ഒരാളെ കൊന്നതിനാണ് എന്നെ ജയിലിലടച്ചത്.
കട്ടിത്തലയണകൊണ്ട് മൂക്കും വായും അടച്ചുപിടിച്ച് കൈമുട്ടുകുത്തി മുഖത്തമര്‍ത്തണം, ശക്തിയായി അമുക്കണം, പിടിവിടാതെ പിടഞ്ഞുപിടഞ്ഞ് കൈനഖം കൊണ്ട് ഇര സ്വന്തം ശരീരം വലിച്ചുകീറുന്നതവഗണിച്ച്, കൈത്തണ്ടയില്‍ മരണപ്പിടിത്തം പിടിക്കുന്നതവഗണിച്ച്, തുറിച്ച് പുറത്തുചാടാന്‍ തുള്ളുന്ന ചോരക്കണ്ണുകളെ അവഗണിച്ച് - തലയണ അമര്‍ത്തിപ്പിടിക്കുമ്പോള്‍ പ്രാണന്‍ പുറത്തുവരുന്നത് മൂക്കിലൂടെയോ വായിലൂടെയോ? - ആത്മാവ് നീലജ്വാലപോലെ വായുവില്‍ ഉയരാതെ തലയണയിലെ പഴന്തുണികള്‍ക്കിടയില്‍ കുടുങ്ങിപ്പോയിക്കാണണം - തലയണ ഞാന്‍ ദൂരെയെറിഞ്ഞു - പിഞ്ഞിയ വിടവിലൂടെ അകത്തുനിന്നും ചുവന്ന പഴന്തുണികള്‍ പുറത്തുചാടുന്നു - നീളുന്ന ചുവന്ന നാവുപോലെ - ഞാന്‍ ശവത്തിന്റെ കൈകാലുകള്‍ നേരെയാക്കി - സ്വാഭാവിക മരണം - എന്തിനാണ് എന്നെ ജയിലിലടച്ചത്?
ഇളംനീല ആസ്ബസ്റ്റോസ് തകിടുകൊണ്ടുള്ള ജയിലിന്റെ പുറംവാതിലില്‍ ഒരു ചുവന്ന ചതുരമുണ്ട്. മീശയുള്ള പോലീസുകാരന്‍ പാളിതാഴ്ത്തി നരച്ച കഷണ്ടിത്തല കാണിച്ചു. കിരുകിരാ ശബ്ദത്തോടെ - എല്ലാ വാതിലുകള്‍ക്കും ഈ ശബ്ദമുണ്ടോ - വാതില്‍ തുറന്ന് ഒരക്ഷരം മിണ്ടാതെ അവര്‍ എന്നെ അകത്തേയ്ക്കു നടത്തി. തന്ന പ്ലാസ്റ്റിക്ക് കൂടുതുറന്ന് ഞാന്‍ നരച്ച വെള്ള വസ്ത്രം ധരിച്ചു. കൈ വിയര്‍ക്കുന്നു, ഷര്‍ട്ടില്‍ തുടച്ചപ്പോള്‍ ചുവന്ന നിറം പുരണ്ടു. എനിക്കിനി പേരില്ല, നമ്പറേയുള്ളൂ. നമ്പര്‍ 666.
ജയിലിന്റെ നടുവില്‍ പൊള്ളുന്ന വെയിലാണ്. വെയിലിനു നടുവില്‍ ഒരു ചതുരം. അതില്‍ പറ്റംകൂടിനില്‍ക്കുന്ന കണ്ണുകള്‍ - ക്ഷീണിച്ച കണ്ണുകള്‍, കൂര്‍ത്ത കണ്ണുകള്‍, വിരണ്ട കണ്ണുകള്‍, മയങ്ങുന്ന കണ്ണുകള്‍, കുഴിഞ്ഞ കണ്ണുകള്‍, ചിരിക്കുന്ന കണ്ണുകള്‍, നിലവിളിക്കുന്ന കണ്ണുകള്‍, തുറിച്ച കണ്ണുകള്‍, അലറുന്ന കണ്ണുകള്‍ എന്നെ നോക്കുന്നു. കൊലപ്പുള്ളിയാണ്. തലയണകൊണ്ടു ഞെരിച്ചുഞെരിച്ച്, പ്രാണന്‍ പിഴിഞ്ഞുപിഴിഞ്ഞ് - ആരാണ് ഇടതുകയ്യില്‍ ഇറുക്കിപ്പിടിച്ച് എന്നെ നടത്തുന്നത്? - കഫവും രക്തവും തലയണയില്‍ കട്ടിപിടിച്ചുകിടന്നു - എന്റെ മുറി - ലോക്കപ്പ് - സെല്ല് - ചതുരം - ഇരുമ്പഴികള്‍ക്കുള്ളില്‍ ഇരുട്ട് ഇടതുവശത്താണ്. പോലീസുകാരന്‍ കൈത്തണ്ടയിലെ ലോഹപ്പൂട്ട് ഊരി, സ്വതന്ത്രമായ കൈകള്‍ പിടഞ്ഞു. മുറിക്കുള്ളിലെ ഇരുട്ടില്‍ കണ്ണു പഴകി, തണുത്ത നിലം. രണ്ടു കട്ടില്‍. ഒന്നില്‍ എനിക്കുള്ള പുതപ്പ്, പഴകിയ പ്ലാസ്റ്റിക്ക് കുപ്പിയില്‍ വെള്ളം, ഭക്ഷണത്തിനുള്ള പാത്രം, മൂത്രമൊഴിക്കാനുള്ള പാത്രം - മറ്റേതില്‍ പറ്റെവെട്ടിയ വെള്ളത്താടിയുള്ള വൃദ്ധന്‍ ചിരിക്കുന്നു. ഇത് ജയിലാണ്. ലോഹക്കൂടാണ്. അഴികളാണ്, പാരതന്ത്ര്യമാണ് - വൃദ്ധന്‍ ചിരിക്കുന്നു. ഞാന്‍ ഇരുന്നു. “എന്താ അമ്മാവന്റെ പേര്?”
“പേരോ? എനിക്കറിയില്ല മോനേ”
“ഉം”.
ഇരുമ്പഴികളോട് ചേര്‍ന്ന് പേടിപിടിച്ച കണ്ണുകളുള്ള മെലിഞ്ഞ കുറിയ മനുഷ്യന്‍ ഒട്ടിനിന്നു. “അങ്ങോരുടെ പേര് ശങ്കരന് പിള്ള. പഴയ കൊലപ്പുള്ളിയാ. ഒന്നും ഓര്‍മ്മയില്ല”. അപ്പൂപ്പന്‍ വീണ്ടും ചിരിച്ചു. വെളുത്ത നിഷ്കളങ്കമായ ചിരി. പാല്‍പ്പുഞ്ചിരി. “മോന്റെ പേരെന്താ?”. ചെവിതുളയ്ക്കുന്ന മണിയടിച്ചു. പോലീസുകാരന്‍ വന്ന് വാതില്‍ തുറന്നു. ഞാന്‍ മുറ്റത്തേയ്ക്കിറങ്ങി. ശങ്കരന്‍ പിള്ള പുറത്തിറങ്ങിയില്ല. നോക്കിയപ്പോള്‍ വീണ്ടും ചിരിച്ചു. നടുമുറ്റത്ത് ആള്‍ക്കൂട്ടം. കൂട്ടം കൂടി നില്‍ക്കുന്നവര്‍ മാറിമാറി ഒരാളുടെ ചെകിടത്ത് അടിക്കുകയാണ്. അടികൊണ്ടയാള്‍ വീഴുന്നു, എഴുന്നേല്‍ക്കുന്നു, അടിച്ചവരും അടികൊണ്ടവനും ചിരിക്കുന്നു. വീണ്ടും അടിക്കുന്നു. ഞാന്‍ അരികത്തുചെന്നപ്പോള്‍ അവര്‍ അടി നിറുത്തി. അടികൊള്ളുന്നവന്‍ ചെവിട് തടവിത്തടവി വേച്ചുവേച്ചു വന്നു. “ഇതൊക്കെയല്ലേ ഇവിടത്തെ ഒരു സന്തോഷം. ചേട്ടന് എന്നെ അടിക്കണോ?”
അടിക്കണോ? കയ്യില്‍ ചോരയാണ്. തലയണ കുതിര്‍ന്നുപോയി. വിരലുകള്‍ ഒട്ടുന്നു. കാലുകള്‍ പിടഞ്ഞുകുതിച്ച്, ശരീരം വില്ലുപോലെ വളഞ്ഞ്, നിവര്‍ന്ന്, കരയില്‍ പിടിച്ചിട്ട വെളുത്ത മത്സ്യം പിടച്ചുപിടച്ച്, പിടിവിടരുത്, വിടരുത്, വിടരുത് - വീണ്ടും മണിയടിച്ചു. പേടിപിടിച്ച കണ്ണുകള്‍ വീണ്ടും അടുത്തുവന്നു.
“എന്റെ പേര് ബാബു. കൊലപ്പുള്ളിയാണല്ലേ”.
“അതെ”.
“എങ്ങനെയാ കൊന്നത്?”
“ശ്വാസം മുട്ടിച്ച്”
“ഉവ്വോ, നിങ്ങടെ സെല്ലില്‍ കിടക്കുന്ന ശങ്കരന്‍ പിള്ളയും അങ്ങനെതന്നെയാ ഇതിനകത്തെത്തിയത്. പത്തു മുപ്പത് കൊല്ലമായി. അയാളുടെ കാര്യം സാറമ്മാര്‍ മറന്നുപോയി. അയാളും മറന്നുപോയി. അയാള്‍ എല്ലാം മറന്നുപോയെന്നേ. ഒരു തരം കൂടിയ മറവി. വല്ലൊ മാനസികാരോഗ്യ കേന്ദ്രത്തിലും കൊണ്ടാക്കാമായിരുന്നു”
ബാബു പോയി. ഇരുമ്പഴികള്‍ തുരുമ്പുപിടിച്ചിരിക്കുന്നു. രണ്ടെണ്ണം പിടിച്ച് വളയ്ക്കാന്‍ നോക്കി - ബലമുണ്ട്. അവയില്‍ പല കൈപ്പാടുകളും അമര്‍ന്നുകിടക്കുന്നു. മുകളില്‍ മച്ചിനോട് ചേര്‍ന്ന് ഒരു ചെറിയ കിളിവാതിലേയുള്ളൂ. സെല്ലിനുള്ളിലെ വായു ഉള്ളില്‍ തന്നെ വട്ടം കറങ്ങുന്നു. പുറത്തുപോവാനാവാതെ കട്ടപിടിക്കുന്നു. മൂത്രത്തിന്റെ നേര്‍ത്ത ഗന്ധമുണ്ട്. മൂക്കും വായുമമര്‍ത്തി ശ്വാസം മുട്ടുമ്പോള്‍ മൂത്രം പോവും. ചോര ഒട്ടുന്നു. കൈ കഴുകണം. ഞാന്‍ കമ്പിയഴിയില്‍ പാത്രം കൊണ്ട് തട്ടി ശബ്ദമുണ്ടാക്കി. പുറത്തുപോവണം. തിരിഞ്ഞുനോക്കിയപ്പോള്‍ കിഴവന്‍ കിടന്നുകൊണ്ട് ചിരിക്കുന്നു. ചുണ്ടനക്കി ചോദിക്കുന്നു. “ആരാ?”. നേരത്തേ ഞാന്‍ മുറിയിലെത്തിയത് കിഴവന്‍ മറന്നുപോയിരിക്കുന്നു. എല്ലാം മറക്കാന്‍ കഴിഞ്ഞെങ്കില്‍ - ഓര്‍മ്മക്കുറവ് എന്തൊരനുഗ്രഹമാണ്.
കൈ സോപ്പിട്ട് കഴുകിയിട്ടും ചോര ഒട്ടുന്നു. ഒരു വിധത്തില്‍ തുടച്ച് ഞാന്‍ മുറിയിലെത്തി. കിഴവന്‍ കട്ടിലില്‍ കുന്തിച്ചിരിക്കുന്നു. കൈകളിലെ തളര്‍ന്ന ഞരമ്പുകള്‍ക്ക് നേര്‍മ്മ. വിരിഞ്ഞ നെറ്റിയില്‍ വെള്ളിരോമങ്ങള്‍. സന്തോഷം കൊണ്ട് തിളങ്ങുന്ന കണ്ണുകള്‍ക്കുമീതേ കറുത്ത കട്ടിക്കണ്ണട. “അമ്മാവാ, നിങ്ങള്‍ക്ക് വീട്ടിലാരുമില്ലേ?”
“ഞാനിവിടെയാ താമസം മോനേ”
“ആരുമില്ലേ വിളിച്ചോണ്ടുപോവാന്‍?”
“എനിക്ക് ആരെയും അറിയില്ല”
ഞാന്‍ കട്ടിലില്‍ കയറിക്കിടന്നു. കണ്ണുകളടയ്ക്കുമ്പോള്‍ തലയ്ക്കകത്ത് മുറി. മങ്ങിയ വെളിച്ചത്തില്‍ ചുവന്ന നിറത്തില്‍ ഒരു ശരീരം കിടന്നു പിടയുന്നു. ഓര്‍മ്മകളാണ്. കഴുകിക്കളയണം. ഒരു ബക്കറ്റില്‍ ഡെറ്റോള്‍ കലക്കി കുളിക്കണം. ഉറങ്ങണം - എത്ര ദിവസമായി എന്നറിയില്ല. കണ്ണുകള്‍ തൂങ്ങുന്നു. വീണ്ടും കിഴവനെ നോക്കി. അയാള്‍ എന്നെ കണ്ടിട്ടില്ലാത്തതുപോലെ അമ്പരന്നു നോക്കി. “ആരാ?”
“കിഴവാ, നിങ്ങളുടെ നാടെവിടെയാ?”
“എനിക്കറിയില്ല മോനേ”
“നിങ്ങളുടെ മക്കളുടെ പേരെന്താ?”
“മക്കളോ?”
“നിങ്ങള്‍ക്കൊന്നും ഓര്‍മ്മയില്ലേ?”
“ആരാ?”
പുറത്തുപോവാത്ത ശ്വാസം എവിടെയാണ് കുടുങ്ങിക്കിടക്കുക? തൊണ്ടയിലോ? നെഞ്ചിന്‍കൂടിലോ? എല്ലാം മറക്കണം, ഉറങ്ങണം, ഉറങ്ങണം. പാറാവുകാരില്‍ ആരോ ലൈറ്റ് അണച്ചു. മുറിയിലെ സീറോവാട്ട് ബള്‍ബ് മാത്രം അണയാതെ കിടന്നു. അതിന് ചുവട്ടില്‍ ഒരു പല്ലി പ്രതിമപോലെയിരിക്കുന്നു. പല്ലിക്കണ്ണുകള്‍ അനങ്ങുന്നില്ല. ചത്ത പല്ലി ചുമരില്‍ ഒട്ടിയിരിക്കുമോ? അതോ റബ്ബര്‍ പിടിത്തം വിട്ട് നിലത്തേയ്ക്ക് അടര്‍ന്നുവീഴുമോ? ചാരനിറമുള്ള ഒരു പ്രാണി ലൈറ്റിനു ചുറ്റും പറക്കുന്നു. പൊടിപിടിച്ച ചിറകുകള്‍ വീശി വായുവില്‍ അസമവൃത്തങ്ങള്‍ വരച്ച് അത് ചുമരിലൊരിടത്തിരുന്നു. നനുത്ത മുഖമുയര്‍ത്തി പ്രാണി പല്ലിയെ നോക്കി. ശിശുവിനെപ്പോലെ ചിരിച്ചു. പല്ലി അനങ്ങിയില്ല. പ്രാണിയുടെ വെള്ളിത്താടി വിറച്ചു. അതിന്റെ വെള്ളപ്പിരികങ്ങള്‍ക്കുമീതേ കറുത്ത കട്ടിക്കണ്ണട വിറച്ചു. പല്ലി നിശബ്ദമായി ചോദിച്ചു. “നിങ്ങള്‍ക്കെന്നെ ഓര്‍മ്മയില്ലേ?”
പ്രാണി ചിറകുകള്‍ കുടഞ്ഞു. വീണ്ടും ചിരിച്ചു. “ഇല്ലല്ലോ. എനിക്കൊന്നും ഓര്‍മ്മയില്ല. ഇന്നലെ ഓര്‍മ്മയില്ല. ഇന്ന് ഓര്‍മ്മയില്ല. നിന്നെ ഓര്‍മ്മയില്ല. ഒന്നും ഓര്‍മ്മയില്ല. ഓര്‍ക്കാതിരിക്കുന്നത് എന്തൊരു സുഖമാണ്!”
പല്ലിയുടെ തലച്ചോറില്‍ മിന്നല്‍പ്പിണറുകള്‍ പുളഞ്ഞു. ഓര്‍ക്കാതിരിക്കുന്നതിന്റെ സുഖം. ഓര്‍മ്മകള്‍ ഇല്ലാതിരിക്കുന്നതിന്റെ സുഖം. മറവിയുടെ സുഖം. കഴുത്തില്‍ കൈക്കുഴയമര്‍ത്തുമ്പോള്‍ പിടഞ്ഞുപിടഞ്ഞ് - പല്ലിയുടെ കണ്ണുകള്‍ കുഴഞ്ഞു. പല്ലിക്ക് ഉറക്കമില്ല. പ്രാണി വീണ്ടും ചിരിച്ചു. മിന്നല്‍ പോലെ പല്ലിയുടെ നാവു ചലിച്ചു, കൂര്‍ത്ത അരിപ്പല്ലുകള്‍ക്കിടയിലിരുന്ന് പ്രാണി പിടഞ്ഞു, ചിറകുകളില്‍ നിന്നും വേര്‍പെട്ട്, കാലുകളില്ലാതെ, ഉടലില്ലാതെ, പ്രാണിത്തല ചിരിച്ചു, അതിലെ വെള്ളിരോമങ്ങള്‍ എഴുന്നുനിന്നു, “എനിക്കൊന്നും ഓര്‍മ്മയില്ലാ, ഓര്‍മ്മയില്ലാ, ഓര്‍മ്മയില്ലാ”.
ഓര്‍മ്മകളില്ലാതെ ഞാന്‍ സുഖമായി ഉറങ്ങി.
കമ്പിയഴികളില്‍ക്കൂടി അകത്തുകടന്ന പ്രഭാതത്തില്‍ ജയിലിലെ സെല്ലില്‍ ഇരുമ്പുകട്ടിലില്‍ വൃദ്ധന്‍ ചത്തുകിടന്നു. ഒന്നുമറിയാതെ, ഉറക്കത്തില്‍ സംഭവിച്ച സ്വാഭാവിക മരണം. വായില്‍ നിന്നും പുറത്തേയ്ക്കൊഴുകിയ കഫവും രക്തവും മെത്തയിലേയ്ക്കു പടര്‍ന്നുകിടന്നു. മഞ്ഞനിറമുള്ള നരച്ച തലയണ രക്തത്തില്‍ക്കുതിര്‍ന്ന് അല്പം മാറി നിലത്തുകിടന്നു.
ഒരാളെ കൊന്നതിനാണ് എന്നെ ജയിലിലടച്ചത്. ശങ്കരന്‍ പിള്ള എന്ന കിഴവനെ.
12/13/2008
അംനീഷ്യ
എഴുതിയത് simy nazareth സമയം Saturday, December 13, 2008 16 അഭിപ്രായങ്ങള്‍
ലേബലുകള്‍: കഥ
Subscribe to:
Posts (Atom)