സിമിയുടെ ബ്ലോഗ്

8/31/2009

വാ‍യനക്കാരാ, എന്നെ വിശ്വസിക്കൂ

ആമുഖം: മുസ്ലീം പെണ്‍കുട്ടികളെ ഹിന്ദു പയ്യന്മാര്‍ക്ക് എളുപ്പത്തില്‍ കല്യാണം കഴിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് എന്നെ ഈ കഥ തുടങ്ങാന്‍ സഹായിക്കുന്നത്.

ജുമാനയും സഹപാഠിയായ രഘുവും തമ്മില്‍ മുടിഞ്ഞ പ്രേമത്തിലാണ്. (പേരില്‍ നിന്നുതന്നെ അവരുടെ ജാതി മനസിലായിക്കാണുമല്ലോ) പ്രേമം ഇത്ര അഗാധമാകാന്‍ കാരണം അവര്‍ തമ്മില്‍ ശാരീരികമായി അടുത്തിട്ടില്ല എന്നതാണ് (രഘുവിന് ആഗ്രഹമില്ലാത്തതല്ല, ജുമാനയുടെ സാന്മാര്‍ഗ്ഗിക കാഴ്ച്ചപ്പാടുകള്‍, അതിനുള്ള അവസരം) എന്നു പറയാം - എങ്കിലും അവര്‍ കൈകള്‍ കോര്‍ത്ത് കടല്‍ത്തീരത്തു നടന്നു, (കടലിലിറങ്ങിയില്ല, രണ്ടുപേര്‍ക്കും നീന്താനറിഞ്ഞുകൂടായിരുന്നു, കുതിച്ചുയര്‍ന്ന് തീരത്തേക്കു കുഴഞ്ഞുവീണ് വിഷാദത്തോടെ പരന്നുപോവുന്ന തിരയുടെ വെളുത്ത പതയില്‍ അവര്‍ കാല്‍ നനച്ചു) നഗരമദ്ധ്യത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന സ്തൂപത്തിന്റെ പടവിലിരുന്ന് നിരത്തിലൂടെ നീങ്ങുന്ന വാഹനങ്ങളെയും മനുഷ്യരെയും നോക്കിക്കാണ്ടു, വായിച്ച പുസ്തകങ്ങളെയും സിനിമകളെയും പറ്റി ചര്‍ച്ചചെയ്തു. എന്നും മൊബൈല്‍ ഫോണിലൂടെ പരസ്പരം വിളിച്ചുണര്‍ത്തുകയും നേരിട്ടു കാണാന്‍ പറ്റാത്തപ്പോള്‍ വീണ്ടും പലതവണ വിളിക്കുകയും ഫോണ്‍ വിളിച്ചാല്‍ കിട്ടാത്തപ്പോള്‍ പരിഭ്രാന്തരാവുകയും സന്ദേശങ്ങള്‍ എസ്.എം.എസ്. രൂപത്തില്‍ കൈമാറുകയും ശുഭരാത്രിപറയുകയും നാളെക്കാണാമെന്ന പ്രതീക്ഷയോടെയും വിരഹത്തോടെയും മധുരസ്വപ്നങ്ങള്‍ കണ്ട് ഇരുവരും ഉറങ്ങിപ്പോവുകയും ചെയ്തു.

കുറിപ്പ്: ഇതുവരെ പുതുതായി ഒന്നും ഇല്ല. എത്ര പ്രണയങ്ങള്‍, അല്ലേ? തന്നെയുമല്ല, വായനക്കാരന്‍ / കാരി ഇപ്പൊഴേയ്ക്കും കഥയിലെ “റ്റ്വിസ്റ്റ്“ പ്രതീക്ഷിച്ചും സങ്കല്‍പ്പിച്ചും കാണും. ഒരു തെറ്റിദ്ധാരണയുടെ മേല്‍ പ്രണയം ഉലയുന്നു / അല്ലെങ്കില്‍ അവള്‍ / അവന്‍ മറ്റൊരാളെ പ്രേമിച്ചുപോവുന്നു / അവന്‍ ക്രൂരമായി ചതിച്ച് അവളെ നശിപ്പിക്കുന്നു / ആശയപരമായി ചേരാത്തതുകൊണ്ട് അവര്‍ പരസ്പരം പിരിയാന്‍ തീരുമാനിക്കുന്നു / അവളുടെ വിവാഹം - അതെ, ഈ സാദ്ധ്യതയാണ് സംഭവിച്ചത്. അവളുടെ വീട്ടുകാര്‍ വിവാഹം നിശ്ചയിക്കുന്നു. (ഹൊ, ഓരോ പ്രണയത്തിലും എന്തെല്ലാം സാദ്ധ്യതകളാണ്).

അവള്‍ അവധിക്ക് വീട്ടിലുള്ള സമയത്താണ് പെണ്ണുകാണാ‍ന്‍ വിരുന്നുകാര്‍ വന്നത്. അവര്‍ക്ക് ചായകൊണ്ടു കൊടുത്തത് ജുമാ‍ന തന്നെയായിരുന്നു. പെണ്ണുകാണാന്‍ വന്ന ചെറുപ്പക്കാരന്‍ സുന്ദരനും അതിമനോഹരമായി പുഞ്ചിരിക്കുന്നവനുമായിരുന്നു. അയാളുമായി സംസാരിച്ചു എങ്കിലും - അവള്‍ക്ക് വീട്ടുകാരോട് തന്റെ പ്രണയം തുറന്നുപറയാനുള്ള ധൈര്യം വന്നില്ല, കല്യാണം ഇപ്പൊഴേ വേണ്ട, പഠിച്ചുതീരട്ടെ, തുടങ്ങിയ മുട്ടാപ്പോക്കുകള്‍ വിലപ്പോയതുമില്ല - അയാളുമായി സംസാരിച്ചെങ്കിലും, ഭാവി ഭര്‍ത്താവിനുള്ള ഒരു സാദ്ധ്യത എന്ന നിലയില്‍ അയാളെ ഇഷ്ടപ്പെട്ടു എങ്കിലും അവള്‍ക്ക് രഘുവിനെത്തന്നെ കല്യാ‍ണം കഴിക്കണമെന്നായിരുന്നു.

അവധികഴിഞ്ഞ് കോളെജിലെത്തിയ ജുമാനയ്ക്ക് പഴയ ഉത്സാഹം ഇല്ലാത്തത് തനിക്കു തടയാന്‍ പറ്റാത്ത പെണ്ണുകാണല്‍ കൊണ്ടാണെന്ന് രഘു മനസിലാക്കി. രഘുവിനോട് എന്തോ ആത്മവഞ്ചന ചെയ്തുപോയി എന്നതുകൊണ്ടാണ് എന്തെന്നില്ലാത്ത വിഷാദം എന്ന് അവളും മനസിലാക്കി. സ്നേഹം കൊണ്ടും കുറ്റബോധം കൊണ്ടും തന്റെ ജീവിതത്തില്‍ ഒരു പുരുഷനേയുള്ളൂ, അത് രഘുവാണ് എന്ന് ഉറപ്പിച്ചു. എന്നാല്‍ എന്തുകൊണ്ടോ, ഇത് മനസില്‍ പലതവണ പറഞ്ഞ് ഉറപ്പിക്കേണ്ടിവന്നു. ഒന്നാം നിലയിലെ തന്റെ ഹോസ്റ്റല്‍ മുറിയിലിരുന്ന് നിര്‍ന്നിമേഷയായി മുറ്റത്തെ പൂന്തോട്ടത്തിലെ നീലപ്പൂക്കളിലേക്കു നോക്കിക്കൊണ്ടിരിക്കുന്ന ജുമാനയ്ക്ക് ജീവിതം തന്റെ പിടിയില്‍ നില്‍ക്കുന്നില്ല എന്നു തോന്നി.

കുറിപ്പ് (വീണ്ടും): ഇവിടെ രണ്ടു കാര്യങ്ങള്‍ പറയേണ്ടതുണ്ട്. 1) പത്തുനൂറ് കഥകളില്‍ പ്രണയം എഴുതി ബോറടിച്ച് എനിക്ക് ഇപ്പോള്‍ എഴുതാനേ പറ്റുന്നില്ല. പഴയ കുറെ കഥകള്‍ വായിച്ചുനോക്കിയിട്ടാണ് അല്പമെങ്കിലും ഊര്‍ജ്ജമൊക്കെ വന്നത്. 2) പ്രണയം സാധാരണയായി വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന ടോപ്പിക്കാണ്. “തന്മയീഭാവം“ എന്ന ടെക്നിക്ക് കൊണ്ടാണ് ഇത് (വായനക്കാര്‍ രഘുവിന്റെയും ജുമാനയുടെയും സ്ഥാനത്ത് സ്വയം കയറി പ്രതിഷ്ഠിക്കും, എഴുതാത്തതൊക്കെ നിരൂപിക്കും, കഥയ്ക്ക് നിറം കൊടുക്കും - അതൊന്നും വേണ്ട എന്ന് ഞാന്‍ പറയുന്നില്ല, ആയിക്കോളൂ, എന്നാലും തുടര്‍ന്നു വായിക്കൂ.)

ഉറങ്ങുന്നതിനു മുന്‍പ് ജുമാന അവളുടെ ഹോസ്റ്റലിലും രഘു അവന്റെ വീട്ടിലെ കട്ടിലിലും കിടക്കുകയാണ്. അരണ്ട വെളിച്ചം രണ്ടിടത്തും. ജുമാന സുന്ദരിയാണ് (വര്‍ണ്ണിക്കാന്‍ വയ്യ - അതിസുന്ദരിയാണ് എന്നുമാത്രം മനസിലാക്കൂ, അല്പം തടിച്ചിട്ടാണ്), രഘു ഉയരമുള്ള, മെലിഞ്ഞ, ചുരുണ്ടമുടിക്കാരന്‍. രഘുവിന് കൂര്‍ത്ത കണ്ണുകളുണ്ട്. കള്ളിലുങ്കിയും ഡൈ എന്നെഴുതിയ ടീഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഒരു കൈ തലയ്ക്കു കീഴേ മടക്കിവെച്ച് മറുകയ്യില്‍ മൊബൈല്‍ പിടിച്ച് അവളുടെ ചിരിക്കുന്ന ചിത്രത്തിലേക്കു നോക്കിക്കൊണ്ടു കിടന്നപ്പൊഴാണ് ജുമാനയുടെ എസ്.എം.എസ്. വന്നത്.

“എന്റെ നെഞ്ചില്‍ സുഖകരമായ ഒരു വിഷാദം വന്നു നിറയുന്നു“.

ജുമാനയുടെ നിറഞ്ഞ നെഞ്ചില്‍ വിഷാദം ഉരുണ്ടുകൂടുന്നത് സങ്കല്‍പ്പിച്ചുകൊണ്ട് രഘു മറുപടിയയച്ചു. “കണ്ണേ”
“എന്താഡാ”
“നമുക്ക് ഓടിപ്പോവാം”

“പോവാം” എന്ന് മറുപടിവന്നു. പ്രതീക്ഷിക്കാത്ത മറുപടി കിട്ടിയതുകൊണ്ടാവണം, രഘുവിന്റെ മുഖത്ത് ഒരു കുസൃതിച്ചിരി പടര്‍ന്നത്. “നാളെ?” എന്ന് മറുപടിയയച്ചപ്പൊഴേക്കും, “യെസ്, എവിടെ, എത്രമണിക്ക്?” എന്നു മറുപടിയെത്തി. നെഞ്ചിടിപ്പുകൂടിക്കൊണ്ട്, “അമ്മച്ചിപ്ലാവ് ബസ് സ്റ്റോപ്പില്‍, രാവിലെ 6 മണിക്ക്“ എന്ന് മറുപടി അയച്ചു. “ഞാന്‍ കാത്തുനില്‍ക്കും, പറ്റിക്കരുത്“ എന്നു മറുപടിവന്നു. ഇല്ല, അവന്‍ ചിരിച്ചു. കോളെജില്‍ ചേരുമ്പോള്‍ കൊണ്ടുവന്ന ഷോള്‍ഡര്‍ ബാഗിലേക്ക് രഘു രണ്ടുജോഡി വസ്ത്രങ്ങള്‍ എടുത്തുവെച്ചു. കുറ്റിത്താടിയില്‍ തടവിക്കൊണ്ട് ഷേവിങ്ങ് സെറ്റ് എടുക്കണ്ടാ എന്നു നിശ്ചയിച്ചു. (അവള്‍ വന്നില്ലെങ്കില്‍ സന്യസിക്കാം). രാവിലെ 6.20-നു പാലക്കാട്ടേയ്ക്ക് ഫാസ്റ്റ് പാസഞ്ചറുണ്ട്. ഷെല്ഫിലിരുന്ന പുസ്തകം തുറന്ന് അതിലടച്ചുവെച്ചിരുന്ന 2000 രൂപയെടുത്തു. സെമെസ്റ്റര്‍ ഫീസ് കെട്ടാനുള്ള കാശാണ്. ഫീസുകെട്ടണ്ട, അവളെക്കെട്ടാം എന്ന് തനിയേ തമാശപറഞ്ഞുചിരിച്ചു. അഞ്ചുമണിക്ക് അലാറം വെച്ച് സുഖമായി ഉറങ്ങി.

(കഥയുടെ അവസാന ഭാഗം: ഇവിടെയാണ് വായനക്കാരന് സര്‍പ്രൈസ് വരുന്നത്. പഴമയില്‍, നമ്മുടെ പൂര്‍വ്വികരില്‍, മരുന്നില്‍, മന്ത്രത്തില്‍, ദൈവത്തിന്റെ അനന്തലീലയില്‍ വിശ്വസിക്കുന്ന വായനക്കാരനാണ് / കാരിയാണ് നിങ്ങളെങ്കില്‍ അധികം സര്‍പ്രൈസ് വരില്ല, എങ്കിലും സര്‍പ്രൈസിലാണ് ഒരു കഥയുടെ വിജയം എന്ന് ബിയറടിക്കാന്‍ കമ്പനിതരുന്ന കൂട്ടുകാരന്‍ പറയുന്നു).

രാവിലെ അഞ്ചേ മുക്കാലിന് ജുമാന ബസ് സ്റ്റോപ്പില്‍ എത്തി. ആരും കാണരുതേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഹോസ്റ്റലില്‍ നിന്നും ഇറങ്ങി നടന്നത്. വീണ്ടും ഒരുദിവസം കൂടി ഉദിക്കേണ്ടിവന്ന മുഷിവില്‍ സൂര്യന്‍ വഴിയില്‍ ചുവന്ന വെളിച്ചം വിതറാന്‍ തുടങ്ങി. രഘു നേരത്തേ വരേണ്ടതാണ്. വന്നിട്ടില്ല. അവ്ന്റെ മൊബൈലില്‍ വിളിച്ചു. മൊബൈല്‍ അടിക്കുന്നുണ്ട്, പക്ഷേ ഫോണെടുക്കുന്നില്ല. ബസ് സ്റ്റോപ്പില്‍ അവളും കുറച്ച് മീന്‍‌കാരികളും മാത്രമേയുള്ളൂ. ധൃതിയില്‍ ഒളിച്ചോടാന്‍ പോകുന്ന ഒരു പെണ്‍കുട്ടിയുടെ വിചാരങ്ങള്‍ ജുമാനയെ ശല്യപ്പെടുത്താന്‍ തുടങ്ങി (ഒരു രെജിസ്റ്റര്‍ വിവാഹത്തിന് രണ്ട് സാക്ഷികളെപ്പോലും തയ്യാറാക്കിയില്ല, എത്ര നാളത്തേയ്ക്ക് ഒളിച്ചോടും, ഇനി വീട്ടിലേയ്ക്കും കോളെജിലേക്കും തിരിച്ചുവരില്ലെ? തുടര്‍ന്നു പഠിക്കണ്ടേ? എങ്ങനെ ജീവിക്കും,) അപ്പൊഴാണ് ബസ് സ്റ്റാപ്പിന് എതിര്‍വശത്തെ ചവറ്റുകൂന മെതിച്ചുകൊണ്ട് ഒരു കൂറ്റന്‍ പോത്ത് അവളുടെ നേര്‍ക്ക് കുതിച്ചുവരുന്നത്. ചാ‍രനിറമുള്ള അതിന്റെ പുറത്ത് പറ്റിപ്പിടിച്ചിരുന്ന വിയര്‍പ്പുതുള്ളികള്‍ അരണ്ട വെളിച്ചത്തില്‍ തിളങ്ങുന്നുണ്ട്. ഭൂമി കുലുങ്ങുന്ന ശബ്ദം, അതിന്റെ കാല്‍ക്കീഴില്‍ നിന്ന് പൊടിയും മൂക്കില്‍ നിന്ന് നീരാവിയും തെറിക്കുന്നു. ജുമാന ഭയന്ന് തിരിഞ്ഞോടി അടുത്ത് ഒരു വീട്ടിന്റെ പറമ്പിലേക്ക് ഓടിക്കയറി. പോത്ത് ഗേറ്റു കടക്കാതെ വഴിയില്‍ നിന്നു. അത് അവളെത്തന്നെ നോക്കുന്നുണ്ട്. പോത്തിന്റെ പേശികളില്‍ ഞരമ്പുകള്‍ പിടയ്ക്കുന്നു. ഓട്ടം നിര്‍ത്തി അത് വഴിമുടക്കി നില്‍ക്കുന്നു. പറമ്പിലേക്ക് ആരോ ഓടിക്കയറിയ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിവന്ന ഗൃഹനാഥന്‍ പേടിച്ചുവിരണ്ട് കിതയ്ക്കുന്ന അവളെയും വഴിമുടക്കിനില്‍ക്കുന്ന പോത്തിനെയും ഒരു നോക്കുനോക്കി, പറമ്പില്‍ നിന്നും ഒരു മടലെടുത്ത് പോത്തിനെ ഓങ്ങി. അത് അനങ്ങാതെ നിന്നു. ഒരു വലിയ കല്ലെടുത്ത് പോത്തിന്റെ പള്ളയെക്കെറിഞ്ഞു. അത് ഒരുപക്ഷേ തന്നെ കുത്താനോടിച്ചേക്കും എന്ന് അയാള്‍ ഭയന്നെങ്കിലും എറികൊണ്ട വേദനയിലും പോത്ത് അനങ്ങാതെ നിന്നതേയുള്ളൂ. പറമ്പില്‍ നിന്നും വീണ്ടും മൂന്നാല് പാറക്കല്ലുകള്‍ പെറുക്കി എറിഞ്ഞപ്പോള്‍ - അതിലേതെങ്കിലും ഒന്ന് മര്‍മ്മത്തില്‍ കൊണ്ടിട്ടാവണം - പോത്ത് അമറിക്കൊണ്ട് എതിര്‍ ദിശയിലേക്കോടി. വീട്ടുകാരന്‍ അവളെ ബസ് സ്റ്റോപ്പിലേക്ക് കൊണ്ടാക്കി.

അവസാനത്തെ രംഗം. (പ്രിയപ്പെട്ട വായനക്കാരാ / വായനക്കാരീ, വിശ്വാസമാണ് പ്രധാനം. മതത്തില്‍ മരുന്നില്‍ മന്ത്രത്തില്‍ - എഴുത്തുകാരനില്‍ വിശ്വസിക്കൂ, തുടര്‍ന്നു വായിക്കൂ)

ദൂരെനിന്ന് നമ്മുടെ ഒളിച്ചോട്ടത്തിന്റെ വാഹനം എന്നു കരുതിയബസ്സ് വരുന്നത് ജുമാന കണ്ടു. ഒരുപക്ഷേ ബസ്സ് നിറുത്തുമ്പൊഴെങ്കിലും രഘു വരും എന്ന് അവള്‍ പ്രതീക്ഷിച്ചു. അവളെ പോത്ത് ഓടിച്ചത് പരസ്പരം ചര്‍ച്ചചെയ്തുകൊണ്ടു നിന്ന മീ‍ന്‍കാരികള്‍ ബസ്സില്‍ കയറി. എണ്ണക്കറുപ്പ് ശരീരത്തില്‍ ഷര്‍ട്ടിടാതെ, ഒരു തോര്‍ത്തുമാത്രം ധരിച്ച ഒരു കിഴവനും ബസ്സില്‍ കയറി. കണ്ടക്ടറിനോട് ഒരു നിമിഷം നില്‍ക്കൂ, ഒരാള്‍ കൂടി വരാനുണ്ട് എന്ന് കരയുന്ന ശബ്ദത്തില്‍ ജുമാന പറഞ്ഞു, എങ്കിലും അയാള്‍ ഗൌനിക്കാതെ ബെല്ലടിക്കുകയാണുണ്ടായത്. രഘുവിന് വേണ്ടി തിരിഞ്ഞുനോക്കിയ ജുമാന വീണ്ടും മുക്രയിട്ടുകൊണ്ട് കുതിച്ചുവരുന്ന പോത്തിനെയാണു കണ്ടത്. നീങ്ങാന്‍ തുടങ്ങിയ ബസ്സിലേക്കു അവള്‍ ചാടിക്കയറി. സീറ്റ് ഒഴിഞ്ഞുകിടന്നിട്ടും ഒരു കമ്പിയില്‍ തൂങ്ങി നിന്ന കിഴവന്റെ മെലിഞ്ഞ ശരീരത്തിലെ വിയര്‍പ്പു തട്ടാതെ ജുമാന ഒരു സീറ്റിലേക്ക് ചാഞ്ഞു. കിഴവനും അവളും ഒരേ നിമിഷം ബസ്സിന്റെ പിന്നാലെ കുതിക്കുന്ന പോത്തിനുനേര്‍ക്ക് തിരിഞ്ഞുനോക്കി - എങ്കിലും അടുത്ത സ്റ്റോപ്പ് വളരെ അകലെയായതുകൊണ്ടും ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ക്ക് നാട്ടില്‍ നല്ല വേഗതയുള്ളതിനാലും പോത്ത് പതുക്കെ ദൃഷ്ടിയില്‍ നിന്നും മറഞ്ഞു.

കുറിപ്പ് (രഘു വന്നില്ല എന്ന് ജുമാനയ്ക്ക് തോന്നാന്‍ കാരണം): രഘു അഞ്ചേകാലിനു തന്നെ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയിരുന്നു. വരുന്ന വഴി വിജനമായിരുന്നു. ബസ് സ്റ്റോപ്പില്‍ അവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബസ് സ്റ്റാന്‍ഡിലെ തടി ബെഞ്ചില്‍ ചെന്ന് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ ഒരു മെലിഞ്ഞ കിഴവന്‍ കിടന്നുകൊണ്ട് അവനെ സൂക്ഷിച്ചുനോക്കുന്നതുകണ്ടു. രഘുവിന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ കിഴവന്‍ (പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ) ഒരു ഒടിമന്ത്രം ചൊല്ലുകയും, രഘു ഒരു പോത്തായി മാറുകയും ചെയ്തു. നേരത്തേ ബസ്സുകയറിപ്പോയ കിഴവന്‍ ഒടിയനായിരുന്നെന്ന് പ്രിയവായനക്കാര്‍ക്ക് മനസിലായിക്കാണുമല്ലോ. ജുമാനയ്ക്ക് രഘുവിനെ തിരിച്ചറിയാന്‍ പറ്റാഞ്ഞത് അവളുടെ തെറ്റല്ല. സ്ത്രീസഹജമായ ചാപല്യം കൊണ്ടല്ല അത്. അവനെ ആരും തിരിച്ചറിഞ്ഞില്ല. രഘു ഇല്ലാത്ത ദു:ഖകരമായ ജീവിതത്തിലേക്കും ദാമ്പത്യത്തിലേയ്ക്കും വാര്‍ദ്ധക്യത്തിലേക്കും ജുമാനയും, മറ്റ് പല ബസ് സ്റ്റോപ്പുകളിലും അസമയത്ത് ഒടിമന്ത്രം പ്രയോഗിക്കുന്നതിലേക്കും വെയിലിലേക്കും തണുപ്പിലേക്കും ആരും ശ്രദ്ധിക്കാത്ത മരണത്തിലേക്കും കിഴവനും (നാട്ടില്‍ എത്ര പോത്തുകളാണ് അനാഥമായി നടക്കുന്നത്), ഒരു പോത്തിന്റെ ചെളിപുരണ്ട ജീവിതത്തിലേക്കും അറവുശാലയിലേക്കും രഘുവും താന്താങ്ങളുടെ ജീവിതങ്ങളെ നയിച്ചു. ശുഭം.

8/29/2009

ഓണപ്പതിപ്പ്, ഓണക്കഥ

ഓണത്തിന് ബൂലോകകവിതയുടെ കുടക്കീഴില്‍ ഒരക്ഷരസദ്യ ഒരുക്കിയിട്ടുണ്ട്, ഞാനും ഒരു ഓണക്കഥ എഴുതിയിട്ടിട്ടുണ്ട്,

ഇവിടെ വായിക്കാം

ഹാപ്പി ഓണം,
-സിമി

8/08/2009

പിടിച്ചുപറിക്കാര്‍

പട്ടണത്തിലെ റെയില്‍‌വേ നടപ്പാലത്തിനു മുകളില്‍ കമ്പിവരിയില്‍ കൈയ്യൂന്നിക്കൊണ്ട് കീഴേ പോകുന്ന തീവണ്ടിയിലേക്ക് കാര്‍ക്കിച്ചു നീട്ടിത്തുപ്പുന്ന ആ ചുരുണ്ടമുടിക്കാരനാണ് അനില്‍. വെള്ളിനിറംപൂശിയ കൈവരിയിലേക്ക് ചാഞ്ഞുകിടന്ന് പിന്നോട്ടോടുന്ന കാലം പോലെ നീങ്ങുന്ന തീവണ്ടിയിലേക്ക് നോക്കുന്നത് ഒരു രസമാണ്. അനിലിന് കഴിയുമെങ്കില്‍ അതിനു മുകളിലേക്ക് മൂത്രമൊഴിക്കണമെന്നുണ്ട്. പക്ഷേ പാലത്തിലൂടെ പലരും നടക്കുന്നുണ്ട്. സൂര്യന്‍ താണുവരുന്നതേയുള്ളൂ. മുട്ടുകീറിയ നരച്ച ജീന്‍സും കൈ മടക്കിവെച്ച കള്ളിഷര്‍ട്ടും കണ്ടാല്‍ അടുത്തുള്ള ഏതെങ്കിലും കോളെജിലെ, അല്ലെങ്കില്‍ പാരലല്‍ കോളെജിലെ വിദ്യാര്‍ത്ഥി എന്നു തോന്നാം, പക്ഷേ സൂക്ഷിച്ചുനോക്കിയാല്‍ അയാള്‍ക്ക് മുപ്പതുവയസ്സോളം പ്രായമുണ്ടെന്ന് മനസിലാവും. മുന്‍‌വശത്തെ ഒരു പല്ല് പകുതിവെച്ച് ഒടിഞ്ഞിട്ടുണ്ട്.അടുത്ത പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഒരു ഭയങ്കരനാണ്. കണ്ണില്‍ ചോരയില്ലാത്ത ഇടിയാണ് ഇടിക്കുക. അനിലിന് പ്രത്യേകിച്ച് പണിയൊന്നുമില്ല. കുറച്ചുനാള്‍ ഒരു കടയില്‍ നിന്നിട്ടുണ്ട്, പ്രൈവറ്റ് ബസ്സില്‍ കണ്ടക്ടറായി ഓടിയിട്ടുണ്ട്, വര്‍ക്ക്ഷാപ്പില്‍ നിന്നിട്ടുണ്ട്, ചെറിയതോതില്‍ ഗുണ്ടാപ്പരിപാടികളൊക്കെ നോക്കിയിട്ടുണ്ട്. അനിലിന്റെ കൂടെ സ്കൂളിലും, പിന്നെ ജയിലിലുമൊക്കെ ഒന്നിച്ചുണ്ടായിരുന്നയാളാണ് ഇപ്പോള്‍ പാലത്തിന്റെ എതിര്‍‌വശത്തുനിന്നും അലസമായി നടന്നുവരുന്ന ഡേവിഡ്. ഡേവിഡിന്റെ ജീവിതവും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെ. വലിയ വട്ടത്തില്‍ ജ്വലിക്കുന്ന ചുവന്ന സൂര്യനിലേക്കുനോക്കിയാണ് ഡേവിഡിന്റെ നടത്ത. അടുത്തെത്തി ഡേവിഡ് അനിലിന്റെ തോളില്‍ കയ്യിട്ടപ്പൊഴേക്കും കാല്‍ക്കീഴില്‍ നിന്നും തീവണ്ടി പോയിക്കഴിഞ്ഞിരുന്നു.

“അളിയാ, പത്തുരൂപയുണ്ടോ? വിശക്കുന്നു.”
“ഇല്ല, പോടാ”
“നീയും പിച്ചയാണോ. തിന്നണ്ടേ അളിയാ”
അനില്‍ ഒന്നും മിണ്ടിയില്ല.
“പാലത്തിന്റെ താഴെ ഒരു കോള് നിക്കുന്നുണ്ട്, ഒരു പയ്യന്‍. ഉച്ചതൊട്ടേ ചുറ്റിപ്പറ്റി നില്‍ക്കുന്നു. നമുക്കവനെയങ്ങ് തിന്നാലോ?”

അനിലിന് വലിയ താല്പര്യമില്ലായിരുന്നു. ഒന്നാമതേ നേരം ഇരുട്ടിയിട്ടില്ല. പിന്നെ കാശോ മാലയോ പിടിച്ചുപറിച്ച് ഓടാനൊന്നും വയ്യ, എവിടെനിന്നെങ്കിലും ബൈക്ക് ഒപ്പിച്ചിട്ടാണെങ്കില്‍ പിന്നെയും നോക്കാമായിരുന്നു. എങ്കിലും മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അനില്‍ ഡേവിഡിന്റെ കൂടെപ്പോയി. പറഞ്ഞതു നേരായിരുന്നു. സാമാന്യം കാശുള്ള വീട്ടിലെ എന്നുതോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ - വിലകൂടിയ വാച്ചും കഴുത്തില്‍ തെളിഞ്ഞുകാണാവുന്ന സ്വര്‍ണ്ണച്ചെയിനും നല്ല വസ്ത്രങ്ങളും ധരിച്ച, ഇരുപത്തഞ്ചിനും മുപ്പതിനും ഇടയ്ക്ക് പ്രായം തോന്നിക്കുന്നയാള്‍, ഒരു മരത്തിനു താഴെ സിഗരറ്റും പുകച്ച് നില്‍ക്കുന്നു. എതിരേ കാലന്‍കുടയും പിടിച്ച് ഒരു മദ്ധ്യവയസ്കനും, പിന്നാലെ ഏതാനും കോളെജ് വിദ്യാര്‍ത്ഥിനികളും നടന്നുവരുന്നു. ഇവര്‍ ഈ യുവാവിനെ കടന്ന് മുന്നോട്ടുനടന്നു. അല്പം അകലെ അടച്ചുകിടന്ന ഒരു പീടികത്തിണ്ണയില്‍ കയറിയിരുന്ന് ഒരു ബീഡി കത്തിച്ച് പരസ്പരം കൈമാറി വലിച്ചു. വീണ്ടും അയാള്‍ക്കുനേരെ നടന്നുതുടങ്ങിയപ്പൊഴാണ് ഒരു പോലീസ് വണ്ടി പിന്നില്‍നിന്നും വന്നത്. അനിലിനെയും ഡേവിഡിനെയും എന്തോ നോട്ടപ്പിഴകൊണ്ട് കാണാതെപോയ പോലീസുകാര്‍ മരത്തണലില്‍ നില്‍ക്കുന്ന യുവാവിനു മുന്നില്‍ വണ്ടി നിറുത്തി. പോലീസുകാര്‍ ചീത്തപറഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു, യുവാവ് കാത്തുനില്‍പ്പ് നിറുത്തി ഡേവിഡിന്റെയും അനിലിന്റെയും ദിശയിലേക്ക് നടന്നുതുടങ്ങി.

ചെറുപ്പക്കാ‍രന്‍ നടന്നടുക്കുന്നതു കണ്ടപ്പോള്‍ പിടിച്ചുപറിക്കുള്ള സാദ്ധ്യതകള്‍ മങ്ങുന്നത് ദീര്‍ഘകാലത്തെ പ്രവര്‍ത്തിപരിചയം കൊണ്ട് ഡേവിഡ് മനസിലാ‍ക്കി. ഇനി മെയിന്‍ റോഡാണ്. ഇവന്റെ പിന്നാലെ പോയി വീട് മനസിലാക്കി വെക്കാം, ഒത്താല്‍ ഇന്നോ നടന്നില്ലെങ്കില്‍ വരുന്ന ദിവസങ്ങളിലോ ഒറ്റയ്ക്കു കിട്ടിയാല്‍ കാശുതട്ടിപ്പറിക്കാം എന്ന് ഡേവിഡ് സൂചിപ്പിച്ചു. നാളത്തെക്കാര്യത്തില്‍ അനിലിന് പ്രത്യേകിച്ച് താല്പര്യമൊന്നും തോന്നിയില്ല. വഴിവക്കിലെ ഒരു കടയില്‍ കയറിനിന്ന് ചെറുപ്പക്കാരനെ മുന്നേ കടന്നുപോവാനനുവദിച്ച്, ഇരുവരും പിന്നാലെ അകലം പാലിച്ചു നടന്നു. ഇടയ്ക്കിടെ വാച്ചില്‍ നോക്കിക്കൊണ്ടിരുന്ന ചെറുപ്പക്കാരന്‍ മൊബൈലില്‍ ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അയാള്‍ പെട്ടെന്ന് തിരിഞ്ഞ് വീണ്ടും ഇവര്‍ക്കു നേരെ വന്നു, ഇരുവരെയും കടന്ന്, മുഖത്തുനോക്കാതെ വന്നവഴിയേ തിരിച്ചുപോയി. “നമ്മളെ അവന്‍ കണ്ടെന്നുതോന്നുന്നു, സംഗതി പിശകാണ്, വിട്ടുകള” - ഡേവിഡ് പറഞ്ഞു. ഇനി രണ്ടുപേരും പിന്തുടര്‍ന്നിട്ട് കാര്യമില്ല എന്ന് അനിലിനും മനസിലായി.
“നീ ഏതെങ്കിലും ചായക്കടയില്‍ കയറിയിരിക്ക്, ഞാന്‍ പോയി നോക്കിയിട്ടുവരാം”.
“അളിയാ, പറ്റിക്കരുത്, പൌതിക്കാശു തരണം”
“തരാമെടാ, നീ പോ”

അനില്‍ അയാളുടെ പിന്നാലെ പോയി. ചെറുപ്പക്കാരന്‍ നടന്ന് പഴയ മരത്തിനു ചുവട്ടില്‍ത്തന്നെ നിലയുറപ്പിച്ചു. ഇനിയും തന്നെക്കണ്ടാല്‍ അയാള്‍ ഒരുപക്ഷേ ഓടിത്തുടങ്ങിയേക്കും. അനില്‍ സാമാന്യം അകലെ, അയാള്‍ കാണാത്തവിധത്തില്‍ മറഞ്ഞുനിന്നു. ചെറുപ്പക്കാരന്‍ ഇടക്കിടെ വാച്ചില്‍ നോക്കുന്നുണ്ടായിരുന്നു, തലയുയര്‍ത്തി റെയില്‍പാലത്തിന്റെ പടികളുടെ പൊക്കത്തേക്ക് നോക്കുന്നുണ്ടായിരുന്നു, മൊബൈലില്‍ ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു, വീണ്ടും സിഗരറ്റ് കത്തിച്ച് വലിക്കുന്നുണ്ടായിരുന്നു.

കുറെയേറെനേരം കഴിഞ്ഞ് താഴേക്കു നോക്കിക്കൊണ്ട് അയാള്‍ അനിലിന്റെ മുന്നിലൂടെ നടന്നുപോയി. അനില്‍ “ശ്ശ്” എന്ന ശബ്ദമുണ്ടാക്കി അയാളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചു, പക്ഷേ ഒന്നുകില്‍ അയാള്‍ കേട്ടില്ല, അല്ലെങ്കില്‍ കേട്ടതായി നടിച്ചില്ല. വഴി ഏകദേശം വിജനമാണെങ്കിലും പിടിച്ചുപറിക്കാനുള്ള സാഹചര്യം ഒത്തുകിട്ടിയില്ല. പോലീസിന്റെ ഇടിയും ജയിലിലെ ബോറടിയുമോര്‍ക്കുമ്പോള്‍ വേണ്ടാത്ത റിസ്ക് എടുക്കാന്‍ തോന്നിയതുമില്ല. കുറെ അകലം വിട്ട് അനില്‍ പിന്നാലെ നടന്നു. മെയിന്‍ റോഡിലൂടെ കുറെ ദൂരം മുന്നോട്ടുനടന്ന ചെറുപ്പക്കാരന്‍ ഒരിക്കല്‍പ്പോലും തലയുയര്‍ത്തിയില്ല, തിരിഞ്ഞുനോക്കിയില്ല. റോഡ് വളഞ്ഞ് കയറ്റം തുടങ്ങി. ഇടയ്ക്ക് പതറി റോഡിനു നടുക്കോട്ടു നീങ്ങിപ്പോയ ചെറുപ്പക്കാരനു പിന്നില്‍നിന്നും ചെവിപൊട്ടിക്കുന്നതരത്തില്‍ ഹോണടിച്ചുകൊണ്ട് ഒരു കാര്‍ വെട്ടിച്ചു കടന്നുപോയി. പെട്ടെന്ന് ഞെട്ടിയ അയാള്‍ നടത്തം നേരെയാക്കി ഇരുവശവും നോക്കി റോഡ് മുറിച്ചുകടന്ന് ഒരു ഇടവഴിയിലേക്ക് ഇറങ്ങി. കാഴ്ച്ചയില്‍ നിന്നും അയാള്‍ നഷ്ടപ്പെടാതിരിക്കാന്‍ അനില്‍ പെട്ടെന്ന് റോഡ് മുറിച്ചുകടന്നു, നടത്തത്തിന്റെ വേഗതകൂട്ടി.

മെയിന്‍ റോഡില്‍ നിന്നും ഇടവഴിയിലേക്ക് അനില്‍ പ്രവേശിച്ചപ്പോള്‍ അയാള്‍ അല്പമകലെ ഒരു വീടിന്റെ ഗേറ്റ് തുറക്കുകയായിരുന്നു - ഒരു നിമിഷം വൈകിയെങ്കില്‍ അയാള്‍ കാഴ്ച്ചയില്‍ നിന്നും മറഞ്ഞേനെ. അനില്‍ നടത്തം പതുക്കെയാക്കി. വീടിനു മുന്നില്‍ ഒരു നിമിഷം നിന്ന് ചെറുപ്പക്കാരന്‍ ചാരിയിട്ട ഗേറ്റ് ശബ്ദമില്ലാതെ തുറന്നു. ചെരുപ്പ് ഊരി കയ്യില്‍പ്പിടിച്ച് ശബ്ദമുണ്ടാക്കാതെ വീടിന്റെ വശത്തേക്കു മാറി. എതിര്‍വശത്തെ വീടിന്റെ ജനാല തുറന്നാല്‍ തന്നെ കാണാം എന്നുമനസിലാക്കി മതിലിനോടുചേര്‍ന്ന് കുന്തിച്ചിരുന്നു. അകത്തുനിന്നും ശബ്ദമൊന്നും കേട്ടില്ല. തനിക്കു നേര്‍ക്കുള്ള മുറിയില്‍ ലൈറ്റ് തെളിയുന്നതും ജനാല അടയുന്നതും അയാള്‍ അറിഞ്ഞു. വീട്ടില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് മനസിലാക്കണം. കൂടുതല്‍ ആള്‍ക്കാരുണ്ടെങ്കില്‍ നേരം ഇരുട്ടുന്നതുവരെ കാക്കണം. ഒരാള്‍ മാത്രമേയുള്ളൂവെങ്കില്‍ - അനില്‍ തലപൊക്കി ജനാലയിലേക്കു നോക്കി. കര്‍ട്ടന്റെ തുണികള്‍ നടുക്ക് വലിച്ചുചേര്‍ത്തതിലെ വിടവിലൂടെ മുറിക്കകം കാണാമായിരുന്നു.

അയാള്‍ മുറിയുടെ നടുക്ക് അനങ്ങാതെനില്‍ക്കുന്നു. ഒരു നീളമുള്ള വെളുത്ത ബെഡ്ഷീറ്റ് കഴുത്തില്‍ ഒരു ഷാള്‍ പോലെ മുന്നോട്ടിട്ടിരിക്കുന്നു. അയാളുടെ കണ്ണുകള്‍ ചുവന്നുകിടക്കുന്നു. പിന്നീട് മുറിക്കു പുറത്തേക്കുപോയ അയാള്‍ ഒരു പ്ലാസ്റ്റിക്ക് കസേരയും വലിച്ചുകൊണ്ടു വന്നു. മുറിയുടെ നടുവില്‍ കസേരയിട്ട് അതില്‍ കയറിനിന്ന് സീലിങ്ങ് ഫാനിലേയ്ക്ക് എത്തിപ്പിടിച്ചു. ബെഡ് ഷീറ്റ് ചുരുട്ടി ഫാനില്‍ കുരുക്കിടാന്‍ തുടങ്ങി. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് ഒരു കെട്ടിടാന്‍ അയാള്‍ ഏറെ പ്രയാസപ്പെട്ടു. പിന്നീട് കെട്ട് മുകളിലേക്കും താഴേക്കും ഞാത്തിനോക്കി. രണ്ടുകൈകൊണ്ടും വലിച്ച് ഷീറ്റിന്റെ ഉറപ്പുപരിശോധിച്ചു. പെട്ടെന്ന് വിതുമ്പിത്തുടങ്ങിയ അയാള്‍ കസേരയില്‍ നിന്നും താഴെയിറങ്ങി. മുറിയില്‍ക്കിടന്ന നോട്ടുപുസ്തകത്തില്‍ നിന്നും ഒരു വെള്ളക്കടലാസ് കീറിയെടുത്ത് നിലത്തിരുന്ന്, കടലാസ് കസേരയില്‍ വെച്ച് എഴുതാന്‍ തുടങ്ങി. ഒരുപാടുനേരമെടുത്ത് എഴുതിയത് പലതായി മടക്കി പോക്കറ്റിലിട്ടു. വീണ്ടും കസേരയ്ക്കു മുകളില്‍ കയറി. നിമിഷങ്ങളോളം കുരുക്കില്‍ പിടിച്ചുകൊണ്ടുനിന്നു. അയാളുടെ നെറ്റിയില്‍ നിന്നും വിയര്‍പ്പുതുള്ളികള്‍ ഒഴുകി. ചുണ്ടുകള്‍ കടിച്ചുപിടിച്ചിട്ടുണ്ട്, മുഖം വലിഞ്ഞുമുറുകിനില്‍ക്കുന്നു. അയാള്‍ ഇടതുകൈകൊണ്ട് കുരുക്ക് കഴുത്തിനു നേര്‍ക്ക് താഴ്ത്തി.

അനില്‍ ശബ്ദമുണ്ടാക്കാതെ വീടിനു മുന്‍‌വശത്തേക്കു നീങ്ങി വാതിലില്‍ മുട്ടിത്തുടങ്ങി.
“ആരാണ്?” ചെറുപ്പക്കാരന്റെ വിഹ്വലമായ ശബ്ദവും അയാള്‍ കസേരയില്‍ നിന്നും താഴെയിറങ്ങുന്ന ശബ്ദവും കാലടിയൊച്ചകളും കേട്ടു. പിന്നെ വാതില്‍ തുറന്ന് വിരണ്ട കണ്ണുകളോടെ “ആരാണ്” എന്ന് ചെറുപ്പക്കാരന്‍ വീണ്ടും ചോദിച്ചു.
“ഞാന്‍ കുറച്ചു നേരമായി നിങ്ങളുടെ പിറകേയുണ്ട്. എന്തായാലും ചാവാന്‍ പോകുവല്ലേ, മാലയും കാശും വാച്ചുമൊക്കെ ഇങ്ങു തന്നിട്ടു ചാവ്. എനിക്ക് കാശിനു കുറച്ച് ആവശ്യമുണ്ടായിരുന്നു”.

പൊടുന്നനെ “ചേച്ചീ, ഓടിവായോ” എന്ന് വലിയവായില്‍ നിലവിളിച്ച്, ഇടതുകൈകൊണ്ട് തന്റെ കഴുത്തിലെ സ്വര്‍ണ്ണമാല പൊത്തിപ്പിടിച്ചുകൊണ്ടും വലതുകൈകൊണ്ട് അനിലിനെ തള്ളിമാറ്റിക്കൊണ്ടും ചെറുപ്പക്കാ‍രന്‍ പുറത്തേക്കിറങ്ങിയോടി. ശബ്ദം കേട്ട് അടുത്ത വീട്ടിനുള്ളില്‍ ആരോക്കെയോ മുന്‍‌വാതിലിനു നേര്‍ക്ക് ഓടുന്നത് അനിലിനു കേള്‍ക്കാമായിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ അനില്‍ ഗേറ്റിനു പുറത്തിറങ്ങി ചെറുപ്പക്കാരന്‍ ഓടിയതിന് എതിര്‍ദിശയിലേക്ക് വേഗത്തില്‍ നടന്നുതുടങ്ങി.

8/04/2009

വര്‍ഗ്ഗീസ് - റീലോഡഡ്

ആശുപത്രിയിലെ നിറമടര്‍ന്ന ജനാലയില്‍ ഞാത്തിയിട്ടിരുന്ന വെളുത്ത കര്‍ട്ടന്‍ ഇളംകാറ്റത്ത് മാലാഖയുടെ ചിറകുപോലെ പിടച്ചതുകൊണ്ടാണോ, തറ വെളുക്കെ തുടച്ചിട്ടിരുന്ന അണുനാശിനിയുടെ മണം മൂക്കിലടിച്ചുകയറിയതുകൊണ്ടാണോ, ശ്രീ എം. വര്‍ഗ്ഗീസ്, 54 വയസ്സ് തന്റെ ഒരു വര്‍ഷം നീണ്ട കോമയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റത് എന്നറിയില്ല. (വീട്ടിലേക്ക് മലക്കറിയും മീനും വാങ്ങി വരുന്നവഴി) വണ്ടിയിടിച്ച് കിടപ്പായതാണ്. ഡോക്ടര്‍മാര്‍ മരിച്ചുപോവുമെന്ന് വിധിയെഴുതിയതാണ്, മരിക്കരുതേ എന്ന് മക്കളും സ്നേഹമുള്ളവരും പ്രാര്‍ത്ഥിച്ചതാണ്, മരിക്കാനായി കൂട്ടിരുന്നതാണ്, ഇരുന്നുമടുത്ത് അവര്‍ ഈ നരച്ചുപഴകിയ ആശുപത്രിയിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ചുരുക്കിയതാണ് (ശ്രീ. അന്നാമ്മ വര്‍ഗ്ഗീസ് ദിവസവും, മക്കള്‍ ഇടവിട്ടും സന്ദര്‍ശിച്ചുകൊണ്ടിരുന്നു, ഒന്നും കേള്‍ക്കില്ല എന്നറിയാമായിരുന്നിട്ടും അന്നാമ്മ വര്‍ഗ്ഗീസ് തന്റെ ഭര്‍ത്താവിനോട് പരിഭവങ്ങളും വിശേഷങ്ങളും പറഞ്ഞുകൊണ്ടിരുന്നു), പക്ഷേ വര്‍ഗ്ഗീസ് മരിച്ചില്ല. ഉറങ്ങിപ്പോയതേയുള്ളൂ. ഉറക്കമുണര്‍ന്നപ്പോള്‍ പഞ്ഞിച്ചിറകുകളും വെള്ളയലുക്കുവസ്ത്രങ്ങളുമുള്ള ഒരു മാലാഖ “വരൂ സമയമായി” എന്നുമന്ത്രിച്ചുകൊണ്ട് മേഘങ്ങളിലേക്ക് വലിക്കുന്നത് അയാള്‍ സ്വപ്നം കാണുകയായിരുന്നു. സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രത്തില്‍ സൂചികളും ഗുളികകളുമടുക്കിവെച്ച് മാലാഖ മുറിവിട്ടുപോയി. അയാള്‍ കണ്ണുതുറക്കാന്‍ പിന്നെയും അല്പം സമയമെടുത്തു. മുറിയില്‍ മറ്റാരുമില്ല. ഏറെനാളത്തെ കിടപ്പുകൊണ്ട് കൈകാലുകള്‍ മരച്ചുപോയിരുന്നു. ശ്രദ്ധയോടെ, എന്നാല്‍ അവിദഗ്ധമായി സ്വയം വേദനിപ്പിച്ചുകൊണ്ട്, അയാള്‍ കൈത്തണ്ടയില്‍ ഞരമ്പിലേക്ക് കുത്തിയിരുന്ന ഡ്രിപ്പിന്റെ നാളി ഊരിമാറ്റി. കഴുത്തുചരിച്ച് തന്റെ ശുഷ്കിച്ച ശരീരത്തിലേക്കുനോക്കി വിഷാദപ്പെട്ട്, പ്രയാസപ്പെട്ട് ജനലഴികളില്‍ കൈകൊരുത്ത്, നടുവളച്ച്, കട്ടിലിന്റെ വക്കില്‍പ്പിടിച്ച് പിച്ചവെച്ച്, വര്‍ഗ്ഗീസ് ചുമരലമാര തുറന്നു. അവിടെ ഒരു പ്ലാസ്റ്റിക്ക് കൂടില്‍ അലക്കി മടക്കിയ മുണ്ടും ഷര്‍ട്ടും ഒരു പൊതിയില്‍ മരുന്നുകളും മുഷിഞ്ഞ ഒരു കൈലേസുകെട്ടിനകത്ത് കുറച്ച് നോട്ടുകളും വെച്ചിരുന്നു. വസ്ത്രം മാറി, കാശെടുത്ത് പോക്കറ്റിലിട്ടു, മുടിചീകി, റബ്ബര്‍ ചെരുപ്പുമിട്ട് അയാള്‍ മുറിയുടെ വാതില്‍ പുറത്തുനിന്ന് ചാരി. ആശുപത്രി വൃത്തിയോടെ തിളങ്ങുന്നു. വര്‍ഗ്ഗീസ് എതിരേവന്ന നേഴ്സുമാര്‍ക്ക് അഭിവാദ്യം പറഞ്ഞ് പുറത്തെ വെയിലിലേക്കിറങ്ങി. ഉച്ചയും ഉഷ്ണവുമായിരുന്നു‍. പെട്ടന്നുതന്നെ ക്ഷീണിച്ചുപോയ അയാള്‍ ആശുപത്രിയുടെ പുറത്തെ ഹോട്ടലിലിരുന്ന് ഒരു ചായ പറഞ്ഞു, കുറെ ശ്രമിച്ചിട്ടാണ് ഒരു കവിള്‍ ചായ വിഴുങ്ങാന്‍ പറ്റിയത്. ചുമരില്‍ തൂക്കിയിട്ട കലണ്ടറില്‍ നിന്നും എത്രനാള്‍ ഉറങ്ങിയെന്ന് വര്‍ഗ്ഗീസ് കണക്കുകൂട്ടാന്‍ നോക്കിയെങ്കിലും എന്നാണ് കിടയതെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല. അയാള്‍ ബസ് സ്റ്റോപ്പിലേക്കു നടന്നു. അവിടെ അല്പം തടിച്ച ഒരു വീട്ടമ്മയുടെ വയറില്‍ നിന്നും സ്ഥാനം തെറ്റിക്കിടന്ന സാരിത്തുമ്പിനിടയിലെ വെളുത്ത മാംസത്തില്‍ കണ്ണുകൊളുത്തി വര്‍ഗ്ഗീസ് തന്റെ ഭൂതകാ‍ലം ഓര്‍ക്കാന്‍ ശ്രമിച്ചു. അവര്‍ സാരിത്തുമ്പുനേരെയാക്കി, വര്‍ഗ്ഗീസിനുനേര്‍ക്ക് ചിരിച്ചു.

അയാള്‍ നല്ല മനുഷ്യനായിരുന്നു. ആരെയും ദ്രോഹിക്കാ‍ത്ത, കള്ളം ചെയ്യാത്ത മനുഷ്യന്‍. വര്‍ഗ്ഗീസ് ഒരിക്കലും മദ്യപിച്ചില്ല, ഭാര്യ അറിയാതെ ഒന്നും ചെയ്തില്ല, സൌമ്യനും ശാന്തനുമായ വര്‍ഗ്ഗീസ് ആരോടും ദേഷ്യപ്പെട്ടില്ല, ഒരു രൂപ പോലും വെറുതേ കളഞ്ഞില്ല - ഇതയാള്‍ ആലോചിച്ചത് “സാര്‍ ഒരുരൂപ താ” എന്നുപറഞ്ഞ് ഒരു തെണ്ടിച്ചെക്കന്‍ ഷര്‍ട്ടിന്റെ തുമ്പില്‍പ്പിടിച്ച് താഴോട്ടുവിളിച്ചപ്പൊഴാണ്. നല്ലവനായ വര്‍ഗ്ഗീസ്, തന്റെ ഓര്‍മ്മകളെ അതിശയിപ്പിച്ചുകൊണ്ട്, പത്തുവയസ്സിനു താഴെ പ്രായവും അഞ്ചുവയസ്സിന്റെ വളര്‍ച്ചയുമുള്ള ആ കുളിക്കാത്ത പയ്യനുനേരെ “പോടാ” എന്നലറി. പയ്യന്‍ ഞെട്ടി പിന്നോട്ടുമാറി. ബസ് സ്റ്റോപ്പില്‍ നിന്ന വീട്ടമ്മ പേടിച്ചുപോയ തന്റെ മുഖം തിരിച്ചു. നാശം എന്നുപ്രാകിക്കൊണ്ട് വര്‍ഗ്ഗീസ് ഒരു ഓട്ടോറിക്ഷ കൈകാണിച്ചുനിറുത്തി.

പുളിച്ച യീസ്റ്റിന്റെ മണമുള്ള കുരീപ്പുഴ ഷാപ്പിലിരുന്ന് രണ്ടാമത്തെക്കുപ്പി കള്ളുകുടിച്ചുകൊണ്ടിരുന്നപ്പൊഴാണ് ഒട്ടും ഭംഗിയില്ലാത്ത ഒരു കുറ്റിത്താടി വര്‍ഗ്ഗീസിന് എതിരേ വന്നിരുന്നത്. കൊടമ്പുളിയിട്ട മീന്‍‌ചാറ് തൊട്ടുനക്കി തണുത്തകള്ള് ഒരുകവിള്‍ കുടിച്ച്, ആ രുചിയുടെ മീതേ വഴറ്റിയ ഞണ്ടിന്‍കാല്‍ കടിച്ച് ശ്രദ്ധയോടെ ഉറിഞ്ചിക്കൊണ്ടിരുന്നപ്പൊഴാണ് കുറ്റിത്താടി കറകറാശബ്ദത്തില്‍ പാടിത്തുടങ്ങിയത്. ഗതകാല സ്മരണകളുണര്‍ത്തുന്ന മനോഹരമായ ഗാനം ഒട്ടും ഭംഗിയില്ലാതെ പാടിനശിപ്പിച്ചതുകൊണ്ടാണ് “നിര്‍ത്തഡാ“ എന്ന് വര്‍ഗ്ഗീസ് അലറിയത്. അതുവരെ കോഴിക്കൂടുപോലെ ചിലച്ചും ഡെസ്കില്‍ താളം പിടിച്ചുമിരുന്ന ബാര്‍ നിശബ്ദമായി. കുറ്റിത്താടി പാട്ടുനിറുത്തി, പതുക്കെ എണീറ്റു. വര്‍ഗ്ഗീസിനു മുന്നേ വന്ന് നെട്ടനെനിന്നു. വര്‍ഗ്ഗീസ് എഴുന്നേറ്റ് കൈ ചുരുട്ടി ആയമെടുത്തപ്പൊഴേക്കും കുറ്റിത്താടി പിടിച്ചു തള്ളിക്കഴിഞ്ഞിരുന്നു. വര്‍ഗ്ഗീസ് ബെഞ്ചിലേക്ക് കമഴ്ന്നുവീണു, എങ്കിലും പിടഞ്ഞെഴുന്നേറ്റ് കുറ്റിത്താടിയുടെ നെഞ്ചത്തിടിച്ചു. ഇടികൊണ്ട് നിമിഷങ്ങളോളം അയാള്‍ അമ്പരന്നുനിന്നു, പിന്നെ ചുണ്ടുതുറക്കാതെ മെലിഞ്ഞ ഒരു ചിരിചിരിച്ചുകൊണ്ട് സ്വന്തം ബെഞ്ചില്‍ പോയിരുന്ന് വര്‍ഗ്ഗീസിനെ ചൂണ്ടി “അയാക്കു കഴിക്കാനെന്തെങ്കിലും കൊട്” എന്ന് മുരടന്‍ ശബ്ദത്തില്‍ വിളിച്ചുപറഞ്ഞു. ബാര്‍ പൊട്ടിച്ചിരിച്ചു. വര്‍ഗ്ഗീസിന് കുപ്പിയെടുത്ത് അയാളുടെ തലയടിച്ചുപൊളിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അപ്പോഴും പൊട്ടിച്ചിരിച്ചുകൊണ്ടിരുന്ന കുറ്റിത്താടിയെ നോക്കിയപ്പോള്‍ വര്‍ഗ്ഗീസും ചിരിച്ചുപോയി. അയാള്‍ കാശുകൊടുത്ത് പുറത്തിറങ്ങി. പുറത്തപ്പൊഴും നല്ലചൂടായിരുന്നു.

ആരെ പ്രതീക്ഷിച്ചാണോ വര്‍ഗ്ഗീസ് വികാസ് നഗര്‍ സെക്കന്‍ഡ് സ്ട്രീ‍റ്റിലൂടെ നടന്നത്, അവര്‍ - കമലമ്മ, ഒരു പ്ലാസ്റ്റിക്ക് കൂടയും തൂക്കി എതിരേ വന്നു. വര്‍ഗ്ഗീസ് ചിരിച്ചു, അവര്‍ ആദ്യം തിരിച്ചറിഞ്ഞില്ല. “കമലമ്മേ“ എന്നു വിളിച്ചപ്പോള്‍ ആശ്ചര്യത്തോടെ, സന്തോഷത്തോടെ, “അല്ലാ, സാറോ, എത്ര വര്‍ഷമായി“ എന്നുമൊഴിഞ്ഞു. പ്രായം കമലമ്മയുടെ ശബ്ദമാധുര്യം കവര്‍ന്നില്ല. പോസ്റ്റോഫീസിലെ ഉദ്യോഗസ്ഥയായ അവരെ പഠിക്കുന്ന കാലത്ത് വര്‍ഗ്ഗീസ് ആഴത്തില്‍ പ്രേമിച്ചിരുന്നെങ്കിലും അത് തുറന്നുപറയാന്‍ പറ്റിയിരുന്നില്ല, പിന്നീട് വിവാഹശേഷം പലപ്പൊഴും പരസ്പരം കണ്ടിട്ടുണ്ടെങ്കിലും അധികം സംസാരിച്ചിട്ടില്ല. “നീ എത്ര മാറിപ്പോയി” എന്നുകേട്ട് കമലമ്മ അമ്പരന്നുനിന്നു.

“സാറ് വീട്ടിലേക്കു വരൂ, ചായകുടിച്ചിട്ടുപോവാം”.
വര്‍ഗ്ഗീസിന് അവരുടെ - അവളുടെ വീട്ടിലേക്കുപോയി അവളുടെ ശരീരമാസകലം ചുംബിക്കണമെന്നും വിവസ്ത്രയാക്കണമെന്നും ആ വലിയ മുലകളില്‍ കടിക്കണമെന്നും തോന്നി. പക്ഷേ - “കമലയുടെ ഭര്‍ത്താവ് എപ്പോള്‍ വരും?”
“സാറ് ചായകുടിച്ചുകഴിയുമ്പൊഴേക്കും അദ്ദേഹമെത്തും, വരൂ”.
“നീയെന്നെ സാറെന്നു വിളിക്കണ്ട”.
കമലമ്മ ഒരുനിമിഷം അമ്പരന്നുനിന്നു. പിന്നെ ഒരുപാട് വര്‍ഷങ്ങളായി ചിരിക്കാത്ത ഒരു ചിരി ചിരിച്ചുകൊണ്ട്, ഏറ്റവും വലിയ സ്നേഹത്തോടെയും വാത്സല്യത്തോടെയും “മോനേ, വര്‍ഗ്ഗീസേ“ എന്നുവിളിച്ചു. ചിരിച്ചുകൊണ്ട് മുന്നോട്ട് രണ്ടുകാല്‍ വെച്ചു, തന്റെ വലിയ ശരീരം തിരിച്ച് വരുന്നില്ലേ എന്നുചോദിച്ചു. താന്‍ പിടിക്കപ്പെടുമോ എന്ന ഉദ്വേഗത്തോടെ കാമിനിയെപ്പുണരുന്ന ജാരനെപ്പോലെ അയാളുടെ ചോരതിളച്ചു, രോമങ്ങള്‍ എഴുന്നുനിന്നു. “ഇല്ല, ഇനിയൊരിക്കല്‍.” വര്‍ഗ്ഗീസ് തിരിഞ്ഞുനടന്നു. വളവിലെത്തിയപ്പോള്‍ കമലമ്മയുടെ ഭര്‍ത്താവ് എതിരേ വരുന്നു.

“എന്താ വര്‍ഗ്ഗീസേ, വലിയ സന്തോഷത്തിലാണല്ലോ?”
“പിന്നല്ലാതെ, ഇന്ന് എന്റെ ദിവസമാണ്”
“ആഹാ, കണ്ടിട്ട് കുറെയേറെ ആയല്ലോ?, ആശുപത്രിയിലായിരുന്നെന്നു കേട്ടു”
“അതെ, പുറത്തിറങ്ങിയിട്ട് കുറച്ചേ ആയുള്ളൂ”.
“വീട്ടിലേക്കുവരൂ, ചായ കുടിച്ചിട്ടുപോവാം”.
“ഇല്ല, പിന്നൊരിക്കലാവട്ടെ”.
“പിന്നെ, തീര്‍ച്ചയായും വീട്ടില്‍ വരണം”
“വരും, തീര്‍ച്ച”.

അടുത്ത ഓട്ടോപിടിച്ച് വര്‍ഗ്ഗീസ് അര്‍ച്ചന തിയ്യെറ്ററിലിറങ്ങി. സുരേഷ് ഗോപിയുടെ പടം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആണ്. ക്യൂവില്‍ നിന്ന് ഒരുപാടു തള്ളുകൊണ്ടിട്ടും ടിക്കറ്റുകിട്ടിയില്ല. ബ്ലാക്കില്‍ ടിക്കറ്റെടുത്ത് തലയുയര്‍ത്തുമ്പൊഴാണ് “അപ്പാ” എന്ന് ആശ്ചര്യത്തോടെ വിളിച്ചുകൊണ്ട് വിഹ്വലനായ തന്റെ മകന്‍ മുന്നില്‍ നില്‍ക്കുന്നത്.

“എവിടെയെല്ലാം അന്വേഷിച്ചു. ഇതെന്തുകോലമാണ്. എങ്ങനെ ഇറങ്ങിപ്പോയി. ദൈവമേ, അമ്മച്ചി അള്‍ത്താരക്കുമുന്നില്‍ മുട്ടിപ്പായി കരയുകയാണ്, എന്നാലും അപ്പനെ ജീവനോടെ തിരിച്ചുകിട്ടിയല്ലോ, ആശുപത്രിയിലേക്കുവരൂ. അവിടെ എല്ലാവരും വെപ്രാളത്തിലാണ് - അപ്പന്‍ എവിടെയെങ്കിലും മരിച്ചുകിടക്കുന്നെന്നാണ് - മകന്‍ പറഞ്ഞുകൊണ്ടിരുന്നത് പകുതിയില്‍ നിറുത്തി”. പടം കണ്ടിട്ടുപോവാം എന്ന് വര്‍ഗ്ഗീസ് വിഷാദത്തോടെ പറഞ്ഞതു ഗൌനിക്കാതെ അയാളെ ശ്രദ്ധയോടെ പിടിച്ച് കാറില്‍ കയറ്റി.

ടാക്സിയുടെ പിന്‍‌സീറ്റിലിരുന്ന് വര്‍ഗ്ഗീസ് ക്ഷീണിച്ചു, അല്പം കിടക്കണമെന്നുപറഞ്ഞു. മകന്റെ തോളിലേക്ക് ചാഞ്ഞിരുന്നുറങ്ങി.

ആശുപത്രിയിലെത്തി പുറത്തിറങ്ങാനായി മകന്‍ കുലുക്കിവിളിച്ചപ്പൊഴേക്കും വര്‍ഗ്ഗീസ് മരിച്ചുപോയിരുന്നു. ശവശരീരത്തിന്റെ മുഖത്ത് വിടര്‍ന്നുനിന്ന ചിരിനിവര്‍ത്തി ഗൌരവഭാവം വരുത്താന്‍ അവര്‍ ഏറെ പാടുപെട്ടു.

Google