സിമിയുടെ ബ്ലോഗ്

4/13/2011

മണിപ്പൂർ - ഉണങ്ങാത്ത മുറിവുകൾ

2000 നവംബർ 4-നു ആണ് ഇറോം ചാനു ഷർമ്മിള എന്ന യുവതി മണിപ്പൂരിൽ നിന്നും സായുധസേനാ പ്രത്യേകാധികാര നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങിയത്. അത്മഹത്യാ ശ്രമത്തിനു തുടർച്ചയായി അറസ്റ്റ് ചെയ്ത് സർക്കാർ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂക്കിലൂടെ ദ്രാവകാഹാരം ഇറക്കി ജീവൻ നിലനിർത്തുന്നു. അറസ്റ്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോളുടനെ വീണ്ടും ആത്മഹത്യാശ്രമത്തിനു അറസ്റ്റ് ചെയ്യും. ഓരോ വർഷവും ഈ അസംബന്ധമെന്നു തോന്നിക്കുന്ന അറസ്റ്റ് നാടകം തുടരുന്നു. രാഷ്ട്രീയ പ്രതിഷേധങ്ങളുടെ ചരിത്രത്തിൽ ഇറോം ചാനു ഷർമ്മിളയുടെ പോരാട്ടത്തിനു സമാനതകളില്ല.

കേന്ദ്ര സർക്കാരിന്റെ അർദ്ധസൈനിക വിഭാഗങ്ങളിലൊന്നായ ആസാം റൈഫിൾസ്, 2000 മെയ് 1-നു മണിപ്പൂരിലെ മാലോം എന്ന പട്ടണത്തിൽ ബസ്സ് കാത്തുനിന്ന പത്തുപേരെ വെടിവെച്ചുകൊന്നു. ആസാം റൈഫിൾസ് പറയുന്നത് തീവ്രവാദികളുമായുള്ള വെടിവെയ്പ്പിനു ഇടയിൽപ്പെട്ടാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ്. എന്നാൽ ദൃക്സാക്ഷി വിവരണങ്ങൾ ഇതിനു എതിരാണ്. ഈ സംഭവത്തിനു നേർക്ക് സർക്കാരിന്റെ പ്രതികരണമില്ലായ്മയാണ് ഇറോം ഷർമ്മിളയെ നിരാഹാരത്തിന്റെ മാർഗ്ഗം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

1958-ൽ ആണ് സായുധ സേനാ പ്രത്യേകാധികാര നിയമം (armed forces special powers act - AFSPA) കേന്ദ്ര സർക്കാർ പാസാക്കിയത് . അരുണാചൽ, മണിപ്പൂർ, ആസാം, ത്രിപുര, മേഖാലയ, നാഗാലാൻഡ്, കശ്മീർ, തുടങ്ങിയ സ്ഥലങ്ങളിൽ സൈന്യം പ്രവർത്തിക്കുന്നത് ഈ നിയമത്തിന്റെ പരിരക്ഷയിലാണ്.

ഈ നിയമ പ്രകാരം ചില പ്രത്യേക കുറ്റങ്ങൾ ചെയ്ത ഒരാളെ, അല്ലെങ്കിൽ അങ്ങനെ കുറ്റം ചെയ്തു എന്ന് സംശയിക്കുന്ന ഒരാളെ, വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം. അറസ്റ്റ് നടത്തുന്നതിന് എവിടെയും കയറി സെർച്ച് ചെയ്യാം. ഈ നിയമത്തിന്റെ പരിരക്ഷയിൽ പ്രവർത്തിക്കുന്ന ഓഫീസർമാർക്കെതിരെ കേസെടുക്കാൻ പറ്റില്ല. മണിപ്പൂരിൽ AFSPA നിലവിൽ വന്നത് 1980-ൽ ആണ്.

2004-ൽ താങ്ങ്‌ജം മനോരമ എന്ന സ്ത്രീയെ ആസാം റൈഫിൾസ് ജവാന്മാർ അറസ്റ്റ് ചെയ്തു. കുറച്ചുനാളുകൾക്കു ശേഷം അവരുടെ മുറിവുകളേറ്റ ശവം കിട്ടി.

മണിപ്പൂർ സർക്കാർ ഈ സംഭവം അന്വേഷിക്കാൻ 2004-ൽ ഒരു ഏകാംഗ കമ്മീഷനെ വെച്ചു. (ജസ്റ്റിസ് ഉപേന്ദ്രസിങ്ങ് കമ്മിറ്റി). ഈ കമ്മീഷന്റെ റിപ്പോട്ട് 2010 ഒക്ടോബറിൽ പുറത്തുവന്നു. റിപ്പോർട്ട് ആസാം റൈഫിൾസിനെ കുറ്റക്കാരായി കണ്ടെത്തി. ഈ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്തി നടപടികളെടുക്കാൻ മണിപ്പൂർ ഹൈക്കോടതി സർക്കാരിനെ ചുമതലപ്പെടുത്തി.

പോസ്റ്റ് മോർട്ടം റിപ്പോട്ട് പറയുന്നത് റേപ്പ് നടന്നിട്ടില്ല എന്നാണ്. ആസാം റൈഫിൾസിന്റെ അഭിപ്രായ പ്രകാരം മനോരമ 1997 മുതലേ തീവ്രവാദ സംഘടനയായ പി.എൽ.എ.യിലെ അംഗമാണ്. ഈ സംഭവത്തെത്തുടർന്ന് 6 സൈനികരെ ആർമി ചുമതലയിൽ നിന്നും നീക്കി. മനോരമയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച ശുക്ലവുമായി ഒത്തുനോക്കാനായി സംഭവവുമായി ബന്ധം ആരോപിക്കുന്ന മുപ്പത്തിരണ്ട് സൈനികരുടെ ഡി.എൻ.എ. സാമ്പിളുകൾ നൽകാൻ ആർമി തയ്യാറായിരുന്നു, എന്നാൽ കോടതി ഇത് തങ്ങളുടെ നിയമപരിധിയിൽ വരുന്ന കാര്യമല്ല എന്നു പറഞ്ഞ് ഒഴിയുകയായിരുന്നു.

ആസാം റൈഫിൾസ് പറയുന്നത് അവർ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച മനോരമ രക്ഷപെടാൻ ശ്രമിച്ചപ്പോൾ കൊല്ലപ്പെട്ടതാണെന്നാണ്. ഈ സംഭവത്തിനു പിന്നാലെയുള്ള പ്രക്ഷോഭത്തെത്തുടർന്ന് മന്മോഹൻ സിങ്ങും അന്നത്തെ ആഭ്യന്തരമന്ത്രിയായ ശിവരാജ് പാട്ടിലും മണിപ്പൂർ സന്ദർശിച്ചു. കേന്ദ്രസർക്കാർ AFSPA പുനപരിശോധിക്കുന്നതിനു വേണ്ടി ജസ്റ്റിസ് ജീവൻ റെഡ്ഡി കമ്മീഷനെ നിയമിച്ചു. 2005-ൽ നൽകിയ റിപ്പോർട്ടിൽ AFSPA എടുത്തുകളയണം എന്ന് ജസ്റ്റിസ് ജീവൻ റെഡ്ഡി നിർദ്ദേശിച്ചു. (ഈ റിപ്പോർട്ട് ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല)

മനോരമയെ റേപ്പ് ചെയ്ത പട്ടാളക്കാരോട്, ഇതാ, ഞങ്ങളെയും റേപ്പ് ചെയ്യൂ എന്ന് ആക്രോശിച്ച് മണിപ്പൂരിലെ പന്ത്രണ്ട് സ്ത്രീകൾ തുണിയുരിഞ്ഞ് ആസാം റൈഫിൾസ് ആസ്ഥാനത്തിനു മുന്നിൽ പ്രകടനം നടത്തി.

മണിപ്പൂരിൽ ഇപ്പോഴും AFSPA നിലവിലുണ്ട്. ഈ നിയമം മണിപ്പൂർ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നും മാറ്റുന്നതു വരെ നിരാഹാരം തുടരുമെന്നാണ് ഇറോം ഷർമ്മിളയുടെ തീരുമാനം.

1. മണിപ്പൂരിലെ തീവ്രവാദം - അല്പം ചരിത്രം
---------------------------------------------------------
ഇന്ത്യയിലെ പല നാട്ടുരാജ്യങ്ങളെ എന്നപോലെ മണിപ്പൂരിനെയും ബലം പ്രയോഗിച്ച് ലയിപ്പിക്കുകയായിരുന്നു. (ചർച്ചയ്ക്കായി വിളിച്ച മണിപ്പൂർ രാജാവിനെ രണ്ടു ദിവസം പൂട്ടിയിട്ട് ലയന ഉടമ്പടിയിൽ ഒപ്പുവെയ്പ്പിക്കുകയായിരുന്നു), എന്നാൽ പല നാട്ടുരാജ്യങ്ങളെയും ഇന്ത്യയിൽ ലയിപ്പിച്ചത് ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. ആദ്യ വർഷങ്ങളിൽ മണിപ്പൂരിൽ തീവ്രവാദ-വിഘടനവാദ പ്രവർത്തനങ്ങൾ നന്നേ വിരളമായിരുന്നു. 1950-കളിലാണ് മണിപ്പൂരിൽ തീവ്രവാദത്തിന്റെ ആരംഭം.

മണിപ്പൂരിൽ വിവിധ ഗോത്രങ്ങളിൽപ്പെട്ട ജനങ്ങളുണ്ട്, ഭൂമിശാസ്ത്ര പരമായി താഴ്വാരം, മലമ്പ്രദേശം എന്നിങ്ങനെ മണിപ്പൂരിനെ തിരിക്കാം. താഴ്വാരത്തു വസിക്കുന്ന മെയ്ത്തികൾ, മലകളിൽ വസിക്കുന്ന കുക്കികൾ, നാഗർ, തുടങ്ങിയ വിവിധ ഗോത്രങ്ങൾ എന്നിവ മണിപ്പൂരിലുണ്ട്. ഇന്ന് മിക്ക ഗോത്രങ്ങളിൽ നിന്നും ഗോത്ര പശ്ചാത്തലമുള്ള സായുധ ഗ്രൂപ്പുകൾ മണിപ്പൂരിൽ പ്രവർത്തിക്കുന്നു.

1.1 ജനങ്ങളുടെ അതൃപ്തി
---------------------------
ഇന്ത്യയിൽ ലയിപ്പിച്ചതിനു ശേഷം മണിപ്പൂർ ഒരു യൂണിയൻ ടെറിട്ടറിയായി (അന്നത്തെ ക്ലാസ് സി-സംസ്ഥാനം) തുടർന്നു. യൂണിയൻ ടെറിട്ടറികളുടെ ഭരണത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത അംഗങ്ങൾക്ക് ഉപദേശക അധികാരമേ ഉണ്ടായിരുന്നുള്ളൂ - ദില്ലിയിൽ നിന്നുള്ള (പ്രതിനിധി വഴിയുള്ള) ഭരണം ജനങ്ങളുടെ അതൃപ്തിയ്ക്കു കാരണമായി. മണിപ്പൂരിൽ സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ നടന്നു. 1972-ൽ ആണ് മണിപ്പൂർ ഒരു സംസ്ഥാനമായത്.

മണിപ്പൂരിലെ മിക്ക ഗോത്രങ്ങൾക്കും പരസ്പരം സംവദിക്കാൻ പറ്റുന്ന ഭാഷയായ മെയ്റ്റെയ്ലോൺ (മണിപ്പൂരി) ഒരു ഔദ്യോഗിക ഭാഷയാക്കിക്കിട്ടാനും പ്രക്ഷോഭമുണ്ടായി. മണിപ്പൂരിയെക്കാൾ കുറച്ചുപേർ സംസാരിക്കുന്ന സിന്ധി ഔദ്യോഗിക ഭാഷയാക്കിയിട്ടും മണിപ്പൂരിയെ തഴഞ്ഞതും ജനരോഷത്തിനു കാരണമായി. ഒടുവിൽ 1992-ൽ ആണ് മെയ്റ്റെയ്ലോൺ ഔദ്യോഗിക ഭാഷയായത്.

മണിപ്പൂർ സംസ്ഥാനം രൂപവൽക്കരിച്ചതിനു ശേഷവും സർക്കാർ സംവിധാനങ്ങളിൽ അടിമുടിയുള്ള സ്വജനപക്ഷപാതവും അഴിമതിയും തുടർന്നു. ഇത് സർക്കാരിനെയും നിയമവ്യവസ്ഥയെയും ജനങ്ങൾ, പ്രത്യേകിച്ചും യുവാക്കൾ പുച്ഛത്തോടെ കാണാൻ കാരണമായി. ജനങ്ങൾ തീവ്രവാദികളോട് അനുഭാവം പ്രകടിപ്പിച്ചുതുടങ്ങി. 1978-ൽ രണ്ടുമാസത്തേയ്ക്ക് മണിപ്പൂർ പ്രസിഡന്റ് ഭരണത്തിൻ കീഴിലായി. എന്നാൽ ഭീകര പ്രവർത്തനങ്ങൾ അമർച്ച ചെയ്യാൻ രണ്ടുമാസം വളരെ അപര്യാപ്തമായിരുന്നു., ഭീകരപ്രവർത്തനങ്ങൾ വർദ്ധിച്ചുവന്നു. 1979-ൽ സി.പി.ഐ. നേതാവും സ്ഥാനാർത്ഥിയുമായ തോക്‌ചോം ബിരാ സിങ്ങിനെ തീവ്രവാദികൾ വെടിവെച്ചുകൊന്നു. ബാങ്ക് കൊള്ളകളും പോലീസ് സ്റ്റേഷൻ ആക്രമണങ്ങളും പോലീസിന്റെ ആയുധങ്ങൾ പിടിച്ചെടുക്കലും വ്യാപകമായി.

മണിപ്പൂരിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും വളരെ പരിതാപകരമായിരുന്നു. മണിപ്പൂരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഗതാഗത മാർഗ്ഗങ്ങൾ കുറവാണ്. മണിപ്പൂരിൽ ഫാക്ടറികളും വലിയതോതിൽ തൊഴിൽ നൽകുന്ന സ്ഥാപനങ്ങളും വ്യവസായ സംരംഭങ്ങളും വിരളമാണ്. ഇതുകൊണ്ടു തന്നെ, പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ വളരെ പരിമിതമാണ്. തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം വളരെ കൂടിയത് യുവാക്കളുടെ നിരാശാബോധത്തിനു കാരണമായി. മായങ്കികളെ (പുറം നാട്ടിൽ നിന്നുള്ളവരെ) മണിപ്പൂരിൽ നിന്നും പുറം തള്ളാനുള്ള (മറാത്താവാദ മോഡൽ) പ്രക്ഷോഭങ്ങൾ നടന്നു.

മണിപ്പൂരിന്റെ വരുമാനത്തിൽ സിംഹഭാഗവും വരുന്നത് കേന്ദ്ര അലൊക്കേഷനിൽ നിന്നാണ്. എന്നാൽ ഇത് അർഹതപ്പെട്ടവർക്ക് എത്തുന്നില്ല എന്ന് തീവ്രവാദികൾ പരാതിപ്പെടുന്നു.

1.2 സ്വത്വരാഷ്ട്രീയം / സ്വത്വ തീവ്രവാദം
--------------------------------------------------
മണിപ്പൂരിൽ സ്വത്വ രാഷ്ട്രീയത്തിന്റെ തുടക്കം ഒരുപക്ഷേ മിസോ യൂണിയൻ, മണിപ്പൂരിലെ മിസോകൾ താമസിക്കുന്ന പ്രദേശങ്ങൾ ആസാമിലെ ലുഷായി ജില്ലയുമായി (ഇന്ന് മിസോറം) ലയിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയതോടെയാവാം.

1956 മുതൽ മണിപ്പൂരിൽ പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയായ നാഗ നാഷണൽ കൗൺസിലിന്റെ ഉദ്ദേശം മണിപ്പൂരിലെയും നാഗാലാൻഡിലെയും മറ്റ് സമീപ സംസ്ഥാനങ്ങളിലെയും നാഗർ താമസിക്കുന്ന പ്രദേശങ്ങൾ ഒന്നുചേർത്ത് ഒരു സ്വതന്ത്ര നാഗാ രാഷ്ട്രം നിർമ്മിക്കുക എന്നതാണ്. 1950-കളും 60-കളും മണിപ്പൂരിൽ മലമ്പ്രദേശങ്ങൾ രക്തരൂക്ഷിതമായിരുന്നു. നാഗാലാൻഡിലെ തീവ്രവാദികൾക്കെതിരെ കേന്ദ്രസർക്കാർ ആക്രമണം ശക്തമാക്കിയപ്പോൾ അവർ മണിപ്പൂരിൽ അഭയം തേടി.

തിരഞ്ഞെടുപ്പുകളോടെ തങ്ങളുടെ പരമ്പരാഗത ശക്തി നഷ്ടപ്പെട്ട കുക്കി ഗോത്രതലവന്മാരുടെ നിരാശയും തീവ്രവാദത്തിനു കാരണമായി. മിസോറത്തിൽ നിന്നും മണിപ്പൂർ വഴി ചൈനയിലേക്കു പോകുന്ന മിസോ തീവ്രവാദികളുമായും, നാഗാലാൻഡിൽ നിന്നും ബംഗ്ലാദേശിലേയ്ക്കു പോകുന്ന നാഗാ തീവ്രവാദികളുമായും ഉള്ള ബന്ധവും തീവ്രവാദ ചിന്തകൾക്കു കാരണമായി. എന്നാൽ പ്രധാനമായും നാഗാ തീവ്രവാദത്തിന്റെ ചുവടുപിടിച്ചായിരുന്നു മണിപ്പൂരിലെ മലമ്പ്രദേശത്തെ മറ്റ് തീവ്രവാദ ഗ്രൂപ്പുകളും ശക്തമായത്. 1975-ൽ ഷില്ലോങ്ങ് ഉടമ്പടി ഒപ്പുവെച്ചതോടെ മണിപ്പൂരിലെ നാഗാ തീവ്രവാദവും കുറഞ്ഞു.

മലമ്പ്രദേശങ്ങളിലുള്ള കുക്കികളും നാഗരും കേന്ദ്രസർക്കാരിന്റെ പ്രതിനിധികളായി കണ്ടിരുന്നതിൽ താഴ്വാരത്തിലെ ജനതയായ മെയ്റ്റികളും ഉൾപ്പെട്ടു, ഇതിനു കാരണം മെയ്റ്റികൾ ഹിന്ദുക്കളായതായിരുന്നു. എന്നാൽ ഇന്ത്യയുമായി ഇത്തരം ബന്ധം ആരോപിക്കപ്പെടുന്നതുകൊണ്ട് മെയ്റ്റികൾക്ക് സാമ്പത്തിക ഗുണങ്ങളുണ്ടായതുമില്ല. കേന്ദ്രസർക്കാർ, മണിപ്പൂരിലെ തീവ്രവാദം കുറയ്ക്കാൻ വികസന പ്രവർത്തനങ്ങൾ നടത്തിയത് പ്രധാനമായും മലമ്പ്രദേശങ്ങളിലായിരുന്നു. തത്ഭലമായി മെയ്റ്റികൾ ഇന്ത്യയ്ക്കെതിരെ തിരിഞ്ഞു. മെയ്റ്റികൾ നാഗരും മിസോകളുമായി ബന്ധം സ്ഥാപിച്ച് പാൻ-മംഗ്ലോയിഡ് വാദം ഉന്നയിച്ചു തുടങ്ങി.

1.3 മാവോയിസം
------------------
താഴ്വാരത്തിലാണ് ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) എന്ന തീവ്രവാദ സംഘടന കേന്ദ്രീകരിച്ചിരിക്കുന്നത് (ദില്ലി കൊള്ളക്കാരുടെ പ്രധാന ഏജന്റായി ഇവർ കാണുന്നത് സി.പി.ഐ.യെ ആണ് എന്നത് രസകരമാണ്). മാവോയുടെ "യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും ഉന്നതമായ സംഘട്ടനമാണ് യുദ്ധം" എന്ന വാദമാണ് ഇവരുടേത്.

ഇന്ന് മണിപ്പൂരിൽ 12-ഓളം തീവ്രവാദ സംഘടനകൾ ശക്തമായി പ്രവർത്തിക്കുന്നു. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ 2005 മെയ് മാസത്തിലെ കണക്കനുസരിച്ച് മണിപ്പൂരിൽ വിവിധ തീവ്രവാദ സംഘടനകളിലായി 12,650 കേഡർമാരുണ്ട്. വിവിധ ഗോത്രങ്ങൾ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ തീവ്രവാദ ഗ്രൂപ്പുകൾ രൂപീകരിച്ചതുപോലെ, തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് മണിപ്പൂരിലെ ഇസ്ലാമിക തീവ്രവാദവും. വിവിധ ഗോത്രങ്ങൾ / വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളും, വെടിനിറുത്തലുകളും മണിപ്പൂരിൽ നടക്കാറുണ്ട്.

1.4 അന്താരാഷ്ട്ര ഇടപെടൽ
---------------------------------
മണിപ്പൂർ തീവ്രവാദികൾ (പ്രത്യേകിച്ചും പി.എൽ.എ) ടിബറ്റിൽ പോയി സായുധ ട്രെയിനിങ്ങ് നേടി. ഇവർ ഭൂട്ടാനിൽ താവളങ്ങൾ സ്ഥാപിച്ച് ഭൂട്ടാനെ പ്രവർത്തനകേന്ദ്രമാക്കി, എങ്കിലും 2003-ൽ ഭൂട്ടാൻ സർക്കാർ പി.എൽ.എ.യ്ക്കെതിരെ ശക്തമായ സൈനികനടപടിയെടുത്തു. മ്യാന്മാറിലും മണിപ്പൂർ തീവ്രവാദികൾ കാമ്പുകൾ സ്ഥാപിച്ചിരുന്നു, എന്നാൽ മ്യാന്മാർ സർക്കാർ പല ഘട്ടങ്ങളിലും ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചു. ബംഗ്ലാദേശിലും മണിപ്പൂർ തീവ്രവാദികളുടെ താവളങ്ങൾ ഉണ്ടെന്ന് ഇന്ത്യൻ സർക്കാർ പരാതിപ്പെടുന്നു. എന്നാൽ തങ്ങളുടെ മണ്ണിൽ മണിപ്പൂർ തീവ്രവാദികൾ ഇല്ല എന്നാണ് ബംഗ്ലാദേശിന്റെ വാദം. എന്നാൽ പലതവണ ഒളിഞ്ഞും തെളിഞ്ഞും ബംഗ്ലാദേശ് തീവ്രവാദികൾക്കു നേരെ നടപടികളെടുത്തിട്ടുണ്ട്. കംബോഡിയ, തായ്‌ലാൻഡ് എന്നിവ തീവ്രവാദികൾ കൂടുതൽ സുരക്ഷിതമായ താവളങ്ങളായി കരുതുന്നു.

1.5 സ്വാർത്ഥ-വാണിജ്യ താല്പര്യങ്ങൾ
---------------------------------------------
മണിപ്പൂരിലെ തീവ്രവാദത്തിനുള്ള കാരണങ്ങളിൽ മേൽപ്പറഞ്ഞതു കൂട്ടാതെ മയക്കുമരുന്ന്-ടെററിസവും ഉണ്ട് - മ്യാന്മാർ - ഇന്ത്യ ബോർഡറിൽ ഹെറോയിൻ കടത്തുന്നവർക്ക് തീവ്രവാദികൾ സംരക്ഷണം നൽകുന്നു. ഇങ്ങനെ പണം ഉണ്ടാക്കാനായി മാത്രം രൂപീകരിച്ച തീവ്രവാദ ഗ്രൂപ്പുകളും ഉണ്ട്.

1.6 ഇന്ന്
-------
മലകളിലുള്ള പല കുക്കി ഗോത്ര-തീവ്രവാദ ഗ്രൂപ്പുകളുമായി സർക്കാർ വെടിനിർത്തൽ നിലവിലുണ്ട്, എന്നാൽ പി.എൽ.എ. പോലുള്ള പ്രബല ഗ്രൂപ്പുകൾ മണിപ്പൂരിന്റെ സ്വാതന്ത്ര്യത്തിനായി പ്ലെബിസിറ്റ് നടത്തണമെന്നും, യു.എൻ. ഇടപെടണം എന്നും ആവശ്യപ്പെടുന്നു. ഇന്ന് മണിപ്പൂർ താഴ്വരയിലെ രാഷ്ട്രീയക്കാർ, ബിസിനസുകാർ, തുടങ്ങി പലരും തീവ്രവാദികൾക്ക് പണം നൽകുന്നതായും മറ്റ് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതായും ആരോപണമുണ്ട്. മണിപ്പൂർ അസംബ്ലിയിലെ മൂന്ന് എം.എൽ.എ. മാരുടെ വസതികളിൽ നടത്തിയ റെയ്‌ഡിൽ 12 തീവ്രവാദികളെ പിടികൂടിയിരുന്നു. ഇന്നത്തെ മുഖ്യമന്ത്രിയായ ഒക്രം ഇബോബി സിങ്ങ്, മുൻപ് മുഖ്യമന്ത്രിയായിരുന്ന റിഷാങ്ങ് കൈഷിങ്ങ്, തുടങ്ങിയവർ തീവ്രവാദ സംഘടനകൾക്ക് ഡൊണേഷൻ നൽകി എന്ന ആരോപണമുണ്ട്. തീവ്രവാദികളും രാഷ്ട്രീയക്കാരും തമ്മിലുള്ള പരസ്പര സഹായ-സംരക്ഷണ ഇടപാടുകൾ മണിപ്പൂരിൽ പ്രബലമാണ്.

2. AFSPA പിൻവലിക്കാവുന്ന ഒന്നാണോ?
-------------------------------------------------------

AFSPA നിയമം നീക്കാൻ ആവശ്യപ്പെടുന്ന പ്രമുഖരിൽ (ജ്ഞാനപീഠം ജേതാവായ) മഹാശ്വേത ദേവി, നോബൽ സമ്മാന ജേതാവായ ഷെറീൻ എബാദി, തുടങ്ങിയവരുണ്ട്. മണിപ്പൂരിലെ ജനതയിൽ ബഹുഭൂരിപക്ഷവും AFPSA പിൻവലിക്കണം എന്ന ആവശ്യക്കാരാണ്.

ഓരോ വർഷവും AFSPA വീണ്ടും ഒരു വർഷം കൂടി നീട്ടുന്നതാണ് പതിവ്, 2010 ഡിസംബർ 10-നു ഈ നിയമം മണിപ്പൂർ സർക്കാർ ഒരു കൊല്ലത്തേയ്ക്കു കൂടി നീട്ടി.

മണിപ്പൂരിലെ സർക്കാരും വാണിജ്യവും തീവ്രവാദവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നും, മണിപ്പൂർ താഴ്വരയിൽ തീവ്രവാദം സർവ്വസാധാരണമാണ് എന്നും മുന്നേ പറഞ്ഞതാണ്. എന്നാൽ - തീവ്രവാദ ബാധിതമായ മറ്റ് പ്രദേശങ്ങളെപ്പോലെ, മണിപ്പൂരിലെ ജനങ്ങളും തീവ്രവാദികളെ തങ്ങളുടെ കഷ്ടപ്പാടുകൾക്ക് മുഖ്യകാരണമായി കാണുന്നില്ല, (അല്ലെങ്കിൽ അങ്ങനെ തുറന്നുപറയാൻ തയ്യാറാകുന്നില്ല). പകരം ഇന്ത്യൻ സൈന്യത്തെയും സർക്കാരിനെയുമാണ് ഇവർ തങ്ങളുടെ കഷ്ടതകൾക്ക് ഉത്തരവാദിയായി കാണുന്നത്.

കശ്മീരിൽ, ഷോപ്പിയൻ സംഭവത്തിനു ശേഷം (ഒരു പെൺകുട്ടിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച് കണ്ടെത്തിയ സംഭവം) വൻതോതിൽ ആർമിയ്ക്കെതിരെ പ്രക്ഷോഭവും കല്ലേറും നടന്നിരുന്നു. എന്നാൽ അതിനു മാസങ്ങൾക്കു ശേഷം - തീവ്രവാദികൾ രണ്ട് സ്ത്രീകളെ വീട്ടിൽ കയറി വെടിവെച്ചു കൊന്നപ്പോൾ പൊതുസമൂഹത്തിന്റെ പ്രതികരണം വളരെ മൃദുവായിരുന്നു. മുൻപ് സൈന്യത്തിനു നേരെ പ്രതിഷേധിച്ചവരുടെ നാവിറങ്ങിപ്പോയോ, തീവ്രവാദികൾക്കെതിരെ പ്രതികരിക്കാത്തതെന്ത്? എന്നായിരുന്നു ഒമാർ അബ്ദുള്ള ചോദിച്ചത്. ഒരുപക്ഷേ ജനക്കൂട്ടത്തിനു നിർഭയമായി പ്രതികരിക്കാൻ പറ്റുന്നതും, എളുപ്പത്തിൽ ഐഡന്റിഫൈ ചെയ്യാൻ പറ്റുന്നതുമായ ശത്രു സൈന്യം ആയതുകൊണ്ടാവാം. സൈനികർ പലതും സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരായതുകൊണ്ട് - അവരെ തങ്ങളുടെ ഭാഗമായി കാണാനാവാത്തതും കാരണമാകാം.

മണിപ്പൂരിൽ പ്രധാനമായും വിന്യസിച്ചിരിക്കുന്നത് ആസാം റൈഫിൾസ് എന്ന അർദ്ധസൈനിക വിഭാഗത്തെയാണ്. സാധാരണയായി, സൈന്യത്തെ പരിശീലിപ്പിക്കുന്നത് കൊല്ലാനും തകർക്കാനുമാണ്, അതുകൊണ്ട് സിവിലിയൻ ഓപ്പറേഷനുകളിൽ സൈന്യം പരാജയമാണ്. എന്നാൽ അർദ്ധസൈനിക വിഭാഗങ്ങളുടെ ജോലിയുടെയും പരിശീലനത്തിന്റെയും ഭാഗമാണ് സിവിലിയൻ പ്രവർത്തനങ്ങൾ. മണിപ്പൂരിൽ പല റോഡുകൾ നന്നാക്കുന്നതും നേത്ര പരിശോധനാ ക്ലിനിക്കുകൾ നടത്തുന്നതും രക്ഷാ പ്രവർത്തനം നടത്തുന്നതുമൊക്കെ ആസാം റൈഫിൾസ് ആണ്.

എന്നാൽ - AFSPA പോലൊരു പ്രത്യേക നിയമം ഇല്ലെങ്കിൽ ആസാം റൈഫിൾസിനു പ്രവർത്തിക്കാൻ കഴിയില്ല എന്ന് ആസാം റൈഫിൾസ് പരാതിപ്പെടുന്നു. ഇംഫാലിലെ മുൻസിപ്പൽ പ്രദേശങ്ങളിൽ നിന്നും AFSPA പിൻവലിച്ചിട്ടുണ്ട്, ഇവിടെ തീവ്രവാദ അക്രമങ്ങൾ വർദ്ധിച്ചത് ഈ നിയമത്തിന്റെ ആവശ്യകതയായി ചില മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ആസാം റൈഫിൾസ് പല ക്രൂരതകളും നടത്തിയിട്ടുണ്ട്. രാത്രികളിൽ വീടുകളിൽ വന്ന് പുരുഷന്മാരെ പിടിച്ചുകൊണ്ടു പോകുക, തീവ്രവാദികളെ പുകച്ചു ചാടിക്കാനായി ഒരു ഗ്രാമത്തെ ആകെ ഉപരോധിച്ച് പട്ടിണിക്കിടുക, തീവ്രവാദികളെ പിന്തുണയ്ക്കുന്നു എന്ന കാരണത്താൽ ഗ്രാമത്തിലെ ജനതയെ ഒന്നാകെ അവരുടെ ഗ്രാമങ്ങളിൽ നിന്നും പിഴുതുമാറ്റി മാസങ്ങളോളം കാമ്പുകളിൽ പാർപ്പിക്കുക, ഭവനങ്ങൾക്ക് തീയിടുക തുടങ്ങിയ പ്രവർത്തനങ്ങളും, വിവിധ ബലാൽസംഗങ്ങൾ, കൊലപാതകങ്ങൾ തുടങ്ങിയവയും ഇവർക്കു മേൽ ആരോപിക്കുന്നുണ്ട്. പക്ഷേ AFSPA നിലവിലുള്ളതുകൊണ്ട് ഒട്ടുമിക്ക പരാതികളിലും കേസ് എടുക്കാൻ പറ്റില്ല.

AFSPA അനുവദിക്കുന്നതുപോലെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ആർമി തീവ്രവാദികളെ അറസ്റ്റ് ചെയ്യാൻ വാറന്റ് തേടി പോകേണ്ടിവരും. വാറന്റ് പ്രൊഡ്യൂസ് ചെയ്യണം എന്ന ബുദ്ധിമുട്ടുകൊണ്ട് സംശയത്തിന്റെ പേരിൽ ആരെയും അറസ്റ്റ് ചെയ്യാൻ പറ്റില്ല. വീടുകളിൽ കയറി സർച്ച് നടത്തണമെങ്കിൽ വാറന്റ് വേണ്ടിവരും, പോലീസ് സ്റ്റേഷനിൽ നിന്നും വാറന്റ് ലഭ്യമാക്കാൻ പോവുകയാണെങ്കിൽ പോലീസ് തന്നെ തീവ്രവാദികൾക്ക് വിവരങ്ങൾ ചോർത്തിക്കൊടുക്കാം. ആർമിയുടെ പ്രവർത്തനങ്ങൾ കോടതിയിൽ ചോദ്യം ചെയ്തു തുടങ്ങിയാൽ ആർമിയുടെ മനോവീര്യവും തകരും. ആർമി അവരുടെ ഓരോ ആക്ഷനും ഉത്തരവാദിയാകും, എന്നാൽ ആർമിയെയും പൊതു സമൂഹത്തെയും ആക്രമിക്കുന്ന തീവ്രവാദികൾക്ക് ഇത്തരം ഉത്തരവാദിത്വങ്ങളില്ല. ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് - തീവ്രവാദം രൂക്ഷമായ സ്ഥലങ്ങളിൽ AFSPA ഇല്ലാതെ പ്രവർത്തിക്കാൻ ആസാം റൈഫിൾസ് വിമുഖത കാണിക്കുന്നത്.

പക്ഷേ ഇന്ന് മണിപ്പൂരിലെ ജനങ്ങളുടെ പ്രധാന ആവശ്യം AFSPA പിൻവലിക്കണം എന്നതാണ്. AFSPA പിൻവലിക്കുകയും ആസാം റൈഫിൾസിനെയോ അവർക്കു പകരം BSF പോലുള്ള മറ്റൊരു അർദ്ധ സൈനിക വിഭാഗത്തെയോ കൊണ്ടുവന്നാലും - നിയമപരമായ പരിരക്ഷയില്ലാത്തതുകൊണ്ട് ആർമിയുടെ തീവ്രവാദികൾക്കെതിരെയുള്ള നടപടികൾ വിരളമായിരിക്കും. ചുരുങ്ങിയ കാലത്തേയ്കെങ്കിലും തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കും.

AFSPA-യോടുള്ള എതിർപ്പു കൊണ്ടു തന്നെ മണിപ്പൂരിൽ നാൾക്കുനാൾ തീവ്രവാദ ഗ്രൂപ്പുകൾ മുളച്ചുവരുന്നു. ഇന്ത്യൻ ഭരണകൂടത്തോടുള്ള അസംതൃപ്തിയും ശത്രുതയും വർദ്ധിപ്പിക്കാനേ ഇന്നത്തെ സാഹചര്യത്തിനു കഴിയുന്നുള്ളൂ.

ചുരുക്കത്തിൽ - ഇതൊരു രാവണൻ കോട്ടയാണ്. ഇതിൽ നിന്നും പുറത്തുകടക്കണമെങ്കിൽ കേന്ദ്രസർക്കാർ വളരെ ശ്രദ്ധാപൂർവ്വം വളരെ പരിശ്രമങ്ങൾ നടത്തേണ്ടതുണ്ട്. മണിപ്പൂരിലേയ്ക്ക് റെയിൽ‌ ലൈൻ, പൊതുമേഖലാ തൊഴിലവസരങ്ങൾ, മണിപ്പൂരിനു പരമാവധി അധികാരങ്ങൾ കൈമാറൽ, തുടങ്ങി ദീർഘകാലാടിസ്ഥാനത്തിലുള്ളതും ശ്രമകരവുമായ പദ്ധതികൾ സ്ഥിരതയോടെ നടപ്പാക്കേണ്ടതുണ്ട്.

ഒരുപക്ഷേ തീവ്രവാദം ചുരുങ്ങിയ കാലത്തേയ്ക്കു കൂടട്ടെ എന്ന റിസ്ക് എടുത്ത് കേന്ദ്രസർക്കാരിനു AFSPA പിൻവലിക്കാം, പക്ഷേ സംസ്ഥാനത്ത് നിയമവാഴ്ച്ചയുടെ അവസാന കണികയും ഇല്ലാത്തവിധം അരാജകത്വം നടമാടും എന്ന് കേന്ദ്രം ഭയക്കുന്നുമുണ്ട്.

ഇന്ന് കേന്ദ്രം പണം അലൊക്കേറ്റ് ചെയ്യുന്നെങ്കിലും മണിപ്പൂരിനെ ഒരു പ്രാധാന്യമുള്ള വിഷയമായി കാണുന്നില്ല. കശ്മീരിൽ പാക്കിസ്ഥാന്റെ ഇടപെടലും താല്പര്യവും അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നു, അരുണാചലിൽ ചൈനയുടെ താല്പര്യവും അരുണാചൽ പ്രദേശന്നെ ഒരു പ്രാധാന്യമുള്ള വിഷയമാക്കുന്നു, എന്നാൽ മണിപ്പൂരിൽ അങ്ങനെ ദേശീയ-അന്തർദ്ദേശീയ ശ്രദ്ധ നൽകാൻ മാത്രമുള്ള വൈദേശിക ഇടപെടലുകളില്ല. മാദ്ധ്യമങ്ങളും മണിപ്പൂരിനെ ഏകദേശം അവഗണിക്കുന്നു. മണിപ്പൂരിലെ പ്രശ്നങ്ങളുടെ നേർക്ക് പൊതുജനങ്ങളുടെ അവബോധവും മാദ്ധ്യമ ശ്രദ്ധയും ഉയരുമ്പോൾ മാത്രമേ കേന്ദ്രസർക്കാരിനു മണിപ്പൂർ ഒരു പ്രധാന വിഷയമാകൂ. ഇന്ന് മണിപ്പൂരിലെ പ്രശ്നങ്ങൾ ഏകദേശം ഒരു afterthought ആണ്. അങ്ങനെ അതിയായ ശ്രദ്ധ കൊടുത്തെങ്കിൽ മാത്രമേ ഇന്നത്തെ അവസ്ഥയിൽ നിന്നും മണിപ്പൂരിലെ ജനങ്ങളുടെ മനോഭാവം മാറി ഇത് തീവ്രവാദത്തിനു വളക്കൂറില്ലാത്ത ഒരു മണ്ണായി മാറുകയുള്ളൂ - മണിപ്പൂർ പ്രശ്നത്തിനു ഒറ്റമൂലികളില്ല. ഇറോം ഷർമ്മിളയുടെ നിരാഹാരം അവസാനിപ്പിക്കുന്നതിനും ഒറ്റമൂലികളില്ല.

നമുക്കു ചെയ്യാവുന്നത് - കൂടുതൽ വായിക്കുക, ചർച്ചചെയ്യുക, എഴുതുക എന്നതാണ്.

Google