1. ആത്മം
Oh god, എനിക്കെന്നെ ഒരുപാട് ഇഷ്ടമാണ്. അധികം നീളമില്ലാത്ത എന്റെ വിരലുകളെ, കൈത്തണ്ടയിലെ ഉറച്ച പേശികളെ, ഉരുണ്ട തോളുകളെ, ദൃഢമായ കഴുത്തിനെ, അതില്‍ പടര്‍ന്നുകയറുന്ന ഞരമ്പുകളെ, കറുത്തുചുരുണ്ട തലമുടിയെ, പരന്ന കവിളുകളെ, തിങ്ങിവളര്‍ന്ന മീശയെ, എന്റെ നിരതെറ്റാത്ത പല്ലുകളെ, വിരിഞ്ഞ നെഞ്ചിനെ, നെഞ്ചിലെ ചുരുണ്ട രോമങ്ങളെ, അവയ്ക്കിടയില്‍ ഇളം ചുവപ്പുനിറത്തില്‍ എഴുന്നുനില്ക്കുന്ന എന്റെ മുലഞെട്ടുകളെ, V ആകൃതിയില്‍ ഒട്ടിയ വയറിനെ, അകത്തേയ്ക്കുവലിഞ്ഞ പൊക്കിള്‍ക്കൊടിയെ, കടഞ്ഞെടുത്ത കാലുകളെ, ബലിഷ്ഠമായ തുടയെ, ഉയര്‍ന്ന് വില്ലുപോലെ വളഞ്ഞുനില്ക്കുന്ന എന്റെ ലിംഗത്തെ - ഞാന്‍ സുന്ദരനാണെന്ന് കണ്ണാടിക്കുപോലും ബോധ്യമായിക്കാണണം. ആറടി പൊക്കമുള്ള കണ്ണാടിയില്‍ നിവര്ന്നുനില്ക്കുമ്പോള് കുളത്തിലെ സ്വന്തം പ്രതിബിംബത്തെ നാര്‍സിസസ് എത്രമാത്രം പ്രേമിച്ചെന്ന് എനിക്കു മനസിലാവുന്നു. ഫ്ലാറ്റിലെ ഈ മുറിയില്‍ എക്സര്‍സൈസ് ഉപകരണങ്ങളും നിലക്കണ്ണാടിയും മേശയും മാത്രമാണ്.
നൂറ്റിയിരുപത് പുഷപ്പുകള്‍ വരെ ഞാന്‍ എണ്ണി, വേദനയില്‍ അല്പനേരം കമഴ്ന്നടിച്ചുകിടന്നു, എഴുന്നേറ്റ് വിയര്‍പ്പുതുടച്ചു, ഇളം ചൂടുവെള്ളത്തില്‍ കുളിച്ചു, സുഗന്ധദ്രവ്യം പുരട്ടി, മുഖത്ത് ക്രീം പുരട്ടി, അടിവസ്ത്രങ്ങള്‍ ധരിച്ചു, ജീന്‍സും വെളുത്ത നിറത്തില്‍ നീലക്കള്ളികളുള്ള ഷര്‍ട്ടും ധരിച്ചു, ഷര്‍ട്ടിന്റെ കൈ മടക്കിവെച്ച് ഷൂസ് വലിച്ചുകയറ്റി മൊബൈലും പേഴ്സും ഫ്ലാറ്റിന്റെ താക്കോലും പോക്കറ്റിലിട്ട് പുറത്തേക്കിറങ്ങി. എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും ഞാന്‍ എന്നും വൈകിട്ട് ഒരുമണിക്കൂറെങ്കിലും നടക്കാന്‍ പോകും.
2. സുഭാഷ് പാര്‍ക്ക്
കച്ചേരിപ്പടിയില്‍ റോഡ് ക്രോസ് ചെയ്യുന്നത് ഒരു സര്‍ക്കസ് ആണ്. അവിടെനിന്നും എം.ജി. റോഡ് വഴി നടന്നു. ആലുക്കാസിനുമുന്നില്‍ സ്വര്‍ണ്ണം വാങ്ങാന്‍ വന്ന നവവധുവും വലിയ കുടുംബവും ഉറക്കെ സംസാരിച്ചുകൊണ്ട് പുറത്തിറങ്ങുന്നു. സരിത, സംഗീതയുടെ മുന്നില്‍ പുതിയ തമിഴ് പടത്തിന്റെ തിരക്ക്. സിഗ്നലില്‍ ഒരു കാര്‍ നിറുത്താതെ ഹോണടിക്കുന്നു. യാത്രക്കാര്‍ തിരക്കുപിടിച്ച് നടക്കുന്നു. ചൂടുകപ്പലണ്ടിയുടെ മണം. വഴിവക്കില്‍ വിലകുറഞ്ഞ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വില്ക്കാന് നിരത്തിവെച്ചിരിക്കുന്നു - പുതിയതൊന്നും വന്നിട്ടില്ല, കൂട്ടത്തില്‍ കൊള്ളാവുന്നതൊക്കെ വായിച്ചതാണ്. സുഭാഷ് പാര്‍ക്കിനു മുന്നില്‍ പ്ലാസ്റ്റ്ക്ക് പൂക്കള്‍ വില്ക്കാന് ടെന്റ് കെട്ടിയിരിക്കുന്നു. സമയം ആറേ മുക്കാല്‍. അന്തരീക്ഷം ചുവന്നുതുടങ്ങി.
പാര്‍ക്കില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞിരിക്കുന്നു. കുട്ടികളില്ലാത്ത ടയറൂഞ്ഞാലുകള്‍ തൂങ്ങിനിന്ന് ഉറങ്ങുന്നു. പാര്‍ക്കിലെ പാതയ്ക്ക് ഇരുവശത്തും നിരയായി വെട്ടിനിറുത്തിയിരിക്കുന്ന കടും പച്ചനിറത്തിലുള്ള ചെടികള്‍ക്കിടയില്‍ നിന്ന് ചീവീട് കരയുന്നു. പാര്‍ക്കിനുള്ളിലെ വഴിയിലൂടെ മൂന്നുറൌണ്ട് നടന്നു. രണ്ട് വൃദ്ധന്മാര് ഒരു ബെഞ്ചില്‍ പരസ്പരം മിണ്ടാതെ മുന്നോട്ടുനോക്കിയിരിക്കുന്നു. നടക്കാന്‍ അധികം പേരില്ല. എനിക്കു മുന്നില്‍ ഒരു തടിച്ച സ്ത്രീ നടക്കുന്നു. അവര്‍ തിരിഞ്ഞുനോക്കി. ഞാന്‍ ചിരിച്ചു. അവര്‍ തിരിച്ചുചിരിച്ചു, നടത്തം പതുക്കെയാക്കി. തടിച്ച സ്ത്രീകളെ എനിക്കിഷ്ടമല്ല. അവരോട് ഒപ്പമെത്താതെയിരിക്കാന്‍ ഞാനും നടത്തം പതുക്കെയാക്കി, അവര്‍ തിരിഞ്ഞുനോക്കുന്നില്ല എന്നു കണ്ടപ്പോള്‍ ഞാന്‍ ഒരു ബെഞ്ചിലിരുന്നു. കുറച്ചേറെ ചെന്നിട്ടാണ് ആ സ്ത്രീ വീണ്ടും തിരിഞ്ഞുനോക്കിയത്. എന്നെ കണ്ടോ എന്ന് അറിയില്ല, ഒന്നും സംഭവിക്കാത്തതുപോലെ അവര്‍ നടത്തം തുടര്‍ന്നു. നേരം ഇരുട്ടിത്തുടങ്ങുന്നു. തലയ്ക്കു മുകളിലെ മരത്തില്‍ ഉറക്കത്തിനുമുന്നേ പക്ഷികള്‍ കൈമാറുന്നു. ഒരാള്‍ നടന്നു വരുന്നു. വെളുത്ത ഷര്‍ട്ടും നീല ജീന്‍സും കാന്‍വാസ് ഷൂസും ധരിച്ച ഇയാള്‍ ഷേവ് ചെയ്തിട്ടില്ല, കവിളുകള്‍ കുഴിഞ്ഞിട്ടാണ്. കണ്ണുകള്‍ അതിലും കുഴിഞ്ഞിട്ട് - കുഴിയില്‍ നിന്നും കൃഷ്ണമണികള്‍ തിളങ്ങുന്നു. കട്ടിപ്പുരികം, വലിയ നെറ്റി. നിഷ്കളങ്കമായ മുഖം, ആകര്‍ഷകമായ ചിരി - “എനിക്ക് ഇരുപതു രൂപ വേണം, വണ്ടിക്കൂലിക്ക് കാശു നഷ്ടപ്പെട്ടു. അല്പം ദൂരെയാണ്..” ഞാന്‍ ഇല്ല എന്ന് തലയാട്ടി, നടക്കാനായി ബെഞ്ചില്‍ നിന്നും എഴുന്നേറ്റു. ഇങ്ങനെ മെലിഞ്ഞ മനുഷ്യനില്‍ നിന്നും ഇത്ര ഗാംഭീര്യമുള്ള ശബ്ദം വരുന്നതുകേട്ട് അല്പം ആശ്ചര്യത്തോടെ ഞാന്‍ നടന്നകലുമ്പോള്‍ അയാള്‍ എന്റെ കയ്യില്‍ കയറിപ്പിടിച്ചു. “പ്ലീസ്, അങ്ങനെ പറയരുത്” - മെലിഞ്ഞ വിരലുകള്‍ കൊണ്ടുള്ള കൈത്തണ്ടയിലെ പിടിത്തം മൃദുവാണ്, “പ്ലീസ്” - മുഖത്ത് ദൈന്യഭാവമില്ല, അഭ്യര്‍ത്ഥനയില്ല, കണ്ണുകള്‍ ചിരിക്കുന്നു. നന്നായി വെട്ടിനിറുത്തിയ മീശ കവിളിന്റെ വശങ്ങളിലേയ്ക്ക് പരക്കുന്നു. “ഇല്ല” - എന്റെ ശബ്ദം കടുത്തു, ഞാന്‍ കൈ വലിച്ചു, നടന്നു. തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ അവിടെത്തന്നെ നില്‍പ്പുണ്ട്. ചിരിക്കുന്നുണ്ടാവുമോ - അറിയില്ല, എനിക്ക് ഇരുട്ടില്‍ മുഖം നേരേ കാണാന്‍ പറ്റിയില്ല.
ഞാന്‍ പാര്‍ക്കിനെ വീണ്ടും വലം വെയ്ക്കാതെ മുന്‍വശത്തെ ഗേറ്റുവഴി ഇറങ്ങി. പാര്‍ക്കിനു മുന്നില്‍ കിടക്കുന്ന ഓട്ടോയില്‍ കയറി ഇരുപതു മിനിട്ടില്‍ ഫ്ലാറ്റില്‍ തിരിച്ചെത്തി. ഒന്നും കഴിക്കാന്‍ തോന്നിയില്ല. ടിവി ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്നു, കുളിച്ചു. വിശന്നു. ഒരുകുപ്പി വെള്ളം കുടിച്ചു. ഉറങ്ങാന്‍ കിടന്നു.
3. ചിറ്റൂര്‍ ബസ്സ്
മറൈന്‍ ഡ്രൈവിനു മുന്നില്‍ നിന്നാണ് ചിറ്റൂരേയ്ക്കുള്ള ചുവന്ന ബസ്സില്‍ കയറിയത്. ബസ്സില്‍ തിരക്കായിരുന്നു. സെന്റ് ആല്‍ബര്‍ട്ട്സിനു മുന്നിലെത്തിയപ്പോള്‍ തടിച്ച ഒരു മദ്ധ്യവയസ്കന് സീറ്റില്‍ നിന്നും എഴുന്നേറ്റു. ഇരിക്കാനായി എനിക്ക് രണ്ടാള് അകലെനിന്ന കിഴവന് തിക്കിത്തിരക്കി വരുന്നത് ഇടംകോണിലൂടെ കണ്ട്, അയാളെ കണ്ടില്ലെന്ന ഭാവത്തില്‍ ഞാന്‍ പെട്ടെന്ന് സീറ്റിലിരുന്നു. കിഴവന് എന്നെ തുറിച്ചുനോക്കുന്നുണ്ടാവണം, ഞാന്‍ മുഖമുയര്‍ത്തിയില്ല. മടിയില്‍ വെച്ച ബാഗിലേയ്ക്ക് കൈകള്‍ പിണച്ചുവെച്ച് എന്റെ വിരലുകളിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.
സീറ്റില്‍ ജനാലയോട് ചേര്‍ന്നിരിക്കുന്നയാള്‍ എന്നെ നോക്കുന്നതുപോലെ തോന്നി. “ഹലോ”. ഞാന്‍ മുഖമുയര്‍ത്തി. കുഴിഞ്ഞ കവിളുകളും കണ്ണുകളുമുള്ള - ഇന്നലെ കണ്ടയാള്‍. അയാള്‍ ചിരിച്ചു. “ഓര്‍മ്മയുണ്ടോ”? ഞാന്‍ ജോണ്‍. അയാള്‍ കൈ നീട്ടി. ഞാന്‍ കൈ പിടിച്ചു കുലുക്കി. മൃദുവായ കൈ കൊണ്ട് അയഞ്ഞപിടിത്തം. അയാള്‍ അല്പനേരം കൈ വിട്ടില്ല. “താമസം എവിടെയാണ്?” ഞാന്‍ ഈ ചോദ്യത്തിന് മറുപടി പറഞ്ഞില്ല, കേള്‍ക്കാത്തതുപോലെ തിരിച്ചു ചോദിച്ചു - “ജോണ്‍ എങ്ങോട്ടാണ്?” “അങ്ങനെയൊന്നുമില്ല. ചിറ്റൂര്‍ വരെ റ്റിക്കറ്റ് എടുത്തിട്ടുണ്ട്, പേരുപറഞ്ഞില്ല - നിങ്ങള്‍ എങ്ങോട്ടാണ്?” ഞാന്‍ സ്ഥലം പറഞ്ഞു. “ഉവ്വോ, ഞാനും അവിടെ ഇറങ്ങാം. ഈ നഗരത്തില്‍ ഒരാളെത്തന്നെ രണ്ടുതവണ കണ്ടുമുട്ടുന്നത് വലിയ യാദൃശ്ചികതയാണ്. അതും അടുത്ത ദിവസങ്ങളില്‍. വിരോധമില്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഒന്നു കടം തരാമോ? എനിക്കൊരാളെ വിളിക്കാനുണ്ട്”. ഞാന്‍ ഫോണ്‍ കൊടുത്തു, ജോണ്‍ ആരെയോ വിളിക്കാന്‍ ശ്രമിച്ചു. മൂന്നുനാലു തവണ ശ്രമിച്ചിട്ട് “എടുക്കുന്നില്ല” എന്നുപറഞ്ഞ് ഫോണ്‍ തിരികെത്തന്നു. കാലുകള്‍ വിടര്‍ത്തി എന്നെ സ്പര്‍ശിച്ചുകൊണ്ടാണ് അയാള്‍ ഇരിക്കുന്നത്. രണ്ടുപേര്‍ക്ക് പരസ്പരം തട്ടാതെ ഇരിക്കാന്‍ ബസ്സ് വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റല്ല, എന്നിട്ടും എന്തോ, അയാളുടെ സ്പര്‍ശം എനിക്ക് അലോസരമായി തോന്നി. ബസ്സ് പച്ചാളത്തെത്തി. “ഞാനിറങ്ങുന്നു” - ഞാനെഴുന്നേറ്റു. ജോണ്‍ ചിരിച്ചു. “ശരി, വീണ്ടും കാണാം” നീട്ടിയ കൈപിടിച്ചു കുലുക്കിയപ്പോള്‍ വീണ്ടും മൃദുത്വം. ഞാന്‍ ധൃതിയില്‍ ഇറങ്ങി. ഓട്ടോപിടിച്ച് നഗരത്തിലേയ്ക്ക് തിരികെപ്പോയി. ചിറ്റൂരെ സുഹൃത്തിനെ വിളിച്ച് ഇന്നു വരാന്‍ പറ്റില്ല എന്നുപറഞ്ഞു.
ഏഴരയോടെ റൂമിലെത്തി, ഷര്‍ട്ടും ബനിയനും ഊരിയിട്ടപ്പൊഴേയ്ക്കും ഫോണ്‍ മണിയടിച്ചു. പരിചിതമല്ലാത്ത നമ്പര്‍. ആരാണ്? “ഞാന്‍, ജോണ്‍. ക്ഷമിക്കൂ. ബസ്സിലിരുന്ന് നിങ്ങളുടെ ഫോണില്‍ നിന്നും വിളിച്ചത് എന്റെ ഫോണിലേയ്ക്കാണ്, എനിക്ക് നിങ്ങളുടെ നമ്പര്‍ വേണമായിരുന്നു - തെറ്റിദ്ധരിക്കരുത്. ഡിയര്‍___, - i'm not stalking you - ഞാനിവിടെ ഒറ്റയ്ക്കാണ്, പരിചയമില്ലാത്ത നഗരം, ആരോടെങ്കിലും മിണ്ടാന്‍ കൊതിയായതുകൊണ്ടാണ്, മറ്റാരുമില്ലാത്തതുകൊണ്ടാണ് - മറ്റൊന്നുമല്ല. താങ്കള്‍ക്ക് ഫോണ്‍ വെക്കണമെങ്കില്‍ വെച്ചോളൂ.
ഞാന്‍ ഫോണ്‍ വെച്ചില്ല. ജോണ്‍ കുറെ അധികം സംസാരിച്ചു. അയാള്‍ മദ്യപിച്ചിട്ടുണ്ടെന്നു തോന്നി. പാട്ടുപാടുന്നതുപോലെ താളത്തില്‍ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. പ്രണയം, നൈരാശ്യം, കഞ്ചാവ്, ജോലി നഷ്ടപ്പെട്ടു, ഏതോ സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ഇന്നലെ മറ്റാരോടോ ഇരന്ന് ഇരുപത് രൂപ വാങ്ങി ഏതോ സിനിമ കണ്ടു, ജോണ്‍ ബൈപാസിനടുത്ത് ഒരു ലോഡ്ജിലാണ് - “ഞാന്‍ എവിടെയാണ്?” - “അത് നിങ്ങള്‍ അറിയേണ്ട കാര്യമില്ല മിസ്റ്റര്‍”. “വിരോധമില്ലെങ്കില്‍ നാളെ വൈകിട്ട് നാലരയോടെ കനോപ്പിയില്‍ വരൂ. ഞാന്‍ വരച്ച ചില ചിത്രങ്ങള്‍ കാണിച്ചുതരാം”. “സോറി ജോണ്‍, എനിക്കു നാളെ ഒരിടത്തുപോവാനുണ്ട്”. മറ്റെന്നാള്‍? “ഇല്ല, ഗൂഡ്നൈറ്റ്”.
അയാള്‍ പറയുന്നതെല്ലാം വിശ്വസിക്കാന്‍ പറ്റില്ല - പുതുതായി പരിചയപ്പെടുന്ന ഒരാള്‍ പറയുന്നതെല്ലാം വിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ സത്യമേത്, കള്ളമേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധത്തിലുള്ള സംസാര രീതി, വികാരത്തോടെ, ആത്മാര്‍ത്ഥതയോടെ, ചാതുര്യത്തോടെ കഥകള്‍ പറയുന്നു, ജീവിതത്തിന്റെ കെട്ടഴിക്കുന്നു.
4. കാപ്പിക്കട
ജോണിനെ വീണ്ടും കണ്ടത് ഏകദേശം ഒരു മാസത്തിനു ശേഷമാണ്. ഇതിനിടെ ജോണ്‍ നാലുതവണ ഫോണ്‍ വിളിച്ചു. രണ്ടുതവണ കാപ്പികുടിക്കാന്‍ വിളിച്ചു. അയാള്‍ ശരിക്കും ഒറ്റയ്ക്കാണെന്നു തോന്നുന്നു. ജോണ്‍ സംസാരിക്കുന്ന രീതി ആകര്‍ഷകമാണ്. ഒരു മൂഡി കാരക്ടറാണ്. ചിലനേരത്ത് ലോകം പുല്ലാണ് എന്ന മട്ട്. ചിലപ്പോള്‍ മാരകമായ സെന്റി. ഇന്നലെ വിളിച്ചപ്പോള്‍ വിരോധമില്ലെങ്കില്‍ കാപ്പികുടിക്കാന്‍ വരാമോ എന്ന് വീണ്ടും പറഞ്ഞു. സത്യത്തില്‍ എനിക്ക് വിരോധമുണ്ട്. അപരിചിതരെ പെട്ടെന്ന് അടുപ്പിക്കുന്നതില്‍ അനൌചിത്യമുണ്ട്. ഞാന്‍ കാപ്പികുടിക്കാന്‍ ചെന്നപ്പോള്‍ ഒരു സിഗരറ്റും പുകച്ച് അയാള്‍ ഇരിക്കുന്നുണ്ടായിരുന്നു. കാവി ടീഷര്‍ട്ടും നീല ജീന്‍സും. ഞരമ്പുതള്ളിയ കൈകള്‍ കൊണ്ട് ഹാന്‍ഡ്ഷേക്ക്. “ഞാന്‍ ശല്യമാവുന്നുണ്ടോ?” - “എയ് ഇല്ല, സത്യത്തില്‍ എനിക്ക് തിരക്കായിരുന്നു”. ഞങ്ങള്‍ കുറെയേറെ സംസാരിച്ചു. ഒരേ വേവ് ലെങ്ങ്ത് ആണ് - രണ്ടുപേര്‍ക്കും കര്‍ട്ട് കോബയനെ ഇഷ്ടം, ഫ്രെഡി മെര്‍ക്കുറിയെ ഇഷ്ടം, ബാസ്കറ്റ്ബാള്‍ കളിക്കാനിഷ്ടം, ഗസലുകള്‍ കേള്‍ക്കാനിഷ്ടം - ഇതില്‍ കാര്യമൊന്നുമില്ല. നമ്മള് നമ്മെപ്പോലെയുള്ളവരെ കണ്ടെത്തുന്നു, കൂടുകൂടുന്നു. ഞങ്ങള്‍ കുറെ നടന്നു. പാര്‍ക്കില്‍ സംസാരിച്ചു നടന്നുകൊണ്ടിരിക്കേ അയാള്‍ എന്റെ കൈപിടിച്ചു. ഞാന്‍ കൈ വിടുവിച്ചു. ഈ മനുഷ്യന് ശരിയല്ല. ഞാന്‍ ഒന്നും സംഭവിക്കാത്തതുപോലെ സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ മനസില്‍ ഒന്നും മുഖത്ത് മറ്റൊന്നും വരുത്താന്‍ പ്രയാസമാണ്. “ജോണ്‍, പോകട്ടെ, ഞാന്‍ ഫോണ്‍ വിളിക്കാം“. “വിളിക്കുമോ?” “തീര്‍ച്ചയായും”. താമസം കച്ചേരിപ്പടിയിലല്ലേ? “അതെ, ബൈ”.
ഒരാഴ്ച്ചയോളം ജോണ്‍ വിളിച്ചില്ല. ഞാനും വിളിച്ചില്ല. ഞാന്‍ ജോണിനെപ്പറ്റി ആലോചിച്ചു, പലതവണ. കുറച്ചുനാള്‍ കാണാതാവുമ്പോള്‍ മറക്കും, എത്രപേരെ മറന്നിരിക്കുന്നു.
5. പവര്‍ക്കട്ട്
ഏഴര മുതല്‍ എട്ടുമണിവരെയായിരുന്നു. വിയര്‍ത്തു. കുളിക്കാനായി ഷര്‍ട്ട് ഊരിയപ്പൊഴാണ് കാളിങ്ങ് ബെല്ലടിച്ചത്. ആരാണ്? ഷര്‍ട്ടിന്റെ കുടുക്കുകള്‍ രണ്ടെണ്ണം ഇട്ടുകൊണ്ട് കതകുതുറന്നപ്പോള്‍ ജോണ്‍ നില്ക്കുന്നു. എന്റെ ഫ്ലാറ്റ് എങ്ങനെ കണ്ടുപിടിച്ചു എന്നു ചോദിച്ചില്ല. “വരൂ, ഇരിക്കൂ”.
he kissed me.
ജോണ്‍ വീണ്ടും പല ദിവസങ്ങളില്‍ പലതവണ ഫോണ്‍ ചെയ്തു. ഞാന്‍ എടുത്തില്ല. ബൂത്തില്‍ നിന്നു വിളിച്ചപ്പോള്‍ ഞാന്‍ കട്ട് ചെയ്തു. അയാള്‍ പിന്നെ വന്നില്ല.
രണ്ടാഴ്ച്ചകഴിഞ്ഞ് ഞാന്‍ കാനോപ്പിയില്‍ കാപ്പികുടിക്കാന്‍ പോയി. ജോണ്‍ അവിടെ ഉണ്ടായിരുന്നു.
രാവിലെ ഉണര്‍ന്നപ്പോള്‍ എന്റെ വായ കയ്ച്ചു. ബാത്ത്രൂമില്‍ പോയപ്പോള്‍ മലത്തില്‍ ചോര പൊടിഞ്ഞിരുന്നു. ജോണ്‍ കട്ടന്‍ചായയിട്ടു. “അരുതാത്തത് എന്തെങ്കിലും ചെയ്തെന്ന് തോന്നുന്നുണ്ടോ?” തലപെരുപ്പും മലദ്വാരത്തിലെ വേദനയുമല്ലാതെ എനിക്കൊന്നും തോന്നിയില്ല. ജോണ്‍ ആകെ മൂടിക്കെട്ടിയിരിക്കുന്നു. “വേണ്ടിയിരുന്നില്ല അല്ലേ?” ശരീരത്തില്‍ പലയിടത്തും വേദനിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഒന്നും പറഞ്ഞില്ല. ചായയ്ക്ക് രുചി തോന്നിയില്ല. “ജോണ്‍, എനിക്കു കുറച്ച് തിരക്കുണ്ട്, വിരോധമില്ലെങ്കില്‍ പിന്നെക്കാണാം”. ഞാന്‍ കുളിമുറിയില്‍ കയറി, പല്ലുതേച്ചുതുടങ്ങി. കുളികഴിഞ്ഞ് പുറത്തിറങ്ങുമ്പൊഴും ജോണ്‍ സോഫയില്‍ തലയ്ക്കു കയ്യും കൊടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. അയാളെ ഗൌനിക്കാതെ ഞാന്‍ വസ്ത്രം ധരിച്ചു, പുറത്തേയ്ക്ക് ഇറങ്ങിയപ്പോള്‍ ജോണും പിന്നാലെ ഇറങ്ങി. ഞങ്ങള്‍ അപരിചിതരെപ്പോലെ രണ്ടുവഴിക്കു നടന്നു.
6. കാമുകന്
“സ്മോക്കര് സിഗരറ്റിനെ മിസ്സ് ചെയ്യുന്നതുപോലെ - ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നു” - അലമാരിയിലെ കണ്ണാടിയില്‍ കറുത്ത മാര്‍ക്കര്‍ കൊണ്ട് അവന് കോറിയിട്ടത് ഷേവിങ്ങ് ലോഷന്‍ ടിഷ്യൂ പേപ്പറില്‍ പുരട്ടി ഞാന്‍ തൂത്തുകളഞ്ഞു. he was a caring lover. രാത്രികളില്‍ ഫ്ലാറ്റില്‍ വന്ന് ജോണ്‍ പാചകം ചെയ്യും. അവന് കരിമീന്‍ പൊള്ളിച്ചാല്‍ അസ്സലാണ്. ഓരോ ഹെയ്നക്കനും പിടിപ്പിച്ച് പുകയുമൂതി ഞങ്ങള്‍ സംസാരിച്ചിരിക്കും, സിനിമകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും അവന് വികാരംകൊണ്ട് സംസാരിക്കും. അകമ്പടിയായി സീഡി പ്ലെയറില്‍ നിന്നും ഗുലാം അലി വിരഹഗാനങ്ങള്‍ പാടും, ഹരിഹരന് ഷരാബ് ലാ, ഷരാബ് ദേ എന്നുപാടും. ഞങ്ങള്‍ പാട്ടുകേട്ട് കുറെ നേരം മിണ്ടാതിരിക്കും, ഇടയ്ക്ക് ഞെട്ടിയെഴുന്നേറ്റ് അവനെന്നെ കെട്ടിപ്പിടിക്കും, ചുണ്ടുകളില്‍ അമര്‍ത്തി ചുംബിക്കുമ്പോള്‍ അവന്റെ മീശരോമങ്ങള്‍ എന്റെ മൂക്കില്‍ കയറി ഞാന്‍ തുമ്മും. എന്റെ വായിലേയ്ക്ക് അവന് നാക്കുകടത്തുമ്പോള്‍ വെറ്റിലയുടെ മധുരമുള്ള കൈപ്പുരസമാണ്. അവന് എന്റെയത്ര ശക്തിയില്ല. ഇറുക്കി കെട്ടിപ്പിടിച്ച് ഞാനവന്റെ എല്ലുകള്‍ ഞുറുക്കും, വളച്ച് കഴുത്തില്‍ കൈകള്‍ കൊണ്ട് പൂട്ടിട്ട് കുനിച്ചുനിറുത്തും. മെത്തയിലേയ്ക്ക് അവനെ ഉരുട്ടിയിടും, കെട്ടിമറിഞ്ഞ് തള്ളി നിലത്തിടും. ഞങ്ങള്‍ തട്ടുകടയില്‍പ്പോയി പറോട്ടയും ഇറച്ചിക്കറിയും കഴിക്കും, ബൈക്കില്‍ നഗരത്തില്‍ കറങ്ങും, ചിലപ്പോള്‍ സെക്കന്‍ഡ് ഷോയ്ക്ക് പോവും, വാരാന്ത്യങ്ങളില്‍ ഫോര്‍ട്ട് കൊച്ചിയിലും പള്ളിയിലും പോവും, പകലത്തെ കൊച്ചിയല്ല രാത്രിത്തെ കൊച്ചി. രാത്രി കൊച്ചിക്ക് ജീവനുണ്ട്, കൊച്ചി പിടയ്ക്കും. പക്ഷേ പകലുകള്‍ മടുത്തുതുടങ്ങി. പകലുകള്‍ എന്തിനാണ്?
കഴിഞ്ഞ ഞായറാഴ്ച്ച പള്ളീലച്ചന് പ്രസംഗത്തില്‍ സോദോമിനെയും ഗൊമോറയെയും കുറിച്ചു സംസാരിച്ചു. ലോത്തിന്റെ പുത്രിമാരെ വേണ്ട, പുത്രന്മാരെത്തരൂ എന്ന് ജനക്കൂട്ടം പറഞ്ഞത്രേ. ദൈവം ഈ നഗരങ്ങളെ നശിപ്പിച്ചുകളഞ്ഞു. സ്വവര്‍ഗ്ഗസ്നേഹികളുടെ നഗരം എന്ന ആശയം എനിക്കു രസകരമായി തോന്നി - സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഒരു ദൈവം വേണം. പള്ളിയില്‍ നിന്നും പുറത്തേയ്ക്കു നടക്കുമ്പോള്‍ ജോണ്‍ ചോദിച്ചു.
“ഇങ്ങനെയൊക്കെ പോയാല്‍ മതിയോ?”
“മതിയെന്നു തോന്നുന്നു”
“എന്തോ, എനിക്ക് പോര”
“പിന്നെ എന്തുവേണം - കല്യാണം കഴിക്കണോ?”
“ഏയ് വേണ്ട”
“പിന്നെ?”
“എനിക്കൊരു പള്ളീലച്ചനാവണം”
“യൂ ബ്ലഡി ബാസ്റ്റാഡ്” - ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു.
7. ദില്ലി
ജോലിചെയ്യുന്ന കമ്പനി എന്നെ മൂന്നാഴ്ച്ചത്തേയ്ക്ക് ദില്ലിയില്‍ വിട്ടു. തണുത്ത ദില്ലി. ജോണ്‍ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഫോണ്‍ ചെയ്യും, ദില്ലി ഓഫീസിലെ മാനേജര്‍ക്ക് മുപ്പതിനടുത്ത് പ്രായം വരും. അവരെ മുന്‍പും കണ്ടിട്ടുണ്ട്, ഇത്തവണ അവര്‍ എന്നെ അത്താഴത്തിനു വിളിച്ചു.അവര്‍ വിവാഹമോചിതയാണ്. മോചിത എന്ന വാക്കിന്റെ അര്‍ത്ഥം സ്വതന്ത്ര എന്നാണെന്ന് അവരുടെ വീട്ടിലെത്തിയപ്പൊഴാണ് മനസിലായത്. ചപ്പാത്തിയും പരിപ്പുകറിയും (ദാല്‍) ചീരക്കറിയും (സര്‍സോം കാ സാഗ്) പിന്നെ മധുരവും. ഒരുപാട് ഉത്സാഹമുള്ള സ്ത്രീയാണ്. ഞങ്ങള്‍ ഇരുവരും വോഡ്ക നുണഞ്ഞു. ഞാന്‍ സ്ത്രീകളുമൊത്ത് അധികം കുടിക്കാറില്ല, വളരെ വേഗം മദ്യം അവരുടെ തലയ്ക്കുപിടിക്കും. “പറയൂ, ഞാന്‍ സുന്ദരിയല്ലേ?” “യെസ്” - ഞാന്‍ പ്രതിവചിച്ചു. അവര്‍ മുടിയഴിച്ചിട്ടു, ഞാന്‍ ജോണിനെ ഓര്‍ത്തു. എപ്പൊഴെങ്കിലും അവര്‍ക്ക് എന്റെ ചലനങ്ങളില്‍ യാന്ത്രികത തോന്നിക്കാണുമോ? അവള് ഇടയ്ക്ക് കരയുന്നുണ്ടായിരുന്നു. പക്ഷേ ഉറക്കമുണര്‍ന്നപ്പോള്‍ അവള് ചിരിച്ചുകൊണ്ട് ചായയുമായി വന്നു. “നല്ല കുട്ടിയായി റെഡിയാവു, ഓഫീസില്‍ പോണ്ടെ?” ജോണിന്റെ മിസ്ഡ് കാള്‍ ഉണ്ടായിരുന്നു - നല്ല ഉറക്കമായിരുന്നു. ഫോണടിക്കുന്ന ശബ്ദം കേട്ടില്ല.
അവള് വീണ്ടും പലതവണ ഫ്ലാറ്റിലേയ്ക്ക് വിളിച്ചു. ഞാന്‍ ഓരോന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. കൊച്ചിയില്‍ തിരിച്ചുപോകുന്നതിന്റെ തലേ ദിവസം അവള് എന്നെ ഡിന്നറിനു വിളിച്ചു. ഒരു ടവറിനു മുകളിലെ പരിക്രമ എന്ന കറങ്ങുന്ന റെസ്റ്റാറന്റില്‍ക്കയറി. തിരിച്ച് പാര്‍ക്കിങ്ങില്‍ കാറിലിരുന്ന് അവള് കെട്ടിപ്പിടിച്ച് ഒരുപാടുനേരം കരഞ്ഞു, കവിളിലും കഴുത്തിലും ഒരുപാട് ഉമ്മവെച്ചു, ഞാന്‍ തിരിച്ച് റിയാക്ട് ചെയ്തില്ല. അവള് വീണ്ടും കരഞ്ഞു. എന്നെ ഒരുപാട് ഇഷ്ടമാണെന്ന്. ഞാന്‍ പത്തരയോടെ തിരിച്ചുപോയി. അവളുടെ ഫ്ലാറ്റിലേയ്ക്കുചെല്ലാന്‍ അവള് നിര്‍ബന്ധിച്ചില്ല.
8. മടക്കം
നെടുമ്പാശ്ശേരിയില്‍ ജോണ്‍ വന്നില്ല. ഞാന്‍ വിളിച്ചുനോക്കി, അവനെ കിട്ടിയില്ല. രണ്ടുദിവസം കഴിഞ്ഞാണ് അവന് മുറിയില്‍ വന്നത്. വന്നപ്പോള്‍ അവന് ആകെ കലങ്ങിയിരുന്നു.
ദില്ലിയിലെ കാര്യങ്ങള്‍ ഞാന്‍ ജോണിനോട് പറഞ്ഞില്ല. പറയാന്‍ മാത്രം ഒന്നുമില്ല, i didnt feel any emotional attachment. അതൊരു സംഭവമേ അല്ലായിരുന്നു. പക്ഷേ ജോണിന് എന്തോ പറ്റിയിട്ടുണ്ട്.
ജോണിനെ ചൊവ്വാഴ്ച്ച വൈകുന്നേരം കാനോപ്പിയില്‍ വെച്ചു കണ്ടപ്പോള്‍ മെലിഞ്ഞ് പൊക്കമുള്ള ഒരു പുതിയ പയ്യനും അവന്റെ കൂടെയുണ്ടായിരുന്നു - രാഹുല്‍ എന്നെ സംശയത്തോടെ നോക്കി. എന്തോ, എനിക്ക് അധിക സമയം അവിടെ നില്ക്കാന് തോന്നിയില്ല. ഞാന്‍ ഇവര്‍ക്കു വിടപറഞ്ഞ് നേരത്തേ പോയി. ജോണ്‍ ഫോണ്‍ വിളിച്ച് ഫ്ലാറ്റ്ലേയ്ക്ക് വരട്ടേ എന്നു ചോദിച്ചു. “വേണ്ട”. ജോണിനെ മേലില്‍ ഒഴിവാക്കണം.
രണ്ടുദിവസം കഴിഞ്ഞ് ജോണ്‍ വാതിലില്‍ മുട്ടി. “ക്ഷമിക്കൂ, ഇനി ആവര്‍ത്തിക്കില്ല, അവന് ആരുമല്ല, സത്യം” - എനിക്കെന്തോ, വിശ്വാസം വന്നില്ല. “എനിക്കു പരാതിയൊന്നുമില്ല. എന്നെ ഒഴിവാക്കിയേക്കൂ”. ജോണ്‍ തലയ്ക്ക് കയ്യും കൊടുത്തിരുന്നു. കുറെ നേരം മിണ്ടാതെയിരുന്നു. “ഇനി മറ്റൊരാളുടെ കൂടെ പോവില്ല, സത്യം”. എനിക്ക് ഇഷ്ടമല്ല. ഇനി മറ്റൊരാളുമായി പോയാല്‍ എന്നെ മറന്നേക്കൂ, you either stay loyal or get out - ജോണ്‍ ആരെയൊക്കെയോ പിടിച്ചാണയിട്ടു, ചുരുണ്ടുകിടന്ന് ഉറങ്ങി. അവന് എന്നെയാണോ എന്റെ ഫ്ലാറ്റാണോ ഇഷ്ടം എന്ന് എനിക്കു സംശയം തോന്നി. ഞാന്‍ അവനെ തൊടാതെ കിടന്നുറങ്ങി. സത്യത്തില്‍ അവന് മറ്റൊരാളുടെ കൂടെ പോവുന്നതില്‍ എനിക്കെന്താണ് ഇത്ര പ്രശ്നം എന്ന് എനിക്കുതന്നെ മനസിലായില്ല. ഒരു ബന്ധം ആവുമ്പോള്‍ അല്പം കമ്മിറ്റ്മെന്റ് ഒക്കെ വേണം എന്ന് ഞാന്‍ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അതല്ല കാര്യം.
വേറെ ഒരാളെ തിരക്കിപ്പോവണമെങ്കില്‍ ഒന്നുകില്‍ അവന് എന്നെ മടുത്തുകാണണം, പക്ഷേ ഞാനില്ലാതിരുന്ന മൂന്നാഴ്ച്ചത്തെ കാലയളവിലാണ് - ചിലര്‍ക്ക് മനുഷ്യരെ പെട്ടെന്ന് ഇഷ്ടപ്പെടും, പെട്ടെന്നു മടുക്കും. എനിക്കാണെങ്കില്‍ ഒരാളെ ഇഷ്ടപ്പെടുന്നതിനും മറക്കുന്നതിനും സമയം എടുക്കും. അതില്‍ കാര്യമില്ല. അതുമല്ലെങ്കില്‍ അവന് ഈ പറയുന്ന ആത്മാര്‍ത്ഥതയോ കമ്മിറ്റ്മെന്റോ ഇല്ലാതിരിക്കണം. അതുമല്ലെങ്കില്‍ പുതിയ പയ്യന് - രാഹുല്‍ - എന്നെക്കാള്‍ വളരെ നല്ലതായിരിക്കണം. ഈ സാദ്ധ്യതകളൊന്നും എന്നെ വളരെ സഹായിച്ചില്ല.
കാര്യമില്ല. ജീവിതത്തില്‍ ആരൊക്കെ വന്നുപോവുന്നു. ഹൂ കെയേഴ്സ്. എന്തോ, വായില്‍ ഒരു കയ്പ്പ് തങ്ങിനില്ക്കുന്നു.
9. അമ്മ
ഒരു വീക്കെന്‍ഡ് വന്നിരുന്നു. പാവം അമ്മ ഫ്ലാറ്റ് വൃത്തിയാക്കി. മേശപ്പുറത്ത് സിഗരറ്റ് കുറ്റികള്‍ കണ്ട് പരാതിയൊന്നും പറഞ്ഞില്ല. അമ്മയുടെ ഒരു കൂട്ടുകാരി മകളുടെ പ്രൊപ്പോസലുമായി വന്നിട്ടുണ്ട്. പതിവുപോലെ പെണ്ണുകെട്ടാന്‍ കുറെ നിര്‍ബന്ധിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. അമ്മ വീട്ടില്‍ ഒറ്റയ്ക്കാണ്. എന്നെക്കുറിച്ച് അമ്മ എന്തൊക്കെയോ ദുസ്വപ്നങ്ങള്‍ കണ്ടത്രേ. എന്താണ് കണ്ടതെന്ന് ഞാന്‍ ചോദിച്ചില്ല, അമ്മ പറഞ്ഞുമില്ല. രണ്ടുദിവസം താമസിക്കും എന്നാണ് വിചാരിച്ചത്, പക്ഷേ ആഹാരം പാകം ചെയ്ത് അടച്ചുവെച്ച് വൈകുന്നേരത്തോടെ അമ്മ പോയി.
മാസത്തിലൊരിക്കലെങ്കിലും നാട്ടില്‍പ്പോയി അമ്മയെ കാണണം.
10. ദുരന്തം
എനിക്ക് ജോണിനെ ഇഷ്ടമായിരുന്നു, പക്ഷേ ഇതാണോ പ്രേമമെന്ന് എനിക്കറിയില്ല - അത്ര ഉല്‍ക്കടമോ തീക്ഷ്ണമോ ആയ ഒന്നും എനിക്കു ആരോടും തോന്നിയിട്ടില്ല. സ്ത്രീകളോട് വലിയ താല്പര്യം ഒരിക്കലും തോന്നിയിട്ടില്ല. ഇങ്ങോട്ട് താല്പര്യം തോന്നി പലരും വന്നിട്ടുണ്ട്. സ്കൂളില്‍ പഠിക്കുന്ന കാലംമുതല്‍ പല പെണ്‍കുട്ടികളും ഇഷ്ടം പലവിധത്തിലും അറിയിച്ചിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ബ്ലേഡ് കൊണ്ട് എന്റെ പേര് അവളുടെ കയ്യില്‍ വരഞ്ഞിട്ടുണ്ട്. എനിക്കൊന്നും തോന്നിയില്ല. പുരുഷ്ന്മാരിലും ചിലരെ മാത്രമേ എനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളൂ. ശരീരവടിവും സൌന്ദര്യവും കണ്ടല്ല അവരെ ഇഷ്ടപ്പെട്ടത്. അതിലും ജോണ്‍ മാത്രമേ മനസില്‍ തങ്ങിനിന്നിട്ടുള്ളൂ. ഞാനാരെയും തേടിച്ചെന്നിട്ടില്ല. എല്ലാവരും എന്നെ തേടിവന്നിട്ടേയുള്ളൂ, ജോണും. പക്ഷേ എനിക്കു പങ്കുവെയ്ക്കാന്‍ വയ്യ. ഐ കാണ്ട് ഷെയര്‍. ഇനിയും മറ്റൊരാളുമായി കണ്ടാല്‍ അവനെ കളയുന്നതിന് എനിക്കൊരു മടിയുമില്ല.
രാഹുലിനെ വീണ്ടും കണ്ടു, രാഹുല്‍ എന്റെ ഫ്ലാറ്റിന്റെ മണിയടിക്കുകയായിരുന്നു. ഒരു നിമിഷത്തേയ്ക്ക് എന്റെ തലയിലേയ്ക്ക് രക്തം ഇരച്ചുകയറിവന്നു - അവനെന്തിനാണ് ഇവിടെ?. രാഹുല്‍ ആകെ വിരണ്ടിരുന്നു. “ചേട്ടാ, ആകെ കുഴപ്പമായി, ഞങ്ങള്‍ പാര്‍ക്കിലായിരുന്നു, ജോണിനെ പോലീസ് പൊക്കി. ഞാന്‍ ഓടി. എന്നെ രക്ഷിക്കണം”. ഞാന്‍ അവനെ തുറിച്ചുനോക്കി. കതക് അവന്റെ മുഖത്തേയ്ക്ക് വലിച്ചടച്ചു. ഫ്രിഡ്ജ് തുറന്ന് ഒരുഗ്ലാസ് തണുത്ത വെള്ളം കുടിച്ചു. എന്നിട്ട് സാവകാശത്തില്‍ മുടിയില്‍ ജെല്‍ പുരട്ടി. മുഖം കഴുകി മോയ്സ്ചറൈസര്‍ പുരട്ടി, ഉള്ളതില്‍ ഏറ്റവും നല്ല സ്യൂട്ടും ടൈയും ധരിച്ചു. ഷൂസ് പോളിഷ് ചെയ്തു. ഒരു നല്ല വക്കീല്‍ സുഹൃത്തുണ്ട്, അയാളെ വിളിച്ച് കാര്യം പറഞ്ഞു, സ്റ്റേഷനില്‍ വരാന്‍ പറഞ്ഞു. ഞാന്‍ കാറെടുത്ത് പോലീസ് സ്റ്റേഷനിലേയ്ക്കു പോയി.
കസ്ബ പോലീസ് സ്റ്റേഷന് വേറെ ഒരു കാലത്തിലും സമയത്തിലുമാണ് നില്ക്കുന്നതെന്നു തോന്നി. പഴയ കെട്ടിടം, പൂന്തോട്ടത്തിനു നടുവില്‍ പൂക്കള്‍ കൊഴിച്ചുനില്ക്കുന്ന ഒരു കണിക്കൊന്ന. ചിതറിക്കിടക്കുന്ന തുരുമ്പിച്ച വാഹനങ്ങള്‍. ഇന്‍സ്പെക്ടറിന്റെ പെരുമാറ്റം വളരെ പോളിഷ്ഡ് ആയിരുന്നു. ഇരിക്കാന്‍ പറഞ്ഞു, ചായ ഓഫര്‍ ചെയ്തു.
“സര്, ഞാന്‍ ജോണിനെ ജാമ്യത്തിലിറക്കാന്‍ വന്നതാണ്”
എന്റെ മുഖത്തുനോക്കിക്കൊണ്ട് ഇന്‍സ്പെക്ടര്‍ സ്വരം കര്‍ക്കശമാക്കി. “ജോണ്‍ നിങ്ങളുടെ ആരാണ്?”
“എന്റെ ബ്രദറാണ്” (ആ നിമിഷത്തില്‍ ജോണ്‍ എന്റെ സഹോദരനും അച്ഛനും എല്ലാമായിരുന്നെന്ന് അയാള്‍ക്കെങ്ങനെ മനസിലാവാനാണ്?)
“മിസ്റ്റര്‍___, താങ്കളുടെ സഹോദരന് ചെയ്തതെന്താണെന്ന് അറിയാമോ?”
“പറയണമെന്നില്ല സര്, എനിക്കറിയാം. ഇത് ആദ്യത്തെ തവണയല്ല”
“മിസ്റ്റര്‍, നിങ്ങള്‍ സഹോദരനെ സൂക്ഷിക്കൂ. ഒരു ചെറുപ്പക്കാരന്റെ ഭാവി തുലഞ്ഞുപോകാതെ - അവനെ ആരെയെങ്കിലും പിടിച്ച് കെട്ടിക്കൂ. ക്ഷമിക്കൂ, ഞങ്ങളവനെ അല്പം ഉപദ്രവിച്ചിട്ടുണ്ട്”
“സര്, ഞാനെവിടെയാണ് ഒപ്പിടേണ്ടത്?”
"ധൃതിപിടിക്കേണ്ട കാര്യമില്ല. നിങ്ങളുടെ വക്കീല്‍ വരട്ടെ”.
11. കലാശം
കാറിലിരുന്ന് ജോണ്‍ ഒന്നും മിണ്ടിയില്ല. അവന്റെ കണ്ണും കവിളുകളും കരിവാളിച്ചുകിടന്നു. ഷര്‍ട്ട് ചില സ്ഥലങ്ങളില്‍ ചുവന്നുകിടന്നു. പോലീസുകാര്‍ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. കാറില്‍ ചൂളിയിരിക്കുന്ന അവന്റെ കൈത്തലം ഞാന്‍ എന്റെ കയ്യിലേയ്ക്കെടുത്തുവെച്ചു. ഞരമ്പില്‍ വിരല്‍ തട്ടിയപ്പോള്‍ അവന് വേദനകൊണ്ട് കൈ പിന്നോട്ടുവലിച്ചു. ഞാന്‍ ചിരിച്ചുകൊണ്ട് അവന്റെ അടിവയറ്റിലൂടെ കയ്യോടിച്ചു, ഇക്കിളിയിട്ടു, പാന്‍സിനുള്ളിലേയ്ക്ക് കൈ കടത്തി. വേദനയിലും ഉയര്ന്നുനില്ക്കുന്ന അവന്റെ ലിംഗത്തെ താലോലിച്ചു. സത്യം, ആ നിമിഷത്തില്‍ ഞാനവനെ പ്രേമിക്കുന്നുണ്ടായിരുന്നു.
2/20/2009
ലൈംഗികം
എഴുതിയത് simy nazareth സമയം Friday, February 20, 2009
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
34 comments:
എനിക്കിഷ്ടമായി നിങ്ങളുടെ സ്റ്റൈല്‍!
എന്തു മനോഹരമായി എഴുതുന്നു. വര്‍ണ്ണനകള്‍ ആവര്‍ത്തനവിരസത ഉണ്ടാക്കുന്നേയില്ല...എന്തായാലും എവിടെയോ വായിച്ചു കടന്നു പോന്ന ഏതോ ഒരു ഇറ്റാലിയന്‍ ശൈലി രുചിക്കുന്നു. പേര് ഓര്‍മ്മ വരുന്നില്ല.
നിങ്ങള്‍ക്ക് ഒരു ഉറച്ച, ശൈഥില്യമില്ലാത്ത, തെളിമയുള്ള കഥനരീതിയുണ്ട്.....അഭിനന്ദനങ്ങള്‍!
മരപ്പടിക്ക് ഈനാമ്പേച്ചി കൂട്ട്.....
നല്ല എഴുത്ത് സിമി..ആശംസകള്‍...
വിഷയത്തിന്റെ പ്രത്യേകത കൊണ്ടാകണം ആരും അഭിപ്രായം പറയാതെ മാറിനില്‍ക്കുന്നത്. ഞാന്‍ തുടക്കമിടാം.
സ്വവര്‍ഗ്ഗാനുരാഗത്തിന്റെ വഴികളിലേക്ക് കടന്നുചെല്ലുന്നതും കടന്നുപോകുന്നതും നന്നായി വരച്ച് കാണിച്ചിട്ടുണ്ട്. ബൈ സെക്ഷ്വാലിറ്റി കടന്നുവരുന്നിടത്തുപോലും മിതത്വം പാലിച്ച് സഭ്യതയുടെ വരമ്പ് ലംഘിക്കാതെ വരിക്കള്ക്കിടയിലൂടെ പറയാനുള്ളത് പറയുന്നുമുണ്ട്.
നഗരങ്ങളുടെയും, യുവാക്കളുടേയും പുതിയ മുഖവും താല്‍പ്പര്യങ്ങളും പൊളിച്ചുകാട്ടുന്നതില്‍ സിമി വിജയിച്ചിരിക്കുന്നു.
ആശംസകള്‍.
ഓ:ടോ:- ‘ചിലന്തി’ ഡി.സി.പുസ്തകോത്സവം സ്റ്റാളില്‍ നിന്ന് വാങ്ങി. വായിച്ച് തുടങ്ങിയിട്ടില്ല.
അതിനിടയ്ക്ക് സഞ്ചാരിയും ചാണക്യനും വന്നോ ? അപ്പോള്‍ ഞാനല്ല തുടക്കക്കാരന് :)
കഥ മനോഹരമായിട്ടുണ്ട്.എങ്കിലും ചില വസ്തുതാപരമായ പിശകുകൾ ഉണ്ട്.
സിമിക്ക് എറണാകുളം നഗരം അത്ര പരിചയമില്ലെന്ന് തോന്നുന്നു.മറൈൻ ഡ്രൈവിൽ നിന്ന് മേനകയിലേക്കുള്ള ബസ്സിൽ കയറി..എന്നിട്ട് പച്ചാളത്തിറങ്ങി?മറൈൻ ഡ്രൈവിനു മുന്നിലാണ് മേനക.മേനകക്ക് മുന്നിൽ നിന്നാൽ തെക്കോട്ടുള്ള ബസ്സും, മേനകക്ക് എതിർവശം നിന്നാൽ വടക്കോട്ടുള്ള ബസ്സും കിട്ടും.പച്ചാളം പോകണമെങ്കിൽ ചിറ്റൂർ വഴിയുള്ള ബസ്സിൽ കയറണം.
ബാക്കി പച്ചാളം പറഞ്ഞു തരും.
അനംഗാരീ, തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. എനിക്ക് എറണാകുളത്തെ ബസ് റൂട്ടൊന്നും പിടിയില്ല. ഇപ്പൊ എന്തിനെങ്കിലും കൊച്ചിയില്‍ പോയാലും ഓട്ടോ പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും പോവാറേയുള്ളൂ.
ഞാന്‍ ഹാരോള്‍ഡിനെ വിളിച്ച് കറക്ട് ഒന്നുരണ്ട് റൂട്ട് ഒപ്പിക്കാം, കഥയിലെ സ്ഥലങ്ങള്‍ തിരുത്താം.
സിമീ, അതിഗംഭീരമായിട്ടുണ്ട്. എഴുത്തും കഥയും.
സിമി...
കൊള്ളാം.. നല്ല ശൈലി..
ഇതു കലക്കി സിമി...ഈ പൊളിച്ചെഴുത്ത്...
:)
വളരെ നന്നായി എഴുതി പിടിപ്പിച്ചു,,, ആശംസകള്‍...
നസ്രേത്തിന്റെ കഥാകാരാ, കഥ അവതരിപ്പിച്ച രീതി ഗംഭീരം.
ഓടോ: സഞ്ചാരീ, നിനക്കെവിടുന്നാടാ ആ ഇറ്റാലിയന്‍ രുചി കിട്ടിയത്?
സിമീ ക്ഷമീ. ഞാനും സഞ്ചാരിയും സതീര്‍ത്ഥ്യരാണ്, കൃഷ്ണനും കുചേലനും പോലെ.
അത്യുഗ്രന്‍
ഇവിടെ ആദ്യമാണ്. നല്ല ശൈലി. നന്ദി.
ഇനിയും വരാം.
സ്വവര്‍ഗ്ഗ ലൈഗിംകത ഒരു crime ആയി കരുതുന്ന ഒരു (കപട)സമൂഹത്തില്‍ ഇത്തരം ഒരു കഥയുമായി വന്ന സിമിയുടെ സമീപനത്തെ അഭിനന്ദിക്കുന്നു. നല്ല ശൈലി, നന്നായി പറഞ്ഞിരിക്കുന്നു - ആഖ്യാനശൈലി കഥയെ കൂടുതല്‍ ഹ്രിദ്യമാക്കി. (sorry for 'ഹ്രി'!)
സിമി
ഇപ്പോഴാണ് വായിച്ചത്. വിഷയത്തോട് നല്ല സമീപനം. നല്ല ഉള്‍ക്കാഴ്ച്ച. സിമിയുടേ ഡിറ്റാച്ഡ് നരേഷന് രീതി ഈ കഥയ്ക്ക് നന്നായിട്ട് ചേരുന്നു. സ്വയം പ്രഹേളികയാവുന്ന ഒരുവന്റെ ഡയറിക്കുറിപ്പുകള്‍ പോലെ സങ്കീര്‍ണ്ണം. സത്യത്തില്‍ ഡീവിയന്റ് സെക്ഷുവാലിറ്റിയില് ഏറ്റവും പ്രസക്തമായ കാര്യം അടിച്ചേല്‍പ്പിക്കപ്പെടുന്ന ഈ ക്രൈസിസ് ആണ്, living somewhere on a precarious point between self-despise and self-love.നിന്റെ നായകന്റെ അവസ്ഥ.
തലക്കെട്ട് മാത്രം ഇഷ്ടമായില്ല. കഥയെ അതു ചുരുക്കുന്നു എന്നാണ് എനിക്കു തോന്നിയത്. it excludes much that the word "sexuality" takes in. :)
kudos simi.
സിമിയുടെ കഥകളുടെ തലകെട്ടിന്റെ കര്യം പണ്ടെപ്പോഴൊ ഞാന്‍ പറഞ്ഞിരുന്നു ഓര്‍മ്മയുണ്ടോ :)
‘ഇരുമെയ്യാണെങ്കിലും നമ്മളൊന്നല്ലേ’ എന്ന്’ രമണനില്‍ ചോദിക്കുന്നത് ചന്ദ്രികയാണെന്നാണ് അതു വായിച്ചവര്‍ പോലും വിശ്വസിച്ചിരുന്നത്. ചുള്ളിക്കാടിന്റെ ഒരു കവിതയുണ്ട് ഡ്രാക്കുളയില്‍. പക്ഷേ മലയാളകഥകളില്‍ ‘സ്വവര്‍ഗപ്രണയം’ ആവിഷ്കരിക്കാന്‍ അധികമാരും വെമ്പിയിട്ടില്ല. സ്ത്രീയായാലും പുരുഷനായാലും സ്വവര്‍ഗപ്രണയത്തിന്റെ രാഷ്ട്രീയം തന്റെ തന്നെ സ്വത്വത്തില്‍ അഭിരമിക്കുക എന്നുള്ളതുകൊണ്ടാവുമോ അങ്ങനെ? ഈ കഥ പങ്കുവയ്ക്കുന്ന തലങ്ങള്‍ ആസ്വാദ്യകരമായി തോന്നി. അക്രമവും സ്വാര്‍ത്ഥതയും മേല്നോട്ടങ്ങളുമില്ലാതെ ഒരു ലൈംഗികതയും സാദ്ധ്യമല്ല കേരളത്തില്‍ അപ്പോള്‍ ‘ലൈംഗികം’ എന്ന തലക്കെട്ട് ഒരു ശരിയാണ്.
മനോഹരം.
ഏതൊരുവനിലും/ഒരുവളിലും ഒരു സ്വര്ഗ്ഗപ്രേമം ഉറങ്ങി കിടക്കുന്നു... പക്ഷെ സമൂഹത്തെ ഭയന്നാണ് അവയെ പുറത്തെടുക്കാതിരിക്കുന്നത്..
ഇതിനെ പൊളിച്ചേഴുത്ത് എന്നല്ല വിശേഷിപ്പികേണ്ടത്.... പൊളിച്ചടുക്കലാണ് സമൂഹത്തിന്റെ കപടതകളെ മനസാക്ഷിയില്ലാതെ പൊളിച്ചടുക്കി!!
അഭിനന്ദനങ്ങള്‍ !
കൃത്രിമത്വതില്ക്കുടുങ്ങി സ്വന്തം സ്വത്വം നഷ്ടപ്പെടുത്തുന്ന ഞാനുള്‍പ്പെടുന്ന ബ്ലോഗെഴുത്തുകാരുടെ രചനകളില്‍ നിന്ന് ഒരാശ്വാസമാണ് സിമിയുടെ കഥകള്‍ . ഇവിടെ ജീവിതം യാഥാര്ത്ഥ്യവത്കരിക്കുകയാണ്,ജീവിതത്തിന്റെ പുനര്‍നിര്‍മ്മാണം പച്ചയായി,ഒരു എഴുത്തുകാരന്റെ കൈകളിലൂടെ പക്വമായി എങ്ങി നെ ആവിഷ്കരിക്കാം എന്ന ചോദ്യം ഇവിടെ അസാധുവായിത്തീരുന്നു.
കഴിഞ്ഞ കഥയില്‍ സൂഷ്മനിരീക്ഷണത്തിന്റെ കുറവുകൊണ്ട് നീയെന്നെ നിരാശപ്പെടുത്തിയെങ്കിലും ഇതില്‍ അതുകൊണ്ട് അത്ഭുതപ്പെടുത്തി. ഒരു വര്‍ഷം ഒരു നല്ല കഥ എന്ന ത്വത്വത്തില്ത്തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. :))
സിമി,നല്ല കഥ ഒപ്പം ഇങ്ങിനെ ഒരു കഥ പറഞ്ഞ രീതിക്ക് ആശംസകളും
എന്താ പറയുക എന്നറിയില്ല... നല്ല ശൈലി..
കഥ വളരെ പരിചയമുള്ളതും...
നല്ല ആഖ്യാന രീതി. ഇഷ്ടമായി. അശ്ലീല വര്ണനകളാല് ആശുദ്ധമാക്കിയില്ല. ഇനിയും വരാം.... വഴക്കോടന്‍
നന്നായിരുന്നു നല്ല ശൈലി...
പുസ്തകത്തിന്റെ പേര് ചിലന്തി എന്നായിരുന്നു അല്ലേ...
ഞാന്‍ തിരയുകയായിരുന്നു.
വായന വൈകി. തകര്‍ത്തു കളഞ്ഞു സിമീ.
ഞാന്‍ ഇതിന്റെ മറ്റൊരു വേര്‍ഷന്‍ ആലോചിക്കുകയായിരുന്നു. ഗുലാമലിക്കും ബാസ്കറ്റ് ബോളിനും ഫ്രെഡി മെര്‍ക്കുറിക്കും പകരം മാപ്പിളപ്പാട്ടും മീന്‍ കച്ചവടവും മുത്തുച്ചിപ്പിയും. ഞാന്‍ പറഞ്ഞ വേര്‍ഷനിലെ കഥാപാത്രങ്ങളുടെ ഇന്റിമസിയോട് വായനക്കരനും ചിലപ്പോ പുച്ഛം തോന്നും.
പോലീസ് പിടിച്ചതു കൊണ്ടാണെങ്കിലും ജോണ്‍ വഴിതെറ്റാതെ യഥാര്‍ത്ഥ പ്രണയം കണ്ടെത്തിയല്ലോ, ഭാഗ്യവാന്.
വായിച്ചു മടുത്ത പല കഥകളിൽ നിന്നും വ്യത്യസ്തം..ആരും ഒന്ന് പറയാൻ ധൈര്യപ്പെടാത്ത വിഷയത്തിൽ നല്ല ക്ലാസ് രീതിയിൽ ഉള്ള ആഖ്യാനവും നന്നായി
സിമി,
ആദ്യമായാണു നിങ്ങളുടെ ബ്ലോഗില്‍.വരികള്‍ വിടാതെ പിന്തുടരുന്നു. ഈ ഒഴുക്ക് എന്തു രസമാണ്... ഭംഗിയുള്ള ശൈലി.
നന്നായിരുന്നു
സിമീ
കഥ വല്ലാതെ അനുഭവിപ്പിച്ചു
സിമി
നന്നായ് അവതരിപ്പിച്ചു...
റിയല്‍ സിമി സ്റ്റൈല്‍.
-സുല്‍
Ganbheeram.... Nalla vayana sugham... Ashamsakal...!!!
തകർപ്പൻ എഴുത്ത്. അഭിനന്ദനങ്ങൾ സിമി.
എനിക്ക് കഥാകൃത്തിനോട് അസൂയ തോന്നുന്നു...
പ്രമേയം പരത്തിപ്പറയാതിരുന്നിട്ടും ,ഈ കഥ ഇത്രയും പൂര്‍ണ്ണതയില്‍ എങ്ങനെ അവതരിപ്പിക്കാന്‍ കഴിഞ്ഞു? ....നിങ്ങളുടെ കഥനശൈലി,പ്രശംസനീയം.
വളരെ നന്നായിരിക്കുന്നു.....
എല്ലാ ആശംസകളും നേരുന്നു .....
ഉമ്മ ! സിമി.... ബാക്കി പിന്നെ എഴുതാം!
പറയുവാൻ വാക്കുകൾ കിട്ടുന്നില്ല... അത്രമേൽ ആഴത്തിലും ആഖ്യാനത്തിലും മനസ്സിൽ തട്ടുന്ന എഴുത്ത്... തുടരുക.ഇനിയും...
Post a Comment