സിമിയുടെ ബ്ലോഗ്

2/19/2009

സഹയാത്രിക

കൊല്ലം സ്റ്റാന്‍ഡില്‍ നിന്നും മേഘ തിരുവനന്തപുരത്തിനുള്ള ബസ്സില്‍ കയറുമ്പോള്‍ വലതുവശത്ത് സ്ത്രീകള്‍ക്കുള്ള സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. പെയിന്റിളകിയ ജാലകക്കമ്പിയില്‍ ഒരു കൈ ചാരി അമര്‍ന്നിരുന്നപ്പൊഴേയ്ക്കും ബസ്സു വിട്ടു. സ്റ്റാന്‍ഡ് കെട്ടിടത്തിനെ ഒന്നു വലം വെച്ച് ബസ് തിരിഞ്ഞപ്പോള്‍ അഷ്ടമുടിക്കായലും അതിലേയ്ക്ക് ചാഞ്ഞുനില്‍ക്കുന്ന തെങ്ങുകളും കാണാന്‍ പറ്റി. മെയിന്‍ റോഡിലേയ്ക്കുള്ള കയറ്റം കയറുന്നതിനിടയ്ക്ക് കണ്ടക്ടര്‍ മണിയടിച്ച് വണ്ടി നിറുത്തിച്ചു. ഓടിക്കയറിയ യുവതി കിതച്ചുകൊണ്ട് മേഘയുടെ അരികില്‍ വന്നിരുന്നു. മേഘ ചിരിച്ചു. ചുവന്ന സാരിയുടുത്ത ആ യുവതിയുടെ കൈകള്‍ നന്നേ മെലിഞ്ഞിട്ടാണ്. ഇടത്തേ കൈത്തണ്ടയില്‍ പൊന്തിനിന്ന ഞരമ്പുകള്‍ക്കു കുറുകെ കറുത്ത ചരടുകെട്ടിയിട്ടുണ്ട്. ചിന്നക്കട മണിമേട പിന്നിട്ടപ്പോള്‍ അവള്‍ ഒരു പൊതി കടല പുറത്തെടുത്തു. മേഘയുടെ മുഖത്തേയ്ക്ക് സംശയിച്ച് നോക്കി “വേണോ” എന്നു ചോദിച്ചു. മേഘ വേണ്ട എന്നു തലയാട്ടി. രണ്ടുപേരും ചിരിച്ചു. ഒരു മണി കടല വായിലിട്ട് നുണയുമ്പോള്‍ അവളുടെ നുണക്കുഴികള്‍ തെളിഞ്ഞുവരുന്നത് മേഘ കൌതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. അവള്‍ വീണ്ടും ചിരിച്ചു, മേഘയുടെ നേര്‍ക്ക് പൊതിനീട്ടി. “എന്റെ പേര് സുജ. എങ്ങോട്ടാ?”.

സുജ കൊല്ലത്ത് അണ്ടിയാപ്പീസില്‍ പണിക്കുവന്നതാണ്, ആഴ്ച്ചയിലൊരിക്കല്‍ തിരുവനന്തപുരത്ത് വീട്ടിലേയ്ക്കു പോവും. അവിടെ മോനുണ്ട്, മുത്തശ്ശിയുണ്ട്. മോന്‍ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കനാണ്. അവന് നാളെ പരീക്ഷയാണ്. ഇപ്പൊഴേ തന്നെ വലിയ സ്വപ്നങ്ങളാണ്. സുജ ഉത്സാഹത്തോടെ പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് മേഘയുടെ വിശേഷങ്ങളും ചോദിച്ചു. മേഘ കൂട്ടുകാരിയുടെ കല്യാണത്തിനു പോവുകയാണ്, ഭര്‍ത്താവിന് വരാന്‍ പറ്റിയില്ല, ഒറ്റയ്ക്ക് കാറോടിക്കാന്‍ വയ്യ, അതുകൊണ്ട് ബസ്സില്‍ കയറി. മേഘ സുജയുടെ ഭര്‍ത്താവിനെക്കുറിച്ച് ചോദിച്ചു, സുജ മിണ്ടാതെയായി - അയാള്‍ വീടുവിട്ടുപോയിട്ട് ആറുമാസമായി. “പിണങ്ങിപ്പോയതാണോ?” സുജ ഒന്നും പറഞ്ഞില്ല. പിന്നെ മുറുകിവന്ന മൌനത്തെ മുറിച്ച് തിരിച്ചുചോദിച്ചു - “തമ്പാനൂരിറങ്ങി എങ്ങോട്ടു പോണം? ഓട്ടോ പിടിച്ചു പോവുമോ?”
“ഇല്ല, ഒരു സുഹൃത്തുവരും”
“കാറും കൊണ്ടുവരുമോ?”
“ബൈക്കും കൊണ്ട്” - സുജ തെറ്റിദ്ധരിക്കുമോ എന്ന് മേഘ ഭയന്നപ്പൊഴേയ്ക്കും - “ആഹാ, ബോയ്ഫ്രണ്ടാണോ” എന്ന് അവള്‍ ചോദിച്ചുകഴിഞ്ഞിരുന്നു.
“ഏയ്, ഞാന്‍ കെട്ടിയതാ”. കഴുത്തില്‍ കിടന്ന താലി തെരുത്തുകൊണ്ട് മേഘ തുടര്‍ന്നു, “വിമല്‍ ഒരു സുഹൃത്താണ്, നല്ല സുഹൃത്ത്”.

അരമണിക്കൂര്‍ മുന്‍പുമാത്രം പരിചയപ്പെട്ട ഒരപരിചിതയോട് വേണ്ടാത്തതു പലതും വിശദീകരിക്കേണ്ടി വന്നതിന്റെ അസ്വാസ്ഥ്യത്തില്‍ മേഘ ഒന്നും മിണ്ടാതെ കയ്യിലെ മോതിരം വെറുതേ തിരിച്ചുകൊണ്ടിരുന്നു. വണ്ടി ചാത്തന്നൂര്‍ ബസ്റ്റാന്‍ഡിലേയ്ക്ക് കയറി. ജനാലയില്‍ കൂടി ഹോട്ടലുകാരന്‍ “ചായവേണോ” എന്നു ചോദിച്ചു. മേഘയ്ക്ക് ചായ കുടിക്കണമെന്നുണ്ടായിരുന്നു, സുജയോട് ചായവേണോ എന്നു ചോദിക്കാനുള്ള മടികൊണ്ട് അവളും വേണ്ട എന്നു നിശ്ചയിച്ചു. ബസ്സ് വിട്ടു. “ഞാന്‍ വിമല്‍ ബോയ്ഫ്രണ്ടാണോ എന്ന് വെറുതേ ചോദിച്ചതാ”.
“ഉം”.
“എനിക്കും കൂട്ടുകാരുണ്ടല്ലോ. ഉണ്ണി ഇടയ്ക്ക് വീട്ടില്‍ വരും”.
“എന്തിന്?”
സുജ ചിരിച്ചു. “വെറുതേ. ഉണ്ണി ഭര്‍ത്താവിന്റെ പഴയ കൂട്ടുകാരനാ”.
മേഘയ്ക്ക് ആ ചോദ്യം വേണ്ടായിരുന്നു എന്നു തോന്നി. ഉണ്ണി ആരായാല്‍ തനിക്കെന്താണ്. എങ്കിലും വെറുതേ ഉപദ്രവിക്കാന്‍ തോന്നി. “ഉണ്ണിയെ ഇഷ്ടമാണോ?”
സുജ മുഖം ചുളിച്ചു, ഒന്നും മിണ്ടാതെ ചിരിച്ചെന്നു വരുത്തി.
“ഉണ്ണിയെ കാണാന്‍ എങ്ങനെയാണ്? മീശയുണ്ടോ?”
സുജ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ടിരുന്നു. അവളുടെ മുഖത്ത് ദേഷ്യമാണോ സന്തോഷമാണോ എന്ന് വായിച്ചെടുക്കാന്‍ പ്രയാസമായിരുന്നു. ഉണ്ണി കാണാന്‍ എങ്ങനെയായിരിക്കുമെന്ന് മേഘ കണ്ണടച്ച് സങ്കല്‍പ്പിച്ചുതുടങ്ങി. സുജയുടെ വീട് - അരണ്ട ഒരോലക്കുടില്‍, വാതില്‍പ്പാളി തുറന്നു കയറുന്നത് കിടപ്പുമുറിയിലോട്ടാണ്, കനത്ത മഴ പെയ്യുന്നു, മുറ്റത്ത് വാഴയും മന്ദാരപ്പൂക്കളും, ഇരുട്ട്, മഴയുടെ വൃത്തത്തില്‍ നിന്നും സുജ അകത്തുകയറുന്നു, ചൂടിക്കട്ടില്‍, പഴയ ഒരു തലയണയില്‍ മുഖമമര്‍ത്തി കാമുകന്‍ പുറംതിരിഞ്ഞുകിടക്കുന്നു. ഉണ്ണിക്ക് ഉറച്ച ശരീരമാണ്, അധികം പൊക്കമില്ല. കയ്യില്ലാത്ത ബനിയനില്‍ നിന്നും ചുരുണ്ട രോമങ്ങള്‍ തള്ളിനില്‍ക്കുന്നു. ചൂടത്ത് അവന്‍ വിയര്‍ക്കുന്നു, വിയര്‍പ്പിന്റെയും മഴയുടെയും ചൂടുള്ള മണം. സുജ ചിരിച്ചുകൊണ്ട് ഹാന്‍ഡ്ബാഗ് ഒരു കസാരയില്‍ വെക്കുന്നു. സാരി തോളിലേയ്ക്ക് കുത്തിയിരുന്ന പിന്ന് ഊരിക്കൊണ്ട് ഇടത്തേ കൈകൊണ്ട് ഉണ്ണിയുടെ തോളില്‍ പിടിക്കുന്നു. ഉണ്ണി മുഖം തിരിക്കുന്നു, ഉണ്ണിയല്ല, വിമല്‍. ഞാന്‍ ബൈക്കും കൊണ്ട് വരുമായിരുന്നല്ലോ. തമ്പാനൂര്‍ ബസ്റ്റാന്‍ഡില്‍ കാത്തുനിന്നതാണല്ലോ”.

മേഘ ഉറക്കമുണര്‍ന്നപ്പോള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. ഉറക്കത്തില്‍ അറിയാതെ തല സുജയുടെ തോളില്‍ ചാഞ്ഞുപോയി. നൂന്ന് ഇരുന്നപ്പോള്‍ സുജയുടെ തോളത്തും വിയര്‍പ്പുപടര്‍ന്നിട്ടുണ്ട്. അവള്‍ ചിരിച്ചു. “ക്ഷമിക്കൂ, ഞാന്‍ ഉറങ്ങിപ്പോയി”.
സുജയും ചിരിച്ചു, “സാരമില്ല”.
“ഉണ്ണിയെ സുജയ്ക്ക് ഇഷ്ടമാണോ?”
“ആഹാ, അതിതുവരെ വിട്ടില്ലേ”
മേഘ ചിരിച്ചു.
“അങ്ങനെ ഇഷ്ടമൊന്നുമില്ല”.
“മോന് എത്ര വയസ്സായി?”
“മോനോ?” പെട്ടെന്നു പതറിയതുപോലെ അവള്‍ പറഞ്ഞു. “അവന്‍ മഹാ ചട്ടമ്പിയാണ്. എട്ടു വയസ്സായി, പക്ഷേ എന്തൊരു വിളച്ചിലാണ്. സ്കൂളില്‍ അടിയുണ്ടാക്കി ദേഹമാകെ ചെളിയാക്കിക്കൊണ്ടു വരും. പക്ഷേ പഠിക്കാന്‍ മിടുക്കനാണ്.. ദേ, കഴക്കൂട്ടം എത്തി. അടുത്ത സ്റ്റോപ്പില്‍ ഞാനിറങ്ങും”
“ഇനിയും കാണാം,”
“കാണാം”
“ഫോണ്‍ നമ്പരുണ്ടോ? ഞാന്‍ ഇടയ്ക്ക് വിളിക്കാം”
“ഇല്ല, നമുക്ക് ഇങ്ങനെ ബസ്സില്‍ വെച്ചു കാണാം”
“എപ്പൊ?”
“കാണാമെന്നേ”
മേഘ ബാഗ് തുറന്ന് ആയിരം രൂപയെടുത്തു. “സുജേ, ഇതിരിക്കട്ടെ. മോന് ഉടുപ്പുമേടിച്ചുകൊടുക്കൂ”
“അയ്യോ സാറേ, വേണ്ട”
“പറ്റില്ല, ഇത് മോനുവേണ്ടിയാണ്”
“സാറേ, അവനു ഷര്‍ട്ടുണ്ടല്ലോ” - മേഘ ചുരുട്ടിയ നോട്ട് സുജയുടെ കയ്യില്‍ തിരുകിവെച്ചു. ഒന്നും മിണ്ടാതെ ശരി എന്നു തലകുലുക്കിക്കൊണ്ട് സുജ എഴുന്നേറ്റു. ബസ്സ് നിന്നു. അവള്‍ പിന്നിലേയ്ക്ക് നടന്ന് ഇറങ്ങിപ്പോയി. ബസ്സ് നീങ്ങിത്തുടങ്ങിയപ്പോള്‍ മേഘ വഴിയിലേയ്ക്കു തിരിഞ്ഞുനോക്കിയെങ്കിലും അവളെ കാണാന്‍ പറ്റിയില്ല.

സുജ എന്തിനാണ് തന്നെ സാറേ എന്നു വിളിച്ചതെന്ന് അവള്‍ക്കു മനസിലായില്ല. താന്‍ കൊടുത്ത പൈസ കൊണ്ട് അവള്‍ മോന് ഉടുപ്പുവാങ്ങിച്ചുകൊടുക്കുമോ എന്ന് അവള്‍ ആലോചിച്ചുതുടങ്ങി. ഒരുപക്ഷേ അവള്‍ക്ക് അങ്ങനെയൊരു കാമുകനോ, മോനോ ഒന്നും ഉണ്ടാവുകയില്ലെന്നും എല്ലാം വെറുതേ പറഞ്ഞതാണെന്നും മേഘയ്ക്കു തോന്നി. ആയിരം രൂപ വെറുതേ കളഞ്ഞു എന്ന് ആലോചിച്ചപ്പോള്‍ മേഘയ്ക്ക് തലവേദനിച്ചുതുടങ്ങി. തലവേദന കുറയ്ക്കാനെന്നോണം അവള്‍ കണ്ണ് ഇറുക്കിയടച്ച് ഉറങ്ങാന്‍ ശ്രമിച്ചു.

17 comments:

ഗുപ്തന്‍ said...

ഒരു കടല വാങ്ങിത്തിന്നാനാകാത്തവള്‍ ഒരു ചായ വേണോ എന്ന് ചോദിക്കാന്‍ വയ്യാത്തവള്‍ ആയിരം രൂപ കൊടുത്താല്‍ സാറാവും... ആവാ‍ാണ്ട് പിന്നെ...

വെല്‍ക്കം ബാക്ക്..ഇനി ഇവിടൊക്കെ കാണണേ :)

Thaikaden said...

Nalla avatharanam.

സുനീഷ് said...

എവിടെയോ ഒരു കൃത്രിമത്വം അനുഭവപ്പെടുന്നു. അപരിചിതരായി ഒരു ബസില്‍ കണ്ടു മുട്ടുന്ന, പ്രത്യേകിച്ച് സൊസൈറ്‌റിയിലെ ഒരു ഹൈക്ലാസും(?) ലോ ക്ലാസും (?) തമ്മില്‍ ഒരു ബസിനുള്ളില്‍, പ്രത്യേകിച്ച് ഭര്‍തൃമതിയായ പെണ്ണുങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പെട്ടെന്ന് സ്വകാര്യതിയിലേക്കുള്ള മറ്‌റൊരാളുടെ കടന്നു കയറ്‌റം അനുവദിക്കുമോ?

Anonymous said...

vaayanayil oru sukham...

പാമരന്‍ said...

എനിക്കിഷ്ടപ്പെട്ടു. സുനീഷ്ജി ചോദിച്ചതു ഞാന്‍ വിഴുങ്ങി.

പപ്പൂസ് said...

ആ ഉറക്കത്തിനിടക്ക് എന്തു സംഭവിച്ചു എന്നു കഥാകൃത്ത് വ്യക്തമാക്കണം, ബാക്കി ഞാന്‍ ഊഹിച്ചോളാം. ;-)

M. Ashraf said...

ശ്ശോ.. പെണ്ണുങ്ങളുടെ ഒരു കാര്യം. ചിലപ്പോള്‍ ബുഷിനെ കടത്തിവെട്ടും രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍. സ്വപ്‌നം നീണ്ടു പോയിരുന്നെങ്കില്‍ ബസ്‌ എന്താകുമായിരുന്നു.
s

പകല്‍കിനാവന്‍ | daYdreaMer said...

സിമി...
:(

Bindhu Unny said...

കഥയില്‍ ഇങ്ങനൊക്കെ സംഭവിക്കുമായിരിക്കും. :-)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

bhavanayum yaathhaarthyavum thammiluLLa samvaadatthilUte virinja ii kathha nannaayi.

(aayiram roopa alpam kUTuthallallE?)

- malayalam access illa. porukkuka.

paarppidam said...

നന്നായിരിക്കുന്നു...ഇനിയും പുതിയ പോസ്റ്റുകൾ (kathakal)ഇടുക....

sreeNu Lah said...

:)

ചങ്കരന്‍ said...

നല്ല കഥ, ഇഷ്ടമായി.

ജയരാജന്‍ said...

നല്ല വായനാസുഖം തരുന്ന കഥ. തന്റെ സുഹൃത്തിനെക്കുറിച്ച് ചോദിച്ചപ്പോൾ അസഹിഷ്ണുത അനുഭവപ്പെട്ട മേഘ സുജയുടെ സൌഹൃദത്തെ സംശയിക്കാൻ കാരണം? പാവപ്പെട്ടവർക്ക് ആൺസുഹൃത്തുക്കൾ ഉണ്ടാവാൻ വഴിയില്ല, അത് മധ്യ-ഉപരിവർഗത്തിന് മാത്രം എന്ന് മേഘ കരുതിയോ?

ഒരു കല്ലുകടി അനുഭവപ്പെട്ടത് പറയട്ടെ:
“അരണ്ട ഒരോലക്കുടില്‍...കനത്ത മഴ പെയ്യുന്നു...മഴയുടെ വൃത്തത്തില്‍ നിന്നും സുജ അകത്തുകയറുന്നു ...ചൂടത്ത് അവന്‍ വിയര്‍ക്കുന്നു”
കനത്ത മഴയത്ത് ഓലക്കുടിലിൽ നല്ല തണുപ്പായിരിക്കില്ലേ?
(ഇനി പറഞ്ഞത് പൊട്ടത്തരമാണെങ്കിൽ തല്ലണ്ട, ഒന്ന് കണ്ണുരുട്ടിയാൽ മതി :(
- കഥയുടെ സങ്കേതങ്ങളും ബിംബങ്ങാളും ഒന്നും പിടികിട്ടാത്ത ഒരു സാദാവായനക്കാരൻ)

Babu Kalyanam said...

"മേഘ കൂട്ടുകാരിയുടെ കല്യാണത്തിനു പോവുകയാണ്, ഭര്‍ത്താവിന് വരാന്‍ പറ്റിയില്ല, ഒറ്റയ്ക്ക് കാറോടിക്കാന്‍ വയ്യ, അതുകൊണ്ട് ബസ്സില്‍ കയറി."

ഇതെല്ലാം പറഞ്ഞ ശേഷം "ഏയ്, ഞാന്‍ കെട്ടിയതാ” എന്ന് പറയേണ്ട കാര്യം ഉണ്ടോ ?

മുസാഫിര്‍ said...

സ്ത്രീകളുടെ മനസ്സല്ലെ.ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല.ഒരു കഥാകൃത്തെങ്കിലും അതിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി നോക്കട്ടെ ! എനിക്ക് ഇഷ്ടമായി ട്ടോ.

മാനസ said...

സിമീ.........
ഇതെന്താ പറ്റിയെ?
ഇങ്ങനേം കഥയെഴുതാമോ എന്ന് നോക്കിയതാണോ?
പൊരുത്തക്കേടുകളും,കല്ലുകടിയും യഥേഷ്ടം ........
:(

Google