സിമിയുടെ ബ്ലോഗ്

3/31/2009

വോഡ്ക ഡ്രിങ്കേഴ്സ് - ഒരു നിരൂപണം

പ്രശസ്ത റഷ്യന്‍ സംവിധായകനായ അലക്സീ റുബായേവിന്റെ മൂന്നാമത്തെ ചിത്രമാണ് “വോഡ്ക ഡ്രിങ്കേഴ്സ്” എന്ന (തെല്ലു വിചിത്രമാ‍യ) പേരില്‍ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്ത “ഒക്രൂഷ്ക” (2005). റഷ്യന്‍ ഓസ്കാര്‍ എന്നറിയപ്പെടുന്ന “നികാ“ പുരസ്കാരം ലഭിച്ച ഈ സിനിമ കാന്‍, മോണ്രിയാല്‍ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശനത്തിനു വന്നു. വോഡ്കാ ഡ്രിങ്കേഴ്സ് 2007-ലെ ഗോവന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കപ്പെട്ടു, എങ്കിലും ഇന്ത്യയില്‍ അധികം ആരവങ്ങളുണ്ടാക്കാതെ പോയി. ഈ സിനിമയിലെ ചില ലൈംഗിക രംഗങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ / മലയാള പത്രങ്ങളില്‍ ഒഴുക്കന്‍ മട്ടിലെങ്കിലും പ്രതിപാദിക്കപ്പെട്ടത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞെങ്കിലും വിക്കിപീഡിയയിലും ഐ.എം.ഡി.ബി.യിലും ഈ ചലച്ചിത്രത്തിന്റെ കഥയുടെ ചുരുക്കെഴുത്ത് മാത്രമേ ലഭ്യമായിട്ടുള്ളൂ‍. അവിസ്മരണീയമായ ഈ ദൃശ്യ-ശ്രവ്യാനുഭവത്തിന് വേണ്ടത്ര നിരൂപകശ്രദ്ധ കിട്ടാതെപോയതിലുള്ള പരിഭവമാണ് ഈ കുറിപ്പിലേയ്ക്ക് നയിച്ചത്.

“റ്റൈം വാച്ച്”, “ഡെലോ സുഖോവോ ഡോളിബിന”, എന്നീ റഷ്യന്‍ സിനിമകളിലൂടെ പ്രശസ്തനായ ആന്ദ്രേ ഇവാനോവ് ആണ് സിനിമയുടെ കേന്ദ്രബിന്ദുവായ “സാക്ക്” എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യത്തെ ഷോട്ടില്‍ കാണുന്നത് കാമറയ്ക്ക് അഭിമുഖമായി താടിക്കു കൈകൊടുത്തിരിക്കുന്ന സാക്കിനെയാണ്. ട്രെയിനിന്റെ കുലുക്കത്തില്‍ നിന്നും തുറന്നുകിടക്കുന്ന ജനലിലൂടെ തെന്നിനീങ്ങുന്ന സ്റ്റെപ്പികളുടെ ദൃശ്യം നമുക്ക് സാക്ക് തീവണ്ടിയില്‍ ഇരിക്കുകയാണെന്ന് മനസിലാക്കിത്തരുന്നു. അയാളുടെ പച്ചക്കണ്ണുകളിലേയ്ക്ക് കേന്ദ്രീകരിക്കുന്ന കാമറ കണ്ണിനുള്ളിലേയ്ക്കു പോവുന്നു, അതിവേഗത്തില്‍ മുന്നോട്ടുനീങ്ങുന്ന തീവണ്ടിയും സ്റ്റെപ്പികളും* കടന്ന് കടന്ന് ഒരു വൈക്കോല്‍ത്തുറുവിന്റെ മുന്നില്‍ നില്‍ക്കുന്ന കാമറ സാക്കിനെയും എലീന എന്ന സുന്ദരിയായ സാക്കിന്റെ കാ‍മുകിയെയും കാണിക്കുന്നു (ആന്ദ്രിയ ജോണ്‍സണ്‍ - ഗ്ലാഡിയേറ്റര്‍, സൈഡ് വൈസ് എന്നീ ചിത്രങ്ങളില്‍ ഇവര്‍ അല്പപ്രധാനമായ രംഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്). തീവ്രപ്രണയത്തിനുശേഷമുള്ള ആലസ്യത്തില്‍ വൈക്കോല്‍ കൊണ്ടു ശരീരംമൂടിക്കിടക്കുന്ന എലീന പോവരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ രംഗം മങ്ങി പശ്ചാത്തലത്തിലേയ്ക്ക് മറയുന്നു. വീണ്ടും ഉയര്‍ന്നുവരുന്ന പോവരുത്, പോവരുത്, എന്ന ശബ്ദത്തില്‍ തീവണ്ടിയുടെ താളം കലരുന്നു. കാമറ തീവണ്ടിയിലിരിക്കുന്ന സാക്കിന്റെ മുഖത്ത് കേന്ദ്രീകരിക്കുന്നു. ഒരു സംഘട്ടനം നടക്കുന്ന ശബ്ദം ഉയര്‍ന്നുവരുന്നു. സാക്ക് എഴുന്നേറ്റ് അടുത്ത കാബിനിലേയ്ക്കു പോവുമ്പോള്‍ കാണുന്നത് സാമാന്യം തടിച്ച തന്റെ ഭാര്യയെ മര്‍ദ്ദിക്കുന്ന നരച്ച വട്ടമുഖമുള്ള മദ്ധ്യവയസ്കനെയാണ്. സാക്കിനെ കണ്ട് അയാള്‍ അമ്പരന്നുനോക്കുന്നു. അയാളെ തടുക്കാന്‍ അലറിക്കൊണ്ട് മുന്നോട്ടായുന്ന സാക്ക് തടിയന്‍ കൈവീശിയുള്ള അടികൊണ്ട് വീഴുന്നു. ഈ രംഗത്തിലെ ശബ്ദസമന്വയം മികച്ചതാണ്.

വീണുകിടക്കുന്ന സാക്കിന്റെ കൈ തന്റെ അടിവയറ്റിലേയ്ക്കു പോവുന്നു, അടിവയറ്റില്‍ മുഴച്ചുനില്‍ക്കുന്ന ഒരു കൈത്തോക്ക് അപ്പൊഴാണ് പ്രേക്ഷകനു വെളിപ്പെടുന്നത്. അവന്റെ കൈ തോക്കിനുമേല്‍ ഒരു നിമിഷം തങ്ങിനില്‍ക്കുമ്പോള്‍ സിനിമയില്‍ പൂര്‍ണ്ണ നിശബ്ദതയാണ് (നിശബ്ദതയെ സമയത്തിന് ദൈര്‍ഖ്യം കൂട്ടുവാനും പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുവാനുമുള്ള ഉപകരണമായി റുബായേവ് വിദഗ്ധമായി ഉപയോഗിച്ചിരിക്കുന്നു). സാക്കിനെ താങ്ങി എഴുന്നേല്‍പ്പിക്കുന്ന ഭാര്യയും ഭര്‍ത്താവും അയാളെ ചാരി ഇരുത്തുന്നു. സാരമില്ല എന്നുപറഞ്ഞ് അടികൊടുത്തയാള്‍ സാക്കിന് എതിരേ ഇരിക്കുന്നു. എന്നിട്ട് പോക്കറ്റില്‍ നിന്നും ഒരു ഫ്ലാസ്ക് വോഡ്ക പുറത്തെടുക്കുന്നു. കാമറയുടെ നേരെ നീണ്ടുവരുന്ന വോഡ്കയുടെ നേര്‍ക്ക് അടിവയറ്റിലെ പിടിത്തം വിട്ട് അവന്‍ കൈ നീട്ടുന്നു, സാക്ക് എങ്ങോട്ടാണെന്ന് അവര്‍ തിരക്കുന്നു - അവന്‍ രണ്ട് ദിവസത്തേയ്ക്ക് മോസ്കോയ്ക്ക് പോവുകയാണ്. തടിച്ച സ്ത്രീ “ആരും രണ്ടു ദിവസത്തേയ്ക്ക് മോസ്കോയ്ക്ക് പോവാറില്ല, ഒരു ജീവിതകാലത്തേയ്ക്കേ പോവാറുള്ളൂ” എന്ന് അലസമായി പറയുന്നു. “അവിടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കൂ” എന്നുപറഞ്ഞ് ഫോണ്‍ നമ്പര്‍ ഒരു പഴയ കടലാസുകഷണത്തില്‍ അവര്‍ എഴുതി നല്‍കുന്നു.

സിനിമയില്‍ വരാനിരിക്കുന്ന അനുഭവങ്ങളുടെ പ്രതീകവും ആവര്‍ത്തിക്കുന്ന ഒരു ബിംബവുമാണ് വോഡ്ക എന്നു കാണാം - സ്നേഹത്തിന്റെ - ഒരുതരം വരണ്ട സ്നേഹത്തിന്റെ ബിംബമായാണ് റുബായേവ് വോഡ്കയെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് തുടര്‍ന്നുവരുന്ന സീനുകളിലൂടെ പ്രേക്ഷകനു മനസിലാവുന്നു. ഉദാഹരണത്തിന് രാത്രി ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി സാക്കിന്റെ നെഞ്ചിലേയ്ക്ക് തോക്കുചൂണ്ടി പണവും പാസ്പോര്‍ട്ടും ടിക്കറ്റും കൊള്ളയടിക്കുന്ന കള്ളനും കൊള്ളകഴിഞ്ഞ് മിണ്ടാതെ സാക്കിന്റെ വായിലേയ്ക്ക് വോഡ്ക ഇറ്റിക്കുന്നു. ടിക്കറ്റ് ഇല്ല എന്ന കുറ്റത്തിന് സാക്കിനെ അറസ്റ്റ് ചെയ്യുന്നത് ഒരു റഷ്യന്‍ പട്ടാളക്കാരനാണ്. തുടര്‍ന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിനായി ട്രെയിനിന്റെ ടോയ്ലെറ്റില്‍ സ്വവര്‍ഗ്ഗരതിയ്ക്ക് സാക്കിനെ വിധേയനാക്കുന്ന (ഏതാനും കൂര്‍മ്മമായ സൂചനകളിലൂടെയാണ് ഈ രംഗം റുബായേവ് വിദഗ്ധമായി സിനിമയില്‍ ആവിഷ്കരിച്ചിരിക്കുന്നത്) അയാളും അവനോട് ഒപ്പമിരുന്ന് വോഡ്ക കുടിക്കുന്നു, കൈ കുലുക്കി യാത്രപറയുന്നു. ഇത്തരം രംഗങ്ങളില്‍ പലപ്പൊഴും സാക്ക് അരയിലെ തോക്കിലേയ്ക്ക് കൈകള്‍ നീട്ടുന്നെങ്കിലും തോക്ക് പുറത്തെടുക്കുകയോ വെടിവെയ്ക്കുകയോ ചെയ്യുന്നില്ല.

തീവണ്ടി അനുഭവങ്ങളുടെ തീവണ്ടിയാണെന്നു പറയാം. സിനിമ കണ്ടുകൊണ്ടിരിക്കുന്നയാള്‍ക്ക് ഒരിക്കലും അവസാനിക്കാത്ത തീവണ്ടിയാത്രയാണ് ഇതെന്ന് തോന്നിയാല്‍ തെറ്റില്ല, എങ്കിലും പിന്നിലേയ്ക്കു നീളുന്ന ഓര്‍മ്മകളിലൂടെ (ഓര്‍മ്മകളുടെ പശ്ചാത്തലസംഗീതവും തീവണ്ടിയുടെ കടകട ശബ്ദമാണ്!!) യാത്രയുടെ പശ്ചാത്തലവും ലക്ഷ്യവും സംവിധായകന്‍ വെളിവാക്കുന്നു. സന്തുഷ്ടമായ ഒരു ലോകമാണ് സാക്ക് തന്റെ ലക്ഷ്യത്തിനുവേണ്ടി ഉപേക്ഷിച്ചുവരുന്നതെന്ന് പില്‍ക്കാഴ്ച്ചകള്‍ വ്യക്തമാക്കുന്നു. ചുറ്റുമുള്ള പ്രിയപ്പെട്ട ലോകം വിട്ടുപോവാന്‍ മാത്രം ശക്തമായ കാരണങ്ങള്‍ കൊണ്ടാണ് സാക്ക് വീടുവിട്ടിറങ്ങുന്നത്. മുന്‍പെന്നോ നാടുവിട്ടുപോയ സാക്കിന്റെ ജ്യേഷ്ഠന്‍ മോസ്കോയില്‍ ഗുണ്ടാസംഘത്തില്‍ അംഗമാകുന്നു, സംഘത്തലവനുമായി തെറ്റി വെടികൊണ്ട് മരിക്കുന്നു, അവന്റെ കുഴിമാടം തിരക്കിയാണ് താന്‍ പോവുന്നതെന്ന് തന്നെക്കാള്‍ പത്തുവയസിനെങ്കിലും മുതിര്‍ന്ന സഹയാത്രികയോട് പറയുമ്പോള്‍ സാക്കിന്റെ കൈകള്‍ അറിയാതെ തന്റെ അടിവയറിലേയ്ക്ക് (കൈത്തോക്ക് വെച്ചിരിക്കുന്നയിടത്തേയ്ക്ക്) പോവുന്നതിലേയ്ക്ക് കാമറ തിരിയുന്നു. ജ്യേഷ്ഠന്‍ വെടികൊണ്ടു വീഴുന്ന രംഗം സാക്കിന്റെ ഭാവനയിലാണ്. ഇതേ രംഗം സാക്ക് പലതവണ സങ്കല്‍പ്പിക്കുന്നു. ജ്യേഷ്ഠനെ കൊല്ലുന്ന സംഘത്തലവന്റെ മുഖവും സാക്ക് സങ്കല്പിക്കുന്നതാണ്. എന്നാല്‍ ഓരോ തവണയും ഓരോ രീതിയിലാണ് മരണം സംഭവിക്കുന്നത്, വ്യത്യസ്ത സാഹചര്യ്യങ്ങളിലാണ് ജ്യേഷ്ഠന്‍ മരിച്ചുവീഴുന്നത് - സങ്കല്പത്തിന്റെ മായികലോകത്തുമാത്രമേ അവന്റെ ജ്യേഷ്ഠന്‍ മരിക്കുന്നുള്ളൂ എന്നുവരെ പ്രേക്ഷകനു തോന്നിപ്പോവുന്നു. അവന്റെ ജ്യേഷ്ഠന്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് റുബായേവ് ഒരിക്കലും നമ്മളോട് പറയുന്നില്ല.

ജ്യേഷ്ഠന്റെ അലമാര പരിശോധിക്കുമ്പോള്‍ കിട്ടുന്ന തോക്ക്, മോസ്കോയിലെ ഒരു വിലാസം, എന്നിവയും കൊണ്ടാണ് സാക്ക് യാത്രതിരിക്കുന്നത്. തോക്ക് പരിശോധിക്കുമ്പോള്‍ അതില്‍ ഒരു തിരയേ ഉള്ളൂ എന്ന് അവന്‍ കാണുന്നു. ഒരു തിര ചേട്ടന്‍ ബാക്കിവെച്ചത് തനിക്ക് അത് ഉപയോഗിക്കാനാണ് എന്ന് അവന്‍ വിശ്വസിക്കുന്നു, സാക്കിന്റെ യാത്രയുടെ ആരംഭമായി റുബായേവ് കാണിക്കുന്ന രംഗം ഇതാണ്. പലതവണ തോക്ക് ന്യായമായും ഉപയോഗിക്കേണ്ട അവസരം വന്നിട്ടും സാക്ക് അത് ഉപയോഗിക്കാത്തത് ഒരു തിരമാത്രം ഉള്ളതുകൊണ്ടും ആ തിരയ്ക്ക് കൃത്യമായ ഒരു ലക്ഷ്യം ഉള്ളതുകൊണ്ടുമാണെന്ന് ട്രെയിനില്‍ എതിരേ വന്നിരിക്കുന്ന മദ്ധ്യവയസ്കയോട് സാക്ക് പറയുന്നുണ്ട്.

അവന്റെ കഥ കേട്ട് ഒറ്റയ്ക്കു കിടക്കണ്ട, അപകടമാണ് എന്ന് പറയുന്ന അവരോട് “നിങ്ങളോടൊത്തുകിടക്കണമെങ്കില്‍ എനിക്ക് നൂറു റൂബിള്‍ തരണം” എന്ന് എടുത്തടിച്ചതുപോലെയാണ് സാക്ക് പറയുന്നത്. “ഞാന്‍ അതല്ല പറഞ്ഞത്” എന്നുപറഞ്ഞ് പൊട്ടിച്ചിരിക്കുന്ന മദ്ധ്യവയസ്കയുടെ ചിരി ഈ സിനിമയിലെ ആകെയുള്ള ചിരിയാണെന്നു പറയാം. അടുത്ത സീനില്‍ ഉറക്കമുണരുന്ന സ്ത്രീ അവളെച്ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കൈകളില്‍ നൂറുറൂബിള്‍ വെച്ചുകൊടുക്കുന്നു.

മോസ്കോ നഗരഭംഗി ഒരു ടാക്സിയുടെ റിയര്‍വ്യൂ മിററിലൂടെയാണ് റുബായേവ് കാണിച്ചുതരുന്നത്. തീവണ്ടിയില്‍ പിന്നോട്ടോടുന്ന ഭൂപ്രകൃതിയുടെ പ്രതീതി ഈ ദൃശ്യങ്ങളും തരുന്നു. കല്ലുപാകിയ തെരുവോരത്ത് ഇരുമ്പഴികളിട്ട ഒരു ഫ്ലാറ്റിനു മുന്നില്‍ നിന്ന് കാളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തുന്ന സാക്കിനു മുന്നില്‍ വാതില്‍ തുറക്കുന്നത് ആജാനബാഹുവായ ഒരു മനുഷ്യനാണ്. സാക്കിന്റെ ശരീരത്തില്‍ ആയുധങ്ങളുണ്ടോ എന്നു പരിശോധിക്കുന്ന അയാള്‍ എന്തുകൊണ്ടോ അടിവയറ്റില്‍ പതിയിരിക്കുന്ന തോക്കില്‍ കയ്യോടിക്കുന്നില്ല. ഈ അസംഭാവ്യത സിനിമയിലെ ഒരു ന്യൂനതയാണെന്നും പറയാം, എന്നാല്‍ കഥയെ മുന്നോട്ട് ചലിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള ചുരുക്കം ന്യൂനതകളില്ലാതെ സാദ്ധ്യമല്ല എന്നും വരാം. ഫ്ലാറ്റിനുള്ളില്‍ വിശാലമായ മുന്‍‌മുറിയില്‍ നിന്ന് പുറത്തേയ്ക്കിറങ്ങാന്‍ പോകുന്ന ഗുണ്ടാസംഘത്തലവന്‍ - ഇയാളുടെ കറുത്തകുറ്റിത്താടിയുള്ള പരുക്കന്‍ മുഖം മുന്‍പ് സാക്കിന്റെ ജ്യേഷ്ഠനെ കൊല്ലുന്ന സങ്കല്പരംഗത്തില്‍ പലതവണ ക്ലോസപ്പില്‍ കാണിക്കുന്നതാണ് - അവനെക്കണ്ട് പെട്ടെന്നു നില്‍ക്കുന്നു. “ആഹാ, നീ ആന്ദ്രേയുടെ സഹോദരനാണോ? എന്റെ ആന്ദ്രേയെപ്പോലെ തന്നെ” - അയാള്‍ സാക്കിന്റെ തോളില്‍ തട്ടുന്നു. ഒരു നിമിഷത്തെ ആശ്ചര്യത്തിനു ശേഷം അടിവയറ്റിലേയ്ക്ക് കൈ നീട്ടുന്ന സാക്കിനു നേരെ “ആന്ദ്രേയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു” എന്നുപറഞ്ഞ് ഗുണ്ടാത്തലവന്‍ ഒരു കുപ്പി വോഡ്ക നീട്ടുന്നു. ഇഴഞ്ഞുനീങ്ങുന്ന നിമിഷങ്ങള്‍ക്കു ശേഷം - ഗുണ്ടാത്തലവനു പിന്നില്‍ ചുമരിലെ വലിയ പഴഞ്ചന്‍ ക്ലോക്കില്‍ നിമിഷ സൂചി നിശ്ചലമെന്നു തോന്നിപ്പിച്ച് വളരെ പതുക്കെയാണ് സംവിധായകന്‍ ചലിപ്പിക്കുന്നത് - തലയുയര്‍ത്തുന്ന സാക്കിനു പിന്നിലേയ്ക്ക് നീളുന്ന കാമറയില്‍ നിറയുന്നത് പുറത്തെ സൂര്യപ്രകാശത്തിന്റെ കണ്ണുകഴപ്പിക്കുന്ന കടുംമഞ്ഞനിറമാണ്.

സാക്ക് ഗുണ്ടാത്തലവനെ വെടിവെയ്ക്കുമോ ഇല്ലയോ എന്ന് കാണിക്കാതെ സിനിമ അവസാനിക്കുന്നു. എന്നാല്‍ വോഡ്കയുടെ നേര്‍ക്ക് കൈ നീട്ടുന്നതില്‍ നിന്നും അവന്‍ ആരെയും കൊല്ലുന്നില്ല എന്ന് ചലച്ചിത്രത്തിലെ പാറ്റേണ്‍ അനുസരിച്ച് ന്നമുക്ക് അനുമാനിക്കാം.

ഒരേ ലക്ഷ്യത്തിനു നേര്‍ക്ക് പരിശ്രമിച്ചാല്‍ ഒടുവില്‍ തീര്‍ച്ചയായും അതു നേടാനാവും എന്ന സാമാന്യവിശ്വാസം സിനിമയുടെ അന്ത്യത്തില്‍ തലകുത്തിവീഴുന്നു. ജീവിതത്തിന്റെ നിരര്‍ത്ഥകതയെയാണ് അലക്സീ റുബായേവ് ഈ സിനിമയിലൂടെ കാണിക്കുന്നതെന്നും, അതല്ല, സ്നേഹത്തിന്റെ ഭോഷത്തം ആണെന്നും പറയാം. എന്നാല്‍ ലോഹം പോലെ തിളങ്ങുന്ന മോസ്കോ നഗരത്തിന്റെ കൂര്‍ത്ത തെരുവുകളിലും സാക്ക് സ്നേഹത്തിന്റെ തുരുമ്പുകള്‍ കണ്ടെത്തുന്നു എന്ന് പ്രേക്ഷകന് ആശ്വസിക്കുകയും ചെയ്യാം. സിനിമയുടെ അവസാനത്തില്‍ നിറയുന്ന മഞ്ഞവെളിച്ചം, പക്ഷേ നിരാശയുടെ നിറമാണ്.

പല കലാമൂല്യമുള്ള റഷ്യന്‍ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായ ബദായേവ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഉന്നതമായ ഒരു കലാമൂല്യമുള്ള ചിത്രം എങ്ങനെ സാധാരണക്കാരനായ പ്രേക്ഷകനുപോലും നയനാനന്ദകരമാക്കാം എന്ന് ബദായേവ് നമുക്കു കാണിച്ചുതരുന്നു. ഈ ചിത്രത്തിന് ന്യൂനതകള്‍ ഇല്ലെന്നല്ല; - ഒറ്റത്തിരയുള്ള തോക്കുമായി ഇതുവരെ പോയിട്ടില്ലാത്ത നഗരത്തിലേയ്ക്ക് ശത്രുവിനെ നേരിടാന്‍ പോകുന്ന യുവാവിനെ വിഡ്ഢിയും അഹംഭാവിയുമായി പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം, എന്നാല്‍ സുഗമമായി ഒഴുകിനീങ്ങുന്ന കഥയും ശക്തമായ കഥാപാത്രവും ഇത്തരം ന്യൂനതകളെ മറയ്ക്കുന്നു. ഒരു അഭിനേതാവിനെ കേന്ദ്രീകരിച്ചു നീങ്ങുന്ന ഈ ചിത്രത്തില്‍ ഇവാനോവ് ശക്തമാ‍യ അഭിനയം ആണ് കാഴ്ച്ചവയ്ക്കുന്നത്. അത്യുക്തികളില്ലാത്ത, subtle ആയ ഭാവപ്രകടനങ്ങളാണ് മിക്ക കഥാ‍പാത്രങ്ങളുടേതും. ലളിതമായ പ്രമേയവും ചുരുങ്ങിയ സം‌വിധാനങ്ങളുമുപയോഗിച്ച് (സിനിമയുടെ ഭൂരിഭാഗവും തീവണ്ടിമുറികളാണെന്ന് ഓര്‍ക്കുക) അതിസുന്ദരമായ ഒരു സിനിമ രചിക്കുന്നതെങ്ങനെ എന്ന് റുബായേവ് നമുക്കു കാണിച്ചുതരുന്നു.

---
സ്റ്റെപ്പികള്‍ -റഷ്യന്‍ പുല്‍‌മേടുകള്‍.

Google