ആശുപത്രിയിലെ നിറമടര്‍ന്ന ജനാലയില്‍ ഞാത്തിയിട്ടിരുന്ന വെളുത്ത കര്ട്ടന് ഇളംകാറ്റത്ത് മാലാഖയുടെ ചിറകുപോലെ പിടച്ചതുകൊണ്ടാണോ, തറ വെളുക്കെ തുടച്ചിട്ടിരുന്ന അണുനാശിനിയുടെ മണം മൂക്കിലടിച്ചുകയറിയതുകൊണ്ടാണോ, ശ്രീ എം. വര്‍ഗ്ഗീസ്, 54 വയസ്സ് തന്റെ ഒരു വര്‍ഷം നീണ്ട കോമയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റത് എന്നറിയില്ല. (വീട്ടിലേക്ക് മലക്കറിയും മീനും വാങ്ങി വരുന്നവഴി) വണ്ടിയിടിച്ച് കിടപ്പായതാണ്. ഡോക്ടര്‍മാര്‍ മരിച്ചുപോവുമെന്ന് വിധിയെഴുതിയതാണ്, മരിക്കരുതേ എന്ന് മക്കളും സ്നേഹമുള്ളവരും പ്രാര്‍ത്ഥിച്ചതാണ്, മരിക്കാനായി കൂട്ടിരുന്നതാണ്, ഇരുന്നുമടുത്ത് അവര്‍ ഈ നരച്ചുപഴകിയ ആശുപത്രിയിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ചുരുക്കിയതാണ് (ശ്രീ. അന്നാമ്മ വര്‍ഗ്ഗീസ് ദിവസവും, മക്കള്‍ ഇടവിട്ടും സന്ദര്‍ശിച്ചുകൊണ്ടിരുന്നു, ഒന്നും കേള്‍ക്കില്ല എന്നറിയാമായിരുന്നിട്ടും അന്നാമ്മ വര്‍ഗ്ഗീസ് തന്റെ ഭര്‍ത്താവിനോട് പരിഭവങ്ങളും വിശേഷങ്ങളും പറഞ്ഞുകൊണ്ടിരുന്നു), പക്ഷേ വര്‍ഗ്ഗീസ് മരിച്ചില്ല. ഉറങ്ങിപ്പോയതേയുള്ളൂ. ഉറക്കമുണര്‍ന്നപ്പോള്‍ പഞ്ഞിച്ചിറകുകളും വെള്ളയലുക്കുവസ്ത്രങ്ങളുമുള്ള ഒരു മാലാഖ “വരൂ സമയമായി” എന്നുമന്ത്രിച്ചുകൊണ്ട് മേഘങ്ങളിലേക്ക് വലിക്കുന്നത് അയാള്‍ സ്വപ്നം കാണുകയായിരുന്നു. സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രത്തില്‍ സൂചികളും ഗുളികകളുമടുക്കിവെച്ച് മാലാഖ മുറിവിട്ടുപോയി. അയാള്‍ കണ്ണുതുറക്കാന്‍ പിന്നെയും അല്പം സമയമെടുത്തു. മുറിയില്‍ മറ്റാരുമില്ല. ഏറെനാളത്തെ കിടപ്പുകൊണ്ട് കൈകാലുകള്‍ മരച്ചുപോയിരുന്നു. ശ്രദ്ധയോടെ, എന്നാല്‍ അവിദഗ്ധമായി സ്വയം വേദനിപ്പിച്ചുകൊണ്ട്, അയാള്‍ കൈത്തണ്ടയില്‍ ഞരമ്പിലേക്ക് കുത്തിയിരുന്ന ഡ്രിപ്പിന്റെ നാളി ഊരിമാറ്റി. കഴുത്തുചരിച്ച് തന്റെ ശുഷ്കിച്ച ശരീരത്തിലേക്കുനോക്കി വിഷാദപ്പെട്ട്, പ്രയാസപ്പെട്ട് ജനലഴികളില്‍ കൈകൊരുത്ത്, നടുവളച്ച്, കട്ടിലിന്റെ വക്കില്‍പ്പിടിച്ച് പിച്ചവെച്ച്, വര്‍ഗ്ഗീസ് ചുമരലമാര തുറന്നു. അവിടെ ഒരു പ്ലാസ്റ്റിക്ക് കൂടില്‍ അലക്കി മടക്കിയ മുണ്ടും ഷര്‍ട്ടും ഒരു പൊതിയില്‍ മരുന്നുകളും മുഷിഞ്ഞ ഒരു കൈലേസുകെട്ടിനകത്ത് കുറച്ച് നോട്ടുകളും വെച്ചിരുന്നു. വസ്ത്രം മാറി, കാശെടുത്ത് പോക്കറ്റിലിട്ടു, മുടിചീകി, റബ്ബര്‍ ചെരുപ്പുമിട്ട് അയാള്‍ മുറിയുടെ വാതില്‍ പുറത്തുനിന്ന് ചാരി. ആശുപത്രി വൃത്തിയോടെ തിളങ്ങുന്നു. വര്‍ഗ്ഗീസ് എതിരേവന്ന നേഴ്സുമാര്‍ക്ക് അഭിവാദ്യം പറഞ്ഞ് പുറത്തെ വെയിലിലേക്കിറങ്ങി. ഉച്ചയും ഉഷ്ണവുമായിരുന്നു. പെട്ടന്നുതന്നെ ക്ഷീണിച്ചുപോയ അയാള്‍ ആശുപത്രിയുടെ പുറത്തെ ഹോട്ടലിലിരുന്ന് ഒരു ചായ പറഞ്ഞു, കുറെ ശ്രമിച്ചിട്ടാണ് ഒരു കവിള് ചായ വിഴുങ്ങാന്‍ പറ്റിയത്. ചുമരില്‍ തൂക്കിയിട്ട കലണ്ടറില്‍ നിന്നും എത്രനാള്‍ ഉറങ്ങിയെന്ന് വര്‍ഗ്ഗീസ് കണക്കുകൂട്ടാന്‍ നോക്കിയെങ്കിലും എന്നാണ് കിടയതെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല. അയാള്‍ ബസ് സ്റ്റോപ്പിലേക്കു നടന്നു. അവിടെ അല്പം തടിച്ച ഒരു വീട്ടമ്മയുടെ വയറില്‍ നിന്നും സ്ഥാനം തെറ്റിക്കിടന്ന സാരിത്തുമ്പിനിടയിലെ വെളുത്ത മാംസത്തില്‍ കണ്ണുകൊളുത്തി വര്‍ഗ്ഗീസ് തന്റെ ഭൂതകാലം ഓര്‍ക്കാന്‍ ശ്രമിച്ചു. അവര്‍ സാരിത്തുമ്പുനേരെയാക്കി, വര്‍ഗ്ഗീസിനുനേര്‍ക്ക് ചിരിച്ചു.
അയാള്‍ നല്ല മനുഷ്യനായിരുന്നു. ആരെയും ദ്രോഹിക്കാത്ത, കള്ളം ചെയ്യാത്ത മനുഷ്യന്. വര്‍ഗ്ഗീസ് ഒരിക്കലും മദ്യപിച്ചില്ല, ഭാര്യ അറിയാതെ ഒന്നും ചെയ്തില്ല, സൌമ്യനും ശാന്തനുമായ വര്‍ഗ്ഗീസ് ആരോടും ദേഷ്യപ്പെട്ടില്ല, ഒരു രൂപ പോലും വെറുതേ കളഞ്ഞില്ല - ഇതയാള് ആലോചിച്ചത് “സാര്‍ ഒരുരൂപ താ” എന്നുപറഞ്ഞ് ഒരു തെണ്ടിച്ചെക്കന് ഷര്‍ട്ടിന്റെ തുമ്പില്പ്പിടിച്ച് താഴോട്ടുവിളിച്ചപ്പൊഴാണ്. നല്ലവനായ വര്‍ഗ്ഗീസ്, തന്റെ ഓര്‍മ്മകളെ അതിശയിപ്പിച്ചുകൊണ്ട്, പത്തുവയസ്സിനു താഴെ പ്രായവും അഞ്ചുവയസ്സിന്റെ വളര്ച്ചയുമുള്ള ആ കുളിക്കാത്ത പയ്യനുനേരെ “പോടാ” എന്നലറി. പയ്യന് ഞെട്ടി പിന്നോട്ടുമാറി. ബസ് സ്റ്റോപ്പില്‍ നിന്ന വീട്ടമ്മ പേടിച്ചുപോയ തന്റെ മുഖം തിരിച്ചു. നാശം എന്നുപ്രാകിക്കൊണ്ട് വര്‍ഗ്ഗീസ് ഒരു ഓട്ടോറിക്ഷ കൈകാണിച്ചുനിറുത്തി.
പുളിച്ച യീസ്റ്റിന്റെ മണമുള്ള കുരീപ്പുഴ ഷാപ്പിലിരുന്ന് രണ്ടാമത്തെക്കുപ്പി കള്ളുകുടിച്ചുകൊണ്ടിരുന്നപ്പൊഴാണ് ഒട്ടും ഭംഗിയില്ലാത്ത ഒരു കുറ്റിത്താടി വര്‍ഗ്ഗീസിന് എതിരേ വന്നിരുന്നത്. കൊടമ്പുളിയിട്ട മീന്‍ചാറ് തൊട്ടുനക്കി തണുത്തകള്ള് ഒരുകവിള്‍ കുടിച്ച്, ആ രുചിയുടെ മീതേ വഴറ്റിയ ഞണ്ടിന്‍കാല്‍ കടിച്ച് ശ്രദ്ധയോടെ ഉറിഞ്ചിക്കൊണ്ടിരുന്നപ്പൊഴാണ് കുറ്റിത്താടി കറകറാശബ്ദത്തില്‍ പാടിത്തുടങ്ങിയത്. ഗതകാല സ്മരണകളുണര്‍ത്തുന്ന മനോഹരമായ ഗാനം ഒട്ടും ഭംഗിയില്ലാതെ പാടിനശിപ്പിച്ചതുകൊണ്ടാണ് “നിര്‍ത്തഡാ“ എന്ന് വര്‍ഗ്ഗീസ് അലറിയത്. അതുവരെ കോഴിക്കൂടുപോലെ ചിലച്ചും ഡെസ്കില്‍ താളം പിടിച്ചുമിരുന്ന ബാര്‍ നിശബ്ദമായി. കുറ്റിത്താടി പാട്ടുനിറുത്തി, പതുക്കെ എണീറ്റു. വര്‍ഗ്ഗീസിനു മുന്നേ വന്ന് നെട്ടനെനിന്നു. വര്‍ഗ്ഗീസ് എഴുന്നേറ്റ് കൈ ചുരുട്ടി ആയമെടുത്തപ്പൊഴേക്കും കുറ്റിത്താടി പിടിച്ചു തള്ളിക്കഴിഞ്ഞിരുന്നു. വര്‍ഗ്ഗീസ് ബെഞ്ചിലേക്ക് കമഴ്ന്നുവീണു, എങ്കിലും പിടഞ്ഞെഴുന്നേറ്റ് കുറ്റിത്താടിയുടെ നെഞ്ചത്തിടിച്ചു. ഇടികൊണ്ട് നിമിഷങ്ങളോളം അയാള്‍ അമ്പരന്നുനിന്നു, പിന്നെ ചുണ്ടുതുറക്കാതെ മെലിഞ്ഞ ഒരു ചിരിചിരിച്ചുകൊണ്ട് സ്വന്തം ബെഞ്ചില്‍ പോയിരുന്ന് വര്‍ഗ്ഗീസിനെ ചൂണ്ടി “അയാക്കു കഴിക്കാനെന്തെങ്കിലും കൊട്” എന്ന് മുരടന്‍ ശബ്ദത്തില്‍ വിളിച്ചുപറഞ്ഞു. ബാര്‍ പൊട്ടിച്ചിരിച്ചു. വര്‍ഗ്ഗീസിന് കുപ്പിയെടുത്ത് അയാളുടെ തലയടിച്ചുപൊളിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അപ്പോഴും പൊട്ടിച്ചിരിച്ചുകൊണ്ടിരുന്ന കുറ്റിത്താടിയെ നോക്കിയപ്പോള്‍ വര്‍ഗ്ഗീസും ചിരിച്ചുപോയി. അയാള്‍ കാശുകൊടുത്ത് പുറത്തിറങ്ങി. പുറത്തപ്പൊഴും നല്ലചൂടായിരുന്നു.
ആരെ പ്രതീക്ഷിച്ചാണോ വര്‍ഗ്ഗീസ് വികാസ് നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലൂടെ നടന്നത്, അവര്‍ - കമലമ്മ, ഒരു പ്ലാസ്റ്റിക്ക് കൂടയും തൂക്കി എതിരേ വന്നു. വര്‍ഗ്ഗീസ് ചിരിച്ചു, അവര്‍ ആദ്യം തിരിച്ചറിഞ്ഞില്ല. “കമലമ്മേ“ എന്നു വിളിച്ചപ്പോള്‍ ആശ്ചര്യത്തോടെ, സന്തോഷത്തോടെ, “അല്ലാ, സാറോ, എത്ര വര്‍ഷമായി“ എന്നുമൊഴിഞ്ഞു. പ്രായം കമലമ്മയുടെ ശബ്ദമാധുര്യം കവര്‍ന്നില്ല. പോസ്റ്റോഫീസിലെ ഉദ്യോഗസ്ഥയായ അവരെ പഠിക്കുന്ന കാലത്ത് വര്‍ഗ്ഗീസ് ആഴത്തില്‍ പ്രേമിച്ചിരുന്നെങ്കിലും അത് തുറന്നുപറയാന്‍ പറ്റിയിരുന്നില്ല, പിന്നീട് വിവാഹശേഷം പലപ്പൊഴും പരസ്പരം കണ്ടിട്ടുണ്ടെങ്കിലും അധികം സംസാരിച്ചിട്ടില്ല. “നീ എത്ര മാറിപ്പോയി” എന്നുകേട്ട് കമലമ്മ അമ്പരന്നുനിന്നു.
“സാറ് വീട്ടിലേക്കു വരൂ, ചായകുടിച്ചിട്ടുപോവാം”.
വര്‍ഗ്ഗീസിന് അവരുടെ - അവളുടെ വീട്ടിലേക്കുപോയി അവളുടെ ശരീരമാസകലം ചുംബിക്കണമെന്നും വിവസ്ത്രയാക്കണമെന്നും ആ വലിയ മുലകളില്‍ കടിക്കണമെന്നും തോന്നി. പക്ഷേ - “കമലയുടെ ഭര്‍ത്താവ് എപ്പോള്‍ വരും?”
“സാറ് ചായകുടിച്ചുകഴിയുമ്പൊഴേക്കും അദ്ദേഹമെത്തും, വരൂ”.
“നീയെന്നെ സാറെന്നു വിളിക്കണ്ട”.
കമലമ്മ ഒരുനിമിഷം അമ്പരന്നുനിന്നു. പിന്നെ ഒരുപാട് വര്‍ഷങ്ങളായി ചിരിക്കാത്ത ഒരു ചിരി ചിരിച്ചുകൊണ്ട്, ഏറ്റവും വലിയ സ്നേഹത്തോടെയും വാത്സല്യത്തോടെയും “മോനേ, വര്‍ഗ്ഗീസേ“ എന്നുവിളിച്ചു. ചിരിച്ചുകൊണ്ട് മുന്നോട്ട് രണ്ടുകാല് വെച്ചു, തന്റെ വലിയ ശരീരം തിരിച്ച് വരുന്നില്ലേ എന്നുചോദിച്ചു. താന്‍ പിടിക്കപ്പെടുമോ എന്ന ഉദ്വേഗത്തോടെ കാമിനിയെപ്പുണരുന്ന ജാരനെപ്പോലെ അയാളുടെ ചോരതിളച്ചു, രോമങ്ങള്‍ എഴുന്നുനിന്നു. “ഇല്ല, ഇനിയൊരിക്കല്‍.” വര്‍ഗ്ഗീസ് തിരിഞ്ഞുനടന്നു. വളവിലെത്തിയപ്പോള്‍ കമലമ്മയുടെ ഭര്‍ത്താവ് എതിരേ വരുന്നു.
“എന്താ വര്‍ഗ്ഗീസേ, വലിയ സന്തോഷത്തിലാണല്ലോ?”
“പിന്നല്ലാതെ, ഇന്ന് എന്റെ ദിവസമാണ്”
“ആഹാ, കണ്ടിട്ട് കുറെയേറെ ആയല്ലോ?, ആശുപത്രിയിലായിരുന്നെന്നു കേട്ടു”
“അതെ, പുറത്തിറങ്ങിയിട്ട് കുറച്ചേ ആയുള്ളൂ”.
“വീട്ടിലേക്കുവരൂ, ചായ കുടിച്ചിട്ടുപോവാം”.
“ഇല്ല, പിന്നൊരിക്കലാവട്ടെ”.
“പിന്നെ, തീര്‍ച്ചയായും വീട്ടില്‍ വരണം”
“വരും, തീര്‍ച്ച”.
അടുത്ത ഓട്ടോപിടിച്ച് വര്‍ഗ്ഗീസ് അര്‍ച്ചന തിയ്യെറ്ററിലിറങ്ങി. സുരേഷ് ഗോപിയുടെ പടം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആണ്. ക്യൂവില്‍ നിന്ന് ഒരുപാടു തള്ളുകൊണ്ടിട്ടും ടിക്കറ്റുകിട്ടിയില്ല. ബ്ലാക്കില്‍ ടിക്കറ്റെടുത്ത് തലയുയര്‍ത്തുമ്പൊഴാണ് “അപ്പാ” എന്ന് ആശ്ചര്യത്തോടെ വിളിച്ചുകൊണ്ട് വിഹ്വലനായ തന്റെ മകന് മുന്നില്‍ നില്‍ക്കുന്നത്.
“എവിടെയെല്ലാം അന്വേഷിച്ചു. ഇതെന്തുകോലമാണ്. എങ്ങനെ ഇറങ്ങിപ്പോയി. ദൈവമേ, അമ്മച്ചി അള്‍ത്താരക്കുമുന്നില്‍ മുട്ടിപ്പായി കരയുകയാണ്, എന്നാലും അപ്പനെ ജീവനോടെ തിരിച്ചുകിട്ടിയല്ലോ, ആശുപത്രിയിലേക്കുവരൂ. അവിടെ എല്ലാവരും വെപ്രാളത്തിലാണ് - അപ്പന് എവിടെയെങ്കിലും മരിച്ചുകിടക്കുന്നെന്നാണ് - മകന് പറഞ്ഞുകൊണ്ടിരുന്നത് പകുതിയില്‍ നിറുത്തി”. പടം കണ്ടിട്ടുപോവാം എന്ന് വര്‍ഗ്ഗീസ് വിഷാദത്തോടെ പറഞ്ഞതു ഗൌനിക്കാതെ അയാളെ ശ്രദ്ധയോടെ പിടിച്ച് കാറില്‍ കയറ്റി.
ടാക്സിയുടെ പിന്‍സീറ്റിലിരുന്ന് വര്‍ഗ്ഗീസ് ക്ഷീണിച്ചു, അല്പം കിടക്കണമെന്നുപറഞ്ഞു. മകന്റെ തോളിലേക്ക് ചാഞ്ഞിരുന്നുറങ്ങി.
ആശുപത്രിയിലെത്തി പുറത്തിറങ്ങാനായി മകന് കുലുക്കിവിളിച്ചപ്പൊഴേക്കും വര്‍ഗ്ഗീസ് മരിച്ചുപോയിരുന്നു. ശവശരീരത്തിന്റെ മുഖത്ത് വിടര്‍ന്നുനിന്ന ചിരിനിവര്‍ത്തി ഗൌരവഭാവം വരുത്താന്‍ അവര്‍ ഏറെ പാടുപെട്ടു.
8/04/2009
വര്‍ഗ്ഗീസ് - റീലോഡഡ്
എഴുതിയത് simy nazareth സമയം Tuesday, August 04, 2009
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
22 comments:
ഏറ്റവും ആദ്യത്തെ അഭിപ്രായം ആവുമ്പോ,അതിനു തേങ്ങ അടി-എന്നെണ്ടോ ആണ് പറയേണ്ടത് എന്നത് ബ്ലോഗു നിയമത്തില്‍ പറഞ്ഞിട്ടുല്ലതാണോ?
ഏതായാലും ഉടചിരിക്കുന്നു.
രീലോടെഡ് മോശമില്ല.
gud one simi.
പക്ഷേ ആ മുഖത്തെ ചിരിമാറ്റി ഗൌരവം വരുത്തിയതെന്തിനാണാവോ?(ഞാന്‍ ഒന്നും ചോദിച്ചില്ല)
നന്നായിട്ടൊ
നന്നായി
മരിക്കുമ്പോൾ അയാൾ വർഗ്ഗീസ് ആയിരുന്നു, അല്ലേ?
കൊള്ളാം. നല്ല കഥ
കുറെ കാലം കൂടിയാണ് ഒരു കഥ ബ്ലോഗില്‍ വായിക്കുന്നത്.കഥ നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍.
നല്ല കഥ..
മനോഹരം,
നല്ല കഥ സിമി
തരക്കേടില്ല.പുതുമയൊന്നും തോന്നിയില്ല.എങ്കിലും എല്ലാ സിമിക്കഥകളേയും പോല്ലെ നല്ല്ല ഒഴുക്കുണ്ട്.
കഥ ഇഷ്ടായി സിമി...
വര്‍ഗ്ഗീസ് ചിരിക്കാനായല്ലോ...
നല്ല കഥ.
good one.good narration
കൊള്ളാം. നന്നായിട്ടുണ്ട്. ഇഷ്ടമായി.
വര്‍ഗ്ഗീസ് - റീലോഡഡ് !! :)
വീണ്ടും ക്ഷമിക്കുക മുൻപുള്ള കമന്റിനും ഇപ്പോഴത്തെ ഈ കമന്റിനും. ഇപ്പോഴും മനസ്സിലായില്ല എന്ന വാസ്തവം ജീവിച്ചിരിക്കുന്നു.
റീലോഡു ചെയ്താല്‍ എല്ലാം അങ്ങനാ...
do you call this a story??? foolishness
മുണ്ഡിതശിരസ്കാ, ഞാന്‍ ഈ കഥയില്‍ ഉദ്ദേശിച്ചത് എന്താ എന്നു പറഞ്ഞുതന്നിട്ട് കാര്യമില്ലല്ലോ. താങ്കള്‍ മനസിലാക്കുന്നതും എഴുത്തുകാരന് ഉദ്ദേശിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമുണ്ടാവേണ്ട കാര്യമില്ല.
അതും ശരിയാണ്. ഞാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതിനെക്കുറിച്ചാലോചിക്കുന്നു. എന്തായിരിക്കും ഈ വരികൾക്ക് പിന്നിൽ ഞാനുമായി ഒളിച്ച് കളിക്കുന്ന കാര്യം എന്ന്. രണ്ട് മൂന്നാളുമായി പറഞ്ഞും ഒരു പ്രിന്റ് ഔട്ട് എടുത്ത് വായിച്ച് കേൾപ്പിക്കുകയും ചെയ്തു. ഗഹനമായ ഒരു മാനസിക പ്രശ്നമോ സാമൂഹിക ചുറ്റുപാടോ ഇതിനുള്ളിൽ അവർക്കും കണ്ടെത്താനായില്ല. എങ്കിൽ കഥാകാരനോട് തന്നെ ആവാം ചോദ്യമെന്ന് കരുതി. അധിക്ഷേപിക്കാൻ ഉദ്ദേശിച്ചില്ല. ആദ്യം മനസ്സിൽ വന്ന തമാശ അതാണ് ഡിലിറ്റ് ചെയ്ത് ക്ഷമ ചോദിച്ചതും. മെയിൽ ഐ ഡി തിരഞ്ഞിട്ട് കിട്ടിയില്ല. വീണ്ടും വിവരദോഷമായി കരുതി ക്ഷമിക്കുക. വളരെ നന്ദി.
Good work
Post a Comment