സിമിയുടെ ബ്ലോഗ്

12/30/2024

മാംസനിബദ്ധമല്ല / അല്ലേ? / ആണോ / ആവും രാഗം

1

ചെന്നൈ നഗരത്തിലേയ്ക്കുള്ള വിമാനം കാത്ത് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിരിക്കുമ്പോൾ മിർസയ്ക്ക് ഇപ്പോൾ കഴിഞ്ഞതെല്ലാം ഒരു സിനിമ പോലെ തോന്നി. നാലുമനുഷ്യരുടെ നോർമൽ ജീവിതം. രാപ്പകലുകൾ തിരിയുന്നതുപോലെ ബോറടിപ്പിക്കുന്ന നൈരന്തര്യം. വീട്ടിൽ വരുമ്പോൾ രണ്ട് പെഗ്ഗടിച്ച് കിടന്നുറങ്ങുന്ന ഉപ്പ, ഫൈസൽ. കണ്ണാടിക്കു മുന്നിൽ നിന്ന് ഒരുപാട് ഒരുങ്ങുന്ന, 12-ൽ പഠിക്കുന്ന പെങ്ങൾ നഫീസ. എന്നും നാട്ടിൽ വിളിച്ച് ഫോൺ തോളെല്ലിനും തലയ്ക്കും ഇടയ്ക്ക് ബാലൻസ് ചെയ്തുകൊണ്ട് ദീർഘനേരം സംസാരിക്കുന്നതിനിടെ രണ്ട് കറിയും ചോറും വെയ്ക്കുന്ന ഉമ്മ സീനത്ത്. മിർസയുടെ നാളത്തെ ക്രിക്കറ്റ് മാച്ച്, രണ്ടാഴ്ച്ചയ്ക്കകം വരുന്ന പരീക്ഷകൾ. അതിനിടയിൽ പെട്ടെന്ന് ഒരാൾ അപ്രത്യക്ഷമായാൽ എങ്ങനെയിരിക്കും? ചിലപ്പൊഴൊക്കെ വൈകി വരാറുള്ള ഉപ്പ ഏറെ വൈകിയിട്ടും വന്നില്ല. ഇതാണു സംഭവിച്ചത്. ഗൾഫ് മതിയാക്കി നാട്ടിൽ പോകുന്നതുപോലെയോ ഒരു ദൂരയാത്രപോകുന്നതുപോലെയോ രോഗം വന്ന് മരിച്ചുപോകുന്നതുപോലെയോ അല്ല - പെട്ടെന്ന് ഉപ്പ അപ്രത്യക്ഷമായി.

അല്പം വൈകിയാൽപ്പോലും വിളിച്ചുപറയുന്നയാളാണു. മിർസ വന്നുകയറിയ ഉടനെ ‘ഉപ്പയുടെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല, ഓഫാണല്ലോ’ എന്ന് ഉമ്മ പറഞ്ഞു. ഒരു കമ്പനിയുടെ മാനേജറാണു ഉപ്പ. സാമാന്യം നല്ല ജോലി, പ്രശ്നങ്ങളിലൊന്നും പെടാത്ത സ്വഭാവം. ഉമ്മ ഉപ്പയുടെ കൂട്ടുകാരെയും സഹപ്രവർത്തകരെയും വിളിച്ചു. ‘പതിവിലും നേരത്തേ ഓഫീസിൽ നിന്ന് ഇറങ്ങി’യെന്ന് വിളിച്ചവരിലാരോ സ്ഥിരീകരിച്ചു. ഉപ്പയുടെ കൂടെ കള്ളുകുടിക്കാൻ സാദ്ധ്യതയുള്ളവരെ വിളിച്ചു. അടുത്തതും അകന്നതുമായ കൂട്ടുകാരെ വിളിച്ചു. പോലീസിൽ വിളിച്ച് ഇന്ന് ട്രാഫിക്കപകടങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന് തിരക്കി. ആശുപത്രികളിൽ വിളിച്ചു. ഇങ്ങനെ ഒരാൾ ഒരിടത്തുമില്ല. ‘കുറച്ചുനേരം അടങ്ങുമ്മാ, വന്നോളും’ എന്ന് മിർസ വിളിച്ചുപറഞ്ഞു, ഉമ്മ ഗൗനിച്ചില്ല. ഉപ്പയുടെ ഷെല്ഫ് തുറന്നു. വസ്ത്രങ്ങളെല്ലാം അവിടെത്തന്നെയുണ്ട്. അലമാരയിൽ ചില്ലറ ചിലവുകൾക്കു കൊടുക്കാൻ എടുത്തുവെച്ചിരുന്ന കാശ് അവിടെത്തന്നെയുണ്ട്. പെങ്ങൾ - നഫീസ - ‘നിങ്ങൾ കിടന്ന് ടെൻഷനടിക്കാതെ, ഉപ്പ എപ്പൊഴേലും വന്നോളും, കഴിച്ചിട്ട് കിടന്നുറങ്ങാൻ നോക്ക്’ എന്നു പറയുന്നുണ്ട്. ആരും കാണുന്നില്ലെങ്കിലും ടിവിയിൽ ഏഷ്യാനെറ്റ് ന്യൂസ് നിർത്താതെ ശബ്ദിക്കുന്നുണ്ട്. ഉമ്മ മേശപ്പുറത്ത് വിളമ്പി അടച്ചുവെയ്ച്ച ഭക്ഷണവും കുടിക്കാൻ ഗ്ളാസിലൊഴിച്ചുവെച്ച വെള്ളവും അനങ്ങിയിട്ടില്ല. മിർസയ്ക്ക് പ്രശ്നമൊന്നും തോന്നിയില്ല. വരുമ്പൊ വരട്ടെ. ഉമ്മയ്ക്ക് എന്തോ ആറാം ഇന്ദ്രിയം ഉണ്ടെന്നു തോന്നുന്നു. വാപ്പയുടെ പാസ്പോർട്ട് ഇരുന്നിടത്ത് നോക്കി. പാസ്പോർട്ട് അവിടെയില്ല. അതിരുന്നയിടത്ത് മടക്കിവെച്ച ചെറിയ പേപ്പറിൽ ഒറ്റവരി കുറിപ്പുമാത്രം. 'എന്നെ തിരക്കരുത്'.

പിന്നെ നടന്നതൊക്കെ ഒരു പുകപോലെയാണു. മഞ്ഞിൽ ഒച്ചയോടെ മാർച്ചുചെയ്തുവരുന്ന പട്ടാളക്കാരുടെ ചിട്ടപോലെ കൃത്യവുമാണു. ഉമ്മ കാറെടുക്കുന്നു, നേരെ പോലീസ് സ്റ്റേഷനിലേയ്ക്കു പോകുന്നു. ഉപ്പയുടെ പാസ്പോർട്ട് നമ്പർ കൊടുക്കുന്നു. അവർ ഏതൊക്കെയോ സിസ്റ്റം നോക്കി ഇന്ന് മൂന്നരയ്ക്കുള്ള ഫ്ളൈറ്റിനു ആൾ ചെന്നൈയിലേയ്ക്കു പോയിട്ടുണ്ട് എന്നു പറയുന്നു. ചെറിയ കാര്യങ്ങൾക്കു പോലും കരയുന്ന ഉമ്മ കരയുന്നില്ല. നിർവ്വികാര മുഖവുമായി എ.ടി.എമ്മിൽ പോയി പൈസയെടുക്കുന്നു. വീട്ടിൽ വന്ന് മിർസയോട് പാക്ക് ചെയ്യാൻ പറയുന്നു. 'അപ്പൊ നാളത്തെ ക്രിക്കറ്റ് മാച്ചോ?' എന്ന് ചോദിച്ച അവനു നേർക്ക് വെള്ളം നിറച്ച ചില്ലുഗ്ളാസ് ആഞ്ഞെറിയുന്നു. അത് ചുവരിലിടിച്ച് ചുറ്റും ചില്ലുകഷണങ്ങളും വെള്ളവും തെറിക്കുന്നു. സീനത്ത് മകളോട് പോയിരുന്നു പഠിക്കാൻ പറയുന്നു, നഫീസ മുറിയുടെ വാതിൽ വലിച്ചടയ്ക്കുന്നു. ഉമ്മ കുപ്പിച്ചില്ലുകൾ തൂത്തുവൃത്തിയാക്കിക്കൊണ്ട് മകനോട് വീണ്ടും പാക്ക് ചെയ്യാൻ പറയുന്നു. ഉപ്പയുടെ ലോഗൗട്ട് ചെയ്യാൻ മറന്നുപോയ ഫേസ്ബുക്ക് അക്കൗണ്ടിൽ കയറുന്നു. ചാറ്റ് ഹിസ്റ്ററി പരിശോധിക്കുന്നു. പഴയ ചില കൂട്ടുകാരൊട് ചാറ്റിൽ ഹലോ പറയുന്നു. നാട്ടിലെ ആരെയൊക്കെയോ വിളിക്കുന്നു. അതിനിടയിൽ മിർസയ്ക്ക് ചെന്നൈയിലേയ്ക്കുള്ള റ്റിക്കറ്റ് ബുക്ക് ചെയ്യുന്നു. ‘മസ്കറ്റ് വഴിയാ യാത്ര, രാത്രി രണ്ടുമണിക്ക്’ എന്ന് വിളിച്ചുപറയുന്നു. ടിക്കറ്റ് പ്രിൻ്റൗട്ട് എടുക്കുന്നു. കമ്പ്യൂട്ടർ വഴി ഉപ്പയുടെ വാട്ട്സാപ്പിൽ കയറാൻ ശ്രമിച്ച് പരാജയപ്പെടുന്നു. ജി-മെയിൽ ചരിത്രം പരതുന്നു. കമ്പ്യൂട്ടർ മതിയാക്കി ഉപ്പയുടെ കൊളസ്ട്രോൾ മരുന്നും ഡയബെറ്റിസിനുള്ള ഗുളികകളും പാക്ക് ചെയ്യുന്നു. മിർസ ഇതിനിടെ മൂന്നുദിവസത്തേയ്ക്കുള്ള വസ്ത്രങ്ങളും ടൂത്ത് ബ്രഷും പാസ്പോർട്ടും ഒരു ട്രോളി ബാഗിൽ അടുക്കിവെയ്ച്ചു. ‘ചെന്നൈയിൽ എത്തിയിട്ട് എന്തുചെയ്യണം’ എന്നു ചോദിച്ചപ്പോൾ ‘ഏതെങ്കിലും ഹോട്ടലിൽ റൂമെടുക്ക്, ബാക്കി വിളിച്ചു പറയാം’ എന്നു പറയുന്നു. ഉമ്മ മിർസയ്ക്ക് പോകാൻ ഊബർ ബുക്ക് ചെയ്യുന്നു. അതിനിടെ നാളത്തേയ്ക്കുള്ള കറികൾ ഫ്രിഡ്ജിലെടുത്തുവെയ്ക്കുന്നു. ഉപ്പയ്ക്ക് വിളമ്പിവെച്ച ഭക്ഷണം അപ്പാടെ ചവറ്റുകുട്ടയിലേയ്ക്ക് വടിച്ചിടുന്നു. മകളോട് ലൈറ്റണച്ചു കിടക്കാൻ വിളിച്ചുപറയുന്നു. കൈ കഴുകിക്കൊണ്ട് കരയാതെ, അനങ്ങാതെ, മിർസ പോകുന്നത് നോക്കിനിൽക്കുന്നു. ഇനി കാർ കൺവെട്ടം മറയുമ്പോൾ ഉമ്മ കരയുമോ എന്ന് മിർസ സന്ദേഹിക്കുന്നു. വിവിധവർണ്ണങ്ങളിൽ പ്രകാശിക്കുന്ന തെരുവുവിളക്കുകളുടെ നിഴലും വെളിച്ചവും മുറിച്ച് ടാക്സി ഇരുൾനദിക്കു കുറുകെ നിശ്ശബ്ദം നീന്തുന്നു. ആയിരങ്ങൾ എയർപോർട്ടിലെ ചടങ്ങുകൾ യാന്ത്രികമായി പൂർത്തിയാകുന്നത് ഹമദ് എയർപോർട്ടിലെ കൂറ്റൻ കരടിപ്പാവ നിശ്ശബ്ദം നോക്കിക്കൊണ്ടിരിക്കുന്നു.

2.

ചെന്നൈ ജോർജ്ജ് ടൗണിലെ ടെർമിനലിൽ ബസ്സിറങ്ങുമ്പോൾ പാർവ്വതിയ്ക്ക് കലശലായി മൂത്രിക്കാൻ മുട്ടി. വർഷങ്ങൾ യൗവനം മാത്രമല്ല, മൂത്രസഞ്ചിയുടെ ശേഷിയും കവർന്നെടുത്തിരിക്കുന്നു. മൂത്രപ്പുര തിരക്കി ബസ് സ്റ്റേഷൻ എന്ന ബഹുനില കെട്ടിടത്തിലേയ്ക്കു നടക്കവേ പെട്ടെന്ന് ഒരാൾ തോളിൽ കൈയിടുന്നു. ഞെട്ടലിനിടയിലും പരിചിതമായ ഒരാളുടെ മണം പാർവ്വതിയെ ത്രസിപ്പിക്കുന്നു. വളരെ വളരെ വർഷങ്ങൾക്കു മുൻപത്തെ ഒരോർമ്മ, അത്രയേറെ പ്രിയങ്കരനായ പുരുഷൻ്റെ ആഫ്റ്റർ ഷേവിൻ്റെ മണം, ഏറെനാൾ ഒളിവിൽ പതിയിരുന്ന കള്ളനെപ്പോലെ തലച്ചോറിൻ്റെ ഏതോ മടക്കുകളിൽനിന്നും തിരികെവന്ന് മിന്നൽ പോലെ മനം നിറയ്ക്കുന്നു. അയാളുടെ മീശ അവളുടെ കവിളിൽ കുത്തുന്നു. ഈ പരസ്യമായ സ്നേഹപ്രകടനം ഗൗനിക്കാതെ തമിഴർ അവരുടെ ജീവിതങ്ങൾ അന്തസ്സായി ആടിത്തീർക്കുന്നു. അവൾ ഫൈസലിനെ നോക്കിച്ചിരിക്കുന്നു. മുപ്പത്തിമൂന്നു വർഷങ്ങൾ ആ സുന്ദരമുഖത്ത് നടത്തിയ കൊത്തുപണികൾ നോക്കി നിന്നുപോവുന്നു. പെട്ടെന്ന് 'അയ്യോ എനിക്കു മൂത്രിക്കണം' എന്നു പറയുന്നു, വിരലുകൾ കോർക്കാനായി അയാളുടെ വിരലിൽ തൊടുമ്പോൾ ഷോക്കടിച്ചതുപോലെ ഞെട്ടുന്നു. രണ്ടുപേരും ചിരിച്ചു കൈകോർത്തുകൊണ്ട് നടക്കുന്നു. ടോയ്ലെറ്റിൻ്റെ വാതിൽക്കൽ വെച്ച് പിണഞ്ഞ വിരലുകൾ വേർപിരിയാൻ മടിക്കുന്നു.

ശരവണ ഭവനിൽ ഫൈസൽ തൈരുസാദവും ഫിൽട്ടർ കോഫിയും ഓർഡർ ചെയ്തു. പാർവ്വതി ഒരു മസാലദോശയും. കണ്ണിൽ കണ്ണിൽ നോക്കി കുറെ നേരം ഇരുവരും ചിരിച്ചുകൊണ്ടിരുന്നു. അവൾ പറഞ്ഞു. 'പണ്ടേ വേണ്ടതായിരുന്നല്ലേ.'
'സാരമില്ല.'
'എന്നാലും - എന്തൊരു പോക്കാ നമ്മുടേത്, അല്ലേ.'
ഫൈസൽ ചിരിച്ചു.
'മക്കളും ഭാര്യയും ഒക്കെ വിഷമിക്കില്ലേ.'
പാർവ്വതിയുടെ വീട്ടിലോ? ഭർത്താവും മകളും അമ്മയും കാണാതെ തിരക്കില്ലേ?
‘തിരക്കി വരരുതെന്ന് എഴുതിവെച്ചിട്ടുണ്ട്. പുള്ളിക്ക് നമ്മുടെ ചരിത്രമൊക്കെ അറിയാവുന്നതല്ലേ. പാവം. തിരക്കി വരില്ല.
എന്നാലും ദുഷ്ടത്തരമായിപ്പോയി’പണ്ട് നമ്മൾ ആത്മഹത്യ ചെയ്യാൻ മുറിയെടുത്തത് ഓർമ്മയുണ്ടോ? കല്ലായിയിലെ ശ്രീകൃഷ്ണാ ലോഡ്ജിൽ? എന്നിട്ട് ലോഡ്ജുടമ നമുക്കു മുറിതരാതെ ഇറക്കിവിട്ടത്?'

പാർവ്വതി ഒന്നും പറയാതെ അയാളെ നോക്കിയിരുന്നു.

...
അന്ന് - മാസങ്ങളോളം വീട്ടുകാർ പൂട്ടിയിട്ട കാലം. ഫൈസലുമായി ബന്ധപ്പെടാൻ ഒരു മാർഗ്ഗവുമില്ല. ഫോൺ വിളിയോ കത്തോ സുഹൃത്തുക്കളുടെ സന്ദർശനമോ ഇല്ല. ആത്മാവ് കുടുങ്ങിപ്പോയ കാലം. ഒടുവിൽ ഡിഗ്രി പരീക്ഷയ്ക്കു മാത്രം വീട്ടുകാരുടെ കാവലിൽ കോളെജിലെത്തി. പരീക്ഷ നേരത്തേ എഴുതിത്തീർത്ത് കാവലിനു വന്ന മാമൻ്റെ കണ്ണുവെട്ടിച്ച് ഫൈസലുമൊത്ത് ഓട്ടോ പിടിച്ചു. ഒരു പ്ളാസ്റ്റിക്ക് കവറിൽ കരുതിയ കീടനാശിനി ഫൈസൽ അവളുടെ സഞ്ചിയിലേയ്ക്കു മാറ്റി. ഇരുവരും ഒന്നും സംസാരിച്ചില്ല. ലോഡ്ജിനു മുന്നിൽ ഓട്ടോയിറങ്ങി. ഷർട്ടിടാത്ത, എല്ലും കൂടം തെളിഞ്ഞുകാണുന്ന ഇരുണ്ടുമെലിഞ്ഞ ലോഡ്ജുടമ അയാളുടെ മഞ്ഞക്കണ്ണുകൾ കൊണ്ട് തുറിച്ചുനോക്കി.

‘ഒരു മുറി വേണം’.
‘എന്തിനാ’?
‘രണ്ട് ദിവസത്തേയ്ക്ക് മുറിവേണം’.
‘മുറിയില്ല. പോടാ’
‘ചേട്ടാ ഞാൻ ഇരട്ടിക്കാശുതരാം’.
‘ഫ, ഇറങ്ങിപ്പോടാ കഴുവേറീടമോനെ. നിന്നോടു മലയാളത്തിലല്ലേ പറഞ്ഞത്’.

ഇരുവരും തലകുനിച്ച് നടക്കുമ്പോൾ അയാൾ ആരോടെന്നില്ലാതെ പറയുന്നതുകേട്ടു. ‘ഓരോന്ന് വന്ന് തൂങ്ങാൻ മുറിയെടുത്തോളും. പിന്നെ പോലീസിനെ വിളിക്കുന്നതും അഴിച്ചിറക്കുന്നതും മുറികഴുകി വൃത്തിയാക്കുന്നതും നമ്മുടെ പണി. അവൻ്റൊരു ഇരട്ടിക്കാശ്, ത്ഥൂ’.

ലോഡ്ജിൻ്റെ വാതിലിൽ നിന്നിറങ്ങി ഇരുവരും മിണ്ടാതെ നടന്നു. ഇടവഴിയുടെ വളവിൽ ഒന്നും പറയാതെ പിരിഞ്ഞ് ഇരു ദിശകളിൽ നടന്നു. വഴിമറയുന്നതു വരെ ഫൈസൽ അവളെ തിരിഞ്ഞുനോക്കിയില്ല. അവൾ തിരിഞ്ഞുനോക്കിയോ? അറിയില്ല. പിന്നെ മുപ്പതു വർഷം അവളെ കണ്ടിട്ടില്ല. അവളുടെ അച്ഛൻ മരിച്ചുപോയെന്നും അവൾ വിവാഹം കഴിച്ചെന്നും ഒരു മകളുണ്ടായിയെന്നും നാട്ടിലെവിടെയോ ഉണ്ടെന്നും അറിഞ്ഞു.
...

ഫൈസൽ അവളുടെ നീണ്ട വിരലുകളിൽ തലോടി.
'അന്ന് ആത്മഹത്യ ചെയ്തെങ്കിൽ മറ്റുള്ളവർക്ക് വിഷമമാകുമോ, അവർ ഉണ്ണുമോ, ഉറങ്ങുമോ എന്നൊക്കെ ചിന്തിക്കുമോ?
'ഇതും ഒരു ആത്മഹത്യയാണോ?'
‘പിന്നല്ലാതെ. എല്ലാരും ജീവിച്ചോളും.’

പാർവ്വതി അയാളെ നോക്കി മനോഹരമായി ചിരിച്ചു. അത്ര സ്നേഹത്തോടെ തന്നെ ആരും നോക്കിയിട്ടില്ല എന്ന് ഫൈസലിനു തോന്നി. തൊണ്ടയിൽ എന്തോ കുടുങ്ങിയതുപോലെ തോന്നിയ ഫൈസൽ കാപ്പി കുടിച്ചു. മരണത്തിൻ്റെ വശ്യസൗന്ദര്യം. തീയിൽ ചാടി മരിക്കുന്ന ഈയാമ്പാറ്റകൾക്കും ചുരുക്കം ചില മനുഷ്യർക്കും മാത്രമറിയാവുന്ന സുഖാനുഭൂതി. ചുറ്റുമുള്ളവരെ അവരുടെ വേദനകൾ അനുഭവിക്കാൻ വിട്ട് തനിയേ തിരിച്ചുവരാനാവാത്ത ഒരിടത്തേയ്ക്കു പോകുന്നതിൻ്റെ സ്വാർത്ഥതയുടെ ആനന്ദം. മരണം അറിഞ്ഞ് അവർ ഒരു നിമിഷത്തിൻ്റെ ആളലോടെ ഓർത്തുനടുങ്ങുന്നു, മരിച്ചുപോയയാൾ ഇത്രമേൽ പ്രിയമുള്ളതായിരുന്നുവല്ലോയെന്ന് ഒരു രഹസ്യം വെളിപ്പെട്ടതുപോലെ തിരിച്ചറിയുന്നു. പിന്നെ വിട്ടുപോയയാളെക്കുറിച്ചുള്ള ഓർമ്മകൾ നേർത്തുനേർത്ത് നിരന്തര ജീവിതത്തിലേയ്ക്കു മടങ്ങുന്നു. ജീവിതത്തിൻ്റെ നദി നമ്മളില്ലാതെ ഒഴുകുന്നു. മരണം പോലെയല്ലേ ഈ യാത്രയും? ഇരുവരും കളഞ്ഞിട്ടുപോയവർ ആദ്യം അമ്പരന്ന് വേർപാടിൻ്റെ ആഘാതം ഏറ്റുവാങ്ങുന്നു. പിന്നെ വർഷങ്ങൾ നീളെ വെള്ളത്തിലലിയുന്ന മഞ്ഞുകട്ടപോലെ നമ്മെക്കുറിച്ചുള്ള ഓർമ്മകൾ അലിഞ്ഞ് ജീവിതത്തിൻ്റെ മുഷിഞ്ഞ തിരക്കിൽ മറന്നുപോകും. ഇതും, ഈ ഒളിച്ചോട്ടവും, കഴിഞ്ഞുപോകും.

‘ഇനിയെങ്ങോട്ടാ’?
‘ഇന്ന് ചെന്നൈയിൽ തങ്ങാം. നാളെ മേഖാലയത്തിലേയ്ക്കു പോകാം. ഹിമവാൻ്റെ മടിയിൽ കിടക്കാൻ മോഹം’.
അവൾ ചിരിച്ചു.

3.

രണ്ടു മാസങ്ങൾക്കു മുൻപ് പെട്ടെന്നൊരാവശ്യത്തിനു നാട്ടിലെത്തിയ ഫൈസൽ ഷൊർണ്ണൂർ നിന്നു കോഴിക്കോടേയ്ക്ക് ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. ആളൊഴിഞ്ഞ കമ്പാർട്ട്മെൻ്റ്. പള്ളിപ്പുറത്ത് നിർത്തിയപ്പോൾ ചാറ്റൽ മഴ. ഇരുമ്പുവാതിൽ തള്ളിത്തുറന്ന് മഴനനഞ്ഞ് ഒരാൾ മാത്രം അകത്തേയ്ക്കു കയറി. രണ്ടുപേർക്കും വിശ്വസിക്കാനായില്ല. ഒരു തോൾ സഞ്ചിയുമായി അവൾ. അവൻ്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ട് വീണുപോകാതെ സീറ്റിൽ ഇറുക്കിപ്പിടിച്ചുകൊണ്ട് അവൾ നിന്നു. പിന്നെ എതിരെയുള്ള സീറ്റിലിരിക്കാതെ അവൻ്റെ അരികിൽ, തൊട്ടുതൊട്ടിരുന്നു. അന്ന് കോളെജിൽ പറഞ്ഞുനിറുത്തിയ ഇടത്തുനിന്ന് വീണ്ടും പറഞ്ഞുതുടങ്ങി. അവർക്കിടയിലെ മുപ്പതുവർഷങ്ങൾ പൂവിതളുകൾ കൊഴിയുന്നത്ര മൃദുലമായി ഊർന്നുവീണു. ചിരപരിചിതരുടെ വീടുപോലെ തീവണ്ടി അതിൻ്റെ ജനാലകളടച്ച് അവരെയും വഹിച്ചുകൊണ്ട് നീങ്ങിത്തുടങ്ങി.

4.

ഒരു ടാക്സിയെടുത്ത് ഇരുവരും അണ്ണാശാലയിലെ താജ് കണ്ണിമാറയിലെത്തി. പഞ്ചനക്ഷത്ര ഹോട്ടലിൽ പഴയ ലോഡ്ജിലെപ്പോലെ ചോദ്യങ്ങളൊന്നുമില്ലായിരുന്നു. വിദേശ ക്രെഡിറ്റ് കാർഡ് കൊടുത്ത് ഫൈസലും പാർവ്വതിയും മുറി ബുക്ക് ചെയ്തു. പഴയ ബ്രിട്ടീഷ് ഭരണത്തിൻ്റെ കുലീനത ഓർമ്മിപ്പിക്കുന്ന ഹോട്ടൽ. ശീതീകരിച്ച മുറിയിൽ കൊതുകുവലയുടെ മൂടുപടമുള്ള വലിയ കട്ടിൽ. ചുമരിൽ രാജസ്ഥാനിലെ സ്ത്രീകളുടെ ഛായാചിത്രങ്ങൾ. മുറിയിലേയ്ക്ക് ബാഗ് എറിഞ്ഞ് ഫൈസൽ പാർവ്വതിയെ കെട്ടിപ്പിടിച്ച് ചുണ്ടിലും നെറ്റിയിലും ചുംബിച്ചു. അവൾ ശ്വാസം കിട്ടാനായി കിതച്ചു. എന്നിട്ട് ഫൈസലിൻ്റെ നെഞ്ചിലേയ്ക്ക് ചേർന്നുകൊണ്ട് ചോദിച്ചു.
'എം.ടി.യുടെ പുസ്തകം ഓർമ്മയുണ്ടോ? വാനപ്രസ്ഥം?'
'നല്ല പുസ്തകമല്ലേ?'
'അതല്ല, അതിൽ വൃദ്ധരായ കമിതാക്കൾ കട്ടിലിൽ കൈകോർത്തുപിടിച്ച് ഉറങ്ങുന്നത് ഓർമ്മയുണ്ടോ?'

'ഇയാളെ ഞാനിന്ന് ഉറക്കിയതുതന്നെ'. ഫൈസൽ അവളുടെ സാരി വലിച്ച് ഊരാൻ തുടങ്ങി. സേഫ്റ്റി പിന്ന് കൊണ്ട് അവളുടെ തോൾ മുറിഞ്ഞു.
'പതുക്കെ. ഉച്ചയല്ലേ ആയുള്ളൂ'.
ഫൈസൽ അവളുടെ ബ്ളൗസും ബ്രേസിയറും അഴിക്കാൻ തുടങ്ങി. കട്ടിലിലേയ്ക്ക് അവളെ തള്ളിയിട്ട് പൂർണ്ണവിവസ്ത്രയാക്കി. വാർദ്ധക്യം ഇടിച്ചുതാഴ്ത്തിയ തൻ്റെ വലിയ മുലകളിലേയ്ക്കും അടിവയറ്റിൽ സിസേറിയൻ അവശേഷിപ്പിച്ച മുറിപ്പാടിലേയ്ക്കും ഷേവ് ചെയ്യാൻ മറന്ന രോമക്കാടുകളിലേയ്ക്കും അല്പം ഉരുണ്ട തുടകളിലേയ്ക്കും വീണ്ടും ഫൈസലിൻ്റെ മുഖത്തേയ്ക്കും പാർവ്വതി സങ്കടത്തോടെ നോക്കി. ഫൈസൽ അരികത്തുകിടന്ന് അവളുടെ മുലകളെ തലോടിക്കൊണ്ട് കിതയ്ക്കുന്നുണ്ടായിരുന്നു.

താജ് കണ്ണിമാറയിലെ മുറിയുടെ ചുമരുകളിൽ നിന്ന് നോക്കിക്കൊണ്ടിരുന്ന രാജസ്ഥാനി പെണ്ണുങ്ങളുടെ സാന്നിദ്ധ്യത്തിൽ അവർ രതി ആഘോഷിച്ചു. മുപ്പതു വർഷങ്ങളുടെ വിടവ് ഓർത്തുകൊണ്ട് ഫൈസൽ അവളുടെ വിയർപ്പുകണങ്ങൾ നുണഞ്ഞുവിഴുങ്ങി. കഴുത്തിലും കക്ഷങ്ങളിലും ഉമ്മവെച്ചു, കാൽ വിരലുകളെ ഓരോന്നായി നുണഞ്ഞു. അയാളുടെ നരച്ച മീശ കൊണ്ട് അവളുടെ തുടയിടുക്കുകൾ വേദനിച്ചു. പാർവ്വതിയുടെ അടിമുതൽ മുടിവരെ വിറയലുകൾ കുതിരക്കുട്ടികളെപ്പോലെ പാഞ്ഞു. അവളുടെ ആഴങ്ങളിൽ അയാളുടെ നാവും ചുണ്ടും പരിചയസമ്പന്നനായ മുങ്ങൽ വിദഗ്ധനെപ്പോലെ ആഴ്ന്നിറങ്ങി. രതിമൂർച്ഛയുടെ കുളമ്പടിവേഗങ്ങൾ അവളെ പിടിച്ചുകുലുക്കി. ഉറക്കെ കരഞ്ഞുകൊണ്ട് അവൾ കഷണ്ടി കയറിത്തുടങ്ങിയ അയാളുടെ ചുരുൾ മുടികളിൽ പിടിച്ചുവലിച്ചു, ഫൈസലിനെ പിടിച്ചുയർത്തി, കരിനാഗത്തെപ്പോലെ ഇഴഞ്ഞ് അവൾ താഴേയ്ക്കു വന്നു.

രാത്രി അവർ റൂം സർവ്വീസ് ഓർഡർ ചെയ്തു. ഇടയ്ക്ക് കുറച്ചുനേരം ടിവി കണ്ടു, പാർവ്വതി ചോറും ചെട്ടിനാട് ചിക്കൻ കറിയും കുഴച്ച് ഉരുളകളാക്കി ഫൈസലിനു വാരിക്കൊടുത്തു. കഴിച്ചുകഴിഞ്ഞ് ഫൈസൽ അവളുടെ വിരലുകൾ ഉറുഞ്ചി ചോറിൻ്റെ വറ്റുകളും മുളകുരുചിയും ഊറിയെടുത്തു. എ.സി.യുടെ ശീതളിമയിലും നീണ്ട രതിയിൽ ഇരുവരും വിയർത്തുകുളിച്ചു.

4.

ചെന്നൈ റെയിൽവേ സ്റ്റേഷനിലും എയർപ്പോർട്ടിലും ചെന്ന് പറ്റാവുന്നിടങ്ങളിലൊക്കെ മിർസ ഉപ്പയെ തിരക്കി. ഉമ്മ പലതവണ വിളിച്ചു, ഉമ്മ പറഞ്ഞതുപോലെ പോലീസ് സ്റ്റേഷനിൽ ചെന്നെങ്കിലും ദോഹയിലേതുപോലെ സൗഹാർദ്ദപരമായിരുന്നില്ല അവിടത്തെ കാര്യങ്ങൾ. ചെന്നൈയിൽ മഴപെയ്യുന്നുണ്ടായിരുന്നു. ആദ്യമായി വരുന്ന നഗരത്തിൽ, ചെളി കെട്ടിക്കിടന്ന തെരുവുകളിലെ അഴുക്കിലൂടെ അവൻ നടന്നു. ഓട്ടോ റിക്ഷാ സ്റ്റാൻഡുകളിലും ഷോപ്പിങ്ങ് മാളുകളിലും നടന്ന് വെറുതെയാണെന്ന് അറിയാമെങ്കിലും അയാൾ ഉപ്പയെ തിരഞ്ഞു. രാത്രി വൈകി മറീനാ ബീച്ചിൽ നടന്നു. ഉമ്മയെ പലതവണ വിളിച്ചു. 'മതി, എവിടെങ്കിലും പോയിക്കിടന്ന് ഉറങ്ങൂ' എന്ന് ഉമ്മ പറഞ്ഞപ്പോൾ അണ്ണാശാലയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു.

പിറ്റേന്ന് അതിരാവിലെ ഉമ്മ വിളിച്ചു. 'ഉപ്പ ഇന്നലെ താജ് കണ്ണിമാറയിൽ ചെക്കിൻ ചെയ്തിട്ടുണ്ട്, നീ അവിടെപ്പോയി നോക്കു' എന്നു പറഞ്ഞു.

മിർസ വൃത്തിയുള്ള വസ്ത്രം ധരിച്ച് ഒരു ഓട്ടോറിക്ഷയിൽ താജ് കണ്ണിമാറയിലെത്തി. സെക്യൂരിറ്റി താജിനുള്ളിലേയ്ക്ക് ഓട്ടോറിക്ഷ കടത്തിവിട്ടില്ല. നടന്ന് ലോബിയിലെത്തി. ചിരിച്ചുകൊണ്ട് കൈകൂപ്പി 'എങ്ങനെ സഹായിക്കാൻ പറ്റും' എന്നു ചോദിച്ച ലോബിയിലെ സുന്ദരിയെ അവഗണിച്ച് 'ദി വരാന്ത' എന്ന താജിലെ റെസ്റ്ററൻ്റിലേയ്ക്കു നടന്നു. നൂറ്റാണ്ട് പഴക്കമുള്ള കസേരകളും മേശകളും നിരത്തിയിരിക്കുന്ന തുറസ്സായ റെസ്റ്ററൻ്റിൽ ദൂരെനിന്നേ അവൻ ഉപ്പയുടെ മെലിഞ്ഞുനീണ്ട രൂപം കണ്ടു. ഉപ്പയുടെ എതിരേ അല്പം ഇരുണ്ട നിറമുള്ള ഒരു മദ്ധ്യവയസ്ക ഇരിക്കുന്നുണ്ടായിരുന്നു. ഇരുവരുടെയും മുന്നിൽ ഇംഗ്ളീഷ് ബ്രേക്ക്ഫാസ്റ്റും കാപ്പിയും നിരത്തിയിരിക്കുന്നു. അവൻ പെട്ടെന്ന് മുന്നോട്ട് നടക്കവേ ഉപ്പ കുനിഞ്ഞ് മേശയുടെ അടിയിലൂടെ കൈയിട്ട് അവരുടെ സാരി ഉയർത്തി തുടയിടുക്കിലേയ്ക്ക് കൈ കടത്തുന്നതും അവർ പുളകം കൊണ്ട് ഞെട്ടി കൈ തട്ടിമാറ്റുന്നതും വീണ്ടും ചിരിക്കുന്നതും അങ്ങോട്ട് കാപ്പിയുമായിപ്പോയ ഒരു പരിചാരിക വഴിമാറി നടക്കുന്നതും കണ്ടു. അദൃശ്യമായ ഒരു ചുമരിൽ ചെന്നിടിച്ചതുപോലെ അവൻ പെട്ടെന്ന് നടത്തം നിർത്തി, തിരിഞ്ഞുനടന്നു.

ഹോട്ടലിൻ്റെ പ്രവേശനകവാടത്തിൽ നിന്നുകൊണ്ട് മിർസ ഉമ്മയെ ഫോൺ ചെയ്തു.

'ഉപ്പ ഇവിടില്ലുമ്മാ'.
'നീ..' ഉമ്മ എന്തോ പറയാൻ തുടങ്ങി. പാതിവെച്ചു നിർത്തി. ചെന്നൈ തിരക്കിൽ, ഓട്ടോകളുടെയും കാറുകളുടെയും ഹോണടിബഹളങ്ങളിൽ, നീണ്ട മൗനം കേട്ടുകൊണ്ട് അവൻ നിന്നു. പൊടുന്നനെ താൻ പക്വതവന്ന ഒരു പുരുഷനായതായി അവനു തോന്നി. ഇനി ഖത്തറിൽ തിരിച്ചുചെന്ന് വിൽക്കാൻ പറ്റുന്നതൊക്കെ വിൽക്കണം. ഉപ്പയെ കാണാനില്ലെന്ന് പോലീസിൽ പരാതികൊടുക്കണം.ഉപ്പയുടെ കമ്പനിയിൽ അറിയിക്കണം. അവിടെ നിന്ന് കിട്ടാവുന്ന കാശ് വാങ്ങണം. വിസ കാൻസൽ ചെയ്യണം, നാട്ടിലേയ്ക്ക് വിമാനം കയറണം. മുൻപ് വാങ്ങിച്ചിട്ട ഫ്ളാറ്റിൽ നിന്നും വാടകക്കാരെ ഒഴിപ്പിച്ച് താമസം തുടങ്ങണം. നാട്ടിൽ ഏതെങ്കിലും സ്കൂളിൽ ചേരണം. ഉമ്മ ബുദ്ധിമുട്ടിയാണെങ്കിലും എന്തെങ്കിലും ജോലി കണ്ടുപിടിക്കും. വീണ്ടും ജീവിതം മുന്നോട്ടുപോകും. ഫോണിലെ മൗനത്തിനിടെ വരാൻ പോകുന്ന ജീവിതം ഒരു നീണ്ട തീവണ്ടിപോലെ അവൻ്റെ കണ്മുന്നിലൂടെ കടന്നുപോയി.

ഉമ്മ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു. മിർസ തെരുവിലേയ്ക്കിറങ്ങി ഒരു ഓട്ടോറിക്ഷയ്ക്കു കൈകാണിച്ചു.

ദൈവത്തിന്റെ ചെറിയ ചില പരിമിതികൾ

മാർക്ക് സുക്കർബർഗ് തന്റെ വിസ്തൃതമായ എസ്റ്റേറ്റിൽ ഒരു പന്നിയെ അറുക്കുകയായിരുന്നു. അതിന്റെ ഉരുണ്ട ചെവികൾ, കുളമ്പുകൾ, പിങ്ക് നിറമുള്ള ചുരുണ്ട വാല്, ഇതൊക്കെ അയാൾ ഓരോന്നായി അറുത്തുമാറ്റി. പന്നിയുടെ പിൻകാല് അതിന്റെ സന്ധികളിൽ വെച്ച് കൃത്യമായി മുറിച്ചെടുക്കാൻ കത്തിയാഴ്ത്തുമ്പൊഴാണു എമിലി നടന്നുവന്നത്. അയാൾ പന്നിയെ വൃത്തിയായി അറുക്കുന്നത് നോക്കിക്കൊണ്ട് പന്നിക്കുഴിയുടെ ചുറ്റുമുള്ള അഴികളിൽപ്പിടിച്ച് അവൾ നിന്നു. പിന്നെ അലസമായി "മാർക്ക് - നാളെ രണ്ടായിരത്തി മുന്നൂറ്റിപ്പതിനാലുപേർ ആത്മഹത്യ ചെയ്യും" എന്നു പറഞ്ഞു.


സുക്കർബർഗ് പന്നിയെ അറുക്കുന്നത് തുടർന്നു. ബേക്കൺ അയാൾക്ക് ഇഷ്ടമുള്ള ഭക്ഷണമായിരുന്നു. രുചിയോടെ ഇറച്ചി തിന്നുന്ന ഏതൊരാളും ഇറച്ചിക്കായി മൃഗത്തെ കൊല്ലാനും തയ്യാറായിരിക്കണം, അല്ലാതെ കെ.എഫ്.സി. തിന്നുകയും കോഴിയെ അറുക്കാൻ അറപ്പ് കാണിക്കുകയും ചെയ്യുന്നത് നൈതികമല്ല എന്നായിരുന്നു സുക്കർബർഗിന്റെ പ്രമാണം. താൻ മൃഗത്തെ അറുക്കുന്ന കാഴ്ച്ച എമിലി ആസ്വദിക്കുന്നുണ്ടോ എന്ന ചിന്ത അയാളെ പിടികൂടി. കഴുത്ത് തിരിച്ച് അവളെ നോക്കിയപ്പോൾ അവൾ കാര്യമാത്രപ്രസക്തമായി 'ചാവാൻ പോകുന്നവരുടെ പട്ടിക കാണണോ' എന്ന് ചോദിച്ചു. അയാൾ അതെ എന്ന് ആംഗ്യം കാണിച്ചപ്പോൾ അവൾ തന്റെ ഐപ്പാഡിൽ നിന്ന് സുക്കർബർഗിന്റെ കണ്ണടയിലേയ്ക്ക് മരണപ്പട്ടിക പ്രക്ഷേപിപ്പിച്ചു. സുക്കർബർഗ് സ്ക്രോൾ എന്ന് ചിന്തിച്ചപ്പൊഴേയ്ക്കും പട്ടിക മുകളിലേയ്ക്ക് ഓടിത്തുടങ്ങി. അതിൽ വെളിച്ചെണ്ണയിട്ട് മുടിചീകിയൊതുക്കിയ റജീന മുസ്തഫ എന്ന പെൺകുട്ടിയുടെ ചിത്രത്തിൽ സുക്കർബർഗിന്റെ കണ്ണുടക്കി.

എമിലി അയാളെ കളിയാക്കിക്കൊണ്ട് ചോദിച്ചു - 'അവളുടെ ശവമടക്കിനു കൂടുന്നോ?'

'അതിനു അവൾ മരിച്ചില്ലല്ലോ'. അയാൾ പിറുപിറുത്തു.


'ഇല്ല, ഇനി പതിനാറു മണിക്കൂർ, നാൽപ്പത്തെട്ടു മിനിട്ട് കഴിയുമ്പോൾ അവൾ ആത്മഹത്യ ചെയ്യാൻ 95% സാദ്ധ്യതയുണ്ട് എന്നാണു അൽഗോരിതം പറയുന്നത്. നാൽപ്പത്തെട്ട് മണിക്കൂറിനകം ആത്മഹത്യ ചെയ്യാൻ 99% സാദ്ധ്യതയും'.

സുക്കർബർഗ് റജീനയുടെ പ്രൊഫൈലിലേയ്ക്ക് ചൂഴ്ന്നുനോക്കി. അവൾ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റുകൾ വലതുവശത്ത് തെളിഞ്ഞുവന്നു. ഇടതുവശത്തായി അവളുടെ ജീവിതചിത്രവും. സുനിൽ കുമാർ എന്ന കാമുകൻ പ്രേമം എന്ന പേരിൽ ശാരീരികമായും മാനസികമായും പീഢിപ്പിക്കുന്ന ചരിത്രം. അവൾ വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയം, ബസ്സിൽ കയറുന്ന സമയം, അവൾ സ്ഥിരം സഞ്ചരിക്കുന്ന വഴികൾ, ലൈബ്രറിയിൽ നിന്ന് എടുക്കുന്ന പുസ്തകങ്ങൾ, വീട്ടിൽ പറയാതെ സിനിമയ്ക്കു കയറിയ സമയങ്ങൾ, അവൾ ധരിക്കുന്ന അടിവസ്ത്രങ്ങളുടെ ബ്രാൻഡ്, തടികൂടുന്നതിനെപ്പറ്റി അവളുടെ ആശങ്കകൾ, അവൾ സ്വപ്നം കാണുമ്പോൾ ഹൃദയമിടിപ്പ് കൂടുന്ന സമയങ്ങൾ, കണ്ണാടിയുടെ മുന്നിൽ അവളെടുക്കുന്ന സെല്ഫികൾ, അവൾ രഹസ്യമായി പ്രേമിക്കുന്നവരുടെ പ്രൊഫൈലുകൾ, അവൾക്ക് കാമം തോന്നിയ മനുഷ്യരുടെ ലിസ്റ്റ്, അവളും അവളുടെ ഉപ്പയും ഉമ്മയുമായുള്ള ബന്ധത്തിന്റെ ദൃഢത, അവൾ ആരോടും പറയാതെ ഒളിക്കുന്ന രഹസ്യം, ഇതെല്ലാം തെളിഞ്ഞുവന്നു. അവൾ എടുത്ത സെല്ഫികളിലൊന്നിൽ വിഷാദം നിറഞ്ഞ അവളുടെ കണ്മണിയുടെ ആഴത്തിലേയ്ക്ക് നോക്കി പാതാളക്കിണറുകളുടെ അടിത്തട്ടിലെ വെള്ളത്തിന്റെ നനവ് അനുഭവിച്ചുകൊണ്ട് സുക്കർബർഗ് നിർന്നിമേഷനായി നിന്നു.

'ഞാൻ റജീനയുടെ വീട്ടിലേയ്ക്ക് പോകുന്നു. ഞാൻ എപ്പോൾ അവളുടെ വീട്ടിലെത്തും?' അയാൾ എമിലിയോടു ചോദിച്ചു.

'പതിനെട്ട് മണിക്കൂർ. ഹെലിക്കോപ്റ്റർ എടുത്താൽ സാനോസെ എയർപോർട്ടിലേയ്ക്ക് 15 മിനിട്ട്. പൈലട്ട് അഗസ്റ്റിനു ഞാൻ സന്ദേശമയച്ചുകഴിഞ്ഞു. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്താൻ 14 മണിക്കൂർ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അവളുടെ ആര്യങ്കാവിലെ വീട്ടിലെത്താൻ മൂന്നര മണിക്കൂർ - കേരളം എന്ന സ്ഥലത്ത് ട്രാഫിക്ക് കൂടുതലായിരിക്കും എന്നു കാണിക്കുന്നു.

'അത് പറ്റില്ല. അവളുടെ ശവമടക്കിനല്ല ഞാൻ പോകുന്നത്. 'എനിക്ക് പതിനാലു മണിക്കൂറിനകം അവളുടെ വീട്ടിലെത്തണം'. അയാൾ പന്നിക്കുഴിയിൽ നിന്ന് കയറി കൈയുറകൾ ഉരിഞ്ഞുകൊണ്ടു പറഞ്ഞു.

'ഞാൻ നാളത്തെ മീറ്റിങ്ങുകൾ കാൻസൽ ചെയ്യുകയാണു' എന്നു പറഞ്ഞുകൊണ്ട് എമിലി ഐപ്പാഡിൽ ഏതൊക്കെയോ ആപ്പുകളിൽ ഞെക്കിയപ്പോൾ സുക്കർബർഗിനടുത്തേയ്ക്ക് ഒരു ഇലക്ട്രിക്ക് വാഹനം വരികയും അതേസമയം തന്നെ അല്പമകലെ ഒരു പൈലട്ട് ഓടിച്ചെന്ന് ഹെലിക്കോപ്റ്റർ സ്റ്റാർട്ടാക്കുകയും മിനിട്ടുകൾക്കകം സുക്കർബർഗിനെയും വഹിച്ചുകൊണ്ട് ഹെലിക്കോപ്റ്റർ ഉയരുകയും ചെയ്തു.

'ബോസ്, ഇവൾക്ക് മാത്രമെന്താ ഇത്ര പ്രത്യേകത? ദിവസവും എത്രപേർ ആത്മഹത്യ ചെയ്യുന്നു' - ഹെഡ്ഫോണിൽ എമിലിയുടെ ശബ്ദം മുഴങ്ങി.

'എന്തോ, എനിക്കിവളെ രക്ഷിക്കണമെന്ന് തോന്നുന്നു'.

'രക്ഷിച്ചിട്ട് എന്തുചെയ്യാനാണു'?.
'ഒന്നും ചെയ്യാനില്ല. നോക്കൂ എമിലി, ചിലപ്പോൾ നമ്മൾ കണ്ടുമുട്ടുന്ന ഒരാൾ, അയാളുടെ ഒരു നോട്ടം, ആർദ്രമായ പുഞ്ചിരി, കരുണയുള്ള ഒരു വാക്ക് - ഇതയൊക്കെ മതിയാകും ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പുഴ കടക്കാൻ. അല്ലേ?'

'നാർസിസ്റ്റുകൾക്ക് സ്വന്തം സൗന്ദര്യത്തിലും കഴിവിലും വലിയ മതിപ്പാണല്ലേ'.
'ആണെന്ന് കൂട്ടിക്കോ. അവൾ ഇപ്പോൾ എന്തുചെയ്യുന്നു?'
'മാർക്ക്, കേരളത്തിൽ ഇപ്പോൾ രാവിലെ ഏഴുമണിയായി. അവൾ ഇന്നലെ ഒരുമണിക്കൂറും പത്തുമിനിട്ടും മാത്രമാണു ഉറങ്ങിയത്. അവളുടെ കൈയിലെ ഫിറ്റ്നസ് ബാൻഡ് പറയുന്നത് ഇപ്പോൾ അവൾ കിടക്കയിൽ കണ്ണുമിഴിച്ച് കിടക്കുകയാണെന്നാണു'.
'ശരി. ഇടയ്ക്കിടെ വിവരങ്ങൾ എന്നെ അറിയിച്ചുകൊണ്ടിരിക്കൂ'.

സുക്കർബർഗ് തന്റെ കണ്ണടയും ഹെഡ്ഫോണും ഊരിമാറ്റി. സാനോസെ നോർമൻ മിനേറ്റ വിമാനത്താവളത്തിൽ ഹെലിക്കോപ്റ്ററിനടുത്തുവന്ന കാറിലേയ്ക്കും കാറിൽ നിന്ന് പറക്കാൻ തയ്യാറായിനിന്ന തന്റെ സ്വകാര്യ വിമാനത്തിലേയ്ക്കും കയറി. വിമാനത്തിനുള്ളിലെത്തി തന്റെ ചോരക്കറയും ചെളിയും പുരണ്ട വസ്ത്രങ്ങൾ ഊരിമാറ്റി, ഷവറിലെ ചൂടുവെള്ളത്തിൽ ദീർഘനേരം കുളിച്ചു. തന്റെ നാർസിസത്തെപ്പറ്റി എമിലി പറഞ്ഞത് ഓർത്തുകൊണ്ട് തന്റെ മെലിഞ്ഞ ശരീരത്തിലെ പേശികളിലേയ്ക്കും നെഞ്ചിലെ ചുരുളൻ രോമങ്ങൾക്കിടയിൽ മൊട്ടുപോലെനിന്ന ആണ്മുലകളിലേയ്ക്കും നോക്കി. ദേഹമാസകലം ഈർപ്പത്തിനുള്ള ക്രീം പൂശിക്കൊണ്ട് ഉറങ്ങാനുള്ള വസ്ത്രങ്ങൾ ധരിച്ചു. ബാത്രൂമിനു പുറത്തിറങ്ങിയപ്പൊഴേയ്ക്കും പരിചാരകൻ വിമാനത്തിലെ വെളിച്ചം അണച്ചു. സുക്കർബർഗ് അരണ്ട നീലവെളിച്ചത്തിൽ ഉറങ്ങാൻ കിടന്നു. എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല. അയാൾ തന്റെ മാക്ബുക്ക് തുറന്ന് റജീനയുടെ ഫേസ്ബുക്ക് സന്ദേശങ്ങൾ വായിച്ചുതുടങ്ങി.

മെസ്സേജ്. പോസ്റ്റ് ചെയ്തത് 10 മണിക്കൂറുകൾക്ക് മുൻപ് - 'ഇരുണ്ട മുറികളെയും തുറക്കാനാവാത്ത വാതിലുകളെയും എനിക്ക് പേടിയില്ല. വെളിച്ചത്തിന്റെ വിത്തുകൾ വിതച്ച പൂന്തോട്ടങ്ങൾ എന്നെ കാത്തിരിക്കുന്നു' - അതിനടിയിൽ മലയാളികളുടെ ലൈക്കുകളും തമാശക്കമന്റുകളും. ഒരാൾക്കുപോലും അവൾ ശവപ്പെട്ടിയെപ്പറ്റിയാണു സംസാരിക്കുന്നത് എന്ന് മനസിലാവാത്തതെന്താ എന്ന് സുക്കർബർഗ് അൽഭുതപ്പെട്ടു.

മെസ്സേജ്. പോസ്റ്റ് ചെയ്തത് 6 മണിക്കൂറുകൾക്ക് മുൻപ് - 'ഞാൻ പോകുന്നു, ഒരു ശവംനാറിപ്പൂവായി പുനർജനിക്കുമോ' - ഇതിനടിയിൽ മലയാളികളുടെ ലൈക്കും ലവ് ചിഹ്നങ്ങളും. ഹായ് ഹൗ ആർ യൂ തുടങ്ങിയ അർത്ഥമില്ലാത്ത കമന്റുകൾ.

ഇടയ്ക്ക് ഇടുക്കിയിൽ നിന്ന് 54 വയസ്സുള്ള മത്തായി എന്നയാൾ ഭാര്യ ടിവി കണ്ടുകൊണ്ടിരിക്കേ അയാളുടെ ബാത്രൂമിൽ ഇരുന്ന് റജീനയ്ക്ക് അയച്ച അശ്ലീല മെസ്സേജുകൾ. എല്ലാ സ്ത്രീകളെയും ഫ്രണ്ട് ലിസ്റ്റിൽ ചേർക്കുകയും ഒരു പരിചയവും ഇല്ലെങ്കിലും അവർക്കെല്ലാം അശ്ളീലമെസ്സേജ് അയക്കുകയും ചെയ്യുന്ന മനുഷ്യൻ. മത്തായി കോപ്പി പേസ്റ്റ് ചെയ്ത അവളുടെ അവയവ വർണ്ണനകൾക്ക് മറുപടിയായി റജീന ഒരു സ്മൈലി അയച്ചിരിക്കുന്നു. മത്തായി - 'ഞാനങ്ങോട്ട് വരട്ടേ' എന്ന് ചോദിച്ചിരിക്കുന്നു. മറുപടിയായി റജീന - 'ദയവുചെയ്ത് വരൂ, ഇതാ എന്റെ വീട്ട് അഡ്രസ്' എന്നു പറഞ്ഞ് അഡ്രസും ഫോൺ നമ്പറും അയച്ചുകൊടുത്തിരിക്കുന്നു. മത്തായിയുടെ ലൊക്കേഷൻ സുക്കർ ബർഗ് നോക്കി. അയാൾ ഇപ്പോൾ വൈദ്യുതവകുപ്പിന്റെ ഓഫീസിലിരുന്ന് കമ്പ്യൂട്ടറിൽ മനോരമ സൈറ്റിലെ രാഷ്ട്രീയവാർത്തകൾ വായിക്കുകയാണു.

റജീനയുടെ സ്റ്റാറ്റസ്. 'നാളെ നിങ്ങളെ ഞാൻ ശല്യപ്പെടുത്തില്ല' . അതിനടിയിലും ലൈക്കുകൾ. പരിഹാസക്കമന്റുകൾ. 'ഇന്നത്തെ ശല്യം നിറുത്തുമോ', 'നാളെ ഞങ്ങളും ശല്യപ്പെടുത്തില്ല', 'ഹായ് ഹൗ ആർ യൂ', തുടങ്ങിയ കമന്റുകൾ. സുക്കർബർഗ് ലാപ്റ്റോപ്പ് മാറ്റിവെച്ചു. വീണ്ടും കണ്ണടച്ചുകിടന്നു. അറിയാതെ അയാൾ ഉറങ്ങിപ്പോയി.

പുലർച്ചെ - വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്കു താഴുന്നു. കടൽ നീലം നിബിഢമായ തെങ്ങിൻതോപ്പുകളുടെ കടും പച്ചനിറത്തിലേയ്ക്ക് വേഷപ്പകർച്ച നടത്തുന്നു. വിമാനത്തിന്റെ സ്മൂത്ത് ലാൻഡിങ്ങ്. ചുവന്ന വെളിച്ചം ഘടിപ്പിച്ച കാറിനടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ സുക്കർബർഗിന്റെ പാസ്പോർട്ട് വാങ്ങി അതിൽ സ്റ്റാമ്പടിച്ചുകൊടുക്കുന്നു. ട്രാഫിക്കിനെ തോൽപ്പിക്കാൻ നേരെ ഒരു സ്വകാര്യ ഹെലിക്കോപ്റ്ററിലേയ്ക്ക്. കുളങ്ങൾക്കും ക്ഷേത്രങ്ങൾക്കും പള്ളികൾക്കും ചന്തകൾക്കും നൂലുപോലെ നീളുന്ന ട്രാഫിക്കിനും രാഷ്ട്രീയജാഥകൾക്കും മീതേ പറന്ന് ഹെലിക്കോപ്റ്റർ ആര്യങ്കാവിലേയ്ക്ക്. സമയം ഇപ്പോൾ വൈകിട്ട് ആറുമണി. താൻ യാത്രതുടങ്ങിയിട്ട് കൃത്യം പന്ത്രണ്ടു മണിക്കൂർ. എമിലിയുടെ മിടുക്കിൽ അയാൾക്ക് മതിപ്പുതോന്നി. റജീനയുടെ വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെ, സർക്കാർ ഗസ്റ്റ് ഹൗസിൽ അയാൾ ഹെലിക്കോപ്റ്റർ നിറുത്തിച്ചു. ഇവിടെ അയാളെക്കാത്ത് നിന്ന സർക്കാരുദ്യോഗസ്ഥരും പോലീസുകാരും സുക്കർബർഗിനു കൈകൊടുത്തു. അവരോട് സംസാരിക്കാൻ നിൽക്കാതെ അയാൾ തന്റെ ഫോണിലെ മാപ്പ് പിന്തുടർന്ന് റജീനയുടെ വീട്ടിലേയ്ക്ക് നടന്നു. തന്നെ പിന്തുടർന്ന ആൾക്കൂട്ടത്തിനോട് പ്ളീസ് വരരുത് എന്ന് പറഞ്ഞു. എന്നിട്ടും കേൾക്കാതെ സുക്കർബർഗിന്റെ പിന്നാലെ നടന്ന ആൾക്കൂട്ടത്തെ പോലീസുകാർ തല്ലിയോടിച്ചു.

ഫോണിൽ റജീന മുസ്തഫയുടെ പുതിയ സ്റ്റാറ്റസ്. 'ദൈവമേ, ഞാനിതാ വരുന്നു. നിന്റെ വാതിലുകൾ തുറക്കൂ'.
സുക്കർബർഗ് തന്റെ നടത്തത്തിനു വേഗത കൂട്ടി, ഓട്ടം തുടങ്ങി. ചെമ്മൺപാതയിൽ കെട്ടിനിന്ന ചെളി തെറിച്ച് അയാളുടെ വെള്ളക്കോട്ടിലേയ്ക്കു പടർന്നു. ഇളം പച്ചനിറമടിച്ച ഓടിട്ട വീട്. കുരച്ചുകൊണ്ട് ഒരു ചെറിയ പട്ടി ഓടിവന്നു. സുക്കർബർഗ് അതിനെ താലോലിച്ചുകൊണ്ട് ഓടിച്ചെന്ന് റജീനയുടെ വീടിന്റെ കാളിങ്ങ് ബെൽ അടിച്ചു. പലതവണ അടിച്ചിട്ടും അനക്കമൊന്നുമില്ലാത്തതുകൊണ്ട് വാതിലിൽ മുട്ടിത്തുടങ്ങി. കിതച്ചുകൊണ്ട് വാതിലിൽ ശക്തിയായി ഇടിച്ചുകൊണ്ടിരിക്കവേ വാതിൽ തുറന്നു.

'ആരാണ്?' ഉറക്കം വരാതെ ചുറ്റും കറുപ്പു പടർന്ന കണ്ണുകളിൽ പരിഭ്രമവുമായി റജീന.

'പേടിക്കണ്ട, ഞാൻ സുക്കർബർഗാണു. മാർക്ക് സുക്കർബർഗ്'.
'എനിക്ക് മനസിലായില്ല' - റജീനയുടെ പരിഭ്രമത്തിനിടയിലും അവളുടെ ഇടതുകൈയിൽ പിടിച്ചിരുന്ന ബ്ളേഡ് അയാൾ കണ്ടു.കൈത്തണ്ടകളിലേയ്ക്ക് നോക്കി അവ മുറിഞ്ഞിട്ടില്ല എന്നുകണ്ട് ആശ്വസിച്ചു.
'ഞാനാണു ഫേസ്ബുക്ക് ഉണ്ടാക്കിയത്. എന്റെ പേരു കേട്ടിട്ടില്ലേ?. അതുപോട്ടെ, റജീനയെ കാണാൻ അമേരിക്കയിൽ നിന്നു വന്നതാണു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?'
'എന്തിനാണു എന്നെ കാണുന്നത്?'
'അതെല്ലാം പറയാം. എവിടെയെങ്കിലും ഇരുന്ന് സംസാരിക്കാമോ? ഇവിടെ അടുത്ത് ഒരു താജ് ഹോട്ടലുണ്ട്. അവിടെയിരുന്ന് സംസാരിക്കാമോ?'
'ഇല്ല. ഉപ്പ ഇപ്പോൾ വരും. അതിനു മുൻപ് എനിക്ക് അരി കഴുകി അടുപ്പത്തിടണം'.
'ഉപ്പയെ വിളിച്ചുപറയൂ, അത്യാവശ്യമായി പുറത്തുപോയെന്ന്. പ്ളീസ് - ഞാൻ അത്ര ദൂരെനിന്ന് നിങ്ങളെ കാണാനായി മാത്രം വന്നതാണു'.
'എന്നെ എന്തിനാണു കാണുന്നത്? താജ് ഇവിടെ നിന്നും വളരെ ദൂരെയല്ലേ?'
'ശരി, താജിൽ പോകണ്ട. നമുക്ക് ഒന്നുകിൽ അകത്തിരുന്ന് സംസാരിക്കാം. അല്ലെങ്കിൽ പുറത്ത് നടന്നുകൊണ്ട് സംസാരിക്കാം'.
'അകത്തേയ്ക്കു വരണ്ട. ഞാൻ പുറത്തുവരാം - ഒരു മിനിട്ട് തരൂ, ഞാൻ ഈ ഉടുപ്പ് മാറ്റി ഒരു ചുരിദാർ ഇട്ടിട്ടുവരാം'.

'ശരി, ഞാൻ കാത്തുനിൽക്കാം' എന്ന് സുക്കർബർഗ് പറഞ്ഞുതീരും മുൻപേ റജീന അകത്തുകടന്ന് വാതിലടച്ചു. ഒരു വസ്ത്രം മാറാൻ എത്രസമയം ഒന്നര മിനിട്ട് മതിയാകും എന്ന് കണക്കുകൂട്ടിക്കൊണ്ട് സുക്കർബർഗ് നിന്നു. രണ്ടു മിനിട്ട് കഴിഞ്ഞിട്ടും മൂന്നുമിനിട്ട് കഴിഞ്ഞിട്ടും അവൾ വാതിൽ തുറന്നില്ല. സുക്കർബർഗ് 'റജീനാ' എന്ന് വിളിച്ചുകൊണ്ട് വാതിലിൽ ശക്തിയായി ഇടിച്ചുതുടങ്ങി. ചാഞ്ഞ് തോളുകൊണ്ട് വാതിലിൽ ഇടിച്ചപ്പോൾ വാതിൽ അതിന്റെ കൊളുത്തുകളിൽ നിന്ന് വേർപെട്ട് തുറന്നു. ചെറിയ പൂവുകളുള്ള ചുവന്ന ചുരിദാർ ഉടുത്ത റജീന സ്വീകരണമുറിയിൽ ഒരു ഖേതാൻ ഫാനിൽ തൂങ്ങിക്കൊണ്ട് കയറിന്റെ ബലത്തിൽ വായുവിൽ ഞാന്നുനിന്നു.


മറിഞ്ഞുകിടന്ന കസേര നിവർത്തിയിട്ട് അവളെ താഴെയിറക്കാൻ നോക്കവേ വീണ്ടും അൽഗോരിതം ജയിച്ചു എന്ന് സുക്കർബർഗ് നിരാശയോടെ ഓർത്തു.

Google