ബി. രാമന്‍ എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം
1. മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന റൊണാള്‍ഡ് റീഗനെ ഒരു മോശം നയതന്ത്രജ്ഞന്‍, എന്നാല്‍ നല്ല സംവാദകന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സംവാദന കഴിവുകള്‍ ഒരു മോശം നയത്തിനെ നല്ലതെന്നു ചിത്രീകരിക്കാനും നയപരമായ പരാജയത്തിനെ വിജയം എന്നു വരുത്തിത്തീര്‍ക്കാനും മാത്രം ശക്തമായിരുന്നു. റീഗനും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ചില അലിഖിത നിയമങ്ങള്‍ പാലിച്ചിരുന്നു: തെരുവിലെ സാധാരണ മനുഷ്യനു പോലും മനസിലാവുന്ന വിധത്തിലുള്ള ലളിതമായ ഭാഷ ഉപയോഗിക്കുക; കട്ടികൂടിയ വാക്കുകളും പ്രസംഗങ്ങളും ഉപേക്ഷിക്കുക; നിങ്ങളുടെ ദേശീയ വിമര്‍ശകരെ രാക്ഷസീകരിക്കാതിരിക്കുക; ജനങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ലളിതമായ പ്രയോഗങ്ങള്‍ ഉപയോഗിക്കുക. തന്നോട് ഇടപഴകുന്ന തദ്ദേശീയ നേതാക്കള്‍ ഒരു മീറ്റിങ്ങിനു ശേഷം താനാണ് റെയ്ഗന്റെ ഏറ്റവും അടുത്ത വിശ്വസ്ഥന്‍ എന്നു തോന്നി തിരിച്ചു പോവുന്ന വിധത്തില്‍ അവരെ വിശ്വസിപ്പിക്കുവാനുള്ള കഴിവ് റീഗന് ഉണ്ടായിരുന്നു.
2. നമ്മുടെ പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിങ്ങ് റീഗന്റെ വിപരീതമാണെന്നു പറയാം --- ഒരു നല്ല നയ രൂപകന്‍, എന്നാല്‍ മോശം സംവാദകന്‍. കഴിഞ്ഞ മൂന്നുവര്‍ഷക്കാലം കൊണ്ട് ഇന്തോ-യു.എസ്. ന്യൂക്ലിയര്‍ കരാറിന്റെവിമര്‍ശകരെ നിരായുധരാക്കുന്നതിനു പകരം അവരുടെ എണ്ണം കൂട്ടാനുതകുന്ന അത്ര മോശമാണ് മന്മോഹന്‍ സിങ്ങിന്റെയും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളുടെയും സംവാദന കഴിവുകള്‍. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് ഭരണപരമായ കര്‍ത്തവ്യങ്ങള്‍ അനുഷ്ടിച്ചിരുന്ന കാലം മുതല്‍ക്കുള്ള, രഹസ്യാത്മാവായിരിക്കാനുള്ള മന്മോഹന്‍ സിങ്ങിന്റെ ചായ്‌വ് -- അദ്ദേഹത്തിന്റെ വിമര്‍ശകര്‍ക്ക് മന്മോഹന്‍ സിങ്ങ് വളരെ കൌശലക്കാരന്‍ ആണെന്നു തോന്നിക്കുന്നു, എന്നാല്‍ അദ്ദേഹം അങ്ങനെയൊട്ടല്ലതാനും. മന്മോഹന്‍ സിങ്ങിന്റെ ഏറ്റവും വിശ്വസ്തനായ മന:സാക്ഷിസൂക്ഷിപ്പുകാരന്‍ എന്നു ചൂണ്ടിക്കാണിക്കാന്‍ ദില്ലിയില്‍ ഇന്ന് ഒരാളെങ്കിലും ഉണ്ടോ? ഇല്ല. ആളുകളോട് കുമ്പസാരിക്കുക, അവരെ രസിപ്പിക്കുക, അവരെ സന്തോഷിപ്പിക്കുക, അവരോട് രഹസ്യങ്ങള്‍ പങ്കുവെയ്ച്ച് അവരുടെ ഈഗോയെ തലോടുക, ഇതൊന്നും മന്മോഹന്‍ സിങ്ങിന് സ്വതസിദ്ധമായി കഴിയുന്ന കാര്യങ്ങളല്ല.
3. ജോര്‍ജ്ജ് ബുഷ് നവംബര്‍ 2004-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ആവുന്നതിനു ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് മന്മോഹന്‍ സിങ്ങ് പ്രധാനമന്ത്രി ആവുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ആദ്യത്തെ നാലുവര്‍ഷത്തെ ഭരണകാലത്തെ പ്രവര്‍ത്തികള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള അവരുടെ ആകാംഷയാല്‍ സ്വാധീനിക്കപ്പെട്ടതാവാറുണ്ട്. അവര്‍ ഒരുപാട് ഭരണ ക്രിയാത്മകതകളില്‍ നിന്നും മാറിനില്‍ക്കുന്നു. നയ രൂപീകരണത്തിലെ ക്രിയാത്മകതകള്‍ സാധാരണയായി വരുന്നത് അവരുടെ രണ്ടാമത്തെ ഭരണകാലത്താണ് - ഇക്കാലത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള ആകാംഷ അവരുടെ നയ രൂപീകരണത്തെ സ്വാധീനിക്കുന്നില്ല.
4. ബുഷിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. 2005-2008-ഇലെ ബുഷ് 2001-2004-ലെ ബുഷില്‍ നിന്നും വ്യത്യസ്ഥനാണ്. ഒന്നാം ഭരണ കാലയളവില്‍ ബുഷിനെ വലയം ചെയ്ത കാബിനറ്റ് അംഗങ്ങള്‍ പഴയ ഭരണകാലങ്ങളിലെ ശേഷിപ്പുകളും ഇന്ത്യയെ പാക്കിസ്ഥാനിലെ അവരുടെ സുഹൃത്തുക്കളുടെ കണ്ണിലൂടെ കണ്ടവരും ആയിരുന്നു. ഒന്നാം ഭരണകാലത്ത് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന ജെനറല്‍ കോളിന്‍ പവല്‍ ഇതിനു നല്ല ഒരു ഉദാഹരണമാണ്.
5. തന്റെ രണ്ടാം ഭരണകാലത്ത്, ബുഷിനെ വലയം ചെയ്ത കാബിനറ്റ് അംഗങ്ങളുടെ ഇന്ത്യാ വീക്ഷണത്തെ അവരുടെ പാക്കിസ്ഥാനെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് സ്വാധീനിച്ചില്ല. അവര്‍ പാക്കിസ്ഥാനെ പരമ്പരാഗതമായി കിട്ടിയ പരിഹരിക്കാനാവാത്ത ഒരു പ്രശ്നമായും ഇന്ത്യയെ ഭാവിയുടെ ഒരു അവസരമായും കണ്ടു. ഇന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായ കോണ്ടല്ലീസ റൈസ് ഇതിനു നല്ല ഒരു ഉദാഹരണമാണ്.
6. ബുഷിന്റെ രണ്ടാം ഭരണകാലത്തെ രണ്ട് പ്രധാന വ്യാകുലതകള്‍ സ്വാധീനിച്ചു- ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക, സൈനിക ശക്തിയും പാക്കിസ്ഥാന്റെ ഗോത്ര പ്രദേശങ്ങളിലെ ജിഹാദി ശക്തിയും. അടുത്തകാലത്ത് ഒരു അഭിമുഖത്തില്‍ ബുഷ് പറഞ്ഞത് തന്റെ പ്രധാന കര്‍മ്മമേഖലകള്‍ ഇറാഖും അഫ്ഗാനിസ്ഥാനും ആയിരിക്കേ, തന്റെ പിന്‍ഗാമിയുടെ പ്രധാന തലവേദന പാക്കിസ്ഥാന്‍ ആയിരിക്കും എന്നാണ്. സത്യത്തില്‍ ബുഷിന്റെതന്നെ ഒരു പ്രധാന തലവേദനയായി പാക്കിസ്ഥാന്‍ മാറിക്കൊണ്ടിരിക്കുന്നു.
7. ഈ പശ്ചാത്തലത്തിലാണ് ബുഷും, റൈസും, ഒരേ ചിന്താഗതിയുള്ള മറ്റുള്ളവരും ഇന്ത്യയെ ചൈനയുമായി മാത്രമല്ല, പാക്കിസ്ഥാനുമായും ഇടപെടുന്നതില്‍ ഒരു ഭൌമ രാഷ്ട്രീയ മുതല്‍ക്കൂട്ടായി കരുതിത്തുടങ്ങിയത്. ഇന്ത്യയുടെ രണ്ട് സവിശേഷതകളാണ് അവരെ ആകര്‍ഷിച്ചത്. ഒന്ന്: ഒരു ജനാധിപത്യരാജ്യം എന്ന നിലയില്‍ അതിന്റെ ദീര്‍ഘകാലത്തെ വിജയം, ഇത് പ്രദേശത്തെ മറ്റു രാഷ്ട്രങ്ങള്‍ക്ക് ഒരു ഫലപ്രദമായ മാതൃകയാവും. രണ്ട്: ചില ചെറിയ പോക്കറ്റുകള്‍ ഒഴിച്ചാല്‍ ഇന്ത്യന്‍ മുസ്ലീങ്ങളില്‍ എന്തെങ്കിലും സ്വാധീനമുണ്ടാക്കാന്‍ അല്‍-ഖയ്ദയ്ക്കും സഖ്യകക്ഷികള്‍ക്കും കഴിയാത്തത്. 2005 ജൂലൈയില്‍ മന്മോഹന്‍ സിങ്ങ് വാഷിങ്ങ്ടണ്‍ ഡിസി സന്ദര്‍ശിച്ചപ്പോള്‍ ഈ രണ്ട് സവിശേഷതകളും ബുഷ് എടുത്തുപറഞ്ഞു.
8. ഈ പശ്ചാത്തലത്തിലാണ് മന്മോഹന്‍ സിങ്ങുമായുള്ള ചര്‍ച്ചകള്‍ക്കിടയ്ക്ക് ബുഷിന്റെ ന്യൂക്ലിയര്‍ വാഗ്ദാനാം വന്നത്. ഇന്ത്യയുടെ ചാര സംഘടനയായ റിസര്‍ച്ച് & അനാലിസിസ് വിങ്ങിന്റെ (റോ) സ്ഥാപക-തലവനായിരുന്ന ആര്‍.എന്‍.കൌവിന്റെ അഭിപ്രായത്തില്‍, നയ നേതാക്കള്‍ക്കും നയതന്ത്രജ്ഞര്‍ക്കും ഈ കഴിവ് വേണം: ശക്തിയായി അടഞ്ഞുകിടക്കുന്ന ഒരു വാതില്‍, ചെറുതായി തുറക്കാനുള്ള പ്രവണത കാണിക്കുമ്പോള്‍, അവര്‍ക്ക് അത് അറിയാന്‍ സാധിക്കണം. അവര്‍ ഉടന്‍ തന്നെ വാതിലില്‍ സ്വന്തം കാല്‍ കടത്തി വാതില്‍ വീണ്ടും അടയുന്നത് തടയണം. വാതിലിനെ കൂടുതല്‍ കൂടുതല്‍ അവര്‍ തുറക്കണം.
9. ഒരു നല്ല നയ രൂപകര്‍ത്താവും കൂര്‍മ്മനായ ഒരു നയ വിചക്ഷണനുമായ മന്മോഹന്‍ സിങ്ങ് ഇന്തോ-യുഎസ് വാതില്‍ ചെറുതായി തുറക്കുന്നത് കണ്ടു, ഉടന്‍ തന്നെ ഈ ന്യൂക്ലിയര്‍ കരാര്‍ വാഗ്ദാനം സ്വീകരിച്ച് തന്റെ കാല്‍ കടത്തുകയും ചെയ്തു. അന്നുമുതല്‍, പരിഭ്രാന്തിയോടെ വാതില്‍ അടയാതെ തന്റെ കാല്‍ അവിടെത്തന്നെ വയ്ക്കുവാനും വീണ്ടും വാതിലിനെ കൂടുതല്‍ കൂടുതല്‍ തുറക്കുവാനും അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വിമര്‍ശകരും മറ്റും ശക്തമായി ഈ കാല്‍ പിന്‍വലിയ്ക്കുവാന്‍ പ്രേരിപ്പിച്ച് വാതില്‍ വീണ്ടും ശക്തിയായി അടയ്ക്കുവാന്‍ ശ്രമിച്ചുകൊണ്ടും ഇരുന്നു.
10. ന്യൂക്ലിയാര്‍ കരാര്‍ അതിന്റെ ഭൌമ-രാഷ്ട്രീയ കോണില്‍ നിന്നും ഇന്ത്യയുടെ ഊര്‍ജ്ജ ലഭ്യത സുരക്ഷയുടെ കോണില്‍ നിന്നും ഒരേ പോലെ പ്രധാനമാണ്. ഈ രണ്ടു ഘടകങ്ങളും ലളിതമായ ഭാഷയില്‍ ജനങ്ങള്‍ക്ക് വിശദീകരിച്ച് അവരുടെ വിശ്വാസം നേടുന്നതിനു പകരം മന്മോഹന്‍ സിങ്ങും അദ്ദേഹത്തിന്റെ ഉപദേഷ്ടകരും ഊര്‍ജ്ജ ലഭ്യ-സുരക്ഷ എന്ന ഭാഗത്തെ മാത്രം കൂടുതലായി എടുത്തുകാണിച്ചു. അക്കങ്ങള്‍ നിരത്തി അവരെ ബോറടിപ്പിച്ചു. സ്വര്‍ഗ്ഗത്തില്‍ നിന്നും നമ്മുടെ ഊര്‍ജ്ജ ലഭ്യത സുരക്ഷയ്ക്കായി വീണുകിട്ടിയ ഒരു മന്ന എന്ന നിലയിലാണ് അവര്‍ ഈ കരാറിനെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്. കരാര്‍ അങ്ങനെയൊന്നല്ല. ഇതിന്റെ ഫലം: ഇവര്‍ നിലനിന്ന ആശങ്കകള്‍ക്ക് ആക്കം കൂട്ടിയതേയുള്ളൂ, അവ ദുരീകരിക്കുന്നതിനു പകരം.
11. ഊര്‍ജ്ജ ലഭ്യത സുരക്ഷ എന്ന നിലയിലുള്ള ഈ കരാറിന്റെ പ്രാധാന്യം പോലും വേണ്ടവിധത്തില്‍ വിശദീകരിക്കപ്പെട്ടില്ല. തമിഴ്നാട്ടിലെ കൂടംകുളത്ത് രണ്ട് ആണവ ഊര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ റഷ്യയുമായി ഒപ്പിട്ട കരാറാണ് ഇന്ത്യ അവസാനമായി ഒപ്പിട്ട കരാര്‍ - ഇത് ന്യൂക്ലിയാര്‍ സപ്ലയേഴ്സ് ഗ്രൂപ്പിന്റെ (എന്‍.എസ്.ജി) ഇന്ത്യയുമായി ആണവവ്യാപാരത്തിനുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതിനു മുന്‍പ് ഒപ്പിട്ടതാണ്. റഷ്യക്കാര്‍ ഈ കരാര്‍ പൂര്‍ത്തിയാക്കുന്നതോടെ നമുക്ക് ലോകത്തിലെ ഒരു ശക്തിയുമായോ ഒരു കമ്പനിയുമായോ ഒരു പുതിയ കരാറിലും ഏര്‍പ്പെടാനാവില്ല - എന്‍.എസ്.ജി.യുടെ ഇന്ത്യയ്ക്കുനേരെയുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതു വരെ.
12. ബുഷിന്റെ ആണവ കരാറിനുള്ള നിര്‍ദ്ദേശം ഈ നിയന്ത്രണങ്ങളെ നീക്കുന്നതിനും പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നതിനുമായി അവസരത്തിന്റെ ഒരു ചെറിയ വാതായനം തുറന്നു. മന്മോഹന്‍ സിങ്ങ് ഈ അവസരത്തെ ഉടനെ കരസ്ഥമാക്കി. ഇത് രാജ്യത്തിനു നല്ലതോ ചീത്തയോ എന്ന് നിശ്ചയിക്കുന്നതിനു മുന്‍പ് ഈ കരാറിന്റെ ഗുണങ്ങള്‍ രാഷ്ട്രീയവും സാങ്കേതികവുമായ കോണുകളില്‍ നിന്നും വിശകലനം ചെയ്യേണ്ടതാണ്.
13. സാങ്കേതികമായ പരിശോധനയില്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ ഇവയാണ്: ഈ കരാര്‍ നമ്മുടെ ഇന്നത്തെ സൈനീക ആണവ ശേഷിയെ ബാധിക്കുമോ? ഇത് പിന്നീട് ചൈനയുമായോ പാക്കിസ്ഥാനുമായോ ഒരു സംഘട്ടനം ഉണ്ടാവുമെന്ന അവസരത്തില്‍ സൈന്യത്തിന്റെ ആണവശേഷിയെ പിന്നീട് വര്‍ധിപ്പിക്കുന്നതിനു വിഘാതമാകുമോ? തോറിയം അധിഷ്ഠിതമായ സാങ്കേതിക വിദ്യകളുടെയും ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്റെയും ഗവേഷണത്തിനും വികസനത്തിനും ഈ കരാര്‍ വിഘാതമാകുമോ? ഈ കരാര്‍ സത്യത്തില്‍ നമ്മുടെ ഊര്‍ജ്ജ ലഭ്യത സുരക്ഷയെ ശക്തമാക്കുമോ?
14. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതില്‍, ഒരാള്‍ ഇന്നത്തെ ശാസ്ത്രജ്ഞന്മാരുടെ പ്രൊഫഷണല്‍ ഉപദേശങ്ങള്‍ തേടേണ്ടതുണ്ട്. അവരില്‍ എല്ലാവരും തന്നെ, ഒന്നൊഴിയാതെ, ഈ കരാര്‍ ഇന്ത്യയ്ക്ക് മൊത്തത്തില്‍ ഗുണകരമാണെന്നും ഇന്നത്തെ അവസ്ഥയില്‍ ഇത് ആവശ്യമാണെന്നും വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.
15. കരാറിന് എതിരായ ശബ്ദങ്ങള്‍ അമേരിക്കയുമായി ശീതയുദ്ധ സമയത്ത് നമ്മുടെ ആണവ ശാസ്ത്ര സമൂഹത്തിന്റെ തലപ്പത്തിരുന്ന ചില മുതിര്‍ന്നവരും പരക്കെ അംഗീകരിക്കപ്പെട്ടവരുമായ ശാസ്ത്രജ്ഞരില്‍ നിന്നുമാണ് വരുന്നത്. അന്ന് അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കയ്പ്പേറിയതായിരുന്നു. ഇന്നത്തെ ശാസ്ത്രജ്ഞരുടെ യുവ തലമുറ, ഇന്ന് നയങ്ങള്‍ നിര്‍മ്മിക്കുന്നവര്‍, അമേരിക്കയ്ക്കുനേരെ കൂടുതല്‍ തുറന്ന മനസ്സുള്ളവരാണ്. പുരോഗമനപരമായ നയ മുന്നേറ്റങ്ങള്‍ക്ക് ഇടയ്ക്ക് കഴിഞ്ഞകാലത്തെ കയ്പ്പ് കടന്നുവരാന്‍ ഇവര്‍ അനുവദിക്കുന്നില്ല. ഇന്നലെയുടെ വിരമിച്ച ശാസ്ത്രജ്ഞര്‍ ഈ ചര്‍ച്ചയെ പ്രൊഫഷണല്‍ ആയി കാണുന്നതിനു പകരം വൈകാരികമായി കണ്ട്, പുരോഗമനപരമായ പുനര്‍വിചിന്തനത്തെ തടയാന്‍ ശ്രമിക്കണോ? അവര്‍ക്ക് ഇതിലെ വീഴ്ച്ചകളും കെണികളും എന്നു തോന്നുന്നവയിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാനുള്ള എല്ലാ അവകാശവും, കടമ വരെയും ഉണ്ട്. ഇവരുടെ അഭിപ്രായങ്ങള്‍ ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ പരിഗണിച്ച് അതിനു ശേഷവും ഈ കരാര്‍ നടപ്പാക്കാന്‍ ശ്രമിക്കേണ്ടതാണ് എന്നു കരുതുമ്പോള്‍, വിരമിച്ച ശാസ്ത്രജ്ഞന്മാര്‍ വീണ്ടും ഇതിനെ ശക്തിയോടെ എതിര്‍ത്ത് ജനാഭിപ്രായം ഇതിനു എതിരാക്കി ഈ കരാര്‍ നിലവില്‍ വരുന്നത് തടയാന്‍ ശ്രമിക്കണോ?
16. അമേരിക്കയുമായി ജൂലൈ 2005-ല്‍ കരാര്‍ ഒപ്പുവെച്ചതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങ് പറഞ്ഞു: “ഞാന്‍ ആണവ ഊര്‍ജ്ജ കമ്മീഷന്റെ ചെയര്‍മാനോടു പറഞ്ഞു. താങ്കള്‍ക്ക് വീറ്റോ അധികാരമുണ്ട്. താങ്കള്‍ ഒപ്പിടാന്‍ പറഞ്ഞാല്‍ ഞാന്‍ ഒപ്പിടും. താങ്കള്‍ ഒപ്പിടരുത് എന്നു പറഞ്ഞാല്‍ ഞാന്‍ ഒപ്പിടില്ല”. കരട് പരിശോധിച്ചതിനു ശേഷം ആണവ ഊര്‍ജ്ജ കമ്മീഷന്റെ ചെയര്‍മാന്‍ പ്രധാനമന്ത്രിയെ ഒപ്പിടാന്‍ ഉപദേശിച്ചു, അദ്ദേഹം ഒപ്പിട്ടു. അന്നുമുതല്‍, ചെയര്‍മാന്‍ ഈ കരാറിനെ പിന്തുണയ്ക്കുന്നതില്‍ അചഞ്ചലമായി നിന്നു. അദ്ദേഹത്തിന്റെ സാങ്കേതിക തീരുമാനവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേതും രാജ്യം സ്വീകരിക്കേണ്ടതാണ് - ജനങ്ങളുടെ മനസ്സില്‍ ഇതിനെപ്പറ്റി സംശയങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കാതെ.
17. ഈ കരാറിന്റെ രാഷ്ട്രീയ വശം കൂടുതല്‍ സങ്കീര്‍ണ്ണമാണ്, പ്രധാനമായും പലരും -- പ്രത്യേകിച്ച് ഇടതു കക്ഷികള്‍ -- ഈ കരാര്‍ അമേരിക്കയ്ക്കു നേരെയുള്ള ഒറ്റപ്പെട്ട ഒരു നയ അടയാളമല്ല, മറിച്ച് അമേരിക്കയുമായുള്ള ഒരു തന്ത്രപ്രധാന ബന്ധ പാക്കേജിന്റെ ഭാഗമാണെന്നു കരുതുന്നതുകൊണ്ട്. ഇതിനു പിന്നാലെ വന്ന പല സംഭവവികാസങ്ങളും - ഇന്ത്യയും അമേരിക്കയും ജനാധിപത്യ രാജ്യങ്ങളുടെ ഒരു കൂട്ടായ്മയെപ്പറ്റി സംസാരിച്ചത്, ഇരു സൈന്യങ്ങളും തമ്മിലുള്ള വളരുന്ന ബന്ധം, ഉഭയകക്ഷി, വിവിധ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സൈനിക പരിശീലനങ്ങള്‍, ഇതെല്ലാം ഇന്ത്യ ചൈനയ്ക്കെതിരെ അമേരിക്കയുടെ ഒരു കക്ഷിയായി ചേരുന്നതിന്റെ ഭാഗമാണ് ഇതെന്നും അമേരിക്കയുടെ നയങ്ങളോടൊത്ത് ഇറാന്‍ തുടങ്ങിയ അമേരിക്കന്‍ ശത്രുക്കള്‍ക്കെതിരെ ഇന്ത്യ നയരൂപീകരണത്തെ പരിമിതപ്പെടുത്തുന്നു എന്നും കരുതുന്നു.
18. ഹൈഡ് ആക്ടിന്റെ ദോഷ സ്വഭാവത്തെ അമിതമായി നാടകീയവല്‍ക്കരിക്കുന്നത് തെറ്റാണ്. ഹൈഡ് ആക്ട് ന്യൂക്ലിയര്‍ കരാര്‍ നടപ്പിലാക്കുന്ന അമേരിക്കന്‍ രാഷ്ട്രപതിയുടെ മേല്‍ പല നിബന്ധനകളും വെയ്ക്കുന്നു. എന്നാല്‍ അമേരിക്കയില്‍ പ്രസിഡന്റ് വിദേശ നയങ്ങളില്‍ ഊഹിക്കാനാവാത്തവിധം ശക്തനാണ്. ഒരു പ്രസിഡന്റ് ഹൈഡ് ആക്ടിലെ വ്യവസ്ഥകളോട് എത്രത്തോളം ബദ്ധനായിരിക്കുന്നു എന്നത് അദ്ദേഹം ഇന്ത്യയെ ഒരു നല്ല ശക്തിയായാണോ അതോ ചീത്ത ശക്തിയായാണോ കാണുന്നത് എന്നതും ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ അപ്പൊഴത്തെ സ്ഥിതിയും കണക്കാക്കിയിരിക്കും. പ്രസിഡന്റ് ഇന്ത്യയ്ക്ക് പ്രാധാന്യം നല്‍കുന്നത് തുടരുകയും ഇന്ത്യയെക്കുറിച്ച് ഒരു നല്ല കാഴ്ച്ചപ്പാട് പുലര്‍ത്തുകയും ചെയ്താല്‍ ഹൈഡ് ആക്ടിനെ കവച്ചുവയ്ക്കുന്നതിന് അദ്ദേഹത്തിന് അസംഘ്യം വഴികള്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ബന്ധം മോശമാവുകയും ഒരു ഭാവി പ്രസിഡന്റിന് ഇന്ത്യയെ ഇഷ്ടമല്ലാതാവുകയും ചെയ്താല്‍ അതേ അനായാസതയോടെ അദ്ദേഹത്തിന് ഹൈഡ് ആക്ട് ഇല്ലെങ്കിലും ഇന്ത്യയെ മുറിവേല്‍പ്പിക്കുന്നതിന് അസംഘ്യം വഴികള്‍ കണ്ടെത്താന്‍ കഴിയുകയും ചെയ്യും.
19. ഇതിന് ഒരു ഉദാഹരണം നമ്മള്‍ കണ്ടത് ഇന്നത്തെ പ്രസിഡന്റിന്റെ പിതാവ് ജോര്‍ജ്ജ് ബുഷ് കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രസ്ലര്‍ ഭേദഗതി പാക്കിസ്ഥാനെതിരെ നടപ്പാക്കുന്നത് ദീര്‍ഘകാലം തടഞ്ഞതിലാണ്. പ്രസ്ലര്‍ ഭേദഗതി പാക്കിസ്ഥാന്‍ ഒരു സൈനീക ആണവ പദ്ധതി ആരംഭിക്കുകയോ സൈനിക ആണവ ശക്തി നേടുകയോ ചെയ്താല്‍ പാക്കിസ്ഥാനെതിരേ സാമ്പത്തികവും സൈനികവുമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു. സി.ഐ.എ പലതവണ പാക്കിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ ആണവശക്തി നേടുന്നു എന്നു പറഞ്ഞിട്ടും, അദ്ദേഹം പാക്കിസ്ഥാനെതിരെ എന്തെങ്കിലും നടപടി എടുക്കുന്നതില്‍ നിന്നും വിട്ടുനിന്നു. പാക്കിസ്ഥാനെ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സൈന്യത്തിനെതിരെ പ്രോക്സി യുദ്ധത്തിന് അമേരിക്കയ്ക്ക് ആവശ്യമായിരുന്നതുകൊണ്ടാണ് ഇത്. 1990-ല്‍ - സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടതിനു വളരെനാള്‍ ശേഷമാണ് അദ്ദേഹം പ്രസ്ലര്‍ ഭേദഗതി നടപ്പിലാക്കിയത്.
20. ഹൈഡ് ആക്ടിലെ പല ഭാഗങ്ങളെയും കുറിച്ച് നമ്മള്‍ ആശങ്കപ്പെടണം, അവ പ്രകടിപ്പിക്കണം, എന്നാല്‍ അവയെ പര്‍വ്വതീകരിച്ച് അവ ഇന്ത്യ-അമേരിക്ക വാതില്‍ കൂടുതല്‍ തുറക്കുന്നതിന്റെ വഴിയില്‍ വരാന്‍ നമ്മള്‍ അനുവദിച്ചുകൂടാ.
21. അതെ, സത്യത്തില്‍ ആണവകരാര്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയ്ക്കു നല്‍കുന്ന നിര്‍ലോഭമായ ഒരു ദാനമല്ല. അത് ഒരു തന്ത്രപരമായ (സ്ട്രാറ്റെജിക്ക്) പാക്കേജിന്റെ ഭാഗമാണ്. ഈ പാക്കേജിനെ നമ്മള്‍ പരിശോധിക്കുന്നത് നമ്മുടെ അമേരിക്കയുമായുള്ള ബന്ധത്തിന്റെ പഴയ ഓര്‍മ്മകളുടെ സ്വാധീനത്തില്‍ ആവരുത്, നമ്മുടെ ഇന്നത്തെ അനുഭവത്തിന്റെയും അതില്‍ നിന്നുള്ള നമ്മുടെ ഭാവി പ്രത്യാശകളുടെയും സ്വാധീനത്തിലാവണം. നാം വസ്തുതാപരമായി പരിശോധിച്ചാല്‍, അമേരിക്കയുമായി തന്ത്രപരമായ ബന്ധം, നാം തുടക്കത്തില്‍ താമസിച്ചെങ്കിലും ചൈനയുമായി സാമ്പത്തികമായി തുലനത്തിലെത്താന്‍ നമുക്ക് അത്യാവശ്യമായ ഒരു ത്വരകമാവുമെന്നും ചൈനയുടെ വമ്പിച്ച സൈനീക, വന്‍ ശക്തി ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സഹായിക്കുമെന്നും നമുക്ക് കാണാന്‍ കഴിയും.
22. നമുക്ക് അമേരിക്കയ്ക്കെതിരെ പല പരാതികളുമുണ്ട് --- പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ഭീകരത ഉപയോഗിക്കുന്നത് തുടരുന്നതിലുള്ള അവരുടെ ഇരട്ടത്താപ്പ്, ഇന്ത്യ യു.എന്‍. സുരക്ഷാ സമിതിയില്‍ ഒരു സ്ഥിരാംഗമാവുന്നതിനെ പിന്തുണയ്ക്കുന്നതിനുള്ള അവരുടെ വിമുഖത, ഇവ രണ്ട് ഉദാഹരണങ്ങള്‍ മാത്രം. ഈ പരാതികളെക്കുറിച്ച് വാചാലമായിരിക്കുമ്പോള്‍ തന്നെ, നമ്മള്‍ ഇവ ഇന്തോ-യു.എസ്. വാതില്‍ കൂടുതല്‍ കൂടുതല്‍ തുറക്കുന്നതിന് ഇടയ്ക്കുവരാന്‍ സമ്മതിക്കരുത്.
(12-7-08)
ബി. രാമന്‍ ഇന്ത്യാ സര്‍ക്കാരിന്റെ കാബിനറ്റ് സെക്രട്ടറിയേറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ അദ്ദേഹം ചെന്നൈയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോപ്പിക്കല്‍ സ്റ്റഡീസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആണ്. ചെന്നൈ സെന്റര്‍ ഫോര്‍ ചൈന സ്റ്റഡീസുമായും അദ്ദേഹം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു.
ഇ-മെയില്‍:seventyone2@gmai.com )
7/23/2008
ഇന്തോ-യു.എസ്. ആണവ കരാര്‍: ഒരു തിരിഞ്ഞുനോട്ടം
എഴുതിയത് simy nazareth സമയം Wednesday, July 23, 2008 93 അഭിപ്രായങ്ങള്‍
ലേബലുകള്‍: വിവര്‍ത്തനം
7/04/2008
കുളം
രാത്രിയില്‍ കുളം എന്തൊരു രസമാണ്. നക്ഷത്രങ്ങളെല്ലാം കുളത്തില്‍ പൊങ്ങിക്കിടക്കുന്നു. ഓളം വെട്ടുമ്പോള്‍ നക്ഷത്രങ്ങള്‍ തെന്നിക്കളിക്കുന്നു. കൈ എത്താവുന്ന ദൂരത്ത് ചന്ദ്രന്‍ അതാ വീണുകിടക്കുന്നു. ആകാശം ദൂരെയാണ്. ചന്ദ്രനെയും നക്ഷത്രങ്ങളെയും കൈയെത്തില്ല. പക്ഷേ കുളം അടുത്താണ്. വിരല്‍ തൊടുമ്പോള്‍ രാത്രിയിലെ തണുത്ത കുളം. മുഖം അടുപ്പിക്കുമ്പോള്‍ നക്ഷത്രങ്ങളും ചന്ദ്രനും മാത്രമല്ല, നീണ്ട മുടിയും വിരിച്ച്, നീലക്കണ്ണും മിഴിച്ച്, ചുവന്ന ചുണ്ടും വിടര്‍ത്തി ചിരിക്കുന്ന സാരിയുടുത്ത പെണ്ണും കുളത്തിലുണ്ട്. അവളുടെ സാരി സ്വര്‍ണ്ണമത്സ്യത്തിന്റെ വിടര്‍ന്ന ചിറകുകള്‍ പോലെ പറന്നുനടക്കുന്നു. അവള്‍ അതാ വിളിക്കുന്നു. എന്റെ ചാരിത്ര്യവും കരയില്‍ വെച്ചിട്ട് ഞാന്‍ പതുക്കെ കുളത്തിലിറങ്ങും. കുളത്തിലെ ചന്ദ്രനെ വാരി കയ്യിലെടുക്കും. ഒരു നക്ഷത്രത്തിനെ എടുത്ത് ചെവിയില്‍ തിരുകും. എന്നിട്ട് കുളത്തിന്റെ ആഴത്തില്‍ അവളെയും കെട്ടിപ്പിടിച്ചുകിടന്ന് സുഖമായുറങ്ങും.
എഴുതിയത് simy nazareth സമയം Friday, July 04, 2008 9 അഭിപ്രായങ്ങള്‍
ലേബലുകള്‍: ആ