്കയറി. പോത്ത് ഗേറ്റു കടക്കാതെ വഴിയില്‍ നിന്നു. അത് അവളെത്തന്നെ നോക്കുന്നുണ്ട്. പോത്തിന്റെ പേശികളില്‍ ഞരമ്പുകള്‍ പിടയ്ക്കുന്നു. ഓട്ടം നിര്‍ത്തി അത് വഴിമുടക്കി നില്‍ക്കുന്നു. പറമ്പിലേക്ക് ആരോ ഓടിക്കയറിയ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിവന്ന ഗൃഹനാഥന്‍ പേടിച്ചുവിരണ്ട് കിതയ്ക്കുന്ന അവളെയും വഴിമുടക്കിനില്‍ക്കുന്ന പോത്തിനെയും ഒരു നോക്കുനോക്കി, പറമ്പില്‍ നിന്നും ഒരു മടലെടുത്ത് പോത്തിനെ ഓങ്ങി. അത് അനങ്ങാതെ നിന്നു. ഒരു വലിയ കല്ലെടുത്ത് പോത്തിന്റെ പള്ളയെക്കെറിഞ്ഞു. അത് ഒരുപക്ഷേ തന്നെ കുത്താനോടിച്ചേക്കും എന്ന് അയാള്‍ ഭയന്നെങ്കിലും എറികൊണ്ട വേദനയിലും പോത്ത് അനങ്ങാതെ നിന്നതേയുള്ളൂ. പറമ്പില്‍ നിന്നും വീണ്ടും മൂന്നാല് പാറക്കല്ലുകള്‍ പെറുക്കി എറിഞ്ഞപ്പോള്‍ - അതിലേതെങ്കിലും ഒന്ന് മര്‍മ്മത്തില്‍ കൊണ്ടിട്ടാവണം - പോത്ത് അമറിക്കൊണ്ട് എതിര്‍ ദിശയിലേക്കോടി. വീട്ടുകാരന്‍ അവളെ ബസ് സ്റ്റോപ്പിലേക്ക് കൊണ്ടാക്കി.

അവസാനത്തെ രംഗം. (പ്രിയപ്പെട്ട വായനക്കാരാ / വായനക്കാരീ, വിശ്വാസമാണ് പ്രധാനം. മതത്തില്‍ മരുന്നില്‍ മന്ത്രത്തില്‍ - എഴുത്തുകാരനില്‍ വിശ്വസിക്കൂ, തുടര്‍ന്നു വായിക്കൂ)

ദൂരെനിന്ന് നമ്മുടെ ഒളിച്ചോട്ടത്തിന്റെ വാഹനം എന്നു കരുതിയബസ്സ് വരുന്നത് ജുമാന കണ്ടു. ഒരുപക്ഷേ ബസ്സ് നിറുത്തുമ്പൊഴെങ്കിലും രഘു വരും എന്ന് അവള്‍ പ്രതീക്ഷിച്ചു. അവളെ പോത്ത് ഓടിച്ചത് പരസ്പരം ചര്‍ച്ചചെയ്തുകൊണ്ടു നിന്ന മീ‍ന്‍കാരികള്‍ ബസ്സില്‍ കയറി. എണ്ണക്കറുപ്പ് ശരീരത്തില്‍ ഷര്‍ട്ടിടാതെ, ഒരു തോര്‍ത്തുമാത്രം ധരിച്ച ഒരു കിഴവനും ബസ്സില്‍ കയറി. കണ്ടക്ടറിനോട് ഒരു നിമിഷം നില്‍ക്കൂ, ഒരാള്‍ കൂടി വരാനുണ്ട് എന്ന് കരയുന്ന ശബ്ദത്തില്‍ ജുമാന പറഞ്ഞു, എങ്കിലും അയാള്‍ ഗൌനിക്കാതെ ബെല്ലടിക്കുകയാണുണ്ടായത്. രഘുവിന് വേണ്ടി തിരിഞ്ഞുനോക്കിയ ജുമാന വീണ്ടും മുക്രയിട്ടുകൊണ്ട് കുതിച്ചുവരുന്ന പോത്തിനെയാണു കണ്ടത്. നീങ്ങാന്‍ തുടങ്ങിയ ബസ്സിലേക്കു അവള്‍ ചാടിക്കയറി. സീറ്റ് ഒഴിഞ്ഞുകിടന്നിട്ടും ഒരു കമ്പിയില്‍ തൂങ്ങി നിന്ന കിഴവന്റെ മെലിഞ്ഞ ശരീരത്തിലെ വിയര്‍പ്പു തട്ടാതെ ജുമാന ഒരു സീറ്റിലേക്ക് ചാഞ്ഞു. കിഴവനും അവളും ഒരേ നിമിഷം ബസ്സിന്റെ പിന്നാലെ കുതിക്കുന്ന പോത്തിനുനേര്‍ക്ക് തിരിഞ്ഞുനോക്കി - എങ്കിലും അടുത്ത സ്റ്റോപ്പ് വളരെ അകലെയായതുകൊണ്ടും ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ക്ക് നാട്ടില്‍ നല്ല വേഗതയുള്ളതിനാലും പോത്ത് പതുക്കെ ദൃഷ്ടിയില്‍ നിന്നും മറഞ്ഞു.

കുറിപ്പ് (രഘു വന്നില്ല എന്ന് ജുമാനയ്ക്ക് തോന്നാന്‍ കാരണം): രഘു അഞ്ചേകാലിനു തന്നെ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയിരുന്നു. വരുന്ന വഴി വിജനമായിരുന്നു. ബസ് സ്റ്റോപ്പില്‍ അവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബസ് സ്റ്റാന്‍ഡിലെ തടി ബെഞ്ചില്‍ ചെന്ന് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ ഒരു മെലിഞ്ഞ കിഴവന്‍ കിടന്നുകൊണ്ട് അവനെ സൂക്ഷിച്ചുനോക്കുന്നതുകണ്ടു. രഘുവിന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ കിഴവന്‍ (പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ) ഒരു ഒടിമന്ത്രം ചൊല്ലുകയും, രഘു ഒരു പോത്തായി മാറുകയും ചെയ്തു. നേരത്തേ ബസ്സുകയറിപ്പോയ കിഴവന്‍ ഒടിയനായിരുന്നെന്ന് പ്രിയവായനക്കാര്‍ക്ക് മനസിലായിക്കാണുമല്ലോ. ജുമാനയ്ക്ക് രഘുവിനെ തിരിച്ചറിയാന്‍ പറ്റാഞ്ഞത് അവളുടെ തെറ്റല്ല. സ്ത്രീസഹജമായ ചാപല്യം കൊണ്ടല്ല അത്. അവനെ ആരും തിരിച്ചറിഞ്ഞില്ല. രഘു ഇല്ലാത്ത ദു:ഖകരമായ ജീവിതത്തിലേക്കും ദാമ്പത്യത്തിലേയ്ക്കും വാര്‍ദ്ധക്യത്തിലേക്കും ജുമാനയും, മറ്റ് പല ബസ് സ്റ്റോപ്പുകളിലും അസമയത്ത് ഒടിമന്ത്രം പ്രയോഗിക്കുന്നതിലേക്കും വെയിലിലേക്കും തണുപ്പിലേക്കും ആരും ശ്രദ്ധിക്കാത്ത മരണത്തിലേക്കും കിഴവനും (നാട്ടില്‍ എത്ര പോത്തുകളാണ് അനാഥമായി നടക്കുന്നത്), ഒരു പോത്തിന്റെ ചെളിപുരണ്ട ജീവിതത്തിലേക്കും അറവുശാലയിലേക്കും രഘുവും താന്താങ്ങളുടെ ജീവിതങ്ങളെ നയിച്ചു. ശുഭം.

19 comments:

Calvin H said...

mOral Of the stOry:
ഒടിയന്മാരെ സൂക്ഷിക്കണം

ഗുപ്തന്‍ said...

ബഹുമാന്യ കഥാകൃത്തേ

കഥവായിച്ചു. ജുമാനയുടെയും രഘുവിന്റെയും പേരില്‍ നിന്ന് ജാതിമനസ്സിലാവും എന്ന് പറഞ്ഞത് മനസ്സിലായി. രഘുവിനു എന്താണ്ടൊക്കെ ആഗ്രഹമുണ്ടായിട്ടും ജുമാനയുടെ സന്മാര്‍ഗ കാഴ്ചപ്പാടുകള്‍ കൊണ്ട് അതു നടന്നില്ല എന്ന് പറയുന്നതില്‍ നിന്ന് ജുമാനയ്ക്കുള്ളത്ര സന്മാര്‍ഗ ഡിംഗോലാബി രഘുവിനും അതുവഴി രഘുവിന്റെ ജാതിക്കും ഇല്ല എന്നാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാവുന്നു. ഇത് ഭൂരിപക്ഷസമുദായത്തിനെതിരെ ഒരു ന്യൂനപക്ഷസമുദാ‍യക്കാരനായ താങ്കള്‍ മറ്റൊരു ന്യൂനപക്ഷസമുദായത്തെ (ജുമാനയുടെ) കൂട്ടുപിടിച്ചുനടത്തുന്ന നഗ്നമായ ആക്രമണമാണ് എന്ന് പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു. പ്രത്യേകിച്ചും രഘു എന്ന പേരില്‍ ഒരുപാടുനായന്മാര്‍ ഉള്ളതുകൊണ്ട് ഒരു നായരായ ഞാന്‍ ശക്തമായും വ്യക്തമായും എന്റെ പ്രതിഷേധം അറിയിക്കുകയാണ്. മാനുഷരെല്ലാവരും ഒന്നുപോലെ എന്ന് പാടുന്ന ഈ ഓണനാളില്‍ തന്നെ ഈ ദുരുദ്ദേശപരമായ കഥ പ്രസിദ്ധീകരിച്ചത് മനഃപൂര്‍വമാണെന്ന് വിചാരിക്കുന്നു. കഥ പിന് വലിച്ച് എല്ലാ ഭൂരിപക്ഷസമുദായക്കാരോടും മാപ്പുപറയണമെന്ന് ഇതിനാല്‍ ആവശ്യപ്പെട്ടുകൊള്ളുന്നു.


@cakvin
ഒഡിയന്മാരെ മാത്രല്ല..നായന്മാരെയും :)

സുനീഷ് said...

സിമിയേം കാല്‌വിനേം ഗുപ്തനേം സൂക്ഷിക്കണം...;)

ഹരീഷ് തൊടുപുഴ said...

നല്ലൊരു വ്യത്യസ്തമായ കഥ..!!

അപ്പോൾ ഒടിയന്മാരൊക്കെ ഇപ്പോഴും ഉണ്ടല്ലേ..!!

sree said...

വിശ്വസിക്കാനാവുന്നില്ല. എന്തു ചെയ്യും? ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു മനുഷ്യന്‍ (അതും കാമുകന്‍ ) ഒരു പോത്തായി മാറി എന്നൊക്കെ പറഞ്ഞാല്‍ ഞങ്ങളൊക്കെ വിശ്വസിക്കണംന്നോ? പോത്തായിത്തീരാനുണ്ടായ വ്യക്തമായ, സാമൂഹിക, സാമുദായിക, സാമ്പ്രദായിക, സാംസ്കാരിക എന്തിന് ചരിത്രപരമായ കാരണങ്ങളെവരെ വെറും ഒരു ഒടിയന്റെ മന്ത്രമായി പരോക്ഷമാക്കി നിസ്സാരവല്‍ക്കരിക്കൂകയും കൂടിയാണ് കഥാകൃത്ത്. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ? മാത്രമല്ല, സ്ത്രീയെ ആക്രമിച്ചു കീഴടക്കുക എന്ന പഴയ പുരുഷാധിഷ്ഠിതമേല്‍ക്കോയ്മ ഭാവത്തിന്റെ അവശേഷിപ്പാണ് “പോത്ത്” എന്ന ബിംബകല്‍പ്പനയിലും മറഞ്ഞിരിക്കുന്നത്. എന്തുകൊണ്ട് രഘു ഒരു ആടോ ആനയോ കുരങ്ങനോ ആവുന്നില്ല?

സിമി എന്ന പ്രൊഫൈല്‍ ഉടമയുടെ യഥാര്‍ത്ഥ പേര് രഘു എന്നാണേന്നാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്.

Cibu C J (സിബു) said...

എന്തു നോൺസെൻസാണിത്

ഗുപ്തന്‍ said...

അതേയതേ.. മിനിമം വിക്കിപ്പീഡിയയെങ്കിലും റെഫര്‍ ചെയ്ത് കഥയെഴുതെഡേയ് ;)

സജീവ് കടവനാട് said...

വായനക്കാരെ സൂക്ഷിക്കണം!!! എപ്പഴാ പോത്താവ്വാന്ന് ആര്‍ക്കറിയാം സക്കറിയ.

ഗുപ്തന്‍ said...

ബൈദവേ പോത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ശ്രീയ്ക്കെന്താണൊരു വിഷമം..ശ്രീ ആ സമുദായാണോ?

സജി said...

എനിക്കു ഈ കഥ ആസ്വദിക്കണമെന്നുണ്ട്!

ആരെങ്കിലും എന്തെങ്കിലും ഒന്നു പറഞ്ഞുതരുമൊ??
അറ്റ്ലീസ്റ്റ്, ഒരു വഴിമരുന്നു

Unknown said...

ഭയങ്കരമായിപ്പോയി കഥ. ഗുപ്താ മോശമായിപ്പോയി, സിമി ലത് വേണ്ടായിരുന്നു. സജീ, നേപ്പാള്‍ അതിര്‍ ത്തിയിലുള്ള ഏതെങ്കിലും ലാമമാരെ കണ്ടുപിടി..അവര്‍ എല്ലാം മനസ്സിലാക്കിത്തരും ..ഛായ്..ആക്കുന്നോ!!!

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മതങ്ങളുടെ ഒടിവിദ്യയില്‍ കുടുങ്ങി ജീവിതം കുട്ടിച്ചോറാകുന്നവരുടെ കഥ നന്നായിട്ടുണ്ട്‌.

(ശ്റീ, മതങ്ങളുടെ ചില ടിപ്പിക്കല്‍ അയുക്തികള്‍ ഒടിവിദ്യയിലുംപ്രകടമാണ്‌. (ഉദാ: ഹിന്ദു മതത്തില്‍ പൂജക്കു വിശുദ്ധമായ പുഷ്പങ്ങള്‍ തുളസി ഇലയും കൂവളത്തിണ്റ്റെ ഇലയുമൊക്കെയാണ്‌. അതുപോലെ എല്ലാ മതങ്ങളിലും പലതിണ്റ്റേയുംയുക്തി അന്വേഷിക്കുന്നത്‌ ഭ്രാന്തണ്റ്റെ....).

ഒടി വിദ്യയിലൂടെ ഉരുവാകാം (വാലുണ്ടാകില്ലത്രെ) തുറുവാകാം (ഒരേ നീള ത്തിലുള്ള തുണ്ടുകള്‍) മത്തങ്ങയാകാം (ഞെട്ടിയില്ലാത്തത്‌)ആട്‌, കോഴി, തക്കാളി ഒന്നും അതിനെ പരിധിയിലില്ല. ഇല്ലെന്നു പറഞ്ഞാല്‍ ഇല്ല അത്രതന്നെ. )

(കുറേക്കാലം മുന്‍പ്‌ വായിച്ച `ഒടിയന്‍' എന്ന നോവല്‍ ഒാര്‍മ്മ വന്നു. thanks..)

ജ്യോനവന്‍ said...

സ്നേഹത്തിന്റെ പുസ്തകത്തില്‍ നിന്നൊരു വാക്യം.
പറവ മീനിനെ ഇഷ്ടപ്പെട്ടെന്നിരിക്കും, എന്നാലവര്‍ക്കൊരു ഫാമിലി ഉണ്ടാക്കാന്‍ പറ്റില്ല.
(Fiddler on the Roof)
അല്ലെങ്കില്‍ ഒടിയന്‍ തിരിച്ചു സംഭവിക്കണം:)

വെള്ളെഴുത്ത് said...

എന്താ കഥ അല്ലേ? നല്ല രസമുണ്ട് വായിക്കാന്‍. അതുകൊണ്ട് രസിച്ചു വായിക്കുകയും വായിച്ചു രസിക്കുകയും ചെയ്തു.

പാമരന്‍ said...

നല്ല കഥ!

പാറക്കല്ലു പെറുക്കിയെറീഞ്ഞ്‌ പോത്തിനെ ഓടിച്ച വീട്ടുകാരന്‍ കമ്യൂണിസ്റ്റായിരുന്നോ എന്നാ എന്‍റെ "സഹൃദയത്തിന്‍റെ" ചോദ്യം :)

Inji Pennu said...

Simy
tho the genre is old, you are good at magic realism narration. you make it very natural in your story. earlier also you had written one, right? about traffic jam? these kind are the ones i remember of yours.

sainualuva said...

നല്ല കഥ ..നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞു

pavam said...

നല്ല ഒരു story എനിക്ക് വളരെ ഇഷ്ട്ട്പെട്ടു

Sanal Kumar Sasidharan said...

സിമീ നിങ്ങൾ എന്നെ അതിശയപ്പെടുത്തുന്നു.

Google