സിമിയുടെ ബ്ലോഗ്

12/17/2007

നിറങ്ങളെ സ്നേഹിച്ച പെണ്‍കുട്ടി

ദൂ‍രെ ഒരു ഗ്രാമത്തിലായിരുന്നു നിള താമസിച്ചിരുന്നത്. അധികമൊന്നും മിണ്ടാത്ത പെണ്‍കുട്ടിയായിരുന്നു നിള. ഒന്‍പതാം ക്ലാസിലെ രണ്ടാമത്തെ ബെഞ്ചില്‍ നിള ആരോടും മിണ്ടാതെ സ്വപ്നവും കണ്ടിരിക്കും. തലയും ചിരിച്ച് മച്ചില്‍ നോക്കിയുള്ള നിളയുടെ ഇരിപ്പുകണ്ടാല്‍ത്തോന്നും ടീച്ചര്‍ പറയുന്നതൊന്നും നിളയ്ക്ക് മനസ്സിലാവുന്നില്ലെന്ന്. എന്നാലും എല്ലാ പരീക്ഷയ്ക്കും നിള ജയിക്കുമായിരുന്നു. ഒന്നും മിണ്ടാത്തതുകൊണ്ടാവാം, നിളയ്ക്കു കൂട്ടുകാരൊന്നും ഇല്ലായിരുന്നു. കൂട്ടുകാരികളൊക്കെ ഇന്റര്‍വെല്‍ സമയത്ത് കളിക്കാന്‍ പോവുമ്പൊ നിളയെ വിളിക്കില്ല. വീട്ടിലും അച്ചനോടും അമ്മയോടും പോലും നിള അധികമൊന്നും മിണ്ടാറില്ല. തൊടിയിലും പറമ്പിലുമൊക്കെ അവള്‍ ഇങ്ങനെ സ്വപ്നവും കണ്ട് വെറുതേ ചുറ്റിനടക്കും. മോള്‍ അവളുടേതായ ഒരു ലോകത്താണെന്ന് അച്ചന്‍ വിഷമിച്ച് അമ്മയോടു പറയും. അപ്പോള്‍ അമ്മ വാതിലില്‍ ചാരി അവളെയും നോക്കിക്കൊണ്ട് നില്‍ക്കും.

ഗ്രാമത്തിലെ പുഴയുടെ അക്കരെയായിരുന്നു നിളയുടെ വിദ്യാലയം. പച്ച നിറമുള്ള ഒരു പഴയ വള്ളത്തില്‍ കയറി നീലനിറമുള്ള പുഴ കടന്ന് മഞ്ഞയും ചുവപ്പും പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പൂന്തോട്ടവും കടന്നായിരുന്നു സ്കൂളില്‍ പോവേണ്ടത്. നിളയ്ക്ക് ദിവസത്തില്‍ ഏറ്റവും ഇഷ്ടമുള്ള സമയങ്ങള്‍ ആയിരുന്നു സ്കൂളില്‍ പോവുന്നതും പതുക്കെ നടന്ന് സ്കൂളില്‍ നിന്നും തിരിച്ചു നടന്നു വരുന്നതും. നിളയ്ക്ക് നിറങ്ങള്‍ വളരെ ഇഷ്ടമായിരുന്നു. കുട്ടിക്കാ‍ലത്ത് നിളയുടെ അച്ചന്‍ ഒരു പ്രദര്‍ശനത്തില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന ഒരു കഥപുസ്തകം ഉണ്ടായിരുന്നു. കാപ്പിപ്പൊടി നിറമുള്ള പുറംചട്ടയിട്ട ആ കഥപുസ്തകം നിള എപ്പൊഴും തുറന്ന് വായിച്ചുകൊണ്ടിരിക്കും. കഥകള്‍ എത്രപ്രാവശ്യം വായിച്ചു എന്ന് അവള്‍ക്കുതന്നെ അറിഞ്ഞുകൂടാ. ഓരോ കഥയും ഒരു നൂറുവെട്ടം എങ്കിലും വായിച്ചുകാണും. ദിവസവും വഴിയില്‍ നിന്നും കിട്ടുന്ന പല നിറങ്ങളിലുള്ള ഇലകളും പൂക്കളും മിഠായിപ്പൊതികളും വര്‍ണ്ണക്കടലാസുകളും വളപ്പൊട്ടുകളുമൊക്കെ നിള ആ പുസ്തകത്തിലെ താളുകള്‍ക്കിടയ്ക്കു വെക്കും. സ്കൂളില്ലാത്ത ദിവസങ്ങളില്‍ നിറങ്ങളും തിരഞ്ഞ് നിള ഗ്രാമത്തിലെ വഴിയിലെല്ലാം ചുറ്റിക്കറങ്ങും. എന്നിട്ട് നിറങ്ങള്‍ പെറുക്കും. “നിനക്കു പതിനാലു വയസ്സായി എന്ന് ഓര്‍മ്മവേണം“ എന്ന് അമ്മ എപ്പോഴും പറയും. പക്ഷേ നിള കേള്‍ക്കില്ല.

ഒരു ദിവസം സന്ധ്യയ്ക്ക് നിള ഇടവഴിയിലൂടെ വീട്ടിലേയ്ക്കു നടക്കുമ്പോള്‍ വേലിപ്പത്തലില്‍ ഒരു ചിത്രശലഭം ഇരിക്കുന്നു. ഇത്രയും സുന്ദരമായ ചിത്രശലഭത്തെ നിള കണ്ടിട്ടില്ല. പല നിറങ്ങളില്‍ തിളങ്ങുന്ന ചിറകുകളായിരുന്നു ചിത്രശലഭത്തിന്. ചിറകുകളിലെ നാലു കണ്ണുകള്‍ക്കുതന്നെ ഏഴു നിറങ്ങളായിരുന്നു. അവള്‍ പതുങ്ങിപ്പതുങ്ങി ചിത്രശലഭത്തിന്റെ അടുത്തെത്തി. പിടിക്കാന്‍ കൈ നീട്ടിയപ്പൊഴേയ്ക്കും അത് പറന്നുപറന്ന് ഒരു കിണറ്റിന്‍ തൊടിയില്‍ പോയി ഇരുന്നു. വീണ്ടും പതുക്കെ അടുത്തെത്തിയപ്പൊഴേയ്ക്കും ചിത്രശലഭം പറന്നുപറന്ന് വഴിയിലെ ഒരു തുമ്പച്ചെടിയില്‍ പോയി ഇരുന്നു. വളരെ സൂക്ഷിച്ച്, ശബ്ദമുണ്ടാക്കാതെ നടന്ന് നിള ചിത്രശലഭത്തിന്റെ തൊട്ടടുത്തെത്തി. മുട്ടുകുത്തിനിന്ന് പതുക്കെ തന്റെ മെലിഞ്ഞ കൈനീട്ടി ചിത്രശലഭത്തെ പിടിച്ചു. ചിത്രശലഭത്തിനെ മുഖത്തിന്റെ അടുത്തു പിടിച്ചു നോക്കിയപ്പോള്‍ അതിന്റെ ചിറകില്‍ ആയിരം വര്‍ണ്ണങ്ങള്‍ ഉണ്ടെന്നു തോന്നി. ഈ ചിത്രശലഭത്തിനെ പുസ്തകത്താളിനകത്തു വെയ്ക്കാം എന്ന് നിള വിചാരിച്ചു. അവളുടെ മനസ്സു വായിച്ചതുപോലെ ശലഭം പറഞ്ഞു. "എന്നെ പുസ്തകത്താളിനകത്തു വെയ്ക്കരുതേ, ശ്വാസം മുട്ടി ഞാന്‍ ചത്തുപോവും”. നിള ആലോചിച്ചു. ശരിയാണ്, ചിത്രശലഭത്തിനു പുസ്തകത്താളിനകത്ത് ശ്വാസം മുട്ടും.

“പക്ഷേ നിന്റെ ചിറകിലെ നിറങ്ങള്‍ എന്റെ ശേഖരത്തില്‍ ഇല്ലല്ലോ. എനിക്കീ നിറം വേണം”.
“നീയെന്നെ വെറുതേ വിടൂ. ഞാന്‍ നിനക്ക് എന്റെ നിറങ്ങള്‍ തരാമല്ലോ”

ശലഭം പറയുന്നതു വിശ്വസിച്ച് അവള്‍ അതിനെ വെറുതേ വിട്ടു. ശലഭത്തിനു സന്തോഷമായി. അത് അവള്‍ക്കു ചുറ്റും പാറിനടന്നു. എന്നിട്ട് പറന്നുവന്ന് അവളുടെ കൈത്തണ്ടയില്‍ ഇരുന്നു. അപ്പോള്‍ അവളുടെ കൈത്തണ്ടയിലേയ്ക്ക് ചിത്രശലഭത്തിന്റെ നിറങ്ങള്‍ പടര്‍ന്നു. ചിത്രശലഭം പറന്നുപോയി.

നിളയ്ക്കു വളരെ സന്തോഷമായി. അവള്‍ കൈകള്‍ പാവാ‍ടയുടെ പോക്കറ്റിനകത്താക്കി വീട്ടിലേയ്ക്കോടി. ആരും കാണാതെ പുസ്തകം തുറന്നു. ഇടത്തേ കൈകൊണ്ട് വലതു കൈത്തണ്ടയില്‍ തൊട്ടപ്പോഴതാ, നിറങ്ങള്‍ ഓരോന്നോരോന്നായി വിരല്‍ത്തുമ്പിലേയ്ക്കു വരുന്നു. അവള്‍ നിറങ്ങളെ ശ്രദ്ധയോടെ തൊട്ടെടുത്ത് പുസ്തകത്താളുകള്‍ക്കകത്താക്കി. എല്ലാ നിറങ്ങളെയും പുസ്തകത്തിനു അകത്താക്കിയപ്പോള്‍ കൈത്തണ്ടയ്ക്ക് വീണ്ടും വെള്ള നിറമായി. നിറങ്ങളെ ഇങ്ങനെ തൊട്ടെടുക്കാമെന്നത് അവള്‍ക്കു പുതിയ അറിവായിരുന്നു. അവള്‍ പതുക്കെ പുസ്തകത്തിന്റെ പുറംചട്ടയില്‍ തൊട്ടു. പുസ്തകത്തിന്റെ പുറംചട്ടയിലെ കാപ്പിപ്പൊടി നിറം അവളുടെ വിരലിലായി. അതിനെയും പുസ്തകത്തിനകത്താക്കിയപ്പോള്‍ പുസ്തകത്തിനു ചാരനിറമായി. ആഹ്ലാദത്തോടെ അവള്‍ മേശയുടെ ഇളം പച്ചനിറവും മെത്തയിലെ പുതപ്പിന്റെ നീലപ്പുള്ളികളുടെ നിറവും വീട്ടിലെ പൂച്ചയുടെ കറുത്ത നിറവും പട്ടിക്കുട്ടിയുടെ കാവിനിറവും പുസ്തകത്തിനകത്താക്കി. അമ്പലത്തില്‍ പോയിരുന്ന അച്ചനും അമ്മയും തിരിച്ചുവന്നപ്പോള്‍ വീട്ടിലേയ്ക്കുള്ള വഴി ആകെ ചാരനിറം. വീട്ടിന്റെ മുറ്റം ചാര നിറത്തില്‍. ബോഗന്‍‌വില്ലയ്ക്കും ചെമ്പരത്തിച്ചെടിക്കും മന്ദാരപ്പൂവിനും ചാരനിറം. വീട്ടിലെ മഞ്ഞമതിലുകള്‍ക്കും ചാരനിറം! നോക്കിയപ്പൊഴതാ, നിള നിറങ്ങളെ ഓരോന്നോരോന്നായി എടുത്ത് പുസ്തകത്തിനു അകത്തുവെയ്ക്കുന്നു. മോളേ നിറങ്ങളെ തിരിച്ചുവെയ്ക്കൂ എന്നുപറഞ്ഞ് അച്ചനും അമ്മയും അവളുടെ അടുത്തേയ്ക്കോടി. ഇല്ലാ എന്നുവിളിച്ച് നിള പുറത്തിറങ്ങി ഓടി. ഓടുന്ന വഴിയില്‍ അവള്‍ തൊടുന്നിടത്തെന്നെല്ലാം നിറങ്ങള്‍ ഇളകി പുസ്തകത്തിനു അകത്തേയ്ക്കു പോവുന്നുണ്ടായിരുന്നു.

പിറ്റേന്ന് ഗ്രാമത്തിലെ ആളുകള്‍ എഴുന്നേറ്റപ്പോള്‍ ഗ്രാമം മുഴുവന്‍ കറുപ്പു നിറത്തിന്റെ വിവിധ ഭാവങ്ങളില്‍ കുളിച്ചുനിന്നു. കടുംചാരനിറത്തിലുള്ള വള്ളത്തില്‍ കയറി ചാരപ്പുഴയും ചാരപ്പൂന്തോട്ടവും കടന്ന് ചാരനിറത്തിലുള്ള സ്കൂളിലെത്തിയ മാഷന്മാര്‍ വെള്ളയും നീലയും യൂണിഫോം ഇട്ടോണ്ടു വരാത്തതിനു കുട്ടികളോടു ചൂടായി. നിള തന്റെ കഥ പുസ്തകം നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്നു. മാഷന്മാര്‍ സ്കൂളിനു അവധികൊടുത്തു. നിളയുടെ ക്ലാസില്‍ പഠിപ്പിക്കുന്ന വിഷ്ണുമാഷ് നിളയോട് നിറങ്ങള്‍ തിരിച്ചു കൊടുക്കാമോ എന്നു ചോദിച്ചു. നിള പതുക്കെ മാഷിന്റെ മുഖത്തോട്ടു നോക്കി ഇല്ല എന്നു തലയാട്ടി. അപ്പൊഴേയ്ക്കും ക്ലാസിലെ കുട്ടികള്‍ എല്ലാം നിളയുടെ ചുറ്റും കൂടി നിറങ്ങള്‍ തിരിച്ചുതരാന്‍ നിര്‍ബന്ധിച്ചുതുടങ്ങി. ഗ്രാമത്തിലുള്ള എല്ലാവരും സ്കൂളിന്റെ ചുറ്റും കൂടിയിരുന്നു. മുതിര്‍ന്ന ക്ലാസിലെ ഒരു കുട്ടി നിളയുടെ കയ്യില്‍ നിന്നും പുസ്തകം തട്ടിപ്പറിച്ചു. നിറങ്ങള്‍ ഓരോന്നായി അവള്‍ അടര്‍ത്തിയെടുക്കാന്‍ നോക്കിയെങ്കിലും നിറങ്ങളൊന്നും പുസ്തകത്തില്‍ നിന്നും ഇളകിവന്നില്ല. കുട്ടികളുടെ പിടിവലിയില്‍ പുസ്തകത്തിന്റെ ഏതാനും താളുകള്‍ കീറിയും പോയി. ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ നിന്നും വിഷ്ണുമാഷ് നിളയെ പിടിച്ചുമാറ്റി. കുട്ടികളുടെ കയ്യില്‍ നിന്നും പുസ്തകം തിരിച്ചുവാങ്ങി നിളയുടെ കയ്യില്‍ കൊടുത്തു. “അവള്‍ ഒരു കൊച്ചുകുട്ടിയല്ലേ, സ്നേഹത്തോടെ പറയുമ്പോള്‍ അവള്‍ നിറങ്ങളൊക്കെ തിരിച്ചുതന്നോളും“ എന്നുപറഞ്ഞ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടു.

വിഷ്ണുമാഷ് ഒരു നല്ല മാഷായിരുന്നു. ഒരിക്കലും കുട്ടികളെ തല്ലാത്ത മാഷായിരുന്നു വിഷ്ണുമാഷ്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കൊക്കെ വിഷ്ണുമാഷിനെ വളരെ ഇഷ്ടമായിരുന്നു. മാഷിന്റെ ഭാര്യ മാഷുമായി വഴക്കിട്ട് ഒരു പട്ടണത്തിലായിരുന്നു താമസിച്ചിരുന്നത്. മാഷിന്റെ മോന്‍ വിനുവും അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഭാര്യയെയും മകനെയും കാണാത്ത വിഷമം മാഷിനു ഒരുപാട് ഉണ്ടായിരുന്നെങ്കിലും കുട്ടികളുടെ മുന്‍പില്‍ മാഷ് ഒരിക്കലും അതു കാണിക്കില്ലായിരുന്നു. എല്ലാ കുട്ടികളെയും മാഷിനു വലിയ സ്നേഹമായിരുന്നു.

നിളയോട് മാഷു പറഞ്ഞു, “സാരമില്ല, മോള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ മോള്‍ നിറങ്ങള്‍ തിരിച്ചുകൊടുക്കണ്ട“. നിള ഒന്നും മിണ്ടാതെ വീട്ടിലേയ്ക്ക് ഓടിപ്പോയി. ആള്‍ക്കാര്‍ക്കെല്ലാം തന്നെ ദേഷ്യമാണെന്നു നിളയ്ക്കു തോന്നി. അവള്‍ മുറിയില്‍ കയറി കതകടച്ച് പുസ്തകത്തെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അതിന്റെ പിറ്റേ ദിവസം സ്കൂളില്‍ ക്രിസ്തുമസ് അവധി തുടങ്ങുകയായിരുന്നു. വിഷ്ണുമാഷിന്റെ മോന്‍ വിനു സ്കൂള്‍ അടപ്പിനു മാഷിന്റെ കൂടെ താമസിക്കാന്‍ വന്നു. എപ്പോഴും ചിരിച്ച് ഉല്ലസിച്ചുനടക്കുന്ന ഒരു കുട്ടിയായിരുന്നു വിനു. അവന്റെ ക്ലാസിലെ കുട്ടികള്‍ക്കെല്ലാം വിനുവിനെ വലിയ ഇഷ്ടമായിരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ കുറച്ചുനേരം വിനുവിന്റെ കൂടെ ഇരുന്നാല്‍ മതി, വിഷമം എല്ലാം മറന്ന് അവര്‍ ചിരി തുടങ്ങും. എപ്പോഴും അത്രയ്ക്കും സന്തോഷമായിരുന്നു വിനുവിന്. “അമ്മ സുഖമായി ഇരിക്കുന്നോ” എന്ന് മാഷ് ചോദിച്ചു. “അമ്മയ്ക്കു സുഖമാണ്, പക്ഷേ എപ്പൊഴും വിഷമമാണ്. എന്താ അച്ചാ, ഇവിടെ നിറങ്ങളൊന്നും ഇല്ലാത്തത്“ എന്ന് വിനു ചോദിച്ചു. മാഷ് നടന്ന കാര്യങ്ങളൊക്കെ മോനോടു പറഞ്ഞു. വിനു ഉടനേ തന്നെ മാഷിനെയും വിളിച്ച് നിളയുടെ വീട്ടിലേയ്ക്കു പോയി.

വിനുവിനെ കണ്ടപ്പോള്‍ വിനു തന്റെ പുസ്തകം എടുക്കാന്‍ വന്നതാണോ എന്ന് ആലോചിച്ച് നിള പുസ്തകത്തെ ഒന്നുകൂടെ ഇറുക്കിപ്പിടിച്ചു. വിനു അവളെനോക്കി ചിരിച്ചുകൊണ്ട് പേടിക്കണ്ടാ എന്നുപറഞ്ഞു. അവനെ നിളയ്ക്ക് ആദ്യം ഇഷ്ടപ്പെട്ടില്ല. അവന്റെ ചുവന്ന ഉടുപ്പിലെ നിറങ്ങള്‍ ഇളക്കിയെടുക്കാം എന്നുവിചാരിച്ച് നിള അവന്റെ ഉടുപ്പില്‍ തൊട്ടു. പക്ഷേ അല്‍ഭുതം, വിനുവിന്റെ ഉടുപ്പിലെ നിറങ്ങള്‍ ഇളകിവന്നില്ല. അവള്‍ അവന്റെ തലമുടിയില്‍ തൊട്ടു. പക്ഷേ തലമുടി എണ്ണക്കറുപ്പില്‍ തിളങ്ങി. നിളയ്ക്ക് അല്‍ഭുതമായി. വിനു അവളുടെ കയ്യില്‍ പിടിച്ചുവലിച്ച് “നമുക്കു കളിക്കാന്‍ പോവാം“ എന്നുപറഞ്ഞു.

നേരം വൈകുന്നതുവരെ വിനുവും നിളയും ഗ്രാമത്തിലെ വയലുകളിലും വഴികളിലും മൈതാനങ്ങളിലും വായനശാലയുടെ മുന്‍പിലും പച്ചക്കറിത്തോട്ടത്തിലുമൊക്കെ കളിച്ചും ചിരിച്ചും നടന്നു. അവളെ ആരെങ്കിലും കളിക്കാന്‍ വിളിക്കുന്നത് ആദ്യമായിട്ടായിരുന്നു. അവള്‍ പൊട്ടിച്ചിരിക്കുമ്പോള്‍ ഓരോരോ നിറങ്ങളായി ഗ്രാമത്തില്‍ തിരിച്ചുവന്നുകൊണ്ടിരുന്നു. പശുക്കള്‍ക്ക് ഒക്കെ വീണ്ടും കറുപ്പും വെളുപ്പും പാണ്ടുകള്‍ വന്നു. പശുക്കള്‍ സന്തോഷത്തോടെ നീട്ടി അമറി. നായകള്‍ക്കൊക്കെ ചാരവും കറുപ്പും നിറവും വന്നു. പാടങ്ങളിലെഒക്കെ സ്വര്‍ണ്ണനിറത്തില്‍ നെല്‍ക്കതിരുകള്‍ തിളങ്ങിനിന്നു. സ്കൂളിലെ ചുമരുകളില്‍ മഞ്ഞയും പച്ചയും നിറങ്ങളായി. കുട്ടികളുടെ ഉടുപ്പുകളില്‍ നീലയും പച്ചയും വെള്ളയും നിറങ്ങള്‍ തിരിച്ചുവന്നു. ഗ്രാമത്തില്‍ എല്ലാവര്‍ക്കും സന്തോഷമായി. പക്ഷേ നേരം ഇരുട്ടാറായിട്ടും ചുവപ്പുനിറം മാത്രം മാനത്തു വന്നില്ല. നിറങ്ങള്‍ തിരിച്ചുവന്ന ആകാശത്തിനു നല്ല ഭംഗിയായിരുന്നെങ്കിലും ചുവപ്പുനിറം ഇല്ലാത്തതുകൊണ്ട് എന്തോ ഒരു കുറവു തോന്നുമായിരുന്നു. വിനു ഇത് ശ്രദ്ധിച്ചു. നേരം വൈകാറായപ്പോള്‍ ചിരിച്ചുകൊണ്ട് അവളെ അടുത്തുപിടിച്ച് വിനു അവളുടെ കവിളില്‍ ഒരു ഉമ്മകൊടുത്തു. നിളയുടെ കവിളുകള്‍ രോമാഞ്ചം കൊണ്ടു ചുവന്നു. അപ്പോള്‍ ആകാശത്തിലും ചുവപ്പുനിറം പടര്‍ന്നു.

നിറങ്ങള്‍ തിരിച്ചുവന്നപ്പോള്‍ ഗ്രാമത്തില്‍ എല്ലാവര്‍ക്കും സന്തോഷമായെങ്കിലും നിളയുടെ അമ്മാവനു മാത്രം എന്തോ ഒരു വല്ലായ്മ തോന്നി. വിനു നിളയുടെ കവിളില്‍ ഉമ്മകൊടുക്കുന്നത് അതുവഴി നടന്നുപോയ അമ്മാവന്‍ കണ്ടിരുന്നു. വിഷ്ണുമാഷിനോടും നിളയുടെ അച്ചനമ്മമാരോടും അമ്മാവന്‍ പറഞ്ഞു, “ഇതു ശരിയാവില്ല. വിനു ഇനി ഈ ഗ്രാമത്തില്‍ നില്‍ക്കരുത്”. ഇതുകേട്ടപ്പോള്‍ മാഷിനു വളരെ വിഷമം ആയി. എങ്കിലും മാഷ് മോന്റെ അടുത്തു പറഞ്ഞു, “മോന്‍ തിരിച്ചു പൊയ്ക്കോ. അമ്മയുമായി കൂട്ടാവുമ്പൊ അച്ചന്‍ അങ്ങോട്ടു വരാം”. നിളയുടെ അച്ചനും അമ്മയ്ക്കും വിഷമം ആയി. എങ്കിലും അവര്‍ ഒന്നും പറഞ്ഞില്ല. വിനു നിളയോടു പറഞ്ഞു - “ഞാന്‍ പോയാലും നീ ഗ്രാമത്തിലെ നിറങ്ങള്‍ ഒന്നും ഇനിയും എടുത്ത് പുസ്തകത്തിനു അകത്തുവെയ്ക്കില്ല എന്നു സത്യം ചെയ്യണം”. വിനു പോവുന്നതില്‍ അവള്‍ക്കു വളരെ വിഷമം ആയി. അവള്‍ സത്യം ചെയ്തു. എന്നിട്ട് മുറിയ്ക്കകത്തുപോയി കതകും അടച്ചുകിടന്ന് കരഞ്ഞു. രാത്രിത്തെ ബസ്സില്‍ മാഷ് മോനെ വണ്ടികയറ്റിവിട്ടു. നിളയുടെ അച്ചനും അമ്മയും ബസ് സ്റ്റോപ്പുവരെ മാഷിന്റെ കൂടെപ്പോയി. എത്രവിളിച്ചിട്ടും നിള മാത്രം വന്നില്ല.

നിള രാത്രിമുഴുവന്‍ കിടന്നു കരഞ്ഞു. കരഞ്ഞുകരഞ്ഞ് അവള്‍ എപ്പൊഴോ ഉറങ്ങിപ്പോയി. ഉറക്കത്തില്‍ വയലുകളിലും തൊടികളിലും ഒക്കെ വിനുവിന്റെ കയ്യും പിടിച്ച് ഓടിനടക്കുന്നത് അവള്‍ സ്വപ്നം കണ്ടു. സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്ന് ഇനി ഒരിക്കലും വിനുവിനെ കാണാന്‍ പറ്റില്ല എന്ന് ആലോചിച്ച് അവള്‍ക്ക് ഒരുപാടു വിഷമം ആയി. എല്ലാ നിറങ്ങളും ഇളക്കിയെടുക്കാന്‍ തോന്നിയെങ്കിലും അവനോടു കൊടുത്ത വാക്കോര്‍ത്ത് അവള്‍ കൂനിക്കൂടിയിരുന്നു. ഗ്രാമത്തിലെ നിറങ്ങള്‍ ഇളക്കില്ല എന്നല്ലേ പറഞ്ഞുള്ളൂ, എന്റെ നിറങ്ങള്‍ എനിക്കെടുക്കാമല്ലോ എന്നുവിചാരിച്ച് അവള്‍ അവളുടെ ഉടുപ്പില്‍ തൊട്ട് പുസ്തകത്തില്‍ വെച്ചു. ഉടുപ്പ് ചാരനിറമായി. കൈത്തണ്ടയില്‍ തൊട്ടപ്പോള്‍ കൈകാലുകള്‍ക്കും ചാരനിറമായി. മുടിയിലും മുഖത്തും തൊട്ട് മുടിയുടെ എണ്ണക്കറുപ്പും കവിളുകളുടെ ഇളം ചുവപ്പുനിറവും അവള്‍ പുസ്തകത്തിനകത്തുവെച്ചു.

അച്ചനും അമ്മയും രാവിലെ മോളെ വിളിച്ചുണര്‍ത്താന്‍ വന്നപ്പോള്‍ അവള്‍ ആകെ ചാര നിറമായി ഇരുന്ന് കരയുകയായിരുന്നു. പുറത്ത് ആകാശത്ത് ഒരു വലിയ മഴക്കോള്‍ വന്നു. ഒരു വലിയ മഴമേഖം ചാര നിറത്തില്‍ വന്ന് ഗ്രാമത്തിനു മുകളില്‍ നിന്നു. ഒരുപാടു നേരം മൂടിനിന്നിട്ടും മഴപെയ്തില്ല. അവര്‍ പലതും പറഞ്ഞ് അവളെ ആശ്വസിപ്പിക്കാന്‍ നോക്കി. പക്ഷേ നിള ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളൂ. ഒരുപാട് നിര്‍ബന്ധിച്ച് അവളെ അവര്‍ കഴിക്കാന്‍ കൊണ്ടിരുത്തി. അവള്‍ മനസ്സില്ലാമനസ്സോടെ വാരിത്തിന്നുന്ന ആഹാരവും അവളുടെ പാത്രത്തില്‍ മാത്രം ചാര നിറമായി മാറിക്കൊണ്ടിരുന്നു. അച്ചനും അമ്മയ്ക്കും ഇതുകണ്ട് വളരെ വിഷമം ആയി. അവര്‍ ഒരുപാടു നിര്‍ബന്ധിച്ചെങ്കിലും അവള്‍ അവളുടെ നിറങ്ങള്‍ തിരിച്ചെടുക്കാന്‍ കൂട്ടാക്കിയില്ല. നിളയുടെ അമ്മാവനെയും വിളിച്ച് അവര്‍ കാര്യം പറഞ്ഞു. അമ്മാവനും അവളെ കുറെ നിര്‍ബന്ധിച്ചു. എന്നിട്ടും നിള കേട്ടില്ല. അമ്മാവനും വിഷമം ആയി. അമ്മാവന്‍ പോയി വിഷ്ണുമാഷിനോടു പറഞ്ഞു, “ഞാന്‍ ഇന്നലെ ദേഷ്യം വന്നപ്പൊ പറഞ്ഞതാ, അതൊന്നും കാര്യമാക്കണ്ടാ, നമുക്ക് വിഷ്ണുവിനെ തിരിച്ചുകൊണ്ടുവരാം”.

വിഷ്ണുമാഷ് ഫോണ്‍ ബൂത്തില്‍ പോയി വിനുവിന്റെ അമ്മയെ ഫോണ്‍ വിളിച്ചു. “വിനുവിനെ ഒന്നൂടെ വിടാമോ, അവന്‍ കുറച്ചുനാള്‍ ഇവിടെ നില്‍ക്കട്ടെ” എന്നുപറഞ്ഞു. മാഷിന്റെ ഭാര്യ “മ്മ്മ്മ്” എന്നുപറഞ്ഞു. “നീ കൂടെ വരാമോ” എന്ന് മാഷ് ചോദിച്ചു. മാഷിന്റെ ഭാര്യ കുറെ നേരം ഒന്നും മിണ്ടിയില്ല. എന്നിട്ട് ഫോണ്‍ വെച്ചു.

ക്രിസ്തുമസിനു തലേദിവസം വൈകുന്നേരമായിരുന്നു വിനു വന്നത്. വിനുവിനെ കണ്ട് നിളയ്ക്ക് വളരെ സന്തോഷമായി. അവര്‍ ഇരുവരും കൈകള്‍ കോര്‍ത്ത് അവിടെയെല്ലാം ഓടിനടന്നു. മഴമേഖം ഒരു വലിയ ശബ്ദത്തോടെ നിറഞ്ഞുപെയ്തു. നിളയുടെ നിറങ്ങളെല്ലാം തിരിച്ചുവന്നു. അവളുടെ കവിളുകള്‍ ചുവന്നുവന്നു. നേരം ഇരുട്ടാറായപ്പോള്‍ മഴ നിന്നു. ഗ്രാമത്തിലെ വീടുകളിലെല്ലാം പല നിറങ്ങളിലെ ക്രിസ്തുമസ് വിളക്കുകള്‍ തെളിഞ്ഞു. തോട്ടിന്റെ കടവത്തുനിന്നും ദൂരെ സ്കൂളിന്റെ മതിലുവരെ ഏഴുനിറങ്ങളിലെ ഒരു മഴവില്ല് വിരിഞ്ഞുനിന്നു. നിളയും വിനുവും പോയി തോട്ടിലേയ്ക്കു കാലിട്ട് മഴവില്ലിനെ തൊട്ടുകൊണ്ട് കടവത്ത് ഇരുന്നു. വിഷ്ണുമാഷും നിളയുടെ അമ്മാവനും അപ്പോള്‍ അങ്ങോട്ടു വന്നു. “അച്ചാ, അമ്മ നാളെ വരും, എനിക്ക് ഉറപ്പാ” എന്ന് വിനു പറഞ്ഞു. വിഷ്ണുമാഷും അമ്മാവനും കുട്ടികളെ നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു.

24 comments:

simy nazareth said...

എല്ലാവര്‍ക്കും എന്റെ ഈദ് മുബാറക്കും ക്രിസ്തുമസ് ആശംസകളും. എന്റെ പെരുന്നാള്‍ സമ്മാനമായി ഈ കഥ എടുത്തോളൂ :-) നാട്ടില്‍ പോണു. ഇനി ക്രിസ്തുമസ് കഴിയുന്നതുവരെ കഥയില്ല.

സ്നേഹത്തോടെ,
സിമി.

Unknown said...

മഴവില്‍ അഴകുള്ള ഈ സമ്മാനത്തിനു നന്ദി സിമീ..
പ്രണയം മനസ്സില്‍ വാരിനിറക്കുന്നതു ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു..
അതു തന്നെയല്ലേ ഉദ്ദേശിച്ചത്?

ബാജി ഓടംവേലി said...

സിമി,
നല്ല വിവരണം
ബക്രീദ്,ക്രിസ്തുമസ്, പുതുവത്സര ആശംസകള്‍
നന്മകള്‍ നേരുന്നു
പിന്നെ ആ ‘ഞാന്‍‘ ഞാനായിരുന്നു
ബാജി

simy nazareth said...

ആഹാ, കഴിഞ്ഞ പോസ്റ്റില്‍ ബാജിയുടെ കമന്റ് കാണാത്തപ്പൊഴേ ഞാന്‍ ഊഹിക്കേണ്ടതായിരുന്നു :-)

നിരക്ഷരൻ said...

നല്ല നിറങ്ങളുള്ള ഒരു ഈദും , കൃസ്തുമസ്സുമ്, പുതുവര്‍ഷവും നേരുന്നു.

ഉപാസന || Upasana said...

സിമിക്ക്

എല്ലാ വിധ പെരുന്നാളാശംസകളും
കഥയും കലക്കി
:)
ഉപാസന

SABU PRAYAR ~ സാബു പ്രയാര്‍ said...
This comment has been removed by the author.
Swapna Sanchari said...

ഹായ് സിമി വലരെ നനായിരിക്കുന്നു.
beautiful way of story telling.
i thought you could have shorten it.sill very beautiful i really enjoyed it.thank for നിരങല്‍,സ്വപനഗല്‍,rain.oh they r still here in this modern world

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിറങ്ങള്‍ നന്നായി ട്ടൊ.

ആശംസകള്‍

മയൂര said...

ഏഴുനിറങ്ങളും ഉള്ളില്‍ ആവാഹിച്ച് വായിച്ചൂ...:)
സിമിക്ക് ബലിപെരുന്നാളും ക്രിസ്തുമസും ആശംസിക്കുന്നു..:)

ദിലീപ് വിശ്വനാഥ് said...

നല്ല കഥ സിമി. നാട്ടില്‍ പോവുമ്പോള്‍ നമ്മുടെ പഴയ ടീമുകളെ അന്വേഷിച്ചതായി പറയണം.

വേണു venu said...

സിമി,

നല്ല എഴുത്തു്.
ബക്രീദ്,ക്രിസ്തുമസ്, പുതുവത്സര ആശംസകള്‍ നേരുന്നു.:)

ശ്രീ said...

സിമീ, നല്ല കഥ.

ഈദ്/ക്രിസ്തുമസ്/പുതുവത്സര ആശംസകള്‍‌!

:)

Anonymous said...

അതെ സിമി, യോജിക്കുന്നു, നമ്മള്‍ ഒന്നു പച്ച പിടിചാ ആരും ഈപേരു പേണ്ണുങ്ങള്‍കിടുകേല .. എല്ലാ വിധ ക്രിസ്തുമസ്‌ പുതുവത്സരാശംസളും നേരുന്നു

G.MANU said...

പിറ്റേന്ന് ഗ്രാമത്തിലെ ആളുകള്‍ എഴുന്നേറ്റപ്പോള്‍ ഗ്രാമം മുഴുവന്‍ കറുപ്പു നിറത്തിന്റെ വിവിധ ഭാവങ്ങളില്‍ കുളിച്ചുനിന്നു. കടുംചാരനിറത്തിലുള്ള വള്ളത്തില്‍ കയറി ചാരപ്പുഴയും ചാരപ്പൂന്തോട്ടവും കടന്ന് ചാരനിറത്തിലുള്ള സ്കൂളിലെത്തിയ മാഷന്മാര്‍ വെള്ളയും നീലയും യൂണിഫോം ഇട്ടോണ്ടു വരാത്തതിനു കുട്ടികളോടു ചൂടായി.

fantastic story with fantacy and grilling images....keep it baba

Sherlock said...

വീണ്ടും ഒരു പ്രണയകഥയ്ക്കു ശേഷം എനിക്കിഷ്ടപ്പെട്ട മറ്റൊരു പോസ്റ്റ്.. നന്നായിരിക്കുന്നു..

Dr. Prasanth Krishna said...

sorry simi to me its very difficult to type Malayalam. Story is goog and the way of presentation is besta nd also language is good. Love to know more on you.

http://Prasanth R Krishna/watch?v=P_XtQvKV6lc

K M F said...

ഇഷ്ടപെട്ടു

un said...

സിമി,പുതുവത്സരാശംസകള്‍!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായിരിക്കുന്നൂ.
പുതുവല്‍സരാശംസകള്‍

Sentimental idiot said...

ചേട്ടായി,
ബ്ലോഗ്ഗെര്മാരുടെ വിശാല ലോകത്തേക്ക് ഒരു college online magazinu മായി ഞാന്‍ ഷഫീക്, പല്പയാസം കൊണ്ടു അനുഗ്രഹീതമായ അമ്പലപ്പുഴയില്‍ നിന്നും,
കുറെ നിഴലുകലുംയി..........

idlethoughts said...

tht s cute imagination, dear.......

രാജീവ് സാക്ഷി | Rajeev Sakshi said...

കേള്‍ക്കാന്‍ നല്ല സുഖോള്ള കഥ!
സിമിയുടെ കഥകള്‍ എനിക്ക് വായിക്കാനാ ഇഷ്ടം. :)

വിരഹി said...

“ഞാന്‍ ഇന്നലെ ദേഷ്യം വന്നപ്പൊ പറഞ്ഞതാ, അതൊന്നും കാര്യമാക്കണ്ടാ, നമുക്ക് വിഷ്ണുവിനെ തിരിച്ചുകൊണ്ടുവരാം”.

vinuvo atho vishnuvo?

Google