സിമിയുടെ ബ്ലോഗ്

8/08/2009

പിടിച്ചുപറിക്കാര്‍

പട്ടണത്തിലെ റെയില്‍‌വേ നടപ്പാലത്തിനു മുകളില്‍ കമ്പിവരിയില്‍ കൈയ്യൂന്നിക്കൊണ്ട് കീഴേ പോകുന്ന തീവണ്ടിയിലേക്ക് കാര്‍ക്കിച്ചു നീട്ടിത്തുപ്പുന്ന ആ ചുരുണ്ടമുടിക്കാരനാണ് അനില്‍. വെള്ളിനിറംപൂശിയ കൈവരിയിലേക്ക് ചാഞ്ഞുകിടന്ന് പിന്നോട്ടോടുന്ന കാലം പോലെ നീങ്ങുന്ന തീവണ്ടിയിലേക്ക് നോക്കുന്നത് ഒരു രസമാണ്. അനിലിന് കഴിയുമെങ്കില്‍ അതിനു മുകളിലേക്ക് മൂത്രമൊഴിക്കണമെന്നുണ്ട്. പക്ഷേ പാലത്തിലൂടെ പലരും നടക്കുന്നുണ്ട്. സൂര്യന്‍ താണുവരുന്നതേയുള്ളൂ. മുട്ടുകീറിയ നരച്ച ജീന്‍സും കൈ മടക്കിവെച്ച കള്ളിഷര്‍ട്ടും കണ്ടാല്‍ അടുത്തുള്ള ഏതെങ്കിലും കോളെജിലെ, അല്ലെങ്കില്‍ പാരലല്‍ കോളെജിലെ വിദ്യാര്‍ത്ഥി എന്നു തോന്നാം, പക്ഷേ സൂക്ഷിച്ചുനോക്കിയാല്‍ അയാള്‍ക്ക് മുപ്പതുവയസ്സോളം പ്രായമുണ്ടെന്ന് മനസിലാവും. മുന്‍‌വശത്തെ ഒരു പല്ല് പകുതിവെച്ച് ഒടിഞ്ഞിട്ടുണ്ട്.അടുത്ത പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഒരു ഭയങ്കരനാണ്. കണ്ണില്‍ ചോരയില്ലാത്ത ഇടിയാണ് ഇടിക്കുക. അനിലിന് പ്രത്യേകിച്ച് പണിയൊന്നുമില്ല. കുറച്ചുനാള്‍ ഒരു കടയില്‍ നിന്നിട്ടുണ്ട്, പ്രൈവറ്റ് ബസ്സില്‍ കണ്ടക്ടറായി ഓടിയിട്ടുണ്ട്, വര്‍ക്ക്ഷാപ്പില്‍ നിന്നിട്ടുണ്ട്, ചെറിയതോതില്‍ ഗുണ്ടാപ്പരിപാടികളൊക്കെ നോക്കിയിട്ടുണ്ട്. അനിലിന്റെ കൂടെ സ്കൂളിലും, പിന്നെ ജയിലിലുമൊക്കെ ഒന്നിച്ചുണ്ടായിരുന്നയാളാണ് ഇപ്പോള്‍ പാലത്തിന്റെ എതിര്‍‌വശത്തുനിന്നും അലസമായി നടന്നുവരുന്ന ഡേവിഡ്. ഡേവിഡിന്റെ ജീവിതവും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെ. വലിയ വട്ടത്തില്‍ ജ്വലിക്കുന്ന ചുവന്ന സൂര്യനിലേക്കുനോക്കിയാണ് ഡേവിഡിന്റെ നടത്ത. അടുത്തെത്തി ഡേവിഡ് അനിലിന്റെ തോളില്‍ കയ്യിട്ടപ്പൊഴേക്കും കാല്‍ക്കീഴില്‍ നിന്നും തീവണ്ടി പോയിക്കഴിഞ്ഞിരുന്നു.

“അളിയാ, പത്തുരൂപയുണ്ടോ? വിശക്കുന്നു.”
“ഇല്ല, പോടാ”
“നീയും പിച്ചയാണോ. തിന്നണ്ടേ അളിയാ”
അനില്‍ ഒന്നും മിണ്ടിയില്ല.
“പാലത്തിന്റെ താഴെ ഒരു കോള് നിക്കുന്നുണ്ട്, ഒരു പയ്യന്‍. ഉച്ചതൊട്ടേ ചുറ്റിപ്പറ്റി നില്‍ക്കുന്നു. നമുക്കവനെയങ്ങ് തിന്നാലോ?”

അനിലിന് വലിയ താല്പര്യമില്ലായിരുന്നു. ഒന്നാമതേ നേരം ഇരുട്ടിയിട്ടില്ല. പിന്നെ കാശോ മാലയോ പിടിച്ചുപറിച്ച് ഓടാനൊന്നും വയ്യ, എവിടെനിന്നെങ്കിലും ബൈക്ക് ഒപ്പിച്ചിട്ടാണെങ്കില്‍ പിന്നെയും നോക്കാമായിരുന്നു. എങ്കിലും മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അനില്‍ ഡേവിഡിന്റെ കൂടെപ്പോയി. പറഞ്ഞതു നേരായിരുന്നു. സാമാന്യം കാശുള്ള വീട്ടിലെ എന്നുതോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ - വിലകൂടിയ വാച്ചും കഴുത്തില്‍ തെളിഞ്ഞുകാണാവുന്ന സ്വര്‍ണ്ണച്ചെയിനും നല്ല വസ്ത്രങ്ങളും ധരിച്ച, ഇരുപത്തഞ്ചിനും മുപ്പതിനും ഇടയ്ക്ക് പ്രായം തോന്നിക്കുന്നയാള്‍, ഒരു മരത്തിനു താഴെ സിഗരറ്റും പുകച്ച് നില്‍ക്കുന്നു. എതിരേ കാലന്‍കുടയും പിടിച്ച് ഒരു മദ്ധ്യവയസ്കനും, പിന്നാലെ ഏതാനും കോളെജ് വിദ്യാര്‍ത്ഥിനികളും നടന്നുവരുന്നു. ഇവര്‍ ഈ യുവാവിനെ കടന്ന് മുന്നോട്ടുനടന്നു. അല്പം അകലെ അടച്ചുകിടന്ന ഒരു പീടികത്തിണ്ണയില്‍ കയറിയിരുന്ന് ഒരു ബീഡി കത്തിച്ച് പരസ്പരം കൈമാറി വലിച്ചു. വീണ്ടും അയാള്‍ക്കുനേരെ നടന്നുതുടങ്ങിയപ്പൊഴാണ് ഒരു പോലീസ് വണ്ടി പിന്നില്‍നിന്നും വന്നത്. അനിലിനെയും ഡേവിഡിനെയും എന്തോ നോട്ടപ്പിഴകൊണ്ട് കാണാതെപോയ പോലീസുകാര്‍ മരത്തണലില്‍ നില്‍ക്കുന്ന യുവാവിനു മുന്നില്‍ വണ്ടി നിറുത്തി. പോലീസുകാര്‍ ചീത്തപറഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു, യുവാവ് കാത്തുനില്‍പ്പ് നിറുത്തി ഡേവിഡിന്റെയും അനിലിന്റെയും ദിശയിലേക്ക് നടന്നുതുടങ്ങി.

ചെറുപ്പക്കാ‍രന്‍ നടന്നടുക്കുന്നതു കണ്ടപ്പോള്‍ പിടിച്ചുപറിക്കുള്ള സാദ്ധ്യതകള്‍ മങ്ങുന്നത് ദീര്‍ഘകാലത്തെ പ്രവര്‍ത്തിപരിചയം കൊണ്ട് ഡേവിഡ് മനസിലാ‍ക്കി. ഇനി മെയിന്‍ റോഡാണ്. ഇവന്റെ പിന്നാലെ പോയി വീട് മനസിലാക്കി വെക്കാം, ഒത്താല്‍ ഇന്നോ നടന്നില്ലെങ്കില്‍ വരുന്ന ദിവസങ്ങളിലോ ഒറ്റയ്ക്കു കിട്ടിയാല്‍ കാശുതട്ടിപ്പറിക്കാം എന്ന് ഡേവിഡ് സൂചിപ്പിച്ചു. നാളത്തെക്കാര്യത്തില്‍ അനിലിന് പ്രത്യേകിച്ച് താല്പര്യമൊന്നും തോന്നിയില്ല. വഴിവക്കിലെ ഒരു കടയില്‍ കയറിനിന്ന് ചെറുപ്പക്കാരനെ മുന്നേ കടന്നുപോവാനനുവദിച്ച്, ഇരുവരും പിന്നാലെ അകലം പാലിച്ചു നടന്നു. ഇടയ്ക്കിടെ വാച്ചില്‍ നോക്കിക്കൊണ്ടിരുന്ന ചെറുപ്പക്കാരന്‍ മൊബൈലില്‍ ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അയാള്‍ പെട്ടെന്ന് തിരിഞ്ഞ് വീണ്ടും ഇവര്‍ക്കു നേരെ വന്നു, ഇരുവരെയും കടന്ന്, മുഖത്തുനോക്കാതെ വന്നവഴിയേ തിരിച്ചുപോയി. “നമ്മളെ അവന്‍ കണ്ടെന്നുതോന്നുന്നു, സംഗതി പിശകാണ്, വിട്ടുകള” - ഡേവിഡ് പറഞ്ഞു. ഇനി രണ്ടുപേരും പിന്തുടര്‍ന്നിട്ട് കാര്യമില്ല എന്ന് അനിലിനും മനസിലായി.
“നീ ഏതെങ്കിലും ചായക്കടയില്‍ കയറിയിരിക്ക്, ഞാന്‍ പോയി നോക്കിയിട്ടുവരാം”.
“അളിയാ, പറ്റിക്കരുത്, പൌതിക്കാശു തരണം”
“തരാമെടാ, നീ പോ”

അനില്‍ അയാളുടെ പിന്നാലെ പോയി. ചെറുപ്പക്കാരന്‍ നടന്ന് പഴയ മരത്തിനു ചുവട്ടില്‍ത്തന്നെ നിലയുറപ്പിച്ചു. ഇനിയും തന്നെക്കണ്ടാല്‍ അയാള്‍ ഒരുപക്ഷേ ഓടിത്തുടങ്ങിയേക്കും. അനില്‍ സാമാന്യം അകലെ, അയാള്‍ കാണാത്തവിധത്തില്‍ മറഞ്ഞുനിന്നു. ചെറുപ്പക്കാരന്‍ ഇടക്കിടെ വാച്ചില്‍ നോക്കുന്നുണ്ടായിരുന്നു, തലയുയര്‍ത്തി റെയില്‍പാലത്തിന്റെ പടികളുടെ പൊക്കത്തേക്ക് നോക്കുന്നുണ്ടായിരുന്നു, മൊബൈലില്‍ ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു, വീണ്ടും സിഗരറ്റ് കത്തിച്ച് വലിക്കുന്നുണ്ടായിരുന്നു.

കുറെയേറെനേരം കഴിഞ്ഞ് താഴേക്കു നോക്കിക്കൊണ്ട് അയാള്‍ അനിലിന്റെ മുന്നിലൂടെ നടന്നുപോയി. അനില്‍ “ശ്ശ്” എന്ന ശബ്ദമുണ്ടാക്കി അയാളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചു, പക്ഷേ ഒന്നുകില്‍ അയാള്‍ കേട്ടില്ല, അല്ലെങ്കില്‍ കേട്ടതായി നടിച്ചില്ല. വഴി ഏകദേശം വിജനമാണെങ്കിലും പിടിച്ചുപറിക്കാനുള്ള സാഹചര്യം ഒത്തുകിട്ടിയില്ല. പോലീസിന്റെ ഇടിയും ജയിലിലെ ബോറടിയുമോര്‍ക്കുമ്പോള്‍ വേണ്ടാത്ത റിസ്ക് എടുക്കാന്‍ തോന്നിയതുമില്ല. കുറെ അകലം വിട്ട് അനില്‍ പിന്നാലെ നടന്നു. മെയിന്‍ റോഡിലൂടെ കുറെ ദൂരം മുന്നോട്ടുനടന്ന ചെറുപ്പക്കാരന്‍ ഒരിക്കല്‍പ്പോലും തലയുയര്‍ത്തിയില്ല, തിരിഞ്ഞുനോക്കിയില്ല. റോഡ് വളഞ്ഞ് കയറ്റം തുടങ്ങി. ഇടയ്ക്ക് പതറി റോഡിനു നടുക്കോട്ടു നീങ്ങിപ്പോയ ചെറുപ്പക്കാരനു പിന്നില്‍നിന്നും ചെവിപൊട്ടിക്കുന്നതരത്തില്‍ ഹോണടിച്ചുകൊണ്ട് ഒരു കാര്‍ വെട്ടിച്ചു കടന്നുപോയി. പെട്ടെന്ന് ഞെട്ടിയ അയാള്‍ നടത്തം നേരെയാക്കി ഇരുവശവും നോക്കി റോഡ് മുറിച്ചുകടന്ന് ഒരു ഇടവഴിയിലേക്ക് ഇറങ്ങി. കാഴ്ച്ചയില്‍ നിന്നും അയാള്‍ നഷ്ടപ്പെടാതിരിക്കാന്‍ അനില്‍ പെട്ടെന്ന് റോഡ് മുറിച്ചുകടന്നു, നടത്തത്തിന്റെ വേഗതകൂട്ടി.

മെയിന്‍ റോഡില്‍ നിന്നും ഇടവഴിയിലേക്ക് അനില്‍ പ്രവേശിച്ചപ്പോള്‍ അയാള്‍ അല്പമകലെ ഒരു വീടിന്റെ ഗേറ്റ് തുറക്കുകയായിരുന്നു - ഒരു നിമിഷം വൈകിയെങ്കില്‍ അയാള്‍ കാഴ്ച്ചയില്‍ നിന്നും മറഞ്ഞേനെ. അനില്‍ നടത്തം പതുക്കെയാക്കി. വീടിനു മുന്നില്‍ ഒരു നിമിഷം നിന്ന് ചെറുപ്പക്കാരന്‍ ചാരിയിട്ട ഗേറ്റ് ശബ്ദമില്ലാതെ തുറന്നു. ചെരുപ്പ് ഊരി കയ്യില്‍പ്പിടിച്ച് ശബ്ദമുണ്ടാക്കാതെ വീടിന്റെ വശത്തേക്കു മാറി. എതിര്‍വശത്തെ വീടിന്റെ ജനാല തുറന്നാല്‍ തന്നെ കാണാം എന്നുമനസിലാക്കി മതിലിനോടുചേര്‍ന്ന് കുന്തിച്ചിരുന്നു. അകത്തുനിന്നും ശബ്ദമൊന്നും കേട്ടില്ല. തനിക്കു നേര്‍ക്കുള്ള മുറിയില്‍ ലൈറ്റ് തെളിയുന്നതും ജനാല അടയുന്നതും അയാള്‍ അറിഞ്ഞു. വീട്ടില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് മനസിലാക്കണം. കൂടുതല്‍ ആള്‍ക്കാരുണ്ടെങ്കില്‍ നേരം ഇരുട്ടുന്നതുവരെ കാക്കണം. ഒരാള്‍ മാത്രമേയുള്ളൂവെങ്കില്‍ - അനില്‍ തലപൊക്കി ജനാലയിലേക്കു നോക്കി. കര്‍ട്ടന്റെ തുണികള്‍ നടുക്ക് വലിച്ചുചേര്‍ത്തതിലെ വിടവിലൂടെ മുറിക്കകം കാണാമായിരുന്നു.

അയാള്‍ മുറിയുടെ നടുക്ക് അനങ്ങാതെനില്‍ക്കുന്നു. ഒരു നീളമുള്ള വെളുത്ത ബെഡ്ഷീറ്റ് കഴുത്തില്‍ ഒരു ഷാള്‍ പോലെ മുന്നോട്ടിട്ടിരിക്കുന്നു. അയാളുടെ കണ്ണുകള്‍ ചുവന്നുകിടക്കുന്നു. പിന്നീട് മുറിക്കു പുറത്തേക്കുപോയ അയാള്‍ ഒരു പ്ലാസ്റ്റിക്ക് കസേരയും വലിച്ചുകൊണ്ടു വന്നു. മുറിയുടെ നടുവില്‍ കസേരയിട്ട് അതില്‍ കയറിനിന്ന് സീലിങ്ങ് ഫാനിലേയ്ക്ക് എത്തിപ്പിടിച്ചു. ബെഡ് ഷീറ്റ് ചുരുട്ടി ഫാനില്‍ കുരുക്കിടാന്‍ തുടങ്ങി. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് ഒരു കെട്ടിടാന്‍ അയാള്‍ ഏറെ പ്രയാസപ്പെട്ടു. പിന്നീട് കെട്ട് മുകളിലേക്കും താഴേക്കും ഞാത്തിനോക്കി. രണ്ടുകൈകൊണ്ടും വലിച്ച് ഷീറ്റിന്റെ ഉറപ്പുപരിശോധിച്ചു. പെട്ടെന്ന് വിതുമ്പിത്തുടങ്ങിയ അയാള്‍ കസേരയില്‍ നിന്നും താഴെയിറങ്ങി. മുറിയില്‍ക്കിടന്ന നോട്ടുപുസ്തകത്തില്‍ നിന്നും ഒരു വെള്ളക്കടലാസ് കീറിയെടുത്ത് നിലത്തിരുന്ന്, കടലാസ് കസേരയില്‍ വെച്ച് എഴുതാന്‍ തുടങ്ങി. ഒരുപാടുനേരമെടുത്ത് എഴുതിയത് പലതായി മടക്കി പോക്കറ്റിലിട്ടു. വീണ്ടും കസേരയ്ക്കു മുകളില്‍ കയറി. നിമിഷങ്ങളോളം കുരുക്കില്‍ പിടിച്ചുകൊണ്ടുനിന്നു. അയാളുടെ നെറ്റിയില്‍ നിന്നും വിയര്‍പ്പുതുള്ളികള്‍ ഒഴുകി. ചുണ്ടുകള്‍ കടിച്ചുപിടിച്ചിട്ടുണ്ട്, മുഖം വലിഞ്ഞുമുറുകിനില്‍ക്കുന്നു. അയാള്‍ ഇടതുകൈകൊണ്ട് കുരുക്ക് കഴുത്തിനു നേര്‍ക്ക് താഴ്ത്തി.

അനില്‍ ശബ്ദമുണ്ടാക്കാതെ വീടിനു മുന്‍‌വശത്തേക്കു നീങ്ങി വാതിലില്‍ മുട്ടിത്തുടങ്ങി.
“ആരാണ്?” ചെറുപ്പക്കാരന്റെ വിഹ്വലമായ ശബ്ദവും അയാള്‍ കസേരയില്‍ നിന്നും താഴെയിറങ്ങുന്ന ശബ്ദവും കാലടിയൊച്ചകളും കേട്ടു. പിന്നെ വാതില്‍ തുറന്ന് വിരണ്ട കണ്ണുകളോടെ “ആരാണ്” എന്ന് ചെറുപ്പക്കാരന്‍ വീണ്ടും ചോദിച്ചു.
“ഞാന്‍ കുറച്ചു നേരമായി നിങ്ങളുടെ പിറകേയുണ്ട്. എന്തായാലും ചാവാന്‍ പോകുവല്ലേ, മാലയും കാശും വാച്ചുമൊക്കെ ഇങ്ങു തന്നിട്ടു ചാവ്. എനിക്ക് കാശിനു കുറച്ച് ആവശ്യമുണ്ടായിരുന്നു”.

പൊടുന്നനെ “ചേച്ചീ, ഓടിവായോ” എന്ന് വലിയവായില്‍ നിലവിളിച്ച്, ഇടതുകൈകൊണ്ട് തന്റെ കഴുത്തിലെ സ്വര്‍ണ്ണമാല പൊത്തിപ്പിടിച്ചുകൊണ്ടും വലതുകൈകൊണ്ട് അനിലിനെ തള്ളിമാറ്റിക്കൊണ്ടും ചെറുപ്പക്കാ‍രന്‍ പുറത്തേക്കിറങ്ങിയോടി. ശബ്ദം കേട്ട് അടുത്ത വീട്ടിനുള്ളില്‍ ആരോക്കെയോ മുന്‍‌വാതിലിനു നേര്‍ക്ക് ഓടുന്നത് അനിലിനു കേള്‍ക്കാമായിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ അനില്‍ ഗേറ്റിനു പുറത്തിറങ്ങി ചെറുപ്പക്കാരന്‍ ഓടിയതിന് എതിര്‍ദിശയിലേക്ക് വേഗത്തില്‍ നടന്നുതുടങ്ങി.

14 comments:

ചാണക്യന്‍ said...

((((((((ഠേ))))))))

തേങ്ങ്യാ അടിച്ചു..ഇനി വായിക്കാം....

പാമരന്‍ said...

എഴുത്തിലെ ആ സ്റ്റയിലുണ്ടല്ലോ.. അദ്ദാണ്‌!

കുറച്ചുകാലമായി നിങ്ങളൊക്കെ ഉറക്കമായിരുന്നതുകൊണ്ട്‌ ബൂലോകം ആകെ ഡള്ളായിരുന്നു. വായിക്കാന്‍ റെഡ്യായി ഇരിക്കുന്നു. ഓരോന്നായി പോരട്ടെ!

ചാണക്യന്‍ said...

കഥ ഇഷ്ടായി....ഒഴുക്കുള്ള എഴുത്ത്...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വായനക്കാരനെ കൂടെ നടത്തിക്കൊണ്ടുപോകുന്നുണ്ട്‌. ഗുഡ്‌.

അനീഷ് രവീന്ദ്രൻ said...

നല്ല കഥ. വായിക്കാൻ രസമുണ്ട്.

Jayesh/ജയേഷ് said...

എന്തോ ഒരു പോരായ്മ തോന്നുന്നു സിമി..

Jayasree Lakshmy Kumar said...

കൊള്ളാം. ഇഷ്ടമായി കഥ

ചങ്കരന്‍ said...

എഴുത്തു പതിവുപോലെ ഗംഭീരം.

Sathees Makkoth | Asha Revamma said...

ഇഷ്ടായി സിമി. നല്ല വായനാ സുഖമുണ്ട്.

സു | Su said...

ഞാൻ രണ്ടുപ്രാവശ്യം വായിച്ചു. കഥ ഇഷ്ടമായി. :)

Sureshkumar Punjhayil said...

Rasakaramaya Kadha...!! Ashamsakal...!!!

വിഷ്ണു പ്രസാദ് said...

അവിശ്വസനീയമായ കഥാന്ത്യം വിശ്വസനീയമായി അവതരിപ്പിക്കാനായില്ല...

ചെലക്കാണ്ട് പോടാ said...

ഒരാളെ ചാവാന്‍കൂടി തമ്മസിക്കില്ല അല്ലേ....

Sanal Kumar Sasidharan said...

കഥ ഇത്തിരി ഗിമ്മിക്ക് ആയി പോയെങ്കിലും എഴുത്ത് ദൃഡമായിട്ടുണ്ട് :)

Google