സിമിയുടെ ബ്ലോഗ്

4/12/2008

ഉരുളക്കിഴങ്ങ്

നീ സുന്ദരനാണ്. വിവാഹിതനാണ്. നിന്റെ ഭാര്യ സുന്ദരിയാണെന്ന് നീ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെയെന്തിനാണ് നീ എന്റടുത്തു വരുന്നത്?
ഛി മിണ്ടാതെടീ. നിനക്കു ഞാന്‍ കാശുതരുന്നില്ലേ. മനുഷ്യന്റെ മൂഡുകളഞ്ഞു. എനിക്കിന്നു നേരത്തേ പോണം. ഓഫീസില്‍ നിന്നും രണ്ടും മൂന്നും മണിക്കൂര്‍ മുങ്ങുന്നത് ആ മാനേജര്‍ നോട്ടീസീയുന്നുണ്ട്.
പൊയ്ക്കോ.
പിണങ്ങാതെ പൊന്നേ
ഹൗ, നോവിക്കാതെ

----

രാജ് ഓഫീസില്‍ പോയിരിക്കുന്ന സമയത്താണ് വിനോദ് വീട്ടില്‍ വരുന്നത്. വിനോദ് നല്ല തീറ്റയാണ്. രാജിനും മകനും വേണ്ടിയുണ്ടാക്കിയ ആഹാരം അയാള്‍ ഒറ്റയ്ക്കുതിന്നു. രാജിനുവേണ്ടി ഒരുക്കിയ കട്ടിലില്‍ കയറിക്കിടന്നു. അവള്‍ രാജിനു വേണ്ടി കുളിച്ചതു വെറുതെയായി. വിനോദ് അവളെ കടിച്ച് പാടുവരുത്തിയപ്പോള്‍ അവള്‍ ടെന്‍ഷനടിച്ചു. അലമാര തുറന്ന് ക്രീം പുരട്ടി പാടുകള്‍ മറച്ചു. സ്വീകരണമുറിയിലിരുന്ന് വലിക്കരുതെന്നു പറഞ്ഞിട്ടും വിനോദ് സിഗരറ്റുവലിച്ചു. പഠിക്കുന്ന കാലം തൊട്ടേ പറഞ്ഞാല്‍ കേള്‍ക്കുന്ന സ്വഭാവം വിനോദിനില്ല എന്നവള്‍ കളിപറഞ്ഞു. കുലുങ്ങിച്ചിരച്ച് വിനോദ് യാത്രയായി.

----

പ്രേമ പച്ചക്കറിവാങ്ങാന്‍ പോയ സമയത്താണ് എട്ടുവയസ്സുള്ള മനു സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയത്. അയലത്തെ വീട്ടിലെ വിധുവും കൂടെയുണ്ടായിരുന്നു. വിധുവിന്റെ അമ്മയും അച്ഛനും ഓഫീസ് കഴിഞ്ഞുവരുമ്പോള്‍ എട്ടുമണിയാവും. വിധു സാറ്റ് കളിക്കാം എന്നുപറഞ്ഞു. മനു അവളെ കട്ടിലില്‍ തള്ളിയിട്ട് അവളുടെ മേലേ കേറിക്കിടന്ന് ചുംബിക്കാന്‍ ശ്രമിച്ചു. അവള്‍ കുതറിമാറി.

എന്തിനാ എന്നെ ഉമ്മവെയ്ക്കുന്നെ
എന്റെ അച്ഛനും അമ്മയും ഉമ്മ വെയ്ക്കാറുണ്ടല്ലോ. ഞാന്‍ കണ്ടതാ
അതുനിന്റെ അച്ഛനും അമ്മയും. എന്നെ ആരും ഉമ്മവെയ്ക്കണ്ടാ. ഞാന്‍ പോന്നു.
പോവല്ലേ.
ഇല്ല. ഞാന്‍ നിന്റെ കൂടെ കൂട്ടില്ല. ഞാന്‍ പോന്നു.
വാ പുറത്തുപോയി കളിക്കാം.
...
കെറുവിക്കാതെ. ആദ്യം നീയെണ്ണ്.
...
എന്തുവാന്നേ. എണ്ണ്
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച്....

---

രാജ് വീട്ടില്‍ വന്നപ്പോള്‍ സിഗരറ്റിന്റെ മണമടിച്ചു.
നീ സിഗരറ്റുവലിച്ചോ?
വലിച്ചു.
എന്തിന്?
ബ്രഡ് ഇരിപ്പുണ്ട്. കിഴങ്ങുകറി ഉണ്ടാക്കട്ടേ?
നിനക്കു സിഗരറ്റുവലി നിറുത്തിക്കൂടേ? മോന്‍ വളര്‍ന്നുവരുന്നു. പെണ്ണുങ്ങള്‍ സിഗരറ്റുവലിക്കുന്ന നാട്!.

പ്രേമ ഉരുളക്കിഴങ്ങ് പുഴുങ്ങാനിട്ടു. ഒരു വലിയ ഉരുളക്കിഴങ്ങും ഒരു ചെറിയ ഉരുളക്കിഴങ്ങും. പ്രേമയ്ക്ക് സിഗരറ്റിന്റെ മണം ഇഷ്ടമല്ല.

---

വെള്ളം തിളച്ചുതുടങ്ങുമ്പോള്‍ വലിയ ഉരുളക്കിഴങ്ങ് ചെറിയ ഉരുളക്കിഴങ്ങിന്റെ സാന്നിദ്ധ്യം അറിഞ്ഞു. വലിയ ഉരുളക്കിഴങ്ങ് ചെറുതിനോടു പറഞ്ഞു.
"ഒരാഴ്ച്ചയായി ഞാന്‍ അടുക്കളയിലെ അലമാരയിലിരിക്കുന്നു. ഒരാഴ്ച്ചകൊണ്ട് ഒരു ജന്മം കാണേണ്ടതില്‍ കൂടുതല്‍ കണ്ടു അല്ലേ. ഇനി മരിച്ചാല്‍ മതിയെന്നു തോന്നുന്നു".
ചെറിയ ഉരുളക്കിഴങ്ങ് പ്രതിവചിച്ചു. "ഉരുളക്കിഴങ്ങുകള്‍ക്കു മിണ്ടിക്കൂടാ. ഞാന്‍ ഇത്രയും നാള്‍ ഒന്നും മിണ്ടിയിട്ടില്ല."
"വിഡ്ഡീ. ജെ.സി. ബോസ് ഗവേഷണം നടത്തിയതൊക്കെ വെറുതെയാണെന്നോ? സസ്യങ്ങള്‍ക്കും വികാരങ്ങളുണ്ടെന്ന് നീ മറന്നുപോയോ? നീയിതൊന്നും പഠിച്ചില്ലേ?"
"ഇല്ലല്ലോ. ഞാനൊന്നും പഠിച്ചില്ല. ഞാനൊരു തമിഴന്റെ പാണ്ടിലോറിയിലായിരുന്നു. ഉനക്കു തമിള്‍ തെരിയുമാ? മല്ലിഗേ നിന്‍ പാവാട അഴകാരിക്ക്"
"അവന്റടിവേരിന്റെ തമിഴ്. ഈ വീട്ടില്‍ ആരെങ്കിലും നേര്‍‌വഴിക്കുണ്ടോ? നിനക്കു സാന്മാര്‍ഗ്ഗികതയില്‍ വിശ്വാസമുണ്ടോ?"
"ചേട്ടാ, വെള്ളം ചൂടാവുന്നു. എനിക്കു വേവുന്നു".
"ഈ വീട്ടിലുള്ളവര്‍ മരിച്ചാല്‍ അവര്‍ നരകത്തില്‍ പോവില്ലേ? ഇവര്‍ക്കു ഗതികിട്ടുമോ? സ്വര്‍ഗ്ഗവും നരകവുമൊക്കെ ഇല്ലെന്നുണ്ടോ?"
"അയ്യോ പൊള്ളുന്നു. ഹൗ. എന്തൊരു ചൂട്".
"എല്ലാം പിഴച്ചുപോവുന്നു. ബന്ധങ്ങള്‍ക്ക് ഇത്രവിലയില്ലാതായോ. കലികാലത്തില്‍ നിന്നും നമ്മളെ രക്ഷിക്കാന്‍ കല്‍ക്കി വരുമോ? നിനക്കിതിലൊക്കെ വിശ്വാസമുണ്ടോ?"
...
"എന്താ ഒന്നും പറയാത്തത്. ഒന്നിലും വിശ്വസിക്കാത്തതു ശരിയല്ല. എന്താ നിന്റെ രാഷ്ട്രീയം?"
...
"പറയ്. എന്തെങ്കിലും പറയ്
...
അവന്‍ വെന്തു.
...
...
--------

4/09/2008

മോക്ഷം

കാട്ടിലെ‍ മുളമരങ്ങളെപ്പോലെയാണ് ‍നഗരത്തില്‍ ഫ്ലാറ്റുകള്‍ നെട്ടനെ വളര്‍ന്നുനില്‍ക്കുന്നത്‍. കോണ്‍ക്രീറ്റ് മരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ഞ് കലമ്പല്‍ കൂട്ടുന്നില്ല എന്നേയുള്ളൂ. അവയില്‍ പതിനായിരക്കണക്കിന് അറകളില്‍ അതിലേറെ കുടുംബങ്ങള്‍ സാധാരണ ജീവിതങ്ങള്‍ ജീവിച്ചു മരിക്കുന്നു. അതിലൊന്നാണ് മി. മോഹന്റെ കുടുംബം. മോഹന്‍, ശ്യാമ (ഭാര്യ), അരുണ (മകള്‍), വാവ (കുഞ്ഞുമകള്‍), മോഹന്റെ അപ്പന്‍ (അരുണയുടെയും വാവയുടെയും അപ്പൂപ്പന്‍), അമ്മൂമ്മ.

അപ്പൂപ്പനു വയസ്സായി. ശരീരം വയ്യാഞ്ഞിട്ടല്ല. കഷ്ടിച്ചു നടക്കാം. അല്പമൊക്കെ ജോലി ചെയ്യാം. ബുദ്ധിക്കു നല്ല ക്ഷമതയുണ്ട്. മകനെയും ചെറുമക്കളെയും നേര്‍‌വഴിയ്ക്കു നടത്താം. പറഞ്ഞിട്ടെന്താ, ഒന്നും ചെയ്യില്ല. ശരീരത്തിനു പ്രായമാവുന്നതുപോലെയല്ല മനസ്സിന്. അപ്പൂപ്പന്‍ എന്തു കണ്ടാലും ഒന്നും കാണില്ല. എന്തെങ്കിലും ചോദിച്ചാല്‍ മറുപടി പറയില്ല. ഇരുന്ന ഇടത്തുനിന്ന് അനങ്ങില്ല. എന്തെങ്കിലും വേണമെങ്കില്‍ ചോദിക്കില്ല. വിശന്നാല്‍ പറയില്ല. ദാഹിച്ചാല്‍ പറയില്ല. പത്രം വേണമെങ്കില്‍ പറയില്ല. അമ്മൂമ്മ കിടന്നിടത്ത് മൂത്രിയ്ക്കുന്നതു കണ്ടാലും പറയില്ല. എല്ലാം നോക്കിക്കൊണ്ട് വെറുതേയിരിക്കും. ഇതിനെല്ലാം മേമ്പൊടിയായി ഇപ്പൊഴായിട്ട് ഓര്‍മ്മ പിടിക്കുന്നുമില്ല. എന്തെങ്കിലും പറഞ്ഞാല്‍ അപ്പൂപ്പന്‍ പത്തുമിനിട്ടിനുള്ളില്‍ മറക്കും. വീണ്ടും അതേ കാര്യം തന്നെ ചോദിക്കാന്‍ തുടങ്ങും. മണ്ടത്തരമാവും എന്നുകണ്ട് മിണ്ടാതിരിക്കും. പക്ഷേ പഴയ കാര്യങ്ങള്‍ നല്ല ഓര്‍മ്മയാണ്. അറുപതുകളിലെ കാര്യങ്ങള്‍. സര്‍ക്കാരുദ്യോഗം ചെയ്ത കഥകള്‍. ആ കഥകളൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്കു ചോദിക്കും. മോനാരാ, മനസ്സിലായില്ലല്ലോ?

ദാ, ഇപ്പോള്‍ത്തന്നെ അരുണ അവളുടെ ബോയ്ഫ്രണ്ടിനെയും വിളിച്ചുകൊണ്ട് മുറിക്കകത്തുകയറി കതകടച്ചു. (ഇതു പതിവാണ്) “അവര്‍ കതകടച്ചിട്ട് എത്ര നേരമായി“. അമ്മൂമ്മ കിടന്ന കിടപ്പില്‍ വിളിക്കുന്നുണ്ട്. ഈ നശൂലം പിടിച്ച പിള്ളേര്‍. നിങ്ങളിതൊക്കെ കാണുന്നുണ്ടോ? കൊച്ചുമക്കള്‍ വഴിതെറ്റിപ്പോവുന്നു. പഠിത്തമാണുപോലും. അവരതിനകത്ത് എന്താ ചെയ്യുന്നതെന്നാ‍ര്‍ക്കറിയാം. എന്റെ കൃഷ്ണാ, നീയെന്തിനെന്നെ ഇങ്ങനനുഭവിപ്പിക്കുന്നു. കൂടുതല്‍ അനുഭവിപ്പിക്കാതെ എന്നെയങ്ങ് എടുത്തോളണേ. നിങ്ങള്‍ക്കു നാവിറങ്ങിപ്പോയോ. നാല്‍പ്പത്തഞ്ചു കൊല്ലമായി ഞാന്‍ അനുഭവിക്കുന്നു. ഒരു ദിവസം നിങ്ങള്‍ ശബ്ദമുയര്‍ത്തി മിണ്ടിയിട്ടുണ്ടോ. ആരോടു പറയാന്‍. എന്റെ വിധി. ഇതെല്ലാം എന്റെ കണ്മുന്നില്‍ കാണേണ്ടി വരുന്നല്ലോ ഭഗവാനേ. നീ എന്നെയങ്ങ് എടുത്തോളണേ“.

ഭാഗ്യത്തിനു അമ്മൂമ്മ പറയുന്നത് അരുണയുടെ മുറിവരെ എത്തില്ല. അമ്മൂ‍മ്മയ്ക്ക് അത്ര ശബ്ദമില്ല. അഥവാ വല്ലപ്പൊഴും ശബ്ദം അരുണയുടെ മുറിയ്ക്കകത്തെത്തിയാല്‍ അവള്‍ കതകു തുറക്കും. അമ്മൂമ്മയെ കുറച്ചുനേരം തുറിച്ചുനോക്കും. എന്നിട്ട് കതകു വലിച്ചടയ്ക്കും. അതോടെ അമ്മൂമ്മ കുറച്ചുനേരം മിണ്ടാതെയാവും. പിന്നെയും വിളിതുടങ്ങും. കൃഷ്ണാ, ഗുരുവായുരപ്പാ.

അരുണയുടെ അനിയത്തി - വാവ കിടന്നു തൊള്ള തുറക്കുന്നു. ആരും ഇല്ല നോക്കാന്‍. എങ്ങനെ നോക്കാനാണ്. അമ്മയും അച്ഛനും ഓഫീസിലാണ്. വേലക്കാരി അടുക്കളയിലാണ്. അമ്മൂമ്മയ്ക്കു തളര്‍ച്ചയാണ്. കിടന്ന കിടപ്പില്‍ നിന്നും എഴുന്നേല്‍ക്കാന്‍ വയ്യ. അരുണ മുറിയ്ക്കകത്തു കയറി കതകടച്ചാല്‍ പിന്നെ പുറത്തിറങ്ങാറില്ല. അപ്പൂപ്പന്‍ ദൂരെയിരുന്ന് പതുക്കെ മോളേ മോളേ എന്നു വിളിക്കുന്നുണ്ട്. അടുത്തുപോയി കുഞ്ഞിനെ എടുത്തെങ്കില്‍ അതിന്റെ കരച്ചില്‍ നിന്നേനെ. കിടന്ന കിടപ്പില്‍ പെടുത്ത് തുണി നനഞ്ഞതാവും. തുണി മാറ്റിക്കൊടുത്താല്‍ മതിയാവും. അപ്പൂപ്പന്‍ കുഞ്ഞിനെ എടുക്കില്ല. അപ്പൂപ്പനു പേടിയാണ്.

ഇന്നലെ രാത്രി അപ്പൂപ്പന്റെ മകന്‍, അരുണയുടെയും പൊടിക്കുഞ്ഞിന്റെയും അച്ഛന്‍, അപ്പൂപ്പനുമായി കുറെ നേരം സംസാരിച്ചു. അച്ഛനും മകനും തമ്മില്‍ ഇത്തരം ഒരു സംഭാഷണം അപൂര്‍വ്വമാണ്. മോഹനാണെങ്കില്‍ അച്ഛനോടു സംസാരിക്കുമ്പോള്‍ ബഹുമാനത്തോടെയേ സംസാരിക്കാറുള്ളൂ. കഴിയുമെങ്കില്‍ ഗൌരവമുള്ള വിഷയങ്ങള്‍ സംസാരിക്കാറില്ല. മോഹനു ഓഫീസില്‍ പിടിപ്പതു പണിയുണ്ട്. പണിയുടെ സ്ട്രെസ്സ് ആവശ്യത്തിലധികമുണ്ട്. വീട്ടിലെത്തുമ്പൊഴേയ്ക്കും മോഹന്‍ ഒരു പ്രഷര്‍ കുക്കര്‍ പോലെയാവും. എപ്പൊഴാണു പൊട്ടിത്തെറിക്കുന്നതെന്നു പറയാന്‍ പറ്റില്ല. ശ്യാമയ്ക്കും പിടിപ്പതു പണിയുണ്ടല്ലോ. പോരാത്തതിനു വീ‍ട്ടിലെ കാര്യങ്ങളും നോക്കണം. അങ്ങോട്ടും ഇങ്ങോട്ടും യുദ്ധം ചെയ്ത് അവര്‍ ദാമ്പത്യജീവിതത്തിന്റെ നല്ലകാലം ജീവിച്ചു. ഇപ്പോള്‍ പൊട്ടിത്തെറിക്കും എന്നു തോന്നുമ്പോള്‍ പരസ്പരം നോക്കാറില്ല. നോക്കിയാലും മിണ്ടാറില്ല. ഒരുതരത്തില്‍ അസ്വസ്ഥമായ ഒരു സമാധാനമെങ്കിലും വീട്ടിലുണ്ട്.

രണ്ടു ബെഡ്രൂം ഉള്ള ഒരു ഫ്ലാറ്റില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒഴിവാക്കി നടക്കാന്‍ വലിയ പ്രയാസമാണ്. അതിനിടയ്ക്ക് പ്രായമായ മാതാപിതാക്കള്‍. മദ്ധ്യവയസ്സില്‍ അവിചാരിതമായി ഉണ്ടായ പൊടിക്കുഞ്ഞ്. പറന്നുപോവാറായ പെണ്‍കുട്ടി. ജീവിതം ദുരിതമാണ്. ഏറ്റവും വലിയ ദുരിതം ഓഫീസിലോ വീട്ടിലോ സ്വസ്ഥമായി ഇരിക്കാന്‍ ഒരുനുള്ളുസ്ഥലം ഇല്ലാത്തതാണ്. ശ്യാമ കട്ടിലില്‍ക്കിടന്ന് ഇതൊക്കെ പറയാറുണ്ട്. എങ്കിലും ഒരുതരത്തില്‍ ശ്യാമ നല്ലവളാണ്. അപ്പൂപ്പനോ അമ്മൂമ്മയോ കേള്‍ക്കെ അവര്‍ മുറുമുറുക്കാറില്ല. ഫ്ലാറ്റ് അല്പം കൂടി വലുതായിരുന്നെങ്കില്‍ എന്ന് മോഹനും കലശലായ ആഗ്രഹമുണ്ട്. നിര്‍വ്വാഹമില്ല. ജീവിതത്തിന്റെ അറ്റങ്ങള്‍ കൂട്ടിമുട്ടുന്നില്ല. അപ്പന്റെ മുന്‍പിലിരുന്ന് മകന്‍ സിഗരറ്റുവലിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. മോഹന്‍ പണ്ട് ഇങ്ങനെയല്ലായിരുന്നു. മോഹന്‍ സിഗരറ്റു വലിക്കുന്നതുകാണുമ്പോള്‍ അപ്പൂപ്പന്റെ കണ്ണുകളില്‍ ദു:ഖം തളം കെട്ടും. എന്നാലും അപ്പൂപ്പന്‍ ഒന്നും പറയില്ല. ഒന്നിലും ഒന്നും പറയില്ല. ഭാഗ്യത്തിന് ഇയ്യിടെയായി മകന്‍ സിഗരറ്റുവലിക്കുന്ന കാര്യം പെട്ടെന്നു മറന്നുപോവും. അപ്പൂപ്പന്റെ ദു:ഖങ്ങള്‍ പത്തുമിനിട്ടേ നില്‍ക്കാറുള്ളൂ. അതുകഴിയുമ്പോള്‍ മങ്ങി മറഞ്ഞുപോവും.

അപ്പൂപ്പനു മോഹന്റെ അവസ്ഥ മനസിലാവാഞ്ഞിട്ടല്ല. വേറെ നിവൃത്തിയില്ല. ഒരുതരത്തില്‍ അപ്പൂപ്പനും അമ്മൂമ്മയും മറ്റെവിടെയെങ്കിലും താമസിക്കുന്നതായിരുന്നു നല്ലത്. മോഹന്റെ മൂത്ത ചേച്ചിയെ വിവാഹം കഴിച്ചയച്ചത് വിദേശത്തേയ്ക്കാണ്. അവിടെപ്പോയി അവളുടെകൂടെ താമസിക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു. മകള്‍ക്കു ഭാരമാകാന്‍ വയ്യ, അതും തളര്‍ന്നുകിടക്കുന്ന ഭാര്യയുമായി. കഴിയുമെങ്കില്‍ വാര്‍ദ്ധക്യത്തില്‍ ആരെയും ബുദ്ധിമുട്ടിക്കാതെ കഴിക്കണമെന്നായിരുന്നു. മകന്റെകൂടെയും താമസിക്കുന്നത് ഇഷ്ടമുണ്ടായിട്ടല്ല. അവനു കഷ്ടപ്പാടാണ്. അവന്‍ അതു വാക്കുകള്‍ കൊണ്ടു പറഞ്ഞില്ലെങ്കിലും അറിയാന്‍ പറ്റുന്നുണ്ട്. അവന് ഈ ഫ്ലാറ്റുവാങ്ങാന്‍ നാട്ടിലെ വീടും സ്ഥലവും വില്‍ക്കേണ്ടിവന്നു. എന്നിട്ടും പണം തികയാതെ അവന്‍ കടത്തിലാണ്. ഏതെങ്കിലും വൃദ്ധസദനത്തില്‍ എന്ന് അവനോട് ഒരിക്കല്‍ പറഞ്ഞുതുടങ്ങിയതാണ്. പറഞ്ഞുതുടങ്ങും മുന്‍പേ മോഹന്‍ പൊട്ടിത്തെറിച്ചു. ‘അച്ഛനിവിടെ എന്തിന്റെ കുറവാണെന്ന്‘ അവന്റെ ഭാര്യയും ചോദിച്ചു. വാസ്തവത്തില്‍ ഒന്നിന്റെയും കുറവില്ല. രണ്ടുമുറിയുള്ള ഫ്ലാറ്റില്‍ മകനും അവന്റെ കുടുംബത്തിനും കഴിയാന്‍ സ്ഥലം തികയുന്നില്ല. ഈശ്വരന്‍ വിളിക്കുന്നില്ല. അവന്റെ അമ്മയ്ക്ക് മറ്റൊരിടത്തും പോകാനിഷ്ടമല്ല. ഒറ്റ മകനാണ്. ആര്‍ക്കും ഒരു ഭാരമാവാതെ ജീവിച്ചുപോണമെന്നേയുള്ളൂ. ഒന്നും കാ‍ണാതെയും കേള്‍ക്കാതെയും മറഞ്ഞുപോണമെന്നെയുള്ളൂ. ശ്രമിക്കുന്നു, പറ്റുന്നില്ല.

അരുണയ്ക്ക് അപ്പൂപ്പനെയും അമ്മൂമ്മയെയും ഇഷ്ടമല്ല. പ്രത്യേകിച്ചും അമ്മൂമ്മയെ - അമ്മൂമ്മ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ്. അവള്‍ ഒന്നും പറയാറില്ല. ഒന്നും പറഞ്ഞിട്ടുകാര്യമില്ല. ഫ്ലാറ്റില്‍ ആവശ്യത്തിലേറെ കിടക്കുന്ന ഫര്‍ണിച്ചര്‍ പോലെ അപ്പൂപ്പനും അമ്മൂമ്മയും ഒഴിവാക്കാനാവാത്ത ഒന്നാണെന്ന് അവള്‍ക്കറിയാം. അമ്മൂമ്മ പലപ്പൊഴും അവളെ അടുത്തുവിളിച്ച് സ്നേഹം പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. രണ്ടു ലോകത്തുള്ളവര്‍ തമ്മില്‍ സ്നേഹപ്രകടനം പ്രയാസമായിരുന്നു. അരുണയും കഴിവതും അനിഷ്ടം കാണിക്കാറില്ല.

പറഞ്ഞുവന്നത് - ഇന്നലെ രാത്രി മോഹന്‍ അപ്പനോട് ഏറെനേരം സംസാരിച്ചു. അപ്പന്‍ വീട്ടിലെ കാര്യങ്ങളില്‍ അല്പം കൂടെ ശുഷ്കാന്തി കാണിക്കണമെന്നും തന്നെ നേര്‍വഴിക്കു നടത്തണമെന്നും പറഞ്ഞു. താന്‍ എങ്ങോട്ടാണു പോവുന്നതെന്ന് തനിക്കുതന്നെ നിശ്ചയമില്ലെന്നു പറഞ്ഞു. അപ്പന്‍ വീട്ടിന്റെ നെടുംതൂണായി നിന്ന് ഇവിടെ സംതൃപ്തിയും സമാധാനവും കൊണ്ടുവരണമെന്ന് പറഞ്ഞു. അപ്പൂപ്പന്‍ എല്ലാം മിണ്ടാതെനിന്നു കേട്ടു. പാവം. എങ്കിലും ഇന്നും കുഞ്ഞുകിടന്നു കരഞ്ഞിട്ട് അപ്പൂപ്പന്‍ എടുത്തില്ല. അല്പം കഴിഞ്ഞപ്പോള്‍ അപ്പൂപ്പനെയും പ്രാകിക്കൊണ്ട് വേലക്കാരി വന്ന് കുഞ്ഞിനെ എടുത്തു. പ്രാകാതിരിക്കുന്നതെങ്ങനെ. അവര്‍ക്ക് പിടിപ്പതു പണിയുണ്ട്. അതിനിടയ്ക്കു കുഞ്ഞിനെനോക്കലും കൂടി നടക്കില്ല. കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റി അതിന്റെ വായില്‍ ഒരുകഷണം ബിസ്കറ്റു വെച്ചുകൊടുത്ത് മുഷിഞ്ഞ തോര്‍ത്തിന്റെ തുമ്പുകൊണ്ട് നെറ്റിയും തുടച്ചുകൊണ്ട് അടുക്കളയിലേയ്ക്കുപോയി അവര്‍ തന്റെ ദുരിത ജീവിതം തുടര്‍ന്നു.

അമ്മൂമ്മയുടെ ജീവിതത്തില്‍ സംതൃപ്തി എന്ന ഒന്ന് ഉണ്ടായിട്ടില്ല. ഒരു സമ്പന്നകുടുംബത്തില്‍ ജനിച്ചിട്ടും അമ്മൂമ്മയുടെ കുട്ടിക്കാലം വളരെ അസന്തുഷ്ടമായിരുന്നു. ചിലര്‍ക്ക് അങ്ങനെയാണ്. കാശുണ്ടെങ്കിലും സന്തോഷം വിധിച്ചിട്ടില്ല. അപ്പൂപ്പന്‍ കെട്ടിക്കൊണ്ടുവന്നപ്പൊഴും അമ്മൂമ്മയുടെ ദുരിതം മാറിയില്ല. അപ്പൂപ്പന്റെ അമ്മ അമ്മൂമ്മയെ ആവശ്യത്തിലധികം ദ്രോഹിച്ചു. അപ്പൂപ്പന്‍ എതിര്‍ത്തുപറഞ്ഞില്ല. അപ്പൂപ്പന്‍ ഒന്നിനും എതിര്‍ത്തുപറഞ്ഞില്ല. ഇപ്പൊഴും കട്ടിലില്‍ കിടന്ന് അമ്മൂമ്മ ദുരിതം പറയുമ്പോഴും അപ്പൂപ്പന്‍ എതിര്‍ത്തുപറയുന്നില്ല. അപ്പൂപ്പന്‍ അങ്ങനെയാണ്. ചിലപ്പോള്‍ വീട്ടിലെ പഴയ ചാരുകസാരയ്ക്കും മേശയ്ക്കും അപ്പൂപ്പനുമൊക്കെ ഒരേ സ്വഭാവമാണെന്നു തോന്നും.

അമ്മൂമ്മയുടെ ആവശ്യങ്ങള്‍ ലളിതമാണ്. തണുക്കുമ്പോള്‍ കമ്പിളി വിരിച്ചുകൊടുക്കണം. വിശക്കുമ്പോള്‍ ആഹാരം കൊടുക്കണം. ഒരേ കിടപ്പില്‍ക്കിടന്നു ദേഹം മരവിക്കുമ്പോള്‍ ഒന്നു തിരിച്ചുകിടത്തണം. ബാല്‍ക്കണിയിലേയ്ക്കു ചാഞ്ഞുനില്‍ക്കുന്ന മുരിങ്ങമരത്തിന്റെ മഞ്ഞനിറമുള്ള പഴുത്ത ഇലകള്‍ വെട്ടിക്കളയണം. ബാല്‍ക്കണിയിലെ വരികളോടു ചേര്‍ന്ന മുരിങ്ങയിലകള്‍ക്ക് എപ്പൊഴും മഞ്ഞനിറമാണ്. അമ്മൂമ്മ കട്ടിലില്‍ക്കിടന്നു പുറത്തേയ്ക്കു നോക്കിയാല്‍ അതാണു കാണുന്നത്. ഒരുപാടു കാലമായി അവ ഒരേ നില്‍പ്പാണ്. പഴുത്ത ഇലകള്‍ കണ്ടാല്‍ ഇപ്പൊ കൊഴിയുമെന്നു തോന്നും. എന്നാലൊട്ടു കൊഴിയുകയുമില്ല. അപ്പൂപ്പന്‍ കമ്പിളിവിരിച്ചുകൊടുക്കും. അമ്മൂമ്മയെ തിരിച്ചുകിടത്തും. അമ്മൂമ്മയുടെ പരാതികളും ശകാരങ്ങളും ഒന്നും മിണ്ടാതെ കേട്ടുകൊണ്ട് കട്ടിലിനരികിലിരിക്കും. പക്ഷേ അപ്പൂപ്പന് മഞ്ഞ ഇലകള്‍ വെട്ടാന്‍ പേടിയാണ്.

അപ്പൂപ്പന് എല്ലാം പേടിയാണ്. ഒരിക്കലൊന്നു തെന്നിവീണതില്‍പ്പിന്നെ ഫ്ലാറ്റിന്റെ കോണിപ്പടികളിറങ്ങാന്‍ പേടിയാണ്. ലിഫ്റ്റിന്റെ വള്ളിപൊട്ടുമോ എന്നു ചിന്തിച്ച് ലിഫ്റ്റില്‍ കയറാന്‍ പേടിയാണ്. പത്രത്തിലെ മരണവാര്‍ത്തകള്‍ വായിക്കാന്‍ പേടിയാണ്. അപരിചിതര്‍ ആരെങ്കിലും കാളിങ്ങ് ബെല്‍ അടിച്ചാല്‍ കതകുതുറക്കാന്‍ പേടിയാണ്. മോഹന്‍ വിചാരിക്കുന്നത് അപ്പനു മരണഭയമാണെന്നാണ്. അതു വാര്‍ദ്ധക്യത്തിന്റെ ലക്ഷണമാണ്. അപ്പന്‍ എന്തിനെയാണ് ഇത്ര ഭയക്കുന്നത് എന്ന് മോഹന്‍ ചോദിച്ചതാണ്. അപ്പൂപ്പന്‍ ഒന്നും പറഞ്ഞില്ല. പതിവുപോലെ കേട്ടുകൊണ്ടു നിന്നതേയുള്ളൂ. തന്റെ കുട്ടിക്കാലത്ത് അപ്പന്‍ ഇങ്ങനെയായിരുന്നില്ല എന്നോര്‍ത്തപ്പോള്‍ മോഹന്റെ ഉള്ളു വേദനിച്ചു. മോഹന്‍ ചോദ്യങ്ങള്‍ നിറുത്തി.

അമ്മൂമ്മയുടെ ആവശ്യങ്ങളില്‍ ഏറ്റവും നിരന്തരമായി അപ്പൂപ്പനെ അലട്ടിയത് മുരിങ്ങയുടെ വാടിയ ഇലകള്‍ വെട്ടുന്നതായിരുന്നു. ഒരിക്കല്‍ അരുണയുടെ ബോയ്ഫ്രണ്ട് അമ്മൂമ്മയ്ക്ക് മുരിങ്ങയുടെ മഞ്ഞ ഇലകള്‍ വെട്ടിക്കൊടുക്കാം എന്നു പറഞ്ഞതാണ്. അവന്‍ അതു പറഞ്ഞദിവസം അമ്മൂമ്മ കൊച്ചുമകള്‍ വഴിതെറ്റിപ്പോവുന്നതിനെക്കുറിച്ച് ചാരിത്രപ്രസംഗം നടത്തിയില്ല. മോഹനും ഭാര്യയും വരാറാകുവോളം അരുണയും അവനും മുറിയടച്ചിരുന്നു പഠിച്ചിട്ടും അമ്മൂമ്മ മച്ചിലേയ്ക്കുനോക്കി രാമനാ‍മം ജപിച്ചതേയുള്ളൂ. പക്ഷേ അരുണയുടെ ബോയ്ഫ്രണ്ട് ആ കാര്യം മറന്നേപോയി. മഞ്ഞ ഇലകള്‍ പൊഴിയാതെ നിന്നു.

‘നിങ്ങളൊരു മനുഷ്യനാണോ. എന്റെ ജീവിതം മുഴുവന്‍ ഞാന്‍ നരകിച്ചു. എന്റെ കണ്ണുമഞ്ഞളിച്ച് ഞാന്‍ ചാകാറായി. നോക്കിക്കോ. ആ മഞ്ഞ ഇലകള്‍ നമ്മുടെ വീട്ടിനുള്ളില്‍ പടരും. അതില്‍ നിന്നു പുഴുക്കളിറങ്ങി എല്ലാരും പുഴുത്തുചാവും. വെട്ടരുത്. ഞാന്‍ ചത്താലും നിങ്ങളാ‍ ഇലകള്‍ വെട്ടരുത്’.

അപ്പൂപ്പന്‍ അമ്മൂമ്മയുടെ കട്ടിലിന്നരികില്‍ നിന്നും എഴുന്നേറ്റു. പതുക്കെപ്പതുക്കെ അടുക്കളയിലേയ്ക്കു നടന്ന് നിലത്തുനിന്നും വെട്ടുകത്തി എടുത്തു. വേലക്കാരി ‘കിഴവന്‍ എന്തിനുള്ള പുറപ്പാടാണ്‘ എന്ന ഭാവത്തില്‍ അപ്പൂപ്പനെ നോക്കി, എന്നിട്ട് പാത്രം കഴുകല്‍ തുടര്‍ന്നു. അപ്പൂപ്പന്‍ കത്താളുമെടുത്ത് ബാല്‍ക്കണിയിലേയ്ക്കുള്ള ചില്ലുവാതില്‍ തുറന്നു.

മുരിങ്ങയുടെ മങ്ങിയ ഇലകള്‍ സമൃദ്ധമായി ബാല്‍ക്കണിയിലേയ്ക്കു ചാഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അപ്പൂപ്പന്‍ മുന്‍പോട്ടു കാലെടുത്തു വെയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മുരിങ്ങമരത്തില്‍ ഒരു കാക്ക!. അപ്പൂപ്പനെ കണ്ടിട്ടും അനങ്ങാതെ പാറകള്‍ കൂട്ടിയുരയ്ക്കുന്ന ശബ്ദത്തില്‍ അത് ഭീഷണമായി ‘കാ കാ’ എന്നുകരഞ്ഞു. തല വെടിച്ചുവെട്ടിച്ച് അപ്പൂപ്പന്റെ തിമിരം മൂടിയ കണ്ണുകളിലേയ്ക്ക് തന്റെ വികാരമില്ലാത്ത ചാ‍രക്കണ്ണുകളുടക്കി കാക്ക ചുഴിഞ്ഞുനോക്കി. എന്നിട്ട് ശബ്ദമുണ്ടാക്കാതെ തടിച്ചുകൂര്‍ത്ത ചുണ്ടുകള്‍ മലര്‍ക്കെത്തുറന്നു. ‘കാക്കേ ശൂ ശൂ’ ‘കാ കാ‍ാ’. ‘പോ കാക്കേ ശൂ ശൂ’. ‘കാ‍ാ കാ‍ാ, കാ‍ാ കാ‍ാ, കാ‍ാ കാ‍ാ’ അപ്പൂപ്പന്റെ കാലുകള്‍ തളര്‍ന്നു. കാക്ക മുരിങ്ങമരത്തിന്റെ മഞ്ഞ ഇലച്ചില്ലകളിലൂടെ അപ്പൂപ്പനു നേരെ രണ്ടടി മുന്നോട്ടുവെച്ചു. വീണ്ടും അപ്പൂപ്പനെ നോക്കിക്കൊണ്ട് ശബ്ദമുണ്ടാക്കാതെ ചുണ്ടുകള്‍ മലര്‍ക്കെത്തുറന്നു. അപ്പൂപ്പന്‍ മതിലില്‍ പിടിച്ചുപിടിച്ച് അകത്തേയ്ക്കു നടന്നു.

വാര്‍ദ്ധക്യത്തിന്റെ മഞ്ഞുമൂടിയ ഓര്‍മ്മകളില്‍ തന്റെ ചെറുപ്പകാലത്ത് നെഞ്ചും വിരിച്ച് തോളില്‍ ഈയ ഉണ്ടകളിട്ട തോക്കുമേന്തി കാക്കയെ വെടിവെയ്ക്കാന്‍ പോവുന്നത് മങ്ങിത്തെളിഞ്ഞുവന്നു. വേട്ടക്കാരന്റെ നിഴല്‍ കാണുമ്പൊഴേ മരങ്ങളിളകും. കാക്കകള്‍ കൂട്ടത്തോടെ പറക്കും. അന്തരീക്ഷം മുഴുവന്‍ തലമരയ്ക്കുന്ന ഒച്ചയില്‍ കാക്കക്കരച്ചിലുകള്‍ നിറയും. പ്രാണഭയത്തിലും മരക്കൊമ്പിലെ ചുള്ളിക്കൂടുകളിലുള്ള മുട്ടകളെ വിട്ടു പിരിയാന്‍ മനസ്സുവരാതെ ചുറ്റിപ്പറക്കുന്ന കാക്കകളെ അവര്‍ വെടിവെയ്ച്ചിടും. പിന്നീടു വഴിനടക്കുമ്പോള്‍ കൂട്ടമായി തലമാന്താന്‍ വരും. അടുത്ത ദിവസങ്ങളില്‍ ഒരു നീളന്‍ വടിയുമായി വേണം പുറത്തിറങ്ങാന്‍. കാക്കയിറച്ചിയ്ക്ക് കോഴിയിറച്ചിയെക്കാളും സ്വാദാണ്. പനങ്കള്ളും കാക്കയിറച്ചിയും ഒരുകുത്തു ചീട്ടുമുണ്ടെങ്കില്‍ സ്വര്‍ഗ്ഗമാണ്. എന്തിനെയാണു ഭയക്കുന്നത്? അപ്പൂപ്പന്‍ തല തടവിക്കൊണ്ട് മുരിങ്ങമരത്തിനു നേര്‍ക്കു നടന്നു.

ബാല്‍ക്കണിയില്‍ മുരിങ്ങമരത്തിലിരുന്ന കാക്ക വീണ്ടും അപ്പൂപ്പനെ നോക്കി. അല്പനേരം അപ്പൂപ്പനെ നോക്കിയിട്ട് അത് തത്തിത്തത്തി പിന്നോട്ടുനീങ്ങി. പലതവണ പറന്നും ചാടിയും മുരിങ്ങയുടെ മുകളിലത്തെ ചില്ലയിലെത്തി. എന്നിട്ട് ചിറകുവിടര്‍ത്തി മുകളിലേയ്ക്കു പറന്നു. ഫ്ലാറ്റുകള്‍ക്കു നടുവിലെ ചതുരാകാശത്തില്‍ രണ്ടു തവണ വട്ടത്തില്‍ പറന്ന് താഴേയ്ക്കു കൂപ്പുകുത്തി. വീ‍ണ്ടുമുയര്‍ന്ന് അപ്പുറത്തെ ഫ്ലാറ്റ്ന്റെ ബാല്‍ക്കണിയിലേയ്ക്കു പറന്നു. പിന്നീട് അവിടെനിന്നും പറന്നുയര്‍ന്ന് കാ കാ എന്നുവിളിച്ച് പറന്നുമറഞ്ഞു. ചുമരില്‍ പിടിച്ചുപിടിച്ചുനടന്ന് അപ്പൂപ്പന്‍ കൈ നീട്ടി ബാല്‍ക്കണിയിലെ കമ്പിവരിയില്‍ പിടിച്ചു. കൈ നീട്ടവേ തന്റെ കൈകള്‍ക്ക് ഭാരം കുറയുന്നതായും നീണ്ട വിരലുകളിലെ വെട്ടാത്ത നഖങ്ങള്‍ ഒന്നുകൂടെ കറുത്തുചുരുങ്ങി നീളുന്നതായും അപ്പൂപ്പനു തോന്നി. അതുവരെ മനസ്സിലുണ്ടായിരുന്ന ഭയത്തിന്റെ ഭാരം പൊടുന്നനെ കുറഞ്ഞു. ഇടത്തേ കയ്യില്‍ നിന്നും കത്താള്‍ താഴെവീണു. മെലിഞ്ഞ ശരീരം വെളുത്ത മുണ്ടില്‍ നിന്നും ഖദര്‍ ജുബ്ബയില്‍ നിന്നും ഊര്‍ന്നിറങ്ങി. അപ്പൂപ്പന്റെ മൂക്ക് നീണ്ട് ചുണ്ടില്‍ തട്ടി. വിവസ്ത്രനായി ചുരുങ്ങി നിലത്തിരുന്ന് അപ്പൂപ്പന്‍ കൌതുകത്തോടെ കരഞ്ഞു. കാ കാ. എന്നിട്ട് കൈകള്‍ വിടര്‍ത്തി കറുത്ത തൂവലുകള്‍ കുടഞ്ഞ് ഒറ്റച്ചാട്ടത്തിന് ബാല്‍ക്കണിയുടെ കൈവരിയിലിരുന്നു. ഏഴാം നിലയില്‍ നിന്നും താഴേയ്ക്കു നോക്കിയിട്ടും അപ്പൂപ്പന് ഒന്നിനെയും പേടിതോന്നിയില്ല. മുരിങ്ങയുടെ മഞ്ഞനിറം പടര്‍ന്ന തണ്ടിലേയ്ക്കു ചാടിക്കയറി അപ്പൂപ്പന്‍ സന്തോഷത്തോടെ ഉറക്കെ വിളിച്ചു. കാ കാ. അപ്പോള്‍ ചുറ്റുമുള്ള ഫ്ലാറ്റുകളുടെ ബാല്‍ക്കണികളില്‍ നിന്നും അങ്ങിങ്ങായി നിന്ന മരങ്ങളില്‍ നിന്നും കാക്കകള്‍ പ്രതിവചിച്ചു. ഫ്ലാറ്റുകള്‍ക്കിടയില്‍ അന്തരീക്ഷം കാകസ്വരമുഖരിതമായി.

മുരിങ്ങവെട്ടാന്‍ പോയ അപ്പൂപ്പനെ കാണാതെ അമ്മൂമ്മ നീട്ടിവിളിച്ചു. ‘ഇങ്ങോട്ടുവാ‍യോ’. അപ്പൂപ്പന്‍ തിരിച്ചുവരാത്തതുകണ്ടപ്പോള്‍ അമ്മൂമ്മയുടെ വിളികള്‍ കരച്ചിലായി. അമ്മൂമ്മയുടെ കരച്ചില്‍ കേട്ട് വേലക്കാരി ഓടിവന്നു. അമ്മൂമ്മ വിരല്‍ ചൂണ്ടിയതുപോലെ ബാല്‍ക്കണിയിലേയ്ക്ക് ഓടിയപ്പോള്‍ അവിടെ അപ്പൂപ്പന്റെ വസ്ത്രങ്ങള്‍ കിടന്നിരുന്നു. താഴേയ്ക്കു നോക്കിയിട്ടും താഴെ ആള്‍ക്കൂട്ടമില്ല. ആരും വീണു മരിച്ച ലക്ഷണമില്ല. ഫ്ലാറ്റിന്റെ വാതില്‍ തുറന്നിട്ടില്ല. കതകിന്റെ കുറ്റി അകത്തുനിന്നും കൊളുത്തിക്കിടക്കുന്നുണ്ട്. വേലക്കാരി അരുണയുടെ മുറിയില്‍ തട്ടിവിളിച്ചു. അരുണയും ബോയ്ഫ്രണ്ടും ധൃതിപിടിച്ച് ഇറങ്ങിവന്നു. അരുണ പരിഭ്രമിച്ച് ഫോണ്‍ ചെയ്ത് മോഹനെയും അമ്മയെയും വരുത്തി. അവളുടെ ബോയ്ഫ്രണ്ട് താഴെ മുറ്റത്തേയ്ക്ക് ഓടിയിറങ്ങി. വാച്ച്‌മാന്‍ ഫ്ലാറ്റിന്റെ താഴത്തെ മുറിയില്‍ തന്നെയുണ്ടായിരുന്നു. അപ്പൂപ്പനെ അയാള്‍ക്ക് അറിയാവുന്നതാണ്. അപ്പൂപ്പന്‍ ഇറങ്ങി നടന്നുപോവുന്നത് അയാള്‍ കണ്ടില്ല. സിമന്റ് തറയില്‍ അവര്‍ ചുറ്റും നടന്നുനോക്കി. അവിടെ ആരും വീണു മരിച്ചു കിടക്കുന്നിരുന്നില്ല.

വീട്ടില്‍ പാഞ്ഞെത്തിയ മോഹന്‍ പോലീസില്‍ വിളിച്ചു പരാതി പറഞ്ഞു. അയല്‍ക്കാരെ വിളിച്ചുചോദിച്ചു. അപ്പന്‍ പോവാന്‍ സാദ്ധ്യതയുള്ള ബന്ധുവീടുകളിലും അപ്പന്റെ പഴയ കൂട്ടുകാരുടെ വീടുകളിലും വിളിച്ചു ചോദിച്ചു. വണ്ടിയെടുത്ത് റെയില്‍‌വേ സ്റ്റേഷനില്‍പ്പോയി നോക്കി. അരുണയുടെ ബോയ്ഫ്രണ്ട് അതേസമയം ജില്ലാ ഹോസ്പിറ്റലിലെയും സ്വകാര്യ ആശുപത്രികളിലെയും അത്യാഹിതവിഭാഗത്തില്‍പ്പോയി നോക്കി. ഒരത്യാഹിതത്തിലും പെട്ട് അങ്ങനെയാരും ആശുപത്രിയില്‍ വന്നിട്ടില്ല. ശ്യാമ ഓടിക്കിതച്ചു വീട്ടിലെത്തി അപ്പൂപ്പനെ അടുത്തുള്ള ഫ്ലാറ്റുകളില്‍പ്പോയി തിരഞ്ഞു. പരിഭ്രാന്തയായി തിരിച്ചുവന്നപ്പോള്‍ വേലക്കാരി കുഞ്ഞിനെയുമെടുത്ത് ബാല്‍ക്കണിയിലെത്തി മോഹനും ശ്യാമയ്ക്കും അപ്പൂപ്പന്റെ വസ്ത്രങ്ങള്‍ കിടന്ന സ്ഥലം കാണിച്ചുകൊടുത്തു. കുഞ്ഞ് വേലക്കാരിയുടെ ഒക്കത്തിരുന്ന് കരഞ്ഞുകൊണ്ട് ബിസ്ക്കറ്റ് കടിച്ചു.

മുരിങ്ങമരത്തണ്ടിലിരുന്ന് അപ്പൂപ്പന്‍ കാക്ക ബാല്‍ക്കണിയില്‍ നില്‍ക്കുന്ന രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും നേര്‍ക്കും ഒക്കത്തിരിക്കുന്ന കുഞ്ഞിന്റെ നേര്‍ക്കും നോക്കി. കുഞ്ഞിന്റെ കയ്യിലിരിക്കുന്ന ബിസ്ക്കറ്റ് കൊത്തിയെടുക്കണമെന്ന് കാക്കയ്ക്ക് കലശലായ ആഗ്രഹം തോന്നി. മനുഷ്യര്‍ അപകടകാരികളാണെന്നും കുഞ്ഞുമാത്രമായിരുന്നെങ്കില്‍ ബിസ്ക്കറ്റ് കൊത്തിയെടുക്കാമായിരുന്നു എന്നും കാക്ക ചിന്തിച്ചു. അല്പനേരം ബാല്‍ക്കണിയില്‍ നിന്ന് ചുറ്റിലേയ്ക്കും താഴേയ്ക്കും നോക്കിയിട്ട് ബിസ്ക്കറ്റും കുഞ്ഞും മൂന്നു മനുഷ്യരും മുറിയ്ക്കകത്തേയ്ക്കു പോയി. ബിസ്ക്കറ്റ് കിട്ടാത്ത നിരാശയില്‍ കാക്ക കാ കാ എന്നു കരഞ്ഞു. സന്ധ്യാസമയത്ത് കാക്കകള്‍ കൂട്ടത്തോടെ അടുത്തുള്ള ഒരാല്‍മരത്തിലേയ്ക്കു ചേക്കേറി. മുരിങ്ങക്കൊമ്പില്‍ നിന്ന് കാക്ക ആല്‍മരത്തിലേയ്ക്കു പറന്നു. വയറുനിറഞ്ഞവരും നിറയാത്തവരുമായ അനേകം കാക്കകളുടെ ഇടയില്‍ ഒരു ചില്ലയില്‍ പറന്നിരുന്ന് ഭാവിയോ ഭൂതമോ ഓര്‍ക്കാതെ കാക്ക വിശപ്പിലും തികട്ടിവന്ന സന്തോഷത്തോടെ കരഞ്ഞുവിളിച്ചു. നൂറുകണക്കിനു ശബ്ദങ്ങളുടെ ഇടയില്‍ ആ കരച്ചില്‍ മുങ്ങിപ്പോയി.

രാവേറെയായിട്ടും മോഹനും ശ്യാമയും ഉറങ്ങാതെ അറിയാവുന്നവരെയെല്ലാം ഫോണ്‍ വിളിച്ചുകൊണ്ടിരുന്നു. അപ്പൂപ്പന്റെ ഒരു വിവരവും കിട്ടിയില്ല. അമ്മൂമ്മ ഇരുട്ടുന്നതുവരെ ‘ദുഷ്ടനാണയാള്‍,‍ എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോയല്ലോ, സ്വാര്‍ത്ഥന്‍, ഗതിപിടിക്കില്ല’ എന്നൊക്കെ പിറുപിറുത്തുകൊണ്ടിരുന്നു. പിറുപിറുക്കുന്നതിനിടയില്‍ അമ്മൂമ്മ എപ്പൊഴോ ഉറങ്ങിപ്പോയി. ആല്‍മരച്ചില്ലകളില്‍ കാക്കകളുടെ കലമ്പല്‍ നിലയ്ച്ചു. രാവുവീണപ്പോള്‍ കാക്കകളും ഉറങ്ങിപ്പോയി.

Google