സിമിയുടെ ബ്ലോഗ്

11/18/2010

യശോദര, രാഹുലൻ എന്നിവരെക്കുറിച്ച്

1. പുറപ്പാട്
---------

ഉറക്കം തൂങ്ങിയ ആന ചങ്ങലവലിച്ചുകൊണ്ട് നടക്കുന്നതുപോലെയോ, തളകൾ കിലുക്കിക്കൊണ്ട് സ്വപ്നത്തിലൂടെ ഒരു യക്ഷി നടക്കുന്നതുപോലെയോ ആണ് ലുംബിനിയിലെ ഇനിയും ഉറക്കമുണരാത്ത, പൊടിമൂടിയ തെരുവുകളിലൂടെ ചങ്ങലകളും വലിച്ചുകൊണ്ട് ഒരു മനുഷ്യൻ നടന്നത്. ആൽമരത്തിനു കീഴിൽ ഉറങ്ങിക്കിടന്ന കുഷ്ടരോഗി കിലുക്കം കേട്ട് കണ്ണുതുറക്കുകയും, കറപ്പല്ലുകൾക്കിടയിലൂടെ ‘പ്രാന്തൻ‘ എന്ന വാക്കിനെ തുറന്നുവിട്ടുകൊണ്ട് വീണ്ടും കണ്ണടക്കുകയും ചെയ്തു. താടിയും മുടിയും വളർന്ന ഈ മനുഷ്യൻ നിലത്തുകൂടി ഇഴച്ചുകൊണ്ടുപോയ ചങ്ങലപ്പാടും പൊടിപടലങ്ങളും ശബ്ദങ്ങളും ചെന്നുനിന്നത് കൊട്ടാര ഗോപുരത്തിനു മുന്നിലാണ്. അയാളുടെ മുന്നിൽ കൊട്ടാരവാതിൽ താനേ തുറക്കുകയും ശോകതേജസ്സിൽ തിളങ്ങിയ റാണി യശോദര നിലം മുട്ടുംവരെ കുമ്പിടുകയും ചെയ്തു.

മുറ്റത്ത് സ്വാമിയെ സ്വീകരിച്ചിരുത്തിയ യശോദര അദ്ദേഹത്തിന്റെ യാത്രകളെക്കുറിച്ചു തിരക്കി. ആശ്രമവും പരിവാരവും കുടുംബവുമില്ലാത്തവനോട് എന്ത് സുഖാന്വേഷണം നടത്തും എന്ന് ആശങ്കപ്പെട്ടു. സ്വാമിക്കു കുടിക്കാനും കിടക്കാനും വട്ടങ്ങളൊരുക്കി. യശോദരയുടെ പക്കൽ, നമ്രമുഖധാരിയായി നാളെയുടെ രാജാവ്, രാഹുലൻ വന്നുനിന്നു. അമ്മയുടെ കണ്ണുകളിൽ പരിഭ്രമവും വിഷാദവും വന്നുനിറയുന്നതും അവ പിന്നിലേക്കൊളിക്കുന്നതും സ്വാമി നിരീക്ഷിച്ചു.

രാഹുലൻ ഉപചാരങ്ങളർപ്പിച്ച് തിരികെപ്പോയി. ഒരു കൈ നിലത്തുകുത്തി പിന്നിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് സന്യാസി ചോദിച്ചു, ‘എന്തിന് രാഹുലനെക്കുറിച്ചോർത്ത് വിഷമിക്കുന്നു?’
വിഷമമല്ല സ്വാമീ. അച്ഛന്റെ സ്നേഹം കിട്ടാതെ വളർന്ന കുഞ്ഞാണ്. വിളിക്കാതെ പടർന്നുകയറുന്ന കാലം എന്റെ ബുദ്ധിയെ ദ്രവിപ്പിക്കുന്നു. രാജ്യഭാരം അവനെ ഏൽ‌പ്പിക്കണം.
സ്വാമി ചിരിച്ചു.
പക്ഷേ അതിനുമുൻപ് അവനീ നാടിനെ അറിയണം. ഇതിന്റെ മണ്ണും നിറവും മണവും ദ്രവവും വായുവും അവന്റെ ഉള്ളിൽനിറയണം. എന്റെ മകൻ ശുദ്ധാത്മാവാണ്. അവൻ ശ്രമിക്കുന്നുണ്ട്. ഇടയ്ക്കിടെ അവൻ യാത്രകൾ നടത്തുന്നു. ഗ്രാമീണരുടെ കുടിലുകളിൽ അന്തിയുറങ്ങുന്നു, അവരുടെ കിണറുകളിൽ നിന്നും കുളിക്കുന്നു, കാളവണ്ടികളിൽ സഞ്ചരിക്കുന്നു, അവരോടു സല്ലപിക്കുന്നു.
റാണി എന്തു പറയുന്നു? ഇതൊക്കെത്തന്നെയല്ലേ വേണ്ടത്?
എനിക്കു തൃപ്തിവരുന്നില്ല സ്വമീ. മകനെക്കുറിച്ച് അമ്മയ്ക്ക് എന്നും ആശങ്കകളാണ്. അങ്ങ് അവനെ പഠിപ്പിക്കണം. ഇവിടെ താമസിക്കൂ. ഇവിടം ആശ്രമവും ഗുരുകുലവുമാക്കി എന്റെ മകനെ ജീവിതം പഠിപ്പിക്കൂ.
ജീവിതം എങ്ങനെ പഠിപ്പിക്കും? ജീവിതത്തിലും നല്ല ഗുരുനാഥനില്ല. അവൻ രാജാവാകട്ടെ, ഭരണജയപരാജയങ്ങൾ അവനെ പഠിപ്പിക്കട്ടെ.
അതുപോരാ സ്വാമി
സ്വാമി ഇതിനുത്തരമൊന്നും പറഞ്ഞില്ല. സൂര്യൻ ചക്രവാളം ചുറ്റി തലയ്ക്കു മുകളിലാവുന്നതും പക്ഷികൾ പറക്കുന്നതും വൃക്ഷങ്ങൾ തമ്മിൽ സംസാരിക്കുന്നതും ഉറുമ്പുകൾ നടക്കുന്നതും യശോദര കേട്ടു. സായംസന്ധ്യയിൽ സ്വാമി കണ്ണുതുറന്നു. ‘ഞാൻ പഠിപ്പിക്കാം, പക്ഷേ ദിവസങ്ങൾ പോരാ, വർഷങ്ങൾ വേണം. പഠനം ഇവിടെയല്ല. അവനെ എന്റെകൂടെ വിടൂ’.
ഇത്തവണ മൌനത്തിലാണ്ടത് യശോദരയായിരുന്നു. സിദ്ധാർത്ഥന്റെ വിയോഗത്തിലും വീണുപോവാതെ അവർ ചാരിനിന്നിരുന്നത് മകന്റെ ചുമലിലായിരുന്നു. പക്ഷേ വികാരങ്ങളെ അടക്കിക്കൊണ്ട് പക്വമതിയായ അവർ തലകുലുക്കി. ‘അങ്ങ് അവനെ കൊണ്ടുപൊയ്ക്കൊള്ളൂ’.
ഇതുമാത്രം പോരാ. അവൻ എവിടെയാണ് എന്നു തിരക്കരുത്. എവിടെയാണെന്നറിഞ്ഞാലും തിരഞ്ഞുവരരുത്. അവിചാരിതമായി അമ്മ അവനെ കാണുന്ന നിമിഷം പഠനം അവസാനിച്ചു എന്നു കൂട്ടിയാൽ മതി. ഇതും സമ്മതമാണോ?.
രാവിന്റെ മറവിൽ, ഉറഞ്ഞുപോയ അമ്മയുടെ കണ്ണിലുറഞ്ഞ കണ്ണീർത്തുള്ളിയല്ലാതെ മറ്റ് യാത്രയയപ്പുകളില്ലാതെ, ഭാണ്ഢവും പണവുമില്ലാതെ, രഥവും പരിചാരകരുമില്ലാതെ, രാഹുലൻ തനിക്കപരിചിതനായ സ്വാമിയുടെ പിന്നാലെ നടന്നു.

2. വിദ്യാരംഭം
----------

കാടുകൾ, മലകൾ, അരുവികൾ, പുൽ‌മേടുകൾ, നദികൾ, മരുഭൂമികൾ എന്നിവ കടന്ന് സ്വാമിയും രാഹുലനും നടന്നു. ഉണങ്ങിപ്പോയ ഗ്രാമങ്ങളിലൊന്നിൽ അവർ യാത്ര മതിയാക്കി. കവിളുകൾ കുഴിഞ്ഞൊട്ടിയ, രണ്ട് കുഴികളിൽ നിന്ന് തീനാളങ്ങൾ പോലെ കണ്ണുകളുള്ള ഗ്രാമമുഖ്യൻ സ്വാമിയെ സ്വീകരിച്ചിരുത്തി. സ്വാമിയും ഗ്രാമമുഖ്യനുമായി രാഹുലനു പരിചിതമല്ലാത്ത ഭാഷയിൽ സംസാരിച്ചു. രാഹുലനെ ഏകനായി അവിടെ ഉപേക്ഷിച്ച് സ്വാമി നടന്നു.

രാഹുലൻ ഒരു കുടിലിലെ പുൽ‌പ്പായിൽ അന്തിയുറങ്ങി. ചേമ്പിലകളുടെ മറവിൽ പാടത്തും പറമ്പത്തും കുന്തിച്ചിരുന്ന് വെളിക്കിറങ്ങാൻ രാഹുലൻ പഠിച്ചു. സ്വാമി തിരിച്ചുവന്ന് തന്നെ പഠിപ്പിച്ചുതുടങ്ങുന്നത് കാത്തിരിക്കുകയല്ലാതെ അവന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. എന്നാൽ ദിവസങ്ങൾ ആഴ്ച്ചകളിലേക്കു നീണ്ടിട്ടും സ്വാമി തിരഞ്ഞുവന്നില്ല. അവിടെ ഒരമ്മ പാചകം ചെയ്തുകൊടുത്ത എണ്ണയില്ലാത്ത റൊട്ടിയും ചുട്ട കായ്കളും ദിവസങ്ങളോളം തിന്ന് രാഹുലന് അതിസാരം പിടിപെട്ടു.

അതിസാരം മാറിയപ്പോൾ രാഹുലൻ മടിപിടിച്ച തന്റെ മെത്തയിൽ നിന്നും എഴുന്നേറ്റു. പാറപോലെ ഉറച്ച മണ്ണ് കർഷകരും മെലിഞ്ഞ കാളകളും മാറിമാറി നുകം വലിച്ച് പൊട്ടിക്കുന്നതുകണ്ടു. വയലുകളിൽ കൊറ്റികൾ പുഴുക്കളെ കൊത്തുന്നതുകണ്ടു. വയലിൽ നിന്നും ചിലർ അവനെനോക്കിച്ചിരിച്ചു.

വെയിലടിച്ച് രാഹുലന്റെ ശരീരത്തിലെ സ്വർണ്ണനിറം ചെമ്പിച്ചുതുടങ്ങി. രാഹുലൻ പാടത്തിറങ്ങി നിലം ഉഴുതു. ഗോതമ്പ് നടാനും അവയ്ക്ക് വളമിടാനും ചാണകം കോരാനും അവൻ പഠിച്ചു. കാളയെ കുളിപ്പിക്കാനും മർമ്മം നോക്കി തല്ലാനും അതിന്റെ വാലിൽ കടിക്കാനും പഠിച്ചു. പാറപൊട്ടിക്കാനും ചാലുവെട്ടി വെള്ളം കീറാനും പഠിച്ചു.

മഴവന്നു. രാഹുലൻ നനഞ്ഞു. ഇരുട്ടിന്റെ മറവിൽ ഇറങ്ങിനടന്നപ്പോൾ ‘രമ‘ എന്ന പെൺകുട്ടിയെ കണ്ടു. അവളുടെ കണ്ണിലെ തിളക്കവും വസ്ത്രത്തിൽ ഉയർന്നുനിൽക്കുന്ന മാറിടവും ഒട്ടിയ വയറും കണങ്കാലുകളും കണ്ടു. അവർ ചിരിച്ചു.

വിളവെടുപ്പു വന്നു. കൊയ്ത് കൂട്ടിയിട്ട കറ്റകളിൽ ഭൂരിഭാഗവും ജന്മിവന്ന് എടുത്തുകൊണ്ടുപോയി. താൻ രാജകുമാ‍രനാണ്‌ എന്നുപറഞ്ഞ് എതിർക്കാൻ ചെന്ന രാഹുലന്റെ ചെകിടത്ത് അടികിട്ടി. നിലത്തുവീണുപോയ അവനെ പിടിച്ചെഴുന്നേൽ‌പ്പിച്ച് ജന്മി വീണ്ടും വീണ്ടും അടിച്ചു. കർഷകർ നിസ്സംഗതയോടെ ആ കാഴ്ച്ച നോക്കിനിന്നു.

രാവും പകലും വന്നു. രാഹുലൻ പെരുച്ചാഴിയെ കെണിവെച്ചു പിടിക്കാനും അതിനെ ചുട്ടുതിന്നാനും പഠിച്ചു. അവന്റെ ശരീരം ശുഷ്കിച്ചു, അവശേഷിച്ച ശരീരത്തിനു കാരിരുമ്പിന്റെ കരുത്തായി. രാഹുലൻ ഒരു പെണ്ണിനെ സ്നേഹിക്കാൻ പഠിച്ചു. ഗ്രാമത്തിൽ, കൊയ്തുകഴിഞ്ഞ പാടത്ത്, വട്ടം കൂടിയ ഗ്രാമീണരുടെ ആർപ്പുവിളികൾക്കു നടുവിൽ, രാഹുലൻ രമയെ വിവാഹം ചെയ്തു. രാവുകൾ നാഗങ്ങളെപ്പോലെ പുളഞ്ഞു. അവർക്ക് ഒരു പെൺകുഞ്ഞുണ്ടായി. സീത എന്ന് അവൾക്കു പേരിട്ടു.

സീതയ്ക്ക് പൊള്ളുന്ന പനിവന്നപ്പോൾ രാഹുലൻ അവളെയുമെടുത്ത് ഗ്രാമവൈദ്യന്റെ വീട്ടിലേയ്ക്കോടി. അയാൾ കതകുതുറക്കാത്തതുകൊണ്ട് അടുത്ത ഗ്രാമത്തിലേയ്ക്കോടി. അവിടെയും കതകുതുറക്കാത്തതുകൊണ്ട് കരഞ്ഞുകൊണ്ട് തന്റെ വീട്ടിലേയ്ക്കോടി. ഭാഗ്യത്തിന് കുഞ്ഞ് രക്ഷപെട്ടു. പനിമാറി. അവൾ തുമ്പികൾക്കും പൂമ്പാറ്റകൾക്കും പിന്നാലെ ഓടിത്തുടങ്ങി.

വിത്തിടലും വിളവെടുപ്പുകളും മഴയും വരൾച്ചയും മാറിമാറിവന്നു. രാഹുലൻ ജന്മിയെ എതിർക്കാതിരിക്കാൻ പഠിച്ചു. തല്ലുകൊള്ളാനും നടുവുവളച്ച് നിൽക്കാനും ഓച്ഛാനിക്കാനും പഠിച്ചു. തന്റെ ഭാര്യയെ കേറിപ്പിടിച്ച ജന്മിയുടെ മകനെ ദൈന്യത്തോടെ നോക്കാൻ പഠിച്ചു. രാത്രി അവളുടെ മടിയിൽക്കിടന്ന് കരയാതിരിക്കാൻ പഠിച്ചു.

3. വിദ്യാവസാനം
-------------

വർഷങ്ങൾ എണ്ണാൻ രാഹുലൻ മറന്നുപോയിരുന്നു. ഒരിക്കൽ ഗ്രാമത്തിലെ പൊടിപടലങ്ങളെ കീറിക്കൊണ്ട് സ്വർണ്ണനിറമുള്ള ഒരു തേരുവന്നു. അതിൽ നിന്നും സർ‌വ്വാഭരണവിഭൂഷിതയായ മഹാറാണി പുറത്തിറങ്ങി. പ്രായം കൊണ്ട് അസ്ഥിയായ ഒരു സന്യാസിയും പുറത്തിറങ്ങി. ഇവർക്കു ചുറ്റും രക്ഷാഭടന്മാർ നിരന്നു. ഗ്രാമവാസികൾ അസുലഭമാ‍യ ഈ കാഴ്ച്ചകാണാൻ ഓടിക്കൂടി. രാഹുലന്റെ കുഞ്ഞ് ഈ ബഹളങ്ങൾ കണ്ട് പേടിച്ച് അച്ഛന്റെ പിന്നിലൊളിച്ചു. രാഹുലൻ പരിഭ്രമിച്ച് പുതിയ അധികാരികളെ താണുകുമ്പിട്ടു. മകനേ എന്ന വിളി ആ‍ പേടിയിലും അവൻ തിരിച്ചറിഞ്ഞു. പരിഭ്രമത്തോടെ മുഖമുയർത്തി തന്റെ അമ്മയെക്കണ്ട് പൊട്ടിക്കരഞ്ഞു.

എത്ര നിർബന്ധിച്ചിട്ടും രമ ഗ്രാമമുപേക്ഷിച്ച് രാജധാനിയിലേക്കു പോവാൻ തയ്യാറായില്ല. കുഞ്ഞും അമ്മയെപ്പറ്റി ചൂളിനിന്നു. പോവില്ലെന്നുറപ്പിച്ച് നിന്ന രാഹുലനെ റാണിയും ഭടന്മാരും ബലാൽക്കാരമായി വലിച്ചുകൊണ്ടു പോയി. ആഴത്തിൽ വേരുകളിറങ്ങിയ ഒരു മരം പോലെ രമ നിന്നു.

അവന്റെ വിദ്യാഭ്യാസം പൂർത്തിയായെന്ന സംതൃപ്തിയോടെ മഹർഷി മടങ്ങി. പരിചാരികമാർ രാഹുലനെ സുഗന്ധദ്രവ്യങ്ങൾ പൂശി കുളിപ്പിച്ചു. അവന്റെ മുറിവുകളിൽ വിശിഷ്ടലേപനങ്ങൾ പുരട്ടി. പരിചിതമല്ലാത്ത മധുരങ്ങൾ കഴിച്ച് രാഹുലനു വയറിളകി. കൊട്ടാരത്തിന്റെ ആഢംബരങ്ങൾ അവനെ പരിഭ്രമിപ്പിച്ചു. അമ്മ അവനെ ഒരു പൊടിക്കുഞ്ഞിനെയെന്നപോലെ മാറോടുചേർത്ത് ആശ്വസിപ്പിച്ചു. രാജ്യവും അധികാരങ്ങളും ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഏറ്റെടുക്കണം എന്ന് മന്ത്രിമാർ അവനെ ഉപദേശിച്ചുതുടങ്ങി.

പകലും രാത്രിയും കഴിഞ്ഞു. കൊട്ടാരത്തിൽ നിന്നും ഇറങ്ങിയോടിയ രാഹുലനെ ഭടന്മാർ പിടിച്ച് പല്ലക്കിലേറ്റിവന്നു. താഴുകളിട്ട പല്ലക്കിൽ നിന്ന് ഒരു വിചിത്രമൃഗത്തെപ്പോലെ അമ്പരന്ന് രാഹുലൻ തന്റെ രാജ്യത്തെ നോക്കിക്കണ്ടു.

വീണ്ടും പകലായി, രാത്രിയായി. കൊട്ടാരത്തിലെ പനിനീർ തെളിച്ച പട്ടുമെത്തയിൽ, നിറയെ ജനാലകളുള്ള മുറിയിൽ, അനുഭവങ്ങളുടെ തളർച്ചയിൽ രാഹുലൻ ഉറങ്ങി.

രാവിൽ വലിയ കാറ്റോടുകൂടി പേമാരിവന്നു. മഴ കൊട്ടാരത്തെയും പൂന്തോട്ടത്തെയും കുളിപ്പിച്ചു. മഴയുടെ ശബ്ദം കേട്ട് രാഹുലൻ ഞെട്ടിയുണർന്നു. തന്റെ വയലിൽ വെള്ളം കേറുമെന്നും ഞാറുകൾ ഒലിച്ചുപോവുമെന്നും ഭയന്ന്, അവയെ സംരക്ഷിക്കാനാവാതെ അവൻ ഉറക്കെ നിലവിളിച്ചു. അമ്മമഹാറാണി നെറ്റിതടവിക്കൊണ്ട് ഒരമ്മയുടെ ക്ഷമയോടെ മകനെ ആശ്വസിപ്പിച്ചു.

9 അഭിപ്രായങ്ങള്‍:

പാമരന്‍ said...

കൊള്ളാം മാഷെ. കുറേ നാളായി ബ്ളോഗില്‍ നല്ലൊരു കഥ കണ്ടിട്ട്‌. ബസ്സുകള്‍ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു നിങ്ങള്‍ മുഴുവന്‍ സമയ രാഷ്ട്രീയവിമര്‍ശകനായിത്തീര്‍ന്നെന്ന്‌.. (കഥയിലെ രാഷ്ട്രീയം കാണാതെയല്ല!)

ആദ്യത്തെ പാരയ്ക്ക്‌ ഒരു മുഴച്ചു നില്‍ക്കല്‌?

Sabu M H said...

നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ!

maithreyi said...

പേരു കണ്ട് വന്നതാണ് കഥ വായിക്കാന്‍. എന്താ ഉദ്ദേശിച്ചത് എന്ന് അത്ര മനസ്സിലായതുമില്ല. അടിച്ചമര്‍ത്തപ്പെടുന്നവരെക്കുറിച്ചോ, അധികാരികളുടെ കാര്‍ക്കസ്യത്തെക്കുറിച്ചോ ആകമോ? യശോധരയെ വച്ച് ഒരു കഥ എഴുതണമെന്ന് ആഗ്രഹിച്ചിരുന്നു . അതിനായി കുറച്ചു പഠിക്കാനും ശ്രമിച്ചിരുന്നു. അത്തരം ധാരാളം കഥകള്‍ ഉണ്ടെന്നറിഞ്ഞ് വേണ്ടന്നു വച്ചു. (ഇനിയൊരിക്കല്‍ എഴുതില്ല എന്നില്ല കേട്ടോ.) ആ അന്വേഷണത്തിനിടിയില്‍ ഒരു കവിത കിട്ടി. അതു പരിഭാഷപ്പെടുത്തി എന്റെ വായനാലോകം ബ്ലോഗില്‍ ഇടുകയും ചെയ്തു.

Manoraj said...

കഥയില്‍ ഒളിഞ്ഞിരിക്കുന്ന എന്തെങ്കിലും അര്‍ത്ഥതലങ്ങളുണ്ടോ എന്ന് ചിന്തിക്കുന്നില്ല. യശോധരയും രാഹുലനും മനോഹരമായി മുന്നില്‍ തെളിഞ്ഞ് വന്നു. ഈയിടെയാണ് കെ.ബി.ശ്രീദേവിയുടെ ബോധിസത്വര്‍ വായിച്ചത്. അത് വീണ്ടും മനസ്സില്‍ തെകട്ടി. പിന്നെ ഒരു നോവലിലെ ചെറിയ ഒരു പാരഗ്രാഹ് വായിച്ച ഫീല്‍ തോന്നി. നന്നായിരിക്കുന്നു സിമി.

Manoraj said...

കഥകളോടുള്ള താങ്കളുടെ സീരിയസ്സായ സമീപനം ഏത് തിരക്കിലും താങ്കളെ വായിക്കാന്‍ പ്രേരിപ്പിക്കുന്നു. ചിലന്തി ഇത് വരെ വായിക്കാന്‍ കഴിഞ്ഞില്ല. തിര്‍ച്ചയായും ഇക്കുറി ചിലന്തി സംഘടിപ്പിച്ചിരിക്കും.

മായ said...

nannaayirikkunnu..veendum varam ..ezhuthuka...

nikukechery said...

പ്രസ്ക്തമായ തിരിഞ്ഞുവായന

സുജിത് കയ്യൂര്‍ said...

ashamsakal

ലിഡിയ said...

ആദ്യമായിട്ടാണിവിടെ. വീണ്ടും വരാം.
നല്ല എഴുത്ത്:-)

Google